ദൈവം

ദൈവം (God)

ദൈവത്തിൻ്റെ അസ്തിത്വം തിരുവെഴുത്തുകളിലെ ഏറ്റവും വലിയ പ്രമേയവും ദൈവികവെളിപ്പാടും ആണ്. ദൈവത്തിന്റെ ഉണ്മ അഥവാ അസ്തിത്വം അംഗീകരിക്കുന്നില്ലെങ്കിൽ ദൈവത്തെക്കുറിച്ചുള്ള അറിവിനെക്കുറിച്ചു പ്രസ്താവിക്കുന്നതു അർത്ഥശൂന്യമാണ്. ദൈവം ഉണ്ട്, ദൈവം ജ്ഞേയനാണ് എന്നിവയാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവാസ്തിത്വം അംഗീകരിക്കുന്നതു വിശ്വാസത്താലാണ് ശാസത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അതു തെളിയിക്കാവുന്നതല്ല. പ്രസ്തുത വിശ്വാസം അന്ധമല്ല. പ്രത്യുത, വിശ്വാസ്യമായ വസ്തുതകളിലും തെളിവുകളിലും അധിഷ്ഠിതമാണ്. ഈ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും, പ്രകൃതിയിലെ ദൈവിക വെളിപ്പാടുകളിൽ നിന്നും നമുക്കു ലഭിക്കുന്നു. ദൈവാസ്തിക്യത്തെ അവതരിപ്പിക്കുക മാത്രമല്ല, അതിനു തെളിവുകൾ കൂടി തിരുവെഴുത്തുകൾ നല്കുന്നു. ബൈബിളിന്റെ ആമുഖവാക്യം ദൈവാസ്തിത്വത്ത അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുന്നു. പണ്ടുപണ്ടൊരു ദൈവം ഉണ്ടായിരുന്നു എന്ന കിഴവിക്കഥയോടെയല്ല തിരുവെഴുത്തുകൾ ആരംഭിക്കുന്നത്; പ്രത്യുത, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്ന പ്രഖ്യാപനത്തോടെയാണ്. ദൈവം ഉണ്ടെന്നു തെളിയിക്കുവാനല്ല, മറിച്ചു ദൈവത്തെ തന്റെ പ്രവർത്തനങ്ങളിലൂടെ വെളിപ്പെടുത്തുന്നതിനാണ് തിരുവെഴുത്തുകൾ എഴുതപ്പെട്ടത്. എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല, ദൈവത്തിൻ്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). 

സ്വയം നിലനില്ക്കുന്നവനും (Self-existence) ആത്മബോധമുളളവനും എല്ലാറ്റിന്റെയും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ദൈവം. ദൈവത്തെക്കുറിച്ചുള്ള അവബോധം എല്ലാ മനുഷ്യരുടെ ഉളളിലും പ്രാകൃതഭാവത്തിലോ സംസ്കൃതഭാവത്തിലോ അടിഞ്ഞു കിടപ്പുണ്ട്. ദൈവം ഉണ്ടെന്നും, ദൈവമാണ് തങ്ങളുടെ സ്രഷ്ടാവെന്നും തങ്ങൾ ദൈവത്തിന്റെ സൃഷ്ടിയാണെന്നും അന്തരംഗം അവരെ ഓർപ്പിക്കുന്നു. അവിശ്വാസികൾക്കുപോലും ദൈവത്തെക്കുറിച്ചുളള അറിവു അവൻ പ്രപഞ്ചത്തിൽത്തന്നെ നല്കിയിട്ടുണ്ട്. എന്നാൽ അവർ ദൈവത്തെ മഹത്വീകരിക്കുകയോ ദൈവത്തോടു നന്ദി കാണിക്കുകയോ ചെയ്യുന്നില്ല. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.” (റോമ, 1:19-23). ദൈവമെന്ന സത്യം അനേകർ വ്യാജമാക്കി മാറ്റിക്കളഞ്ഞു. (റോമ, 1:25).

ദൈവം ഒരുവൻ: ‘ദൈവമോ ഒരുത്തൻ മാത്രം’ (ഗലാ, 3:20). ദൈവം ഒരുവൻ അഥവാ ഒരുത്തൻ മാത്രമെന്നത് കേവലം അറിവല്ല, പരിജ്ഞാനമാണ്; പ്രാർത്ഥനയാണ്. (ആവ, 6:4). പൂർവ്വ പിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ട അതേ ദൈവമാണ് (പുറ, 6:3) മോശെ തുടങ്ങിയുള്ള സകല ഭക്തന്മാർക്കും യഹോവ എന്ന നാമത്തിൽ വെളിപ്പെട്ടത്: (പുറ, 3:14,15). അതേ ദൈവംതന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും ക്രിസ്തു, പുത്രൻ, വചനം, ആദ്യജാതൻ, ഏകജാതൻ, വഴി, മുന്തിരിവള്ളി, മൂലക്കല്ല്, ഇടയൻ തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിൽ മനുഷ്യനായി വെളിപ്പെട്ടത്. (യോഹ, 8:24, 28, 58). പഴയനിയമത്തിലും രക്ഷയുണ്ട്. പുതിയനിയമത്തിലും രക്ഷയുണ്ട്. പഴയനിയമത്തിൽ അടിമത്വത്തിൽ നിന്നും ശത്രുക്കളിൽനിന്നും വിടുവിക്കുന്നതിനെ രക്ഷയെന്നാണ് വ്യവഹരിക്കുന്നത്. അത് താല്ക്കാലികവും പുതിയനിയമ രക്ഷ ശാശ്വതവുമാണ്. പഴയനിയമത്തിൽ രക്ഷകന്മാരായി അനേകരുണ്ടായിരുന്നു (പ്രവൃ, 7:25; ന്യായാ, 3:9; 3:15; നെഹെ, 9:27; യെശ, 19:20); പുതിയനിയമത്തിൽ ഏകരക്ഷകനേയുള്ളൂ. (പ്രവൃ, 4:12). പഴയനിയമത്തിലും വീണ്ടെടുപ്പുണ്ട് പുതിയനിയമത്തിലും വീണ്ടെടുപ്പുണ്ട്. മിസ്രയീമ്യ ദാസ്യത്തിൽനിന്നു മോശെയെന്ന മദ്ധ്യസ്ഥൻ മുഖന്തരമാണ് ദൈവം തൻ്റെ വീണ്ടെടുപ്പുവേല ആരംഭിച്ചത്. അബ്രാഹാമിനോടും (ഉല്പ, 13:15; 17:8) യാക്കോബിനോടുമൊക്കെ (48:4) ഒരു ശാശ്വതഭൂമിയാണ് ദൈവം വാഗ്ദത്തം ചെയ്തിരുന്നതെങ്കിലും, മദ്ധ്യസ്ഥൻ്റെ ബലഹീനത നിമിത്തം പഴയനിയമ വീണ്ടെടുപ്പു താല്ക്കാലികമായി ഭവിച്ചു. മാത്രമല്ല, മദ്ധ്യസ്ഥനുപോലും വാഗ്ദത്തദേശം കാണാൻ കഴിഞ്ഞില്ല. അബ്രാഹാമിനോട് ദൈവം ചെയ്ത നിരുപാധികമായ വാഗ്ദത്തമാണ് പുതിയനിയമത്തിൽ ദൈവംതന്നെ നിവൃത്തിച്ചത്. (ഗലാ, 3:8, 14). സാക്ഷാൽ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ (സങ്കീ, 19:4; യെശ, 44:6) തന്നെയാണ് മനുഷ്യനായി മന്നിടത്തിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് മരിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് സാധിച്ചത്. (എബ്രാ, 9:12). “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” (ഇയ്യോ, 19:25) എന്നു ഇയ്യോബ് പ്രവചിച്ചവൻ തന്നെയാണ് ‘കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തതു’ (യോഹ, 1:14). സകലത്തിനും കാരണഭൂതനായ ദൈവവും മനുഷ്യനായ മദ്ധ്യസ്ഥനും ഒരുവൻതന്നെ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ,  2:5-6).

ദൈവത്തെക്കുറിച്ചറിയാൻ ബൈബിൾതന്നെ വായിക്കുകയും പഠിക്കുകയും വേണം. ഇന്നു പലരും ബൈബിളിനു വെളിയിൽനിന്ന് ദൈവം ഇങ്ങനെയാണെന്ന് മനസ്സിലാക്കുകയും ബൈബിളിനെ ആവിധത്തിൽ വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. ബൈബിളിൻ്റെ ആഖ്യാനത്തേക്കാളുപരി വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്നതു കൊണ്ടു സത്യദൈവത്തെക്കുറിച്ചു അടിസ്ഥാനപരമായി അറിയേണ്ട ദൈവത്തിൻ്റെ പ്രകൃതിപോലും ഇന്നു പലർക്കുമറിയില്ല. ബൈബിളിലെ ദൈവത്തെക്കുറിച്ചറിയാൻ താഴെക്കാണുന്ന ലേഖനങ്ങൾ കാണുക:

1. ദൈവം ഏകൻ

2. യഹോവ/യേശുക്രിസ്തു

3. ഏകസത്യദൈവം

4. ദൈവം ഏകനോ ത്രിത്വമോ?

5. ത്രിത്വം അടിസ്ഥാന പ്രമേയങ്ങളിലെ വൈരുദ്ധ്യം

6. പിതാവായ ഏകദൈവം

7. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

8. നാം നമ്മുടെ സ്വരൂപത്തിൽ

9. ജീവനുള്ള ദൈവം

10. ഞാനാകുന്നവൻ ഞാനാകുന്നു

11. യഹോവയ്ക്ക് വഴി ഒരുക്കുവിൻ

12. യഹോവയ്ക്ക് സദൃശനും തുല്യനും ആർ?

13. യേശു നിത്യപുത്രനോ? നിത്യപിതാവോ?

14. പുത്രൻ പിതാനു സാമ്യനോ സമനോ?

15. വചനം ദൈവത്തോടുകൂടെ ആയിരുന്നു

16. ദൈവവും കർത്താവും

17. യേശുക്രിസ്തു

18. യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

19. ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

20. ട്രിനിറ്റിയോട് ചില ചോദ്യങ്ങൾ

21. സ്നാനവും രക്ഷയും

22. ആത്മസ്നാനവും ജലസ്നാനവും

23. സ്നാനം ഏല്ക്കേണ്ട നാമം

24. സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

25. ദൈവമോ ഒരുത്തൻ മാത്രം

26. യഹോവയുടെ പ്രത്യക്ഷതകൾ

27. ദൈവത്തോടുള്ള സമത്വം

28. തേജസ്സിൻ്റെ കർത്താവ്

29. അവൻ ജഡത്തിൽ വെളിപ്പെട്ടു

30. ഏകദൈവവും പ്രത്യക്ഷതകളും

31. അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

32. ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും

33. ദാനീയേലിലെ മനുഷ്യപുത്രൻ

34. യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

35. ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

36. ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം

37. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

38. ദാവീദിൻ്റെ വാഗ്ദത്തസന്തതി

39. യിസ്രായേലിൻ്റെ പദവികൾ

40. യേശുവിൻ്റെ പുനരുത്ഥാനശരീരം

41. സങ്കീർത്തനങ്ങൾ

42. ഞാനും പിതാവും ഒന്നാകുന്നു

43. മറ്റൊരു കാര്യസ്ഥൻ

44. ദൈവപുത്രനും മൽക്കീസേദെക്കും

45. പരിശുദ്ധാത്മാവ്

46. ദൈവത്തിന്റെ വലത്തുഭാഗം

47. ദൈവപുത്രൻ

48. ദൈവത്തിൻ്റെ ക്രിസ്തു

49. യേശുക്രിസ്തുവിൻ്റെ ദൈവം

50. സ്തെഫാനോസ് കണ്ട ദർശനം

51. പ്രവചനങ്ങൾ

52. നിഖ്യാവിശ്വാസപ്രമാണം

53. വെളിപ്പാടും അവതാരവും

54. ഏകജാതനും ആദ്യജാതനും

55. ദൈവസൃഷ്ടിയുടെ ആരംഭം

56. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

57. മശീഹമാർ

58. അബ്രാഹാമിനു മുമ്പേയുള്ളവൻ

59. മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?

60.

58.

അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവമാണ് നമുക്കുള്ളത്. അനേകർ കരുതുന്നപോലെ, ദൈവത്തിന് ബഹുത്വമുണ്ടെന്നോ, ഒന്നിലേറെ വ്യക്തികളാണെന്നോ, ദൈവത്തിൽ പല വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. അദൃശ്യനായ ഏകദൈവം മനുഷ്യർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയാൽ മാത്രമേ മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയുകയുള്ളു. ദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകളാണ് പഴയപുതിയ നിയമങ്ങളിലുള്ളത്. ദൈവത്തിൻ്റെ വെളിപ്പാടുകളെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിയാൽ, ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല. അതിൻ്റെ തെളിവാണ് മുകളിൽ കാണുന്ന പോസ്റ്റ്.

[ഒരു പ്രദേശിക സഭയുടേയും ഉപദേശം ഞാൻ കടമെടുത്തിട്ടില്ല. ഒരു ബൈബിൾ കോളേജിലും ഞാൻ പഠിച്ചിട്ടുമില്ല. വിശുദ്ധ ബൈബിൾ മാത്രം മാനദണ്ഡമാക്കിയാണ് ഞാൻ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. എൻ്റെ എഴുത്തുകളിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ, എന്നോടു ചോദിച്ചുകൊൾക. നിങ്ങൾക്ക് വിശ്വസനീയമായ വിധത്തിൽ ബൈബിളിൽനിന്ന് തെളിവു നല്കാൻ ഏതുസമയത്തും ഞാൻ ഒരുക്കമാണെന്ന് ദൈവനാമത്തിൽ അറിയിച്ചുകൊള്ളുന്നു]

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെയാണ് ഞാൻ വിശ്വസിക്കുന്നത്. എൻ്റെ വിശ്വാസപ്രഖ്യാപനം: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും (യിരെ, 23:23,24; 139:7-10; പ്രവൃ, 17:28) ആരും ഒരുനാളും കാണാത്തവനും (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 1:17) കാണ്മാൻ കഴിയാത്തവനും (കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമായ (യാക്കോ, 1:17; മലാ, 3:6) ഏകദൈവമേ നമുക്കുള്ളു. (2രാജാ, 19:15; സങ്കീ, 86:10; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് (റോമ, 5:14; 2കൊരി, 4:4; കൊലൊ, 1:15,17,19; 2:9; 3:10; എബ്രാ, 1:3) സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ട് (യെഹെ, 1:26-28; ഉല്പ, 1:26,27; മത്താ, 18:11) ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും (നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16), ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും (ഉല്പ, 1:26,27; 2:7; റോമ, 5:14), പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും. (പുറ, 6:13). അതേ ദൈവവ്യക്തിയാണ് മോശെ മുതലുള്ളവർക്ക് യഹോവ എന്ന നാമത്തിൽ വെളിപ്പെട്ടതും (പുറ, 3:15), മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28), ദാനീയേലും (7:9,10) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചതും, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി (ഉല്പ, 3:15; യെശ, 7:14; മീഖാ, 5:2,3; ഗലാ, 4:4) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെട്ടു (യെശ, 40:3-5; ലൂക്കൊ, 3:4-6; 1തിമൊ, 3:16) മനുഷ്യരുടെ പാപപരിഹാരം വരുത്തിയത്. (യെശ, 25:8; എബ്രാ, 2:14,15). അതേ ദൈവവ്യക്തി തന്നെയാണ് പെന്തെക്കൊസ്തു നാളിൽ അവരോഹണം ചെയ്ത് ദൈവസഭ സ്ഥാപിച്ചതും (പ്രവൃ, 2:1-4; മത്താ, 3:11; 16:18) വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് (യോഹ, 3:6) സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി (യോഹ, 14:16,18; 16:13) ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു.” (യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

ഇതാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്ന ഏകസത്യദൈവം. ഇതിനു വിരുദ്ധമായി ഒരു ത്രിത്വദൈവത്തെ നിർമ്മിത കഥകളെക്കൊണ്ടല്ലാതെ, ബൈബിളിൽനിന്നു തെളിയിക്കാൻ സാത്താനും അവൻ്റെ സകല സന്തതികളും പിന്നെ ത്രിത്വപണ്ഡിതന്മാർ എല്ലാവരുംകൂടി വന്നാലും നടക്കില്ല..

************