തീത്തൊസിലെ മഹാദൈവം

തീത്തൊസിലെ മഹാദൈവം

“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” (തീത്തൊ, 2:12)

തീത്തൊസ് രണ്ടാമദ്ധ്യായത്തിലെ മഹാദൈവവും രക്ഷിതാവായ യേശുക്രിസ്തുവും രണ്ടുപേരാണെന്ന് വിശ്വസിക്കുന്നവരും ഒരാളുതന്നെയാണെന്നു വിശ്വസിക്കുന്നവരമുണ്ട്. എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്. ബൈബിൾ പരിഭാഷകളിൽ രണ്ടുവിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം. “Looking for that blessed hope, and the glorious appearing of the great God, and our Sauiour Iesus Christ,” (KJV Original 1611). ഈവിധം, ദൈവവും യേശുവും വിഭിന്നരാണെന്ന വിധത്തിലുള്ള പരിഭാഷകളുണ്ട്. ഒ.നോ: ABP, ABU, AKJV, ASV, BB1568, BB1572, BB2020, BKJV, CB1535, CJB, CLNT, CPDV, CVB, Douay-Rheims, DMNT, DRB, DRC, Dioglott, EMP, GB, GB1, GB1599, Geneva1587, GDBY, HKJV, JST, JWNT, KJV, KJV2000, LB, LBP, LONT, MNT, MoffattNT, Murd, MSTyndale-Coverdale, Niobe, NLV, NMB, NMV18, Noy1869, NoyesNT, NSB, NTM, NumNT, PESH, PSNT,  RNKJV, RNT, RWV+, SLT, TEB, Thomson, TRC, Tyndale1526, SawyerNT, SLT, WBT, Webster, Worrell NT, WoNT)

“while we wait for the blessed hope—the appearing of the glory of our great God and Savior, Jesus Christ,” (NIV). ഈവിധം, വിഭിന്നരല്ലെന്ന വിധത്തിലുള്ള പരിഭാഷകളുമുണ്ട്. ഒ.നോ: AB, ABPE, ACV, AFV, Amplified, ANT, AUV, BLB, BBE, BLB16, BSB, CEV, CGV, CNT, COMM, CSB,  Darby 1890, DBT, DBYe, DLNT, EHV, EMTV, EOB13, ERV, ESV, FAA, FBV, GNT, GoodspeedNT, GW, GW20, GWN, GWT, HCSB, HNC, JUB, HNT, ISV, LEB, LET, LHB, LITV, Logos, LSV, MKJV, MLV19, MNT, MontgomeryNT, NASB, NASB95, NASB1977, NCV, NEB70, NET, NHEB, NHEB-JM, NHEB-ME, NHEB-Y, NIRV, NKJV, NLT, NLT15, NOG, NRSV, NRSV-CI, NTWE, OEB-cw, OUB-us, PCE, RAD20, RcV’03, Rem, RHB, RKJNT, RSV, RSV-CE, RSV-CI, RV, TCNT, THNT, TLB, t4t, WEB, WeymouthNT, WilliamsNT, WMNT, WNT, YLT)

മലയാളത്തിലെ രണ്ടു പരിഭാഷകളിൽ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്നു കാണാം: “അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്‌തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. (2:13. പി.ഒ.സി. ഒ.നോ: പു.ലോ.ഭാ). ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവം യേശുക്രിസ്തുവാണെന്നു കാണാൻ കഴിയും: “നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്.” (തീത്തോ 2:13, സത്യവേദപുസ്തകം സമകാലിക ഭാഷ. ഒ.നോ: ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876, ഹെർമൻ ഗുണ്ടർട്ട് 1868, സത്യവേദപുസ്തകം, മാണിക്കത്തനാർ 1935, ഇ.ആർ.വി. മലയാളം, മലയാളം ഓശാന, മലയാളം ഓശാന പരിഷ്ക്കരിച്ച ലിപി, സത്യം ബൈബിൾ, വശുദ്ധഗ്രന്ഥം). മൂലഭാഷയായ ഗ്രീക്കു പരിഭാഷകളിലും രണ്ടുവിധത്തിലും പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ, യഥാർത്ഥ വസ്തുത കണ്ടെത്താൻ ബൈബിൾ പരിശോധിക്കുകയേ നിർവ്വാഹമുള്ളു.

യേശുക്രിസ്തുവിൻ്റെ പുനരാഗമനം അഥാവാ തേജസ്സിലുള്ള പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്ന മറ്റൊരു പരിഭാഷയാണ് യഹോവസാക്ഷികളുടെ പുതിയലോകം ഭാഷാന്തരം. അതിൽ ഇങ്ങനെയാണ്: “സന്തോഷമേകുന്ന പ്രത്യാശയുടെ സാക്ഷാത്കാരത്തിനും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്.” ഈ പരിഭാഷപ്രകാരം മഹാദൈവും യേശുക്രിസ്തുവും എന്ന രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷമാകണം. രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷനാകുന്നതിനെക്കുറിച്ച് ബൈബിളിൽ മറ്റെവിടെയും സൂചനയില്ല. എന്നാൽ യേശുക്രിസ്തു പ്രത്യക്ഷനാകുമെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.” (1കൊരി, 1:7). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). “അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.” (2തെസ്സ, 2:8). “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” (എബ്രാ, 9:28. ഒ.നോ: മത്താ, 16:27; 1തെസ്സ, 2:19; 4:15; 2തെസ്സ, 1:6; 2:1; 1തിമൊ, 6:13; 2തിമൊ, 1:10; 4:1; 4:8; യാക്കോ, 5:7; 5:8; 1പത്രൊ, 1:7; 1:13; 1പത്രൊ, 5:4; 2പത്രൊ, 1:16; 1യോഹ, 2:28; 3:2; വെളി, 1:7). തീത്തൊസിൽ പറഞ്ഞിരിക്കുന്ന പ്രകാരം യേശുക്രിസ്തുവിൻ്റെ തേജസ്സിലുള്ള പ്രത്യക്ഷക്ഷതയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.” (1പത്രൊ, 4:13). ഈ തെളിവുകൾ പ്രകാരം മഹാദൈവവും യേശുക്രിസ്തുവും ഭിന്നരല്ല, മഹാദൈവമായ യേശുക്രിസ്തുവാണ് തേജസ്സിൽ പ്രത്യക്ഷനാകുന്നതെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

രണ്ടാമതൊരു വിഷയം തീത്തൊസിൽ കാണുന്നത്; രക്ഷിതാവായ ദൈവമെന്നും രക്ഷിതാവായ യേശുക്രിസ്തുവെന്നും തീത്തൊസിൽ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. മൂന്നുപ്രാവശ്യം രക്ഷിതാവായ ദൈവമെന്നും “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ” (തീത്തൊ, 1:1; 2:9; 3:4) മൂന്നുപ്രവശ്യം രക്ഷിതാവായ യേശുക്രിസ്തുവെന്നും കാണാം: “പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (തീത്തൊ, 1:4; 2:12; 3:7). അപ്പോൾ, ആരാണ് ശരിക്കും രക്ഷിതാവ്?

പഴയനിയമത്തിൽ രക്ഷയും (സങ്കീ, 106:5; 149:4) രക്ഷകനും (2ശമൂ, 22:2; സങ്കീ,18:2; 30:10; 144:2; യെശ, 43:3; 60:16) രക്ഷിതാവും (2ശമൂ, 22:3; സങ്കീ, 106:22; യെശ, 43:11; 45:15; 45:21; 49:26; 63:8; യിരെ, 14:8; ഹോശേ, 13:5) വീണ്ടെടുപ്പുകാരനും (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6; 44:24; 47:4; 48:17; 49:7; 49:26; 54:5; 54:8; 54:20; 60:16; 63:16; യിരെ, 50:34) യഹോവയായ ഏകദൈവമാണ്. സകല ഭൂവാസികളുടെയും രക്ഷകൻ യഹോവയായ ദൈവം മാത്രമാണെന്നു പറഞ്ഞിരിക്കുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). രക്ഷയ്ക്കുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). എന്നാൽ, പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, “കർത്താവിൻ്റെ അഥവാ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പുതിയനിയമവും പറയുന്നു: (പ്രവൃ, 2:22; റോമ, 10:13). അപ്പോൾത്തന്നെ, പുതിയനിയമം പറയുന്നു: മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനും ആ നാമവുമല്ലാതെ, വേറൊരു നാമവും ഇല്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ഇനിയുമുണ്ട്: പുതിയനിയമത്തിൽ രക്ഷയും (ലൂക്കൊ, 2:31; 3:5) രക്ഷിതാവും (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23;എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4) 2:12; 3:7; 2പത്രൊ, 1:11; 2:20; 3:2; 3:18) രക്ഷാനായകനും (എബ്രാ, 2:10) ലോകരക്ഷിതാവും (യോഹ, 4:42; പ്രവൃ, 4:12; 1യോഹ, 4:14) വീണ്ടെടുപ്പുകാരനും (ലൂക്കൊ, 24:21; റോമ, 3:24; 1കൊരി, 1:30; എഫെ, 1:7; കൊലൊ, 1:14; തീത്തൊ, 2:14; എബ്രാ, 9:14; 9:15; 1പത്രൊ, 1:18) യേശുക്രിസ്തുവാണ്. പുതിയനിയമത്തിൽ ദൈവത്തെയും രക്ഷിതാവെന്ന് വിളിച്ചിട്ടുണ്ട്: (ലൂക്കൊ, 1:47; 1തിമൊ, 1:1; 2:3; 4:10; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). പഴയനിയമത്തിൽ യഹോവ മാത്രമാണ് രക്ഷിതാവ്. പുതിയനിയമത്തിൽ പ്രധാനമായും രക്ഷിതാവ് യേശുക്രിസ്തുവാണ്. അപ്പോൾത്തന്നെ, ദൈവവും രക്ഷിതാവാണെന്നു അഭിന്നമായി പറഞ്ഞിട്ടുമുണ്ട്. അതിൽനിന്നു എന്താണ് മനസ്സിലാക്കേണ്ടത്? ചിലർ കരുതുന്നതുപോലെ യഹോവയും യേശുവും നിത്യരായ രണ്ടു വ്യക്തികളാണെങ്കിൽ ബൈബിൾ പരസ്പരവിരുദ്ധമാണെന്നു വരും. അപ്പോൾ, എന്താണതിലെ വസ്തുത?

കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4), ചരിത്രത്തെ ബി.സി. എന്നും എ.ഡി. എന്നും രണ്ടായി പകുത്തുകൊണ്ട്, മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിൽ ജനിച്ചവനും (ലൂക്കൊ, 1:35; 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (മത്താ, 3:16; പ്രവൃ, 10:38) അനന്തരം, ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32,35: 3:22) മൂന്നരവർഷം മഹത്വകരമായി ദൈവരാജ്യത്തിൻ്റെ ശുശ്രൂഷ ചെയ്തവനും (മർക്കൊ, 1:14; 10:15; ലൂക്കൊ, 9:11) ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്തന്നെ യാഗമാക്കിയവനും (1തമൊ, 2:5,6) മൂന്നാംനാൾ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് സ്വർഗ്ഗേ കരേറിപ്പോയവനും (പ്രവൃ, 10:40; യോഹ, 20:17) ദൈവം നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചവനുമായ (പ്രവൃ, 2:24; ലൂക്കൊ, 2:11) ദൈവപുത്രൻ എല്ലാ മനുഷ്യരെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) പാപമറിയാത്തവനുമായ ഒരു പൂർണ്ണമനുഷ്യൻ ആകുന്നു: (യോഹ, 8:40; 10:33; 2കൊരി, 5:21). “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). എന്നാൽ സ്വർഗ്ഗത്തിൽ നിന്നു പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ (manifest) അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു; അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവീക രഹസ്യം!

ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: യേശുവെന്ന അഭിഷിക്തനായ മനുഷ്യന് പൂർവ്വാസ്തിത്വമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു.സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15. ഒ.നോ: 1:31). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശുവെന്ന മനുഷ്യൻ: (ലൂക്കൊ, 1:26,36). എന്നാൽ അവൻ യേശുവിനെക്കുറിച്ചു പറയുന്നത്, “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു” എന്നാണ്. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;” (യോഹ, 3:31. ഒ.നോ: 1യോഹ, 4:2). ക്രിസ്തു, ‘മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ” എന്നൊക്കെയാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. എഫെസ്യരിൽ, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നു കാണാൻ കഴിയും: (എഫെ, 4:6). ക്രിസ്തുവിൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). താൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. അതായത്, അവൻ മുമ്പേയുള്ളവനാണെന്നു സ്നാപകനും, അവൻ സ്വർഗ്ഗത്തിൽ നിന്നു വന്നവനും എല്ലാവർക്കും മീതെയുള്ളവനാണെന്നും യോഹന്നാനും താൻ സ്വർഗ്ഗത്തിൽനിന്നു വന്നവനാണെന്നു ക്രിസ്തുവും അവൻ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ വെളിപ്പെട്ട മനുഷ്യനാണെന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ: (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു.

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). [കാണുക: ദൈവഭക്തിയുടെ മർമ്മം]

വചനം ജഡമായിത്തീർന്നു: ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്; “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). ജഡമായിത്തീർന്ന വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 33:6; 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). അതുകൊണ്ടാണ്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നു യോഹന്നാൻ പറയുന്നത്: (യോഹ, 1:1-3). അതായത്, പൂർവ്വാസ്തിത്വത്തിലും തൻ്റെ ഐഹികജീവിതമൊഴികെ നിത്യമായ അസ്തിത്വത്തിലും ദൈവപുത്രൻ ഏകദൈവംതന്നെയാണെന്നു തെളിയുന്നു. [കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവം തൻ്റെ പുത്രനെ അയച്ചു, വചനം ദൈവത്തോടു കൂടെയായിരുന്നു]

യഹോവും യേശുവും: പുതിയനിയമം വെളിപ്പെടുത്തുന്ന മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യേവേ, 2:32).

തീത്തൊസിലെ പ്രസ്തുത വേദഭാഗം കഴിഞ്ഞാൽ നാം വായിക്കുന്നത്: “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചു പറഞ്ഞശേഷമാണ്, അവൻ ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു’ എന്നു പറഞ്ഞിരിക്കുന്നത്. അതിനാൽ, മഹാദൈവമാണ് ക്രൂശിൽ മരിച്ചതെന്നാണോ? അല്ല. മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ചതും ജീവിച്ചതും ക്രൂശിൽ മരിച്ചതും ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണെന്ന് മുകളിൽ നാം കണ്ടു. [മുഴുവൻ വിവരങ്ങളും അറിയാൻ: ‘മനുഷ്യനായ ക്രിസ്തുയേശു‘ എന്ന ലേഖനം കാണുക]. ദൈവമല്ല, മനുഷ്യനാണ് മരിച്ചതെന്നും “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (തിമൊ, 2:6) ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതായും “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) ദൈവപുത്രനെന്ന നിലയിലുള്ള ശുശ്രൂഷ ഒരിക്കലായി പൂർത്തിയായതായും “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:11) എന്നും സ്ഫടികസ്ഫുടമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ മഹാദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് പറഞ്ഞാൽ, ദൈവദൂഷണമല്ലാതെന്താണ്? യഹോവയായ ഏകദൈവംതന്നെയാണ് പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ക്രൂശിൽമരിച്ച് അപ്രത്യക്ഷനായത്. അതായത്, പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ ആ മനുഷ്യവ്യക്തി പിന്നെയുണ്ടാകില്ല. എന്തെന്നാൽ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ഏകദൈവം തൻ്റെ സ്ഥായിയായ അവസ്ഥയ്ക്കും അസ്തിത്വത്തിനും മാറ്റംവരാതെതന്നെ സൃഷ്ടികളോടിടപെടാൻ താനെടുക്കുന്ന പുതിയൊരു അസ്തിത്വമാണ് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷത. പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, ആ പ്രത്യക്ഷശരിരം പിന്നെയുണ്ടാകില്ല: (എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനനന്യനായ മഹാദൈവം: (തീത്തൊ, 2:12; എബ്രാ, 13:8). ഏകദൈവംതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാത്ഥം മനുഷ്യനായി വെളിപ്പെട്ട് രക്ഷയൊരുക്കിയത്; അതിനാലാണ് ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു‘ എന്നു പറഞ്ഞിരിക്കുന്നത്.

പിതാവിൻ്റെയും പുത്രൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). അതിനാൽ, തീത്തൊസിലെ മഹാദൈവം ദൈവപുത്രനല്ല; ദൈവപിതാവുതന്നെയാണ് എന്ന് മനസ്സിലാക്കാം. എന്നെന്താൽ, “പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്നു” പുത്രനും (യോഹ, 17:3) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാരും പറയുന്നു: (1കൊരി, 8:6. ഒ.നോ: യോഹ, 8:41; എഫെ, 4:6).

യഹോവ തന്നെയാണ് പൂർണ്ണമനുഷ്യനായി വെളിപ്പെട്ടത്; രണ്ടു തെളിവ്: 1. യെഹൂദന്മാർ കുത്തിത്തുളച്ചത് ദൈവപുത്രനായ യേശുവിനെയാണല്ലോ: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ, യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). യഹോവ തന്നെയാണ് മനുഷ്യനായി വന്നത്; അതുകൊണ്ടാണ് തന്നെയാണ് കുത്തിയതെന്ന് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നതുപോലെ, യഹോവയും യേശുവും നിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളാണെങ്കിൽ തൻ്റെ പുത്രനെയാണ് കുത്തിയതെന്നല്ലാതെ, തന്നെയാണ് കുത്തിയതെന്ന് ഒരിക്കലും പറയാൻ കഴിയില്ല. സെഖര്യാപ്രവചനം യോഹന്നാൻതന്നെ ഉദ്ധരിക്കുന്നതും നോക്കുക: “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. (യോഹ, 19:37). യോഹന്നാനുണ്ടായ വെളിപ്പാടും കാണുക: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഇത് നാം തീത്തൊസിൽ ചിന്തിച്ച വേദഭാഗത്തോടൊക്കുന്നു: (ഒ.നോ: തീത്തൊ, 2:12–വെളി, 1:7–സെഖ, 12:10).

2. “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 17:37). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് യെരൂശലേം ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോയപ്പോയശേഷം പഴയനിയമഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് യോഹന്നാൻ പറയുന്ന ചില കാര്യങ്ങളുണ്ട്: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹ, 12:38). യെശയ്യാവ് 53-ൻ്റെ ഒന്നാം വാക്യമാണിത്: “യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നതിനെ, യഹോവയുടെ ഭുജമാണ് ക്രിസ്തു എന്നു നേരിട്ട് മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല, യഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടിരിക്കുന്നു അഥവാ താൻ ചെയ്ത രക്ഷാകരപ്രവൃത്തി ആർ ഗ്രഹിച്ചു വിശ്വസിക്കുന്നു എന്നാണതിനർത്ഥം?അടുത്തവാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:” (യോഹ, 12:39). തങ്ങളുടെ ദൈവമായ യഹോവ തന്നെയാണ് മനുഷ്യനായി വന്നിരിക്കുന്നതെന്നു വിശ്വസിക്കാൻ അനവധി കാരണങ്ങൾ ഉണ്ടായിട്ടും (യെശ, 40:3–മത്താ, 3:3; യെശ, 35:3-6–ലൂക്കൊ, 7:20-23; സെഖ, 9:9–മത്താ, 21:2-5) അവർ വിശ്വസിക്കാതിരിക്കാനുള്ള മുട്ടുന്യായങ്ങൾ അന്വേഷിച്ചതുകൊണ്ട് (യോഹ, 7:52. ഒ.നോ: യോഹ, 7:41) അവർക്കവനെ മനസ്സിലായില്ല. [ബേത്ത്ലേഹെമിൽ ജനിച്ച യേശുവിനെ വിദ്വാന്മാർ അന്വേഷിച്ചുവന്നതും ഹെരോദാവ്, മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി ക്രിസ്തുവിൻ്റെ ജനനം ബേത്ത്ലേഹെമിലാണെന്നു ഉറപ്പുവരുത്തിയതും അവനെ ഇല്ലായ്മചെയ്യാൻ രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളഞ്ഞതും രഹസ്യമായ വിഷയമല്ല; യെഹൂദാപ്രമാണിമാർക്ക് നല്ല നിശ്ചയമുള്ളതാണ്: മത്താ, 2:4,5–യോഹ, 7:41; മത്താ, 2:1-16] അവരുടെ ദുഷ്ടഹൃദയം അവനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെന്നതാണ് വസ്തുത: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യോഹ, 12;40–യെശ, 6:9,10). അവരുടെ ഹൃദയകാഠിന്യം നിമിത്തം അവരുടെ ദൈവത്തിൻ്റെ ഭുജം അഥവാ ദൈവത്തിൻ്റെ പ്രവൃത്തിയായ ക്രിസ്തുവിനെ അവർക്ക് അംഗീകരികാൻ കഴിഞ്ഞില്ല. അടുത്തവാക്യം: “യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41. ഒ.നോ: 12:38-40; യെശ, 6:1-10). ആരുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്? സത്യവേദപുസ്തകം സമകാലിക പരിഭാഷ: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ. 12:41). യഹോവ തന്നെയാണ് മനുഷ്യനായി വന്നതെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. യെശയ്യാവ് കണ്ട തേജസ്സ് യേശുവിൻ്റെയാണെന്നു യോഹന്നാൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: (യെശ, 6:1-5).

യഹോവയായ ദൈവവും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്; തെളിവ്: 1. “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതുന്നപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3,4). യിസ്രായേലിനെ അവരുടെ ശത്രുക്കളിൽണിന്നു രക്ഷിച്ച് അവരുടെ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കിക്കൊടുക്കാൻ യഹോവയായ ദൈവമാണ് ഒലിവുമലയിൽ പ്രത്യക്ഷനാകുന്നതെന്ന് സെഖര്യാവ് പ്രവചിക്കുന്നു: (പ്രവൃ, 1:6). എന്നാൽ, യേശുക്രിസ്തു ഒലിവുമലയിൽ നിന്നു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.” (പ്രവൃ, 1:10,11). മഹാദൈവമായ യേശുക്രിസ്തുവാണ് വീണ്ടും പ്രത്യക്ഷനാകുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. അക്കാര്യം ഒലിമലയിൽ ദൂതന്മാരും സാക്ഷ്യം പറഞ്ഞിരിക്കുന്നു.

2.“യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ‍ വളരെ ആയിരിക്കും.” (യെശയ്യാ 66:15,16). യെഹൂദന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതിന് മുമ്പുള്ള മഹോപദ്രവകാലമാണ് വിഷയം. പുതിയനിയമത്തിൽ യേശുക്രിസ്തുവിലാണ് അത് ആരോപിച്ചിരിക്കുന്നത്: “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ.” (തെസ്സ, 1:6,7. ഒ.നോ: 2:8). മഹാദൈവമായ യേശുക്രിസ്തുവും യഹോവയായ ദൈവവും ഒരാളാണെന്ന് സ്ഫടികസ്ഫുടം തെളിയുകയല്ലേ? പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *