തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?

തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 20:28). ഈ വാക്യത്തിൽ, എന്റെ കർത്താവും എന്റെ ദൈവവും എന്ന് തോമാസ് വിളിക്കുന്നത് ദൈവത്തെയാണെന്നും ദൈവപുത്രനെയാണെന്നും രണ്ട് വാദമുണ്ട് 

❶ ഗ്രീക്കിൽ ഒരാളെ നേരിട്ട് അഭിസംബോധന ചെയ്യാൻ സംബോധന വിഭക്തിയാണ് (Vocative Case) ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ നിർദ്ദേശിക വിഭക്തിയിലാണ് (Nominative Case) വാക്യം കാണുന്നത്. യേശുവിൻ്റെ പുനരുത്ഥാനത്തിൽ സംശയിച്ചിരുന്ന തോമാസ് അവനെ കണ്ടതിൻ്റെ ആശ്ചര്യത്തിൽ പിതാവായ ഏകദൈവത്തെയാണ് എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന് വിളിക്കുന്നതെന്നാണ് ഒന്നാമത്ത വാദം. 

☛ സെപ്റ്റ്വജിൻ്റിലെ (LXX) വാക്യമാണ് അതിന് തെളിവായി കാണിക്കുന്നത്: “Exegertheti Kyrie, kai prosches te krisei mou, ho Theos mou kai ho Kyrios mou, eis ten diken mou – Stir up thyself, and awake to my judgment, even unto my cause, my God and my Lord.” “കർത്താവേ എഴുന്നേല്ക്കണമേ; എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.” (Psa, 34:23). സങ്കീർത്തനത്തിൽ “ho Theos mou kai ho Kyrios mou – my God and my Lord” (എൻ്റെ ദൈവവും എൻ്റെ കർത്താവും) എന്നും യോഹന്നാനിൽ “ho Kyrios mou kai ho Theos mou – my Lord and my God” (എൻ്റെ കർത്താവും എൻ്റെ ദൈവവും) എന്നുമാണ്. ദൈവം, കർത്താവ് എന്നീ പദങ്ങളുടെ സ്ഥാനവ്യത്യാസം ഒഴിച്ചുനിർത്തിയാൽ, ഈ പ്രയോഗം രണ്ടിലും നിർദ്ദേശിക വിഭക്തിയിലാണ് (Nominative Case). എന്നാൽ സങ്കീർത്തനത്തിൻ്റെ ആദ്യഭാഗത്ത് ‘Kyrie’ എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) ഒരു പദം അധികമുണ്ട്. അതിൻ്റെ അർത്ഥം ‘കർത്താവേ!’ എന്നാണ്. ‘കർത്താവേ’ എന്ന് യഹോവയെ സംബോധന ചെയ്തശേഷമാണ്, ദൈവവും കർത്താവുമായവനോട് തൻ്റെ ന്യായത്തിനായി ജാഗരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത്. 

☛ യേശുവിനെ “സംബോധന വിഭക്തിയിൽ” (Vocative Case) അഭിസംബോധന ചെയ്യുന്ന 100-ലേറെ തെളിവുകൾ സുവിശേഷങ്ങളിലുണ്ട്: ‘Kyrie’ (കർത്താവേ! – മത്താ, 8:2; മത്താ, 8:6), “Iesou Nazarene” (നസറായനായ യേശുവേ! – മർക്കൊ, 1:24; ലൂക്കൊ, 4:34), ‘Iesou’ (യേശുവേ! – മർക്കൊ, 5:7; ലൂക്കൊ, 8:28), “Iesou huie Dauid” (യേശുവേ, ദാവീദുപുത്രാ! – ലൂക്കൊ, 18:38), “Huie tou Theou” (ദൈവപുത്രാ! – മത്താ, 8:29), ‘Christe’ (ക്രിസ്തുവേ! – മത്താ, 26:68), ‘Didaskle’ (ഗുരോ – മത്താ, 8:19; മത്താ,12:38), ‘Epistata’ (നാഥാ! – ലൂക്കൊ, 5:5; ലൂക്കൊ, 8:24). ഇവിടെയെല്ലാം യേശുവിനെ സംബോധന ചെയ്തിട്ട് അവനോടുതന്നെയാണ് പറയുന്നതെന്ന് കാണാൻ കഴിയും. എന്നാൽ തോമാസ് യേശുവിനെ സംബോധന ചെയ്യുന്നതായി കാണുന്നില്ല. 

☛ പാശ്ചാത്യ ക്രിസ്തീയ ചിന്തകരിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായി അറിയപ്പെട്ടിരുന്ന ഹിപ്പോയിലെ അഗസ്റ്റിൻ്റെ (Augustine of Hippo, 354-430) നിരീക്ഷണം ഇപ്രകാരമാണ്: “തോമസ് അവനോട്: “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഉത്തരം പറഞ്ഞു. അവൻ ആ മനുഷ്യനെ കാണുകയും സ്പർശിക്കുകയും ചെയ്തു; താൻ കാണുകയോ സ്പർശിക്കുകയോ ചെയ്യാത്ത ദൈവത്തെ അവൻ ഏറ്റുപറഞ്ഞു. എന്നാൽ താൻ കണ്ടതിലൂടെയും സ്പർശിച്ചതിലൂടെയും എല്ലാ സംശയങ്ങളും ദൂരെയെറിഞ്ഞ്, മറ്റേതിൽ (ദൈവത്തിൽ) വിശ്വസിച്ചു. [Tractate 121]. അതായത്, “അവൻ യേശുവെന്ന മനുഷ്യനെ കാണുകയും കാണാത്ത ദൈവത്തെ ഏറ്റുപറയുകയും ചെയ്തു” എന്നാണ് അഗസ്റ്റിൻ്റെ നിരീക്ഷണം. 

തോമാസ് യേശുവിനനെയാണ് ദൈവം എന്ന് വിളിക്കുന്നതെന്നാണ് അടുത്തവാദം. “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക” എന്ന് യേശു തോമാസിനോട് പറഞ്ഞതിൻ്റെ മറുപടി ആയിട്ടാണ്: “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്ന് തോമാസ് തിരിച്ച് പറയുന്നത്: (യോഹ, 20:27-28). അതിനാൽ തോമാസ് ദൈവപുത്രനായ യേശുവിനെയാണ് തൻ്റെ കർത്താവും ദൈവവും എന്ന് പറഞ്ഞതെന്നാണ് ഇക്കൂട്ടരുടെ വാദം. 

☛ ചുരുക്കത്തിൽ, ഭാഷാപരമായി തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും” (my Lord and my God) എന്ന് പറഞ്ഞത് ദൈവത്തെയാണെന്നും ദൈവപുത്രനെയാണെന്നും ഒരുപോലെ വാദിക്കാവുന്നതാണ്. എന്നാൽ ഒരു വാക്യം മാത്രം വെച്ചുകൊണ്ട് ഒരുപദേശവും സ്ഥാപിക്കാൻ കഴിയില്ല. മറ്റ് വേദഭാഗങ്ങൾ ഇക്കാര്യത്തിൽ എന്ത് പറയുന്നു എന്ന് പരിശോധിക്കുമ്പോൾ, തോമാസിൻ്റെ ദൈവം യഹോവയാണോ, യേശുവാണോ അല്ലെങ്കിൽ പിതാവാണോ, പുത്രനാണോ എന്ന് വ്യക്തമാകും. “വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണം” (Scripture interprets Scripture). അല്ലെങ്കിൽ “തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ” (Let Scripture explain Scripture) എന്നതാണ് തത്വം:

വളരെ ലളിതമായി ആദ്യംതന്നെ വചനപരമായ വസ്തുത വെളിപ്പെടുത്താം: യേശുക്രിസ്തു പിതാവിനെ വെളിപ്പെടുത്തുവാനും സത്യത്തിന് സാക്ഷിനിൽക്കാനുമാണ് ലോകത്തിൽ ജനിച്ചത്: (യോഹ, 1:18; 18:37). ആ യേശുക്രിസ്തു വെളിപ്പെടുത്തിയ 𝗛𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 അഥവാ, “ഒരേയൊരു സത്യദൈവം” പിതാവാണ്: (Joh, 17:3). അല്ലാതെ നമുക്ക് രണ്ട് സത്യദൈവമില്ല. ഏകസത്യദൈവമായ പിതാവിനെയാണ് ദൈവപുത്രനായ യേശു “എൻ്റെ ദൈവം” (My God) എന്ന് എന്ന് വിശേഷിപ്പിച്ചതും “എൻ്റെ ദൈവമേ!” എന്ന് സംബോധന ചെയ്തതും: (യോഹ, 20:17മത്താ, 27:46; മർക്കൊ, 15:33). പിതാവിനെയാണ് പൗലൊസ് “എൻ്റെ ദൈവം” (My God) എന്ന് വിശേഷിപ്പിച്ചതും (റോമ, 1:8), പൗലൊസും പത്രൊസും യോഹന്നാനും “യേശുക്രിസ്തുവിൻ്റെ ദൈവം” (The God of Jesus Christ) എന്ന് വിശേഷിപ്പിച്ചതും: (Eph, 1:3; 1Pet, 1:3; Rev, 1:6) ദൈവപുത്രനായ യേശു ആരെയാണോ “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിച്ചതും സംബോധന ചെയ്തതും, അപ്പൊസ്തലന്മാർ ആരെയാണോ ആരെയാണോ “യേശുക്രിസ്തുവിൻ്റെ ദൈവം എന്നും വിശേഷിപ്പിച്ചത്, അവനെയാണ് അപ്പൊസ്തലനായ തോമാസും “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത്. അല്ലാതെ, മറ്റൊരു ദൈവം തോമാസിന് ഉണ്ടാകുമോ? ദൈവപുത്രൻ്റെയും അപ്പൊസ്തലന്മാരുടെയും നമ്മുടെയും പിതാവും ദൈവവും ഒന്നുതന്നെയാണ്. അക്കാര്യം അസന്ദിഗ്ധമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്: (യോഹ, 20:17). 

☛ ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് “എൻ്റെ ദൈവം” എന്ന് വിളിച്ചത്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). അല്ലാതെ, യേശുവിൻ്റെ ദൈവം വേറെ, തോമാസിൻ്റെ ദൈവം വേറെ എന്നുപറയാൻ ബൈബിളിൽ ദൈവങ്ങളില്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 അഥവാ, “ഒരേയൊരു ദൈവം” ആണുള്ളത്: (Luk, 5:21; Joh, 5:44; Rom, 16:26; 1Tim, 1:17; Jud, 1:24). ആ ദൈവം പുത്രനല്ല; പിതാവാണ്: (1കൊരി, 8:5-6; എഫെ, 4:6; 2രാജാ, 19:15; 19:19; മലാ, 2:10). അതിനാൽ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത് പുത്രനെയല്ല; പിതാവിനെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ഈ വസ്തുതയ്ക്ക് ആധാരമായ 20 വചനത്തെളിവുകൾ താഴെക്കാണാം:

ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). 

☛ “സ്ത്രീയുടെ സന്തതി” (The seed of the woman) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). ➟അടുത്തതായി: “മോശെയെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto Moses) എന്നാണ് പറയുന്നത്: (ആവ, 18:18-9പ്രവൃ, 3:22-23). ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാലും, സ്ത്രീയുടെ സന്തതിയെന്നും മോശെയെപ്പോലൊരു പ്രവാചകനെന്നും ദൈവംതന്നെ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, തോമാസ് പിതാവിനെയല്ലാതെ പുത്രനെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ “യഹോവയെപ്പോലെ ആരുമില്ല (പുറ, 8:10), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (ആവ, 6:4), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്നൊക്കെയാണ് യഹോവ അഭിമുഖമായി അറിഞ്ഞ മോശെ പഠിപ്പിച്ചത്: (ആവ, 4:39ആവ, 3:24). 

☛ ”എന്നെപ്പോലെ ഒരു പ്രവചകൻ” (A prophet like unto me) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പ്രവചിച്ചത്: (ആവ, 18:15പ്രവൃ, 7:37). യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും, എന്നെപ്പോലെ ഒരു പ്രവാചകനാണ് യേശുവെന്നും യെഹൂദന്മാരുടെ ശ്രേഷ്ഠപ്രവാചകനായ മോശെ പഠിപ്പിച്ചിരിക്കയാൽ (ആവ, 34:12), യെഹൂദനായ തോമാസ് ദൈവപുത്രനെ “എൻ്റെ ദൈവം” (My God) എന്നെങ്ങനെ പറയും? 

യഹോവ ഒരുത്തൻ മാത്രം ദൈവം:   
➦ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല (1ദിന, 17:20), യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. യഹോവ ഒരുത്തൻ മാത്രം (Alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമെന്നും അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും അവനോട് സമനായും സദൃശനായും ആരുമില്ലെന്നും പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചിരിക്കയാൽ, യഹോവയെയല്ലാതെ മറ്റൊരെയെങ്കിലും “എൻ്റെ ദൈവം” (My God) എന്ന് തോമാസ് വിളിക്കുമോ?

പിതാവ് മാത്രം ദൈവം:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന (3rd Person Singular) പ്രയോഗത്തിലൂടെ അസന്ദിഗ്ദ്ധമായാണ് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് മുഖ്യകല്പനയായി യേശു പഠിപ്പിച്ചിരിക്കെ, പുത്രനെ എങ്ങനെ “എൻ്റെ ദൈവം” (𝐌𝐲 𝐆𝐨𝐝) എന്ന് തോമാസ് എങ്ങനെ വിളിക്കും? [കാണുക: എല്ലാറ്റിലും മുഖ്യകല്പന].

ഒരേയൊരു ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ച പുത്രനെ തോമാസ് “എൻ്റെ ദൈവം” (My God) എന്നെങ്ങനെ പറയും?

പിതാവ് വലിയവൻ:
➦ “പിതാവ് എന്നെക്കാൾ വലിയവൻ” (യോഹ, 14:28), “എൻ്റെ പിതാവ് എല്ലാവരെക്കാളും വലിയവൻ” (യോഹ, 10:29), “ഞാൻ മനുഷ്യനാണ്” (യോഹ, 8:40), “പിതാവ് ചെയ്തു കാണുന്നതല്ലാതെ എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” (യോഹ, 5:30), “പിതാവ് എന്റെ ദൈവമാണ്” (യോഹ, 20:17) എന്നൊക്കെയാണ് ദൈവപുത്രൻ പഠിപ്പിച്ചത്. പിതാവ് എന്നെക്കാൾ വലിയവനാണെന്നും എല്ലാവരെക്കാളും വലിയവനാണെന്നും താൻ മനുഷ്യനാണെന്നും തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പിതാവ് തൻ്റെ ദൈവമാണെന്നും പഠിപ്പിച്ചവനെ, തോമാസ് “എൻ്റെ ദൈവം” (My God) എന്നുപറയുമോ?

ദൈവം ഒരുത്തൻ മാത്രം:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഇവിടെപ്പറയുന്ന “ഒരേയൊരു ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, “ദൈവം ഒരുവൻ” എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Mobnos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ദൈവം ഒരുവൻ എന്നല്ല; “ഒരേയൊരു ദൈവം/ദൈവം ഒരുത്തൻ മാത്രം” (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. പിതാവ് ഒരുത്തർ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ, അപ്പൊസ്തലനായ തോമാസ് യേശുവിനെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

പിതാവായ ഏകദൈവമേ നമുക്കുള്ളൂ:
➦ “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (those who are called) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). വാക്യം ശ്രദ്ധിക്കുക: “സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (gods) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് പൗലൊസ് പറയുന്നത്. “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, th Father) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. പുത്രനും ദൈവമാണെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്ന പ്രയോഗം പരമാബദ്ധമാണ്. അടുത്തവാക്യം: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.“ (എഫെ, 4:6). ഈ വേദഭാഗവും ശ്രദ്ധിക്കുക: “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” (one God and Father of all) എന്നാണ് പറയുന്നത്. മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ഒരേയൊരു ദൈവം പിതാവാണെന്ന് പൗലൊസ് അസന്ദിഗ്ധമായി പഠിപ്പിച്ചിരിക്കെ, തോമാസ് എങ്ങനെ പുത്രനെ “എൻ്റെ ദൈവം” (My God) എന്നുപറയും?

❼ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃ 𝗠𝗼𝗻𝗼𝘀:
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 33 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX)  തൽസ്ഥാനത്ത് 23 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 28 പ്രാവശ്യമാണ്. അതിൽ ”ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 12 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (alone, only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 45 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (Oneness), ത്രിത്വമോ (Trinity) അല്ല; മോണോസ് തെയോസ് (Monos Theos) അഥവാ, ഏകദൈവം (The only God) ആണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 (ഏകദൈവവിശ്വാസം). പിതാവായ യഹോവ “ഒരേയൊരു ദൈവം” (Monos Theos – The only God) ആയിരിക്കെ, തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പുത്രനെ വിളിക്കുമോ?

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ‘ഏലീ, ഏലീ, ലമ്മാ ശബക്താനി’ എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.” (മത്താ, 27:46; സങ്കീ, 22:1മർക്കൊ, 15:33). ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗം ശ്രദ്ധിക്കുക, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. അതായത്, യേശു ആരുടെയും ദൈവമല്ല; യേശുവിൻ്റെയും നമ്മുടെയും ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. പിന്നെങ്ങനെ തോമാസ് പുത്രനെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കും?

മനുഷ്യനായ എന്നെ കൊല്ലുവാൻ നോക്കുന്നു:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (Man) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. ഉദാ: “എന്നിലും വിശ്വസിപ്പിൻ; ദൈവത്തിലും വിശ്വസിപ്പിൻ.” (യോഹ, 14:1). താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് യേശു തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19; ലൂക്കൊ, 7:34). ഒരു മനുഷ്യനെ, അവൻ ആരായാലും യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് തൻ്റെ ദൈവമാക്കുമോ?

യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. പൗലൊസ്, പത്രൊസ്, യോഹന്നാൻ മുതലായ അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവിൻ്റെ ദൈവമാണെങ്കിൽ, അവരുടെ കൂട്ടത്തിൽപ്പെട്ട തോമാസിന് മറ്റൊരു ദൈവമുണ്ടാകുമോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]

യേശുക്രിസ്തു മൂഖാന്തരം:
➦ പൗലൊസ്, പത്രൊസ്, യൂദാ മുതലായവർ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രം കരേറ്റുന്നതായി കാണാം: “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.” (റോമ, 1:8 ⁃⁃ 2:16; 5:11; 5:21; 7:25; 1കൊരി, 15:57). “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). യെഹൂദന്മാരായ അപ്പൊസ്തലന്മാർക്ക് രണ്ട് ദൈവമില്ല. യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്നതിനാൽ, യേശു ദൈവമല്ല; പിതാവാണ് ദൈവമെന്ന് മനസ്സിലാക്കാമല്ലോ? പൗലൊസും യൂദായും യേശുക്രിസ്തു മുഖാന്തരം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 – 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 അഥവാ, ഒരേയൊരു ദൈവത്തിനാണ് സ്തോത്രം അർപ്പിക്കുന്നത്: (റോമ, 16:26യൂദാ 1:24). യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുകയും അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുകയും ചെയ്യുമ്പോൾ, അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവല്ല; അവൻ്റെ ദൈവമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. അപ്പോൾ അപ്പൊസ്തലനായ തോമാസിന് വേറൊരു ദൈവം ഉണ്ടാകുന്നത് എങ്ങനെയാണ്?

യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം കാണുക: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) യഹൂദന്മാരുടെ പുരാതനത്വം (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). സത്യേകദൈവമായ യഹോവയെ അല്ലാതെ, യേശു എന്ന് പേരുള്ള മനുഷ്യനെ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പറയുമോ?

അഭിഷിക്തനായ മനുഷ്യൻ:
➦ അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ മനുഷ്യനെയും പലർക്കും വേർതിരിച്ചറിയില്ല: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്നു പേരുള്ള മനുഷ്യനെയും കാണാം: (യോഹ, 9:11യോഹ, 8:40). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;3:22പ്രവൃ, 10:38). പിന്നെ വായിക്കുന്നത്: “യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ്: (ലൂക്കൊ, 4:1). ഒരു ദൈവമല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ് പരിശുദ്ധാത്മാവിൽ നിറഞ്ഞത്: (യോഹ, 9:11). യേശു എന്ന മനുഷ്യനെ (Man) ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ നിറയ്ക്കുകയായിരുന്നു. പിന്നെ വായിക്കുന്നത്: “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു” എന്നാണ്: (ലൂക്കൊ, 4:14). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ അല്ല ആത്മാവിനാൽ ശക്തി പ്രാപിച്ചത്: യേശു എന്ന മനുഷ്യനാണ്: (യോഹ, 8:40). അനന്തരം നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു (അഭിഷിക്തൻ) ആയതെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്ന് പേരുള്ള മനുഷ്യനെ, അപ്പൊസ്തലനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?

ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല:
➦ ദൈവപുത്രനായ യേശുവിനെ ഒരു പ്രമാണി വന്നിട്ട് നല്ല ഗുരോ എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും “ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്ന് അവനോടു പറയുകയുമാണുണ്ടായത്: (മർക്കൊ, 10:17-18മത്താ, 19:17; ലൂക്കൊ, 18:19). അതിനർത്ഥം ദൈവപുത്രൻ നല്ലവനല്ല എന്നല്ല; യേശുവിനെയും നല്ലവനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 7:12). എന്നാൽ ആത്യന്തികമായി ‘നല്ലവൻ’ എന്ന പദവി യഹോവയായ ദൈവത്തിന് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 136:1; 145:9). ദൈവപുത്രൻ ദൈവമല്ല; പാപരഹിതനായ മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ, താനത് നിഷേധിച്ചത്: (യോഹ, 17:3; യോഹ, 8:40; 1യോഹ, 3:5). തന്നെ ‘നല്ലവൻ’ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപത്രനെയാണ് തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചതെങ്കിൽ, അവൻ തോമാസിനെ വിലക്കുമായിരുന്നില്ലേ?

ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യൻ:
➦ “യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:11). ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ (എബ്രാ, 9:14), തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 2:24), “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 2:31), “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ” (പ്രവൃ, 4:10), “യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” (പ്രവൃ, 5:30), “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ദൈവം അമർത്യനാണ്: (1തിമൊ, 6:16). എന്നാൽ “ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) മനുഷ്യനായ (Man) ക്രിസ്തുയേശുവാണ് മരിച്ചതെന്നും” (1തിമൊ, 2:6), പുരുഷനായ (Man) നസറായനായ യേശുവിനെയാണ് ദൈവം മരണപാശങ്ങളെ അഴിച്ചിട്ട് ഉയിർപ്പിച്ചതു” എന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). മരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട നസറായനായ യേശു എന്ന പുരുഷനെ (Man) അപ്പൊസ്തലനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് പറയുമോ?

ദൈവത്തിൻ്റെ ദാസൻ:
➦ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; അവൻ ദൈവത്തിൻ്റെ ദാസനും മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു. “ദൈവത്തിൻ്റെ ദാസൻ” (Servent of God) ആദിമസഭ അവനെ വിശേഷിപ്പിച്ചത്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13). ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ‘ദാസൻ’ (Servent) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ‘പൈസ്’ (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27; 4:30). അതിൽ ലൂക്കൊസിൽ ‘ബാലൻ’ (Boy) എന്നും ബാക്കിയെല്ലായിടത്തും ‘ദാസൻ’ (Servant) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55ലൂക്കൊ, 1:71; പ്രവൃ, 4:26). തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിച്ചത് ദൈവപുത്രനെയാണെങ്കിൽ, അതിനുശേഷം ആദിമസഭ അവനെ “ദൈവത്തിൻ്റെ ദാസൻ” (Servent of God) എന്ന് വിശേഷിപ്പിക്കുമോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]

യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം:
➦ യേശുവിൻ്റെ ജീവചരിത്രം പരിശോധിച്ചാൽ, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7യോഹ, 8:40). 
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21), 
➟ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➟ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31ലൂക്കൊ, 2:21), 
➟ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24ലേവ്യ, 12:4
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1ലൂക്കൊ, 3:22; പ്രവൃ, 10:38
➟ പ്രവചനങ്ങൾപോലെ പിതാവിനാൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35ലൂക്കൊ, 3:23
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15
➟ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17
➟ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21മത്താ, 9:8
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7
➟ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40)
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയവനും (യോഹ, 20:17)
➟ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തവനും (പ്രവൃ, 1:2-3),
➟ നാല്പതാം നാൾ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തതവനും (പ്രവൃ, 1:9) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായ ഈ മനുഷ്യൻ തൻ്റെ ദൈവമാണെന്ന് തോമാസ് പറയുമോ?

പ്രവചനങ്ങളിൽമാത്രം ഉണ്ടായിരുന്നവൻ:
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (1പത്രൊ, 1:20).
☛ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായ ജനിക്കുന്നത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ‘യേശു’ (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ദൈവം അനാദ്യന്ത്യനാണ്: (സങ്കീ, 90:2; യെശ, 44:6; 57:15). ➟പരിശുദ്ധാത്മാവിനാൽ BC 6-ൽ ഉല്പാദിതനായവനും AD 29-ൽ പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനും ആയവനെ യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?

ഏകദൈവം:
➦ ‘ദൈവം’ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ നമുക്ക് പിതാവായ ഏകദൈവമേ ഉള്ളെന്നാണ് പൗലൊസ് വ്യക്തമാക്കുന്നത്: “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു;” (1കൊരി, 85-6). അതിനാൽ ഒരു യെഹൂദൻ സ്രഷ്ടാവും പിതാവുമായ യഹോവയായ ഏകദൈവത്തെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (Ho Theos Mou) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:8; 1കൊരി, 1:4; 2കൊരി, 12:21; ഫിലി, 1:6; ഫിലി, 4:19; ഫിലേ, 1:6) മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2; വെളി, 3:12) പിതാവിനെ “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്തിട്ടുണ്ട്. ആരെയാണോ പഴയനിയഭക്തന്മാരും ദൈവപുത്രനായ യേശുക്രിസ്തുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിച്ചത്, ആരെയാണോ “യേശുക്രിസ്തുവിൻ്റെ ദൈവം” എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്, അവനാണ് തോമാസിൻ്റെയും ദൈവം. ദൈവപുത്രനായ യേശുവിൻ്റെയും തോമാസിൻ്റെയും ദൈവമാണ് നമ്മുടെയും ദൈവം. ഒരു ദൈവമുള്ള യേശുവിനെ യെഹൂദനായ തോമാസ് “എൻ്റെ ദൈവം” (My God) എന്ന് വിളിക്കുമോ?

⓴ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ ന്യൂ മശീയാനിക് വേർഷനിൽ ഇപ്രകാരമാണ്: And T’oma [twin] answered and said unto him, My Lord – Kurios and my God-The Father.” (NMV). ഇതിൽ “എൻ്റെ കർത്താവും എൻ്റെ പിതാവായ ദൈവവും” എന്നാണ്. ➟°അതായത്, തോമാസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് പുത്രനെയല്ല; പിതാവിനെയാണെന്ന് ഈ പരിഭാഷയിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ‘ടോവ് റോസ്’ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് NMV പരിഭാഷയുടെ ഉപജ്ഞാതാവ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. “മശീയാനിക് യെഹൂദർ” (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (Torah) പാരായണം, ശബ്ബത്ത് (Sabbath) ആചരണം, പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah) മുതലായവ അനുഷ്ഠിക്കുന്നവരും, യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. “യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:1-2). “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20;യോഹ, 10:35;റോമ, 9:4). വിശേഷാൽ, ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യെഹൂദന്മാരാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധ്യമുണ്ട്. അതിനാൽ തോമസിൻ്റെ ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതും പാപമോചനം നൽകിയതും സ്വന്തശക്തിയായല്ല; ദൈവത്താലാണ്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38ലൂക്കൊ, 5:21; മത്താ, 9:8). യേശു എന്ന് പേരുള്ള മനുഷ്യൻ മരണത്തിൽനിന്ന് ഉയിർത്തത് തന്നെത്താനല്ല; ദൈവം ഉയിർപ്പിച്ചതാണ്: (യോഹ, 9:11പ്രവൃ, 10:40). യേശു തൻ്റെ ജനനം മതൽ മരണംവരെ ദൈവവമെന്ന നിലയിൽ ചെയ്ത ഒരു പ്രവർത്തിപോലും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. യേശു മരിച്ചുയിർത്തശേഷം ദൈവമായി എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഉയിർത്തെഴുന്നേവൻതന്നെ താൻ ദൈവമല്ലെന്ന് പറഞ്ഞിട്ടുണ്ട്: (യോഹ, 20:17). തന്മൂലം, തോമായുടെ ദൈവം ദൈവപുത്രനായ യേശുവല്ല; പിതാവായ ഏകദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഇത് കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെ ഉറപ്പുള്ള കാര്യമാണ്.

ഉപസംഹാരം:
➦ “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). ഇവിടെപ്പറയുന്ന, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച ‘പുരുഷൻ’ ഗ്രിക്കിൽ 𝗔𝗻𝗲𝗿 ആണ്. ഇത് മനുഷ്യരിലെ പുരുഷനെ Man) കുറിക്കുന്ന പദമാണ്. യേശു മനുഷ്യനും (യോഹ, 9:11) മനുഷ്യപുത്രനും (മത്താ, 8:20), വിശേഷാൽ പുരുഷനുമാണ്: (യോഹ, 1:30). എന്നാൽ ദൈവം മനുഷ്യനോ, മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ദൈവത്തിന് ലിംഗഭേദവും (Gender) ഇല്ല. “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പഠിപ്പിച്ചത്: (ഹോശേ, 11:9). എന്നാൽ, ഒരേയൊരു സത്യദൈവം (The only true God) പിതാവാണെന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നുമാണ് (Man) യേശു പഠിപ്പിച്ചത്: (യോഹ, 8:40). ദൈവവും യേശുവും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് യെഹൂദന്മാരാൽ ക്രശിക്കപ്പെട്ട പുരുഷനായ (Man) നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). യേശു മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട കാര്യം തോമാസ് ആദ്യം വിശ്വസിച്ചില്ല: (യോഹ, 20:25). ദൈവം ഉയിർപ്പിച്ചവനെ അവിശ്വസിച്ച കാരണത്താലാണ്, യേശു എന്ന പുരുഷനെ (Man) തൻ്റെ കണ്ണാൽ കണ്ടപ്പോൾ, അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പിതാവിനെ “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്.

☛ പിതാവാണ്, ഏകദൈവമെന്നും (Monos Theos – The only God), എകസത്യദൈവമെന്നും (Ho monos alethinos Theos – Th only true God), എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നും യേശു പഠിപ്പിച്ച (യോഹ 5:44; 17:3; 20:17), പിതാവായ ഏകദൈവത്തെയാണ് തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന് വിളിച്ചത്. ➟അതായത്, പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ കണ്ടപ്പോൾ (പ്രവൃ, 2:24; ഗലാ, 1:1), യേശുവിൻ്റെയും തൻ്റെയും പിതാവും ദൈവവുമായവനെ (യോഹ, 20:17) തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്നേറ്റുപറയുകയാണ് ചെയ്തത്: (യോഹ, 20:28). ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഉയിർപ്പിച്ചവനിൽ സംശയിച്ചതുകൊണ്ട്, യേശു എന്ന് പേരുള്ള മനുഷ്യനെ (Man) തോമാസ് തൻ്റെ കണ്ണാൽ കണ്ടപ്പോൾ (യോഹ, 9:11), അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവിനെ “എൻ്റെ കർത്താവും എൻ്റെ ദൈവവും” (My Lord and My God) എന്നവൻ ഏറ്റുപറയുകയുകയാണ് ചെയ്തത്,
         ✦─── ❖ ── ⚜  ── ❖ ───✦

One thought on “തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?”

Leave a Reply

Your email address will not be published. Required fields are marked *