വാഗ്ദത്തസന്തതി (1) അബ്രാഹാമിൻ്റെ സന്തതി

വാഗ്ദത്തസന്തതി (അബ്രാഹാമിൻ്റെ സന്തതി)

“ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 12:2,3)

“നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18)

“ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5)

“നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14)

“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). 

ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിൽ ഒരു വാഗ്ദത്ത സന്തതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 22:16-18; 26:2:5; 28:12-14; റോമ, 4:13-16,20; 9:8,9; 15:8; ഗലാ, 3:16-22; 4:23; എബ്രാ, 6:13-17; 7:6; 11:9,11,18). അത് കല്ദയ പട്ടണമായ ഊരിൽനിന്ന് ദൈവം വിളിച്ചു വേർതിരിച്ച അബ്രാഹാമിനോടു ചെയ്ത നിയമത്തിൽ പെട്ടതാണ്. ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23), ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായ അബ്രാഹാമിനോടു ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവുമാണ്. (ഉല്പ, 17:7,13,19). പില്ക്കാലത്ത് ദൈവം യിസ്രായേലിനോട് ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: ഒന്ന്; ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). രണ്ട്; നിന്നെ അനുഗ്രഹിക്കും. (12:2). മൂന്ന്; ഞാൻ നിൻ്റെ നിന്റെ പേർ വലുതാക്കും. (12:2). നാല്; നീ ഒരു അനുഗ്രഹമായിരിക്കും. (12:2). അഞ്ച്; നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). ആറ്; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). ഏഴ്; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. എബ്രായരുടെ പിതാവ് എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട അബ്രാഹാമാണ്. (ഉല്പ, 14:13). ഈ വാഗ്ദത്തങ്ങൾ പോലെ, ഭൂമിയിലെ പൊടിപോലെ ഭൗമിക സന്തതികളെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആത്മീയ സന്തതികളെയും അബ്രാഹാമിനു ലഭിച്ചു. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). ഒന്നും ഏഴും വാഗ്ദത്തപ്രകാരം ഭൗമികസന്തതി ന്യായപ്രമാണമുള്ള യിസ്രായേൽ ജനതയും, ആത്മീയസന്തതി ന്യായപ്രമാണമില്ലാത്ത വിശ്വാസികളുമാണ്. അഥവാ, പ്രവൃത്തിയുടെ മക്കളും (യാക്കോ, 2:21) വിശ്വാസത്തിൻ്റെ മക്കളും. (റോമ, 4:16).

യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). അതുകൊണ്ടാണ് യിസ്ഹാക്കാണ് വാഗ്ദത്ത സന്തതിയെന്ന് പലരും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. എന്നാൽ, നാം മുകളിൽ ചിന്തിച്ച ഹാരാനിൽവെച്ചുള്ള ഏഴ് വാഗ്ദത്തങ്ങളുടെ കൂട്ടത്തിൽ യിസ്ഹാക്കെന്ന ഏകനല്ല ഉള്ളത്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” നിൻ്റെ സന്തതിയാലല്ല; ‘നിന്നിൽ’ അഥവാ അബ്രാഹാമിൽ: ‘സകല വംശങ്ങളും.’ അവിടെ ഒരു സന്തതിയില്ല; അബ്രാഹാമിലൂടെ സകലവംശങ്ങളും അനുഗ്രഹം പ്രാപിക്കുമെന്നാണ് വാഗ്ദത്തം. അനുഗ്രഹിക്കപ്പെടേണ്ടവർ യിസ്രായേലും ജാതികളുമാണ്. അവരുടെ കൂട്ടത്തിൽ യിസ്ഹാക്ക് ഉൾപ്പെടുമെന്ന് മാത്രമേയുള്ളു. എന്നാൽ ഈ വാഗ്ദത്തം പൂർവ്വപിതാക്കന്മാരോട് (അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്) സ്ഥിരീകരിക്കുമ്പോൾ, അബ്രാഹാമിലൂടെ ഒരു ‘വാഗ്ദത്തസന്തതി’ വരുന്നതുകാണാം. എന്നാൽ ആ സന്തതിയും വാഗ്ദത്തം സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെടുകയും, ഒടുവിലത് യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതായും കാണാം. നമുക്കിനി ദൈവം, അബ്രാഹാം യിസ്ഹാക്ക് യാക്കോബുമാരിലൂടെ വാഗ്ദത്തം ഉറപ്പിക്കുന്നത് നോക്കാം:

വാഗ്ദത്തസ്ഥിരീകരണം. അബ്രാഹാമിനോടു: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്ന്; ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. (22:17). ‘ഞാൻ നിന്നെ’ ഇത് യിസ്ഹാക്കല്ല; അബ്രാഹാമാണ്. രണ്ട്; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും. (22:17). ഇതും യിസ്ഹാക്കല്ല; നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ‘ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും’ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെയാണ്. മൂന്ന്; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. (22:17). ഇതും യിസ്ഹാക്കല്ല; ഇവിടെയും നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം ‘ശത്രുക്കളുടെ പട്ടണങ്ങളെ (കനാൻ) കൈവശമാക്കുന്ന’ യിസ്രായേലിനെ കുറിച്ചാണ് പറയുന്നത്. നാല്; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും. (22:18). ഇവിടെ വ്യക്തമല്ലേ? അബ്രാഹാം മുഖാന്തരമല്ല, സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. ആ സന്തതി യിസ്ഹാക്കല്ല; ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി, ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന യിസ്രായേലാണ്. മിസ്രയീമിൽ അവർ വർദ്ധിച്ചുപെരുകി നാല്പത് ലക്ഷത്തിലധികം പേരാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. (ആവ, 20:16,17).

യിസ്ഹാക്കിനോടു: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: ഒന്ന്; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും. (26:3). രണ്ട്; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും. (26:3). ഇവിടെയും സന്തതിയെന്ന് പറയുന്നത് ഏകവചനത്തിലാണ്. മൂന്ന്; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). നാല്; ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും. (26:5). ഇവിടെ വ്യക്തമല്ലേ? സന്തതി ഏകനല്ല; ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ളതാണ്. അഞ്ച്; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (26:5). ഇവിടെയും സ്പഷ്ടമല്ലേ; സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. അബ്രാഹാമിനോടുള്ള സന്തതിയുടെ വാഗ്ദത്തം യിസ്ഹാക്കിനും കൊടുക്കുമ്പോൾ, സന്തതി യിസ്ഹാക്കല്ല; അനേകരായ യിസ്രായേലാണ്. 

യാക്കോബിനോടു: “അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14). ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: ഒന്ന്; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (28:13). ആദ്യഭാഗത്ത് സന്തതിയെന്ന് ഏകവചനത്തിലാണ് പറയുന്നത്. രണ്ട്; നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും. (28:14). സന്തതി ഏകനല്ല; ഭൂമിയിലെ പൊടിപോലെ അസംഖ്യമാണെന്ന് വ്യക്തമാകുന്നു. മൂന്ന്; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും. (28:4). ഇതും സന്തതി ഏകനല്ല; ഒരു ജനതയെ കുറിക്കുന്നതായി മനസ്സിലാക്കാം. നാല്; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. (28:14). ദൈവം അബ്രഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു. (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിക്കുമ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറയുന്നത്. (22:18; 26:5). എന്നാൽ അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ യാക്കോബ് മുഖാന്തരം’ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. അടുത്തഭാഗം: നിന്റെ സന്തതി മുഖാന്തരവും: ഇവിടെയും വ്യക്തമാകുന്നു; വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല, യാക്കോബുമല്ല, രൂബേനുമല്ല; സകലജാതികളിലും വെച്ചു പ്രത്യേക സമ്പത്തായി ദൈവം തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ്. 

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ് എന്നതിൻ്റെ അഞ്ച് തെളിവുകൾ: ഒന്ന്; അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും എന്നും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ്. (ഉല്പ, 12:2,3). ഈ വാഗ്ദത്തം യിസ്ഹാക്കെന്ന വ്യക്തിയോടല്ല, സകലജാതി അഥവാ സകല വംശങ്ങളോടുമാണ്. അത്, യിസ്രായേലും ജാതികളും ഉൾപ്പെടുന്ന അഥവാ ഭൗമിക സന്തതികളും ആത്മീയ സന്തതികളും ഉൾപ്പെടുന്ന അസംഖ്യം വ്യക്തികളെക്കുറിച്ചാണ്; അതിനുള്ളിൽ യിസ്ഹാക്കും ഉൾപ്പെടുമെന്ന് മാത്രം. രണ്ട്; അബ്രാഹാമിനോട് വാഗ്ദത്തം പുതുക്കുമ്പോൾ, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയുന്നു. (22:18). ‘നിൻ്റെ സന്തതി മുഖാന്തരം’ എന്നു ഏകവചനത്തിൽ പറയുമ്പോൾ, യിസ്ഹാക്കാണെന്ന് തോന്നുമെങ്കിലും, യിസ്ഹാക്കല്ല; അത് യിസ്രായേലാണെന്ന് മനസ്സിലാക്കാം. കാരണം: യിസ്ഹാക്കിനും (26:5), യാക്കോബിനും (28:14) ദൈവം അതേ വാഗ്ദത്തമാണ് നല്കുന്നത്. അതിനാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കും, യാക്കോബും, രൂബേനുമല്ല; യിസ്രായേലാണെന്ന് വ്യക്തം. മൂന്ന്; വാഗ്ദത്തസന്തതി യിസ്ഹാക്കല്ല എന്നതിന് ശക്തമായൊരു തെളിവ് പുതിയ നിയമത്തിലുണ്ട്. എന്തായാലും അബ്രാഹാമിൻ്റെ സന്തതിയാണല്ലോ വാഗ്ദത്ത സന്തതി. എന്നാൽ എബ്രായലേഖകൻ പറയുന്നു: യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവരാണ് അബ്രാഹാമിൻ്റെ സന്തതി: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു.” (11:18). യിസ്ഹാക്കിൽനിന്ന് ജനിച്ചവരാണല്ലോ യിസ്രായേല്യർ. ‘ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും’ ഇവിടെ നോക്കുക: ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം ‘സന്തതി’ എന്നു ആ ജനതയെ ഏകവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക. ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. നാല്: വാഗ്ദത്തസന്തതി യിസ്രായേല്യർ ആണെന്നതിന് മറ്റനവധി തെളിവുകൾ കൂടിയുണ്ട് പുതിയനിയമത്തിൽ: “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 2:39. ഒ.നോ: പ്രവൃ, 13:32; റോമ, 4:13; 9:4; 9:8; 15:8; എബ്രാ, 6:17). അഞ്ച്; ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു” യേശു പറഞ്ഞതും കുറിക്കൊള്ളുക. (യോഹ, 4:22). അതിനാൽ, സന്തതി യിസ്ഹാക്കല്ല; യിസ്രായേലാണെന്ന് പകൽപോലെ വ്യക്തമാകുന്നു.

അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ് വാഗ്ദത്തം. (ഉല്പ, 12). ഈ വാഗ്ദത്തപ്രകാരം, ‘നിന്നിൽ’ അഥവാ അബ്രാഹാമിലൂടെ, ‘ഭൂമിയിലെ സകല വംശങ്ങളും’ അനുഗ്രഹിക്കപ്പെടണം. എന്നാൽ ദൈവം വാഗ്ദത്തം പുതുക്കുമ്പോൾ, പൂർവ്വപിതാക്കന്മാർ മൂന്നുപേർക്കും അതിൻ്റെ ഉറപ്പുകൊടുക്കുന്നു. ഒപ്പം വാഗ്ദത്തത്തിന്മേൽ ഒരു വ്യത്യാസവും വരുത്തുന്നു. ‘നിന്നിൽ’ അബ്രാഹാമിൽ എന്നതുമാറി, “നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” അഥവാ, “അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). ആ സന്തതി യിസ്രായേലാണെന്ന് ദൈവത്തിൻ്റെ വചനം വ്യക്തമായി പറഞ്ഞിരിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഈ സന്തതി അഥവാ യിസ്രായേൽജനത മുഖാന്തരമാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (യെശ, 49:6; യോഹ, 4:22).

അബ്രാഹാമിൻ്റെ സന്തതി പുതിയനിയമത്തിൽ: പഴയനിയമത്തിൽ അബ്രാഹാമിൻ്റെ സന്തതി അഥവാ പൂർവ്വപിതാക്കന്മാരുടെ സന്തതി യിസ്രായേലാണെന്ന് നാം കണ്ടുകഴിഞ്ഞു. ഇനി നാം ചിന്തിക്കുന്നത്, പുതിയനിയമത്തിൽ ആ സ്ഥാനം യേശുക്രിസ്തുവിൽ വന്നതെങ്ങനെയാണ്? നമുക്കറിയാം: പുതിയനിയമത്തിൽ യേശുവിനെ യിസ്ഹാക്കിൻ്റെ സന്തതിയെന്നും, യാക്കോബിൻ്റെ സന്തതിയെന്നും അക്ഷരംപ്രതി വിളിച്ചിട്ടില്ല; എന്നാൽ രണ്ട് വംശാവലികളിലും അവരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്. (മത്താ, 1:2; ലൂക്കൊ, 3:34). എന്നാൽ യേശു അബ്രാഹാമിൻ്റെ സന്തതിയാണെന്ന്  കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16. ഒ.നോ: മത്താ, 1:1,2; ലൂക്കൊ, 3:34). ഈയൊരു വേദഭാഗം പഴയനിയമവുമായി താരതമ്യം ചെയ്യുമ്പോൾ ക്രിസ്തു അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതിയാണെന്ന് വ്യക്തമാണ്. (ഉല്പ, 12:7; 13:15; 22:18; 26:5; 28:14 = ഗലാ, 3:16). പഴയനിയമത്തിൽ യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെ സന്തതി മാത്രമല്ല; ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36,37=ദാനീ, 7:27), വിശേഷാൽ ദൈവത്തിൻ്റെയും സന്തതിയാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പഴയനിയമത്തിൽ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. 

യേശുക്രിസ്തുവിൻ്റ പദവികൾ: പഴയനിയമത്തിൽ യേശുക്രിസ്തു അഥവാ യേശുവെന്ന അഭിഷിക്ത മനുഷ്യനില്ല; തന്മൂലം യാതൊരു പദവികളും അവിടെയില്ല; ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. പുതിയനിയമത്തിലെ ക്രിസ്തുവിൻ്റെ പ്രധാനപദവികൾ ഇതാണ്: അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16), അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38), ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15), ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5), ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22), ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26), ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33), പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35), പുരുഷൻ/മനുഷ്യൻ (മത്താ, 26:72,74; യോഹ, 8:40), പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3), പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22), മനുഷ്യപുത്രൻ (മത്താ, 8:20; 9:6), മുന്തിരിവള്ളി (യോഹ, 15:1, 15:5), യാക്കോബിൻ്റെ സന്തതി (മത്താ, 1:2; ലൂക്കൊ, 3:34; ഗലാ, 3:16), യിസ്ഹാക്കിൻ്റെ സന്തതി (മത്താ, 1:2; ലൂക്കൊ, 3:34; ഗലാ, 3:16), രക്ഷാനായകൻ (എബ്രാ, 2:10), രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49), വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 22:43,44).

യിസ്രായേലിൻ്റെ പദവികൾ: പുതിയനിയമത്തിൽ യേശുവിൽ നിവൃത്തിയായ മേല്പറഞ്ഞ പദവികളെല്ലാം പഴയനിയമത്തിൽ ദൈവം യിസ്രായേലിനു കൊടുത്തിരുന്നതാണെന്ന് കാണാൻ കഴിയും. നോക്കുക: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രക്ഷാവാഹകൻ (യെശ, 49:6), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18, 21, 27), വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (സങ്കീ, 110:1; 80:17).

ഭൗമിക സന്തതിയും ആത്മീയ സന്തതിയും: ദൈവം അബ്രാഹാമിനു കൊടുത്ത നിത്യവും നിസ്തലവുമായ വാഗ്ദത്തപ്രകാരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടണം. (ഉല്പ, 12:2,3). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ഒരു സന്തതിയിലൂടെയാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടതെന്നും, ആ സന്തതി യിസ്രായേലെന്നും മുകളിൽ നാം കണ്ടുകഴിഞ്ഞു. അപ്പോൾത്തന്നെ യേശുക്രിസ്തുവിനെ പൂർവ്വപിതാക്കന്മാരുടെ സന്തതിയായി പുതിയനിയമത്തിലും പറഞ്ഞിരിക്കുന്നു. (ഗലാ, 3:16). ക്രിസ്തു സ്വർഗ്ഗീയനായതിനാൽ അതൊരു ആത്മീയ സന്തതിയാണെന്ന് വ്യക്തമാണ്. (യോഹ, 3:31). യിസ്രായേൽ ഇപ്പോഴും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ ദൈവത്തിൻ്റെ ഭൗമിക സന്തതിയായി തിനിച്ചുപാർക്കുന്ന ഒരു ജനതയാണെങ്കിലും (സംഖ്യാ, 23:9), വാഗ്ദത്ത സന്തതിയെന്ന പദവി അവർക്കിപ്പോഴില്ല. പകരം ആത്മീയ സന്തതിയായ യേശുക്രിസ്തു മാത്രമേയുള്ളു. (ഗലാ, 3:16). ക്രിസ്തുവെന്ന വാഗ്ദത്തസന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളിലും നിന്ന് (യിസ്രായേൽ, ശമര്യ, ജാതികൾ: ലൂക്കൊ, 24:47; പ്രവൃ, 1:8) ഒരു ആത്മീയ സന്തതികളും ഇപ്പോൾ ദൈവത്തിനുണ്ട്. (യോഹ, 1:12,13; 3:15-18; എഫെ, 1:18; കൊലൊ, 1:20; 1:20). ക്രിസ്തുവെന്ന ആത്മീയ സന്തതിയുടെ രക്തംകൊണ്ട് ദൈവത്തിനായി വിലയ്ക്ക് വാങ്ങപ്പെട്ടവരിൽ യിസ്രായേൽ ഉൾപ്പെടെ, സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരുണ്ട്. (വെളി, 5:9). എങ്ങനെയാണ് സാക്ഷാൽ വാഗ്ദത്തസന്തതിയായ യിസ്രായേലിൽ നിന്ന് ആ പദവി യേശുക്രിസ്തുവിൽ വന്നുപെട്ടത്. 

സകല ജാതികളുടെയും വെളിച്ചം: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാ 49:6). പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏക സന്തതിയും; പൂർവ്വപിതാക്കന്മാരുടെ സന്തതിയും യിസ്രായേലാണെന്ന് നാം കണ്ടതാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരുന്നത് യിസ്രായേലിനെയാണ്. ഒന്നുകൂടി പറഞ്ഞാൽ; സകല ജാതികളിലേക്കും ദൈവത്തിൻ്റെ രക്ഷയെത്താൻ തിരഞ്ഞെടുത്തിരുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ യിസ്രായേലായിരുന്നു. (2ശമൂ, 2:10, 35; സങ്കീ, 132:10, 17). എന്നാൽ റോമാലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ; ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്താലുള്ള നീതി കരസ്ഥമാക്കാൻ യിസ്രായേലിന് കഴിഞ്ഞില്ല; അവർ അതിൽ പരാജയപ്പെട്ടുപോയി. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ നിന്ന് ഉളവായതല്ല; ദൈവം നല്കിയതാണ്. അവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; യിസ്രായേൽ ജനതയുടേതാണ്. നമുക്കറിയാം: ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേലവജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; യെഹൂദന്മാരായ മനുഷ്യരുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം പൂർണ്ണമായി ആചരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറയുന്നതും ഓർക്കുക. (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; മനുഷ്യൻ്റെ പാപമാണ്. എന്നാൽ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയം അഥവാ രണ്ടാമത്തെ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഒന്നാമത്തെ നിയമം അഥവാ ന്യായപ്രമാണം ബലഹീനമാകുകയും നീങ്ങിപ്പോകുകയും ചെയ്തു. (എബ്രാ, 7:18,19). 

പർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ അഭിഷിക്തൻ, ആദ്യജാതൻ, ജാതികളുടെ പ്രകാശം, ദാസൻ, പുത്രൻ, പരിശുദ്ധൻ, പുരുഷൻ, പുരോഹിതൻ, പ്രവാചകൻ, മനുഷ്യപുത്രൻ, മുന്തിരിവള്ളി, രക്ഷാവാഹകൻ, രാജാവ്, വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തുടങ്ങിയ പദവികൾ ദൈവം യിസ്രായേലിന്നു നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം അവർക്ക് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചിട്ട് അവരുടെ പദവികളെല്ലാം തൻ്റെ മരണത്താൽ സാക്ഷാത്കരിച്ചു കൊടുത്തിട്ട്, അവരിലൂടെ അഥവാ അവരിൽ തുടങ്ങി സകല ജാതികളെയും രക്ഷിക്കാനാണ് (ലൂക്കൊ, 24:47; പ്രവൃ, 1:8), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: ലൂക്കൊ, 1:32,35). യഹോവയുടെ ജനമായ യിസ്രായേലിനു വേണ്ടി (സംഖ്യാ, 11:29), അവൻ തന്നെയാണ് വചനം ജഡമായ (യോഹ, 1:1; 1:14) മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഇമ്മാനുവേലിൻ്റെ അർത്ഥം ദൈവപുത്രൻ നമ്മോടുകൂടെ എന്നല്ല; ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:22). ദൈവപുത്രനല്ല മനുഷ്യനായി നമ്മോടുകൂടെ വസിച്ചത്; ദൈവമാണ്.

ഉപസംഹാരം: അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ നിരുപാധികമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ്. (ഉല്പ, 12:3). ഈ വാഗ്ദത്തപ്രകാരം: സ്വന്തജനമായ യിസ്രായേലും ഭൂമിയിലെ സകല ജാതികളുമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. എന്നാൽ പൂർവ്വപിതാക്കന്മാരോട് വാഗ്ദത്തം സ്ഥിരിരീകരിച്ചപ്പോൾ അതിലൊരു വ്യത്യാസം വരുത്തി: അബ്രാഹാമിൽ അനുഗ്രഹിക്കപ്പെടും എന്നതുമാറി “അവരുടെ മൂന്നുപേരുടെയും സന്തതിയായ യിസ്രായേൽ മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). അങ്ങനെ വാഗ്ദത്തസന്തതിയെന്ന പദവി ദൈവം യിസ്രായേലിന്നു കൊടുത്തു. ഒപ്പം, ദൈവത്തിൻ്റെ പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ തുടങ്ങി അനേകം പദവികളും നല്കി. എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിന് തങ്ങളുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ പുത്രത്വമോ, വാഗ്ദത്തസന്തതിയെന്ന പദവിയോ നിവൃത്തിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ആ പദവി ദൈവംതന്നെ ഏറ്റെടുത്തു; അഥവാ ദൈവത്തിൻ്റെ ക്രിസ്തുവിൽ അത് നിവൃത്തിയായി. അങ്ങനെയാണ് വാഗ്ദത്തന്തതി യേശുക്രിസ്തുവെന്ന ഏകനായത്. (ഗലാ, 3:16. ഒ.നോ: ഉല്പ, 12:7; 13:15; 22:18; 26:5; 28:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം തൻ്റെ കൃപയാൽ അബ്രാഹാമിനു നല്കിയ ഉപാധികളൊന്നുമില്ലാത്ത വാഗ്ദത്തം, പാപംനിമിത്തം വാഗ്ദത്തസന്തതിയായ യിസ്രായേലിനു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ ദൈവംതന്നെ ആ കുറ്റം ഏറ്റെടുത്തുകൊണ്ട്, പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും മനുഷ്യനായി ഭുമിയിൽവന്നു മരിച്ച് യിസ്രായേലിലൂടെ വാഗ്ദത്തം ചെയ്തിരുന്ന രക്ഷ സർവ്വജാതികൾക്കും പ്രദാനം ചെയ്യുകയായിരുന്നു. എന്നിലൂടെ രക്ഷ വരുന്നുവെന്നല്ല; ‘രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു’ യേശു പറഞ്ഞതും കുറിക്കൊള്ളുക. സത്യം അറിയുകയും സത്യം എല്ലാവരെയും സ്വതന്ത്രമാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം

ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം

“ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). 

ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി നിത്യതമുതൽക്കേ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ ത്രിത്വോപദേശിമാർ എടുക്കുന്ന ഒരു വേഭാഗമാണ് മേല്പറഞ്ഞത്. യേശുക്രിസ്തു തൻ്റെ ജനനത്തിനുമുമ്പേ ഉണ്ടായിരുന്നോ? എന്ന് ചോദിച്ചാൽ, അതിന് രണ്ടുത്തരമാണുള്ളത്. യേശുക്രിസ്തുവെന്ന മഹാദൈവം എന്നേക്കും ഉള്ളവനാണ്. അവൻ ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരു കാലവും ഉണ്ടാകുകയുമില്ല. അവനാണ് സർവ്വത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും സർവ്വശക്തനുമായ ഏകസത്യനിത്യദൈവം. എന്നാൽ യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. കന്യകയായ മറിയയിൽ ജനിക്കുമ്പോഴാണ് യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ ചരിത്രം ആരംഭിക്കുന്നത്. യേശുവിന് ജഡത്തിൽ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരുപദേശം മാത്രമാണത്. അതാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കാൻ തടസ്സമായിരിക്കുന്ന ഒരുകാര്യം. യേശു ജഡത്തിൽ പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതിരുന്ന പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?). ദൈവം ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനാണ്. അഥവാ, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്തവനാണ്.   (യാക്കോ, 1:17; എബ്രാ, 13:8). അവന് പ്രത്യക്ഷനാകാനല്ലാതെ; അവതാരമെടുക്കാൻ കഴിയില്ല. അതായത്, ദൈവം ചിലപ്പോൾ മനുഷ്യനായിട്ടും മറ്റുചിലപ്പോൾ ദൈവമായിട്ടും അവസ്ഥാഭേദം വരുന്നവനല്ല.

ഒന്നുകൂടി വ്യക്തമാക്കിയാൽ: “ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യഹോവ അഥവാ യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചവനും (യോഹ, 1:3, 10; കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചവനും (ഉല്പ, 1:26,27; 2:7); യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായി (1തിമൊ, 3:16) മരിച്ചുയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; യോഹ, 12:41; വെളി, 4:1-8; മത്താ, 18:11) മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ലൂക്കൊ, 1:68; യോഹ, 1:1; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ നിത്യപിതാവെന്നു വിളിക്കപ്പെടുന്ന (യെശ, 9:6) യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6).

ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു. ആ ദൈവം യഹോവ മാത്രമാണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24), അവനെ മാത്രമേ സേവിക്കാൻ പാടുള്ളു: (1ശമൂ, 7:3; 7:4; 12:24; നെഹെ, 9:6; സങ്കീ, 72:18; 83:18; 148:13; യെശ, 2:11, 2:17; 26:13; 45:24). യഹോവയ്ക്ക് സമനും സദൃശനുമില്ല: (പുറ, 15:11; സങ്കീ, 35:10; 40:5; 71:19; 86:8; 89:6; 113:5; യെശ, 40:25; 46:5; യിരേ, 10:6, 10:7; 49:19; 50:44; മീഖാ, 7:18). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 44:8; 45:6; 45:18; ഹോശേ, 13:4). പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:6. ഒ.നോ: മർക്കൊ, 12:29-33; യോഹ, 17:3; എഫെ, 4:6). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം. ഈ ദൈവത്തിൻ്റെ മനഷ്യപ്രത്യക്ഷതയാണ് യേശുക്രിസ്തു. ആദാമ്യപാപത്തിൻ്റെ ഫലമായി മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിൽ നിപതിച്ചതിനാൽ (റോമ, 3:12, 23; 5:12), മനുഷ്യനു തന്നെത്തന്നെയോ മറ്റുള്ളവരെയോ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). അതിനാൽ, പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കുവാൻ യഹോവയായ ദൈവം (ലൂക്കൊ, 1:68), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:21,22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യെഹസ്ക്കേൽ പ്രവചിക്കുന്നു: “ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.” (39:7). യേശുക്രിസ്തുവെന്ന വിശുദ്ധനാമം പിതാവിൻ്റെ നാമംതന്നെയാണ്. ‘നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം’ എന്നാണ് ക്രിസ്തു പറയുന്നത്. (യോഹ, 17:11; 17:12. ഒ.നോ: യോഹ, 5:43; 12:28; 17:6; 17:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് സുവിശേഷകന്മാരും വ്യക്തമാക്കുന്നു. (മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 12:13). യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് കാര്യസ്ഥനായ പരിശുദ്ധാത്മാവും വന്നത്. (യോഹ, 14:26). പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഏകനാമമാണ് ഉള്ളതെന്നും ബൈബിൾ വ്യക്തമാക്കുന്നു. (മത്താ, 28:19. ഒ.നോ:  പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാളായതുകൊണ്ടാണ് പുത്രനെയും (യെശ, 9;6; യോഹ, 20:28; റോമ, 9:5; തീത്തൊ, 2:12; എബ്രാ, 1:8; 1യോഹ, 5:20), പരിശുദ്ധാത്മാവിനെയും (പ്രവൃ, 5:3,4; 28:27) ദൈവമെന്ന് വിളിച്ചിരിക്കുന്നത്. (മത്താ, 28:19; യോഹ, 8:24, 28; 10:30; 14:7, 9; 14:26). 

ജഡത്തിൽ യേശു ദൈവം അല്ലായിരുന്നു (യോഹ, 1:1); പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. (1തിമൊ, 2:6). യേശുവിൻ്റെ ജനനത്തിൽ തനിക്ക് ദൈവപുത്രനെന്ന പദവിപോലും ഉണ്ടായിരുന്നില്ല. താൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൂതൻ്റെ പ്രവചനംപോലെ (ലൂക്കൊ, 1:32,35) യോർദ്ദാനിലെ സ്നാനസമയത്ത് പരിശുദ്ധാത്മ അഭിഷേകത്തോടെ ദൈവപുത്രനെന്ന് വിളിക്കപ്പെടുകയായിരുന്നു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22; യോഹ, 1:34; പ്രവൃ, 10:38). ജനനത്തിനു മുമ്പേ പേർ വിളിക്കപ്പെട്ട ഏഴുപേരിൽ അവസാനത്തെ വ്യക്തിയാണ് യേശു. ഏഴുപേരിൽ ജനനത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പേ പേർപറയപ്പെട്ടവർ പോലുമുണ്ട്. എന്നാൽ യേശുവിൻ്റെ പേരാകട്ടെ, താൻ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനും തൊട്ടുമുമ്പുമാത്രം നല്കപ്പെട്ടതാണ്. അതായത്, ജനനത്തിനുമുമ്പേ യേശുവെന്ന പരിശുദ്ധമനുഷ്യനോ, ആ പേരോപോലും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. അപ്പോൾ, “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ” (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 1:8; 21:6; 22:13), ആദിയും അന്തവും (21:6; 22:13), ആദ്യനും അന്ത്യനും (1:17; 2:8), ഒന്നാമനും ഒടുക്കത്തവനും (22:13) എന്നൊക്കെ പറയുന്നത് ആരെയാണ്? അത് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ യഹോവയായ ദൈവത്തെ അഥവാ ഏകസത്യദൈവത്തെ കുറിച്ചാണ്. അല്ലാതെ, ജഡത്തിൽ വെളിപ്പെട്ടു നിൽക്കുന്ന പരിശുദ്ധ മനുഷ്യനെക്കുറിച്ചല്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയുടെ ഉദരത്തിലൂടെ ജനിച്ചവനും, പരിശുദ്ധാത്മാവിനാൽ അഭിഷിക്തനുമായ അഥവാ ക്രിസ്തുവും ആയവനാണ് പറയുന്നത്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). എന്താണ് ഇതിൻ്റെ വസ്തുത? ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മറ്റൊരു വ്യക്തിയായി പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്നെന്നോ?

നമുക്കതൊന്ന് പരിശോധിക്കാം:

1. ഉണ്ടായിരുന്ന മഹത്വം: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ അടുക്കൽ ക്രിസ്തുവിനുണ്ടായിരുന്ന മഹത്വം എന്താണ്? യോഹന്നാൻ 1:1-ലും ഇതുപോലൊരു പ്രയോഗമാണുള്ളത്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്ന് പൗലോസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മത്തെ (1തിമൊ, 3:16; യിരെ, 10:10), യോഹന്നാൻ, അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗോസായി അവതരിപ്പിക്കുകയാണ്. കാരണം, ഒരാളുടെ ഹൃദയം ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് ലോഗോസ് അഥവാ വായിലെ വാക്കുകൾ.

ദൈവത്തിൻ്റെ ലോഗോസ് ദൈവത്തിൻ്റെ കൂടെത്തന്നെയല്ലേ ഉണ്ടാകുന്നത്? ദൈവത്തെയും വചനത്തെയും വേർപെടുത്താൻ കഴിയുമോ? ഈ വചനം ദൈവത്തിൻ്റെ എവിടെയാണ് ഇരിക്കുന്നതെന്നും 1:18-ൽ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ്. bosom എന്നാൽ, നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണ്. യോഹന്നാൻ 13:23-ൽ അതേ പദത്തെ ‘മാറിടം’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഹൃദയം നിറഞ്ഞുകവിയുന്നതാണ് വായ സംസാരിക്കുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 12:34). അതായത്, സ്നേഹത്തിൻ്റെ അപ്പൊസ്തലാനായ യോഹന്നാൻ അവിടെ പറയുന്നത്; “ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലുള്ള വചനം ജഡമായിത്തീർന്ന പുത്രനിലൂടെ വെളിപ്പെടുത്തുന്നത്.” 

മൂന്നാം വാക്യത്തിൽ ‘സകലവും അവൻ മുഖാന്തരം ഉളവായി’ അഥവാ വചനം മുഖാന്തരം സകലവും ഉളവായിയെന്നും കാണുന്നു. ദൈവത്തിൻ്റെ ഈ വചനത്തെക്കുറിച്ച് പഴയനിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ആദിയിൽ ദൈവം സകലവും സൃഷ്ടിച്ചത് തൻ്റെ വചനം മുഖാന്തരം ‘ഉളവാകട്ടെ’ എന്ന് കല്പിച്ചുകൊണ്ടാണ്. (ഉല്പ, 1:24). 

ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതും (സങ്കീ, 33:6. ഒ.നോ: യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7), സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതും (സങ്കീ, 107:20), ജീവൻ നല്കുന്നതും (സങ്കീ, 119:50) വചനത്താലാണ്. ദൈവത്തിൻ്റെ വചനം അതിവേഗം ഓടുന്നതാണ്. (സങ്കീ, 147:15). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). ദൈവത്തോടു കൂടെയുണ്ടായിരുന്ന അതേ വചനം കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശ, 55:11) എന്ന് യഹോവ പറയുന്നതും കുറിക്കൊള്ളുക.

ഇനി, യേശു യോഹന്നാൻ 17:5-ൽ പറയുന്നതെന്താണെന്ന് യോഹന്നാൻ 1:1-മായി ചേർത്ത് ചിന്തിക്കുക:  ദൈവത്തിൻ്റെ വചനമാണ് ജഡമായി തീർന്ന പുത്രൻ. (1:14). ഒന്നാം വാക്യത്തിൽ ‘വചനം ദൈവം ആയിരുന്നു’ എന്നാണ് പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം ദൈവം തന്നെയാണ്. എന്നാൽ വചനം ജഡമായി തീർന്നപ്പോൾ, യേശു ദൈവം അല്ലായിരുന്നു. ‘ആയിരുന്നു’ എന്നുപറഞ്ഞാൽ ഇപ്പോൾ അല്ലെന്നാണല്ലോ? ഈ ജഡമായ വചനം അഥവാ മനുഷ്യൻ മാത്രമായ യേശുവാണ് 17:5-ൽ പറയുന്നത്; “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ഒന്നുകൂടി പറഞ്ഞാൽ: മുമ്പേ ദൈവമായിരുന്നവൻ ഇപ്പോൾ മനുഷ്യനായി നിന്നുകൊണ്ടാണ് പറയുന്നത്; എന്നെ പൂർവ്വമഹത്വത്തിൽ മഹത്വപ്പെടുത്തേണമേ. എത്ര കൃത്യമായിട്ടാണ് ദൈവത്തിൻ്റെ വചനം നമ്മോട് സംസാരിക്കുന്നത്.

2. ലോകം ഉണ്ടാകുംമുമ്പെ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ലോകം ഉണ്ടാകും മുമ്പെ എന്നു പറയുന്നതെന്താണ്? ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ രക്ഷ, ആദാം പാപം ചെയ്തതിനു ശേഷമോ, ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാതെ വന്നപ്പോഴോ നിർണ്ണയിച്ചതല്ല; തൻ്റെ അനാദി നിർണ്ണയപ്രകാരം ഉള്ളതാണ്. (എഫെ, 3:11,12). ദൈവം സമസ്തവും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മനുഷ്യൻ പാപം ചെയ്യുമെന്നും, പാപപരിഹാരം അവർക്കസാദ്ധ്യമാകയാൽ, താൻതന്നെ മനുഷ്യരുടെ പാപപരിഹാരാർത്ഥം അഭിഷിക്തമനുഷ്യനായി (ക്രിസ്തു) ഭൂമിയിൽ വെളിപ്പെട്ട് മരിക്കണമെന്ന് തൻ്റെ സർവ്വജ്ഞാനത്താൽ അറിയുകയും നിർണ്ണയിക്കുകയും ചെയ്തിരുന്നു. ദൈവം ഈ രക്ഷ ലോകസ്ഥാപനത്തിന് മുമ്പേ ഒരുക്കിയതിനാലാണ്, ക്രിസ്തുവാകുന്ന കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടവനാണെന്ന് വെളിപ്പാടിൽ പറയുന്നത്. (13:8). മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ലോകസ്ഥാപനം മുമ്പുതുടങ്ങി ദൈവം ക്രിസ്തുവിനെ വേർതിരിച്ചിരിക്കുകയാണ്. ഈ പ്രയോഗങ്ങളും ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനു മുമ്പെ മുന്നിയമിക്കപ്പെട്ടു. (1പത്രൊ, 1:20). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിനെ സ്നേഹിച്ചു. (യോഹ, 17;24). ലോകസ്ഥാപനത്തിനു മുമ്പെ അറുക്കപ്പെട്ടു (വെളി, 13:8). ലോകസ്ഥാപനത്തിനു മുമ്പെ ഒരുക്കിയിരിക്കുന്ന രാജ്യം (മത്താ, 25:34). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു (എഫെ, 1:4). ലോകസ്ഥാപനത്തിനു മുമ്പെ ജീവപുസ്തകത്തിൽ പേരെഴുതി (വെളി, 17:8).

3. നിൻ്റെ അടുക്കൽ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ അടുക്കൽ ക്രിസ്തു ഉണ്ടായിരുന്നോ? സങ്കീർത്തനം 110:1-ൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന പുത്രനായും ക്രിസ്തുവിനെ പറഞ്ഞിട്ടുണ്ട്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” ഇതിനെ അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തോ, മറ്റേതെങ്കിലും ഭാഗത്തോ ഇരിക്കുന്ന ഒരു വ്യക്തിയായി ക്രിസ്തുവിനെ കാണാമോ? ഒരിക്കലുമില്ല. തെളിവുകൾ കാണുക: യഹോവയുടെ: പുറകിൽ (സങ്കീ, 16:8), ഇടത്തുഭാഗത്ത് (സങ്കീ, 16:5), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (യോഹ, 17:5; 1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിനു മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ ഏതെങ്കിലും പ്രത്യേകസ്ഥലത്ത് ക്രിസ്തു ഇരിക്കുന്നുവെന്ന് പറയും? അക്ഷരാർത്ഥത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുക എന്ന പദവി ക്രിസ്തുവിനുള്ളതാണ്; പക്ഷെ യേശുക്രിസ്തുവിനുള്ളതല്ല. അത് ദൈവത്തിൻ്റെ ക്രിസ്തു അഥവാ അഭിഷിക്തനായ യിസ്രായേലിനുള്ളതാണ്. പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനുള്ളതായിരുന്നു. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ സ്വന്തജനത്തിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം പാപജഡത്തിൻ്റെ സാദൃശ്യത്തിൽ മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; റോമ, 8:3; 1തിമൊ, 3:14-16). ഒന്നുകൂടി പറഞ്ഞാൽ; ദൈവം സ്വന്തജനത്തിനു നല്കിയ പദവവികളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അവർക്കുവേണ്ടി അതൊക്കെ സാക്ഷാത്കരിക്കാനാണ് യഹോവ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21). (കാണുക: യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്

4. എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു: പിന്നെ യേശു അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44). പഴയനിയമ പുസ്തകങ്ങളിലെല്ലാം വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ച് അനേകം പ്രവചനങ്ങളുണ്ട്. അതിനാൽ, പഴയനിയമത്തിൽ ക്രിസ്തു അഥവാ അഭിഷിക്തനായ യേശു ഉണ്ടന്നുവരുമോ? ഇല്ല. ക്രിസ്തുവല്ല ഉള്ളത്; തന്നെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ഒരുദാഹരണം പറഞ്ഞാൽ മനസ്സിലാകും: ബൈബിളിൽ പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിലെ സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, സ്ത്രീയാരാണെന്ന് എല്ലാവർക്കും അറിയില്ലായിരിക്കും. സ്ത്രീ ഹവ്വായുമല്ല മറിയയുമല്ല; യിസ്രായേലാണ്. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. യാക്കോബെന്ന വ്യക്തിയിൽനിന്ന് അവൻ്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങളും, ആ ജനതയും അവരുടെ രാജ്യവും യിസ്രായേലെന്ന് വിളിക്കപ്പെട്ടു. പറഞ്ഞുവന്നത്; ബൈബിളിലെ പ്രഥമസുവിശേഷമാണ് സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റ തല തകർക്കുമെന്നത്. കാലസമ്പൂർണ്ണത വന്നപ്പോൾ ക്രിസ്തു സ്ത്രീയുടെ സന്തതിയായി ജനിക്കുകയും, അവനാൽ, ക്രൂശിൽ സാത്താൻ്റെ തല തകരുകയും ചെയ്തു. (എബ്രാ, 2:14,15). ക്രിസ്തുവിൻ്റെ ഉത്ഭവത്തിനു കാരണമായ സ്ത്രീ അഥവാ അമ്മയായ യിസ്രായേൽപോലും (യിസ്രായേലെന്ന വ്യക്തിയോ, ആ ഗോത്രങ്ങളോ, ആ ജനതയോ, അവരുടെ രാജ്യമോപോലും) അന്നില്ലാതിരിക്കേ, ക്രിസ്തുവെങ്ങനെ ലോകസ്ഥാപധത്തിനു മുമ്പെ ഉണ്ടാകും? (കാണുക: മൂന്നു സ്ത്രീകൾ

5. നമ്മുടെ തിരഞ്ഞെടുപ്പ്: “നാം ദൈവത്തിൻ്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). മേല്പറഞ്ഞതൊന്നും വിശ്വാസമാകാത്തവർക്ക് വിശ്വസിക്കാൻ ഈ വേദഭാഗം മതിയാകും. വാക്യം ശ്രദ്ധിക്കുക: ‘ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അക്ഷരാർത്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നെങ്കിൽ, അന്ന് തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളും ഉണ്ടാകണ്ടേ? അത് സാദ്ധ്യമോ? അപ്പോൾ ദൈവത്തിൻ്റെ വചനം ഭോഷ്ക്കാണോ പറയുന്നത്? ഒരിക്കലുമല്ല. മുകളിൽ പറഞ്ഞതുപോലെ ദൈവത്തിൻ്റെ രക്ഷാകരപ്രവൃത്തിയെല്ലാം തൻ്റെ സർവ്വജ്ഞാനത്താൽ മുൻകണ്ട് നിയമിച്ചതാണ്. ലോകസ്ഥാപനത്തിനു മുമ്പെ യേശുവെന്ന അഭിഷിക്ത മനുഷ്യൻ മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ അടുക്കൽ ഇല്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ ഹൃദയത്തിൽ ഭാവി മശീഹയായി അഥവാ വചനമായി ഉണ്ടായിരുന്നു. (യോഹ, 1:18). ദൈവം നമ്മെ ഓരോരുത്തരെയും ക്രിസ്തുവിൽ തിരഞ്ഞെടുത്തതും തൻ്റെ ഹൃദയത്തിലുള്ള മശീഹയെ ഭാവിയിൽ ആരൊക്കെ സ്വീകരിക്കുമെന്നുള്ള മുന്നറിവിലാണ്. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവത്തിന് ഇതൊന്നും അസാദ്ധ്യമല്ലല്ലോ. (യെശ, 46:10). “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടു” (വെളി, 13:8) എന്ന പ്രയോഗവും ശ്രദ്ധിക്കുക. നമുക്കറിയാം, ലോകസ്ഥാപനത്തിലല്ല; കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു അറുക്കപ്പെട്ടത്. അടുത്തപ്രയോഗം നോക്കുക: “ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാത്തവർ” (വെളി, 13:8; 17:8). “ജീവപുസ്തകത്തിൽ പേർ എഴുതിയവർ” (ഫിലി, 4:3; വെളി, 21:27). കാലസമ്പൂർണ്ണതയിൽ ക്രിസ്തു ജനിച്ചുമരിച്ച് ഉയിർത്തഴുന്നേറ്റ ശേഷമല്ലേ അഥവാ നാം കൃപയാൽ ക്രിസ്തുവിനെ രക്ഷകനും കർത്താവും ദൈവവുമായി വിശ്വസിച്ചപ്പോഴല്ലേ നമ്മുടെ പേർ എഴുതപ്പെട്ടത്. ഇനിയും എത്രയോ പേരുടെ പേർ എഴുതാനിരിക്കുന്നു. ഇത് നമ്മുടെ പുസ്തകത്തിലെ കണക്കാണ്. എന്നാൽ, ദൈവത്തിൻ്റെ പുസ്തകത്തിൽ ക്രിസ്തുവിൻ്റെ വീണ്ടുംവരവുവരെ രക്ഷിക്കപ്പെടുവാനുള്ള എല്ലാവരുടെയും പേർ ലോകസ്ഥാപത്തിനു മുമ്പെ എഴുതിവെച്ചിരിക്കുകയാണ്. അതിൻ്റെയർത്ഥം ലോകസ്ഥാപനത്തിനു മുമ്പെ നാം ഉണ്ടായിരുന്നു എന്നല്ലല്ലോ; അതുതന്നെയാണ് ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. അല്ലാതെ, ക്രിസ്തുവെന്ന പരിശുദ്ധ മനുഷ്യൻ ഒരു വ്യക്തിയായി ലോകസ്ഥാപനത്തിനു മുമ്പെന്നല്ല; ജനനത്തിനു മുമ്പുപോലും ഇല്ലായിരുന്നു.

ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവൻ: പത്രൊസ് അപ്പൊസ്തലൻ കൃത്യമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവനാണ്. എന്നാൽ അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്. മുന്നറിയപ്പെടുക, മുന്നറിയിപ്പ് എന്നൊക്കെ പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. ഈ മുന്നറിയിപ്പുള്ളതുകൊണ്ടാണ് ക്രിസ്തുവിൻ്റെ ആത്മാവുള്ള പ്രവാചകന്മാർ അതൊക്കെ കണ്ടെത്താൻ ഒരു ശ്രമം നടത്തിയത്: “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:11). മറ്റുപല മലയാളം പരിഭാഷകളിലും, ‘ലോകസ്ഥാപനത്തിനു മുമ്പെ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു’ എന്നാണ്. (ഇ.ആർ.വി; മലയാളം ഓശാന; ഓശാന നൂതന പരിഭാഷ). അതായത്, എപ്രകാരം ‘നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നു പറയുന്നുവോ; അപ്രകാരം തന്നെയാണ് ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നു പറയുന്നതും. നമ്മളും ലോകസ്ഥാപനത്തിനു മുമ്പെ ഇല്ലായിരുന്നു; യേശുവെന്ന അഭിഷിക്ത മനുഷ്യനും ഇല്ലായിരുന്നു. എന്നാൽ, യേശുക്രിസ്തുവെന്ന മഹാദൈവം ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളവനാണ്. (എബ്രാ, 13:8). ഒന്നുകൂടി ഓർക്കുക: യോഹന്നാൻ പത്മൊസിൽ കണ്ടത് താൻ മാറിൽ ചാരിക്കിടന്ന മനഷ്യപുത്രനെയല്ല; മനുഷ്യപുത്രനോടു സദൃശനായ മഹാദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. (വെളി, 1:11-18). യേശുക്രിസ്തുവിൻ്റെ തേജസ്സിൻ്റെ പ്രഭാവം നിമിത്തമാണ് യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണുപോയത്. യഹോവയുടെ പ്രത്യക്ഷത കണ്ടിട്ട്, യെശയ്യാവിനും (6:5) യെഹെസ്ക്കേലിനും (1:26) സംഭവിച്ചതും കുറിക്കൊള്ളുക.

ബാഹ്യമായൊരു തെളിവ്: യേശുക്രിസ്തു എന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനു മുമ്പെ ഇല്ലായിരുന്നു എന്നതിന് ബാഹ്യമായ ഒരു തെളിവുകൂടി നല്കാം: അസ്തിത്വദ്യോതകമാണ് പേര്. അസ്തിത്വമുള്ള എന്തിൻ്റെയെങ്കിലും (വ്യക്തിയോ, വസ്തുവോ) കൂടെ മാത്രമേ പേരിന് നിലനില്ക്കാൻ കഴിയുകയുള്ളു; പേർ കൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും അതിന് കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ് എന്നിങ്ങനെ രണ്ടുപേരുണ്ട്. അതിൻ്റെ വകഭേദങ്ങൾക്കും ഡെല്‍റ്റ, ഒമിക്രോൺ എന്നിങ്ങനെ പല പേരുകളുമുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങൾക്ക് പേരിട്ടവനും (യെശ, 40:26), ആകാശത്തിലെയും ഭൂമിയിലെയും പക്ഷിമൃഗാദികൾക്കും ജീവജന്തുക്കൾക്കും ആദാമിനെക്കൊണ്ട് പേർ ഇടുവിച്ചവനുമാണ് ദൈവം. (ഉല്പ, 2:19). ആ ദൈവത്തിന് ഒരു പുത്രനുണ്ടായിരിക്കുകയും, ആ പുത്രന് ഒരു പേരുപോലും ഇല്ലാതിരിക്കുകയും, കന്യകമറിയയിലൂടെ 2,026 വർഷംമുമ്പ് ജനിക്കുന്നതിനു പത്തുമാസങ്ങൾക്ക് മുമ്പുമാത്രമാണ് പേരിടുകയും ചെയ്തതെന്നു വന്നാൽ ശരിയാകുമോ? പോട്ടെ, പേരില്ലാതെ ആ പുത്രൻ ഉണ്ടായിരുന്നു എന്നിരിക്കട്ടെ; യഹോവ സർവ്വശക്തനായ ദൈവമായും, യഹോവ നാമത്തിലും അനേകർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെയും അനേകർ കണ്ടിട്ടുണ്ട്. യഹോവയുടെ ചുറ്റും ദൂതന്മാരെയല്ലാതെ, ഈ പുത്രനെയാരും കാണാഞ്ഞതെന്താണ്? പുത്രൻ തന്നെത്തന്നെ ആർക്കും വെളിപ്പെടുത്താഞ്ഞതെന്താണ്? ത്രിത്വദുരുപദേശം എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കുവാൻ യേശുക്രിസ്തുവെന്ന അഭിഷിക്ക മനുഷ്യൻ മിത്തും മിഥ്യയുമൊന്നുമല്ല; ചരിത്രസത്യമാണ്. “യഹോശൂവാ അഥവാ യഹോവ രക്ഷ” എന്നർത്ഥമുള്ള ‘യേശു’ എന്നൊരു വാഗ്ദത്തനാമം മറിയയയോട് പൈതലിനെക്കുറിച്ച് ദൂതൻ പ്രവചിക്കുന്നതിനു മുമ്പെ ഇല്ലായിരുന്നു. എന്നുവെച്ചാൽ, യേശുക്രിസ്തുവെന്ന പരമപരിശുദ്ധമനുഷ്യനും മുമ്പെ ഇല്ലായിരുന്നു. പിന്നെ, ഉണ്ടായിരുന്നത് ആരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമാണ്. അന്നവൻ്റെ പേർ യേശുവെന്നല്ലായിരുന്നു; യഹോവ എന്നായിരുന്നു. അവനാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32) ചരിത്രം ചമക്കാൻ ചരിത്രത്തിലേക്ക് മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32)

ഉപസംഹാരം: യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതാണ് കർത്താവായ യേശുക്രിസ്തു എന്നുള്ള ദൈവവചനസത്യം അംഗീകരിക്കാനോ വിശ്വസിക്കാനോ കഴിയാത്തതാണ്, ഏകസത്യദൈവത്തെ അറിയാൻ അനേകർക്ക് തടസ്സമായിരിക്കുന്നത്. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു എന്നാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). യഹോവ അഥവാ യേശുക്രിസ്തുവെന്ന പരിശുദ്ധദൈവം ഇന്നലെയും ഇന്നും എന്നുമെന്നേക്കും ഉള്ളവനാണ്. എന്നാൽ, ദൈവത്തിൻ്റെ മനുഷ്യ പ്രത്യക്ഷതയായ യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ എന്നുമെന്നേക്കും ഉള്ളവനല്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ; മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയയെന്ന ഭക്തകന്യകയിലൂടെ ലോകത്തിൽ വെളിപ്പെടുന്നതിനു മുമ്പെ അവനില്ല. തൻ്റെ പാപപരിഹാര ശുശ്രൂഷയൊടുള്ള ബന്ധത്തിൽ ബി.സി. 6-മുതൽ എ.ഡി. 33-വരെയുള്ള 38½ വർഷക്കാലം താൻ ജഡപ്രകാരം ഭൂമിയിലുണ്ടായിരുന്നു. ഇപ്പോൾ ജഡപ്രകാരം ഭൂമിയിലില്ലെങ്കിലും, ആത്മപ്രകാരം സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും; പരിശുദ്ധാത്മാവായി നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മുടെ ഉള്ളിൽ വാസം ചെയ്യുന്നവനും കർത്താവായ യേശുക്രിസ്തുവാണ്. തൻ്റെ ഒന്നാം വരവിൽ ജഡത്തിൽ പ്രത്യക്ഷനായപോലെ, മനുഷ്യപുത്രനായി താൻ വീണ്ടും പ്രത്യക്ഷനാകുമെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന സത്യം. അല്ലാതെ, ദൈവത്തോടു കൂടെയുള്ള പുത്രദൈവമോ, കുട്ടിദൈവമോ ഒന്നുമല്ലവൻ; സർവ്വശക്തനും നിത്യനുമായ ഏകസത്യദൈവമാണ്. ആ മഹത്തരമായ സത്യമറിയാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)

മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

മൂന്നു പ്രത്യേക സ്ത്രീകളെപ്പറ്റിയുള്ള പരാമർശം ബൈബിളിൽ കാണാം: ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമസുവിശേഷത്തിലെ സ്ത്രീ, കാലസമ്പൂർണ്ണതയിലെ സ്ത്രീ, സൂര്യനെ അണിഞ്ഞ സ്ത്രീ. ഈ സ്ത്രീകൾ ആരാണെന്നാണ് നാം പരിശോധിക്കുന്നത്.

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

ഉല്പത്തി 3:15-ലെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവിടുത്തെ ‘സ്തീ’ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ആ വേദഭാഗത്തെ സ്ത്രീ ഹവ്വായാണെന്ന് വിചാരിക്കുന്നവരും, അല്ല, മറിയയാണെന്ന് വിചാരിക്കുന്നവരും അനേകരുണ്ട്; എന്നാൽ യേശുവിൻ്റെ വാക്കിനാൽ അത് ഹവ്വായും മറിയയുമല്ലെന്ന് മനസ്സിലാക്കാം. യേശു യോഹന്നാൻ സ്നാപകനെക്കുറിച്ചു പറയുന്നു: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോ, 7:28). ഉല്പത്തി 3:15-ലെ സ്ത്രീ യഥാർത്ഥത്തിൽ ഹവ്വായോ, യേശുവിൻ്റെ അമ്മയായ മറിയയോ ആണെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലായിരുന്നു. കാരണം: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്നു” താൻതന്നെ പറയുമ്പോൾ; താൻ മറിയയെന്ന മനുഷ്യസ്ത്രീയുടെ മകനായിരിക്കെ, ഉല്പത്തിയിലെ സ്ത്രീ ഹവ്വായോ, മറിയയോ ആണെങ്കിൽ തൻ്റെ സ്ഥാനം യോഹന്നാനേക്കാൾ താഴെയാണെന്നു വരും. മാത്രമല്ല, ദൈവരാജ്യത്തിൻ്റെ ഉടയവനും സ്ഥാപകനുമായ താൻ അവിടെയും ഏറ്റവും ചെറിയവനായി മാറും; അതൊന്നും ചിന്തിക്കാൻപ്പോലും സാദ്ധ്യമല്ലാത്ത കാര്യമാണ്. ഇനി, യോഹന്നാൻ സ്നാപകൻ്റെ ഒരു സാക്ഷ്യവും; യോഹന്നാൻ അപ്പൊസ്തലൻ്റെ ഒരു സാക്ഷ്യവുമുണ്ട്. സ്നാപകൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു; മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:28-30). അപ്പൊസ്തലൻ: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.” (യോഹ, 3:31). യേശുവിൻ്റെ സാക്ഷ്യപ്രകാരം, സ്ത്രീയിൽനിന്നു ജനിച്ചവരിൽ ശ്രേഷ്ഠൻ സ്നാപകനും; മറ്റു രണ്ടുപേരുടെയും സാക്ഷ്യപ്രകാരം എല്ലാ ഭൗമികന്മാരെക്കാളും സ്നാപകനേക്കാളും ശ്രേഷ്ഠൻ യേശുവുമാണ്. അപ്പോൾ ഉല്പത്തിയിൽ പറയുന്ന സ്ത്രീ ഒരു മനുഷ്യസ്ത്രീയല്ലെന്ന് വ്യക്തം. പിന്നെയാരാണ് ആ സ്ത്രീ???… ഉല്പത്തിയിലെ സ്ത്രീക്കും (3:15) കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും (ഗലാ, 4:4) സൂര്യനെ അണിഞ്ഞ സ്ത്രീക്കും (വെളി, 12:1) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???… നമുക്കുനോക്കാം: (സ്ത്രീകളിൽ നിന്നു ജനിച്ചവർ)

ഉല്പത്തി 3:15-നെ പ്രൊട്ടെവങ്ഗലിയം അഥവാ ‘പ്രഥമ സുവിശേഷം’ എന്നു വിളിക്കുന്നു. ‘പ്രൊട്ടെവങ്ഗലിയം’ എന്നത് protos = ‘ആദ്യത്തേതു’ എന്നും, evangelion = ‘സുവിശേഷം’ എന്നുമുള്ള രണ്ട് ഗ്രീക്കു പദങ്ങളുടെ സംയുക്ത രൂപമാണ്. പ്രൊട്ടെവങ്ഗലിയം അഥവാ, പ്രഥമ സദ്വർത്തമാനം ബൈബിളിലെ രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശമായി അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗത്ത് നാലുപേരെക്കുറിച്ച് പരാമർശമുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. പാമ്പ്: യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമാണ്. ഈ പാമ്പ് ആരാണെന്ന് വെളിപ്പാട് പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം: പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പമെന്ന് വെളിപ്പാടിൽ പറയുന്നു. (12:9; 20:2). പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പാമ്പിൻ്റെ സന്തതി പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു യേശു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി: ക്രിസ്തുവാണ് സ്ത്രീയുടെ സന്തതി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: ഗലാ, 1:3; എഫെ, 2:15-17; കൊലൊ, 2:14,15; 1പത്രൊ, 2:24). സ്ത്രീ: ഉല്പത്തി 3:15-ലെ സ്ത്രീ ആരാണെന്നതിനെക്കുറിച്ച് ഒരാശയക്കുഴപ്പം പലർക്കുമുണ്ട്. തന്മൂലം വിശദമായ ചിന്ത ആവശ്യമാണ്. ഉല്പത്തി 3:15-ൽ പറയുന്ന സ്ത്രീ മറിയയാണെന്ന് കരുതുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാകും സ്ത്രീ മറിയാണെന്ന നിഗമനത്തിലെത്തിയത്. മറിയയ്ക്ക് ‘പുതിയ ഹവ്വാ’ എന്നൊരു വിശേഷണം കത്തോലിക്കർ കൊടുക്കുന്നുണ്ട്. ഒന്നാമത്തെ ഹവ്വായിലൂടെ പാപം ലോകത്തിൽ വന്നുവെങ്കിൽ, പുതിയ ഹവ്വായിലൂടെ ദൈവപുത്രനെ ജനിപ്പിക്കുക വഴി പാപത്തിന് പരിഹാരം ഉണ്ടായെന്നാണ് അവരുടെ അവകാശവാദം. ആദാമിനെ ഒന്നാം മനുഷ്യനെന്നും ക്രിസ്തുവിനെ ഒടുക്കത്തെ ആദാമെന്നും പറഞ്ഞിരിക്കുന്നതിലാകും, മറിയയ്ക്കും അതുപോലൊരു പദവി നല്കിയത്. (1കൊരി, 15:45). ഉല്പത്തിയിൽ ഹവ്വായെ ജീവനുള്ളവർക്കെല്ലാം മാതാവ് എന്നു വിളിച്ചിട്ടുണ്ട്. (3:20). അങ്ങനെയെങ്കിൽ മറിയ നിത്യജീവൻ ലഭിച്ചവരുടെ അഥവാ, ദൈവമക്കളുടെയെല്ലാം മാതാവാകുമോ???…

ഉല്പത്തിയിലെ സ്ത്രീ മറിയയാണെന്ന ധാരണയിൽ വെളിപ്പാട് പുസ്തകത്തിലെ ‘സൂര്യനെ അണിഞ്ഞ സ്ത്രീയും’ മറിയയാണെന്ന് പലരും പഠിപ്പിക്കുന്നുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ടത്, വെളിപ്പാടെന്ന വാക്കിൻ്റെ അർത്ഥം ‘മറനീക്കി കാണിക്കുക’ എന്നാണ്. അതായത്, ഭാവിയിൽ നടക്കാനുള്ള സംഭവങ്ങളാണ് വെളിപ്പാട് പുസ്തകത്തിൽ അനാവരണം ചെയ്തിക്കുകയാണ്. അതുകൊണ്ട് പ്രവചാനാർത്ഥത്തിൽ തന്നെ വെളിപ്പാടിലെ കാര്യങ്ങൾ മനസ്സിലാക്കണം. അതിനാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയെല്ലെന്ന് വ്യക്തമാണ്. വെളിപ്പാടിൽ ആകെ നാല് സ്ത്രീകളെക്കുറിച്ചാണ് പരാമർശമുള്ളത്: ഒന്ന്: ഈസബേൽ (വെളി, 2:20); തുയഥൈര സഭയിലെ വ്യാജ പ്രവാചികയായ ഇവൾ, ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്നവളാണ്. അക്ഷരാർത്ഥത്തിൽ തുയഥൈര സഭയിൽ അവൾ ഉണ്ടായിരുന്നു. പ്രവചാനാർത്ഥത്തിലും അവളെപ്പോലുള്ളവർ എന്നുമുണ്ട്. രണ്ട്: വേശ്യകളുടെ മാതാവായ മഹാബാബിലോൺ (വെളി, 17:4-5); വേശ്യാവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയുംകൊണ്ടു നിറഞ്ഞ ഒരു പാനപാത്രം കൈയ്യിൽ പിടിച്ചുകൊണ്ട്, ഏഴു തലയും പത്തു കൊമ്പുമുള്ളതായ കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരുന്നിരുന്ന സ്ത്രീ. ഇത് സഭയ്ക്കകത്തെ നൈതികവും മതകീയവുമായ ദുരുപദേശമാണ്. അവസാനംവരെ സത്യോപദേശത്തിന് സമാന്തരമായിട്ട് ഈ ദുരുപദേശവും ഉണ്ടാകും. മൂന്ന്: ക്രിസ്തുവിൻ്റെ കാന്ത അഥവാ, വിശുദ്ധന്മാർ; (വെളി, 19:7-8). ഇത് പുതിയനിയമ സഭയാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുന്നവരായ എല്ലാ വിശ്വാസികളും അവൻ്റെ മണവാട്ടിയാണ്. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. (19:8). നാല്: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ; (വെളി, 12:1-18). ഈ സ്ത്രീയെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, മണവാട്ടി സഭയും — ആൺകുട്ടി, വിശുദ്ധിയോടെ ജീവിക്കുന്നവരും. 2. സ്ത്രീ, നാമധേയ ക്രിസ്ത്യാനികൾ അഥവാ, യഥാർത്ഥ ക്രിസ്ത്യാനികൾ അല്ലാത്തവരും — ആൺകുട്ടി, പരിശുദ്ധാത്മാഭിഷേകം കാത്തിരുന്നു പ്രാപിച്ചവരും. 3. സ്ത്രീ, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരും — ആൺകുട്ടി, വിവാഹജീവിതം ത്യജിച്ചവരും. 4. സ്ത്രീ, സ്വർഗ്ഗത്തിലെ വിശ്വസ്തരായ ആത്മസൃഷ്ടികൾ അഥവാ, ദൂതഗണങ്ങളും — ആൺകുട്ടി യേശുക്രിസ്തുവും. 5. സ്ത്രീ, യേശുവിൻ്റെ അമ്മയായ മറിയ — ആൺകുട്ടി, കർത്താവായ യേശുക്രിസ്തു. 6. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, കർത്താവായ ക്രിസ്തു. 7. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, ദൈവമക്കൾ അഥവാ, പുതിയനിയമസഭ. ഇതിൽ ആദ്യത്തെ നാലെണ്ണം വിചിന്തനം കൂടാതെ തള്ളിക്കളയാം. കാരണം, അതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. 

ഇനി, സൂര്യനെ ഉടയാടയാക്കിയ സ്ത്രീ മറിയയാണോന്ന് നോക്കാം: സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തു ആണെന്നു ധരിച്ചുകൊകൊണ്ടാണ്, സ്ത്രീ മറിയയാണെന്ന് വിചാരിക്കുന്നത്. “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). ഇവിടെപ്പറയുന്ന, ഇരിമ്പുകോൽ കൊണ്ട് മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവാണെന്നാണ് ഒരു വ്യാഖ്യാനം. യേശുവിൻ്റെ ജനനവും സ്വർഗ്ഗാരോഹണവുമാണ് ഈ വാക്യത്തിൻ്റെ പ്രതിപാദ്യം എന്ന് അക്കൂട്ടർ വിശ്വസിക്കുന്നു. അതിനാധാരമായിട്ട് സങ്കീർത്തനം രണ്ടാമദ്ധ്യായം അവർ ചുണ്ടിക്കാണിക്കുന്നു. വെളിപ്പാടിലെ ആൺകൂട്ടി ക്രിസ്തുവല്ലെന്നതിന് തെളിവായി രണ്ട് കാര്യങ്ങൾ പറയാം. ഒന്ന്: രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ അക്ഷരാർത്ഥത്തിൽ ക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ, ജാതികളെ ഇരിമ്പുകോൽകൊണ്ടു തകർക്കാനുള്ള അധികാരവും യിസ്രായേലിൻ്റെയാണ്. ആത്മീയാർത്ഥത്തിൽ അത് ക്രിസ്തുവിൽ നിറവേറുന്നുവെങ്കിലും, അതവൻ്റെ ജനനത്തിലല്ല; പുനരുത്ഥാനത്തിലാണ്. (കാണുക: 2-ാം സങ്കീർത്തനം). രണ്ട്: വെളിപ്പാടുപുസ്തകം ഒരു പ്രവചനഗ്രന്ഥമാണ്. പ്രവചനമെന്നാൽ ഭാവിസംഭവങ്ങൾ അനാവരണം ചെയ്യുക എന്നാണ്. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. തന്മൂലം, സ്ത്രീ മറിയയുമല്ല; ആൺകുട്ടി ക്രിസ്തുവുമല്ലെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, ആ സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്. വെളിപ്പാട് 12:5-ലെ ജാതികളെ ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവല്ലെങ്കിൽ, പിന്നെ ആ അധികാരമുള്ള രണ്ടു കൂട്ടരാണ് ബാക്കിയുള്ളത്. ഒന്ന്; യിസ്രായേലും (സങ്കീ, 2:8,9), രണ്ടാമത്തത്; പുതിയനിയമസഭയും. (വെളി, 2:26,27). വെളിപ്പാടു 12:5-ൽ സ്തീ പ്രസവിച്ച ആൺകുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെടുന്നതായി പറഞ്ഞിട്ടുണ്ട്. മഹാപീഡനത്തിൻ്റെ വിധേയർ യിസ്രായേൽ ആയതുകൊണ്ടും ആൺകുട്ടി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതുകൊണ്ടും, സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുതാൻ രക്തംകൊണ്ട് സമ്പാദിച്ച പുതിയനിയമ സഭയാണെന്ന് മനസ്സിലാക്കാം. ആയിരമാണ്ടു വാഴ്ചയിൽ സഭ ക്രിസ്തുവിനൊപ്പം വാഴേണ്ടതാണെന്നും ഓർക്കുക. “കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു” (വെളി, 12:5) എന്നത് സഭയുടെ ഉൽപ്രാപണമാണെന്നും മനസ്സിലാക്കാം. (1കോറി, 15:52). 

പിന്നീടാണ് സ്വർഗ്ഗത്തിൽ യുദ്ധമുണ്ടാകുന്നതും, സാത്താനെ ഭൂമിയിലേക്ക് തള്ളിക്കളയുന്നതും. അത് മഹാപീഡനത്തിൻ്റെ മദ്ധ്യത്തിൽ പീഡ കടുക്കുന്നതിനോടുള്ള ബന്ധത്തിലാണ്. (വെളി, 12:7-8). തുടർന്ന് 12:13-ൽ കാണുന്നു: “തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” ഭൂമിയിൽ നടക്കുന്ന മഹാപീഡനത്തിൻ്റെ വിധേയർ എന്നു പറയുന്നത്; പ്രധാനമായും യിസ്രായേലും, പിന്നെ ജാതികളുമാണ്. ഈ സമയത്ത് പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്; ഒപ്പം മറിയയും. പിന്നെങ്ങനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞ ഉഗ്രസർപ്പം മറിയയെ ഉപദ്രവിക്കും? അതോ, ക്രിസ്തുവിന് മനുഷ്യനായി വെളിപ്പെടാൻ ഉദരം സമർപ്പിച്ച മറിയയെ, അന്നാളിൽ ദൈവം സാത്താൻ്റെ ഉപദ്രവത്തിന് ഏല്പിച്ചുകൊടുക്കുമോ? 17-ാം വാക്യവും നോക്കുക: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ആരാണീ സ്ത്രീയുടെ സന്താനങ്ങൾ. ദൈവത്തിൻ്റെ എതിരാളിയാണ് ബൈബിൾ പഠിപ്പിക്കുന്ന സാത്താൻ. സ്ത്രീ മറിയയാണെങ്കിൽ, മറിയയുടെ മക്കളാരാണ്? മറിയയോടും മക്കളോടുമെന്തിനാണ് സാത്താന് വൈരം? ദൈവത്തോടും, തൻ്റെ മക്കളോടും, സ്വന്തജനത്തോടുമാണ് സാത്താന് വൈരമുള്ളത്. ദൈവവും തൻ്റെ മക്കളും അഥവാ, ക്രിസ്തു മുഖാന്തരം രക്ഷപ്രാപിച്ച പുതിയനിയമ സഭയും സ്വർഗ്ഗത്തിലാണ്. ഭൂമിയിലുള്ളത് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. അപ്പോൾ സാത്താൻ തന്നെ സ്വർഗ്ഗത്തിൽനിന്ന് നിഷ്കാസനം ചെയ്തതിൻ്റെ പക വീട്ടുന്നത് ആരോടായിരിക്കും? സംശയമൊന്നും വേണ്ട; തൻ്റെ സ്വന്തജനമായ യിസ്രായേലെന്ന സ്ത്രീയോടും, അവളുടെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങളോടും ആയിരിക്കും. 17-ാം വാക്യം ശ്രദ്ധിച്ചാൽ അറിയാം; സാത്താൻ ആരോടാണ് യുദ്ധം ചെയ്യാൻ വരുന്നതെന്ന്: “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു.” ‘ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരും’ എന്ന പ്രയോഗം, അന്ന് വരം ലഭിച്ച രണ്ടു സാക്ഷികളുടെ ശൂശ്രൂഷയിൽ ക്രിസ്തുവിനെ അറിഞ്ഞവർ ആയിരിക്കും. (11:3-12). അവരായിരിക്കും തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി ഒടുവിൽ വിലപിക്കുന്നവർ. (സെഖ, 12:10; യോഹ, 19:37; വെളി, 1:7). ‘അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു’ അവളുടെ അഥവാ സ്ത്രീയുടെ സന്തതിയിൽ ശേഷിച്ചവരോടാണ് അവൻ യുദ്ധം ചെയ്യുന്നത്. 

സ്ത്രീയുടെ സന്തതി പുതിയനിയമ സഭയാണെന്നും, സ്ത്രീ യിസ്രായേലാണെന്നും നാം കണ്ടു. എന്നാൽ, സാത്താൻ യുദ്ധം ചെയ്യാൻ വരുന്ന യിസ്രായേൽ ഗോത്രങ്ങളെ സ്ത്രീയുടെ സന്തതികളിൽ ശേഷിച്ചവർ എന്ന് പറയുന്നതെന്താണ്? ഭൂമിയുടെ അറ്റത്തോളം രക്ഷ എത്തേണ്ടതിനു ദൈവം യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നത്. (യെശ, 49:6). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു” യേശുവും പറയുകയുണ്ടായി. (യോഹ, 4:22). ജാതികളായ നാം യിസ്രായേൽ പൗരതയോടു സംബന്ധമുള്ളവരോ, രക്ഷയ്ക്ക് കൂട്ടവകാശികളോ ആയിരുന്നില്ല; ദൈവത്തിൻ്റെ കൃപയാൽ ദാനമായി കിട്ടിയതാണ് നമ്മുടെ രക്ഷ. പുതിയനിയമ സഭയുടെ ആദ്യാംഗങ്ങൾ യിസ്രായേലാണെന്ന് നമുക്കറിയാം. (2:41). അതുതന്നെ മൂവായിരം അയ്യായിരമായി (4:4), പിന്നെ സഭകൾ ദിനംതോറും പെരുകിക്കൊണ്ടിരുന്നു (16:5) എന്നാണ് നാം വായിക്കുന്നത്. അതായത്, യിസ്രായേലെന്ന സ്ത്രീയുടെ സന്തതികളിൽ ഒരുഭാഗമാണ് ഏകശരീരസ്ഥരായി വിളിക്കപ്പെട്ട പുതിയനിയമസഭ. (എഫെ, 3:6. ഒ.നോ: 1കൊരി, 12:13; എഫെ, 2:16; കൊലൊ, 3:15). അതിൽ ജാതികളായ നമ്മളും കൃപയാൽ ഉണ്ടെന്നുമാത്രം. എന്നാൽ ക്രിസ്തു ഒരുക്കിയ രക്ഷയിൽ പങ്കുകാരാകാത്ത യിസ്രായേൽ സന്തതികളിൽ ശേഷിച്ചവരോടാണ് മഹാസർപ്പം യുദ്ധം ചെയ്യാൻ വരുന്നത്. പുതിയനിയമസഭ ക്രിസ്തുവെന്ന ഏകശരീരത്തിൻ്റെ അവയവങ്ങളും, ഏകശരീരസ്ഥരായി വിളിക്കപ്പെട്ടവരും ആയതുകൊണ്ടാണ് സ്ത്രീ പ്രസവിച്ച അഥവാ രക്ഷിക്കപ്പെട്ട യിസ്രായേലിൻ്റെ സന്തതികളെ, ആൺകുട്ടിയെന്ന് ഏകവചനത്തിൽ പറയുന്നത്. എന്നാൽ, സർപ്പം യുദ്ധംചെയ്യുന്ന ശേഷിപ്പുള്ള യിസ്രായേൽ ജനത്തെ ‘സന്തതികൾ’ എന്ന് ബഹുവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ യിസ്രായേലാണെന്ന് വെളിപ്പാടിൽ നിന്നുതന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. പന്ത്രണ്ടാം അദ്ധ്യായത്തിൽത്തന്നെ ഇതിനാധാരമായ തെളിവുണ്ട്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഉല്പത്തി പുസ്തകത്തിൽ യോസേഫ് കണ്ടൊരു സ്വപ്നമുണ്ട്: “അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.” (ഉല്പ, 37:9-10).  സൂര്യൻ യിസ്രായേലിന്റെ ഗോത്രപിതാവിനെയും (യാക്കോബ്), ചന്ദ്രൻ ഗോത്രമാതാവിനെയും (റാഹേൽ) 11 നക്ഷത്രങ്ങൾ ജോസഫിന്റെ സഹോദരന്മാരായ 11 ഗോത്രങ്ങളെയും കുറിക്കുന്നു. യോസേഫിന്റെ സ്വപ്നത്തിലെ സൂര്യനെ പ്രതിനിതീകരിക്കുന്ന യാക്കോബ്, ദൈവം അബ്രഹാമിനോടു ചെയ്ത ഉടമ്പടിയുടെ അവകാശിയാണ്. (ഉല്പ, 12:1,2). യോഹന്നാൻ കണ്ട സ്ത്രീ സൂര്യനെ അണിഞ്ഞവളും ചന്ദ്രൻ കാൽക്കീഴെ ഉള്ളവളും 12 നക്ഷത്രം കൊണ്ടുള്ള കിരീടം ധരിച്ചവളും ആയിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തുന്നവയാണ്. എന്നാൽ, സൂര്യനും നക്ഷത്രങ്ങളും സ്വയം പ്രകാശം പരത്തുമ്പോൾ ചന്ദ്രൻ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. സർവ്വലോകത്തിനും ദൈവീകപ്രകാശം അഥവാ രക്ഷയുടെ പ്രകാശം നൽകുവാനായി തിരഞ്ഞെടുത്ത ജനത യിസ്രായേലായിരുന്നു. (യെശ, 49:6). “അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.” (വെളി, 12:2). പഴയനിയമത്തിൽ യിസ്രായേലിനെ പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയായി പലപ്രാവശ്യം ചിത്രീകരിച്ചിട്ടുണ്ട്: “യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.” (യെശ, 26:17). “ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ,” (യെശ, 26:18). “പ്രസവവേദനയാൽ എന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം.” (യിരെ, 4:31). “നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?” (യിരെ, 13:21). “സീയോൻ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക;” (മീഖാ, 4:10). “അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും;” (മീഖാ 5:3). 

വെളിപ്പാട് 12:6: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” ഇത് യേശു ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ മഹാപീഡനത്തിൻ്റെ അവസാന പകുതിയായ 3½ വർഷം അഥവാ 1260 ദിവസമാണ്. (ദാനീ, 12:1, മത്താ, 24:15-21; വെളി, 12:6). യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). വെളിപ്പാട് 12:7-11: സ്വർഗ്ഗത്തിൽ മിഖായേലും അവൻ്റെ ദൂതന്മാരും മഹാസർപ്പത്തോട് പടവെട്ടി അവനെ തോല്പിച്ച് ഭൂമിയിലേക്ക് തള്ളിക്കളയുന്നു. വെളിപ്പാട് 12:12-17: ഭൂമിയിൽ പതിച്ച പിശാച് തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു യിസ്രായേലിനെതിരെ പിഡ കടുപ്പിക്കുകയാണ്. ഇതാണ് യേശു പറഞ്ഞ മഹാപീഡനം: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്താ, 24:21). യിസ്രായേലിന് ഭവിക്കാനുള്ള ഈ ഉഗ്രപീഡനത്തെക്കുറിച്ച് പഴയപുതിയനിയമ ഭക്തന്മാർ പ്രവചിച്ചിട്ടുണ്ട്: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: (യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: (യെശ, 26:20; 34:2), ക്രോധകലശം: (വെളി, 16:1), ക്രോധദിവസം: (സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18). ഒപ്പം യഹൂദന്മാർ ചോദിച്ചുവാങ്ങിയ ഒരു ശിക്ഷ കൂടിയുണ്ട്: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.” (മത്താ, 27:25). യസ്രായേലിനു ഭവിക്കുവാനുള്ള കഷ്ടതകളെക്കുറിച്ചാണ് വെളിപ്പാട് പുസ്തകം പറയുന്നത്. അതിനാൽ, 12-ാം വാക്യത്തിലെ ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീ’ മറിയയല്ല; പ്രത്യുത, യിസ്രായേലാണെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

ഇനി, അറിയാനുള്ളത് ഉല്പത്തിയിലെ സ്ത്രീയാരെന്നാണ്. ആ സ്ത്രീ ആരാണെന്നറിയാൻ, ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം നോക്കാം: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). രണ്ടാം വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. അടുത്തഭാഗം: “യിസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും അഥവാ, യിസ്രായേലിൻ്റെ സന്തതിയായി ജനിക്കും.’ പ്രവചനങ്ങളിൽ പറയുന്ന സ്ത്രീ മറിയയല്ല, യിസ്രായേൽ രാഷ്ട്രമാണെന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം തെളിവെന്തിനാണ്. തുടർന്ന്, ജനിക്കുവാനുള്ളവൻ്റെ അസ്തിത്വത്തെ കുറിച്ചാണ്; അവൻ പുരാതനനായ ദൈവം തന്നെയാണ്. മൂന്നാം വാക്യം: ‘പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.’ അവിടെ ഏല്പിച്ചു കൊടുക്കും എന്നത് മറ്റുപരിഭാഷകളിൽ; ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കും, പരിത്യജിക്കും എന്നിങ്ങനെയാണ്. അവിടെ പ്രസവിക്കാനുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് വ്യക്തമല്ലേ? യിസ്രായേലിനെ ‘അവൾ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അവൻ ‘അവരെ’ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അവിടെ, പ്രസവിക്കാനുള്ള സ്ത്രീ യിസ്രായേലും, ഏല്പിച്ചുകൊടുക്കും അഥവാ പരിത്യജിക്കും എന്നു പറഞ്ഞിരിക്കുന്നത് യിസ്രായേൽ ജനത്തെയുമാണ്. ക്രിസ്തുവിൻ്റെ ജനനംവരെ അവർ പരിത്യജിക്കപ്പെട്ടവർ തന്നെയായിരുന്നു. യിസ്രായേലിനെ പ്രസവമടുത്ത അഥവാ ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിരിക്കുന്ന ഭാഗങ്ങളും നോക്കുക. (യെശ, 26:17; 26:18; യിരെ, 4:31; 13:21; മീഖാ, 4:10). യിസ്രായേലെന്ന ഈ സ്ത്രീയെക്കുറിച്ചാണ് പൗലൊസ് ഗലാത്യരിൽ പറയുന്നത്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4. ഒ.നോ: ഗലാ, 4:24-31). അതിനാൽ, ഉല്പത്തിയിലെ ‘സ്ത്രീയും’ മീഖായിലെ ‘പ്രസവിക്കാനുള്ളവൾ അഥവാ ഗലാത്യരിലെ കാലസമ്പൂർണ്ണതയിലെ സ്ത്രീയും’ വെളിപ്പാടിലെ ‘സൂര്യനെ അണിഞ്ഞ സ്ത്രീയും’ യിസ്രായേലാണെന്ന് വ്യക്തം.

യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32).

കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2).

അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ആകയാൽ ഉല്പത്തിയിലെ സ്ത്രീയും, വെളിപ്പാട് 12-ലെ സ്ത്രീയും അബ്രാഹാമിൻ്റെ സന്തതിയായ യാക്കോബിൻ്റെ സന്തതികളായ യിസ്രായേലാണെന്ന് നിസംശയം മനസ്സിലാക്കാം.

പുതിയനിയമത്തിലെ ‘സ്ത്രീയിൽനിന്നു ജനിച്ചവൻ’ എന്ന പ്രയോഗംകൂടി നോക്കാം: “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4). ബൈബിളിൽ ക്രിസ്തുവിനെ സ്ത്രീയുടെ സന്തതി, സ്ത്രീയിൽ നിന്നു ജനിച്ചവൻ എന്നൊക്കെ പറയുന്നത്, അക്ഷരാർത്ഥത്തിലല്ല; ആത്മീയാർത്ഥത്തിലാണ്. അവിടുത്തെ സ്ത്രീ യിസ്രായേലാണെന്ന് നാം കണ്ടുകഴിഞ്ഞു. കൂടാതെ, ‘ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു’ എന്നതും ശ്രദ്ധിക്കുക. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” (7:14) എന്ന യെശയ്യാപ്രവചനം രണ്ടു വിധത്തിലും നിറവേറിയതായി കാണാം. മറിയയെന്ന ഭക്ത കന്യകയിലൂടെയും യിസ്രായേലെന്ന കന്യകയിലൂടെയും അത് നിറവേറി. യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിക്കാനാണ് ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടത്. ന്യായപ്രമാണത്തിനു കീഴെ ജനിച്ച ക്രിസ്തു, അവരുടെ പാപത്തിന് കൂട്ടാളിയാകാതിരിക്കാനാണ് മറിയയിലൂടെ ജന്മമെടുത്തത്. അഥവാ, ദൈവത്തിൻ്റെ ഏകജാതനാകാനാണ് മറിയയെന്ന കന്യകയിലൂടെ താൻ നിസ്തുല ജനനം സ്വീകരിച്ചത്. സ്ത്രീയുടെ സന്തതിയെന്ന ബൈബിളിലെ പ്രയോഗം ഒരിക്കലും മറിയയെന്ന കന്യകയിലൂടെയുള്ള ക്രിസ്തുവിൻ്റെ ജനനത്തെ കുറിക്കുന്നതല്ല. നമുക്കറിയാം: ആദാമും ഹവ്വായും ഒഴികെയുള്ള എല്ലാ മനുഷ്യരും സ്ത്രീയിൽനിന്ന് തന്നെയാണ് ജനിക്കുന്നത്. മാത്രമല്ല, “സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” (മത്താ, 11:11) എന്ന യേശുവിൻ്റെ വാക്കിനാൽ, തന്നെ അക്കൂട്ടത്തിൽ പെടുത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്നത് യേശുവിൻ്റെ ജനനത്തെ കുറിക്കുന്നതാണ്. അവിടെ, ‘കന്യക ഗർഭിണിയായി’ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പരിശുദ്ധാത്മാവിലാണ് യേശുവിൻ്റെ ജനനമെന്ന് ബൈബിൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. (മത്താ, 1:18, 20; ലൂക്കൊ, 1:35). പ്രകൃത്യാതീതമായിട്ട് മറിയയെന്ന കന്യകയിൽ ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ ‘സ്ത്രീയിൽനിന്ന് ജനിച്ചവൻ’ എന്ന പ്രയോഗം ഒരിക്കലും യോജിക്കില്ലല്ലോ? അതിനാൽ, ഗലാത്യരിൽ പൗലൊസ് പറയുന്നത്; യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായ ക്രിസ്തുവിനെക്കുറിച്ചാണ്. അഥവാ, അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാൻ ന്യായപ്രമാണത്തിന് കീഴുള്ളവനായി ജനിച്ച പരിശുദ്ധ സന്തതിയെക്കുറിച്ചാണ്. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാനാണ് (മത്താ, 1:21), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രൻ (ലൂക്കൊ, 1:32,:35), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4;4), ആദ്യജാതൻ, ഏകജാൻ, വചനം, വഴി, വാതിൽ, മുന്തിരിവള്ളി, മൂലക്കല്ല് തുടങ്ങി അനേകം പദവികളിലും മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് പറഞ്ഞുകൊണ്ട് നിർത്തുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? ഉണ്ടെന്നാണ് ബൈബിളിൻ്റെ ഉത്തരം. അതുപക്ഷെ, യേശുക്രിസ്തുവല്ല; ആദാമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചശേഷം, മൂക്കിൽ ജീവശ്വാസം ഊതി, ജീവനുള്ള ദേഹിയാക്കിയ മനുഷ്യൻ. (ഉല്പ, 1:26,27; 2:7). പുതിയനിയമത്തിൽ ആദാമിനെ ദൈവത്തിൻ്റെ മകൻ എന്നു പറഞ്ഞിട്ടുമുണ്ട്. (ലൂക്കൊ, 3:38). സൃഷ്ടികളെന്ന നിലയിൽ സ്വർഗ്ഗത്തിലെ അസംഖ്യം ദൂതന്മാരും ഭൂമിയിലെ മനുഷ്യരും ദൈവത്തിൻ്റെ മക്കൾ തന്നെയാണ്. (ഇയ്യോ, 1:6; 2:1; യെശ, 64:8; മലാ, 2:10; എബ്രാ, 2:14,15). പിന്നെയുള്ളത് ദൈവപുത്രനെന്ന പദവിയാണ്: പഴയനിയമത്തിൽ ഉടനീളം പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഒരു പുത്രനുണ്ട്. അതും പക്ഷെ, യേശുക്രിസ്തുവല്ല; യിസ്രായേലാണ്.

യേശുക്രിസ്തുവിന് ദൈവപുത്രനെന്ന പദവിയുള്ളത്. പുതിയനിയമത്തിലാണ്. (ലൂക്കൊ, 1:32, 35). സങ്കീർത്തനം 2:7-ലെ “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത് യേശുക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള വേദഭാഗമാണെന്നാണ് ത്രിത്വപണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അവർ അതിനു നല്കുന്ന വ്യാഖ്യാനം: ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞാൽ; അവിടുത്തെ ‘ഇന്നു’ എന്നത് നിത്യമായ ഇന്നാണ്. അതായത്, നിത്യതയിലേ ക്രിസ്തുവിനെ ജനിപ്പിച്ചതിനെ കുറിച്ചാണത്രെ ദാവീദ് പ്രവചിച്ചത്. (പിതാവ് പുത്രനെ ജനിപ്പിച്ചുവെന്ന് വിശ്വസിക്കുകയും, ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ സമത്വമുണ്ടെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും; അതാണ് ത്രിത്വം) ഏകദേശം ബി.സി. 1,000-നും 900-നും ഇടയ്ക്കാണ് ഈ പ്രവചനം. അത് നിത്യമായ ഇന്നാണെങ്കിൽ  രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പണ്ഡിതന്മാർ തരുമോ? ഒന്ന്; പ്രവചനം ഭാവീകമായതുകൊണ്ട്, മുന്നോട്ട് സഞ്ചരിച്ചിട്ടാണ് അത് ചരിത്രമാകേണ്ടത്. ബൈബിളിലെ ഒരു പ്രവചനവും പിന്നോട്ട് സഞ്ചരിച്ചിട്ടില്ല. പിന്നെങ്ങനെ, ആ പ്രവചനംമാത്രം പിന്നോട്ടുപോയി? രണ്ട്; ഇന്നെന്നത് അനാദിനിത്യതയിലെ ഇന്നാണെങ്കിൽ, ഇന്നലെയെന്നോ, എന്നേക്കുമെന്നോ, എന്നുമെന്നേക്കുമെന്നോ പറയാമെന്നിരിക്കേ, ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പ്രവചിച്ചതെന്താണ്? ദാവീദ് ആത്മാവിലാണത് പ്രവചിക്കുന്നത്. (പ്രവൃ, 4:26). ഇനിയത്, പ്രവചനമല്ല; വെളിപ്പാടാണെന്ന് പറയാൻ പറ്റുമോ? അനാദിനിത്യതയിലെ കാര്യം ആത്മാവ് ദാവീദിന് വെളിപ്പെടുത്തിയതാണെന്നും രണ്ട് കാരണങ്ങൾകൊണ്ട് പറയാൻ പറ്റില്ല. ഒന്ന്; ആ അദ്ധ്യായത്തിൽ പുത്രൻ്റെ ശത്രുക്കളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ലോകം ഉണ്ടാകുന്നതിനും മുമ്പാണ് പുത്രനെ ജനിപ്പിച്ചത് അഥവാ അനാദിനിത്യതയിൽ പിതാവും പുത്രനും മാത്രമുള്ളപ്പോൾ പുത്രൻ്റെ ശത്രുക്കൾ ആരായിരുന്നു; അന്ന് ആരെയാണ് പുത്രൻ ഇരുമ്പുകോൽകൊണ്ട് മേയിച്ചത്? രണ്ട്; അത് ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്; അതിൻ്റെ ആത്മീയ നിവൃത്തി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതാണ്. അപ്പോൾത്തന്നെ ക്രിസ്തുവിൻ്റെ കന്യകാജനനവുമായി ഈ പ്രവചനത്തിന് യാതൊരു ബന്ധവുമില്ലെന്നോർക്കണം. അതിനാൽ, ത്രിത്വം പഠിപ്പിക്കുന്നതുപോലെ ആ പ്രവചനം ക്രിസ്തുവിൻ്റെ നിത്യതയിലെ ഇല്ലാത്തൊരു ജനനവുമല്ല; കാലസമ്പൂർണ്ണതയിലെ ജനനവുമല്ലെന്ന് മനസ്സിലാക്കാം. 

എന്നാൽ അക്ഷരാർത്ഥത്തിൽ അത് സഹസ്രാബ്ദരാജ്യത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകാൻ ഇരിക്കുന്നതേയുള്ളു. കാരണം, രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ യിസ്രായേലാണ്. “ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത്, യിസ്രായേൽ രജ്യസ്ഥാപനത്തിൽ നടക്കേണ്ടതാണ്. (പ്രവൃ, 1:6). പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെയാണ് പ്രവചനം സൂചിപ്പിക്കുന്നത്: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ‘ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും’ എന്നാണ് മറ്റൊരു പരിഭാഷ. “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇതിനെ 1948 മെയ് 14-ലെ യിസ്രായേൽ രഷ്ട്ര രൂപീകരണത്തോടും ബന്ധപ്പെടുത്താറുണ്ട്. എങ്കിലും, അന്ന് ആ പ്രവചനം പൂർണ്ണമായി നിറവേറിയില്ലെന്ന് കാണാൻ കഴിയും. “ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ?” എന്ന പ്രവചനത്തിൻ്റെ ആദ്യഭാഗം അന്ന് നിവൃത്തിയായതായി കാണാം:  എന്നാൽ, അടുത്തഭാഗമായ “ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ?” എന്നത് ആദിവസം നിവൃത്തിയായില്ല. വർഷങ്ങൾ കൊണ്ടാണ് ജനം ആ രാജ്യത്ത് എത്തിപ്പെട്ടത്; ഇപ്പോഴും യെഹൂദന്മാർ പല രാജ്യങ്ങളിലും ഉണ്ടെന്നുള്ള വസ്തുത, പ്രവചനത്തിൻ്റെ രണ്ടാംഭാഗം അക്ഷരാർത്ഥത്തിൽ നിവൃത്തിയായിട്ടില്ലെന്ന് തെളിയിക്കുന്നു. എന്നാൽ, പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റ് വരുന്നത് ഒരുപോലെ ആയിരിക്കുമല്ലോ? പ്രവചനങ്ങൾ രണ്ടുഭാഗമായിട്ട് നിവൃത്തിയാകുന്നതിൻ്റെ പന്ത്രണ്ടോളം തെളിവുകൾ വേറെയുമുണ്ട്. ഉദാ: “യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ക്രിസ്തുവിൻ്റെ വരവോടെ നിവൃത്തിയായി. (ലൂക്കൊ, 4:18-21). ദൈവത്തിൻ്റെ പ്രതികാരദിവസം അഥവാ മഹോപദ്രവകാലം വരുവാനിരിക്കുന്നതേയുള്ളു. അടുത്തത്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). പെന്തെക്കൊസ്തിലെ പരിശുദ്ധാത്മസ്നാനം കഴിഞ്ഞിട്ട് 1,989 വർഷമാകുന്നു. തീകൊണ്ടുള്ള സ്നാനം പാപിക്കൾക്കുള്ള ശിക്ഷാവിധിയാണ്; അത് വരാനിരിക്കുന്നതേയുള്ളു. അതിനാൽ, യിസ്രായേലിനോടുള്ള ബന്ധത്തിൽ ആ പ്രവചനം ഇനിയും നിവൃത്തിയാകേണ്ട ഒന്നാണെന്ന് വ്യക്തമാണ്.

എങ്കിലും, അതൊരു പ്രവചനമാണെന്നുപോലും മനസ്സിലാക്കാൻ കഴിയാത്തവിധം ത്രിത്വപണ്ഡിതന്മാരുടെ ബുദ്ധിയെ സാത്താൻ കീഴ്പ്പടുത്തിക്കളഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിച്ചവരും പഠിപ്പിച്ചവരും ദൈവത്തിൻ്റെ വചനത്തിൽനിന്നല്ല അത് മനസ്സിലാക്കിയത്; നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ നിന്നുമാണ്. യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുക്രിസ്തുവെന്ന് മനസ്സിലാക്കാനോ, ദൈവത്തിനൊരു പുത്രനില്ലെന്നോ, ദൈവപുത്രനെന്നത് ക്രിസ്തുവിൻ്റെ അനേക പദവികളിൽ ഒന്നു മാത്രമാണെന്നോ, ആ പദവിപോലും നിത്യമല്ലെന്നോ ഗ്രഹിക്കാൻ ത്രിത്വക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വാസ്തവം. യേശുക്രിസ്തു നിത്യപുത്രനല്ലെന്ന് പലനിലയിൽ ദൈവവചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്: 

1. പുതിയനിയമത്തിൻ്റെ പുത്രൻ:  പുതിയനിയമത്തിൽ യേശുക്രിസ്തുവിനെ ആറുപേരുടെ പുത്രനായി പറയുന്നുണ്ട്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1); ദാവീദുപുത്രൻ (മത്താ, 1:1); ദൈവപുത്രൻ (മത്താ, 4:3); മനുഷ്യപുത്രൻ (മത്താ, 8:20); മറിയയുടെ പുത്രൻ (മർക്കൊ, 6:3); യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). ക്രിസ്തു ഇതിൽ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണോന്ന് ചോദിച്ചാൽ; മറിയയുടെ മാത്രം സാക്ഷാൽ പുത്രനും; ബാക്കിയെല്ലാം പദവിയുമാണ്. യേശു ജനിക്കുന്നത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും സന്തതിയായ പാപമില്ലാത്ത അഥാവാ പരിശുദ്ധ മനുഷ്യനായിട്ടാണ്. ‘ദൈവപുത്രനെന്ന് വിളിക്കപ്പെടും’ (ലൂക്കൊ, 1:32, 35) എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ സ്നാനസമയത്ത് ദൈവപുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്തത്. (മത്താ, 3:17). അല്ലാതെ, യേശുവിന് ജനനത്തിൽത്തന്നെ ദൈവപുത്രനെന്ന പദവിയില്ലായിരുന്നു. യഹോവയായ ദൈവം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒന്നുകൂടി വ്യക്തമാക്കിയാൽ; യേശുവിൻ്റെ ഐഹിക ജീവതത്തിൽ താൻ്റെ ശുശ്രൂഷ ആരംഭിച്ച യോർദ്ദാൻ മുതൽ കാൽവരി ക്രൂശുവരെയുള്ള മൂന്നരവർഷം മാത്രമായിരുന്നു താൻ ദൈവപുത്രനായിരുന്നത്. ഈ വസ്തുത ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടിവരും. അപ്പോൾ യേശു ദൈവപുത്രൻ ആയതുകൊണ്ടാണോ ദൈവമായിരിക്കുന്നത്? ഒരിക്കലുമല്ല. അവൻ ഏകസത്യദൈവമായ യഹോവ തന്നെയായതുകൊണ്ടാണ്. യേശു യഹോവയായ ദൈവമല്ലെങ്കിൽ അഥവാ യഹോവയുടെ മനഷ്യപ്രത്യക്ഷതയല്ലെങ്കിൽ യേശുവിൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതാകും. യേശു പിതാവിനെ ഏകസത്യദൈവം (the only true God) എന്നാണല്ലോ വിളിക്കുന്നത്? (യോഹ, 17:3). അതായത് പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് യേശു പറയുന്നത്. അപ്പോൾ മറ്റാരും ദൈവമല്ലല്ലോ? ത്രിത്വം പഠിപ്പിക്കുംപോലെ താൻ പിതാവിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണെങ്കിൽ താൻ ദൈവമേ അല്ലാതാകും. എന്നാൽ ജഡത്തിൽവന്ന യേശു യഹോവയുടെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യൻ മാത്രമാകയാൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പറഞ്ഞതും ശരിയാണ്; താൻ സത്യേകദൈവമാണെന്നുള്ളതും വാസ്തവമാണ്. (യേശു ജഡത്തിലും പൂർണ്ണദൈവമായിരുന്നു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആ വഞ്ചനയും യേശുവിൻ്റെ വാക്കിനാൽ തകർന്ന് തരിപ്പണമായി. കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

2. യേശുവിൻ്റെ നിത്യത്വം: യേശുക്രിസ്തുവിനെ പുതിയനിയമത്തിൽ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 125 പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും, അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ യേശു പുത്രനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. പുത്രനെന്നത് യേശുവിൻ്റെ പദവിയാണ്. യേശുക്രിസ്തു ആദ്യനും അന്ത്യനും (വെളി, 1:17) അനന്യനും (എബ്രാ, 13:8) ആണെന്ന് ബൈബിളിൽ കാണാം. അത്, യേശു പുത്രനായതുകൊണ്ടല്ല; നിത്യദൈവമായതുകൊണ്ടാണ്. യേശുക്രിസ്തു നിത്യനായതുകൊണ്ട് അവൻ്റെ പദവികൾ അഥവാ വിശേഷണങ്ങളൊക്കെ നിത്യമാണെന്ന് വരുമോ? അനവധി പദവികൾ യേശുവിനുണ്ട്: അപ്പൊസ്തലൻ, അബ്രഹാമിൻ്റെ പുത്രൻ, ആദ്യജാതൻ, ഇടർച്ചക്കല്ല്, ഏകജാതൻ, കാര്യസ്ഥൻ, കുഞ്ഞാട്, ക്രിസ്തു/മശീഹ, ഗുരു, തച്ചൻ, തടങ്ങൽപ്പാറ, തല, ദാവീദുപുത്രൻ, ദാസൻ, ദൈവപുത്രൻ, നല്ല ഇടയൻ, പാറ,  പ്രവാചകൻ, മണവാളൻ, മദ്ധ്യസ്ഥൻ, മനുഷ്യൻ, മനുഷ്യപുത്രൻ, മറിയയുടെ പുത്രൻ, മറുവില, മഹാപുരോഹിതൻ, മുന്തിരിവള്ളി, മുള, മൂലക്കല്ല്, യോസേഫിൻ്റെ പുത്രൻ, രണ്ടാം വചനം, വഴി, വാതിൽ വേര് തുടങ്ങിയ അനേകം വിശേഷണങ്ങളുണ്ട്. ഇവയൊക്കെ നിത്യമായാൽ എങ്ങനെയിരിക്കും? ഉദാ: ഏകജാതനും ആദ്യജാതനും നിത്യമായാൽ ആ പ്രയോഗങ്ങൾ അതിൽത്തന്നെ വിരുദ്ധമാകും. ഒരാൾക്ക് ഒരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ പപരഹിതമായ ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ (കന്യകാജനനം) കുറിക്കുന്ന വിശേഷണമാണ് ഏകജാതനെന്നത്. ഏകജാതൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റപ്പോൾ, അവൻ്റെ രക്തംമൂലം അനേകർ ദൈവത്തിൻ്റെ അനന്തരജാതന്മാരായി. അഥവാ ക്രിസ്തു മുഖാന്തരം ദൈവം അനേകരെ ദത്തെടുത്തപ്പോൾ ഏകജാതനായ ക്രിസ്തു ആദ്യജാതനായി; ദത്തെടുക്കപ്പെട്ടവർ അനന്തരജാതന്മാരുമായി. ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനായിത്തന്നെ ഇരുന്നാൽ മനുഷ്യർക്ക് രക്ഷ സാദ്ധ്യമല്ല; അവൻ മരിച്ചു മരണത്തിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റപ്പോൾ, ദൈവത്തിന് അനേകം മക്കൾ ലഭിച്ചു; ക്രിസ്തു ആദ്യജാതനുമായി. അടുത്തത്, യേശു വഴിയാണ്: പക്ഷെ നിത്യവഴിയാണോ? അല്ല. ആ വഴി എന്നുമെന്നും ഉണ്ടാകില്ല. കൃപായുഗത്തിനു തിരശ്ശീല വീഴുമ്പോൾ അഥവാ, കാഹളം ധ്വനിച്ചുകഴിഞ്ഞാൽ ഒപ്പം വഴിയും അടയും. അടുത്തത്, തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാർക്ക് യേശു ഇടർച്ചക്കല്ലും തടങ്ങൽപ്പാറയുമാണ്. അവൻ നിത്യനായതുകൊണ്ട്, നിത്യ ഇടച്ചക്കല്ലും നിത്യ തടങ്കൽപ്പാറയുമാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ ആ പ്രയോഗം എത്ര വികൃതമായിരിക്കും? യേശു നിത്യനായതുകൊണ്ട്, അവൻ്റെ പദവികളൊക്ക നിത്യമാണെന്നു വിചാരിക്കാൻ; ത്രിത്വക്കാരുടെ തലയിൽ ചാണകമാണോ? എല്ലാം വിശദീകരിക്കണ്ടല്ലോ. അടുത്തത്, പുത്രത്വം നോക്കാം: യേശുവിൻ്റെ പുത്രത്വമാണ് സകല മനുഷ്യർക്കും രക്ഷ നല്കുന്നത്. ഇപ്പോൾ ആര് വിശ്വസിക്കുന്നുവോ, അവർക്കൊക്കെയും ദൈവപുത്രനിലൂടെ രക്ഷപ്രാപിക്കാൻ കഴിയും? അതിലൊരു സംശയവുമില്ലല്ലോ? (യോഹ, 1:12; 3:15,16; 20:31). പക്ഷെ, ഇന്ന് വൈകിട്ട് കർത്താവ് വന്നാലോ, സഭ എടുക്കപ്പെട്ടാലോ പിന്നെയാർക്കെങ്കിലും ഈ ദൈവപുത്രനിൽ വിശ്വസിക്കുന്ന കാരണത്തിൽ രക്ഷ കിട്ടുമോ? പിന്നെ ഏത് വകയിൽ, എന്തിനുവേണ്ടി യേശു നിത്യപുത്രനാകണം. യേശു പുത്രനായതുകൊണ്ടാണ് ദൈവമായതെന്ന് പറയുന്നവർ അവൻ ദൈവമാണെന്ന് ഒരിടത്തും വായിച്ചിട്ടില്ലേ? ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12), വീരനാം ദൈവം (യെശ, 9:6), സത്യദൈവം (1യോഹ, 5:20), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), സർവ്വശക്തനായ ദൈവം (വെളി, 19:6) ഇതൊക്കെ ആരാണ്? യേശു പുത്രനായതുകൊണ്ടല്ല ദൈവമാകുന്നത്; എന്നേക്കും ദൈവമായതുകൊണ്ടാണ് പുത്രനെന്ന പദവിയിൽ അവൻ വന്നത്. 

3. യഹോയല്ലാതെ ദൈവമില്ല: ഇനി, ത്രിത്വം പഠിപ്പിക്കുന്നപോലെ യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടെങ്കിൽ ആ പുത്രൻ ദൈവം തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ, യഹോവ പറയുന്നതൊന്നു ശ്രദ്ധിക്കുക: ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39; 44:6; 44:8; 45:5; 45:21; 45:22; 46:9). ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11; യെശ, 45:21; ഹോശേ, 13:5). യഹോവയ്ക്ക് സമനും സദൃശനുമില്ലെന്നും പറയുന്നു: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? … നിനക്കു തുല്യൻ ആർ?” (പുറ, 15:11). യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; 49:19; 50:44; മീഖാ, 7:18). നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6; യെശ, 40:25; 46:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്നും പറയുന്നു: ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. (ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). യഹോവയ്ക്ക് മറ്റൊരു ദൈവത്തെ അറിയില്ലെന്നാണ് പറയുന്നത്. യഹോവയ്ക്കോ പഴയനിയമ ഭക്തന്മാർക്കോ അറിയാത്ത ദൈവമായ ഒരു നിത്യപുത്രൻ, യഹോവയ്ക്കുണ്ടെന്ന് പറഞ്ഞാൽ; അത് വിശ്വസിക്കുന്നവർ വീണ്ടുംജനിച്ചവർ തന്നെയോ???…

4. ദൈവമോ ഒരുത്തൻ മാത്രം: ദൈവം ഏകനെന്നു പറഞ്ഞാൽ; ഏകനിൽ ഒരു ബഹുത്വമുണ്ടെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കും. പക്ഷെ, യഹോവ മാത്രം ദൈവമെന്ന് പറഞ്ഞാൽ അതിലെങ്ങനെ ബഹുത്വമുണ്ടാകും? “യഹോവ മാത്രമാണ് ദൈവമെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നു: (1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; സങ്കീ, 72:18; 83:18; 86:10; 148:13; യെശ, 2:11, 17; 26:13; 37:16; 37:20; 44:24; 45:24; മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15, 16; യൂദാ, 1:4; 1:24; വെളി, 15:4). ‘പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും’ പഴയപുതിയനിയമങ്ങൾ പറയുന്നു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10). ബൈബിളിൽ ഉടനീളം ദൈവം ഒരേയൊരു വ്യക്തിയാണെന്ന് പറയുമ്പോൾ; പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ഒരുത്തൻ മാത്രമല്ല, ത്രിയേകൻ അഥവാ മൂന്നു വ്യക്തിയാണെങ്കിൽ; യേശു നിത്യപുത്രനായാൽപ്പോലും എങ്ങനെ ദൈവമാകും???… 

അപ്പോൾ ഒരു ചോദ്യം വരും: പുത്രൻ ദൈവമാണെന്ന് പല വാക്യങ്ങളിലും പറഞ്ഞിട്ടുണ്ടല്ലോ. ശരിയാണ്: വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. യഹോവ മാത്രം ദൈവം അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്ന് പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. ബൈബിൾ പരസ്പരവിരുദ്ധമല്ല; പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണ്ടേ? യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് പരിശുദ്ധമനുഷ്യനായ യേശുക്രിസ്തു എന്നതിനാലാണ്; പിതാവായ ഏകദൈവം അഥവാ യഹോവ മാത്രം ദൈവമാണെന്നു പറയുന്നതും യേശുക്രിസ്തു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്. അല്ലാതെ, യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ബൈബിൾ ഒരു അബദ്ധപഞ്ചാംഗമായി മാറില്ലേ???…

5. അഭിഷിക്ത മനുഷ്യൻ: ക്രിസ്തു അഥവാ അഭിഷിക്തനായ പരിശുദ്ധമനുഷ്യൻ ചരിത്രമായിട്ട് 2,027 വർഷം ആകുന്നതേയുള്ളു. അതിനുമുമ്പ് യേശുക്രിസ്തു എന്നൊരു മനുഷ്യനില്ല. അപ്പോൾ ഒരു ചോദ്യം വരും: പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്നതായി അവൻതന്നെ അവകാശപ്പെടുന്നുണ്ടല്ലോ, അത് കള്ളമാണോ? അല്ല: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44. ഒ.നോ: ലൂക്കൊ, 22:37; യോഹ, 5:46; എബ്രാ, 10:7). അതെല്ലാം വരുവാനുള്ള മശീഹയെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. പ്രവചനം നിവൃത്തിയാകുമ്പോൾ മാത്രമാണ് അതൊരു ചരിത്രമാകുന്നതെന്ന് ഏവരും സമ്മതിക്കുമല്ലോ? എന്നാൽ യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനാണ്; അവനാണ് അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യരൂപം. പഴയനിയമത്തിൽ യഹോവയെന്ന നാമത്തിൽ ഭക്തന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയവനും, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടവനും.

6. ദൈവത്തിൻ്റെ പുത്രൻ: പഴയനിയമത്തിൽ ദൈവത്തിൻ്റെ പുത്രനെന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ പ്രധാനപ്പെട്ട എല്ലാ പദവികളും, പഴയനിയമത്തിൽ ദൈവം സ്വജനമായ യിസ്രായേലിനു നല്കിയതായിരുന്നു. ഉദാ: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ്/യജമാനൻ (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18, 21, 27). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ സ്വജനമായ യിസ്രായേലിന് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാലാണ്, ദൈവംതന്നെ തൻ്റെ ജനത്തെ രക്ഷിക്കാൻ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലക്കൊ, 1:32, 35) ജഡത്തിൽ വെളിപ്പെട്ടുകൊണ്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നതും (യോഹ, 4:22), രക്ഷയുടെ സുവിശേഷം യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണമെന്ന യേശുവിൻ്റെ വാക്കുകളും (ലൂക്കൊ, 24:47; പ്രവൃ, 1:8), പഴയനിയമത്തിൽ യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നതെന്നും (യെശ, 42:7; 49:6) ഇതിനൊപ്പം ചിന്തിക്കുക.

7. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: മനുഷ്യരുടെ പാപപരിഹാരാർത്ഥം എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത പരിശുദ്ധമനുഷ്യൻ്റെ പേരും; സർവ്വത്തിൻ്റെയും സ്രഷ്ടാവായ സർവ്വശക്തനായ ദൈവത്തിൻ്റെ പേരും; തൻ്റെ മക്കളെ സകലസത്യത്തിലും വഴിനടത്തുന്ന കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ പേരും പുതിയനിയമത്തിൽ യേശുക്രിസ്തു എന്നാണ്. (മത്താ, 28:19. ഒ.നോ: 2:38; 8:16; 10:48; 19:5: 22:16; യോഹ, 17:11, 12; 14:26). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32; 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:4-16; എബ്രാ, 2:14,15). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:5). ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിഞ്ഞു വിശ്വസിക്കുവാൻ ദൈവമായ കർത്താവ് എല്ലാവർക്കും കൃപ നല്കട്ടെ!

ഈ സത്യം ആർ വിളിച്ചുപറയും?

യേശുക്രിസ്തു ഏകസത്യദൈവമാണെന്നും, യഹോവ തന്നെയാണ് ക്രിസ്തുവെന്നും സഭയിൽ വിളിച്ചുപറഞ്ഞതിനാലും യേശുക്രിസ്തു നിത്യപുത്രനല്ല; നിത്യപിതാവാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കാരണത്താലും കൊച്ചിയിലെ പ്രശസ്തമായൊരു സഭയിൽനിന്നും പുറത്താക്കപ്പെട്ടവനാണ് ഞാൻ. ഇപ്പോഴവർ, ഞാൻ സാത്താനാണ്, അന്തിക്രിസ്തുവാണ്, രക്ഷിക്കപ്പെട്ടവനല്ല എന്നൊക്കെയാണ് പറയുന്നത്. ആകയാൽ, ഈ സത്യം ഞാനല്ലാതെ മറ്റാർ വിളിച്ചുപറയും???… 

“അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?”

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

“യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). 

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ വ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഒരാൾ; യേശു, അടുത്തയാൾ പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെയാൾ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം, ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തി. എന്നാൽ, അതിലെ വസ്തുതയെന്താണ്, എത്രപേർ അവിടെ ഉണ്ടായിരുന്നു എന്നതൊക്കെ നമുക്കൊന്നു പരിശോധിക്കാം:

1. സ്നാനത്തിൻ്റെ ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു. ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. 

2. സ്നാപകൻ കണ്ട ദർശനവും കേട്ട ശബ്ദവും: “അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” അവിടെക്കണ്ട ദർശനവും കേട്ട ശബ്ദവും അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല. യോഹന്നാൻ സ്നാപകന് മാത്രമുണ്ടായതാണ്: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37). “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, വരുവാനുള്ള മശീഹ യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). എന്നാൽ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദവും പ്രാവെന്നപോലെയുള്ള ദൈവാത്മാവിൻ്റെ ദർശനവുമാകട്ടെ,  സ്നാപകനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതാണ് യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവീകോദ്ദേശ്യം

3. ഇവൻ എന്റെ പ്രിയപുത്രൻ: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” പുതിയനിയമം തുടങ്ങുമ്പോൾത്തന്നെ ഗബ്രീയേൽ ദൂതൻ്റെ മൂന്ന് പ്രവചനങ്ങൾ കാണാം. ഒന്നാമത്തേത്; സ്നാപകനെക്കുറിച്ച് അവൻ്റെ അപ്പനായ സെഖര്യാവിനോടാണ്. (ലൂക്കൊ, 1:11-20). അടുത്ത രണ്ട് പ്രവചനങ്ങൾ യേശുവിനെക്കുറിച്ചാണ്. അതിൽ ആദ്യത്തേത് മറിയയോടാണ്: (ലൂക്കൊ, 1:28-38). അതിൻ്റെ 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” ദൂതൻ്റെ യോസേഫിനോടുള്ള മൂന്നാമത്തെ പ്രവചനത്തിലും ഇതു പറയുന്നുണ്ട്. (മത്താ, 1:21). ലൂക്കോസ് ഒന്നാം അദ്ധ്യായം 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” മറിയ പ്രസവിക്കുന്ന മകൻ അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനാണെന്നല്ല പറയുന്നത്; അത്യന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടുമെന്നാണ്. 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ദൈവപുത്രൻ മറിയയിൽനിന്ന് ജനിക്കുമെന്നല്ല പറയുന്നത്; ജനിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. വിളിക്കപ്പെടുമെന്നത് ഭാവീകമാണ്; അതിനാൽ അതൊരു പ്രവചനമാണ്. ആ പ്രവചനത്തിൻ്റെ നിവൃത്തിയാണ് യേശു ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ സംഭവിച്ചത്. 

4. ദൈവത്തിൻ്റെ പ്രകൃതി: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ‘അവരെ എന്നല്ല; അവനെ നമസ്കരിക്കുന്നവർ’ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. ദൈവംതന്നെ ഏകാത്മാവായിരിക്കെ, ദൈവവും ദൈവത്തിൻ്റെ ആത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ദൈവം ഏകാത്മാവും ഏകവ്യക്തിയുമല്ലെങ്കിൽ; താഴെപ്പറയുന്ന ആത്മാക്കളൊക്കെ ആരുടെയാണ്, ഏതൊക്കെയാണ്, എന്തൊക്കെയാണെന്ന് ആര് മറുപടി പറയും? ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2); യഹോവയുടെ ആത്മാവ് (ന്യായാ, 3:10); യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1). പിതാവിൻ്റെ ആത്മാവ് (മത്താ, 10:20); കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9); ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3); യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:9); കർത്താവിന്റെ ആത്മാവ് (2കൊരി, 3:17); ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9); യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7); പുത്രൻ്റെ ആത്മാവ് (ഗലാ, 4:6); ആത്മാവ് (മത്താ, 4:1); പരിശുദ്ധാത്മാവ് (മത്താ, 12:32); നിത്യാത്മാവ് (എബ്രാ, 9:14); കൃപയുടെ ആത്മാവ് (എബ്രാ, 10:29), ഏഴാത്മാക്കൾ (വെളി, 1:4; 4:5). 

5. ദൈവത്തിൻ്റെ ആത്മാവ്: ദൈവം ഏകാത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. അതായത്, ദൈവം തന്നെയാണ് പരിശുദ്ധാത്മാവായും ശക്തിയായും പ്രവർത്തിക്കുന്നത്. ഗബ്രിയേൽ ദൂതൻ മറിയയോട് പറയുന്നത് നോക്കുക: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെ ആത്മാവും ശക്തിയും ഒന്നുതന്നെയാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വ്യതിരിക്തനാണെങ്കിൽ, അത്യുന്നതൻ്റെ ശക്തി ആരാണെന്ന് പറയും? അടുത്തത്; യേശു ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് മത്തായിയിൽ പറയുന്നു: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (12:28). എന്നാൽ ലൂക്കൊസിലാകട്ടെ, അത്ഭുതങ്ങൾ നടന്നത് കർത്താവിൻ്റെ ശക്തിയാലാണെന്നും പറയുന്നു: “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.” (ലൂക്കോ, 5:17). ദൈവത്തിൻ്റെ ആത്മാവും ശക്തിയും ഒന്നാണെന്ന് ഇവിടെയും വ്യക്തമല്ലേ? “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29).

6. ദൈവവും ആത്മാവും: ഇയ്യോബിൽ ദൈവത്തിൻ്റെ ആത്മാവിനെയും ശ്വാസത്തെയും ഒന്നായി പറഞ്ഞിട്ടുണ്ട്: “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.” (33:4). ഇവിടെ ദൈവവും സർവ്വശക്തനും ഒരാളായിരിക്കുന്നതുപോലെ ദൈവത്തിൻ്റെ ശ്വാസവും ആത്മാവും ഒന്നുതന്നെയാണ്. അതിനാൽ, ദൈവം സൃഷ്ടിച്ചുവെന്ന് പറയുന്നതും ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചുവെന്ന് പറയുന്നതും ഒന്നുതന്നെയാണ്. ഉല്പത്തിയിൽ യഹോവയായ ദൈവമാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. (ഉല്പ,1:27). ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയതും യഹോവയാണ്. (ഉല്പ, 2:7). യഹോവ സൃഷ്ടിച്ചുവെന്ന് പറയുന്നതും ആത്മാവ് സൃഷ്ടിച്ചുവെന്ന് പറയുന്നതും, അത്യുന്നതൻ്റെ ശ്വാസം ജീവനെത്തന്നു എന്നൊക്കെ പറയുന്നത് ഒരേ കാര്യത്തിൻ്റെ വ്യത്യസ്ത പ്രയോഗങ്ങളാണെന്ന് മനസ്സിലാക്കാം. പരിശുദ്ധൻ (Holy One) എന്നത് ദൈവത്തിന്റെ ഉപനാമമാണ്. ആത്മാവായ ദൈവം തന്നെയാണ് പരിശുദ്ധ (Holy) ആത്മാവും (Spirit). അല്ലാതെ മറ്റൊരു വ്യക്തിയല്ല.

7. ദൈവവും പരിശുദ്ധാത്മും ശക്തിയും: ദൈവവും ദൈവത്തിൻ്റെ പരിശുദ്ധാത്മാവും ദൈവത്തിൻ്റെ ശക്തിയും വ്യത്യസ്തരല്ല; ഏക വ്യക്തിയാണെന്നതിനും തെളിവുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ‘ദൈവം യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ടു ദൈവം അവനോടു കൂടെയിരുന്നു’ എന്നാണ്. അഭിഷേകം ചെയ്തത് പരിശുദ്ധാത്മാവിനാലും ശക്തിയാലും; കൂടെയിരുന്നത് ദൈവം തന്നെയാണ്. പരിശുദ്ധാത്മാവിനെയും ശക്തിയെയും പിന്നെങ്ങനെ ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയും. പിരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വ്യതിരിക്തനായ വ്യക്തിയാണെന്നു വന്നാൽ; ശക്തിയും അതുപോലെ മറ്റൊരു വ്യക്തിയായി മാറില്ലേ? ദൈവത്തിൻ്റെ പരിശുദ്ധാത്മാവും ദൈവം തന്നെയാണ്; ശക്തിയും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയെയും ആത്മാവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നു എന്നുമാത്രം. എന്നാൽ ആത്മാവും ശക്തിയും ഒന്നാണെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിലും കണ്ടതാണ്. (മത്താ, 12:28; ലൂക്കോ, 5:17). 

8. യഹോവ, വചനം, ആത്മാവ്, ജ്ഞാനം, ഭുജം, ശക്തി, വിവേകം: ആദിയിൽ സകലവും സൃഷ്ടിച്ചത് യഹോവയാണ്. (ഉല്പ, 2:4, 7; പുറ, 20:11). അപ്പോൾത്തന്നെ യഹോവയുടെ വചനത്താൽ സൃഷ്ടിച്ചു: (സങ്കീ, 33:6; യോഹ, 1:3). യഹോവയുടെ ആത്മാവ് സൃഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 33:6; 104:30). യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12). യഹോവയുട ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; 32:17). യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12). യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു: (യിരെ, 10:12; 51:15) എന്നിങ്ങനെയും കാണുന്നു. മാത്രമല്ല യഹോവ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് അനവധി വാക്യങ്ങൾ വേറെയുമുണ്ട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16). യഹോവ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ദൈവത്തിൻ്റെ വചനത്തിൽ ആവർത്തിച്ചു പറഞ്ഞിരിക്കേ, യഹോവയും വചനവും ആത്മാവും ജ്ഞാനവും ഭുജവും ശക്തിയും വിവേകവും വ്യതിരിക്ത വ്യക്തികളാണെന്നും അവർ വേറെവേറെ ആകാശഭൂമികൾ സൃഷ്ടിച്ചുവെന്ന് ആരെങ്കിലും പറയുമോ? യഹോവ സൃഷ്ടിച്ചുവെന്ന് പറയുന്നതിൻ്റെ വ്യത്യസ്ത പ്രയോഗങ്ങളാണ് മറ്റുള്ളവ; അല്ലാതെ, വ്യത്യസ്ത വ്യക്തികളല്ല. ദൈവത്തിൻ്റെ വചനത്തെയും ആത്മാവിനെയും വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആക്കിയത് ബൈബിളില്ല; നിഖ്യാ സുന്നഹദോസാണ്.

9. പിതാവും പരിശുദ്ധാത്മാവും: പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്നതിൻ്റെ ഒരു സുപ്രധാന തെളിവുകൂടിയുണ്ട്: ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും ക്രിസ്തു പറഞ്ഞു. (മത്താ, 12:28. ഒ.നോ: പ്രവൃ, 10:38; മർക്കൊ, 3:29; ലൂക്കൊ, 12:10). കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). “രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.” (യോഹ, 8:17,18). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസും പറയുന്നത് പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നാണ്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ഒന്നുകൂടി പറഞ്ഞാൽ, ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരാളുതന്നെയാണ്. തന്മൂലം, യോർദ്ദാനിലെ സ്നാനക്കടവിൽ ഉണ്ടായിരുന്നത്: ദൈവാത്മാവായ ദൈവവും പരിശുദ്ധ മനുഷ്യനായ യേശുവുമാണ്. പിതാവെന്ന് അവിടെ പേർപോലും പറഞ്ഞിട്ടില്ലെന്നും കുറിക്കൊള്ളുക.

10. പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം: ഇനിയുമൊരു പ്രധാനപ്പെട്ട തെളിവു കൂടിയുണ്ട്. സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വാക്യവും ചേർത്ത് ചിന്തിക്കുക.

11. യേശുവിൻ്റെ പിതാവു: ദൈവത്തിൻ്റെ വചനമായ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന മേല്പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായി പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പറയുന്നവർ, താഴെപ്പറയുന്ന കാര്യത്തിന് എന്ത് സമാധാനം പറയും: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:15). പരിശുദ്ധാത്മാവിനാലാണ് മറിയ ഗർഭിണിയായതും, യേശുവെന്ന പരിശുദ്ധശിശു ജനിച്ചതും. പിതാവിന് യേശുവിൻ്റെ ജനനത്തിൽ എന്തെങ്കിലും പങ്കുള്ളതായി മറ്റൊരിടത്തും എഴുതിയിട്ടുമില്ല. ജനിപ്പിക്കുന്നവനെയാണ് പിതാവെന്ന് വിളിക്കുന്നത്. ആനിലയ്ക്ക് പരിശുദ്ധാത്മാവാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ പിതാവ്. പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും പിതാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന് വരില്ലേ? അല്ലെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ ശരിക്കും പിതാവല്ല പിതാവ്; പിതാവെന്ന് പറഞ്ഞിട്ടില്ലാത്ത പരിശുദ്ധാത്മാണ് പിതാവെന്ന് പറയുമോ? എന്തൊരു മാരക ഉപദേശമാണ് ത്രിത്വം. ദൈവത്തെ ഇത്രയേറെ വികൃതമായി ചിത്രീകരിച്ചിരിക്കുന്ന പൈശാചിക ഉപദേശം ലോകത്തിനി ഉണ്ടാകാനില്ല. ഏകസത്യദൈവമെന്നല്ലാതെ, ത്രിത്വമെന്നോ, ത്രിയേകത്വമെന്നോ, മൂന്നു വ്യക്തിയെന്നോ ബൈബിളല്ല പഠിപ്പിച്ചത്; ദൈവശാസ്ത്രമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അബദ്ധശാസ്ത്രമാണ്. ഇത്രയേറെ കുനുഷ്ഠുപിടിച്ച ഈ ഉപദേശം ദൈവത്തെയും അവൻ്റെ സത്യവചനത്തെയും ലോകത്തിനു മുമ്പിൽ അപഹാസ്യമാക്കിയെന്നല്ലാതെ, മറ്റൊരു പ്രയോജനവും ചെയ്തിട്ടില്ല.

12. യേശുവെന്ന പരിശുദ്ധമനുഷ്യൻ: പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; ഒരു വ്യക്തിയാണെങ്കിലും, പുത്രനെയും ചേർത്ത് രണ്ട് വ്യക്തി യോർദ്ദാനിൽ ഉണ്ടല്ലോ; അപ്പോഴും ദൈവത്തിനു ബഹുത്വമുണ്ടല്ലോന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട. യേശു ജഡത്തിൽ ദൈവം അല്ലായിരുന്നു. (യോഹ, 1:1). “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). യേശു ജഡത്തിൽ പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12), മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 59:7-9), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1;32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അബ്രാഹാമിൽ തുടങ്ങിയുള്ള രാജകീയ വംശാവലിയും (മത്താ, 1:16), ആദാം മുതലുള്ള മാനുഷിക വംശാവലിയും (ലൂക്കൊ, 3:23-38) യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന നിത്യപുത്രനെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കുന്ന ദൈവപുത്രൻ്റെ വംശാവലിയോ അല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചുവെന്ന പഠിപ്പിക്കുന്ന ദുരന്ത ഉപദേശമാണ് ത്രിത്വം. ഇനി, സ്വർഗ്ഗത്തിൽ ദൈവത്തിനൊരു നിത്യപുത്രനുണ്ടെങ്കിൽ ആ പുത്രൻ ദൈവം തന്നെ ആയിരിക്കുമല്ലോ. എന്നാൽ ദൈവത്തിന് ‘ഗതിഭേദത്താലുള്ള ആഛാദനമില്ലെന്നു’ ബൈബിൾ പറയുന്നു. (യാക്കോ, 1:17). ദൈവം എന്നും ഒരുപോലെയുള്ളവനാണ്. ദൈവത്തിന് തൻ്റെ സ്വഭാവം ത്യജിക്കാൻ കഴിയാത്തപോലെ (2തിമൊ, 2:13), രൂപവും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 1:17). അപ്പോൾ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചുവെന്ന് പഠിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചു പറയുമ്പോൾ, ആദ്യം പറയുന്നത്. ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുന്നത് ആരാണെന്നാണ്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). ദൈവപുത്രൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യുമെന്നല്ല; യഹോവയായ ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യുമെന്നാണ്. (ഒ.നോ:  മത്താ, 1:22; യെശ, 7:14). അതായത്, ജീവനുള്ള ദൈവമായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് യേശു. പൗലൊസിനു ലഭിച്ച ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യത്തിൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ക്യത്യമായി പറഞ്ഞിട്ടുണ്ട്. (1തിമൊ, 3:14-16). (വിശദമായി അറിയാൻ കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

13. വെളിപ്പാടും അവതാരവും: ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന നിത്യപുത്രൻ അവതരിച്ചതാണ് യേശുക്രിസ്തുവെന്ന ദുരുപദേശമാണ്; സത്യദൈവത്തിൻ്റെ പ്രകൃതി അറിയാൻ കഴിയാതെവണ്ണം വിശ്വാസികളുടെ ഹൃദയങ്ങൾ കുരുടാകാനുള്ള ഒരുകാരണം. വെളിപ്പാടും അവതാരവും ഒന്നുതന്നാണെന്നു വിശ്വസിക്കുന്നവരും, വെളിപ്പാടായാലും അവതാരമായാലും ഇപ്പോഴെന്താ കുഴപ്പമെന്ന് ചോദിക്കുന്നവരുമുണ്ട്. സത്യദൈവത്തിന് വെളിപ്പെട് അഥവാ പ്രത്യക്ഷനാകനല്ലാതെ, അവതാരമെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവുപോലും അനേകർക്കില്ല. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം പ്രത്യക്ഷനാകുകയാണ്. പയയനിയമത്തിൽ യഹോവയെന്ന നാമത്തിൽ അനേകർക്ക് വെളിപ്പെട്ടവൻ തന്നെയാണ് പുതിയനിയമത്തിൽ യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടവൻ. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരമെന്നാൽ; തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” ജഡത്തിൽ വന്നതിനോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും, പുനരുദ്ധാനശേഷം വന്നത് പതിമൂന്നു പ്രാവശ്യവും, മഹത്വത്തിൽ വരുവാനുള്ളത് പതിനെട്ട് പ്രാവശ്യവും വെളിപ്പാടെന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്.  ഒരിക്കൽപ്പോലും അവതാരം (incarnation) എന്നു പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

വെളിപ്പെട്ട ദൈവത്തെ അവതരിച്ച ദൈവമാക്കണമെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തെക്കൂടാതെ ഒരു നിത്യപുത്രൻക്കൂടി ഉണ്ടാകണം. അതാണ് “സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും; പ്രകാശത്തിൽനിന്നുള്ള പ്രകാശവും; സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും; തത്വത്തിൽ പിതാവിനോട് ഏകത്വം ഉള്ളവനുമായ നിഖ്യാവിശ്വാസപ്രമാണത്തിൻ്റെ ഉല്പന്നം.”

അപ്പോസ്തലനായ പൗലോസ് 2കൊരിന്ത്യർ 11:2,3-ൽ സഭയെക്കുറിച്ചുള്ള തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” പൗലൊസിൻ്റെ ഈ ഭയം അസ്ഥാനത്തല്ലെന്ന്; നിഖ്യാ സുന്നഹദോസ് തെളിയിച്ചു. ദൈവം ഒരേയൊരു വ്യക്തിയായിരിക്കെ, ദൈവം ത്രിത്വമാണെന്നും മൂന്ന് വ്യക്തിയാണെന്നും പഠിപ്പിക്കുകവഴി, അല്ഫയും ഒമേഗയും (വെളി, 1:8; 21:6), ആദിയും അന്തവും (വെളി, 21:6; 22:13), ആദ്യനും അന്ത്യനും (വെളി, 1:17; 2:8), ഒന്നാമത്തവനും ഒടുക്കത്തവനും (വെളി, 22:13) എന്നൊക്കെ ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവമായവൻ ത്രിത്വത്തിൽ രണ്ടാമനായി; ദൈവത്തിനില്ലാത്ത ഒരു നിത്യപുത്രനുണ്ടായി; വെളിപ്പെട്ടവൻ അവതരിച്ചവനായി; മറിയ ദൈവമാതാവും സഹരക്ഷകയുമായി; സഭയുടെ കാന്തനായ ക്രിസ്തു സഭയ്ക്ക് പുറത്തുമായി. അങ്ങനെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു സഭ വഷളായുംപോയി. ഇപ്പോൾ പലർക്കും വേർപെട്ട വിശ്വാസികളെന്ന് പേരുണ്ടെങ്കിലും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം യേശുക്രിസ്തുവാണെന്ന് അറിയാത്ത കാരണത്താൽ മൂവരിൽ ആരെ ആരാധിക്കണം എന്നറിയാതെ, ഇരുട്ടിൽ തപ്പുകയാണ്. പരിശുദ്ധാത്മാവിനെ ആരാധിക്കാനും അവനോട് പ്രാർത്ഥിക്കാനും പറഞ്ഞിട്ടില്ല, പിതാവിനെ പുത്രൻ്റെ നാമത്തിൽ ആരാധിക്കാം; പിതാവിനെ നേരിട്ട് ആരാധിക്കാൻ പാടില്ല; പുത്രനെ ആരാധിക്കാമോന്ന് അറിയത്തില്ല എന്നിങ്ങനെ പരസ്പര വിരുദ്ധമായിട്ടാണ് പണ്ഡിതന്മാർ പുലമ്പുന്നത്. പിതാവാദികൾ, പുത്രവാദികൾ, പരിശുദ്ധാത്മവാദികൾ എന്നിങ്ങനെ നൂറുകണക്കിനു വിഭാഗങ്ങളുമായി; ഉപായിയായ സർപ്പം ജയിച്ചു സഭ തോറ്റു.

യേശുവിൻ്റെ സ്നാനത്തിൽ യോർദ്ദാനിൽ സന്നിഹിതരായവർ മൂന്നുപേരാണ്: പിതാവായ ഏകദൈവം അഥവാ ദൈവാത്മാവ്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ; യോഹന്നാൻ സ്നാപകൻ. അല്ലാതെ, ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെന്നും അവർ സ്നാനക്കടവിൽ സമ്മേളിച്ചു എന്നൊക്കെ പറയുന്ന പൈശാചിക ഉപദേശം കെട്ടിപ്പൂട്ടി പെട്ടിയിൽ വെച്ചോണ്ടാൽ മതി. മേല്പറഞ്ഞ ദൈവവചനസത്യങ്ങൾ ബൈബിളിൽ നിന്ന് പരിശോധിച്ച് ഉറപ്പുവന്നശേഷം മാത്രം വിശ്വസിക്കുക. അതിനായി, ഏകസത്യദൈവമായ യേശുക്രിസ്തു ഓരോരുത്തരെയും സഹായിക്കട്ടെ!