പരിശുദ്ധാത്മാവ് ആരാണ്?

☛ ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടെന്നോ. അദൃശ്യമായ സാന്നിധ്യമെന്നോ പറയാം. അതായത്, ആകാശങ്ങളുംഭൂമിയും നിറഞ്ഞുനിൽക്കുന്ന ആത്മാവായ ദൈവം മനുഷ്യനിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യന്നത് പരിശുദ്ധാത്മാവെന്ന തൻ്റെ വെളിപ്പാടിലൂടെയാണ് (യിരെ, 23:24; യോഹ, 4:24 – യോഹ, 3:6-8; 2ശമൂ, 23:2). അതുകൊണ്ടാണ്, ആത്മാവ് വരും (യോഹ, 16:13), ആത്മാവിനെ തരും (യോഹ, 14:16), ആത്മാവിനെ അയക്കും (യോഹ, 16:7), അത്മാവ് അവൻ്റെമേൽ വന്നു (ന്യായാ, 14:6) എന്നേക്കും കൂടെയിരിക്കും (യോഹ, 14:16), ആത്മാവ് വിട്ടുപോയി (1ശമൂ, 16:14) എന്നൊക്കെ പറയുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം പുൽക്കൊടിക്ക് സമനായ മനുഷ്യനോട് ഇടപെടാനും അവൻ്റെ ഉള്ളിൽ വസിക്കാനും എടുക്കുന്ന പ്രത്യേക വെളിപ്പാടാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടാണ്. വരും, വന്നു, പോയി എന്നൊക്കെ പറയുന്നത്. അല്ലാതെ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കുറിച്ചാണെങ്കിൽ ഈ പ്രയോഗങ്ങൾ നിരത്ഥകമാണ്. അതായത്, പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്: (1കൊരി, 8:5-6 ⁃⁃ പ്രവൃ, 5:3-4; 5:9; 1കൊരി, 3:16-17; 6:19; 2കൊരി, 3:17-18). ദൈവം മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ❛വ്യക്തി❜ (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. ❝ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല.❞ പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:

❶ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.

❷ യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). അതിനാൽ, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

❸ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാർ പല വേദഭാഗങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ഈ വേദഭാഗത്ത്, ആത്മാവിനെ സത്യവേദപുസ്തകത്തിൽ “ശ്വാസം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന് ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.

❹ യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

❺ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്.

❻ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

❼ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

❽ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

❾ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5; 3:6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1; 5:18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.

❿ അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

⓫ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്രകാരമാണ്: “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. മറ്റൊരു വാക്യം: “ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:17). ശ്രദ്ധിക്കുക: “ദൈവത്തിന്റെ മന്ദിരം” നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. വിശ്വാസിയുടെ ഉള്ളിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതുകൊണ്ടാണ്, “ദൈവത്തിൻ്റെ മന്ദിരം” എന്ന് വിശേഷിപ്പിക്കുന്നത്. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് വാക്കും ഭാഷണവും കൂടാതെ മനസ്സിലാക്കാം.

⓬ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പുത്രൻ “പിതാവിനെ” അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് “പുത്രനെ” അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. അതിനാൽ പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.

⓭ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ്. അതിൽ, പിതാവും പരിശുദ്ധാത്മാവും ഒരിക്കലും വിഭിന്നരായിരുന്നിട്ടില്ല. പുത്രൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലുള്ള വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യ വ്യക്തിയായിരുന്നു; (1തിമൊ, 2:5-6; 3:14-16). പിതാവിനെയും പുത്രനെയും ചേർത്ത് ബഹുവചനം പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്. ഉദാ: (യോഹ, 14:23; 17:11,21,23). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പിതാവിനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പരിശുദ്ധാത്മാവിനെയും പുത്രനെയും ചേർത്തോ ഒരിക്കലും ബഹുവചനം പറഞ്ഞതായി കാണാൻ കഴിയില്ല. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ് അപ്രകാരം കാണാത്തത്.

⓮ ദൈവം ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്: “ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24. ഒ.നോ: 2കൊരി, 3:17-18). വാക്യം ശ്രദ്ധിക്കുക: “ദൈവം ആത്മാവ് ആകുന്നു” എന്നു പറഞ്ഞശേഷം, “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” ഏകവചനത്തിലാണ് പറയുന്നത്. പരിശുദ്ധാത്മാവും ആത്മാവ് തന്നെയാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്ന ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, “അവനെ നമസ്കരിക്കണം” എന്ന് ഏകവചനത്തിലല്ല; “അവരെ നമസ്കരിക്കണം” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ, ഭാഷാപരമായി യാതൊരു തെറ്റും വചനത്തിലില്ല: (2തിമൊ, 3:16). അതിനാൽ, പരിശുദ്ധത്മാവും ദൈവവും ഭിന്നരല്ലെന്ന് വ്യക്തമാണ്. “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്: “ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: വെളി, 15:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ആത്മാവിനെ “പരിശുദ്ധ ആത്മാവു” എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ, പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല.

⓯ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22; മത്താ, 3:16; 4:1; ലൂക്കൊ, 4:1). പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). പിതാവായ ദൈവമാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2. ഒ.നോ: ലൂക്കൊ, 5:7). എന്നാൽ ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; “പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും” എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി: (യോഹ, 8:16,29; 16:32).

⓰ പരിശുദ്ധാത്മാവ് കേലം ശക്തിയല്ല എന്നതിൻ്റെ തെളിവുകൾ:

𝟭. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.” (പ്രവൃ, 10:38). ഇവിടെ പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ച് പറയുമായിരുന്നോ?

𝟮. “പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ. (റോമർ 15:13 ⁃⁃ 15:18). ഈ രണ്ട് വാക്യങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകുമോ?

𝟯. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.❞ (ലൂക്കൊ, 3:22). ❝യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32). ഈ രണ്ട് വാക്യങ്ങൾ ചേർത്തുപഠിച്ചാൽ, ❛പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ❜ ഒരു പ്രാവ് പറന്നിറങ്ങുന്നതുപോലെ യേശുവിൻ്റെമേൽ ആവസിച്ചതായി യേഹന്നാൻ കണ്ടു. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ഒരു ശക്തിയെ യോഹന്നാൻ സ്നാപകൻ കണ്ടെന്ന് പറയുമോ?

𝟰. “ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.” (പ്രവൃ, 8:29). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്: പ്രവൃ, 10;19-20; 13:2; 21:11). പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, ആ ശക്തിക്ക് സംസാരിക്കാൻ എങ്ങനെ കഴിയും?

𝟱. “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). ഈ വാക്യങ്ങളിൽ, പരിശുദ്ധാത്മാവിൻ്റെ നാമത്തെക്കുറിച്ച് കാണാം. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ആ ശക്തിയോട് ചേർത്ത് ഒരു നാമം (Onoma – Name) പറയുമായിരുന്നോ?

𝟲. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). ഈ വാക്യങ്ങളിൽ, വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും, ആ മന്ദിരത്തിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവ് വ്യക്തികളുടെ മന്ദിരമെന്നും വാസം ചെയ്യുന്നു എന്നും പറയുമായിരുന്നോ?

𝟳. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). ജാതികളിൽനിന്നു വിശ്വാസത്തിലേക്ക് വന്നവരുടെമേൽ അധികമായ ഭാരം ഒന്നും ചുമത്തരുതെന്ന് പ്രഥമ യെരൂശലേം കൗൺസിലിൽ തീരുമാനം എടുത്ത കാര്യമാണ് പറയുന്നത്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ എങ്ങനെ കഴിയും?

𝟴. പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്: (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). പരിശുദ്ധാത്താവിനോടു വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3). പരിശുദ്ധാത്താവിനോടു മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:51). ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 4:30). ഇതൊക്കെ, ഒരു ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ?

𝟵. ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്: (റോമ, 8:27; 1കൊരി, 2:10-11). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (1കൊരി, 12:11). അറിവ്, ഇച്ഛ, വികാരം പോലുള്ളവ ഒരു ശക്തിയിൽനിന്ന് ഉളവാകുന്നത് എങ്ങനെയാണ്?

𝟭𝟬. പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), അയക്കുന്നതായും (പ്രവൃ, 10:20) സംസാരിക്കുന്നതായും (പ്രവൃ, 8:29), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊക്കെ ഒരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ?

𝟭𝟭. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെ, ❛“ദൈവം ആത്മാവാകുന്നു” (God is Spirit) എന്ന് പറയാൻ ഗ്രീക്കിൽ “പ്ന്യൂമ ഹോ തെയോസ്” (Pneuma ho Theos) എന്നാണ്. ഇതിലെ ⟦❛പ്ന്യൂമ❜ ഉച്ചാരണം (Pronunciation) ‘ന്യൂമ’⟧ എന്ന നാമപദം (Noun) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. 250-തോളം പ്രാവശ്യം പരിശുദ്ധാത്മാവിനു് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “ആത്മാവായ കർത്താവു” (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). പിന്നെങ്ങനെ ആത്മാവ് ശക്തിയാണെന്ന് പറയാൻ കഴിയും?

“പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും യഥാർത്ഥത്തിൽ, ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല. “