ഏകമനുഷ്യനായ യേശുക്രിസ്തു
“എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15)
പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6) നമ്മുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച ക്രിസ്തു പാപമറിയാത്ത ഒരു മനുഷ്യനായിരുന്നെന്നും ബൈബിൾ സ്ഫടികസ്ഫുടം പറഞ്ഞിട്ടും, ആ മനുഷ്യനും ദൈവമാണെന്നു വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. “ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു. യേശുക്രിസ്തുവിനെ അപ്രകാരം ഏറ്റുപറയാത്ത ഒരാത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അത് ക്രിസ്തുവൈരിയുടെ ആത്മാവാകുന്നു. ക്രിസ്തുവൈരി വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ക്രിസ്തുവൈരി ലോകത്തിലുണ്ട്.” (1യോഹ, 4:2,3. സത്യവേദപുസ്തകം സമകാലിക പരിഭാഷ). “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോടു ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്: (യോഹ, 8:19). ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അഥവാ ദൈവപിതാവിനെ ആരും അറിയാൻ പോകുന്നില്ല.
മനുഷ്യനായ യേശുക്രിസ്തുവിൻ്റെ തെളിവുകൾ കാണാം:
1. പുതിയനിയമത്തിൻ്റെ ആമുഖം: അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). പുതിയനിയമത്തിൻ്റെ ആമുഖവാക്യമാണിത്. ഏതൊരു പുസ്തകത്തിൻ്റെയും ആമുഖത്തിൽ കേന്ദ്രകഥാപാത്രത്തെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടാകും. ഒന്നാംവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൈവപുത്രനോ അല്ല ജനിക്കുന്നത്; ഒരു മനുഷ്യനാണെന്നു ആർക്കും മനസ്സിലാകും. ഇനി, ചിലർ കരുതുന്നപോലെ, ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനും ദൈവവുമാണ് ജനിക്കുന്നതെങ്കിൽ, ആമുഖവാക്യത്തിൽ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനെന്നു അവനെ വിശേഷിപ്പിക്കില്ലായിരുന്നു. പുതിയനിയമത്തിൻ്റെ ആകെത്തുക ക്രിസ്തുവാകുന്ന സുവിശേഷമാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദെന്ന മനുഷ്യൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായിരുന്നെങ്കിൽ, സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ?
2. വംശാവലി: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി ജനിച്ചത് ദൈവമാണെന്നാണ് പലരും വിശ്വസിക്കുന്നത്. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ ഇല്ലാതിരിക്കെ, ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് രാജാവുവഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ഇതൊരു മനുഷ്യൻ്റെ വംശാവലിയാണ് അല്ലാതെ, ദൈവത്തിൻ്റെയോ, ദൈവപുത്രൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ വംശാവലിയല്ല.
3. ഉത്ഭവം: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). വചനം ജഡമായി അഥവാ മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; മറിയയുടെ ഉദരത്തിലാണ്. വചനം ഒരു മനുഷ്യനായിത്തീരുകയാണ് ചെയ്തത്; അല്ലാതെ, ദൈവമായിത്തീരുകയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനായി തീരുകയോ അല്ല ചെയ്തത്. കാലസമ്പൂർണ്ണതയിൽ മനുഷ്യനായി തീർന്നത്, ദൈവത്തിൻ്റെ വായിലെ വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4).
4. കന്യകാജാതൻ: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.” (മത്താ, 1:22). “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കോ, 1:31). “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7). മറിയ പ്രസവിച്ചത് അവളുടെ മകനെ, അവളുടെ ആദ്യജാതനെ അഥവാ മൂത്തപുത്രനെയാണ്. മറിയയുടെ ആദ്യജാതൻ ദൈവമാണെങ്കിൽ, അനന്തരജാതരും ദൈവങ്ങളാകണ്ടേ? (മർക്കൊ, 6:3). മറിയ പ്രസവിച്ചത് മനുഷ്യനെയാണ്; അല്ലാതെ ദൈവത്തെയോ, ദൈവപുത്രനെയോ അല്ല പ്രസവിച്ചത്; ഒരു മനുഷ്യസ്ത്രീ എങ്ങനെ ദൈവത്തെ പ്രസവിക്കും? അല്ലെങ്കിൽ, അനാദിയായും ശ്വാശതമായും ദൈവമായവന് എങ്ങനെ ജനിക്കാൻ കഴിയും? ഇനി, വചനവിരുദ്ധമായി ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ കത്തോലിക്കരെപ്പോലെ അവൾ ദൈവമതാവാണെന്ന് വിശ്വസിക്കേണ്ടതല്ലയോ?
5. പരിച്ഛേദന: “എട്ടാം ദിവസം ആയപ്പോള്‍ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗര്‍ഭത്തില്‍ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതന്‍ നല്‌കിയ പേരായിരുന്നു അത്.” (ലൂക്കോ, 2:21. സ.വേ.പു.സ.പ). എല്ലാ യെഹൂദാ പുരുഷപ്രജയും ചെയ്യുന്നതുപോലെ യേശുവും പരിച്ഛേദന ഏറ്റു. അവൻ മനുഷ്യനായതുകൊണ്ടാണ് പരിച്ഛേദന ഏറ്റത്. ദൈവത്തെയാണ് പരിച്ഛേദന കഴിച്ചതെന്നാണ് ട്രിനിറ്റി വിശ്വസിക്കുന്നത്; വല്ലാത്തൊരു വിശ്വാസംതന്നേ!
6. ആദ്യജാതൻ്റെ വീണ്ടെടുപ്പ്: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7). യേശുവെന്ന മനുഷ്യൻ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ടാണ് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആദ്യജാതന്മാരെപ്പോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തത്: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). മറിയയെന്ന സ്ത്രീയുടെ ആദ്യജാതൻ ദൈവവും അനന്തരജാതർ മനുഷ്യരുമാകുന്നത് എങ്ങനെയാണ്? (മർക്കൊ, 6:3). “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്ന പ്രയോഗംതന്നെ ജനിച്ചവൻ ഒരു പൂർണ്ണമനുഷ്യൻ മാത്രമാണെന്നതിന് തെളിവാണ്.
7. വളർച്ചയും വികാസവും: “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ ക്രിസ്തുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്. ദൈവം മനുഷ്യരുടെ കൃപയിൽ മുതിർന്നുവന്നു എന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി.
8. ക്രിസ്തു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോസ് 3:21,22). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18,19). യേശുവെന്ന മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23) യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. അതായത്, കന്യകയായ മറിയയുടെ ഉദരത്തിൽനിന്നല്ല ക്രിസ്തു ജനിച്ചത്; യോർദ്ദാനിൽവെച്ച് ദൈവത്താലാണ്.
9. ദൈവപുത്രൻ: “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊ, 1:32), “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളായിരുന്നു; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ പാപമറിയാത്ത സന്തതി (2കൊരി, 5:21) ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്നത്. ആ പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു, സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗ്ഗത്തിൽനിന്നുകേട്ട ദൈവപിതാവിൻ്റെ ശബ്ദം. അല്ലാതെ ജനനത്തിൽ അവൻ ദൈവപുത്രനായിരുന്നില്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും പുത്രനായിരുന്നു. (മത്താ, 1:1; ലൂക്കൊ, 1:35; 2:7). അതായത്, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല; പിന്നെയും മുപ്പതു വർഷംകഴിഞ്ഞ് യോർദ്ദാനിൽവെച്ച് ദൈവത്താലാണ്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാകും?
10. ക്രിസ്തുവിൻ്റെ പരീക്ഷ: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1-3). പഴയനിയമത്തിൽ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദം ചോദിക്കുന്ന സാത്താനെ കാണാം: (ഇയ്യോ, 1:6-12; 2:1-7). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും തൊടണമെങ്കിൽ ദൈവത്തിൻ്റെ അനുവാദം വേണമെന്നുള്ളത് അതിനാൽ വ്യക്തമാണല്ലോ? അപ്പോൾ, ക്രിസ്തു തന്നിൽത്തന്നെ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ ആയിരുന്നെങ്കിൽ സാത്താനെങ്ങനെ അവനെ പരീക്ഷിക്കാൻ പറ്റും? ദൈവത്തെക്കാൾ വലിയവനാണോ സാത്താൻ? ആത്മാവായ ദൈവമാണ് ക്രിസ്തുവിനെ പരീക്ഷയിലേക്ക് നടത്തുന്നത് അഥവാ ക്രിസ്തുവിന് പരീക്ഷ അനുവദിക്കുന്നത്. ക്രിസ്തു പാപമറിയാത്ത മനുഷ്യനാണെന്നല്ലാതെ, ദൈവവുമായിരുന്നാൽ; ഒരു ദൈവം മറ്റൊരു ദൈവത്തെ പരീക്ഷിക്കാൻ അനുവദിച്ചുവെന്നുവരും. അതൊക്കെ ഒരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ?
11. ക്രിസ്തുവിനോടു നമസ്കാരം ആവശ്യപ്പെടുന്ന സാത്താൻ: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്തായി 4:9,10). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ക്രിസ്തുവിൽ ദൈവം മറഞ്ഞിരിക്കുകയായിരുന്നു എന്നും ദൈവത്വത്തിനു മീതെ മനുഷ്യത്വം ധരിച്ചിരിക്കുകയായിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെയാണെങ്കിൽ സാത്താനത് അറിയാതിരിക്കുമോ?
12. ആത്മീയത: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16. ഒ.നോ. 2:41-46; 4:16-20). ക്രിസ്തു പതിവായി പള്ളിൽ പോകയും, ദൈവാലയം സന്ദർശിക്കുകയും, തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. ക്രിസ്തു പൂർണ്ണമനുഷ്യനാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണിത്.
13. പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ ക്രിസ്തു പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണമോ? ഒരുദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?
14. ക്രിസ്തുവിൻ്റെ പൂർണ്ണമായ മനുഷ്യപ്രകൃതി: ക്രിസ്തുവിന് യഥാർത്ഥ മനുഷ്യപ്രകൃതി സ്വായത്തമായിരുന്നു. അവൻ്റെ പ്രകൃതി, മനുഷ്യപ്രകൃതിയും പാപരഹിതവുമായിരുന്നു:
I. ശരീരം: “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;” (1പത്രൊ, 2:24. ഒ.നോ: മത്താ, 26:12; 27:26,35; യോഹ, 12:3; 19:32; കൊലൊ, 1:22; എബ്രാ, 2:14; 10:5,29). ക്രിസ്തുവിനു ഭൗതിക ശരീരം ഉണ്ടായിരുന്നു. എന്നാൽ, ദൈവം ആത്മാവാകുന്നു: (യോഹ, 4:24)
II. രക്തം: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എല്ലാ മനുഷ്യരിലും ഉള്ളതുപോലെ ജീവദായകമായ രക്തം അവനുണ്ടായിരുന്നു. (ലേവ്യാ, 17:11,14).
III. അസ്ഥി: “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.” (യോഹ, 19:36). ദൈവത്തിന് അസ്ഥിയും മാംസവുമൊന്നുമില്ല.
IV. ദേഹി: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.” (മത്താ, 26:38). “അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും” (യെശ, 53:12). സംവേദനക്ഷമമായ (Sensitive) ഒരു പ്രാണൻ അവനുണ്ടായിരുന്നു.
V. ആത്മാവ്: “യേശു അത്യുച്ചത്തിൽ, പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു;” (ലൂക്കോ, 23:46). ക്രിസ്തുവിന് ഒരു മനുഷ്യാത്മാവ് ഉണ്ടായിരുന്നു.
15. പാപരഹിതമായ പരിമിതികൾ: മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികളും ക്രിസ്തുവിനുണ്ടായിരുന്നു:
I. പരീക്ഷിക്കപ്പെട്ടു: “പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1). “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” (എബ്രാ, 2:18. ഒ.നോ: എബ്രാ, 4:15)
II. വിശപ്പ്: “അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.” (മത്താ, 4:2; ലൂക്കൊ, 4:2). “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12)
III. ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28)
IV. ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6)
V. ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24)
VI. കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35)
VII. ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34)
VIII.. പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44)
IX. വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). അവൻ മനുഷ്യൻ ആയതുകൊണ്ടാണ് കഠിനമായി വിയർത്തത്.
16. ക്രിസ്തുവിൻ്റെ വയസ്സ്: “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കോ, 2:42). “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കോ, 3:23). സൃഷ്ടികളെങ്കിലും മരണമില്ലാത്തവർ ആകയാൽ ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല; അതിനാൽ, ഇവിടെ പറഞ്ഞിരിക്കുന്നത് സർവ്വത്തിൻ്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെയല്ല, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ വയസ്സാണെന്ന് ദയമായി മനസ്സിലാക്കണം.
17. പാപമറിയാത്തവൻ: “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22). “അവനിൽ പാപം ഇല്ല.” (1യോഹ, 3:5). “പാപം അറിയാത്തവൻ.” (2കൊരി, 5:21). “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ.” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗത്തിൽ വസിക്കുന്നവനും സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്തവനും പാപംചെയ്യാൻ കഴിയാത്തവനുമായ പരിശുദ്ധദൈവത്തെക്കുറിച്ചല്ല. മുപ്പത്തിമൂന്നര വർഷം പാപലോകത്തിൽ ജീവിച്ചവനും പാപികളോടുകൂടെ സഹവസിച്ചിട്ടും പാപം ചെയ്യാതെ, പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനുമായി ജീവിച്ച പൂർണ്ണമനുഷ്യനെ കുറിക്കുന്ന പ്രയോഗങ്ങളാണ്.
18. അത്യുന്നതനും മനുഷ്യനും: ദൈവം അത്യുന്നതനാണ്: “നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.” (ഇയ്യോ, 36:26). ദൈവപുത്രൻ അത്യുന്നതൻ്റെ ശക്തിയാൽ കന്യകയിൽ ജനിച്ചവനാണ്: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). ക്രിസ്തു പറയുന്നത് കേൾക്കുക: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല.” (മർക്കൊ, 10:18). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49).
19. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:” (എബ്രാ, 2:11). മനുഷ്യനെന്ന നിലയിൽ ക്രിസ്തുവിൻ്റെ പിതാവാണ് ദൈവം. സകലത്തിനും കാരണഭൂതനും സ്രഷ്ടാവുമായ ഏകദൈവത്തിന് ഒരു പിതാവുണ്ടാകുക സാദ്ധ്യമല്ല: (1കൊരി, 8:6; 11:12; 2കൊരി, 5:18). സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: “പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.” (എബ്രാ 2:11. ഒ.നോ: യോഹ, 20:17).
20. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. ക്രിസ്തുവും ദൈവമാണെന്നു പറയുന്നവർ ഒരു ചെറിയ ദൈവവും ഒരു വലിയ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളാണ്. മാത്രമല്ല, “തനിക്കു സമനായും സദൃശനായു ആരുമില്ലെന്നും” (യെശ, 40:25) “തനിക്ക് മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല” (യെശ, 43:10) എന്നൊക്കെ അരുളിച്ചെയ്യുന്ന യഹോവയായ ഏകദൈവത്തെ ഭോഷ്ക്കു പറയുന്നവനും ആക്കുന്നു.
21. ദൂതന്മാരിലും താഴ്ചയുള്ള ക്രിസ്തു: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). എല്ലാവർക്കുംവേണ്ടി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായിരുന്നെന്ന് ദൈവത്തിൻ്റെ ആത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്തെന്നാൽ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും മരണമില്ല. മരിച്ചത് മനുഷ്യനാണെന്നും എഴുതിവെച്ചിട്ടുണ്ട്: (1തിമൊ, 2:6). എന്നിട്ടും, ക്രൂശിൽ മരിച്ചവൻ പൂർണ്ണമനുഷ്യനാണെന്നു മനസ്സിലാക്കാതെ, അവൻ ദൈവമായിരുന്നെന്നും ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി ഉള്ളവനായിരുണെന്നും ദൈവത്വം ഒളിപ്പിച്ചു വെച്ചിരിക്കയായിരുന്നു എന്നൊക്കെ പറയുന്നവർ ആത്മാവിനെതിരെ ദൂഷണം പറയുകയാണെന്ന് ഓർത്തുകൊള്ളുക. മാത്രമല്ല, ദൂതന്മാരെക്കാൾ താഴ്ചയുള്ള ദൈവമായിരുന്നു ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരുടെ മാനസികനില പരിശോധിക്കേണ്ടിയിരിക്കുന്നു.
22. ക്രൂശിൽ മരിച്ച മനുഷ്യൻ: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46). ഏതൊരു ഭക്തനെപ്പോലെയും യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് തന്നെത്താൻ ദൈവത്തിന് യാഗമായി അർപ്പിച്ചത് ദൈവാത്മാവിലാണ്: (എബ്രാ, 9:14. ഒ.നോ: പ്രവൃ, 7:59). ഇതൊരു മനുഷ്യൻ്റെ മരണമാണ്; അല്ലാതെ, ദൈവത്തിൻ്റെ മരണമല്ല. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: 1കൊരി, 15:21).
23. ആത്മാവിനാൽ മരണം വരിച്ചവൻ: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). പരിശുദ്ധാത്മാവിനാലാണ് കന്യകയുടെ ഉദരത്തിൽ ഉരുവായത്. (മത്താ, 1:18,20; ലൂക്കൊ, 1;35). പരിശുദ്ധാത്മാവാവിലാണ് ക്രിസ്തു തന്നെത്തന്നെ ദൈവത്തിനർപ്പിച്ചത്. (എഫെ, 5:2).
24. ദൈവം ഉയിർപ്പിച്ച മനുഷ്യൻ: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24. ഒ.നോ: 2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 11; 1തെസ്സ, 1:19). ക്രിസ്തുവെന്ന മനുഷ്യൻ തന്നെത്താൻ ഉയിർക്കുകയായിരുന്നില്ല; ദൈവമവനെ ഉയിർപ്പിച്ചതാണ്. യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തുവെന്ന് പറഞ്ഞിട്ടില്ല: (ഗലാ, 1:3; എഫെ, 5:2; 5:27; 1തിമൊ, 2:6; എബ്രാ, 7:27; 9:14). എന്തെന്നാൽ, ജനിച്ചതും ജീവിച്ചതും മരിച്ചതും പാപമറിയാത്ത മനുഷ്യനാണ്; ഉയിർപ്പിച്ചതാകട്ടെ ദൈവവും. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും നഷ്ടപ്പെടുത്തിക്കളഞ്ഞ മാരക ഉപദേശമാണ് ട്രിനിറ്റി. അതിനെക്കാൾ ഭയാനകമാണ്, ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുന്നത്.
25. അമർത്യനായ ദൈവം. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15-16). താൻ മാത്രമാണ് അമർത്യതയുള്ളവൻ എന്നാൽ, ദൈവം മാത്രമാണ് മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതനപരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല; മരണമുള്ള മനുഷ്യനായ യേശുവാണ് മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും?
26. മനുഷ്യൻ്റെ ശുശ്രുഷയുടെ പരിസമാപനം: യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: 7:27). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.
27. ക്രിസ്തുയേശുവെന്ന മനുഷ്യൻ: ക്രിസ്തു മനുഷ്യനാണെന്നു മുപ്പത്താറു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ താഴെച്ചേർക്കുന്നു:
I. യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്‍റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്‍റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു.” (യോഹ 1:14. സ.വേ.പു.സ.പ).
II. സ്നാപകൻ്റെ സാക്ഷ്യം: ” എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30)
III. യെഹൂദന്മാരായ പുരുഷാരത്തിൻ്റെ പ്രതികരണം: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8).
IV. ശമര്യസ്ത്രിയുടെ സാക്ഷ്യം: “ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.” (യോഹ, 4:29)
V. ക്രിസ്തുവിൻ്റെ സാക്ഷ്യം: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40).
VI. പിറവിക്കുരുടൻ്റെ സാക്ഷ്യം: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11)
VII. പരീശന്മാരുടെ സാക്ഷ്യം: “പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.” (യോഹ, 9:16)
VIII. യെഹൂദന്മാരുടെ സാക്ഷ്യം: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33)
IX. മഹാപുരോഹിതന്മാരുടെ സാക്ഷ്യം: “മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹ, 11:47)
X. കയ്യഫാവിൻ്റെ പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.” (യോഹ, 11:50,51).
XI. പീലാത്തൊസിൻ്റെ സാക്ഷ്യം: “പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.” (ലൂക്കോ, 23:4)
XII. ശതാധിപൻ്റെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)
XIII. പാപപരിഹാരാർത്ഥം യാഗമായ മനുഷ്യൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)
XIX. ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യൻ: “മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:8).
XV. മനുഷ്യർക്ക് പുനരുത്ഥാനജീവൻ നല്കിയ മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)
XVI. പത്രൊസിൻ്റെ സാക്ഷ്യം: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;” (പ്രവൃ, 2:23)
XVII. ന്യായാധിപസംഘത്തിൻ്റെ സാക്ഷ്യം: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.” (പ്രവൃ, 5:28)
XVIII. പൗലൊസിൻ്റെ സാക്ഷ്യം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31)
XIX. ഏകമനുഷ്യനായ യേശു: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)
XX. സ്വർഗ്ഗീയ മനുഷ്യൻ: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)
XXI. ഏകപുരുഷൻ: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2)
XXII. ദൈവഭക്തിയുടെ മർമ്മം: “ദൈവഭക്തിയുടെ രഹസ്യം സമ്മതമാംവണ്ണം വലിയതാകുന്നു: ദൈവം ജഡത്തിൽ വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാരാൽ കാണപ്പെട്ടു, പുറജാതിക്കാർക്കു പ്രസംഗിക്കപ്പെട്ടു, ഭൂലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്വത്തിലേക്കു എടുത്തുകൊള്ളപ്പെട്ടു.” (1തിമൊ, 3:16, ബെഞ്ചമിൻ ബെയ്‌ലി1876). സത്യവേദപുസ്തകം സമകാലിക പരിഭാഷ: “നമ്മുടെ മതവിശ്വാസത്തിന്‍റെ മര്‍മ്മം നിശ്ചയമായും മഹത്താണ്. അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി; അവിടുന്നു നീതിമാനാണെന്ന് ആത്മാവിനാല്‍ സമര്‍ഥിക്കപ്പെട്ടു. മാലാഖമാര്‍ക്ക് അവിടുന്നു ദര്‍ശനമേകി; ജനവര്‍ഗങ്ങളുടെ ഇടയില്‍ അവിടുന്നു പ്രഘോഷിക്കപ്പെട്ടു. ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു; മഹത്ത്വത്തിലേക്ക് അവിടുന്ന് ഉയര്‍ത്തപ്പെടുകയും ചെയ്തു.”
28. ക്രിസ്തുവിൻ്റെ സാക്ഷ്യം: താൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും ക്രിസ്തുതന്നെ സാക്ഷ്യപ്പെടുത്തുന്നു. താൻ ദൈവമല്ല: “ഏകദൈവം (The only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3) അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) ലൂക്കൊ, 4:8) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ട്: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34) എന്നിങ്ങനെ ക്രിസ്തു സാക്ഷ്യം പറഞ്ഞിരിക്കുന്നു. താൻ മനുഷ്യനാണ്: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40) എന്നിങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന മനുഷ്യനായ ക്രിസ്തുയേശു സാക്ഷ്യം പറഞ്ഞിരിക്കുന്നു: ( (ലൂക്കൊ, 2:52; 1തിമൊ, 2:6).
29. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി ക്രിസ്തുനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണസുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്.
30. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:41). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. “അവരെ എന്നല്ല, അവനെ” അഥവാ അവരെ എന്ന ബഹുവചനത്തിലല്ല, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് ഇതിലൂടെ നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. ഇതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കിയവരാണ് നമ്മൾ.
31. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ക്രിസ്തു ദൈവമല്ലെന്ന് അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു.അവൻ ദൈവമല്ല: “പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; 17:3; എഫെ, 4:6എബ്രാ, 2:11). അവൻ മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 3:16). ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും ഉയിർത്തതും മനുഷ്യനാണ്: (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; പ്രവൃ, 2:24; 1തിമൊ, 2:6; 1കൊരി, 15:21). അവനൊരു ദൈവമുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 11:31; യോഹ, 20:17; എഫെ, 1:3; 1:17).
32. ഗലീലയിലെ നസറെത്തിലുള്ള യേശു: ക്രിസ്തുവിനെ ‘ഗലീലക്കാരനായ യേശുവെന്നും’ (മത്താ, 26:69) ഗലീലാ ജില്ലയിലെ ‘നസറെത്തുകാരനായ യേശുവെന്നും’ (മത്താ, 26:71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9) വിളിച്ചരിക്കുന്നതുകാണാം. യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിൽ നസറെത്തെന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിനർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: (സങ്കീ, 2:4; 123:1). ഗലീലക്കാരനായ യേശുവെന്നതും നസറെത്തുകാരനായ യേശുവെന്നതും മനുഷ്യനെ കുറിക്കന്ന പ്രയോഗമാണെന്നു പത്രോസ് യേശുവിനെ തള്ളിപ്പറയുന്നതിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: “എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു. ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.” (മത്താ, 26:69-74). ഇവൻ ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നെന്നും നസറെത്തുകാരനായ യേശുവിനോടുകൂടെ ആയിരുന്നെന്നും വേക്കാരികൾ പറയുമ്പോൾ, “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നാണ് പത്രൊസ് തള്ളിപ്പറയുന്നത്. അതിനാൽ ആ പ്രയോഗം മനുഷ്യനെ കുറിക്കുന്ന പ്രയോഗമാണെന്ന് വ്യക്തം.
33. ദൈവം കൂടെയിരുന്നിട്ട് അത്ഭുതങ്ങൾ പ്രവർത്തിച്ച മനുഷ്യൻ: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യോർദ്ധാനിലെ സ്നാനത്തിൽ വെച്ച് ദൈവം മനുഷ്യനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകയല്ല ചെയ്തത്; അവനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്: (ലൂക്കൊ, 3:22; പ്രവൃ, 10:38). “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു” (പ്രവൃ 2:22). ദൈവം ക്രിസ്തുവിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് അവൻ അടയാളങ്ങൾ ചെയ്തത്: (യോഹ, 3:2). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.” (ലൂക്കൊ, 5:17). “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ, ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” മത്താ, 12:28. ദൈവം തൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവ ഒറ്റയ്ക്കല്ല (I am not alone), നാം, ഞങ്ങൾ എന്നൊക്ക ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്: (യോഹ, 8:16; 8:29; 14:23; 16:32; 17:11; 17:23).
34. പാപം മോചിച്ച മനുഷ്യൻ: ഒരു പക്ഷവാതക്കാരനെ സുഖപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്തു അവൻ്റെ പാപം മോചിച്ചതായി കാണാം: (മർക്കൊ, 2:5). അപ്പോൾ അവിടെ കൂടിയവരിൽ ചിലർ: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). അവരുടെ നിരൂപണം അറിഞ്ഞിട്ട്, ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് പറയുകയും പക്ഷവാതക്കാരനോടു കിടക്കയെടുത്ത് വീട്ടിൽ പോകാൻ കല്പിക്കുകയും ചെയ്തതായി കാണാം: (മർക്കൊ, 2:10,11). അവൻ്റെ രോഗകാരണം പാപമായിരുന്നു, ആ പാപം ക്രിസ്തുവിൻ്റെ വാക്കിനാൽ മാറിയതുകൊണ്ടാണ് അവൻ കിടക്കയെടുത്ത് വീട്ടിൽ പോയത്. ക്രിസ്തു ദൈവമായതുകൊണ്ടാണോ പാപം മോചിക്കപ്പെട്ടത്? അല്ല,. മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃദയത്തിൽ ചിന്തിച്ചത്, അവർതന്നെ, ക്രിസ്തുവിനു ദൈവം കൊടുത്ത അധികാരമാണ് പാപമോചനമെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. അവർ രണ്ടു കാര്യങ്ങളാണ് സാക്ഷ്യപ്പെടുത്തിയത്: ഒന്ന്; ക്രിസ്തു മനുഷ്യനാണ്. രണ്ട്; ആ മനുഷ്യന് പാപമോചനത്തിനുള്ള അധികാരം ദൈവം കൊടുത്തതാണ്. തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 5:19,30). അപ്പോൾ, പാപം മോചിക്കാനുള്ള മനുഷ്യപുത്രൻ്റെ അധികാരം ദൈവം കൊടുത്തതാണെന്ന് വ്യക്തമാണല്ലോ? പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23).
35. മനുഷ്യനായ മദ്ധ്യസ്ഥൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:56). “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 8:6; 12:24). ദൈവത്തിനും മനുഷ്യർക്കുമിടയിൽ പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടും, അവൻ ദൈവവുമാണെന്ന് പറയുന്നവർ എന്തു വിചാരിക്കുന്നു; ക്രിസ്തു അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള മനുഷ്യദൈവമാണെന്നോ?
36. മനുഷ്യൻ മൂലം മരണം മനുഷ്യൻ മൂലം ജീവൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രായർ 2:14,15). ഏകമനുഷ്യനായ ആദാമിൻ്റെ അനുസരണക്കേടിനാൽ ലോകത്തിൽ കടന്ന പാപത്തെ (റോമ, 5:12,14,19), ഏകമനുഷ്യനായ യേശുവിൻ്റെ അനുസരണത്താലും മരണത്താലുമാണ് നീക്കിക്കളഞ്ഞതെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്: (റോമ, 5:15). എന്നിട്ടും, ദൈവവുംമനുഷ്യനും ചേർന്ന ഇരുപ്രകൃതിയുള്ളവനാണ് ക്രൂശിൽ മരിച്ചതെന്ന ബൈബിൾവിരുദ്ധ ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.
37. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,19; പ്രവൃ, 3:22; 7:37). ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ഒരു സ്നേഹിതനോടെന്നപോലെ സംസാരിച്ച മോശെ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞതാണിത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും ദൈവത്തോടു സമനായ ദൈവവുമാണെങ്കിൽ, ദൈവം മുഖാമുഖം സംസാരിച്ചിട്ടും മോശെയോടു വസ്തുത വെളിപ്പെടുത്താതെ അഥവാ, “എൻ്റെ പുത്രനെ നിങ്ങൾക്ക് അയച്ചുതരും” എന്നു പറയാതെ, “നിന്നെപ്പോലെ ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നു പറയുകവഴി, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവം മോശെയോടു ഭോഷ്ക്കു പറഞ്ഞുവെന്നും അവനെക്കൊണ്ട് ഭോഷ്ക്കു പറയിപ്പിച്ചുവെന്നും വരുന്നു. മാത്രമല്ല, “നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്നാണ് പറഞ്ഞിരിക്കുന്നത്. ഏതൊരു പ്രവാചകനെപ്പോലെയും ക്രിസ്തു യിസ്രായേല്യരുടെ ഇടയിൽനിന്നാണ് എഴുന്നേറ്റത്: (മീഖാ, 5:2,3; മത്താ, 1:21; റോമ, 9:5). എബ്രായർ 11:26-ൽ: യേശുക്രിസ്തുവിൻ്റെ നിന്ദയല്ല മോശെ വലിയ ധനമെന്നെണ്ണിയത്; “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്നു താൻ നിന്ദ സഹിക്കുന്നത് വലിയ ധനമായി മോശെ എണ്ണുകയായിരുന്നു.” [കാണുക: മശീഹമാർ].
38. ക്രിസ്തുവിന്റെ തല ദൈവം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). എപ്രകാരം പുരുഷൻ്റെ തല ക്രിസ്തുവാണെന്ന് പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ തല ദൈവമാണെന്നും പറഞ്ഞിരിക്കുന്നത്. “തല” അധികാരത്തെയാണ് കാണിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”
39. ക്രിസ്തുവിൻ്റെ ദൈവം: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്നതായി കാണാം: (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു പൂർണ്ണദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ക്രിസ്തുയേശു എന്ന മനുഷ്യൻ്റെയും മനുഷ്യവർഗ്ഗത്തിൻ്റെയും പിതാവും ഏകദൈവവും ഒരാളാണ്; എന്നാൽ, ക്രിസ്തുയേശുവിനു ദൈവവുമായുള്ള ബന്ധവും മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം. [“ദൈവഭക്തിയുടെ മർമ്മം” എന്ന 35-ാമത്തെ പോയിന്റ് കാണുക]
40. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). പഴയനിയമത്തിൽ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; യെശ, 7:14; 9:6). ദൈവപുത്രനായ ക്രിസ്തു വെളിപ്പെട്ടതും (1പത്രൊ, 1:20) പുത്രൻ മുഖാന്തരം ദൈവം സംസാരിച്ചതും അന്ത്യകാലത്താണ്: (എബ്രാ, 1:2). അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചശേഷം അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന ക്രിസ്തു വരുമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കടന്നുകൂടി. വാഗ്ദത്തങ്ങൾനല്കി നാന്നൂറ്റിമുപ്പത് വർഷങ്ങൾക്കു ശേഷമാണ് ന്യായപ്രമാണം നല്കിയത്; ന്യായപ്രമാണകാലം ആയിരത്തി അഞ്ചൂറ് വർഷമാണ്. അതായത്, വാഗ്ദത്തങ്ങൾ ലഭിച്ചശേഷം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശു ജനിക്കുന്നത്: (ഗലാ, 3:16-19; മത്താ, 1:21). എന്തെന്നാൽ, ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു: (മത്താ, 1:21; റോമ, 10:4). അതായത്, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യനില്ല: (മത്താ, 1:21; 2കൊരി, 5:21). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ക്രിസ്തുവും ദൈവത്തിനില്ല: (മത്താ, 3:16; പ്രവൃ, 10:38). സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനുമില്ല: (മത്താ, 3:17). എന്തെന്നാൽ, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്നീ പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽ നിന്നുകേട്ട പിതാവിൻ്റെ ശബ്ദം: (ലൂക്കൊ, 1:32,35; 3:22). കന്യകയായ മറിയയിലൂടെ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടവനും, ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോൾ ക്രിസ്തുവും ദൈവപുത്രനും ആയവനെങ്ങനെയാണ്, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആകുന്നത്?
41. പ്രഥമസുവിശേഷം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമസുവിശേഷം (protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണിത്. ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; അത് സുവിശേഷമാണ്. ദൈവം മാനവരക്ഷയ്ക്കായി തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരുന്ന സുവിശേഷം എപ്രകാരമാണെന്ന് ലോകസ്ഥാപനത്തിൽത്തന്നെ വെളിപ്പെടുത്തിയിരുന്നു. കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ക്രീസ്തു വെളിപ്പെടുകയും പിശാചും സാത്താനുമായ പാമ്പിൻ്റെ തല തൻ്റെ മരണത്താൽ തകർത്തുകൊണ്ട് ക്രിസ്തു സുവിശേഷം സ്ഥാപിച്ചു: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). എന്നാൽ, പ്രഥമസുവിശേഷത്തിലെ സന്തതി ദൈവത്തിൻ്റെ സന്തതിയല്ല; സ്ത്രീയുടെ സന്തതിയാണ്; ആ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ പുത്രനായിരുന്നെങ്കിൽ, “എൻ്റെ പുത്രൻ നിൻ്റെ തലതകർക്കും” എന്നു പറയാതെ, “സ്ത്രീയുടെ സന്തതി നിൻ്റെ തലതകർക്കും” എന്ന് പറഞ്ഞതെന്താണ്. എന്തെന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനല്ല; പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനം മാത്രമാണ്. [കാണുക: മൂന്നു സ്ത്രീകൾ]
42. സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8,9. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്. അതായത്, പ്രഥമസുവിശേഷത്തിലെയും (ഉല്പ, 3:15) സുവിശേഷത്തിലെയും (2തിമൊ, 2:8) സന്തതി ദൈവപുത്രനല്ല. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവത്തോടു സമനായ ദൈവവുമാണെന്ന് പറയും? ദാവീദെന്ന മനുഷ്യൻ്റെ സന്തതി ദൈവമാണെന്ന് പറയുന്നവർ; മറിയ ദൈവമാതാവാണെന്ന് കത്തോലിക്കർ വിശ്വസിക്കുമ്പോലെ, ദാവീദ് ദൈവപിതാവാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. മനുഷ്യരുടെ പാപപരിഹാരാർത്ഥം ദാവിദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചുയിർത്തത് ദൈവമല്ല; പാപമറിയാത്ത ക്രിസ്തുയേശു എന്ന മനുഷ്യനാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21. ഒ.നോ: 1തിമൊ, 2:5,6). മനുഷ്യരെ വിലയ്ക്കുവാങ്ങിയത് രക്തമില്ലാത്ത ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; പാപമറിയാത്ത ക്രിസ്തുയേശുവെന്ന പൂർണ്ണമനുഷ്യൻ്റെ നിർമ്മലരക്തംകൊണ്ടാണ്: (1പത്രൊ, 1:18,19). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതരിക്കെ; ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തന്ന് വിശ്വസിക്കുന്നവർ ബൈബിളിൻ്റെ ബാലപാഠപോലും മനസ്സിലാക്കിയിട്ടുള്ളവരല്ല. ദൈവഭക്തിയുടെ മർമ്മമെന്ന ദൈവീക രഹസ്യം ഇങ്ങനെയുള്ളവർക്ക് മറയ്ക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുതുത.
ക്രിസ്തുയേശുവിനെ നേരിട്ടുകണ്ട യെഹുദാ പുരുഷാരവും അവരുടെ പ്രമാണിമാരും സെൻഹെദ്രീൻ സംഘവും അവനോടുകൂടെ മൂന്നര സഹവസിച്ച അപ്പൊസ്തലന്മാരും ക്രിസ്തുതന്നെയും താൻ ദൈവമല്ല, മനുഷ്യനാണെന്നു സാക്ഷ്യം പറയുകയും “പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു” (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6) ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറയുകയും ചെയ്യുമ്പോൾ, ക്രിസ്തുവും ദൈവമാണെന്നും അവൻ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവൻ ആണെന്നുമൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരിൽ ഒന്നാം കല്പനയെപ്പോലും ലംഘിക്കുന്നവർ ആകകൊണ്ട് അങ്ങനെയുള്ളവരിൽ വ്യാപരിക്കുന്നത് ഏതത്മാവാണെന്നു ഓരോരുത്തരും പരിശോധിക്കേണ്ടിയിരിക്കുന്നു.
43. ക്രിസ്തുവും ദൈവവും താരതമ്യം:
I. ക്രിസ്തുവിന് ആരംഭമുണ്ട്: (ലൂക്കൊ, 1:35). ദൈവം എന്നേക്കുമുള്ളവൻ അഥവാ ശാശ്വതവാസിയാണ്: (സങ്കീ, 90:2; 102:12; യെശ, 57:15)
II. ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46–യോഹ, 8:41). ദൈവം മനുഷ്യനല്ല (1ശമൂ, 15:29), ആത്മാവാകുന്നു: (യോഹ, 4:24)
III. ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു: (യോഹ, 4:5). ദൈവം ക്ഷീണിക്കുന്നില്ല: (യെശ, 40:28)
IV. ക്രിസ്തു ഉറങ്ങി: (മത്താ, 8:24). ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല: (സങ്കീ, 121:4)
V. ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി: (മർക്കൊ, 11:12. യോഹ, 19:28); ദൈവത്തിന് വിശപ്പും ദാഹവുമില്ല: (സങ്കീ, 50:12,13)
VI. ക്രിസ്തു പരീക്ഷിക്കപ്പെട്ടു: (മർക്കൊ, 1:13). ദൈവം പരീക്ഷിക്കപ്പെടാത്തവനാണ്: (യാക്കോ, 1:13)
VII. ക്രിസ്തുയേശു ജനിച്ചു മരിച്ചു ഉയിർത്തു: (2തിമൊ, 2:8). സ്രഷ്ടാവായ ദൈവത്തിന് ജനനവും മരണവും ഉയിർപ്പുമില്ല; അവൻ അമർത്യനാണ്. (1തിമൊ, 6:16). അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്: (സങ്കീ, 90:2).
44. ക്രിസ്തുനിഷേധികൾ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (യോഹ, 2:22,23). “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1). ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും മശീഹ എന്ന എബ്രായപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ താൻ തിരഞ്ഞെടുത്ത മനുഷ്യർക്ക് തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിക്കൊണ്ട് ദൈവം നല്കുന്ന ഔദ്യോഗിക നിയമനകർമ്മമാണ് അഭിഷേകം. അതായത്, അശക്തരായ മനുഷ്യരെ ദൈവീക ശുശ്രൂഷകൾ ചെയ്യാൻ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യനെയാണ്. അഥവാ, അഭിഷിക്തനല്ല അഭിഷേകദാതാവാണ് ദൈവം. ഇരുപതോളം അഭിഷിക്തന്മാർ ബൈബിളിലുണ്ട്; അതിനകത്ത് ഒരു ദൂതൻപോലുമില്ല. അതായത്, ദൈവത്തിൻ്റെ ദൂതനുപോലും അഭിഷേകം ആവശ്യമില്ലെന്നർത്ഥം. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികൾ ആയതുകൊണ്ട് അവരെ സൃഷ്ടിച്ചിരിക്കുന്നതുതന്ന ശക്തന്മാരായിട്ടാണ്. ഉദാ: യഹോവയുടെ ഒരു ദൂതൻ ഒരുരാത്രി അശ്ശൂർ പാളയത്തിലിറിങ്ങി 185,000 പേരെ കൊന്നതായി വായിക്കുന്നു: (2രാജാ, 19:35). പാപമറിയാത്തവനെങ്കിലും മനുഷ്യനെന്നനിലയിൽ യേശു ബലഹീനനായിരുന്നു: (മർക്കൊ, 14:34,35; ലൂക്കൊ, 22:42,43; എബ്രാ, 5:7-9). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായതും ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പ്രാപ്തനായതും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; ലൂക്കൊ, 3:22; 4:18,19). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.” (ലൂക്കോ, 4:14). ക്രിസ്തു പൂർണ്ണദൈവമാണെന്നു കരുതുന്നവർ ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവന് എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും? യേശുവിനെ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യനാണെന്നു മനസ്സിലാക്കാതെ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്നു മനസ്സിലാക്കുന്നവരൊക്കെ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്മാരും എതിർക്രിസ്തുക്കളും ആണെന്നു വചനം പറയുന്നു. “ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു. യേശുക്രിസ്തുവിനെ അപ്രകാരം ഏറ്റുപറയാത്ത ഒരാത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അത് ക്രിസ്തുവൈരിയുടെ ആത്മാവാകുന്നു. ക്രിസ്തുവൈരി വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ ക്രിസ്തുവൈരി ലോകത്തിലുണ്ട്.” (1യോഹ, 4:2,3. സ.വേ.പു.സ.പ). യേശുക്രിസ്തു മനുഷ്യനായി ലോകത്തിൽ വന്നു എന്നു ദൈവത്തിൻ്റെ ആത്മാവ് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ; അല്ല, അവൻ ദൈവമായിത്തന്നെയാണ് അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയോടെയാണ് വന്നതെന്ന് വിശ്വസിക്കുന്നത് ദുരുപദേശമോ, സദുപദേശമോ? ഓരോരുത്തൻ തന്നെത്താൻ ശോധന ചെയ്യട്ടെ!
45. ബാഹ്യമായ ഒരു തെളിവ്: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെങ്കിൽ മറിയയെ കത്തോലിക്കർ ദൈവമാതാവെന്ന് വിളിക്കുന്നതിൽ എന്താണ് കുഴപ്പം? മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി പ്രത്യക്ഷനായ യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയാണെന്ന് വിശ്വസിക്കുകയും; മറിയ ദൈവമാതാവല്ലെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ???… യേശുവിനെ മറിയയുടെ മകനെന്ന് പതിനേഴ് പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമാകുന്നു. അതുതന്നെയാണ് ബൈബിളിൻ്റെ ഉപദേശവും. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും അതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ ദൈവപുത്രനായ ക്രിസ്തുയേശു ദൈവമായിരുന്നില്ല; പാപമറിയാത്ത പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ ആയിരുന്നു. (യോഹ, 1:14; ഫിലി, 2:6-8; 1തിമൊ, 3:14,15; എബ്രാ, 2:14,15). പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. ത്രിത്വം, ത്രിയേകൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി, സാരാംശത്തലൊന്നു ഇതൊന്നും ബൈബിളല്ല പഠിപ്പിച്ചത്, കത്തോലിക്കാസഭയും ദൈവശാസ്ത്രവുമാണ്. വിശ്വാസത്താൽ നീതീകരണമെന്ന ഒരു വിഷയത്തിൽ മാത്രമാണ് നവീകരണം ഉണ്ടായത്. അതിനാൽ, ദൈവപുത്രനായ ക്രിസ്തുവിനെയോ ദൈവപിതാവിനെയോ ഇന്നും അനേകരും അറിയേണ്ടതുപോലെ അറിയുന്നില്ല. മനുഷ്യനായ ക്രിസ്തുവിനെ അറിയാത്തതുകൊണ്ട് അവൻ്റെ പിതാവിനെയും അനേകരും അറിയുന്നില്ല: (യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട അഥവാ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3).
46. യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല, ബൈബിൾ ആരംഭിക്കുന്നത്; പ്രത്യുത, സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4), ചരിത്രത്തെ ബി.സി. എന്നും എ.ഡി. എന്നും രണ്ടായി പകുത്തുകൊണ്ട് മനുഷ്യനായി ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ഇനി, ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്രപുരുഷനായി ലോകത്തിൽ ജനിച്ചുജീവിച്ചു എൻ്റെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ വീണ്ടുംജനിച്ചവർ. ദൈവപുത്രനായ ക്രിസ്തുവും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വവും (മനുഷ്യത്വം) ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവുമാണ്: (1യഹ, 2:22; 4:2;’5:1).
47. ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). അതുപോലെ, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്. അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേവരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26) എന്നെക്കെയാണ്. ക്രിസ്തുവിൻ്റെ ഒരു പ്രസ്ഥാവന നോക്കുക: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
(ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് ഈ വാക്യം തെളിയിക്കുന്നു. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യമനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ക്രിസ്തു പാപമില്ലാത്തവനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെടുകയും പാപമറിയാത്തവനായിത്തന്നെ മരിച്ചുയിർക്കുകയുമാണ് ചെയ്തത്. അതിനാലവനെ മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് ധൈര്യത്തോടെ പറയാം. ഇതും നോക്കുക: (മത്താ, 1:18, 20; ലൂക്കൊ, 1:35).
48. ദൈവസർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ച മനുഷ്യൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്, എന്നുപറഞ്ഞാൽ, അവൻ മനുഷ്യരെപ്പോലെ കേവലം മനുഷ്യനാണെന്നല്ല; ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. യോർദ്ദാനിലെ സ്നാനാനന്തരമാണണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; മത്താ, 3:16; ലൂക്കൊ, 4:18,19). അതായത്, പരിശുദ്ധാത്മാവ് ക്രിസ്തുവിലല്ലാതെ, മറ്റാരിലും ശരീരരൂപത്തിൽ വന്ന് വാസം ചെയ്ട്ടില്ല. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്.
49. യേശുക്രിസ്തു എന്ന ഏകകർത്താവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും പുത്രനായി ജനിക്കുകയും (മത്താ, 1:1; ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ചെയ്തിട്ട് (ലൂക്കൊ, 2:52) ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയും (ലൂക്കൊ, 1:32; 1:35; 3:23) മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷ്യ്ക്കൊടുവിൽ, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) താൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46) ദൈവാത്മാവിനാൽ (എബ്രാ, 9:14) ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയവനും (1തിമൊ, 2:5-6) മൂന്നാംനാൾ ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തിട്ടു (1പത്രൊ, 3:18), അഥവാ ദൈവം അവനെ ഉയിർപ്പിച്ചട്ടു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കിവെച്ച (പ്രവൃ, 2:24,36) പാപമറിയാത്ത യേശുവെന്ന മനുഷ്യനാണ് നമ്മുടെ ഏകകർത്താവ്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ യേശുക്രിസ്തു പിതാവിൽനിന്നു വ്യതിരിക്തനായ നിത്യപുത്രനാണെങ്കിലോ, വ്യതിരിക്തനായ ദൈവമോ ആണെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന ക്രിസ്തുവിൻ്റെ പ്രസ്താവനയും “പിതാവായ ഏകദൈവമേ നമുക്കുള്ളു” (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11) എന്ന അപ്പൊസ്തലന്മാരുടെ പ്രസ്താവനയും പരമാബദ്ധമായി മാറും. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന മറ്റൊരു ദൈവവുമെന്നു പറഞ്ഞാൽ, അത് ഭൂലോക ദുരുപദേശവുമാകും.
50. ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: യേശുവെന്ന അഭിഷിക്തനായ മനുഷ്യന് പൂർവ്വാസ്തിത്വമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15. ഒ.നോ: 1:31). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശുവെന്ന മനുഷ്യൻ: (ലൂക്കൊ, 1:26,36). എന്നാൽ അവൻ യേശുവിനെക്കുറിച്ചു പറയുന്നത്, “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു” എന്നാണ്. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;” (യോഹ, 3:31. ഒ.നോ: 1യോഹ, 4:2). ക്രിസ്തു, ‘മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ” എന്നൊക്കെയാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. എഫെസ്യരിൽ, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നു കാണാൻ കഴിയും: (എഫെ, 4:6). ക്രിസ്തുവിൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). താൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. അതായത്, അവൻ മുമ്പേയുള്ളവനാണെന്നു സ്നാപകനും, അവൻ സ്വർഗ്ഗത്തിൽ നിന്നു വന്നവനും എല്ലാവർക്കും മീതെയുള്ളവനാണെന്നും യോഹന്നാനും താൻ സ്വർഗ്ഗത്തിൽനിന്നു വന്നവനാണെന്നു ക്രിസ്തുവും അവൻ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ വെളിപ്പെട്ട മനുഷ്യനാണെന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ: (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു.
51. ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible (1526), Coverdale Bible (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” ജീവനുള്ള ദൈവത്തെക്കുറിച്ചാണ് പലോസ് തിമൊഥെയോസിനോട് പറയുന്നത്. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് എഴുതുന്നത്. അതായത്, പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസും തിമൊഥെയോസുമല്ല ജഡത്തിൽ വെളിപ്പെട്ടത്, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (ലൂക്കൊ, 131-32,35; 1തിമൊ, 3:14-16). യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നു കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ, വന്ന് രക്ഷിക്കുമെന്നും, യെശയ്യാവ് പ്രവചിച്ചിരുന്നു. 25:8, 35:4. സെഖര്യാപുരോഹിതൻ അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊൺ 1:68). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട്, നീ അവന് യേശു എന്നു പേർ ഇടേണം” എന്ന് ഗബ്രിയേൽ ദൂതൻ പ്രവചിച്ചപ: (മത്താ, 1:21). അവൻ തൻ്റെ ജനത്തെ രക്ഷിക്കാൻ: യീസ്രായേൽ യഹോവയുടെ ജനമാണ്: (2രാജാ, 11:17; 1ദിന, 14:2). “മക്കൾ ജഡ രക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ, ജഡ രക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ, തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു, എന്ന് എബ്രായലേഖകൻ പറയുന്നു. (2:14,15). യേശുവിനെയാണല്ലോ യെഹൂദന്മാർ കുത്തിത്തുളച്ചത്. (യോഹ, 19:33). എന്നാൽ, അവർ കുത്തിത്തുളച്ചവനായ എങ്കലേക്ക് നോക്കുമെന്നാണ് യഹോവ പറയുന്നത്. (സെഖ, 12:10; യോഹ, 19:37). സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല, മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും ഇംഗ്ളീഷ് പരിഭാഷകളും നോക്കുക. തന്നെയാണ് കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലാക്കാമല്ലോ? ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടമായാണ് എഴുതിവെച്ചിരിക്കുന്നത്. എങ്കിലും, ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിനായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ, ദൈവത്തിന്റെ ഞ്ഞാാനമെന്ന ഈ മർമ്മം അഥവാ രഹസ്യം, യെഹൂദന്മാർ അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (1കൊരിൺ 2ൻ്റെ 7,8). യെഹൂദന്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും അത് യെഹൂദരപ്പോലെ മർമ്മ മായിരിക്കുകയാണ്.
52. യഹോവയും യേശുവും: പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യാഹ്വെ അഥവാ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, പുതിയനിയമം സ്ഥാപിക്കുകയും (ലൂക്കൊ, 22:20), എന്നേക്കും ഇരിക്കേണ്ടതിന് പുത്രൻ്റെ നാമത്തിൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത്, ദൈവസഭ സ്ഥാപിതമാകുകയും ചെയ്തപ്പോൾ (യോഹ, 14:26; പ്രവൃ, 2:2-4), പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ, ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളുടെ നാമം, യേശുക്രിസ്തു എന്നായി: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല, പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ചത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ദേഹവും ദേഹിയും ആത്മാവും ഉണ്ടായിരുന്ന പൂർണ്ണമനുഷ്യനായ ക്രിസ്തു, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46: എബ്രാ, 9:14). മൂന്നാംനാൾ ദൈവാത്മാവിനാൽ അഥവാ ദൈവത്താൽ ഉയിപ്പിക്കപ്പെട്ട ക്രിസ്തു അന്നുതന്നെ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ കയറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (1പത്രൊ, 3:18; പ്രവൃ, 2:24; യോഹ, 20:17, എബ്രാ, 9:11,12,24). അതായത്, പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). അതുകൊണ്ടാണ്, “ഞാൻതന്നെ അവൻ, ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 8:24,28; 10:30; 14:9). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവം തന്നെയാണ്; അവനെയാണ് തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് വിളിക്കില്ല. സങ്കീർത്തനം 35:23-ൽ യെഹൂദാരാജാവായ ദാവീദ് “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്നേറ്റുപറഞ്ഞത്. അതായത്, പുതിയനിയമത്തിൽ ഏകദൈവം തന്നെയാണ്, യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി, പാപപരിഹാരംവരുത്തിയശേഷം സ്വർഗ്ഗേകരേറി അപ്രത്യക്ഷമായതും, അനന്തരം നേരിട്ടു അഥവാ ദൈവമായിട്ടു നാലപതുനാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ അവരെ പഠിപ്പിച്ചശേഷം ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തത്: (1തിമൊ, 2:6; 3:14-16; മർക്കൊ, 16:14; യോഹ, 20:28; പ്രവൃ, 1:1-9).
53. ദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യമറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവയും (യിരെ, 23:23,24), ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദും (139:7-10), ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോനും (1രാജാ, 8:27), “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്നു” എന്ന് പൗലൊസും പറയുന്നു: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു.” പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം: “അവരിലല്ലോ എന്ന് ബഹുവചനതത്തിലല്ല; അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്.
54. ദൈവത്തിൻ്റെ പ്രത്യക്ഷത: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൻത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. അദൃശ്യനായ ഏകദൈവത്തിന് അനവധി പ്രത്യക്ഷതകളുണ്ടെങ്കിലും സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള സ്വർഗ്ഗത്തിലെ ഏകപ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ആ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ പഴയനിയമത്തിൽ മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9-10) പുതിയനിയമത്തിൽ യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:1-11). ക്രിസ്തു പറഞ്ഞപ്രകാരം ദൂതന്മാർ ദൈവത്തെ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:3; വെളി, 1:8). സിംഹാസനത്തിൽ ഇരിക്കുന്നവന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും സാക്ഷ്യപ്പെടുത്തുന്നു: (യെഹെ, 1:26; 8:2; ദാനീ, 7:9). ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാ പ്രത്യക്ഷതകളും മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെല്ലാം അതിൽത്തന്നെ പൂർണ്ണമാണ്; മായയോ, മന്ത്രമോ ഒന്നുമല്ല. അതിൻ്റെ ഏറ്റവും നല്ല തെളിവാണ് യേശുവെന്ന നാമത്തിലുള്ള മനുഷ്യപ്രത്യക്ഷത: അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനായിരുന്നു: (2കൊരി, 5:21; എബ്രാ, 10:5). അദൃശ്യനായ ഏകദൈവം പല നിലകളിൽ മനുഷ്യർക്ക് പ്രത്യക്ഷനായിട്ടുണ്ട്: സർവ്വശക്തിയുള്ള ദൈവമായിട്ടും (ഉല്പ, 17:1), യഹോവയെന്ന നാമത്തിൽ മനുഷ്യനായിട്ടും (ഉല്പ, 18:1-2,22; 19:1), യഹോവയെന്ന നാമത്തിൽ ദൈവമായിട്ടും (പുറ, 3:16–6:3), അദൃശനായ ആത്മാവായിട്ടും (1ശമൂ, 16:13), യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും (1തിമൊ, 14-16–മത്താ, 1:21), യേശുവെന്ന നാമത്തിൽ ദൈവമായിട്ടും (മർക്കൊ, 16:14–യോഹ, 20:28) മാറിൽ പൊൻകച്ചകെട്ടിയ മനുഷ്യപുത്രനോടു സദൃശനായിട്ടും (വെളി, 1:13) ഏഴ് ആത്മാവായിട്ടും (വെളി, 4:5) ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടായും (വെളി, 5:6–13:8) പ്രത്യക്ഷനായിട്ടുണ്ട്. അദൃശ്യനായ, ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).
55. വീണ്ടെടുപ്പുകാരൻ: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12). ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്:
I. വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). അതിനാൽ, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും പാപിയായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. ഇനി, ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലും പാപികളുടെ ബന്ധുവാകാനോ, പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. അതിനാണവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ള പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6: 3:14-16; എബ്രാ, 2:9). അതിനാണവൻ തന്നെത്താൻ ഒഴിച്ച് അഥവാ തൻ്റെ ദൈവത്വം ശൂന്യമാക്കിക്കൊണ്ട് വേഷത്തിൽ പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായത്: (ഫിലി, 2:8).
II. വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: (രൂത്ത്, 2:1). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4). അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14,15). പിശാചിൻ്റെ അടിമനുകത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ അതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:7-10). അതിനാൽ, ദൈവംതന്നെ പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമനുകത്തിൽനിന്നു വീണ്ടെടുക്കുകയായിരുനു: (1തിമൊ,2:5,6; 1പത്രൊ, 1:18,19). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). ക്രൂശിതനായക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്: (1കൊരി, 15:21; 1തിമൊ, 2:6). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു സമ്മതിക്കേണ്ടിവരും.
III. വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13). “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫിലി, 2:8; 1തിമൊ,2:6; എബ്രാ, 7:27; 9:14). ക്രിസ്തു പരപ്രേരണകൂടാതെ മനസ്സോടെ തന്നെത്തന്നെ മരണത്തിന് ഏല്പക്കകയായിരുന്നു.
IV. വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവൻ ആയിരിക്കണം: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21).അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായി പ്രത്യക്ഷനയത്യത്: (1തിമൊ, 3:14-16). “പാപം അറിയാത്തവൻ” (2കൊരി, 5:21), “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5), “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:16). ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.
നമുക്കു സകലത്തിനും കാരണഭൂതനും സ്രഷ്ടാവും പരിപാലകനുമായ ഏകസത്യദൈവവും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും നമ്മുടെ പാപങ്ങളെപ്രതി മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിൽ യാഗമാക്കിയ യേശുക്രിസ്തു എന്ന മനുഷ്യനായ ഏകകർത്താവുമുണ്ട്: (1കൊരി, 8:6). പിതാവായ ഏകദൈവത്തെയും ആ ദൈവത്താൽ അയക്കപ്പെട്ട അഥവാ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). എന്തെന്നാൽ, മനുഷ്യൻ്റെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച യേശുവെന്ന പാപമറിയാത്ത മനുഷ്യനെ ദൈവം ഉയിർപ്പിച്ച് മനുഷ്യൻ്റെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കി: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂക്കൊ, 2:11; 1പത്രൊ, 2:24). പാപത്തിൽ മരിച്ചവരായിരുന്ന മനുഷ്യർക്ക് പുനരുത്ഥാനജീവൻ ലഭിച്ചത് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ മരണം മൂലമാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). എന്നാൽ, നമ്മുടെ ദൈവമായ പിതാവും കർത്താവായ പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെയാണ്: (യോഹ, 10:30; 14;8,9). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞത് ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണ്: (യോഹ, 8:19; 1തിമൊ, 2:6). രണ്ടായിരത്തി ഇരുപത്തെട്ട് വർഷംമുമ്പ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽമരിക്കുകയും ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കിവെക്കുകയും ചെയ്ത യേശുവെന്ന പൂർണ്ണമനുഷ്യനെ അറിയാതെ, അവനെ ലോകത്തിലേക്കയച്ച അവൻ്റെ പിതാവായ ഏകസത്യദൈവത്തെ ആരെങ്കിലും അറിയുകയോ, നിത്യജീവൻ പ്രാപിക്കുകയോ ചെയ്യുമെന്ന് ആരും വിചാരിക്കരുത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3)