ഏകദൈവവും പ്രത്യക്ഷതകളും

☛ ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തികളും ഒരോരുത്തരും പൂർണ്ണദൈവവുമാണെന്ന് ട്രിനിറ്റി വിശ്വാസികൾ വിചാരിക്കുന്നു. എന്നാൽ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. വ്യക്തി (Person) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണ്. ആ അർത്ഥത്തിൽ യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യനെ മാത്രമേ വ്യക്തി എന്ന് പറയാൻ നിർവ്വാഹമുള്ളൂ: (മർക്കൊ, 15:39 – യോഹ, 9:11). അർത്ഥാൽ: ദൈവം മൂന്ന് വ്യക്തിയാണെന്ന് അവർ പറയുമ്പോൾ, മൂന്ന് മനുഷ്യരാണ് എന്നാണർത്ഥം. ട്രിനിറ്റിയുടെ പിതാവും പുത്രനും പരിശുദ്ധാത്മാവും മുന്ന് ദൈവമായാലും, മൂന്ന് ദൂതനായാലും, മൂന്ന് മനുഷ്യരായാലും പ്രശ്നമില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമേ ബൈബിളിൽ ഉള്ളെങ്കിലല്ലേ ദൈവം ത്രിത്വമാണെന്ന് പറയാൻപോലും കഴിയുകയുള്ളൂ! എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമല്ല; ദൈവം ഒരുത്തനല്ല; പല വ്യക്തികളാണെന്ന് പറയുന്ന നിങ്ങളുടെ ഭാഷയിൽ വേറെയും പല വ്യക്തികളുണ്ട്: 

𝟭. അക്ഷയനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം (Monos Theos). 
𝟮. ദൂതന്മാർ എപ്പോഴും കാണുന്നതും പഴയപുതിയനിയമത്തിലെ ഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ടതുമായ യേശുവിൻ്റെ പിതാവ്.
𝟯. അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ട യഹോവ എന്ന നാമമുള്ള പുരുഷൻ (Man).
𝟰. ഒന്നാം നൂറ്റാണ്ടിൽ (BC 6 – AD 33) എല്ലാവരും കണ്ട യേശു എന്ന് പേരുള്ള മനുഷ്യനായ പുത്രൻ.
𝟱. യോഹന്നാൻ സ്നാപകൻ ദേഹരൂപത്തിൽ കണ്ട ദൈവത്തിൻ്റെ പരിശുദ്ധാത്മാവ്. 
𝟲. യോഹന്നാൻ അപ്പൊസ്തലൻ, പിതാവിനും യേശുക്രിസ്തുനും ഒപ്പം കൃപയും സമാധാനവും ആശംസിക്കുന്ന ഏഴ് ആത്മാവ്. 
𝟳. യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന കുഞ്ഞാട്.
യേശുക്രിസ്തുവും കുഞ്ഞാടും ഒന്നാണെന്ന് മനസ്സിലാക്കിയാലും, ട്രിനിറ്റിയുടെ ഭാഷയിൽ കുറഞ്ഞത് പന്ത്രണ്ട് വ്യക്തികൾ (Persons) ബൈബിളിലുണ്ട്. അതിൽനിന്ന് തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുത്ത് (Pick and choose) ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം. ഇനി നമുക്ക് ഓരോന്നും വിശദമായി നോക്കാം:

അക്ഷയനും അദൃശ്യനുമായ ഏകദൈവം:
➦ “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെപ്പറയുന്ന ഏകദൈവം (The only God) ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരേയൊരുവൻ അഥവാ, ഒരുത്തൻ മാത്രമാണ്. “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വാക്യത്തിൽ എബ്രായയിൽ 𝗛𝗮-𝗘𝗹𝗼𝗵𝗶𝗺 𝗟𝗲𝗯𝗮𝗱𝗲𝗸𝗮 എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ മാത്രമാണ് ദൈവം” (You alone are God) എന്നാണ്: (2Kig, 19:152Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് 𝗛𝗼 𝗧𝗵𝗲𝗼𝘀 𝗠𝗼𝗻𝗼𝘀 (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟പുതിയനിയമത്തിലും “ദൈവം ഒരുത്തൻ മാത്രം” എന്നർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 𝗛𝗼 𝗧𝗵𝗲𝗼𝘀 (The only God) എന്ന് ആവർത്തിച്ച് കാണാൻ കഴിയും: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവം. ഈ മോണോസ് തെയോസിൻ്റെ പ്രകൃതിയുടെ സവിശേഷതകൾകൂടി അറിഞ്ഞാലേ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏഴാത്മാവുമൊക്കെ ആരാണെന്ന് മനസ്സിലാകുകയുള്ളൂ.

ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:” (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അഗോചരനായ ഈ ദൈവം മൂന്ന് വ്യക്തികളാണെന്ന് (മനുഷ്യർ) പറയുന്നവരെ സമ്മതിക്കണം. ഈ ദൈവം മൂന്ന് വ്യക്തികളാണെന്ന് പറയുന്നവർക്ക് ഒരുപാട് വ്യക്തികളെ കാണിച്ചുതരാം:

അദൃശ്യദൈവവും പ്രത്യക്ഷതകളും:
➦ ചരിത്രപരമായി ബൈബിളിൻ്റെ അവസാന എഴുത്തുകാരനായ യോഹന്നാനാണ് ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറയുന്നത്: (യോഹ, 1:18; 1യോഹ, 4:12). അപ്പോൾത്തന്നെ മോശെ മുതൽ യോഹന്നാൻവരെ പലരും സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. അതിനെയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത്. അതായത്, ➟“ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി (ഗതിഭേദം വരത്തവനായി) ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത (Manifestation) എന്ന് ബൈബിൾ പറയുന്നത്.” അദൃശ്യനായ ഈ ഒരേയൊരു ദൈവത്തിൻ്റെ (Monos Theos – The only God) പലനിലകളിലുള്ള പ്രത്യക്ഷതകളാണ് ഇനി നാം കാണാൻ പോകുന്നത്:

യേശുവിൻ്റെ പിതാവ്: 
➦ “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:11). സ്വർഗ്ഗസ്ഥനായ തൻ്റെ പിതാവിൻ്റെ മുഖം സ്വർഗ്ഗത്തിലെ ദൂതന്മാർ “എപ്പോഴും” (always) കാണുന്നു എന്നാണ് യേശു പഠിപ്പിച്ചത്. “Dia pantos blepousin” എന്ന ഗ്രീക്ക് പ്രയോഗത്തിന് ”അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു” (They always see) എന്നാണ്. ഇതാണ് ഏകദൈവത്തിൻ്റെ പ്രഥമപ്രത്യക്ഷത. ഈ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമാണ് ഉള്ളതെന്ന് യെഹെസ്ക്കേൽ രേഖപ്പെടുത്തിയിട്ടുണ്ട്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യേഹെ, 1:26). ഇവിടെ “Demut ka’mar’eh adam” എന്ന പ്രയോഗത്തിന്, “ആദമിൻ്റെ അല്ലെങ്കിൽ മനുഷ്യന്റെ സാദൃശ്യത്തിൽ ഉള്ളൊരു രൂപം” (A likeness as the appearance of a man) എന്നാണർത്ഥം. അതായത്, അദൃശ്യനായ ഏകദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും ഒരു നിത്യമായ പ്രത്യക്ഷത (Manifestation) എടുത്തുകൊണ്ട് സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുകയാണ്: (യെഹെ, 1:28). ദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യം അഥവാ, എന്നേക്കുമുള്ളത് എന്ന് പറഞ്ഞിരിക്കുന്നത്: (മത്താ, 18:11; വെളി, 4-8). അതുകൊണ്ടാണ്. പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3). “പിതാവായ ഏകദൈവമേ നമുക്കുള്ളൂ, ദൈവവും പിതാവുമായവൻ ഒരുവൻ” എന്നൊക്കെ പൗലൊസും പഠിപ്പിച്ചത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6 ⁃ യെശ, 64:8; മലാ, 2:10).  [കാണുക: സ്വരൂപവും സാദൃശ്യവും]

ദൈവത്തെ കണ്ടവർ:
➦ ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. 
➟ മോശെയും, അഹരോനും, നാദാബും, അബീഹൂവും, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരും ദൈവത്തെ കണ്ടതായി വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). 
➟ മീഖായാവ് സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടു: “അതിന്നു അവൻ (മീഖായാവു) പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18).
➟ ഇയ്യോബ് കണ്ടിട്ടുണ്ട്: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5). യെശയ്യാവ് രൂപം കാണുകയും ശബ്ദം കേൾക്കുകയും ചെയ്തു: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; (യെശ, 6:1). “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). 
➟ യെഹെസ്ക്കേലും രൂപം കാണുകയും ശബ്ദം കേൾക്കുകയും ചെയ്തു: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു……. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:26-28). 
➟ ദാനീയേൽ കണ്ടു: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു.  വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). 
➟ ആമോസ് കണ്ടു: “യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു.” (ആമോ, 9:1). 
➟യോഹന്നാൻ കണ്ടു: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). യെശയ്യാവും യോഹന്നാനും കണ്ടത് ഒരേ കാഴ്ചയാണ്. അതായത്, രാപ്പകൽ അഥവാ, നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് കണ്ടത്: (യെശ, 6:1-3; വെളി, 4:8). 
➟ തന്നെയുമല്ല, ദൈവത്തെ കണ്ടു എന്ന് പറയാതെ, അബ്രാഹാം മുതൽ ശലോമോൻ വരെയുള്ളവർക്ക് ദൈവം പ്രത്യക്ഷനായതായി അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 

☛ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞ യോഹന്നാൻതന്നെ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടതാണ്: (യോഹ, 1:18; 1യോഹ, 4:12 ⁃ വെളി, 4:8). അതുകൊണ്ട്, നമുക്ക് കാണാൻ കഴിയാത്ത ദൈവം, ദൈവം കണ്ട ദൈവം എന്നിങ്ങനെ പല ദൈവങ്ങളുണ്ടാകുമോ? ഒരിക്കലുമില്ല. അദൃശ്യനായ “ഒരേയൊരു ദൈവത്തിൻ്റെ” (Monos Theos – The only God) പ്രത്യക്ഷതയാണ് (Manifestation) ദൂതന്മാർ നിത്യം കാണുന്നതും പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതും. ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയയെയാണ് “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (My Father which is in heaven) എന്ന് യേശു വിശേഷിപ്പിച്ചതും വിളിച്ചപേക്ഷിച്ചതും: (മത്താ, 18:11; യോഹ, 11:41).

അബ്രാഹാമിന് പ്രത്യക്ഷനായ പുരുഷൻ:
➦ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). അബ്രാഹാമിന് പ്രത്യക്ഷനായത് മൂന്നു പുരുഷന്മാർ (Men) അല്ലെങ്കിൽ മനുഷ്യരാണ്. അതിലൊരാൾ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനും മറ്റു രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെ (Men) ആണ്: (ഉല്പ, 18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ “യഹോവ” (Yehovah) എന്ന് എഴുത്തുകാരൻ പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1;18:13;18:14;18:17;18:19;18:19;18:20;18:22;18:26;18:33). മറ്റു രണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ (Men) അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭവാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Malak – Angels) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഇത് യഹോവയായ ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനെ സന്ദർശിക്കാൻ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. [കാണുക: അബ്രാഹാമിന് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]

യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യൻ:
➦ “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:” (യോഹ, 9:11). ➟“ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). പലരും വിചാരിക്കുന്നപോലെ, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷം മാറി വന്നതോ അല്ല; പ്രത്യുത, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (Soma – Body) ദേഹിയും  (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461യോഹ, 3:5റോമ, 5:15).  “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മതിതിൽ പറയുന്നത്: (1തിമൊ, 3:16 ബെബെ1Tim,3:16). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടതും യഹോവയുടെ പ്രത്യക്ഷതയായ ഒരു പുരുഷനെ (Ish – Man) ആണ്: (ഉല്പ, 18:2). യഹോവയുടെ പ്രത്യക്ഷതയ്ക്കായി കന്യകയിൽ ഉല്പാദിതമായി അവളുടെ ആദ്യജാതനായ ലോകത്തിൽ വെളിപ്പെട്ടതും ഒരു പുരുഷൻ (Aner – Man) ആണ്: (യോഹ, 1:30). എന്നാൽ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: പഴയനിയമത്തിലെ പ്രത്യക്ഷത സ്ത്രീയിലൂടെയല്ല; ദൈവം തൻ്റെ ശക്തിയാൽ നേരിട്ട് എടുത്ത പ്രത്യക്ഷതയാണ്. എന്നാൽ യേശു എന്ന് പേരുള്ള മനുഷ്യൻ്റെ പ്രത്യക്ഷത, കന്യകയായ മറിയത്തിൽ ഉല്പാദിക്കപ്പെട്ടവനും അവളുടെ ആദ്യജാതനുമായിട്ടാണ്: (മത്താ, 1:21; ലൂക്കൊ, 2:7).

☛ മമ്രേയുടെ തോപ്പിലെ പ്രത്യക്ഷത തൻ്റെ സ്നേഹിതനെ സന്ദർശിച്ച് അവനോടുള്ള യിസ്ഹിക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കാനായിരുന്നു. അതിന് ഒരു സ്ത്രിയിൽനിന്ന് ജനിക്കാൻ ആവശ്യമില്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ചത്: (മത്താ, 1:1; 1:16; 1:20; ലൂക്കൊ, 2:21; 1തിമൊ, 3:16 ബെബെ). [കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക]

ദൈവത്തിൻ്റെ പരിശുദ്ധാത്മാവ്:
➦ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). ➟“യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32). “പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ” ഒരു പ്രാവ് പറന്നിറങ്ങുന്നതുപോലെ യേശുവിൻ്റെമേൽ ആവസിച്ചതായി യേഹന്നാൻ കണ്ടതാണ്. പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ അല്ല. അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ആത്മാവായ ഏകദൈവം (യോഹ, 4:24) മനുഷ്യനിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യന്നത് പരിശുദ്ധാത്മാവെന്ന തൻ്റെ വെളിപ്പാടിലൂടെയാണ് (യിരെ, 23:24; യോഹ, 4:24 – യോഹ, 3:6-8; 2ശമൂ, 23:2). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുണ്ട്. പഴയനിയമത്തിലെ ഒരു തെളിവ് തരാം: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ, ദൈവവും ആത്മാവും ഒന്നാണ് അല്ലെങ്കിൽ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് ആത്മാവെന്ന് വ്യക്തമായി മനസ്സിലാക്കാം. വ്യക്തമായി മനസ്സിലാക്കാം. യഹോവയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; “നീ അവിടെ ഉണ്ടു” എന്നാണ്. ➟അടുത്തഭാഗം: പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; “നീ അവിടെ ഉണ്ടു” എന്നാണ് പറയുന്നത്. ➟അതിനടുത്തഭാഗം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; “നിന്റെ വലങ്കൈ എന്നെ പിടിക്കും” എന്നാണ് പറയുന്നത്. ➟ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്ന് പറയുന്നവൻ; സ്വർഗ്ഗത്തിൽ കയറിയാലും, പാതാളത്തിൽ കിടക്ക വിരിച്ചാലും, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താലും നിൻ്റെ ആത്മാവ് എന്നെ പിടിക്കും എന്നല്ലേ പറയേണ്ടത്? പിന്നെന്തുകൊണ്ടാണ്, സ്വർഗ്ഗത്തിലും പാതാളത്തിലും നീയുണ്ടെന്നും സമുദ്രത്തിന്റെ അറ്റത്തും നിന്റെ വലങ്കൈ എന്നെ പിടിക്കുനെന്നും പറയുന്നത്? ആത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് അല്ലെങ്കിൽ സിന്നിധ്യം ആയതുകൊണ്ടാണ്, ദൈവത്തെയും ആത്മാവിനെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. വിശ്വാസികളുടെ ശരീരത്തെ “ദൈവത്തിൻ്റെ മന്ദിരം” (The temple of God) എന്നും “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” (The temple of the Holy Ghost) എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക: (1കൊരി, 3:16 ⁃ 1കൊരി, 6:19). ഒരു വ്യക്തി വ്യത്യസ്തരായ രണ്ടുപേരുടെ മന്ദിരമാകുക സാദ്ധ്യമല്ലല്ലോ? ഇതുപോലെ അനേകംതെളിവുകളുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?, ദൈവത്തിൻ്റെ ആത്മാവ്]

ഏഴ് ആത്മാവ്:
➦ “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4). ഇവിടെ, “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ പിതാവായ ഏകദൈവത്തിൽനിന്നും (വെളി, 1:8; 4:8), ഏഴ് ആത്മാവിൽനിന്നും യേശുക്രിസ്തുവിൽ നിന്നുമാണ് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത്. ഇതും അദൃശ്യനായ ദൈവത്തിൻ്റെ വെളിപ്പാടാണ്. “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.” (വെളി, 4:5). യോഹന്നാൻ ദർശനത്തിൽ നേരിട്ട് കാണുന്നത് സിംഹാസനത്തിന് മുന്നിൽ കത്തുന്ന “ഏഴ് ദീപങ്ങളെ” ആണ്. എന്നാൽ ആ ഏഴ് ദീപങ്ങൾ ഏഴ് ആത്മാക്കളെ പ്രതിനിധീകരിക്കുകയാണ്. ദൈവാത്മാവ് അദൃശ്യമാകയാൽ യോഹന്നാന് ഏഴ് ആത്മാക്കളുടെ വെളിപ്പാട് ഉണ്ടായത് ജ്വലിക്കുന്ന ഏഴ് ദീപങ്ങളായാണ്. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും കണ്ടതോർക്കുക: (പ്രവൃ, 2:3). “ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ” എന്നു മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചും (വെളി, 3:1), കുഞ്ഞാടിന് “ദൈവത്തിൻ്റെ ഏഴ് ആത്മാക്കളായ” (The seven Spirits of God) ഏഴ് കണ്ണുള്ളതായും പറഞ്ഞിട്ടുണ്ട്: (വെളി, 5:6). ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ പോലെതന്നെ, ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ് ദൈവത്തിൻ്റെ ഏഴ് ആത്മാക്കൾ. [കാണുക: ആശിർവാദത്തിലെ ത്രിത്വം]

കുഞ്ഞാട്:
➦ “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). ഇത് യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അല്ല; യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. അതിൻ്റെ ചില തെളിവുകൾ തരാം: 

𝟭. യേശുവും കുഞ്ഞാടും:
➦ വെളിപ്പാട് 5:5-ൽ പറയുന്ന യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ യേശുവാണ്: (എബ്രാ, 7:14; വെളി, 22:16). “അവൻ പുസ്തകം തുറപ്പാൻ ജയം പ്രാപിച്ചിരിക്കുന്നു” എന്ന് പറഞ്ഞശേഷം, പിന്നെ, “സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതാണ് യോഹന്നാൻ കണ്ടത്: (വെളി, 5:6). കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിന് യേശു (Iesous) എന്ന സംജ്ഞാനാമോ, ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നീ പ്രധാനപ്പെട്ട പദവി നാമങ്ങൾ യോഹന്നാൻ പറയുമായിരുന്നു. 

𝟮. ദൈവത്തിൻ്റെ കുഞ്ഞാടും, കുഞ്ഞാടും:
➦ യേശുവിന് ”ദൈവത്തിൻ്റെ കുഞ്ഞാടു” (Ho Amnos Theou – The Lamb of God) എന്ന് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:29; 1:36). ഇത് നമ്മുടെ കർത്താവിൻ്റെ പദവി (Title) ആണ്. എന്നാൽ വെളിപ്പാടിൽ കുഞ്ഞാടിനെ ഒരിക്കൽപ്പോലും “ദൈവത്തിൻ്റെ കുഞ്ഞാടു” എന്ന് പറഞ്ഞിട്ടില്ല. കാരണം, “കുഞ്ഞാടു” എന്നത് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ പദവിയല്ല; പ്രകൃതി (Nature) ആണ്. അതിനാൽ “കുഞ്ഞാടിൻ്റെ” (Lamb) പ്രകൃതിയെ കുറിക്കുന്ന നാമപദത്തോടൊപ്പം (Noun) “ദൈവത്തിൻ്റെ” എന്ന “നാമവിഭക്തി രൂപം” (Genitive Noun/ Possessive Noun) ചേരില്ല. അതായത്, “ദൈവത്തിൻ്റെ കുഞ്ഞാടു” എന്നത് യേശുവിൻ്റെ പദവിയും, “കുഞ്ഞാടു” എന്നത് സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ടവൻ്റെ പ്രകൃതിയുമാണ്.

𝟯. വ്യത്യസ്ത നാമപദങ്ങൾ:
➦ യേശു എന്ന കുഞ്ഞാടിനെ (Lamb) കുറിക്കുന്ന ഗ്രീക്കു നാമപദം (Noun) “അമ്നോസ്” (ἀμνὸς – amnos) ആണ്. ഈ പദം: “നിർദ്ദേശിക വിഭക്തിയിലുള്ള പുല്ലിംഗ ഏകവചനം” (Nominative Singular Masculine) ആണ്. എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാടിനെ (Lamb) കുറിക്കുന്ന ഗ്രീക്കുനാമപദം “അർണിയോൻ” (ἀρνίον – arnion) ആണ്. ഈ പദം: “നിർദ്ദേശിക വിഭക്തിയിലുള്ള നപുംസകലിംഗ ഏകവചനം” (Nominative Neuter Singular) ആണ്. അതായത്, യേശു എന്ന കുഞ്ഞാടിനെയും വെളിപ്പാടിലെ കുഞ്ഞാടിനെയും കുറിക്കുന്ന ഗ്രീക്ക് നാമപദങ്ങൾ (Nouns) വ്യത്യസ്തമാണെന്ന് മാത്രമല്ല, യേശു എന്ന കുഞ്ഞാടിനെ കുറിക്കാൻ പുല്ലിംഗ പദവും (Masculine), വെളിപ്പാടിലെ കുഞ്ഞാടിനെ കുറിക്കാൻ നപുംസകലിംഗ പദവുമാണ് (Neuter) ഉപയോഗിച്ചിരിക്കുന്നത്. വെളിപ്പാടിലെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നതങ്കിൽ, ഒരിക്കലും നപുസകലിംഗം ഉപയോഗിക്കില്ലായിരുന്നു.

𝟰. ഭാഷാപരമായ മറ്റൊരു തെളിവ്:
➦ കുഞ്ഞാടിനെക്കുറിച്ച് പറഞ്ഞിട്ട്, “അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു” എന്നാണ് പറയുന്നത്: (വെളി, 5:6). ഈ വേദഭാഗത്ത്, “അതിന്നു ഉണ്ട് അല്ലെങ്കിൽ, അതിനുള്ളതു” (That which it has) എന്ന അർത്ഥത്തിൽ “എഖൊൺ” (Ἔχον – Echon) എന്ന നപുംസകലിംഗ ക്രിയാപദമാണ് (Neuter Verb) ഉപയോഗിച്ചിരിക്കുന്നത്. “കുഞ്ഞാടു” (Lamb) എന്ന പദം നപുസകലിംഗം ആയതുകൊണ്ടാണ്, കുഞ്ഞാടിനെ സംബന്ധിച്ച ക്രിയാപദവും നപുംസകലിംഗത്തി പറയുന്നത്. എന്നാൽ യേശുവിനെ അധികാരം“ഉള്ളവൻ” (one who had/one having) എന്ന് പറയാൻ “എഖോൺ” (Echon) എന്ന “പുല്ലിംഗ ക്രിയാപദമാണ്” (Masculine Verb) ഉപയോഗിച്ചിരിക്കുന്നത്: (മത്താ, 7:29; മർക്കൊ, 1:22). 

𝟱. യേശുവിൻ്റെ പ്രകൃതിയും കുഞ്ഞാടിൻ്റെ പ്രകൃതിയും:
➦ യേശുവിൻ്റെ “പ്രകൃതി” (Nature) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.” (മർക്കൊ, 15:39). ➟“യേശു എന്നു പേരുള്ള മനുഷ്യൻ.” (യോഹ, 9:11). അതായത്, ദേഹവും (Soma – Body) ദേഹിയും  (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461യോഹ, 3:5റോമ, 5:15). യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ പ്രകൃതിയും (Nature) വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. അതായത് യേശുക്രിസ്തു പ്രകൃതിയിൽ മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് മൃഗവുമാണ്. മറിയ തൻ്റെ ആദ്യജാതനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. അതിനാൽ യേശുക്രിസ്തുവിന് യഥാർത്ഥത്തിൽ വെളിപ്പാടിലെ കുഞ്ഞാടാകാൻ കഴിയില്ല. 

𝟲. തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ:
➦ ക്രിസ്തുയേശുവിന് തന്റെ സ്വഭാവം ത്യജിപ്പാൻ കഴികയില്ലെന്ന് വചനം പറയുന്നു: “നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.” (2തിമൊ, 2:13). സത്യവേദപുസ്തകത്തിൽ: “തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല” എന്നാണ്. സ്വഭാവം എന്നത് പ്രകൃതിയെ (Nature) കുറിക്കുകയാണ്. ഗ്രീക്കുപ്രയോഗം ”Arnēsasthai heauton ou dynatai” എന്നാണ്. ഇതിൻ്റെയർത്ഥം: “അവന് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല” (He cannot deny himself) എന്നാണ്. അതിനാൽ യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:12), തൻ്റെ സ്വഭാവമോ, സ്വരൂപമോ, ത്യജിച്ചുകൊണ്ട് കുഞ്ഞാടായി രൂപാന്തരം പ്രാപിച്ചു എന്ന് പറയാൻ കഴിയില്ല. 

𝟳. പെസഹകുഞ്ഞാട്:
➦ “നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.” (1കൊരി, 5:7). ഇവിടുത്തെ, “പെസഹകുഞ്ഞാടു” എന്നതും യേശുവിൻ്റെ പദവിയാണ്. “അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു” (റോമ, 6:10), “നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു” (എഫെ, 5:2), “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു” (1തിമൊ, 2:6എബ്രാ, 7:27; എബ്രാ, 10:10) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ ആദ്യം കാണുന്നത് അറുക്കപ്പെട്ടതായല്ല; “അറുക്കപ്പെട്ടതുപോലെ” (as it had been slain) ആണ് കാണുന്നത്. യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. എന്നാൽ പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, “അറുക്കപ്പെട്ട കുഞ്ഞാടു” എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). യോഹന്നാൻ്റെ ആദ്യകാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായുമാണ് പറഞ്ഞിരിക്കുന്നത്. യേശുവെന്ന പെസഹക്കുഞ്ഞാട് അറുക്കപ്പെട്ടതിനും ഏകദേശം അറുപത് വർഷങ്ങൾക്കുശേഷം വെളിപ്പാട് ദർശിക്കുന്ന യോഹന്നാൻ, താൻ കുഞ്ഞാടായി കണ്ടത് യഥാർത്ഥത്തിൽ യേശുവിനെയാണെങ്കിൽ, ആദ്യപരാമർശത്തിലും “അറുക്കപ്പെട്ട കൂഞ്ഞാടു” എന്നേ പറയുമായിരുന്നുള്ളൂ.

𝟴. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്:
➦ “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.” (വെളി, 13:8). ഇവിടെ, “കുഞ്ഞാടു” ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, “അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായവനാണ്.” (എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11). മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 

☛ പ്രവചനനിവൃത്തിയായി AM 3755-ലാണ് (BC 6) യേശുവെന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. “യേസൂസ്” (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, AD 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവനും എ;ഡി. 29-ൽ പ്രവചനങ്ങളുടെ നിവർത്തിയായി ക്രിസ്തുവും ദൈവപുത്രനും ആയവൻ, ലോകസ്ഥാപനത്തിന് മുമ്പെ അറുക്കപ്പെടുവാൻ എങ്ങനെ കഴിയും?

☛ പത്രൊസ് അപ്പൊസ്തലൻ പറയുന്നത് ശ്രദ്ധിക്കുക: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ എന്നാണ്. “പ്രോഗിനോസ്കോ” (Proginosko) എന്ന പദത്തിൻ്റെ അർത്ഥം: “മുൻനിശ്ചയിക്കപ്പെട്ടവൻ” എന്നാണ്. അതായത്, ദൈവം ലോകസൃഷ്ടിക്ക് മുമ്പേ തന്നെ ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവർത്തിയെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ്, “ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു” എന്ന് പറഞ്ഞിരിക്കുന്നത്. (എഫെ, 1:4). ദൈവത്തിൻ്റെ മുന്നറിവും മുന്നിയമനവും തിരഞ്ഞെടുപ്പും തൻ്റെ ജ്ഞാനമ്പൂണ്ണതയിൽ (സർവ്വജ്ഞാനം) ഉള്ളതാണ്. അതിൻ്റെ പൂർത്തീകരണത്തിനായാണ് ദൈവം ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്. അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. ലോകസ്ഥാപനത്തിനുമുമ്പെ ഒരു വ്യക്തിയായി (Person) ഇല്ലാതിരുന്നവന് യഥാർത്ഥത്തിൽ ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിക്കാൻ കഴിയില്ല. അതിനാൽ, ലോകസ്ഥാപനംമുതൽ യേശുക്രിസ്തുവിലൂടെ മുന്നിർണ്ണയിക്കപ്പെട്ടിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ് കുഞ്ഞാടായി യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാം.

ഉപസംഹാരം: 
➦ അദൃനായ ഏകദൈവത്തെയും (Monos Theos – The only God) അവൻ്റെ വ്യത്യസ്തമായ പ്രത്യക്ഷതകളെയും ട്രിനിറ്റിയുടെ ഭാഷയിൽ വ്യക്തികളായി എണ്ണിയാൽ എത്രപേരുണ്ടെന്ന് നോക്കാം: ഏകദൈവം + യേശുവിൻ്റെ പിതാവ് + മമ്രേയുടെ തോപ്പിൽ കണ്ട മനുഷ്യൻ + യേശു എന്ന് പേരുള്ള മനുഷ്യൻ + പരിശുദ്ധാത്മാവ് + ഏഴ് ആത്മാവ് + കുഞ്ഞാട് = പതിമൂന്ന് വ്യക്തികൾ. അതിൽനിന്ന് മൂന്ന് വ്യക്തികളെ എടുത്താണ് ത്രിത്വം ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി പത്ത് വ്യക്തികളെ എന്തുചെയ്യും?

3 thoughts on “ഏകദൈവവും പ്രത്യക്ഷതകളും”

Leave a Reply

Your email address will not be published. Required fields are marked *