☛ ‘യഹോവ’ (Yehovah) എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,828 പ്രാവശ്യം കാണാം. എന്നാൽ പുതിയനിയമത്തിൽ ‘യഹോവ’ എന്ന പൂർണ്ണനാമം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. പഴയനിയമത്തിൽനിന്ന് പുതിയനിയമത്തിലേക്ക് നേരിട്ട് എടുത്തിരിക്കുന്ന ഏകദേശം 250–300-തോളം ഉദ്ധരണികളെങ്കിലും ഉണ്ടാകും. അതിൽപ്പോലും ദൈവനാമം ഉപയോഗിച്ചിട്ടില്ല. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ പറയുന്നത്:
𝟭. പുതിയനിയമം എഴുതപ്പെട്ട കാലഘട്ടത്തിൽ, “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” എന്ന മൂന്നാം കല്പനയിൽ യെഹൂദന്മാർ ഭയപ്പെട്ടിരുന്നതിനാൽ, എഴുത്തുകാർ ‘യഹോവ’ എന്ന പേരിന് പകരം ‘കർത്താവു’ (Kyrios) അല്ലെങ്കിൽ ‘ദൈവം’ (Theos) എന്ന പദങ്ങൾ ഉപയോഗിച്ചു. അതിന് യെഹൂദന്മാരെപ്പോലെ പേര് ഉപയോഗിക്കാതിരുന്നാൽപ്പോരേ; എഴുതാതിരിക്കുന്നത് എന്തിനാണ്?
𝟮. “ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും പഴയനിയമത്തിന്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിൽ (LXX) നിന്നാണ്. ഈ പരിഭാഷയിൽ ദൈവനാമത്തിന് പകരം കുറിയോസ് (Kyrios) എന്നാണ് നൽകിയിരുന്നത്. അതുകൊണ്ട്, പുതിയനിയമത്തിലും സ്വാഭാവികമായും ആ പദം തന്നെ കടന്നുകൂടി. ഭാഷ മാറുന്നതിന് അനുസരിച്ച് പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) എങ്ങനെ മാറും?
❶ സെപ്റ്റ്വജിന്റ് (𝐋𝐗𝐗) വിവർത്തനം:
➦ എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിലാണ് (LXX) ദൈവത്തിൻ്റെ പേര് ആദ്യം ഒഴിവാക്കിയത്. ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 72 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 130-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. LXX-ന് പല പ്രത്യേകതകളുമുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്തും അതിന് മുമ്പും പിമ്പുമുള്ള എബ്രായഭാഷ അറിയാത്ത വിദേശി യെഹൂദന്മാർ എല്ലാവരും ഉപയോഗിച്ചിരുന്നതും എബ്രായഭാഷ അറിയുന്നവരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟯. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟰. LXX-ൽ നിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟱. ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് പരിഭാഷയാണ് ഉപയോഗിച്ചിരുന്നത്.
𝟲. ആദ്യകാല വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഗ്രന്ഥമായാണ് LXX-നെ കണ്ടിരുന്നത്. ഫിലോ (Philo), ജോസീഫസ് (Josephus) തുടങ്ങിയ യഹൂദ ചരിത്രകാരന്മാരും ജസ്റ്റിൻ മാർട്ടിർ, അഗസ്റ്റിൻ തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരും LXX കേവലം ഒരു വിവർത്തനമായല്ല; പ്രത്യുത, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ (Inspiration) തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു
𝟳. ഇന്ന് ലഭ്യമായിരിക്കുന്ന 4–5 നൂറ്റാണ്ടുകളിലുള്ള പുരാതനവും സമഗ്രവുമായ മൂന്ന് കോഡെക്സുകളുടെയും (Codex Vaticanus, Codex Sinaiticus, Codex Alexandrinus) പഴയനിയമം LXX ആണ്.
❷ ദൈവനാമം മാറ്റാൻ പാടുണ്ടോ?
➦ ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ പത്ത് കല്പനകളിൽ എട്ടുപ്രാവശ്യം യഹോവ (Yehovah) എന്ന ദൈവനാമമുണ്ട്: (പുറ, 31:18). ആ നാമത്തെ (Name) മാറ്റി LXX-ൽ കർത്താവ് (Lord) എന്നർത്ഥമുള്ള കുറിയോസ് (Kyrios) എന്നാക്കിയത് എന്തുകൊണ്ടാണ്? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് പേരിൻ്റെ ഉച്ചാരണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നല്ലാതെ, പേരുതന്നെ മാറ്റിക്കളയാൻ എങ്ങനെ കഴിയും? വ്യക്തമായ ഒരു കാരണം കൂടാതെ ദൈവത്തിൻ്റെ പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (Proper Noun) മാറ്റപ്പെടാൻ പാടുണ്ടോ? LXX-ലെ പേരുമാറ്റം ദൈവഹിതപ്രകാരം അല്ലായിരുന്നുവെങ്കിൽ, യേശുവും അപ്പൊസ്തലന്മാരും ആ പരിഭാഷ എന്തുകൊണ്ട് ഉപയോഗിച്ചു? LXX ദൈവശ്വാസീയമായ ഗ്രന്ഥം ആയിരുന്നില്ലെങ്കിൽ, അതിൽനിന്ന് ദൈവശ്വാസീയമായ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? (2തിമൊ, 3:16). അപ്പോൾ LXX-ൻ്റെ കുഴപ്പമല്ല; ദൈവത്തിൻ്റെ പേര് മാറ്റപ്പെട്ടതിന് പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട്. അതെന്താണെന്നാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്.
❸ ദൈവത്തിന് ഒരു പേര് വേണമോ?
➦ ദൈവത്തിന് എന്തിനാണ് പേര് എന്നാണ് നാം ആദ്യം ചന്തിക്കേണ്ടത്. ദൈവത്തിന് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. ദൈവത്തിന് പിന്നെന്തിനാണ് പേര്? പേർ (Name) എന്നത് വ്യക്തികളെ വേർതിരിച്ചറിയാനുള്ള ഉപാധിയാണ്. “ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു.” (സഭാ, 6:10). പലരിൽ നിന്ന് ഒരുത്തനെ തിരിച്ചറിയാൻ വേണ്ടിയാണ് പേർ വിളിക്കുന്നത്. ഇത് മനുഷ്യരെ സംബന്ധിക്കുന്ന വിഷയമാണ്; അല്ലാതെ, ദൈവത്തെ സംബന്ധിച്ചതല്ല. ദൈവം മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, അവർക്ക് വ്യത്യസ്തമായ ഓരോ പേരുണ്ടാകുമായിരുന്നു. അല്ലെങ്കിൽ ആരാ, ഏതാ, എന്താന്ന് എങ്ങനെ തിരിച്ചറിയും? മൂന്ന് വ്യത്യസ്തമായ പേര് ബൈബിളിൽ പറഞ്ഞിട്ടില്ല എന്നതുതന്നെ ദൈവം മൂന്ന് വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ഏകദൈവത്തിനുള്ളത് പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അല്ലെങ്കിൽ വെളിപ്പാടുകളാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യക്ഷതകളാണ് കാണുന്നത്. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ‘ഒരുത്തൻ മാത്രം’ (Monos Theos – The only God) ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടുമുണ്ട്: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; യെശ, 37:16; യെശ,37:20; യെശ, 44:24 – യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ 1:24). പിന്നെങ്ങനെ ദൈവം മൂന്ന് വ്യക്തിയാണെന്ന് പറയാൻ കഴിയും? ഒരുത്തൻ മാത്രമായ ദൈവത്തിന് പേര് വേണ്ട; അവൻ്റെ വിശേഷണങ്ങൾതന്നെ ധാരളമാണ്. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു പേരില്ലാതിരുന്നത്. ‘സർവ്വശക്തൻ’ (ഉല്പ, 17:1), ‘നിത്യദൈവം’ (ഉല്പ, 21:33) മുതലായ സവിശേഷമായ വിശേഷണങ്ങളാലാണ് അവൻ അറിയപ്പെട്ടിരുന്നത്: (ഉല്പ, 6:3). പിന്നെ ദൈവത്തിന് ‘യഹോവ’ എന്ന സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്തായിരുന്നു?
❹ ദൈവത്തിൻ്റെ നാമം:
➦ ദൈവത്തിന് യഥാർത്ഥത്തിൽ ഒരു പേരിൻ്റെ ആവശ്യമില്ല. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു സംജ്ഞാനാമം (Proper Noun) ഇല്ലാതിരുന്നത്. ദൈവം പറയുന്നത് നോക്കുക: “ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (ഉല്പ, 6:3). എന്നാൽ പില്ക്കാലത്ത് ദൈവം തനിക്കൊരു പേർ എടുത്തതായി കാണാം: “ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ, 3:15). അടുത്തവാക്യം: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). ആദ്യവാക്യത്തിൽ, ‘യഹോവ’ എന്നത് എന്നേക്കും എൻ്റെ നാമവും (Name) തലമുറ തലമുറയായി എന്റെ ജ്ഞാപകവും (Memorial) ആകുന്നു എന്നാണ് ദൈവം പറയുന്നത്. യഹോവ എന്ന നാമം എന്നേക്കുമുള്ളതായിരുന്നെങ്കിൽ, ആ നാമം എങ്ങനെ പുതിയയനിയമത്തിൽനിന്ന് മാറ്റപ്പെട്ടു? അതറിയാൻ ന്യായപ്രമാണത്തിൽ എന്നേക്കും (for ever) എന്നതിൻ്റെ അർത്ഥം പരിശോധിക്കണം.
❺ ന്യായപ്രമാണകാലം:
➦ “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:13). പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). “നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല” എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). എന്നാൽ പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന നേരിട്ട് പറഞ്ഞിട്ടില്ല. യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). എന്നാൽ പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയം പോലുമില്ല. ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). അതുപോലെ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായി ദൈവം എടുത്ത തൻ്റെ ‘യഹോവ’ എന്ന നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
❻ ദൈവം എപ്പോഴാണ് നാമം എടുത്തത്?
➦ ദൈവം എപ്പോഴാണ് തനിക്കൊരു പേരെടുത്തത് എന്ന് മനസ്സിലാക്കുമ്പോഴാണ്, യഹോവ (Yehovah) എന്ന ദൈവത്തിൻ്റെ നാമം ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് യഹോവ (Yehovah) എന്ന സംജ്ഞാനാമം എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ഉദാ: റാ (Ra), ഓസിറിസ് (Osiris), ഐസിസ് (Isis), ഹോറസ് (Horus), സെത്ത് (Set), അനൂബിസ് (Anubis), തോത്ത് (Thoth), ഹാതോർ (Hathor), ബാസ്റ്ററ്റ് (Bastet), മാ’അറ്റ് (Ma’at), പ്താ (Ptah), അമുൻ (Amun) മുതലായവർ. നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തിരുന്നു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര, മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിന് പ്രതീക്ഷിക്കും. അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബ് (സീനായി) പർവ്വതത്തിൽ വെച്ചാണ്. (പുറ, 3:1; 3:12; പുറ, 19:1; 19:12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം (പഴയനിയമം) നൽകുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു ‘നാമം’ (Name) ആദ്യമായി എടുത്തത്. അതേ ദൈവം, സാത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് അവരോട് വാഗ്ദത്തം ചെയ്തിരുന്ന പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് “അവൻ (യഹോവ) രക്ഷിക്കും” (He will save) എന്നർത്ഥമുള്ള യേശു അല്ലെങ്കിൽ യേസൂസ് (iēsous). (യിരെ, 31:31-34 – എബ്രാ, 8:8-12). ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:44; യോഹ, 17:11; യോഹ, 17:12).
❼ പുതിയനിയമവും ക്രിസ്തുവും:
➦ പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ? പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ദൈവം, പഴയനിയമം യെഹൂദന്മാരോടും പുതിയനിയമം സകല ജാതികളോടും ചെയ്തതാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടല്ലാതെ ഒരു നിയമവും ജാതികളോട് ചെയ്തിട്ടില്ല. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് യേശു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 – പ്രവൃ, 3:25; പ്രവൃ, 13:32-35 – എബ്രാ, 2:14-16; എബ്രാ, 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ അവൻ്റെ ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും (Nature) ദൂതന്മാരെക്കാൾ അല്പമൊരു തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:2; 1Tim, 3:16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20).
❽ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
❾ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
❿ യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി Nature) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നും അവൻ പഠിപ്പിച്ചു: (യോഹ, 14:11). മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
⓫ പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ”മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മത്താ, 21:9; – മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ഇത് പഴയനിയമത്തിലെ, “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല. അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്? നമുക്കുനോക്കാം:
𝟭. പിതാവിൻ്റെ നാമത്തിൽ വന്നവൻ:
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17 – യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). പുത്രന് ‘യേശു/യേശുക്രിസ്തു’ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ‘യേശു/യേശുക്രിസ്തു’ എന്നാണെന്ന് മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
𝟮. അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;” (ലൂക്കോ, 10:17 – മർക്കൊ, 9:38; ലൂക്കൊ, 9:49). യേശുക്രിസ്തു എന്ന നാമത്തിലാണ് ശിഷ്യന്മാർ പ്രവർത്തിച്ചതെന്ന് ആർക്കും തർക്കമുണ്ടാകില്ല.
☛ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക:
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.” (പ്രവൃ, 3:6-7 – പ്രവൃ, 4:10). “ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.” (പ്രവൃ, 16:18).
☛ പുത്രൻ പ്രവർത്തിച്ച നാമം:
➦ ഇനി ദൈവപുത്രനായ യേശു ഏത് നാമത്തിലാണ് പ്രവർത്തിച്ചതെന്ന് നോക്കുക: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ യേശുക്രിസ്തു എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 – യോഹ, 5:43)
𝟯. നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). ഈ വാക്യത്തിൽ ദൈവത്തെ ‘പരിശുദ്ധപിതാവേ’ (Holy Father) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ – Protect them by the power of your name, the name you gave me.”
☛ അടുത്തവാക്യം: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹ, 17:12). ഇവിടെയും ശ്രദ്ധിക്കുക: “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു – I Protect them and kept them safe by that name you gave me.”
☛ മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, “നീ എനിക്കു തന്നിരിക്കുന്ന നാമം” എന്നല്ല പറയുന്നത്. പ്രത്യുത, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. ദൈവപുത്രനിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ‘യേശുക്രിസ്തു’ എന്ന ഏകനാമം പിതാവ് പുത്രനുകൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).
𝟰. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്താ, 28:19). ഈ വേദഭാഗത്തെ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” അഥവാ, ‘Onoma – Name’ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ‘യേശുക്രിസ്തു’ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5).
𝟱. യേശുവിൻ്റെ നാമത്തിൽ:
➦ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). ഇവിടെ pan ho ti ean poiete എന്ന ഗ്രീക്ക് പ്രയോഗത്തിന് ‘എന്തുചെയ്താലും’ (Whatever you do) അല്ലെങ്കിൽ ‘ഏതൊന്ന് ചെയ്താലും’ എന്നാണർത്ഥം. അതായത്, വാക്കിനാലോ, പ്രവർത്തിയാലോ ഏതൊരു കാര്യം ചെയ്താലും യേശുവിന്റെ നാമത്തിൽ (Onoma – Name) ചെയ്യനാണ് കല്പിച്ചിരിക്കുന്നത്. വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് സ്നാനം.
☛ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ‘യേശു’ എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 – യോഹ, 5:43; 17:11; 17:12 – യോഹ, 14:26).
𝟲. യേശുക്രിസ്തു എന്ന ഏകനാമം:
➦ പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21 –യോഹ, 5:43 –യോഹ, 14:26). എന്നുവെച്ചാൽ, സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3 – യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38 – യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28 – യോഹ, 14:26), യേശു അല്ലെങ്കിൽ യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (Onoma – Name) സ്നാനം കഴിപ്പിപ്പിൻ” എന്ന കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശു/യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്: (മത്താ, 28:19 – പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ച ‘യേശു/യേശുക്രിസ്തു’ എന്ന നാമം. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് ജലസ്നാനം. [കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം].
⓬ യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 – 1കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ഏകരക്ഷിതാവായ ദൈവവും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 – ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). രക്ഷയ്ക്കായുള്ള ഏകനാമവും ‘യഹോവ’ മാത്രമായിരുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേ, 2:32). പുതിയനിയമത്തിൽ പത്രൊസും പൗലോസും അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:21; റോമ, 10:13).
☛ എന്നാൽ പിന്നീട് ന്യായാധിപസംഘത്തിൻ്റെ (Sanhedrin) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ലെന്നും; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നാണ് പത്രൊസ് പറയുന്നത്. അവൻ പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്: 1.ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. 2.‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. അതെങ്ങനെ ശരിയാകും? ➟അതറിയണമെങ്കിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ അറിയണം:
𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്:
➦ “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ 1:24). ഈ വാക്യത്തിൽ, ‘ഏകദൈവം’ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് തെയൊസ്’ (Monos Theos) എന്നാണ്. മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ‘ഒരേയൊരു ദൈവം’ (The only God) എന്നാണ്. ഗ്രീക്കിലെ Monos എന്ന പദവും ഇംഗ്ലീഷിലെ Only എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. അതിനാൽ “രക്ഷിതാവായ ഏകദൈവം” (The only God our Saviour) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ മറ്റൊരു ദൈവം ഇല്ലെന്നാണ്. അപ്പോൾ പത്രോസ് പറയുന്ന ഏകരക്ഷിതാവായ യേശുക്രിസ്തു ആരാണ്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). 𝟮.പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നു പേരുള്ള മനുഷ്യൻ. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
⓭ പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:9-11). ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: “ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.” ദൈവം മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും സകലനാമത്തിന്നും മേലായ നാമം നല്കിയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:27). അടുത്തവാക്യത്തിൽ, “യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും” എന്നാണ് പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: “അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ‘യേശുക്രിസ്തു കർത്താവു’ എന്ന് പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും” എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ട് മുഴങ്കാൽ മടങ്ങുന്നു? എന്തെന്നാൽ, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്.
⓮ സെപ്റ്റ്വജിൻ്റും പുതിയനിയമവും:
➦ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷയും ദൈവശ്വാസീയമാണെന്നതിൽ തർക്കമൊന്നുമില്ല. അതുകൊണ്ടാണല്ലോ അവരത് ഉപയോഗിച്ചതും അതിൽനിന്ന് ഉദ്ധരണികൾ എടുത്തിരിക്കുന്നതും. അതിൽ ‘യഹോവ’ എന്ന ദൈവനാമത്തിന് പകരം കർത്താവ് (Lord) എന്ന അർത്ഥമുള്ള ‘കുറിയോസ്’ (Kyrios) ഉപയോഗിക്കാൻ വിവർത്തകരെ ഉദ്യമിപ്പിച്ചത് ദൈവത്തിൻ്റെ ആത്മാവ് തന്നെയാണ്. അതായത്, പുതിയനിയമത്തിൽ ദൈവത്തിൻ്റെ പേര് മാറ്റത്തിൻ്റെ മുന്നോടിയായിട്ട് ദൈവംതന്നെയാണ് LXX-ൽനിന്ന് പേര് നീക്കംചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. അതിനാൽ നാലുകാര്യങ്ങൾ ഉറപ്പോടെ നമുക്ക് വിശ്വസിക്കാം:
𝟭. ‘യഹോവ’ എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു.
𝟮. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ‘ഏകസത്യദൈവത്തിന്’ (The only true God) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല.
𝟯. ”യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31-34; എബ്രാ, 8:8-12). പുതിയനിയമത്തിലും പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ‘യേശുക്രിസ്തു’ എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12).
𝟰. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് ‘യേശു/യേശുക്രിസ്തു’ അതുകൊണ്ടാണ്, പുതിയനിയമത്തിൽ ‘യഹോവ’ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും ആ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുമ്പോൾ പിതാവിന് മഹത്വം ഉണ്ടാകുന്നതും: (പ്രവൃ, 4:12; ഫിലി, 2:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവ് മാത്രം സത്യദൈവം (Father, the only true God), ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]