☛ എല്ലാ അർത്ഥത്തിലും സമത്വമുള്ളവരും വ്യത്യസ്തരുമായ വ്യക്തികളാണ് പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. വ്യക്തി (Person) എന്ന പദം പ്രധാനമായും മനുഷ്യരെ കുറിക്കുന്നതാണ്. ആ അർത്ഥത്തിൽ യേശു എന്ന് പേരുള്ള ദൈവപുത്രനായ മനുഷ്യനെ മാത്രമേ വ്യക്തി എന്ന് പറയാൻ നിർവ്വാഹമുള്ളൂ: (മർക്കൊ, 15:39 – യോഹ, 9:11).
☛ മലയാളത്തിലെ “വ്യക്തി” എന്ന പദത്തിനും ഇംഗ്ലീഷിലെ “Person, Individual” എന്നീ പദങ്ങൾക്കും “മനുഷ്യൻ, ആൾ, ഒരാൾ” എന്നൊക്കെയാണ് അർത്ഥം. എന്നാൽ ശബ്ദതാരാവലി നിഘണ്ടു പ്രകാരം, “വ്യക്തി” എന്ന പദത്തിന് “വ്യതിരിക്തമായ, വ്യത്യസ്തമായ അല്ലെങ്കിൽ ഒറ്റയായ ഘടകം” എന്നീ അർത്ഥങ്ങളുമുണ്ട്. ഇംഗ്ലീഷിലെ “Individual” എന്ന പദത്തിൻ്റെ വിശേഷണത്തിനും (Adjective) അതേ അർത്ഥമാണ്.
☛ അങ്ങനെനോക്കിയാൽ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്ന് പറഞ്ഞാൽ അതിൻ്റെ യഥാർത്ഥ അർത്ഥം: ദൈവം നിത്യരും സമത്വമുള്ളവരും വ്യത്യസ്തരുമായ (Individuals) മൂന്ന് മനുഷ്യരാണ് (വ്യക്തി – Persons, Individuals) എന്നാണ്. ഇതെന്തൊരു ഉപദേശമാണ്? ഏകദൈവത്തെ മൂന്ന് മനുഷ്യരാക്കുന്ന ഉപദേശമോ?
☛ യേശുവിന് ദൈവവും മനുഷ്യനും എന്ന രണ്ട് പ്രകൃതി (Nature) ഉണ്ടെന്ന് നിങ്ങളുടെ ദൈവശാസ്ത്രം പറയുന്നുണ്ട്. അതുകൂടി പരിഗണിച്ചാൽ, ത്രിത്വത്തിലെ വ്യക്തികളുടെ പ്രകൃതി ഇപ്രകാരമാണ്: “പിതാവ് മനുഷ്യൻ, പുത്രൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, പരിശുദ്ധാത്മാവ് മനുഷ്യൻ; സാരാംശത്തിൽ ഏകദൈവം.”
☛ ഇനി, പിതാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, അവർ വ്യത്യസ്തർ ആകയാൽ, മൂന്നു ദൈവങ്ങൾ എന്നേ വരികയുള്ളൂ. പിന്നെങ്ങനെ സാരാംശത്തിൽ ഒരു ദൈവമാകും?
☛ ഇത് നിങ്ങളുടെ ത്രിത്വനിർവ്വചനപ്രകാരമുള്ള സത്യസന്തമായ വ്യാഖ്യാനമാണ്. ഇത് തെറ്റാണെങ്കിൽ നിങ്ങൾക്ക് തെളിയിക്കാം.
☛ ഇനി, ഇവർ പറയുന്ന സമത്വം നമുക്കൊന്ന് പരിശോധിക്കാം:
𝟭. പിതാവ് ഒന്നാമൻ, പുത്രൻ രണ്ടാമൻ, പരിശുദ്ധാത്മാവ് മൂന്നാമൻ. ഈ ക്രമംതന്നെ സമത്വത്തിനെതിരാണ്. പിന്നെന്താണ് സമത്വം?
𝟮. ഒന്നാമനും രണ്ടാമനും ഓരോ സംജ്ഞാനാമം (Proper Noun) വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മൂന്നാമന് സ്വതന്ത്രമായി ഒരു സംജ്ഞാനാമമില്ല. സമത്വമുള്ള വ്യക്തികളെന്ന് ട്രിനിറ്റി വിചാരിക്കുന്നവരുടെ പേരിൽപ്പോലും സമത്വമില്ല. പിന്നെങ്ങണെ സമത്വമുണ്ടെന്ന് പറയും?
𝟯. ത്രിത്വവ്യാഖ്യാനപ്രകാരം: പിതാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി, പരിശുദ്ധാത്മാവ് പൂർണ്ണദൈവം. പ്രകൃതിയിൽപ്പോലും സമത്വമില്ല. സൽഗുണ സമ്പൂർണ്ണനായവനെയാണ് ബൈബിൾ ദൈവം എന്ന് പറയുന്നത്. അതിനാൽ “പൂർണ്ണദൈവം” (Full God) എന്ന പ്രയോഗംതന്നെ കൾട്ടാണ്. തന്നെയുമല്ല, രണ്ട് പൂർണ്ണദൈവവും ഒരു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എങ്ങനെയാണ് തമ്മിൽ സമത്വമുള്ളവർ ആകുന്നത്?
𝟰. പിതാവിനെയും പുത്രനെയും കുറിക്കുന്ന എബ്രായഗ്രീക്ക് പദങ്ങൾ പുല്ലിംഗവും ആത്മാവിനെ കുറിക്കുന്ന പദങ്ങൾ യഥാക്രമം സ്ത്രീലിംഗവും നപുസകലിംഗവുമാണ്. ഉപയോഗിക്കുന്ന പദങ്ങളിൽപ്പോലും സമത്വമില്ല. പിന്നെങ്ങനെയാണ് സമത്വം അവകാശപ്പെടാൻ കഴിയുന്നത്?
𝟱. രണ്ടാമൻ ഒന്നാമനെക്കുറിച്ച് പറയുന്നു: പിതാവ് എന്നെക്കാൾ വലിയവനാണ്, എല്ലാരെക്കാളും വലിയവനാണ്: (യോഹ, 14:28 – യോഹ, 10:29). വായിൽ വഞ്ചനയില്ലാത്തവനാണ് പുത്രൻ: (1പത്രൊ, 2:22). പുത്രനെ നുണയനാക്കുന്ന ഉപദേശമാണ് സമത്വം. സമത്വവാദികൾ പുത്രനെ നുണയനാക്കുകയല്ലേ?
𝟲. ഒന്നാമൻ പറയുന്നു: ഞാൻ മനുഷ്യനല്ല ദൈവമത്രേ. (ഹോശേ, 11:9). രണ്ടാമൻ പറയുന്നു: പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണ്: (യോഹ, 17:3 – യോഹ, 8:40). ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും യഥാർത്ഥ പ്രകൃതി (Nature): (യോഹ, 17:3 – 8:40; റോമ, 5:15; 1തിമൊ, 2:5-6). മനുഷ്യനല്ലെന്ന് പറയുന്നവനും മനുഷ്യനാണെന്ന് പറയുന്നവനും തമ്മിൽ ഏത് വകയിലാണ് സമത്വമുണ്ടാകുന്നത്?
𝟳. മൂന്നാമനായ പരിശുദ്ധാത്മാവിനാലാണ് രണ്ടാമൻ ഉല്പാദിതമായതും (മത്താ, 1:20), ഉത്ഭവിച്ചതും (ലൂക്കൊ, 1:35), ബലപ്പെട്ട് വളർന്നതും (ലൂക്കൊ, 2:40), ശുശ്രൂഷിച്ചതും (ലൂക്കൊ, 4:15), അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28), മരിച്ചതും (എബ്രാ, 9:14), മരണത്തിൽനിന്ന് ഉയിർത്തതും: (1പത്രൊ, 3:18). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവന് പരിശുദ്ധാത്മാവിനോട് സമത്വമുണ്ടെന്ന് പറയുന്നത് ദൈവദൂഷണമല്ലേ?
𝟴. രണ്ടാമൻ മൂന്നാമനെക്കുറിച്ച് പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32). അതായത്, പരിശുദ്ധാത്മാവും തന്നെക്കാൾ വലിയവനാണെന്നാണ് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറയുന്നത്. പിന്നങ്ങനെ സമത്വമുണ്ടെന്ന് പറയുന്നത്?
𝟵. ഒന്നാമൻ, എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ? എന്ന് ചോദിക്കുമ്പോൾ (യിരെ, 32:27); രണ്ടാമൻ, “പിതാവിനെക്കൂടാതെ, എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” എന്നാണ് പറയുന്നത്: (യോഹ, 5:19; 5:30). സകലവും സാദ്ധ്യമായവനും സ്വതേ ഒന്നും കഴിയാത്തവനും തമ്മിൽ എങ്ങനെയാണ് സമത്വമുണ്ടാകുന്നത്?
𝟭𝟬. ഒന്നാമനും മൂന്നാമനും ജനിച്ചതായോ, മരിച്ചതായോ, ഉയിർത്തതായോ പറഞ്ഞിട്ടല്ല: രണ്ടാമൻ ജനിക്കുകയും മരിക്കുകയും ഒന്നാമനാലും രണ്ടാമനാലും ഉയിർപ്പിക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. ഇതിൽ എവിടെയാണ് സമത്വം? പിന്നെങ്ങനെ, മൂവർക്കും തമ്മിൽ സമത്വമുണ്ടെന്ന് പറയാൻ കഴിയുന്നത്?
𝟭𝟭. ഒന്നാമനെക്കുറിച്ച്, “പിതാവായ ഏകദൈവം” എന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്: (1കൊരി, 8:6; യോഹ, 17:3). സമത്വമുള്ള മൂന്നുപേർ ആയിരുന്നെങ്കിൽ, “പുത്രനായ ഏകദൈവം” എന്നും, “പരിശുദ്ധാത്മാവായ ഏകദൈവം” എന്നും ഓരോ പ്രയോഗമെങ്കിലും ബൈബിളിൽ ഉണ്ടാകേണ്ടതല്ലേ? അതിനാൽ സമത്വമെന്നത് ട്രിനിയുടെ ദിവാസ്വപ്നം മാത്രമാണ്.
𝟭𝟮. രണ്ടാമൻ വാക്കുകൾ നോക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം സംസാരിച്ചിരിക്കുന്ന മണുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). രണ്ടാമൻ മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നത്. താൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് എങ്ങനെ വേർതിരിച്ച് പഠിപ്പിക്കാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നും പറയുന്നത് നോക്കുക: (യോഹ, 14:1). ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവം വേറെ യേശു വേറെ ആണെന്ന് ആർക്കും മനസ്സിലാകും. പിന്നെന്താണ് ട്രിനിറ്റി പറയുന്ന സമത്വം?
☛ ഇതൊരു സാമ്പിൾ മാത്രമാണ്. ഇതുപോലെ നൂറുകണക്കിന് തെളിവകളുണ്ട്. ചുരുക്കത്തിൽ: പിതാവിനും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളും തമ്മിൽ സമത്വമുള്ളവരും ആണെന്ന ട്രിനിറ്റി പണ്ഡിതന്മാരുടെ വാദം; ബൈബിൾ വിരുദ്ധവും വ്യാജവുമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനുള്ള സാത്താൻ്റെ കുടിലതന്ത്രം മാത്രമാണിത്.
☛ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല:
➦ “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല” എന്ന വാക്യപ്രകാരം ക്രിസ്തുവിന് ദൈവത്തോടു സമത്വമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്: (ഫിലി, 2:6). ക്രിസ്തുയേശുവിൻ്റെ ഭാവം വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് അവിടെപ്പറയുന്നത്. അതെല്ലാം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ താഴ്മയുടെ മനോഭാവത്തെ വർണ്ണിക്കുന്ന ആത്മീയ പ്രയോഗങ്ങളാണ്. അതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനോ, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത (he cannot deny himself) ക്രിസ്തുവിനോ അത് യോജിക്കില്ല. അതിൻ്റെ തെളിവുകൾ ഏഴുപ്രയോഗത്തിലും കാണാം. ആദ്യപ്രയോഗം മാത്രം ഇവിടെ നോക്കാം:
☛ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തവനുമാണ്: (മലാ, 3:6). അതായത്, സത്യദൈവം സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥഭേദം അല്ലെങ്കിൽ വ്യതിയാനം വരാത്തവനാണ്. അവൻ ഏകനാണെങ്കിൽ എന്നും ഏകൻ തന്നെയായിരിക്കും. എന്നുവെച്ചാൽ: ചിലപ്പോൾ ഏകനും, മറ്റുചിലപ്പോൾ ദ്വൈത്വവും, വേറെ ചിലപ്പോൾ ത്രിത്വവും പിന്നെ ചിലപ്പോൾ മുപ്പത്തി മുക്കോടിയുമാകുന്ന അസ്ഥിരനായ ദൈവമല്ല. ട്രിനിറ്റിയുടെ ഏകദൈവം വിഭിന്നരായ മൂന്നു വ്യക്തികളുടെ സാരാംശമാണ്. വചനത്തിൽ അതിന് തെളിവില്ലെങ്കിലും ഒരു വാദത്തിനുവേണ്ടി അത് സമ്മതിക്കാം. ദൈവം ത്രിത്വമാണെങ്കിൽ, അവൻ ഗതിഭേദത്താൽ ആഛാനം ഇല്ലാതവനാകയാൽ എല്ലയ്പ്പോഴും ത്രിത്വംതന്നെ ആയിരിക്കും. എന്നാലിവിടെ ക്രിസ്തുവിന് സമത്വമുണ്ടെന്ന് പറയുന്നത്, ത്രിത്വത്തിലെ വ്യക്തികളെന്ന് ട്രിനിറ്റി പറയുന്ന പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ട്രിനിറ്റിയുടെ മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തോടുള്ള സമത്വമെന്നാണ് പറയുന്നത്. അതിനാൽ, ”അവൻ (ക്രിസ്തു) ദൈവരൂപത്തിലിരിക്കെ ദൈവത്തോഉള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അവൻ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വദൈവമാകും.. ത്രിത്വംതന്നെ വലിയ കുഴപ്പംപിടിച്ച ഉപദേശമാണ്; അപ്പോൾ ത്രിത്വദൈവത്തോട് സമത്വമുള്ള മറ്റൊരു ത്രിത്വവും ആയാലോ? ഇത് അതിനേക്കാൾ വലിയ കോടാലി ഉപദേശമാകും!
☛ തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ:
➦ “നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.” (2തിമൊ, 2:13). ഇത് ക്രിസ്തുവിനെക്കുറിച്ച് പറയുന്നതാണ്. ഇവിടെ, “arnasasthai gar heauton ou dynatai” എന്ന ഗ്രീക്ക് പ്രയോഗത്തിന്, “അവന് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല” (He cannot deny Himself) എന്നാണ്. ഫിലിപ്പിയരിലെ വേദഭാഗം താഴോട്ട് പറയുന്നത്, ക്രിസ്തു ”തന്നെത്താൻ ഒഴിച്ചു, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി, ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി” എന്നൊക്കെയാണ്. തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവന് അക്ഷരാർത്ഥത്തിൽ ഇതൊക്കെ എങ്ങനെ സാദ്ധ്യമാകും? അതായത്, അവിടെ പൗലൊസ് പറയുന്ന കാര്യങ്ങൾ, യഥാർത്ഥത്തിൽ ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പ്രകൃതിക്ക് (Nature) യോജിച്ച കാര്യങ്ങളല്ല. അതിനാൽ ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം.
☛ പിതാവ് തന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28; യോഹ, 10:29), പരിശുദ്ധാത്മാവ് തന്നെക്കാൾ വലിയവനാണെന്നും ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (മത്താ, 12:32; ലൂക്കൊ, 12:10). അതിനാൽ പുത്രന് പിതാവിനോടോ, പുത്രനോടോ സമത്വമുണ്ടെന്ന് സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ കഴിയില്ല. ഇനി, “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്ന പ്രയോഗം അക്ഷരാർഥത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് വാദിച്ചാലും; അത് പിതാവിനോടോ, പരിശുദ്ധാത്മാവിനോടോ ഉള്ള സമത്വമാണെന്ന് തെളിയിക്കാൻ ട്രിനിറ്റിക്ക് കഴിയില്ല; ഇല്ലാത്ത ത്രിത്വദൈവത്തോട് സമത്വമുള്ളവനാണ് യേശു എന്നേ പറയാൻ പറ്റൂ. തന്മൂലം, ക്രിസ്തുവിന് പിതാവിനോടോ, പരിശുദ്ധാത്മാവിനോടോ സമത്വമുണ്ടെന്നത് ബൈബിൾ വിരുദ്ധ വിശ്വാസമായ ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം മാത്രമാണെന്ന് മനസ്സിലാക്കാം.
☛ വൺനെസ്സുകാർക്ക് ഏകദൈവം ക്രിസ്തുവാണ്. എന്നാൽ പ്രസ്തുതവാക്യത്തിൽ പറയുന്ന 𝗜𝘀𝗮 𝗧𝗵𝗲𝗼 എന്ന പ്രയോഗത്തിന് “ദൈവത്തോടുള്ള സമത്വം” (Equal with God) എന്നാണർത്ഥം. അതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ക്രിസ്തു ദൈവത്തോടു സമത്വമുള്ള മറ്റൊരു ദൈവമാണ്. അതും വല്ലാത്ത കുഴപ്പമാണ്. അതിനാൽ, അതൊന്നുമല്ല ഇവിടുത്തെ വിഷയമെന്ന് വ്യക്തമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് മറുവിലയായ യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ താഴ്മയുടെ ഭാവത്തെ വർണ്ണിക്കാൻ “ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി” എന്ന് പൗലൊസ് ആത്മീയമായി പറയുന്നതാണ്. (1തിമൊ, 2:5-6). [കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം]
☛ യഹോവയായ ഏകദൈവം:
➟ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39)
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➟ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ?
➟ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5)
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)
➟ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)
➟ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➟ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)
➟ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
➟ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➟ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)
➟ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➟ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14)
➟ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും?
➟ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➟ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➟ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➟ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➟ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➟ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➟ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➟ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10).
☛ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). “ഞാൻ, ഞാൻ, എനിക്കു, എന്നെ” എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronoun) ശ്രദ്ധിക്കുക. ദൈവം ത്രിത്വമായിരുന്നെങ്കിൽ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ മറ്റൊരുത്തനുമില്ല എന്ന് യഹോവ പറയുമായിരുന്നോ❓ ദൈവം സമത്വമുള്ള മൂന്നുപേർ ആയിരുന്നെങ്കിൽ, ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെ ജ്ഞാനസമ്പൂർണ്ണനായ ദൈവം പറയുമായിരുന്നോ? യേശുവിനെക്കുറിച്ച് യഹോവ പറഞ്ഞത് സ്ത്രീയുടെ സന്തതിയെന്നും, മോശെയപ്പോലൊരു പ്രവാചകനെന്നുമാണ്: (ഉല്പ, 3:15; ആവ, 18:18). അവനെയാണ്, ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പഠിപ്പിച്ച യഹോവയോട് സമനാക്കാൻ പലരും നോക്കുന്നത്. കഷ്ടം!
☛ പിതാവ് മാത്രം ദൈവം:
➦ പിതാവാണ്, “ഏകദൈവം” (Monos Theos – The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ”മാത്രം” എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്.അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ, ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX) തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.
☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝗢𝗻𝗲𝗻𝗲𝘀𝘀), ത്രിത്വമോ (𝗧𝗿𝗶𝗻𝗶𝘁𝘆) അല്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 ആണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 അല്ലെങ്കിൽ ഏകദൈവവിശ്വാസം. പിതാവായ യഹോവ “ഒരേയൊരു ദൈവം” ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. യേശു ആരാണന്ന് അറിയാത്തതുകൊണ്ടാണ്, തെറ്റായ പരിഭാഷകൾകൊണ്ടും, ദുർവ്യാഖ്യാനങ്ങൾകൊണ്ടും അവനെ ദൈവമാക്കാൻ പലരും ശ്രമിക്കുന്നത്.
6 thoughts on “ദൈവം സമത്വമുള്ള മൂന്ന് മനുഷ്യരോ?”