യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണ് അല്ലെങ്കിൽ യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്നിങ്ങനെ പറയുന്ന അനേകം പേരുണ്ട്. യഹോവസാക്ഷികളും കുറേ നവീന ഉപദേശക്കാരും യേശുവെന്ന ദൈവപുത്രനെ അറിയാത്ത എല്ലാവരും അക്കുട്ടത്തിൽ പെട്ടവരാണ്. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നതിനാൽ ത്രിത്വവിശ്വാസികൾ യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറഞ്ഞുകേൾക്കാറില്ല; പക്ഷെ, യേശുവിൻ്റെ പിതാവാണ് ഞങ്ങളുടെയും പിതാവെന്ന് അവരും പറയാറുണ്ട്. ആരോ പറഞ്ഞുപഠിപ്പിച്ചപോലെ യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നതല്ലാതെ, ബൈബിളിൽ വലിയ ഗ്രാഹ്യമൊന്നും ഇക്കൂട്ടർക്കുണ്ടെന്ന് കരുതാൻ നിർവ്വാഹമില്ല. ഇവർക്ക് ആകെക്കൂടി അറിയാവുന്നത്; ക്രിസ്തുവിനെ പുത്രനെന്നും ദാസനെന്നും വിളിച്ചിട്ടുണ്ട്; അവൻ ദൈവത്തെ, പിതാവെന്നും ദൈവമെന്നും വിളിച്ചിട്ടുണ്ട്. അതിനാൽ, സ്രഷ്ടാവും സൃഷ്ടിയായ മനുഷ്യരും തമ്മിലുള്ള ബന്ധംപോലെയാണ് ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും തമ്മിലുള്ളതെന്ന് അവർ വിചാരിക്കുന്നു. യേശു ദൈവത്തെ ‘എൻ്റെ പിതാവു‘ എന്നു വിളിക്കുന്നത് സുവിശേഷങ്ങളിൽ ഉടനീളം കാണാം. (ഉദാ: മത്താ, 11:27; 15:3; 18:35: 20:23; 24:26). അപൂർവ്വമായിട്ടാണെങ്കിലും പിതാവിനെ ‘എൻ്റെ ദൈവം‘ എന്നും  സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; യോഹ, 20:17). അഭിഷിക്ത മനുഷ്യനായ യേശു തൻ്റെ പിതാവിനെ ‘എൻ്റെ ദൈവം’ എന്നു വിളിച്ചിരിക്കയാലാണ്, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, ഇവർക്കാർക്കും ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെയും (1തിമൊ, 2:5,6) ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തുവിനെയും വേർതിരിച്ചറിയില്ല എന്നതാണ് വസ്തുത: (യോഹ, 20:28; തീത്തൊ, 2:12; എബ്രാ, 13:8).

ഇവിടെയൊരു ചോദ്യമുണ്ട്: ദൈവപുത്രനായ ക്രിസ്തുവെന്ന മനുഷ്യൻ, എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും വിളിക്കുന്ന വ്യക്തി തന്നെയല്ലേ മനുഷ്യരുടെ ദൈവം, പിന്നെന്താണ് പ്രശ്നം? പ്രശ്നമുണ്ട്. മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. മനുഷ്യർ ദൈവത്തിൻ്റെ സൃഷ്ടികളും ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടുമാണ്: (1തിമൊ, 3:14-16). മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം ജഡത്തിൽ വെളിപ്പെട്ടു മനുഷ്യസാദൃശ്യത്തിലായി അഥവാ മനുഷ്യരോട് താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? ക്രിസ്തു അപ്പൊസ്തലന്മാരെ സഹോദരന്മാരെന്ന് സംബോധന ചെയ്തിട്ടുണ്ട്; അപ്പൊസ്തലന്മാർ ആരെങ്കിലും യേശുവിനെ സഹോദരാ എന്ന് വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടില്ലെന്ന് മാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ ദാസൻ (അടിമ) ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്. എന്തിനേറെപ്പറയുന്നു: യേശുവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും പോലും അവൻ്റെ ദാസനെന്നാണ് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ മൂത്ത ജ്യേഷ്ഠനാണ് യേശുവെന്ന് അവർ എന്തേ പറഞ്ഞില്ല? ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കുകയും അവനെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയും ചെയ്തിരിക്കയാൽ, നാം ദൈവത്തിൻ്റെ അനന്തര ജാതന്മാരാണ്. എന്നുകരുതി ക്രിസ്തുവിനെ ചേട്ടാ എന്ന് വിളിക്കാമോ? വിളിക്കാം; തലയായ ക്രിസ്തുവിനോളം നാം വളരണം. എന്നിട്ട് ചേട്ടാന്ന് വിളിക്കുയോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുകയോ ചെയ്യാം.

മനുഷ്യരിൽ നിന്നും ദൂതന്മാരിൽനിന്നും അഭിഷിക്തമനുഷ്യനായ യേശു വ്യത്യസ്തനാണെന്നു കാണിക്കുന്ന വേദഭാഗങ്ങൾ പലതുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2). ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നു; എങ്കിലും എല്ലാമനുഷ്യരെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്ന് വേറൊരിടത്ത് പറയുന്നുമുണ്ട്. (1കൊരി, 15:21). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ നമ്മുടെ ഗുരുവും നായകനും കർത്താവുമാണ് മനുഷ്യനായ ക്രിസ്തുയേശു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: ലൂക്കൊ, 2:11). ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6). “ഏതു പുരുഷൻ്റെയും അഥവാ മനുഷ്യൻ്റെയും തലയും (1കൊരി, 11:3), സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായ (കൊലൊ, 2:10) ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.”

ഇനി, യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞത് നോക്കാം: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരെ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോട്: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് നമ്മുടെ എന്നു പറയാതെ; എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ചു പറഞ്ഞത്? മനുഷ്യനായ ക്രിസ്തുവിന് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിനും അവൻ്റെ ക്രിസ്തുവിനുമുള്ള ബന്ധത്തിനു തുല്യമായിരുന്നില്ല സൃഷ്ടികളായ ദൂതന്മാർക്കും മനുഷ്യർക്കും ദൈവത്തോട് ഉണ്ടായിരുന്നത്. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി, ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ ‘എൻ്റെ ദൈവം നിങ്ങളുടെ ദൈവം’ എന്ന് പറയാതെ ‘നമ്മുടെ ദൈവം’ എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ പിതൃപുത്രബന്ധമാണ് പിതാവും പുത്രനും തമ്മിൽ ഉണ്ടായിരുന്നത്. ദൈവവത്തിന് തൻ്റെ ക്രിസ്തുവുമായി ഉണ്ടായിരുന്ന ഈ നിസ്തുലമായ ബന്ധത്താലാണ് അവൻ ഏകജാതനെന്ന് വിളിക്കപ്പെട്ടത്. അല്ലാതെ ദൈവം ജനിപ്പിക്കുകയോ, സൃഷ്ടിക്കുകയോ ചെയ്ത പുത്രനല്ല ക്രിസ്തു. നമ്മുടെ ദൈവമെന്ന് ദൈവപുത്രനായ യേശുവോ, നമ്മുടെ ദൈവമെന്നോ, ഞങ്ങളുടെ ദൈവമെന്നോ ദൈവപുത്രനെയും ചേർത്ത് അപ്പൊസ്തലന്മാരും പറയാതിരിക്കെ, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്നു ഒരു വിശ്വാസിക്ക് എങ്ങനെ പറയാൻ കഴിയും?

യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറയുന്നവരും ദൈവം ത്രിത്വമാണെന്നു വിശ്വസിക്കുന്നവരും യഹോവയും യേശുവും ഒരാളാണെന്നു വിശ്വസിക്കുന്നവരും യഥാർത്ഥത്തിൽ ദൈവത്തെയോ, അവൻ്റെ ക്രിസ്തുവിനെയോ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ലെന്നതാണ് വസ്തുത. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19. ഒ.നോ: 14:7). ക്രിസ്തുവിനെ അറിയാതെ അവൻ്റെ പിതാവിനെ എങ്ങനെ അറിയും? നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശു, “ആരാകുന്നു” എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യൻ ആകുന്നു. എന്നാൽ കന്യകയായ മറിയയുടെ ഉദരത്തിലൂടെ ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യൻ “ആരായിരുന്നു” എന്നു ചോദിച്ചാൽ; അവൻ സാക്ഷാൽ ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

യേശുക്രിസ്തുവിൻ്റെ ദൈവം: പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തുതി കരേറ്റുന്നതായി കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പുതിയനിയമം വെളിപ്പെടുത്തുന്ന യേശുവെന്ന മനുഷ്യന് ഒരു വംശാവലിയും (മത്താ, 1:1-16; ലൂക്കൊ, 3:23-38), ജനനവും (മത്താ, 1:16), അമ്മയും (മർക്കൊ, 6:3), വളർത്തച്ഛനും (യോഹ, 1:45), സ്വർഗ്ഗീയ പിതാവും (റോമ, 15:5), ദൈവവും (എഫെ, 1:3,17), കഷ്ടവും (എബ്രാ, 13:12), മരണവും (എബ്രാ, 2:9), ഉയിർപ്പുമുണ്ട്. (മത്താ, 28:6). എന്നാൽ, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ആദ്യനും അന്ത്യനും (1:17), ഒന്നാമത്തവനും ഒടുക്കത്തവനും (22:13) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തിന് (തീത്തൊ, 2:12) വംശാവലിയോ, ജനനമോ, അപ്പനോ, അമ്മയോ, സ്വർഗ്ഗീയ പിതാവോ, ദൈവമോ, കഷ്ടമോ, മരണമോ, ഉയിർപ്പോയില്ല, ഉണ്ടാകുക സാദ്ധ്യമല്ല; എന്തെന്നാൽ അവൻ സർവ്വത്തിൻ്റെയും സ്രഷ്ടാവായ ദൈവമാണ്. അതായത്, പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും പുതിയനിയമത്തിലെ ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയാണ് സുവിശേഷങ്ങളിലുള്ള യേശുവെന്ന മനുഷ്യൻ. പൗലൊസ് സ്തുതി കരേറ്റുന്നത്; മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവത്തെയാണ്. (1തിമൊ, 2:5,6). യേശുവിൻ്റെ ജനനശേഷം ദൂതൻ ഇടയന്മാരോട് വന്ന് പറയുന്നത്: “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:10,11). കന്യകയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് കഷ്ടങ്ങളിൽ തികഞ്ഞ മനുഷ്യനാണ് നമ്മുടെ കർത്താവായ ക്രിസ്തു; അല്ലാതെ ദൈവമല്ല. (ലൂക്കൊ, 2:52). യേശുക്രിസ്തുവെന്ന നമ്മുടെ രക്ഷാനായകനായ മനുഷ്യൻ്റെ ദൈവത്തെയാണ് പൗലൊസ് വാഴ്ത്തുന്നത്. (എബ്രാ, 2:10; 5:8,9). എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവെന്ന മനുഷ്യൻ മുഖാന്തരമാണ് ദൈവത്തോടു ശത്രുതയിലായിരുന്ന നമുക്ക് നിരപ്പുവന്നത്. റോമ, 5:10). സഭയുടെ തലയായ ക്രിസ്തുവെന്ന മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏകമദ്ധ്യസ്ഥൻ. (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:34). അവനാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി മറുവിലയായ മനുഷ്യൻ. (1തിമൊ, 2:5,6). അതിനാലാണ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലൻ സ്തുതിക്കുന്നതും (2കൊരി, 11:31; എഫെ, 1:3; 1:17), അവൻ മുഖാന്തരം ദൈവത്തിനു സ്തോത്രം കരേറ്റുന്നതും (റോമ, 1:8; 7:25; 1കൊരി, 15:57), മഹത്വം കരേറ്റുന്നതും (റോമ, 16:26; യൂദാ, 1:24), അവൻ മുഖാന്തരമാണ് ദൈവത്തിൽ നാം പ്രശംസിക്കുന്നതും. (റോമ, 5:11).

നിസ്തുലപുത്രൻ: ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായിട്ട് അനേകം പുത്രന്മാർ ഉള്ളതായിട്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ ദൈവപുത്രനായ യേശു മനുഷ്യനായിരുന്നെങ്കിലും എല്ലാ പുത്രന്മാരെപ്പോലെ ഒരു പുത്രനായിരുന്നില്ല; അവൻ നിസ്തുലനായിയിരുന്നു. 1. അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ പുത്രനായിരുന്നു. (1തിമൊ, 3:16). ആ നിലയിൽ അവൻ നിസ്തുലനാണ്. 2. വചനം ജഡമായവൻ എന്ന നിലയിൽ അവൻ നിസ്തുലനാണ്: യോഹന്നാൻ്റെ പുസ്തകങ്ങളിൽ മാത്രമാണ്ഏകജാതെനെന്ന പ്രയോഗം അഞ്ചുപ്രാവശ്യമുള്ളത് സുവിശേഷങ്ങളിൽ നാലു പ്രാവശ്യവും ലേഖനങ്ങളിൽ ഒരു പ്രാവശ്യവും. (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യോഹന്നാൻ്റെ ക്രിസ്തു വചനം ജഡമായവനാണ്. ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; ‘വചനം ജഡമായിത്തീർന്നു’ എന്നത്: (യോഹ, 1:14). പഴയനിയമത്തിലെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്: ((ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). 3. അവൻ കന്യകാജാതനാണ്. (മത്താ, 1:22). ആ നിലയിലും അവൻ നിസ്തുലനാണ്. 4. അവൻ പാപമറിയാത്തവനാണ്. (2കൊരി, 5:21). ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. 5. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്. ദൈവത്തിൻ്റെ നിസ്തുല്യപുത്രനായ പരിശുദ്ധനായ യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്നു പറയാൻ തക്കവണ്ണം അവനൊപ്പം പരിശുദ്ധനായ മനുഷ്യരാരെങ്കിലും ഉണ്ടെങ്കിൽ ധൈര്യമായി പറഞ്ഞുകൊള്ളുക; എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന്. എന്തായാലും ഈയുള്ളവൻ അവനൊപ്പം പറയാൻ ആളല്ല; അവൻ്റെ ദാസൻ മാത്രമാണ്.

“പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്. അതായത്, യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു.”

ഞാനും പിതാവും ഒന്നാകുന്നു

ഞാനും പിതാവും ഒന്നാകുന്നു

“ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30)

‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറയുന്നതിനെ, അത് ഐക്യത്തിലുള്ള ഒന്നാകലിനെ കുറിച്ചാണെന്നും പിതാവും പുത്രനും സമനിത്യരായ രണ്ട് വ്യക്തിയാണെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ത്രിത്വം മാത്രമല്ല, യഹോവസാക്ഷികളും ക്രിസ്സ്റ്റാഡെൽഫിയൻസും തുടങ്ങി യേശുവിനെ യഥാർത്ഥമായി അറിയാത്തവരെല്ലാം ആ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തെ കുറിക്കുന്നതായി കരുതുന്നു. ത്രിത്വം, യേശുവിൻ്റെ ദൈവത്വം അംഗീകരിക്കുന്നു എന്ന് പറയുമ്പോൾത്തന്നെ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം പിതാവുമാത്രമാണെന്ന് അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുകയോ ചെയ്കവഴി അവരും യേശുവിൻ്റെ ദൈവത്വം നിഷേധിക്കുകയാണ് ചെയ്യുന്നത്. [ഏകസത്യദൈവമായ പിതാവിനെയും” (യോഹ, 17:3), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6) ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6), ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20), യഹോവ ഒരുത്തൻ മാത്രം ദൈവം (2രാജാ, 19:15) തുടങ്ങിയ വേദഭാഗങ്ങൾ കുറിക്കൊള്ളുക]. “ഞാനും പിതാവും ഒന്നാകുന്നു” എന്നും “നാം, നമ്മെപ്പോലെ ഒന്നാകുക” എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ യേശുവിൻ്റേതായുണ്ട്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം രണ്ടു പ്രയോഗങ്ങൾക്കും ഒരേ അർത്ഥമാണോ ഉള്ളത്? ത്രിത്വോപദേശം വഞ്ചനയുടെ വേറിട്ട മുഖമാകുന്നതെങ്ങനെയെന്ന് ദൈവത്തിൻ്റെ വചനം നമ്മോടു പറയും:

ഞാനും പിതാവും ഒന്നാകുന്നു (I and my Father are one) എന്നുപറഞ്ഞാൽ എന്താണർത്ഥമാക്കുന്നത്? ത്രിത്വം പഠിപ്പിക്കുന്നതുപോലെ നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലാണോ? അല്ല. ട്രിനിറ്റിയുടെ പഠിപ്പിക്കൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം ശരിയല്ല. അത് തെളിയിക്കാൻ മറ്റൊരു പരിഭാഷ ആദ്യം കാണിക്കാം: സുറിയാനി ബൈബിൾ പരിഭാഷയായ പെശീത്തയിൽ (Peshitta), “ഞാനും എൻ്റെ പിതാവും ഞങ്ങളൊന്നാകുന്നു” എന്നിങ്ങനെ ആ വാക്യത്തെ അവർ തിരുത്തിയിട്ടുണ്ട്. ഞാൻ സുറിയാനിക്കാരെ ന്യായീകരിച്ചതല്ല; അവരും ത്രിത്വവിശ്വസികളാണ്. അവർ ബോധപൂർവ്വം ബൈബിൾ തിരുത്തുകവഴി അഥവാ ‘ഞങ്ങൾ‘ എന്ന പദം അതിൽ കൂട്ടുചേർക്കുകവഴി ദൈവസന്നിധിയിൽ കുറ്റക്കാരായിരിക്കുകയാണ്. എങ്കിലും എന്തുകൊണ്ടായിരിക്കും അവർ അങ്ങനെ തിരുത്തിയത്? ആ വാക്യം നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലിനെ കുറിക്കുന്നതല്ല അഥവാ വ്യാകരണനിയമപ്രകാരം ത്രിത്വത്തിന് എതിരായതുകൊണ്ടാണ് അവർ ആ വാക്യം തിരുത്തിയത്. എന്താണതിലെ തെറ്റെന്ന് മനസ്സിലാക്കാൻ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നതും ‘ഐക്യത്തിലുള്ള ഒന്നാകൽ അഥവാ പലരായവർ ഒന്നാകുന്നതും’ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കിയാൽ മാത്രംമതി. തെളിവുകളിലേക്ക് കടക്കുന്നതിനുമുമ്പ് വേഗത്തിൽ അത് മനസ്സിലാക്കാൻ ഒരുകാര്യം പറയാം: ഞാനും പിതാവും ഒന്നാകുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. എന്നാൽ ഞങ്ങൾ ഒന്നാകുന്നുവെന്ന് പലർ ചേർന്ന് ഐക്യത്തിൽ ഒന്നായിരിക്കുന്ന ലോകത്തിലെ എല്ലാ മനുഷ്യർക്കും പറയാം. (ഉദാ: സ്നേഹിതന്മാർക്കും, കുടുംബത്തിനും, പ്രസ്ഥാനത്തിനും, സഭയ്ക്കും, സമൂഹത്തിനും പറയാം) 

ജനം ഒന്നു: “ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.” (ഉല്പ, 11:6). വ്യത്യസ്ഥരായ അനേകം വ്യക്തികൾ ചേർന്ന് ഒന്നായിരിക്കുന്നു, അവരെല്ലാവരും ഒരു ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഇതാണ് ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്: പലരായ ജനം ഒരു വ്യക്തിയാകുകയല്ല ചെയ്യുന്നത്; വ്യത്യസ്ത വ്യക്തികൾ മാനസികമായി ഒന്നാകുകയാണ്; അഥവാ പലരായ അവർ ഐക്യത്തിൽ നിലനില്ക്കുകയാണ് ചെയ്യുന്നത്. ഐക്യമെന്നാൽ: ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ഇവിടെ ഒന്നെന്നു പറയുന്നത് പലരായ ജനത്തെയല്ല: അവരുടെ ഏകഭാവം അഥവാ യോജിപ്പിനെയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ദൈവം അവരുടെ ഭാഷ കലക്കി; അപ്പോൾ അവർ ഭിന്നിച്ച് പിരിഞ്ഞ് വ്യത്യസ്ത ഭാഷക്കാരായി മാറി. (ഉല്പ, 11:7-9). അവരുടെ ഐക്യത നഷ്ടമായപ്പോൾ പിന്നെ ആ ജനം ഒന്നല്ല, പലരായി മാറി. അവർ ഒരു ദേഹമായിത്തീരും: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഇത് ആദാമിനെയും ഹവ്വയെയും കുറിച്ച് ദൈവം പറയുന്നതാണ്. നമുക്കറിയാം: അവർ ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞാൽ; രണ്ടുപേരുംകൂടി യഥാർത്ഥത്തിൽ ഒരു ശരീരമാകുമെന്നോ, ഒരു വ്യക്തിയാകുമെന്നോ, ഒരു മനുഷ്യനാകുമെന്നോ ഉള്ള അർത്ഥമല്ലവിടെ; അവർ ദാമ്പത്യബന്ധത്തിലൂടെ ഒന്നാകുന്നതിനെയാണ്. ‘ഒരു ദേഹം’ എന്നു വിവക്ഷിച്ചിരിക്കുന്നത് ആദത്തെയും ഹവ്വായെയുമല്ല; അവരുടെ ദാമ്പത്യത്തെയാണ്. അവർ ദാമ്പത്യമെന്ന സംവിധാനത്തിൽ ഒന്നായാലും അവർ വ്യത്യസ്തരായ രണ്ടു വ്യക്തികൾ തന്നെയായിരിക്കും. പരീശന്മാർ വന്ന് ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോയെന്ന് ചോദിക്കുമ്പോൾ യേശു, “ഇരുവരും ഒരു ദേഹമായി തീരും” എന്നത് ഉദ്ധരിച്ചശേഷം, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നും അവരോടു പറയുന്നുണ്ട്. (മത്താ, 19:3-9). അതായത്, രണ്ട് വ്യക്തികൾ ദാമ്പത്യമെന്ന ഒരു പ്രത്യേക ദൗത്യത്തിനു വണ്ടി ഒന്നാകുന്നതാണ് വിഷയം. അവർ ഏകദേഹമാകും എന്നു പറയുമ്പോഴും; അവർ രണ്ട് ദേഹമുള്ളവരും, വ്യത്യസ്തവ്യക്തികളും, ഭിന്നാഭിപ്രായക്കാരുമാണ്; അതിനാൽ അവർക്ക് വിവാഹ മോചനത്തിലൂടെ വേർപിരിയാനും കഴിയും. മേല്പഞ്ഞ മൂന്ന് വേദഭാഗങ്ങളുടെയും ഭാഷാപ്രയോഗം ശ്രദ്ധിക്കണം: ‘ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.’ അവിടെ ‘ജനം, അവർക്കു’ എന്നീ ബഹുവചനം കഴിഞ്ഞാണ് ഒന്നെന്ന ഏകവചനം വരുന്നത്. അടുത്തത്; ആദാമും ഹവ്വയും ഏക ദേഹമായിത്തിരും എന്നല്ല; അവർ ഏക ദേഹമായി തീരും. അവിടെ ‘അവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏക ദേഹമായിത്തീരും എന്ന ഏകവചനം പറയുന്നത്. അക്കാര്യം യേശു പറയുമ്പോഴും, ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നാണ് പറയുന്നത്. അവിടെയും ‘ഇരുവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏകവചനം പറയുന്നത്. ഇതാണ് വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകലും വ്യത്യസ്തവ്യക്തികൾ ദാമ്പത്യത്തിൽ ഒന്നാകുന്നതും. [കാണുക: ഇരുവരും ഒരു ദേഹമായിത്തീരും]

നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ നോക്കുക: ‘നമ്മെപ്പോലെ‘ എന്ന ബഹുവചനം പറഞ്ഞശേഷമാണ് ‘ഒന്നാകുക‘ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ. അതുപോലെ, ശിഷ്യന്മാരും ഒന്നാകണമെന്നാണ് യേശുവിൻ്റെ പ്രാർത്ഥന. അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതുപോലെ, ശിഷ്യന്മാരും ഒന്നാകുവാനും ഐക്യത്തിൽ തികഞ്ഞവരാകുവാനുമാണ് പ്രാർത്ഥിക്കുന്നത്. ഇവടെയും ശ്രദ്ധിക്കുക: ‘നാം‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അടുത്തത്: ‘അവരും‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അവസാനഭാഗം: ‘അവർ ഐക്യത്തിൽ തികെഞ്ഞവരാകണം‘ എന്നു പറഞ്ഞിരിക്കുന്നതും നോക്കുക. ഇതാണ് രണ്ട് വ്യക്തികൾ അഥവാ ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ. ഇതുപോലെയാണോ ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറഞ്ഞിരിക്കുന്നത്?

ബാഹ്യമായ ഒരു തെളിവുകൂടി തരാം: “നാം ഒന്ന് നമുക്ക് ഒന്നു” എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്; കുടുംബാസൂത്രണത്തിൻ്റെ ടൈറ്റിൽ വാക്യമാണത്. അതിലും നോക്കുക: ആദ്യം “നാം” എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നു” എന്ന ഏകവചനം പറയുന്നത്. ഇതാണ് ഐക്യത്തിലുള്ള ഒന്നാകൽ. അടുത്തവാക്ക് “നമുക്കു” എന്നാണ്. അതായത്, അവർ രണ്ടുപേരും കുടുംബമെന്ന നിലയിൽ ‘ഒന്നാണു’ എന്നു പറയുമ്പോഴും അവർ വ്യക്തികളെന്ന നിലയിൽ വ്യത്യസ്ഥരാണ്. അതുകൊണ്ടാണ് “നമുക്കു” എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഒന്നെന്ന ഏകവചനം വീണ്ടും പറയുന്നത്. ഭാര്യയും ഭർത്താവും ഇരുവരും ഒന്നാണെന്ന് പറഞ്ഞാലും, അവർ ഒരിക്കലും തങ്ങളെ രണ്ടുപേരെയും ചേർത്ത്, ഞാൻ, എൻ്റെ, എനിക്ക് എന്നിങ്ങനെ ഏകവചനത്തിൽ പറയാറില്ല; ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങൾക്ക് എന്നിങ്ങനെ ബഹുവചനമാണ് പറയുന്നത്. ഇതാണ് മാനസിക ഐക്യം മൂലമുള്ള ഒന്നാകൽ. ഇനി, ലോകത്തുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല: ഞാനും ഭാര്യയും ഒന്നാകുന്നു. ഒരു ഭാര്യയ്ക്കും പറയാൻ കഴിയില്ല: ഞാനും ഭാർത്താവും ഒന്നാകുന്നു. ലോകത്തിൽ ഒരു മനുഷ്യനും തൻ്റെ സ്നേഹിതനെയും ചേർത്ത് പറയാൻ കഴിയില്ല: ഞാനും അവനും ഒന്നാകുന്നു. അറിവില്ലായ്മകൊണ്ട് ആരെങ്കിലും പറയുമായിരിക്കും; എന്നാൽ വ്യാകരണനിയമപ്രകാരം അത് തെറ്റാണ്. പിന്നെന്തു പറയും: ‘ഞങ്ങൾ ഒന്നാകുന്നു‘ എന്നു പറയും. അതാണ് ഐക്യത്തിലുള്ള ഒന്നാകൽ; അങ്ങനെയാണോ യേശു യോഹന്നാൻ 10:30-ൽ പറഞ്ഞത്? അല്ല.

ഞാനും പിതാവും ഒന്നാകുന്നു: ‘ഭാര്യയും ഭർത്താവും പറയുംപോലെ, ‘ഞങ്ങൾ ഒന്നാകുന്നു’ എന്നാണോ യേശു പറഞ്ഞത്? അല്ല. ആത്മാർത്ഥ സ്നേഹിതന്മാർ പറയുംപോലെ, ഞങ്ങൾ ഒന്നാകുന്നു’ എന്നാണോ യേശു പറഞ്ഞത്? അല്ല. “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). എന്താണതിനർത്ഥം? ഞാനെന്ന വ്യക്തിയും പിതാവെന്ന വ്യക്തിയും ഒരാളുതന്നെയാണ്. ഇ.ആർ.വി. പരിഭാഷയിൽ: “ഞാനും പിതാവും ഒന്നുതന്നെ” എന്നാണ്. ഞാനും പിതാവും ഒന്നാകുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞാൽ ആ വാക്യാംശം അബദ്ധമായി മാറും. കാരണം, രണ്ടു വ്യക്തികൾക്ക് ഒരിക്കലും യഥാർത്ഥത്തിൽ ഒന്നാകാൻ കഴിയില്ല. എന്നാൽ ഇവിടെ രണ്ട് വ്യക്തികൾ അക്ഷരാർത്ഥത്തിൽ ഒന്നാകുകയാണ്. അതെങ്ങനെ സാധിക്കുമെന്ന് ചോദിച്ചാൽ; പൂർവ്വാസ്തിത്വത്തിൽ (pre-existence) ആണ് പിതാവും പുത്രനും ഒരു വ്യക്തിയായിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: പിതാവായ ദൈവത്തിൻ്റെ അഥവാ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണത് പറയുന്നത്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥാവാ ദൈവീകരഹസ്യം.

ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). ദാസനായ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) മലയാളം പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത് പിന്നെയാരാണ്?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). ജീവനുള്ള ദൈവം യഹോവയാണെന്ന് ആവർത്തനപുസ്തകംമുതൽ ആവർത്തിച്ചത് കാണാൻ കഴിയും. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭാധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറയുന്നതും; ‘നാം/നമ്മെപ്പോലെ/ഞങ്ങൾ ഒന്നാകുന്നു‘ എന്നു പറയുന്നതും തമ്മിൽ അജഗജാന്തരമുണ്ട്. ഭാഷയുടെ വ്യാകരണനിയമം അറിയാത്തവരോട് ദൈവം ക്ഷമിക്കും. പക്ഷെ, ത്രിത്വപണ്ഡിതന്മാർ വ്യാകരണനിയമം അറിയാത്തവരാണോ? സ്വന്ത ഉപദേശം സ്ഥാപിക്കാൻ വചനം വളച്ചൊടിച്ചാൽ ദൈവം വെറുതേ വിടുമോ? ക്രിസ്തുവിൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും ഒന്നായിരുന്നു പ്രവർത്തിച്ചതാണ് ഐക്യത്തിലുള്ള ഒന്നാകൽ. ക്രിസ്തു ദൈവം ആയിരുന്നില്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യൻ്റെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 2:7,52; 3:22; പ്രവൃ, 10:38). അദൃശ്യനായി പിതാവ് തൻ്റെകൂടെ ഇരുന്നതുകൊണ്ടാണ് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല‘ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്: (യോഹ, 8:16; 8:29; 16:32). പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും‘ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ അവൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ ആകുന്നു: (1തിമൊ, 2:6). എന്നാൽ മനുഷ്യനായി വെളിപ്പെട്ടലൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവവും ശാശ്വത രാജാവുമായ യഹോവയായ ദൈവം ആയിരുന്നു. അതാണ് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (1തിമൊ, 3:15,16; യിരെ, 10:10). പൂർവ്വാസ്തിത്വത്തിൽ താനും യഹോവയായ ദൈവവും ഒരു വ്യക്തി ആയതിനാലാണ്, ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞത്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?, ഏകമനുഷ്യനായ യേശുക്രിസ്തു]

“ദൈവം നിത്യരായ മൂന്ന് വ്യക്തികളാണെന്ന് പഠിപ്പിക്കുന്നവരിൽ ഭാഷയുടെ വ്യകരണം അറിയാവുന്നവർക്ക് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന യേശുവിൻ്റെ വാക്കുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സുറിയാനി പരിഭാഷയിൽ “ഞാനും പിതാവും ഒന്നാകുന്നു” അഥവാ ഒരു വ്യക്തിയാണെന്നു യേശു പറഞ്ഞതിനിടയിൽ അവർ “ഞങ്ങൾ” എന്ന് കൂട്ടിച്ചേർത്ത് രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാക്കി അതിനെ മാറ്റിയത്.”

ബൈബിളിൻ്റെ വ്യാഖ്യാനം: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). സത്യം പറഞ്ഞാൽ ബൈബിളിൽത്തന്നെ ആ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്; എന്നാൽ പലരും സ്വയവ്യാഖ്യാനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് അത് കാണുന്നില്ല; അല്ലെങ്കിൽ സ്വന്ത ഉപദേശം സ്ഥാപിക്കാൻ അത് കണ്ടതായി നടിക്കുന്നില്ല. യേശു ഇത് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ഉടനെ യേശു ചോദിച്ചു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” (10:32). യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” അവർ പറയുന്നത് ശ്രദ്ധിക്കണം: ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു.’ യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അപ്പോൾ യേശു പറഞ്ഞതെന്താണ്: ഞാനും യഹോവയും ഒരാളാണെന്നല്ലേ? പിതാവായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനും പൂർവ്വാസ്തിത്വത്തിൽ ഒരാൾ തന്നെയായാലല്ലേ അങ്ങനെ പറയാൻ പറ്റുകയുള്ളു. അതിനൊരു തെളിവുകൂടി തരാം: അഞ്ചാം അദ്ധ്യായം 17-ാം വാക്യത്തിൽ: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്; അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.” (യോഹ, 5:18). അവിടെ യേശു പറഞ്ഞത്: ദൈവത്തെ ‘എൻ്റെ പിതാവു‘ (5:17) എന്നാണ്; പ്രസ്തുതസമയത്ത് യേശുവും പിതാവും രണ്ട് വ്യക്തിയാണ്. അവർ ആരോപിച്ച കുറ്റം എന്താണ്: “ദൈവത്തോടു സമനാക്കി.” സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരു വ്യക്തിയെന്നാണ്. എന്നാൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? അല്ല. “നിന്നെത്തന്നേ ദൈവം ആക്കി” രണ്ടു തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? താനും പിതാവും പൂർവ്വാസ്തിത്വത്തിൽ ഒരു വ്യക്തിയാണെന്ന് പറഞ്ഞതുകൊണ്ടാണ്, അവർ നിന്നെത്തന്നെ ദൈവമാക്കിയെന്നു പറഞ്ഞത്; യേശു ഒരു മനുഷ്യനാണെന്ന് അവർക്ക് അറിയാമല്ലോ? “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” എന്നു യേശു പറഞ്ഞിരിക്കുന്നതും ഇതിനൊപ്പം ചിന്തിച്ചുകൊള്ളുക. (യോഹ, 14:9). ഈ വാക്യവും ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്നതാണ്.

‘ഞാനും പിതാവും ഒന്നാകുന്നു.’ (യോഹ, 10:30). “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറയുന്നതും, ‘നാം ഒന്നായിരിക്കുന്നതുപോലെ‘ എന്നു പറയുന്നതും ക്രിസ്തു തന്നെയാണ്. രണ്ടു പ്രയോഗങ്ങൾക്കും തമ്മിൽ അജഗജാന്തരമുണ്ട്. രണ്ടും പറയുന്നത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (1തിമൊ, 2:6; 3:16). ഒന്നാമത്തെ പ്രയോഗത്തിൻ്റെ അർത്ഥം; പൂർവ്വാസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണെന്നും, രണ്ടാമത്തെ പ്രയോഗത്തിൻ്റെ അർത്ഥം; മനുഷ്യനായ ക്രിസ്തുവും ദൈവപിതാവുമെന്ന രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ചുമാണ്. ത്രിത്വം പഠിപ്പിക്കുന്നപോലെ ഏകദൈവത്വത്തിൽ മൂന്നു വ്യക്തികൾ ഐക്യത്തിൽ ഒന്നാണെങ്കിൽ; അപ്പൊസ്തലന്മാർ പന്ത്രണ്ടുപേരും ഏകമനുഷ്യത്വത്തിൽ ഒന്നായിരിക്കണം. അടുത്തഭാഗത്ത് യേശു പറയുന്നത് ശ്രദ്ധിക്കുക: “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” ശിഷ്യന്മാരുടെ ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കുക. ശിഷ്യന്മാർ പന്ത്രണ്ടു വ്യക്തികൾ ഐക്യത്തിലുള്ള ഒരു മനുഷ്യനാണോ? ഭാഷയുടെ വ്യാകരണത്തിൽ അല്പമായി അറിവുള്ള എല്ലാവർക്കും ഇതൊക്കെ മനസ്സിലാകേണ്ടതാണ്; എന്നിട്ടും പണ്ഡിതന്മാർക്കുപോലും ഇത് ഗ്രഹിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയ ദൈവം വാഴ്ത്തപ്പെടട്ടെ!

ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞിരിക്കുന്നു: “ഞാനും പിതാവും ഒന്നാകുന്നു അഥവാ പൂർവ്വാസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണ്.” എന്നാൽ ദൈവശാസ്ത്രം പഠിപ്പിക്കുന്നത്: “പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്: ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ, പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും പരിശുദ്ധാത്മാവ് പുത്രനോ പിതാവോ അല്ലെന്നും വ്യക്തമാക്കുന്നു.” (Systematic Theology, page 152). ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ ആഖ്യാനം വിശ്വസിക്കാതെ വ്യാഖ്യാന പുസ്തകങ്ങളിലും മനുഷ്യനിർമ്മിതമായ ദൈവശാസ്ത്രത്തിലും വിശ്വസിക്കുന്നവർ ദൈവത്തിൻ്റെ പ്രകൃതിയും അവൻ്റെ പ്രവർത്തികളും എങ്ങനെയറിയും? യഹോവയായ ദൈവം പറയുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 43:10; 44:8; 45:21). ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു പറയുന്നു: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30; 1തിമൊ, 3:14-16). നിഖ്യായുടെ സന്താനമായ ട്രിനിറ്റി പഠിപ്പിക്കുന്നു: യഹോവയല്ല യേശു; മറ്റൊരു വ്യക്തിയാണ്. എന്നിട്ടു പറയുന്നു: ഞങ്ങളും ഏകദൈവവിശ്വസികളാണ്. സമ്മതിച്ചിരിക്കുന്നു! ഇതിലുംവലിയ നുണ സ്വപ്നങ്ങളിൽപ്പോലും ഉണ്ടാകില്ല. ക്രിസ്തുവിനെ ദൈവമല്ലാതാക്കാൻ ഉപായിയായ സർപ്പം മെനഞ്ഞ ത്രിത്വനാടകത്തിലെ അഭിനേതാക്കൾ മാത്രമാണ് അനേകരുമെന്ന് വളരെ വ്യസനത്തോടുകൂടി പറഞ്ഞുകൊണ്ടും; എല്ലാവരും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കാൻ ദൈവം കൃപ നല്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടും നിർത്തുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

യഹോവ: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22 = പ്രവൃ, 4:12) യേശുക്രിസ്തു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”

നൂറ്റിപ്പത്താം സങ്കീർത്തനം

നൂറ്റിപ്പത്താം സങ്കീർത്തനം

ദൈവമക്കൾ ഇത്രയധികം തെറ്റിദ്ധരിച്ചിരിക്കുന്ന അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സങ്കീർത്തനം വേറെയില്ല. ഏകദൈവത്തെ ത്രിത്വമാക്കാൻ പണ്ഡിതന്മാർ ഈ സങ്കീർത്തനം തെറ്റായി വ്യാഖ്യാനിക്കുകവഴി, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു ദൈവവ്യക്തിയാണെന്ന് അനേകർ വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയശേഷം സങ്കീർത്തനത്തിൻ്റെ വ്യാഖ്യാനത്തിലേക്ക് നമുക്കുവരാം: 1. ദാവീദ്, ‘എൻ്റെ കർത്താവു’ എന്ന് സംബോധന ചെയ്യുന്നത് ദൈവത്തെയല്ല. 2. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവവ്യക്തിയില്ല. 3. വലത്തുഭാഗത്തിരിക്കുക എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല. 4. ദൈവം ഏകവ്യക്തിയാണ്. 5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം.

1. എൻ്റെ കർത്താവ്: ഈ സങ്കീർത്തനത്തിൽ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, ഈ സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എന്നാൽ, ഈ വേദഭാഗത്ത് “എൻ്റെ കർത്താവു” എന്നത്, my lord എന്ന് ചെറിയ അക്ഷരത്തിലാണ് (small letter) അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നത്: (ACV, BBE, EHV, ERV, GNT, JPOT, JPS Tanakh 1917, LEB, NAB, NEB70, NET, NIV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t). അതായത്, lord എന്ന് ചെറിയ അക്ഷരത്തിൽ എഴുതുന്നത്, ദൈവത്തെ കുറിക്കാനല്ല; ഭൗമിക കർത്താക്കന്മാരെ കുറിക്കാനാണ്. മിക്ക പരിഭാഷകളിലും യഹോവയെ LORD എന്ന് മുഴുവൻ വലിയ അക്ഷരത്തിലും, വലത്തുഭാഗത്തിരിക്കുന്ന കർത്താവിനെ കുറിക്കാൻ Lord എന്ന് ആദ്യ അക്ഷരം മാത്രം വലിയ അക്ഷരത്തിലും എഴുതിക്കൊണ്ട്, സ്വർഗ്ഗീയനെയും ഭൗഭികനെയും വേർതിച്ചുകാണിച്ചിട്ടുണ്ട്. (AB, AFV, AKJB, BSB, BSV, CEV, CSB, EHV, GB, GW’20, GWN, GET, HCSB, ISV, JUB, KJV, LBP, LHB, NASB, NCC, NHEB, NHEB-JM, NKJV, NLT’15, RHB, RWC+, WBT). യഹോവയും വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവം ആണെങ്കിൽ, അങ്ങനെയൊരു വേർതിരിവിൻ്റെ ആവശ്യമില്ല. യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. എന്താണ് യെഹൂദൻ്റെ വിശേഷതയെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2. ഒ.നോ: 9:4; സങ്കീ, 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. ശരിക്കും ഒന്നാം വാക്യത്തിലെ ‘എൻ്റെ കർത്താവു’ എന്ന സ്ഥാനത്ത് ‘എൻ്റെ യജമാനൻ’ എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (RNKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (ഇ.ആ.വി).

ഒന്നാം വാക്യത്തിലെ അഡോൻ (Adon) ദൈവത്തെ കുറിക്കുന്ന പദമല്ലെന്ന് ഈ സങ്കീർത്തനത്തിൽത്തന്നെ തെളിവുണ്ട്: അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണ്. അവിടെ കർത്താവിനു ഉപയോഗിച്ചിരിക്കുന്നത് അഡോണായി ആണ്: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു (Adonay) തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.” അഡോൻ എന്ന പദം ദൈവത്തിന് ഉപയോച്ചിരിക്കുന്നത് ആറ് സങ്കീർത്തനങ്ങളിലാണ്: (8,97,114,135,136,147). അഡോണായി എന്ന പദം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് മുപ്പത്തൊന്നു സങ്കീർത്തനങ്ങളിലാണ്: (2,16,22,35,37,38,39,40,44,51,54,55,57,59,62,66,68,69,71,73,77,78,79,86,89,90,109,110,130,140,141). എന്നാൽ മറ്റൊരു സങ്കീർത്തനത്തിലും അഡോണും അഡോണായിയും ഒരുമിച്ച് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. അതിനാൽ, ഈ സങ്കീർത്തനം ഒന്നാം വാക്യത്തിൽ ‘എൻ്റെ കർത്താവു’ എന്ന് ദാവീദ് സംബോധന ചെയ്യുന്നത് ഒരു ഭൗമിക യജമാനനെയാണെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

ഇനിയൊരു തെളിവുണ്ട്: ലെഡോണി, അഡോണി എന്നീ പദങ്ങൾകൊണ്ട് ‘എൻ്റെ കർത്താവു’ എന്ന് ദൈവത്തെ സംബോധന ചെയ്യില്ലെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ, ആ പദംകൊണ്ട് ഭൗമിക രാജാക്കാന്മാരെ “എൻ്റെ യജമാനൻ (My lord) എന്ന് സംബോധന ചെയ്തിരിക്കുന്നതിൻ്റെ അനേകം തെളിവുകൾ ബൈബിളിലുണ്ട്: “ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൌലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.” (1ശമൂ, 24:8. ഒ.നോ: 1ശമൂ, 29:8; 2ശമൂ, 14:9; 16:9; 1രാജാ, 1:18; 20:4; 20:9; 1ദിന, 21:3; ദാനീ, 1:10). സത്യവേദപുസ്തകം സമകാലി പരിഭാഷയിൽ നിന്ന് ഒന്നാം വാക്യം ചേർക്കുന്നു: “സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവായ രാജാവിനോട് അരുളിച്ചെയ്തു: നീ എന്‍റെ വലത്തുഭാഗത്തിരിക്ക; ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും.” ആകയാൽ ഒന്നാം വാക്യത്തിലെ കർത്താവ് ഒരു ദൈവികനാമം (Divine Name) അല്ലെന്നും അതൊരു ഭൗമിക രാജാവിനെ കുറിക്കുന്നതാണെന്നും പകൽപോലെ വ്യക്തം.

2. ദൈവത്തിൻ്റെ വലത്തുഭാഗത്തു യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയില്ല: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിളായ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം;  ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (CJBclassictext). ഈ പരിഭാഷപ്രകാരം, യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു വ്യക്തിയില്ല. ദൈവത്തിൻ്റെ വലത്തും ഇടത്തും മുമ്പിലും പുറകിലും അഥവാ ചുറ്റിലുമുള്ളത് ദൂതന്മാരാണ്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10; 90:1). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ ഭൂമിയിൽ തന്നെത്തന്നെ പലനിലകളിൽ വെളിപ്പെടുത്തിയത് കൂടാതെ, ദൂതന്മാരുടെ മദ്ധ്യേ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ ദർശിച്ചവരാണ് മീഖായാവ്, യെശയ്യാവ്, ദാനീയേൽ, യെഹെസ്ക്കേൽ തുടങ്ങിയവർ. ഇവരാരും ദൂതന്മാരല്ലാതെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല. എന്നുവെച്ചാൽ, ദൈവത്തിൻ്റെ വലത്തുഭാഗത്തു ദൂതന്മാരല്ലാതെ മറ്റാരുമില്ലെന്നാണ്. ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോഴും (ഇയ്യോ, 38:4-7), ഏദെൻ തോട്ടത്തിൽ ഇറങ്ങിവന്നപ്പോഴും (ഉല്പ, 3:22-24), മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായപ്പോഴും (ഉല്പ, 18:2,16-19:1) ദൂതന്മാരാണ് കൂടെയുണ്ടായിരുന്നത്. അതിനർത്ഥം, ദൈവത്തിൻ്റെ കൂടെയോ വലത്തുഭാഗത്തോ ദൂതന്മാരല്ലാതെ മറ്റൊരു വ്യക്തിയില്ലെന്നാണ്. 

3. ‘വലത്തുഭാഗത്തിരിക്കുക’ എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല: പലർക്കും ‘മശീഹ’ എന്നു പറഞ്ഞാൽ, യേശുമശീഹ മാത്രമാണ്; ‘ക്രിസ്തു’ എന്നു പറഞ്ഞാൽ, യേശുക്രിസ്തു മാത്രമാണ്. മറ്റൊരു മശീഹ അഥവാ ക്രിസ്തുവിനെക്കുറിച്ചുള്ള ചിന്തപോലും പലരെയും അസ്വസ്ഥരാക്കുന്നു. ദൈവത്തിന് ഒരുപാട് മശീഹമാരുണ്ട്. ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന 19 മശീഹമാരുണ്ട്. ബൈബിളിലെ വാഗ്ദത്തമശീഹ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ദൈവത്തിൻ്റെ അഭിഷിക്തനായ ഭൗമികരാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (സങ്കീ, 2:6; 20:9; 21:1, 7;  45:1, 5,6,11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:18, 21, 27). യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അഭിധാനങ്ങളുളും അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനും (പുറ, 3:22,23), ദൈവം ജനിപ്പിച്ചവനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രനും (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ദൈവത്തിൻ്റെ നിത്യപുരോഹിതനും (സങ്കീ, 110:4), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും (ദാനീ, 7:13,27), പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദൈവം സകല ശത്രുക്കളെയും യിസ്രായേലിൻ്റെ പാദപീഠമാകുവോളം അഥവാ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുവോളം അവനെ തൻ്റെ വലത്തുഭാഗത്തു ഇരുത്തിയിരിക്കുകയാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുകയെന്നത് യിസ്രായേലിന്റെ പദവിയാണ്. അത് ദൈവത്തിൻ്റെ സംരക്ഷണത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. (സങ്കീ, 80:15:17). 

യിസ്രായേലിനോടും യേശുക്രിസ്തുവിനോടുമുള്ള ബന്ധത്തിലും ‘ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുക’ എന്നത് ഒരു പദവിയാണെന്ന് മനസ്സിലാക്കാം. വലത്തുഭാഗത്തു മാത്രമല്ല ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിരിക്കുന്നത്. ”ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു” (സങ്കീ, 16:8; പ്രവൃ, 2:25), ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് യഹോവയുടെ പുറകിലാണ് ക്രിസ്തു. ”അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” (സങ്കീ, 16:8; പ്രവൃ, 2:25), രണ്ടാംഭാഗത്ത് യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” (സങ്കീ, 110:1), ഈ വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്താണ് ക്രിസ്തു. ”നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു (യഹോവ) തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും” (സങ്കീ, 110:5), ഈ വാക്യത്തിലും യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു” (മർക്കൊ, 16:19), ഈ വാക്യത്തിലും ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ക്രിസ്തു. ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ, 1:18), ഈ വാക്യത്തിൽ പിതാവിൻ്റെ മടിയിലാണ് ക്രിസ്തു. ”ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു” (1യോഹ, 2:1), ഈ വാക്യത്തിൽ പിതാവിൻ്റെ അടുക്കലാണ് ക്രിസ്തു. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു.” (വെളി, 5:6). ഈ വാക്യത്തിൽ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലാണ് കുഞ്ഞാട്. ”സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും” (വെളി, 7:17), ഈ വാക്യത്തിൽ സിംഹാസനത്തിൻ്റെ മദ്ധ്യേയാണ് കുഞ്ഞാട്. “യഹോവയുടെ: പുറകിൽ (സങ്കീ, 16:8), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ക്രിസ്തുവെന്ന ഏകവ്യക്തിക്കെങ്ങനെ ഇത്രയും സ്ഥാനങ്ങളിൽ ഇരിക്കാൻ കഴിയും? വലത്തുഭാഗത്ത് മാത്രമാണ് ക്രിസ്തു ഇരിക്കുന്നതെങ്കിൽ ബാക്കിയുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നതാരാണ്? ഒരാൾ പലസ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ടെങ്കിൽ, അക്ഷരാർത്തിലല്ല ആ പ്രയോഗങ്ങളെന്ന് മനസ്സിലാക്കാമല്ലോ? അത് ദൈവം തൻ്റെ അഭിക്ത രാജാവായ യിസ്രായേലിന് കൊടുത്തിരിക്കുന്ന പദവിയാണ്. ‘ദൈവത്തിൻ്റെ വലത്തുഭാഗം’ എന്നത് തൻ്റെ വലങ്കൈയുടെ പരിപാലനത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുകയാണ്. (സങ്കീ, 80:15-17). യഹോവയായ ദൈവം തൻ്റെ അഭിഷിക്തനായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ അഭിഷിക്തമനുഷ്യനായി വന്നതിനാലാണ് അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.

4. യഹോവ ഒരുത്തൻ മാത്രം ദൈവം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെസാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം: യഹോവ മാത്രം ദൈവം ആകുന്നു (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10. ഒ.നോ: 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ മോണോസ് ആണ് കാണുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; yakhid അഥവാ monos കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (. 2 (ശമൂ, 22:32). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവമാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

സങ്കീർത്തനവ്യാഖ്യാനം

വാക്യം 1: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

എൻ്റെ കർത്താവ്: യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം. (മലയാളത്തിലെ, ഇ.ആർ.വിയും, സത്യവേപുസ്തകം സമകാലിക പരിഭാഷയും കാണുക). യിസ്രായേൽ എങ്ങനെയാണ് ദാവീദിൻ്റെ ‘കർത്താവ് അഥവാ യജമാനൻ’ ആയത്: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. (പുറ, 4:22,23). ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. ദാനീയേൽ കണ്ട ദർശനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13,14. ഒ.നോ: ദാനീ, 18,21,27). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശ്വാശ്വത രാജത്വമുള്ളവൻ. (സങ്കീ, 89:29,36,37). യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവാണ് യിസ്രായേൽ. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു ദൈവം യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ദാവീദിൻ്റെ പുത്രനും കർത്താവായ രാജാവും യിസ്രായേൽ ആയതുകൊണ്ടാണ് സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും ദാവീദിൻ്റെ പുത്രനെന്നും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് അഥവാ കാർത്താവെന്നും പദവി എടുത്തത്. (ലൂക്കൊ, 1:32,33).

വലത്തുഭാഗത്തിരിക്കുക: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിളായ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

യഹോവ തൻ്റെ ഭൗമിക രാജാവായ യിസ്രായേലിനു കൊടുത്തിരിക്കുന്ന പദവിയാണ് വലത്തുഭാഗത്തിരിക്കുക എന്നത്. ദൈവത്തിൻ്റെ വലത്തുഭാഗം എന്നത് വലങ്കയ്യുടെ അനുഗ്രഹത്തെയും പരിപാലനത്തെയും കാണിക്കുന്നു. (സങ്കീ, 80:15-18). വാഗ്ദത്തരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:14,18,21,27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞു കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയും ദൈവത്തിൻ്റെ വലത്തുഭാഗത്തെ പുരുഷനും ദൈവം പരിപാലിച്ചു വളർത്തിയ മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 80:8,15,17). ദൈവം തൻ്റെ കൈകളുടെ പ്രവൃത്തിക്കു അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കി കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്ന മനുഷ്യപുത്രനും യിസ്രായേലത്രേ. (സങ്കീ, 8:6. ഒ.നോ: സങ്കീ, 47:3; 89:23; എബ്രാ, 2:8). ദാവീദിൻ്റെ പാട്ടിലും ഇതിൻ്റെ സൂചന കാണാം. (2ശമൂ, 22:39,48). ദാനീയേൽ കാണുന്ന ദർശനത്തിൽ, ന്യായാസനത്തിലിരിക്കുന്ന വയോധികന്റെ അടുക്കൽ ആകാശമേഘങ്ങളോടെ വന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. ദാനീ, 7:9-14. ഒ.നോ: ദാനീ, 7:18,21,27; 2:44). തൻ്റെ അഭിഷിക്തരാജാവായ യിസ്രായേലിൻ്റെ സകലശത്രുക്കളെയും അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ആ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് യേശുക്രിസ്തുവിൽ ഈ പദവി ആരോപിച്ചിരിക്കുന്നത്. (മത്താ, 1:21; ലൂക്കോ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” (എബ്രാ, 10:12,13). ഒന്നാം വാക്യം പുതിയനിയമത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). [കാണുക: രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിൻ്റെ പദവികൾ]

ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർക്ക് മൂന്ന് ദൈവമുണ്ട്; ഒരു ദൈവം മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് അവർ വിചാരിക്കുന്നത്. (കാണുക: ദൈവത്തിന്റെ വലത്തുഭാഗം)

വാക്യം 2: നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും: രണ്ടാം വാക്യത്തിൻ്റെ ആദ്യഭാഗം പ്രവചനപരമാണ്. അധികാരചിഹ്നമായി ഭരണാധികാരി വഹിക്കുന്ന കോലാണ് ചെങ്കോൽ. (ആമോ, 1:5; യെഹെ, 19:11,14). സീയോൻ വിശുദ്ധനഗരമായ യെരൂശലേമിൻ്റെ പര്യായമാണ്. (സങ്കീ, 126:1; യെശ, 1:26,27). യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ചിട്ട് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ യെരൂശലേം സീയോൻ എന്ന് വിളിക്കപ്പെടും. (യെശ, 1:26,27; 2:3; 4:4; യോവേ, 3:16; സെഖ, 1:16,17; 8:3-8). ഇളകാത്ത രാജ്യമായ പുതിയ യെരൂശലേമിൻ്റെ പേരും സീയോൻ എന്നാണ്. (എബ്രാ, 12:22-28). യഹോവയാണ് യിസ്രായേലെന്ന തൻ്റെ രാജാവിനെ സീയോനിൽ വാഴിക്കുന്നത്: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ജാതീയ ശത്രുക്കളുടെമേൽ യിസ്രായേലിന് അധികാരം നല്കിയതും യഹോവയാണ്; അതിനാലാണ് രാജാവിൻ്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും എന്ന് പറഞ്ഞിരിക്കുന്നത്: “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീ, 2:9. ഒ.നോ: സങ്കീ, 21:7,8; 45:3-5; 72:8; ദാനീ, 2:44; 7:14). ബെയോരിന്റെ മകനായ ബിലെയാമും ‘യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും’ എന്ന് പ്രവചിച്ചിട്ടുണ്ട്. (സംഖ്യാ, 24:17). യേശുക്രിസ്തുവാണ് യഹോവയുടെ വലത്തുമാഗത്തിരിക്കുന്ന കർത്താവെങ്കിൽ ‘നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും’ എന്ന് പറയേണ്ടതില്ലല്ലോ. അതായത്, ദൈവത്തിൻ്റെ വലത്തുഭാഗം എന്ന് പറയുന്നത്, തൻ്റെ പരിപാലനത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണ്. യഥാർത്ഥത്തിൽ, ദൈവത്തിൻ്റെ വലത്തുഭാഗം യെരൂശലേമെന്ന സീയോനാണ്. അവടെനിന്നാണ് അധികാരത്തിൻ്റെ ചെങ്കോൽ ശത്രുക്കളുടെ നേരെ നീട്ടുന്നത്.

നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക: പ്രവചനപരമായ ഒന്നാംഭാഗം കഴിഞ്ഞിട്ട്, ചരിത്രപരമായ രണ്ടാംഭാഗം പറയുന്നു: നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഇത് യേശുക്രിസ്തുവിന് യോജിക്കുന്ന പ്രയോഗമാണോ? ‘വലത്തുഭാഗത്തിരിക്കുക’ എന്നത് യേശുവിനെപ്പറ്റിയാണെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? സ്വർഗ്ഗത്തിലെ ദൂതന്മാരൊക്കെ ക്രിസ്തുവിൻ്റെ ശത്രുക്കളാണോ? ഇനി, രണ്ടാം ഭാഗം ചരിത്രപരമല്ല; പ്രവചനപരമാണ്, ഭാവിയിൽ യേശുക്രിസ്തു ഭൂമിയിൽ വാഴും, അന്നാളിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഴുന്നതെന്ന് പറയാൻ പറ്റുമോ? ഇല്ല. രണ്ടു കാര്യങ്ങൾകൊണ്ട് അതും ശരിയല്ല: ഒന്ന്; യേശുക്രിസ്തു ഭൂമിയിലെ രാജാവല്ല. തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്. (ദാനീ, 2:44; 7:13,14,18,21,27). രണ്ട്; ഇനി, വസ്തുതാവിരുദ്ധമായി യേശുക്രിസ്തു ഭൂമിയിൽ വാഴുമെന്ന് വാദിച്ചാലും, അവൻ ശത്രുക്കളെയെല്ലാം തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷമാണ് രാജ്യം സ്ഥാപിക്കുന്നത്. (2തെസ്സ, 2:8). അപ്പോൾ, ശത്രുക്കളുടെ മദ്ധ്യേയല്ല; നീതിയുടെയും സമാധാനത്തിൻ്റെയും മദ്ധ്യേയാണ് ആ രാജ്യം ഉണ്ടായിരിക്കുക. (യെശ, 1:26,27; 32:16-18; 54:13,14; 66:12,13). പിന്നെ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന രാജാവാരാണ്? യിസ്രായേലാണ്. ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു.” (യെഹെ, 5:5. ഒ.നോ: 2ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: “ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.” (സങ്കീ, 27:6. ഒ.നോ: സങ്കീ, 31:5; 59:1; 143:9). ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ചരിത്രത്തിലേക്ക് നോക്കിയാലും അത് സത്യമാണ്; ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. 

വാക്യം 3: നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു: വാക്യത്തിൻ്റെ ആദ്യഭാഗത്തിൻ്റെ സത്യവേദപുസ്തകം സമകാലിക പരിഭാഷ: “നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും.” പി.ഒ.സി. പരിഭാഷ: “വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും.” ദൈവം യിസ്രായേലിൻ്റെ  ശത്രുക്കളെയെല്ലാം അവൻ്റെ കാല്ക്കീഴിലാക്കുവാനുള്ള അന്ത്യയുദ്ധമാണ് സേനാദിവസം. ഹർമ്മഗെദ്ദോൻ എന്ന സ്ഥലത്തുവെച്ചായിരിക്കും യുദ്ധം. (വെളി, 16:16). ഈ യുദ്ധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തീൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (യോവേ, 3:2; സെഖ, 14:2). അടുത്ത ഘട്ടത്തിൽ യിസ്രായേലിനെ എന്നേക്കുമായി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി യിസ്രായേൽ വിലപിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യും. (സെഖ, 12:10; യോവേ, 3:11). അപ്പോൾ കർത്താവ് ഒലിവുമലയിൽ അവരുടെ സഹായത്തിനായി ഇറങ്ങിവരും. (സെഖ, 14:4,5; പ്രവൃ, 1:11). അന്നാളിൽ യിസ്രായേൽ ജനവും സ്വമേധാദാനമായി തങ്ങളെത്തന്നെ സമർപ്പിക്കും. (യോവേ, 3:9,10; ന്യായാ, 5:2). “ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.” (യെശ, 13:4). 

വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു: വാക്യത്തിൻ്റെ രണ്ടാംഭാഗം സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും.” സഹസ്രാബ്ദരാജ്യത്തിൽ പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെ ഇത് സൂചിപ്പിക്കുന്നു. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). രണ്ടാം സങ്കീർത്തനത്തിൻ്റെ നിവൃത്തി കൂടിയാണിത്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (2:7. ഒ.നോ: ഇയ്യോ, 19:27; സങ്കീ, 17:15; 71:20; 88:10; 113:7; യെശ, 25:8; 51:17; 52:1,2; 60:1,2; 66:8; യെഹെ, 37:12; ദാനീ, 12:2; ഹോശേ, 6:2; മീഖാ, 5:7).

വാക്യം 4: നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

ദൈവം തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണിത്. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനു മുഴുവനുമായി നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്; മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ് അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്: “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ഇനി, അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ നിത്യമഹാപുരോഹിതനെങ്കിൽ, അവനെ പുരോഹിതനാക്കിയതിനാൽ യഹോവ അനുതപിക്കുകയില്ല എന്നു പറയുന്നതെന്തിനാണ്?

അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). അന്നാളിൽ ദാവീദ് യിസ്രായേലിൻ്റെ ഇടയനും പ്രഭുവും ആയിരിക്കും: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പ്രഭു യാഗമർക്കുന്നതായും കാണാം; അതിനാൽ പൗരോഹിത്യ പദവിയും ദാവീദിനായിരിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). രാജാവും പുരോഹിതനും ഒരാളായിരിക്കുമെന്ന് വേറെയും സൂചനയുണ്ട്. (സെഖ, 6:13). പ്രഭുവായ ദാവീദ് യാഗം കഴിക്കുമ്പോൾ ആരാധന കഴിക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 46:2). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഭൗമിക രാജാവും എന്നേക്കും പുരോഹിതനുമെന്ന് പറയുന്നവർ, അവൻ തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം കഴിക്കുകയും, ദൈവത്തെ ആരാധിക്കുകയും ചെയ്യുമെന്നുകൂടി ഇക്കൂട്ടർ സമ്മതിക്കുമോ?

വാക്യം 5: നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു: ഒന്നാം വാക്യത്തിൽ ദാവീദ് ‘എൻ്റെ കർത്താവു’ എന്ന് ആരെക്കുറിച്ച് പറയുന്നുവോ, അവനെക്കുറിച്ചാണ് രണ്ടാം വാക്യം മുതൽ “നിൻ്റെ, നിൻ്റെ, നീ എന്നു പറഞ്ഞുവന്നിട്ട് അഞ്ചാം വാക്യത്തിൽ നിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു” എന്നു പറയുന്നത്. അതായത്, ഒന്നാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവ് യഹോയുടെ വലത്തുഭാഗത്തു ആയിരുന്നെങ്കിൽ, അഞ്ചാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവിൻ്റെ വലത്തുഭാഗത്താണ് യഹോവയായ കർത്താവ് ഇരിക്കുന്നത്. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണെന്ന് സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം: “സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്; തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” രാജാവിൻ്റെ വലത്തുഭാഗത്തു യഹോവ ഇരിക്കുന്നത് അവൻ്റെ സംരക്ഷണത്തിനാണ്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8. ഒ.നോ: സങ്കീ, 109:31). 

കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും: യഹോവയുടെ ക്രോധദിവസം മഹോപദ്രവകാലമാണ്: “ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു. യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.” (യെശ, 13:5. ഒ.നോ: സങ്കീ, 2:5; 21:8,9; 68:21; 149:7-9; യെശ, 13:13; 14:12; 60:12). മഹോപദ്രവത്തിൻ്റെ വിവിധ പേരൂകൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22).

വാക്യം 6: അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

“യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;” (സങ്കീ, 7:8). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.” (യെശ, 34:2,3). “യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ‍ വളരെ ആയിരിക്കും. (യെശ, 66:15,16. ഒ.നോ: സങ്കീ, 18:38; 21:8,9; 68;21; 78:49,50; യെശ, 13:13; 42:13; 66:6,16; യെഹെ, 30:3; 38:22; സെഖ, 1:15; 14:12).

വാക്യം 7: അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.

യിസ്രായേലെന്ന രാജാവാണ് വഴിയരികെയുള്ള തോട്ടിൽനിന്ന് കുടിക്കുന്നത്. ഇ.ആർ.വി. പരിഭാഷ: “വഴിയോരത്തിലെ അരുവിയിൽനിന്ന് രാജാവ് വെള്ളം കുടിക്കും. പിന്നെയവൻ തലയുയർത്തുകയും ബലവാനാകുകയും ചെയ്യും!” സഹസ്രാബ്ദ രാജ്യത്തിലെ സൗജന്യമായ രക്ഷയെയും അനുഗ്രഹത്തെയുമാണ് “തോട്ടിൽനിന്നു കുടിക്കും” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: “അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.” (യെശ, 12:3). ഇതുനോക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.” (യെശ, 66:12). “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശ, 11:9). “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശ, 60:1-3). എന്തായാലും മഹാദൈവമായ യേശുക്രിസ്തു തോട്ടിലെ വെള്ളംകുടിച്ച് ബലവാനായിട്ട് ഭൂമിയെ ഭരിക്കുമെന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട; അവൻ ഭൗമികരാജാവല്ല; സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (യോഹ, 18:36; യിരെ, 10:10).

സങ്കീർത്തനം പുതിയനിയമത്തിൽ

പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരണികൾ ഉള്ളത് ഈ സങ്കീർത്തനത്തിൽ നിന്നാണ്. ഒന്നാം വാക്യം പുതിയനിയമത്തിൽ അഞ്ചുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും വലത്തുഭാഗത്തു ഇരിക്കുന്നതായും അനേകം വാക്യങ്ങളുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12,13; 12:2; 1പത്രൊ, 3:22). നാലാം വാക്യം രണ്ടുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (എബ്രാ, 5:6; 7:17). ഈ വാക്യം യേശുക്രിസ്തുവിൽ മൂന്നുവട്ടം ആരോപിച്ചിട്ടുണ്ട്. (എബ്രാ, 5:10; 620; 7:21). സ്വർഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തു മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പൗരോഹിത്യശുശ്രൂഷ ചെയ്യുന്നു എന്ന വീക്ഷണത്തിൻ്റെ അടിസ്ഥാനം ഇതാണ്.

പഴയനിയമത്തിൽ ദാവീദിൻ്റെ പുത്രനും ദാവീദിന്റെ കർത്താവും എന്നേക്കും പുരോഹിതനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ രാജാവായ കർത്താവും എന്നേക്കും പുരോഹിതനും ദൈവത്തിൻ്റെ യഥാർത്ഥ ക്രിസ്തുവും യിസ്രായേലാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിന് ദൈവം നല്കിയ വാഗ്ദത്തങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). തൻ്റെ സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം യേശുവെന്ന നാമത്തിൽ അവരുടെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). (കാണുക: യിസ്രായേലിൻ്റെ പദവികൾ)

യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു എന്ന് പറഞ്ഞിക്കുന്നത് എന്താണ്: ‘ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക’ എന്ന പദവി ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും അവൻ്റെ രാജാവ് അഥവാ കർത്താവുമായ യിസ്രായേലിൻ്റെ പദവിയാണ്. അതിനാലാണ് അവരുടെ പദവികൾ അവർക്കുവേണ്ടി നിറവേറ്റാൻ വന്ന അവരുടെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു മരിച്ച് ഉയിർത്തെഴുന്നേറ്റശേഷം ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തുവെന്ന് പറഞ്ഞിരിക്കുന്നത്. യിസ്രായേലാണ് സാക്ഷാൽ ദൈവപുത്രനും മനുഷ്യപുത്രനും. ദൈവപുത്രനെന്നാൽ; ദൈവത്തിൻ്റെ വാഗ്ദത്തം പ്രാപിച്ച സന്തതി അഥവാ എന്നേക്കുമിരിക്കുന്ന ദ്രവത്വം കാണാത്ത പരിശുദ്ധനാണ്. അതുകൊണ്ടാണ് “ക്രിസ്തു എന്നേക്കുമിരിക്കും എന്ന് ന്യായപ്രമാണത്തിൽ ഞങ്ങൾ വായിച്ചുകേട്ടിരിക്കുന്നു” എന്ന് യെഹൂദന്മാർ പറഞ്ഞത്. (യോഹ, 12:34). യിസ്രായേലെന്ന ദൈവപുത്രനുവേണ്ടി മനുഷ്യനായിവന്നു മരിച്ച ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിലൂടെയാണ് അവൻ്റെ എന്നേക്കുമിരിക്കുന്ന ദൈവസന്തതി അഥവാ ദ്രവത്വം കാണാത്ത പരിശുദ്ധൻ എന്ന പദവി സാക്ഷാത്കരിക്കപ്പെട്ടത്. (സങ്കീ, 16:10; പ്രവൃ, 2:27-31; 13:34-37). ദൈവപുത്രൻ എന്നേക്കുമിരിക്കുന്ന പരിശുദ്ധ സന്തതിയാണെങ്കിൽ; മനുഷ്യപുത്രൻ രാജകീയ സന്തതിയാണ്. ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്. (ദാനീ, 7:13,14,18,21,27). ദൈവം സകലത്തെയും കാൽക്കീഴാക്കി കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:4-6) സകലവും കാൽക്കീഴാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കീ, 110:1). എന്നാൽ ക്രിസ്തുവിൻ്റെ ഒന്നാമത്തെ വരവിൽ യിസ്രായേലിന്റെ ദൈവപുത്രത്വം മാത്രമാണ് നിവൃത്തിയായത് (റോമ, 1:5); മനുഷ്യപുത്രനെന്ന പദവി പുനരാഗമനത്തിലാണ് നിവൃത്തിയാകുന്നത്. അന്ന് യഹോവ അഥവാ യേശുക്രിസ്തു മനുഷ്യപുത്രനായി പ്രത്യക്ഷനായി യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാല്ക്കീഴിലാക്കി രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് യിസ്രായേലിന്റെ മനുഷ്യപുത്രനായ രാജാവെന്ന പദവി നിവൃത്തിയാകുന്നത്. (സെഖ, 14:4; പ്രവൃ, 1:6,11). ഭാവിയിൽ സകല ജാതികളെയും ഇരുമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവാണ് യിസ്രായേൽ. (സങ്കീ, 2 8,9,12). യിസ്രായേലിന്റെ ഈ പദവി നിവൃത്തിയാകാത്തത് കൊണ്ടാണ് അവൻ്റെ പദവി അവന് നിവൃത്തിയാക്കി കൊടുക്കാൻ വന്ന അവൻ്റെ രക്ഷിതാവായ ക്രിസ്തു അവൻ്റെ പദവിയായ ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായി പറഞ്ഞിരിക്കുന്നത്.

ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവി മഹാദൈവവുമായ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. അതിനാൽ അത് യിസ്രായേലിന്റെ പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവരുടെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല ഇരിക്കുന്നത്; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. (1കൊരി, 15:27,28). യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർ മഹാദൈവമായവൻ മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണോ വിചാരിക്കുന്നത്?

ഞാൻ നിൻ്റെ ശത്രുക്കളെ നിൻ്റെ പാദപീഠം ആക്കുവോളം: ഈ സങ്കീർത്തനത്തിൽ യഹോയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവ് യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അപ്പോൾത്തന്നെ ദൈവം സമനിത്യരായ മൂന്ന് വ്യക്തിയാണെന്നും അവർ വിചാരിക്കുന്നു. ദാവീദിൻ്റെ കർത്താവ് എന്തിനാണ് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നത്? യഹോവ അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുവാനാണ് അവൻ അവിടെയിരിക്കുന്നത്. യിസ്രായേലല്ല; യേശുക്രിസ്തുവാണ് വലത്തുഭാഗത്ത് ഇരിക്കുന്നതെങ്കിൽ രണ്ടുമൂന്ന് ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം: ഒന്ന്; ട്രിനിറ്റിക്ക് ദൈവം സമനിത്യരായ മൂന്ന് വ്യക്തിയായിരിക്കെ, അതിൽ ഒരാളായ യേശുവിൻ്റെ മാത്രം ശത്രുക്കൾ ആരാണ്? രണ്ട്; യഹോവയോട് തുല്യനായ മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുവിന് തൻ്റെ ശത്രുക്കളെ പാദപീഠമാക്കുവാൻ സ്വന്തമായി കഴിവില്ലേ; മറ്റൊരു വ്യക്തിയായ യഹോവ ശത്രുക്കളെ അവന് കീഴാക്കിക്കൊടുക്കേണ്ട ആവശ്യമെന്താണ്? മൂന്ന്; സ്വർഗ്ഗത്തിൽ ഒരു സിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതുമാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2). മീഖായാവും, യെശയ്യാവും, യെഹെസ്ക്കേലും, ദാനീയേലുമൊക്കെ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ കണ്ടിട്ടുള്ളതാണ്; അവരാരും മറ്റൊരു സിംഹാസനമോ വ്യക്തിയെയോ കണ്ടിട്ടില്ല, പിന്നെ എവിടെ യേശുക്രിസ്തു ഇരിക്കുന്ന കാര്യമാണ് നിങ്ങൾ വിശ്വസിക്കുന്നത്? നാല്; ത്രിത്വത്തിൽ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവ് എവിടെയാണിരിക്കുന്നത്? അഞ്ച്; സ്വർഗ്ഗത്തിലുള്ള ഏകസിംഹാസനത്തെ ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും സിംഹാസനമെന്ന് വിളിച്ചിരിക്കുന്നത് എന്താണ്? (വെളി, 22:3,4). ഇതിനൊക്കെ ആരുത്തരം പറയും!

യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ, ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കുമെന്നും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നും പറഞ്ഞിരിക്കയാൽ (ലൂക്കൊ, 1:33,34) യേശുക്രിസ്തു ഭൂമിയിൽ രാജാവായി ഭരിക്കുമെന്നാണ് മിക്ക ക്രൈസ്തവരും കരുതുന്നത്. താൻ ഈ ഭൂമിയിലെ രാജാവല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് യേശുക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). രണ്ടുകാര്യങ്ങൾ യേശു ഇവിടെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: ഒന്ന്; എൻ്റെ രാജ്യം ഭൂമിയിലല്ല. രണ്ട്; ഞാൻ രാജാവുതന്നേ. തൻ്റെ രാജ്യം ഐഹികമല്ലെന്ന് താൻ ആവർത്തിച്ചു പറഞ്ഞശേഷമാണ് ‘ഞാൻ രാജാവുതന്നേ’ എന്ന് പറയുന്നത്. തൻ്റെ രാജ്യം ഭൂമിയിലല്ല; അപ്പോൾത്തന്നെ രാജാവും ആണെങ്കിൽ താൻ സ്വർഗ്ഗത്തിലെ നിത്യരാജാവാണെന്ന് വ്യക്തമാണല്ലോ. സത്യദൈവവും ശാശ്വതരാജാവുമായ യഹോവയാണ് സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന് യേശുവെന്ന നാമത്തിൽ മനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടത്. (യിരെ, 10:10; മത്താ, 1:21). ഒന്നുകൂടി വ്യക്തമാക്കിയാൽ; ജഡത്താലുള്ള ബലഹീനത (പാപം) നിമിത്തം ദൈവപുത്രനും വാഗ്ദത്തരാജാവുമായ യിസ്രായേലിന് അവൻ്റെ വാഗദത്തങ്ങളൊന്നും സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ എല്ലാ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ട് അവൻ്റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20). യേശു ആരാണെന്നറിയാതെ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാരും ഒന്നു ശ്രമിച്ചിരുന്നു; അതുപോലെയാണ് ട്രിനറ്റിയുടെ കാര്യവും. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അമേരിക്കൻ പ്രസിഡന്റിനെക്കാൾ വലിയ പദവിയാണല്ലോ, അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റ്! ത്രിത്വവിശ്വാസികളും അതുപോലൊരു അബദ്ധമാണ് വിശ്വസിക്കുന്നത്. യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാത്തതാണ് വിശ്വാസികളുടെ പ്രശ്നം. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

എട്ടാം സങ്കീർത്തനം

എട്ടാം സങ്കീർത്തനം

“സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ ദാവീദിൻ്റെ ഒരു സങ്കീർത്തനം” എന്ന് ശീർഷകത്തിൽ കാണാം. സംഗീതപ്രമാണി – ദൈവാലയ സംഗീതത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്. ഗത്ത്യരാഗം – ഇത് 8, 81, 84 എന്നീ സങ്കീർത്തനങ്ങളുടെ ശീർഷകത്തിൽ കാണാം. ‘ഗത്തിൽ നിന്നുള്ളതു’ എന്നാണ് വിശേഷണപദമായ ‘ഗത്ത്യ’യുടെ അർത്ഥം. ഫെലിസ്ത്യരുടെ നഗരമായ ഗത്തിൽ പ്രചാരമുണ്ടായിരുന്ന സംഗീത ഉപകരണമോ രാഗമോ ആണ് വിവക്ഷ. ഗത്തിന് മുന്തിരിച്ചക്ക് എന്നർത്ഥമുണ്ട്. അതിനാൽ മുന്തിരിച്ചക്ക് ചവിട്ടുന്നവരുടെ രാഗം എന്നും മനസ്സിലാക്കാവുന്നതാണ്.

സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. ദൈവത്തിൻ്റെ ഔന്നത്യവും മനുഷ്യൻ്റെ നിസ്സാരത്വവും സങ്കീർത്തകൻ സമ്മതിക്കുകയാണ്. ദൈവത്തിൻ്റെ കൈവേലയായ ആകാശസൈന്യങ്ങളുമായി താരതമ്യം ചെയ്താൽ മനുഷ്യൻ ഏതുമില്ലാത്തവനാണ്. എങ്കിലും സ്നേഹനിധിയായ ദൈവം മർത്യനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിക്കുകയും ദൈവത്തിൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കിയിരിക്കയാണ്.

പുതിയനിയമത്തിൽ ഈ സങ്കീർത്തനഭാഗങ്ങൾ ആവർത്തിച്ച് ഉദ്ധരിച്ചിട്ടുള്ളതിനാൽ, ഇത് ക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണെന്ന് വിശ്വാസികൾ വിചാരിക്കുന്നു. യഥാർത്ഥത്തിൽ ഈ സങ്കീർത്തനം ക്രസ്തുവിനെക്കുറിച്ചാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ഇതിൽപ്പറയുന്ന മർത്യനും മനുഷ്യപുത്രനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് അനേകർക്കും യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ തടസ്സമായിരിക്കുന്നത്. 

വ്യാഖ്യാനം

വാക്യം 1: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.

സത്യവേദപുസ്തകം നൂതന പരിഭാഷ ഇപ്രകാരമാണ്: “സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു.” മനുഷ്യൻ്റെ ഹൃദയദൃഷ്ടി പ്രകാശിച്ചാൽ മാത്രമേ ദൈവത്തിൻ്റെ ശ്രേഷ്ഠത ദർശിക്കാൻ കഴിയുകയുള്ളു. സ്രഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിവൈഭവത്തിൻ്റെ തെളിവ് ഭൂമിയിൽത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമ, 1:19,20). സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കരയെയും സമുദ്രത്തെയും പ്രകൃതിയെയും അതിൻ്റെ നിയമങ്ങളെയും നോക്കിക്കാണുന്ന മനുഷ്യന് സ്രഷ്ടാവിൻ്റെ ശ്രേഷ്ഠത ഗ്രഹിക്കാൻ പ്രയാസമൊന്നും ഉണ്ടാകില്ല. (സങ്കീ, 19:1-6; 104:24-31; യെശ, 40:26; യിരെ, 31:35)

വാക്യം 2: നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.

സത്യവേദപുസ്തകം നൂതന പരിഭാഷ ഇങ്ങനെയാണ്: “ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു. അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി.” ഇ.ആർ.വി. (WBTC) പരിഭാഷ: “കുട്ടികളുടെയും ശിശുക്കളുടെയും വായിൽ നിന്നും നിന്നെ സ്തുതിക്കുന്ന ഗീതങ്ങൾ ഉണ്ടാകുന്നു. നിൻ്റെ ശത്രുക്കളെ മുഴുവൻ നിശബ്ദരാക്കാൻ നീ അവർക്ക് നല്കിയതാണ് ഈ കരുത്തുറ്റ ഗാനങ്ങൾ.” യേശുക്രിസ്തുവിൻ്റെ ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തോടുള്ള ബന്ധത്തിൽ മത്തായി ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 21:16).  “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്നരുളിച്ചെയ്തുകൊണ്ടാണ് ക്രിസ്തു ഗിരിപ്രഭാഷണം ആരംഭിച്ചത്. (മത്താ, 5:3. ഒ.നോ: ലൂക്കൊ, 6:20). ശിശു സമാനമായ, ആത്മികകമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവരാണ് ആത്മാവിൽ ദരിദ്രർ. അങ്ങനെയുള്ളവർക്കാണ് ദൈവം പലതും വെളിപ്പെടുത്തുന്നത്. “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. (മത്താ, 11:25; ലൂക്കൊ, 10:21). ജ്ഞാനികളെയും ബലവാന്മാരെയും ലജ്ജിപ്പിക്കാനും ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കാനുമാണ് ദൈവം അങ്ങനെ ചെയ്യുന്നത്. (1കൊരി, 1:27-29. ഒ.നോ: 2കൊരി, 12:9,10).

വാക്യം 3: നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

പത്തൊമ്പതാം സങ്കീർത്തനത്തിൽ ദാവീദ് പാടുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (19:1. ഒ.നോ: 50:6; 97:6; 102:25; 136:9; 147:4; 148:3). “പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16).  “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). “സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” (1കൊരി, 15:41).

വാക്യം 4: മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

ഈ വാക്യം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (2:6). ദൈവത്തിൻ്റെ സൃഷ്ടികളിൽ മനോഹങ്ങളിൽ മനോഹരമായ ആകാശസൈന്യങ്ങളെ നോക്കിക്കാണുന്ന ഏതൊരു ഭക്തനും തൻ്റെ ഹൃദയത്തിൽ ചോദിക്കും: ദൈവമേ, “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എബ്രായർ 2:6-ലും സങ്കീർത്തനം 144:3-ലും ഈ വാക്യം കാണാം. എന്നാൽ ഇവിടുത്തെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനും ദാവീദുമല്ല, മറ്റേതെങ്കിലും മനുഷ്യവ്യക്തിയുമല്ല; യിസ്രായേലാണ്. പഴയനിയമത്തിൽ, മനുഷ്യപുത്രൻ (ben adam – Son of Man) എന്നും (സങ്കീ, 8:4; 80:17; 144:3), മനുഷ്യപുത്രന്മാർ (bene adam – Sons of Men) എന്നും ഇരുവിധ പ്രയോഗം കാണാം. (ഉദാ: ആവ, 32:8; 2ശമൂ, 7:14; സങ്കീ, 11:4; 12:1; 12:7; 14:2). അതിൽ മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ യിസ്രായേലിനെയും, മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറയുന്നത് ജാതികളെ അഥവാ ലോകത്തെയുമാണ് കുറിക്കുന്നത്. യെഹെസ്ക്കേലിനെയും (21), ദാനീയേലിനെയും (8:17) വ്യക്തിപരമായും മനുഷ്യപുത്രനെന്ന് വിളിച്ചിട്ടുണ്ട്. മനുഷ്യപുത്രനെന്ന് യിസ്രായേലിനെ ഏകവചനത്തിൽ വിളിച്ചിരിക്കുന്നത് സങ്കീർത്തനത്തിലാണ്. (സങ്കീ, 8:4; 80:17; 144:3). അത് യിസ്രായേലാണെന്ന് കൃത്യമായ തെളിവും സങ്കീർത്തനത്തിൽ തന്നെയുണ്ട്: 

ഒന്ന്; “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17).ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (89:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17).

രണ്ട്; ¹ ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ² ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ³ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. (സങ്കീ, 14:1-4; 53:1-4). ഈ വേദഭാഗത്ത്; ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്ന മനുഷ്യപുത്രന്മാർ ജാതികളാണ്. മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്  ജാതികളെയാണെന്ന് നാലാം വാക്യത്തിൽ തെളിവുണ്ട്: “അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു.” ഈ വാക്യത്തിൽ പറയുന്ന ‘അവർ’ ജാതികളും ‘എൻ്റെ ജനം’ യിസ്രായേലുമാണ്. ദൈവത്തിൻ്റെ ജനത്തെ നശിപ്പിക്കാൻ നോക്കുന്ന ജാതികളെക്കുറിച്ചാണ് മനുഷ്യപുത്രന്മാർ എന്ന് യഹോവ പറയുന്നത്. അടുത്തഭാഗം: “യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.” ജാതികൾ യഹോവയെ അറിയുന്നുമില്ല; പ്രാർത്ഥിക്കുന്നുമില്ല. അതായത്, മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ പറയുന്നത് യിസ്രായേലിനെയും ബഹുവചനത്തിൽ ജാതികളെയും കുറിക്കുന്നുവെന്ന് മനസ്സിലാക്കാം.

മൂന്ന്; “മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.” (ആവ, 32:8). ഇവിടെയും മനുഷ്യപുത്രന്മാരായ ജാതികളെയും യിസ്രായേൽ ജനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം നൂതന പരിഭാഷ: “അത്യുന്നതന്‍ ജനതകള്‍ക്ക് അവകാശം നല്‌കിയപ്പോള്‍, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു.” (പി.ഒ.സിയും കാണുക). ഇതിൽ, മനുഷ്യപുത്രന്മാരെ “മാനവരാശി” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. മാനവരാശിയെ (മനുഷ്യപുത്രന്മാർ) ദൈവത്തിന്റെ സ്വന്തജനത്തിൽനിന്ന് (മനുഷ്യപുത്രൻ) വേർപെടുത്താൻ കാരണം അടുത്ത വാക്യത്തിലുണ്ട്. അത് ദൈവത്തിൻ്റെ അവകാശമാണ്: “യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.” (ആവ, 32:9). 

നാല്; “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1കൊരി, 17:13). ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. മേല്പറഞ്ഞ വാക്യത്തിൽ “അവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട് സങ്കീർത്തനങ്ങളിൽ “അവരുടെ” എന്ന് ബഹുവചനത്തിൽ പറയുന്നത് കാണുക:  “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (89:32). സ്വന്തജനമായ യിസ്രായേൽ പാപം ചെയ്യുമ്പോഴൊക്കെയും അവരെ ജാതികൾക്ക് ഏല്പിച്ചുകൊടുത്താണ് ദൈവം ശിക്ഷിച്ചിരുന്നത്. ഇവിടെയും ജാതികളെയാണ് മനുഷ്യപുത്രന്മാരെന്ന് വിളിച്ചിരിക്കുന്നത്. “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” എന്ന് ഏഥാൻ ചോദിക്കുന്നതും കുറിക്കൊള്ളുക. (89:47). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

അഞ്ച്; ദാനീയേൽ കാണുന്ന ദർശനത്തിൽ ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനായവനും യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13. ഒ.നോ: ദാനീ, 7:14,18,21,27). ഭൂമിയിലെ സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27). ദൈവത്തിൻ്റെ പുത്രനായ യിസ്രായേലെന്ന മനുഷ്യപുത്രൻ മനുഷ്യപുത്രന്മാരിൽ (ലോകം) അതിസുന്ദരനായ രാജാവാണ്. (സങ്കീ, 45:2). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

ക്രിസ്തുവിനും, മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13), നിത്യരാജാവ് (ലൂക്കൊ, 1:33) എന്നീ പദവികളുണ്ട്. പഴയനിയമപുസ്തകങ്ങളെ അപഗ്രഥിച്ച് പഠിക്കുമ്പോഴാണ് യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന പദവികളൊക്കെ യഥാർത്ഥത്തിൽ ആരുടെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം അവരുടെ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; റോമ, 8:3). (കാണുക: യിസ്രായേലിൻ്റെ പദവികൾ). 

വാക്യം 5: നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി: ഈ വാക്യവും എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്. (2:7). ഈ വാക്യത്തിൽ “ദൈവത്തെക്കാൾ” എന്നതിനെ എബ്രായയിൽ ‘മേ എലോഹീം’ (min elohiym – from God) എന്നാണ്. എലോഹീം എന്നത് ബഹുവചനമാണ്; എന്നാൽ ബൈബിളിലത് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. സത്യദൈവത്തെ കുറിക്കാൻ ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ഏകവചനത്തിലും ബഹുവനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാരെക്കുറിക്കാനും, ദേവിയെക്കുറിക്കാനും, മോശെയെക്കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിൽ, പി.ഒ.സി, വിശുദ്ധഗ്രന്ഥം ഒഴികെ മറ്റു പരിഭാഷകളിലെല്ലാം “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നാണ്. ഇംഗ്ലീഷിൽ, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ അനേകം പരിഭാഷകളിൽ “ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നും, മറ്റുള്ളവയിൽ “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നുമാണ്. എന്നാൽ, ഈ പ്രശ്നം എബ്രായലേഖകൻ പരിഹരിച്ചിട്ടുണ്ട്:  “അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി” (എബ്രാ, 2:7) എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനാൽ സങ്കീർത്തനം 8:5-ലെ ‘എലോഹീം – ദൂതന്മാർ’ (ἄγγελος – angelos) ആണെന്ന് കൃത്യമായി മനസ്സിലാക്കാം. 

തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു: ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിൽ നിന്ന് മനസ്സിലാക്കാം: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ, മനുഷ്യൻ, മനുഷ്യപുത്രൻ തുടങ്ങിയ അനേകം പദവികൾ നല്കി, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി അവനെ തേജസ്സും ബഹുമാനവും അണിയിച്ചു, സകല ജാതികളുടെയും മുമ്പിൽ അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). എങ്കിലും പാപംമൂലം പദവി നിറവേറ്റാൻ അവർക്കു കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ, ദൈവംതന്നെ തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനാണ് യേശു എന്ന നാമത്തിലും ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിങ്ങനെ അവരുടെ എല്ലാ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:31,32,35). യിസ്രായേലെന്ന ദൈവത്തിൻ്റെ സ്വന്തജനം ദൂദന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ച് കൊടുക്കാൻ വന്ന അവരുടെ രക്ഷകനായ ക്രിസ്തുവിലും ആ പദവി കാണുന്നത്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). (കാണുക: യിസ്രായേലിൻ്റെ പദവികൾ)

വാക്യം 6: നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

ദൈവം സ്വന്തജനമായ യിസ്രായേലിനാണ് സകല ജാതികളുടെമേലും അധികാരം നല്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പ്രവചനമാണ്. ദൈവം യിസ്രായേലിന് അവരുടെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ഈ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യഹോവ തന്നെയാണ് യുഗാന്ത്യത്തിൽ സ്വന്തജനത്തിന് അവരുടെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കുന്നത്. “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47). “അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.” (സങ്കീ, 47:3. ഒ.നോ: സങ്കീ, 2:7; 18:39). എബ്രായലേഖകൻ പറയുന്നത് നോക്കുക; “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” (എബ്രാ, 2:8). യഹോവയുടെ അഥവാ യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിലാണ് സകലജാതികളും രാജാക്കന്മാരും യിസ്രായേലിൻ്റെ കാൽക്കീഴിലാകുന്നത്. (സെഖ, 14:3,4; പ്രവൃ, 1:11). യിസ്രായേലിൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. (സങ്കീ, 110:1). (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 7,8: ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.

ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുടെയും അധികാരിയായിട്ടാണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ദൈവം മനുഷ്യനെ സൃഷ്ടിച്ചനന്തരം (1:27) അവർക്കതിനുള്ള അധികാരവും നല്കുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). എന്നാൽ പാപംചെയ്ത് ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ്റെ അധികാരങ്ങളെല്ലാം നഷ്ടപ്പെടുവാനിടയായി. പിന്നെ ദൈവം അബ്രാഹാമിലൂടെ യിസ്രായേലെന്ന ഒരു ജാതിയെ തിരഞ്ഞെടുക്കുകയും മനുഷ്യന് നഷ്ടപ്പെട്ട അധികാരങ്ങളെല്ലാം ദൈവം അവന് പുനഃസ്ഥാപിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. 

വാക്യം 9: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

സങ്കീർത്തകൻ ഒന്നാം വാക്യം വീണ്ടും ആവർത്തിക്കുകയാണ്. ഈ സങ്കീർത്തനം കഴിഞ്ഞാൽ 118-ാം സങ്കീർത്തനത്തിൽ മാത്രമാണ് ഒന്നാം വാക്യം അവസാനം ആവർത്തിക്കുന്നതായി കാണുന്നത്. പഴയനിയമത്തിൽ യഹോവ എന്ന നാമമായിരുന്നു ഭൂമിലൊക്കെയും ശ്രേഷ്ഠമായിരുന്നത്. ഏകദൈവവും സകല മനുഷ്യർക്കുമുള്ള ഏകരക്ഷിതാവും യഹോവ മാത്രമായിരുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). എന്നാൽ പ്രവചന നിവൃത്തിപോലെ യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തു മുഖാന്തരം (1തിമൊ, 3:14-16) ഒരു പുതിയനിയം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:1-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ്, രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ ഭൂമിയിൽ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രൊസ് വിളിച്ചുപറയുന്നത്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12).

എട്ടാം സങ്കീർത്തനം പുതിയനിയമത്തിൽ

എട്ടാം സങ്കീർത്തനത്തിൻ്റെ മൂന്ന് വേദഭാഗങ്ങളാണ് പുതിയനിയമത്തിൽ ഉള്ളത്: (1കൊരി, 15:27; എഫെ, 1:22; എബ്രാ, 2:68).

1. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി,15:22-28).

ഈ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം ബഹുമാനവും തേജസ്സും അണിയിച്ച് തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:5,6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമായ (110:1) യിസ്രായേലെന്ന ദൈവപുത്രൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്ന പുത്രൻ. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം; നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

2. “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.” (എഫെ, 1:22).

സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ദൈവത്തിൻ്റെ ഭൗമിക രാജാവ് യിസ്രായേലാണ്. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:14. ഒ.നോ: ദാനീ, 7:18,21,27). യിസ്രായേലിന്റെ പദവികളെല്ലാം ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവിലൂടെയാണ് അവർക്ക് ലഭിക്കുന്നത്; അതിനാലാണ് അതിൻ്റെ പൂർത്തീകരണം യേശുവിൽ കാണുന്നത്. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16).

3. “എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:6-9). 

ഇവിടെ നോക്കുക: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനായ യിസ്രായേൽ, ദൂതന്മാരെക്കാൾ അല്പം താഴ്ചയുള്ളവൻ ആകകൊണ്ട് അവരുടെ ദൈവം മനുഷ്യനായി വന്ന് ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായി മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നത്. തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനാണ് ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായത്. (മത്താ, 1:21). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14). ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യനിലൂടെയാണ് യിസ്രായേലിന് വരേണ്ടിയ സകലമഹത്വവും അവർക്ക് ലഭിക്കുന്നത്.

യേശുക്രിസ്തു ആരാണെന്നോ അവൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്നോ അനേകർക്കും മനസ്സിലാകാത്തതിൻ്റെ കാരണം, ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഇത് പറഞ്ഞശേഷം താനാരാണെന്ന് 24-28 വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: ഇ.ആർ.വി; പി.ഒ.സി; മലയാളം ഓശാന പരിഭാഷകൾ). പുറപ്പാടിൽ യഹോവ തൻ്റെ നാമം വെളിപ്പെടുത്തുന്നത് ഞാനാകുന്നവൻ എന്നാണ്. (പുറ, 3:14). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)

ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതിയും വാഗ്ദത്തം നിവൃത്തിച്ച സന്തതിയും രണ്ടാണ്. ദൈവത്തിൻ്റെ അവകാശിയായ സന്തതി യിസ്രായേലാണ്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). വാഗ്ദത്തം നിവൃത്തിച്ച സന്തതി ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവാണ്: യേശു പറഞ്ഞു: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). പഴയനിയമമില്ലെങ്കിൽ പുതിയനിയമമില്ല; പഴയനിയമത്തിൽ ദൈവത്തിനൊരു സന്തതിയില്ലെങ്കിൽ പുതിയനിയമത്തിലും ഒരു സന്തതി ഉണ്ടാകില്ലായിരുന്നു. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമമെന്നുപോലും അനേകർ മനസ്സിലാക്കുന്നില്ല. ന്യായപ്രമാണം നിവൃത്തിയാകുവോളം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ലെങ്കിൽ ന്യായപ്രമാണ സന്തതിയെക്കുറിച്ചുള്ള സകല കാര്യങ്ങളും നിവൃത്തിയാകേണ്ടതല്ലേ? വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് അവൻ്റെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതെന്ന് അറിയാതെ (ആവ, 27:9; മത്താ, 1:21), യിസ്രായേലിൻ്റെ പദവികളൊക്കെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൽ ആരോപിക്കുകയും നിത്യപിതാവായ അവനെ നിത്യപുത്രനാക്കുകയും ചെയ്യുന്നു. (യെശ, 9:6; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20).

എട്ടാം സങ്കീർത്തനത്തിലെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനുമായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലെന്ന ക്രിസ്തുവാണ്. യിസ്രായേൽ അഭിഷിക്തനും മനുഷ്യനും മനുഷ്യപുത്രനും ദൈവപുത്രനും ആയതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി മർത്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ യിസ്രായേലെന്ന നിത്യാവകാശിയായ മനുഷ്യപുത്രനെക്കുറിച്ചാണ് ദൈവമക്കൾ പഠിക്കേണ്ടത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ! 

“അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” (എബ്രായർ 6:1,2)

കാണുക:⬇️

യിസ്രായേലിൻ്റെ പദവികൾ 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദൈവം തന്റെ പുത്രനെ അയച്ചു

ദൈവം തന്റെ പുത്രനെ അയച്ചു

“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17)

“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:8; യോഹ, 17:3; റോമ, 8:3; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയും ദൈവവും നിത്യപുത്രനുമാണെന്നു ത്രിത്വം പഠിപ്പിക്കുന്നു. എന്താണതിലെ വസ്തുതയെന്ന് നമുക്കുനോക്കാം:

നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിൽ മാത്രമാണ് ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. സമവീക്ഷണ സുവിശേഷത്തിലൊന്നും ആ വിവരം കാണാത്തതിൻ്റെ കാരണമെന്താണെന്ന് ആദ്യമറിയണം. ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം (introduction) പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്നു മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. അതിനാൽ, ഏതൊരു മനുഷ്യനെപ്പോലെയും (കന്യകാജനനം ഒഴികെ) ഒരു മനുഷ്യസ്ത്രീയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ആത്മാവിനാൽ ബലപ്പെടുകയും ചെയ്ത യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്ഥിത്വം മത്തായിയുടെയും ലൂക്കൊസിൻ്റെയും വിഷയമല്ല. (ലൂക്കൊ, 2:40,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. യെഹൂദന്മാരുടെ ഇടയിൽ ദാസന്മാരുടെ വംശാവലി രേഖപ്പെടുത്താറില്ല. അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്നു മനസ്സിലാക്കാം. അതിനാൽ, മർക്കൊസ് നേരെ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കാണ് കടക്കുന്നത്; ക്രിസ്തുവിൻ്റെ ജനനമോ പൂർവ്വാസ്തിത്വമോ അവൻ്റെയും വിഷയമല്ല. എന്നാൽ യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്: (1:14). അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല, മനുഷ്യനാണ്; അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (പ്രവൃ, 10:38). ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, അവന് തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് അവതരിക്കാനോ, ജഡമായിത്തീരാനോ കഴിയില്ല; ദൈവം പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്: (ഉല്പ, 12:7; 17:1; 18:1; 26:2; 26:24; 35:9; 48:3; യാക്കോ, 1:17; മലാ, 3:6). മനുഷ്യനായ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ യഥാർത്ഥ പ്രയോഗം “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God was manifest in the flesh) എന്നതാണ്: (1തിമൊ, 3:14-16; 1പത്രൊ, 1:20). എന്നാൽ യോഹന്നാനാകട്ടെ, ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നു പറയാതെ; ‘ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നു’ എന്നാണ് പറഞ്ഞിരിക്കുന്നത്: (1:14). അതായത്, യോഹന്നാൻ ജഡമായിത്തീർന്നു എന്നു പറഞ്ഞിരിക്കുന്നത് ദൈവമല്ല; ദൈവത്തിൻ്റെ വായിലെ വചനമാണ്. രണ്ടും തമ്മിൽ അജഗജാന്തരമുണ്ട്. [ദൈവഭക്തിയുടെ മർമ്മം; വെളിപ്പാടും അവതാരവും]

യോഹന്നാൻ്റെ ക്രിസ്തു ദൈവം ജഡത്തിൽ വെളിപ്പെട്ടവനല്ല; ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ, സമവീക്ഷണ സുവിശേഷങ്ങളിൽനിന്നു വ്യത്യസ്തമായി വചനമെന്ന നിലയിലാണ് ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. അതുകൊണ്ടാണ് സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പ്രയോഗങ്ങൾ യോഹന്നാനിലുള്ളത്. അവൻ്റെ ലേഖനങ്ങളും ആ നിലയിലുള്ളതാണ്: (1യോഹ, 1:1,2). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മത്തിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായിത്തീർന്നു” എന്നത്: (യോഹ, 1:14). അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് വചനം (word) അഥവാ ലോഗോസ് (logos): (യോഹ, 1:1). എന്തെന്നാൽ, ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ (express) അഥവാ ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ വായിൽനിന്നു വരുന്ന വചനമാണ്. ‘ലോഗോസ് (greek) അഥവാ ദവാർ’ (hebrew) ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3. ഒ.നോ: മത്താ, 4:4; ലൂക്കൊ, 4:4). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവം തൻ്റെ വായിലെ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ (dabar) ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3, 24). “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താൽ (logos) ഉണ്ടായി എന്നും” (2പത്രൊ, 3:5). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള അഥവാ വായിൽനിന്നു പുറപ്പെടുന്ന വചനത്താലാണ് സകലവും സൃഷ്ടിക്കപ്പെട്ടത്; ആ വചനം തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). അതിനായാണ്, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് യോഹന്നാൻ 1:3-ൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ, ദൈവപുത്രൻ മറ്റൊരു വ്യക്തിയായി പിതാവിൻ്റെ കൂടെ ഇല്ലായിരുന്നു. 

‘ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ’ എന്ന നിലയിലാണ്; “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നത്: (യോഹ, 1:18). ഈ വാക്യത്തിലെ ‘മടിയിൽ’ എന്ന പ്രയോഗം കൃത്യമല്ല. Bosom എന്ന പദത്തിന് നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണർത്ഥം. ഇതേപദത്തെ യോഹന്നാൻ 13:23-ൽ ‘മാർവ്വിടം’ എന്നാണ് തർജ്ജമ. ദൈവവും വചനവുമായുള്ള അഭേദ്യമായ ബന്ധമാണ് ‘മടിയിലിരിക്കുന്ന പുത്രൻ, ഏകജാതനായ പുത്രൻ’ എന്നിത്യാദി പ്രയോഗങ്ങൾക്കാധാരം. അതായത്, “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്; പിതാവിൻ്റെ ഉള്ളിൽനിന്നു അഥവാ ഹൃദയത്തിൽനിന്നു പുറപ്പെട്ട വചനം മനുഷ്യനായതിനാലാണ്: (1:14). ദൈവത്തിൻ്റെ ‘വായിലെ വചനം ജഡമായിത്തീർന്നു’ എന്നു പറഞ്ഞിരിക്കുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് സ്നേഹത്തിൻ്റെ അപ്പൊസ്തലൻ തൻ്റെ സുവിശേഷത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്നു ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). അതായത്, ദൈവത്തിൻ്റെ ഉള്ളിലുള്ള മാനവരാശിയോടുള്ള സ്നേഹമാണ് തൻ്റെ ഉള്ളിലെ വചനം ജഡമായ പുത്രനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവഭക്തിയുടെ മർമ്മത്തിലൂടെ, ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്നു പറയുന്നതിലൂടെ പൗലൊസ് ദൈവത്തിൻ്റെ വെളിപ്പെടുത്തുമ്പോൾ, യോഹന്നാൻ വചനം ജഡമായിത്തീർന്ന പുത്രനിലൂടെ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഥവാ ദൈവത്തിൻ്റെ ഹൃദയത്തിലെ സ്നേഹം ലോകത്തിനു വെളിപ്പെടുത്തുകയാണ് ചെയ്തത്. ദൈവത്തെയും അവൻ്റെ ഉള്ളിലെ വചനത്തെയും ആർക്കെങ്കിലും വേർപെടുത്താൻ കഴിയുമോ? അപ്പോൾ, അവൻ്റെ വായിലെ വചനം അവനിൽ നിന്നും വിഭിന്നനായ വ്യക്തിയാണെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? “വചനം ദൈവത്തോടു കൂടെയായിരുന്നു” എന്ന ആമുഖ വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും പുരോഗമിക്കുന്നത്. അതിനാലാണ്, “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നു പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ പുത്രനെയല്ല; അതിവേഗം ഓടുന്നതും ജീവനും ചൈതന്യവുമുള്ളതും ജീവദായകവുമായ തൻ്റെ വായിലെ വചനത്തെയാണ് അയച്ചത്: (147:15; യെശ, 55:11; എബ്രാ, 4:12; 1പത്രൊ, 1:23). ആ വചനമാണ് ജഡമായിത്തീർന്നത്: (യോഹ, 1:14). ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ദൈവം അയച്ച തൻ്റെ വായിലെ വചനം ജഡമായത് അഥവാ മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി പിന്നെയും മുപ്പതുവർഷം കഴിഞ്ഞാണ് ദൈവദൂതൻ്റെ പ്രവചനംപോലെ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? (ലൂക്കൊ, 1:32,35; 3:22). 

ദൈവത്തിൻ്റെ വായിലെ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). ജഡമായിത്തീർന്ന ദൈവത്തിൻ്റെ വായിലെ വചനത്തിനു എഴുത്തുകാരൻ ആളത്തം കല്പിച്ചിട്ട് ആലങ്കാരികമായി പറയുന്നതാണ്; വചനം ദൈവത്തോടുകൂടെ ആയിരുന്നു: (യോഹ, 1:1). ഇനി ചിലർ കരുതുന്നതുപോലെ, യഥാർത്ഥത്തിൽ യേശുവെന്ന ദൈവപുത്രൻ ദൈവത്തോടു കൂടെയുള്ള വചനമെന്ന മറ്റൊരു വ്യക്തിയും ദൈവവും ആണെങ്കിൽ, ‘വചനം ദൈവം ആയിരുന്നു’ എന്നെങ്ങനെ പറയും? ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. വചനം അക്ഷരാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള നിത്യപുത്രനും ദൈവവും ആണെങ്കിൽ ‘വചനം ദൈവം ആകുന്നു’ എന്നല്ലാതെ, ‘ദൈവം ആയിരുന്നു’ എന്നു ഒരിക്കലും പറയാൻ കഴിയില്ല. ‘ദൈവം ആത്മാവാകുന്നു; ദൈവം സ്നേഹമാകുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 4:24; 1യോഹ, 4:8). ദൈവം എല്ലായ്പ്പോഴും ‘ആകുന്നവൻ’ ആണ്: (പുറ, 3:14). അതായത്, ദൈവത്തിന് ഏത് കാരണം ചൊല്ലിയും കുറച്ചുകാലത്തേക്ക് ദൈവമല്ലാതാകാനോ, സ്വയം ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാനോ കഴിയില്ല; എന്തെന്നാൽ, ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). എന്നാൽ ദൈവം അയക്കുന്ന തൻ്റെ വചനത്തിനു സകലവും സാദ്ധ്യമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11). ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം; ഞാൻ അയച്ച കാര്യം സാധിപ്പിക്കും.” അപ്പോൾ, ദൈവം അയച്ച തൻ്റെ വായിലെ വചനമാണ് യോഹന്നാൻ്റെ ക്രിസ്തു, ദൈവം സ്വർഗ്ഗത്തിൽനിന്നും അരുളിച്ചെയ്ത അഥവാ അയച്ച വചനമാണ് ഭൂമിയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14). അതിനാലാണ്, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷപ്രകാരം യേശുവെന്ന ദൈവപുത്രനെയല്ല സ്വർഗ്ഗത്തിൽനിന്ന് അയച്ചത്; ദൈവത്തിൻ്റെ വായിലെ വചനത്തെയാണ്. വചനം ജഡമായത് സ്വർഗ്ഗത്തിൽ വെച്ചല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അതായത്, കാലസമ്പൂർണ്ണതിൽ വചനം മനുഷ്യനാകുന്നതിനു മുമ്പ് അഥവാ ഒരു വ്യക്തിയായി തീരുന്നതിനു മുമ്പ് ആ വ്യക്തിയോ, ആ പേരോപോലുമില്ല. പിന്നെങ്ങനെ ദൈവപുത്രൻ നിത്യനാകും?

കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:15,16). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെ, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിക്കുകയാണ് ചെയ്തത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു സ്നാനം മുതൽ ക്രൂശുമരണംവരെ മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. അപ്പോൾ, ‘ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു’ എന്നു പറഞ്ഞിരിക്കുന്നതിൻ്റെ അർത്ഥമിതാണ്: കാലസമ്പൂർണ്ണത വന്നപ്പോൽ ദൈവം അയച്ച തൻ്റെ വായിലെ വചനം കന്യകയായ മറിയയിലൂടെ ഒരു മനുഷ്യനാകുകയും ആ മനുഷ്യൻ പില്ക്കാലത്ത് ദൈവപുത്രനെന്ന് വിളിക്കപ്പെടുകയും ചെയ്കയാലാണ് ‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ, ദൈവത്തിൻ്റെ വായിലെ വചനം ജഡമായ വ്യക്തി മുമ്പെ ഉണ്ടായിരുന്നവനോ നിത്യനോ അല്ല.

“ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നത് ഒരു ആലങ്കരിക പ്രയോഗമാണ്. വചനം ജഡമായിത്തീർന്നു അഥവാ ഭൂമിയിൽ ജനിച്ചു മുപ്പതുവർഷം കഴിഞ്ഞുമാത്രം ദൈവത്താൽ “ഇവൻ എൻ്റെ പ്രിയപുത്രൻ അഥവാ ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടവൻ ദൈവപുത്രനായി മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നെന്നോ, ആ പുത്രനെ അതുപോലെ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്നോ എങ്ങനെ പറയും? ഒരു ഉദാഹരണം പറയാം: നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി ജനിച്ചത് 1950-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തിലാണ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രി ആയത് പിന്നെയും 64 വർഷങ്ങൾക്കുശേഷം 2014-ൽ ആണ്. എന്നാൽ, ഇന്നൊരാൾ അദ്ദേഹത്തിൻ്റെ ജീവചരിത്രം എഴുതിയാൽ, നമ്മുടെ പ്രധാനമന്ത്രി ജനിച്ചത് 1950-ലാണെന്ന് എഴുതും. അതിനർത്ഥം, നരേന്ദ്രമോദി ജനിച്ചപ്പോൾത്തന്നെ പ്രധാനമന്ത്രി ആയിരുന്നെന്നാണോ? അല്ല. നരേന്ദ്രമോദി എന്ന മനുഷ്യൻ ജനിച്ച് 64 വർഷങ്ങൾക്കുശേഷം പ്രധാനമന്ത്രിയെന്ന നിലയിൽ പ്രസിദ്ധനായതിനാലാണ് പിൽക്കാലത്ത് എഴുതുന്ന അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൽ അങ്ങനെ എഴുതുന്നത്. അതുപോലെ, ദൈവം അയച്ച തൻ്റെ വചനം ജഡമായവൻ അല്ലെങ്കിൽ ദൈവഭക്തിയുടെ മർമ്മംപോലെ യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ജനിച്ചു മുപ്പതു വർഷങ്ങൾക്കുശേഷം ദൈവപുത്രനെന്നു വിളിക്കപ്പെടുകയും തൻ്റെ മനുഷ്യശരീരത്തിൽ മാനവകുലത്തിൻ്റെ പാപമെല്ലാം പേറി ക്രൂശിൽ മരിച്ചുയിർത്തു രക്ഷയൊരുക്കുകയും, അവൻ രക്ഷാനായകനായി ലോകത്തിൽ അറിയപ്പെടുകയും ചെയ്തശേഷമാണ് അവൻ്റെ ജീവചരിത്രവും അവൻ്റെ നാമത്തിലുള്ള ആദിമസഭയുടെ സുവിശേഷചരിത്രവും രചിക്കപ്പെടുന്നത്. വിശേഷാൽ ദൈവത്തിൻ്റെ വായിലെ വചനം മനുഷ്യനായ യേശു എന്ന ദൈവപുത്രനായ ക്രിസ്തുവിലൂടെ അവൻ്റെ നാമത്തിലാണ് നിത്യജീവൻ: (യോഹ, 20:31). അതിനാലാണ് ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്.

‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നു പറഞ്ഞിരിക്കയാൽ, യേശുവെന്ന ദൈവപുത്രൻ ദൈവത്തിൻ്റെ അടുക്കൽ മുമ്പെ ഉണ്ടായിരുന്നു എന്നർത്ഥമില്ല. അതിന് പല തെളിവുകളുണ്ട്: 

1. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്ന വിഷയം പഠിക്കുമ്പോൾ, ഒരു വിശ്വാസി ആദ്യം ഓർക്കേണ്ട വാക്യം യോഹന്നാൻ 17:3 ആണ്. അവിടെ, ദൈവത്തിൻ്റെ വായിലെ വചനം ജഡമായവൻ അഥവാ മനുഷ്യനായവൻ പറയുന്നത് നോക്കുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ബൈബിളിൽ ‘ഒറ്റ’ (single/alone/only) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് യേശു പിതാവിനെ ഏക(monos)സത്യദൈവം (the only true God) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പിതാവ് ഏകസത്രദൈവം ആണെന്നു പറഞ്ഞാൽ അതിൻ്റെയർത്ഥം: ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്നു പറഞ്ഞാൽ, അത് പറയുന്ന യേശുക്രിസ്തു ദൈവമല്ല; മനുഷ്യൻ മാത്രമാണെന്നാണ് അർത്ഥം. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും (മത്താ, 4:10) പിതാവു മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ യേശു പറഞ്ഞത് താൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായ അല്ലെങ്കിൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ്. അതായത്, ദൈവത്താൽ അയക്കപ്പെട്ട യേശുക്രിസ്തുവെന്ന മനുഷ്യൻ പറയുന്നതിൻ്റെ അർത്ഥമിതാണ്: ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ, വചനം ജഡമായവൻ അഥവാ ദൈവത്താൽ അയക്കപ്പെട്ടവൻ ഒരു മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാമല്ലോ? “പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും; “ദൈവവും പിതാവുമായവൻ ഒരുവനെന്നും” പൗലൊസ് പറയുന്നതും ഓർക്കുക: ((1കൊരി, 8:6; എഫെ, 4:6). ക്രൂശിൽമരിച്ച ദൈവപുത്രൻ ദൈവമാണെന്നു വിചാരിക്കുന്നവരുണ്ട്; അതവരുടെ അറിവില്ലായ്മയാണ്. ദൈവം ഒരുത്തൻ മാത്രമാണ്: (1തിമൊ, 2:5). ദൈവത്തിനും ഭൂമിയിലെ മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). ആ മനുഷ്യനാകട്ടെ, കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവത്തിൻ്റെ വായിലെ വചനം മറിയയിലൂടെ മനുഷ്യനായിത്തീർന്നവനാണ്. അല്ലാതെ, ദൈവപുത്രൻ മുമ്പെ ഉണ്ടായിരുന്നവനല്ല. [കാണുക: ദൈവപുത്രൻ, ഏകസത്യദൈവം

2. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് ദൈവമല്ല; മനുഷ്യനാണെന്നു നാം കണ്ടു. എന്നാൽ മനുഷ്യനായ യേശുവിനെ ദൈവപുത്രൻ എന്നു വിളിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് അനേകർ കരുതുന്നു. കന്യകയായ മറിയയിൽ ജനിച്ച യേശുവെന്ന മനുഷ്യൻ നിത്യപുത്രനായിരുന്നെങ്കിൽ സ്വർഗ്ഗവാസിയായ ഗബ്രീയേൽ ദൂതന് അതറിയാതിരിക്കുമോ? യേശുവിൻ്റെ ദൈവപുത്രത്വത്തെ കുറിച്ച് ഒന്നല്ല ദൂതൻ്റെ രണ്ട് പ്രവചനങ്ങളാണുള്ളത്. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” ഇതാണ് ഒന്നാമത്തെ പ്രവചനം: (ലൂക്കൊ, 1:32). “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം” എന്നു ആമുഖമായി പറഞ്ഞശേഷമാണ് അവൻ അത്യുന്നതൻ്റെ പുത്രനെന്നു വിളിക്കപ്പെടും എന്ന് പ്രവചിച്ചത്: (ലൂക്കോ, 1:31). ദൂതൻ്റെ അടുത്ത പ്രവചനം: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). ഈ വാക്യത്തിൽ മറിയയുടെ ഉദരത്തിൽനിന്നു ജനിക്കുന്നത് ആരാണെന്ന് പറഞ്ഞിട്ടുണ്ട്: ഒരു വിശുദ്ധപ്രജ അഥവാ പാപമില്ലാത്ത ഒരു ശിശുവാണ് ജനിക്കുന്നത്. എന്നിട്ടാണ് “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നു പ്രവചിച്ചത്. ദൂതൻ്റെ ഈ രണ്ടു പ്രവചനങ്ങളുടെ അർത്ഥമെന്താണ്? സ്വർഗ്ഗത്തിൽനിന്ന് ദൈവത്തിൻ്റെ ഒരു നിത്യപുത്രൻ മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചാൽ അഥവാ ദൈവപുത്രൻ മുമ്പെ ഉണ്ടായിരുന്നവൻ ആണെങ്കിൽ ദൂതന് അത് അതറിയാതിരിക്കുമോ? അതായത്, സ്വർഗ്ഗവാസിയായ ദൂതനുപോലും അങ്ങനെരൊരു ദൈവപുത്രൻ ഉണ്ടായിരുന്നതായി അറിവില്ല. ദൂതൻ്റെ പ്രവചനം നിവൃത്തിച്ചത്, യേശു ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കു ശേഷം യോർദ്ദാനിൽ വെച്ചാണ്: (ലൂക്കൊ, 1:32,35; 3:22). വചനം ഭൂമിയിൽ ജഡമായി അഥവാ ജനിച്ചു മുപ്പതുവർഷങ്ങൾക്കു ശേഷം മാത്രം ദൈവപുത്രനെന്നു വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? നിത്യപുത്രൻ പോയിട്ട്, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ പോലുമല്ല; ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഥവാ വചനം ജഡമായിത്തീർന്നവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണ്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

3. ‘ദൈവം തൻ്റെ പുത്രനെ അയച്ചു’ എന്ന പ്രയോഗത്തിന് ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന ഖണ്ഡിതമായ അർത്ഥം ബൈബിളിലില്ല. തെളിവ്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? യോഹന്നാനെ മാത്രമല്ല; മോശെയെയും (പ്രവൃ, 7:35) യിരെമ്യാവിനെയും (43:1) സകല പ്രവാചകന്മാരെയും (യിരെ, 26:4; 35:15; 44:4) ദൈവം അയച്ചതാണ്; അവരൊക്കെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരാണെന്ന് പറഞ്ഞാൽ ശരിയാകുമോ? ക്രിസ്തു മുമ്പെ ഇല്ലാതെങ്ങനെ അയക്കും എന്നു ചോദിച്ചാൽ; അതിൻ്റെ ഉത്തരമാണ്: യോഹന്നാൻ സ്നാപകനും സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്; അവരാരും മുമ്പെ ഇല്ലായിരുന്നുവെങ്കിൽ ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. മോശെയുടെ ഒരു പ്രവചനമുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,18; പ്രവൃ, 3:22). സ്വർഗ്ഗത്തിൽ നിന്ന് ദൈവപുത്രനെ അയക്കുമെന്നാണോ മോശെ പറഞ്ഞത്? നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്നു അഥവാ യിസ്രായേലിൽനിന്നു എഴുന്നേല്പിക്കും. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു അയക്കുമെന്നല്ല പറഞ്ഞത്. ദൈവപുത്രനായ യേശു എന്നേക്കുമള്ളവനല്ല; മഹാദൈവമായ യേശുക്രിസ്തുവാണ് എന്നേക്കുമുള്ളവൻ: (തീത്തൊ, 2:12; എബ്രാ, 13:8). ദൈവം അയച്ച, ദൈവത്തിൻ്റെ വചനം മനുഷ്യനായ ക്രിസ്തുയേശുവിനെയും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവമായ യേശുക്രിസ്തുവിനെയും വേർതിരിച്ചു മനസ്സിലാക്കാത്തതാണ് വിശ്വാസികളുടെ പ്രശ്നം: (1തിമൊ, 2:6; തീത്തൊ, 2:12; എബ്രാ, 13:8). [കാണുക: മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

4. ദൈവം അയച്ച ഏതൊരു പ്രവാചകനെപ്പോലെയും ഒരു ഉത്ഭവമുള്ളവനാണ് മനുഷ്യനായ യേശുവും: “അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21, 1:25). “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). “ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി” (ഗലാ, 4:4). “അവൻ ജഡത്തിൽ വെളിപ്പെട്ടു” (1താമൊ, 3:16) തുടങ്ങിയവ. മനുഷ്യനെന്ന നിലയിൽ അവനൊരു ജനനം അഥവാ ഉത്ഭവമുണ്ടെന്നു ബൈബിൾ ആവർത്തിച്ചു പറയുമ്പോൾ അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നും അവനെ യഥാർത്ഥമായി സ്വർഗ്ഗത്തിൽനിന്നും അയച്ചതാണെന്നു എങ്ങനെ പറയും? ദൈവം അയച്ച എല്ലാവരെയും പോലെ (കന്യകാജനനം ഒഴികെ) ഭൂമിയിൽ ഒരു മനുഷ്യസ്ത്രീയിൽ നിന്ന് ജനിച്ചവനാണ് യേശുവും. (മത്താ, 1:25). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു. എന്നാൽ ആ മനുഷ്യനായി വന്നവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; യോഹന്നാൻ്റെ സുവിശേഷപ്രകാരം അവൻ ദൈവത്തിൻ്റെ വചനം ആയിരുന്നു. എന്തെന്നാൽ അവൻ വചനം ജഡമായിത്തീർന്നവനാണ്: (1:14). [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

5. ‘ദൈവം അയച്ചു’ എന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അയക്കപ്പെടവൻ ദൈവമോ, ദൂതനോ ആയിരിക്കണം അഥവാ ഒരു ആത്മരൂപിയായിരിക്കണം. എന്നാൽ മറിയ പ്രസവിച്ചത്; പാപമറിയാത്ത മനുഷ്യനെയാണ്: (2കൊരി, 5:21). ഏതൊരു മനുഷ്യനെപ്പോലെയും ദേഹവും (1പത്രൊ, 2:34), ദേഹിയും (മത്താ, 26:38; 27:50), ആത്മാവും (ലൂക്കോ, 23:46) അവനുണ്ടായിരുന്നു. തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് ക്രിസ്തു മരിച്ചത്: (ലൂക്കൊ, 23:46). “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല; അവനിൽ പാപം ഇല്ല” എന്നൊക്കെ പറഞ്ഞിരിക്കുന്നത് സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിച്ചല്ല; പാപമറിയാത്ത പച്ചയായ ഒരു മനുഷ്യനെക്കുറിച്ചാണ്: (1പത്രൊ, 1:22; 1യോഹ, 3:5). യേശുവെന്ന ദൈവപുത്രന് ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയായിരുന്നു എന്ന് പഠിപ്പിച്ചത് ബൈബിളല്ല; ദുരുപദേശകരാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന ഒരു പരിശുദ്ധ മനുഷ്യനായിരുന്നു: (ലൂക്കൊ, 2:52; യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞുമാത്രം ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, മുമ്പെ ദൈവത്തിൻ്റെയടുക്കൽ ഉണ്ടായിരുന്നതാണെന്നും അവൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയക്കപ്പെട്ടവനാണെന്നും എങ്ങനെ പറയും? [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

6. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നു മാത്രമല്ല പറഞ്ഞിരിക്കുന്നത്; “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു” എന്ന് ക്രിസ്തുവും ആവർത്തിച്ചു പറകയുണ്ടായി. (യോഹ, 3:13; 6:33,38,41,42,58). അപ്പോൾ ഒരു ചോദ്യംവരും: ദൈവം അയച്ച പ്രവാചകന്മാരിൽ ആരും താൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നു എന്നു പറഞ്ഞിട്ടില്ല. അപ്പോൾ ദൈവപുത്രൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ലേ? അല്ല. യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയക്കപ്പെട്ടവനാണെങ്കിൽ ഒരിക്കലും ‘ഞാൻ ഇറങ്ങിവന്നു’ എന്നു പറകയില്ല. ‘അയച്ചു’ എന്നു പറയുന്നതും ‘താൻതന്നെ ഇറങ്ങിവന്നു’ എന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്, വചനം ജഡമായ പുത്രനാകയാലാണ്. അതായത്, ദൈവം അയക്കുന്നത് തൻ്റെ വചനത്തെയാണ്: (യെശ, 55:11). എന്നാൽ ദൈവത്തിൻ്റെ വചനത്തിന് തന്നിൽത്തന്നെ ജീവനും ചൈതന്യവും ഉള്ളതിനാലാണ്, ‘ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു’ എന്നു വചനം ജഡമായവൻ പറഞ്ഞത്: (എബ്രാ, 4:12; യോഹ, 6:63). മറ്റൊരു വാക്യമുണ്ട്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്നു ഉത്ഭവിച്ച് ഏകദേശം മുപ്പതു വർഷത്തിനുശേഷം പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ട മനുഷ്യൻ അക്ഷരാർത്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പെ പിതാവിൻ്റെ അടുക്കൽ ഇല്ലായിരുന്നു. പിന്നെ മഹത്വത്തോടെ ഉണ്ടായിരുന്നത് ആരാണ്? ദൈവത്തിൻ്റെ വായിലെ വചനമാണ്. അതായത്, ദൈവത്തിൻ്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്: 119:89; യെശ, 40:8; മത്താ, 24:35; 1പത്രൊ, 1:25). അതായത്, യോഹന്നാൻ്റെ സുവിശേഷത്തിലെ ദൈവപുത്രൻ്റെ പൂർവ്വാസ്തിത്വം വചനമെന്ന നിലയിലാണ്. മുമ്പെ ദൈവത്തിൻ്റെ വായിലെ വചനമായിരുന്നവൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനാകുകയായിരുന്നു. വചനം ജഡമായതിൻ്റെ ഉദ്ദേശം പൂർത്തിയാകാറായപ്പോഴാണ് തന്നെ പൂർവ്വമഹത്വത്തിൽ കൈക്കൊള്ളണമേയെന്ന് വചനം ജഡമായ പുത്രൻ പ്രാർത്ഥിക്കുന്നത്. അതായത്, അവിടെ പറഞ്ഞിരിക്കുന്ന ‘ഉണ്ടായിരുന്ന മഹത്വം’ മനുഷ്യനായ യേശുവിൻ്റെയല്ല; വചനത്തിൻ്റെയാണ്. വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ്: (119:89; 1പത്രോ, 1:25 (കാണുക: ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം]

7. “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50. ഒ.നോ: 6:35,41,51,58). “പിതാവ് പുത്രനെ ലോകത്തിലേക്കു അയച്ചു; പുത്രൻ സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്നിരിക്കുന്നു” എന്നിങ്ങനെ മാത്രമല്ല പറഞ്ഞിരിക്കുന്നത്; “ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പമാകുന്നു” എന്നും യേശു പറഞ്ഞിട്ടുണ്ട്. ഇതൊക്ക അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, യേശു മനുഷ്യനായിരുന്നില്ല അപ്പമായിരുന്നു എന്നു മനസ്സിലാക്കണം. എന്നിട്ട് നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ കടിച്ചുപറിച്ചു തിന്നേണ്ടിവരും. ഇന്നത്തെ ത്രിത്വക്കാരെപ്പോലെ അക്കാലത്തെ യെഹൂദന്മാരും ആലങ്കാരികമായി പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയശേഷം അവനെതിരെ പിറുപിറുത്തു: ഇവൻ മറിയയുടെ മകനല്ലയോ? പിന്നെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു പറയുന്നതെന്താണ്? നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും? എന്നിട്ട് ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോകുകയും ചെയ്തു: (യോഹ, 6:42,52,66). മരൂഭൂമിയിൽ പിതാക്കന്മാർക്ക് മന്നാ കൊടുത്തതിനെക്കുറിച്ച് യേശു ഇപ്രകാരം പറഞ്ഞു: “നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (യോഹ, 6:31). ഇവിടെ, “പിതാക്കന്മാക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നാണ് എഴുതിയിരിക്കുന്നത്. എന്നുവെച്ചാൽ, ദൈവം സ്വർഗ്ഗത്തിലിരുന്ന് അപ്പമുണ്ടാക്കി എല്ലാദിവസവും ഇട്ടുകൊടുക്കുകയായിരുന്നു എന്നു ആരെങ്കിലും കരുതുമോ? മന്ന ഭൂമിയിൽ ഉത്ഭവിക്കുകയായിരുന്നു: (പുറ, 16:14,15). എന്നാൽ ദൈവത്താലണത് സംഭവിച്ചത്. അതാണ്, ‘സ്വർഗ്ഗത്തിൽനിന്നു അപ്പംകൊടുത്തു’ എന്നു പറഞ്ഞതിൻ്റെ അർത്ഥം. അതുപോലെ, ‘ദൈവം തൻ്റെ പുത്രനെ അയച്ചു’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ഒരു പുത്രനെ അയച്ചു എന്നല്ല; തൻ്റെ ഉള്ളിലെ അഥവാ വായിലെ വചനത്താൽ ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിൽ ഒരു മനുഷ്യനെ ഉളവാക്കി എന്നാണർത്ഥം. പ്രവചനംപോലെ അവൻ ജനിച്ചു മുപ്പതു വർഷംകഴിഞ്ഞ് ദൈവപുത്രനെന്നു വിളിക്കപ്പെടുകയും ചെയ്തു: (ലൂക്കൊ, 1:32,35; 3:22). അല്ലാതെ, ദൈവപുത്രൻ ദൈവത്തോടൊപ്പം യഥാർത്ഥത്തിൽ ഉണ്ടായിരുന്നവനോ, ദൈവം സ്വർഗ്ഗത്തിൽനിന്ന് അയച്ചവനോ അല്ല.

8. ‘ദൈവം അയച്ചു’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിലല്ല എന്നു പറയാൻ മറ്റൊരു കാരണം; ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് ക്രൂശിൽമരിച്ചുയിർത്ത മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നവനല്ല; അറിയപ്പെട്ടവനാണ്. അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: എബ്രാ, 1:2). ‘പ്രൊഗിനൊസ്കൊ’ (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5; റോമ, 8:29; 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). മുന്നറിയപ്പെടുക, മുമ്പേകൂട്ടി അറിയുക, നേരത്തെ അറിയുക’ (foreknow) എന്നൊക്കെയാണ് അർത്ഥം. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം ‘മുന്നറിഞ്ഞവർ’ എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നുവെന്നാണോ? അല്ല. എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. അതായത്, ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്: (പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:5,11). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും?

മറ്റൊരു വാക്യമുണ്ട്: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്തവരും ഉണ്ടാകണമല്ലോ? 1പത്രൊസ് 1:20 മലയാളം ഓശാന നൂതന പരിഭാഷയിൽനിന്നു ചേർക്കുന്നു: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? ദൈവം കാലസമ്പൂർണ്ണതയിൽത്തന്നെ തൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ വചനം ജഡമായ ക്രിസ്തുവിനെയും അവനിലൂടെ മാനവജാതിക്ക് ഒരുക്കിയ രക്ഷയും ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും ലോകസ്ഥാപനത്തിനു മുമ്പെ തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അഥവാ മുമ്പുകൂട്ടി അവരുടെ രക്ഷ ഉറപ്പാക്കി എന്നർത്ഥം. അല്ലാതെ, ദൈവം ജഡത്തിൽ വെളിപ്പെടുന്നതിനു മുമ്പെ ആ വെളിപ്പാട് (manifestation) ഉണ്ടായിരിക്കുകയോ; അല്ലെങ്കിൽ, ദൈവത്തിൻ്റെ വായിലെ വചനം ജഡമാകുന്നതിനു മുമ്പെ ആ ജഡമായവൻ ഉണ്ടായിരിക്കുകയോ സാദ്ധ്യമല്ല.

9. പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.” (ലൂക്കോ, 18:31). “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45. ഒ.നോ: മത്താ, 26:24; മർക്കൊ, 14:21; ലൂക്കൊ, 22:37; 24:44; യോഹ, 5:46; ;6:45; 12:15,16; 15:25). പ്രവചനമെന്നാൽ ഭൂതവർത്തമാനകാലത്തെ ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ടതാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചവചനം ഉല്പത്തി 3:15-ആണ്. ആ പ്രവചനം നിവൃത്തിയായത് കാലസമ്പൂർണ്ണതയിലാണ്: (ഗലാ, 4:4). ആ പ്രവചനം ശ്രദ്ധിച്ചാൽ, ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയല്ലെന്നു മനസ്സിലാകും. ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതി ആയിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്നല്ല; ദൈവസന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്ന് പറയുമായിരുന്നു. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്നു മോശെ പ്രവചിച്ചിരിക്കുന്നു: (ആവ, 18:15). “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു: (7:14). ഇതുപോലെ ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും കാലസമ്പൂർണ്ണതയിലാണ് നിവൃത്തിയായത്. അതായത്, യേശുവെന്ന ദൈവപുത്രനല്ല പഴയനിയമത്തിലുള്ളത്; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ദൈവത്തിനൊരു സാക്ഷാൽ പുത്രനുണ്ടായിരിക്കുകയും മാനവരക്ഷാർത്ഥം അവനെ സ്വർഗ്ഗത്തിൽ നിന്നു അയക്കാനുമായിരുന്നു ദൈവപദ്ധതിയെങ്കിൽ, പഴയനിയമത്തിലുള്ള മുഴുവൻ പ്രവചനങ്ങളും അർത്ഥശൂന്യമാകും. പഴയനിയമത്തിലുള്ളത് പ്രവചനങ്ങളല്ല; പഴമ്പുരണങ്ങളാണെന്നു പറയേണ്ടിവരും. ‘യേശു’ എന്ന പേർപോലും അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. അതിനുമുമ്പെ ദൈവപുത്രനായ ക്രിസ്തുവുമില്ല; ആ പേരുമില്ല. പിന്നെങ്ങനെ അവനെ സ്വർഗ്ഗത്തിൽനിന്നു അയക്കും? [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

10. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ സ്വർഗ്ഗത്തിലും ഭൂമിയിലുമായി അനവധിപ്പേർ കണ്ടിട്ടുണ്ട്. ആദാം മുതൽ മലാഖി വരെയുള്ളവർ പലനിലകളിൽ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. അബ്രാഹാമിനു അഞ്ചുപ്രാവശ്യവും (പ്രവൃ, 7:2,3; ഉല്പ, 12:1-3; 12:7; 17:1; 18:1) യിസ്ഹാക്കിനു രണ്ടുപ്രാവശ്യവും (ഉല്പ, 26:2; 26:24) യാക്കോബിനു രണ്ടുപ്രാവശ്യവും (ഉല്പ, 28:12,13–35:1,7; 35:9,10–48:3) മോശെയ്ക്ക് അഞ്ചുപ്രാവശ്യവും (പുറ, 3:2-6; 24:9-11; 34:4,5; സംഖ്യാ, 20:6; ആവ, 31:14,15) അഹരോന് രണ്ടു പ്രാവശ്യവും (പുറ, 24:9-11; സംഖ്യാ, 20:6) അബീഹൂ (പുറ, 24:9-11), എഴുപത് മൂപ്പന്മാർ (പുറ, 24:9-11), യോശുവ (ആവ, 31:14-15), ബിലെയാം (സംഖ്യാ, 22:9-13; 22:20; 23:5; 23:16), ശമൂവേൽ (3:21), ദാവീദ് (2ദിന, 3:1), ശലോമോൻ (1രാജാ, 3:5; 2ദിന, 7:12), യിരെമ്യാവ് (31:3), ആമോസ് (9:1) തുടങ്ങിയവർക്കെല്ലാം ദൈവം പലനിലകളിൽ ഭൂമിയിൽ പ്രത്യക്ഷനായിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന യഹോവയെ: മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), യെശയ്യാവ് (6:1-5) യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ കണ്ടിട്ടുണ്ട്. അവരാരും ഒരു ദൈവപുത്രനെ സ്വർഗ്ഗത്തിലും ഭൂമിയിലും കണ്ടിട്ടില്ല. ത്രിത്വത്തിൻ്റെ വ്യാജംപോലെ ഒരു ദൈവപുത്രനുണ്ടെങ്കിൽ ആരെങ്കിലും ഒരിക്കലെങ്കിലും ദൈവപുത്രനെ കാണേണ്ടതല്ലേ?

ഈ പ്രയാസവശത്തെ തരണം ചെയ്യാനാണ് ത്രിത്വത്തിലെ മൂന്നുപേരുടെയും പേർ യഹോവ എന്നാണെണെന്നു ത്രിത്വക്കാരിൽ ചിലരും പഴയനിയമത്തിൽ യഹോവയെന്ന പേരിൽ കണ്ടതെല്ലാം ദൈവപുത്രനെയാണെന്നു ത്രിത്വക്കാരിൽ മറ്റുചിലരും പറയുന്നത്. ദൈവത്തിൻ്റെ പേര് യഹോവ എന്നാണെന്നു പഴയനിയമതിൽ പറഞ്ഞിട്ടുണ്ട്: (പുറ, 3:13-15). പുത്രൻ്റെ പേര് യേശു എന്നാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (മത്താ, 1:21). പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്നോ ആത്മാവിന് ഒരു പേര് പറഞ്ഞിട്ടുള്ളതായിട്ടോ പഴയപുതിയ നിയമങ്ങളിലില്ല. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ മോണോസ് തിയൊസ് (monos theos) ആണെന്നല്ലാതെ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവം ത്രിത്വമാണെന്നോ ഒന്നും ബൈബിളിൽ പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വെളിപ്പാടുകളെയാണ് (manifestations) പലരും വ്യക്തികളായി മനസ്സിലാക്കുന്നത്. അതിൽത്തന്നെ, ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ പലരും വിഴുങ്ങിക്കളയുകയാണ്: (വെളി, 1:4; 3:1; 4:5). ദൈവത്തിൻ്റെ ഏഴാത്മാവിനെ ത്രിത്വത്തിൽ എവിടെ കൊള്ളിക്കുമോ ആവോ? അതിനാൽ ദൈവം മൂന്നു വ്യക്തിയാണെന്നും മൂന്നുപേരുടെയും പേര് യഹോവ എന്നാണെന്നും പറയുന്നത് വെളിവുകേട് മാത്രമാണ്. പഴയനിയമത്തിൽ കണ്ടത് ദൈവപുത്രനെയാണെന്ന വ്യാജവാദം ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ തകർന്നുവീഴും: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാരുടെ മദ്ധ്യേയിരുന്ന് ആരാധന സ്വീകരിക്കുന്ന ദൈവത്തെ പഴയനിയമ ഭക്തന്മാർ പലരും കണ്ടകാര്യം മുകളിൽ പറഞ്ഞതാണ്. ദൂതന്മാർ ദൈവത്തെ നിത്യം ആരാധിക്കുന്നതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്: (വെളി, 4:8). ദൈവപുത്രനെയല്ല; ദൈവപുത്രൻ്റെ പിതാവിനെയാണ് ഭക്തന്മാർ കണ്ടതും ദൂതന്മാർ എപ്പോഴും കാണുന്നതെന്ന് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. ദൈവപുത്രൻ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്; മറിയയിൽനിന്ന് ജനിക്കുന്നതിനുമുമ്പെ യേശുവെന്ന ദൈവപുത്രനില്ല. ഇല്ലാത്ത ദൈവപുത്രനെ പഴയനിയത്തിൽ എങ്ങനെ കാണും?

പുതിയനിയമത്തിൽ സ്തെഫാനോസ് കണ്ട ദർശനത്തിൽ സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കാണുകയുണ്ടായി. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന മഹാദൈവത്തെയാണ്. പഴയനിയമഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ട മഹാദൈവമായ യഹോവയും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്: (എസ്രാ, 8:6; തീതൊ, 2:12). ആ ദൈവത്തിൻ്റെ വെളിപാടായ മനുഷ്യനാണ് മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചുയിർത്തത്: (1തിമൊ, 2:6). “ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ദൈവപുത്രനായ യേശു പറഞ്ഞതിൻ്റെ നിവൃത്തിയാണ് സ്തെഫാനോസിനുണ്ടായ ദർശനം: (യോഹ, 10:30; 14:9; പ്രവൃ, 7:55,56). അതായത്, ദൈവത്തിൻ്റെ വചനം ജഡമായവൻ അഥവാ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു നമ്മുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:5,6; 3:14-16; 1പത്രൊ, 1:20). തൻ്റെ ജഡത്തിലെ ദൗത്യം പൂർത്തിയായാൽ അഥവാ ക്രൂശിൽമരിച്ചുയിർത്ത് പിതാവിൻ്റെ സന്നിധിയിൽ കയറിപ്പോയാൽ, യേശുക്രിസ്തു എന്ന മനുഷ്യൻ അഥവാ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (എബ്രാ, 10:5). യേശു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ ക്രൂശുമരണത്തിന് ഏല്പിച്ചത്: (ലൂക്കൊ, 23:46; എബ്രാ, 9:14. ഒ.നോ: പ്രവൃ, 7:59). താൻ ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിനാലാണ്: (1പത്രൊ, 3:18; റോമ, 8:11). ഉയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുവിനെ മഗ്ദലക്കാരി മറിയ മാത്രമേ കണ്ടിട്ടുള്ളു: (യോഹ, 20:15,16). മറിയയോടു ചില കാര്യങ്ങൾ പറഞ്ഞേല്പിച്ചിട്ട് തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്കു അഥവാ പിതാവിൻ്റെ സന്നിധിയിലേക്കു കരേറിപ്പോയതോടുകൂടി മനുഷ്യനായ യേശുക്രിസ്തുവിൻ്റെ ശുശ്രൂഷ തീർന്നു: (യോഹ, 20:17). വീണ്ടും പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. അതുകൊണ്ടാണ് തോമാസ് യേശുവിനെ: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). മനുഷ്യനായ യേശു തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ചിരുന്നു: (മർക്കൊ, 10:17,18). എന്തെന്നാൽ, ആത്യന്തികമായി ദൈവം മാത്രമാണ് നല്ലവൻ: (100:5; മത്താ, 19:17). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യന്റെ ശുശ്രൂഷ സ്വർഗ്ഗപ്രവേശനത്തോടെ കഴിയുകയും, വീണ്ടും പ്രത്യക്ഷനായത് സാക്ഷാൽ യഹോവയായ ദൈവംതന്നെ ആയതുകൊണ്ടുമാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവമേ” എന്നു വിളിച്ചത്. ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായവൻ അവനെ എൻ്റെ ദൈവമെന്ന് വിളിച്ചുവെങ്കിൽ, അവൻ യഹോവയായ ദൈവമല്ലാതെ മറ്റാരുമല്ല. ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നുവിളിച്ചവനെ തന്നെയാണ് തോമാസും “എൻ്റെ ദൈവം” വിളിച്ചത്: (സങ്കീ, 35:23). പുതിയനിയമം വെളിപ്പെടുത്തുന്ന മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:13-15; ആവ, 10:17; തീത്തൊ, 2:12).

പുതിയനിയമത്തിൽ പിതാവായ ദൈവത്തിൻ്റെ പേരും ദൈവപുത്രനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് മനുഷ്യനെയല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെ അഥവാ സകലജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിനെ തന്നെയാണ്. അതുകൊണ്ടാണ്, സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്: (പ്രവൃ, 7:59). എന്തെന്നാൽ ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവിനെയുമാണ്: (പ്രവൃ, 7:55). പഴയനിയമ ഭക്തന്മാരും യോഹന്നാൻ അപ്പൊസ്തലനും സ്വർഗ്ഗത്തിൽ യഹോവയെ കണ്ട സ്ഥാനത്താണ് യേശുക്രിസ്തുവിനെ കണ്ടത്. അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു: (തീത്തൊ, 2:12; എബ്രാ, 13:8). അഥവാ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ്റെ കയ്യിൽ ഏല്പിച്ചത്. [സ്തെഫാനോസ് കണ്ട ദർശനം, ഞാനും പിതാവും ഒന്നാകുന്നു]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകസത്യദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നതിലെ ‘അവൻ’ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ‘ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു’ എന്നത്. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിച്ച ത്രിത്വോപദേശമാണ് മനുഷ്യനായ ക്രിസ്തുയേശുവിനെയും മഹാദൈവമായ യേശുക്രിസ്തുവിനെയും അഥവാ ഏകസത്യദൈവമായ യഹോവയെയും വേർതിരിച്ചറിയാൻ കഴിയാതെവണ്ണം അനേകരുടെ ഹൃദയത്തെ കുരുടാക്കിക്കളഞ്ഞത്. [ദൈവഭക്തിയുടെ മർമ്മം, ഞാനും പിതാവും ഒന്നാകുന്നു, മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചുയിർത്തത് ദൈവവും മനുഷ്യനും ചേർന്ന സങ്കരപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ തെളിവുകൾ: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു. എന്നാൽ ആ മനുഷ്യനായി വന്നവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; യോഹന്നാൻ്റെ സുവിശേഷപ്രകാരം ‘ദൈവത്തിൻ്റെ വചനം ആയിരുന്നു.’ എന്തെന്നാൽ യോഹന്നാനിൽ അവൻ വചനം ജഡമായിത്തീർന്നവനാണ്. ഇനി, ജഡമായിത്തീർന്ന വചനം ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ ‘ദൈവം ആയിരുന്നു:’ (യോഹ, 1:1). എന്നാൽ ദൈവഭക്തിയുടെ മർമ്മപ്രകാരം ഭൂമിയിൽ വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവമായ യഹോവയായിരുന്നു: (1തിമൊ, 3:14-16). പൗലൊസിൻ്റെ ദൈവഭക്തിയുടെ മർമ്മത്തിലൂടെയും യോഹന്നാൻ്റെ  സുവിശേഷത്തിലൂടെയും ദൈവം തൻ്റെ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും, രണ്ടിൻ്റെയും ആശയം ഒന്നുതന്നെയാണ്. അതിനാൽ “ദൈവത്താൽ അയക്കപ്പെട്ടു അഥവാ ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നത് ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ അഥവാ വചനം ജഡമായതിൻ്റെ മറ്റൊരു പ്രയോഗമാണ്. ഇതാണ് ബൈബിൾ വേളിപ്പെടുത്തുന്ന വസ്തുത. [കാണുക: ദൈവഭക്തിയുടെ മർമ്മം, വചനം ദൈവത്തോടുകൂടെ ആയിരുന്നു]

മനുഷ്യനായ ക്രിസ്തുയേശുവിന് അഥവാ ദൈവപുത്രന് ഒരു ഉത്ഭവമുണ്ട്:

മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16; 1:21; ലൂക്കൊ, 2:11)

ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും: (ലൂക്കൊ, 1:35)

വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു: (യോഹ, 1:14)

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു: (യോഹ, 3:17)

ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു: (യോഹ, 6:42) 

സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു: (യോഹ, 6:51) 

കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽ നിന്നൂ ജനിച്ചവനായി അയച്ചു. (ഗലാ, 4:4) 

ഇവിടുത്തെ സ്ത്രീ യിസ്രായേലാണ്: (മീഖാ, 5:2,3. ഒ.നോ: ലൂക്കൊ, 7:28)

ജഡപ്രകാരം ക്രിസ്തു യിസ്രായേലിൽ നിന്നല്ലോ ഉത്ഭവിച്ചതു (റോമ, 9:5) 

തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി (ഫിലി, 2:8)

ദൈവം ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:16). ഭൂമിയിൽ ഉത്ഭവിച്ച ദൈവപുത്രനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്നു അയച്ചു എന്നു പറഞ്ഞാൽ ശരിയാകുമോ?

ഇനി, ദൈവത്തോടൊപ്പം മറ്റൊരു പുത്രദൈവമായി യേശു സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്നും ആ പുത്രദൈവത്തെ പിതാവായ ദൈവം യഥാർത്ഥത്തിൽ ഭൂമിയിലേക്കു അയച്ചതാണെന്നും ആശയ്ക്കു വിരോധമായി ആശയോടെ നമുക്കു വിശ്വസിക്കാം. അപ്പോൾ എങ്ങനെ ഏതുവഴി അയച്ചു എന്നൊരു ചോദ്യം വരില്ലേ? ദൈവഭക്തിയുടെ മർമ്മത്തിൽ “പുത്രൻ ജഡത്തിൽ വെളിപ്പെട്ടു എന്നല്ല; ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ്: (1തിമൊ, 3:14-16). അതിനാൽ പുത്രൻ്റെ വെളിപ്പാടാണെന്നു പറയാൻ പറ്റില്ല. ജഡമായിത്തീർന്നത് ദൈവത്തിൻ്റെ വചനമാണ്; ദൈവപുത്രൻ്റെ വചനമല്ല: (യോഹ, 1:14). മാത്രമല്ല, ജഡമായിത്തീർന്ന വചനം “ദൈവപുത്രൻ ആയിരുന്നു എന്നല്ല; ദൈവം ആയിരുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, ദൈവപുത്രൻ്റെ വായിലെ വചനം ജഡമായിട്ട് മറ്റൊരു ദൈവപുത്രനായി എന്നൊക്കെ പറഞ്ഞാൽ, അതൊരു കോമഡിയായി മാറും. ഇനിയൊരു വഴിയുള്ളത്; മറിയയുടെ ഉദരത്തിൽ ഉരുവായി ഭൂമിയിൽ ജനിക്കുക എന്നതാണ്. അതിന് പുത്രനായ ദൈവം ആദ്യമൊരു മനുഷ്യഭ്രൂണമാകണം അഥവാ അവതാരമെടുക്കണം. അത് ബൈബിളിലെ ദൈവത്തിനു സാദ്ധ്യമല്ല. ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിന് ഒരു ഭ്രൂണമായി മാറാൻ അഥവാ ഒരു മനുഷ്യനായി രൂപാന്തരം വരുവാൻ സാദ്ധ്യമല്ല. (യാക്കോ, 1:17; മലാ, 3:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് അവതരമല്ല (incarnation); വെളിപ്പാട് അഥവാ പ്രത്യക്ഷത (manifestation) ആണുള്ളത്. അതിനാൽ, ദൈവമല്ല, ദൈവത്തിൻ്റെ വായിലെ വചനമാണ് ജഡമായിത്തീർന്നത് അഥവാ മറിയയുടെ ഉദരത്തിൽ ഒരു മനുഷ്യഭ്രൂണമായി മാറിയത്: (യോഹ, 1:14). അതായത്, ദൈവത്തിന് ഇല്ലാത്തൊരു പുത്രനെ സ്വർഗ്ഗത്തിൽനിന്ന് അയച്ചതല്ല; ദൈവത്തിൻ്റെ വചനത്തെയാണ് അയച്ചത്; ആ വചനം ജഡമായി മുപ്പതുവർഷങ്ങൾക്കുശേഷം ദൈവപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു. 

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ (monos theos) പ്രകൃതിപോലും അനേകർക്കുമറിയില്ല. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാവനുമായ ഏകദൈവമാണ് (monos theos) നമുക്കുള്ളതു.” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; യോഹ, 5:44). മോണോസ് തിയൊസ് എങ്ങനെ ത്രിത്വമാകും? (യോഹ, 5:44; 17:3; 1തിമൊ, 1:17). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലന്നാണ് ശലോമോൻ പറയുന്നത്: (1രാജാ, 8:27). ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്നവനാണെന്നു സങ്കീർത്തകനും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്നു പ്രവാചകനും പറയുന്നു: (സങ്കീ, 139:7-10; യിരെ, 23:23,24). സർവ്വപ്രഞ്ചവും നിറഞ്ഞുനില്ക്കുന്ന മൂന്നുപേരുണ്ടാകുക സാധ്യമോ? (1രാജാ, 8:27; സങ്കീ, 139:7-10; യിരെ, 23:23,24). “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

യോഹന്നാൻ്റെ സുവിശേഷത്തിലെ ദൈവപുത്രൻ ദൈവത്തിൻ്റെ വായിലെ വചനം ജഡമായവനാണ്. വചനം മനുഷ്യനായത് സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ കന്യകയായ മറിയയുടെ ഉദരത്തിലാണ്. വചനം ജഡമായി ഏകദേശം മുപ്പത് വർഷം കഴിഞ്ഞാണ് പ്രവചനംപോലെ അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? എല്ലാം ത്രിത്വത്തിൻ്റെ വികലമായ ഭാവനകൾ മാത്രം!