വീരനാം ദൈവവും നിത്യപിതാവും ആരാണ്?

വീരനാം ദൈവവും നിത്യപിതാവും ആരാണ്?

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവ് 9:6)

യെശയ്യാപ്രവചനം യഥാർത്ഥത്തിൽഏകദൈവത്തെ കുറിച്ചുള്ളതാണ്. അതായത്, ഏകദൈവത്തിൻ്റെ രണ്ട് വെളിപ്പാടുകളിലൂടെ നിറവേറേണ്ടതാണ്. ആദ്യഭാഗം; ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിലൂടെയും, അടുത്തഭാഗം; നേരിട്ടുള്ള വെളിപ്പാടിലൂടെയും നിറവേറേണ്ടതാണ്. എന്നാൽ, പ്രവചനം മുഴുവനായി ദൈവപുത്രനിലൂടെയാണ് നിറവേറുന്നതെന്ന് അനേകർ വിശ്വസിക്കുന്നു. തന്മൂലം, ഈ വേദഭാഗം അറിയാൻ, വിശദമായ ചിന്ത ആവശ്യമാണ്. അതിന്, മൂന്ന് കാര്യങ്ങൾ ആദ്യം അറിയണം: 1, ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും അറിയണം. 2, ദൈവം ത്രിത്വമല്ല. ഒരുത്തൻ മാത്രമാണെന്ന് അറിയണം. 3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്ന് അറിയണം.

1. ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും: അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2). ഈ ദൈവത്തെയാണ് മോണോസ് തെയോസ് (monos theos) എന്ന് പുതിയനിയമം പറയുന്നത്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1;4;24). അദൃശ്യനായ ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. പഴയപുതിയ നിയമങ്ങളിൽ ഭക്തന്മാർ കണ്ടത് അദൃശ്യനായ ഏകദൈവത്തെയല്ല. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, മാനിഫെസ്റ്റേഷൻസ് ആണ്. അദൃശ്യനായ ഏകദൈവത്തെ ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല. ആദാം തുടങ്ങി, മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-19) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6).

2.ദൈവം ത്രിത്വമല്ല; ഏകനാണ്: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ:(ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അടുത്തത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെസാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്.

3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണ്: ക്രിസ്തു ആരാണെന്നു ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, അഭിഷിക്തനായ മനുഷ്യൻ എന്നാണ് അർത്ഥം. ദൈവത്തിനു അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 1:35; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യെശ,, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്.

താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, കന്യകയിലൂടെ ജനിച്ചതും (ലൂക്കൊ, 1:32; 2:21), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52), ശുശ്രൂഷ ചെയ്തതും (യോഹ, 8:40), ക്രുശിൽ മരിച്ചതും മനുഷ്യനാണ്. (1തിമൊ, 2:6). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40).
നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

യെശയ്യാപ്രവചനം: ഒന്നാമത്; ആ പ്രവചനം രണ്ട് ഭാഗങ്ങളായി നിവൃത്തിയാകുന്നതാണ്. ഒരു വാക്യത്തിൽത്തന്നെ രണ്ട് ഭാഗങ്ങളായി ഉള്ളതും സഹസ്രാബ്ദങ്ങളുടെ അന്തരത്തിൽ നിറവേറുന്നതുമായ ഇതുപോലുള്ള പല പ്രവചനങ്ങളും ബൈബിളിലുണ്ട്. 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” (യെശ, 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗമായ യഹോവയുടെ പ്രസാദവർഷം അഥവാ, സുവിശേഷം ഒന്നാം നൂറ്റാണ്ടുമുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കൊ, 4:18-19; പ്രവൃ, 1:8). അടുത്ത ഭാഗമായ യഹോവയുടെ പ്രതികാരദിവസം അഥവാ, മഹാപീഢനം ഇനിയും ഭാവികമാണ്. (സെഫ, 1:18; മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കൊ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33-ൽ സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (പ്രവൃ, 2:1-4). അടുത്തഭാഗം വെള്ളസിംഹാസന ന്യായവിധിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും. (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിന്നുള്ളവർ; അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം എ.ഡി. 33-ൽ ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (മത്താ, 28:6). അടുത്തഭാഗം, കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും. (1തെസ്സ, 4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ ക്രിസ്തുവിൻ്റെ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും. (എബ്രാ,1:6). 5. “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും; അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയ ഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാന ഭാഗത്തിനും നിവൃത്തിവരും. (വെളി, 21:1). ഇതുപോലെ രണ്ടു ഭാഗങ്ങളായി നിവൃത്തിയാകേണ്ട പ്രവചനമാണ് നാം ചിന്തിക്കുന്ന യെശയ്യാപ്രവചനവും. രണ്ട് ഭാഗമായിട്ടാണ് പ്രവചനം നിവൃത്തിയാകുന്നത് എന്നതിനു മറ്റൊരൂ തെളിവ് ആ വാക്യത്തിലുണ്ട്. രണ്ടുഭാഗങ്ങളും പ്രവചനങ്ങളാണെങ്കിലും; ആദ്യഭാഗം ഭൂതകാലത്തിലും, അടുത്തഭാഗം ഭാവികാലത്തിലും പറഞ്ഞുകൊണ്ട്, രണ്ട് പ്രവചനങ്ങളെയും തമ്മിൽ കൃത്യമായി വേർതിരിച്ചിരിക്കുന്നത് കാണാം. തന്മൂലം, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു എന്ന ആദ്യഭാഗം ദൈവത്തിന്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായ ദൈവപുത്രനിലൂടെയും, അടുത്തഭാഗം, ഏക ദൈവത്തിലൂടെയും നിറവേറേണ്ടതാണ്.

രണ്ടാമത്; അടുത്തഭാഗം ദൈവപുത്രനെ കുറിച്ചല്ല. എന്നതിൻ്റെ തെളിവ് ആ വേദഭാഗത്ത് തന്നെയുണ്ട്. ദൈവപുത്രനെ വീരനാം ദൈവമെന്ന് എങ്ങനെ വിളിക്കും? എന്തെന്നാൽ, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നാണ് ക്രിസ്തു പറഞ്ഞത്. യോഹ, 17:3). പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളെന്നാണ് അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ദൈവപുത്രൻ മനുഷ്യനാണെന്ന് താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:40, പ്രവൃ, 2:23; 1കൊരി, 15:47). ദൈവപുത്രനായ മനുഷ്യനെ എങ്ങനെ വീരനാം ദൈവമെന്ന് വിളിക്കും? മാത്രമല്ല, ദൈവപുത്രനെ വീരനാം ദൈവമെന്ന് വിളിച്ചാൽ, താൻതന്നെ അത് നിഷേധിക്കും. കാരണം, ഒരു പ്രമാണി വന്ന് ദൈവപുത്രനെ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചുകൊണ്ട്, ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ലെന്നാണ് പറഞ്ഞത്. (ലൂക്കൊ, 18:18-19). എന്തെന്നാൽ, ആത്യന്തികമായി ദൈവം മാത്രമാണ് നല്ലവൻ. (സങ്കീ, 25:8; 34:8). തന്മൂലം, വീരനാം ദൈവമെന്ന് മനുഷ്യനായ പുത്രനെ വിളിക്കാൻ കഴിയില്ലെന്ന് മാത്രമല്ല; യഹോവയാണ് വീരനാം ദൈവമെന്ന് പറഞ്ഞിട്ടുമുണ്ട്. (സങ്കീ, 24:8; യെശ, 10:21; യിരെ, 32:18).

മൂന്നാമത്; നിത്യപിതാവെന്ന് പുത്രനെ എങ്ങനെ വിളിക്കും? പിതാവായ ഏകദൈവമേ ഉള്ളെന്നു അപ്പൊസ്തലന്മാരും, പിതാവ് മാത്രമാണ് സത്യദൈവമെന്ന് താൻതന്നെയും പറയുമ്പോൾ, പുത്രനെ പിതാവെന്ന് ഒരു കാരണവശാലും വിളിക്കാൻ കഴിയില്ല. ഈ പ്രയാസവശത്തെ തരണം ചെയ്യാൻ, നിത്യപിതാവ് എന്നതിനെ നിത്യതയുടെ പിതാവ് എന്നാണ് ട്രിനിറ്റി വ്യാഖ്യാനിക്കുന്നത്. നല്ല വ്യാഖ്യാനമാണ്, പക്ഷെ, ബൈബിൾ സമ്മതിക്കില്ല. ACV, CJV, തുടങ്ങിയ ചില പരിഭാഷകളിൽ നിത്യതയുടെ പിതാവെന്ന് കാണുന്നുണ്ട്. ഏതെങ്കിലും പരിഭാഷയുടെ വെളിച്ചത്തിൽ അല്ലല്ലോ, വചനത്തിൻ്റെ വെളിച്ചത്തിലല്ലേ ഉപദേശം ഉണ്ടാക്കേണ്ടത്? യെശയ്യാവിൽ നിത്യം അഥവാ ശാശ്വതം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ഏഡ് (ad) ആണ്. ആ പദം അനേകം സ്ഥാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 1. ദാവീദ് പറയുന്നു: “ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കും.” (സങ്കീ, 61:8). യെശയ്യാവ് നിത്യപിതാവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. തിരുനാമത്തെ എന്നേക്കും അഥവാ, നിത്യം കീർത്തിക്കുമെന്നാൽ, നിത്യതയിൽ കീർത്തിക്കും എന്നു പറഞ്ഞാൽ ശരിയാകുമോ?2. ദൈവം പറയുന്നു: “ഞാൻ അവൻ്റെ സന്തതിയെ ശാശ്വതമായി നിലനിർത്തും.” (സങ്കീ, 89:29). ശാശ്വതമായി അഥവാ, നിത്യം നിലനിർത്തുമെന്നാൽ, നിത്യതയിൽ നിലനിർത്തുമെന്ന് പറയുമോ?3. ശലോമോൻ പറയുന്നു: “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും.” (സദൃ, 12:19). എന്നേക്കും അഥവാ, നിത്യം നിലനില്ക്കുമെന്നാൽ, നിത്യതയിൽ നിലനില്ക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?4. “അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.” (സദൃ, 29:14). എന്നേക്കും അഥവാ, നിത്യം സ്ഥിരമായിരിക്കുമെന്നാൽ, അതിനെ നിത്യതയിൽ സ്ഥിരമായിരിക്കുമെന്ന് മനസ്സിലാക്കാമോ?5. യശയ്യാവുതന്നെ പറയുന്നത് നോക്കുക: “ദൈവം, ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും ആണ്.” (യെശ, 57:15). ശാശ്വതം അഥവാ, നിത്യവാസിയെന്നാൽ, ദൈവം നിത്യതയിലെ വാസിയാണെന്ന്  ആരെങ്കിലും പറയുമോ?6. “യഹോവേ, അകൃത്യം എന്നേക്കും ഓർ‍ക്കരുതേ.” (യെശ, 64:9). എന്നേക്കും അഥവാ, നിത്യം ഓർക്കരുതേ എന്നാൽ, അതിനെ നിത്യതയിൽ ഓർക്കരുതേ എന്നു പറഞ്ഞാൽ മതിയോ?6. യഹോവ പറയുന്നു: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍.” (യെശ, 65:18). ദൈവം ഇന്ന് സൃഷ്ടിച്ചതിനെക്കുറിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കേണ്ടതിനു, നിത്യതയിൽ ഘോഷിച്ചുല്ലസിച്ചാൽ മതിയാകുമോ?7.  “ദൈവം എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല.” (മീഖാ, 7:18). എന്നേക്കും വെച്ചുകൊള്ളുന്നില്ല എന്നതിനെ, ദൈവം നിത്യതയിൽ കോപം വെച്ചുകള്ളുന്നില്ല എന്നു മനസ്സിലാക്കിയാൽ മതിയോ?8. “ശാശ്വത പർവ്വതങ്ങൾ പിളർന്നുപോകുന്നു.” (ഹബ, 3:6). ശാശ്വത പർവ്വതങ്ങൾ അഥവാ നിത്യപർവ്വതങ്ങളെ, നിത്യതയുടെ പർവ്വതങ്ങൾ എന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ നിത്യതയുടെ എന്നു പറഞ്ഞാൽ ശരിയാകുമോ? ഉദാഹരണത്തിന്, നിത്യതയുടെ വാസിയായ ദൈവം, നിത്യതയുടെ പർവ്വതങ്ങൾ എന്നൊക്കെ എങ്ങനെ പറയും? തന്മൂലം പുത്രൻ നിത്യതയുടെ പിതാവുമല്ല. നിത്യപിതാവുമല്ലെ; പാപമറിയാത്ത മനുഷ്യനാണ്.

അതിനാൽ, പ്രവചനത്തിൻ്റെ ആദ്യഭാഗമായ, “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. അടുത്തഭാഗത്തിൻ്റെ നിവൃത്തി പുത്രനിലൂടെയല്ല; യഹോവയിലൂടെതന്നെ നിവൃത്തിയാകേണ്ടതാണ്. എന്നാൽ, ബൈബിളിലെ പ്രവചനങ്ങൾ പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് മൂന്നുവിധ നിവൃത്തിയുള്ളതായി കാണാം. അംശമായ നിവൃത്തി, ആത്മിക നിവൃത്തി, പൂർണ്ണ നിവൃത്തി. ഉദാഹരണത്തിന്, “നീ എൻ്റെ പുത്രൻ ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യിസ്രായേലിനെക്കുറിച്ച് ഉള്ളതാണ്. (2:7). എന്നാൽ, ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ ആത്മികമായും, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായും നിവൃത്തിയായി. സഹസ്രാബ്ദ രാജ്യത്തോടുള്ള ബന്ധത്തിലാണ് ആ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (പ്രവൃ, 13:32-33; യെശ, 66:8; സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). അതിനാൽ, അടുത്ത ഭാഗത്തിലെ അത്ഭുതമന്ത്രി, സമാധാനപ്രഭു എന്നീ പ്രവചനങ്ങൾ അംശമായി ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. ക്രിസ്തു അനവധി അത്ഭുത പ്രവൃത്തികൾ ചെയ്തതായി കാണാം. തന്മുലം, അത്ഭുതമന്ത്രിയെന്ന പ്രവചനം അംശമായി ക്രിസ്തുവിൽ നിവൃത്തിയായി. (യെശ, 35:1-6; യോഹ, 21:25). “സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതു പോലെ അല്ല; ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്” എന്ന് പുത്രൻ പറയുകയുണ്ടായി. (യോഹ, 14:27). തന്മൂലം, സമാധാനപ്രഭു എന്ന പ്രവചനം അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. എങ്കിലും, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി ഭാവികമാണ്. അത്, യെഹൂദനോടുള്ള ബന്ധത്തിൽ നിവൃത്തിയാകേണ്ടതാണ്. (പ്രവൃ, 1:6). ഇനി, നമുക്ക് അതിനെക്കുറിച്ച് നോക്കാം:

യെശയ്യാവ് 11,12 അദ്ധ്യായങ്ങളിലെ സഹസ്രാബ്ദ; രാജ്യാനുഗ്രങ്ങളോടുള്ള ബന്ധത്തിലാണ്; രണ്ടാംഭാഗം നിവൃത്തിയാകുന്നത്. അഞ്ച് കാര്യങ്ങളാണ് രണ്ടാം ഭാഗത്ത് പറയുന്നത്. 1. ആധിപത്യം അവന്റെ തോളിൽ ഇരിക്കും: യെശയ്യാവിൻ്റെ അടുത്തവാക്യം: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ  അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും, സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:7). ദാവീദിനോട് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന രാജ്യമാണ് ഇനി വരാനുള്ളത്. (7ശമൂ, 8:16). ആ രാജ്യം ദൈവാധിപത്യ രാജ്യമാണ്. യേശുക്രിസ്തു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് അപ്പൊസ്തലന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ദാനീയേൽ പ്രവാചകൻ പറയുന്ന യിസ്രായേലിൻ്റെ നിത്യരാജത്വം അതാണ്. (7:14,18,21,27).

2. അത്ഭുതമന്ത്രി എന്ന് വിളിക്കപെടും: യെശയ്യാപ്രവചനത്തിൽ ഇങ്ങനെ കാണാം: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം, പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു, അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:1-6). ദൈവപുത്രനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിയായതായി നാം കണ്ടതാണ്. എങ്കിലും, യേശുവിൻ്റെ അടുക്കൽ വന്നവർ അല്ലാതെ, യിസ്രായേലിലെ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമായിരുന്നില്ല. എന്നാൽ, സഹസ്രാബ്ദരാജ്യത്തിൽ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമാകും. അഥവാ, ഊനമുള്ളവരാരും ഉണ്ടാകില്ല. (യെശ, 35:5). യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നതായും, കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്നതായും സങ്കീർത്തനക്കാരനും പറയുന്നു. (146:8).

3. വീരനാംദൈവം എന്ന് വിളിക്കപ്പെടും: “അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും; യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.” (യെശ, 10:20-22; റോമ, 9:28). യിസ്രായേലിൻ്റെ ശേഷിപ്പ് മടങ്ങിവരുന്നത് വീരനാം ദൈവമായ യഹോവയുടെ അടുക്കക്കാണ്.

4. നിത്യപിതാവെന്നു വിളിക്കപ്പെടും: “ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു. യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:1-3). ദൈവം യിസ്രായേലിൻ്റെ പിതാവും യിസ്രായേൽ ദൈവത്തിൻ്റെ മക്കളുമാണ്. (പുറ, 4:22+23; സങ്കീ, 2:7; യെശ, 63:16; 64:8; ഹോശേ, 1:10; 11:1; മലാ, 2:10; പ്രവൃ, 13:32). എങ്കിലും , യിസ്രായേൽ എല്ലായ്പ്പോഴും തെറ്റിപ്പോയിരുന്ന ജനമായതുകൊണ്ട്, ദൈവപിതാവുമായി നിത്യമായ ഒരു ബന്ധത്തിൽ എത്തിയിരുന്നില്ല. ദൈവം പിതാവാണെങ്കിലും മറ്റെവിടെയും നിത്യപിതാവെന്ന് ദൈവത്തെ വിളിച്ചിട്ടുമില്ല,. രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ, അനേകം പ്രവചനങ്ങൾ നിവൃത്തിയാകാനുണ്ട്. “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:33; എബ്രാ, 8:8-13). പിതാവിൻ്റെ മുഖമുദ്രയാണ് സ്നേഹം. അന്നാളിൽ, യഹോവ നിത്യസ്നേഹത്താൽ യിസ്രായേലിനെ തൻ്റെ മക്കളായി ചേർത്തു കഴിയുമ്പോഴാണ്, നിത്യപിതാവും മക്കളുമെന്ന പിരിയാബന്ധത്തിൽ അവർ ആകുന്നത്.

5. സമാധാനപ്രഭു എന്ന് വിളിക്കപ്പെടും: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ  ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ, 54:13). “എന്റെ ജനം സമാധാന നിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശ, 32:18). രാജ്യാനുഗ്രഹങ്ങളിൽ ഒന്നാണ് സമാധാനം. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, നിങ്ങൾക്കു കുടിപ്പാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ  ഇരുത്തി ലാളിക്കയും ചെയ്യും.” (യെശ, 66:12; 9:7; 26:12; 32:17; 48:18; ഹഗ്ഗാ, 2:9). സഹസ്രാബ്ദ രാജ്യത്തിൽ നദിപോലെ സമാധാനം കവിഞ്ഞൊഴുകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെയും നമ്മുടെയും സമാധാനത്തിൻ്റെ ശിക്ഷയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു അനുഭവിച്ചത്. (യെശ, 53:18). ഇങ്ങനെയാണ് യശയ്യാപ്രവചനത്തിനു നിവൃത്തിവരുന്നത്. ആദ്യഭാഗം; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനിലൂടെയും, അടുത്തഭാഗം ഏകദൈവത്തിലൂടെയുമാണ് നിവൃത്തിയാകുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *