ദൈവത്തിൻ്റെ ക്രിസ്തു

ദൈവത്തിൻ്റെ ക്രിസ്തു

“ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.” (മത്തായി 22:42)

യേശു ശിഷ്യന്മാരോടു: “എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: “ദൈവത്തിന്റെ ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു. (ലൂക്കോസ് 9:20)

“പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.” (യോഹന്നാൻ 12:34)

“നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃത്തികൾ 10:38)

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാത്യർ 3:16)

ദൈവത്തിന്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവാണ് യേശു: (മത്താ, 5:17,18; 1തിമൊ, 3:14-16). അനേകർക്കും മശീഹ എന്നാൽ യേശുമശീഹയും ക്രിസ്തു എന്നാൽ യേശുക്രിസ്തുവുമാണ്; മറ്റൊരു മശീഹ അഥവാ ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ അസ്വസ്ഥതയാണ്. എന്നാൽ ദൈവത്തിന്നു അനേകം മശീഹമാർ ഉള്ളതായി ബൈബിൾ നമ്മോടു പറയുന്നു:

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും  അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). അഭിഷിക്തൻ അഥവാ ക്രിസ്തു എന്നു പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്: (ലൂക്കൊ, 1:15; 1:41). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ 132:10). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ വാഗ്ദത്തങ്ങളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശെഹ (Anoint – מָשַׁח – mashach) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് അഭിഷിക്തൻ അഥവാ മശീഹാ/ക്രിസ്തു. (1ശമൂ, 16:6. ഒ.നോ: 16:16). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (Anointed – מָשִׁיחַ – mashiyach) ആണ്. ഗ്രീക്കിൽ ക്രിസ്തുവും (Anointed – Χριστός – Christos). പഴയനിയമത്തിൽ ഒരുപാട് മശീഹമാരുണ്ട്. പുതിയനിയമത്തിൽ മശീഹ യേശുവാണ്. 

പഴയനിയമത്തിലെ മശീഹമാർ:

1. യിസ്രായേൽ (പുരോഹിതൻ, പ്രവാചകൻ, രാജാവ്) 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13; മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6.

2. മോശെ (പ്രവാചകൻ, പുരോഹിതൻ) എബ്രാ, 11:26; സംഖ്യാ, 11:17; 11:25

3. അഹരോൻ (പുരോഹിതൻ) പുറ, 40:13-16; ലേവ്യ, 8:12.

4. നാദാബ് (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

5. അബീഹൂ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

6. എലെയാസാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

7. ഈഥാമാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.

8. ശൗൽ (രാജാവ്) 1ശമൂ, 10:1; 12:3; 12:5; 24:10; 26:9; 26:11; 26:16;  26:23; 2ശമൂ, 1:14; 1:16; 1:21.

9. ദാവീദ് (രാജാവ്) 1ശമൂ, 16:12,13; 2ശമൂ, 2:4; 2:7; 5:3; 5:17; 12:7; 19:21; 2ശമൂ, 22:51; 23:1; 1ദിന, 11:3; 14:8; 2ദിന, 6:42; സങ്കീ, 18:50; 89:20.

10. അബ്ശാലോം (രാജാവ്) 2ശമൂ, 19:10.

11. ശലോമോൻ (രാജാവ്) 1രാജാ, 1:34; 1:39; 1:45; 5:1; 1ദിന, 29:22.

12. സാദോക്ക് (പുരോഹിതൻ) 1ദിന, 29:22 

13. ഹസായേൽ (രാജാവ്) 1രാജാ, 19:15.

14. യേഹൂ (രാജാവ്) 1രാജാ, 19:16; 2രാജാ, 9:3-6; 9:12; 2ദിന, 22:7.

15. എലീശ (പ്രവാചകൻ) 1രാജാ, 19:16. 

16. യോവാശ് (രാജാവ്) 2രാജാ, 11:12; 2ദിന, 23:11)

17. യെഹോവാഹാസ് (രാജാവ്) 2രാജാ, 23:30.

18. കോരെശ് (രാജാവ്) യെശ, 45:1

പുതിയനിയമത്തിലെ മശീഹ/ക്രിസ്തു

19. യേശുക്രിസ്തു (പുരോഹിതൻ, പ്രവാചകൻ, രാജാവ്) മത്താ, 3:16; പ്രവൃ, 10:38

20. യോഹന്നാൻ സ്നാപകൻ (പ്രവാചകർ) ലൂക്കൊ, 1:15; 1:41

പുതിയനിയമത്തിൽ യേശുവിനെ കൂടാതെ, അഭിഷിക്തൻ എന്നു പറഞ്ഞിരിക്കുന്നത് രണ്ടുപേരാണ്; യിസ്രായേലും മോശെയും. അഭിഷിക്തൻ എന്നു പറഞ്ഞിട്ടില്ലെങ്കിലും സ്നാപകനും അഭിഷിക്തനാണ്. യിസ്രായേൽ: “ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനെ വിരോധിക്കുകയും അവന്റെ അഭിഷിക്തനെ വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു.” (പ്രവൃ, 4:26. ​​ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കോ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20 :6). പഴയപുതിയനിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന ഏക അഭിഷിക്തൻ യിസ്രായേലാണ്. മോശെ:“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). യേശുക്രിസ്തുവിൻ്റെ നിന്ദ ഇതിനെ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ (ദാനീ, 9:25,26) ബാക്കിയെല്ലായിടത്തും, മശീഹയെ (Messiah) അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്തു. അതായത്, എബ്രായർ 9:26-ൽ  പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. അതിനാധാരമായ മൂന്ന് തെളിവുകൾ തരാം. 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തനായ ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 1ം5:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവമല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ? 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരികുന്നത്. (ആവ, 18:15,18). തന്നെപ്പോലൊരു പ്രവാചകന്റെ നിന്ദ മോശെ വലിയ ധനമായി എങ്ങനെ എണ്ണും? യോഹന്നാൻ സ്നാപകൻ: സ്നാപകൻ ഗർഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ്. യോഹന്നാൻ്റെ ജനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ പ്രവചനം കാണുക: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് കന്യകയായ മറിയ സെഖര്യാ പ്രവാചകൻ്റെ വീട്ടിൽച്ചെന്ന് എലീശബെത്തിനെ വന്ദിച്ചപ്പോൾ, അവൾ പരിശുദ്ധാത്മാവ് നിറഞ്ഞവളാകുകയും അവളുടെ വയറ്റിൽ കിടന്നിരുന്ന യോഹന്നാൽ ആനന്ദംകൊണ്ടു തുള്ളിയതായി പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:40-44). അപ്പോഴാണ്, യോഹന്നാൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടത്. അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ഒരേയൊരാൾ യോഹന്നാൻ സ്നാപകനാണ്: (ഒ.നോ: പ്രവൃ, 10:38). അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല” എന്ന് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 7:28). അവൻ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനാണ്: (ലൂക്കൊ, 16:16).

പഴയനിയമപ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10,11). ഈ വാക്യത്തിലെ Spirit of Christ എന്നത് Spirit of Anointed എന്ന് കൃത്യമായി പരിഭാഷ ചെയ്യുമ്പോൾ, “പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തൻ്റെ ആത്മാവ്, ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞിരുന്നു എന്നാകും.” പുതിയനിയമത്തിൽ ദൈവമക്കളെല്ലാവരും അഭിഷേകം ചെയ്യപ്പെട്ടവരാണ്. എന്നാൽ വ്യക്തിപരമായി ആരും അഭിഷേകം പ്രാപിക്കാതെ, രക്ഷിക്കപ്പെടുമ്പോൾ യേശുവിൻ്റെ മേലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. ആകയാൽ ഒരാളെപ്പോലും ക്രിസ്തു (christos) അഥവാ അഭിഷിക്തൻ എന്ന് വിളിച്ചിട്ടില്ല. എന്നാൽ മൂന്നു വാക്യങ്ങളിലായി നാലു പ്രാവശ്യം വിശ്വാസികൾ അഭിഷേകം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21. ഒ.നോ: 1യോഹ, 2:20,27). പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളുളും ഒരുപോലെയുള്ളത്  ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് മാത്രമാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ)

പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio -χρίω) എന്ന പദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ നാലെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെയും (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; എബ്രാ, 1:9) ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെയും കുറിക്കുന്നു. (2കൊരി, 1:21). 

അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma – χρῖσμα) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). 

അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos – Χριστός) എന്ന പദം 530 വാക്യങ്ങളിലായി 569 പ്രാവശ്യമുണ്ട്. അതിൽ 561 പ്രാവശ്യവും നമ്മുടെ കർത്താവായ യേശുവിനെ കുറിക്കുന്നു. ഒൻപത് വാക്യം യിസ്രായേലിനെയും (യോഹ, 12:34; പ്രവൃ, 4:12; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11). 

അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias – Μεσσίας) എന്ന പദം രണ്ടു പ്രാവശ്യവുമുണ്ട്. (യോഹ, 1:41; 4:26). സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യം മശീഹ എന്ന പദമുണ്ട്. എന്നാൽ മൂന്ന് വാക്യങ്ങളിൽ (യോഹ, 4:27; 13:19; പ്രവൃ, 13:25) മൂലഭാഷയിൽ ആ പദമില്ല.

യേശുവെന്ന് പേരുള്ള ഒരു പരിശുദ്ധമനുഷ്യൻ കന്യകമറിയയിൽ ഉരുവാകുന്നതിന് മുമ്പ് ഇല്ലായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:31). യോർദ്ദാനിലെ സ്നാനത്തിനു മുമ്പ് യേശുവെന്ന് പേരുള്ള ഒരു പുത്രനോ ക്രിസ്തുവോ ദൈവത്തിനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ, “അവൻ അത്യുന്നൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനം ഒരു കോമഡിയായി മാറും. (ലൂക്കൊ, 1:32,35). ദൈവത്തിൻ്റെ ക്രിസ്തു മുമ്പേ ഉള്ളതാണെങ്കിൽ യോർദ്ദാനിലെ പരിശുദ്ധാത്മ അഭിഷേകം അതിലും വലിയ കോമഡിയായി മാറും. (പ്രവൃ, 10:38; മത്താ, 3:16,17; മർക്കൊ, 1:10,11; ലൂക്കൊ, 3:22; യോഹ, 1:32). യേശു സ്നാനത്തിനു മുമ്പേതന്നെ നസറെത്തിലെ പള്ളിയിൽ സ്ഥിരമായി ശുശ്രൂഷ ചെയ്തിരുന്നതാണ്. (ലൂക്കൊ, 4:16). എന്നാൽ സ്നാനശേഷമാണ് യെശയ്യാപ്രവചനപ്രകാരം താൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്; അഥവാ ആ പ്രവചനം തന്നിൽ നിവൃത്തിയായതായി പറയുന്നത്. (യെശ, 61:1,2; ലൂക്കൊ, 4:18-21). പിന്നെ, ജനനത്തിനുമുമ്പേ ഉണ്ടായിരുന്നത് ആരാണെന്ന് ചോദിച്ചാൽ; പഴയനിയമത്തിൽ യഹോവയെന്ന നാമമുള്ളവനും (പുറ, 3:15) പുതിയനിയമത്തിൽ യേശു എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടവനുമായ മഹാദൈവമാണ് ഉണ്ടായിരുന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15. ഒ.നോ: യെശ, 9:6; യോഹ, 20:28; റോമ, 9:5; തീത്തൊ, 2:12; 1യോഹ, 5:20; വെളി, 19:16). ജഡത്തിൽ വെളിപ്പെട്ടുനില്ക്കുന്നവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. മനുഷ്യനായി വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്ന് ചോദിച്ചാൽ; അവൻ സാക്ഷാൽ യഹോവയായ ദൈവം ആയിരുന്നു. (ലൂക്കൊ, 1:68; 1തിമൊ, 3:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾ കഴിഞ്ഞ് യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആകുന്നത്. അഭിഷിക്തനായി കഴിഞ്ഞശേഷമാണ് ദൈവപിതാവിനാൽ എൻ്റെ പ്രിയപുത്രൻ എന്ന് വിളിക്കപ്പെടുന്നത്. (മത്താ, 3:17). ദൂതൻ്റെ പ്രവചനത്തിൻ്റെ സാക്ഷാത്കാരമാണ് യോർദ്ദാനിൽ നടന്നത്. (ലൂക്കൊ, 1:32,35).

ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികം ക്രിസ്ത്യാനികളും. അവൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോടുകൂടി വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). തന്നോടുകൂടെ വസിച്ച ദൈവത്താലാണ് അഭിഷിക്ത മനുഷ്യനായ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതും (യോഹ, 3:2) പാപമോചനം നല്കിയതും. (മത്താ, 9:8). ദൈവപിതാവ് തന്നോടുകൂടെ വസിക്കുന്നതായും (യോഹ, 8:16; 8:29; 16:32) പിതാവിനെ ‘മറ്റൊരുത്തൻ’ എന്നും (യോഹ, 5:32,36) പിതാവിനെയും ചേർത്ത് ‘ഞങ്ങളെന്നും’ യേശു പറയുന്നു. (യോഹ, 14:23). അദൃശ്യനായ ദൈവം മനുഷ്യനായ തന്നോടുകൂടെയിരുന്നു പ്രവർത്തിച്ചതിനാലാണ് താൻ ഏകനല്ലെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്. (യോഹ, 8:16; 29; 16:32). സ്നാനം മുതൽ തന്നോടുകൂടെ ഉണ്ടായിരുന്ന ദൈവമാണ് ക്രൂശുമരണത്തിനു മുമ്പായി യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46). ദൈവിക ശുശ്രൂഷകൾക്കായി വ്യക്തികൾക്ക് നല്കിയിരുന്ന ഔദ്യോഗിക നിയമന കർമ്മമായിരുന്നു അഭിഷേകം. ദൈവത്തിനല്ല; മനുഷ്യർക്കാണ് അഭിഷേകം ആവശ്യമുള്ളത്. ഒന്നുകൂടി പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ ബലഹിനരായ മനുഷ്യരെ തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യോർദ്ദാനിൽ അഭിഷേകം ചെയ്യപ്പെട്ടശേഷം “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു” എന്ന പ്രയോഗം ശ്രദ്ധിക്കുക. (ലൂക്കോ, 4:14). യേശു ജഡത്തിലും ദൈവമാണെന്ന് പറയുന്നവർ, ദൈവത്തെ തുച്ഛീകരിക്കുകയാണ് ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനെന്നല്ലാതെ, അഭിഷേകം ചെയ്യപ്പെട്ട ദൈവമാണ് യേശുവെന്ന് പറഞ്ഞാൽ, ആ ദൈവം മനുഷ്യരെപ്പോലെ ബലഹീനനെന്നേ വരൂ. ലേഖനങ്ങളിൽ കാണുന്നത്, മഹാദൈവമായ യേശുക്രിസ്തുവാണ്; അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ. (പുറ, 3:14,15; തീത്തൊ, 2:12; എബ്രാ, 13:8). ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ ക്രിസ്തു. (1തിമൊ, 3:14-16). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യനായി വെളിപ്പെട്ട യേശു യോർദ്ദാനിലെ സ്നാനത്തിൽ ദൈവത്താൽ അഭിഷിക്തൻ അഥവാ ക്രിസ്തുവായി. (മത്താ, 3:16, പ്രവൃ, 10:38). അനന്തരം, ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽദൂതൻ്റെ പ്രവചനംപോലെ, പിതാവിനാൽ ‘ഇവനെൻ്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകവഴി ദൈവപുത്രനായി. (ലൂക്കൊ, 1:32,35; 3:22). യോർദ്ദാനിൽവെച്ച് ദൈവത്താൽ വിശ്വസ്ത മഹാപുരോഹിതനായി നിയമിക്കപ്പെട്ട ക്രിസ്തുയേശു എന്ന മനുഷ്യനാണ്, മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായി അർപ്പിച്ചത്. (മത്താ, 3:16; ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; 1തിമൊ, 2:5,6; എബ്രാ, 2:17). 

നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോടു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). തുടന്ന് 24-28 വാക്യങ്ങളിൽ താനാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. തൻ്റെ അവസാന പ്രഭാഷണത്തിൽ ഇതേകാര്യം യേശു ശിഷ്യന്മാരോട് പറഞ്ഞശേഷം, അവിടെയും താനാരാണെന്ന് അവൻ അവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നുമുണ്ട്. (യോഹ, 14:7-11). എന്നാൽ നിർഭാഗ്യവശാൽ ആ വേദഭാഗങ്ങളൊന്നും അനേകർക്കും ഗ്രഹിക്കാൻ കഴിയുന്നില്ല. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും അനേകർ പുത്രനെ അറിയായ്കയാൽ പിതാവിനെയും അറിയുന്നില്ലെന്നതാണ് വസ്തുത. നമുക്കു ക്രിസ്തുവിനെക്കുറിച്ചുള്ള ചില വേദഭാഗങ്ങൾ പരിശോധിക്കാം:

1. “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ, 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: ‘എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു’ എന്നാണ്. യോഹന്നാൻ സ്നാപകൻ്റെ സാക്ഷ്യംമുതൽ യേശു ക്രിസ്തുവാണെന്ന് അക്കാലത്തുള്ളവരൊക്കെ അറിഞ്ഞിരുന്നു: (യോഹ, 1:19-28). യെഹൂദാപ്രമാണിമാർക്കും അതറിയാമായിരുന്നു; അതുകൊണ്ടാണ് യേശുവിനെ ക്രിസ്തുവെന്ന് ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടനാകണമെന്ന് അവർ തമ്മിൽ പറഞ്ഞൊത്തിരുന്നത്. (യോഹ, 9:22). അവരുടെ നഗളം അഥവാ പാപം അവനെ ക്രിസ്തുവായി അവനെ ക്രിസ്തുവായി അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. അവർ വിശ്വസിച്ചിരുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ വാഗദത്ത സന്തതിയായ ക്രിസ്തുവാണ്. ദാവീദിൻ്റെ സന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ദിന, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും കർത്താവുമാണ് പഴയനിയമത്തിലെ ക്രിസ്തു. (സങ്കീ, 110:1). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. ദാവീദിൻ്റെ പുത്രനും കർത്താവും യിസ്രായേലാണ്. (110:1). ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി വെളിപ്പെട്ട യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പത്തൊൻപത് പ്രാവശ്യമുണ്ട്. (മത്താ, 1:1; 1:20; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41; യോഹ, 7:41; റോമ, 1:5; 2തിമൊ, 2:8). യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? അവിടെയാണ് ക്രിസ്തുവിൻ്റെ ചോദ്യത്തിൻ്റെ പ്രസക്തി: യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവാണ് യിസ്രായേൽ. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, നൂറ്റിപ്പത്താം സങ്കീർത്തനം)

2. “എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർ‍ക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർ‍ക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.” (യെശ, 61:1-3). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. എന്തെന്നാൽ ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് ജാതികൾക്ക് പ്രകാശമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6. ഒ.നോ: പ്രവൃ, 13;47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന് ക്രിസ്തു പറഞ്ഞതോർക്കുക. (യോഹ, 22). ജനങ്ങളുടെ നിയമവും ജാതികളുടെ പ്രകാശവുമാണ് യിസ്രായേൽ. (യെശ, 42:7; 49:9). യിസ്രായേലിനോടുള്ള പ്രവചനങ്ങളാണ് ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായത്. (ലൂക്കൊ, 4:18,19). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളും ഓർക്കുക. (കാണുക: യിസ്രായേലിൻ്റെ പദവികൾ, പ്രവചനങ്ങൾ)

3. ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് പത്രൊസ് യേശുവിനെ, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു ഏറ്റുപറയുന്നതായി കാണാം: (മത്താ, 16:16). എന്നാൽ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), സാക്ഷാൽ ക്രിസ്തുവിനെയോ (1ശമൂ, 2:35; സങ്കീ, 132:10) അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; (യോഹ, 4:22). അതുകൊണ്ടാണ് ജാതികളുടെ അപ്പൊസ്തലനായി ദൈവം തിരഞ്ഞെടുത്ത പൗലൊസ് പറഞ്ഞത്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.” (പ്രവൃ, 13:47). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ യിസ്രായേലിൻ്റെ പാപസ്വഭാവം നിമിത്തം ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ട് അവൻ്റെ വാഗ്ദത്തങ്ങൾ ആവന് നിവൃത്തിച്ചുകൊടുക്കുകയായിരുന്നു: മത്താ, 1:21; 5:17,18; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:11-16; എബ്രാ, 2:14-16). (കാണുക: യിസ്രായേലിൻ്റെ പദവികൾ, അവൻ ജഡത്തിൽ വെളിപ്പെട്ടു)

4. പുരുഷാരം അവനോടു: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.” (യോഹ, 12:34). തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോഴാണ് യെഹൂദന്മാർ ഇതവനോട് ചോദിക്കുന്നത്: യോഹ, 12:32,33). പുരുഷാരം പറയുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. എന്നേക്കും ഇരിക്കുന്ന ക്രിസ്തുവാണവൻ; അവസാനമില്ലാത്ത രാജത്വത്തിൻ്റെ ഉടയയവനാണ് യിസ്രായേൽ. എന്നേക്കും ഇരിക്കുമെന്ന് ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും ദാവിദിൻ്റെ നിശ്ചലകൃപകൾക്ക് അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 13:34; പ്രവൃ, 4:26). ആരംഭമുള്ളതും അവസാനമില്ലാത്തതുമായ രാജത്വത്തിൻ്റെ ഉടയവനാണ് ദൈവത്തിൻ്റെ ഈ ക്രിസ്തു. ഭൂമിയുടെ അറ്റങ്ങളെ കൈവശമാക്കുന്നവനും ഇരിമ്പുകോൽകൊണ്ടു ജാതികളെ തകർക്കുന്നവനും (സങ്കീ, 2:8,9) സൂര്യചന്ദ്രന്മാരെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും സ്ഥിരമായ സിംഹാനത്തിൻ്റെ ഉടമയും (സങ്കീ, 89:36,37) ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവാണ്. (ദാനീ, 7:27). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശു ആവർത്തിച്ചു പറയുന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലായോ? യിസ്രായേലെന്ന ദൈവപുത്രനും ആദ്യജാതനും അഭിഷിക്തനും രാജാവും പ്രവാചകനും പുരോഹിതനുമായ യിസ്രായേലെന്ന ദൈവസന്തതിയെ രക്ഷിക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21; ലൂക്കൊ, 1:31-33). വാഗ്ദത്തം പ്രാപിച്ച ക്രിസ്തു ദൈവസന്തതിയായ യിസ്രായേലാണ്; അവൻ്റെ വാഗ്ദത്തം നിവൃത്തിച്ച ക്രിസ്തു യിസ്രായേലിന്റെ ദൈവമാണ്; അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവാണ്. (1തിമൊ, 3:16; ഫിലി, 2:6-8; എബ്രാ, 2:14,15; 1പത്രൊ, 1:20). യേശുക്രിസ്തു യെഹൂദന്മാരോട് പറയുന്നത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്. യെഹൂദന്മാവക്ക് ന്യായപ്രമാണ സന്തതിയായ സാക്ഷാൽ ക്രിസ്തുവിനെ അറിയാമായിരുന്നു; അതുകൊണ്ടാണ്, “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് പറഞ്ഞത്. എന്നാൽ അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ വന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ യഹോവയായ ക്രിസ്തുവിനെ അവർ അറിഞ്ഞില്ല. യഹോവ വന്ന് അവരെ രക്ഷിക്കുമെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്; അതവർ ഗ്രഹിച്ചിരുന്നില്ല. (സങ്കി, 22:31,32; യെശ, 25; 8; 35:4). 

യേശു, അവസാന പ്രഭാഷണത്തിൽ യെഹൂദന്മാരോട് പറഞ്ഞ അതേകാര്യം തൻ്റെ അപ്പൊസ്തലന്മാരോട് പറഞ്ഞശേഷം താനാരാണെന്ന് വ്യക്തമാക്കുന്നതായി കാണാം: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞശേഷം, “ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. (യോഹ, 14:7). എവിടെയാണവർ പിതാവിനെ അറിയുകയും കാണുകയും ചെയ്തത്? യേശു തന്നെയാണ് പിതാവ് അഥവാ പിതാവായദൈവത്തിൻ്റെ പ്രത്യക്ഷതയാണ് പുത്രൻ. (1തിമൊ, 3:16). “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ,10:30). എന്നിട്ടും ഫിലിപ്പോസിനും സംശയം മാറിയില്ല, അവൻ യേശുവിനോടു “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.” (യോഹ, 14:8). യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). പിതാവായവനാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നതെന്ന് യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 3:13). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല; അതിനാൽ സ്വർഗ്ഗത്തിൽ ചെന്നാലും യേശുവിനെ അല്ലാതെ മറ്റൊരു വ്യക്തിയെ കാണുക സാദ്ധ്യമല്ല. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യഹോവയായ യേശുക്രിസ്തുവിനെയുമാണ്. ആത്മാക്കളുടെ ഉടയവനായ യഹോവ തന്നെയാണ് യേശുക്രിസ്തു; അതിനാലാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ കൊടുത്തത്. (സംഖ്യാ, 16:22. ഒ.നോ: സംഖ്യാ, 27:17; സങ്കീ, 31:5; 1പത്രൊ, 4:19). (കാണുക: അദൃശ്യദൈവം)

5. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18; പ്രവൃ, 4:27). അനേകരും ക്രിസ്തുവിനെ അറിയാത്തതിൻ്റെ മറ്റൊരു കാരണം യേശു ദൈവത്തിൻ്റെ പ്രത്യക്ഷ്യതയായ പാപമില്ലാത്ത മനുഷ്യൻ മാത്രമാണെന്ന് വിശ്വസിക്കാതെ, ജഡത്തിലും അവൻ പൂർണ്ണദൈവം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. പൂർണ്ണദൈവമെന്ന പ്രയോഗംതന്നെ ഏച്ചുക്കെട്ടിയ ഒരു പ്രയോഗമാണ്. ‘ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും’ എന്നൊരു പഴമൊഴി തന്നെയുണ്ട്. എല്ലായർത്ഥത്തിലും പരിപൂർണ്ണൻ (perfect) ആയവനെയാണ് ദൈവമെന്ന് വിളിക്കുന്നത്. മഹാദൈവം, വീരനാം ദൈവം, സത്യദൈവം, സർവ്വശക്തിയുള്ള ദൈവം തുടങ്ങിയവയൊക്കെ വിശേഷണങ്ങളാണ്. എന്നാൽ ദൈവത്തെ പ്രത്യക്ഷതയായ മനുഷ്യനെ അഥവാ ക്രിസ്തുവിനെ പൂർണ്ണമനുഷ്യൻ എന്നു പറഞ്ഞാൽ ആ പ്രയോഗം ശരിയാണ്. മനുഷ്യരെല്ലാം പാപികളും അപൂർണ്ണരുമായിരിക്കുമ്പോൾ, അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യനായിരുന്നു. (2കൊരി, 5:21; 1പത്രൊ, 2:21). ദൈവത്തിൻ്റെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യനെ ദൈവമാക്കി, ദൈവത്തെ ത്രിത്വമാക്കാനുള്ള ദുരുപദേശികളുടെ ബദ്ധപ്പാടാണ് പൂർണ്ണദൈവമെന്ന പ്രയോഗത്തിനടിസ്ഥാനം. മശീഹ അഥവാ ക്രിസ്തു എന്ന പ്രയോഗംതന്നെ മനുഷ്യനെ കുറിക്കുന്നതാണ്. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശു ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായിരുന്നു എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. (യോഹ, 5:32,37; 8:16,17,18; 8:29; 10:38; 14:10,11,20, 23; 15:34; 16:32 17:21). യേശു ജഡത്തിൽ മനുഷ്യൻ മാത്രമായിരുന്നെന്നോ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ, ദൈവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും വിഭിന്ന വ്യക്തികളായിരുന്നെന്നോ ഉള്ള വസ്തുത ഏകദൈവവിശ്വാസികളിലും അനേകർ അംഗീകരിക്കാത്ത കാര്യമാണ്. ജഡത്തിലും യേശു ദൈവമാണെങ്കിൽ അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത് അവനോടു കൂടെയിരുന്ന ദൈവം ആരാണെന്ന് പറയും? മനുഷ്യരുടെ പാപപരിഹാർത്ഥം ക്രൂശിൽ മരിച്ച ബൈബിളിലെ യേശു ദൈവമല്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് യോർദ്ദാനിലെ സാനാനസമയത്ത് ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണ്. (ലൂക്കൊ, 2:52; 4:18; മത്താ, 3:15-17; പ്രവൃ, 4:27; 10:38). 

6. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5). മനുഷ്യനെന്ന നിലയിൽ യേശുവിന് ഉത്ഭവമുള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യേശു എന്നു പേരുള്ള ഒരു മനുഷ്യൻ കന്യകയായ മറിയയിൽ ജനിക്കുന്നതിനു മുമ്പെ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനത്തിനു മുമ്പ് യേശുവെന്ന ക്രിസ്തുവും ദൈവത്തിനില്ലായിരുന്നു. മറിയയിൽ നിന്ന് ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് (ലൂക്കൊ, 2:52) യോർദ്ദാനിലെ സ്നാനസമയത്ത് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തനായ യിസ്രായേൽ ആരംഭമുള്ളവനും അവസാനം ഇല്ലാത്തവനുമാണ്. (യോഹ, 12:34). അതിനാലാണ് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ ദൈവം ആരംഭമുള്ള മനുഷ്യനായി വന്നത്. (കാണുക: ദൈവപുത്രൻ)

7. “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ ക്രിസ്തു യേശുവല്ല; യിസ്രായേണ്. എന്നാൽ അവിടെ പൗലൊസ് പറയുന്ന ക്രിസ്തു യേശുവാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയെന്താണെന്ന് വിശ്വാസികൾ അറിയാതെ പോയതിൻ്റെ മറ്റൊരു കാരണമാണ്; അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെ അറിയാതെ പോയത്. അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (ഉല്പ, 12:7; 13:5,16; 15:5,13,18; 16:10; 17:7,8,9,10,19; 22:17,18; 24:7). യിസ്രായേൽ അബ്രാഹാമിൻ്റെ മാത്രം സന്തതിയല്ല; യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതിയാണ്. (ഉല്പ, 26:3,5,24; 28:13,14; 32:12; 23:12). “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” എന്നരുളിച്ചെയ്ത യിസ്രായേലിന്റെ ദൈവം അവരുടെ വാഗദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനാകുകയായിരുന്നു. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

നമ്മുടെ പാപഹരനായ ക്രിസ്തുവായി വന്നത് ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും കാണുവാൻ ഇച്ഛിച്ചവനാണ്. യേശു ശിഷ്യന്മാരോട്: “നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.” (ലൂക്കോ, 10:24; മത്താ, 13:17). ആരാണിവനെന്ന് ഇയ്യോബ് പ്രവചിച്ചിരുന്നു: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). ഇയ്യോബിൻ്റെ വീണ്ടെടുപ്പുകാരനായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അഥവാ മനുഷ്യപുത്രനായി ഭൂമിയിൽ അഥവാ പൊടിമേൽ വന്നു പാർത്ത ക്രിസ്തു. (1തിമൊ, 3:15,16; 1പത്രൊ, 1:20). അടുത്തവാക്യം: “എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും.” (ഇയ്യോ, 19:26; 27). പുനരുത്ഥാത്തിൽ താൻ സ്വന്തകണ്ണുകൊണ്ട് കാണുന്നതും അവനെത്തന്നെ ആയിരിക്കും. യേശു യെഹൂദന്മാരോട് പറഞ്ഞത്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). അബ്രാഹാം എവിടെയാണ് യേശുവിനെ കണ്ട് സന്തോഷിച്ചത്: മമ്രേയുടെ തോപ്പിൽ അവന് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയായും (18:1,13,14,17,18,20,22,26,33) രണ്ടുപേർ ദൂതന്മാരും ആയിരുന്നു. (18:16; 19:1). അബ്രാഹാമിൻ്റെയൊപ്പം ആറേഴ് നാഴിക ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്കുകയും ഒരു ദീർഘ സംഭാഷണവും കഴിഞ്ഞശേഷമാണ് യഹോവ പോയത്. അബ്രാഹാം കണ്ട് സന്തോഷിച്ച യഹോവ തന്നെയാണ് യേശുക്രിസ്തു. ക്രിസ്തു തൻ്റെ പരസ്യശൂശ്രൂഷ അവസാനിപ്പിച്ച് യെരൂശലേം ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോകുമ്പോൾ, അവൻ ചെയ്ത അനവധിയായ അടയാളങ്ങൾ കണ്ടിട്ടും അവനിൽ വിശ്വസിക്കാത്ത യെഹൂദന്മാരുടെ അവിശ്വാസത്തെക്കുറിച്ചുള്ള യെശയ്യാപ്രവചനം ഉദ്ധരിച്ചശേഷം (12:38-40) യോഹന്നാൻ പറയുന്നു: “യെശയ്യാവു യേശുവിന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നു യഹോവയുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്. (യെശ, 6:1). യോഹന്നാൻ പറയുന്നു: യേശുവിൻ്റെ തേജസ്സാണ് കണ്ടത്. യഹോവയും യേശുവും ഒരാളാണെന്ന് അഥവാ യഹോവയുടെ പ്രത്യക്ഷതയാണ് ക്രിസ്തുവെന്ന് മനസ്സിലാക്കാൻ ഇതിൽക്കൂടുതൽ തെളിവുകൾ വേണമോ?

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20) യഹോവയല്ലാതെ ദൈവമില്ലെന്നും (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8) യഹോവയ്ക്ക് സമനില്ലെന്നും (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18) യഹോവയ്ക്ക് സദൃശ്യനില്ലെന്നും (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5) പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8) ദൈവത്തിൻ്റെ ആത്മാവ് അക്ഷരമായി എഴുതിവെച്ചിരിക്കുന്നതെങ്കിലും ദൈവമക്കൾ വിശ്വസിക്കാൻ മനസ്സുവെച്ചാൽ, ദൈവം ത്രിത്വമല്ലെന്നും യഹോവയുടെ പ്രത്യക്ഷതയാണ് ക്രിസ്തുവെന്നും ഗ്രഹിക്കുവാൻ ഇടയാകും. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!

ദൈവപുത്രൻ

ദൈവപുത്രൻ

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;” (റോമർ 9:4)

“അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32)

“അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു നമ്മുടെ സുവിശേഷം.” (2തിമൊ, 2:8)

ദൈവത്തിന്റെ വാഗ്ദത്തപുത്രനും നിത്യപുത്രനും യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടായ പുത്രനാണ് യേശുക്രിസ്തു. അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക ക്രൈസ്തവ സംഘടനകളും. ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ഉപദേശം ഒന്നുതന്നെയാണ്. കത്തോലിക്ക, പെന്തെക്കൊസ്ത്, ബ്രദ്റുകാർ തുടങ്ങിയ ത്രിത്വവിശ്വാസികൾ നിത്യപുത്രനായും; യഹോവസാക്ഷികൾ സൃഷ്ടിപുത്രനായും; ക്രിസ്റ്റാഡെൽഫിയൻസ് ദത്തെടുക്കപ്പെട്ട പുത്രനായും ക്രിസ്തുവിനെ മനസ്സിലാക്കുന്നു. സത്യേകദൈവമായ യേശുക്രിസ്തുവിനെ ദൈവമല്ലാതാക്കാനുള്ള പഴയപാമ്പിൻ്റെ ഉപായമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ നുഴഞ്ഞുകയറിയ ദുരുപദേശം. എല്ലാ ദുരുപദേശങ്ങളുടെയും ആണിക്കല്ല് ത്രിത്വമാണ്. ത്രിത്വത്തിൻ്റെ ഉപോല്‍പ്പന്നങ്ങളാണ് (by-products) ദൈവത്തിൻ്റെ ബഹുത്വം, അവതാരം, നിത്യപുത്രൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ ജഡത്തിൽ ഇരുപ്രകൃതി തുടങ്ങിയവ. ആദ്യനും അന്ത്യനും, ഇന്നലെയും ഇന്നുമെന്നേക്കും അനന്യനും മഹാദൈവവുമായവൻ, യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും ജഡത്തിൽ വെളിപ്പെട്ടതിനെ, അവൻ പുത്രനായതുകൊണ്ടാണ് ദൈവമാകുന്നതെന്ന തലതിരിഞ്ഞ ഉപദേശമാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആരംഭവും അവസാനവുമില്ലാത്ത യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പടായ ദൈവപുത്രനായ യേശുവിനെയും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത അഭിധാനമാണ് ദൈവപുത്രൻ എന്നത്; അല്ലാതെ അവനാരുടെയും സാക്ഷാൽ പുത്രനല്ല. യേശുവെന്ന ദൈവപുത്രന് ആരംഭവും അവസാനവുമുണ്ട്. എന്നാൽ ദൈവത്തിനൊരു നിത്യപുത്രനുണ്ട്; ആരംഭമുള്ളവനും അവസാനമില്ലാത്തവനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ദൈവത്തിൻ്റെ ആ പുത്രനെ അനേകരും അറിയാത്തത്തുകൊണ്ടാണ് യേശുക്രിസ്തുവിനെ നിത്യപുത്രനാക്കിയത്. ആ പുത്രനാരാണെന്ന് നമുക്കു നോക്കാം:

ദൈവത്തിൻ്റെ മക്കൾ: ദൈവത്തിന് മക്കളുണ്ടോ? ഉണ്ട്. അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുള്ളതായി ബൈബിൾ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6; ദാനീ, 3:25). പിന്നെ ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), ഉല്പത്തിയിൽ പറയുന്ന ദൈവത്തിൻ്റെ പുത്രന്മാർ ശേത്തിൻ്റെ പരമ്പരയാണെന്ന് കരുതപ്പെടുന്നു. യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ആറ് മനുഷ്യൻ്റെ സംഖ്യയാണ്. ദൈവം ആറാം ദിവസമാണ് പൂർണ്ണമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്. പുത്രന്മാരിൽ ആറാം സ്ഥാനം പൂർണ്ണമനുഷ്യനായ യേശുവിനും ലഭിച്ചു. ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ: (1യോഹ, 3:2). ദൈവപുത്രനായ ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. അങ്ങനെയാണെങ്കിൽ; സ്വർഗ്ഗത്തിലെ ദൂതന്മാരാഎ ദൈവപുത്രന്മാരും ഭൂമിയിലെ മനുഷ്യരായ ദൈവപുത്രന്മാരും അതേയർത്ഥത്തിൽ ദൈവമാകണ്ടേ? ഇനി, യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ (ഏകവചനത്തിൽ) ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ നിത്യപുത്രൻ (ആരംഭമുള്ളവനും അവസാനമില്ലാത്തവനും) യിസ്രായേലാണ്. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല. ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ പുത്രൻ യിസ്രായേലാണ്. പഴയനിയമം ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതാണ് പുതിയനിയമത്തിലെ പുത്രൻ.

യേശുവെന്ന മനുഷ്യൻ: നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചത് ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:15,16). മനുഷ്യനായ ക്രിസ്തുയേശുവിന് അഥവാ ദൈവപുത്രന് ഒരു ഉത്ഭവമുണ്ട്: “മറിയയിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16; 1:21; ലൂക്കൊ, 2:11). ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും: (ലൂക്കൊ, 1:35). വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു: (യോഹ, 1:14). ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു: (യോഹ, 3:17). ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു: (യോഹ, 6:42). സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു: (യോഹ, 6:51). കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽ നിന്നൂ ജനിച്ചവനായി അയച്ചു. (ഗലാ, 4:4). ഇവിടുത്തെ സ്ത്രീ യിസ്രായേലാണ്: (മീഖാ, 5:2,3. ഒ.നോ: ലൂക്കൊ, 7:28). ജഡപ്രകാരം ക്രിസ്തു യിസ്രായേലിൽ നിന്നല്ലോ ഉത്ഭവിച്ചതു (റോമ, 9:5). തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി (ഫിലി, 2:8). ദൈവം ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:16). ത്രിത്വം കരുതുന്നതുപോലെ യേശുവെന്നൊരു ദൈവമോ, ദൈവത്തിനില്ലാത്ത ദൈവത്തോടു സമനായ ഒരു നിത്യപുത്രനോ മറിയയുടെ ഉദരത്തിൽ വന്ന് ജനിക്കുകയായിരുന്നില്ല; പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉരുവായത് അഥവാ ലോകത്തിൽ വെളിപ്പെട്ടത് പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞാണ്. (മത്താ, 1:18,20). ആ കുഞ്ഞിൻ്റെ മാതാവ് മറിയയും വളർത്തച്ഛൻ യോസേഫുമാണ്. (മത്താ, 1:21-24). ജനനത്തിൽ അവൻ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും മകനായിരുന്നു. (മത്താ, 1:1,25). ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദാവീദാണെന്നും (ലൂക്കൊ, 1:32), ജഡപ്രകാരം അവൻ ദാവീദിൻ്റെ സന്തതിയിൽ നിന്നു ജനിച്ചുവെന്നും പറഞ്ഞിട്ടുണ്ട്. (റോമ, 1:5). ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവാണ് സുവിശേഷം. (2തിമൊ, 2:8). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമിയി ക്രൂശിൽ മരിച്ചത് ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (1തിമൊ, 2:5,6). “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. (1കൊരി, 15:21). മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയയിലൂടെ ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ, അവൻ ദൈവമല്ല; പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാത്ത മനുഷ്യൻ ആകുന്നു. (1തിമൊ, 2:5,6). പാപമറിയാത്തവൻ (2കൊരി, 5:21), പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22) എന്നിത്യാദി പ്രയോഗങ്ങൾ ദൈവത്തെ കുറിക്കുന്നതല്ല; പൂർണ്ണമനുഷ്യനെ കുറിക്കുന്നതാണ്. എന്നാൽ ജഡത്തിൽ വെളിപ്പെട്ടുവന്ന പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ദൈവം ആയിരുന്നു. (1തിമൊ, 3:16; തീത്തൊ, 2:12). ഒന്നുകൂടി വ്യക്തമാക്കിയാൽ: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യേശുവെന്ന അഭിഷിക്തമനുഷ്യൻ എന്നേക്കുമുള്ളവനല്ല; യേശുക്രിസ്തുവെന്ന മഹാദൈവമാണ് ഇന്നലെയും ഇന്നുമെന്നെന്നേക്കുമുള്ളത്. (തീത്തൊ, 2:12; എബ്രാ, 13:8). ജീവനുള്ള ദൈവമായ യേശുക്രിസ്തു അഥവാ യഹോവയുടെ പ്രത്യക്ഷതയാണ് ക്രിസ്തു. (1തിമൊ,3:14-16). യേശുവെന്ന ക്രിസ്തുവിന് മനുഷ്യനെന്ന നിലയിൽ ഉത്ഭവമുണ്ട്; അതിനെയാണ്, കന്യകാജനനം (മത്താ, 1:22); വചനം ജഡമായിത്തീർന്നു (യോഹ, 1:14), യിസ്രായേലിൽനിന്നു ഉത്ഭവിച്ചവൻ (റോമ, 9:5), ന്യയപ്രമാണത്തിൻ കീഴ് ജനിച്ചവൻ (ഗലാ, 4:4), ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:16), ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു (1യോഹ, 4:9), ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു (യഹ, 6;41,51) എന്നൊക്കെ പറഞ്ഞിരിക്കുന്നത്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

യേശുവിൻ്റെ ജനനം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18. മത്താ, 1:20; ലൂക്കൊ, 1:35). കന്യകമറിയയുടെ മകനായി ജഡത്തിൽ വന്ന യേശു ദൈവത്തിൻ്റെ അവതാരമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ, അവതരിക്കാൻ കഴിയില്ലെന്ന ദൈവഭക്തിയുടെ മർമ്മം പോലും പലർക്കും ഇതുവരെയും മനസ്സിലായിട്ടില്ല. (1തിമൊ, 3:16). ദൈവത്തിന് മനുഷ്യനായി പ്രത്യക്ഷനാകാൻ ഒരു സ്ത്രീയുടെ ഉദരം ആവശ്യമുണ്ടോ? ഒരിക്കലുമില്ല. ബൈബിളിൽത്തന്നെ അതിന് കൃത്യമായ തെളിവുണ്ട്. മറിയയിലൂടെ ആദ്യമായിട്ടല്ല ദൈവം ജഡത്തിൽ വെളിപ്പെട്ടത്. മമ്രേയുടെ തോപ്പിൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ അവനോടുകൂടെ ആറേഴുനാഴിക ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുകയും ഒരു ദീർഘ സംഭാഷണവും കഴിഞ്ഞ് മടങ്ങിപ്പോയതായി കാണാം. (ഉല്പ, 18:1-19:1). പിന്നെന്തുകൊണ്ടാണ് നേരിട്ടു പ്രത്യക്ഷനാകാതെ കന്യകയുടെ ഉദരത്തിലൂടെ ജനിച്ചുവെന്ന് ചോദിച്ചാൽ: തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്നും ന്യായപ്രമാണത്തിൻ്റെ ശാപത്തിൽ നിന്നും വീണ്ടെടുക്കണമെങ്കിൽ, ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമായിരുന്നു; അതുകൊണ്ടാണ് ഒരു യെഹൂദാ കന്യകയിലൂടെ ന്യായപ്രമാണത്തിന് അധീനനായ് ജനിച്ചത്. (മത്താ, 1:21; 3:13; 4:4). അപ്പോൾ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്ന് പറഞ്ഞിരിക്കുന്നതെന്താണ്? മറിയയുടെയും യോസേഫിൻ്റെയും ആശങ്കയ്ക്കുള്ള ഉത്തരമാണത്. മറിയയുടെ ആശങ്കയെന്താണ്: “ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും?” (ലൂക്കോ, 1:34). അതിന്നു ദൂതൻ: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യോസേഫിന്റെ ആശങ്കയെന്താണ്: താനുമായി വിവാഹനിശ്ചയം കഴിഞ്ഞ മറിയ താനറിയാതെ ഗർഭിണിയായി അഥവാ അവൾ പിഴെച്ചുപോയി; അതിനാൽ ഗൂഢമായി അവളെ ഉപേക്ഷിക്കാൻ ഭാവിച്ചു. (മത്താ, 1:18,19). ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). ദൈവവും തൻ്റെ ആത്മാവായ പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് കരുതുന്നവരാണ് ത്രിത്വം. വ്യത്യസ്തരായാൽ, ദൈവം പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ വെളിപ്പെട്ടുവെന്ന് പറയണ്ടേ? ദൈവത്തിന് ജഡത്തിൽ വെളിപ്പെടാൻ മറ്റൊരുടെയെങ്കിലും സഹായം ആവശ്യമായിവന്നാൽ ആ ദൈവം എത്ര ബലഹീനനായിരിക്കും. ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് കാരണം ദൈവംതന്നെയാണ്; ദൈവം സ്വയം നിലനില്ക്കുന്നവൻ (self-existence) ആണ്. ദൈവവും ദൈവത്തിൻ്റെ ആത്മാവും ഒരാൾതന്നെ ആയതുകൊണ്ടാണ് പരിശുദ്ധാത്മാവിൽ ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. (കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും, പരിശുദ്ധാത്മാവ്)

ദൈവപുത്രനെന്ന പദവി: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32,35). യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവപുത്രനെന്നത് ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലെ അവൻ്റെ പദവിയാണെന്നതിൻ്റെ കൃത്യമായ സൂചനയാണ് ഗബ്രീയേൽ ദൂതൻ്റെ പ്രവചനത്തിലുള്ളത്. അനേകർ വിചാരിക്കുന്നതുപോലെ ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ഒന്നുമല്ല മറിയയിലൂടെ ജനിച്ചത്; പാപമില്ലാത്ത ഒരു മനുഷ്യനാണ്. ആത്മാവിൽ ബലപ്പെടുകയും, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ചെയ്ത ഒരു പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു യേശു. (ലൂക്കോ, 2:40; 2:52). ‘ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷം, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് (മത്താ, 3:16; പ്രവൃ, 10:38) യേശുവെന്ന പരിശുദ്ധമനുഷ്യൻ, ക്രിസ്തു അഥവാ അഭിഷിക്തൻ ആയതും (മത്താ, 16:16), പ്രവചനംപോലെ പിതാവിനാൽ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടതും. (മത്താ, 3:17). അതായത്, യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷ 33½ വർഷമെന്ന് കണക്കാക്കിയാൽ, തൻ്റെ ഐഹിക ജീവിതത്തിൽ ഏകദേശം മൂന്നരവർഷം അഥവാ പത്തിലൊന്നു സമയം മാത്രമാണ് ക്രിസ്തുവെന്ന പദവിയും ദൈവപുത്രനെന്ന പദവിയും തനിക്കുണ്ടായിരുന്നത്. ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാൻ ഇതിൽപരം തെളിവെന്തിനാണ്. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3), മോശെ മുതൽ മലാഖി വരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിയിൽ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:15; മലാ, 1:1), മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനുമായ ജീവനുള്ള ദൈവം കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4) യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32) മനുഷ്യനായി വെളിപ്പെടുകയായിരുന്നു: (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15; 1പത്രൊ, 1:20).

ഏഴുപേരുടെ പുത്രൻ: ക്രിസ്തു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് വിശ്വസിക്കുന്നവരോട് പറയട്ടെ; അവൻ ദൈവത്തിൻ്റെ മാത്രം പുത്രനല്ല; പലരുടെയും പുത്രനാണെന്ന് ദൈബിൾ നമ്മോടു പറയുന്നു. പുതിയനിയമത്തിൽ ഏഴുപേരുടെ പുത്രനായി ക്രിസ്തുവിനെ പറഞ്ഞിട്ടുണ്ട്. 1. ദൈവപുത്രൻ (മത്താ, 3:17). 2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). (കാണുക: മൂന്നു സ്ത്രീകൾ). ഏഴുപേരുടെ പുത്രനായി പറഞ്ഞിരിക്കുന്നൊരാൾ, ദൈവത്തിൻ്റെ മാത്രം സാക്ഷാൽ പുത്രനാകുന്നതെങ്ങനെ? യേശുക്രിസ്തു ദൈവപുത്രനാണെന്ന് വാദിച്ചാൽ അതേയർത്ഥത്തിൽ മറ്റെല്ലാവരുടെയും പുത്രനാകണ്ടേ? ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകരുടെ പുത്രനാണെന്ന് പറയുകയും ചെയ്തിരിക്കുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് പറയുന്നവർ ഏതാത്മാവിന് അധീനരാണെന്ന് ശോധന ചെയ്യേണ്ടതാണ്. യേശുക്രിസ്തുവിനെ ദൈവത്തിൻ്റെ ഒരേയൊരു പുത്രനായി നിക്ഷ്പക്ഷബുദ്ധികൾ മനസ്സിലാക്കാൻ കാരണം അവൻ്റെ ഏകജാതനെന്ന പ്രയോഗമാണ്. ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും ക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്. ഒരു മകന് അക്ഷരാർത്ഥത്തിൽ അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ലെന്നത് കൊച്ചുകുട്ടികൾക്കു പോലും അറിയാം; എങ്കിലും ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം വിശ്വസിക്കുന്ന കാരണത്താൽ നിർമ്മലഹൃദയർ പോലും ഇതൊന്നും അറിയാതെ തെറ്റിപ്പോകുന്നു. ഏകജാതനും ആദ്യജാതനും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണ്. (കാണുക: ഏകജാതനും ആദ്യജാതനും). 

നിസ്തുലപുത്രൻ: ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്; അവൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ്. (1തിമൊ, 3:16). ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് എൻ്റെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും എന്നുപറഞ്ഞത്? മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ജഡത്തിൽ പ്രത്യക്ഷനായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് പറയുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടrത്തും ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകസത്യദൈവവും പിതാവുമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യപുത്രനായിരുന്നു. ആ നിലയിൽ അവൻ നിസ്തുലനാണ്. (കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം). രണ്ട്; വചനം ജഡമായവൻ എന്ന നിലയിൽ അവൻ നിസ്തുലനാണ്: യോഹന്നാൻ്റെ പുസ്തകങ്ങളിൽ മാത്രമാണ്
ഏകജാതെനെന്ന പ്രയോഗം അഞ്ചുപ്രാവശ്യമുള്ളത് സുവിശേഷങ്ങളിൽ നാലു പ്രാവശ്യവും ലേഖനങ്ങളിൽ ഒരു പ്രാവശ്യവും. (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യോഹന്നാൻ്റെ ക്രിസ്തു വചനം ജഡമായവനാണ്. ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; ‘ദൈവത്തോടു കൂടെയായിരുന്ന ദൈവമായിരുന്ന വചനം ജഡമായിത്തീർന്നു’ എന്നത്. പഴയനിയമത്തിലെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്: ((ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന യേശുവിൻ്റെ വാക്കുകളും ചേർത്ത് ചിന്തിച്ചാൽ; ദൈവത്തിന് മാനവരാശിയോടുള്ള സ്നേഹമാണ് തൻ്റെ ഉള്ളിലെ വചനം ജഡമായ പുത്രനിലൂടെ ദൈവം ലോകത്തിന് വെളിപ്പെടുത്തിയതെന്ന് മനസ്സിലാലാക്കാം. (വചനം ദൈവം ആയിരുന്നു, ഏകജാതനും ആദ്യജാതനും). മൂന്ന്; ക്രിസ്തു കേവലം മനുഷ്യനല്ല; ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). യോർദ്ദാനിലെ സ്നാനത്തിലാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). നാല്; അവൻ കന്യകാജാതനാണ്. (മത്താ, 1:22). ആ നിലയിലും അവൻ നിസ്തുലനാണ്. അഞ്ച്; അവൻ പാപമറിയാത്തവനാണ്. (2കൊരി, 5:21). ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. ആറ്; അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്.

ദൈവപുത്രനും മനുഷ്യപുത്രനും: പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ ഒരാവർത്തി വായിച്ചുനോക്കുന്ന ആർക്കും മനസ്സിലാകും: ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണ്. 61 പ്രാവശ്യം ദൈവപുത്രനെന്നും 89 പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിളിച്ചിട്ടുണ്ട്. അതിൽ അഞ്ചുപ്രാവശ്യമാണ് യേശു തന്നെത്തന്നെ ‘ദൈവപുത്രൻ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. (യോഹ, 5:25; 9:35; 10:36; 11:4; വെളി, 2:18) എന്നാൽ ഏറ്റവുമധികം തന്നെത്തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് മനുഷ്യപുത്രനെന്നാണ്; ഒന്നും രണ്ടുമല്ല, ഉത്തമപുരുഷനിലും പ്രഥമപുരുഷനിലുമായി 82 പ്രാവശ്യം മനുഷ്യപുത്രനെന്ന് വിശേഷിപ്പിക്കുന്നു. ദൈവപുത്രൻ (Son of God) എന്ന് ഏതർത്ഥത്തിൽ വിളിച്ചിരിക്കുന്നുവോ, അതേയർത്ഥത്തിൽ തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിളിച്ചിരിക്കുന്നത്. ദൈവപുത്രൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, മനുഷ്യപുത്രൻ മനുഷ്യൻ്റെ സാക്ഷാൽ പുത്രനായില്ലേ? യേശു ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? അല്ലെങ്കിൽ താൻ മനുഷ്യപുത്രനാണെന്ന് യേശു 82 പ്രാവശ്യം കള്ളം പറഞ്ഞുവെന്ന് പറയുമോ? അപ്പോഴത് പരസ്പരവിരുദ്ധമാകും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ഒരുപോലെ യേശുവിന് യോജിക്കുന്നത് പദവിയായതുകൊണ്ടാണ്. യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് പഠിപ്പിക്കുന്ന ത്രിത്വത്തിന് അവൻ്റെ മനുഷ്യപുത്രത്വം കാണാൻ കഴിയാതെവണ്ണം സാത്താൻ അവരുടെ കണ്ണ് കുരുടാക്കിക്കളഞ്ഞു. കഥയറിയാതെ ആട്ടം കാണുന്നവരാണ് ക്രൈസ്തവ നാമധാരികൾ. യേശുവിൻ്റെ ദൈവപുത്രത്വത്തിനും മനുപുത്രത്വത്തിനും കാരണമായി പഴയനിയമത്തിൽ സാക്ഷാൽ ദൈവപുത്രനും മനുഷ്യപുത്രനുമായ ഒരുവനുണ്ട്; അവനെ അറിയാത്തതാണ് ഏകദൈവം ത്രിത്വമാണെന്ന് തെറ്റിദ്ധരിച്ചതും യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്നറിയാതെ പോയതും. (കാണുക: എട്ടാം സങ്കീർത്തനം, ദൈവപുത്രനും മനുഷ്യപുത്രനും, യിസ്രായേലിൻ്റെ പദവികൾ)

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.” (മത്താ, 16:16). യേശു, ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല. “എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത് യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെ കുറിച്ചാണ്. (മത്താ, 3:17; 16:17). യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർ തന്നെയും യേശു ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും ഒക്കെ അറിവുള്ളതാണ്. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോൾ ശിഷ്യന്മാർ യേശുവിൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. രണ്ടാമത്തെ കാര്യം: മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ, ദൈവത്തിൻ്റെ സാക്ഷാൽ ക്രിസ്തുവിനെയോ അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതും ഓർക്കുക. (യോഹ, 4:22). ജഡത്താലുള്ള ബലഹീനതനിമിത്തം തൻ്റെ വാഗ്ദത്തസന്തതിക്ക് കഴിയാത്തതിനെ സാധിപ്പാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുവെന്ന ക്രിസ്തു: (മത്താ, 5:17,18; 1തിമൊ, 3:14-16; 1പത്രൊ, 1:20). പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മത്തിൽ ജീവനുള്ളദൈവമായ യഹോവയാണ് വെളിപ്പെട്ടതെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: ആവ, 5:26; യോശു, 3:10). ജീവനുള്ള ദൈവവും ശാശ്വരാജാവും യഹോവയാണ്: (യിരെ, 10:10). ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെങ്കിൽ, അവനെങ്ങനെ യഥാർത്ഥത്തിൽ ജീവനുള്ള ദൈവത്തിൻ്റെ പുത്രനാകാൻ കഴിയും? പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനം മാത്രമാണെന്ന് വ്യക്തമല്ലേ?. (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു, ദൈവത്തിൻ്റെ ക്രിസ്തു)

ദൈവത്തോടു കൂടെയുണ്ടായിരുന്ന പുത്രൻ: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). പൗലോസിനു വെളിപ്പെട്ട സഭയെക്കുറിച്ചുള്ള മർമ്മത്തിൽ, ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ദൈവത്തിൻ്റെ വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണ് ക്രിസ്തുവെന്ന് വേറെയും അനേകം വാക്യങ്ങളുണ്ട്. (യോഹ, 12:38; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). എന്നാൽ യോഹന്നാൻ ദൈവത്തിൻ്റെ വെളിപ്പാടിനെ അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗാസായാണ് അവതരിപ്പിക്കുന്നത്. ഒരാളുടെ ഹൃദയും ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് വാക്ക് അഥവാ ലോഗോസ്. അതുകൊണ്ടാണ്, “വചനം ജഡമായി തീർന്നു” (The Word became flesh) എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). യോഹന്നാൻ്റെ വാക്കുകൾ ശ്രദ്ധിക്കണം: ദൈവം ജഡമായി അഥവാ മനുഷ്യനായി എന്നല്ല; ദൈവത്തോടു കൂടെ “ആയിരുന്ന” ദൈവം “ആയിരുന്ന” വചനം മനുഷ്യനായി എന്നാണ് പറയുന്നത്. യോഹന്നാൻ എന്തുകൊണ്ടാണ് ദൈവം ജഡമായി എന്നു പറയാതെ, വചനം ജഡമായി എന്ന് പറയുന്നത്? ദൈവം ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. ദൈവത്തിന് താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്താൻ അഥവാ പ്രത്യക്ഷനാകനല്ലാതെ, അവതാരമെടുക്കാനോ, മനുഷ്യനോ മറ്റൊന്നോ ആയിത്തീരുവാനോ കഴിയില്ല. എന്തെന്നാൽ ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപമോ സ്വഭാവമോ ത്യജിക്കാൻ കഴിയില്ല. (2തിമൊ, 2:13; യാക്കോ, 1:17). അതിനാലാണ് ദൈവത്തിൻ്റെ ലോഗോസ് അഥവാ വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതയുടെ മറ്റൊരു പ്രയോഗമാണത്. ദൈവം തൻ്റെ വാക്ക് അഥവാ വചനത്താൽ “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയത്. (ഉല്പ, 1:24). അതാണ്, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. തൻ്റെ വചനത്താലാണ് ദൈവം സകലവും ചെയ്യുന്നത്. ദൈവവചനത്തിൻ്റെ പ്രവൃത്തികൾ നോക്കുക: ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതും (സങ്കീ, 33:6. ഒ.നോ: യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7), വീണ്ടും ജനിപ്പിക്കുന്നതും (യാക്കോ, 1:18; 1പത്രൊ, 1:23), സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതും (സങ്കീ, 107:20), ജീവൻ നല്കുന്നതും (സങ്കീ, 119:50) വചനമാണ്. ദൈവത്തിൻ്റെ വചനം അതിവേഗം ഓടുന്നതാണ്. (സങ്കീ, 147:15). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). കാലസമ്പൂർണ്ണതയിൽ ദൈവത്തിൻ്റെ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14. ഒ.നോ: ഗലാ, 4:4). “വചനം ദൈവത്തോടു കൂടെയായിരുന്നു.” ദൈവത്തിൻ്റെ വചനം ദൈവത്തോടു കൂടെത്തന്നെ ആയിരിക്കും; ദൈവത്തെയും അവന്റെ വചനത്തെയും ആർക്കും വേർപിരിക്കാൻ കഴിയില്ല. എന്നാൽ എഴുത്തുകാരൻ വചനത്തിന് ആളത്തം കല്പിച്ചിരിക്കയാലാണ്, ‘വചനം ദൈവത്തോടു കൂടെയായിരുന്നു’ (the Word was with God) എന്ന് പറഞ്ഞിരിക്കുന്നത്. സദൃശ്യവാക്യങ്ങളിൽ ജ്ഞാനം പറഞ്ഞിരിക്കുന്നു: “എൻ്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു” (my delights were with the sons of men). (8:31). രണ്ടും തമ്മിൽ ഒരു വ്യത്യാസമേയുള്ളു: സദൃശ്യവാക്യങ്ങളിൽ ജ്ഞാനം ഉത്തമപുരുഷനാണ്; സുവിശേഷത്തിൽ വചനം പ്രഥമപുരുഷനാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ; അവിടെ എഴുത്തുകാരനായ ശലോമോൻ ജ്ഞാനത്തിന് ആളത്തം കൊടുത്തിട്ട് ജ്ഞാനമാണ് സംസാരിക്കുന്നത്. ഇവിടെ എഴുത്തുകാരനായ യോഹന്നാൻ വചനത്തിന് ആളത്തം കൊടുത്തിട്ടുണ്ടെങ്കിലും വചനത്തെക്കുറിച്ച് പറയുന്നത് എഴുത്തുകാരൻ തന്നെയാണ്. “വചനം ദൈവം ആയിരുന്നു.” വചനം മാത്രമല്ല; ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ ആത്മാവും കരുണയും കൃപയും ജ്ഞാനവും ഭുജവും വചനവും വിവേകവും ശക്തിയുമെല്ലാം ദൈവമാണ്. ദൈവത്തിൻ്റെ ആത്മാവിനെയും വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല; എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. യോഹന്നാൻ 1:1-ൻ്റെ വിഷയം പൂർവ്വാസ്തിത്വം (pre-existence) ആണ്; അതിനാലാണ് ദൈവത്തോടു കൂടെയായിരുന്നു; ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ (past tense) പറഞ്ഞിരിക്കുന്നത്. അതുപക്ഷെ ത്രിത്വം വിശ്വസിക്കുന്നതുപോലെ, വചനം ജഡമായ യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വമല്ല; പ്രത്യുത, ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. ഒന്നുകൂടി പറഞ്ഞാൽ; ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ (മനുഷ്യരുടെ) ഇടയിൽ പാർത്തത്തവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ യേശുവെന്ന മനുഷ്യനാണ്. എന്നാൽ അവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; ദൈവത്തിൻ്റെ വചനമാണ്. (യോഹ, 1:14). ആകുന്നവൻ്റെ അസ്തിത്വമല്ല; ആയിരുന്നവൻ്റെ അസ്തിത്വമാണ് യോഹന്നാൻ 1:1-ൻ്റെ വിഷയം; അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. (കാണുക: വചനം ദൈവം ആയിരുന്നു)

പിതാവിൻ്റെ മടിയിലിരിക്കുന്ന പുത്രൻ: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). ഇതിനെ, പിതാവിൻ്റെ മടിയിലിരിക്കുന്ന മറ്റൊരു വ്യക്തിയും പുത്രദൈവമായും ത്രിത്വം യേശുവിനെ മനസ്സിലാക്കുന്നു. ഇവിടെ ‘മടിയിൽ‘ എന്ന പരിഭാഷ തെറ്റാണ്. bosom എന്നാൽ; നെഞ്ച്, ഹൃദയം, മാറിടം, മനസ്സ്, വക്ഷസ്സ് എന്നൊക്കെയാണ്. യോഹന്നാൻ 13:23-ൽ അതേ പദത്തെ ‘മാറിടം’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ദൈവവും ദൈവത്തോടു കൂടെയിരുന്ന വചനവുമായുള്ള അഭേദ്യമായ ബന്ധമാണ് ‘മടിയിലിരിക്കുന്ന ഏകജാതൻ’ എന്ന പ്രയോഗത്തിനാധാരം. ഇ.ആർ.വി. പരിഭാഷയിൽ: ‘പിതാവിനോട് ഏറ്റവും അടുത്തവൻ’ എന്നും; മലയാളം ഓശാന നൂതന പരിഭാഷയിൽ: ‘പിതാവുമായി അഭേദ്യബന്ധം പുലർത്തുന്നവൻ’ എന്നുമാണ്. ക്രിസ്തു ദൈവത്തിൻ്റെ മടിയിൽ മാത്രമല്ല, പല ഭാഗങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഉദാഹരണം: യഹോവയുടെ: പുറകിൽ (സങ്കീ, 16:8; പ്രവൃ, 2:25), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5; പ്രവൃ, 2:25), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17). പലസ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിരിക്കയാൽ, പുത്രൻ പിതാവിൻ്റെ അടുക്കലിരിക്കുന്ന മറ്റൊരു വ്യക്തിയല്ല; അതൊക്കെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. (കൂടുതൽ അറിയാൻ കാണുക: വചനം ദൈവം ആയിരുന്നു)

പിതാവു അയച്ച പുത്രൻ: “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.” (1യോഹ, 4:14. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:8; റോമ, 8:3; 1യോഹ, 4:9). “പിതാവ് പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്നു പറഞ്ഞിരിക്കയാൽ, സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് പുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ പ്രത്യക്ഷതയുടെ മറ്റൊരു പ്രയോഗമാണ്, ‘ദൈവം അയച്ചു’ എന്നത്; അല്ലാതെ ദൈവത്തിൻ്റെ അടുക്കലുള്ള മറ്റൊരു വ്യക്തിയല്ല. അതിന് പല തെളിവുകളുണ്ട്: ഒന്ന്: “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു” എന്ന് ക്രിസ്തു ആവർത്തിച്ചു പറകയുണ്ടായി. (യോഹ, 3:13; 3:34; 6:33,38,41,42,58). അക്ഷരാർത്ഥത്തിൽ അയക്കപ്പെട്ടവൻ ഒരിക്കലും ‘ഞാൻ ഇറങ്ങിവന്നു’ എന്നു പറകയില്ലല്ലോ? ‘അയച്ചു’ എന്നു പറയുന്നതും ‘ഞാൻ ഇറങ്ങിവന്നു’ എന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്, ദൈവത്തിൻ്റെതന്നെ പ്രത്യക്ഷതയായ പുത്രനായതുകൊണ്ടാണ്. രണ്ട്; ‘ദൈവം അയച്ചു’ എന്ന പ്രയോഗത്തിന് ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന ഖണ്ഡിതമായ അർത്ഥം ബൈബിളിലില്ല. തെളിവ്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണോ? യോഹന്നാൻ മാത്രമല്ല; മോശെയെയും (പ്രവൃ, 7:35) യിരെമ്യാവിനെയും (43:1) സകല പ്രവാചകന്മാരെയും (യിരെ, 26:4; 35:15; 44:4) ദൈവം അയച്ചതാണ്; അവരൊക്കെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരാണെന്ന് പറഞ്ഞാൽ ശരിയാകുമോ? മൂന്ന്; ദൈവം അയച്ച എല്ലാവരെയും പോലെ ഒരു മനുഷ്യസ്ത്രീയിൽ നിന്ന് ജനിച്ചവനാണ് യേശുവും. (മത്താ, 1:25). അവൻ ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണെന്ന് കൃത്യമായിട്ട് പറഞ്ഞിട്ടുമുണ്ട്. (1തിമൊ, 3:14-16). നാല്; ജഡത്തിൽ വെളിപ്പെട്ടവൻ അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയും ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; അറിയപ്പെട്ടവനാണ്. എന്നാൽ അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: എബ്രാ, 1:2). അഞ്ച്; ദൈവത്തിൻ്റെ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യൻ എന്ന നിലയിൽ അവൻ യിസ്രായേൽ ഗോത്രത്തിൽ നിന്ന് ഉത്ഭവമുള്ളതായി ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (റോമ, 9:5. മുകളിൽ യേശുവെന്ന മനുഷ്യൻ’ എന്ന ഖണ്ഡിക നോക്കുക). ദൈവത്തിൻ്റെ അടുക്കൽ നിത്യമായ ഉണ്ടായിരുന്ന ഒരു പുത്രൻ യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ? ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയുടെ വിവിധ പ്രയോഗങ്ങളാണ്; വചനം ജഡമായി, പരിശുദ്ധാത്മാവിനാൽ ജനിച്ചു, ദൈവം അയച്ചു തുടങ്ങിയവ. (കാണുക: ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം)

പിതാവിൻ്റെ അടുക്കലുള്ള പുത്രൻ്റെ മഹത്വം: “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (മത്താ, 17:5). ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണത് പറയുന്നത്. വചനമെന്ന നിലയിൽ ദൈവത്തിൻ്റെ വചനവും ജ്ഞാനവും വിവേകവും ശക്തിയുമെല്ലാം എന്നുമെന്നും ദൈവത്തിൻ്റെ കൂടെത്തന്നെ ആയിരിക്കും. ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായി അവൻ്റെയടുക്കൽ ഉണ്ടായിരുന്നെങ്കിൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനം പറയുന്നത് കൂടി ശ്രദ്ധിക്കുക; “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:30. ഒ.നോ: 8:22-29). മാത്രമല്ല, ദൈവം ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം അവനോടുകൂടെ ഉണ്ടായിരുന്നു. (സദൃ, 8:27). ജ്ഞാനത്താലാണ് യഹോവ ഭൂമിയെ സ്ഥാപിച്ചത്. (സദൃ, 3:19; യിരെ, 10:12; 51:12), ജ്ഞാനം പല കാര്യങ്ങൾ ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: ഘോഷിക്കുന്നു (1:2), വിളിക്കുന്നൂ 1:21), ചോദ്യം ചോദിക്കുന്നു 1:22), വിളിച്ചുപറയുന്നു (8:1), വീടു പണിയുന്നു (9:1), സദ്യ ഒരുക്കുന്നു (9:2-5), പീഠത്തിന്മേൽ ഇരിക്കുന്നു (9:15) തുടങ്ങിയ അനവധി കാര്യങ്ങൾ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇനിയും നോക്കുക: ഒന്ന്; “ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു.” (8:27). വചനത്തെക്കുറിച്ചു പറയുന്നു: “അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:2). രണ്ട്; “ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു.” (8:35). വചനത്തെക്കുറിച്ചു പറയുന്നു; “അവനിൽ ജീവൻ ഉണ്ടായിരുന്നു.” (യോഹ, 1:4; 3:36). മൂന്ന്; “ജ്ഞാനത്തോടു പിഴെക്കുക്കുന്നവൻ പ്രാണഹാനി വരുത്തുന്നു.” (8:36). വചനം ജഡമായ പുത്രനെക്കുറിച്ചു പറയുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്: “പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു” എന്നാണ്. ജ്ഞാനം പറയുന്നു: “ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു.” (8:24). ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു പറയുന്നവർ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തോടൊപ്പം ശില്പിയായി അഥവാ എഞ്ചിനീയറായി ഉണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? ഇല്ല. സമ്മതിച്ചാൽ ദൈവത്തിനു പുത്രൻ മാത്രമല്ല; ഒരു പുത്രികൂടി ഉണ്ടെന്ന് സമ്മതിക്കണം. വചനം ജഡമാകുന്നതിന് മുമ്പ് മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു; വചനം ജഡമായ പുത്രൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യമായശേഷം മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. എന്തെന്നാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷതയായ പുത്രൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. പിന്നെ, ഉണ്ടാകുന്നത് ആരാണ്? ആരാണോ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായത്; അവനാണ് എന്നേക്കുമുള്ളവൻ. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ മഹാദൈവമാണ് എന്നേക്കും ഉള്ളവൻ. (കാണുക: ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം)

പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ: “ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യേശുക്രിസ്തുവെന്ന ഒരു ഏകദൈവമേയുള്ളു. അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനും, പരിശുദ്ധാത്മാവായി പ്രത്യക്ഷനായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് അവൻ പറഞ്ഞതോർക്കുക. (യോഹ, 14:18). യോഹന്നാൻ അപ്പൊസ്തലൻ പറയുന്ന പിതാവ് അദൃശ്യനായ ദൈവമാണ്; ദൈവമഹത്വത്തിൻ്റെ അടുത്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവും ഉണ്ട്. (റോമ, 8:34). അവനാണ് അദൃശ്യദൈവത്തിൻ്റെ പ്രതിമ. (കൊലൊ, 1:15). സ്തെഫാനോസ് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയും കണ്ടതോർക്കുക. (പ്രവൃ, 7:55). പിതാവിൻ്റെ അടുക്കൽ നമ്മുടെ കാര്യസ്ഥനായ യേശുക്രിസ്തു ഉണ്ടെന്നുള്ളതാണ് നമ്മുടെ ഉറപ്പും ബലവും പ്രത്യാശയും. അവൻ നമ്മെ തൻ്റെ സ്വരുപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവവും നമ്മുടെ പാപങ്ങളെപ്രതി മദ്ധ്യസ്ഥനും മറുവിലയുമായി പ്രത്യക്ഷനായി മരിച്ച മനുഷ്യനായ കർത്താവുമാണ്. (ലൂക്കൊ, 2:11). പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). (കാണുക: പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ)

ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ.” (റോമർ 1:5). പുത്രത്വം എന്നത് ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവിയാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ ഈ വാക്യത്തിൽ പറയുന്നത്; “ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു” എന്താണിതിൻ്റെ അർത്ഥം? വാക്യത്തിൻ്റെ ഒന്നാംഭാഗം: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും.” “മനുഷ്യനെന്ന നിലയിൽ അവൻ ദാവീദുവംശജനായിരുന്നു” എന്നാണ് മറ്റൊരു പരിഭാഷ. ഈ പ്രയോഗം ദൈവത്തെക്കുറിച്ചുള്ളതല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെക്കുറിച്ചുള്ളതാണ്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ, യേശു ദൈവത്തിൻ്റെ നിത്യപുത്രനും പൂർണ്ണദൈവവും ആണെങ്കിൽ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം: ഒന്ന്; യേശു, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരിക്കാൻ ദാവീദിൻ്റെ സന്തതിയാകേണ്ട ആവശ്യമെന്താണ്? ദൈവപുത്രനെന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെട്ട ഈ പുത്രൻ ജഡപ്രകാരം ദാവീദിൻ്റെ സന്തതിയാണ്. രണ്ട്; ദൈത്തിൻ്റെ നിത്യപുത്രനും ദൈവവുമായവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ ദൈവപുത്രനെന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടേണ്ട ആവശ്യമെന്താണ്? ത്രിത്വം പഠിപ്പിക്കുന്ന ദൈവത്തിൻ്റെ നിത്യപുത്രന് ഏതൊരു കാരണം ചൊല്ലിയും ഭൂമിയിൽ വന്നിട്ട് ദൈവപുത്രനാണെന്ന് നിർണ്ണയിക്കപ്പെടേണ്ട ആവശ്യമില്ല. മാത്രമല്ല, ശക്തിയോടെ ദൈവപുത്രനെന്ന് നിർണ്ണയിക്കപ്പെട്ടവൻ ദാവീദിൻ്റെ പുത്രനുമാണ്. യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവപുത്രനോ, ദാവീദിൻ്റെ പുത്രനോ അല്ല; ജഡത്തിൽ വെളിപ്പെട്ട പരിശുദ്ധമനുഷ്യൻ്റെ പദവി മാത്രമാണത്. അപ്പോൾ ഒരു ചോദ്യംവരും: യഥാർത്ഥത്തിൽ ദൈവപുത്രനും ദാവീദുപുത്രനുമായ ഒരു സന്തതിയുണ്ടോ? ഉണ്ട്. ദൈവം എന്തിന് ആർക്കുവേണ്ടി ജഡത്തിൽ വെളിപ്പെട്ടുവെന്ന് അറിഞ്ഞാലെ ഈ വാക്യം മനസ്സിലാകുകയുള്ളു. പഴയനിയമത്തിൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, നിശ്ചലകൃപകളുടെ അവകാശിയും; വിശേഷാൽ ദൈവസന്തതിയുമായ ഒരുവനുണ്ട്. അവനാണ് ദൈവത്തിൻ്റെ അഭിഷിക്തനും, ആദ്യജാതനും, ആകാശമേഘങ്ങളിലൂടെ വരുന്ന മനുഷ്യപുത്രനും, ജാതികൾ സേവിച്ചനുസരിക്കുന്ന നിത്യരാജാവും. അത് മറ്റാരുമല്ല; ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും അവകാശി യിസ്രായേലാണ്. ദാവീദിനോടുള്ള ദൈവത്തിൻ്റെ നിശ്ചലകൃപകളോടുള്ള ബന്ധത്തിൽ പതിനാറാം സങ്കീർത്തനത്തിലെ ദ്രവത്വം കാണാത്ത പരിശുദ്ധനും യിസ്രായേലാണ്. (16:10). ജഡത്തിലാലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ അയച്ചത്; അഥവാ ദൈവം തന്നെ പുത്രനായി വെളിപ്പെട്ടത്. (റോമ, 8:3). അതായത്, ന്യായപ്രമാണം ദുർബ്ബലമായതുകൊണ്ടല്ല; യിസ്രായേലെന്ന ദൈവപുത്രൻ്റെ ബലഹീനതകൊണ്ട് അവർക്ക് ന്യായപ്രമാണം അനുസരിക്കാനോ ദൈവം നല്കിയ വാഗ്ദത്തങ്ങളും പദവികളും സാക്ഷാത്കരിക്കാനോ കഴിഞ്ഞില്ല. അതിനാൽ, ദൈവംതന്നെ അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് നിറവേറ്റിക്കൊടുക്കാൽ യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദാവീദുപുത്രൻ (മത്താ, 1:1) എന്നീ പദവികളിലും മനുഷ്യനായി വെളിപ്പെട്ട് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തുവിൽ ആ പദവികൾ ആരോപിച്ചിരിക്കുന്നത്. യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവപുത്രനോ ദാവീദുപുത്രനോ അല്ല; ജഡത്തിലെ ശുശ്രൂഷയാടുള്ള ബന്ധത്തിലെ പദവി മാത്രമാണ്. യിസ്രായേലിനും അത് പദവിയാണ്; പക്ഷെ, നിശ്ചലകൃപയോടുള്ള ബന്ധത്തിൽ യിസ്രായേലിനത് നിത്യപദവിയാണ്. സ്വന്തജനത്തെ അവരുടെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ മരണ പുനരുത്ഥാങ്ങളിലൂടെയാണ് ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിൻ്റെ ദൈവപുത്രത്വം ശക്തിയോടെ നിർണ്ണയിക്കപ്പെട്ടത്. ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തെക്കുറിച്ച് പൗലൊസ് പറയുമ്പോൾ ദാവീദിൻ്റെ വിശുദ്ധ കൃപകളെക്കുറിച്ച് പറയുന്നതോർക്കുക. (പ്രവൃ, 13:34). അല്ലാതെ, സ്രഷ്ടാവും മഹാദൈവവും നിത്യപിതാവുമായ യേശുക്രിസ്തുവിൻ്റെ പുത്രത്വമല്ല അവിടുത്തെ വിഷയം. (കാണുക: എട്ടാം സങ്കീർത്തനം, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്ന പുത്രൻ: “എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്; ത്രിത്വം മാത്രമല്ല; എല്ലാവരും അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്. (110:1). യിസ്രായേലിനു ദൈവം നല്കിയ പദവികളാണതൊക്കെ. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്നുകൊണ്ട് സകല ജാതികളെയും ഭരിക്കുന്ന രാജാവ്. അല്ലാതെ, യേശുക്രിസ്തുവെന്ന ആർക്കും കീഴ്പെട്ടിരിക്കുന്നവനല്ല. ദൈവം ഒരുത്തൻ മാത്രമാണന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കുക. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, പതിനാറാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

യേശു നിത്യപുത്രനോ: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. യേശുവിനെ ദൈവമല്ലാതാക്കാൻ ഉപായിയായ സർപ്പം മെനഞ്ഞ ട്രിനിറ്റിയുടെ ഉപോല്പന്നങ്ങളിൽ (by-products) ഒന്നുമാത്രമാണ് നിത്യപുത്രൻ. ഈ ദുരുപദേശത്തിന് ആധാരമായി അവരെടുക്കുന്ന വാക്യമാണ്: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). യേശുക്രിസ്തു നിത്യനായതിനാൽ അവൻ്റെ പുത്രത്വം നിത്യമായിരിക്കുമെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആദിയും അന്തവും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ജഡത്തിൽ വെളിപ്പെട്ട മനുഷ്യനെക്കുറിച്ചല്ല; മഹാദൈവത്തെക്കുറിച്ചാണെന്ന് തിരിച്ചറിയാൻപോലും അവർക്ക് കഴിയുന്നില്ല. ഇനി, ജഡത്തിൽ വെളിപ്പെട്ടവന് പുത്രത്വം മാത്രമാണ് പദവിയായിട്ട് ഉണ്ടായിരുന്നതെങ്കിൽ നിത്യപുത്രനാണെന്ന് പറയുന്നതിൽ ഒരു ന്യായമുണ്ടായിരുന്നു. ജഡത്തിൽ വെളിപ്പെട്ടവന് അനവധി പദവികളുണ്ട്; അവയിലൊന്നു മാത്രമാണ് ദൈവപുത്രൻ. പദവികൾ നോക്കുക: അന്തം (വെളി, 21:6), അന്ത്യൻ (വെളി, 1:17), അത്ഭുതമന്ത്രി (യെശ, 9:6), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), അല്ഫ, (വെളി,1:8), ആദി, (വെളി, 21:6), ആദ്യൻ (വെളി, 1:17), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഇരിക്കുന്നവൻ (വെളി, 1:8), ഇരുന്നവൻ (വെളി, 1:8), ഏകജാതൻ (യോഹ, 1:14), ഒടുക്കത്തവൻ (വെളി, 22:13), ഒടുക്കത്തെ ആദാം (1കൊരി, 15:45), ഒന്നാമൻ (വെളി, 22:13), ഒമേഗ (വെളി, 1:8), കാര്യസ്ഥൻ (1യോഹ, 2:1), കുഞ്ഞാട് (വെളി, 5:6), ക്രിസ്തു (മത്താ, 16;16), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), നസറായൻ (മത്താ, 2:22), നിത്യപിതാവ് (യെശ, 9:6), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രിയൻ (മത്താ, 12:17), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1 തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 4:15), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), യോസേഫിന്റെ മകൻ (യോഹ, 1:45), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), വചനം (യോഹ, 1:1), ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട് (വെളി, 13:8), വരുന്നവൻ (വെളി, 1:8), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), സമാധാനപ്രഭു (യെശ, 9:6), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4:4). യേശുക്രിസ്തു നിത്യനായതുകൊണ്ട് പുത്രത്വം നിത്യമാണെന്ന് പറയുന്നവർ അവൻ്റെ മറ്റു പദവികളൊന്നും കണ്ടില്ലേ? ഉദാഹരണത്തിന്: ക്രിസ്തു ദൈവത്തിൻ്റെ ദാസനാണ്; നിത്യദാസനാണെന്ന് പറയാത്തതെന്തേ? അവൻ തച്ചനാണ്; നിത്യതച്ചനാണെന്ന് പറയാത്തതെന്തേ? അവൻ കുഞ്ഞാടാണ്; നിത്യകുഞ്ഞാടാണെന്ന് പറയാത്തതെന്തേ? അവൻ ഇടർച്ചക്കല്ലും തടങ്ങൾപ്പാറയും മുളയും മൂലക്കല്ലുമാണ്; ഈ പദവിയൊക്കെ നിത്യമായാൽ എങ്ങനെയിരിക്കും? അവൻ വഴിയും വാതിലുമാണ്; കൃപായുഗത്തിൻ്റെ വാതിലടയുമ്പോൾ വഴിയും വാതിലും അടയും. കൃപായുഗം കഴിയുന്നതുവരെ മാത്രമേ ദൈവപുത്രത്വവും ഉണ്ടാകുകയുള്ളു. ഇന്ന് ദൈവപുത്രനെ കൈക്കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ആർക്കും രക്ഷപ്രാപിക്കാൻ കഴിയും. (യോഹ, 1:12; 3:16). കൃപയാലുള്ള രക്ഷയ്ക്കൊരു പരിധി വെച്ചിട്ടുണ്ട്; കാഹളധ്വനി. (1കൊരി, 15:52). കർത്താവ് വാഗ്ദത്തംപോലെ തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ (യോഹ, 1:3); പിന്നെ ദൈവപുത്രനെന്ന പദവിക്കും ദൈവപുത്രനിലൂടെയുള്ള രക്ഷയ്ക്കും തിരശ്ശീല വിഴും. കർത്താവ് വീണ്ടുംവരുന്നത്, ദൈവപുത്രനായിട്ടല്ല; മനുഷ്യപുത്രനായിട്ടാണ്. (മത്താ, 13:41; 16:22). മനുഷ്യരെ തൻ്റെ കൃപയാൽ രക്ഷിക്കാൻ വേണ്ടിയാണ് മഹാദൈവം മനുഷ്യനായിവന്ന് ദൈവപുത്രനെന്ന പദവി സ്വീകരിച്ചത്. നിഖ്യാ സുന്നഹദോസിലൂടെ അവനെപ്പിടിച്ച് നിത്യപുത്രനാക്കിയത് സാത്താനാണ്. ദൈവപുത്രനെന്ന് എപ്രകാരം വിളിച്ചിരിക്കുന്നോ അപ്രകാരം തന്നെയാണ് മനുഷ്യപുത്രനെന്നും വിളിച്ചിരിക്കുന്നത്. യേശുക്രിസ്തു നിത്യനായ കാരണത്താൽ ദൈവപുത്രത്വം നിത്യമാണെങ്കിൽ മനുഷ്യപുത്രത്വവും നിത്യമായിരിക്കണ്ടേ? “യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനായ കാരണത്താൽ അവൻ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവികളിൽ ഒന്നു മാത്രമായ ദൈവപുത്രത്വം മാത്രമെടുത്തുകൊണ്ട് മഹാദൈവം മറ്റൊരു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്ന സാത്താന്യവഞ്ചന വിശ്വാസികൾ അറിയാതെ പോകരുത്.” യേശുക്രിസ്തുവിൻ്റെ അനേകം പദവികളിൽ യെശയ്യാവ് പ്രവചിച്ച നിത്യപിതാവെന്ന പദവിയൊഴികെ മറ്റൊരു പദവിയും നിത്യമല്ല. പുതിയനിയമം ഒരാവർത്തി വായിച്ചാൽ ദൈവപുത്രനെന്നത് ക്രിസ്തുവിൻ്റെ പദവിയാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും കത്തോലിക്കാ, പെന്തെക്കൊസ്ത്, ബ്രദ്റുകാർ തുടങ്ങിയവർക്ക് മനസ്സിലാകുന്നില്ല.

ദൈവത്തിൻ്റെ നിത്യപുത്രൻ: “പുരുഷാരം യേശുവിനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു;” (യോഹ, 12:34). യേശു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ യെഹൂദന്മാർ അവനോടു പറഞ്ഞതാണിത്. അവർക്കറിയാവുന്ന ക്രിസ്തു അഥവാ ന്യായപ്രമാണത്തിലെ ക്രിസ്തു എന്നേക്കും ഇരിക്കുന്നവനാണ്. അത് ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലാണ്; അവനെ രക്ഷിക്കാണ് യിസ്രായേലിന്റെ ദൈവം അവൻ്റെ പദവിയുമായി മനുഷ്യനായത്. (മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.(2ശമൂ, 7:14-16. ഒ.നോ: സങ്കീ, 89:36,37). ദൈവത്തിൻ്റെ നിത്യപുത്രൻ യിസ്രായേലാണ്; എന്നാൽ ഈ സത്യം സാത്താൻ മറച്ചുവെച്ചിട്ട് നിഖ്യാ സുന്നഹദോസിലൂടെ മഹാദൈവമായ യേശുക്രിസ്തു ‘സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ദുരുപദേശം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റി; അങ്ങനെ ലക്ഷ്യം തെറ്റിക്കുന്നവൻ എല്ലാവരെയും തെറ്റിച്ചുകളഞ്ഞു. യേശുക്രിസ്തു ദൈവത്തിൻ്റെ യഥാർത്ഥ പത്രനല്ല; ദൈവപുത്രനെന്ന പദവിയിൽ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ആരംഭമുള്ളതും അവസാനമില്ലാത്തതുമായ പുത്രത്വത്തിൻ്റെ ഉടയവൻ യിസ്രായേലാണ്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം നിലനില്ക്കുന്ന ശാശ്വത സന്തതിയാണ് യിസ്രായേൽ. (സങ്കീ, 72:17; 89:29,36,37). ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയാണവൻ: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). യിസ്രായേലിന്റെ വിശേഷണങ്ങൾ അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായവൻ. (പുറ, 3:22,23). ദൈവം ജനിപ്പിച്ചതും ഇരുമ്പുകോൽകൊണ്ട് ജാതികളെ തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രൻ. (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും. (സങ്കീ, 8:4-6). ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ. (സങ്ക, 16:10). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും. (സങ്കീ, 45:2,6), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവ്. (സങ്കീ, 110:1). സകലവും തൻ്റെ കാല്ക്കീഴായശേഷം സകലവും തനിക്ക് കീഴാക്കിത്തന്നവന് കീഴ്പെട്ടിരിക്കുന്ന പുത്രൻ (1കൊരി, 15:28). ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും. (ദാനീ, 7:13,27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. യിസ്രായേലാണ് ദൈവത്തിൻ്റെ നിത്യപുത്രൻ. യേശുക്രിസ്തുവെന്ന സർവ്വശക്തനായ ദൈവത്തെയും അവൻ്റെ ജഡത്തിലെ ശുശ്രൂഷയെയും അനേകർക്കും മറയ്ക്കപ്പെട്ടിരിക്കുന്നതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവപുത്രനെ അറിയാത്തതിനാലാണ്. യേശു പറയുന്നു: നിങ്ങൾ എന്നെയാകട്ടെ എൻ്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; നിങ്ങൾ എന്നെ അറിഞ്ഞുവെങ്കിൽ എൻ്റെ പിതാവിനെയും അറിയുമായിരുന്നു. (യോഹ, 8:19; 14:7). യേശുവെന്ന ദൈവപുത്രനെ അറിയണമെങ്കിൽ, യഥാർത്ഥ ദൈവപുത്രനെ അറിയണം. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ന്യായപ്രണം അഥവാ പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമമില്ല അല്ലെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയയനിയമം. ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്. സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല എന്ന യേശുവിൻ്റെ വാക്കുകൾ ഓർക്കുക. (മത്താ, 5:17,18). ഏകസത്യദൈവമായ യേശുക്രിസ്തുവിൻ്റെ പുത്രത്വത്തിന് കാരണമായ യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, എനിക്ക് യേശുവിനെ അറിയാമെന്ന് ആരെങ്കിലും പറഞ്ഞാൽ; അവൻ ഒടുവിൽ എത്തിച്ചേരുന്നത്, സർവ്വശക്തിയുള്ള ദൈവത്തിന് ഒരപ്പനുണ്ടെന്ന മാരക ഉപദേശത്തിലായിരിക്കും. (കാണുക: യിസ്രായേലിൻ്റെ പദവികൾ). 

എൻ്റെ പുത്രൻ: ദൈവത്തിന് അനേകം പുത്രന്മാരുണ്ടെന്ന് നാം മുകളിൽ കണ്ടു. എന്നാൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്നു സംബോധന ചെയ്തിരുന്നത് രണ്ടുപേരെ മാത്രമാണ്. അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലും; രണ്ടാമത്തെ പുത്രൻ യേശുക്രിസ്തുവും ആണ്. യിസ്രായേലിനെ നാലു പ്രാവശ്യവും യേശുവിനെ രണ്ടു പ്രാവശ്യവും എൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്നു. യിസ്രായേൽ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23). “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ, 11:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; യിരെ, 31:9; ആവ, 14:1; സങ്കീ, 82:6 യെശ, 63:16; 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10). യേശുക്രിസ്തു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). “അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35). മത്തായി 2:15-ൽ “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറയുന്നതായി കാണാം. എന്നാലത്, അക്ഷരാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ച് ഹോശേയ പറയുന്നതാണ് (ഹോശേ, 11:1); ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മത്തായി എടുത്തുദ്ധരിക്കുന്നു എന്നുമാത്രം. ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ വാഗ്ദത്ത സന്തതിയുമായ യിസ്രായേലിനെക്കുറിച്ച് മനസ്സിലാക്കാതെ, അവന് വാഗ്ദത്തം നിവൃത്തിച്ചുകൊടുക്കാൻ വന്ന യേശുക്രിസ്തുവെന്ന ദൈവപുത്രനെ അറിയാൻ കഴിയില്ല. ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിക്കാനാണ് ദൈവം തൻ്റെ പുത്രനെ അയച്ചത്. (റോമ, 8:3). അഥവാ യിസ്രായേലിന്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടു പറഞ്ഞു. (യോഹ, 8:19). എന്തെന്നാൽ യിസ്രായേലിന്റെ മേലുള്ള വാഗ്ദത്തങ്ങൾ അക്കാലത്തെ യെഹൂദന്മാർക്കുപോലും വലിയ നിശ്ചയമില്ലായിരുന്നു. യിസ്രായേലെന്ന ക്രിസ്തു ദാവീദിൻ്റെ പുത്രനാണെന്ന് അവർ മനസ്സിലാക്കിയിരുന്നു; എന്നാൽ യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നില്ല. (സങ്കീ, 110:1). അതിനാലാണ് യേശുവിൻ്റെ ചോദ്യത്തിൽ അവർക്ക് ഉത്തരം മുട്ടിയത്. (മത്താ, 22:41-45). (ദാവീദിൻ്റെ വാഗ്ദത്തസന്തതി, നൂറ്റിപ്പത്താം സങ്കീർത്തനം)

ദൈവം ജനിപ്പിച്ച പുത്രൻ: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇത് യേശുക്രിസ്തുവിൻ്റെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിശ്വസിക്കുന്നു. എന്നിട്ട്, ദൈവത്തിൽനിന്നു ജനിച്ചവൻ ദൈവവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെന്നും പറയും. ജനിപ്പിക്കപ്പെവൻ എങ്ങനെ ദൈവമാകും; ദൈവത്തോടു സമനാകും? എന്നൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നു പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, ജന്മം നല്കിയെന്നു തന്നെയാണർത്ഥം. “ജനിക്കുക” എന്ന പദത്തിനു പുതുതായി ഒന്നു ഉത്ഭവിക്കുക, ഇല്ലാതിരുന്ന ഒന്നു ഉണ്ടാകുക എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം. രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ജനനത്തിനുമുമ്പെ പേർവിളിക്കുകയും ദൈവം സൃഷ്ടിക്കുകയും ചെയ്ത പുത്രനാണ് യിസ്രായേൽ. (യെശ, 49:1-3). സൃഷ്ടിയെ കുറിക്കുന്ന ബാറാ (bara) എന്നും (ഉല്പ, 1:1), യറ്റ്സാർ (yatsar) എന്നും രണ്ടു പദങ്ങളുണ്ട്. (ഉല്പ, 2:7). ആ രണ്ടു പദംകൊണ്ടും ദൈവം യിസ്രായേലിനെ സൃഷ്ടിച്ചതായി പറഞ്ഞിട്ടുണ്ട്: “ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും (bara), യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ (yatsar) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശ, 43:1). “എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (bara) നിർമ്മിച്ചു ഉണ്ടാക്കിയും (yatsar) ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശ, 43:7. ഒ.നോ: യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). സങ്കീർത്തനം 2:7-ൽ ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന യലാട് (yalad) എന്ന പദംകൊണ്ടാണ് 1948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രരൂപീകരണത്തെ കുറിച്ചുള്ള പ്രവചനവും നിവൃത്തിയായത്: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? (yalad) സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). അതിനാൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ് പുത്രനെന്ന് വ്യക്തമാണല്ലോ!

നിത്യപിതാവായ യേശുക്രിസ്തു: “നിത്യപിതാവു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ജഡത്തിൽ വെളിപ്പെടുവാനുള്ള ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ച് 700 വർഷങ്ങൾക്കുമുമ്പെ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചതാണിത്. യേശുവിനോടു ചേർത്ത് മാത്രമാണ് നിത്യപിതാവെന്നൊരു പ്രയോഗം ബൈബിളിലുള്ളത്. ഇതൊരു പ്രവചനമാണ്. ത്രിത്വക്കണ്ണട വെച്ചുനോക്കുന്നവർക്ക് ഈ പ്രവചനം നിവൃത്തിയായതായി തോന്നില്ല. എന്നാൽ ദൈവം നിത്യനാണെന്നും (ഉല്പ, 21:33; യെശ, 40:28; റോമ, 16:24), ദൈവം പിതാവാണെന്നും (യെശ, 63:16; 64:8; മലാ, 2:10; മത്താ, 5:16), പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3) അറിയാവുന്നവർക്ക്; “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന തോമാസിൻ്റെ വിളിയിൽ പ്രവചനം നിറവേറിയതായി മനസ്സിലാകും. (യോഹ, 20:28). ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു വിളിക്കുന്നത് യഹോവയെയാണ്. (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, തോമാസ് “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയാണെന്ന് വ്യക്തമല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസിന് കഴിയുമോ? യേശുവിനെ ദൈവമെന്ന് വിളിക്കുമ്പോൾ മാത്രം യഹോവസാക്ഷികൾക്ക് അത് മറ്റൊരർത്ഥമായി മാറും; ട്രിനിറ്റിക്ക് മറ്റൊരു വ്യക്തിയായും. ഒരു യെഹൂദൻ എൻ്റെ ദൈവം എന്ന് യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്നറിയാത്ത ദുരുപദേശത്തിൻ്റെ ഒരേ തൂവൽ പക്ഷികളാണ് ഇരുവരും. യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനായ കാരണത്താൽ, നിത്യപിതാവെന്ന പദവിയൊഴികെ മറ്റൊന്നും നിത്യമല്ലെന്ന് മുകളിൽ നാം കണ്ടതാണ്. നിത്യപുത്രനെന്ന പ്രയോഗം ഒരിടത്തുമില്ല; അവനെ നിത്യപിതാവെന്ന് വിളിച്ചിട്ടുമുണ്ട്. (യെശ, 9:6). രണ്ടും പദവിയാണ്; അതിൽ നിത്യം (eternal) ചേർത്ത് വിളിച്ചിരിക്കുന്ന ഏകപദവി പിതാവെന്നതാണ്. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നൊരു പ്രയോഗം ബൈബിളിലില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നു പൗലൊസ് പറയുന്നതും (1കൊരി, 8:6; എഫെ, 4:6), പിതാവ് മാത്രമാണ് സത്യദൈവമെന്നും മനുഷ്യനായ യേശു പറയുന്നത് കുറിക്കൊള്ളുക. (യോഹ, 17:3). ബൈബിളിലെ ദൈവം പിതാവെന്ന ഏകവ്യക്തിമാത്രമാണ്. യഹോവ മാത്രം ദൈവമാണെന്നു  പഴയനിയമവും (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24), പിതാവ് മാത്രം ദൈവമാണെന്നു പുതിയനിയമവും ആവർത്തിച്ചു പറയുന്നു. 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). അതിനാൽ മറ്റൊരു വ്യക്തിക്കും ദൈവമായിരിക്കാൻ കഴിയില്ലെന്ന വസ്തുത അറിയാവുന്ന സാത്താനാണ് യേശുവിനെ ദൈവമല്ലാതാക്കാൻ ത്രിത്വമെന്ന ദുരുപദേശം സഭയിൽ നുഴയിച്ചുകയറ്റിയത്. യേശുവിനെ ദൈവമെന്ന് വിളിച്ചിരിക്കുന്നത് പുത്രനായതുകൊണ്ടല്ല; പിതാവായതുകൊണ്ടാണ്; അതറിയാത്ത അവൻ്റെ അനുയായികൾ നിത്യപിതാവായവനെ നിത്യപുത്രനാക്കിമാറ്റി. 

ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രൻ: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ജീവനുള്ള ദൈവമായ യഹോവയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ട പുത്രൻ. (യിരെ, 10:10). മക്കൾ ജഡരക്തങ്ങളോടു കൂടിയവരാകകൊണ്ട് പിതാവായ യഹോവയും അവരെപ്പോലെ യേശുവെന്ന നാമത്തിൽ ജഡരക്തങ്ങളോടു കൂടിയവനായി വന്ന് മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്ന് തൻ്റെ മരണത്താൽ അവരെ വിടുവിക്കുകയായിരുന്നു. (എബ്രാ, 2:14,15. ഒ.നോ: യെശ, 63:14; 64:8; മലാ, 2:10; 1കൊരി, 8:6; എഫെ, 4:6). ദൈവം തൻ്റെ സ്ഥായിയായ രൂപത്താൽ ഇരിക്കുമ്പോൾത്തന്നെ ഒരു ശരീരം എടുത്ത് ഭൂമിയിൽ പ്രത്യക്ഷനാകുകയായിരുന്നു. (എബ്രാ, 10:5). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായൽ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല. പിന്നെയുണ്ടാകുന്നത് എന്നേക്കുമിരിക്കുന്ന ദൈവമാണ്. മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവത്തിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷത നിത്യമാണെങ്കിൽ, അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11), ദൈവാലയത്തിൽ നിറഞ്ഞ തേജസ്സും (2ദിന, 5:14), യേശുവിൻ്റെ സ്നാനസമയത്തെ പ്രാവും (മത്താ, 3:16), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3), പൗലൊസിനു വെളിപ്പെട്ട സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞ വെളിച്ചവും (പ്രവൃ, 26:13), നിത്യമായിരിക്കണം. അതെല്ലാം ദൈവത്തിൻ്റെ വലത്തുമിടത്തുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നുണ്ടെന്ന് പറയുമോ? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു).

പിതാവും പുത്രനും: സ്വർഗ്ഗീയപിതാവായ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവപുത്രനും മനുഷ്യപുത്രനുമായി പ്രത്യക്ഷനായത്. തെളിവ് നോക്കുക: രാവിലെയും (മത്താ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പ്രാർത്ഥിച്ചത് പിതാവിനോടാണ്. സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കാനാണ് ശിഷ്യന്മാരെ പഠിപ്പിച്ചതും. (മത്താ, 6:9-13). തൻ്റെ അവസാന പ്രഭാഷണത്തിൽ യേശു പറഞ്ഞത്: തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരുമെന്നും (യോഹ, 15:16; 16:23), തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് താൻ ചെയ്തു തരുമെന്നുമാണ്. (യോഹ, 14:13; 14:14; 16:24). ഇനി പറയുന്നത് ശ്രദ്ധിക്കുക: “ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:25,26). സ്പഷ്ടമായി സംസാരിക്കുന്ന നാഴികയേതാണ്? പരിശുദ്ധാത്മാവിലൂടെ അഥവാ പരിശുദ്ധാത്മാവായി നിങ്ങളിൽ വസിച്ചുകൊണ്ട് സംസാരിക്കുന്ന നാളിൽ. (യോഹ, 14:26; 16:7-15). പരിശുദ്ധാത്മാവിനെക്കുറിച്ച് വാഗ്ദത്തം ചെയ്തശേഷം യേശു പറയുന്നതു നോക്കുക: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:18,19). “അന്നു നിങ്ങൾ എൻ്റെ നാമത്തിൽ അപേക്ഷിക്കും;” എന്ന്? സഭ സ്ഥാപിതമായി കഴിയുമ്പോൾ. “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്താണ്? അന്ന് പിതാവ് പുത്രനെന്ന വേർതിരിവ് ഉണ്ടാകില്ല. എന്താണതിന് തെളിവ്: അപ്പൊസ്തലിക കാലത്തൊന്നും ആരും പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലൻ വിളിച്ചപേക്ഷിക്കുന്നതും യേശുക്രിസ്തുവിൻ്റെ നാമമാണ്. (വെളി, 22:20). പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). 

യേശുവെന്ന ദൈവവും മനുഷ്യനും: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). യേശു ജഡത്തിലും ദൈവമായിരുന്നു; അതിനാൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി യേശുവിനുണ്ടായിരുന്നു, എന്നൊക്കെ കരുതുന്നവരുണ്ട്; അതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. യേശു ഭൂമിയിൽ പാപമറിയാത്ത ഒരു മനുഷ്യൻ മാത്രമായിരുന്നു. യേശുവെന്ന് പേരുള്ളൊരു പുത്രൻ ജനനത്തിനുമുമ്പേ ദൈവത്തിനില്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവും മറ്റൊരു വ്യക്തിയായില്ല. ജീവനുള്ളദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു കന്യകമറിയയിലൂടെ ജനിച്ച മനുഷ്യൻ. (1തിമൊ, 3:16). പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപുത്രനാരാണെന്ന് ചോദിച്ചാൽ: യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തമനുഷ്യനാണ്. (മത്താ, 1:16; പ്രവൃ, 10:38). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, വംശാവലിയോടുകൂടി ഒരു മനുഷ്യസ്ത്രീയിൽ ജനിച്ചുജീവിച്ചു ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു കഷ്ടംസഹിച്ചു ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന മനുഷ്യനെയും സർവ്വശക്തിയുള്ള ദൈവമായ യേശുക്രിസ്തുവിനെയും വേർതിതിരിച്ച് മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ല. യേശുവെന്ന മഹാദൈവത്തെയല്ല പരിശുദ്ധാത്മാവ് മറിയയിൽ ജനിപ്പിച്ചത്; യേശുവെന്ന പരിശുദ്ധമനുഷ്യനെയാണ്. മഹാദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഏകദേശം 33½ വർഷം മാത്രമാണ് ഉണ്ടായിരുന്നത്. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പ്രത്യക്ഷനായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനും അഭിഷേക ദാതാവായ ദൈവവും എന്നിങ്ങനെ രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. ദൈവം യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് സ്നാനംമുതൽ അവനോടുകൂടെ വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). പിതാവ് തന്നോടുകൂടെ വസിക്കുന്ന മറ്റൊരു വ്യക്തിയായി യേശുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 5:32,36,37; 8:16-18; 8:29; 14:23; 16:32; 17:3). (കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും). പ്രത്യക്ഷനായവൻ സ്വർഗ്ഗാരോഹണം ചെയ്ത്  അപ്രത്യക്ഷനായശേഷം മനുഷ്യനെന്ന നിലയിലും മറ്റൊരു വ്യക്തിയായും ഉണ്ടാകുക സാദ്ധ്യമല്ലല്ലോ. അപ്പോൾ എന്നേക്കും ഉള്ളതാകട്ടെ; ആദ്യനും അന്ത്യനും, ഇന്നലെയും ഇന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തുവാണ്. ബൈബിൾ വെളിപ്പെടുത്തുന്ന യേശുവെന്ന മനുഷ്യന് ഒരു വംശാവലിയും (മത്താ, 1:1-16; ലൂക്കൊ, 3:23-38), ജനനവും (മത്താ, 1:16), അമ്മയും (മർക്കൊ, 6:3), വളർത്തച്ഛനും (യോഹ, 1:45), സ്വർഗ്ഗീയ പിതാവും (റോമ, 15:5), ദൈവവും (എഫെ, 1:3,17), കഷ്ടവും (എബ്രാ, 13:12), മരണവും (എബ്രാ, 2:9), ഉയിർപ്പുമുണ്ട്. (മത്താ, 28:6). എന്നാൽ, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ആദ്യനും അന്ത്യനും (1:17), ഒന്നാമത്തവനും ഒടുക്കത്തവനും (22:13) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തിന് (തീത്തൊ, 2:12) വംശാവലിയോ, ജനനമോ, അപ്പനോ, അമ്മയോ, സ്വർഗ്ഗീയ പിതാവോ, ദൈവമോ, കഷ്ടമോ, മരണമോ, ഉയിർപ്പോ ഉണ്ടാകുക സാദ്ധ്യമല്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ; പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും പുതിയനിയമത്തിലെ ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ് സുവിശേഷങ്ങളിലുള്ള യേശുവെന്ന മനുഷ്യൻ.

യഹോവയും യേശുവും: പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:15). അതിനു മുമ്പൊരിക്കലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). പുതിയനിയമസ്ഥാപനത്തിനു മുന്നോടിയായാണ് യഹോവുടെ പ്രത്യക്ഷതയായ പുത്രന് തൻ്റെ പുതിയ നാമമായ യേശു അഥവാ യെഹോശൂവാ എന്ന നാമം ദൈവം നല്കുന്നത്. (മത്താ, 1:21; ലൂക്കൊ, 1:31). ദൈവകല്പനപോലെ പുതിയനിയമം സ്ഥാപിതമായതോടുകൂടി (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവിൻ്റെയും (യോഹ, 17:11) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം (മത്താ, 28:19) യേശുക്രിസ്തു എന്നായി. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). പഴയനിയമത്തിൽ സകല ജാതികൾക്കും രക്ഷയ്ക്കായി യഹോവയെന്ന നാമം മാത്രമാണുണ്ടായിരുന്നത്. “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22. ഒ.നോ: 43:11; 45:11; 45:21). പുതിയനിയമം സ്ഥാപിതമായശേഷം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രോസ് വിളിച്ചുപറയുന്നു; രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ യേശുവിൻ്റെ നാമമല്ലാതെ മറ്റൊന്നില്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയും പുതിയനിയമത്തിലെ മഹാദൈവമായ യേശുക്രിസ്തുവും ഒരാളല്ലെങ്കിൽ പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയില്ലേ? ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തന്നെയാണ് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയത്. അതിനാലാണ്, ദൈവവും മദ്ധ്യസ്ഥനും ഒരാളായിരിക്കുന്നത്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ കർത്താവായ ക്രിസ്തുവെന്ന രക്ഷിതാവാണ് മനുഷ്യർക്ക് രക്ഷയൊരുക്കിയത്. (ലൂക്കൊ, 2:11). അതിനാലാണ് ഏകദൈവവും കർത്താവും ഒരാളായിരിക്കുന്നത്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു വിളിക്കുന്നത് യഹോവയെയാണ്.  (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതുമാണ്. (ആവ, 6:4-8). തൻ്റെ സ്രഷ്ടാവയ യഹോവയാണ് മനുഷ്യനായി പ്രത്യക്ഷനായി തനിക്ക് രക്ഷയൊരുക്കി കർത്താവെന്ന് തിരിച്ചറിഞ്ഞ തോമാസ് അവനെ: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് വിളിക്കുന്നത് നോക്കുക. (യോഹ, 20:28). യേശുക്രിസ്തു യഹോവ തന്നെയാണെന്നതിൽ യാതൊരു തർക്കത്തിനും അവകാശമില്ല. മറ്റൊരു വ്യക്തിയെ “എൻ്റെ ദൈവമേ” എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയില്ല. ആകയാൽ, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുന്ന സ്വർഗ്ഗത്തെക്കാൾ ഉന്നതനായ യേശുക്രിസ്തുവെന്ന ഏകസത്യദൈവമല്ലാതെ മറ്റൊരു ദൈവം വിശ്വപ്രപഞ്ചത്തിൽ ഇല്ലേയില്ല. (യോഹ, 20:28; ഫിലി, 2:10; എബ്രാ, 7:26).

ദൈവപുത്രൻ എന്നത് യേശുക്രിസ്തുവിൻ്റെ അസ്തിത്വമല്ല; അഭിധാനമാണ്. അസ്തിത്വവും അഭിധാനവും വേർതിരിച്ചറിയാത്ത ത്രിത്വവിശ്വാസം ക്രൈസ്തസഭയ്ക്ക് അഭിമാനമല്ല; അപമാനമാണ്.

കുറിപ്പ്: ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും യേശുവെന്ന അഭിഷിക്തമനുഷ്യൻ പലരുടെയും പുത്രനായിരിക്കുകയും ചെയ്യുമ്പോൾ അവൻ ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് പറഞ്ഞാൽ ശരിയാകുമോ? അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ അതേയർത്ഥത്തിൽ എല്ലാവരുടെയും പുത്രനാണ്; അല്ലെങ്കിൽ ‘പുത്രൻ’ എന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനം മാത്രമാണ്; ഇതല്ലേ നീതിയുള്ള ബൈബിൾ വ്യാഖ്യാനം? “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ഇന്ന് ഭൂമിയിൽ സുവിശേഷത്തെക്കാൾ ശ്രഷ്ഠമായി മറ്റെന്താണുള്ളത്? അനേകർ കരുതുന്നതുപോലെ, ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണ് ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചുയിർത്തതെങ്കിൽ ദാവീദിൻ്റെ സന്തതിയാണ് സുവിശേഷത്തിനാധാരമെന്ന് പൗലൊസ് എഴുതുമായിരുന്നോ? അതാകുമായിരുന്നോ സുവിശേഷം? ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുക്രിസ്തുവെന്ന മനുഷ്യനാണ് സുവിശേഷം; എന്നാൽ ദാവീദിൻ്റെ വംശത്തിൽ ജനിച്ച് മനുഷ്യരുടെ പാപങ്ങൾക്കായി ക്രൂശിൽ മരിച്ച ആ മനുഷ്യൻ ‘ആരായിരുന്നു‘ എന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവമായ യഹോവയാണ്. (1തിമൊ, 3:14-16). മമ്രേയുടെ തോപ്പിൽ മനുഷ്യനായി പ്രത്യക്ഷനായവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം ദാവീദിന്റെ സന്തതിയായ മനുഷ്യനായി മണ്ണിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ഉല്പ, 18:1-33; യോഹ, 8:56). സത്യം അറികയും സത്യം നമ്മെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ.

“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നതായി ഞാൻ മുമ്പേ കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ബാഗ്ലൂരുള്ള ഒരു വലിയ പെന്തെക്കൊസ്ത് സഭയുടെ പാസ്റ്ററും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മറ്റൊരു പണ്ഡിതനും ഇതു പറഞ്ഞുകേട്ടിട്ടുണ്ട്. അവർ അങ്ങനെ വിശ്വസിക്കാൻ കാരണമായ വാക്യങ്ങൾ നമുക്ക് ഒരോന്നായി പരിശോധിക്കാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:27,28). “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നു പറഞ്ഞിരിക്കയാൽ; ദൈവം അവരെ ഒരു ശരീരത്തിലാണ് സൃഷ്ടിച്ചതെന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നു. അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം: 

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്നു പറഞ്ഞുകൊണ്ടാണ് ബൈബിൾ ചരിത്രം ആരംഭിക്കുന്നത്. ഒന്നാം വാക്യം ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ സംക്ഷിപ്ത രൂപമായി മനസ്സിലാക്കാം. തുടർന്ന് രണ്ടാം വാക്യംമുതൽ ഇരുപത്തഞ്ചാം വാക്യംവരെയാണ് ആകാശസൈന്യങ്ങളുടെ സൃഷ്ടികളെക്കുറിച്ചും, ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ചും വിശദമായി പ്രസ്താവിക്കുന്നത്. അഞ്ചുദിവസംകൊണ്ട് ലോകത്തിൽ മനുഷ്യനൊഴികെയുള്ള സകലതും ദൈവം സൃഷ്ടിച്ചു. തുടർന്ന് 26-28 വരെയുള്ള വാക്യങ്ങളിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് ഒരു സംക്ഷിപ്തരൂപം കാണാം: അവിടെ മനുഷ്യനെക്കുറിച്ച് ചില കാര്യങ്ങളും പറയുന്നുണ്ട്: മനുഷ്യൻ്റെ രൂപവും സാദൃശ്യവും, ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും മേലുള്ള അവൻ്റെ അധികാരം, ആണും പെണ്ണുമായുള്ള അവരുടെ ലിംഗഭേദം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ പെരുകുവാനുള്ള അനുഗ്രഹം തുടങ്ങിയവ. ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യസൃഷ്ടിയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കയാൽ, സൃഷ്ടിയുടെ സംക്ഷിപ്ത രൂപമാണ് ഒന്നാം അദ്ധ്യായത്തിലുള്ളതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? രണ്ടദ്ധ്യായവും ചേർത്ത് പരിശോധിക്കുമ്പോഴല്ലേ മനുഷ്യനെ എപ്രകാരമാണ് ദൈവം സൃഷ്ടിച്ചതെന്ന് മനസ്സിലാകുകയുള്ളു. അല്ലെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ ദൈവം സൃഷ്ടിക്കുന്നത് വേറെ വല്ലവരെയുമാണെന്ന് പറയുമോ?

ഒന്നാം അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും അധികാരം നല്കി അനുഗ്രഹിച്ചുവെന്നുമല്ലാതെ, എപ്രകാരമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. അത് അടുത്ത അദ്ധ്യായത്തിലാണ്. വാക്യം ഏഴ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ദൈവം നിലത്തെ പൊടികൊണ്ട് ആദാമിനെ മാത്രമാണ് ആദ്യം സൃഷ്ടിച്ചതെന്ന് ഈ വാക്യം തെളിവുനല്കുന്നു. ആദാമിനെയെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പുതിയനിയമത്തിലും തെളിവുണ്ട്: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13. ഒ.നോ: 1കൊരി, 15:45). അല്ലാതെ, ആദാമിനെയും ഹവ്വയെയും ഒരുമിച്ചല്ല ദൈവം സൃഷ്ടിച്ചത്.  

അടുത്തവാക്യം: “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടമുണ്ടാക്കി മനുഷ്യനെ അവിടെ കൊണ്ടുപോയി ആക്കിയെന്നല്ലാതെ, എന്തിനാണവിടെ ആക്കിയതെന്നു പറയാതെ, അടുത്ത ആറ് വാക്യങ്ങളിൽ ഏദെൻ തോട്ടത്തെക്കുറിച്ചാണ് വർണ്ണിക്കുന്നത്. എട്ടാം വാക്യം മാത്രം ഒരാൾ വായിച്ചിട്ട് തനിക്ക് തോന്നിയപോലെ എന്തെങ്കിലും വ്യാഖ്യാനിച്ചുണ്ടാക്കിയാൽ ശരിയാകുമോ? അതുപോലെയാണ് ചിലർ ഒന്നോരണ്ടോ വാക്യം വായിച്ചിട്ട് ആദാമിനെയും ഹവ്വയെയും സയാമീസ് ഇരട്ടകളെപ്പോലെയോ മറ്റൊ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്. എന്തിനാണവനെ തോട്ടത്തിൽ ആക്കിയതെന്ന് അറിയണമെങ്കിൽ കുറച്ച് വാക്യങ്ങൾ കഴിഞ്ഞ് എഴുതിയിട്ടുണ്ട്. പതിനഞ്ചാം വാക്യം: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ, 2:15). തോട്ടത്തിൽ ആക്കിയതിൻ്റെ കാരണമിതാണ്. അവനെ സൃഷ്ടിക്കുമ്പോഴും തോട്ടം കാപ്പാനും വേല ചെയ്യാനും ഏല്പിക്കുമ്പോഴും അവൻ ഏകനാണെന്നോർക്കണം. അടുത്ത രണ്ട് വാക്യങ്ങൾ ദൈവം അവന് കൊടുത്ത കല്പനയാണ്. (1:16,17). ദൈവം ആദാമിന് കല്പന കൊടുക്കുമ്പോഴും ഹവ്വ ഇല്ലായിരുന്നു. സയാമീസ് ഇരട്ടവാദം പറയുന്നവരൊക്കെ ഏത് ബൈബിളാണ് വായിക്കുന്നതെന്നറിയില്ല.

പതിനെട്ടാം വാക്യം: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 2:18). ഈ വാക്യം ശ്രദ്ധിക്കുക: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” ദൈവത്തിൻ്റെ ഈ വാക്ക് ഏകശരീരവാദികളുടെ കരണം നോക്കിയുള്ള അടിയല്ലേ? അടുത്തഭാഗം: “അവനൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്, ഹവ്വയെ അതുവരെയും  സൃഷ്ടിച്ചിട്ടില്ല. അടുത്ത രണ്ട് വാക്യങ്ങളിൽ ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആദാം പേരിടുന്നു. തുടർന്നാണ് ഹവ്വയെ സൃഷ്ടിക്കുന്ന പ്രക്രിയ ദൈവം ആരംഭിക്കുന്നത്: “ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” (ഉല്പ, 2:21). ആദാമിൻ്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തിട്ടാണ് ഹവ്വയെ സൃഷ്ടിക്കുന്നത്. ആദാമിൽ നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്ന് പുതിയനിയമവും പറയുന്നു. (1കൊരി, 11:8). സയാമീസ് വാദികളുടെ ബൈബിളിൽ ഈ വാക്യങ്ങളൊന്നും ഇല്ലേ ആവോ?

അടുത്തവാക്യം: “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” (ഉല്പ, 2:22). അവിടെന്താണ് പറയുന്നത്: ദൈവം അവരെ ഒരുമിച്ചു സൃഷ്ടിച്ചശേഷം വേർപെടുത്തിയെന്നാണോ പറയുന്നത്? അല്ല. എവിടെയോവെച്ച് സൃഷ്ടിച്ചശേഷം ആദാമിൻ്റെ അടുക്കൽ കൊണ്ടുവന്നു എന്നാണ് പറയുന്നത്. അടുത്തവാക്യം: “അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.” (ഉല്പ, 2:23). ആദാമിനെ സൃഷ്ടിച്ച് വളരെ സമയം കഴിഞ്ഞിട്ട് അവൻ്റെതന്നെ ഒരു വാരിയെല്ലിൽ ഒരെണ്ണമെടുത്ത് ഹവ്വയെ സൃഷ്ടിച്ചാണ് അവൻ്റെയടുക്കൽ കൊണ്ടുവരുന്നത്. ഹവ്വയെനോക്കി ആദാം പറയുന്ന കാര്യമാണ് ക്രിസ്തുവിനെയും സഭയെയും കുറിച്ച് പൗലൊസ് പറയുന്നത്. (എഫെ, 5:30. കെ.ജെ.വി.യിൽ നോക്കുക). ഭൂമിയിലെ സകല ജീവികൾക്കും പേരിട്ട ആദാം തന്നെയാണ് ഹവ്വയെ നാരി (സ്ത്രീ) എന്ന് വിളിക്കുന്നത്. മേല്പറഞ്ഞ സൃഷ്ടിവിവരങ്ങളിൽ ഒരിടത്തും ആദാമിനെയും ഹവ്വയെയും ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചനപോലുമില്ലെന്ന് മാത്രമല്ല; വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ശരീരങ്ങളിലാണ് അവരെ സൃഷ്ടിച്ചതെന്ന് ഏറ്റവും വ്യക്തമാണ്.

അടുത്തവാക്യം: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഈ വാക്യവും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: “അവർ ഏകദേഹമായിത്തീരും” എന്നത്, അവർ അക്ഷരാർത്ഥത്തിൽ ഒരു ശരീരമായി തീരുമെന്നാണോ? അല്ല. പിന്നെന്താണ്? അവിടെ ആദാമിനെയും ഹവ്വയെയും കുറിച്ച് മാത്രമല്ല ദൈവമത് പറയുന്നത്. വാക്യത്തിൻ്റെ ആദ്യഭാഗം: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഈ ഭാഗം ആദാമിനെ കുറിച്ച് മാത്രമാണെങ്കിൽ, ആദാമിന് ഒരമ്മ ഇല്ലാത്തതിനാൽ അമ്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എന്താണ് അവിടുത്തെ വിഷയം: സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലൊക്കെയും പെരുകാൻ മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തൻ്റെ പ്രതിനിധികളായിരുന്ന് ലൈംഗിക ബന്ധത്തിലൂടെ സൃഷ്ടികർമ്മം നടത്താൻ നിയമിച്ചിരിക്കുന്ന വ്യവസ്ഥയായ വിവാഹത്തെക്കുറിച്ച് അഥവാ ദാമ്പത്യജീവിതത്തെ കുറിച്ചാണ് അവിടെ പറയുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ബാധകമയ കാര്യമാണ് ദൈവം പറയുന്നത്. ക്രിസ്തുവും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. (മത്താ, 19:4-6). “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ച പരീശന്മാരോടാണ് യേശുവത് പറയുന്നത്. “ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” ക്രിസ്തു പറയുന്നു: ഇരുവരും ഒരു ദേഹമായി തീരും; അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; അവരെ വേർപിരിക്കരുതു. യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും ഒരു ദേഹമായിത്തീരും; ഓപ്പറേഷൻ ചെയ്ത് അവരെ വേർപിരിക്കരുതെന്നാണോ പറയുന്നത്? അല്ല. വിവാഹം കഴിക്കുമ്പോൾ ദാമ്പത്യമെന്ന വ്യവസ്ഥയിൽ അവർ ഒന്നാകുന്നതിനെയാണ്, ഒരു ദേഹമാകും എന്നു പറയുന്നത്. ഈ ക്രമീകരണം ദൈവം ചെയ്തതാകയാൽ മനുഷ്യർ വിവാഹമോചനത്താൽ അവരെ വേർപിരിക്കുരുതെന്നാണ് പറയുന്നത്. അപ്പോൾ ദൈവം എങ്ങനെയാണ് ആദാമിനെയും ഹവ്വയെയും ഒരു ശരീരമാക്കി യോജിപ്പിച്ചതെന്ന് മനസ്സിലായില്ലേ? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിക്കുകയും പഠിക്കുക്കുകയും ചെയ്യുന്നവർ ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതിൽ യാതൊരതിശയവുമില്ല.

അടുത്തൊരു വാക്യം: “ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.” (ഉല്പ, 5:1). “അവർക്ക് ആദാമെന്ന് പേരിട്ടു” എന്ന് പറഞ്ഞിരിക്കയാൽ, അവർ ഒരു ശരീരത്തിലായിരുന്നു എന്നാണവർ കരുതുന്നത്. പാപം ചെയ്തശേഷം ആദാം തന്നെ സ്ത്രീക്ക് ഹവ്വ എന്നു പേരിടുന്നതായി കാണാം: “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉല്പ, 3:20). പിന്നെയും, അവർക്ക് ‘ആദാമെന്ന് പേരിട്ടു’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? ആദാം എന്ന പദം ബൈബിളിൽ 560-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംജ്ഞാനാമമായും (വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം) എന്നീ ആശയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന സാമാന്യ അർത്ഥത്തിലാണ് അധികം പ്രയോഗിച്ചിരിക്കുന്നത്. ആദാം എന്ന പദത്തിന് ചെമ്മണ്ണിൽനിന്ന് എടുക്കപ്പെട്ടവൻ എന്നാണർത്ഥം. ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിക്കുന്ന ആദ്യവാക്യം ഉല്പത്തി 1:26 ആണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ഈ വാക്യത്തിലെ മനുഷ്യൻ എബ്രായയിൽ ആദാമാണ്. ആദാം ഹവ്വയ്ക്ക് പേരിട്ടു എന്നല്ലാതെ, ദൈവം മനുഷ്യന് ആദാമെന്ന് പേരിട്ടതായും, ആദാമേ എന്ന് വിളിച്ചതായും കാണുന്നില്ല. എബ്രായയിൽ ആദാമെന്നത് മനുഷ്യനെയും മനുഷ്യവർഗ്ഗത്തെയും കുറിക്കുന്ന ഒരു പൊതുനാമമായതിനാലാണ് ഉല്പത്തി 5:1-ൽ അവർക്ക് ആദാമെന്ന് പേരിട്ടുവെന്ന് പറയുന്നത്. അല്ലാതെ, അവർ രണ്ടുപേരും ഒരു ശരീരത്തിൽ ആയതുകൊണ്ടല്ല. അങ്ങനെയല്ലെന്ന് പഴയപുതിയനിയമങ്ങൾ തെളിവായിട്ട് പറഞ്ഞിട്ടുണ്ടല്ലോ?

ചില ചോദ്യങ്ങൾ: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13). ആദാമിനെ ആദ്യം സൃഷ്ടിച്ചു, പിന്നെയാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, അവരെ ഒരുമിച്ചാണ് സൃഷ്ടിച്ചതെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്?

“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു.” (ഉല്പ, 4:1). ഒരു ശരീരത്തിൽ ഇരുന്നുകൊണ്ട് ആദാമിന് ഹവ്വയെ എങ്ങനെ പരിഗ്രഹിക്കാൻ കഴിയും?

അവർ ഒരു ശരീരത്തിലാണെങ്കിൽ, അവർക്ക് മക്കളെങ്ങനെ ഉണ്ടായി? (ഉല്പ, 4:1,2). പാപം ചെയ്തശേഷമാണ് മക്കളുണ്ടാകുന്നത്; പ്രകൃത്യാതീതമായാണോ മക്കളുണ്ടായത്?

“ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.” (1തിമൊ, 2:14). അവർ ഒരു ശരീരത്തിൽ ആയിരുന്നെങ്കിൽ ഹവ്വ മാത്രമെങ്ങനെ വഞ്ചിക്കപ്പെട്ടു? ഈ ചോദ്യങ്ങൾക്കൊന്നും ഏകശരീരവാദികൾക്ക് ഉത്തരമില്ല.

കുറിപ്പ്: പ്രധാനമായും ത്രിത്വവിശ്വാസികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാനാണ് ഏകശരീരവാദം ഇവർ മുന്നോട്ടുവെക്കുന്നത്. പലർ പറഞ്ഞ് ഇത് കേട്ടിട്ടുണ്ടെങ്കിലും, ഒടുവിലായി ഇത് കേൾക്കുന്നത് കഴിഞ്ഞദിവസം ഒരു സഹോദരനുമായി ഫെയ്സ്ബുക്കിൽ സംവദിക്കുമ്പോൾ, ദൈവത്തിൻ്റെ ത്രിത്വം സ്ഥാപിക്കാൻ അദ്ദേഹം ഇത് പറയുമ്പോഴാണ്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: 1. ദൈവം ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിൽ സൃഷ്ടിച്ചു. 2. രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും അവർക്ക് ഉണ്ടായിരുന്നു. 3. ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കമൻ്റിൻ്റെ SS താഴെ ചേർക്കുന്നു:👇

“ആദാമിനും ഹവ്വയ്ക്കുകൂടി രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും ഉണ്ടായിരുന്നു” എന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ആളത്വം എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞാൾക്കുപോലും അതറിയില്ല. ത്രിത്വവിശ്വാസികളുടെ കാര്യം വളരെ രസകരമാണ്. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. നിഖ്യാസുന്നഹദോസു മുതൽ 1,700 വർഷമായി ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചു കയറ്റിയിട്ടിട്ട്. (2കൊരി, 11:3). ഇന്നുവരെയും ത്രിത്വത്തിന് ഏകീകൃതമായ ഒരു നിർവ്വചനം ഉണ്ടാക്കാൻപോലും അതിൻ്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നത്, ഈ ഉപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നതിൻ്റെ തെളിവാണ്. ത്രിത്വമെന്താണെന്ന് നൂറുപേരോട് ചോദിച്ചാൽ നൂറുത്തരമായിരിക്കും കിട്ടുക. ഉദാഹരണം താഴെ:👇

ഫെയ്സ്ബുക്കിൽ എന്നോട് സംവദിച്ചവർ വിശ്വസിക്കുന്ന വിവിധ ത്രിത്വനിർവ്വചനങ്ങളിൽ ചിലതാണ് താഴെക്കാണുന്നത്:

  1. മൂന്ന് യഹോവ
  2. മൂന്ന് വ്യക്തികൾ
  3. മൂന്നു ശക്തികൾ
  4. മൂന്ന് ദൈവങ്ങൾ
  5. മൂന്ന് ആത്മാക്കൾ
  6. മൂന്ന് വ്യക്തിത്വങ്ങൾ
  7. മൂന്ന് വ്യക്തിത്വം ഒരു വ്യക്തി
  8. മൂന്ന് വ്യക്തിത്വം ഒരു ആളത്വം
  9. മൂന്ന് ആത്മാക്കൾ ഒരു വ്യക്തി
  10. ഏകദൈവം മൂന്നു ഘടകങ്ങൾ
  11. മൂന്ന് ആളത്വങ്ങളിൽ ഏക ആത്മാവ്
  12. പിതാവും പുത്രനും മൽക്കീസേദെക്കും
  13. മൂന്ന് വ്യക്തിത്വങ്ങൾ ചേർന്ന ഏകദൈവം
  14. ഏകദൈവത്തിൽ ഒരേ തത്വമുള്ള മൂന്നുപേർ
  15. ദൈവം ഒരു വ്യക്തി മൂന്നു ആളുകൾ അഥവാ മുഖങ്ങൾ.

ത്രിത്വദൈവത്തിന് മൂന്ന് വ്യക്തിത്വവും ഒരു ആളത്വവുമാണെന്നാണ് പുള്ളി പറഞ്ഞത്. അത് സ്ഥാപിക്കുവാൻ വേണ്ടിയാണ് ആദാമിൻ്റെ ഉദാഹരണം കൊണ്ടുവന്നത്. ആളത്തമെന്ന പദം നിഘണ്ടുവിൽപ്പോലും ഇല്ലാത്തതാണ്. ആ പദത്തിൻ്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ, ചിലർ വ്യക്തിയാണെന്ന് പറയും, ചിലർ വ്യക്തിത്വമാണെന്ന് പറയും, ചിലർ ഭാവമാണെന്ന് പറയും, ചിലർ പദവിയാണെന്ന് പറയും, ഒന്നും പറ്റിയില്ലെങ്കിൽ മർമ്മമാണെന്നും ആത്മാവ് വെളിപ്പെടുത്താതെ അത് ഗ്രഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകളയും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതുപോലെയാണ് പലരുടെയും ത്രിത്വനിർവ്വചനം. 

ആളത്വത്തെ വ്യക്തിത്വമായി മനസ്സിലാക്കിയാൽ ദൈവത്തിന് നാല് Personality ഉണ്ടെന്ന് പറയേണ്ടിവരും. ഇനി, ആളത്വത്തെ വ്യക്തിയായി മനസ്സിലാക്കിയാൽ, ഒരു വ്യക്തിയും (Person) മൂന്ന് വ്യക്തിത്വവും (Personality) ആയി. ഒരു വ്യക്തിയാണുള്ളത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവിൽ ആരാണാ വ്യക്തി? വ്യക്തിയിലുള്ള സവിശേഷ ഗുണത്തെയാണ് വ്യക്തിത്വം (Personality) എന്ന് പറയുന്നത്. പിതാവ് വ്യക്തിയല്ലെന്ന് ആർക്കും പറയാൻ പറ്റില്ല. അപ്പോൾ, പുത്രനും പരിശുദ്ധാത്മാവും വ്യക്തിയല്ലെന്നുവരും. പുത്രൻ വ്യക്തിയല്ലാതെ വ്യക്തിത്വം മാത്രമുള്ളവനായിട്ടാണോ ഭൂമിയിൽ വന്നത്? വ്യക്തിയെക്കൂടാതെ എങ്ങനെ വ്യക്തിത്വം ഉണ്ടാകും? യേശുക്രിസ്തു ചരിത്രപുരുഷനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്; വ്യക്തിയല്ലാത്ത വ്യക്തിത്വം മാത്രമുള്ള ഒരു ചരിത്രപുരുഷൻ ഉണ്ടാകുക സാദ്ധ്യമോ? അപ്പൊസ്തലന്മാരും അക്കാലത്തെ ജനങ്ങളും വ്യക്തിയല്ലാത്ത യേശുവിനെ കണ്ടതും, അവൻ കഷ്ടം സഹിച്ചതും, ക്രൂശിക്കപ്പെട്ടതും ഒരു മായയോ നാടകമോ വല്ലതുമായിട്ടാന്നോ? ഇക്കൂട്ടർ ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വം വിശ്വസിച്ചതിനു ശേഷമാണോ ഇതുപോലെ ബോധമില്ലാതായത്; അതോ, ബോധമില്ലാത്തവർക്ക് മാത്രമേ ത്രിത്വം വിശ്വസിക്കാൻ കഴിയുകയുള്ളോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളു. 

ഒടുവിൽ അദ്ദേഹം പറഞ്ഞത്: “ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു.” ഇങ്ങനെയോരു കാര്യമേ ബൈബിളിൽ ഇല്ല. പിരിക്കാൻ അവർ ഒരു ശരീരത്തിലല്ലായിരുന്നു; പിരിച്ചുവെങ്കിൽ വീണ്ടും ഒന്നാക്കിയതെന്തിനാണ്? ഒന്നെങ്കിൽ കഞ്ചാവടിച്ചിട്ട് ബൈബിൾ വായിച്ചതായിരിക്കും; അല്ലെങ്കിൽ ആരെങ്കിലും ഇവരെ പറഞ്ഞ് പറ്റിച്ചതായിരിക്കും; എനിക്കറിയില്ല. ഒരുകാര്യം എനിക്ക് മനസ്സിലായി: ബൈബിളിലില്ലാത്ത ത്രിത്വം സ്ഥാപിക്കാൻ ബൈബിൾ വിരുദ്ധമായി ഏതറ്റംവരെയും ഇക്കൂട്ടർ പോകും. ഏകദൈവത്തെ ത്രിത്വമാക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ ഓരോരോ തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. കൂടുതലൊന്നും പറയുന്നില്ല.

ട്രിനിറ്റി നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഉപദേശം: ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശത്തെ സംബന്ധിച്ച യഥാർത്ഥ വസ്തുത എന്താണെന്ന് നിങ്ങളുടെ Systematic theology പറഞ്ഞുതരും: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വംവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, പേജ്, 147).

“സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അഥവാ മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരുപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” സഭയിൽ അഥവാ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ സുന്നഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, യഹോവയായ ദൈവമോ, പഴയനിയമഭക്തന്മാരോ, ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അങ്ങനെയൊരു ഉപദേശം പഠിപ്പിച്ചിട്ടില്ല.

ബൈബിളിലോ ട്രിനിറ്റിക്ക് തെളിവില്ല; ചരിത്രത്തിലെങ്കിലും തെളിവുണ്ടാക്കാമെന്ന് നിങ്ങൾ കരുതി; പക്ഷെ, അത് പാളി. നിങ്ങളുടെ ദൈവശാസ്ത്രത്തെ നിങ്ങൾക്ക് തള്ളിപ്പറയാൻ പറ്റില്ല. ത്രിയേകത്വമെന്ന പ്രയോഗവും സാരാംശത്തിൽ ഏകനും മൂന്നാളുകളും (One ousia, three hypostasis) അഥവാ ട്രിനിറ്റി ദൈവശാസ്ത്രത്തിലല്ലാതെ ബൈബിളിലുള്ളതല്ല. ത്രിയേകത്വം, ആളത്വം, സാരാംശത്തിൽ ഏകൻ എന്നീ പ്രയോഗങ്ങളാകട്ടെ, നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. അതായത്, ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രമില്ലെങ്കിൽ ത്രിയേകത്വമെന്ന ഉപദേശവുമില്ല. അതിനാൽ ദൈവശാസ്ത്രത്തെ തള്ളിയാൽ ട്രിനിറ്റിയെന്ന ഉപദേശവും നിങ്ങൾക്ക് തള്ളേണ്ടിവരും. ഇനിയെന്തുചെയ്യും? 🤔🤔🤔

ദൈവത്തിൻ്റെ വലത്തുഭാഗം

ദൈവത്തിൻ്റെ വലത്തുഭാഗം

യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയാണെന്ന് അനേകരും വിചാരിക്കുന്നു. ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കാൻ കഴിയാത്തവർ ദൈവത്തിൻ്റെ വെളിപ്പാടുകളെ വ്യത്യസ്ത വ്യക്തികളാക്കുകയും, ആലങ്കാരികമായി പറഞ്ഞിരിക്കുന്നതിനെ  അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു. “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്നത് ക്രിസ്തുവിൻ്റെ പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും അഭിഷിക്തരാജാവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്. (സങ്കീ, 110:1; 80:17). ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ പുത്രൻ യിസ്രായേലാണ്. പഴയനിയമം ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതാണ് പുതിയനിയമത്തിലെ പുത്രൻ. (മത്താ, 5:17,18). അതിനാൽ യിസ്രായേലിൻ്റെ പദവികളാണ് ആത്മീയമായി യേശുക്രിസ്തുവിൽ നിവൃത്തിയായതായി കാണുന്നത്. 

അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന നിലയിൽ, യഥാർത്ഥത്തിൽ ദൈവത്തിനൊരു വലത്തുഭാഗമോ ഇടത്തുഭാഗമോ ഇല്ല. ഇല്ലെന്നല്ല; ഉണ്ടാകുക സാദ്ധ്യമല്ല. “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28. ഒ.നോ: സങ്കീ, 139:7-10; യിരെ, 23:23,24). പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു വലത്തുഭാഗം ഉണ്ടാകുകയില്ല. എന്നാൽ സ്വർഗ്ഗസിംഹാനത്തിൽ ഇരിക്കുന്നതായി കണ്ട ദൈവത്തിന് വലത്തുഭാഗവും ഇടത്തുഭാഗവുമുണ്ട്; അതുപക്ഷെ, ദൈവത്തിൻ്റെ വെളിപ്പാടാണ്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യനായ ഏകദൈവത്തിൽ വ്യക്തികളല്ല; വെളിപ്പാടുകളാണുള്ളത്. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടത് ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. അതാണ് പൗലൊസ് അപ്പോസ്തലൻ പറയുന്ന അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയു  ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9). ആ ദൈവത്തിന് അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് വലത്തുഭാഗവും ഇടത്തുഭാഗവുമൊക്കെയുണ്ട്; എന്നാൽ അവിടെയിരിക്കുന്നത് ദൂതന്മാരാണ്: (1രാജാ, 22:19). അതിനാൽ ക്രിസ്തു വലത്തുഭാഗത്തിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് ആലങ്കാരികമാണെന്ന് മനസ്സിലാക്കാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:

1. “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്ക് സമനും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25), സദൃശനുമില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5).  “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഒരുത്തൻ മാത്രമാണ്; ആകയാൽ ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു ദൈവത്തിൻ്റെ വലത്തോ ഇടത്തോ ഇരിക്കുന്ന മറ്റൊരു വ്യക്തിയല്ല; ദൈവം തന്നെയാണ്. (1തിമൊ, 3:14-16).

2. “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനായിക്കണ്ട ദൈവത്തിൻ്റെ പ്രത്യക്ഷതയായവൻ്റെ വലത്തും ഇടത്തുമാകട്ടെ ദൂതന്മാരാണുള്ളത്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16) അധിവസിക്കുന്നവനും, കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വെളിപ്പാട് ദർശിച്ച പഴയപുതിയനിയമ ഭക്തന്മാരാരും ദൈവത്തിൻ്റെ വലതുഭാഗത്ത് ഒരു പുത്രനെ കണ്ടില്ല; ദൂതന്മാരെയാണ് കണ്ടത്. അതിനാൽ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയല്ല യേശുക്രിസ്തുവെന്ന് മനസ്സിലാക്കാം.

3. “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇവിടെ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും വാഗ്ദത്തരാജാവുമായ ദൈവസന്തതിയാണ് യിസ്രായേൽ. വാഗ്ദത്ത സന്തതി രാജാവാകയാലാണ് ദാവീദ് അവനെ ആത്മാവിൽ എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നത്. യിസ്രായേലിന്റെ പദവികളാണ് അവൻ്റെ രക്ഷകനായ യേശുക്രിസ്തുവിൽ നിവൃത്തിയായത്; അതിനാലാണ് ക്രിസ്തു ദാവിൻ്റെ പുത്രനും വാഗ്ദത്ത രാജാവുമായത്. (ലൂക്കൊ, 1:32,33). അക്ഷരാർത്ഥത്തിൽ യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്തരാജാവ് അവൻ്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു വ്യക്തിയല്ല; യിസ്രായേൽ ജനതമുഴുവൻ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അത് ദൈവം തൻ്റെ സന്തതിക്ക് കൊടുത്തിരിക്കുന്ന ഒരു സവിശേഷ പദവിയാണ്. തൻ്റെ വലങ്കൈയുടെ പരിപാലനം യിസ്രായേലിനു ഉണ്ടെന്നാണ് അതിനർത്ഥം. (സങ്കീ, 80:14-17; യെശ, 41:13). ഇനി, ‘ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർ മഹാദൈവമായവൻ മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണോ വിചാരിക്കുന്നത്? (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

4. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദൈവത്തിൻ്റെ ക്രിസ്തു അഥവാ അഭിഷിക്തനായ രാജാവാണ് യിസ്രായേൽ. ദൈവത്തിൻ്റെ വാഗ്ദത്ത ക്രിസ്തുവായ യിസ്രായേലോ, അവൻ്റെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവോ അക്ഷരാർത്ഥത്തിൽ ഒരു പ്രത്യേകസ്ഥലത്ത് ഇരിക്കുന്നവരല്ല. എന്തെന്നാൽ ക്രിസ്തു പല സ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്:  യഹോവയുടെ: പുറകിൽ (സങ്കീ, 16:8; പ്രവൃ, 2:25), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5; പ്രവൃ, 2:25), വലത്തുഭാഗത്ത് (110:1; പ്രവൃ, 2:35), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതിനാൽ യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയല്ല; അതൊക്കെ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം.  (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവത്തിൻ്റെ ക്രിസ്തു).

5. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (തിമൊ, 1 3:14-16). ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് നാമം ചേർത്തുനോക്കിയാൽ, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യോഹ, 10:10). കെ.ജെ.വി. പോലുള്ള അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു, വെളിപ്പാടും അവതാരവും)

ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല; ആ പദവി മാത്രമാണ് പിന്നെയുണ്ടാകുന്നത്. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായി, ഇരിക്കുന്നതായി, പക്ഷവാദം ചെയ്യുന്നതായി ഇരുപതോളം വാക്യങ്ങളുണ്ട്. ക്രിസ്തു ദൈവത്തിൻ്റ വലത്തുഭാഗത്തു ഇരിക്കുന്നതിനെ മൂന്നു വിധത്തിൽ മനസ്സിലാക്കാം: ഒന്ന്; അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രത്യക്ഷതയെന്ന നിലയിൽ അവൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. രണ്ട്; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയുടെ സ്ഥാനം വലത്തുഭാഗത്താണ്. മൂന്ന്; പക്ഷവാദം ചെയ്യുന്നവൻ്റെ സ്ഥാനം വലത്തുഭാഗമാണ്. അതിനാധാരമായ ത്രിവിധപ്രയോഗങ്ങളും കാണാം: മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കുന്നു (എബ്രാ, 1:3), ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നു (എബ്രാ, 12:2), പക്ഷവാദം ചെയ്യുന്നു. (റോമ, 8:34). 

1. അദൃശ്യദൈവത്തിൻ്റെ പ്രതിമയെന്ന നിലയിൽ അവൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്രാ, 1:3. ഒ.നോ: മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; 1പത്രൊ, 3:22). ദൈവം അദൃശ്യനാണ്; ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല കാണ്മാൻ കഴിയുകയുമില്ല. അപ്പോൾത്തന്നെ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് ആരാധന സ്വീകരിക്കുന്ന യഹോവയെ അനേകർ കണ്ടിട്ടുണ്ട്. മീഖായാവ് (1രാജാ, 22:19–2ദിന, 18:18), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9-10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ കണ്ടിട്ടുണ്ട്. സിംഹാസനത്തിൽ ഇരിക്കുന്നവനെ നാലു ജീവികൾ പരിശുദ്ധൻ പരിശുദ്ധൻ എന്നിങ്ങനെ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കാണ്ടത്. (യെശ, 6:1-5; വെളി, 4:1-8). അതാണ് അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. അതിനെ മഹത്വത്തിൻ്റെ പ്രത്യക്ഷതയെന്നു പറയുന്നു: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അതാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്ന; അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9). അതുതന്നെയാണ് എബ്രായലേഖകൻ പറയുന്ന; തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും: (എബ്രാ, 1:3). (കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും)

അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയെ അഥവാ ദൃശ്യരൂപത്തെയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:” (പ്രവൃ, 7:55). സ്തെഫാനോസ് കാണുന്നത് അദൃശ്യനായ ദൈവത്തെയല്ല; ദൈവമഹത്വമാണ്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്ന് ആ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” അതായത്, അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്ത് അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യഹോവ അഥവാ യേശുവിനെയുമാണ് കണ്ടത്. പഴയനിയമ ഭക്തന്മാർ കണ്ട യഹോവയും യേശുവും ഒരാളാണെന്നതിന് കൃത്യമായ ഒരു തെളിവുകൂടിതരാം: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5. ഒ.നോ: സംഖ്യാ, 16:22 27:17;  സങ്കീ, 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). യഹോവയും യേശുവും ഒരാളായതുകൊണ്ടാണ് യേശുവിൻ്റെ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. (പ്രവൃ, 7:59). “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു യേശുക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയദർശനം. (യോഹ, 14:9; പ്രവൃ, 7:55,56). സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ്, ദൈവം അദൃശ്യനാണെന്നും ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നും കാണ്മാൻ കഴിയില്ലെന്നും പൗലൊസ് അപ്പൊസ്തലൻ പറഞ്ഞത്. (1തിമൊ, 1:17; 6:16). ഏകദേശം അമ്പത്തഞ്ചു വർഷങ്ങൾക്കുശേഷമാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞത്. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് യേശുക്രിസ്തുവെന്ന ഏകനെയല്ലാതെ, മറ്റൊരു ദൈവവ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടില്ലെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവിൻ്റെ ആവശ്യമില്ല. സ്തെഫാനോസ് യേശുക്രിസ്തുവിനെ കണ്ടത് ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്താണ്. (പ്രവൃ, 7:55). എബ്രായലേഖകൻ പറയുന്നു: മഹിമയുടെ വലത്തുഭാഗത്തു ഇരിക്കുന്നു. (എബ്രാ, 1:3. ഒ.നോ: മത്താ, 26:64. ഒ.നോ: മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; 1പത്രൊ, 3:22). ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് സ്വർഗ്ഗത്തിലും ഭൂമിയിലുമായി അനേകർ കണ്ടത്. ദൈവത്തിൻ്റെ വെളിപ്പാടുകളെ വ്യക്തികളായി എണ്ണിയാൽ, ദൈവവ്യക്തികൾ മൂന്നിലും മുപ്പതിലും നില്ക്കില്ല. (കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, സ്തെഫാനോസ് കണ്ട ദർശനം)

2. ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയുടെ സ്ഥാനം വലത്തുഭാഗത്താണ്: “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രാ, 12:2. ഒ.നോ: മത്താ, 12:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:13; 8:1; 10:12,13). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ദൈവം സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:6) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും (110:1) ശത്രുക്കൾ പാദപീഠമായിക്കഴിഞ്ഞാൽ ദൈവത്തിനു കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കീ, 2:8,9; ദാനീ, 7:18,21,27; 1കൊരി, 27,28; വെളി, 11:15; 12:10). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീനത നിമിത്തം അവന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചത്. (റോമ, 8:3). അഥവാ യഹോവയായ ദൈവം, യേശുവെന്ന നാമത്തിൽ ദൈവപുത്രനും മനുഷ്യപുത്രനുമായി ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:32,35; 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ഒന്നുകൂടി വ്യക്തമാക്കിയാൽ: സ്വന്തപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവൻ്റെ പാപസ്വഭാവം നിമിത്തം അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്ന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് സാക്ഷാത്കരിക്കരിച്ചു കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” എബ്രായർ 10:12,13). യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവി യേശുക്രിസ്തുവിൽ നിക്ഷിപ്തമായിരിക്കും. യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ, യിസ്രായേൽ പിന്നെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയല്ല ചെയ്യുന്നത്; ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുകയാണ് ചെയ്യുന്നത്. (സങ്കീ, 2:8,9; ദാനീ, 7:18,21,27; 1കൊരി, 27,28; വെളി, 11:15; 12:10). ദൈവം യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28). ‘ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്നത് ദൈവപുത്രനായ യിസ്രായേലിന്റെ പദവിയായതുകൊണ്ടാണ് അവൻ്റെ മറുവിലയായ ക്രിസ്തുവിൽ ആ പദവി ആരോപിക്കപ്പെട്ടിരിക്കുന്നത്. ‘വലഭാഗത്തേക്കു ആരോഹണം ചെയ്തു (പ്രവൃ, 2:33) വലത്തുഭാഗത്തിരുന്നു’ (മർക്കൊ, 16:19) എന്നൊക്കെ പറഞ്ഞിരിക്കുന്നത് നോക്കുക. ആ പദവി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെയല്ല; യിസ്രായേലിന്റെതാണ് എന്നതിൻ്റെ തെളിവാണ് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി ആ പദവിക്കുള്ളത്. (കാണുക: രണ്ടാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

3. പക്ഷവാദം ചെയ്യുന്നവൻ്റെ സ്ഥാനമാണ് വലത്തുഭാഗം: “ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:34). “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (യോഹ, 1 2:1. ഒ.നോ: എബ്രാ, 7:25). നമുക്ക് അക്ഷയനും അദൃശ്യനുമായ ഏകദൈവമാണുള്ളത്. (1തിമൊ, 1:17). ആ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത്. (1കൊരി, 15:21; 1തിമൊ, 2:5,6; 3:14:16). യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് മഹാപുരോഹിതനായിട്ടാണ് ക്രിസ്തു തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു. (മത്താ, 3:16; പ്രവൃ, 10:38; എഫെ, 5:2; എബ്രാ, 3:1). ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. യേശു പക്ഷവാദം ചെയ്യുന്ന മറ്റൊരു വ്യക്തിയായി ഉണ്ടാകയില്ലെന്ന് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. തൻ്റെ അവസാന പ്രഭാഷണത്തിൽ: തൻ്റെ നാമത്തിൽ തന്നോടുതന്നെ അപേക്ഷിക്കുവാനും തൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാനും അഭിന്നമായിട്ട് യേശു പറയുകയുണ്ടായി. (യോഹ, 14:13,14; 15:16; 16:23,24). എന്നിട്ട് ഒടുവിൽ പറയുന്നത്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). “അന്നു” അതായത് താൻ സ്വർഗ്ഗാരോഹണം ചെയ്തുകഴിഞ്ഞാൽ പിതാവ് പുത്രൻ എന്ന വേർതിരിവ് ഉണ്ടാകില്ല. “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ പറഞ്ഞിരിക്കുന്നത് ഓർക്കുക. ജഡത്തിൽ വെളിപ്പെട്ടവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യനല്ല പിന്നെ ഉണ്ടാകുന്നത്, ആരാണോ മനുഷ്യനായി വെളിപ്പെട്ടത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ ഏകദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). ഏകദൈവംതന്നെ മനുഷ്യനായി പ്രത്യക്ഷനായി അപ്രത്യക്ഷമായതിനാൽ സകലവും യഥാസ്ഥാനത്താകുന്നതുവരെ പക്ഷവാദം ചെയ്യുന്നവൻ്റെ പദവിയും ദൈവത്തിൽത്തന്നെ നിക്ഷിപ്തമായിരിക്കും. അതിനാൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പക്ഷവാദം ചെയ്യുന്നുവെന്നത് ആലങ്കാരികമാണ്. നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത് കാര്യസ്ഥനായ പരിശുദ്ധാത്മാവാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷ തൻ്റെ ശരീരയാഗത്താൽ ഒരിക്കലായി പൂർത്തിയായതാണ്: (എബ്രാ, 7:27; 9:12; 10:10). മദ്ധ്യസ്ഥശുശ്രൂഷയും ക്രൂശുമരണത്തോടെ കഴിഞ്ഞതാണ്; അഥവാ താൻ ഏകശരീരത്തിൽ ദൈവത്തോടു നിരപ്പു വരുത്തിയപ്പോൾ പൂർത്തിയായി: (എഫെ, 2:16; 1തിമൊ, 2:5,6; എബ്രാ, 8:6; 9:15; 12:24). ഇനിയുള്ളത് പക്ഷവാദം ചെയ്യുന്ന കാര്യസ്ഥൻ്റെ ശുശ്രൂഷയാണ്: (റോമ, 8:34; എബ്രാ, 7:25; 1യോഹ, 2:1). അത് മനുഷ്യനായിട്ടല്ല, ദൈവമായിട്ടാണ് അഥവാ ആത്മാവായി നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ടാണ് അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. പാരക്ലീറ്റൊസ് (prakletos) എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയാണ് കാര്യസ്ഥൻ. യോഹന്നാൻ്റെ എഴുത്തുകളിൽ അഞ്ചു പ്രാവശ്യം ആ പദമുണ്ട്. സുവിശേഷത്തിൽ നാലുപ്രാവശ്യവും (യോഹ. 14:16; 14:26; 15:26; 16:7) ലേഖനത്തിൽ ഒരു പ്രാവശ്യവും: (1യോഹ. 2:1). സഹായത്തിനായി ഒരുവന്റെ അടുക്കലേക്കു വിളിക്കപ്പെടുന്ന വ്യക്തിയാണ് പാരാക്ലീറ്റൊസ്. സഹായകൻ എന്നർത്ഥം. കോടതിയിൽ ഒരു വ്യക്തിക്കു വേണ്ടി സന്നിഹിതനാകുന്ന അഭിഭാഷകൻ, ഒരുവനുവേണ്ടി വാദിക്കുന്ന മറ്റൊരുവൻ, മദ്ധ്യസ്ഥൻ, പക്ഷവാദം ചെയ്യുന്നവൻ എന്നിങ്ങനെ ഈ പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു: (1യോഹ, 2:1). സുവിശേഷത്തിൽ പരിശുദ്ധാത്മാവും ലേഖനത്തിൽ യേശുക്രിസ്തുവുമാണ് കാര്യസ്ഥൻ. എന്നാൽ യോഹന്നാൻ 14:16-ൽ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നിങ്ങൾക്കു തരും എന്ന പ്രസ്താവനയിൽ താൻതന്നെയാണ് പരിശുദ്ധാത്മാവെന്ന ആ കാര്യസ്ഥനെന്നു ക്രിസ്തു വ്യക്തമാക്കുന്നു.

യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം: “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവ്: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). [കാണുക: ഞാനും പിതാവും ഒന്നാകുന്നു, അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും]

നമ്മെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നതും (മത്താ, 3:11; 1കൊരി, 12:12,13) നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നവനും (യോഹ, 3:6,8; 1യോഹ, 2:29) ആത്മാവായി നമ്മോടുകൂടെ വസിച്ചു ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും യേശുക്രിസ്തുവാണ്: (റോമ, 8:26,27,34; 1യോഹ. 2:1). അവനാണ് ലോകാവസാനത്തോളം എല്ലാനാളും നമ്മോടുകൂടെ ഇരിക്കുന്നത്: (മത്താ, 28:19). ദൈവത്തിൻ്റെ ആത്മാവും (റോമ, 8:28) പിതാവിൻ്റെ ആത്മാവും (മത്താ, 10:20) യേശുക്രിസ്തുവിൻ്റെ ആത്മാവും (ഫിലി, 1:19) പുത്രൻ്റെ ആത്മാവും (ഗലാ, 4:6) ക്രിസ്തുവിൻ്റെ ആത്മാവും (റോമ, 8:29) പരിശുദ്ധാത്മാവും ഒന്നത്രേ. [കാണുക: പരിശുദ്ധാത്മാവ്]

ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം. (1യോഹ, 2:1). 

“അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് നമുക്കുള്ളത്. (യെശ, 45:15; കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രത്യക്ഷതയാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവയും (യെഹെ, 1:28) ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവും (1തിമൊ, 3:14-16) അദൃശ്യനായ ആത്മാവായി നമ്മോടുകൂടെ വസിക്കുന്നവനും ഒരാളാണ്. (യോഹ, 14:16; പ്രവൃ, 2:2,3). അദൃശ്യനായ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് യഹോവയും യേശുവും പരിശുദ്ധാത്മാവും. അതിനാൽ, നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി യഹോവ അഥവാ യേശുക്രിസ്തുവെന്ന ഏകദൈവമേയുള്ളു. പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (മത്താ, 5:17,18). ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന യഹോവയുടെ അരുളപ്പാടുപോലെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12), പിതാവിന്റെയും (യോഹ, 5:43; 17:11,12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; കൊലൊ, 3:17). അതുകൊണ്ടാണ്, മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നു അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് അപ്പൊസ്തലൻ വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). ഏകദൈവമാണ് നമുക്കുള്ളത്; അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും അദൃശ്യനായ പരിശുദ്ധാത്മാവായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (1യോഹ, 2:29; മത്താ, 28:19). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് യേശു പറഞ്ഞതോർക്കുക. (യോഹ, 14:18). പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ ഏകദൈവം കർത്താവായ യേശുക്രിസ്തുവാണ്. (വെളി, 1:8). സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)