ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. ദൈവദൂഷകരും, നിരീശ്വരവാദികളും, യുക്തിവാദികളും, സാത്താൻ സേവകരും അതിൽപെടും. സുവിശേഷ കാലഘട്ടത്തിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ, ദേശാധിപതിമാർ, മഹാപുരോഹിതന്മാർ, പരീശന്മാർ, ശാസ്ത്രിമാർ, സദൂക്യർ, സ്ഥലങ്ങൾ, നാണയങ്ങൾ, സംഭവങ്ങൾ, പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ തുടങ്ങിയവയെല്ലാം യേശുവിന്റെ ചരിത്രത്തിന്റെ സാക്ഷ്യങ്ങളായിരിക്കുകയും, ആളുകളൊക്കെ ജീവിച്ചിരുന്നവരാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തിട്ടും, യേശുക്രിസ്തു മാത്രം ചരിത്രപുരുഷനല്ലായിരുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ നികൃഷ്ഠബുദ്ധിയെന്നേ പറയാൻ കഴിയൂ. യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്ന് വിശ്വസിച്ചുകഴിഞ്ഞാൽ, ഭൂമിയിൽ ഒരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതും, പറയാൻ അസാദ്ധ്യവുമായ കാര്യങ്ങളെ താൻ അരുളിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതവരുടെ ആത്മരക്ഷയ്ക്ക് കാരണമായി തീരുമെന്നതിനാൽ സാത്താൻ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുകയാണ്. ഫ്രഞ്ച് തത്വജ്ഞാനിയും ചരിത്രകാരനും എഴു ത്തുകാരനുമായ ജോസഫ് ഏണെസ്റ്റ് റെനാന്റെ (1823-1892) വാക്കുകൾ  ഇത്തരുണത്തിൽ അർത്ഥവത്താണ് . “മനുഷ്യരെ സ്നേഹിക്കുന്ന എല്ലാവരുടേയും ആരാധനാ പാത്രമാണ് അദ്ദേഹം (യേശു). ഈ മഹാനെ ചരിത്രത്തിൽ നിന്നും ബഹിഷ്ക്കരിക്കുവാൻ ആർക്കും കഴിയുകയില്ല. അദ്ദേഹത്തെ ഒഴിവാക്കി ചരിത്രത്തെ വിശദീകരിക്കുവാൻ സാദ്ധ്യമല്ലെന്ന് തെളിയുന്നതിലൂടെ, നമുക്ക് അദ്ദേഹത്തെ കൂടുതൽ തീഷ്ണതയോടെ ആരാധിക്കുവാൻ കഴിയും.”

ആന്തരീക തെളിവുകൾ

ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താ ണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1, 19,20). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ് യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:43). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം (എ.ഡി. 6) ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏ പ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. (കൂടുതൽ വിവരങ്ങൾക്ക്, ‘ക്രിസ്തുവിന്റെ ജനനവർഷം‘ കാണുക). 

തിബെര്യാസ് കൈസർ ( എ.ഡി. 14-37) റോമാ ചക്രവർത്തിയും, പീലാത്തോസ് (എ.ഡി. 26-36) യെഹൂദ്യ ഗവർണ്ണറും, ഹെരോദാ അന്തിപ്പാസ് (ബി.സി 4-എ.ഡി. 39) ഗലീലയിലെ ഇടപ്രഭുവും, അവന്റെ സഹോദരനായ ഹെരോദാ ഫിലിപ്പോസ് (ബി.സി 4-എ.ഡി. 34) ഇതുര്യ, തഖോനിത്തി ദേശങ്ങളിലെ ഇടപ്രഭുവും, ലുസാന്യാസ് (ബി.സി. 5-എ.ഡി.19) അബിലേനയിലെ ഇടപ്രഭുവും, ഹന്നാവും (എ.ഡി. 6-15), കയ്യഫാവും (എ.ഡി. 18-36) മഹാപുരോഹിതന്മാരായും ഇരിക്കുംകാലം യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിലാണ് യേശുവിന്റെ മുന്നോടിയായ (മലാ, 3:1) യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1). തിബെര്യാസ് എ.ഡി. 14-ൽ അധികാരറ്റു. അതിന്റെ പതിനഞ്ചാമത്തെ വർഷം എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ തുടങ്ങി. അനന്തരം യേശുവും സ്നാനമേറ്റ് ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 3:21-23). നാല് പെസഹയെക്കുറിച്ചുള്ള വിവരം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. തന്മൂലം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലയളവ് മൂന്നര വർഷമായിരുന്നു എന്നും വ്യക്തമാണ്. ശബ്ബത്തിന്റെ തലേദിവസം ഒരുക്കനാളിൽ അഥവാ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. (യോഹ, 19:31). കൃത്യമായി പറഞ്ഞാൽ നീസാൻ പതിനഞ്ച് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ദിവസമാണ് യേശു ക്രൂശിക്കപ്പെട്ടത്. യെഹൂദന്മാർ ഈ പെരുന്നാളിനെ പെസഹയെന്നും , പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും അഭിന്നമായി വിളിച്ചിരുന്നു. (ലൂക്കൊ, 22:1,7). യെഹൂദന്മാരുടെ കലണ്ടർ പ്രകാരം എ.ഡി. 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30-നും, 33-നും മാത്രമാണ്. തന്മൂലം എ.ഡി. 29-ന് ശുശ്രൂഷ ആരംഭിച്ച യേശുക്രിസ്തു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തികച്ചശേഷം എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ക്രൂശുമരണം വരിച്ചതെന്നും സ്പഷ്ടമാണ്. 

ബൈബിളിലെ ഗലീലക്കാരനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:69), നസറായനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:71, മർക്കൊ, 10:47; 14:67; യോഹ, 18:5; പ്രവൃ, 2:23) പ്രത്യേകം ശ്രദ്ധേയമാണ്. യിസ്രായേലിലെ ഗലീല ജില്ലക്കാരനായ യേശുവെന്നും നസറെത്തു പട്ടണക്കാരനായ യേശുവെന്നും തെളിവായിത്തന്നെ വിളിച്ചിരിക്കുന്നു. ഗലീലയുമായും നസറെത്തുമായുള്ള യേശുവിന്റെ സജീവബന്ധം ഇതിൽനിന്നും അസന്നിഗ്ദ്ധമായി തെളിയുന്നു. 

ബാഹ്യതെളിവുകൾ

യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ബൈബിളിനു പുറത്തു ചരിത്രരേഖകൾ ഒന്നും ഇല്ലെന്നു വിമർശകർ പറയുന്നുണ്ട്. അവരുടെ ദുർമനസ്സാക്ഷിയെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചുവല്ലോ. അവർക്കുവേണ്ടിയല്ല; സത്യാന്വേഷികൾക്കു വേണ്ടി ചുരുക്കം ചിലത് ചുവടെ ചേർക്കുന്നു: റോമൻ ചക്രവർത്തി വെസ്പേഷ്യന്റെ (എ.ഡി. 69-79) ഭരണകാലത്ത്, ടൈറ്റസിന്റെ നേതൃത്വത്തിൽ എ.ഡി. 70 ആഗസ്റ്റ് 3-ന് റോമൻ സൈന്യം യെരൂശലേം കീഴടക്കി പതിനാലു ലക്ഷത്തോളം യെഹൂദന്മാരെ കൊന്നൊടുക്കി ദൈവാലയവും പട്ടണവും ചുട്ടെരിച്ചുകളഞ്ഞതും; റോമൻ ചക്രവർത്തി ഹാഡ്രിയാന്റെ ( 117-138 ) കാലത്തു ദൈവാലയ നിർമ്മാണത്തിനും വിപ്ലവത്തിനും തയ്യാറായ യെഹൂദന്മാരെ 135-ൽ നിഷ്കരുണം അടിച്ചമർത്തി യെരുശലേം വീണ്ടും ഇടിച്ചുനിരത്തി ഒരു റോമൻ നഗരിയാക്കി മാറ്റിയതും ചരിത്ര കാരന്മാരൊക്കെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (AB Peter Schafer, The History of the Jews in Antiquity, Routledge ( 1995 ) 2013 pp.191-192. Mireille Hadas Lebel (2006). Jerusalem Against Rome. Peeters Publishers. p. 86. Flavius Josephus, The Wars of the Jews VI.9.3). അതിനുശേഷവും ഇത്രയധികം ചരിത്രത്തെളിവുകൾ അവശേഷിക്കുന്നത്, ക്രിസ്തു എന്ന ചരിത്രസത്യത്തിന്റെ നിസ്തുലത ഒന്നു മാത്രമാണ്. 

യേശുക്രിസ്തുവിന്റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാർ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുളള ചരിത്രപരമായ സാധ്യത ഉയർത്തിപ്പിടിക്കേണ്ടയാവശ്യം അവർക്കില്ലാത്തതിനാൽ, അഥവാ അവർ ക്രിസ്തുമാർഗ്ഗത്തിന് എതിരായിരുന്നു എന്ന വസ്തുത അവരുടെ സാക്ഷ്യത്തെ കൂടുതൽ വിലയുറ്റതാക്കി മാറ്റുന്നു! 

ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ‘ഫ്ലാവിയസ് ജോസീഫസ്’ (37-100) The Jewish Antiquities (യഹൂദന്മാരുടെ പുരാതനത്വം) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റ് ആയിരക്കണക്കിന് മറ്റ് അത്ഭുത വസ്തുതകളും ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (The Works of Flavius Josephus, Translated by William Whistom, The Antiquities of the Jews, Book XV111, cha. 3:3, Page 474). “ക്രിസ്തുവിന്റെ മുന്നോടിയായ സ്നാപക യോഹന്നാനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പരാമർശമുണ്ട്.” (Antiquities of Jews, Book XVIII Chapter 8:5, 2). “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിന്റെ സഹോദരനായ യാക്കോബ്  കല്ലെറിയപ്പെട്ട സംഭവവും ജോസീഫസ് മറ്റൊരദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.” (Flavius Josephus: Antiquities of Jews, Book XX, Chapter 9:1, based on the translation of Louis H Feldman. The Loeb Classical Library). എ.ഡി. 93-നും 94-നും മദ്ധ്യേ ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 

കൊർന്നോലിയസ് ടാസിറ്റസ്: ഹാബർമാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അര ഡസൻ റോമൻ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ ചരിത്രകാരനായിരുന്നു ‘കൊർന്നോലിയസ് ടാസിറ്റസ്’ (എ.ഡി. 55-120). തന്റെ ധാർമ്മീക ഐക്യദാർഢ്യവും കാതലായ നയവും മൂലം പണ്ഡിതന്മാരുടെ ഇടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൗരാണിക റോമിന്റെ ഏറ്റവും വലിയ ചരിത്രകാരൻ എന്നു വിളിക്കപ്പെടുന്നു. (ഗാരി ആർ ഹാബർമാസ്, The Verdict of History, p.87). ടാസിറ്റസിന്റെ ഏറ്റവും ഉന്നതമായ കൃതികൾ ‘അന്നൽസും, ഹിസ്റ്ററീസും’ ആണ്. എ.ഡി. 14-ൽ ഔഗുസ്തൂസിന്റെ മരണം മുതൽ എ.ഡി. 68-ൽ നീറോയുടെ മരണം വരെ അന്നൽസ് പ്രതിപാദിക്കുമ്പോൾ, ഹിസ്റ്ററീസ് നീറോയുടെ മരണത്തിൽ തുടങ്ങി എ.ഡി. 96-ൽ ഡൊമിഷ്യന്റെ മരണംവരെ എത്തുന്നു.” (ഹാബർമാസ്, The Verdict of History, p. 87). നീറോയുടെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. “നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീർത്തിയിൽനിന്ന് വിടുതൽ പ്രാപിക്കുവാൻ, മനുഷ്യന് ചെയ്യാൻ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ, രാജകുമാരനു ചെയ്യാൻ കഴിയുന്ന സകല ദാനധർമ്മങ്ങൾക്കോ, ദൈവങ്ങൾക്ക് നൽകാൻ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകൾക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമർത്തുന്നതിനായി ബാഹുല്യംമൂലം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ എന്ന് പൊതുവേ പറഞ്ഞുവരുന്ന വ്യക്തികളുടെമേൽ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ക്രിസ്തൂസിനെ തിബെര്യോസിന്റെ (എ.ഡി. 14-37) ഭരണകാത്ത് യെഹൂദയിലെ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസ് മരണത്തിനേല്പിച്ചു. എന്നാൽ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു.” (Cornelius Tacitus; Annales, XV, 44). 

ടാസിറ്റസിന്റെ ഈ ഉദ്ധരണിയിൽ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ് . ബ്രൂസ് ചൂണ്ടിക്കാണിക്കുന്നന്നുണ്ട്: “നമുക്ക് ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്റെ വർണ്ണനയിൽ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ‘പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ ഒരു നിമിഷത്തേക്ക് പൗരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോർക്കുന്നു.” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p. 23).

മാർക്കസ് ബോക്ക്മ്യൂൽ എന്ന കേംബ്രിഡ്ജ് കോളേജ് അദ്ധ്യാപകൻ പറയുന്നത്: “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ തിബെര്യോസ് നാടുവാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവർണ്ണർ ആയിരുന്നതും (സാങ്കേതികമായി 26-36-ൽ പ്രീഫെക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമൻ ചരിത്രകാരന്റെ സാക്ഷ്യത്തിലൂടെ നമുക്ക് ലഭിക്കുന്നു എന്നതിനാൽ, ടാസിറ്റസിന്റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുൻപോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നൽകിയിരിക്കുന്നത്. ഒന്ന്; നസറായനായ യേശു ജീവിച്ചിരുന്നിട്ടില്ല. രണ്ട്; റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്.” (ബോക്ക്മ്യൂൽ, This Jesus: Martyr, Lord, Messiah, p.10,11). 

പ്ലിനി: റോമൻ രേഖകളിൽ മറ്റൊന്ന് എ.ഡി. 112-നടുത്ത് ‘ ചെറിയ പ്ലിനി’ (Younger Pliny, A.D.62-113) ട്രാജൻ ചക്രവർത്തിക്കയച്ച കത്താണ്. ബിഥുന്യയിൽ ഗവർണ്ണറായിരുന്ന അദ്ധേഹം അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാ രീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി. 120-ൽ റോമൻ ഗ്രന്ഥകാരനായ ‘സെത്തോനിയസ്’ നീറോയുടെ കാലത്തെ മതമർദ്ദനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ധേഹം എഴുതുന്നു “മശീഹായുടെ പ്രേരണയാൽ കൂടെക്കൂടെ സമരമുണ്ടാക്കിക്കൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവർത്തി (ക്ലോഡിയസ്) റോമാ നഗരത്തിൽ നിന്നും പുറത്താക്കി.” (ക്ലോഡിയസ് 25 ) . എ.ഡി. 49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊസ്തലപ്രവൃത്തിയിൽ സ്ഥിരീകരിച്ചിട്ടു ണ്ട്. “അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടുപോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.” (പ്രവൃ, 18:1,2). കൂടാതെ ഹാദ്രിയാൻ ചക്രവർത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നു പ്രസ്തുത കത്ത് 125-ൽ കോൺസ്യൂൾ ആയ ‘ഗായോസ് മിനിച്ചിയൂസ്’ ഫൊന്താനൂസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. 

എഴുത്തുകാരനും ട്രാജൻ ചക്രവർത്തിയുടെ ഉദ്ദ്യോഗ സ്ഥനുമായിരുന്ന പ്ലിനി, ക്രൈസ്തവരെ സംബന്ധിച്ച് ചക്രവർത്തിയുടെ നയമെന്തെന്നറിയാൻ അദ്ധേഹം ട്രാജനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു: “ക്രൈസ്തവരെന്നു തുറന്നുപറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവർ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കുന്നു. എന്നിട്ടും നില്ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മർക്കടമുഷ്ടിക്കും നിർബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഒരിക്കലും തങ്ങൾ ക്രൈസ്തവരായിരുന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാ മെന്നു കരുതുന്നു. പക്ഷേ അവർ എന്റെ മുമ്പിൽ റോമൻ ദൈവങ്ങൾക്ക് ധൂപവും പ്രാർത്ഥനയും അർപ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവർ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം, പക്ഷേ യഥാർത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാൽ ചിലർ പറയുന്നു ഞങ്ങൾ വളരെ വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവർ റോമൻ ദൈവങ്ങളുടേയും അങ്ങയുടേയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവർ പറയുന്നത്, അവർ ചെയ്ത ഏകതെറ്റ് മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പതിവുപോലെ ഒരുമിച്ചുകൂടി ദൈവത്തിനെന്നപോലെ മശീഹായ്ക്ക് സ്തോത്രങ്ങൾ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവർ ചില പ്രതിജ്ഞകൾ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങൾ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളിൽ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാൻ നിർത്തിവെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാൻ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരിൽ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങൾ നിയന്ത്രണാധീനമെന്നു തോന്നുമെങ്കിലും അവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേർ ഉണ്ട്.” ഈ കത്തിനുള്ള ചക്രവർത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ: “അല്ലയോ പ്രിയപ്പെട്ട സെക്കുൻദൂസ്, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ടവിധത്തിൽ പെരുമാറുക. എല്ലാ കേസുകൾക്കും സ്വീകരിക്കുവാൻ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നൽകുവാൻ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല, എന്നാൽ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവർ തെറ്റുകാരാണെന്നു തെളിയുകയും ചെയ്താൽ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്താൽ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നൽകപ്പെടുന്ന കുറ്റാരോപണങ്ങൾ ഒരു നിയമക്കോടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല.” (C. Plinii Caecilli, Secundi, Epi-stularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48). 

സ്യൂട്ടോണിയസ്: റോമൻ ചരിത്രകാരനായ ‘സ്യൂട്ടോണിയസ്’ ( എഡി . 71-135 ) എ.ഡി .120-ൽ രചിച്ച കൃതിയിൽ: ക്ലോഡിയസ് ചക്രവർത്തി യെഹൂദന്മാരും ക്രിസ്ത്യാനികളും റോമാ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന വിളംബരം പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റസിന്റെ (ക്രിസ്തു) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാർ തുടർച്ചയായി കലാപം ഉണ്ടാക്കിയതിനാൽ, അവൻ അവരെ റോമിൽ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി .49-ൽ നടന്ന ഈ സംഭവം പ്രവൃത്തി 18:2-ൽ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ക്ലോഡിയസിന്റെ ജീവചരിത്രം 25:4). മറ്റൊരു കൃതിയിൽ നീറോയുടെ ഭരണകാലത്ത് എ.ഡി .64-ൽ റോമിൽ നടന്ന അതിഭയങ്കരമായ തീപിടുത്തത്തി നെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിൻപറ്റിയ ഒരു കൂട്ടം ആളുകളുടെ മേൽ വീണു” (Lives of the Caesers, 26:2). യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളിൽ ആണെന്ന നിഗമനത്തിൽ, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികൾ രാജകീയ പട്ടണത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാർത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തിൽനിന്ന് ഉയിർത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോർട്ട് ചെയ്യുന്നു. (Suetonius, Lives of the Cessars, Claudius, 25, Nero 16.3, Documents of the Christian Church, pp.3).. റോമാചക്രവർത്തി ഹാഡ്രിയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്യൂട്ടോണിയസ്, റോമാ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ഏഷ്യാമൈനറിൽ ബിഥിന്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. (A Ro man Pro-consul in Bithynia). 

ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ … അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). 

താല്ലസ്: ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരിൽ ഒരാൾ ‘താല്ലസ്’ ആയിരുന്നു. എ.ഡി. 52-ൽ ജീവിച്ചിരുന്ന താല്ലസ് ട്രോജൻ യുദ്ധം തുടങ്ങി തന്റെ കാലഘട്ടം വരെയുള്ള പൂർവ്വ മെഡിറ്ററെനിയൻ ചരിത്രം എഴുതി. (Garry R Habermas, The Verdict of History, p.93). നിർഭാഗ്യവശാൽ, മറ്റു രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളിൽ മാത്രമാണു തന്റെ എഴുത്തുകൾ നിലനില്ക്കുന്നത്. എ.ഡി. 221-ൽ തന്റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ‘ജൂലിയസ് ആഫ്രിക്കാനസ്’ അവരിലൊരാളാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി .221-ൽ നടന്ന ഒരു ചർച്ചയിൽ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തിൽ പാറകൾ പിളർന്നു യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകർന്നു തരിപ്പണമായി. താല്ലസ് തന്റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തിൽ, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്റെ കാരണം, പൂർണ്ണചന്ദ്രന്റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌർണ്ണമിയുടെ കാല ത്തായിരുന്നു.” (Julius Africanus, Chronography, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867). താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ് 23:44,45-ൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പെസഹാ പൌർണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് എഫ്.എഫ്. ബ്രൂസിന്റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയിൽ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാൽ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.” (F.F. Bruce, “The New Testment Documents: Are They Reliable?” p.113). 

ഫ്ലെഗോൺ: ‘ഫ്ലെഗോൺ’ എന്ന മറ്റൊരു മതേതര പണ്ഡിതൻ, ‘ക്രോണിക്കിൾസ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്റെ ഒരു ചെറിയ തുണ്ട് തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോൺ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താൻ വിശദീകരിക്കുകയും ചെയ്യുന്നു. “ടൈബീരിയസ് കൈസരിന്റെ കാലത്ത്, പൌർണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.” (Julius Africanus, Chronography, 18:1). ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസ സംരക്ഷകനുമായ ‘ഒരിഗനും’ (Contra Celsum, 2:14,33, 59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താവായ ‘ഫിലോപ്പോണും’ ഫ്ലൈഗോണിന്റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. (Josh McDowell and Bill Wilson, He Walked Amoung Us, p. 36). 

മാറാ ബർ സെറാപ്പിയോൻ: സിറിയക്കാരനായ ‘മാറാ ബർ സെറാപ്പിയോൻ’ എന്ന വ്യക്തി തന്റെ മകൻ’ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടി ലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്റെയും ഇടയിൽ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തിൽ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു: “സോക്രട്ടീസിനെ വധിച്ചതിനാൽ എന്ത് പ്രയോജനമാണ് അഥേനർക്ക് ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേൽ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങൾക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷംകൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ (ക്രിസ്തു) വധിച്ചത് കൊണ്ട് യെഹൂദന്മാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികൾക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനർ വിശപ്പ് മൂലം മരിച്ചു; സാമോന്യർ കടലാക്രമണത്തിനിരയായി; യെഹൂദന്മാർ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാർത്തു. എന്നാൽ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയിലൂടെ അയാൾ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താൻ നല്കിയ ഉപദേശത്താൽ ജീവിച്ചു.” (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p. 200). ‘ 

യെഹൂദാ തല്മൂദ്: തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a ). ‘

‘ഏണസ്റ്റ് റെനാൻ’ (1823-1892) ചരിത്രപുരുഷനായ ക്രിസ്തുവിനെ ചരിത്രത്തിന്റെ മദ്ധ്യബിന്ദുവാക്കുന്നു. B.C എന്നും A.D എന്നും രണ്ടായി വിഭജിച്ച് ലോകചരിത്രപഠനം എളുപ്പമാകുകയാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിക്യം. B.C എന്നത് ബിഫോർ ക്രൈസ്റ്റ് (Before Christ, ക്രിസ്തുവിനു മുമ്പ്) ‘അന്നോ ദോമിനി’ (Anno Domini) ലത്തീൻ പ്രയോഗത്തിന്റെ ആദ്യക്ഷരങ്ങളാണ്. A.D. In the year of the Lord എന്നർത്ഥം . 1863-ൽ റെനാൻ The Life of Jesus എന്ന പേരിൽ യേശുവിന്റെ ജീവചരിത്രം രചിച്ചു. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തരനം 1935-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ ‘ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾ പോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമാണ്.” (1976, മാക്രോപ്പീഡിയ, വാല്യം 10, പേ. 145(. 

“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹന്നാൻ 2:7)

യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്

യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്

“യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1)

ത്രിത്വത്തിനു തെളിവായിട്ടാണ് പണ്ഡിതന്മാർ മേല്പറഞ്ഞ വേദഭാഗത്തെ കാണുന്നത്. അക്ഷരാർത്ഥത്തിൽ യഹോവയുടെ വലത്തുഭാഗത്തു മറ്റൊരു കർത്താവുണ്ടോ? ഇല്ലെന്നാണ് ബൈബിളിൻ്റെ ഉത്തരം. എന്നാൽ പ്രതീകാത്മകമായി അവിടെയൊരു കർത്താവ് അഥവാ യജമാനൻ ഉണ്ടുതാനും. അതൊരു മനുഷ്യപുത്രനാണ്; ആരാണത്? നമുക്ക് 80-ാം സങ്കീർത്തനത്തിലേക്ക് പോകാം, അതിൻ്റെ 8-ാം വാക്യം: “നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.” 14-ാം വാക്യം: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.” 15-വാക്യം: “നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.” 17-ാം വാക്യം: “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” യഹോവയായ ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന മുന്തിരിവള്ളിയാണ് യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ‘പുരുഷൻ അഥവാ മനുഷ്യപുത്രൻ’ എന്ന് ഒരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാൻ കഴിയും. ഇനി, ഈ മുന്തിരിവള്ളി ആരാണെന്നു നോക്കാം: യിസ്രായേൽ ജനതയുടെ പ്രതീകമാണ് മുന്തിരിവള്ളി. മിസ്രയീമിൽ നിന്നു കൊണ്ടുവന്ന മുന്തിരിവള്ളിയായി യിസ്രായേലിനെ രൂപണം ചെയ്തിരിക്കയാണ്. “നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.” (സങ്കീ, 80:8). യഹോവ യിസ്രായേൽ ഗൃഹത്തിലെ സകല വംശങ്ങളോടും പറയുന്നത് നോക്കുക: “ഞാൻ നിന്നെ വിശിഷ്ട മുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ?” (യിരെ, 2:21). “യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു.” (ഹോശേ, 10:1). “യഹോവ ഒരു പ്രവാചകൻ (മോശെ) മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.” (ഹോശേ, 12:13. ഒ.നോ: ആവ, 18:15,18). യിസ്രായേലിനെ പുത്രനായും ആദ്യജാതനായും പറഞ്ഞിരിക്കുന്നത് നോക്കുക: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23). “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ, 11:1. ഒ.നോ: സങ്കീ, 2:7, 12).

അബ്രാഹാമിൻ്റെ പൗത്രനായ യാക്കോബിൻ്റെ മക്കളും പന്ത്രണ്ട് ഗോത്രങ്ങളുമായ യിസ്രായേലിനെയാണല്ലോ യഹോവ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന മുന്തിരിവള്ളി അഥവാ മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. മിസ്രയീമിൽ നിന്ന് യിസ്രായേലിനെ കൊണ്ടുവന്നിട്ട്, ജാതികളെ നീക്കിക്കളഞ്ഞശേഷം കനാനിലല്ലേ പാർപ്പിച്ചത്; അല്ലാതെ സ്വർഗ്ഗത്തിലല്ലല്ലോ. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ” (80:17) എന്നു പറഞ്ഞാൽ; യഹോവ യിസ്രായേലെന്ന മനുഷ്യപുത്രനെ സ്വർഗ്ഗസിംഹാസനത്തിൻ്റെ വലത്തുഭാത്തിരിത്തി വളർത്തിയെന്നോ, പരിപാലിക്കുന്നുവെന്നോ അർത്ഥമുണ്ടോ? ഇല്ല. വലത്തുഭാഗം എന്നു പറഞ്ഞാൽ; യഹോവയുടെ വലങ്കൈയുടെ അനുഗ്രഹത്തെയും സംരക്ഷണത്തെയുമാണ് കാണിക്കുന്നത്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ ഇരിക്കട്ടെ.” യഹോവയുടെ വലങ്കൈയാൽ യിസ്രായേൽ പുഷ്ടി പ്രാപിച്ചതാണ് വിഷയം. (80:17. ഒ.നോ: സങ്കീ, 18:35; 21:8; 60:5; 63:8; 108:6; 137:5; 138:7; 139:10; യെശ, 41:10; 41:13). യഹോവയുടെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങൾ ഉണ്ടെന്ന് ദാവീദ് പറയുന്നു. (സങ്കീ, 16:11). ഗോത്രപിതാവായ യാക്കോബിനോടുള്ള ബന്ധത്തിലും വലങ്കൈ അനുഗ്രഹത്തെ കാണിക്കുന്നു. (ഉല്പ, 48:13,14, 17,18). അതായത്, യിസ്രായേലിൻ്റെ പദവി അഥവാ വിശേഷണമാണ് ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന പുരുഷൻ; അഥവാ മനുഷ്യപുത്രൻ. എന്നാൽ എന്തുകൊണ്ടാണ് വലത്തുഭാഗത്തിരിക്കുന്ന മനുഷ്യപുത്രനെ ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത്?

എൻ്റെ കർത്താവ്:സങ്കീർത്തനം 110:1-ൽ ദാവീദ് ഉപയോഗിച്ചിരിച്ചുന്ന “എൻ്റെ കർത്താവു” (To my master – לִימִינִי – L’adoni) എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല. ഒന്നാം വാക്യത്തിൽ കർത്താവിനെ കുറിക്കുന്ന “അഡോനി” (adoni) എന്ന പദം 250-തോളം പ്രാവശ്യമുണ്ട്. അത് പൊതുവെ, യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ മനുഷ്യരെ കുറിക്കുന്ന പദമാണ്. എങ്കിലും മുപ്പതോളം പ്രാവശ്യം ദൈവത്തോടു ചേർത്തും ഈ പദമുണ്ട്. കർത്താവ്, (പുറ, 21:17; 34:23; ആവ, 10:17; നെഹെ, 3:5; 8:10; 10:29; സങ്കീ, 8:1; 8:9; 97:5; 114:7; 135:5; 136:3; 147:5; യെശ, 1:24; 3:1; 10:16; 10:33; 19:4; 51:22; ഹോശേ, 12:14; മീഖാ, 4:13; സെഖ, 4:14; 6:5; മലാ, 3:1), നാഥൻ (യോശു, 3:11; 3:13). എന്നാൽ ബൈബിളിൽ ഒരിടത്തും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ സംബോധന ചെയ്യാൻ “അഡോണി” ഉപയോഗിച്ചിട്ടില്ല; ‘അഡോനായി’ (אֲדֹנָי – Adonay) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദാവീദും (സങ്കീ, 16:2; 35:23). മറ്റു പലരും അഡോണായി കൊണ്ട് “എൻ്റെ ദൈവം” എന്നു സംബോധന ചെയ്തിട്ടുണ്ട്. (ഉല്പ, 18:3; പുറ, 4:10; 4:13; 34:9; സംഖ്യാ, 14:17; ന്യായാ, 13:8; യെശ, 49:14. ഇംഗ്ലീഷിൽ നോക്കുക). തനക്കിലും (എബ്രായ ബൈബിൾ) അഡോണി (adoni) എന്ന പദംകൊണ്ട് ‘എൻ്റെ കർത്താവു’ (My Lord) എന്ന് ദൈവത്തെ സംബോധന ചെയ്തിട്ടില്ലെന്ന് റബ്ബിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എബ്രായ ബൈബിളിൻ്റെ (Tanak) ഇംഗ്ലീഷ് പരിഭാഷയിലും എൻ.ഐ.വി. പോലുള്ള പല അഗീകൃത പരിഭാഷകളിലും ‘lord’ ചെറിയക്ഷരമാണ് കാണുന്നത്. (ACV, BBE, EHV, ERV, GNV, JPS Tanak 1917, JPIT, LEB, NAB, NEB’70, NET, NIV, NRSV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t ഈ പരിഭാഷകളിലെല്ലാം ‘L’ ചെറിയക്ഷരമാണ്). ശരിക്കും 110-ലെ ‘എൻ്റെ കർത്താവു’ എന്ന സ്ഥാനത്ത് ‘എൻ്റെ യജമാനൻ’ എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (RNKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (World Bible Translation Center). 110:1-ലെ അഡോണി (Adoni) ദൈവത്തെ കുറിക്കുന്ന പദമല്ലെന്ന് ഈ സങ്കീർത്തനത്തിൽത്തന്നെ തെളിവുണ്ട്. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണ്; അവിടെ കർത്താവിനു ഉപയോഗിച്ചിരിക്കുന്നത് അഡോണായി ആണ്. 110:1-ൽ “എൻ്റെ കർത്താവു” എന്ന് ദാവീദ് സംബോധന ചെയ്യുന്ന അഡോണി യിസ്രായേലാണ്; യേശുക്രിസ്തുവല്ല. ദാവീദും (സങ്കീ, 16:2; 35:23), മറ്റു ഭക്തന്മാരും വിളിച്ചപേക്ഷിക്കുന്ന അഡോണായി അഥവാ യഹോവയാണ് യേശുക്രിസ്തു.

അപ്പോൾ, യിസ്രായേലിനെ ദാവീദ് എന്തുകൊണ്ടാണ് എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നതെന്ന ചോദ്യംവരും. വിശ്വാസികൾക്കെല്ലാവർക്കും മശീഹയെന്നാൽ യേശുമശിഹയാണ്; ക്രിസ്തുവെന്നാൽ യേശുക്രിസ്തുവാണ്. എന്നാൽ യേശുക്രിസ്തുവിനെ കൂടാതെ ദൈവത്തിന് അനേകം മശീഹമാർ ഉണ്ടെന്നകാര്യം പലരും വിസ്മരിക്കുന്നു. അതിൽവെച്ച് ഏറ്റം സവിശേഷതയുള്ള ഒരു മശീഹയുണ്ട്. വാഗ്ദത്ത സന്തതിയെന്ന് പറഞ്ഞാലും പലർക്കും യേശുക്രിസ്തുവാണ്; മാത്രമല്ല, വാഗ്ദത്തസന്തതി യേശുക്രിസ്തു അല്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയുമില്ല. എന്നാൽ വാഗ്ദത്തം പ്രാപിച്ച മശീഹയും സന്തതിയും യേശുക്രിസ്തുവല്ല; വാഗ്ദത്തം നിവൃത്തിച്ച മശീഹായും സന്തതിയുമാണ് യേശുക്രിസ്തു. അങ്ങനെയെങ്കിൽ വാഗ്ദത്തം പ്രാപിച്ചവനാരാണ്? മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും ആദ്യജാതനും അഭിഷിക്തനും ആകാശമേഘങ്ങളെ വാഹനമാക്കിവരുന്ന മനുഷ്യപുത്രനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കന്മാർ ചുംബിച്ച് ശരണം പ്രാപിക്കുന്നവനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും യിസ്രായേലാണ്. പുതിയനിയമത്തിൽ യേശുക്രിസ്തുവിലൂടെ നിവൃത്തിയായിരിക്കുന്ന സകല പദവികളുടെയും അവകാശി യിസ്രായേലാണ്. യിസ്രായേലിൻ്റെ പദവിയാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയെന്നത്. ഈ വാഗദത്ത സന്തതിയെയാണ് ദാവീദ് എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നത്. (കാണുക: യിസ്രായേലിന്റെ പദവികൾ)

യിസ്രായേലിൻ്റെ ശാശ്വതരാജാവും (യിരെ, 10:10) യുഗന്ത്യരാജാവും യഹോവയാണ്. (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7). യഹോവ തന്നെയാണ് യേശുക്രിസ്തു. “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51). എന്നാൽ ജാതികളെ ഇരുമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 2:12; 89:29,36,37; ദാനീ, 7:27). യഹോവയുടെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു.

യഹോവയുടെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ ഒരു കർത്താവില്ലെന്നതിന് പല തെളിവുകളുമുണ്ട്:

1. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ അനേകർ കണ്ടിട്ടുണ്ട്; അവരാരും ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഒരു കർത്താവിനെ അഥവാ പുത്രനെ കണ്ടിട്ടില്ല; മാത്രമല്ല. യഹോവയുടെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ദൂതന്മാരാണുള്ളത്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും, യെശയ്യാവും, യോഹന്നാനും യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നത് കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യെശയ്യാവ്: “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (6:2). യോഹന്നാൻ: “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരാണുള്ളത്; അവിടെയെങ്ങും ഒരു പുത്രനെ ആരും കണ്ടിട്ടില്ല. 

2. “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). ദൈവത്തിൻ്റെ വലത്തുഭാഗത്ത് അക്ഷരാർത്ഥത്തിൽ ഒരു പുത്രനുണ്ടെങ്കിൽ; പിതാവിൻ്റെ മടിയിലിരിക്കുന്ന ഈ പുത്രനാരാണ്? മടിയിലൊരു പുത്രൻ വലത്തുഭാഗത്തൊരു പുത്രൻ എന്നൊക്കെ പറഞ്ഞാൽ ശരിയാകുമോ? സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തെ പഴയപുതിയനിമങ്ങളിലെ പലരും കണ്ടിട്ടുണ്ട്; അവരാരും ദൈവത്തിൻ്റെ മടിയിലോ, വലത്തുഭാഗത്തോ ഒരു പുത്രനെ കണ്ടിട്ടില്ല. അപ്പോൾ അതൊക്കെ ആലങ്കാരിക പ്രയോഗങ്ങളാണെന്ന് വ്യക്തമായില്ലേ? 

3. 110-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്ത് കർത്താവ് അഥവാ യജമാനൻ ഇരിക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ കർത്താവിൻ്റെ വലത്തുഭാഗത്ത് യഹോവയായ കർത്താവ് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.” (സങ്കീ, 110:5). സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷ ചേർക്കുന്നു: “സര്‍വേശ്വരന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു. അവിടുന്നു വാക്കു മാറുകയില്ല. ‘നീ മല്‍ക്കീസേദെക്കിന്‍റെ പരമ്പരയില്‍, എന്നേക്കും പുരോഹിതനായിരിക്കും.’ സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്. തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” (സങ്കീ 110:4-5). വേറെയും പല വാക്യങ്ങളുണ്ട്. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ 16-ാം സങ്കീർത്തനത്തിൽ നിന്ന് ഉദ്ധരിക്കുന്ന വാക്യത്തിൽ, ക്രിസ്തുവിന്റെ വലത്തുഭാഗത്താണ് യഹോവ ഇരിക്കുന്നത്: “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.” (പ്രവൃ, 2:25; സങ്കീ, 16:8). എളിയവനെ രക്ഷിക്കാൻ അവൻ്റെ വലത്തുഭാഗത്ത് യഹോവ നില്ക്കുന്നതായും (സങ്കീ, 109:31), സങ്കീർത്തനക്കാരൻ്റെ വലത്തുഭാഗത്ത് യഹോവ തണലായിരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (സങ്കീ, 121:5). ‘യഹോവയുടെ വലത്തുഭാഗത്ത് ക്രിസ്തു ഇരിക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; ‘ക്രിസ്തുവിന്റെ വലത്തുഭാഗത്ത് യഹോവ ഇരിക്കുന്നു’ എന്നു പറയുന്നതും അങ്ങനെതന്നെ മനസ്സിലാക്കണ്ടേ? അതിനാൽ, അതൊക്കെ ആലങ്കാരികമായി പറഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കാം.

4. “യഹോവ ദാവീദിൻ്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നാണല്ലോ. (സങ്കീ, 110:1). പുതിയനിയമത്തിലും ഈ ഉദ്ധരണി ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; 1കൊരി, 15:25; എബ്രാ, 1:13; 10:13). ത്രിത്വോപദേശപ്രകാരം; ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന, ദൈവത്തോടു സമത്വമുള്ള സാക്ഷാൽ പുത്രനാണല്ലോ ക്രിസ്തു. ദാവീദിൻ്റെ കർത്താവായ ഈ ക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? അവർക്ക് ദൈവപുത്രനായ ക്രിസ്തുവിനോടുള്ള ശത്രുതയ്ക്ക് കാരണമെന്താണ്? ക്രിസ്തുവിന് ശത്രുക്കളുള്ളതായി പുതിയനിയമത്തിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്: “അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു” (1കൊരി, 15:25) എന്നും; “തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു” എന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 10:13). യഹോവയായ ദൈവത്തിന് എതിരാളിയാണ് സാത്താനെന്ന് വിചാരിക്കാം. സാറ്റൻ (saṭan), സാറ്റനാസ് (satanas) എന്ന എബ്രായഗ്രീക്ക് പദങ്ങൾക്ക് പ്രതിയോഗി അഥവാ എതിരാളി എന്നാണർത്ഥം. സാത്താൻ ദൈവത്തിനും ദൈവജനത്തിനും എല്ലായ്പ്പോഴും ശത്രു തന്നെയാണ്. എന്നാൽ സാത്താനെ ബൈബിളിൽ ഒരിടത്തും ‘ശത്രുക്കൾ’ (enemies) എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടില്ല. പഴയനിയമത്തിൽ പ്രതിയോഗി (1രാജാ, 11:14), എതിരാളി (109:6) എന്നിങ്ങനെയാണ്. പുതിയനിയമത്തിൽ സാറ്റനാസിനെ സാത്താനെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്; അവൻ്റെ മറ്റു പേരുകളും ഏകവചനമാണ്: പരീക്ഷകൻ (മത്താ, 4:3), പിശാച് (ലൂക്കൊ, 4:3), ഭോഷ്ക്കിൻ്റെ അപ്പൻ (യോഹ, 8:44), ഈ ലോകത്തിൻ്റെ പ്രഭു (യോഹ, 12:31), ദുഷ്ടൻ (യോഹ, 17:15), ഈ ലോകത്തിൻ്റെ ദൈവം (2കൊരി, 4:4), സർപ്പം (2കൊരി, 11:3), മഹാസർപ്പം (വെളി, 12:3), പഴയപാമ്പ് (വെളി, 12:9), അപവാദി (വെളി, 12:10) തുടങ്ങിയവയാണ്. മാത്രമല്ല, 110:1-ലെ ‘ശത്രുക്കൾ’ (enemies) സാത്താനെണെന്നു പറഞ്ഞിട്ടില്ല. തന്നെയുമല്ല, ബൈബിളിൽ എല്ലായിടത്തും ഒയെബ് (oyeb) എന്ന എബ്രായപദം ശത്രു (enemy), ശത്രുക്കൾ (enemies) എന്നിങ്ങനെ മനുഷ്യരെയാണ് കുറിക്കുന്നത്. മനുഷ്യർ എന്തായാലും ദൈവത്തിൻ്റെ ശത്രുക്കളല്ല. ഇനി, 110:1-ൽ പറയുന്ന ശത്രുക്കൾ സാത്താനായാലും മനുഷ്യരായാലും ദൈവത്തിൻ്റെ ശത്രുക്കൾതന്നെ ആണെന്നുവരുകിലും, തൻ്റെ വലത്തുഭഗത്തിരിക്കുന്ന ക്രിസ്തുവിൻ്റെ മാത്രം ശത്രുക്കൾ ആകുന്നതെങ്ങനെ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്ന ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നുണ്ടെങ്കിൽ; നിൻ്റെ ശത്രുക്കൾ എന്നല്ല; നമ്മുടെ ശത്രുക്കൾ പാദപീഠം ആകുവോളം എന്നല്ലേ പറയേണ്ടത്? അപ്പോൾ വലത്തുഭാത്തിരിക്കുന്നത് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്ന കർത്താവല്ല; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലെന്ന അഭിഷിക്തനെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണ്.

5. യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് ആലങ്കാരികമായി പറഞ്ഞിരിക്കുന്നത് ആരാണെന്ന് ആ സങ്കീർത്തനത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. അതിൻ്റെ രണ്ടാം വാക്യം: “നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:2). ഇംഗ്ലീഷിൽ ചെങ്കോൽ അയക്കുമെന്നാണ്. പി.ഒ.സി.യിൽനിന്ന് ഈ വാക്യം ചേർക്കുന്നു: “കര്‍ത്താവു സീയോനില്‍നിന്നു നിൻ്റെ അധികാരത്തിൻ്റെ ചെങ്കോൽ അയയ്‌ക്കും;ശത്രുക്കളുടെ മധ്യത്തിൽ നീ വാഴുക.” ത്രിത്വം പഠിപ്പിക്കുന്നതുപോലെ യഹോവയുടെ വലത്തുഭാത്തിരിക്കുന്ന നിത്യപുത്രനായ കർത്താവിനോടാണ് ഇത് പറയുന്നതെങ്കിൽ, ”നിൻ്റെ അധികാരത്തിൻ്റെ ചെങ്കോൽ അയയ്‌ക്കും” എന്നു പറയേണ്ടല്ലോ; വലത്തുഭാഗത്തിരിക്കുന്ന പുത്രന് കൊടുത്താൽപ്പോരെ? അവകാശമുള്ളവൻ അഥവാ പൊരുളായ മശീഹ വരുന്നതുവരെ ചെങ്കോലും രാജാധികാരവും ഏല്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (ഉല്പ, 49:10; സംഖ്യാ, 24:17). അടുത്തഭാഗം: ”നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” ഒന്നാം വാക്യത്തിൽ ‘യഹോവയുടെ വലത്തുഭാഗത്തിരിക്ക’ എന്നുപറഞ്ഞ ക്രിസ്തുവിനോട് രണ്ടാം വാക്യത്തിൽ ‘നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക’ എന്നുപറഞ്ഞാൽ ശരിയാകുമോ? സ്വർഗ്ഗത്തിൽ, അതും യഹോവയുടെ വലത്തുഭാഗത്തിരിക്കുന്നത് സാക്ഷാൽ ക്രിസ്തുവാണെങ്കിൽ, അവിടെ അവന് ശത്രുക്കളായുള്ളത് ആരാണ്? സ്വർഗ്ഗത്തിൽ യഹോവയെക്കൂടാതെ, ആജ്ഞാനുഗാമികളായ ദൂതന്മാർ മാത്രമേയുള്ളു. അപ്പോൾ, ദൈവത്തിൻ്റെ പുത്രനെക്കുറിച്ചല്ല; അക്ഷരാർത്ഥത്തിൽ അങ്ങയൊരു പുത്രനും ദൈവത്തിനില്ല. ശത്രുക്കളാൽ ചുറ്റപ്പെട്ട് അവരുടെ മദ്ധ്യേവസിക്കുന്ന യിസ്രായേലിനെ കുറിച്ചാണത് പറയുന്നത്. ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; ഹോശേ, 11:1), ‘ആദ്യജാതൻ’ (പുറ, 4:22), ‘നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു’ (സങ്കീ, 2:7), ‘പുത്രനെ ചുംബിക്കുക’ (സങ്കീ, 2:12), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ പറയുന്നത് യിസ്രായേലിനെ കുറിച്ചാണെന്ന് സ്പഷ്ടം. മൂന്നാം വാക്യം പി.ഒ.സി.യിൽനിന്ന് ചേർക്കുന്നു: “വിശുദ്ധ പര്‍വ്വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിൻ്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിൻ്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.” യിസ്രായേലിൻ്റെ അന്ത്യയുദ്ധമാണ് പ്രതിപാദ്യം. സഹസ്രാബ്ദരാജ്യ സ്ഥാപനത്തിനുമുമ്പ് ഉയിർത്തെഴുന്നേറ്റുവരുന്ന പുരുഷാരത്തെയും ഈ വാക്യം സൂചിപ്പിക്കുന്നു. നാലാംവാക്യം: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” ഈ പൗരോഹിത്യ പദവിയും (പുറ, 19:6; യെശ, 61:6) യഹോവ യിസ്രായേലെന്ന തൻ്റെ പുത്രനു നല്കുന്നതാണ്. അഞ്ചും ആറും വാക്യങ്ങൾ: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” അഞ്ചാം വാക്യത്തിൽ യിസ്രായേലിൻ്റെ വലത്തുഭാഗത്താണ് കർത്താവ് അഥവാ യഹോവ ഇരിക്കുന്നത്. യഹോവ അവരുടെ വലത്തുഭാഗത്ത് ഇരിക്കുന്നത്; യിസ്രായേലിൻ്റെ പരിപാലകനായും (സങ്കീ, 121:5), അവരുടെ ശത്രുകളിൽ നിന്ന് രക്ഷിക്കാനുമാണ്. (109:31). ”യഹോവ തൻ്റെ ക്രോധദിവസത്തിൽ.” ഇവിടെപ്പറയുന്ന ക്രോധദിവസം; യിസ്രായേലും ജാതികളുമായുള അന്ത്യയുദ്ധമാണ്. അന്നാളിൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് അവർ നോക്കുകയും, യഹോവ അഥവാ ക്രിസ്തു അവരെ രക്ഷിക്കാൻ ഇറങ്ങിവരികയും ചെയ്യും. (യോവേ, 3:9-17; സെഖ, 12:7-10; 14:1-7; 2തെസ്സ, 1:6,7; 2:8). 110-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ ‘എൻ്റെ കർത്താവു’ എന്നുതുടങ്ങി ‘നീ, നിൻ്റെ, നിനക്കു’ എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമത്തിൽ പറയുന്നതെല്ലാം യിസ്രായേലെന്ന അഭിഷിക്തനായ പുത്രനെക്കുറിച്ചാണ്. (മലയാളത്തിലെ മറ്റു പരിഭാഷകൾ, ഉദാ: സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ളത്, പി.ഒ.സി; വിശുദ്ധഗ്രന്ഥം, ഇ.ആർ.വി. തുടങ്ങിയ പരിഭാഷകളും നോക്കുക) എന്നാൽ അത് ആത്മീയമായി നിവൃത്തിയാകുന്നത് പൊരുളായ മശീഹയിലാണ്; അവൻ ദാവിദിൻ്റെ സാക്ഷാൽ കർത്താവായ യഹോവ തന്നെയാണ്. (സങ്കീ, 8:1; 8:9; 16:2; 35:23; 38:22; 86:12; 140:7).

6. യിസ്രായേൽ ദൈവത്തിൻ്റെ അഭിഷിക്തനാണ്. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 88:51; 105:15; 132:10; 132:17; ദാനീ, 7:27). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ആറാം വാക്യത്തിൽ ‘അഭിഷിക്തൻ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ’ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). പി.ഒ.സി.യിൽ ഈ വാക്യം കാണുക: “അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്‌കരിക്കരുതേ!” (ഒത്തുനോക്കുക: സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപി). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്നെ അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ്  സങ്കീർത്തനത്തിലുള്ളത്. 15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ’ എന്നു പറഞ്ഞിരിക്കുന്നതും കാണാം. (ഇംഗ്ലീഷ് പരിഭാഷകളും പി.ഒ.സിയും കാണുക). യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങൾ വേറെയുമുണ്ട്. (ഉദാ: യെശ, 51:8; 54:5; 62:4; യിരെ, 3:8; 3:20; 4:31; 13:21; ഹോശേ, 2:16; മീഖാ, 4:10; 5:3). അവൾ എന്ന് വിളിച്ചിരിക്കുന്നത് ദാവീദോ, ശലോമോനോ, ഭാവിമശീഹയോ അല്ല; യിസ്രായേലാണ്. (കൂടുതൽ അറിയാൻ കാണുക: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു)

ബൈബിളിലെ മേല്പറഞ്ഞ വിവരങ്ങളിൽ നിന്ന് മൂന്ന് കാര്യങ്ങൾ ഉറപ്പിക്കാം: ഒന്ന്; അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു കർത്താവില്ല. രണ്ട്; എന്നാൽ പ്രതീകാത്മകമായി അവിടെയൊരു കർത്താവ് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്; അത് സ്വന്തജനമായ യിസ്രായേലാണ്. മൂന്ന്; യിസ്രായേൻ്റെ ആ പദവി പൊരുളായ മശീഹയിലൂടെ അഥവാ യഹോവ മനുഷ്യനായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് സാക്ഷാത്കരിക്കപ്പെട്ടത്. യിസ്രായേലിന്റെ ശാശ്വതരാജാവ് യഹോവയാണ്. (യിരെ, 10:10. ഒ.നോ: സങ്കീ, 145:13). യഹോവയുടെ രാജത്വം തള്ളിയശേഷമാണ്, അവർ ഒരു മനഷ്യരാജാവിനെ ചോദിച്ചത്. (1ശമൂ, 8:5; 8:7). അങ്ങനെ ദൈവകല്പന പ്രകാരം ശമൂവേൽ ശൗലിനെ അവർക്ക് രാജാവായി കൊടുത്തു. (1ശമൂ, 8:22; 11:15; 12:1). അങ്ങനെ ദൈവാധിപത്യത്തിൽ നിന്ന് രാജാധിപത്യത്തിലേക്കും, അവിടെനിന്ന് ജാതീയ അടിമത്വത്തിലേക്കും അവർ മാറ്റപ്പെട്ടു. (2ദിന, 36:20). എങ്കിലും കരുണാമയനായ ദൈവം കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി അവരെ സന്ദർശിച്ചു. (മത്താ, 1:22; ലൂക്കൊ, 1:68; ഗലാ, 4:4). എങ്കിലും ദൈവത്തിൻ്റെ രഹസ്യജ്ഞാനം അറിയാതിരുന്ന ലോകാധികാരികൾ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകവഴി (1കൊരി, 2:7,8; യോഹ, 12:31) രാജാവും ദൈവാലയവും യാഗങ്ങളുമില്ലാത്ത ഇരുണ്ട കാലത്തിലേക്ക് അവർ പോയി. (ഹോശേ, 3:4). ഇനി, അന്ത്യകാലത്ത് എതിർക്രിസ്തുവിൻ്റെ ഭരണത്തിങ്കൽ (2തെസ്സ, 2:3,4) യിസ്രായേൽ തങ്ങളുടെ തെറ്റ് തീരിച്ചറിയുകയും, തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി വിലപിക്കുകയും ചെയ്യുമ്പോൾ (സെഖ, 12:10), യഹോവയായ കർത്താവ് വിശുദ്ധന്മാരോടൊപ്പം മഹാപ്രഭാവത്തോടെ തന്നെ കുത്തിത്തുളച്ചവരും കാൺകെ ഒലിവുമലയിൽ ഇറങ്ങിവരികയും (വെളി, 1:7; പ്രവൃ, 1:11; സെഖ, 14:4; വെളി, 19:11-16), അവരുടെ ശത്രുക്കളെ തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷം (2തെസ്സ, 2:8; വെളി, 19:15) അവർക്ക് സമാധാനപൂർണ്ണമായ സഹസ്രാബ്ദരാജ്യം സ്ഥാപിച്ചുകൊടുക്കും. (വെളി, 20:1-7; യെശ, 11:1-16). യിസ്രായേലിൻ്റെ ശാശ്വത രാജാവ് സൈന്യങ്ങളുടെ യഹോവായ ദൈവം അഥവാ യേശുക്രിസ്തുവാണ്. (യിരെ, 10:10). സഹസ്രാബ്ദരാജത്വം മശീഹയിലൂടെ യിസ്രായേലിനു ലഭിക്കും. (ലൂക്കൊ, 1:32,33; യോഹ, 1:49; വെളി, 19:6; യെശ, 2:2; 24:23; സങ്കീ, 2:6; 20:9; 21:1, 7;  45:1; 110:2; ദാനീ, 7:27). രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും. “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെഹെ, 34:23-24).

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനോ നിത്യപുത്രനോ ഉണ്ടോ? ഇല്ലെന്നാണ് ബൈബിളിൻ്റെ ഉത്തരം. ഒന്നാം കല്പന: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6,7). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10).  “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9. ഒ.നോ: 44:6; 45:5,6, 21,22; ഹോശേ, 13:5). യഹോവയ്ക്കൊരു നിത്യപുത്രനുണ്ടെങ്കിൽ ആ പുത്രനും ദൈവമായിരിക്കണമല്ലോ? പിന്നെങ്ങനെ മേല്പറഞ്ഞതൊക്കെ യഹോവയ്ക്ക് പറയാൻ കഴിയും? “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ഒരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല; എന്നപ്പോലെ ഒരുത്തനുമില്ല; എനിക്ക് തുല്യനാരുമില്ല; എനിക്ക് സദൃശനാരുമില്ല.” ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, ഇതൊക്കെ പറയുന്ന യഹോവ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആയില്ലേ? 

യഹോവയ്ക്കൊരു നിത്യപുത്രൻ ഉണ്ടായിരുന്നെങ്കിൽ സ്വന്തജനമായ യിസ്രായേലിനോടത് മറച്ചുവെക്കുമായിരുന്നോ? യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? വാഗ്ദത്ത സന്തതിയിലൂടെ സകല ജാതികൾക്കും വരേണ്ട അനുഗ്രഹം പൂർവ്വപിതാക്കന്മാർക്ക് മൂന്നുപേർക്കും യഹോവ വെളിപ്പെടുത്തിയപ്പോൾ, ‘എൻ്റെ സന്തതി മുഖാന്തരം സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നല്ല; ‘നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്നാണ് യഹോവ ഓരാരുത്തരോടും പറഞ്ഞത്. (ഉല്പ, 22:18; 26:5; 28:14; ഗലാ, 3:16). ദൈവത്തിൻ്റെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനോടും (യെശ, 41:8), ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനെന്നു യഹോവ സാക്ഷ്യം പറഞ്ഞ മോശെയോടും (സംഖ്യാ, 12:3), ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവിദിനോടും (പ്രവൃ, 13:22), യഹോവ ജ്ഞാനവും വിവേകവും നല്കി ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടും (1രാജാ, 3:12), ദൈവത്തെ പലനിലകളിൽ ദർശിച്ച പ്രവാചകന്മാരോടും യഹോവ തൻ്റെ നിത്യപുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? യഹോവയ്ക്ക് തൻ്റെ ഭക്തന്മാരോടുള്ള സ്നേഹം കപടമായിരുന്നോ? 

പുതിയനിയമം

സങ്കീർത്തനം 110:1 അഞ്ചുപ്രാവശ്യം പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എബ്രാ, 1:13). കൂടാതെ, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും, വലത്തുഭാഗത്ത് ഇരിക്കുന്നതായും പതിനഞ്ച് വാക്യങ്ങളുമുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12; 12:2; 1പത്രൊ, 3:22). സർവ്വശക്തൻ്റെ വലത്തുഭാഗം (മത്താ, 26:64; മർക്കൊ, 14:62), ദൈവത്തിൻ്റെ വലത്തുഭാഗം (മർക്കൊ, 16:10; പ്രവൃ, 2:33; 7:56; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 10:12; 1പത്രൊ, 3:22), ദൈവശക്തിയുടെ വലത്തുഭാഗം (ലൂക്കൊ, 22:69), മഹിമയുടെ വലത്തുഭാഗം (എബ്രാ, 1:3), മഹിമാസനത്തിൻ്റെ വലത്തുഭാഗം (എബ്രാ, 8:1), ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗം (എബ്രാ, 12:2) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ക്രിസ്തുവിനൊരു ശുശ്രൂഷയും പറഞ്ഞിട്ടുണ്ട്. “താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്യുക.” (റോമ, 8:34; എബ്രാ, 7:25). “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1).

അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് അഥവാ ഒരു നിശ്ചിതസ്ഥാനത്ത് ഇരിക്കുന്ന മറ്റൊരു വ്യക്തിയാണോ പുത്രൻ? ബൈബിളിൻ്റെ ഉത്തരം: ”ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു” (സങ്കീ, 16:8; പ്രവൃ, 2:25), ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് യഹോവയുടെ പുറകിലാണ് ക്രിസ്തു. ”അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” (സങ്കീ, 16:8; പ്രവൃ, 2:25), രണ്ടാംഭാഗത്ത് യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” (സങ്കീ, 110:1), ഈ വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്താണ് ക്രിസ്തു. ”നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു (യഹോവ) തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും” (സങ്കീ, 110:5), ഈ വാക്യത്തിലും യഹോവയുടെ ഇടത്തുഭാഗത്താണ് ക്രിസ്തു. ”ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു” (മർക്കൊ, 16:19), ഈ വാക്യത്തിലും ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ക്രിസ്തു. ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ, 1:18), ഈ വാക്യത്തിൽ പിതാവിൻ്റെ മടിയിലാണ് ക്രിസ്തു. ”ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു” (1യോഹ, 2:1), ഈ വാക്യത്തിൽ പിതാവിൻ്റെ അടുക്കലാണ് ക്രിസ്തു. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു.” (വെളി, 5:6). ഈ വാക്യത്തിൽ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിൽ കുഞ്ഞാട്. ”സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും” (വെളി, 7:17), ഈ വാക്യത്തിൽ സിംഹാസനത്തിൻ്റെ മദ്ധ്യേയാണ് കുഞ്ഞാട്. “യഹോവയുടെ: പുറകിൽ (സങ്കീ, 16:8), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ വലത്തുഭാഗത്താണ് ഇരിക്കുന്നതെന്ന് പറയും? ഒരാൾ പലസ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ടെങ്കിൽ ആ പ്രയോഗങ്ങളൊക്കെ ആലങ്കാരികമാണന്നല്ലേ അർത്ഥം? 

ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു; നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതായി അനേകം പരാമർശങ്ങളുണ്ട്. (ഉദാ: റോമ, 8:34; എബ്രാ, 7;25). എന്താണീ പ്രയോഗത്തിൻ്റെ അർത്ഥം? സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളുണ്ട്: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ് (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:27) തുടങ്ങിയവ. ജഡത്താലുള്ള ബലഹീനതനിമിത്തം (റോമ, 8:3) സ്വന്തജനത്തിന് സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന പദവികളെല്ലാം യഹോവയായദൈവം (ലൂക്കൊ, 1:68) യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21) ജഡത്തിൽ വെളിപ്പെട്ട് (1തിമൊ, 3:16) അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയാണ് ചെയ്തത്. (യോഹ, 19:30). ജഡത്തിൽ ക്രിസ്തുവിനും ഈ പദവികളെല്ലാം ഉണ്ടായിരുന്നു: അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16), അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38), ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15), കർത്താവ് (മത്താ, 22:43,44), ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5), ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22), ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26), പരിശുദ്ധൻ (ലൂക്കൊ, 4:34; പ്രവൃ, 2:27), പുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33), പുരുഷൻ/മനുഷ്യൻ (മത്താ, 26:72,74; യോഹ, 8:40), പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3), പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22), മനുഷ്യപുത്രൻ (മത്താ, 8:20; 9:6), മുന്തിരിവള്ളി (യോഹ, 15:1, 15:5), രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49) തുടങ്ങിയവ.

അതിൽ ഒരു പദവിയാണ് പുരോഹിതൻ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4. ഒ.നോ: എബ്രാ, 5:6; 6:20; 7:3; 7:17; 7:21; 7:24; 7:28). ദൈവത്തിൻ്റെ സന്നിധിയിൽ മനുഷ്യൻ്റെ പ്രതിനിധിയായി നില്ക്കുന്നവനാണ് പുരോഹിതൻ. പൗരോഹിത്യത്തിൽ മൂന്ന് കാര്യങ്ങൾ അന്തർലീനമാണ്: ഒന്ന്; യഹോവയുടെ സ്വന്തമായി വേർതിരിക്കപ്പെട്ടവർ, രണ്ട്; വിശുദ്ധർ, മൂന്ന്; ദൈവത്തോടു അടുത്തുവരുവാൻ അനുവാദമുള്ളവർ. (സംഖ്യാ, 16:5). സീനായി പർവ്വതത്തിൽ വെച്ച് പുരോഹിത രാജത്വവും (kingdom of priests) വിശുദ്ധജനവും (holy people) ആയി യഹോവ അവരെ തിരഞ്ഞെടുത്തു. (പുറ, 19:4; ആവ, 7:6; സങ്കീ, 16:10). എങ്കിലും പാപംനിമിത്തം ആ പദവി സാക്ഷാത്കാരിക്കാൻ യിസ്രായേല്യർക്ക് കഴിഞ്ഞില്ല. യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷ സാന്നിദ്ധ്യം അവർക്ക് അസഹ്യമായി, തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കുവാൻ മോശെയോട് അവർ അപേക്ഷിച്ചു. (പുറ, 20:18-20). അങ്ങനെ യിസ്രായേലിനു മുഴുവനുമായി കൊടുത്ത പദവി, മോശെയിൽനിന്ന് അഹരോനിലൂടെ ലേവീഗോത്രത്തിലേക്ക് പൗരോഹിത്യപദവി ചുരുങ്ങി. (പുറ, 28:1; സംഖ്യാ, 18:7). എങ്കിലും ദൈവത്തിൻ്റെ കൃപ അവരെ വിട്ടുമാറില്ല. അവർക്ക് നല്കിയ എല്ലാ പദവികളുടെയും സാക്ഷാത്കാരത്തിനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്. അങ്ങനെ യിസ്രായേലിൻ്റെ രാജത്വം ഒഴികെ പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3; 7:17; 7:21; 7:24; 7:28) വരെയുള്ള എല്ലാ പദവികളും ക്രിസ്തുവിൻ്റെ ഒന്നാം വരവിൽ നിറവേറി. രാജത്വം സഹസ്രാബ്ദ രാജ്യത്തോടുള്ള ബന്ധത്തിലും നിറവേറും. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). 

പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി ക്രിസ്തു സ്വന്തരക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു തന്നെത്തന്നെ യാഗമാക്കി പൗരോഹിത്യപദവി നിവർത്തിക്കുകയായിരുന്നു. (എബ്രാ, 9:12; 1പത്രൊ, 1:19). യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ആ പദവി ക്രിസ്തുവിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,24; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം. (1യോഹ, 2:1).

സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് രണ്ട് വ്യക്തികളെയാണ് അഥവാ പിതാവിനെയും പുത്രനെയുമാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന ത്രിത്വപണ്ഡിതന്മാരുണ്ട്. “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്‍റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.”

അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും (Glory) വലത്തുഭാഗത്ത് യേശുക്രിസ്തു നില്ക്കുന്നതുമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. എന്നാൽ അവിടെ, ”ദൈവമഹത്വം” എന്നു പറഞ്ഞശേഷം ”ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു” എന്നു പറഞ്ഞിരിക്കയാലാണ് പിതാവിനെയും പുത്രനെയും കണ്ടുവെന്ന് പറയുന്നത്. ഇവർ പറയുന്നതിലെ കുഴപ്പമെന്താണെന്ന് ചോദിച്ചാൽ:

1. ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകവ്യക്തിയാണ്. (2രാജാ, 19:15, 19; സങ്കീ, 86:10: യെശ, 37:16, 20; മർക്കൊ, 12:29; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ ത്രിത്വത്തിന് ദൈവം മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ്. ത്രിത്വത്തിന് ദൈവം ചിലപ്പോൾ ഒരു വ്യക്തിയും മറ്റുചിലപ്പോൾ മൂന്നു വ്യക്തിയുമല്ലല്ലോ; എല്ലായിപ്പോഴും മൂന്നു വ്യക്തിയല്ലേ? ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനയും കണ്ടുവെങ്കിൽ, സ്വർഗ്ഗത്തിൽ മൂന്നും ഒന്നും നാലുപേരായില്ലേ? കൂടാതെ, ഒരു പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ടെന്നോർക്കണം.

2. അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് പറഞ്ഞാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയാത്തവൻ” എന്നൊക്കെയുള്ള പ്രയോഗം അബദ്ധമായി മാറും. ഇവിടെയൊരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് പൗലൊസ് എഴുതുന്നതും, അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് യോഹന്നാൻ എഴുതുന്നതും. സ്തെഫാനോസ് ദൈവത്തെയാണ് കണ്ടതെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നോ?

3. ആത്മാക്കളുടെ ഉടയവൻ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:15; 1പത്രൊ, 4:19). യേശു ക്രൂശിൽവെച്ച് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് പിതാവിൻ്റെ കയ്യിലാണ്. (ലൂക്കോ, 23:46). യേശു ജഡത്തിൽ ദൈവമായിരുന്നില്ല; മനുഷ്യനായതുകൊണ്ടാണ് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചത്. ഇനി, സ്തെഫാനോസ് പിതാവിനെയും പുത്രനെയുമാണ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് പറയുന്നവരോട് ചോദിക്കട്ടെ; സ്തെഫാനോസിന് അറിയില്ലായിരുന്നോ യഹോവയാണ് ആത്മാക്കളുടെ ഉടയവനെന്ന്? ക്രിസ്തുവിനെയല്ലാതെ, യഹോവയെ അവിടെ കണ്ടുവെങ്കിൽ പിന്നെന്തുകൊണ്ടാണ് യേശുവിൻ്റെ കയ്യിൽ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്? അപ്പോൾ, അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെ; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59). 

4. സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), ദാനീയേൽ (7:9,10), യെഹെസ്ക്കേൽ (യെഹെ, 1:26-28),  യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; ഒരു പുത്രനെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യഹോവയുടെ വലത്തുഭാഗത്ത് അന്നില്ലാതിരുന്ന ഒരു പുത്രൻ പിന്നെങ്ങനെയുണ്ടായി?

5. ഏതൊരു കാര്യത്തിൻ്റെയും രണ്ടുവശവും ചിന്തിക്കണമല്ലോ? ഇനി, സ്തെഫാനോസ് സ്വർഗ്ഗത്തിൽ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്നിരിക്കട്ടെ. പരിശുദ്ധാത്മാവിൽ നിറയുമ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിക്കുന്നത്. ആ സമയം പരിശുദ്ധാത്മാവ് ഭൂമിയിലും പിതാവും പുത്രനും സ്വർഗ്ഗത്തിലുമുണ്ട്; ത്രിത്വത്തിലെ മൂന്ന് വ്യക്തികളുമായല്ലോ. അപ്പോൾ ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ അദൃശ്യദൈവം ആരാണ്? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയില്ലല്ലോ. അപ്പോൾ ആകെ എത്ര വ്യക്തിയായി? അങ്ങനെയാണേൽ ഇനിമുതൽ ദൈവം ത്രിത്വമെന്നല്ല; ചതുർത്വമെന്നാണ് പഠിപ്പിക്കേണ്ടത്.

6. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (2രാജാ, 22:19). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). അതിനാൽ അദൃശ്യദൈവത്തെയല്ല; സ്തഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വ്യക്തം. 

ബൈബിലെ ദൈവം സൃഷ്ടിതാവും പരിപാലകനുമായ പിതാവ് മാത്രമാണ്. (2രാജാ, 19:15; യെശ, 37:16; 44:24; 64:8; മലാ, 2:10; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). യേശുക്രിസ്തു ദൈവമായിരിക്കുന്നത് നിത്യപുത്രനായതുകൊണ്ടല്ല; നിത്യപിതാവും സർവ്വത്തിൻ്റെയും സ്രഷ്ടാവുമായ യഹോവതന്നെ ആയതുകൊണ്ടാണ്. (യെശ, 9:6. ഒ.നോ: യോഹ, 8:24,28; 10:30; 14:7, 9; 15:24). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ക്രിസ്തുവിലാണ്. (കൊലൊ, 2:9). അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപമാണ് ക്രിസ്തു. (2കൊരി, 3:18; 4:4; കൊലൊ, 1:5; കൊലൊ, 3:10). ഒരുത്തൻ ദൈവത്തിലും അവൻ്റെ വചനത്തിലും വിശ്വസിക്കാതെ നശിക്കാൻ തീരുമാനിച്ചാൽ, പിന്നെ അവനെ രക്ഷിക്കുവാൻ ആർക്കുകഴിയും? എന്തെന്നാൽ, ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സ്വതന്ത്രേച്ഛയോടും കൂടിയാണ്. പരിഗ്രഹിക്കുവാൻ മനസ്സുണ്ടെങ്കിൽ പരിഗ്രഹിക്കുക. ദൈവം സഹായിക്കട്ടെ!

അദൃശ്യദൈവം, ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

അദൃശ്യദൈവം, ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ 1:18; 1തിമൊ, 6:16; 1യോഹ, 4:12)

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊഥെയൊസ് 6:16)

അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം. ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ESV, FBV, GNT, GW, GWN, HBSB, ISV, NASB, NCV, NIV, NOG, NRSV-CI, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം പരിശോധിക്കേണ്ടിയിരിക്കുന്നു. 

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് കേട്ടിട്ടുണ്ടല്ലോ? ബൈബിളിനെ മനുഷ്യരാരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. പഴയനിയമത്തിലെ ഈ വാക്യം നോക്കുക: “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.” (യെശ, 34:16). പുതിയനിയമത്തിൽ വരുമ്പോൾ ബെരോവയിലുള്ള യെഹൂദന്മാർ അക്കാര്യം പ്രായോഗിക തലത്തിൽ കൊണ്ടുവന്നതായി കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്, പൗലൊസ് പറഞ്ഞകാര്യങ്ങൾ ബെരോവക്കാർ ശ്രദ്ധവെച്ചു കേട്ടുവെങ്കിലും, അവർ തിരുവെഴുത്തുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അത് വിശ്വസിക്കാൻ കൂട്ടാക്കിയതെന്ന് കാണാം. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അതുപോലെ തിരുവെഴുത്തുകളെ നമുക്കൊന്ന് പരിശോധിക്കാം:

1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ ‘ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല’ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.

2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. അതായത്, ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ ‘ദൃശ്യാദൃശ്യനായ ദൈവം’ (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല. 

3. ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചുള്ള പൗലൊസിൻ്റെ  ഒരു പ്രധാന പ്രയോഗമാണ് ‘അദൃശ്യദൈവം’ എന്നുള്ളത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. കാരണം, അദൃശ്യനെന്നാൽ ‘ആരും ഒരുനാളും കാണാത്തവൻ’ എന്നാണർത്ഥം. ആരുമൊരുനാളും കാണാത്തവനെ മനുഷ്യരാരും കാണാത്തവൻ എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം അതിൽത്തന്നെ ഛിദ്രിച്ചുപോകും. (മത്താ, 12:25,26)

4. ”മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.” പൗലൊസവിടെ പറയുന്നത്; ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും അഥവാ മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താൽ, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, അപ്പോൾ അവർക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? ദൂതതുല്യരാകും എന്നു മാത്രമല്ല; ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന (കൊലൊ, 2:9) ക്രിസ്തുവിനോട് ഏകീഭവിക്കാനുള്ളവരാണ് വിശ്വാസികൾ. (റോമ, 6:5.ഒ.നോ: റോമ, 8:29; എഫെ, 4:24; 2കൊരി, 3:18; 1യോഹ, 3:2). ക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. (ഫിലി, 3:21). ദൂതന്മാർക്ക് കാണാൻ കഴിയുന്ന അദൃശ്യദൈവത്തെ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപരാകുന്ന വിശ്വാസികൾക്ക് കാണ്മാൻ കഴിയില്ലെന്ന് പൗലൊസ് പറയുമോ? ഒരിക്കലുമില്ല. അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.

‘ആരും ഒരുനാളും കാണാത്തവൻ’ എന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ, ”അദൃശ്യൻ അഥവാ ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉള്ളതിനാലും, പുനരുത്ഥാനത്തിൽ ക്രിസ്തുവിനോട് അനുരൂപരാകുന്ന വിശ്വാസികൾക്കുപോലും കാണ്മാൻ കഴിയാത്തതിനാലും 1തിമാഥെയൊസ് 6:16-ലെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ‘ആരും ഒരുനാളും കാണാത്തവൻ’ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും സ്പഷ്ടമായി തെളിയുന്നു.

ത്രിത്വോപദേശം സ്ഥാപിക്കാനാണ് അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് പലരും പഠിപ്പിക്കുന്നത്. ഇനി, സത്യവേദപുസ്തകത്തിലെ വാക്യപ്രകാരം മനുഷ്യർക്ക് മാത്രമാണ് ദൈവത്തെ കാണാൻ കഴിയാത്തത്, ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് വിചാരിക്കുക. അപ്പോൾ പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ടതും, പഴയനിയമ ഭക്തന്മാർ പലനിലകളിൽ ഭൂമിയിൽ ദർശിച്ചതും ആരാണ്? മനുഷ്യർ ദൈവത്തെ കണ്ടതായി അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്; അതൊക്കെ നുണയാണോ? ബൈബിളിലെ ദൈവത്തിൻ്റെ പ്രകൃതിതന്നെ മാറ്റിക്കളഞ്ഞാലെ അവർക്ക് അവരുടെ ഉപദേശം സ്ഥാപിക്കാൻ കഴിയു. ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; അബ്രാഹാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-5; വെളി, 4:1-8) മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 14:9). 

ദൂതന്മാർ സ്വർഗ്ഗത്തിൽ നിത്യം കാണുന്നതും ആരാധിക്കുന്നതുമായ ദൈവം യഹോവ അഥവാ യേശുക്രിസ്തുവാണ്. (യെശ, 6:1-4; വെളി, 4:8). ആരും ഒരുനാളും കാണാത്ത ദൈവത്തിൻ്റെ ദൃശ്യരൂപമാണ് യേശുക്രിസ്തു. അഥവാ അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ക്രിസ്തുവിലാണ്. (കൊലൊ, 1:15-17). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുള്ള തൻ്റെ ആ ദൃശ്യസ്വരൂപത്തിലാണ് ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27). സിംഹാസനത്തിലിരുന്ന് ആരാധന സ്വീകരിക്കുന്ന അതേ യഹോവ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16). ആദാമിനെ ‘വരുവാനുള്ളവന്റെ പ്രതിരൂപം’ (റോമർ, 5:14) എന്ന് പൗലൊസ് പറയുന്നതും നോക്കുക. യോഹന്നാൻ പതിനാലാം അദ്ധ്യായത്തിൽ യേശു കൃത്യമായി തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നോക്കാം:

യോഹന്നാൻ 14:1-10

¹ നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.

താൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യൻ മാത്രമായി നില്ക്കുന്നതുകൊണ്ടാണ് ”ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്ന് പറയുന്നത്. (താഴെ വരുമ്പോൾ കൂടുതൽ മനസ്സിലാകും)

² എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.

അക്കാലത്തെ യെഹൂദാവിവാഹം എപ്രകാരമായിരുന്നു എന്ന് അറിഞ്ഞാൽ ഇക്കാര്യങ്ങൾ മനസ്സിലാകും. വിവാഹനിശ്ചയം കഴിഞ്ഞ ഒരു വരൻ്റെ കടമയാണ് തൻ്റെ വധുവിനുവേണ്ടി സ്ഥലമൊരുക്കുക എന്നത്. അപ്പൻ്റെ ഭവനത്തിൽ സ്ഥലമുണ്ടെങ്കിൽ ആ സ്ഥലമൊരുക്കണം; അല്ലെങ്കിൽ വധുവിനായി മറ്റൊരു സ്ഥലത്ത് ഭവനമൊരുക്കണം. ക്രിസ്തുവിനെ സംബന്ധിച്ച് സ്വർഗ്ഗിയപിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉള്ളതിനാൽ അതൊരുക്കിയാൽ മതിയാകും. “ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). ക്രൂശിലാണ് വിവാഹനിശ്ചയവും സ്ത്രീധന കൈമാറ്റവും നടന്നത്. (1പത്രൊ, 1:18,19). 

³ ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും

പിതാവിൻ്റെ ഭവനത്തിൽ സ്ഥലമൊരുക്കി കഴിഞ്ഞാൽ; അല്ലെങ്കിൽ മാനസാന്തരപ്പെടേണ്ടവർ എല്ലാവരും മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ ഞാൻ നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തുകൊള്ളും. (2പത്രൊ, 3:9). ജാതികളുടെ പൂർണ്ണസംഖ്യ ചേരണം. (റോമ, 11:25). ക്രിസ്തുവിൻ്റെ ശരീരമായ സഭയിലെ അവയവങ്ങളായ അവസാന വ്യക്തിയും രക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ അവൻ നമ്മെ ചേർക്കാൻ വരും. (എഫെ, 5:30; കൊലൊ, 1:24). ഞാൻ ”ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു.” ലോകനേതാക്കന്മാരൊക്ക പറയും; എൻ്റെ താഴെ നിന്നെ ഇരുത്താം, അടുത്തിരുത്താം, അരികിലിരുത്താം, എന്നെക്കഴിഞ്ഞ് നീയായിരിക്കും. എന്നാൽ സകലത്തിൻ്റെയും ഉടയവൻ പറയുന്നു; ”ഞാൻ ഇരിക്കുന്ന ഇടത്തു നീയും ഇരിക്കും.”  

ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.

ക്രിസ്തു പോകുന്ന ഇടം സ്വർഗ്ഗമാണ്; അവിടേക്കുള്ള വഴിയും ക്രിസ്തുവാണ്. അവൻ പോകുന്ന ഇടത്തേക്ക് പോകണമെങ്കിൽ “ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കണം.” (1പത്രൊ, 3:14). ദൈവമക്കൾക്ക് മാത്രമാണ് സ്വർഗ്ഗത്തിൽ പ്രവേശനമുള്ളത്. അതിനായി അവനെ കൈക്കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കണം. (യോഹ, 1:12). 

തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:

യേശു പിതാവിന്റെ അടുക്കൽനിന്ന് വന്നതാണെന്നും പിതാവിൻ്റെ അടുക്കലേക്ക് പോകുമെന്നും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (യോഹ, 8:38; 13:1). എങ്കിലും യേശു പറഞ്ഞതിൻ്റെ അർത്ഥം തോമാസിനപ്പോൾ മനസ്സിലായില്ല. അവരുടെ ഹൃദയം കലങ്ങിയിരുന്നത് കൊണ്ടാകാം, വഴിയും ഓർമ്മ വന്നില്ല.

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല.

ക്രിസ്തു ക്രൈസ്തവർക്കെല്ലാം പിതാവിങ്കലേക്കുള്ള വഴിയാണ്. ഏകരക്ഷാമാർഗ്ഗം ക്രിസ്തുവാണെന്ന് ഇപ്പോൾ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അംഗീകരിക്കുന്നുണ്ട്. രക്ഷയും (ലൂക്കൊ, 2:31) രക്ഷാമാർഗ്ഗവും (യോഹ, 15:6) രക്ഷാനായകനും (എബ്രാ, 2:10) ദൈവപുത്രനാണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവവുമില്ല. പുത്രനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15,16; 3:36; 5:24; 6:40, 47, 54; 10:28; 12:50; 17:2,3). നാലു സുവിശേഷങ്ങളുടെയും സംഗ്രഹമായി യോഹന്നാൻ്റെ സുവിശേഷം അവസാനഭാഗത്ത് ഇങ്ങനെ കാണുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). പക്ഷെ, അനേകർക്കും അറിയാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും വിശ്വസിക്കാത്ത ഒരു കാര്യമുണ്ട്: വഴി മാത്രമല്ല ക്രിസ്തു; സത്യവും ജീവനും ക്രിസ്തുവാണ്. സകല മനുഷ്യർക്കും സ്വാതന്ത്ര്യം വരുത്തിയ സത്യവും (യോഹ, 8:32, 36) ലക്ഷ്യസ്ഥാനമായ സത്യദൈവവും നിത്യജീവനും യേശുക്രിസ്തുവാണ്. (1യോഹ, 5:20). അല്ഫയും ഒമേഗയും, ആദിയും അന്തവും, ആദ്യനും അന്ത്യനും, ഒന്നാമനും ഒടുക്കത്തവനും യേശുക്രിസ്തുവാണ്. (വെളി, 1:8; 1:17; 2:8; 21:6; 22:13).

നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.

യെഹൂദന്മാരോടും യേശു ഇത് പറയുന്നുണ്ട്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). യെഹൂദന്മാരും യെഹൂദാശിഷ്യന്മാരും യേശു പറഞ്ഞിട്ടുവേണോ യഹോവയെ അറിയാൻ. അപ്പോൾ യേശു പറയുന്നത്: യഹോവയെ അവർക്ക് അറിയില്ലെന്നല്ല; യഹോവയുടെ മനുഷ്യപ്രത്യക്ഷതയായ തന്നെ അവർക്കറിയില്ല എന്നാണ്. യേശു പറയുന്നു: “എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.” (മത്താ, 11:27; ലൂക്കൊ, 10:22). പുത്രനെ അറിയുന്നുവെന്ന് പറയുകയും പിതാവിനെ അറിയാതിരിക്കുകയും ചെയ്താൽ ശരിയാകുമോ? പുത്രനും പിതാവുമായി അഭേദ്യമായൊരു ബന്ധമുണ്ട്. മുമ്പ് പലപ്പോഴും യേശു പറഞ്ഞിട്ടുള്ളതാണ്; എങ്കിലും അവർ ഗ്രഹിച്ചിരുന്നില്ല. (യോഹ, 8:24, 28; 10:30). യേശു പറഞ്ഞ പല കാര്യങ്ങളും ശിഷ്യന്മാർ ‘ഗ്രഹിച്ചില്ല’ എന്നെഴുതിയിരിക്കുന്നത് കാണാം. (മർക്കൊ, 6:52; 9:32; ലൂക്കൊ, 9:45; 18:34; യോഹ, 8:27; 10:6; 12:16). അടുത്തഭാഗം: ”ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു.” ‘നിങ്ങൾ അവനെ അറിയുന്നു’ എന്നു പറഞ്ഞാൽ ഓക്കെ; പുത്രൻ പിതാവിനെക്കുറിച്ച് പറഞ്ഞതിനാൽ അറിയുന്നു. പക്ഷെ, പിതാവിനെ ശിഷ്യന്മാർ കണ്ടതെവിടെയാണ്? ഞാൻ തന്നേ അവൻ’ (യോഹ, 8:24, 28), ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30). അവരുടെ മുമ്പിൽ നില്ക്കുന്നവൻ തന്നെയാണ് പിതാവ്; അഥവാ പിതാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് യേശുക്രിസ്തു. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യനായി നില്ക്കുന്നവൻ്റെ ണിത്യമായ അസ്തിത്വത്തിലാണ് പിതാവും പുത്രനും ഒരു വ്യക്തിയാകുന്നത്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.

എന്നിട്ടും യേശുവിനെ ഫിലിപ്പോസിന് മനസ്സിലായില്ല. ”നീ മൂന്നര വർഷമായി ഞങ്ങളോടുകൂടെ ഉള്ളതല്ലേ, നിന്നെ ഞങ്ങൾക്കറിയാം; ഇനി ഞങ്ങൾക്കു പിതാവിനെക്കൂടി കണ്ടാൽമതി.” അതാണ് അവൻ്റെ ആവശ്യം.

യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

ഫിലിപ്പോസ് ചോദിച്ചത്; ”പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം.” യേശുവിൻ്റെ മറുപടി: ”ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?’ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” ഈ വേദഭാഗം കൃത്യമായി മനസ്സിലാകണമെങ്കിൽ രണ്ട് കാര്യങ്ങൾ അറിയണം. ഒന്ന്; സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ കണ്ടുകൊണ്ടാണ് ദൂതന്മാർ രാപ്പകൽ അവനെ ആരാധിക്കുന്നത്. (യെശ, 6:1-4; വെളി, 4:8). പിതാവിൻ്റ മുഖം ദൂതന്മാൻ എപ്പോഴും കാണുന്നുവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). രണ്ട്; സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). ”ഞാൻ പോയി എൻ്റെ പിതാവിൻ്റെ ഭവനത്തിൽ നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ വന്ന് നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തുകൊള്ളും” എന്ന് യേശു മൂന്നാം വാക്യത്തിൽ പറഞ്ഞതാണ്. തന്നിൽനിന്ന് വ്യതിരിക്തനാണ് പിതാവെങ്കിൽ, താനവരെ പിതാവിൻ്റെ ഭവനത്തിൽ ചേർത്തുകൊള്ളുമ്പോൾ, ദൂതന്മാർ എപ്പോഴും കാണുന്ന പിതാവിനെ ദൂതതുല്യരാകുന്ന ശിഷ്യന്മാർക്കും കാണാൻ കഴിയില്ലെ? പിന്നെന്തുകൊണ്ടാണ്, പിതാവിനെ കാണാനാഗ്രഹിച്ച ഫിലിപ്പോസിനോട്, ‘നീ എന്നെ അറിയുന്നില്ലയോ’ എന്ന് ചോദിക്കുന്നത്? പിതാവായ ദൈവം തന്നെയാണ് പുത്രനായി വന്നിരിക്കുന്ന മനുഷ്യൻ. അടുത്തഭാഗം: ”എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” പിതാവിൻ്റെ ഭവനത്തിൽ ചെന്നാലും യേശുവിനെയല്ലാതെ മറ്റാരെയും കാണില്ല. ”ഞാൻ തന്നേ അവൻ” (യോഹ, 8:24, 28), ”ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). യോഹന്നാൻ 15:23-ൽ യേശു പറയുന്നു: “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.” അടുത്ത വാക്യത്തിൽ പിന്നെയും വ്യക്തമായി പറയുന്നു: “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.” (15:24). പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒരാൾതന്നെയല്ലേ? “പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (1യോ, 2:23. ഒ.നോ: 1യോഹ, 2:22, 24)

¹⁰ ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു.

”ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം, ”ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു” എന്ന് പറഞ്ഞിരിക്കുന്നതാണ് പലർക്കും ഇടർച്ചയ്ക്ക് കാരണമായത്. എന്നാലത് ‘ദൈവം ഏകൻ’ എന്ന ബൈബിളിൻ്റെ മൗലികമായ ഉപദേശം വിശ്വസിച്ചാൽ തീരാവുന്നതേയുള്ളു; പക്ഷെ വിശ്വസിക്കില്ലല്ലോ. ബൈബിളിൽ ഒരേയൊരു ദൈവവ്യക്തിയേയുള്ളു; അത് പിതാവാണ്. (2രാജാ, 19:15, 1919; സങ്കീ, 86:10; യെശ, 37:16, 37:20; 44:24; 64:8; മലാ, 2:10; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ യഹോവ, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (ലൂക്കൊ, 1:68; 1തിമൊ, 3:16; എബ്രാ, 2:14,15). യേശു ജഡത്തിൽ പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. (യോഹ, 1:1; ഫിലി, 2:6-8). പിതാവായ ദൈവം പൂർണ്ണമനുഷ്യനായ യേശുവിനോടു കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 9:8; മത്താ, 12:28; ലൂക്കോ, 5:17; യോഹ, 3:2; 8:16; 8:29; 14:10; 14:23; 16:32; പ്രവൃ, 10:38). അതിനാലാണ് താൻ ഏകനല്ലെന്ന് പറയുന്നത്. യേശു താൻ ‘ഏകനല്ല’ എന്നു പറയുന്ന പല ഭാഗങ്ങളുണ്ട്: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വാക്യങ്ങളൊക്കെ ദൈവത്തിൻ്റെ ബഹുത്വത്തെ സൂചിപ്പിക്കുന്നതായി ത്രിത്വം പഠിപ്പിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം: ഒന്ന്; ഏകൻ (alone) എന്നതിന് അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒന്നിനെ കുറിക്കുന്ന ഹെയ്സ് (heis) അല്ല; പ്രത്യുത ഒറ്റയെ (alone) കുറിക്കുന്ന മോണോസ് (monos) ആണ്. ഇംഗ്ലീഷിൽ ആ വാക്യാംശം I am not alone അഥവാ ‘ഞാൻ ഒറ്റയ്ക്കല്ല’ എന്നാണ്. (8:16; 16:32). അടുത്ത വാക്യാംശം: He has not left me alone അഥവാ ‘അവൻ എന്നെ ഒറ്റയ്ക്ക് വിട്ടിട്ടില്ല’ എന്നാണ്. (8:29). അതായത്, ‘ഞാൻ ഏകനല്ല’ എന്നു പറഞ്ഞാൽ, എനിക്കു ബഹുത്വമുണ്ടെന്നല്ല; നിങ്ങളറിയാത്ത ഒരുത്തൻ എൻ്റെ കൂടെയുണ്ട്, അതിനാൽ ‘ഞാൻ ഒറ്റയ്ക്കല്ല’ എന്നാണ് യേശു പറയുന്നത്. മനുഷ്യനായ യേശുവിൻ്റെ കൂടെ പിതാവായ ദൈവവും ഉണ്ടായിരുന്നു;  അല്ലാതെ ദൈവത്തിന് ബഹുത്വമൊന്നുമില്ല. ഒരുദാഹരണം പറയാം: ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ഇന്ന് ഏതൊരു ദൈവപൈതലിനും പറയാൻ കഴിയും; ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എൻ്റെ കൂടെ എൻ്റെ കർത്താവുമുണ്ട്. ഒരു വിശ്വാസി, വാഗദത്തംചെയ്ത കർത്താവ് തൻ്റെകൂടെയുള്ളതിനാൽ താൻ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞാൽ അതിനർത്ഥം അവന് ബഹുത്വമുണ്ടെന്നോ; അവൻ്റെ കൂടെവസിക്കുന്ന ദൈവത്തിനു ബഹുത്വമുണ്ടെന്നോ അർത്ഥമുണ്ടോ?

രണ്ട്; യേശു ജഡത്തിൽ ദൈവം അല്ലായിരുന്നു പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1; ഫിലി, 2:6-8). യേശു താൻ ‘ഏകനല്ല’ എന്ന് പറയുന്നത് ബഹുവചനമാണെന്ന് സമ്മതിച്ചാൽത്തന്നെ, ഒരു മനുഷ്യൻ്റെ ബഹുത്വം ഒരിക്കലും ദൈവത്തിൻ്റെ ബഹുത്വമാകില്ല. അതുകൊണ്ടാണ് യേശു പറയുന്നത്; ”ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ?” അടുത്തഭാഗം: ”ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു.” പിതാവ് മനുഷ്യനായ പുത്രനിൽ വസിച്ചുകൊണ്ടാണ് തൻ്റെ പ്രവൃത്തി ചെയ്തത്. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.” (യോഹ, 5:19). ദൈവത്തിന് ബഹുത്വമുണ്ടെന്ന് വരുത്തിത്തീർക്കാൻ ത്രിത്വം എടുക്കുന്ന മറ്റുരണ്ട് വാക്യങ്ങൾ നോക്കാം: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). ”അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” മേല്പറഞ്ഞതിൻ്റെ ബാക്കിയാണിത്. നോക്കുക: നമ്മെപ്പോലെ എന്ന ബഹുവചനം കഴിഞ്ഞിട്ടാണ് ഒന്നാകുക എന്ന ഏകവചനം പറയുന്നത്. അതായത്, പുത്രനായ മനുഷ്യനുമായി എപ്രകാരം പിതാവായ ദൈവം ഒന്നായിരിക്കുന്നുവോ അഥവാ പുത്രനോടുകൂടെ എപ്രകാരം പിതാവ് വസിക്കുന്നുവോ, അപ്രകാരം ശിഷ്യന്മാരോടുകൂടിയും വസിക്കണമെന്നാണ് യേശു പ്രാർത്ഥിക്കുന്നത്. അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” (യോഹ, 17:21). മേല്പറഞ്ഞ ആശയം തന്നെയാണ് ഇവിടെയും. രണ്ടിടത്തും ദൈവത്തിന് ബഹുത്വമുണ്ടെന്നല്ല; ദൈവം തന്നോടുകൂടി ഒന്നായിരുന്നു പ്രവർത്തിച്ചതുപോലെ, ശിഷ്യന്മാരോടു കൂടിയും ഒന്നായിരിക്കണമെന്നാണ് യേശു പ്രാർത്ഥിക്കുന്നത്. പ്രവൃത്തികളുടെ പുസ്തകം പരിശോധിച്ചാൽ, യേശുവിൻ്റെ പ്രാർത്ഥനപോലെതന്നെ ദൈവത്തിൻ്റെ ആത്മാവ് അപ്പൊസ്തലന്മാരുടെ കൂടെയിരുന്ന് പ്രവർത്തിച്ചത് കാണാം. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് പണ്ഡിതന്മാർ പറയുന്നത് അതുകൊണ്ടാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

മേല്പറഞ്ഞ രണ്ട് വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് യോഹന്നാൻ 10:30- ൽ യേശു പറയുന്നതും ഇതുപോലാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ”ഞാനും പിതാവും ഒന്നാകുന്നു” (10:30) എന്നു പറഞ്ഞാൽ, ഇതുപോലെ ഐക്യത്തിൽ ഒന്നാകുകയാണോ? ഭാഷ ഉപയോഗിക്കുന്നത് ആശയവിനിമയം സുതാര്യമാക്കാനാണ്. ഉദാഹരണത്തിന്; ”ഞാനും ഭാര്യയും ഒന്നാണെന്ന് ഏതെങ്കിലും ഭർത്താവ് പറയുമോ? പറഞ്ഞാൽ ആ പ്രയോഗം ശരിയായിരിക്കുമോ? ഇല്ല. പകരം ഞങ്ങൾ ഒന്നാണെന്ന് പറയും; ഇതിനെയാണ് ഐക്യത്തിൽ ഒന്നാകുക എന്ന് പറയുന്നത്.” അതുപോലെയാണോ യേശു 10:30-ൽ പറയുന്നത്? അല്ല. പ്രത്യുത, ”ഞാനും പിതാവും ഒന്നാകുന്നു” എന്നാണ് പറയുന്നത്. അത് ഐക്യത്തിലുള്ള ഒന്നാകലല്ലെന്ന് അവിടെത്തന്നെ തെളിവുണ്ട്. അഞ്ചാം അദ്ധ്യായത്തിൽ യേശു ദൈവത്തെ ”എൻ്റെ പിതാവു” എന്നു വിളിച്ചതിന്, യേശു ”തന്നെത്താൻ ദൈവത്തോടു സമനാക്കി” എന്നാണ് യെഹൂദന്മാർ പറഞ്ഞത്. (5:17,18). എന്നാൽ ‘ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞപ്പോൾ, ”നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവമാക്കി” എന്നു പറഞ്ഞുകൊണ്ട് കല്ലെറിയാൻ ശ്രമിച്ചത് കാണാം. (10:33). സമനാക്കിയെന്ന് പറയുന്നതും നിന്നെത്തന്നെ ദൈവമാക്കിയെന്ന് പറഞ്ഞാലും ഒരർത്ഥമാണോ? ”ഞാൻ തന്നേ അവൻ” (8:24, 28), ”എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (14:9) ഇവിടെയൊക്കെ താൻ തന്നെയാണ് പിതാവ് അഥവാ പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് താനെന്നാണ് പറയുന്നത്. എന്നാൽ 17:11-ലും, 17:21-ലും ”അവർ നമ്മെപ്പോലെ ഒന്നാകണം” അവിടെ, നമ്മെപ്പോലെ എന്ന ബഹുവചനം പറഞ്ഞശേഷമാണ് ഒന്നാകണം എന്ന് പറയുന്നത്. ബൈബിളിലും അനേകം തെളിവുണ്ട്: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). അവർ എന്ന ബഹുവചനം കഴിഞ്ഞിട്ടാണ് ഏക ദേഹമായി തീരും എന്ന് പറയുന്നത്. അതേ കാര്യം പുതിയനിയമത്തിൽ പറയുന്നത് നോക്കുക: “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്താ, 19:5; മർക്കൊ, 10:8). ഇവിടെയൊക്കെ ആദവും ഹവ്വയും ഒരു ദേഹമാകും എന്നല്ല; അവർ അല്ലെങ്കിൽ ഇരുവരും ഏകദേഹമായി തീരും എന്നാണ്. ഇവിടെയൊക്കെ ബഹുവചനം കഴിഞ്ഞിട്ടാണ് ഏകവചനം പറയുന്നത്. അതുപോലെ, നമ്മെപ്പോലെ എന്ന ബഹുവചനം കഴിഞ്ഞിട്ടാണ് ഒന്നാകണം എന്ന് യേശു പറയുന്നത്. അത് ദൈവമായ പിതാവിൻ്റെയും മനുഷ്യനായ യേശുവിൻ്റെയും ഒപ്പം ശിഷ്യന്മാരുടെയും ഒന്നാകലാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

സ്തെഫാനോസ് രണ്ടു വ്യക്തിയെയാണ് സ്വർഗ്ഗത്തിൽ കണ്ടതെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്‍റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.”

അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും (Glory) വലത്തുഭാഗത്ത് യേശുക്രിസ്തു നില്ക്കുന്നതുമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. അവിടെ, ”ദൈവമഹത്വം” എന്നു പറഞ്ഞശേഷം ”ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു” എന്നു പറഞ്ഞിരിക്കയാലാണ് പിതാവിനെയും പുത്രനെയും കണ്ടുവെന്ന് പറയുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). (കാണുക: സ്തെഫാനോസ് കണ്ട ദർശനം)

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വാസികൾ ഹൃദയപൂർവ്വം അംഗീകരിച്ചാൽ ക്രിസ്തുവെന്ന ദൈവമർമ്മം എല്ലാവർക്കും വെളിപ്പെട്ടുവരും. (കൊലൊ, 2:2). ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24. ഒ.നോ: യെശ, 27:11; 29:16; 43:1, 43:7,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നില്ല. (1കൊരി, 8:6).

ദൈവം അദൃശ്യനാണ്; ആരും ഒരുനാളും ദൈവത്തെ കണ്ടിട്ടില്ല; കാണ്മാൻ കഴിയത്തുമില്ല. എന്നാൽ ‘ദൈവത്തെ കണ്ടു’ എന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നതാകട്ടെ;  അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ ദൃശ്യരൂപത്തെയാണ്. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യപ്രതിമയാണ് യഹോവ അഥവാ യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). അദൃശ്യദൈവത്തെയല്ലല്ലോ പഴയനിയമത്തിൽ സ്വർഗ്ഗത്തിലും (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; പ്രവൃ, 7:55,56; വെളി, 4:1-4) ഭൂമിയിലുമായി (ഉല്പ, 12:7; 18:1; 26:2; 35:9,10; പുറ, 3:16) അനേകർ കണ്ടത്. അവൻ്റെ ദൃശ്യപ്രതിമയായ യേശുക്രിസ്തുവിനെയാണ്. (കൊലൊ, 1:15; 2:9; എബ്രാ, 1:3). യിസ്രായേലിൻ്റെ വീണ്ടെടുപ്പുകാരനായ യഹോവയെ യെഹൂദന്മാർ കണ്ണുകൊണ്ട് കണ്ടിട്ടും വിശ്വസിക്കാതെ ഇരുന്നതിനെക്കുറിച്ച് ശിഷ്യൻ യോഹന്നാൻ വ്യക്തമാക്കിയിട്ടുണ്ട്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:40,41). ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ യെശയ്യാവ് ദർശിച്ച സൈന്യങ്ങളുടെ യഹോവ തന്നെയായാണ് മനുഷ്യനായി മണ്ണിൽ വന്നത്. (യെശ, 6:1-10). അദൃശ്യനായ ദൈവവും സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ മനുഷ്യസാദൃശ്യത്തിൽ ഇരിക്കുന്നവനും (യെഹെ, 1:26) ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവനും (ലൂക്കൊ, 1:68; 1തിമൊ, 3:16) ഇപ്പോൾ പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി നമ്മോടുകൂടെ വസിക്കുന്നതും ഒരാളാണ്. (യോഹ, 14:16, 26). 

“മൂന്ന് യഹോവയുണ്ടെന്ന് പറയുന്ന ഒരു നൂതന ഉപദേശംകൂടി ത്രിത്വത്തിൽ കടന്നുകൂടയിട്ടുണ്ട്. അതായത്, ത്രിത്വത്തിലെ മൂന്ന് വ്യക്തികളുടെയും പേര് യഹോവ എന്നാണത്രെ.” ഈ ദൂഷണ ഉപദേശത്തിനെതിരെ അഞ്ച് കാര്യങ്ങൾ പറായാം: 

ഒന്ന്; “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; സങ്കീ, 86:10; യെശ, 37:16; 44:20). ഇപ്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് പറയുന്നത്. മൂന്ന് പേരുടെയും പേര് യഹോവ എന്നാണെങ്കിൽ, ദൈവങ്ങളല്ലാത്ത രണ്ട് യഹോവമാർ ആരൊക്കെയാണ്?

രണ്ട്; “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20). “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:5,6, 18)  ആദ്യവാക്യത്തിൽ, ‘നീ മാത്രം യഹോവ’ എന്നും; രണ്ടാം വാക്യത്തിൽ, ‘നീ ഒരുത്തൻ മാത്രം യഹോവ’ എന്നും, മുന്നാം വാക്യത്തിൽ, ‘ഞാൻ യഹോവ മറ്റൊരുത്തനുമില്ല’ എന്നുമാണ് പറയുന്നത്. ഒരു യഹോവ മാത്രമേയുള്ളു അഥവാ ഒരുത്തൻ മാത്രം യഹോവയാണെന്ന് ദൈവാത്മാവ് ശക്തമായ ഭാഷയിൽ എഴുതിവെച്ചിരിക്കേ, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, ദൈവാത്മാവിനെതിരെ ദൂഷണം പറയുകയല്ലേ?

മൂന്ന്; ആകാശസൈന്യങ്ങളെ സൃഷ്ടിക്കുകയും അവയെ പേർചൊല്ലി വിളിക്കുകയും ചെയ്തവനും (യെശ, 40:26), തൻ്റെ സൃഷ്ടിയായ മനുഷ്യനെക്കൊണ്ട് ഭൂമിയിലെ സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചനുമായ ദൈവം (ഉല്പ, 2:19), മൂന്നു വ്യക്തികളുണ്ടെങ്കിൽ അവർക്ക് മൂന്നുപേർക്കും കൂടി ഒരുപേർ മതിയാകുമോ?

നാല്; മൂന്ന് യഹോവയുണ്ടെങ്കിൽ അതിൽ ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളം കാണാത്തവനുമായ ദൈവമാരാണ്? അതെങ്ങനെ കണ്ടുപിടിക്കും? പിതാവാരാണ്; പുത്രനാരാണ്; പരിശുദ്ധാത്മാവാരാണ് ഇതൊക്കെ എങ്ങനെ കണ്ടെത്തും. മൂന്നുപേരുടെയും പേര് യഹോവയെന്നാണല്ലോ.

അഞ്ച്; “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:3; ആവ, 5:7). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). “ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). “ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5). “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:6). “ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.” (ഹോശേ, 13:5). മൂന്ന് യഹോവയുണ്ടെങ്കിൽ ‘ഞാനല്ലാതെ മറ്റൊരു ദൈവമില്ല’ എന്ന് അതിലൊരാൾ പറയുമോ? ഭോഷ്ക് പറയാൻ കഴിയാത്ത ദൈവത്തെ ഭോഷ്കിൻ്റെ അപ്പനാക്കിമാറ്റുന്ന ദുരുപദേശമാണ് ത്രിത്വം. മാത്രമല്ല, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ ബൈബിൾ ഒരാവർത്തിപോലും വായിച്ചിട്ടുള്ളവരേയല്ല.

എബ്രായലേഖകൻ ക്രിസ്തുവിനെക്കുറിച്ച് ഒന്നാമദ്ധ്യായത്തിൽ വെളിപ്പെടുത്തിരിരിക്കുന്നത് നോക്കുക: “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്ര, 1:3). ‘തേജസ്സിൻ്റെ പ്രഭ’ എന്നതിൻ്റെ മറ്റു മലയാളം പരിഭാഷകൾ നോക്കാം: ദൈവതേജസ്സിന്‍റെ മഹത്തായശോഭ (സ.വേ.പ.ലി), മഹത്വത്തിൻ്റെ തേജസ്സ് (പി.ഒ.സി), തേജസ്സിൻ്റെ കിരണം (വി.ഗ്ര),  പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു (ഇ.ആർ.വി), തേജസ്സിന്റെ പ്രതിഫലനം (ഓശാന), ദൈവമഹത്ത്വത്തിന്റെ തേജസ്സ് (ഓ.നൂ.പ), ദൈവതേജസ്സിൻ്റെ പ്രതിഫലനം (പു.ഭാ), ആയവൻ്റെ മഹത്വത്തിൻ്റെ പ്രകാശം (ബെ.ബെ), മഹത്വത്തിൻ്റെ പ്രഭ (മാ.ക) തുടങ്ങിയവ. ദൈവത്തിന്റെ മഹത്വത്തിൻ്റെ അഥവാ തേജസ്സിന്റെ പ്രഭ അഥവാ ശോഭയാണ് പുത്രൻ. കാന്തി, തിളക്കം, തെളിച്ചം, തേജസ്സ്, ദീപ്തി, പ്രഭ, മഹത്വം, ശോഭ എന്നൊക്കെ പറയുന്നത് പര്യായങ്ങളാണ്. ദൈവം തേജസ്സും പുത്രൻ പ്രഭയുമാണെന്ന് പറഞ്ഞാൽ രണ്ട് വ്യക്തികളാകുമോ?

അടുത്ത പ്രയോഗമായ ‘തത്വത്തിൻ്റെ മുദ്ര’ മറ്റു പരിഭാഷകളിൽ: ഈശ്വരസത്തയുടെ പ്രതിരൂപം (സ.വേ.പ.ലി), യഥാർത്ഥ പ്രതിരൂപം (വി.സ.വേ.പു), സത്തയുടെ മുദ്ര (പി.ഒ.സി), സ്വത്വത്തിന്റെ പ്രതിബിംബം (വി.ഗ്ര), ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പ് (ഇ.ആർ.വി), സത്തയുടെ പ്രതിബിംബം (ഓശാന), ദൈവസത്തയുടെ യഥാർഥ പ്രതിബിംബം (ഓ.നൂ.പ), ദൈവത്തിൻ്റെ തനിപ്പകർപ്പ് (പു.ഭാ) തൽസ്വഭാവത്തിൻ്റെ സാക്ഷാൽ പ്രതിമ (ബെ.ബെ), സത്തയുടെ പ്രതിമ (മാ.ക) തുടങ്ങിയവ. കൊത്തുവേല, പൂർണ്ണപതിപ്പ്, പ്രതിമ, പ്രതിബിംബം, പ്രതിരൂപം, പ്രതിച്ഛായ, തത്സ്വരൂപം, ചിത്രം, മാതൃക, മുദ്ര, രൂപകം, സാദൃശം ഇതൊക്കെയും പര്യായങ്ങളാണ്. അതായത്, ഏത് പരിഭാഷ നോക്കിയാലും അദൃശ്യനായ ദൈവവ്യക്തിയുടെ ദൃശ്യമായ രൂപം അഥവാ പ്രതിബിംബമാണ് പുത്രനെന്നല്ലാതെ, മറ്റൊരു വ്യക്തിയാണെന്ന് ആർക്കും പറയാൻ കഴിയില്ല. അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ യേശുക്രിസ്തുവിനെ മറ്റൊരു വ്യക്തിയാണെന്ന് പഠിപ്പിച്ചവരെ സമ്മതിക്കണം. 

എബ്രായർ 3:1-ലെ ദൈവത്തിൻ്റെ തേജസ്സിനെ ‘ഡോക്ല’ (doxa) എന്നും, ക്രിസ്തുവിൻ്റെ പ്രഭയെ ‘അപൗഗസ്മ’ (apaugasma) എന്നുമാണ് പറഞ്ഞിരിക്കുന്നത്. ‘അപൗഗസ്മ’ എന്ന പദം ഒരിക്കൽ മാത്രമാണ് പറഞ്ഞിരിക്കുന്നത്. ‘ഡോക്ല’ കെ.ജെ.വി. സ്ട്രോങ്ങിൽ 168 പ്രാവശ്യമുണ്ട്. ഈ പദംകൊണ്ട്, പിതാവിൻ്റെ മഹത്വമെന്നും (മത്താ, 16:27; മർക്കൊ, 8:29; ലൂക്കൊ, 2:9; 2:14; യോഹ, 7:18; 11:40; പ്രവൃ, 7:2; 7:55; 1കൊരി, 10:31; 11:7), പുത്രൻ്റെ മഹത്വമെന്നും (മത്താ, 19:28; 24:30; 25:31; മർക്കൊ, 10:37; 13:26; ലൂക്കൊ, 2:30; ലൂക്കൊ, 9:32; ലൂക്കൊ, 21:27; 24:26; യോഹ, 12:41; 17:5; പ്രവൃ, 22:11; 1കൊരി, 2:8) എന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ‘തത്വം’ എന്ന പദത്തെ ഗ്രീക്കിൽ ഹൈപ്പൊസ്റ്റാസിസ് hypostasis) എന്നും, മുദ്രയെ ഗ്രീക്കിൽ കേരക്ടർ (charakter) എന്നും പറഞ്ഞിരിക്കുന്നു. ഹൈപ്പൊസ്റ്റാസിസ് വ്യക്തിയും, കേരക്ടർ അടയാളവുമാണ്. ദൈവവ്യക്തിയുടെ മുദ്ര അഥവാ അടയാളമാണ് പുത്രനെന്നു പറഞ്ഞാൽ, മറ്റൊരു വ്യക്തിയാകുമോ? അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ ക്രിസ്തു മറ്റൊരു വ്യക്തിയാണെന്ന് പഠിപ്പിച്ചത് ദൈവാത്മാവല്ല; ദുരാത്മാവാണ്.

ബൈബിളിൽ ആകെയൊരു ദൈവമേയുള്ളു; ആ ദൈവം അദൃശ്യനാണ്. ആ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമാണ് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് ആരാധന സ്വീകരിക്കുന്നത്. അതേ ദൈവം തന്നെയാണ് മനുഷ്യനായി വേളിപ്പെട്ട് മരണം വരിച്ച് രക്ഷയൊരുക്കിയതും, ഇപ്പോൾ പരിശുദ്ധാത്മാവായി ദൈവമക്കളോടുകൂടി വസിക്കുന്നതും.  പരിഗ്രഹിക്കാൻ മനസ്സുണ്ടെങ്കിൽ പരിഗ്രഹിക്കുക; അല്ലങ്കിൽ ത്രിത്വമെന്ന ദൈവദൂഷണം വിശ്വസിക്കുക!