കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

☛ കർത്തൃദിവസം, കർത്താവായ യേശുവിൻ്റെ നാൾ, കർത്താവിൻ്റെ ദിവസം, ദൈവദിവസം എന്നിങ്ങനെ ബഹുവിധമായ പ്രയോഗങ്ങൾ പുതിയനിയമത്തിൽ കാണാം. നമുക്ക് ഓരോന്നും വിശദമായി നോക്കാം:

കർത്തൃദിവസം:
➦ “കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:” (വെളി, 1:10). “കർത്തൃദിവസം” (The Lord’s day) എന്നത് വെളിപ്പാട് പുസ്തകത്തിൽ മാത്രമുള്ള ഒരു പ്രയോഗമാണ്. ഗ്രീക്കിൽ “tē kyriakē hēmera” എന്നാണ്. യോഹന്നാൻ പറയുന്ന “കർത്തൃദിവസം” എന്നത് ആഴ്ചവട്ടത്തിൻ്റെ ഒന്നാംനാളായ ഞാറാഴ്ചയാണ്. അതിന് വചനപരവും ചരിത്രപരവുമായ പല തെളിവുകളുമുണ്ട്. 

വചനപരമായ തെളിവുകൾ:
➦ നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റത് ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാളായ ഞായറാഴ്ചയാണ്: (മർക്കൊ, 16:9 – മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1). വിശ്വാസികളിൽ എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും (യോഹ, 14:16), ദൈവസഭ സ്ഥാപിതമായതും പരിശുദ്ധാത്മാവ് ആദ്യഫലക്കറ്റ കൊയ്തുതുടങ്ങിയതും ഞായറാഴ്ചയാണ്: (പ്രവൃ, 2:1-4). ദൈവം സൃഷ്ടികർമ്മം ആരംഭിച്ചത് ഒരു ഞായറാഴ്ചയാണ്: (ഉല്പ, 1:5), പുനഃസൃഷ്ടിക്ക് തുടക്കമായതും ഞായറാഴ്ചയാണ്: (പ്രൃ, 2:41). അപ്പൊസ്തലന്മാരുടെ ആദിമസഭ അപ്പം നുറുക്കാൻ കൂടിവന്നിരുന്നത് ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാളായ ഞായാറാഴ്ചയാണ്: (പ്രവൃ, 20:7). വിശുദ്ധന്മാർക്കുള്ള ധർമ്മശേഖരണം നടത്തിയിരുന്നതും ഞായറാഴ്ചയാണ്: (1കൊരി, 16:1-2). ഇതെല്ലാം, ആദിമ വിശ്വാസികൾ സഭായോഗത്തിനായി കൂടിവന്നിരുന്നത് ആഴ്ചവട്ടത്തിൻ്റെ ഒന്നാംനാളായ ഞായറാഴ്ചയായിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ്. അതിനാൽ, കർത്തൃദിവസം എന്നത് ഞായറാഴ്ച ആണെന്ന് മനസ്സിലാക്കാം. 

ചരിത്രപരമായ തെളിവുകൾ:
➦ അപ്പോസ്തലന്മാരുടെ ഉപദേശം അടങ്ങിയ പുരാതന ഗ്രന്ഥമായ ‘ഡിഡാകെ’ (Didache – AD 90-110) അദ്ധ്യായം 14-ൽ പറയുന്നത് ഇപ്രകാരമാണ്: “ഓരോ കർത്താവിന്റെ ദിവസത്തിലും (Lord’s day) നിങ്ങൾ ഒരുമിച്ചുകൂടി, അപ്പം നുറുക്കി, നിങ്ങളുടെ ലംഘനങ്ങൾ ഏറ്റുപറഞ്ഞതിനുശേഷം നന്ദി പറയുക,” [Didache Cha, 14]. 
☛ അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന അന്ത്യോക്യയിലെ ഇഗ്നേഷ്യസ് (Ignatius of Antioch – AD 110) തൻ്റെ “Epistle to the Magnesians” എന്ന ലേഖനത്തിൽ എഴുതി: “ഞങ്ങൾ ഇനി ശബത്ത് ആചരിക്കുന്നില്ല, മറിച്ച് കർത്താവിന്റെ ദിവസം (Lord’s Day) അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നത്.” [Magnesians Cha, 9].
☛ ജസ്റ്റിൻ മാർട്ടിയർ (Justin Martyr – AD 150) തന്റെ “First Apology” എന്ന ലേഖനത്തിൽ പറയുന്നത്: “ഞായറാഴ്ചയാണ് (Sunday) ഞങ്ങൾ എല്ലാവരും ഒത്തുചേരുന്നത്, കാരണം അത് ദൈവ സൃഷ്ടിയുടെ ഒന്നാം ദിവസവും, ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ദിവസവുമാണ്.” [Justin Martyr Ch, 67]. ഇതെല്ലാം, ഞായറാഴ്ച അഥവാ, കർത്തൃദിവസത്തിലാണ് (The Lord’s day) ആദിമസഭ കൂടിവന്നിരുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണ്. തന്മൂലം, “കർത്താവിൻ്റെ ദിവസം” (The Lord’s day) എന്നത് കർത്താവ് ഉയിർത്തെഴുന്നേറ്റ ദിവസമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 

കർത്താവായ യേശുവിൻ്റെ നാൾ:
➦ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.” (1കൊരി, 1:8). ഇവിടെ, “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാൾ” (The day of our Lord Jesus Christ) എന്നുപറയാൻ ഗ്രീക്കിൽ, “tē hēmera tou Kyriou hēmōn Iēsou Christou” എന്നാണ്. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തെ കുറിക്കുന്ന ഈ പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (1കൊരി, 5:5; 2കൊരി, 1:14; ഫിലി, 1:4; 1:10; 2:16; 2തെസ്സ, 2:2). ഇത് സഭയ്ക്കുവേണ്ടിയുള്ള യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയാണ്: “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” (എബ്രാ, 9:26). വിശ്വാസികളുടെ ആത്മാവ്, ദേഹീ, ദേഹം സമ്പൂർണ്ണമായി രക്ഷപ്രാപിക്കുന്ന നാളാണിത്: “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23 – 1കൊരി, 5:5). വിശുദ്ധന്മാർക്ക് പ്രശംസയും പ്രതിഫലവും ലഭിക്കുന്നത് കർത്താവിൻ്റെ ഈ പ്രത്യക്ഷതയിലാണ്: (2കൊരി 1:14). സഭയുടെ വീണ്ടെടുപ്പിന്റെയും സന്തോഷത്തിന്റെയും നാളാണിത്. ഇതും കാണുക: (പ്രവൃ, 1:11; 1കൊരി, 1:7; 1തെസ്സ,, 2:19; 1തെസ്സ, 3:13; 1തെസ്സ, 4:16; 1തെസ്സ, 5:23; 2തെസ്സ, 1:6-7; 2തെസ്സ, 2:6-8; 1തിമൊ, 6:13; 2തിമൊ, 4:1; 4:8; എബ്രാ, 9:28; യാക്കോ, 5:7-8; 1പത്രൊ, 1:7; 1പത്രൊ, 1:13; 1പത്രൊ, 5:4).

കർത്താവിൻ്റെ ദിവസം:
➦ “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇവിടെ, “കർത്താവിൻ്റെ നാൾ” (The day of the Lord) എന്നുപറയാൻ ഗ്രീക്കിൽ, “hēmera Kyriou” എന്നാണ്. ഇത് ദൈവത്തിന്റെ ന്യായവിധിയും കോപവും (Wrath of God) വെളിപ്പെടുന്ന അന്ത്യകാല സംഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്. “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.” (1തെസ്സ, 5:2-3). ക്രിസ്തുവിലൂടെയുള്ള രക്ഷ തിരസ്കരിച്ച പാപികളോടുള്ള ദൈവത്തിൻ്റെ കോപദിവസമാണിത്: “കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” (പ്രവൃ, 2:20 – വെളി, 14:19). 

ദൈവദിവസം: 
➦ “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2പത്രൊ, 3:11-12). ഇവിടെ, “ദൈവത്തിൻ്റെ ദിവസം” (The day of God) എന്നുപറയാൻ ഗ്രീക്കിൽ, “tou theou hēmeras” എന്നാണ്. ഇത് ദൈവത്തിൻ്റെ പ്രതികാര ദിവസമാണ്. പ്രതികാരം ചെയ്യുന്നത് ദൈവമാണ്: “പ്രതികാരം എന്‍റേതാണ് യഥാകാലം ഞാന്‍ പ്രതികാരം ചെയ്യും. അവരുടെ കാലുകള്‍ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.” (ആവ 32:35. സ.വേ.പു.CL; റോമ, 12:19 – യെശ, 61:2; നഹൂം 1:2-3). സുവിശേഷ വിരോധികൾക്കുള്ള ശിക്ഷയാണിത്: “ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.” (എബ്രാ, 10:29-30). കർത്താവിൻ്റെ ദിവസവും ദൈവത്തിൻ്റെ ദിവസവും ഒന്നാണ്. ഈ ദിവസത്തെക്കുറിച്ച് പഴയപുതിയനിയമങ്ങളിൽ അനേകം തെളിവുകളുണ്ട്:  

യഹോവയുടെ ക്രോധദിവസം അഥവാ, കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: 
➦ അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:10; 5:9), ക്രോധം: (യെശ, 26:20; 34:2), ക്രോധകലശം: (വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21),  സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). ഈ ദിവസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞിട്ടുണ്ട്: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്താ, 24:21 – മർക്കൊ, 13:19).

2 thoughts on “കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും”

Leave a Reply

Your email address will not be published. Required fields are marked *