പുത്രൻ പിതാനു സാമ്യനോ സമനോ?

പുത്രൻ പിതാനു സാമ്യനോ സമനോ?

പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്നു വ്യക്തികൾ ആണെന്നാണ് ത്രിത്വവിശ്വാസം പഠിപ്പിക്കുന്നത്. ഇതുപക്ഷെ ബൈബിളുമായി പുലബന്ധം പോലുമില്ലാത്ത വിശ്വാസമാണ്. ബൈബിളിലെ 31,098 വാക്യങ്ങളിലെ ഒരു വാക്യത്തിൽപ്പോലും ഇതിനാധാരമായ തെളിവില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തികളാണെന്നു വിശ്വസിച്ചാൽ എന്താണ് കുഴപ്പം എന്നു ചിന്തിക്കുന്ന നിഷ്പക്ഷബുദ്ധികൾ ഉണ്ടായേക്കാം. അവരുടെ അറിവിലേക്കായി ഒരുകാര്യം പറയാം: ‘പുത്രൻ പിതാവിനു സാമ്യനോ സമനോ?’ എന്ന പുസ്തകമെഴുതിയ ഒരു പണ്ഡിതനുണ്ട്. ഒടുവിൽ നമുക്കു മൂന്നു ദൈവങ്ങൾ ഉണ്ടെന്നു സമ്മതിക്കുന്ന ഒരു സ്ഥിതിവിശേഷത്തിൽ ടിയാൻ എത്തിച്ചേർന്നു. അതായത്, ദൈവം മൂന്നു വ്യക്തികളാണെന്ന വിശ്വാസം ഒടുവിൽ എത്തിച്ചേരുന്നത് ‘മൂന്നു ദൈവങ്ങൾ’ എന്ന പാഷാണ്ഡ ഉപദേശത്തിലോ, യേശുവിൻ്റെ ദൈവത്വ നിഷേധത്തിലോ ആയിരിക്കും. മാരകവിഷം കഴിച്ചിട്ട് ത്രിമധുരമാണ് കഴിച്ചതെന്നു വിശ്വസിച്ചിട്ട് എന്തു പ്രയോജനം; കുഴീലോട്ടെടുക്കുക തന്നെചെയ്യും. അതുപോലൊരു വിശ്വാസം മാത്രമാണ് ട്രിനിറ്റി. കാരണം, ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകനാണ് അഥവാ, ഒരുവനാണ്; ഒരുത്തൻ മാത്രമാണ്. ഈ വസ്തുത ദൈവവും, അവൻ്റെ വചനവും, പ്രവാചകന്മാരും, ഭക്തന്മാരും, അപ്പൊസ്തലന്മാരും ഉച്ചൈസ്തരം പ്രഘോഷിക്കുക മാത്രമല്ല, ദൈവത്തിൻ്റെ എതിരാളിയായ പിശാചുക്കളും ദൈവം ഏകനെന്നു വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നു: (യാക്കോ, 2:19). എന്നിട്ടും, ദൈവത്തിൻ്റെ മക്കളെന്നു അവകാശപ്പെടുന്നവർ അറിഞ്ഞിട്ടും വിശ്വസിക്കുന്നില്ല. കഷ്ടം!

പുത്രൻ പിതാവിനോട് സമനിത്യനായ വ്യക്തിയാണെന്നു വിശ്വസിക്കുന്നവർ രണ്ടു വാക്യങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്: ഒന്നാമത്തേത്; “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു:” (യോഹ, 5:18). യേശു: ദൈവത്തെ ‘എൻ്റെ പിതാവു’ (യോഹ, 5:17) എന്നു പറയുകയാണ് ചെയ്തത്. ‘തന്നെത്താൻ ദൈവത്തോടു സമമാക്കി’ എന്നു പറയുന്നത്, യെഹൂദന്മാർ യേശുവിൻ്റെമേൽ ആരോപിച്ച കുറ്റമാണ്. രണ്ടു കാര്യങ്ങളാണ് ഇവിടെ ചിന്തിക്കാനുള്ളത്; ഒന്ന്; യേശു, ദൈവത്തെ ‘എൻ്റെ പിതാവു’ എന്നു പറഞ്ഞതിൻ്റെ അർത്ഥം എന്താണ്? രണ്ട്; ‘തന്നെത്താൻ ദൈവത്തോടു സമമാക്കി’ എന്നു യെഹൂദൻ പറഞ്ഞതിൻ്റെ അർത്ഥം എന്താണ്. ശബ്ബത്തിൽ ബേഥെസ്ദാ കുളക്കരയിലെ രോഗിയെ സൗഖ്യമാക്കിയതിനോടുഴള്ള ബന്ധത്തിലാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. സമവീക്ഷണ സുവിശേഷങ്ങളിലിലെല്ലാം താൻ ‘ശബ്ബത്തിനും കർത്താവു’ ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:6-8; മർക്കൊ, 2:27-28; ലൂക്കൊ, 6:5). എങ്ങനെയാണ് യേശു ശബ്ബത്തിനു കർത്താവാകുന്നത്? ശബ്ബത്ത് നിയമിച്ചുകൊടുത്തത് യഹോവയല്ലേ? (ഉല്പ, 2:3; പുറ, 20:8-11; ആവ, 5:12-15). അപ്പോൾ, യേശു, ശബ്ബത്തിനു കർത്താവെന്നു പറഞ്ഞാൽ; താൻ തന്നെയാണ് ശബ്ബത്ത് നിയമിച്ചുകൊടുത്ത യഹോവ എന്നല്ലേ? അതുതന്നെയാണ് താൻ ഉടനീളം പറയുന്നത്. ”ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” (യോഹ, 8:24). ”മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും” (8:28). ”അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു” (8:58) എന്നിത്യാദി. ഫിലിപ്പോസിനോട് യേശു പറയുമ്പോൾ താൻ പിതാവു തന്നെയാണെന്ന് വളരെ വ്യക്തമായിട്ടല്ലേ പറയുന്നത്? “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). എന്നാൽ, യേശു ദൈവത്തെ ‘എൻ്റെ പിതാവു’ എന്നു വിളിച്ചത് താൻ മണ്ണിൽ വെളിപ്പെട്ടുനില്ക്കുന്ന മനുഷ്യനായതു കൊണ്ടാണ്. താൻ ദൈവം (യഹോവ) ആയിരുന്നു. (യോഹ, 1:1). എന്നാൽ, മനുഷ്യരുടെ രക്ഷയെക്കരുതി പൂർണ്ണമനുഷ്യനായി ജഡത്തിൽ വന്നിരിക്കയാണ്. യേശു, ഒരിടത്തുപോലും തനിക്കു പിതാവിനോടു സമത്വമുണ്ടെന്നു പറഞ്ഞിട്ടില്ല; പ്രത്യുത, ‘പിതാവ് എന്നെ അയച്ചു’ ‘പിതാവ് എന്നെക്കാൾ വലിയവൻ, പിതാവ് എല്ലാവരിലും വലിയവൻ’ എന്നൊക്കെയാണ് പറയുന്നത്. യേശു യഹോവ തന്നെയെങ്കിൽ, ‘പിതാവ് എന്നെക്കാൾ വലിയവൻ’ എന്നു പറയുന്നതെന്താണ്? താനിപ്പോൾ സമ്പൂർണ്ണ മനുഷ്യൻ മാത്രമായതു കൊണ്ടാണ്. താൻ സർവ്വത്തിൻ്റെയും അധിപതിയായ ദൈവമായി തന്നെയിരുന്നാൽ മനുഷ്യൻ്റെ പാപപരിഹാരം നടക്കില്ല. തന്മൂലം, സകലരുടേയും പിതാവായിരുന്നവൻ തൻ്റെ ദൈവത്വം മാറ്റിവെച്ചിട്ടാണ് മനുഷ്യനായി മന്നിടത്തിൽ വെളിപ്പെട്ടത്: (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-15). മനുഷ്യനായി വെളിപ്പെട്ടു കഴിഞ്ഞാൽ, സമത്വം അവകാശപ്പെടാൻ കഴിയില്ല; താൻ തന്നെയാണ് അവൻ എന്നേ പറയാൻ കഴിയു: (യോഹ, 8:24, 28). ‘എൻ്റെ പിതാവു’ എന്നു വിളിച്ചത് പുത്രനെന്ന പദവിയിൽ മനുഷ്യനായി പ്രത്യക്ഷമായി നില്ക്കുമ്പോഴാണ്. ആത്യന്തികമായി മനുഷ്യർക്കാർക്കും ദൈവത്തോട് പിതൃപുത്ര ബന്ധമില്ല. ഉള്ളതാകട്ടെ; ക്രിസ്തുവിനു മാത്രമാണ്. ദൈവത്തെ പിതാവെന്ന് വിളിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. ‘ക്രിസ്തു’ എന്നത് ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത തന്നെയാണ്. ക്രിസ്തു പുരാതനനായവനും (മീഖാ, 5:2), എന്നേക്കും ഇരിക്കുന്നവനും (യോഹ, 12:34) അഥവാ, യഹോവ തന്നെയാണെന്നും യെഹൂദനറിയാം. എന്നാൽ, യേശു മറിയയുടേയും യോസഫിൻ്റെയും മകനെന്നതിലുപരി അവർ ഒന്നും മനസ്സിലാക്കിയിരുന്നില്ല. യേശു ജനിച്ചത് യെഹൂദയിലെ ബത്ലേഹേമിൽ ആണെന്നുപോലും അവർ ഗ്രഹിച്ചിരുന്നില്ല; ഗലീലയിലെ നസറെത്തിൽ നിന്നുള്ളവൻ എന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നുവെച്ചാൽ, മാനവകുലത്തിൻ്റെ മുഴുവൻ രക്ഷയെക്കരുതി അവരിൽനിന്നു എല്ലാം മറയ്ക്കപ്പെട്ടിരുന്നു. അർത്ഥാൽ, പിതാവ് എന്നേക്കാൾ വലിയവൻ, എൻ്റെ പിതാവ്, എൻ്റെ ദൈവം എന്നൊക്കെ യേശു വിളിക്കുന്നത് മനുഷ്യനായതുകൊണ്ടാണ്.

യേശു ‘തന്നെത്താൻ ദൈവത്തോടു സമമാക്കി’ എന്നു യെഹൂദൻ പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? യോഹന്നാൻ 10:30-ൽ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നു പറഞ്ഞപ്പോൾ അവർ അവനെ എറിയുവാൻ കല്ലെടുത്തു: (10:31). യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു? (10:31) എന്നു ചോദിച്ചു. യെഹൂദന്മാരുടെ മറുപടി: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു: (10:32). ഇവിടെ വ്യക്തമല്ലേ; ”നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു” എന്നാണ്. യെഹൂദന് ഒരു ദൈവമേയുള്ളു. ആ ദൈവത്തിനു സമനും (സങ്കീ, 35:10), സാമ്യനും (സങ്കീ, 40:5) ഇല്ല. യഹോവയുടെ വാക്കുകളിൽ പറഞ്ഞാൽ; “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല:” (യെശ, 44:8). അപ്പോൾ, യെഹൂദനെ സംബന്ധിച്ചു യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലാതിരിക്കേ അവനോടു സാമ്യനോ സമനോ ആകാൻ ആർക്കും കഴിയില്ല. എന്നുവെച്ചാൽ, യെഹൂദൻ ഇവിടെ പറയുന്നത്, ‘നിന്നെത്തന്നേ ദൈവം ആക്കുന്നു അഥവാ, നിന്നെത്തന്നേ യഹോവയാക്കുന്നു’ എന്നാണ്. യോഹന്നാൻ 5:18-ൻ്റെ അർത്ഥവും അതുതന്നെയാണ്. അതിനൊരു തെളിവുകൂടിത്തരാം: ‘സമമാക്കി’ എന്നതിൻ്റെ ഗ്രീക്കുവാക്കായ isos എട്ടു പ്രാവശ്യമുണ്ട്. അതിനെ സത്യവേദ പുസ്തകത്തിൽ ‘ഒത്തുവരുക, സമമാക്കി, സമത്വം, അതേ’ എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുനത്. പ്രവൃത്തികളിൽ പത്രൊസ് പറയുന്ന ഒരു വാക്യത്തിൽ ഇതേ ഗ്രീക്കുപദം തന്നെയാണ്: “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (11:17). ഇവിടെ പത്രൊസ് കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനത്തെക്കുറിച്ചു യെരൂശലേം സഭയിൽ സാക്ഷ്യം പറയുകയാണ്. നമുക്കു തന്നതിനോടു സാമ്യമുള്ള ദാനമെന്നല്ല; നമുക്കു തന്നതിനു സമമായ ദാനമെന്നുമല്ല; പ്രത്യുത, അതേ ദാനം അഥവാ, അതേ പരിശുദ്ധാത്മാവു’ എന്നാണ് പത്രൊസ് പറയുന്നത്. അതായത്, ദൈവത്തോടു സമമാക്കാൻ ദൈവത്തെപ്പോലൊരു ദൈവം ഇല്ലേയില്ല.

അടുത്തൊരു വാക്യമുള്ളത്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു:” (ഫിലി, 2:6-7). യഥാർത്ഥത്തിൽ ഇവിടത്തെ വിഷയമെന്താണ്? ദൈവം ജഡത്തിൽ വെളിപ്പെട്ടതിനെക്കുറിച്ചാണ്; അഥവാ, ദൈവം മനുഷ്യനു പാപരിഹാരം നല്കാൻ എത്രയധികം താഴ്ച അനുഭവിച്ചു എന്നതാണ് പറയുന്നത്. ഒന്നുകൂടി പറഞ്ഞാൽ; സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന മഹാദൈവം തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വെളിപ്പെട്ടതിനെക്കുറിച്ചാണ്. ഈ വേദഭാഗത്തിൻ്റെ സമാന്തരവാക്യങ്ങളാണ് യോഹ, 1:1; 1തിമൊ, 3:16; എബ്രാ, 2:14,15-ഉം. ഇവിടെ, യേശു, ‘പിതാവിനോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല’ എന്നല്ല എഴുതിയിരിക്കുന്നത്. ‘ദൈവത്തൊടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല’ എന്നാണ്. ഇതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ എന്താണർത്ഥം? ദൈവത്തിനു സമനായ മറ്റൊരു ദൈവമാണ് യേശുവെന്നല്ലേ? അത് സമനിത്യവാദികൾ പോലും സമ്മതിക്കില്ല. ആടിനെ പട്ടിയാക്കുന്നൊരു പണിയുണ്ട്. അതാണ് ത്രിത്വവിശ്വാസം. രണ്ടുമൂന്നുപേർ തുടർച്ചയായിട്ട് ആടല്ലിത് പട്ടിയാണെന്ന് പറയുമ്പോൾ, ആടിൻ്റെ ഉടയവൻതന്നെ വിചാരിക്കും എല്ലാരും പറയുന്നല്ലോ പട്ടിയാണെന്ന്, ചിലപ്പോ ഇത് പട്ടിയായിരിക്കും ആടാണെന്ന് തനിക്കു തോന്നുന്നതായിരിക്കും. ഇതാണ് സമനിത്യവാദികളുടെ യഥാർത്ഥതന്ത്രം. “പിതാവ് ദൈവമാണെന്നും പുത്രൻ ദൈവമാണെന്നും പരിശുദ്ധാത്മാവ് ദൈവമാണെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഇവർ മൂന്നു ദൈവങ്ങളെന്നു പറയില്ല; ഒരു ദൈവമാണെന്നു പറയും. പിതാവ് വ്യക്തിയാണെന്നും, പുത്രൻ വ്യക്തിയാണെന്നും, പരിശുദ്ധാത്മാവ് വ്യക്തിയാണെന്നും ബൈബിളിലൊരിടത്തും പറഞ്ഞിട്ടില്ല. എന്നിട്ടും, ഏക ദൈവത്തിനു ഏക വ്യക്തിത്വമേയുള്ളു എന്നു ഇവർ സമ്മതിക്കില്ല; മൂന്നു വ്യക്തികളുണ്ടെന്നു പറയും. അതായത്, പിതാവിനോട് സമത്വമുള്ള മറ്റൊരു വ്യക്തിയാണ് യേശുവെന്നാണ് ത്രിത്വവിശ്വാസം. പ്രത്യുത, ദൈവത്തോടു സമത്വമുള്ള മറ്റൊരു ദൈവമല്ലതാനും.” എന്നാൽ, മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ‘പിതാവിനോടുള്ള സമത്വം’ എന്നല്ല; പ്രത്യുത, ‘ദൈവത്തോടുള്ള സമത്വം’ എന്നാണ്. ‘സമത്വം’ (equal) എന്നാൽ, തല്യതയുള്ള ഒന്നിലധികം പേർ. അഥവാ, ദൈവത്വത്തിലോ, വ്യക്തിത്വത്തിലോ, ബുദ്ധിയിലോ, വലിപ്പത്തിലോ, ശക്തിയിലോ യാതൊന്നിലും വ്യത്യാസമില്ലാത്തവർ എന്നർത്ഥം. ഇവിടെ ‘ദൈവത്തോടു സമനാണ് യേശു’ എന്നതു അക്ഷരികമായി മനസ്സിലാക്കിയാൽ; ‘ദൈവത്തോടു സമനായ മറ്റൊരു ദൈവമാണ് യേശു’ എന്നാണ്. അല്ലാതെ, ദൈവത്തോടു സമനല്ല; പിതാവെന്ന വ്യക്തിയോടാണ് സമനെന്ന് പറയാൻ കഴിയില്ല. കാരണം, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് വ്യത്യസ്ത വ്യക്തികളല്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പദവികളും പ്രത്യക്ഷതകളും മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2::3). അതായത്, പത്രൊസ് പറയുന്ന ‘അതേ ദാനം’ (പ്രവൃ, 11:17) എന്നയർത്ഥത്തിൽ, ‘ദൈവത്തോടുള്ള സമത്വമെന്നാൽ, അതേ ദൈവമാണ് യേശു’ എന്നാണർത്ഥം. “ദൈവത്തോടൂള്ള സമത്വം മുറുകെപ്പിടിച്ചില്ല’ എന്നു വ്യക്തമായിട്ടെഴുതിയിരിക്കെ, ദൈവത്തോടുള്ള സമത്വം അഥവാ, ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ മനുഷ്യനായി പ്രത്യക്ഷനായി എന്നു മനസ്സിലാക്കാതെ, ദൈവത്തിലുള്ള പിതാവെന്ന വ്യക്തിയോടുള്ള സമത്വമാണ് യേശുവിനുള്ളതെന്നു പറഞ്ഞാൽ, നിങ്ങൾ പഠിപ്പിക്കുന്ന ത്രിത്വവിശ്വാസം ഒരു ദുരന്തവിശ്വാസമാണെന്നേ പറയാൻ കഴിയു.

ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന് പഠിപ്പിക്കുന്നവർ തന്നെ പറയുന്ന മറ്റൊരു കാര്യമുണ്ട്: യേശുവിനെ പിതാവല്ലേ അയച്ചത്, യേശു പിതാവിനോട് പ്രാർത്ഥിച്ചില്ലേ, ക്രൂശിൽക്കിടന്ന് പിതാവിനോട് നിലവിളിച്ചില്ലേ, പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നൊക്കെ പറഞ്ഞില്ലേ എന്നാണ്. ഇവിടെ, പിതാവും പുത്രനും വ്യതിരിക്തരായ വ്യക്തികളാണെന്നു പറയാമെന്നല്ലാതെ, സമനിത്യരാണെന്നു പറയാനേ കഴിയില്ല. അതായത്, യേശു പിതാവിൽ ആശ്രയിച്ചതുകൊണ്ടുതന്നെ, അവനെ ഒരു കുട്ടിദൈവമെന്നോ, ദൈവത്തിൻ്റെ സൃഷ്ടിയെന്നോ പറയാമെന്നല്ലാതെ, സമനിത്യത അവകാശപ്പെടാൻ പറ്റില്ല. പിന്നെന്താണ് യേശു പിതാവിൽ ആശ്രയിച്ചതിനർത്ഥം? മഹാദൈവം തൻ്റെ ദൈവത്വം ഒഴിച്ചുവെച്ച് പൂർണ്ണ മനുഷ്യനായാണ് അഥവാ, പുത്രൻ എന്ന പദവിയിലാണ് ജഡത്തിൽ വെളിപ്പെട്ടത്. (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14-15). താൻ ജഡത്തിൽ ആയിരുന്നപ്പോൾ ഒരു പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. (യോഹ, 1:1). മനുഷ്യൻ്റേതായ എല്ലാം താൻ അനുഭവിച്ചു. വിശപ്പും, ദാഹവും, കഷ്ടതയും, വേദനയും, നിലവിളിയും, കണ്ണുനീരും എല്ലാമുണ്ടായിരുന്നു. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ യേശു.” (എബ്രാ, 4:15). താൻ ദൈവപ്രവൃത്തികൾ ചെയ്തത് സ്നാനസമയത്ത് തന്നിൽ ആവസിച്ച പരിശുദ്ധാത്മാവിലാണ്. (മത്താ, 3:16; 12:28), താൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റതും ദൈവാത്മാവിലാണ്. (റോമ, 1:5; 8:11). യേശു പിതാവിനോട് പ്രാർത്ഥിച്ചതും, കഷ്ടമനുഭവിച്ചതും, കഷ്ടതയിൽ ‘എൻ്റെ ദൈവമേ എന്നെ കൈവിട്ടതെന്തു’ എന്നു നിലവിളിച്ചതും മനുഷ്യനായതു കൊണ്ടാണ്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ ജഡത്തിൽ വന്ന പുത്രൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ അവൻ്റെ കഷ്ടവും മരണവും വെറും പൊറോട്ടുനാടകമായി മാറും. യേശു ജഡത്തിൽ ഒരു പരിശുദ്ധ മനുഷ്യനായിരുന്നു. ഒരു മനുഷ്യൻ എത്രയധികം വിശുദ്ധനായിരിക്കുന്നുവോ അത്രയധികം ദൈവത്തോട് പ്രാർത്ഥനയിൽ മുഴുകിയിരിക്കും. ദൈവമക്കൾക്കെല്ലാം മാതൃകയും യേശുവാണ്. “നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു:” (1പത്രൊ, 2:21). പാപമറിയത്തവൻ ആയതുകൊണ്ട് ദൈവാത്മാവ് യേശുവിൽ ശക്തിയോടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, മരണസമയത് ദൈവത്തിൻ്റെ ആത്മാവ് യേശുവിനെ വിട്ടുമാറി. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, ദൈവാത്മാവ് യേശുവിൻ്റെ ശരീരത്തിലുണ്ടെങ്കിൽ മരണം സാദ്ധ്യമല്ല. ”ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചതിനു കാരണമതാണ്. എങ്കിലും, ഉയിർത്തെഴുന്നേല്പിൽ ദൈവത്തിൻ്റെ ആത്മശക്തി അവനിൽ വ്യാപരിച്ചു: “അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും:” (എഫെ, 1:20). ആകയാൽ, യേശു മനുഷ്യനായതുകൊണ്ടാണ് കഷ്ടവും, വേദനയും, നിലവിളിയും, കണ്ണുനീരും, മരണവും ഉണ്ടായത്.

ദൈവിക ത്രിത്വം ഒരു മർമ്മമാണെന്നും, അതു വിശ്വാസത്താൽ അംഗീകരിക്കേണ്ടതാണെന്നും പഠിപ്പിക്കുന്ന പണ്ഡിതന്മാരാണ് നമുക്കുള്ളത്. ദൈവത്തിൻ്റെ പ്രകൃതിയല്ല; അസ്തിത്വം അഥവാ, ഉണ്മയാണ് വിശ്വാസത്താൽ അംഗീകരിക്കേണ്ടത്. ദൈവത്തിൻ്റെ അസ്തിത്വമെന്നാൽ, ദൈവം ഉണ്ടെന്നുള്ള അവസ്ഥയണ്. ഉല്പത്തി പുസ്തകം ആരംഭിക്കുന്നത്; “പണ്ടുപണ്ട് ഒരു ദൈവം ഉണ്ടായിരുന്നു” എന്ന കിഴവിക്കഥയോടെയല്ല; പ്രത്യുത, “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നു പ്രസ്താവനയോടെയാണ്. അതായത്; ദൈവത്തിൻ്റെ അസ്തിത്വം ഉറപ്പിച്ചുകൊണ്ടാണ് ഉല്പത്തിവിവരം ആരംഭിക്കുന്നത്. ഒന്നുകൂടി പറഞ്ഞാൽ; ദൃശ്യവും അദൃശ്യവുമായ സകലത്തിൻ്റെയും സൃഷ്ടാവും, സകലർക്കും ജീവനും ശ്വാസവും നല്കുന്നവനും, സകലത്തെയും പരിപാലിക്കുന്നവനുമായ അനാദ്യന്തനായ ജീവനുള്ള ദൈവത്തിൻ്റെ അസ്തിത്വം ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്. എബ്രായലേഖകൻ പറയുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ‘ദൈവം ഉണ്ടു’ എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ:” (എബ്രാ, 11:6). അപ്പോൾ, ദൈവത്തിൻ്റെ അസ്തിത്വം അഥവാ, ‘ദൈവം ഉണ്ടു’ എന്നാണ് വിശ്വാസത്താൽ അംഗീകരിക്കേണ്ടത്. അല്ലാതെ, ദൈവത്തിൻ്റെ പ്രകൃതി അഥവാ, ദൈവം ഏകനാണോ, ദ്വൈതമാണോ, ത്രിത്വമാണോ അതോ, മുപ്പത്തിമുക്കോടിയാണോ എന്നൊന്നുമല്ല. അതു ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്, അതുനോക്കി പഠിക്കണം. 125-ലേറെ പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിൾ അടിവരയിട്ടു പറഞ്ഞിട്ടും, ക്രൈസ്തവ സഭയിലെ മേലാളന്മാർ പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ ത്രിത്വമാണ്. രണ്ടോമൂന്നോ സാക്ഷികളുടെ വാമൊഴിയാൽ ന്യായപ്രമാണം മരണശിക്ഷ കല്പിച്ചിരുന്നു: (സംഖ്യാ, 35:30; എബ്രാ, 10:28). അതു സത്യസാക്ഷിതന്നെ വേണമെന്ന് നിർബന്ധമില്ല; വ്യാജനായാലും മതി. എന്നാൽ, സത്യത്തിൻ്റെ ആത്മാവായ ദൈവാത്മാവ് ‘ദൈവം ഏകനാണെന്നു’ 125-ലേറെ പ്രാവശ്യം എഴുതിവെച്ചിട്ടും വിശ്വസിക്കാത്തവർ എങ്ങനെയാണ് ദൈവമക്കൾ ആകുന്നത്??? പരിശുദ്ധാത്മാവിനോട് മറുതലിക്കുന്നവർക്ക് ശിക്ഷകിട്ടില്ലേ??? “മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മർക്കൊ, 3:28-29). യേശു ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കിയതിനെ ദുരാത്മാവിൽ (ബെയെത്സെബൂൽ) ആരോപിച്ചവരോടാണ് (മർക്കൊ, 3:22) യേശുവതു പറഞ്ഞത്. അങ്ങനെയെങ്കിൽ, ദൈവാത്മാവ് ‘ദൈവം ഏകൻ’ എന്നു നൂറിലേറെ വാക്യങ്ങളിൽ എഴുതിവെച്ചിട്ടും, ദൈവാത്മാവിനെ അതിലംഘിച്ചുകൊണ്ട് ‘ദൈവം ത്രിത്വം’ ആണെന്നു പഠിപ്പിച്ചാൽ, ദൈവം ശിക്ഷിക്കാതെ വിടുമെന്നാണോ???

നാം ഓരോരുത്തരും ദൈവത്തിൻ്റെ മക്കളാണെന്നും, ദൈവം നമ്മുടെ അപ്പനാനാണെന്നും ഓർത്ത് ചാരിതാർത്ഥ്യം കൊള്ളുന്നവരാണ്. ലോകമനുഷ്യനു ഏറ്റവും അപമാനകരമായ കാര്യമെന്താണെന്ന് അറിയാമോ? സ്വന്തം അപ്പനെ ചൂണ്ടിക്കാണിക്കാൻ കഴിയാതിരിക്കുക. അപ്പൻ ആരാണെന്ന് അറിയാതിരിക്കുക. അപ്പൻ്റെ പേരു ചോദിച്ചാൽ തലകുനിച്ചു നില്ക്കേണ്ടിവരിക തുടങ്ങിയവയാണ്. ലോകത്തിൽ ഏറ്റവും മോശപ്പെട്ട ചില ചോദ്യങ്ങളുമുണ്ട്: ‘നിൻ്റെ അപ്പൻ ആരാണെന്ന് അറിയാമോടാ?, നിനക്കെത്ര അപ്പനുണ്ടെടാ?’ ഒട്ടനവധി കുറ്റകൃത്യങ്ങൾക്കും, കുലപാതകങ്ങൾക്കും അധാരമായിരിക്കുന്ന ചോദ്യമാണിത്. എന്നാൽ, ആത്മീയ ഗോളത്തിൽ നമുക്കുനേരെ ഈ ചോദ്യം വന്നാൽ എന്തു ചെയ്യും? നിങ്ങളുടെ അപ്പനാരാണെന്നു ചോദിച്ചാൽ ആരുടെ പേരു പറയും??? എത്ര അപ്പനുണ്ടെന്ന് ചോദിച്ചാൽ, ഒന്നെന്നു പറയുമോ മൂന്നെന്നു പറയുമോ??? 2,000 വർഷം പാരമ്പര്യമുള്ള സഭയാണ്. ഇപ്പോഴും അപ്പനാരാണെന്നോ എത്രയുണ്ടന്നോ ക്ലിപ്തമായി പറയാൻ നിർവ്വാഹമില്ല. ‘ഒറ്റത്തന്തയ്ക്ക് പിറക്കണമെന്നു’ ഒരു നാടൻ ചൊല്ലുണ്ട്. ആരാണ് നമ്മെ ജനിപ്പിച്ചിരിക്കുന്നത് അവനാണ് നമ്മുടെ അപ്പൻ. അവനോടു കൂട്ടുചേർക്കാൻ മറ്റൊരപ്പനില്ല. എന്നാൽ, ത്രിത്വന്മാർ ആരുടെ പേരു പറയും??? നമുക്ക് രക്ഷയൊരുക്കിയത് പിതാവായ ദൈവം; കാൽവരി ക്രൂശിൽ രക്ഷ നിവൃത്തിച്ചത് അഥവാ, രക്ഷയ്ക്ക് വില കൊടുത്തത് പുത്രനായ ക്രിസ്തു; രക്ഷ നമുക്കു ലഭ്യമാക്കിയത് അഥവാ, നമ്മെ വീണ്ടും ജനിപ്പിച്ചത് പരിശുദ്ധാത്മാവ്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യത്യസ്ത വ്യക്തികളാണെന്നു പഠപ്പിക്കുന്നവർ, ഇതിലാരുടെ പേർ പറയും. ദൈവം മൂന്നു വ്യക്തികളാണെന്നു പറയുന്നവർക്ക് ഒരാളുടെ പേർ പറയാനും കഴിയില്ല; മൂന്നു പേരുടേയും പേർ അറിയത്തുമില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പ്രയോഗം പുതിയനിയമത്തിലാണുള്ളത്. അതിൽ പുത്രനു മാത്രമേ ‘യേശുക്രിസ്തു’ എന്നു പേർ പറഞ്ഞിട്ടുള്ളു. ദൈവം ഏകനാണ് അഥവാ, ഏകവ്യക്തിത്വത്തിന് ഉടമയായാണെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ, യേശുക്രിസ്തു എൻ്റെ അപ്പനാണെന്ന് ധൈര്യത്തോടെ പറയാൻ കഴിയൂ. അല്ലാത്തവർ, ഞങ്ങൾക്ക് മൂന്ന് അപ്പന്മാരുണ്ട്; അതിലൊരാളുടെ പേർ മാത്രമേ ഞങ്ങൾക്കറിയു; ബാക്കി രണ്ടുപേർക്ക് പേരില്ലന്നോ, പേരിട്ടിട്ടില്ലെന്നോ പറയേണ്ടിവരും. എന്തൊരു ലജ്ജാകരമാണിത്. സ്വർഗ്ഗത്തിലായാലും ഭൂമിയിലായാലും ജന്മം നല്കാൻ ഒരപ്പൻ മതി.

അപ്പൻ്റെ പ്രകൃതി അറിയാത്ത മകളുണ്ടോ? അറിയില്ലെങ്കിൽ അറിഞ്ഞുവെച്ചോണം. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ (അപ്പൻ്റെ) സാക്ഷാൽ പ്രകൃതി ഗ്രഹിക്കുമ്പോൾത്തന്നെ ത്രിത്വോപദേശം ചില്ലുകൊട്ടാരം പോലെയല്ല, ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതു കാണാം. ദൈവം സമനിത്യരായ മൂന്നു വ്യക്തികൾ എന്നാണല്ലോ ത്രിത്വകുതുകികൾ പറയുന്നത്. ഒന്നാമൻ; സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന പിതാവ്: (യെശ, 1:5; യെഹെ, 1:3-28; വെളി, 4:8). രണ്ടാമൻ: ജഡത്തിൽ വെളിപ്പെട്ട പുത്രൻ: (യോഹ, 1:18; 1തിമൊ, 3:16). മൂന്നാമൻ: എന്നേക്കും നമ്മോടു കൂടെയിരിക്കുന്ന പരിശുദ്ധാത്മാവ്: (യോഹ, 14:16). ഇതാണല്ലോ മൂന്നു വ്യക്തികൾ. എന്നാൽ ഇതുവല്ലതുമാണോ ദൈവത്തിൻ്റെ യഥാർത്ഥ പ്രകൃതി. ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം ബൈബിളിലുണ്ട്: “ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു:” (യിരെ, 23:23,24. ഒ.നോ: 2രാജാ, 8:27; 2ദിന, 6:18; സങ്കീ, 139:7-10; യെശ, 66:1; യോഹ, 1:18; 1തിമൊ, 1:17; 6:15-16; 1യോഹ, 4:12). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവനുമാണ് ദൈവം: (1തിമൊ, 1:17; 6:15,16). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” (യോഹ, 1:18; 1യോഹ, 4:12) “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു:” (പ്രവൃ, 17:28). ദൈവത്തിൻ്റെ ഉള്ളിലാണ് നാം വസിക്കുന്നത്. തന്മൂലം, ദൈവത്തിൻ്റെ കൈവേലയിലൂടെയും സാമീപ്യത്തിലടെയും അവനെ അനുഭവിക്കാനും അറിയാനും കഴിയുമെന്നല്ലാതെ, ആർക്കും കാണാൻ കഴിയില്ല. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു:” (സങ്കീ, 19:1. ഒ.നോ: റോമ, 1:19,20). ദൈവത്തെ തപ്പിനോക്കിയാൽ കണ്ടെത്താൻ കഴിയില്ല; എന്നാൽ, അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവൻ അല്ലതാനും: (പ്രവൃ, 17:27).

സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ഈ ദൈവം ഒരു വ്യക്തി തന്നെയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. ത്രിത്വവിശ്വാസപ്രകാരം മൂന്നൂ വ്യക്തികളാണുള്ളത്; സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന പിതാവെന്ന വ്യക്തി. ജഡത്തിൽ വെളിപ്പെട്ട പുത്രനെന്ന ഒരു വ്യക്തി. നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവെന്ന വ്യക്തി. ഇപ്പോൾ, ആകെയെത്ര വ്യക്തികളായി??? നാലു വ്യക്തികൾ. ദൈവം ഏകനാണെന്ന് ബൈബിൾ ആവർത്തിച്ചു പറഞ്ഞിട്ടും, അല്ല; ത്രിത്വമാണെന്ന് പഠിപ്പിച്ചവർ ഇത്രവലിയ പണി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പറയുന്നെങ്കിൽ ദൈവം നാല് വ്യക്തികളാണന്നേ ഇനി പറയാൻ കഴിയൂ. അല്ലെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്നു വ്യക്തികളിൽ ആരാണ് സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന വ്യക്തി അഥവാ, ദൈവം എന്നു പറഞ്ഞാലും മതി. ഒരുപക്ഷെ, ത്രിത്വക്കാർ പറയുമായിരിക്കും: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം പിതാവാണെന്ന്. പിതാവാണെന്നു എങ്ങനെ പറയും പ്രിയരെ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ ആർക്കും കാണാൻ കഴിയില്ലെന്നു മുകളിൽ നാം ചിന്തിച്ചതാണ്. തിമൊഥെയൊസിൽ അതു കൃത്യമായി പറഞ്ഞിട്ടുണ്ട്: അക്ഷയനും അദൃശ്യനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ്. (1തിമൊ, 1:17; 6:16). ദൈവത്തെ ‘ആരും ഒരുനാളും കണ്ടിട്ടില്ല’ (യോഹ, 1:18; 1യോഹ, 4:12) എന്നും പറയുന്നു. എന്നാൽ, സ്വർഗ്ഗസിംഹാനത്തിൽ ഉപവിഷ്ടനായിരിക്കുന്ന പിതാവിനെ പലരും കണ്ടിട്ടുണ്ട്: മീഖായാവ് പറയുന്നു; “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു:” (2ദിന, 18:18). യെശയ്യാവ് പറയുന്നു; “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.” (യെശ, 6:1). യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷത യേഹെസ്കേൽ ദർശിക്കുകയുണ്ടായി. (1’28). സ്തെഫാനോസും തൻ്റെ മരണസമയത് ദൈവത്തെ കാണുകയുണ്ടായി. (പ്രവൃ, 7:55-56). യോഹന്നാൻ അപ്പൊസ്തലനും സിംഹാസനത്തിൽ ഇരിക്കുന്നവനെ ദർശിച്ചതാണ്: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). യേശുക്രിസ്തു പിതാവിനെക്കുറിച്ച് വളരെ കൃത്യമായി പറയുന്നുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യേശു പറയുന്നത്; ‘പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു’ എന്നാണ്. യെശയ്യാവും യോഹന്നാനും കാണുന്നത് ആറാറു ചിറകുകളുള്ള സാറാഫുകളുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്. വെളിപ്പാടിൽ ജീവികൾ ദൈവത്തെ രാപ്പകൽ ആരാധിക്കുന്നതായും കാണുന്നു. അവിടെ രാപ്പകൽ എന്നു പറഞ്ഞിരിക്കുന്നത് നിരന്തരം എന്ന അർത്ഥത്തിലാണ്. അപ്പോൾ, ആകാശവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന അദൃശ്യനായ ദൈവം പിതാവല്ലെന്നു വ്യക്തം. ജഡത്തിൽ വെളിപ്പെട്ട പുത്രനെയും അനേകായിരങ്ങൾ കണ്ടതാണ്. ഉയിർത്തെഴുന്നേറ്റ യേശുവിനെയും അഞ്ചൂറിൽ അധികംപേർ കണ്ടതാണ്. ഇനിയുള്ളത്, പരിശുദ്ധാത്മാണ്. പിതാവിൽനിന്നും പുത്രനിൽ നിന്നും പുറപ്പെട്ടുവന്നതും, നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ടു സകലസത്യത്തിലും വഴിനടത്താൻ നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവാണ് സർവ്വപ്രപഞ്ചവും നിറഞ്ഞുനിൽക്കുന്ന ദൈവമെന്നും പറയാൻ കഴിയില്ല. കാരണം, ആത്മാവിനെ അയക്കും; ആത്മാവ് വന്നിട്ടില്ലായിരുന്നു; ആത്മാവ് വരും; ആത്മാവ് വന്നു; ആത്മാവ് പോയി എന്നിത്യാദി പ്രയോഗങ്ങൾ സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്കു യോജിച്ചതല്ല. ത്രിത്വകുതുകികൾക്ക് ഇനി രണ്ട് ഓപ്ഷനാണുളത്: ഒന്ന്; സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവവ്യക്തിയേയും ചേർത്ത് ദൈവം നാലു വ്യക്തികളാണെന്ന് സമ്മതിക്കുകയും, ഇനിമുതൽ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുക. രണ്ട്; സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്ന ഏകസത്യദൈവം മാത്രമേയുള്ളു എന്നു വിശ്വസിക്കുക. ആ ദൈവം തന്നെയാണ് പിതാവെന്ന പദവിയിൽ ദൂതന്മാരുടെ മദ്ധ്യേ സ്വർഗ്ഗസിംഹാനത്തിൽ ഉപവിഷ്ടനായിരിക്കുന്നതും, ആ ദൈവം തന്നെയാണ് പുത്രൻ എന്ന അഭിധാനത്തിൽ കന്യകയുടെ ഉദരത്തിലൂടെ ജഡത്തിൽ വെളിപ്പെട്ട് നമ്മുടെ പാപം വഹിച്ചുകൊണ്ട് മരിച്ചതും, ആ ദൈവം തന്നെയാണ് പരിശുദ്ധാത്മാവ് എന്ന സ്ഥാനപ്പേരിൽ നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മുടെ ഉള്ളിൽ വസിക്കുന്നതും.

രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ത്രിത്വം എന്താണെന്നു നിർവ്വചിക്കാൻ കഴിയാതെ, ഒരു മർമ്മമാണെന്നു പറയേണ്ടി വരുന്നത് ബൈബിൾ വിശ്വസിക്കാൻ കഴിയാഞ്ഞിട്ടാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകനാകുന്നത് എങ്ങനെയാണെന്ന് മനസ്സിലായില്ലെങ്കിലും, നൂറിലേറെ വാക്യങ്ങളിലായി ദൈവം ഏകനാണെന്ന് ബൈബിൾ പറയുന്നത് ഒരു ഭോഷനെപ്പോലെ വിശ്വസിക്കണമായിരുന്നു. ഇല്ലാത്ത ത്രിത്വം വ്യർത്ഥമായി വിശ്വസിക്കുകയും വിശ്വസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ട്, ഇനിയിപ്പോൾ മാറ്റിപ്പറയാൻ ബുദ്ധിമുട്ടുണ്ടാകും. ഒരു ബുദ്ധിമുട്ടും വിചാരിക്കണ്ട; താഴ്ത്തേണ്ടത് ദൈവസന്നിധിയിലാണ്. ദൈവസന്നിധിയിൽ താഴ്ത്തിയാൽ അവൻ്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ജയിക്കും. മനുഷ്യരുടെ മുമ്പിൽ ജയിക്കാൻവേണ്ടി ദൈവവചനത്തോട് മത്സരിച്ചാൽ അവൻ്റെ സന്നിധിയിൽനിന്ന് എന്നേക്കുമായി പുറന്തള്ളപ്പെട്ട് ലജ്ജിതരാകേണ്ടിവരും. നമ്മൾ ചിന്തിച്ചത് ‘പുത്രൻ പിതാനു സാമ്യനോ സമനോ? അതോ പിതാവ് തന്നെയോ?’ എന്നാണ്. സാമ്യനുമല്ല സമനുമല്ല; പിതാവ് തന്നെയാണ് പുത്രൻ. നിത്യനും, സർവ്വജ്ഞാനിയും, സർവ്വവ്യാപിയും, സർവ്വശക്തനുമായ ഏകദൈവമേ നമുക്കുള്ളു. ആ ദൈവം തന്നെയാണ് പിതാവ്; പിതാവ് തന്നെയാണ് പുത്രൻ; പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവ് തന്നെയാണ് എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായ ഒരുവൻ: (എഫെസ്യർ 4:6).

Leave a Reply

Your email address will not be published. Required fields are marked *