കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു

കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു 

“കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11) 

ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ വസ്തുതയെന്താണ്? അവൻ ദൈവവും നിത്യപുത്രനുമൊന്നുമല്ല; ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. കന്യകയായ മറിയയിൽ ഉരുവാകുന്നതിന് മുമ്പെ യേശുവെന്നു പേരുള്ളൊരു പാപമറിയാത്ത മനുഷ്യനില്ല. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ക്രിസ്തു ദൈവത്തിനില്ല. സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു ദൈവപിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്നു പേരുള്ള പാപമറിയാത്ത ഒരു ദൈവപുത്രനുമില്ല. അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രൻ ജനിക്കുന്നത്, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല: യോർദ്ദാനിൽവെച്ചാണ്. മറിയ അവനെ പ്രസവിക്കുന്നതിന് ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രമാണ് “യേശു” എന്ന പേർപോലും ദൈവം വെളിപ്പെടുത്തുന്നത്. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാകും

വിശദമായി: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിലുള്ള പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2കൊരി, 5:21). വിശേഷാൽ മറിയ പ്രസവിച്ച വിശുദ്ധപ്രജ അവളുടെ ആദ്യജാതനായിരുന്നു: (ലൂക്കൊ, 1:35; 2:7). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). യേശു മറിയയുടെ ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാകും? 

അപ്പോൾ ഒരു ചോദ്യംവരും: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” എന്ന യേശുവിൻ്റെ ജനനത്തിലെ ദൂതൻ്റെ വാക്കുകളുടെ അർത്ഥമെന്താണ്? (ലൂക്കോ, 2:11). അത് യഥാർത്ഥത്തിൽ ഒരു പ്രവചനവും യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. അടുത്തത്, മറിയ എലീശബെത്തിനെ സന്ദർശിച്ചപ്പോൾ അവൾ പറഞ്ഞത്: “എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.” (ലൂക്കോ, 1:43). യേശു കർത്താവും ക്രിസ്തുവുമായത് ജനനത്തിലല്ല; പില്ക്കാലത്താണ്. അതിനാൽ രണ്ടും പ്രവചനമാണ്. വർത്തമാനകാലത്തിൽ പറഞ്ഞിരിക്കയാൽ, രണ്ടും പ്രവചനമല്ല; അവൻ ജനനത്തിൽത്തന്നെ കർത്താവും ക്രിസ്തുവുമായിരുന്നു എന്ന് കരുതുന്നവരുണ്ട്.  അവർക്കായി ചില തെളിവുകൾ തരാം: 

ഒന്നാമത്തെ തെളിവ്: യേശു ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ് യഥാർത്ഥത്തിൽ അഭിഷേകകർമ്മം യോർദ്ദാനിൽവെച്ച് നടക്കുന്നത്: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ 3:21-22. ഒ.നോ: ലൂക്കൊ, 4:18,19). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27). അതായത്, ഒരാൾ അഭിഷിക്തൻ അഥവാ ക്രിസ്തു ആകുന്നത് ദൈവത്താൽ അഭിഷേകം പ്രാപിച്ചുകഴിയുമ്പോഴാണ്. അതിനാൽ, യേശുവെന്ന ക്രിസ്തു യഥാർത്ഥത്തിൽ ജനിച്ചത് തൻ്റെ ജനനത്തിലല്ല, യോർദ്ദാനിലെ സ്നാനത്തിലാണെന്ന് വ്യക്തമാണല്ലോ? അതുകൊണ്ട്, ദൂതൻ്റെ ഭാഷണം യഥാർത്ഥത്തിൽ ഒരു പ്രവചനമാണെന്ന് മനസ്സിലാക്കാമല്ലോ? ഒപ്പം, രക്ഷിതാവിൻ്റെ ജനനത്തെക്കുറിച്ച് ദൂതന്മാർക്കുള്ള സദ്വാർത്തയുമായിരുന്നു. 

രണ്ടാമത്തെ ശക്തമായൊരു തെളിവ്: യേശുവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിലും അതൊരു പ്രവചനമാണെന്നു മനസ്സിലാക്കാം. യേശു യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് പരീക്ഷ തികച്ചശേഷം പിന്നെ വായിക്കുന്നത്; “ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു” (ലൂക്കൊ, 4:14) “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കൊ, 4:16). ഇവിടെ ”പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു” എന്നാണ് കാണുന്നത്. അതായത്, യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നതെന്ന് വ്യക്തമാകുന്നു. പള്ളിയിൽവെച്ച് ക്രിസ്തുവിൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യെശയ്യാപ്രവചനത്തിലെ വേദഭാഗം ഉദ്ധരിച്ചശേഷം (യെശ, 61:1,2–ലൂക്കൊ, 4:18,19) താൻപറയുന്ന ഒരു പ്രത്യേകകാര്യമുണ്ട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” താൻ ജനിച്ചിട്ട് മുപ്പതുവർഷംകഴിഞ്ഞു; അപ്പോഴാണ് പ്രവചനത്തിനു നിവൃത്തിവന്നതെങ്കിൽ, ദൂതൻ്റേത് ഒരു പ്രവചനമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. 

മൂന്നാമത്തെ തെളിവ്: യേശുക്രിസ്തുവിനെ കൂടാതെ അനേകം ക്രിസ്തുക്കൾ അഥവാ മശീഹമാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ പുരോഹിതന്മാരും പ്രവാചകന്മാരും രാജാക്കന്മാരും ക്രിസ്തുക്കളാണ്. അവരാരും ജനിക്കുമ്പോൾത്തന്നെ ക്രിസ്തു അഥവാ അഭിഷേക്തർ ആയിരുന്നില്ല. എന്നാൽ, യോഹന്നാൻ സ്നാപകൻ ഗർഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ്. യോഹന്നാൻ്റെ ജനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ പ്രവചനം കാണുക: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് കന്യകയായ മറിയ സെഖര്യാ പ്രവാചകൻ്റെ വീട്ടിൽച്ചെന്ന് എലീശബെത്തിനെ വന്ദിച്ചപ്പോൾ, അവൾ പരിശുദ്ധാത്മാവ് നിറഞ്ഞവളാകുകയും അവളുടെ വയറ്റിൽ കിടന്നിരുന്ന യോഹന്നാൽ ആനന്ദംകൊണ്ടു തുള്ളിയതായി പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:40-44). അപ്പോഴാണ്, യോഹന്നാൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടത്. അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത ഒരേയൊരു പ്രവാചകൻ യോഹന്നാൻ സ്നാപകനാണ്: (ഒ.നോ: പ്രവൃ, 10:38). അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല” എന്ന് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 7:28). അവൻ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനാണ്: (ലൂക്കൊ, 16:16). എന്നാൽ, യേശു അമ്മയുടെ വയറ്റിൽവെച്ചല്ല, മൂപ്പതാമത്തെ വയസ്സിൽ യോർദ്ദാനിൽ വെച്ചാണ് അഭിഷിക്തൻ അഥവാ ക്രിസ്തുവായതെന്ന് വളരെ സ്പഷ്ടമായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (ലൂക്കൊ, 3:22; പ്രവൃ, 10:38). [കാണുക: മശീഹമാർ]

നാലാമത്തെ തെളിവ്: യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ്റെ വാക്കുകൾ മിക്കതും പ്രവചനങ്ങളാണ്: “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശുവിൻ്റെ ജനനത്തിൽ ആരും രക്ഷപ്രാപിച്ചില്ല; അവൻ്റെ മരണപുനരുത്ഥാനമാണ് മനുഷ്യന് രക്ഷ നല്കിയത്: (എബ്രാ, 2:14,15). അതിനാൽ, അതൊരു പ്രവചനമാണ്. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). ഈ വാക്യത്തിലുള്ള മൂന്ന് കാര്യങ്ങളും പ്രവചനമാണ്. “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). ഇതും പ്രവചനമാണെന്ന് വ്യക്തമാണ്. “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). ഇതുമൊരു പ്രവചനമാണ്. ഇനി, നാം ചിന്തിച്ചുവരുന്ന വാക്യത്തിൻ്റെ മുകളിലെ വാക്യം നോക്കാം: “ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കോ, 2:10). യേശുവിൻ്റെ ജനനം കഴിഞ്ഞശേഷമാണ് ദൂതൻ ഇത് പറയുന്നത്. യേശുവിൻ്റെ ജനനത്തിലാണ് അവൻ സകല മനുഷ്യരുടെയും രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയതെങ്കിൽ, “സർവ്വജനത്തിന്നും ഉണ്ടായ മഹാസന്തോഷം” എന്നു വർത്തമാനകാലത്തിൽ പറയാതെ, “ഉണ്ടാവാനുള്ളോരു മഹാസന്തോഷം” എന്ന് ഭാവികാലത്തിൽ പറഞ്ഞതെന്തിനാണ്? ഇതു പറഞ്ഞശേഷമാണ്, “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” എന് പറഞ്ഞത്: (ലൂക്കോ, 2:11). അതിനാൽ അതൊരു പ്രവചനമാണെന്ന് ഏറ്റവും വ്യക്തമാണ്.

അഞ്ചാമത്തെ തെളിവ്: യോർദ്ദാനിലെ സ്നാനത്തിൽ വെച്ചാണ് അവൻ ക്രിസ്തു ആയതെങ്കിലും, അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, സ്നാനത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: യോഹ,4:42: 13:23; പ്രവൃ, 5:31; എഫെ, 5:23; ഫലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 3:7; 2പത്രൊ, 1:1; 1:11; 2പത്രൊ, 2:20; 3:2; 3:18; 1യോഹ, 4:14). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ ഐഹികജീവിതത്തിൽ അനുഭവിച്ച കഷ്ടങ്ങളും ക്രൂശുമരണവുമാണ് അവൻ നമ്മുടെ കർത്താവും രക്ഷിതാവുമായിത്തീരാൻ കാരണം: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:7-9). നമ്മുടെ പാപം മൂലം ക്രൂശിൽ മരിക്കേണ്ടിവന്ന യേശുവെന്ന മനുഷ്യനെയാണ് ദൈവം നമ്മുടെ രക്ഷിതാവാക്കിയത്: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:30). ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനു കാരണമായത്; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചത്: “അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.” (റോമർ 5:18,19. ഒ.നോ: 5:10,11). അതിനാൽ, അവൻ നമ്മുടെ കർത്താവും രക്ഷിതാവുമായത് ജനത്തിലോ, സ്നാനത്തിലോ അല്ല, ക്രൂശിലെ ശുശ്രൂഷയിലാണെന്ന് വ്യക്തമാകുന്നു. 

ആറാമത്തെ തെളിവ്: പ്രവചനങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ബൈബിളിലെ പ്രവചനങ്ങൾ ത്രികാലസ്വഭാവമുള്ളതാണെന്ന് കാണാൻ കഴിയും. മൂന്നു കാലങ്ങളിലും പ്രവചനങ്ങൾ കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനം. ഭൂതകാലം: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.” (യൂദാ, 1:15). “കർത്താവ് വന്നിരിക്കുന്നു” എന്നാണ് പറയുന്നത്. യൂദാ പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, കർത്താവിൻ്റെ പുനരാഗമനം കഴിഞ്ഞിട്ട് രണ്ടായിരം വർഷമായി. എന്നാലങ്ങനെയല്ല, ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നതെങ്കിലും അത് ഭാവിയിൽ നിവൃത്തിയാകാനുള്ള പ്രവചനമാണെന്ന് വ്യക്തമാണല്ലോ. വർത്തമാനകാലം: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഇവിടെ “വരുന്നു” എന്ന് വർത്തമാനകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. രണ്ടായിരം വർഷമായിട്ട് ഇതുവരെയും വന്നിട്ടില്ല; എങ്കിലും അത് ഭാവിയിൽ സംഭവിപ്പാനുള്ള പ്രവചനമാണെന്ന് ഏവർക്കുമറിയാം. ഭാവികാലം: “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” (എബ്രാ, 10:37). ഇവിടെ മാത്രമാണ് യഥാർത്ഥത്തിൽ വരുമെന്ന് ഭാവികാലത്തിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ, മുകളിലുള്ളത് രണ്ടും പ്രവചനമല്ലെന്ന് ആരെങ്കിലും പറയുമോ? അതിനാൽ, യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിക്കുന്നത് യോർദ്ദാനിലിലാണ്. അഥവാ ക്രിസ്തുവിനെ കുറിച്ചുള്ളതും ദൈവപുത്രനെക്കുറിച്ചുള്ളതുമായ പ്രവചനം നിവൃത്തിയായത് യേശുവിൻ്റെ ജനനത്തിലല്ല; യോർദ്ദാനിലാണ്. എന്നാൽ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ നമ്മുടെ കർത്താവും രക്ഷിതാവും ആയിത്തീർന്നത് ജനനത്തിലും യോർദ്ദാനിലുമല്ല; മാനവകുലത്തിൻ്റെ പാപങ്ങളെ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് ഉയിർത്തശേഷമാണെന്നു ഏറ്റവും വ്യക്തമാണ്: (1പത്രൊ, 2:24; പ്രവൃ, 2:36). 

ക്രിസ്തുവെന്ന പൂർണ്ണമനുഷ്യൻ: നമ്മുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചുയിർത്ത് നമുക്കു രക്ഷയൊരുക്കിയതും നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായതും ദൈവമല്ല; പാപമറിയാത്ത ഒരു പൂർണ്ണമനുഷ്യനാണ്. ദൈവപുത്രനായ യേശുവിന് ഏതൊരു മനുഷ്യനെപ്പോലെയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ,26:38) ആത്മാവും (മനുഷ്യാത്മാവ്) ഉണ്ടായിരുന്നു: (ലൂക്കൊ, 23:46). ദൈവപുത്രൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും താൻതന്നെയും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. ക്രിസ്തുവിൻ്റെ സാക്ഷ്യം: താൻ ദൈവമല്ല: “ഏകദൈവം (The only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണ് (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവം  (യോഹ, 17:3), അവനെമാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നത് (മത്താ,24:36) ലൂക്കൊ, 4:8) പിതാവ്, എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണ് (യോഹ, 10:29). തനിക്കൊരു ദൈവമുണ്ട്: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). താൻ മനുഷ്യനാണ്: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). എന്നിങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന മനുഷ്യനായ ക്രിസ്തു സാക്ഷ്യം പറഞ്ഞിരിക്കുന്നു. [കാണുക: (ലൂക്കൊ, 2:52). [മനുഷ്യനായ ക്രിസ്തുയേശു]

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ക്രിസ്തു ദൈവമല്ല: “പിതാവായ ഏകദൈവമേ നമുക്കുള്ളു” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; 17:3; എഫെ, 4:6എബ്രാ, 2:11), ക്രിസ്തു മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8), ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും ഉയിർത്തതും മനുഷ്യനാണ്: (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 1തിമൊ, 2:6; യോഹ, 20:17), ക്രിസ്തുവിനൊരു ദൈവമുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 11:31; യോഹ, 20:17; എഫെ, 1:3; 1:17) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു. 

ജനിച്ചതും വളർന്നതും ജീവിച്ചതും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33) ക്രൂശിൽ മരിച്ചതും മനുഷ്യനാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ക്രിസ്തുവിന് എല്ലാ മനുഷ്യനെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38; ലൂക്കൊ, 23:46) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്നു. അവൻ മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് ദൈവാത്മാവിനാലാണ്: (എബ്രാ, 9:14). മൂന്നാംനാൾ ക്രിസ്തുവിനെ ഉയിർപ്പിച്ചതും ദൈവാത്മാവാണ്: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമ, 8:11). ഉയിർപ്പിച്ചത് ദൈവമാണെന്നും പറഞ്ഞിരിക്കുന്നു: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24. ഒ.നോ:  2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 11; 1തെസ്സ, 1:19). മനുഷ്യൻ്റെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച യേശുവെന പാപമറിയാത്ത മനുഷ്യനെ ദൈവം ഉയിർപ്പിച്ച് മനുഷ്യൻ്റെ രക്ഷിതായ കർത്താവും ക്രിസ്തുവുമാക്കി: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11; 1പത്രൊ, 2:24). പാപത്തിൽ മരിച്ചവരായിരുന്ന മനുഷ്യർക്ക് പുനരുത്ഥാനജീവൻ ലഭിച്ചത് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ മരണം മൂലമാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ദൈവപുത്രൻ ദൈവല്ലെന്നും മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും താൻതന്നെയും അപ്പൊസ്തലന്മാരും ആവർത്തിച്ചു സാക്ഷ്യംപറയുമ്പോൾ അവൻ ദൈവമാണെന്നും, വംശാവലിയോടെ ജനിച്ചതും ജീവിച്ചതും ക്രൂശിൽ മരിച്ചതും ദൈവമാണെന്ന് പറഞ്ഞാൽ, അത് ദൈവദൂഷണമല്ലേ? 

ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: യേശുവെന്ന അഭിഷിക്തനായ മനുഷ്യന് പൂർവ്വാസ്തിത്വമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു.സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15. ഒ.നോ: 1:31). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശുവെന്ന മനുഷ്യൻ: (ലൂക്കൊ, 1:26,36). എന്നാൽ അവൻ യേശുവിനെക്കുറിച്ചു പറയുന്നത്, “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു” എന്നാണ്. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;” (യോഹ, 3:31. ഒ.നോ: 1യോഹ, 4:2). ക്രിസ്തു, ‘മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ” എന്നൊക്കെയാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. എഫെസ്യരിൽ, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നു കാണാൻ കഴിയും: (എഫെ, 4:6). ക്രിസ്തുവിൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). താൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. അതായത്, അവൻ മുമ്പേയുള്ളവനാണെന്നു സ്നാപകനും, അവൻ സ്വർഗ്ഗത്തിൽ നിന്നു വന്നവനും എല്ലാവർക്കും മീതെയുള്ളവനാണെന്നും യോഹന്നാനും താൻ സ്വർഗ്ഗത്തിൽനിന്നു വന്നവനാണെന്നു ക്രിസ്തുവും അവൻ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ വെളിപ്പെട്ട മനുഷ്യനാണെന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ: (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു.

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16).

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണ് നമുക്കുള്ളത്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:4-6). നമ്മുടെ പാപപരിഹാരാർത്ഥം ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നതും മറുവിലയായി നമുക്കുപകരം ക്രൂശിക്കപ്പെട്ടതും മനുഷ്യനായ ക്രിസ്തു യേശുവാണ്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്ത മനുഷ്യനെയാണ് ദൈവം നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കിവെച്ചത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: 1പത്രൊ, 2:4). പാപത്തിൽ മരിച്ചവരായിരുന്ന നമുക്ക് പുനരുത്ഥാനജീവൻ ലഭിച്ചത് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ മരണം മൂലമാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഏകസത്യദൈവത്തെയും അവനാൽ അയക്കപ്പെട്ട അഥവാ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 1:1; 1:14; 17:3; 1തിമൊ, 3:14-16. ഒ.നോ: 1യോഹ, 5:20). വഴിയും സത്യവും ജീവനുമായ ഈ ദൈവപുത്രനിലൂടെയാണ് ഏതൊരു മനുഷ്യനും ദൈവപിതാവിങ്കലേക്ക് എത്തുന്നത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ, 14:6). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *