തേജസ്സിൻ്റെ കർത്താവ്

തേജസ്സിൻ്റെ കർത്താവ്

“ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.” (1കൊരി, 2:7,8). 

പൗലൊസ് ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുകയാണ്. ദൈവം ലോകം സൃഷ്ടിക്കുന്നതിനു മുമ്പേ നമ്മുടെ തേജസ്സിനായി അഥവാ നമ്മുടെ രക്ഷയ്ക്കായി മുന്നിയമിച്ചതും മറഞ്ഞിരുന്നതും അല്ലെങ്കിൽ, മറച്ചുവെച്ചിരുന്നതുമായ ജ്ഞാനമെന്ന മർമ്മമാണ് പൗലൊസ് വെളിപ്പെടുത്തുന്നത്. “ദൈവശക്തിയും ദൈവജ്ഞാനവുമാണ് ക്രിസ്തു.” (1കൊരി, 1:24). “ക്രിസ്തുയേശു നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). മർമ്മമെന്താണെന്നു പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂർവ്വകാലങ്ങളിൽ അഥവാ പഴയനിയമ ഭക്തന്മാരിൽനിന്നു ദൈവം മറച്ചുവെച്ചിരുന്നതും ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമ ഭക്തന്മാർക്ക് വെളിപ്പെടുത്തിയതുമാണ് മർമ്മം. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ഏതൊരു രഹസ്യവും അത് വെളിപ്പെടുന്നതുവരെ മാത്രമായിരിക്കും രഹസ്യം; വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയത് പരസ്യമാണ്. ആ അർത്ഥത്തിൽ; സഭയെക്കുറിച്ച് യാതൊരു മർമ്മവും ഇനി ശേഷിക്കുന്നില്ല. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാമത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തിയത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. (കാണുക: മർമ്മം)

എ.ഡി. 53-56 കാലത്ത് പൗലൊസ് എഫെസൊസിൽ വെച്ചാണ് കൊരിന്ത്യർക്ക് ലേഖനം എഴുതുന്നത്. യേശു ക്രൂശിക്കപ്പെട്ടതും ദൈവസഭ സ്ഥാപിതമായതും എ.ഡി. 33-ലാണ്. അതായത്, ദൈവസഭ സ്ഥാപിതമായി ഇരുപതു വർഷങ്ങൾക്കുശേഷമാണ് ദൈവം പൗലൊസിലൂടെ ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്നത്. ദൈവത്തിൻ്റെ നിഗൂഢജ്ഞാനം, രഹസ്യജ്ഞാനം, രഹസ്യവും നിഗൂഢവുമായ ജ്ഞാനം എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ലോകത്തിൻ്റെ പ്രഭുക്കന്മാർ അഥവാ ക്രിസ്തുവിനെ ക്രൂശിച്ച യെഹൂദാ മതനേതാക്കളിൽനിന്ന് ദൈവം മറച്ചുവെച്ചിരുന്ന ജ്ഞാനരഹസ്യം എന്തായിരുന്നു? ദൈവപുത്രനായ ക്രിസ്തുവിനെ അവർ അറിയാതെ ക്രൂശിച്ചുവെന്നാണോ? അല്ല. ദൈവപുത്രനായ ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്ന വസ്തുത പരസ്യമായപ്പോഴാണ് ദൈവസഭ സ്ഥാപിതമായതും ശിഷ്യന്മാർ മൂവായിരവും അയ്യായിരവുമായി വിശ്വാസികളുടെ എണ്ണം ഏറ്റവും വർദ്ധിച്ചു സഭകൾ എണ്ണത്തിൽ ദിവസേന പെരുകി എല്ലായിടവും വ്യാപിച്ചത്. ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേലാണല്ലോ ദൈവസഭ പണിയപ്പെട്ടത്. (എഫെ, 2:20). ക്രൂശിൽ മരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവസഭയുടെ അംഗങ്ങളാകുന്നത്. (പ്രവൃ, 8:37). ദൈവസഭ സ്ഥാപിതമായി നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്? ലോകത്തിൻ്റെ പ്രഭുക്കന്മാർ അറിയാതെ ക്രൂശിച്ചത് തേജസ്സിന്റെ കർത്താവിനെയായിരുന്നു; അതറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. ആരാണീ തേജസ്സിൻ്റെ കർത്താവ്???…

തേജസ്സിൻ്റെ കർത്താവാരാണെന്നറിയാൻ ഒരേയൊരു വഴിയേയുള്ളൂ. അഭിഷിക്തനായ മനുഷ്യനായി (ക്രിസ്തു/മശീഹ) മണ്ണിൽ വെളിപ്പെട്ടത് ആരാണെന്നറിയണം. അക്കാലത്ത് ഈ വസ്തുതകളെല്ലാം അറിയാൻ പ്രയാസമായിരുന്നു. കാരണം, ദൈവരഹസ്യങ്ങളെല്ലാം സഭ സ്ഥാപിതമായതിനൊപ്പം വെളിപ്പെടുകയായിരുന്നില്ല; കാലക്രമേണ, ഏകദേശം എഴുപത് വർഷങ്ങൾ കൊണ്ടാണ് എല്ലാ മർമ്മങ്ങളും സഭയ്ക്ക് വെളിപ്പെട്ടത്. ദൈവത്തിൻ്റെ വചനം പൂർണ്ണമായി വെളിപ്പെടുംവരെ അംശമായ അറിവു മാത്രമാണ് സഭയ്ക്കുമുണ്ടായിരുന്നത്. (1കൊരി, 13:9,10). എന്നാൽ ഇന്നത്തെ സ്ഥിതിയതല്ല; പൂർണ്ണമായ ദൈവവചനം ഓരോരുത്തരുടെയും കയ്യിലുണ്ട്; അത് പഠിക്കാൻ മാർഗ്ഗങ്ങളും അനവധിയുണ്ട്. സുവിശേഷചരിത്രം ആരംഭിക്കുമ്പോൾത്തന്നെ നാല് പ്രവചനങ്ങൾ കാണാം: ദൂതൻ്റെ മൂന്നെണ്ണവും സെഖ്യര്യാവിൻ്റെ ഒരെണ്ണവും.

ഗബ്രിയേലിൻ്റെ രണ്ടാമത്തെ പ്രവചനം: യേശുവിനെക്കുറിച്ച് മറിയയോടാണ്. ലൂക്കൊസ് 1:30-35 വാക്യങ്ങൾ നോക്കാം. 30-ാം വാക്യം: “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.” എന്താണ് മറിയയ്ക്ക് ലഭിച്ച കൃപ? 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” മറിയ പുരുഷസംസർഗ്ഗം കൂടാതെ ഒരു പരിശുദ്ധശിശുവിനെ പ്രസവിക്കും; അവന്നു യേശു എന്നു പേരിടണം. 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” ‘അവൻ’ അഥവാ യേശു വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. പ്രവചനം ശ്രദ്ധിക്കുക: അത്യുന്നതൻ്റെ പുത്രൻ മറിയയുടെ ഉദരത്തിൽ ജനിക്കുമെന്നല്ല പ്രവചനം; പ്രത്യുത, ജനിക്കുന്ന പരിശുദ്ധശിശു അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുമെന്നാണ്. അതായത്, യേശു ജനിച്ചത് അത്യുന്നതൻ്റെ പുത്രനായിട്ടല്ല; പിൽക്കാലത്ത് അത്യന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ യേശു ജനിച്ചത് ആരുടെ പുത്രനായിട്ടാണ്? നോക്കാം.  അടുത്തഭാഗം: “കർത്താവായ ദൈവം; ആരാണീ കർത്താവായ ദൈവം? ഉല്പത്തി മുതൽ കാണുന്ന യഹോവയായ ദൈവമാണ്. (ഉല്പ, 2:4,5,7). യഹോവയായ ദൈവം അവന്റെ പിതാവായ അഥവാ യേശുവിൻ്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” നോക്കണം: ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദൈവമല്ല; ദാവീദാണ്. അഥവാ ദാവീദിൻ്റെ പുത്രനായിട്ടാണ് യേശു ജനിക്കുന്നത്. ചിലർ കരുതുന്നതുപോലെ ജനനത്തിൽ യേശു ദൈവമോ ദൈവപുത്രനോ അല്ല; മനുഷ്യനാണ്. 33-ാം വാക്യം: “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. (വാഗ്ദത്തസന്തതി (2) കാണുക). 34-ാം വാക്യം: “മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.” 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനാണെന്നല്ല; ദൈവപുത്രനെന് വിളിക്കപ്പെടുമെന്നാണ്. “ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തി കിട്ടുന്നതിനെയാണ് പ്രവചനം എന്നു പറയുന്നത്.” “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നതും; “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നതും യേശുവിൻ്റെ ജനനത്തോടെ ചരിത്രമായില്ല; ഭാവിയിലാണ് അത് ചരിത്രമായത്. യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം യോഹന്നാനാൽ യോർദ്ദാനിൽ സ്നാനമേല്ക്കുമ്പോഴാണ് പ്രവചനം ചരിത്രമായത്. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22. ഒ.നോ: മത്താ, 17:5; മർക്കൊ, 5:7; ലൂക്കൊ, 8:28). 

യേശു തൻ്റെ ജനനത്തിൽ ദൈവമോ, ദൈവപുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; പരിശുദ്ധമനുഷ്യനായിരുന്നു. ഇനി, ദൈവപുത്രൻ എന്ന പ്രയോഗത്തിനു അതിൽത്തന്നെ ദൈവമെന്നർത്ഥമില്ല. ഉണ്ടെങ്കിൽ, സ്വർഗ്ഗത്തിലെ ദൂതന്മാരായ ദൈവത്തിൻ്റെ പുത്രന്മാരും (ഇയ്യോ, 1:6; 2:1), ആദാമും (ലൂക്കൊ, 3:38), യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23), ഭൂമിയിലെ മനുഷ്യരായ ദൈവമക്കളും (യോഹ, 1:12; 3:16) അതേയർത്ഥത്തിൽ ദൈവങ്ങളാകണ്ടേ? ദൈവപുത്രനെന്നത്; ദൈവം മനുഷ്യനായപ്പോൾ എടുത്ത പദവി അഥവാ വിശേഷണമാണ്. ദൈവപുത്രൻ (Son of God) എന്നു ഏതർത്ഥത്തിൽ വിളിച്ചിരിക്കുന്നുവോ, അതേയർത്ഥത്തിൽ തന്നെയല്ലേ മനുഷ്യപുത്രൻ (Son of God) എന്നും വിളിച്ചിരിക്കുന്നത്. ദൈവപുത്രനെന്നത് യേശുവിൻ്റെ പദവിയല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു വാദിച്ചാൽ; മനുഷ്യപുത്രനെന്നതും പദവിയല്ല; ഏതോ മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണന്നല്ലേ വരൂ. ദൈവപുത്രനെന്നും മനഷ്യപുത്രനെന്നും യേശുവിനെ ഒരുപോലെ വിളിക്കുന്നതിനാൽ അത് പദവിയല്ലാതെ മറ്റെന്താണ്? ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും മാത്രമല്ലല്ലോ ക്രിസ്തുവിനെ വിളിക്കുന്നത്: അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യേസേഫിൻ്റെ പുത്രൻ എന്നൊക്കെയും വിളിക്കുന്നില്ലേ? സ്ത്രീയുടെ സന്തതിയും ക്രിസ്തുവാണ്. (ഗലാ, 4:4; മീഖാ, 5:2,3). ഇത്രയധികം പേരുടെ പുത്രനായി ക്രിസ്തുവിനെ പറഞ്ഞിരിക്കേ, ദൈവത്തിൻ്റെ മാത്രം പുത്രനാണെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ പുത്രനെന്ന് എപ്രകാരം പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് മറ്റുള്ളവരുടെ പുത്രനെന്നും പറഞ്ഞിരിക്കുന്നത്; അത് ക്രിസ്തുവിൻ്റെ പദവിയല്ലാതെ മറ്റൊന്നല്ല. ദൈവത്തിൻ്റെ ഏകജാതനെന്നും ആദ്യജാതനെന്നും യേശുവിനെ വിളിച്ചിരിക്കുന്നതും നോക്കുക: ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒരേയൊരു പുത്രൻ എന്നാണ്. ഏകജാതനെന്നാൽ; പലമക്കളിൽ ആദ്യത്തെയാൾ അഥവാ, മൂത്തപുത്രൻ എന്നാണ്. ഒരാൾക്ക് മറ്റൊരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കുവാൻ കഴിയില്ല. അതിനാൽ, അതും ക്രിസ്തുവിൻ്റെ പദവികൾ മാത്രമാണ്. ഇനി അറിയാനുള്ളത്; ജഡത്തിൽ വെളിപ്പെട്ടുവന്ന് മനുഷ്യരുടെ പാപപരിഹാരം ക്രൂശിൽ മരിച്ച യേശുവെന്ന പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്? ജഡത്തിൽ വെളിപ്പെട്ടുവന്ന മനുഷ്യൻ യഥാർത്ഥത്തിൽ ‘ആരായിരുന്നു’ എന്നറിയണമെങ്കിൽ; ജനനത്തിലും, ജഡത്തിലും അവൻ ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നു ബൈബിൾ പറയുന്നതു മനസ്സോടെ അംഗീകരിക്കണം.

ജഡത്തിൽ യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ആയിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കുനോക്കാം: യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നും മനുഷ്യനെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഏകദേശം തൊണ്ണൂറ് പ്രാവശ്യം മനുഷ്യപുത്രനെന്ന പ്രയോഗമുണ്ട്. മനുഷ്യനെന്നും പലപ്രാവശ്യമുണ്ട്. മുപ്പതോളം പ്രാവശ്യം മനുഷ്യനെന്ന് യേശുവിനെ പറഞ്ഞിട്ടുണ്ട്: (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). താൻ ജഡത്തിൽ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല; തന്നെ ദൈവമെന്ന് ആരും വിളിച്ചുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞ യേശു താൻ മരിച്ചുയിർത്തശേഷം, തോമാസ് തന്നെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നും കുറിക്കൊള്ളുക.

യേശുവിനെ മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ നോക്കുക: 1. ”മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. ”ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). 3. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). 4. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). 5. ”മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:8). 6. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). സുവിശേഷമെന്താണെന്ന് എല്ലാവർക്കും അറിയാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്ന ദൈവത്തിൻ്റെ ചരിത്രമല്ല സുവിശേഷങ്ങൾ പറയുന്നത്; അഭിഷിക്തനായ മനുഷ്യൻ്റെ ചരിത്രമാണ്. 

സുവിശേഷചരിത്രത്തിൽ രണ്ട് വംശാവലികളുണ്ട്. മത്തായിയിൽ ‘അബ്രാഹാമിൻ്റെ പുത്രനായ ദാവീദിൻ്റെ പുത്രനായ’ എന്നുതുടങ്ങി യോസേഫിലൂടെ യേശുവിലെത്തുന്ന രാജകീയ ചരിത്രവും; ലൂക്കൊസിൽ ആദാം മുതൽ മറിയയിലൂടെ യേശുവിലെത്തുന്ന മാനുഷിക ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു വംശാവലികളും ദൈവത്തിൻ്റെയോ, ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ത്രിത്വം വിശ്വസിക്കുന്ന പുത്രദൈവത്തിൻ്റെയോ അല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കേ; ദൈവത്തിനോ, ദൈവപുത്രനോ എങ്ങനെയൊരു ജനനവും മരണവും വംശാവലിയും ഉണ്ടാകും? അതിനർത്ഥം, യേശു ജഡത്തിൽ ദൈവമല്ലായിരുന്നു; പരിശുദ്ധമനുഷ്യനായിരുന്നു. അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പരമ്പരയിൽപ്പെട്ട മറിയയെന്ന മനുഷ്യസ്ത്രീയിലൂടെ ജന്മപാപം അഥവാ ആദാമ്യപാപം കൂടാതെ, ജനിക്കുന്ന ഒരു മനുഷ്യനാണ് യേശു. ഇനി അറിയാനുള്ളത്; മറിയയുടെ ഉദരത്തിലൂടെ വെളിപ്പെട്ട പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ഗബ്രിയേൽ ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: യോഹന്നാൻ സ്നാപകനെക്കുറിച്ച് സെഖര്യാവിനോടുള്ളതാണ്. അതിലെ ഒരുഭാഗം നോക്കുക: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കോ, 1:16,17). ‘അവൻ’ യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തും. അടുത്തവാക്യം: ‘അവൻ’ യോഹന്നാൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. നോക്കുക: “ഒരുക്കമുള്ളൊരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി നടക്കും.” ആരാണീ കർത്താവ്? മുകളിലെ വാക്യത്തിലെ ദൈവമായ യഹോവ തന്നെയാണ്. “അവന്നു മുമ്പായി നടക്കും.” ആരുടെ മുമ്പാകെ? യഹോവയുടെ മുമ്പായി നടക്കും. അടുത്തഭാഗം: “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” വരുവാനുള്ള ഏലിയാവ് യോഹന്നാൻ സ്നാപകനാണെന്നു യേശു പറഞ്ഞിട്ടുണ്ട്. (മത്താ, 11:14). പുതിയനിയമം തനിയേ പൊട്ടിമുളച്ചതല്ല; പുതിയനിയമത്തിൽ പറയുന്ന കാര്യങ്ങൾക്ക് പഴയനിയമത്തിൽ തെളിവുകളുണ്ട്. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5,6. ഒ.നോ: യെശ, 40:3-5; മലാ, 3:1). അപ്പോൾ ഏലിയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന് യോഹന്നാൻ സ്നാപകൻ വഴിയൊരുക്കിയത് മനുഷ്യനായിവന്ന യഹോവയ്ക്കാണ്. 

യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനു വഴിയൊരുക്കുന്നത് എഴുന്നൂറ് വർഷങ്ങൾക്കു മുമ്പേ  ആത്മാവിൽ കണ്ട യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്നു: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ക്രിസ്തു യഹോവയുടെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, യെശയ്യാവിൽ വ്യാപരിച്ച ആത്മാവ് ഭോഷ്ക്കിൻ്റെ ആത്മാവാകില്ലേ? ആകയാൽ, യഹോവയ്ക്കാണ് യോഹന്നാൻ വഴിയൊരുക്കിയതെന്ന് സ്പഷ്ടം. 40-ൻ്റെ 5-ാം വാക്യം: “യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3-5). യഹോവയുടെ മഹത്വം  വെളിപ്പെടുമെന്നാണ് യെശയ്യാവ് പറയുന്നത്. വെളിപ്പെട്ട മഹത്വം അഥവാ തേജസ്സ് (glory) യഹോവയുടെ തന്നെയല്ലേ? പുതിയനിയമത്തിലും അത് പറയുന്നുണ്ട്: കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അരുളപ്പാടു ഉണ്ടായിരുന്ന ശിമ്യോൻ പറയുന്നു: “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:30-32). ശിമ്യോൻ മാത്രമല്ല; അന്ന് യിസ്രായേലിലുണ്ടായിരുന്ന സകല ജഡവും കണ്ട മഹത്വം യഹോവയുടെയല്ലേ? 

പുതിയനിയമത്തിലെ നാലാമത്തെ പ്രവചനം: യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതാണ്. അതിലെ ചില ഭാഗങ്ങൾ നോക്കാം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിൻ്റെ ദൈവമായ കർത്താവ്, ദൈവമായ യഹോവയാണെന്ന് കണ്ടതാണ്. (പുറ, 5:1; 32:27; യോശു, 7:13). യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. കെ.ജെ.വി.യിൽ he hath visited and redeemed his people (അവൻ തൻ്റെ സന്ദർശിച്ച് വീണ്ടെടുക്കും) എന്നും, എൻ.ഐ.വി.യിൽ he has come and has redeemed his people (അവൻ വന്നു തൻ്റെ ജനത്തെ വീണ്ടെടുക്കും) എന്നുമാണ്. സന്ദർശനമെന്നാൽ; കൂടിക്കാഴ്ച, നേരിട്ടു കാണുക, വന്നുകാണൽ എന്നൊക്കെയാണ്. യഹോവയായ ദൈവം നേരിട്ടുവന്ന് വീണ്ടെടുക്കുമെന്ന് പറഞ്ഞിട്ട് മറ്റൊരു വ്യക്തി വന്നാൽ മതിയാകുമോ? യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി വന്നത് യഹോവയായ ദൈവമാണ്. ലൂക്കോസ് 1:76,77 വാക്യങ്ങൾ: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” വഴിയൊരുക്കുന്ന യോഹന്നാനെക്കുറിച്ചും വഴിയൊരുക്കപ്പടേണ്ടവനെ കുറിച്ചുമാണ് സെഖര്യാവ് ഇത് പറയുന്നത്. കെ.ജെ.വി, എൻ.കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ പരിഭാഷകളിൽ ഈ വാക്യങ്ങൾ അല്പവിരാമവും (comma) അർദ്ധവിരാമവും (semi-colon) ഇട്ടാണ് പറയുന്നത്; എന്നാൽ സത്യവേദപുസ്തകത്തിൽ പൂർണ്ണവിരാമമാണ് (full stop) കാണുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽനിന്നു 76-87 വാക്യങ്ങൾ ചേർക്കുന്നു: “കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും, കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും.” ഈ വേദഭാഗത്ത് മഹോന്നതനായ ദൈവവും കർത്താവും ദൈവവും ഒരാളാണെന്ന് കാണാൻ കഴിയും. അതായത്, അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി പ്രത്യക്ഷനായതെന്ന് വ്യക്തം.

മൂന്നാമത്തെ പ്രവചനം: യോസേഫിനോടുള്ളതാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:21). ”അവന്നു യേശു എന്നു പേർ ഇടേണം.” യേശു എന്ന പേര് എബ്രായയിൽ യഹോശുവാ, യാഹ്ശുവാ (Yehowshuwa, Yahshuwa) എന്നാണ്; അതിന് ‘യഹോവ രക്ഷ’ എന്നാണർത്ഥം. അടുത്തവാക്യം: യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്ന രക്ഷകൻ്റെ നാമവും അതിൻ്റെ അർത്ഥവും കൂടി പറയുന്നു. (യെശ, 7:14). ഇമ്മാനൂവേലിന്; ‘ദൈവപുത്രൻ നമ്മോടുകൂടെ’ എന്നല്ല അർത്ഥം; ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. നമ്മോടുകൂടെ മനുഷ്യനായി വസിച്ചുകൊണ്ട് നമ്മുടെ പാപം പോക്കിയത് ദൈവപുത്രനല്ല; അത്യുന്നതനായ യഹോവയാണ്. 

ദൈവസഭ സ്ഥാപിതമായപ്പോൾ വെളിപ്പെടാതിരുന്നതും, പിന്നെയും ഇരുപത് വർഷങ്ങൾക്കുശേഷം വെളിപ്പെട്ടതുമായ മർമ്മമാണ് ക്രൂശിക്കപ്പെട്ടവൻ തേജസ്സിൻ്റെ കർത്താവായിരുന്നു എന്നത്. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. യേശു ദൈവപുത്രനാണെന്നു ആദ്യം വിളിച്ചുപറഞ്ഞത് യോഹന്നാൻ സ്നാപകനായിരുന്നു. (യോഹ, 1:32-34). യേശുവിനെ കാണുമ്പോൾ അശുദ്ധാത്മാക്കൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയുമായിരുന്നു. (മർക്കൊ, 3:11). പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയിരുന്നു. (ലൂക്കോ, 4:41). ശമര്യസ്ത്രീയും ശമര്യയിലെ ജനങ്ങളും യേശു ദൈവപുത്രനായ മശീഹയാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 4:26, 42). കൂടാരപ്പെരുന്നാളിൽ യേശുവിൻ്റെ പ്രഭാഷണം കേട്ട പലരും അവൻ ക്രിസ്തുവാണെന്നു വിശ്വസിച്ചിരുന്നു. (യോഹ, 7:41). യേശു ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തുവാണെന്നു ലാസറിൻ്റെ സഹോദരി മാർത്ത വിശ്വസിച്ചിരുന്നു. (യോഹ, 11:27). രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫും, രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്ന നിക്കൊദേമൊസും അവൻ ദൈവപുത്രനാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 19:38,39). മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽ താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചതാണ്. (മത്താ, 26:63,64; മർക്കൊ, 14:61). ന്യായാധിപസംഘത്തിൻ്റെ മുമ്പിലും താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചു. (ലൂക്കൊ, 22:66, 70). യേശുവിൻ്റെ മരണംകണ്ട ശതാധിപൻ അവൻ ദൈവവപുതൻ ആയിരുന്നുവെന്ന് സത്യംചെയ്ത് പറഞ്ഞു. (മർക്കൊ, 15:39). 

യേശുവിൻ്റെ ശിഷ്യന്മാർക്ക് അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് ആദ്യംമുതലേ അറിയാമായിരുന്നു. യോഹന്നാൻ സ്നാപകൻ്റെ ശിഷ്യനായിരിക്കുമ്പോൾത്തന്നെ അന്ത്രെയാസ് യേശുവിനെക്കുറിച്ച് ശിമോനോടു സാക്ഷ്യം പറയുന്നത്; “ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു” എന്നാണ്. (യോഹ, 1:41). യേശു ആദ്യം തിരഞ്ഞെടുത്ത ശിഷ്യനായ ഫിലിപ്പോസ് നഥനയേലിനോടു പറയുന്നത്; “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ” എന്നാണ്. (യോഹ, 1:45). നഥനയേലിൻ്റെ സാക്ഷ്യം: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു” എന്നാണ്. (യോഹ, 1:49). ഭൂതഗ്രസ്തരൊക്കെ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു പറയുമ്പോൾ ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു. (മർക്കൊ, 3:11; ലൂക്കോ, 4:41). യേശു കടലിനുമീതെ നടന്ന് പടകിൽ കയറിയപ്പോൾ അവൻ ദൈവപുത്രനാണെന്നു ശിഷ്യന്മാരെല്ലാവരും സത്യം ചെയ്ത് പറഞ്ഞു. (മത്താ, 14:33). ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞപ്പോൾ എല്ലാ ശിഷ്യന്മാരുമുണ്ടായിരുന്നു. (മത്താ, 16:16; മർക്കൊ, 8:29; ലൂക്കോ, 9:20). 

എ.ഡി. 33 മെയ് 24 ഞായറാഴ്ച രാവിലെ 9 മണിക്കാണ് ദൈവസഭ സ്ഥാപിതമാകുന്നത്. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൻ്റെ (2:14-36) ഒടുവിൽ ഇപ്രകാരമാണ് പറയുന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). ഈ വാക്കുകൾ കേട്ടിട്ടാണ് അവർക്ക് മാനസാന്തരമുണ്ടായി 3,000 പേർ ദൈവസഭയോട് ചേർന്നത്. (പ്രവൃ, 2:38-41). ഇതുതന്നെയാണ് പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിലും പറഞ്ഞത്. (പ്രവൃ, 4:9,10). യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവരെയാണ് സ്നാനം കഴിപ്പിച്ചിരുന്നത്. (പ്രവൃ, 8:37). ‘യേശു തന്നേ ദൈവപുത്രൻ’ എന്നു യെഹൂദന്മാരുടെ പള്ളികളിൽ പ്രസംഗിക്കുന്നതായിരുന്നു പൗലൊസിൻ്റെ പ്രധാന ശുശ്രൂഷ. (പ്രവൃ, 9:20). യേശുവിനെ ക്രൂശിക്കുന്ന സമയത്ത് ഒരുപക്ഷെ, അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് അധികാരികൾ അറിഞ്ഞിരിക്കില്ല. എന്നാൽ, സഭ സ്ഥാപിതമായശേഷം പത്രൊസും പൗലൊസുമൊക്കെ അത് തെളിയിച്ചു പ്രസംഗിക്കുകയായിരുന്നു. പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്ന് പ്രസംഗിക്കുമ്പോൾ, യേശുവിൻ്റെ നാമത്തിൽ സൗഖ്യമായ അമ്മയുടെ ഗർഭംമുതൽ മുടന്തനായിരുന്ന മനുഷ്യനുമുണ്ടായിരുന്നു. പിന്നെ അവിടെ വായിക്കുന്നത്; “സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.” (പ്രവൃ, 4:14). അതായത്, തങ്ങൾ ക്രൂശിച്ചത് ദൈവപുത്രനായ ക്രിസ്തുവിനെയാണെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. പൗലൗസിൻ്റെ ശുശ്രൂഷയാകട്ടെ; “യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു യെഹൂദന്മാരേ മിണ്ടാതാക്കുകയായിരുന്നു.” (പ്രവൃ, 9:22. ഒ.നോ: 17:3; 18:26; 18:28). എന്നുവെച്ചാൽ, യേശുവിനെ ക്രൂശിക്കുന്ന സമയത്ത് അവനാരാണെന്ന് അറിയാതിരുന്നവർപോലും ദൈവസഭ സ്ഥാപിതമായപ്പോൾ, തങ്ങൾ ദൈവപുത്രനായ ക്രിസ്തുവിനെയാണ് അറിയാതെ ക്രൂശിച്ചതെന്നറിഞ്ഞു. പിന്നെയും, ഇരുപത് വർഷങ്ങൾക്കുശേഷം സഭ എല്ലായിടവും വ്യാപിച്ചനന്തരം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്???…

പൗലൊസ് ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്ന കാലത്ത് യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നുള്ളത് ഒരു മർമ്മമല്ല; അത് എല്ലായിടത്തും പരസ്യമായ ഒരു വസ്തുതയാണ്. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന സത്യം പരസ്യമായി, പിന്നെയും വർഷങ്ങൾക്കുശേഷം ഒരാൾക്ക് അതൊരു മർമ്മമെന്ന നിലയിൽ വെളിപ്പെടുത്താൻ കഴിയുമോ? ഒരുദാഹരണം പറയാം: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് 2,014 മുതൽ 2,021 വരെ ഇന്നേക്ക് 7 വർഷമായി. ഒരാൾ ഇപ്പോൾ വന്നിട്ട് എനിക്കൊരു മർമ്മം വെളിപ്പെട്ടു, “നരേന്ദ്രമോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി” എന്നു പറഞ്ഞാൽ, അയാൾ ഭ്രാന്തനല്ലാതെ മറ്റാരാണ്. അതുപോലെ, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട വസ്തുത എല്ലായിടത്തും പരസ്യമായി, ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് ഒരു ഭ്രാന്ത് പറയുകയാണോ? മാത്രമല്ല, കൊരിന്ത്യസഭയ്ക്കാണ് പൗലൊസ് ഈ ലേഖനം എഴുതുന്നത്. ദൈവപുത്രനായ യേശുക്രിസ്തു തങ്ങൾക്കായി ക്രൂശിൽ മരിച്ചുവെന്ന സത്യം അംഗീകരിക്കുമ്പോഴാണല്ലോ ഒരു സഭ ഉണ്ടാകുന്നത്. അവർ അറിഞ്ഞ് വിശ്വസിച്ച സത്യംതന്നെ പിന്നെയും മർമ്മമെന്ന നിലയിൽ പ്രസ്താവിക്കേണ്ട ആവശ്യമുണ്ടോ???… അപ്പോൾ, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന അറിവിനേക്കാൾ ഉന്നതമായ ഒരു രഹസ്യമാണ് താൻ വെളിപ്പെടുത്തിയതെന്നല്ലേ? അഥവാ, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:31, 35) വെളിപ്പെട്ടത് തേജസ്സിൻ്റെ കർത്താവാണെന്നല്ലേ? ആ തേജസ്സിൻ്റെ കർത്താവാരാണ്???…

ദൈവത്തിൻ്റെ പുസ്തകത്തിൽ എല്ലാറ്റിനും തെളിവുകളുണ്ട്. “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;” (യെശ, 34:16). സഭ സ്ഥാപിതമായി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് പൗലൊസിന് ഈ മർമ്മം വെളിപ്പെട്ടത്. പിന്നെയും നാല്പത് വർഷങ്ങൾ കഴിഞ്ഞാണ് യോഹന്നാൻ പുസ്തകങ്ങൾ എഴുതുന്നത്. യോഹന്നാൻ 12:38-41 വാക്യങ്ങൾ നോക്കാം: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” യോഹന്നാൻ ഇത് എഴുതുന്നത്; യേശു തൻ്റെ 3½ വർഷത്തെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോകുമ്പൊഴാണ്. യെശയ്യാവ് 53:1-ആണ് ഉദ്ധരിക്കുന്നത്. ”കർത്താവിന്റെ അഥവാ യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു ചോദിച്ചാൽ; യഹോയുടെ കൈ ആര് കണ്ടിരിക്കുന്നു’ എന്നാണോ? അല്ല, പിന്നെന്താണ്? യഹോവയുടെ ഭുജത്തെക്കുറിച്ച് ബൈബിൾ പറയുന്നത് നോക്കുക: വിടുവിക്കുന്നു (പുറ, 6:6); ശത്രുക്കളെ ചിതറിക്കുന്നു (സങ്കീ, 89:10); ബലപ്പെടുത്തുന്നു (സങ്കീ, 89:21); ജയം നേടുന്നു (98:1); ഭരണം നടത്തുന്നു (യെശ, 40:10); ന്യായം വിധിക്കുന്നു (യെശ, 51:5); നഗ്നമാക്കുന്നു (യെശ, 52:10); വെളിപ്പെടുത്തുന്നു (യെശ, 53:1); രക്ഷ വരുത്തുന്നു (യെശ, 59:16); ആകാശവും ഭൂമിയും സൃഷ്ടിച്ചു. (യിരെ, 27:5). ഇതൊക്കെ ചെയ്തത് യഹോവയല്ല; യഹോവയുടെ കയ്യാണെന്ന് ആരെങ്കിലും പറയുമോ? ‘യഹോവയുടെ ഭുജം വിടുവിച്ചു’ എന്നു പറഞ്ഞാൽ; യഹോവ വിടുവിച്ചുവെന്നല്ലേ? ‘യഹോവയുടെ ഭുജം ഭരണം നടത്തുന്നു’ എന്നു പറഞ്ഞാൽ; ‘യഹോവ ഭരണം നടത്തുന്നു’ എന്നല്ലേ? അതുപോലെ ‘യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ ‘യഹോവയെ ആര് കണ്ടിരിക്കുന്നു’ എന്നാണ്. യഹോവയെ യെഹൂദാ പ്രമാണിമാർ മനസ്സിലാക്കിയില്ല; അതാണ് യോഹന്നാൻ അവിടെ പറയുന്ന വിഷയം.

അടുത്തവാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:” (12:39). യഹോവയെ കണ്ണിനു മുമ്പിൽ കണ്ടിട്ടും അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വരുവാനിരുന്ന ഏലിയാവിനാൽ വഴിയൊരുക്കപ്പെട്ടിട്ടും (യെശ, 40:3; മലാ, 3:1; 4:5,6; മത്താ, 11:14), അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടിട്ടും (യെശ, 35:1-6; മത്താ, 11:2-6; ലൂക്കൊ, 7:19-23), പെൺകഴുതക്കുട്ടിയുടെ പുറത്തുകയറി യെരൂശലേമിലേക്ക് രാജകീയപ്രവേശം ചെയ്തിട്ടും (സെഖ, 9:9; മത്താ, 21:2-9) അവർക്ക് അവരുടെ രാജാവിനെ മനസ്സിലായില്ല. അതിൻ്റെ കാരണം അടുത്ത വാക്യത്തിലുണ്ട്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (12:40; യെശ, 6:9,10). അവരുടെ ദുഷ്ടഹൃദയം തടിച്ചിരിക്കയായിരുന്നു. “അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (12:43). അതുകൊണ്ട് അവരുടെ നിഗളിച്ച ഹൃദയത്തെ ദൈവസന്നിധിയിൽ താഴ്ത്താൻ അവർ കൂട്ടാക്കിയില്ല. അടുത്തവാക്യം: “യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” യെശയ്യാവ് യേശുവിൻ്റെ തേജസ്സ് കണ്ടിട്ടാണ് ഇതെഴുതി വെച്ചിരിക്കുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ നിന്ന് വാക്യം ചേർക്കുന്നു: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (ഒ.നോ: മ.ബൈ; മ.ബൈ.നൂ.പ). ഇംഗ്ലീഷിലും നോക്കുക: “Isaiah said this because he saw Jesus’ glory and spoke about him.” (NIV. ഒ.നോ: AUV; EHV; FBE; CEB; CEV; CEVD; CJB; DRA; RRB; EXB; GLW; GNT; GW; GW’20; GWN; HNC; ICB; MOUNCE; MSG; NABRE; NCV; NET; NIRV; NLT; NLV; NOG; NTWE; OEB-cw; OEB-us; OJB; Phi; RAD’20; Rem; TLB; t4t)

യെശയ്യാവ് ആരുടെ തേജസ്സാണ് കണ്ടതെന്ന് 6-ാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5). സൈന്യങ്ങളുടെ യഹോവയായ രാജാവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടത്. അത് യേശുവായിരുന്നുവെന്ന് പ്രിയശിഷ്യൻ വ്യക്തമാക്കുന്നു. എന്താണ് പൗലൊസ് വെളിപ്പെടുത്തിയ മർമ്മമെന്ന് ഇപ്പോൾ മനസ്സിലായോ? ലോകത്തിൻ്റെ പ്രഭുക്കന്മാരായ യെഹൂദാ പ്രമാണിമാർ അറിയാതെ ക്രൂശിച്ചത്; മനുഷ്യനായി വെളിപ്പെട്ട തേജസ്സിൻ്റെ കർത്താവിനെ അഥവാ  സൈന്യങ്ങളുടെ യഹോവയെയാണ്. മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) ‘യഹോവ രക്ഷ’ എന്നർത്ഥമുള്ള ‘യേശു’ എന്ന നാമത്തിലും ദൈവപുത്രനെന്ന പദവി അഥവാ വിശേഷണത്തിലും മനുഷ്യനായി വെളിപ്പെട്ടവൻ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യഹോവയായിരുന്നു. (എസ്രാ, 8:6; തീത്തൊ, 2:12; യെശ, 43:11; ലൂക്കൊ, 2:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

ബൈബിളിലെ ദൈവത്തെ അറിയുക: “ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; വെളി, 4:1-8; മത്താ, 18:11) മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ലൂക്കൊ, 1:68; യോഹ, 1:1; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6)🙏🏻

Leave a Reply

Your email address will not be published. Required fields are marked *