സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

“എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15)

യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്നൊരു വിശ്വാസം എല്ലാ ക്രൈസ്തവർക്കുമുണ്ട്. അതിനാധാരമായ ചില തെളിവുകൾ ചൂണ്ടിക്കാണിക്കാനും ബൈബിളിലുണ്ട്: യേശുവിൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ പ്രവചിക്കുമ്പോൾ, “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നു: (ലൂക്കോ, 1:32,33). യേശു ജനിച്ചശേഷം, “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ ശിശുവായ യേശുവിനെ നമസ്കരിക്കാൻ വന്നത്: (മത്താ, 2:2). അവൻ യിസ്രായേലിന്റെ രാജാവാണെന്ന് നഥനയേൽ ഏറ്റുപറഞ്ഞു: (യോഹ, 1:49). “ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു സെബെദിപുത്രന്മാരുടെ അമ്മ അവനോടു പറഞ്ഞു: (മത്താ, 20:21). ദൈവാലത്തിലേക്കുള്ള രാജകീയ പ്രവേശത്തിൽ, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു ജനങ്ങൾ ആർത്തുവിളിച്ചു: (യോഹ, 12:13,15; ഒ.നോ: സങ്കീ, 118:26). “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു നാടുവാഴികളുടെ പടയാളികൾ പരിഹസിക്കുകയും കന്നത്തടിക്കുകയും ചെയ്തു: (മത്താ, 27:29; മർക്കൊ, 15:18; യോഹ, 19:3). “യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ” എന്നാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാമെന്ന് ചിലർ പരിഹാസത്തോടെ പറഞ്ഞു: (മത്താ, 27:42; മർക്കൊ, 15:32). യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ’ എന്നു ക്രൂശിൽക്കിടന്നു മാനസാന്തരംവന്ന ഒരു കള്ളൻ പറഞ്ഞു: (ലൂക്കൊ, 23:42). അവൻ്റെ മരണശേഷം, “യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു:” (മത്താ, 27:37; മർക്കൊ, 15:26; ലൂക്കൊ, 23:38; യോഹ, 19:19). 

വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണ്. പക്ഷെ, യഥാർത്ഥത്തിൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. എന്നാൽ യേശുവിൻ്റെ ജനനംമുതൽ രാജത്വം യേശുവിൽ ആരോപിച്ചിരിക്കയാൽ, അവൻ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാവരുംതന്നെ കരുതുന്നത്. എന്നാൽ യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: ‘നീ യെഹൂദന്മാരുടെ രാജാവോ’ എന്നു ചോദിച്ചതിന്നു യേശുവിൻ്റെ മറുപടി: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്നാണ് ഉത്തരം പറഞ്ഞത്. പീലാത്തൊസ് വീണ്ടും യേശുവിനോടു: “എന്നാൽ നീ രാജാവു തന്നേയല്ലോ” എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നായിരുന്നു മറുപടി. (യോഹ, 18:33-37. ഒ.നോ: മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞുവെച്ചിരിക്കുന്നത്: ഒന്ന്; തൻ്റെ രാജ്യം ഐഹികമല്ല അഥവാ ഇഹലോകത്തല്ല. “എൻ്റെ രാജ്യം ഭൗതികമല്ല” എന്നാണ് യേശു പറഞ്ഞതെങ്കിൽ ഈ ലോകത്ത് അവനൊരു ആത്മികരാജ്യമാണ് സ്ഥാപിക്കുന്നതെന്നു മനസ്സിലാക്കാമായിരുന്നു. എന്നാൽ എൻ്റെ രാജ്യം ഈ ലോകത്തല്ല (My kingdom is not of this world) എന്നു സ്പഷ്ടമായിട്ടാണ് പറഞ്ഞിരിക്കുന്നത്. രണ്ട്; എന്നാൽ ‘ഞാൻ രാജാവുതന്നേ.’ താൻ ഇഹലോകത്തിലെ രാജാവല്ലെന്നും; എന്നാൽ താൻ രാജാവുതന്നേ എന്നുമാണ് താൻ പറയുന്നത്. ദാവീദിൻ്റെ സന്തതിയെന്ന നിലയിൽ പുതിയനിയമത്തിൽ ഉടനീളം പറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ്റെ ഭൗമിക രാജത്വം നുണയാണെന്ന് പറയാൻ പറ്റില്ല. എന്നാൽ, രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന ന്യായപ്രമാണ വ്യവസ്ഥപോലെ, യേശുക്രിസ്തു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: ‘എൻ്റെ രാജ്യം ഐഹികമല്ല’. (യോഹ, 8:17; 18:36). ഏതെങ്കിലും ഒന്ന് ശരിയാണെന്നോ, മറ്റേത് തെറ്റാണെന്നോ പറയാൻ കഴിയില്ല; കാരണം രണ്ടും പറയുന്നത് നമ്മുടെ കർത്താവാണ്; ദൈവവചനം പരസ്പരവിരുദ്ധമാകാനും പാടില്ല. അതിനാൽ രണ്ടും ശരിയാകണം. തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു പറയുന്നതും ക്രിസ്തു ദാവീദിൻ്റെ സിംഹാസനത്തിൽ എന്നേക്കും രാജാവായിരിക്കുമെന്നു പറയുന്നതും ഒരുപോലെ ശരിയാകണമെങ്കിൽ കുറഞ്ഞത് മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം. ഒന്ന്; ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്? രണ്ട്; “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൂമിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം? മൂന്നു; ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു?

1. ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്?

ദൈവത്തിൻ്റെ അഭിഷിക്തന്മാരായി (ക്രിസ്തു) മുഴുവൻ യിസ്രായേൽ ഗോത്രങ്ങൾക്കും രാജാവായിരുന്നിട്ടുള്ളത് ശൗൽ (1ശമൂ, 15:17), ദാവീദ് (2ശമൂ, 5:3), ശലോമോൻ (1രാജാ, 1:34), രെഹബെയാം (1രാജാ, 11:43) എന്നിങ്ങനെ നാലുപേരാണ്. മേല്പറഞ്ഞ യിസ്രായേൽ രാജാക്കന്മാരൊന്നും നിത്യരായിരുന്നില്ലെന്ന് നമുക്കറിയാം. യഹോവയായ ദൈവം നിത്യരാജാവാണ്. (സങ്കീ, 145:13; യെശ, 44:6; യിരെ, 10:10; ദാനീ, 4:3; സെഫെ, 3:15). എന്നാൽ പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കൂടാതെ മറ്റൊരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല, യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്.

യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്: (യിരെ, 10:10). 

യിസ്രായേലിന്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:13,14) വാഗ്ദത്തസന്തതിയും; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ നിത്യരാജാവും (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:3,4,29,36,37) നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34); വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1) ദൈവത്തിൻ്റെ ആദ്യജാതനും (പുറ, 4:22) യിസ്രായേലാണ്. ദൈവം തേജസ്സും അധികാരവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി)

യേശുക്രിസ്തു ഭൗമിക രാജാവല്ലെന്നതിന് മറ്റൊരു തെളിവ്: യിസ്രായേലിനു രാജ്യം യഥാസ്ഥാനത്തായി കഴിയുമ്പോൾ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമിക രാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്ന രാജാവും പ്രഭുവും ദാവീദായിരിക്കും: “എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.” (യേഹെ, 37:24,25. ഒ.നോ: യെശ, 55:3,4; യിരെ, 30:9; 33:15-21; യെഹെ, 34:23-24; ഹോശേ, 3:5; ആമോ, 8:11-12). വേറൊരു തെളിവ്: “എന്നാൽ, എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” ഈ വാക്യത്തിൽ ദൈവം എഴുന്നേല്പിക്കുന്ന പുരോഹിതൻ ദാവീദും അഭിഷിക്തൻ യിസ്രായേലുമാണ്. മറ്റൊരു തെളിവ്; അന്ന് പ്രഭു തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം അർപ്പിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22. ഒ.നോ: യെഹെ, 46:2-7,12-16). യേശുക്രിസ്തുവിന് യാഗം കഴിക്കേണ്ട ആവശ്യമില്ലല്ലോ. 

2. ‘താൻ രാജാവുതന്നേ’ എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൗമിക രാജാവല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം?

ഈ പ്രപഞ്ചത്തിലെ മൂന്നു ലോകങ്ങളെക്കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്: സ്വർലോകം, ഭൂലോകം, അധോലോകം: (ഫിലി, 2:10). അതിൽ അധോലോകത്തിന് ഒരു രാജാവുണ്ട്; അബദ്ദോൻ അഥവാ അപ്പൊല്ലുവോൻ: (വെളി, 9:11). അല്ലെങ്കിലും, യേശുക്രിസ്തു അവിടുത്തെ രാജാവാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് രണ്ട് രാജസ്ഥാനങ്ങളേയുള്ളു; ഒന്ന് സ്വർഗ്ഗത്തിലും, മറ്റൊന്ന് ഭൂമിയിലും. യഹോവയാണ് സ്വർഗ്ഗത്തിലെ നിത്യരാജാവ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). “ഞാൻ രാജാവുതന്നേ” എന്നാണ് യേശുക്രിസ്തുൻ്റെ അവകാശവാദം. അവൻ ഭൂമിയിലെ രാജാവല്ലെങ്കിൽ സ്വർഗ്ഗത്തിലെ രാജാവുതന്നെ. എന്തെന്നാൽ, യഹോവയും യേശുക്രിസ്തുവും ഒരാളാണ്: ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9). താഴെ കൂടുതൽ വ്യക്തമാക്കയിട്ടുണ്ട്; ഇതും നോക്കുക: (ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; സങ്കീ, 68:18=എഫെ, 4:8; സങ്കീ, 78:1,2=മത്താ, 13:34,35; യെശ, 25:8=എബ്രാ, 2:14-16; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 29:19=മത്താ, 11:29; യെശ, 35:4=ലൂക്കൊ, 1:68; യെശ, 35:5,6=ലൂക്കൊ, 7:22; യെശ, 40:3=മത്താ, 3:3; യെശ, 43:10=പ്രവൃ, 1:8; യെശ, 45:22=പ്രവൃ, 4:12; യെശ, 45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 66:14-16=2തെസ്സ, 1:6,7; യിരെ, 31:31-34=ലൂക്കൊ, 22:20, എബ്രാ, 8:8-13; ഹോശേ, 1:7=മത്താ, 1:21, എബ്രാ, 2:14,15; ഹോശേ, 2:16=2കൊരി, 112; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർകൊ, 14:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:8,10; സെഖ, 12:10=യോഹ, 19:32, വെളി, 1:7; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31). പത്രൊസ് അപ്പൊസ്തലൻ പറയുന്ന ക്രിസ്തുവിൻ്റെ നിത്യരാജ്യം സ്വർഗ്ഗമാണ്: “ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2പത്രൊ, 1:11. ഒ.നോ: 2കൊരി, 5:1; 2തെസ്സ, 2:12; 2തിമൊ, 4:1,18; എബ്രാ, 12:28). യേശുക്രിസ്തു പീലാത്തൊസിനോടു പറഞ്ഞത്: എൻ്റെ രാജ്യം ഐഹികമല്ല; എന്നാൽ താൻ രാജാവുതന്നേ. ക്രിസ്തുവിൻ്റെ രാജ്യവും രാജത്വവും ഭൂമിയിലല്ല; ഭൂമിയിയിലെ നിത്യരാജാവ് യിസ്രായേലാണ്. അതിനാൽ ‘എൻ്റെ രാജ്യം ഐഹികമല്ലെന്നു’ ക്രിസ്തു പറഞ്ഞത് ശരിയാണ്. യഹോവയായ ദൈവംതന്നെയാണ് മനുഷ്യനായി പ്രത്യക്ഷനായി ക്രൂശിൽമരിച്ച് അപ്രത്യക്ഷനായ ക്രിസ്തു. അതിനാൽ യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗീയരാജാവാണ്. (യിരെ, 10:10). അതിനാൽ, ‘ഞാൻ രാജാവുതന്നേ’ എന്നു അവൻ പറഞ്ഞതും തൻ്റെ രാജ്യം ഐഹികമല്ലെന്നു പറഞ്ഞതും ഒരുപോലെ ശരിയാണ്. 

3. ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു? 

യേശുക്രിസ്തുവും യഹോവയും ഒരാളാണെങ്കിൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയെന്ന നിലയിലുള്ള ഭൗമിക രാജത്വം ക്രിസ്തുവിൽ ആരോപിച്ചരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമായ വിഷയമാണ്. വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണെന്ന് തുടക്കത്തിൽ പറഞ്ഞതാണ്. എന്നാൽ ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ ക്രിസ്തു അഥവാ മശീഹ അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ബൈബിൾ ദൈവത്തിൻ്റെ രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ്. ആദ്യത്തെയാൾ ഭൗമികസന്തതിയും രണ്ടാമത്തെയാൾ ആത്മികസന്തതിയും. പഴയനിയമത്തിലെ പുത്രൻ യിസ്രായേലെന്ന ക്രിസ്തുവും; പുതിയനിയമത്തിലെ പുത്രൻ യേശുക്രിസ്തുവും. ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായവൻ യിസ്രായേലാണ്; അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവിയുമായി അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് പുതിയനിയമത്തിലെ പുത്രൻ. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). അതായത്, ദൈവം തൻ്റെ ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് ക്രിസ്തു: (മത്താ, 1:21; ലൂകൊ, 1:68; ഫിലി, 2:6-8; 1തിമോ, 3:14-16: എബ്രാ, 2:14-16). [വിശദമായറിയാൻ കാണുക: ഭൗമികസന്തതിയും ആത്മികസന്തതിയും]

യഹോവയും യേശുവും: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ ക്രിസ്തുവിനെയും അവൻ്റെ ശുശ്രൂഷയെയും യഥാർത്ഥമായറിയണമെങ്കിൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെയാണ് ആദ്യറിയേണ്ടത്. എന്തെന്നാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ സന്തതിയുടെ പാപങ്ങളിൽനിന്ന് അവനെ രക്ഷിക്കുവാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്: (മത്താ, 1:21; ലൂക്കൊ, 1:68). ക്രിസ്തുവിൻ്റെ ശുശ്രൂഷ അനേകരും അറിയാതെപോയതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെ അറിയാതെപോയതുകൊണ്ടാണ്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടും സ്വശിഷ്യരോടും പറയുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. (യോഹ, 8:19; 14:7). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് യേശുവെന്ന ക്രിസ്തു. തൻ്റെ സന്തതിക്കുവേണ്ടി അവൻ്റെ ദൈവമാണ് മനുഷ്യനായി വന്നത്. എന്തെന്നാൽ, യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ദൈവം ലോകത്തിനു മുഴുവൻ രക്ഷ വാഗ്ദാനം ചെയ്തിരുന്നത്: (യെശു, 42:7; 49:6; യോഹ, 4:22).

പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാകയാലാണ് അവൻ അവനെ ആത്മാവിൽ എൻ്റെ കർത്താവ് അഥവാ യജമാനൻ എന്നു വിളിക്കുന്നത്: (1110:1). ദാവീദിൻ്റെ സന്തതിയായ വാഗ്ദത്തരാജാവ് യിസ്രായേൽ ആയതുകൊണ്ടാണ് അവൻ്റെ മറുവിലയായി വന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൽ അവൻ്റെ പദവികളൊക്കെ ആരോപിക്കപ്പെട്ടിരിക്കുന്നത്. (മത്താ, 1:21; എബ്രാ, 2:14-16). യേശുവിലൂടെയാണ് യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നതും. പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനുള്ള പദവികളാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവിന് പുതിയനിയമത്തിൽ കാണുന്നത്. അഭിഷിക്തൻ അഥവാ ക്രിസ്തുവാണ് നിത്യരാജാവ്. പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ഏകക്രിസ്തു യിസ്രായേലാണ്: (1ശമൂ, 1:35; സങ്കീ, 132:10; പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4,6). യിസ്രായേലാണ് ഭൗമികരാജാവെന്ന് വെളിപ്പാടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4; 20:6). വെളിപ്പാടിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്, അവനാണ് ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്; “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28. ഒ.നോ: ദാനീ, 7:18,21,27). എന്നാൽ, യേശുക്രിസ്തുവെന്ന ആത്മികസന്തതിയാണ് ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിച്ചു കൊടുക്കുന്നത്. അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നതായി കാണുന്നത്.

“ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെയും നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ദൈവപുത്രനെന്ന പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യോവേ, 2:32).

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16).

യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നറിയാതെ യേശു ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അതുപോലൊരു അബദ്ധമാണ് അനേകരും വിശ്വസിക്കുന്നത്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ആരാണെന്നോ, യഥാർത്ഥ ഭൗമികരാജാവായ ക്രിസ്തു ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാതെപോകുന്നത് ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയരാജാവായ യഹോവ അഥവാ യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

കൂടുതൽ അറിവിലേക്കായി കാണുക: 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യിസ്രായേലിൻ്റെ പദവികൾ

നൂറ്റിപ്പത്താം സങ്കീർത്തനം

One thought on “സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

Leave a Reply

Your email address will not be published. Required fields are marked *