യേശുവിൻ്റെ പുനരുത്ഥാനശരീരം
യേശുക്രിസ്തു ജഡത്തിൽ ജീവിച്ച് മരിച്ചടക്കപ്പെട്ട അതേ ശരീരത്തിൽ ജീവൻപ്രാപിച്ചുയിർക്കുകയും, അതേ ശരീരത്തിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് കരുതുകയും ചെയ്യുന്ന അനേകരുണ്ട്. യേശുവിൻ്റെ പുനരുത്ഥാന ശരീരത്തെക്കുറിച്ചു മനസ്സിലാക്കാൻ മൂന്നു വേദഭാഗങ്ങൾ സുവിശേഷങ്ങളിലുണ്ട്. ലൂക്കൊസ് 24:36-43; യോഹന്നാൻ 20:19,20; 20:26,27.
അതിൽ ലൂക്കൊസ് 24:36-43-ഉം യോഹന്നാൻ 20:19,20-ഉം വേദഭാഗങ്ങൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചതന്നെ നടക്കുന്ന ഒരേ സംഭവത്തിൻ്റെ വിവരണമാണ്. അടുത്തഭാഗമായ യോഹന്നാൻ 20:26,27 അതിനും എട്ടു ദിവസങ്ങൾക്കുശേഷം നടക്കുന്നതാണ്. ഈ മൂന്ന് വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കുമ്പോൾ; അവിടെപ്പറയുന്ന പ്രധാന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്; വാതിൽ അടച്ചിരിക്കെ യേശു അകത്ത് ശിഷ്യന്മാരുടെ നടുവിൽ വന്നു നില്ക്കുന്നു. (ലൂക്കൊ, 24:36; യോഹ, 20:19,26). രണ്ട്; ശിഷ്യന്മാർക്ക് യേശുവാണെന്ന് മനസ്സിലായുമില്ല; ഭൂതമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. (ലൂക്കൊ, 24:37). മൂന്ന്; യേശു പറയുന്നു; ഞാൻതന്നെയാണ് എന്നെ തൊട്ടു നോക്കുക, ഭൂതത്തിന് അസ്ഥിയും മാസംവും ഇല്ലല്ലോ. (ലൂക്കൊ, 24:39). നാല്; അതിനുശേഷം യേശു കുത്തിത്തുളയ്ക്കപ്പെട്ട മാറും ആണിപ്പഴുതുള്ള കയ്യും അവരെ കാണിച്ചു. (ലൂക്കൊ, 24:40; യോഹ, 20:20). അഞ്ച്; യേശു തോമാസിനോടു ആണിപ്പഴുതുള്ള കൈ കാണാനും, തുളയ്ക്കപ്പെട്ട മറിൽ വിരലിടാനും ആവശ്യപ്പെടുന്നു. (യോഹ, 20:27). ആറ്; യേശു അവർ കൊടുത്ത വറുത്തമീനും തേൻകട്ടയും തിന്നുന്നു. (ലൂക്കൊ, 24:41,42).
യേശുവിനെ അടക്കംചെയ്ത ശരീരം കല്ലറയിൽ കാണാത്തതിനാലും, അസ്ഥിയും മാസവുമുള്ള ശരീരം തൊട്ടുനോക്കാൻ ശിഷ്യന്മാരോടു പറഞ്ഞതിനാലും, ആണിപ്പഴുതുള്ള കയ്യും കുത്തിത്തുളയ്ക്കപ്പെട്ട മാറിടവും കാണുവാനും വിരലിട്ടുനോക്കുവാനും ആവശ്യപ്പെട്ടതിനാലും, വറുത്തമീനും തേൻകട്ടയും താൻ കഴിച്ചതിനാലുമാണ് ക്രൂശിക്കപ്പെട്ട ശരീരം തന്നെയാണ് പുനരുത്ഥാനയശേഷവും തനിക്കുള്ളതെന്ന് അനേകരും കരുതുന്നത്. നമുക്ക് കാര്യങ്ങളൊന്ന് വിശദമായി പരിശോധിക്കാം:
ഉയിർപ്പിൻ്റെ ഞായറാഴ്ച എമ്മവുസ്സിൽ നിന്നു മടങ്ങിവന്ന ശിഷ്യന്മാർ കർത്താവിനെ കണ്ടകാര്യം അപ്പൊസ്തലന്മാരുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോഴാണ് യേശു അവരുടെ മുമ്പിൽ വന്നു നില്ക്കുന്നത്. ശിഷ്യന്മാർ യെഹൂദന്മാരെപ്പേടിച്ച് വാതിലടച്ചിരിക്കുമ്പോൾ, വാതിൽ തുറക്കാതെയാണ് യേശു അകത്തുകടന്നത്. അതാണ് യേശുവിനെ അറിയാതെ, ഭൂതമാണെന്ന് തെറ്റിദ്ധരിക്കാനുള്ള പ്രധാനകാരണം. അവിടെ ഭൂതത്തിന് അസ്ഥിയും മാംസവുമില്ലെന്ന് യേശു പറയുന്നുണ്ട്. എന്നാൽ, ശിഷ്യന്മാർക്കും ഒരുകാര്യം അറിയാം: വാതിലടച്ചിരിക്കേ ഭൂതപ്രകൃതിയുള്ള ഒരാൾക്കേ അകത്തുവരാൻ കഴിയൂ. അസ്ഥിയും മാംസവുമുള്ള ഒരു ശരീരത്തിന് എങ്ങനെ മുറിയിൽ കടക്കാൻ കഴിയും? ഭൌമശരീരങ്ങളും സ്വർഗ്ഗീയശരീരങ്ങളും ഉണ്ടെന്ന് പൗലൊസ് പറയുന്നു. ഭൌമശരീരങ്ങളുടെയും സ്വർഗ്ഗീയശരീരങ്ങളുടെയും തേജസ്സിലും വ്യത്യാസവുമുണ്ട്. (1കൊരി, 15:40). യേശു ഉയിർത്തെഴുന്നേറ്റ ഉടനെ ആദ്യം, സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ പോകുകയാണ് ചെയ്തത്. (യോഹ, 20:17). മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല അഥവാ, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല (1കൊരി, 15:50) എന്നു പറയുമ്പോൾ; സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ഒരു സ്വർഗ്ഗീയശരീരം വേണമെന്ന് എത്രയധികമായി മനസ്സിലാക്കാം. സ്വർഗ്ഗീയശരീരം സ്ഥകാലബദ്ധമല്ല; അതിനാലാണ് വാതിലടച്ചിരിക്കെ, അകത്തുകയറാൻ കഴിഞ്ഞത്. അപ്പോൾത്തന്നെ സ്വർഗ്ഗീയ ശരീരത്തിന് അസ്ഥിയും മാംസവുമില്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. മാത്രമല്ല, സ്വർഗ്ഗീയശരീരം എല്ലാവർക്കും കാണാൻ കഴിയില്ല. താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ പ്രത്യക്ഷമാകുന്നതാണ് ആ ശരീരം. പുനരുത്ഥാന പുത്രന്മാരെക്കുറിച്ച് യേശു സദൂക്യരോട് പറഞ്ഞ ഒരു കാര്യമുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൈവദൂതർക്ക് തുല്യമാകുമെങ്കിൽ, യേശുക്രിസ്തു ജഡശരീരത്തിലാണ് പുനരുത്ഥാനം ചെയ്തതെന്ന് പറയാൻ എന്ത് ന്യായാമാണുള്ളത്? നാല്പതുനാളോളം താൻ ഭൂമിയിലുണ്ടായിരുന്നിട്ടും അക്കാലത്ത് യിസ്രായേലിലുള്ള എല്ലാവരും യേശുവിനെ കണ്ടില്ല; അപ്പൊസ്തലന്മാർക്കും അഞ്ഞൂറിൽ അധികം സഹോദരന്മാർക്കും മാത്രമാണ് പ്രത്യക്ഷമായത്. (1കൊരി, 15:6). അതിനാൽ, എല്ലാവർക്കും ദൃശ്യമാകുന്ന ഒരു ജഡശരീരം തനിക്കില്ലായിരുന്നെന്നും, താൻ വെളിപ്പെടത്തി കൊടുക്കുന്നവർക്ക് മാത്രമാണ് തന്നെ കാണാൻ കഴിഞ്ഞിരുന്നതെന്നും വ്യക്തമാണ്. അങ്ങനെയൊരു ശരീരത്തിന് അസ്ഥിയോ, മാസമോ, രക്തമോ, ഭക്ഷണമോ ആവശ്യമില്ല.
താൻ മുറിയടിച്ചിരിക്കേ അകത്തു കടന്നതുതന്നെ തൻ്റെ ശരീരം ഭൗമശരീരംപോലെ സ്ഥലകാലബദ്ധം അല്ലാത്തതുകൊണ്ടാണ്. എന്നാൽ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു; ഒന്ന്; യേശു തനിക്ക് അസ്ഥിയും മാസവുമുണ്ട് തൊട്ടുനാക്കാൻ പറഞ്ഞതെന്തിനാണ്? ഉത്തരം: തങ്ങൾ കാണുന്നത് ഒരു ഭൂതത്തെയാണോ എന്ന് ശിഷ്യന്മാർ സംശയിച്ചു. സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൂതനുപോലും തൻ്റെ ലക്ഷ്യം സാധിപ്പിക്കാൻ, മനുഷ്യർക്ക് ബോധ്യമാകും വിധമുള്ള അടയാളങ്ങൾ നല്കാൻ കഴിയും. അങ്ങനെയെങ്കിൽ അവർതന്നെ സംശയിക്കുമെന്ന് മുന്നറിഞ്ഞ യേശു, അവർക്ക് ബോധ്യമാകുംവണ്ണം അസ്ഥിയും മാംസവുമുള്ളവനായി മുറിക്കകത്ത് പ്രത്യക്ഷനായതാണെന്ന് സ്പഷ്ടം. രണ്ട്; ആണിപ്പഴുതുള്ള കൈകളും കുത്തിത്തുളയ്ക്കപ്പെട്ട മുറിവും യേശുവിനുണ്ടായിരുന്നോ? ഉത്തരം: ഭൂതത്തിന് അസ്ഥിയും മാംസവുമില്ല; തനിക്ക് അസ്ഥിയും മാസവുമുണ്ട് തൊട്ടുനോക്കാൻ യേശു പറഞ്ഞു. ശിഷ്യന്മാർ തൊട്ടുനോക്കിയോന്നറിയില്ല. തൊട്ടുനോക്കിയാലും ഭൂതമല്ല; ഒരു മനുഷ്യനാണെന്നറിയും, അവരുടെ പേടിമാറും. പക്ഷെ, ക്രൂശിക്കപ്പെട്ട അവരുടെ കർത്താവാണ് താനെന്നറിയണമെങ്കിൽ, തൻ്റെ ആണിപ്പഴുതുള്ള കൈകളും വിലാപ്പുറവും കൂടി കാണണം. അതും തനിക്ക് സ്ഥായിയായി ഉള്ളതല്ല; തൻ്റെ ശക്തിയാൽ അവരെ കാണിച്ചതാണ്. “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക” എന്ന് തോമാസിനോട് പറഞ്ഞത്; അവൻ്റെ അവിശ്വാസം മാറ്റാൻ മുറിവുകൾ ദൃശ്യമാക്കിക്കൊടുത്തു എന്നേയുള്ളു. മൂന്ന്; യേശു ഭക്ഷണം (വറുത്തമീനും തേൻകട്ടയും) കഴിച്ചത്. ഉത്തരം: പുനരുദ്ധാന ശരീരത്തിന് ഭക്ഷണം ആവശ്യമില്ല. വേണമെങ്കിൽ കഴിക്കാം. ദൈവത്തിന് സകലവും സാദ്ധ്യമാണ്. (മത്താ, 19:26). അവരോട് ഭക്ഷണം വാങ്ങി കഴിച്ചതും താൻതന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ്. അതിനാൽ, യേശുവിൻ്റെ പുനരുത്ഥാനശരീരം അസ്ഥിയോ മാംസമോ ഉള്ളതോ, ഭക്ഷണം ആവശ്യമുള്ളതോ ആയിരുന്നില്ല. ശിഷ്യന്മാരുടെ ഭയം മാറ്റാനും, താൻ ഉയിർത്തെഴുന്നേറ്റു വന്നിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് അസ്ഥിയും മാംസവും ഉള്ളവനായി വന്നതും ഭക്ഷണം കഴിച്ചതെന്നും മനസ്സിലാക്കാം.
ക്രൂശിക്കപ്പെട്ട ശരീരം എവിടെപ്പോയി?: യേശുവിൻ്റെ പാപമറിയാത്ത ശരീരംതന്നെയാണ് രൂപാന്തരംപ്രാപിച്ച് തേജസ്സുള്ള ശരീരമായി മാറിയത്. യേശു ഒരു ഉയർന്ന മലയിൽവെച്ച് മുമ്പും രൂപാന്തരപ്പെട്ടതാണെന്ന് ഓർക്കുക. (മത്താ, 17:1-3; മർക്കൊ, 9:2-4; ലൂക്കൊ, 9:29-31). ഇനി ചിലർ കരുതുന്നപോലെ, യേശു ക്രൂശിക്കപ്പെട്ട അതേ ശരീരത്തിൽ രൂപാന്തരം പ്രാപിക്കാതെ അസ്ഥിയും മാംസവുമുള്ളവനായി ഉയിർത്തുവെന്ന് വിചാരിക്കുക. അസ്ഥിയും മാംസവും ആണിപ്പഴുതുള്ള കയ്യും കുത്തിത്തുളയ്ക്കപ്പെട്ട വിലാപ്പുറവും മാത്രമല്ല; മുൾമുടി അടിച്ചിറക്കി വികൃതമാക്കപ്പെട്ട തലയും, കണ്ടാൽ ആളറിയാത്ത മുഖവും, ഉഴവുചാലുപോലെ കീറിയ മുതുകോടും കൂടിയാണ് യേശു ഉയിർത്തതെന്ന് പറയേണ്ടി വരില്ലേ? അങ്ങനെയായിരുന്നെങ്കിൽ, യേശുവിൻ്റെ അസ്ഥിയും മാംസവും തൊട്ടുനോക്കിയാലോ, ആണിപ്പഴുതുള്ള കൈകാലുകളും വിലാപ്പുറവും കണ്ടാലോ, ഭക്ഷണം കഴിച്ചാലോ കണ്ടാൽ ആളറിയാത്ത യേശുവിനെ അവർ തിരിച്ചറിയുമായിരുന്നോ. തൻ്റെ കഷ്ടാനുഭവവും ക്രൂശികരണവും കഴിഞ്ഞ് മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റവന് പിന്നെയും അതേ ശരീരമാണെന്ന് പറയാൻ ഒരു ന്യായവുമില്ല.
യേശുവും തോമാസും: തോമാസിനോട് യേശു പറയുന്നത്; “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക.” (യോഹ, 20:27). എടുദിവസംമുമ്പ് യേശു ആദ്യമായി ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുമ്പോൾ തോമാസില്ലായിരുന്നു. മറ്റു ശിഷ്യന്മാർ പറഞ്ഞത് അവൻ വിശ്വസിച്ചുമില്ല. അതിനാലാണ് നീ വിരലിട്ട് നോക്കാൻ യേശു പറഞ്ഞത്. എന്നാൽ തോമാസിൻ്റെ പ്രതീകരണം ശ്രദ്ധേയമാണ്. അവൻ യേശുവിനോടു: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 20:28). യേശുവിൻ്റെ ജനനംമുതൽ മരണംവരെ അവനെ ദൈവമെന്ന് ആരെങ്കിലും വിളിക്കുകയോ, താൻതന്നെ ദൈവമാണെന്ന് പറയുകയോ ചെയ്തില്ല. തോമാസാണ് യേശുവിനെ ആദ്യമായി ദൈവമെന്ന് വിളിക്കുന്നത്. തോമാസിൻ്റെ അവിശ്വാസം മനുഷ്യരുടെ മുമ്പിൽ ലജ്ജാകരമായിരിക്കാം. പക്ഷെ, ദൈവത്തിൻ്റെ മുമ്പിൽ അതാവശ്യമായിരുന്നു. പൗലൊസ് പറയുന്നു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). എന്നാൽ യേശുവിനെ ആദ്യം അവിശ്വസിച്ച തോമാസ് ഇപ്പോൾ പറയുന്നു: ദൈവവും കർത്താവും അഥവാ ക്രിസ്തുവും ഒരുവനാണെന്ന്. (20:28). തോമാസിന് എങ്ങനെയായിരിക്കും അത് മനസ്സിലായത്? കൈകളും കാലുകളും തുളയ്ക്കപ്പെട്ട ഒരുവനെ സങ്കീർത്തനം 22-ാം അദ്ധ്യായത്തിൽ കാണാം. മനുഷ്യരുടെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവൃത്തിക്കുന്ന അവൻ്റെ പേരും ഒടുവിൽ എഴുതിവെച്ചിട്ടുണ്ട്: “ഒരു സന്തതി (ഭാവിതലമുറകൾ) അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു യഹോവ നിവർത്തിച്ചിരിക്കുന്നു എന്നു യഹോവയുടെ നീതിയെ വർണ്ണിക്കും.” (സങ്കീ, 22:30,31). ഈ സങ്കീർത്തനമാണ് ക്രൂശിലെ ആറാമത്തെ മൊഴി: “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” (യോഹ, 19:30). കൈകാൽകളിലെ ആണിപ്പഴുതുകൾ കണ്ടപ്പോൾ തോമാസിന് ഒരുകാര്യം മനസ്സിലായി: യിസ്രായേലിൻ്റെ രാജാവായ യഹോവ തന്നെയാണ് (യോഹ, 1:49) തങ്ങളുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:5,6). തോമാസാണോ അവിശ്വാസി; ഇന്നും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളാണോ അവിശ്വാസികൾ?
പുനരുത്ഥാനശേഷമുള്ള പ്രത്യക്ഷതകൾ: പുനുരുത്ഥാനശേഷം യേശുവിൻ്റെ പന്തിമൂന്ന് പ്രത്യക്ഷതകളാണ് പറഞ്ഞിട്ടുള്ളത്. 1. (മർക്കൊ, 16:9; യോഹ, 20:14-17). 2. (മത്താ, 28:8-10). 3. (1കൊരി, 15:3,4; ലൂക്കോ, 24:34). 4. (മർക്കൊ, 16:12; ലൂക്കൊ, 24:13-35). 5. (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24; 1കൊരി, 15:5). 6. (യോഹ, 20:26). 7. (യോഹ, 21:1; യോഹ, 21:14). 8. (1കൊരി, 15:6). 9. (1കൊരി, 15:7). 10. (1കൊരി, 15:7). 11. (പ്രവൃ, 7:56). 12. (1കൊരി, 15:8; പ്രവൃ, 9:17). 13. (വെളി, 1:12-17). അതിൽ നാം ചിന്തിക്കുന്ന രണ്ട് ഭാഗങ്ങളിലും, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കാണുന്നതും, യോഹന്നാൻ പത്മൊസിൽ കാണുന്നതും പ്രത്യക്ഷത എന്നെഴുതിയിട്ടില്ല, ബാക്കിയുള്ള ഒൻപത് പ്രാവശ്യവും ‘പ്രത്യക്ഷത’ എന്നുതന്നയാണ് പറഞ്ഞിരിക്കുന്നത്. സ്വർഗ്ഗാരോഹണത്തിനു മുമ്പ് പത്ത് പ്രത്യക്ഷതകളും, ശേഷം മൂന്ന് പ്രത്യക്ഷതകളുമാണുള്ളത്. സ്തെഫാനോസിനും പൗലോസിനും യോഹന്നാനും സ്വർഗ്ഗാരോഹണ ശേഷമാണ് പ്രത്യക്ഷമായത്. എമ്മുസിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷമായെന്നും (മർക്കൊ, 16:12) അപ്രത്യക്ഷമായെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:31). കൂടാതെ, ബൈബിളിൽ പറഞ്ഞിരിക്കുന്നതിലും അധികം പ്രത്യക്ഷതകൾ ഉണ്ടായിരുന്നു എന്ന സൂചനകളും കാണുന്നുണ്ട്. പ്രവൃ, 26:16; 1:2,3; 13:31). എന്നാൽ ഇവിടെയൊരു കാര്യം ശ്രദ്ധേയമാണ്. സ്സർഗ്ഗാരോഹണത്തിനു മുമ്പുള്ള പത്ത് പ്രത്യക്ഷതകളിൽ ഒരിടത്തും യേശുവിനെ അതിമഹത്വത്തോടെ ആരും ദർശിച്ചതായി പറയുന്നില്ല. സ്വർഗ്ഗാരോഹണശേഷമുള്ള പ്രത്യക്ഷതകളിൽ, സ്തെഫാനോസ് മരണസമയത്താകയാൽ യേശുവിനെ പ്രഭാവത്തോടെ ആണോ അല്ലയോ കണ്ടതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ യേശു പൗലൊസിനു പ്രത്യക്ഷനായത്; “നട്ടുച്ചെക്കു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചത്തോടെയാണ് (പ്രവൃ, 26:13). ഇതുതന്നെയാണ് യോഹന്നാൻ്റെ വിവരണവും: “അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.” (വെളി, 1:16). ഇതുപോലൊരനുഭവം സ്വർഗ്ഗാരോഹണത്തിനു മുമ്പ് ആർക്കുമില്ലാത്തതിനാൽ താൻ പൂർണ്ണമഹത്വത്തിൽ പ്രത്യക്ഷനായത് ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്ത ശേഷമാണെന്ന് മനസ്സിലാക്കാം. എന്നാൽ സ്വർഗ്ഗാരോഹണത്തിനു മുമ്പും ദൈവമായിട്ടുതന്നെ പ്രത്യക്ഷനായവനു കേവലം ജഡശരീരമാണെന്ന് കരുതാൻ യാതൊരു നിർവ്വാഹവുമില്ല. രൂപാന്തരപ്പെട്ടതും തേജസ്ക്കരിക്കപ്പെട്ടതുമായ ശരീരത്തോടെ തന്നെയാണ് യേശു ഉയിർത്തത്. പഴയനിയമത്തിൽ യഹോവയുടെ തേജസ്സ് കണ്ണാലെകണ്ട യെശയ്യാവ് “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു” എന്നും, യെഹെസ്ക്കേൽ കവിണ്ണുവീഴുകയും (1:28), പൗലൊസ് നിലത്തുവീണ് അന്ധനാകുകയും (പ്രവൃ, 26:14), യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീഴുകയാണ് ചെയ്തത്. (വെളി, 1:17). ദൈവത്തെ മഹത്വത്തോടെ കണ്ട എല്ലാവർക്കും ഏകദേശം ഒരനുഭവമായതിനാൽ കണ്ടത് ഒരാളെത്തന്നെയാണെന്നും വ്യക്തമാണ്. തേജസ്സിൻ്റെ കർത്താവിനെയാണ് അവർ അറിയാതെ ക്രൂശിച്ചതെന്നുള്ള പൗലൊസിൻ്റെ വാക്കുകളും (1കൊരി, 2:8). യെശയ്യാവ് കണ്ടത് യേശുവിൻ്റെ തേജസ്സാണെന്നുള്ള യോഹന്നാൻ്റെ വാക്കുകളും (യെശു, 6:1-3; യോഹ,12:41) യഹോവയും യേശുവും ഒരാളാണെന്ന വസ്തുതയെ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (കാണുക: യിസ്രായേലിൻ്റെ പദവികൾ)
യേശുവെന്ന പരിശുദ്ധ മനുഷ്യൻ: യേശു ജഡത്തിൽ ദൈവമല്ലായിരുന്നു; പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പേ ഇല്ലായിരുന്നു; സ്വർഗ്ഗരോഹണത്തിനു ശേഷവുമില്ല. പിന്നെ, പഴയനിയമത്തിൽ ഉണ്ടായിരുന്നതെന്താണ്? യേശുക്രിസ്തു അഥവാ യേശുവെന്ന അഭിക്ത മനുഷ്യനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. പിന്നെ യേശു അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44). മനുഷ്യരെല്ലാം പാപികളായതിനാൽ (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു പാപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇപ്പോൾ സ്വർഗ്ഗത്തിൽ ഉള്ളതാരാണ്? ഏകസത്യദൈവമാണുള്ളത്. പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. എന്നാൽ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:32; 14:23; 16:32). വാഗ്ദത്തംപോലെ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; യിരെ, 31:31-34; എബ്രാ, 8:8-11) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികളായി മാറുകയും (മത്താ, 28:19) ദൈവത്തിൻ്റെ പേര് യേശുക്രിസ്തു എന്നാകുകയും ചെയ്തു. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. ഒ.നോ: ലൂക്കൊ, 1:32,33; യോഹ, 1:49; വെളി, 19:16).
പഴയനിയമത്തിലെ തെളിവ്: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ യഹോവ, അവൻ അപ്പവും കാളയിറച്ചിയും പാകം ചെയ്യുന്നതുവരെ കാത്തിരിക്കുകയും, പാലും വെണ്ണയുമൊക്കെ കൂട്ടി അതൊക്കെ ഭക്ഷിച്ചശേഷം ഒരു ദീർഘസംഭാഷണവും കഴിഞ്ഞശേഷമാണ് മടങ്ങിപ്പോയതെന്ന് കാണാൻ കഴിയും. അത്രയും സംഭവങ്ങങ്ങൾ അരങ്ങേറാൻ, കുറഞ്ഞത് അഞ്ചാറുനാഴിക വേണം. അത്രയും സമയം സ്വർഗ്ഗം കാലിയായിരുന്നെന്ന് ആരും പറയില്ലല്ലോ? അതിനെയാണ് പ്രത്യക്ഷതയെന്ന് പറയുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” എന്നാൽ ത്രിത്വം പഠിപ്പിക്കുന്നത്. ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രൻ അവതരിച്ചുവെന്നാണ്. “അവതാരമെന്നാൽ, തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” അത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. അവൻ ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഉള്ളവനല്ല. (യാക്കോ, 2:19). “തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ.” (he cannot deny himself: 2തിമൊ, 2:13). അവിടെ തൻ്റെ വിശ്വസ്തയെക്കുറിച്ചാണ് പറയുന്നതെങ്കിലും, ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപമോ ഗുണങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 2:19). പിന്നെങ്ങനെ അവതരിച്ച് മനുഷ്യനാകും? താൻ സർവ്വശക്തനാകയാൽ ഇച്ഛിക്കുന്നവരുടെ മുമ്പിൽ ഏത് രൂപത്തിലും പ്രത്യക്ഷനാകാൻ കഴിയുമെന്നിരിക്കെ, തൻ്റെ പ്രകൃതിക്ക് വിരുദ്ധമായി അവതരിക്കാൻ എങ്ങനെ കഴിയും? പ്രത്യക്ഷതയാണ് പഴയനിയമത്തിൽ തെളിവുള്ളതും പുതിയനിയമത്തിൽ ക്രിസ്തുവെന്ന പരിശുദ്ധ മനുഷ്യനോടു ബന്ധപ്പെട്ട വസ്തുതയും. ക്രിസ്തുവിൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തെ വാക്യം: യോഹന്നാൻ സ്നാപകൻ സ്നാനത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നതാണ്. (യോഹ, 1:31). ബാക്കി ഒൻപത് വാക്യങ്ങളും യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്നതാണ്. (യോഹ, 12:38; 1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടുമില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി മാറുമോ? അപ്പോൾ ഒരു ചോദ്യംവരും: യേശു അപ്രത്യക്ഷമായി എന്നല്ലല്ലോ; സ്വർഗ്ഗാരോഹണം ചെയ്തതല്ലേ? ശരിയാണ്. (പ്രവൃ, 1:9). അബ്രാഹാമിൻ്റെ അടുക്കൽ യഹോവ പ്രത്യക്ഷനായി എന്നാണ് ഉല്പത്തി 18:1-ൽ പറയുന്നത്. എന്നാൽ അഞ്ചാറുനാഴികയിലേറെ അവൻ്റെയടുക്കൽ ചിലവഴിച്ചശേഷം മടങ്ങിപ്പോകുമ്പോൾ, അപ്രത്യക്ഷനായി എന്നല്ല, അവിടെയും പറഞ്ഞിരിക്കുന്നത്. “യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.” (ഉല്പ, 18:33). ‘യഹോവ അവിടെനിന്നു പോയി’ എന്നു പറയുന്നതും, യേശു സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി എന്നു പറയുന്നതും ഒരുപോലെയല്ലേ? അപ്രത്യക്ഷനായെന്ന് പറയുന്നതിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണത്. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായി അഞ്ചാറുനാഴിക ചിലവഴിച്ച യഹോവ അപ്രത്യക്ഷമായശേഷം മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ അടുക്കലുണ്ടെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് അറിവുകേടല്ലാതെ മറ്റെന്താണ്? അപ്പോൾ ശുശ്രൂഷയടുള്ള ബന്ധത്തിൽ 33½ വർഷക്കാലം പ്രത്യക്ഷനായി ഭൂമിയിൽ നിന്നവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി എങ്ങനെ സ്വർഗ്ഗത്തിൽ ഉണ്ടാകും? പുത്രനെന്നത് ഏകദൈവത്തിൻ്റെ പദവിയാണെന്നറിയാതെ, മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിലുണ്ടെന്ന് പറയുന്നവർ ഏതാത്മാവിലാണത് പറയുന്നത്? ഞാൻ തന്നേ പിതാവ് (യോഹ, 8:24,28), ഞാനും പിതാവും ഒന്നാകുന്നു (10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? (14:9). ക്രിസ്തുവിൻ്റെ ഈ മാറ്റമില്ലാത്ത പ്രസ്താവനകൾ ഡെമോക്ലീസിൻ്റെ വാളുപോലെ തലമേൽ തൂങ്ങിക്കിടക്കുമ്പോഴാണ്, പിതാവും പുത്രനും ഒന്നല്ല; വ്യത്യസ്ത വ്യക്തികളാണെന്ന് പറയുന്നത്.
ജഡത്തിൽ വെളിപ്പെട്ടതാരാണ്: യേശു ആരാണെന്നല്ല; ജഡത്തിൽ വരുന്നതിനുമുമ്പേ അവൻ ‘ആരായിരുന്നു’ എന്നറിയാത്തതാണ്, ജഡശരീരം തന്നെയാണ് പുനരുത്ഥാന ശരീരമെന്നും തെറ്റിദ്ധരിക്കാൻ കാരണം. അവൻ ജഡത്തിൽ വെളിപ്പെട്ട സർവ്വശക്തനായ യഹോവയാണ്. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (വെളി, എബ്രാ, 13:8). അല്ഫയും ഒമേഗയും (വെളി, 21:6; 22:13), ആദിയും അന്തവും (വെളി, 21:6; 22:13), ആദ്യനും അന്ത്യനും (വെളി, 1:17; 2:8), ഒന്നാമത്തവനും (വെളി, 22:13) ആയ സർവ്വശക്തനായ ദൈവത്തെ (വെളി, 19:16) ത്രിത്വത്തിൽ രണ്ടാമനാക്കിയവരാണ്, ദൈവപുത്രൻ ജഡശരീരത്തിലാണ് ഉയിർത്തതെന്നും അങ്ങനെതന്നെയാണ് സ്വർഗ്ഗത്തിലുള്ളതെന്നും പറയുന്നത്. മനുഷ്യപുത്രൻ വീണ്ടുംവരുമെന്ന് പറഞ്ഞിരിക്കുന്നതും ഇവരുടെ അന്ധവിശ്വാസത്തിന് ആക്കംകൂട്ടുന്നു. ദൈവപുത്രൻ, മനഷ്യപുത്രൻ, ഏകജാതൻ, ആദ്യജാതൻ, വഴി, വാതിൽ, മുന്തിവള്ളി, മൂലക്കല്ല്, ഇടർച്ചക്കല്ല്, തടങ്ങൽപ്പാറ തുടങ്ങിയയവയെല്ലാം ജഡത്തിൽ വെളിപ്പെട്ട മഹാദൈവം എടുത്ത പദവികൾ മാത്രമാണെന്ന് ഇക്കൂട്ടർ ഇതുവരെ അറിഞ്ഞിട്ടില്ല. ജഡത്തിൽ ഒരിക്കൽ പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയപോലെ (എബ്രാ, 9;26), വീണ്ടും മനുഷ്യപുത്രനായി അവൻ പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്. (എബ്രാ, 9:28). സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യത്തിൽ മഹത്വത്തിൽ വസിക്കുന്ന ദൈവവും പിതാവുമായ ഏകവ്യക്തിയെ നമുക്കുള്ളു. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). അവൻ തന്നെയാണ് മനുഷ്യനായി പ്രത്യക്ഷനായി പാപരിഹാരം വരുത്തി തിരികെ തൻ്റെ മഹത്വത്തിൽ പ്രവേശിച്ചത്. ഈ അറിവ് എല്ലാവർക്കുമില്ല. എല്ലാവരും ഏകസത്യദൈവത്തെ അവൻ്റെ വചനത്തിലൂടെ അറിയാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.