പാറയും പത്രൊസും

പാറയും പത്രൊസും

“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18). 

യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:

പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം സമകാലിക പരിഭാഷയിൽ പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്. 

പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല.  ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ. 

ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്?

¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മ്മതാ, 16:16-18).

18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 2:4,7). പൗലൊസ് പറയുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).

പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ആത്മീയമായി ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). അതായത്, ക്രിസ്തുവാകുന്ന പാറമേൽ പണിയപ്പെട്ട ദൈവസഭയുടെ അടിസ്ഥാനത്തിൽ മൂലക്കല്ലായ ക്രിസ്തുവിനൊപ്പം പത്രൊസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഒരുപോലെ പങ്കുണ്ടെന്നല്ലാതെ, പത്രൊസിന് മാത്രമായി ഒരു വിശേഷതയും കല്പിച്ചിട്ടില്ല. ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). തന്നിൽ വിശ്വസിക്കാത്തവർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായുമാണ്. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).

പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.

ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46).

ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണോ?

☛ ❝ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെൿ രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേം രാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.❞ (എബ്രാ, 7:1-3). ➟പല വ്യാഖ്യാതാക്കളും തെറ്റായ ഉപദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണിത്. ➟ചിലർ മൽക്കീസേദെക്ക് യേശുവിൻ്റെ പഴയനിയമ പ്രത്യക്ഷതയാണെന്ന് വരെ വാദിക്കാറുണ്ട്.  ➟ഈ വേദഭാഗത്ത്, ❝മൽക്കീസേദെക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു❞ എന്ന് പറഞ്ഞിരിക്കയാണൽ, യഥാർത്ഥത്തിൽ അവന് പിതാവും മാതാവുമില്ലെന്നും, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും പലരും വിചാരിക്കുന്നു. ➟നമുക്കത് വിശദമായി പരിശോധിക്കാം:

മൽക്കീസേദെക്ക്:
➦ മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു: (ഉല്പ, 14:18; എബ്രാ, 7:1). ➟ശാലേം (Salem) എന്ന വാക്കിനർത്ഥം ❛സമാധാനം❜ (Peace) എന്നാണ്: (സങ്കീ, 29:11). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്: (സങ്കീ, 76:2). ➟മൽക്കീസേദെക്കെന്ന പേരിന് ❛നീതിയുടെ രാജാവു❜ (King of righteousness) എന്നാണർത്ഥം; ➟ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ, സമാധാനരാജ്യത്തെ രാജവാകയാൽ ❛സമാധാനത്തിന്റെ രാജാവു❜ (King of peace) എന്നും പേരിനർത്ഥം വന്നു: (എബ്രാ, 7:2).

➦ മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശ്യമായിട്ടാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്: (എബ്രാ, 7:14-16 ⁃⁃ 5:6,10; 6:20; 7:11,16,17). ➟യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. ➟മൽക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്: (എബ്രാ, 7:4). ➟യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന് ദശാംശം കൊടുത്തതായി കാണാം: (ഉല്പ, 14:18-20 ⁃⁃ എബ്രാ, 7:1).

അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല: 
➦ അവന് പിതാവും മാതാവും ഇല്ലെന്ന് പറഞ്ഞാൽ എന്താണതിനർത്ഥം❓ ➟അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നല്ല; ➟അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. 

ജീവാരംഭവും ജീവാവസാനവുമില്ല: 
➦ ആരംഭവും അവസാനവും ഇല്ലാത്തത് ഏകദൈവത്തിന് മാത്രമാണ്: (സങ്കീ, 90:2). ➟മല്ക്കസേദെക്ക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; ➟അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. ➟അതായത്, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. ➟അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. ➟യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിന് വളര് മുമ്പ് ജീവിച്ചിരുന്ന മനുഷ്യനാണ് മൽക്കീസേദെക്ക്. ➟അല്ലാതെ, മൽക്കീസേദെക്ക് അപ്പനും അമ്മയും ഇല്ലാത്ത ഒരു അമാനുഷിക ജീവിയൊന്നുമല്ല.

അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: 
➦ ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക്ക് ദൈവപുത്രന് തുല്യനായത്❓ ➟പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ക്രിസ്തുവിൻ്റെയും പേരില്ല; അതാണവരുടെ തുല്യത: (എബ്രാ, 7:3). ➟ രാജകീയ ഗോത്രമായ യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) ➟മല്ക്കീസേദെക്ക് ഏതോ ഒരു വംശത്തിലുമാണ് ജനിച്ചത്. ➟യെഹൂദന്മാരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യ വംശാവലി. ➟അതിൽ അവരുടെ ലേവ്യപുരോഹിതനായ പിതാവിൻ്റെയും മാതാവിൻ്റെയും പേരുണ്ടാകും. ➟അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും. ➟പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്. ➟അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. ➟യേശു എന്ന് പേരുള്ള മനുഷ്യൻ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായും പാപരഹിതനായും ഉല്പാദിതമായവനാണ് (യോഹ, 9:11 ⁃⁃ 1തിമൊ, 3:16; 1പത്രൊ, 1:20 ⁃⁃ മത്താ, 1:18-20; ലൂക്കൊ, 2:21; 1യോഹ, 3:5) ➟മെൽക്കീസേദെക്ക് ആരുടെയോ പുത്രനായി പ്രകൃതിദത്തമായി ജനിച്ച മനുഷ്യനാണ്: (ഉല്പ, 14:18).

വംശാവലിരേഖ:
➦ യെഹൂദന്മാർ മൂന്നുതരത്തിലുള്ള വംശാവലിരേഖ സൂക്ഷിക്കാറുണ്ട്.
❶ രാജകീയ വംശാവലി (Royal Genealogy): ➟ഇത് ആദ്യത്തെ എബ്രായനും യെഹൂദജാതിയുടെ പൂർവ്വപിതാവുമായ അബ്രാഹാം മുതൽ ദാവീദ് രാജാവ് വഴിയുള്ള രാജാക്കന്മാരുടെ വംശാവലിയാണ്. ➟അതാണ് മത്തായി സുവിശേഷത്തിൽ കാണുന്നത്: (1:16)
❷ പുരോഹിത വംശാവലി (Priestly Genealogy): ➟ഇത് പുരോഹിതനായ അഹരോൻ മുതലുള്ള വംശാവലി രേഖയാണ്. ➟മോശെയെ പുരോഹിതൻ എന്ന് സങ്കീർത്തകൻ വിശേഷിപ്പിച്ചിട്ടുണ്ട്: (99:6). ➟അഹരോനെയും മക്കളെയും പുരോഹിതന്മാരായി അഭിഷേകം ചെയ്തത് മോശെയായിരുന്നു (ലേവ്യ, 8:10-13). ➟ഒരു പുരോഹിതനെ അഭിഷേകം ചെയ്യാൻ അതിലും വലിയൊരു പുരോഹിതന് മാത്രമേ കഴിയൂ. ➟ആ അർത്ഥത്തിൽ അഹരോൻ ചുമതലയേൽക്കുന്നതിന് മുമ്പ് മോശെയായിരുന്നു ആ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. ➟എങ്കിലും യെഹൂദന്മാരുടെ പൗരോഹിത്യ വംശാവലിയിൽ അഹരോനും അവൻ്റെ തലമുറകളുമാണുള്ളത്.
❸ പൊതു വംശാവലി (General Genealogy): ➟ഇത് യിസ്രായേലിലെ 12 ഗോത്രങ്ങളിൽ ഉള്ളവരുടെ വംശാവലിരേഖയാണ്. ➟അതാണ് ലൂക്കൊസിൽ കാണുന്നത്: (ലൂക്കൊ. 3:23-38). ➟ഓരോരുത്തരും ഏതിലാണ് തങ്ങൾ ഉൾപ്പെടുന്നത് എന്ന് തെളിയിക്കാനുള്ള രേഖയാണിത്. ➟യഹൂദ നിയമപ്രകാരം കനാൻ ദേശത്തെ ഭൂമി ഓരോ ഗോത്രത്തിനും കുടുംബത്തിനും വീതിച്ചു നൽകിയതായിരുന്നു. ➟ഈ ഭൂമി കൈവിട്ടു പോകാതിരിക്കാനും അവകാശ തർക്കങ്ങൾ പരിഹരിക്കാനും ഈ രേഖകൾ അത്യാവശ്യമായിരുന്നു.

➦ യെരൂശലേമിലെ ദൈവാലയത്തിലും (Temple) യഹൂദന്മാരുടെ പരമോന്നത നീതിന്യായ സഭയായ സൻഹെദ്രിൻ്റെ (Sanhedrin) കാര്യാലയത്തിലും ഇതിന്റെയെല്ലാം ഔദ്യോഗിക പകർപ്പുകൾ സൂക്ഷിച്ചിരുന്നു. ➟റോമൻ ചരിത്രകാരനായ ജോസീഫസ് (Josephus) തന്റെ പുസ്തകങ്ങളിൽ ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന ഈ വംശാവലി രേഖകളെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്.

ഏലീയാവ്:
➦ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ, ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ഏലീയാവ്. ➟ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത പ്രവാചകൻ: (1രാജാ, 17:1; 2രാജാ, 2:11). ➟യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യവംശാവലിയും. ➟യെഹൂദനെന്ന നിലയിൽ ഏലീയാവിന് പൊതുവായ വംശാവലിയുണ്ടാകും. ➟പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. ➟എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലും അവനില്ല. ➟അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ➟അതായത്, മൽക്കീസേദെക്കും യേശുവും പുരോഹിതന്മാരാണ്. ➟എന്നാൽ ലേവ്യാപൗരോഹിത്യ വംശാവിലിയിൽ അവനെക്കുറിച്ച് ഒരു വിവരവുമില്ല; ➟അതാണ് എബ്രായലേഖകൻ ദൈവപുത്രൻ്റെ പൗരോഹിത്യം അവൻ്റെ പൗരോഹിത്യത്തിന് തുല്യമായി പറയാൻ കാരണം. 

യേശുവിൻ്റെ പിതാവും മാതാവും:
➦ ദൈവപുത്രന് തുല്യമായി പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. ➟എന്നാൽ നമ്മുടെ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (യോഹ, 1:45) മാതാവും (മത്താ, 2:11) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് തുല്യനാകും❓

➦ ഒന്നല്ല; രണ്ട് വംശാവലിയാണ് യേശുവിന് പറഞ്ഞിരിക്കുന്നത്: (മത്താ, 1:16 ⁃⁃ ലൂക്കൊ, 3:23-38). ➟യോസേഫ് യേശുവിൻ്റെ വളർത്തച്ഛനാണ്. ➟എന്നിരുന്നാലും യേശുവിനെ യോസേഫിൻ്റെ മകൻ എന്നും അവനെ യേശുവിൻ്റെ അപ്പൻ എന്നുമാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്: (യോഹ, 1:45 ⁃⁃ ലൂക്കൊ, 2:48). ➟❛അപ്പൻ❜ (Father) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ❛Pater❜ ആണ്. ➟ഇത് സ്വർഗ്ഗീയ പിതാവിനെയും മനഷ്യരുടെ യഥാർത്ഥ അപ്പനെയും അഭിന്നമായി വിശേഷിപ്പിക്കുന്ന പുല്ലിൽ നാമപദം (Masculine Noun) ആണ്: (മത്താ, 5:16 ⁃⁃ മത്താ, 4:21). ➟യോസെഫിൻ്റെ മകൻ യേശുവിൻ്റെ അപ്പൻ എന്നിങ്ങനെ 10 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟വിശേഷാൽ, മറിയ അവനെ 10 മാസം വയിറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ച അവളുടെ ആദ്യജാതനാണ് യേശു: (ലൂക്കൊ, 2:7). ➟യോസേഫാകട്ടെ ജോലിചെയ്ത് അവനെ വളർത്തിയ അവൻ്റെ അപ്പനും: (യോഹ, 1:45). ➟അതിനാൽ യേശുവിന് വംശാവലി ഇല്ലെന്നോ, അപ്പനും അമ്മയും ഇല്ലെന്നോ എങ്ങനെ പറയും❓

എബ്രായലേഖകൻ്റെ വിഷയം:
➦ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ് എബ്രായർ ഏഴാം ആദ്ധ്യായത്തിൻ്റ പ്രധാന വിഷയം: (7:17). ➟മൽക്കീസേദെക്കിൻ്റെയും യേശുവിൻ്റെയും തുല്യതയെന്ന് പറയുന്നതും: ➟വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ➟ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. ➨❝ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.❞ (മത്താ, 24:4)

മറ്റൊരു കാര്യസ്ഥൻ

മറ്റൊരു കാര്യസ്ഥൻ

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16,17)

ത്രിത്വത്തിനു തെളിവായിട്ടാണ് അനേകർ മേല്പറഞ്ഞ വാക്യത്തെ മനസ്സിലാക്കുന്നത്. ബൈബിളിൻ്റെ മൗലിക ഉപദേശമാണ് ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത്. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നു മാത്രമല്ല പറയുന്നത്; അവൻ അനന്യനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനും കൂടിയാണ്. (എബ്രാ, 13:8; യാക്കോ, 1:17). അനന്യനെന്നാൽ എതിരറ്റ, ഒന്നിലധികമില്ലാത്ത, തുല്യമായി മറ്റൊന്നില്ലാത്ത എന്നൊക്കെയാണർത്ഥം. ഗതിഭേദത്താലുള്ള ആഛാദനം ഇല്ലെന്നു പറഞ്ഞാൽ; തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനെന്നർത്ഥം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയാത്തവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ഒരിക്കലും അറിയാൻ കഴിയില്ല. ദൈവം ഏകനെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയും കൂടിയാണ്. (ആവ, 6:4). പഴയനിയമഭാഷയിൽ പറഞ്ഞാൽ അതൊരു അടയാളമായി കൈയ്യിലോ, പട്ടമായി നെറ്റിയിലോ അണിയേണ്ട സത്യമാണ്. (ആവ, 6:8). എങ്കിലും ഏതോ മിഥ്യാധാരണയിൽ ദൈവം ഒന്നിലേറെ വ്യക്തികളാണെന്ന് അനേകം ക്രൈസ്തവർ വിശ്വസിക്കുന്നു. 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും: ഇവിടെ രണ്ട് വ്യക്തികളുണ്ടല്ലോ? ഉണ്ട്. അപ്പോൾ ത്രിത്വത്തിന് തെളിവല്ലേ? അല്ല. എന്തുകൊണ്ടാണ്? ദൈവം ത്രിത്വമല്ല; ഏകനാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 17:3; 1കൊരി, 6:6; എഫെ, 6:4). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായദൈവമെന്നോ, പുത്രൻ ദൈവമാണെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ നമുക്കെങ്ങനെ അവിശ്വസിക്കാൻ കഴിയും? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായ പുത്രനാണ് “ഞാൻ പിതാവിനോട് ചോദിക്കും” എന്നു പറയുന്നത്. യേശുക്രിസ്തു ജഡത്തിൽ ദൈവം ആയിരുന്നില്ല. (യോഹ, 1:1). പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാത്ത ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു. അഭിഷിക്തനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. (മത്താ, 1:16; പ്രവൃ, 10:38). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി തന്നെത്താൻ യാഗമായത് ക്രിസ്തുയേശുവെന്ന മനഷ്യനാണ്. (1തിമൊ, 2:5,6). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ 38 വർഷം (ബി.സി. 6 – എ.ഡി. 33) പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും പ്രത്യക്ഷനായി ജീവിച്ച് മരിച്ചുയിർത്തവൻ ‘ആരാകുന്നു‘ എന്ന് ചോദിച്ചാൽ; പാപമറിയാത്ത മനുഷ്യനാകുന്നു. അവൻ ‘ആരായിരുന്നു‘ എന്ന് ചോദിച്ചാൽ; യഹോവയായ ദൈവം ആയിരുന്നു. (യോഹ, 1:1; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ജഡത്തിൽ മനുഷ്യൻ മാത്രമായ യേശുവിൻ്റെകൂടെ സ്നാനംമുതൽ ദൈവമിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38).

പിതാവ് തന്നോടു കൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (8:16-19; 8:29; 14:23; 16:32). പിതാവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്നു പറയുന്നത് ഒരു മനുഷ്യനാണ്. യേശുവ്ന്ന മനുഷ്യൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുന്ന അദൃശ്യദൈവത്തെയും ചേർത്താണ് ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല (I am not alone) എന്നു പറയുന്നത്. അതിനാൽ, രണ്ട് വ്യക്തികൾ അവിടെ ഉണ്ടെന്നല്ലാതെ, ദൈവത്തിനോ യേശുവെന്ന മനുഷ്യനോ ബഹുത്വമുണ്ടാകുന്നില്ല. പെന്തെക്കൊസ്തിനുശേഷം ശിഷ്യന്മാരിൽ ആരൊടെങ്കിലും ചോദിച്ചാൽ അവനും ഇതുതന്നെ പറയുമായിന്നു: ദൈവം എൻ്റെകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അതുകൊണ്ട് ദൈവത്തിനോ അപ്പൊസ്തലനൊ ബഹുത്വമുണ്ടാകുമോ? ഇന്ന് ഭക്തനായ ഏതൊരു മനുഷ്യനോട് ചോദിച്ചാലും അവനും പറയും; ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അവിടെയും ദൈവത്തിനും മനുഷ്യനും ബഹുത്വമില്ല; ദൈവവും ഏകനാണ്, മനുഷ്യനും ഏകനാണ്. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നുണ്ട്. (യോഹ, 14:23). ഇവിടെയൊന്നും ദൈവത്തിൻ്റെ ബഹുത്വമല്ലല്ലോ വിവക്ഷിക്കുന്നത്? അവിടെ ദൈവത്തിന് ബഹുത്വമുണ്ടെന്നോ മനുഷ്യന് ബഹുത്വമുണ്ടെന്നോ അർത്ഥമില്ല. ഒരു ദൈവവും ഒരു മനുഷ്യനും അഥവാ മനുഷ്യൻ ദൈവത്തെയും ചേർത്താണ് ഞങ്ങളെന്ന് പറയുന്നത്. ദൈവവും മനുഷ്യനും ചേർന്നാൽ; രണ്ടു വ്യക്തികളാകും എന്നല്ലാതെ, ദൈവത്തിനോ മനുഷ്യനോ തന്നിൽതന്നെ ബഹുത്വമുണ്ടാകുന്നില്ല. അതായത്, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി മനുഷ്യനായി പ്രത്യക്ഷനായി നില്ക്കുന്ന 38 വർഷം ദൈവവും മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായപ്പോൾ അഥവാ സ്വർഗ്ഗാരോഹണം ചെയ്തശേഷം മനുഷ്യവ്യക്തി പിന്നെയില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? രക്ഷാകരപ്രവൃത്തി പൂർത്തിയായശേഷം; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകസത്യദൈവത്തിൻ്റെ വെളിപ്പാടുകളും (മത്താ, 28:19) യേശുക്രിസ്തു എന്നത് ഏകദൈവത്തിൻ്റെ നാമവുമായി മാറി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). യേശുവിനെ യഥാർത്ഥമായി അറിയണമെങ്കിൽ ക്രിസ്തുയേശു എന്ന ദൈവത്താൽ അഭിഷിക്തനായ മനുഷ്യനെയും (പ്രവൃ, 10:38), യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നേക്കും അനന്യനുമായ മഹാദൈവത്തെയും വേർതിരിച്ച് മനസ്സിലാക്കണം. (വെളി, 1:17; എബ്രാ, 13:8; തീത്തൊ, 2:12). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പെ ഇല്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. യേശുക്രിസ്തുവെന്ന മഹാദൈവം എന്നുമെന്നേക്കൂം ഉള്ളവനാണ്. ഒരു വ്യത്യാസമേയുള്ളു: അവൻ്റെ പഴയനിയമത്തിലെ പേര് യഹോവ എന്നായിരുന്നു. (1തിമൊ, 3:14-16). അഥവാ യഹോവയും യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. [കാണുക: ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും]

ജഡത്തിൽ പ്രത്യക്ഷനായി നിന്ന മനുഷ്യനും ദൈവപിതാവുമെന്ന രണ്ട് വ്യക്തിയെയും ചേർത്ത് ട്രിനിറ്റി ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുന്നു. പ്രത്യക്ഷനായി നില്ക്കുന്ന മനുഷ്യൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്നും, ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്നും അതിനാൽ, ദൈവം ത്രിത്വമാണെന്നും അവർ വിശ്വസിക്കുന്നു. ട്രിനിറ്റിയോട് പറയട്ടെ; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ കേവലം മുപ്പത്തെട്ടു വർഷമാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ഉണ്ടായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് അവനില്ലായിരുന്നു. ശുശ്രൂഷതികച്ച് അപ്രത്യക്ഷമായ ശേഷവും യേശുവെന്ന അഭിഷിക്തമനുഷ്യൻ മറ്റൊരു വ്യക്തിയായില്ല. പിന്നെയാരാണുള്ളത്? യേശുക്രിസ്തു എന്നു നാമമുള്ളവനും, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പദവികളുള്ളതുമായ ഏകദൈവമാണുള്ളത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വൺനെസ്സുകാരിൽ പലരും; ജഡത്തിൽ യേശുവിനെ മറ്റൊരു വ്യക്തിയായി മനസ്സിലാക്കുന്നില്ല. ദൈവത്തെയും ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യനും ഒരു വ്യക്തിയാണെന്ന് അവർ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ അനേകം വാക്യങ്ങളിൽ ദൈവപിതാവിനെയും യേശുവെന്ന മനുഷ്യനെയും രണ്ട് വ്യക്തികളായി പറഞ്ഞിട്ടുണ്ട്. പിതാവിനെ തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:22; യോഹ, 5:32,37; 8:16-19,29,54; 14:23; 15:24; 16:32). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും യേശു പറയുന്നതായി കാണാം. കൂടാതെ, പരിശുദ്ധാത്മാവിനെ “മറ്റൊരു കാര്യസ്ഥൻ” എന്ന് പറഞ്ഞിരിക്കുന്ന പോലെ, പിതാവിനെയും “മറ്റൊരുത്തൻ” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:32. ഒ.നോ: 5:37). സ്നാനസമയത്ത് തന്നെ അഭിഷേകംചെയ്ത് തൻ്റെകൂടെ വസിക്കുന്ന ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശു തന്നെ പറയുമ്പോൾ, അങ്ങനല്ലെന്ന് പറയാൻ എങ്ങനെ കഴിയും. (മത്താ, 3:16; പ്രവൃ, 10:38). സത്യത്തിനു വിരുദ്ധമായി നിങ്ങൾക്ക് വചനത്തെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പരിശുദ്ധമനുഷ്യൻ മാത്രമാണെന്ന വസ്തുതയും വൺനെസ്സുകാരിൽ പലരും വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ദൈവത്തിൻ്റെ യഥാർത്ഥ രക്ഷാകരപ്രവൃത്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ജഡത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. യേശുവിൻ്റെ സ്വർഗ്ഗാരോഹണശേഷം അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളായതു കൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ ഒരു വാക്യംകൂടി കാണുക: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ത്രിത്വം എന്തു വിചാരിക്കുന്നു: പത്രൊസിന് അറിയില്ലായിരുന്നോ, യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന്? യഹോവ തന്നെയാണ് യേശുക്രിസ്തു. യഹോവയുടെ പ്രത്യക്ഷതയാണ് ജഡത്തിൽ വെളിപ്പെട്ട മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ ക്രിസ്തു. ജഡത്തിൽ വന്ന ഈ അഭിഷിക്ത മനുഷ്യനാണ് പറയുന്നത്; “ഞാൻ പിതാവിനോടു ചോദിക്കും.” എന്തിനുവേണ്ടിയാണ് ചോദിക്കുന്നത്; പരിശുദ്ധാത്മാവെന്ന കാര്യസ്ഥനുവേണ്ടി.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും: കാര്യസ്ഥനെ കുറിക്കുന്ന പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്. നാലുപ്രാവശ്യം പരിശുദ്ധാത്മാവിനെ കുറിക്കാനും (യോഹ, 14:16,26; 15:26; 16:7), യേശുവിനെ കുറിക്കാൻ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. (1യോഹ, 2:1). മറ്റൊരു കാര്യസ്ഥൻ (another counselor): പരിശുദ്ധാത്മാവിനെയാണ് അവിടെ മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. മറ്റൊരു കാര്യസ്ഥനാടുള്ള ബന്ധത്തിൽ രണ്ടു ചോദ്യമുണ്ട്: ഒന്ന്; പരിശുദ്ധാത്മാവ് ആരാണ്?: ദൈവം ഏകാത്മാവായിരിക്കെ (യോഹ, 4:24), ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും (മത്താ, 12:28), കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞു. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,29; 16:32). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസ് പറയുന്നത്; ദൈവം യേശുവിനെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിട്ട് ദൈവമാണ് കൂടെയിരുന്നതെന്നാണ്. (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. അടുത്ത തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? ഇനിയുമുണ്ട് തെളിവ്: മറിയ ഗർഭിണിയായതും യേശുവെന്നു പേരുള്ള പരിശുദ്ധമനുഷ്യനെ പ്രസവിച്ചതും പരിശുദ്ധാത്മാവിലാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:18,20; ലൂക്കൊ, 1:35). പിതാവിനാലാണ് യേശു ജനിക്കുന്നതെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ജനിപ്പിക്കുന്നവനല്ലേ പിതാവ്? പിതാവും പരിശുദ്ധാത്മാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന മ്ലേച്ഛമായ ഉപദേശമല്ലേ ത്രിത്വം വിശ്വസിക്കുന്നത്? ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരുവ്യക്തി തന്നെയാണ്. ഇതാണ് ബൈബിളിൻ്റെ ഉപദേശം; ബാക്കിയെല്ലാം ദുരുപദേശങ്ങളാണ്. [കൂടുതൽ അറിയാൻ കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും]

രണ്ട്; പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനാകുന്നത് എങ്ങനെ?: ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെ തന്നെയായതുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ ‘മറ്റൊരു കാര്യസ്ഥൻ‘ എന്ന് പറയുന്നതുപോലെ (യോഹ, 14:16), പിതാവിനെയും ‘മറ്റൊരുത്തൻ‘ എന്ന് പറയുന്നതായി നാം മുകളിൽ ചിന്തിച്ചതാണ്. (യോഹ, 5:32,37). പിതാവിനെ അഥവാ പരിശുദ്ധാത്മാവിനെ മറ്റൊരു കാര്യസ്ഥനായി യേശു പറയുന്നത് എന്തുകൊണ്ടാണ്? യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം യേശു പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ വരുന്നതാരാണ്? യേശുക്രിസ്തു തന്നെയാണ് വരുന്നത്. പിന്നെന്തുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും ശിഷ്യന്മാരോടുകൂടെ വസിക്കാൻ തനിക്ക് കഴിയില്ല; എന്നാൽ മറ്റൊരു കാര്യസസ്ഥനായി; ആത്മാവെന്ന നിലയിൽ തനിക്ക് ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ കഴിയും. പതിനാറാം അദ്ധ്യായത്തിൽ ‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം’ എന്ന് പറയുന്നതും അതുകൊണ്ടാണ്. (യോഹ, 16:7). താൻ ശുശ്രൂഷ തികച്ച് പോയി മടങ്ങിവന്നാൽ; മറ്റൊരു കാര്യസ്ഥനായി എന്നേക്കും നിങ്ങളോടുകൂടെ ഉണ്ടാകും. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറയുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.

ഇതിനൊപ്പം ചിന്തിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്: ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഞാൻ എൻ്റെ സഭയെ പണിയും: പലരും പ്രസംഗിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ പണിതത്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തതാരാണ്? യഹോവയായ ദൈവം. (മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). യേശുവിനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഇല്ലെന്നും; ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവിയും (മത്താ, 28:19); യേശുക്രിസ്തുവന്നത് പേരുമായി മാറിയെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. (പ്രവൃ, (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വർഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമേ അന്നുമിന്നും എന്നേക്കുമുള്ളു. (എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). 

ഞാൻ എൻ്റെ സഭ പണിയും: ട്രിനിറ്റി പഠിപ്പിക്കുന്നപോലെ; ദൈവം മൂന്നു വ്യക്തിയായിരിക്കുകയും, പരിശുദ്ധാത്മാവെന്ന മറ്റൊരു വ്യക്തിയാണ് സഭ പണിയുകയും ചെയ്തതെങ്കിൽ, യേശുവിൻ്റെ പ്രഖ്യാപനവും സ്നാപകൻ്റെ പ്രവചനവും പാളിപ്പോയില്ലേ? മറ്റൊരു കാര്യസ്ഥനെന്നാൽ, മനുഷ്യനല്ലാത്ത മറ്റൊരു വ്യക്തിയായി താൻതന്നെ വരുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹ, 14:18); “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും” (യോഹ, 14:19); “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” (യോഹ, 14:28) “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നൊക്കെ അരുളിച്ചയ്തവൻ തന്നെയാണ് ആത്മാവായി നമ്മോടൊപ്പം വസിക്കുന്നത്. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യദൈവവും; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന കൈക്കൊള്ളുന്നവനും; കാലസമ്പൂർണ്ണതയിൽ ജഡത്തിൽ വെളിപ്പെട്ടവനും; പരിശുദ്ധാത്മായി ലോകാവസാനത്തോളം നമ്മോടുകൂടെ വസിക്കുന്നവനും ഒരേയൊരുവനാണ്. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6).

പിതാവായ ദൈവം തൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ എപ്രകാരം പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തശേഷം മരണവരെ അവൻ്റെ കൂടെ വസിച്ചുവോ (മത്താ, 3:16; പ്രവൃ, 10:38), അപ്രകാരമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവായ യേശുക്രിസ്തുവെന്ന ഏകദൈവം തൻ്റെ കാന്തയായ സഭയെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ച് ലോകാവസാനത്തോളം കൂടെയിരിക്കുന്നത്. (മത്താ, 3:11; 16:18; 28:19; പ്രവൃ, 2:1-4,38). “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്താ, 19:26). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!