സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ (Book of Psalms)

പഴയനിയമത്തിലെ പത്തൊമ്പതാമത്തെ പുസ്തകം. ദൈവാലയത്തിലെയും സിനഗോഗുകളിലെയും ആരാധനയ്ക്കു യെഹൂദന്മാർ വ്യാപകമായി ഉപയോഗിച്ചു വന്ന പ്രാചീന കീർത്തനങ്ങളുടെ സമാഹാരമാണ് സങ്കീർത്തനങ്ങൾ. എബ്രായ കാനോനിൽ മൂന്നാമത്തെ വിഭാഗമായി കെത്തുവീമിൽ ഉൾപ്പെടുന്നു. എബ്രായയിൽ ‘തെഹില്ലീം’ (കീർത്തനങ്ങൾ) അഥവാ പൂർണ്ണമായി ‘സേഫെർ തെഹില്ലീം’ (സങ്കീർത്തനങ്ങളുടെ പുസ്തകം) എന്ന് വിളിക്കുന്നു. 150 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങൾ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകമാണ്. മോശെയുടെ കാലം മുതൽ പ്രവാസകാലം വരെയുള്ള ദീർഘമായ കാലയളവിലാണ് സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടത്. അധികം സങ്കീർത്തനങ്ങളുടെയും രചനാകാലം ബി.സി ആയിരത്തിനടുത്താണ്. രണ്ടാം ദൈവാലയത്തിന്റെ കീർത്തനപ്പുസ്തകമെന്നു സങ്കീർത്തനങ്ങളെ പൊതുവെ പറയാറുണ്ട്; അതു ശരിയുമാണ്. പ്രവാസകാലത്തോ പ്രവാസാനന്തര കാലത്തോ സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടു എന്ന അർത്ഥത്തിലല്ല പ്രസ്തുത പ്രസ്താവന എന്നോർക്കേണ്ടതാണ്. എബായ ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നാം സങ്കീർത്തനരചന കാണുന്നുണ്ട്. പുറപ്പാടിന്റെ കാലത്തും (പുറ, 15), കനാൻ ആക്രമണകാലത്തും (ന്യായാ, 5), ന്യായാധിപന്മാരുടെ കാലത്തിന്റെ അന്ത്യഘട്ടത്തിലും (1ശമൂ, 2:1-10) രചിക്കപ്പെട്ട സങ്കീർത്തനങ്ങൾ പഴയനിയമത്തിലുണ്ട്. പ്രവാസപൂർവ്വ പ്രവാചക സാഹിത്യത്തിലും (ഹോശേ, 6:1-3; യെശ, 2:2-4; 38:10-20; യിരെ, 14:7-9; ഹബ, 3:1), (പ്രവാസാനന്തരകാല എഴുത്തുകളിലും (എസ്രാ, 9:5-15; നെഹെ, 9:6-39) സങ്കീർത്തനത്തിന്റെ അലകൾ കാണാം.

എഴുത്തുകാർ: സങ്കീർത്തനങ്ങളുടെ എഴുത്തുകാരായി ഏഴു പേരുകൾ ശീർഷകങ്ങളിൽ കൊടുത്തിട്ടുണ്ട്. 73 സങ്കീർത്തനങ്ങൾ ദാവീദിന്റെ പേരിൽ അറിയപ്പെടുന്നു. 3–9; 11–32; 34–41; 51–65; 68–70; 86; 101; 103; 108–110; 122; 124; 131; 133; 138–145. മറ്റു എഴുത്തുകാർ: ആസാഫ് – 12 എണ്ണം (സങ്കീ, 50; 73–83); കോരഹ് പുത്രന്മാർ – 12 എണ്ണം (സങ്കീ, 42–49, 84, 85, 87, 88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ശലോമോൻ – 2 എണ്ണം (സങ്കീ, 72, 127); ഏഥാൻ – 1 എണ്ണം (സങ്കീ, 89); മോശ – 1 എണ്ണം (സങ്കീ, 90); 49 സങ്കീർത്തനങ്ങൾ അജ്ഞാത കർത്തൃകങ്ങളാണ്. 

ഏതെങ്കിലും ഒരു സങ്കീർത്തനത്തിൽ രചയിതാവിൻ്റെ പേരില്ലെങ്കിൽ മുകളിലെ സങ്കീർത്തന കർത്താവിനെ അതിൻ്റെ എഴുത്തുകാരനായി പരിഗണിക്കാമെന്ന് യെഹൂദാ റബ്ബിമാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ കണക്കാക്കിയാൽ ദാവീദിൻ്റെ പേരിൽ 109 എണ്ണവും (1–41; 51–71; 86; 101–126; 131–150) കോരഹ് പുത്രന്മാർ 12 എണ്ണവും (42–49; 84,85,87,88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ആസാഫ് 12 എണ്ണവും (50; 73–83) മോശെ 11 എണ്ണവും (90-100) ശലോമോൻ 5 ഏണ്ണവും (72; 127–130) ഏഥാൻ 1 എണ്ണവും (89) എന്നാകും. 109+12+12+11+5+1=150

എബ്രായശീർഷകങ്ങളിൽ 73 സങ്കീർത്തനങ്ങൾക്കു ദാവീദിന്റെ സങ്കീർത്തനം എന്ന മേലെഴുത്തുണ്ട്. കൂടാതെ രണ്ടാം സങ്കീർത്തനവും ദാവീദ് രചിച്ചതാണെന്നു അപ്പൊ, 4:25,26-ൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപോലെ 72-ാം സങ്കീർത്തനം ദാവീദിന്റേതാണെന്ന് പ്രസ്തുത സങ്കീർത്തനം 20-ാം വാക്യത്തിൽ നിന്നു മനസ്സിലാക്കാം. 72-ാം സങ്കീർത്തനത്തിന്റെ ശീർഷകം ഇംഗ്ലീഷിൽ (KJV) A psalm for solomon എന്നാണ് കാണുന്നത്. ആ സങ്കീർത്തനം രാജാവിനെ കുറിച്ചുള്ളതാണ്. എന്നാൽ ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ശലോമോനല്ല; യിസ്രായേലാണ്. അതിനാൽ യിസ്രായേലിനു വേണ്ടി ദാവീദ് രചിച്ച് സങ്കീർത്തനം എന്നാണ് മനസ്സിലാക്കേണ്ടത്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി). എന്നാൽ ആധുനിക വിമർശകന്മാർ പലരും ദാവീദിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്നു. എന്നാൽ ആന്തരികതെളിവുകൾ ദാവീദിന്റെ കർത്തൃത്വത്തെ സ്വീകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. പഴയനിയമകാലത്ത് ദൈവാലയ സംഗീതവുമായി ബന്ധപ്പെട്ട് ദാവീദിന്റെ പേര് പ്രഖ്യാതമായിരുന്നു. (2ശമൂ, 6:5-15; 1ദിന, 6:4; 2ദിന, 7:6; 29:30). ദാവീദ് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം പ്രാപിച്ചിരുന്നു. (1ശമൂ, 23:1,2; മർക്കൊ, 12:36; അപ്പൊ, 2:25-31; 4:25,26). ദാവീദ് യിസ്രായേലിന്റെ മധുരഗായകനും (2ശമൂ, 23:1), കിന്നരവായനയിൽ നിപുണനും (1ശമൂ, 16:16-18) ആയിരുന്നു. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ മനോഹരമായ ഒരു വിലാപഗീതം ദാവീദ് രചിച്ചു. (2ശമൂ, 1:19-27). ചില സങ്കീർത്തനങ്ങളിൽ നിന്നും ദാവീദിന്റേതെന്നു പ്രത്യേകം പ്രസ്താവിച്ചുകൊണ്ട് പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടൂണ്ട്. (4:25,26; 2:25-28; റോമ, 4:6-8; അപ്പൊ, 1:16-20).

വിഭജനം: സങ്കീർത്തനങ്ങളെ അഞ്ചു പുസ്തകങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ വിഭജനം മോശെയുടെ ഗ്രന്ഥപഞ്ചകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒന്നാം പുസ്തകം സങ്കീ. 1-41; രണ്ടാം പുസ്തകം സങ്കീ. 42-72; മൂന്നാം പുസ്തകം സങ്കീ. 73-89; നാലാം പുസ്തകം സങ്കീ. 90-106; അഞ്ചാം പുസ്തകം സങ്കീ. 107-150. എല്ലാ സങ്കീർത്തനങ്ങൾക്കും ഉള്ള മുഖവുരയാണു ഒന്നാം സങ്കീർത്തനം. ഓരോ ഭാഗത്തെയും ഉപസംഹരിക്കുന്നത് ഓരോ സ്തുതിയാണ്. അഞ്ചാം ഭാഗത്തിനും അതോടൊപ്പം എല്ലാ സങ്കീർത്തനങ്ങൾക്കുമുള്ള സ്തുതിഗീതമാണ് 150-ാം സങ്കീർത്തനം. ദാവീദിന്റെ പേരിലുള്ള സങ്കീർത്തനങ്ങളാണ് ഒന്നാം പുസ്തകത്തിൽ അധികവും. 42-മുതൽ 88-വരെയുള്ള സങ്കീർത്തനങ്ങളിൽ അധികവും ദാവീദ്, കോരഹപുത്രന്മാർ, ആസാഫ് എന്നിവരുടെ രചനകളാണ്. 91-മുതൽ 150-വരെയുള്ള സങ്കീർത്തനങ്ങൾ ഏറിയകൂറും അജ്ഞാത കർതൃകങ്ങളാണ്. 

പുസ്തകം 1 (സങ്കീ 1—41).

ദൈവത്തിന്റെ വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 1:3; 5:8, 12; 6:1; 9:9; 10:17-18; 11:7; 16:1, 11; 17:7; 18:1-2, 30; 19:12-14; 23:1-6; 25:4-5, 8-12, 14, 18:27: 4, 5 10, 11; 29:11; 30:5; 31:3, 19, 20; 32:1-2; 33:4; 34:7-10, 15, 17, 19, 22; 36:5-10; 37:4-6; 23-25; 28, 29; 38:1; 39:4, 8; 40:4-5; 41:14.

പ്രസ്തുത സങ്കീര്‍ത്തനങ്ങൾ ദൈവത്തെ സ്തുതിക്കുന്നതിന് നൽകുന്ന കാരണങ്ങൾ. 7:17; 8:1-9; 9:1; 13:6; 16:7; 18:46-50; 21:13; 22:22-26, 28:6-7; 30:4-5, 11, 12; 31:21; 33:15; 34:14; 40:13

പുസ്തകം 2 (സങ്കീര്‍ത്തനങ്ങൾ 42- 72)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 43:3; 46:1, 7; 47:8; 48:14; 50:15, 51:1-2, 7-12; 55:22; 57:1, 5; 62:11-12; 65:2-3; 67:1-3; 68:3-6; 69:32-33; 72:18-19.

ദൈവത്തിന് സ്തോത്രം അര്‍പ്പിക്കേണ്ടതിന് ഈ സങ്കീര്‍ത്തനങ്ങൾ നൽകുന്ന കാരണങ്ങൾ: 47:7-8; 51:14-15; 52:9; 56:12-13; 57:9-10; 59:16-17; 61:7-8; 63:3-4; 66:1-3, 8-12; 20; 67:3-4; 68:4-6, 19, 20, 32-35; 69:34-36; 71:5-8, 14-16, 22, 23; 72:18.

പുസ്തകം 3 (സങ്കീ 73—89)

മൂന്നാം പുസ്തക സങ്കീര്‍ത്തനങ്ങളിലെ വാഗ്ദത്തങ്ങളും പ്രാര്‍ത്ഥനകളും: 73:26; 74:22; 80:3, 18; 81:10; 83:1; 84:5, 11; 85:6-7; 86:4-5, 11; 89:8.

ദൈവത്തിന് സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള കാരണങ്ങൾ: 75:1; 84:4, 11; 86:12-13; 89:5-8.

പുസ്തകം 4 (സങ്കീ 90—106)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 90:13-17; 91:3-16; 92:12-15; 94:14; 97:10-11; 102:17; 103:11-14

സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള മുഖാന്തരങ്ങൾ: 92:1-5; 95:1-3; 96:1-6; 98:1, 9; 99:2-3, 9; 100:4-5; 101:1; 103:1-2; 104:1; 105:1-2; 106:1

പുസ്തകം 5 (സങ്കീ 107—150)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 108:5-6; 112:1; 115:1, 13; 116:5, 15; 119:9, 12, 17-19, 29; 33-38, 65, 66, 73, 76,7 7, 124, 130, 133, 135, 153, 156, 160, 169, 170, 176; 120:2; 121:3-8; 125:1-2; 126:6; 130:4; 138:6; 139:17, 23, 24; 141:3-4, 9; 143:1-2; 145:8-9, 13, 14, 17-20; 146:5-6; 147:3, 11; 149:4.

സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള കാരണങ്ങൾ: 107:1; 108:3-4; 109:30-31; 111:1-10; 117:1-2; 118:1; 119:164, 171; 124:6-7; 135:3-4; 136:1; 138:1-3; 139:14; 144:1-2; 145:1-23; 146:1-10; 147:1-20; 148:5-6, 13, 14; 149:1-9.

വർഗ്ഗീകരണം: സങ്കീർത്തനങ്ങളുടെ വ്യാഖ്യാനവും വർഗ്ഗീകരണവും പരസ്പരാശ്രിതങ്ങളാണ്. വിഭിന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സങ്കീർത്തനങ്ങളുടെ വർഗ്ഗീകരണം പലരും നടത്തിയിട്ടുള്ളത്. ദൈവാലയാരാധനയിലുള്ള സങ്കീർത്തനങ്ങളുടെ ഉപയോഗം നിർണ്ണായക മാനദണ്ഡമായി സ്വീകരിച്ചാൽ താഴെ പറയുന്ന വിധത്തിൽ സങ്കീർത്തനങ്ങളെ വർഗ്ഗീകരിക്കാം: 1. സ്തുതിഗീതങ്ങൾ: 2. സ്തോത്രപ്രാർത്ഥനകൾ: 3. യാചനാഗീതങ്ങൾ: 4. വിലാപപ്രാർത്ഥനകൾ: 5. ആദ്ധ്യാത്മികവും വൈജ്ഞാനികവുമായ സങ്കീർത്തനങ്ങൾ. സ്വരൂപവും വിഷയവും അടിസ്ഥാനമാക്കി സങ്കീർത്തനങ്ങളെ പിൻവരുമാറ് വർഗ്ഗീകരിക്കാവുന്നതാണ്: 

1. ഗീതങ്ങൾ: യഹോവയുടെ മഹത്വ പ്രകീർത്തനങ്ങളാണിവ. 8, 18, 19, 29, 33 മുതലായവ. യഹോവയെ സ്തുതിക്കുന്നതിനുള്ള ആഹ്വാനമോ ഉപദേശമോ അടങ്ങുന്ന ആമുഖം, സ്തുതിയുടെ കാരണം വിശദമാക്കുന്ന മദ്ധ്യഭാഗം, ആമുഖം ആവർത്തിക്കുന്നതോ, അഭിലാഷമോ ഹല്ലേലൂയ്യായോ ചേർത്തിരിക്കുന്നതോ ആയ ഉപസംഹാരം. ഇതാണ് ഗീതങ്ങളുടെ പൊതുസ്വഭാവം. സീയോൻ ഗീതങ്ങൾ ദൈവനഗരമായ സീയോനെ പ്രകീർത്തിക്കുന്നു: 46, 48, 76, 84, 87, 122. സ്ഥാനാരോഹണ ഗീതങ്ങൾ യഹോവയുടെ രാജത്വത്തെ പ്രകീർത്തിക്കുന്നു: 47, 93, 95-99. 

2. വിലാപസങ്കീർത്തനങ്ങൾ: വ്യക്തിഗതവും (3, 5, 6, 7, 14, 17, 22), സാമൂഹികവും (44, 74, 79, 80, 137) ആയ വിലാപങ്ങൾ ഉൾക്കൊള്ളുന്നു. 

3. സ്തോത്രസങ്കീർത്തനങ്ങൾ: ദൈവത്തിന്റെ കരുണയ്ക്കും ദൈവത്തിൽ നിന്നു ലഭിച്ച അനുഗ്രഹങ്ങൾക്കും സ്തോത്രം പറയുകയാണ് ഈ സങ്കീർത്തനങ്ങളുടെ പൊതുസ്വഭാവം. ദൈവം നമുക്കു എന്തായിരിക്കുന്നുവോ അതിനു സ്തുതിയും നമുക്കുവേണ്ടി എന്തു ചെയ്തുവോ അതിനു സ്തോത്രവും അർപ്പിക്കുന്നു. ഈ സങ്കീർത്തനങ്ങളോടുകുടെ സ്തോത്രയാഗമോ നേർച്ചയുടെ നിവൃത്തിയോ ഉണ്ടായിരിക്കും. 10, 30, 31, 40, 66, 103, 107 തുടങ്ങിയവ ഉദാഹരണങ്ങൾ. 

4. രാജകീയസങ്കീർത്തനങ്ങൾ: 2, 18, 20, 21, 45, 72, 89, 101, 110, 144. സങ്കീർത്തനങ്ങളിലെ അഭിഷിക്തനായ (മശീഹ) രാജാവ് യിസ്രായേലാണ്. എന്നാൽ അവരുടെ പദവികളുടെയെല്ലാം സാക്ഷാത്കാരം ഭാവി മശീഹയായ യേശുവിലൂടെയാണ്.

5. അനുതാപസങ്കീർത്തനങ്ങൾ: ഇവ ചെയ്തുപോയ പാപത്തിനു പശ്ചാത്താപം അറിയിക്കുന്നു: 6, 25, 32, 38, 39, 40, 51, 102, 130 തുടങ്ങിയവ. 

6. മാദ്ധ്യസ്ഥസങ്കീർത്തനങ്ങൾ: ഇവയിൽ സങ്കീർത്തനക്കാരൻ രാജാവിനും (യിസ്രായേൽ) സ്വജനത്തിനും ജാതികൾക്കും വേണ്ടിയും യെരൂശലേമിനു വേണ്ടിയും അപേക്ഷിക്കുന്നു: 21, 57, 89, 122 മുതലായവ. 

7. മശീഹാ സങ്കീർത്തനങ്ങൾ: പഴയനിയമത്തിലെ മശീഹ യിസ്രായേലാണ്. യിസ്രായേലിലൂടെ വരുവാനിരിക്കുന്ന ദൈവത്തിൻ്റെ മശീഹയുടെ ആളത്തവും വേലയും പൂർവ്വവത്ദർശിക്കുന്നു. പതിനേഴു സങ്കീർത്തനങ്ങൾ പൂർണ്ണമായോ ഭാഗികമായോ മശീഹാപരമാണ്. ഇവ മശീഹയെ ഉത്തമപുരുഷനിലോ മദ്ധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിച്ചിരിക്കും: 2; 8:4-8; 16:10; 22; 40:6-8; 41:9; 45:6-7; 68:18; 69; 72; 78:2; 89:3-4, 28-29, 34, 36; 91; 102:25-27; 110; 118:22; 132:10-12. (കാണുക: യിസ്രായേലിൻ്റെ പദവികൾ)

8. ശാപസങ്കീർത്തനങ്ങൾ: 35, 52, 58, 59, 69, 109, 137, 139 മുതലായവ. ദൈവജനം തങ്ങളുടെ ശത്രുക്കളുടെ മേൽ ദൈവക്രോധം പകരേണ്ടതിനു അപേക്ഷിക്കുന്നു. 

9. ന്യായപ്രമാണസങ്കീർത്തനങ്ങൾ: ന്യായപ്രമാണത്തിന്റെ മഹത്വം, ന്യായപ്രമാണം പഠിക്കുന്നതിന്റെ അനുഗ്രഹം, ആനന്ദം എന്നിവ വ്യക്തമാക്കുന്നു: 1, 19, 119. 

10. ചരിത്രസങ്കീർത്തനങ്ങൾ: 78, 101, 106.

11. ഹല്ലേലുയ്യാ സങ്കീർത്തനങ്ങൾ: 111-113; 115-117; 146-150. ഈ സങ്കീർത്തനങ്ങളിലെല്ലാം യഹോവയെ സ്തുതിപ്പിൻ എന്ന അർത്ഥത്തിൽ ഹല്ലേലൂയ്യാ പ്രയോഗിച്ചിട്ടുണ്ട്. 

12. ആരോഹണ ഗീതങ്ങൾ: 120-134. പെരുന്നാളുകൾ ആഘോഷിക്കുവാൻ വേണ്ടി യെരുശലേമിൽ കയറിപ്പോയിരുന്ന തീർത്ഥാടകർ പാടിയിരുന്ന സങ്കീർത്തനങ്ങൾ. 

13. എലോഹാസങ്കീർത്തനങ്ങൾ: 42-83 സങ്കീർത്തനങ്ങളിൽ ദൈവത്തിനു എബ്രായയിൽ എലോഹീം എന്ന പദമാണ് അധികവും പ്രയോഗിച്ചിട്ടുള്ളത്. അതിനാൽ അവയെ എലോഹാസങ്കീർത്തനങ്ങൾ എന്നു വിളിക്കുന്നു. മറ്റു സങ്കീർത്തനങ്ങളിൽ ‘യഹോവ’ എന്ന നാമമാണ് ബഹുലേന കാണപ്പെടുന്നത്. 

14. അക്ഷരമാലാസങ്കീർത്തനങ്ങൾ: 9, 10, 25, 34, 37, 111, 112, 119, 145. എബായ അക്ഷരമാലയ്ക്ക് അനുസരണമായി ഒരു വിധത്തിലുള്ള ക്രമീകരണം ഈ സങ്കീർത്തനങ്ങളിൽ ദൃശ്യമാണ്. 

ശീർഷകങ്ങൾ: ഭൂരിഭാഗം സങ്കീർത്തനങ്ങൾക്കും പ്രത്യേകം ശീർഷകങ്ങളുണ്ട്. എബ്രായയിൽ പ്രസ്തുത ശീർഷകങ്ങൾക്കു വാക്യപദവി നല്കി സങ്കീർത്തന പാഠത്തോടുതന്നെ ചേർത്തിരിക്കുകയാണ്. ഈ തലക്കെട്ടുകൾക്ക് അമിതമായ പ്രാധാന്യം നല്കുന്നതിനോടു പലരും യോജിക്കുന്നില്ല. ഇ.ഏ. ലെസ്ലി സങ്കീർത്തന ശീർഷകങ്ങളെ നാലു പ്രത്യേക ഗണങ്ങളായി തിരിച്ചിട്ടുണ്ട്. 

1. സാങ്കേതിക സ്വഭാവമുള്ള ശീർഷകങ്ങൾ: സങ്കീർത്തനം, ഗീതം, ‘മസ്കിൽ’ (ധ്യാനം), സ്വർണ്ണഗീതം, വിഭ്രമഗീതം തുടങ്ങിയവയാണവ. ‘മിസ്മോർ’ എന്ന പദമാണ് സങ്കീർത്തനത്തിന് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അമ്പത്തിയേഴ് സങ്കീർത്തനങ്ങളുടെ മുകളിൽ ഇതു കാണാം. ഗീതം എന്നതിന്റെ എബ്രായപേര് ‘ഷീർ’ ആണ്. ആരാധനയിൽ പാടുന്ന ഗീതങ്ങളാണിവ. മുപ്പതു സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ഈ പദം ഉണ്ട്. ഉത്സവം നടക്കുമ്പോൾ നിയമപ്പെട്ടകത്തിനു പിന്നാലെ പോകുന്ന ആരാധകർ പാടുന്ന തീർത്ഥാടന ഗാനങ്ങളാണ് ആരോഹണ ഗീതങ്ങൾ: 120-134. സ്വർണ്ണഗീതം അഥവാ മിക്താം ആറു സങ്കീർത്തന ശീർഷകങ്ങളിലുണ്ട്. ഈ പദത്തിന്റെ സൂചന വ്യക്തമല്ല. വിലാപ കീർത്തനങ്ങളാണധികവും. പതിമൂന്നു സങ്കീർത്തനങ്ങളുടെ തലക്കെട്ടിൽ കാണുന്ന പ്രയോഗമാണ് മസ്കിൽ അഥവാ ധ്യാനം. പ്രബോധനം ഉൾക്കൊള്ളുന്നവയാണിവ. ഏഴാം സങ്കീർത്തനത്തിന്റെ തലക്കെട്ടിലും ഹബക്കൂക്കിന്റെ പ്രാർത്ഥനയിലും (3:1) വിഭ്രമഗീതം അഥവാ ഷിഗ്ഗയോൻ എന്ന് കാണുന്നു. 

2. സങ്കീർത്തനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന ശീർഷകങ്ങൾ: ദൈവാലയാരാധനയിൽ സ്തോത്രം അർപ്പിക്കുന്ന സങ്കീർത്തനമാണ് സ്തോത്ര സങ്കീർത്തനം ആരാധകൻ സ്വന്തപാപങ്ങൾ ഓർമ്മിക്കുകയോ ആരാധകന്റെ പാപങ്ങളെക്കുറിച്ച് പുരോഹിതൻ ഓർപ്പിക്കുകയോ ചെയ്യുന്ന സങ്കീർത്തനങ്ങളാണ് ജ്ഞാപക സങ്കീർത്തനങ്ങൾ (ഉദാ : 38, 70). അനുതാപത്തെയും ഏറ്റു പറച്ചിലിനെയും ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളെ കുറിക്കുകയാകണം യെദൂഥൻ. ഉദാ: 39, 62, 77. 

3. ആരാധനയുമായി ബന്ധപ്പെട്ട ശീർഷകങ്ങൾ: – ഇവയിൽ പ്രധാനമായി കാണുന്നത് സംഗീതപ്രമാണിക്ക് എന്ന ശീർഷകമാണ്. അൻപത്തിയഞ്ച് സങ്കീർത്തനങ്ങൾക്കു ഈ തലക്കെട്ടുണ്ട്. ഇതിന്റെ മൂലപദം പ്രകാശിക്കുക എന്നർത്ഥമുള്ള ധാതുവിൽ നിന്നു വന്നതാണെന്ന് ഊഹിക്കപ്പെടുന്നു. ദൈവാലയത്തിൽ ആരാധിക്കുന്നവരുടെ മേൽ അനുഗ്രഹരൂപേണ ദൈവത്തിന്റെ മുഖം പ്രകാശിക്കുന്നതാകാം വിവക്ഷ. ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്നത് സങ്കീർത്തനത്തിന്റെ രാഗത്തെ സൂചിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന് (56) യാഗപീഠത്തിൽ പ്രാവിനെ അർപ്പിക്കുന്നതുമായി ബന്ധമുണ്ടായിരിക്കണം. (ലേവ്യ, 5:6-10 )). ഉഷസ്സിൻ മാൻപേട എന്നതും (22) യാഗവുമായി ബന്ധപ്പെട്ടതായിരിക്കണം. 

4. രണ്ട് ശീർഷകങ്ങൾ: സംഗീത പരാമർശമുള്ളവയാണെന്ന് കരുതപ്പെടുന്നു: (a) തന്ത്രീനാദം അഥവാ നെഗിനോത്ത് ഉദാ: 6, 54, 55, 67. തന്ത്രീനാദമുപയോഗിച്ച് പ്രസ്തുത സങ്കീർത്തനങ്ങൾ പാടണമെന്നതാണ് സൂചന. (b) സേലാ: മുപ്പത്തിയൊൻപതു സങ്കീർത്തനങ്ങളിൽ എഴുപത്തിയൊന്നു പ്രാവശ്യവും, ഹബക്കുക്ക് പ്രവചനത്തിൽ മൂന്നു പ്രാവശ്യവും കാണപ്പെടുന്ന പ്രയോഗമാണ് സേലാ. ഉയർത്തുക എന്ന് അർത്ഥമാണ് പൊതുവെ നൽകിക്കാണുന്നത്. ശബ്ദം ഉയർത്തി ആരാധകർ പാടണമെന്ന് ഇത് സൂചിപ്പിക്കുന്നു. സേലാ കാണപ്പെടുന്ന സ്ഥാനങ്ങളിൽ പലേടത്തും ആമേൻ അഥവാ ഹല്ലേലുയ്യ മതിയാകും. 

എബ്രായ കവിതയുടെ സവിശേഷതകൾ: സങ്കീർത്തനങ്ങളുടെ ശരിയായ ആസ്വാദനത്തിനും വ്യാഖ്യാനത്തിനും എബായ കവിതയുടെ സവിശേഷതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എബ്രായ കവിതയിൽ താളമില്ല. എബായ കവിതയുടെ അടിസ്ഥാനതത്വങ്ങളിലേക്ക് ആദ്യം ശ്രദ്ധ തിരിച്ചത് റോബർട്ട് ലൗത്ത് ആയിരുന്നു. എബ്രായ കവിതയുടെ സവിശേഷ സ്വഭാവം ‘സമാന്തരതയാണ്’. കവിതയിലെ ഒരു വരിക്ക് മറ്റൊരു വരിയോടുള്ള ബന്ധം കാണിക്കുകയോ ഒരേ ചിന്ത വ്യത്യസ്തപദങ്ങളിൽ ആവർത്തിക്കുകയോ ചെയ്യുന്നതാണത്. സമാന്തരതയ്ക്ക് വ്യാഖ്യാനപരമായ മൂല്യമുണ്ട്. പദസംവിധാനത്തിന്റെയും പദബന്ധങ്ങളുടെയും പ്രശ്നങ്ങളിൽ തീരുമാനമെടുക്കുവാനും വിവിധ പാഠങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുവാനും ഈ അറിവു വ്യാഖ്യാതാവിനെ സഹായിക്കുന്നു. പ്രധാന സമാന്തരതകൾ: 

1. പര്യായസമാന്തരത: ഒന്നാം വരിയിലെ ആശയം വ്യത്യസ്ത പദങ്ങളിൽ അടുത്ത വരിയിൽ ആവർത്തിക്കുന്നതാണ്. 114-ാം സങ്കീർത്തനം മുഴുവൻ ഈ സമാന്തരത കാണാം. 

2. വിപരീതസമാന്തരത: ഈ സമാന്തരതയിൽ ഒന്നാം വരിയിലെ പ്രസ്താവന ഉറപ്പിക്കുന്നതിനു രണ്ടാം വരിയിൽ ആവർത്തനത്തിനു പകരം വിപര്യായം ഉപയോഗിക്കുന്നു. ഉദാ: ദുഷ്ടൻ വായ്ക്കു വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. (സങ്കീ,37:21).

3. സംശ്ലേഷണസമാന്തരത: ഇതിൽ വാക്യത്തിലെ രണ്ടു വരികളോ പ്രയോഗങ്ങളോ ഒരേ കാര്യമല്ല പറയുന്നത്. മറിച്ച് രണ്ടാമത്തേതിന്റെ അടിസ്ഥാനമായി ഒന്നാമത്തെ പസ്താവന നിലകൊള്ളുന്നു. ഒരു വിധത്തിലുള്ള കാര്യകാരണബന്ധം ദ്യശ്യമാണ്. (ഉദാ: സങ്കീ, 19:7-10; 2:6; 22:11; 119:121). 

4. ആരോഹണസമാന്തരത: വാക്യത്തിലെ ആദ്യവരി അപൂർണ്ണമായിരിക്കുകയും അതിലെ ചില പദങ്ങളെടുത്ത് രണ്ടാമത്തെ വരി അതിനെ പൂർത്തിയാക്കുകയും ചെയ്യുന്നു. (ഉദാ: സങ്കീ, 29:1; 121:1-4; 22:4). 

സങ്കീർത്തനങ്ങൾ ആദ്യമേ തന്നെ ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിരുന്നുവോ എന്നത് വ്യക്തമല്ല. ചില സങ്കീർത്തനങ്ങളിൽ അപ്രകാരം ഒരു ക്രമീകരണം കാണാനുണ്ട്. സങ്കീ, 41; 42; 46; 57; 80; 99; 107 എന്നിവ ഖണ്ഡികാപരമായ ക്രമീകരണത്തെ കാണിക്കുന്നു. ‘സേലാ’ എന്ന പ്രയോഗവും സങ്കീർത്തനത്തെ ഖണ്ഡികകളായി തിരിക്കുവാൻ ഉപയോഗിച്ചതായിരിക്കുവാൻ ഇടയുണ്ട്. മൂന്നും നാലും സങ്കീർത്തനങ്ങൾ നോക്കുക. സങ്കീർത്തനങ്ങൾ സ്വാഭാവികമായി തന്നെ ഖണ്ഡങ്ങളായി തിരിയുന്നുണ്ട്. ഉദാ: രണ്ടാം സങ്കീർത്തനം സ്വതവെതന്നെ നാലു ഖണ്ഡങ്ങളാണ് വാക്യങ്ങൾ: 1-3; 4-6; 7-9; 10-12. അക്ഷരമാലാ ക്രമീകരണവും സങ്കീർത്തനത്തെ ഖണ്ഡങ്ങളായി പിരിക്കുന്നുണ്ട്. ഉദാ: 119. എബായകവിതയുടെ ഒരു സവിശേതയാണ് അക്ഷരമാലാക്രമീകരണം. അങ്ങനെയുള്ള ഒമ്പത് സങ്കീർത്തനങ്ങൾ ഉണ്ട്.

ദൈവശാസ്ത്രം: സങ്കീർത്തനക്കാരുടെ മതജീവിതത്തിന്റെ സത്ത ദൈവത്തെപ്പറ്റിയുള്ള ധാരണയാണ്. സൃഷ്ടിയിലുള്ള ദൈവത്തിന്റെ മഹിമയെ കുറിച്ചു പാടുമ്പോൾ അവർ ഒരിക്കലും ക്ഷീണിക്കുന്നില്ല. ആകാശത്തിലും ഭൂമിയിലും സമുദത്തിലുമുള്ള തന്റെ പ്രവൃത്തികളിലൂടെ സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായി ദൈവം സ്വയം വെളിപ്പെടുത്തി. നിർണ്ണീതമായ അന്തിമലക്ഷ്യത്തിലേക്കു ചരിത്രസംഭവങ്ങളെ ദൈവം നയിക്കുന്നു. എളിയവരെയും പീഡിതരെയും ന്യായം നടത്തി ദൈവം സംരക്ഷിക്കുന്നു. കരുണാമയനും വിശ്വസ്തനും നീതിമാനും വിശുദ്ധനുമായ ദൈവത്തിന്റെ മുമ്പിൽ വീണു മനുഷ്യരും ദൂതന്മാരും സ്തുതിക്കുന്നു. യിസ്രായേലിനെ തിരഞ്ഞടുക്കുകയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു സ്വയം വെളിപ്പെടുത്തുകയും ചെയ്തു. മിസ്രയീമിൽ നിന്ന് യിസ്രായേലിനെ മോചിപ്പിച്ച് അവർക്ക് വാഗ്ദത്തദേശം നല്കി അവരുമായി നിയമം ചെയ്തു. ഇങ്ങനെ ഉന്നതമായ ഒരു ധാരണയാണ് ദൈവത്തെക്കുറിച്ചു സങ്കീർത്തനകാരന്മാർക്ക് ഉള്ളത്. ദൈവത്തോടു അപേക്ഷിക്കുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നത് അവരുടെ പ്രമോദവും വിശിഷ്ടപദവിയുമാണ്. ശാപസങ്കീർത്തനങ്ങൾ ഒരിക്കലും അവരുടെ വ്യക്തിപരമായ പ്രതികാരമനോഭാവത്തിന്റെ പ്രകടനമല്ല. നിലവിലിരിക്കുന്ന ദുഷിച്ച ധാർമ്മികവ്യവസ്ഥിതിക്കു പ്രതികാരം നൽകി പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധി വെളിപ്പെട്ടു കാണാനുള്ള അവരുടെ അദമ്യമായ അഭിലാഷമാണത്. ന്യായവിധിയിലൂടെ ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നത്, ന്യായപ്രമാണ വ്യവസ്ഥയിലായിരിക്കുന്ന ജനത്തെ സംബന്ധിച്ചിടത്തോളം ക്ഷന്തവ്യമാണ്. നീതിയും അനീതിയും തമ്മിലും ദൈവജനവും ദൈവത്തിന്റെ വൈരികളും തമ്മിലും ഉള്ള സംഘർഷത്തെക്കുറിച്ച് അവർ തികച്ചും ബോധവാന്മാരാണ്. ഒരു യുഗാന്തന്യായവിധിയിലേറെ വർത്തമാനകാല ന്യായവിധിയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ദുഷ്ടത ശിക്ഷിക്കപ്പെടണമെങ്കിൽ അതിപ്പോൾ തന്നെ വേണ്ടതാണ്. 

യഹോവയും യിസ്രായേലും: യഹോവയും യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത് ദൈവവും ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1).

ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ദാവീദ് ഇസ്രായേലിൻ്റെ രാജാവാണ്. രാജാവിൻ്റെ പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ് സങ്കീർത്തനങ്ങൾ കാലത്തിനതീതമായി സഞ്ചരിക്കുന്നത്. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായും കാണാം. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ ന്യായപ്രമാണസന്തതിക്കു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചത്: (റോമ, 8:3). അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും അന്ത്യകാലത്ത മനുഷ്യനായി വെളിപ്പെടുകയായിരുന്നു: (മത്താ, 1:21; ഒ.നോ: ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20; 1യോഹ, 5:20). [കാണുക: വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

ഭൗമികരാജാവ്: യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ, ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കുമെന്നും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നും പറഞ്ഞിരിക്കയാൽ (ലൂക്കൊ, 1:33,34) യേശുക്രിസ്തു ഭൂമിയിൽ രാജാവായി ഭരിക്കുമെന്നാണ് മിക്ക ക്രൈസ്തവരും കരുതുന്നത്. താൻ ഈ ഭൂമിയിലെ രാജാവല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് യേശുക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). രണ്ടുകാര്യങ്ങൾ യേശു ഇവിടെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: ഒന്ന്; എൻ്റെ രാജ്യം ഭൂമിയിലല്ല. രണ്ട്; ഞാൻ രാജാവുതന്നേ. തൻ്റെ രാജ്യം ഐഹികമല്ലെന്ന് താൻ ആവർത്തിച്ചു പറഞ്ഞശേഷമാണ് ‘ഞാൻ രാജാവുതന്നേ’ എന്ന് പറയുന്നത്. തൻ്റെ രാജ്യം ഭൂമിയിലല്ല; അപ്പോൾത്തന്നെ രാജാവും ആണെങ്കിൽ താൻ സ്വർഗ്ഗത്തിലെ നിത്യരാജാവാണെന്ന് വ്യക്തമാണല്ലോ. സത്യദൈവവും ശാശ്വതരാജാവുമായ യഹോവയാണ് സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന് യേശുവെന്ന നാമത്തിൽ മനുഷ്യനായി ഭൂമായിൽ പ്രത്യക്ഷനായത്: (യിരെ, 10:10; മത്താ, 1:21; 1തിമൊ, 3:14-16). ഒന്നുകൂടി വ്യക്തമാക്കിയാൽ; ജഡത്താലുള്ള ബലഹീനത (പാപം) നിമിത്തം ദൈവപുത്രനും വാഗ്ദത്തരാജാവുമായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളൊന്നു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ എല്ലാ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ട് അവൻ്റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിച്ച് അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20). യേശു ആരാണെന്നറിയാതെ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ഒന്നു ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7; 45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, സ്വർഗ്ഗീയരാജാവും ഭൗമികരാജാവും]

മശീഹ സങ്കീർത്തനങ്ങൾ

1. രണ്ടാം സങ്കീർത്തനം

2. എട്ടാം സങ്കീർത്തനം

3. 16

4. 22

5. 34

6. 40

7. 41

8. 45

9. 68

10. 69

11. 72

12. 78

13. 80

14. 89

15. 91

16. 102

17.  നൂറ്റിപ്പത്താം സങ്കീർത്തനം

18. 118

19. 129

20. 132

2 thoughts on “സങ്കീർത്തനങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *