മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

മൂന്നു പ്രത്യേക സ്ത്രീകളെപ്പറ്റിയുള്ള പരാമർശം ബൈബിളിൽ കാണാം: ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമസുവിശേഷത്തിലെ സ്ത്രീ, കാലസമ്പൂർണ്ണതയിലെ സ്ത്രീ, സൂര്യനെ അണിഞ്ഞ സ്ത്രീ. ഈ സ്ത്രീകൾ ആരാണെന്നാണ് നാം പരിശോധിക്കുന്നത്. ഉല്പത്തി 3:15-ലെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവിടുത്തെ ‘സ്തീ‘ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ആ വേദഭാഗത്തെ സ്ത്രീ ഹവ്വായാണെന്ന് വിചാരിക്കുന്നവരും, അല്ല, മറിയയാണെന്ന് വിചാരിക്കുന്നവരും അനേകരുണ്ട്; എന്നാൽ യേശുവിൻ്റെ വാക്കിനാൽ അത് ഹവ്വായും മറിയയുമല്ലെന്ന് മനസ്സിലാക്കാം. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). മേല്പറഞ്ഞ വാക്യങ്ങൾ പ്രകാരം യഥാർത്ഥത്തിൽ യേശു മറിയയുടെ മകനാണെങ്കിൽ അവന് പരിശുദ്ധനായിരിക്കാൻ കഴിയില്ല. എന്തെന്നാൽ സകല മനുഷ്യരും (മറിയ ഉൾപ്പെടെ) പാപികളാണ്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23. ഒ.നോ: 5:12). യേശു യോഹന്നാൻ സ്നാപകനെക്കുറിച്ചു പറയുന്നു: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോ, 7:28). ഉല്പത്തി 3:15-ലെ സ്ത്രീ യഥാർത്ഥത്തിൽ ഹവ്വായോ, യേശുവിൻ്റെ അമ്മയായ മറിയയോ ആണെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലായിരുന്നു. കാരണം: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്നു” താൻതന്നെ പറയുമ്പോൾ; താൻ മറിയയെന്ന മനുഷ്യസ്ത്രീയിൽ നിന്ന് ജനിച്ചിരിക്കെ, ഉല്പത്തിയിലെ സ്ത്രീ ഹവ്വായോ, മറിയയോ ആണെങ്കിൽ തൻ്റെ സ്ഥാനം യോഹന്നാനേക്കാൾ താഴെയാണെന്നു വരും. മാത്രമല്ല, ദൈവരാജ്യത്തിൻ്റെ ഉടയവനും സ്ഥാപകനുമായ താൻ അവിടെയും ഏറ്റവും ചെറിയവനായി മാറും; അതൊന്നും ചിന്തിക്കാൻപ്പോലും സാദ്ധ്യമല്ലാത്ത കാര്യമാണ്. ഇനി, യോഹന്നാൻ സ്നാപകൻ്റെ ഒരു സാക്ഷ്യവും; യോഹന്നാൻ അപ്പൊസ്തലൻ്റെ ഒരു സാക്ഷ്യവുമുണ്ട്. സ്നാപകൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു; മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:28-30). അപ്പൊസ്തലൻ: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.” (യോഹ, 3:31). യേശുവിൻ്റെ സാക്ഷ്യപ്രകാരം, സ്ത്രീയിൽനിന്നു ജനിച്ചവരിൽ ശ്രേഷ്ഠൻ സ്നാപകനും; മറ്റു രണ്ടുപേരുടെയും സാക്ഷ്യപ്രകാരം എല്ലാ ഭൗമികന്മാരെക്കാളും സ്നാപകനേക്കാളും ശ്രേഷ്ഠൻ യേശുവുമാണ്. അപ്പോൾ യേശു അക്ഷരാർത്ഥത്തിൽ മറിയയുടെ മകനല്ലെന്നും ഉല്പത്തിയിൽ പറയുന്ന സ്ത്രീ ഒരു മനുഷ്യസ്ത്രീയല്ലെന്നും വ്യക്തം. പിന്നെയാരാണ് ആ സ്ത്രീ???… ഉല്പത്തിയിലെ സ്ത്രീക്കും (3:15) കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും (ഗലാ, 4:4) സൂര്യനെ അണിഞ്ഞ സ്ത്രീക്കും (വെളി, 12:1) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???… നമുക്കുനോക്കാം: (കാണുക: സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും)

ഉല്പത്തി 3:15-നെ പ്രൊട്ടെവങ്ഗലിയം അഥവാ ‘പ്രഥമ സുവിശേഷം’ എന്നു വിളിക്കുന്നു. ‘പ്രൊട്ടെവങ്ഗലിയം’ എന്നത് protos = ‘ആദ്യത്തേതു’ എന്നും, evangelion = ‘സുവിശേഷം’ എന്നുമുള്ള രണ്ട് ഗ്രീക്കു പദങ്ങളുടെ സംയുക്ത രൂപമാണ്. പ്രൊട്ടെവങ്ഗലിയം അഥവാ, പ്രഥമ സദ്വർത്തമാനം ബൈബിളിലെ രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശമായി അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗത്ത് നാലുപേരെക്കുറിച്ച് പരാമർശമുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. പാമ്പ്: യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമാണ്. ഈ പാമ്പ് ആരാണെന്ന് വെളിപ്പാട് പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം: പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പമെന്ന് വെളിപ്പാടിൽ പറയുന്നു. (12:9; 20:2). പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പാമ്പിൻ്റെ സന്തതി പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു യേശു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി: ക്രിസ്തുവാണ് സ്ത്രീയുടെ സന്തതി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: ഗലാ, 1:3; എഫെ, 2:15-17; കൊലൊ, 2:14,15; 1പത്രൊ, 2:24). സ്ത്രീ: ഉല്പത്തി 3:15-ലെ സ്ത്രീ ആരാണെന്നതിനെക്കുറിച്ച് ഒരാശയക്കുഴപ്പം പലർക്കുമുണ്ട്. തന്മൂലം വിശദമായ ചിന്ത ആവശ്യമാണ്. ഉല്പത്തി 3:15-ൽ പറയുന്ന സ്ത്രീ മറിയയാണെന്ന് കരുതുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാകും സ്ത്രീ മറിയാണെന്ന നിഗമനത്തിലെത്തിയത്. മറിയയ്ക്ക് ‘പുതിയ ഹവ്വാ’ എന്നൊരു വിശേഷണം കത്തോലിക്കർ കൊടുക്കുന്നുണ്ട്. ഒന്നാമത്തെ ഹവ്വായിലൂടെ പാപം ലോകത്തിൽ വന്നുവെങ്കിൽ, പുതിയ ഹവ്വായിലൂടെ ദൈവപുത്രനെ ജനിപ്പിക്കുക വഴി പാപത്തിന് പരിഹാരം ഉണ്ടായെന്നാണ് അവരുടെ അവകാശവാദം. ആദാമിനെ ഒന്നാം മനുഷ്യനെന്നും ക്രിസ്തുവിനെ ഒടുക്കത്തെ ആദാമെന്നും പറഞ്ഞിരിക്കുന്നതിലാകും, മറിയയ്ക്കും അതുപോലൊരു പദവി നല്കിയത്. (1കൊരി, 15:45). ഉല്പത്തിയിൽ ഹവ്വായെ ജീവനുള്ളവർക്കെല്ലാം മാതാവ് എന്നു വിളിച്ചിട്ടുണ്ട്. (3:20). അങ്ങനെയെങ്കിൽ മറിയ നിത്യജീവൻ ലഭിച്ചവരുടെ അഥവാ, ദൈവമക്കളുടെയെല്ലാം മാതാവാകുമോ???…

ഉല്പത്തിയിലെ സ്ത്രീ മറിയയാണെന്ന ധാരണയിൽ വെളിപ്പാട് പുസ്തകത്തിലെ ‘സൂര്യനെ അണിഞ്ഞ സ്ത്രീയും’ മറിയയാണെന്ന് പലരും പഠിപ്പിക്കുന്നുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ടത്, വെളിപ്പാടെന്ന വാക്കിൻ്റെ അർത്ഥം ‘മറനീക്കി കാണിക്കുക’ എന്നാണ്. അതായത്, ഭാവിയിൽ നടക്കാനുള്ള സംഭവങ്ങളാണ് വെളിപ്പാട് പുസ്തകത്തിൽ അനാവരണം ചെയ്തിക്കുകയാണ്. അതുകൊണ്ട് പ്രവചാനാർത്ഥത്തിൽ തന്നെ വെളിപ്പാടിലെ കാര്യങ്ങൾ മനസ്സിലാക്കണം. അതിനാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയെല്ലെന്ന് വ്യക്തമാണ്. വെളിപ്പാടിൽ ആകെ നാല് സ്ത്രീകളെക്കുറിച്ചാണ് പരാമർശമുള്ളത്: ഒന്ന്: ഈസബേൽ (വെളി, 2:20); തുയഥൈര സഭയിലെ വ്യാജ പ്രവാചികയായ ഇവൾ, ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്നവളാണ്. അക്ഷരാർത്ഥത്തിൽ തുയഥൈര സഭയിൽ അവൾ ഉണ്ടായിരുന്നു. പ്രവചാനാർത്ഥത്തിലും അവളെപ്പോലുള്ളവർ എന്നുമുണ്ട്. രണ്ട്: വേശ്യകളുടെ മാതാവായ മഹാബാബിലോൺ (വെളി, 17:4-5); വേശ്യാവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയുംകൊണ്ടു നിറഞ്ഞ ഒരു പാനപാത്രം കൈയ്യിൽ പിടിച്ചുകൊണ്ട്, ഏഴു തലയും പത്തു കൊമ്പുമുള്ളതായ കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരുന്നിരുന്ന സ്ത്രീ. ഇത് സഭയ്ക്കകത്തെ നൈതികവും മതകീയവുമായ ദുരുപദേശമാണ്. അവസാനംവരെ സത്യോപദേശത്തിന് സമാന്തരമായിട്ട് ഈ ദുരുപദേശവും ഉണ്ടാകും. മൂന്ന്: ക്രിസ്തുവിൻ്റെ കാന്ത അഥവാ, വിശുദ്ധന്മാർ; (വെളി, 19:7-8). ഇത് പുതിയനിയമ സഭയാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുന്നവരായ എല്ലാ വിശ്വാസികളും അവൻ്റെ മണവാട്ടിയാണ്. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. (19:8). നാല്: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ; (വെളി, 12:1-18). ഈ സ്ത്രീയെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, മണവാട്ടി സഭയും — ആൺകുട്ടി, വിശുദ്ധിയോടെ ജീവിക്കുന്നവരും. 2. സ്ത്രീ, നാമധേയ ക്രിസ്ത്യാനികൾ അഥവാ, യഥാർത്ഥ ക്രിസ്ത്യാനികൾ അല്ലാത്തവരും — ആൺകുട്ടി, പരിശുദ്ധാത്മാഭിഷേകം കാത്തിരുന്നു പ്രാപിച്ചവരും. 3. സ്ത്രീ, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരും — ആൺകുട്ടി, വിവാഹജീവിതം ത്യജിച്ചവരും. 4. സ്ത്രീ, സ്വർഗ്ഗത്തിലെ വിശ്വസ്തരായ ആത്മസൃഷ്ടികൾ അഥവാ, ദൂതഗണങ്ങളും — ആൺകുട്ടി യേശുക്രിസ്തുവും. 5. സ്ത്രീ, യേശുവിൻ്റെ അമ്മയായ മറിയ — ആൺകുട്ടി, കർത്താവായ യേശുക്രിസ്തു. 6. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, കർത്താവായ ക്രിസ്തു. 7. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, ദൈവമക്കൾ അഥവാ, പുതിയനിയമസഭ. ഇതിൽ ആദ്യത്തെ നാലെണ്ണം വിചിന്തനം കൂടാതെ തള്ളിക്കളയാം. കാരണം, അതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. 

ഇനി, സൂര്യനെ ഉടയാടയാക്കിയ സ്ത്രീ മറിയയാണോന്ന് നോക്കാം: സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തു ആണെന്നു ധരിച്ചുകൊകൊണ്ടാണ്, സ്ത്രീ മറിയയാണെന്ന് വിചാരിക്കുന്നത്. “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). ഇവിടെപ്പറയുന്ന, ഇരിമ്പുകോൽ കൊണ്ട് മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവാണെന്നാണ് ഒരു വ്യാഖ്യാനം. യേശുവിൻ്റെ ജനനവും സ്വർഗ്ഗാരോഹണവുമാണ് ഈ വാക്യത്തിൻ്റെ പ്രതിപാദ്യം എന്ന് അക്കൂട്ടർ വിശ്വസിക്കുന്നു. അതിനാധാരമായിട്ട് സങ്കീർത്തനം രണ്ടാമദ്ധ്യായം അവർ ചുണ്ടിക്കാണിക്കുന്നു. വെളിപ്പാടിലെ ആൺകൂട്ടി ക്രിസ്തുവല്ലെന്നതിന് തെളിവായി രണ്ട് കാര്യങ്ങൾ പറയാം. ഒന്ന്: രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ അക്ഷരാർത്ഥത്തിൽ ക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ, ജാതികളെ ഇരിമ്പുകോൽകൊണ്ടു തകർക്കാനുള്ള അധികാരവും യിസ്രായേലിൻ്റെയാണ്. ആത്മീയാർത്ഥത്തിൽ അത് ക്രിസ്തുവിൽ നിറവേറുന്നുവെങ്കിലും, അതവൻ്റെ ജനനത്തിലല്ല; പുനരുത്ഥാനത്തിലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). രണ്ട്: വെളിപ്പാടുപുസ്തകം ഭാവിസംഭവങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകമാണ്. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. തന്മൂലം, സ്ത്രീ മറിയയുമല്ല; ആൺകുട്ടി ക്രിസ്തുവുമല്ലെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, ആ സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്. വെളിപ്പാട് 12:5-ലെ ജാതികളെ ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവല്ലെങ്കിൽ, പിന്നെ ആ അധികാരമുള്ള രണ്ടു കൂട്ടരാണ് ബാക്കിയുള്ളത്. ഒന്ന്; യിസ്രായേലും (സങ്കീ, 2:8,9), രണ്ടാമത്തത്; പുതിയനിയമസഭയും. (വെളി, 2:26,27). വെളിപ്പാടു 12:5-ൽ സ്തീ പ്രസവിച്ച ആൺകുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെടുന്നതായി പറഞ്ഞിട്ടുണ്ട്. മഹാപീഡനത്തിൻ്റെ വിധേയർ യിസ്രായേൽ ആയതുകൊണ്ടും ആൺകുട്ടി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതുകൊണ്ടും, സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുതാൻ രക്തംകൊണ്ട് സമ്പാദിച്ച പുതിയനിയമ സഭയാണെന്ന് മനസ്സിലാക്കാം. ആയിരമാണ്ടു വാഴ്ചയിൽ സഭ ക്രിസ്തുവിനൊപ്പം വാഴേണ്ടതാകയാൽ ഇരിമ്പുകോൽകൊണ്ട് മേയ്ക്കാനുള്ള അധികാരം പുതിയനിയമ സഭയ്ക്കുള്ളതാണെന്നും കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു എന്നത് സഭയുടെ ഉൽപ്രാപണമാണെന്നും മനസ്സിലാക്കാം. (വെളി, 12:5; 1കോറി, 15:52). 

പിന്നീടാണ് സ്വർഗ്ഗത്തിൽ യുദ്ധമുണ്ടാകുന്നതും, സാത്താനെ ഭൂമിയിലേക്ക് തള്ളിക്കളയുന്നതും. അത് മഹാപീഡനത്തിൻ്റെ മദ്ധ്യത്തിൽ പീഡ കടുക്കുന്നതിനോടുള്ള ബന്ധത്തിലാണ്. (വെളി, 12:7-8). തുടർന്ന് 12:13-ൽ കാണുന്നു: “തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” ഭൂമിയിൽ നടക്കുന്ന മഹാപീഡനത്തിൻ്റെ വിധേയർ എന്നു പറയുന്നത്; പ്രധാനമായും യിസ്രായേലും, പിന്നെ ജാതികളുമാണ്. ഈ സമയത്ത് പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്; ഒപ്പം മറിയയും. പിന്നെങ്ങനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞ ഉഗ്രസർപ്പം മറിയയെ ഉപദ്രവിക്കും? അതോ, ക്രിസ്തുവിന് മനുഷ്യനായി വെളിപ്പെടാൻ ഉദരം സമർപ്പിച്ച മറിയയെ, അന്നാളിൽ ദൈവം സാത്താൻ്റെ ഉപദ്രവത്തിന് ഏല്പിച്ചുകൊടുക്കുമോ? 17-ാം വാക്യവും നോക്കുക: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ആരാണീ സ്ത്രീയുടെ സന്താനങ്ങൾ. ദൈവത്തിൻ്റെ എതിരാളിയാണ് ബൈബിൾ പഠിപ്പിക്കുന്ന സാത്താൻ. സ്ത്രീ മറിയയാണെങ്കിൽ, മറിയയുടെ മക്കളാരാണ്? മറിയയോടും മക്കളോടുമെന്തിനാണ് സാത്താന് വൈരം? ദൈവത്തോടും, സ്വന്തജനത്തോടുമാണ് സാത്താന് വൈരമുള്ളത്. ദൈവവും തൻ്റെ മക്കളും അഥവാ, ക്രിസ്തു മുഖാന്തരം രക്ഷപ്രാപിച്ച പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്. ഭൂമിയിലുള്ളത് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. അപ്പോൾ സാത്താൻ തന്നെ സ്വർഗ്ഗത്തിൽനിന്ന് നിഷ്കാസനം ചെയ്തതിൻ്റെ പക വീട്ടുന്നത് ആരോടായിരിക്കും? സംശയമൊന്നും വേണ്ട; തൻ്റെ സ്വന്തജനമായ യിസ്രായേലെന്ന സ്ത്രീയോടും, അവളുടെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങളോടും ആയിരിക്കും. 17-ാം വാക്യം ശ്രദ്ധിച്ചാൽ അറിയാം; സാത്താൻ ആരോടാണ് യുദ്ധം ചെയ്യാൻ വരുന്നത്: “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു.” ‘ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരും’ എന്ന പ്രയോഗം, അന്ന് വരം ലഭിച്ച രണ്ടു സാക്ഷികളുടെ ശൂശ്രൂഷയിൽ ക്രിസ്തുവിനെ അറിഞ്ഞവർ ആയിരിക്കും. (11:3-12). അവരായിരിക്കും തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി ഒടുവിൽ വിലപിക്കുന്നവർ. (സെഖ, 12:10; യോഹ, 19:37; വെളി, 1:7). ‘അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു’ അവളുടെ അഥവാ സ്ത്രീയുടെ സന്തതിയിൽ ശേഷിച്ചവരോടാണ് അവൻ യുദ്ധം ചെയ്യുന്നത്. 

സ്ത്രീയുടെ സന്തതി പുതിയനിയമ സഭയാണെന്നും, സ്ത്രീ യിസ്രായേലാണെന്നും നാം കണ്ടു. എന്നാൽ, സാത്താൻ യുദ്ധം ചെയ്യാൻ വരുന്ന യിസ്രായേൽ ഗോത്രങ്ങളെ സ്ത്രീയുടെ സന്തതികളിൽ ശേഷിച്ചവർ എന്ന് പറയുന്നതെന്താണ്? ഭൂമിയുടെ അറ്റത്തോളം രക്ഷ എത്തേണ്ടതിനു ദൈവം യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നത്. (യെശ, 49:6). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു” യേശുവും പറയുകയുണ്ടായി. (യോഹ, 4:22). ജാതികളായ നാം യിസ്രായേൽ പൗരതയോടു സംബന്ധമുള്ളവരോ, രക്ഷയ്ക്ക് കൂട്ടവകാശികളോ ആയിരുന്നില്ല; ദൈവത്തിൻ്റെ കൃപയാൽ ദാനമായി കിട്ടിയതാണ് നമ്മുടെ രക്ഷ. പുതിയനിയമ സഭയുടെ ആദ്യാംഗങ്ങൾ യിസ്രായേലാണെന്ന് നമുക്കറിയാം. (2:41). അതുതന്നെ മൂവായിരം അയ്യായിരമായി (4:4), പിന്നെ സഭകൾ ദിനംതോറും പെരുകിക്കൊണ്ടിരുന്നു (16:5) എന്നാണ് നാം വായിക്കുന്നത്. അതായത്, യിസ്രായേലെന്ന സ്ത്രീയുടെ സന്തതികളിൽ ഒരുഭാഗമാണ് ഏകശരീരസ്ഥരായി വിളിക്കപ്പെട്ട പുതിയനിയമസഭ. (എഫെ, 3:6. ഒ.നോ: 1കൊരി, 12:13; എഫെ, 2:16; കൊലൊ, 3:15). ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെയും ദൈവമില്ലാത്ത ജാതികളുടെയും മദ്ധ്യത്തിൽ ഉണ്ടായിരന്ന ന്യായപ്രമാണമെന്ന ശത്രുത്വം തൻ്റെ ജഡത്താൽ നീക്കി വേർപാടൻ്റെ നടുച്ചുവർ  ഇടിച്ചുകളഞ്ഞശേഷം, ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനാണ് താൻ ക്രൂശിൽമരിച്ച് ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിച്ചത്: (എഫെ, 2:14-16). എന്നാൽ ക്രിസ്തു ഒരുക്കിയ രക്ഷയിൽ പങ്കുകാരാകാത്ത യിസ്രായേൽ സന്തതികളിൽ ശേഷിച്ചവരോടാണ് മഹാസർപ്പം യുദ്ധം ചെയ്യാൻ വരുന്നത്. പുതിയനിയമസഭ ക്രിസ്തുവെന്ന ഏകശരീരത്തിൻ്റെ അവയവങ്ങളും, ഏകശരീരസ്ഥരായി വിളിക്കപ്പെട്ടവരും ആയതുകൊണ്ടാണ് സ്ത്രീ പ്രസവിച്ച അഥവാ രക്ഷിക്കപ്പെട്ട യിസ്രായേലിൻ്റെ സന്തതികളെ, ആൺകുട്ടിയെന്ന് ഏകവചനത്തിൽ പറയുന്നത്. എന്നാൽ, സർപ്പം യുദ്ധംചെയ്യുന്ന ശേഷിപ്പുള്ള യിസ്രായേൽ ജനത്തെ ‘സന്തതികൾ’ എന്ന് ബഹുവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ യിസ്രായേലാണെന്ന് വെളിപ്പാടിൽ നിന്നുതന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. പന്ത്രണ്ടാം അദ്ധ്യായത്തിൽത്തന്നെ ഇതിനാധാരമായ തെളിവുണ്ട്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഉല്പത്തി പുസ്തകത്തിൽ യോസേഫ് കണ്ടൊരു സ്വപ്നമുണ്ട്: “അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.” (ഉല്പ, 37:9-10).  സൂര്യൻ യിസ്രായേലിന്റെ ഗോത്രപിതാവിനെയും (യാക്കോബ്), ചന്ദ്രൻ ഗോത്രമാതാവിനെയും (റാഹേൽ) 11 നക്ഷത്രങ്ങൾ ജോസഫിന്റെ സഹോദരന്മാരായ 11 ഗോത്രങ്ങളെയും കുറിക്കുന്നു. യോസേഫിന്റെ സ്വപ്നത്തിലെ സൂര്യനെ പ്രതിനിതീകരിക്കുന്ന യാക്കോബ്, ദൈവം അബ്രഹാമിനോടു ചെയ്ത ഉടമ്പടിയുടെ അവകാശിയാണ്. (ഉല്പ, 12:1,2). യോഹന്നാൻ കണ്ട സ്ത്രീ സൂര്യനെ അണിഞ്ഞവളും ചന്ദ്രൻ കാൽക്കീഴെ ഉള്ളവളും 12 നക്ഷത്രം കൊണ്ടുള്ള കിരീടം ധരിച്ചവളും ആയിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തുന്നവയാണ്. എന്നാൽ, സൂര്യനും നക്ഷത്രങ്ങളും സ്വയം പ്രകാശം പരത്തുമ്പോൾ ചന്ദ്രൻ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. സർവ്വലോകത്തിനും ദൈവീകപ്രകാശം അഥവാ രക്ഷയുടെ പ്രകാശം നൽകുവാനായി തിരഞ്ഞെടുത്ത ജനത യിസ്രായേലായിരുന്നു. (യെശ, 49:6). “അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.” (വെളി, 12:2). പഴയനിയമത്തിൽ യിസ്രായേലിനെ പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയായി പലപ്രാവശ്യം ചിത്രീകരിച്ചിട്ടുണ്ട്: “യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.” (യെശ, 26:17). “ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ,” (യെശ, 26:18). “പ്രസവവേദനയാൽ എന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം.” (യിരെ, 4:31). “നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?” (യിരെ, 13:21). “സീയോൻ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക;” (മീഖാ, 4:10). “അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും;” (മീഖാ 5:3). 

വെളിപ്പാട് 12:6: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” ഇത് യേശു ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ മഹാപീഡനത്തിൻ്റെ അവസാന പകുതിയായ 3½ വർഷം അഥവാ 1260 ദിവസമാണ്. (ദാനീ, 12:1, മത്താ, 24:15-21; വെളി, 12:6). യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). വെളിപ്പാട് 12:7-11: സ്വർഗ്ഗത്തിൽ മിഖായേലും അവൻ്റെ ദൂതന്മാരും മഹാസർപ്പത്തോട് പടവെട്ടി അവനെ തോല്പിച്ച് ഭൂമിയിലേക്ക് തള്ളിക്കളയുന്നു. വെളിപ്പാട് 12:12-17: ഭൂമിയിൽ പതിച്ച പിശാച് തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു യിസ്രായേലിനെതിരെ പിഡ കടുപ്പിക്കുകയാണ്. ഇതാണ് യേശു പറഞ്ഞ മഹാപീഡനം: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്താ, 24:21). യിസ്രായേലിന് ഭവിക്കാനുള്ള ഈ ഉഗ്രപീഡനത്തെക്കുറിച്ച് പഴയപുതിയനിയമ ഭക്തന്മാർ പ്രവചിച്ചിട്ടുണ്ട്: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: (യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: (യെശ, 26:20; 34:2), ക്രോധകലശം: (വെളി, 16:1), ക്രോധദിവസം: (സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18). ഒപ്പം യഹൂദന്മാർ ചോദിച്ചുവാങ്ങിയ ഒരു ശിക്ഷ കൂടിയുണ്ട്: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.” (മത്താ, 27:25). യസ്രായേലിനു ഭവിക്കുവാനുള്ള കഷ്ടതകളെക്കുറിച്ചാണ് വെളിപ്പാട് പുസ്തകം പറയുന്നത്. അതിനാൽ, 12-ാം വാക്യത്തിലെ ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീ’ മറിയയല്ല; പ്രത്യുത, യിസ്രായേലാണെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

ഇനി, അറിയാനുള്ളത് ഉല്പത്തിയിലെ സ്ത്രീയാരെന്നാണ്. ആ സ്ത്രീ ആരാണെന്നറിയാൻ, ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം നോക്കാം: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). രണ്ടാം വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. അടുത്തഭാഗം: “യിസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും അഥവാ, യിസ്രായേലിൻ്റെ സന്തതിയായി ജനിക്കും.’ പ്രവചനങ്ങളിൽ പറയുന്ന സ്ത്രീ മറിയയല്ല, യിസ്രായേൽ രാഷ്ട്രമാണെന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം തെളിവെന്തിനാണ്. മൂന്നാം വാക്യം: ‘പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.’ അവിടെ ഏല്പിച്ചു കൊടുക്കും എന്നത് മറ്റുപരിഭാഷകളിൽ; ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കും, പരിത്യജിക്കും എന്നിങ്ങനെയാണ്. അവിടെ പ്രസവിക്കാനുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് വ്യക്തമല്ലേ? യിസ്രായേലിനെ ‘അവൾ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അവൻ ‘അവരെ’ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അവിടെ, പ്രസവിക്കാനുള്ള സ്ത്രീ യിസ്രായേലും, ഏല്പിച്ചുകൊടുക്കും അഥവാ പരിത്യജിക്കും എന്നു പറഞ്ഞിരിക്കുന്നത് യിസ്രായേൽ ജനത്തെയുമാണ്. ക്രിസ്തുവിൻ്റെ ജനനംവരെ അവർ പരിത്യജിക്കപ്പെട്ടവർ തന്നെയായിരുന്നു. യിസ്രായേലിനെ പ്രസവമടുത്ത അഥവാ ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിരിക്കുന്ന ഭാഗങ്ങളും നോക്കുക. (യെശ, 26:17; 26:18; യിരെ, 4:31; 13:21; മീഖാ, 4:10). യിസ്രായേലെന്ന ഈ സ്ത്രീയെക്കുറിച്ചാണ് പൗലൊസ് ഗലാത്യരിൽ പറയുന്നത്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4. ഒ.നോ: ഗലാ, 4:24-31). ജഡപ്രകാരം ക്രിസ്തു യിസ്രായേലിൽ നന്നാണ് ഉത്ഭവിച്ചത്: (റോമ, 9:5). അതിനാൽ, ഉല്പത്തിയിലെ ‘സ്ത്രീയും, ഗലാത്യരിലെ കാലസമ്പൂർണ്ണതയിലെ സ്ത്രീയും, വെളിപ്പാടിലെ സൂര്യനെ അണിഞ്ഞ സ്ത്രീയും’ യിസ്രായേലാണെന്ന് വ്യക്തം.

യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32).

കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2).

അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ആകയാൽ ഉല്പത്തിയിലെ സ്ത്രീയും, വെളിപ്പാട് 12-ലെ സ്ത്രീയും അബ്രാഹാമിൻ്റെ സന്തതിയായ യാക്കോബിൻ്റെ സന്തതികളായ യിസ്രായേലാണെന്ന് നിസംശയം മനസ്സിലാക്കാം.

പുതിയനിയമത്തിലെ ‘സ്ത്രീയിൽനിന്നു ജനിച്ചവൻ’ എന്ന പ്രയോഗംകൂടി നോക്കാം: “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4). ബൈബിളിൽ ക്രിസ്തുവിനെ സ്ത്രീയുടെ സന്തതി, സ്ത്രീയിൽ നിന്നു ജനിച്ചവൻ എന്നൊക്കെ പറയുന്നത്, അക്ഷരാർത്ഥത്തിലല്ല; ആത്മീയാർത്ഥത്തിലാണ്. അവിടുത്തെ സ്ത്രീ യിസ്രായേലാണെന്ന് നാം കണ്ടുകഴിഞ്ഞു. കൂടാതെ, ‘ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു’ എന്നതും ശ്രദ്ധിക്കുക. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” (7:14) എന്ന യെശയ്യാപ്രവചനം രണ്ടു വിധത്തിലും നിറവേറിയതായി കാണാം. മറിയയെന്ന ഭക്ത കന്യകയിലൂടെയും യിസ്രായേലെന്ന കന്യകയിലൂടെയും അത് നിറവേറി. യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിക്കാനാണ് ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടത്. ന്യായപ്രമാണത്തിനു കീഴെ ജനിച്ച ക്രിസ്തു, അവരുടെ പാപത്തിന് കൂട്ടാളിയാകാതിരിക്കാനാണ് മറിയയിലൂടെ ജന്മമെടുത്തത്. അഥവാ, ദൈവത്തിൻ്റെ ഏകജാതനാകാനാണ് മറിയയെന്ന കന്യകയിലൂടെ താൻ നിസ്തുല ജനനം സ്വീകരിച്ചത്. സ്ത്രീയുടെ സന്തതിയെന്ന ബൈബിളിലെ പ്രയോഗം ഒരിക്കലും മറിയയെന്ന കന്യകയിലൂടെയുള്ള ക്രിസ്തുവിൻ്റെ ജനനത്തെ കുറിക്കുന്നതല്ല. നമുക്കറിയാം: ആദാമും ഹവ്വായും ഒഴികെയുള്ള എല്ലാ മനുഷ്യരും സ്ത്രീയിൽനിന്ന് തന്നെയാണ് ജനിക്കുന്നത്. മാത്രമല്ല, “സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” (മത്താ, 11:11) എന്ന യേശുവിൻ്റെ വാക്കിനാൽ, തന്നെ അക്കൂട്ടത്തിൽ പെടുത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്നത് യേശുവിൻ്റെ ജനനത്തെ കുറിക്കുന്നതാണ്. അവിടെ, ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പരിശുദ്ധാത്മാവിലാണ് യേശുവിൻ്റെ ജനനമെന്ന് ബൈബിൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. (മത്താ, 1:18, 20; ലൂക്കൊ, 1:35). പ്രകൃത്യാതീതമായിട്ട് മറിയയെന്ന കന്യകയിൽ ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ ‘സ്ത്രീയിൽനിന്ന് ജനിച്ചവൻ’ എന്ന പ്രയോഗം ഒരിക്കലും യോജിക്കില്ലല്ലോ? അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; ദൈവത്തിനു ജഡത്തിൽ വെളിപ്പെടാൻ മുഖാന്തരമായ സ്ത്രീ മാത്രമാണ് മറിയ. അഥവാ മറിയയെന്ന കന്യക ദൈവകൃപയാൽ തൻ്റെ ഉദരം സ്വമനസ്സാലെ ദൈവത്തിനു സമർപ്പിച്ചുവെന്നല്ലാതെ, യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ ജനനത്തിൽ യാതൊരും ഭാഗഭാഗിത്വവും തനിക്കില്ല. മാത്രമല്ല, അക്ഷരാർത്ഥത്തിൽ യേശു സ്ത്രീയുടെ സന്തതിയാണെങ്കിൽ, “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), “അവനിൽ പാപം ഇല്ല” (1യോഹ, 3:5), “പാപം അറിയാത്തവൻ” (2കൊരി, 5:21) എന്നിത്യാദി പ്രയോഗങ്ങൾ അർത്ഥശൂന്യമാകും. എന്തെന്നാൽ സ്ത്രീ പ്രസവിച്ചവന് നീതിമാനും നിർമ്മലനും ആയിരിക്കാൻ കഴിയില്ല. (ഇയ്യോ, 15:14; 25:4). അതിനാൽ, ഗലാത്യരിൽ പൗലൊസ് പറയുന്നത്; യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായ ക്രിസ്തുവിനെക്കുറിച്ചാണ്. അഥവാ, അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാൻ ന്യായപ്രമാണത്തിന് കീഴുള്ളവനായി ജനിച്ച പരിശുദ്ധ സന്തതിയെക്കുറിച്ചാണ്. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാനാണ് (മത്താ, 1:21), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രൻ (ലൂക്കൊ, 1:32,:35), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4;4), ആദ്യജാതൻ, ഏകജാൻ, വചനം, വഴി, വാതിൽ, മുന്തിരിവള്ളി, മൂലക്കല്ല് തുടങ്ങി അനേകം പദവികളിലും മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് പറഞ്ഞുകൊണ്ട് നിർത്തുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

4 thoughts on “മൂന്നു സ്ത്രീകൾ”

Leave a Reply

Your email address will not be published. Required fields are marked *