മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

☛ ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യപ്രകാരം, ദൈവപുത്രനായ യേശുവിൻ്റെ നിന്ദയാണ് മോശെ വലിയ ധനമായി എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. എന്നാൽ എബ്രായ ലേഖകൻ, യേശുവിനെക്കുറിച്ചല്ല; മോശെ എന്ന ക്രിസ്തുവിനെക്കുറിച്ച് (അഭിഷിക്തൻ) തന്നെയാണ് പറയുന്നത്. എബ്രായർ പതിനൊന്നിലെ വിഷയം യേശുക്രിസ്തുവല്ല; വിശ്വാസവീരന്മാരും അവരുടെ വിശ്വാസത്തിൻ്റെ തീക്ഷ്ണതയുമാണ്. എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ചോദിച്ചാൽ: “ദൈവപുത്രൻ” (Son of God) എന്നുപറഞ്ഞാലും “ക്രിസ്തു/മശീഹ” (Christos/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. മറ്റൊരു വിഷയം: “മശീഹ” (Messiah) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ രണ്ടിടത്ത് “the Messiah” എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26. എന്നാൽ പുതിയനിയമത്തിൽ “ക്രിസ്തോസ്” (christos) എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്യാതെ, മലയാളത്തിൽ “ക്രിസ്തു” എന്നും ഇംഗ്ലീഷിൽ “Christ” എന്നും ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. അതിനാൽ “ക്രിസ്തു” എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു.

☛ അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന “ക്രിസ്തു” (അഭിഷിക്തൻ) യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. അവിടെ “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്തിരുന്നതെങ്കിൽ, അത് മോശെയാണെന്ന് മനസ്സിലാകുമായിരുന്നു. എന്നാൽ “ക്രിസ്തോസ്” എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” എന്ന് പരിഭാഷ ചെയ്യാതെ, “ക്രിസ്തു” എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, പിന്നെയും ആയിരത്തഞ്ചൂറ് വർഷങ്ങൾക്കുശേഷം ജനിച്ച യേശുവിൻ്റെ നിന്ദയല്ല അവൻ ധനമായി എണ്ണിയത്. 

☛ പ്രസ്തുത വാക്യത്തിലെ അഭിഷിക്തൻ (ക്രിസ്തു) യേശുവല്ല; മോശെയാണ് എന്നതിന്റെ അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ കാണുക:

അഭിഷിക്തൻ (ക്രിസ്തു):
➦ “ക്രിസ്തു” എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11 ) യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ചപ്പോഴാണ് “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27). നസറെത്തിലെ പള്ളിയിലെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷേകം പ്രാപിച്ച് ”ക്രിസ്തു” (അഭിഷിക്തൻ) ആയത്, അല്ലെങ്കിൽ ആ പ്രവചനം നിവൃത്തിയായത് അപ്പോഴാണെന്ന് യേശുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 61:1; ലൂക്കൊ, 4:16-21). എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിലെ അഭിഷേകത്തിന് മുമ്പെ യേശുവെന്ന് പേരുള്ള ഒരു “ക്രിസ്തു” (അഭിഷിക്തൻ) ഈ അണ്ഡകടാഹത്തിലില്ല. എ;ഡി, 29-ൽ മാത്രം “ക്രിസ്തു” ആയവൻ്റെ നിന്ദ, അതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് മോശെ എങ്ങനെ ധനമായെണ്ണും?

പ്രവചനങ്ങളിൽ ഉണ്ടായിരുന്നവൻ:
➦ പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; 1:35), പ്രവാചകത്വം (ആവ, 18:18), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. പ്രവചനമെന്നാൽ ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). എ.എം 3,755-ലാണ് (ബി.സി. 6) യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലാണ് അവനെക്കുറിച്ചുള്ള അനേകം പ്രവചനങ്ങളിലെ ആദ്യപ്രവചനം നിവൃത്തിയായത്: (മീഖാ, 5:2ലൂക്കൊ, 2:5-7). എ.എം 3,755-ൽ പ്രവചന നിവൃത്തിയായി പരിശുദ്ധാത്മാവിനാൽ ഉല്പദിതനായ വ്യക്തിയുടെ നിന്ദ (മത്താ, 1:20; ലൂക്കൊ, 2:21), ഏകദേശം എ.എം. 2,255-ൽ മോശെ ധനമെന്ന് എണ്ണുന്നത് എങ്ങനെയാണ്?

അഭിഷിക്തനും അഭിഷേകദാതാവും:
➦ അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർ പറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ (ക്രിസ്തുക്കൾ) ബൈബിളിൽ ഉണ്ട്; അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). അതിനാൽ അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ദൈവത്താൽ അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. അതുപോലെ, യേശുവും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതുകൊണ്ടാണ്,അഭിഷേകം ആവശ്യമായി വന്നത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വസ്തുത നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും നന്നായറിയാം. ചിലർ കരുതുന്നപോലെ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യർക്ക് മാത്രം ആവശ്യമുള്ള അഭിഷേകം അവന് ആവശ്യമായി വന്നത് എന്തുകൊണ്ടാണ്? തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? [കാണുക: അഭിഷേകദാതാവും അഭിഷിക്തനും].

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:2-3; 22:20; ആവ, 3:24; 4:35; 5:6-7; 6:4; 32:12; 32:38; 33:26). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). യഹോവയല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ലെന്ന് പഠിപ്പിച്ച മോശെ, യഹോവയുടെ നിന്ദയല്ലാതെ ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ?

എന്നെപ്പോലൊരു പ്രവാചകൻ:
➦ “എന്നെപ്പോലെ പ്രവാചകൻ” എന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15പ്രവൃ, 3:22; 7:37). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19പ്രവൃ, 3:22; 7:22). തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (പത്രൊ, 1:20). യേശു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അല്ലെങ്കിൽ മൂമ്പേകൂട്ടി അറിയപ്പെട്ടവനും, അന്ത്യകാലത്ത് കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ലോകത്തിൽ വെളിപ്പെട്ടവനും ആണ്: (മത്താ, 1:21; ലൂക്കൊ, 2:21). അവൻ്റെ നിന്ദ അതിനും ആയിരത്തഞ്ഞൂറ് വർഷങ്ങൾക്കുമുമ്പേ മോശെ എങ്ങനെ ധനമായെണ്ണും?

ലോകാവസാനത്തിൽ അനുഭവിച്ച കഷ്ടം:
➦ “അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. (എബ്രാ, 9:26). യേശു ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിച്ചവനല്ല; ലോകാവസാനത്തിലാണ് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ അവൻ പ്രത്യക്ഷനായതും കഷ്ടം അനുഭവിച്ചതും എന്ന് എബ്രായലേഖകൻതന്നെ പറയുന്നു:  അപ്പോഴാണ് യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി അവൻ നിന്ദ അനുഭവിച്ചത്: (യെശ, 53:3; മത്താ, 27:44). ആ നിന്ദയെങ്ങനെ അതിനും ഒന്നര സഹസ്രാബ്ദംമുമ്പ് മോശെയുടെ ധനമായിമാറും? തന്മൂലം, എബ്രായലേഖകൻ പറയുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15; 18:18; പ്രവൃ, 3:22; 7:37) പുരോഹിതനുമാണ്. (സങ്കീ, 99:6). 

അവരിലുള്ള ക്രിസ്തുവിൻ്റെ ആത്മാവ്:
➦ “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10-11). ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ക്രിസ്തുവിൻ്റെ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും” വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ്റെ) ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. അതിനാൽ ക്രിസ്തു എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് ധരിക്കരുത്.

മോശെയെന്ന അഭിഷിക്തൻ (ക്രിസ്തു):
➦ പഴയനിയമത്തിൽ “അഭിഷിക്തൻ” (Anointed) എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. മോശെയുടെ കാലത്ത് അവനെ തൈലംകൊണ്ട് അഭിഷേകം ചെയ്യാൻ മറ്റൊരു അഭിഷിക്തൻ ഭൂമിയിൽ ഇല്ലായിരുന്നു. എന്നാൽ ദൈവം മോശെയെ നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽ മൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, മോശെ ദൈവത്തിൻ്റെ “ക്രിസ്തു” (അഭിഷിക്തൻ) ആണെന്ന് എബ്രായലേഖകൻ പറയുന്നത്.

ദൈവം അഭിമുഖമായി അറിഞ്ഞ പ്രവാചകൻ:
➦ “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്നാണ് വചനം പറയുന്നത്: (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും വ്യക്തമാക്കുന്നു: (പ്രവൃ, 7:22). മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). °ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). എബ്രായലേഖകനും അക്കാര്യം പറഞ്ഞിട്ടുണ്ട്: [എബ്രാ, 3:2; 3:5). അതായത്, യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നതാണ് മിസ്രയീമിലെ സകല നിക്ഷേപങ്ങളെക്കാളും വലിയ ധനമെന്ന് മോശെ കണക്കാക്കിയത്. അല്ലാതെ, അന്ന് ഭൂതലത്തിലെങ്ങും ഇല്ലാത്ത, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തെപ്രതി മോശെയുടെ നിന്ദ മേശയും, യേശുവിൻ്റെ നിന്ദ യേശുവും അനുഭവിച്ചു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

2 thoughts on “മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?”

Leave a Reply

Your email address will not be published. Required fields are marked *