അബ്രാഹാമിനു മുമ്പേയുള്ളവൻ
“നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹന്നാൻ 8:56-59)
“അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു എന്ന സാധാരണ അർത്ഥമാണുള്ളതെന്ന് അനേകർ വിചാരിക്കുന്നു. പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ഞാനുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ അത് കല്ലെറിയപ്പെടാനുള്ള കുറ്റമാകുന്നത് എങ്ങനെയാണ്? ഏത് കുറ്റം നിമിത്തമാണ് അവരവനെ കല്ലെറിയാൻ തുനിഞ്ഞത്? രണ്ടായിരം വർഷംമുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താനുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ ന്യായപ്രമാണപ്രകാരം കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ഇവരാണ്: 1.അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27). 2.അന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10). 3.അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15). 4.കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ (ലേവ്യ, 20:2). 5.തിരുനാമം ദുഷിക്കുന്നവർ (ലേവ്യ, 24:11-14). 6.വെളിച്ചപ്പാട് (ലേവ്യ, 20:27). 7.മന്ത്രവാദി (ലേവ്യ, 20:27). 8.കാളയെക്കൊണ്ടു മനഃപൂർവ്വം മറെറാരാളെ കുത്തി കൊല്ലിക്കുന്നവൻ (പുറ, 21:28-32). 9.ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21). 10.വ്യഭിചാരി (ആവ, 22:20-24). 11.ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36). 12.ദൈവദൂഷകൻ (ലേവ്യ, 24:15,16).
മേല്പറഞ്ഞവയിൽ 1-മുതൽ 10-വരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും അവൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. എന്തെന്നാൻ അവൻ പാപാപമറിയാത്തവനും, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാഞ്ഞവനും, പാപം ഇല്ലാത്തവനും ആയിരുന്നു. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും ശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചുജീവിച്ചിട്ടുള്ളത് നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രമാണ്. (യോഹ, 8:46). പതിനൊന്നാമത്തെ കുറ്റമായ ‘ശബ്ബത്തു ലംഘനം’ യേശുവിൻ്റെമേൽ ആരോപിക്കാൻ അവനത് പറഞ്ഞത് ശബ്ബത്തിലല്ല. അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ടവർ വരില്ലായിരുന്നു. (യോഹ, 8:3-5). യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു; അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. എന്തായാലും ഒരുകാര്യം നമുക്കുറപ്പിക്കാം: 1-മുതൽ 11-വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും?
യോഹന്നാൻ സ്നാപകൻ്റെ സ്നാനം മുതൽ അവൻ്റെ സാക്ഷ്യംനിമിത്തം യേശു ദൈവപുത്രനും ക്രിസ്തുവുമാണെന്ന് ഏല്ലാവരും അറിഞ്ഞിരുന്നു: (യോഹ, 1:34; 3:28). സ്നാനസ്ഥലത്ത് യെരൂശലേമ്യരും യെഹൂദ്യ ദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പരീശന്മാരും സദുക്യരും ചുങ്കക്കാരും പടജ്ജനവും പുരോഹിതന്മാരും ലേവ്യരുമുണ്ടായിരുന്നു: അവരോടാണ്, അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്ന് യോഹന്നാൻ സാക്ഷ്യം പറഞ്ഞത്: (മത്താ, 3:5,7; ലൂക്കൊ, 3:7,12,14; യോഹ, 1:19). ഭൂതഗ്രസ്തരും അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്നു വിളിച്ചുപറഞ്ഞിരുന്നു: (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28). അതൊന്നും രഹസ്യത്തിലായിരിക്കില്ല. താൻ ദൈവപുത്രനാണെന്ന് യേശു ദൈവാലയത്തിൽവെച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:25; 10:36). അതിനാൽ സ്നാപകൻ്റെ സാക്ഷ്യം മുതൽ യേശു ദൈവപുത്രനാണെന്നും ക്രിസ്തുവാണെന്നും അക്കാലത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു; (യോഹ, 1:19-28). യെഹൂദാ പ്രമാണിമാർക്കും അതറിയാമായിരുന്നു; എന്നാൽ പ്രമാണിമാരുടെ ദുഷ്ടഹൃദയം അവനെ ദൈവപുത്രനായോ ക്രിസ്തുവായോ അംഗീകരിക്കുവാൻ കൂട്ടാക്കിയിരുന്നില്ല എന്നതാണ് വസ്തുത. അതിൻ്റെ തെളിവാണ് യേശുവിനെ ക്രിസ്തുവെന്ന് ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടനാകണമെന്ന് അവർ തമ്മിൽ പറഞ്ഞൊത്തിരുന്നത്.(യോഹ, 9:22). അവർ അവനെ ഗലീലയിലെ നസറെത്ത് പട്ടണത്തിലുള്ള യോസേഫിൻ്റെയും മറിയയുടെയും മകനായിട്ടു മാത്രമാണ് അംഗീകരിച്ചിരുന്നത്: (യോഹ, 7:41,52). അവരുടെ ദൃഷ്ടിയിൽ കേവലം മനുഷ്യനായ യേശു രണ്ടായിരം വർഷംമുമ്പ് ജീവിച്ചിരുന്ന “അബ്രാഹാമിന്നു മുമ്പേ ഉണ്ടായിരുന്ന ആളാണ് ഞാൻ” എന്ന സാധാരണ അർത്ഥത്തിൽ പറഞ്ഞാൽ അത് കല്ലെറിയപ്പെടാനുള്ള കുറ്റമല്ല; ഒരു ഭ്രാന്തൻ്റെ വാക്കുകളായി തള്ളിക്കളയുമായിരുന്നു. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല. അതിനാൽ സാധാരണ അർത്ഥമാണ് അവന്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അവരവനെ കല്ലെറിയാൻ ഒരിക്കലും ശ്രമിക്കയില്ലായിരുന്നു.
ഒരുദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: കെ.വി. സൈമൻ സാർ കേരളത്തിലെ ബ്രദ്റൻ പ്രസ്ഥാനത്തിൻ്റെ പിതാവും, കെ.ഇ. എബ്രഹാം സാർ പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവുമാണ്. ഇന്നൊരു ബ്രദ്റുകാരൻ എഴുന്നേറ്റിട്ട് കെ.വി. സൈമൻ സാറിനു മുമ്പേ ഞാൻ ഉണ്ടെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? അല്ലെങ്കിൽ ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട് കെ.ഇ. എബ്രഹാം സാറിനു മുമ്പേ ഞാൻ ഉണ്ടെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? അത് ദൈവദൂഷണമാകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റൻ പെന്തെക്കൊസ്തു പ്രസ്ഥാനത്തിൻ്റെ ദൈവങ്ങളായിരിക്കണം. മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. അതുപോലെ, അബ്രാഹാം അവരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്; പിന്നെങ്ങനെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്നു പറഞ്ഞാൽ അത് ദൈവദൂഷണമാകും?
യെഹൂദന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ മദ്ധ്യേനിന്ന് സ്വയം മറഞ്ഞ് (hid himself) ദൈവാലയം വിട്ടുപോകയാണ് ചെയ്തത്: (യോഹ, 8:59). സാധാരണനിലയിൽ യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്: 1.ദൈവദൂഷകൻ (ലേവ്യ, 24:14,23). 2.ശബ്ബത്തുലംഘിച്ചവൻ (സംഖ്യാ, 15:32-36). 3.ആഖാൻ (യോശു, 7:25). 4.അദോരാം (1രാജാ, 12:18). 5.നാബോത്ത് (1രാജാ, 21:10-13). 6.സെഖര്യാവ് (2ദിന, 24:21,22). 7.സ്തെഫാനൊസ് (പ്രവൃ, 7:58-60). 8.പൗലൊസ് (പ്രവൃ, 14:5,19). പൗലൊസ് മരിച്ചെന്നു കരുതിയാണ് അവർ പട്ടണത്തിനും വെളിയിൽ ഉപേക്ഷിച്ചത്. (പ്രവൃ, 14:19). ചുറ്റുംകൂടിനിന്നിട്ടാണ് കല്ലെറിയുന്നത്; അതിനാൽ സ്വാഭാവികമായി രക്ഷപെടാൻ പ്രയാസമാണ്. അതുകൊണ്ടാണ് യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്നെഴുതിയിരിക്കുന്നത്. യേശു തനിക്കുവേണ്ടി അവിടെ ഒരത്ഭുതം പ്രവർത്തിച്ചതായിട്ടാണ് മനസ്സിലാകുന്നത്. മറ്റെവിടെയും ഇങ്ങനെയൊരു പ്രയോഗം കാണുന്നില്ല. [നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ, അവൻ അവരുടെ ഇടയിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്; അതൊരത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല; വേണമെങ്കിൽ ഒരത്ഭുതമായി അതിനെ മനസ്സിലാക്കാം: ലൂക്കൊ, 4:29-30]. യേശുവിൻ്റെമേൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്നത് ഏറ്റവും സ്പഷ്ടമാണ്. അങ്ങനെങ്കിൽ യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവനെന്ത് ദൈവദൂഷണമായിരിക്കും പറഞ്ഞത്???…
യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായെന്തോ ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ വായിച്ചാൽ ആ വാക്യത്തിൽ ഒരു പ്രത്യേകതയും തോന്നില്ല. മലയാളം ഓശാന നൂതനപരിഭാഷയിലെ വാക്യം ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). ഈ പരിഭാഷയിൽ, അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ഉണ്ട് എന്നല്ല; ‘ഞാൻ ആകുന്നു’ എന്നാണ്. അനേകം ഇംഗ്ലീഷ് പരിഭാഷകളിലും ‘ഞാൻ ആകുന്നു’ എന്നത് ‘I AM‘എന്ന വലിയക്ഷരത്തിലാണ് (capital letter) എഴുതിയിരിക്കുന്നത്: (AFV’11, AFV2000, CJB, DMNT, EMTV, Etheridge, F35, GLW, Haweis, HNC, HNV, ISV, JUB, LITV, LSV, Logos, MKJV, NAB, NHEB, NHEB-JM, NHEB-ME, NHEB-Y, NKJV, NLT’15, PESH, PSNT, Phi, RHB, ULB, WEB, WEBPB, WMB, WMBB). പുറപ്പാടു പുസ്തകത്തിൽ യഹോവ തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത് ‘ഞാനാകുന്നവൻ ഞാനാകുന്നു അഥവാ ഞാനാകുന്നവൻ ഞാനായിരിക്കും‘ എന്നാണ്. (പുറ, 3:14). അത് എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് (ehyeh aser ehyeh – I will be what I will be) ആണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ അത് എഗോ എയ്മി (εγω ειμι – EGO EIMI) ആണ്. ഇംഗ്ലീഷിൽ അത് I AM ആണ്. അതാണ് മലയാളം ഓശാന പരിഭാഷയിൽ ‘ഞാൻ ആകുന്നു‘ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്.
‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് അത്രേ. എഹ്യെഹിൻ്റെയും യാഹ്വെയുടെയും ധാത്വാർത്ഥം സ്വയം നിലനില്ക്കുന്നവൻ എന്നാണ്. അതാണ് അടുത്തവാക്യത്തിൽ യഹോവ എന്നു പറയുന്നത്: (പുറ, 3:14,15). അബ്രാഹാമിനു മുമ്പേയുള്ള ‘എഗോ എയ്മി അഥവാ ഞാനാകുന്നവൻ ഞാനാകുന്നു’ എന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. Aramaic Bible in Plain English-ൽ: “Yeshua said to them: “Timeless truth I speak to you: Before Abraham would exist, I AM THE LIVING GOD.” (യേശുവാ അവരോട് പറഞ്ഞു: കാലാതീതമായ സത്യം ഞാൻ നിങ്ങളോട് സംസാരിക്കുന്നു: അബ്രഹാം ജനിക്കുന്നതിനു മുമ്പേയുള്ള, ജീവനുള്ള ദൈവമാണ് ഞാൻ). One Unity Resource Bible-ൽ: “Yeshua [Salvation] said to them, “Most certainly, I tell you, before Abraham [Father of a multitude] came into existence, Ena Na [I AM (the Living God)].” The Remedy, 2020-ൽ: “I tell you the truth,” Jesus said, “before Abraham was even born, I AM! I AM he who created all things. I AM he who has always been.” The Orthodox Jewish Brit Chadasha-ൽ പുറപ്പാടിലെയും യെശയ്യാവിലെയും യഹോവയെ കുറിക്കുന്ന ഫുട്ട്നോട്ട് കൊടുത്തിട്ടുണ്ട്: “Rebbe, Melech HaMoshiach said to them, “Omein, omein, I say to you, before Avraham came into being, Ani hu.” [Shemot 3:14; 6:3; Yeshayah 41:4; 43:10,13]. അബ്രാഹാമിനു മുമ്പേയുള്ള “യാഹ്വെ അഥവാ ഞാനാകുന്നവൻ ഞാനാകുന്നു” എന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന യേശു എന്ന നസറെത്തുകാരൻ അബ്രാഹാമിനു മുമ്പേയുള്ള യാഹ്വെയാണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും. അതാണ് അവിടെ സംഭവിച്ചത്. അതായത്, യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്ന ഞാൻ അബ്രാഹാമിനും മുമ്പേയുള്ള അഥവാ അബ്രാഹാമിനെ സൃഷ്ടിച്ച യഹോവ അഥവാ യാഹ്വെ ആണെന്നാണ് യേശു പറഞ്ഞത്. അതുകൊണ്ടാണ്, യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതും അവനവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും.
യേശു തൻ്റെ പരസ്യ ശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്നു മടങ്ങിപ്പോകുമ്പോൾ, യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് കണ്ടതെന്ന് യോഹന്നാൻ അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുന്നു: “³⁷ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. “³⁸കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. ³⁹അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “⁴⁰അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” ⁴¹യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:37-41). 38-ാം വാക്യത്തിൽ “കർത്താവിൻ്റെ അഥവാ യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞാൽ; യഹോവയുടെ പ്രവൃത്തി ആര് കണ്ടിരിക്കുന്നു എന്നാണ്: (യേശ, 53:1). അനന്തരം, യെശയ്യാവ് ആറാം അദ്ധ്യായമാണ് ഉദ്ധരിക്കുന്നത്: പഴയനിയമത്തിൽ യഹോവ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കാണുകയോ, അറിയുകയോ, ഹൃദയംകൊണ്ട് ഗ്രഹിക്കുകയോ, അവനോടു നന്ദി കാണിക്കുകയോ ചെയ്യാതെ അവരുടെ കണ്ണും ഹൃദയം കുരുടായിപ്പോയതിനെക്കുറിച്ചു പറയുന്നു: (യെശ, 6:9-10). 37-ാം വാക്യത്തിൽ യേശുവിനെക്കുറിച്ചു പറഞ്ഞ അതേകാര്യമാണ് യഹോവയെക്കുറിച്ചും പറയുന്നതെന്നോർക്കണം. അടുത്തവാക്യത്തിൽ യേശുവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടതെന്നാണ് യോഹന്നാൻ പറയുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41. ഒ.നോ: AUV, CJB, BEB, BSB, CEV, EHV, FBV, GLW, GNT, GW’20, GWN, GWT, HNC, NCV, NET, NIV, NLT, NLV, NOG, OEB-cw, Phi, RAD’20). യെശയ്യാവും പഴയനിയമത്തിലെ മറ്റു ഭക്തന്മാരും യഹോവയെയല്ലാതെ മറ്റൊരാളെയും സ്വർഗ്ഗത്തിൽ കണ്ടിട്ടില്ലെന്നും ഓർക്കുക. ക്രിസ്തു മനഷ്യനാണെന്നും യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (യോഹ, 1:14; 4:29; 8:40; 9:11; 9:16; 10:33; 11:47; 11:50). അതായത്, യഹോവയായ ദൈവമാണ് മനുഷ്യനായി വന്നതെന്നാണ് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്.
പ്രസ്തുത വേദഭാഗത്ത് ‘നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ’ എന്ന യെഹൂദന്മാരുടെ ചോദ്യത്തിനും ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന യേശുവിൻ്റെ മറുപടിക്കു ആധാരമായ ഒരു സംഭവം യേശു അവിടെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹ, 8:56-59). എപ്പോഴാണ് അബ്രാഹാം യേശുവിനെ കണ്ട് സന്തോഷിച്ചത്?
“അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തുപ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോയോടു രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിൽ ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു.
അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56).
അബ്രാഹാം കണ്ട് സന്തോഷിച്ച യഹോവയാണ് യേശുവെന്ന നാമത്തിൽ വീണ്ടും മനുഷ്യനായി വെളിപ്പെട്ടിരിക്കുന്നത്: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) പുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതേ യഹോവയുടെ വെളിപ്പാടായ മനുഷ്യൻ, ‘അബ്രാഹാം തൻ്റെ ദിവസംകണ്ട് സന്തോഷിച്ചിരിക്കുന്നു’ എന്ന് പറഞ്ഞപ്പോഴാണ് യെഹൂദന്മാർ അവനോടു, ‘നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ’ എന്നു ചോദിച്ചത്. അപ്പോഴാണ്, ‘അബ്രാഹാമിനു ജനിച്ചതിന്നു മുമ്പേയുള്ള യാഹ്വെയാണ് (EGO EIMI) താനെന്നു യേശു പറഞ്ഞതും അവരവനെ കല്ലെറിയാൻ തുനിഞ്ഞതും: (യോഹ, 8:56-59).
പലപ്രാവശ്യം താൻ ഏഗോ എയ്മി (EGO EIMI) ആണെന്നു യേശു പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24, 8:28; പുറ, 3:14. സ.പു.നൂ.പ). അവൻ്റെ വാക്കുകേട്ട് പലരും അവനെ വിശ്വസിച്ചു: “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട് ‘ഞാൻ ആകുന്നു’ (എഗോ എയ്മി – EGO EIMI) എന്നാണ് യേശു പറഞ്ഞത്. (യോഹ, 18:5. മ.ഓശാന). അതുകേട്ടിട്ടാണ് അവർ പിന്നോട്ടു മറിഞ്ഞുവീണത്: (യോഹ, 18:6). യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണത്: (പുറ, 3:14,15). മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം അതിവിശുദ്ധസ്ഥലത്തു മാത്രം എടുക്കുന്ന യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ് അവർ പുറകോട്ട് മറിഞ്ഞുവീണത്. സത്യവേദപുസ്തകം ഉൾപ്പെടെ (ഓശാന പരിഭാഷ ഒഴികെ) മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ ‘അതു ഞാൻ തന്നേ’ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അടുത്തത്: മഹാപുരോഹിതനായ കയ്യഫാവിനോടു ‘ഞാൻ ആകുന്നു’ എന്നു യേശു പറഞ്ഞപ്പോൾ, മഹാപുരോഹിതൻ വസ്ത്രം കീറിയത് എന്തിനാണ്? (മത്താ, 26:63-65). അവിടെയും യിസ്രായേലിന്റെ അതിപരിശുദ്ധ നാമമായ എഗോ എയ്മി (EGO EIMI) എന്നു പറഞ്ഞതിനാലാണ് മഹാപുരോഹിതൻ വസ്ത്രം കീറിയത്.
ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ മർമ്മം അഥവാ രഹസ്യം യെഹൂദന്മാർക്ക് വെളിപ്പെടാതിരുന്നതുകൊണ്ടാണ്, അവർ അവരുടെ ദൈവം മനുഷ്യനായി വന്നപ്പോൾ അവനെ പിടിച്ചു ക്രൂശിച്ചത്. യെഹൂദത്മാർക്ക് ഇത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി.ഥ എന്നിട്ടും, ഇന്നും അനേകർക്കും ഇത് യെഹൂദരപ്പോലെ മർമ്മമായിരിക്കുകയാണ്. [കാണുക: ഞാനാകുന്നവൻ ഞാനാകുന്നു, അവൻ ജഡത്തിൽ വെളിപ്പെട്ടു; ഞാനും പിതാവും ഒന്നാകുന്നു, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]
യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (EGO EIMI – I AM) എന്ന ഏഴു പ്രസ്താവനകൾ കാണുക:
1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)
2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2)
3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)
4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3)
5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19)
6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).
7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).
യഹോവയുടെ സംയുക്ത നാമങ്ങൾ കാണുക:
1. യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14)
2. യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26)
3. യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15)
4. യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24)
5. യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6)
6. യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35)
7. യഹോവ-ശൂവാ = യഹോവ രക്ഷയാകുന്നു (മത്താ, 1:21). “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21)
യഹോവ തന്നെയാണ് യേശുക്രിസ്തു: പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്ന ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: (ലൂക്കൊ, 23:46: എബ്രാ, 9:14). മൂന്നാംനാൾ ദൈവത്താൽ ഉയിപ്പിക്കപ്പെട്ട ക്രിസ്തു അന്നുതന്നെ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ കയറിപ്പോയതോടെ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (പ്രവൃ, 2:24; യോഹ, 20:17, എബ്രാ, 9:11,12,24). അതായത്, പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്; അവനെയാണ് തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കില്ല. യെഹൂദാരാജാവായ ദാവീദ് “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്ന് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്തോമാസ് “എൻ്റെ ദൈവം” എന്നു സംബോധന ചെയ്തത്. അതായത്, പുതിയനിയമത്തിൽ ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായും അനന്തരം നേരിട്ടും പ്രത്യക്ഷനായത്.
യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു ഒരു സംശയമുണ്ടാകാം; ആ സംശയം യഹോവയായ ദൈവംതന്നെ തീർത്തുതരും: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവതന്നെ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). സത്യം അറികയും സത്യം ഏവരേയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!