ആശിർവാദത്തിലെ ത്രിത്വം

☛ പുതിയനിയമത്തിൽ ചതുർവിധമായ ആശിർവാദങ്ങൾ കാണാം. അതിൽനിന്ന് തങ്ങളുടെ സ്വന്ത ഉപദേശത്തിന് യോജിച്ച ഒരു ആശിർവാദം എടുത്തിട്ട്, അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതി (Nature) എന്ന് വാദിക്കുന്നവരാണ് ത്രിത്വോപദേശിമാർ. ട്രിനിറ്റിയുടെ ഭാഷയിൽത്തന്നെ അവരുടെ വ്യാഖ്യാനവൈകല്യം നമുക്ക് പരിശോധിക്കാം: 

അദ്വൈത ആശിർവാദം:
➦ പിതാവായ ഏകദൈവത്തിൽനിന്ന് ഒരു പ്രാവശ്യവും, കർത്താവായ യേശുക്രിസ്തുവിൽനിന്ന് എട്ടുപ്രാവശ്യം ചേർത്ത് ആകെ ഒൻപത് പ്രാവശ്യം അദ്വൈത ആശിർവാദം കാണാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (കൊലൊ, 1:2). ➟“സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേൻ.” (ഗലാ, 6:18 – റോമ, 16:20; 1കൊരി, 16:23; എഫെ, 4:23; 1തെസ്സ, 5:28; 2തെസ്സ, 3:18; ഫിലേ, 1:25; വെളി, 22:21). ഇത് ഏകനിൽനിന്നുള്ള ആശിർവാദമാണ്, അവരുടെ വ്യാഖ്യാനപ്രകാരം, ഈ ആശിർവാദത്തിൽ ദൈവത്തിൻ്റെ പ്രകൃതി തിരഞ്ഞാൽ ഇവിടെ ദൈവം അദ്വൈതം അല്ലെങ്കിൽ ഒരു വ്യക്തിയാണ്.

ദ്വൈത്വ ആശിർവാദം:
➦ പിതാവിൻ്റെയും പുത്രൻ്റെയും കൃപയും സമാധാനവും ആശംസിക്കുന്ന പതിനഞ്ച് പ്രാവശ്യം ദ്വൈത്വ ആശിർവാദം കാണാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3-4; എഫെ, 1:1; എഫെ, 6:23; ഫിലി, 1:2; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലേ, 1:3; 2പത്രൊ, 1:2; 2യോഹ, 1:3; യൂദാ, 1:1). ട്രിനിറ്റിയുടെ ഭാഷയിൽ ഇത് ദ്വൈത്വ ആശിർവാദമാണ്. അവരുടെ വ്യാഖ്യാനപ്രകാരം, ഈ ആശിർവാദത്തിൽ ദൈവത്തിൻ്റെ പ്രകൃതി തിരഞ്ഞാൽ ഇവിടെ ദൈവം ദ്വൈത്വം അഥവാ, രണ്ട് വ്യക്തികളാണ്. ബൈബിളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത്, ട്രിനിറ്റിയുടെ ഭാഷയിൽ രണ്ട് വ്യക്തിളുടെ ആശിർവാദമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, ദൈവം ത്രിത്വമല്ല; ദ്വൈത്വമാണെന്നല്ലേ വരൂ. അത് നിങ്ങൾ സമ്മതിക്കുമോ?

ത്രിത്വ ആശിർവാദം:
➦ യേശുക്രിസ്തുവിന്റെയും ദൈവത്തിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലുള്ള ത്രിത്വ ആശിർവാദം ഒരിക്കൽ മാത്രമാണുള്ളത്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14). ട്രിനിറ്റിയുടെ ഭാഷയിൽ ഇത് ത്രിത്വ ആശിവാദമാണ്. അവരുടെ വ്യാഖ്യാനപ്രകാരം, ആശിർവാദത്തിൽ ദൈവത്തിൻ്റെ പ്രകൃതി തിരഞ്ഞാൽ ഇവിടെ ദൈവം ത്രിത്വം അല്ലെങ്കിൽ മൂന്ന് വ്യക്തികളാണ്. ട്രിനിറ്റിയുടെ ഭാഷയിൽ ത്രിത്വ ആശിവാദം ഇതൊന്ന് മാത്രമേയുള്ളൂ. വല്ലാത്ത കഷ്ടംതന്നെ!

☛ ഈ വാക്യത്തിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: അവരുടെ ദൈവം ഒരുത്തനല്ല; ത്രിത്വമാണ്. അതായത്, “ഏകദൈവം” (One God/The only God) എന്നത് അവർക്ക് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന നിത്യരും സമത്വമുള്ളവരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവം എന്ന ഏകസാരാശത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളാണ് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്. “വ്യക്തികൾ” (Persons) എന്നത് ദൈവത്തെ കുറിക്കുന്ന പദമല്ല; മനുഷ്യരെ കുറിക്കുന്നതാണ്. അർത്ഥാൽ: “ഏകദൈവം = മൂന്ന് മനുഷ്യർ” എന്നാണ് ഇവരുടെ നിർവ്വചനം. അത് തൽക്കാലം നമുക്ക് മറക്കാം. എന്നാൽ ഈ വാക്യത്തിൽ ത്രിത്വത്തിലെ മൂന്നുപേരുമില്ല. രണ്ടാമനായ യേശുക്രിസ്തുവും, ത്രിത്വസാരാംശമായ ദൈവവും, മൂന്നാമനായ പരിശുദ്ധാത്മാവും ആണുള്ളത്. ഒന്നാമനായ പിതാവ് ഈ ആശിർവാദത്തിലില്ല. അതുചോദിച്ചാൽ, ഇവിടെപ്പറയുന്ന ദൈവം പിതാവാണെന്ന് പറയും. അതെങ്ങനെ ശരിയാകും? നിങ്ങൾക്ക് ദൈവം ഒരുത്തനല്ല; മൂന്നുപേരാണ്. ത്രിത്വസാരാശം എന്ന് നിങ്ങൾ പറയുന്ന ദൈവത്തിന് ത്രിത്വത്തിലെ ഒരു വ്യക്തിയാകാൻ എങ്ങനെ കഴിയും? “ഒരു ദൈവവും മൂന്ന് വ്യക്തി” എന്നതാണ് നിങ്ങളുടെ ഉപദേശം. ആ ഉദേശപ്രകാരം ഈ വാക്യത്തിൽ: “ഒരു ദൈവവും രണ്ട് വ്യക്തികളും ആണുള്ളത്. അതെങ്ങനെ ത്രിത്വമാകും? നിങ്ങളുടെ ഉപദേശംതന്നെ പൂർവ്വാപരവൈരുദ്ധ്യമാണ്.

നവക ആശിർവാദം:
ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള കർത്താവിങ്കൽനിന്നും (വെളി, 1:8; വെളി, 4:8), ഏഴ് ആത്മാക്കളുടെ പക്കൽനിന്നും, യേശുക്രിസ്തുവിൽനിന്നും യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് കാണാം. “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4-5). ട്രിനിറ്റിയുടെ ഭാഷയിൽ ഈ വേദഭാഗത്ത് ഒൻപത് വ്യക്തികളെ കാണാം. അവരുടെ വ്യാഖ്യാനപ്രകാരം, ആശിർവാദത്തിൽ ദൈവത്തിൻ്റെ പ്രകൃതി തിരഞ്ഞാൽ ഇവിടെ ദൈവം നവത്വം/നവകം അല്ലെങ്കിൽ ഒൻപത് വ്യക്തികളാണ്.

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6).അതിനാൽ ദൈവത്തിന് ഏകനും, ചിലപ്പോൾ ദ്വൈത്വവും, ചില സമയത്ത് ത്രിത്വവും, പിന്നെ ചിലപ്പോൾ നവകവുമായി അവസ്ഥാഭേദം വരുവാൻ എങ്ങനെകഴിയും? അപ്പോൾ “ആശിർവാദത്തിലെ ത്രിത്വം” എന്നത് ദുരുപദേശം മാത്രമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

☛ ത്രിത്വവിശ്വാസം അതിൽത്തന്നെ ദുരുപദേശം ആണെന്നതിന് പല തെളിവുകളുമുണ്ട്. പിതാവിൽ നിന്നും പുത്രനിൽനിന്നും പരിശുദ്ധാത്മാവിൽ നിന്നും കൃപയും സമാധാനവും ആശംസിക്കുന്നതുപോലെ, ദൈവത്തിൻ്റെ ഏഴ് ആത്മാക്കളിൽനിന്നും കൃപയും സമാധാനവും ആശംസിക്കുന്ന കാര്യം വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (വെളി, 1:5). “ആത്മാവിനെ” (Spirit) അല്ലെങ്കിൽ പരിശുദ്ധാത്മാവിനെ കുറിക്കാൻ 𝗣𝗻𝗲𝘂𝗺𝗮 എന്ന ഏകവചനവും (Singular Noun), ”ഏഴ് ആത്മാക്കളെ” (Seven Spirits) കുറിക്കാൻ 𝗛𝗲𝗽𝘁𝗮 𝗣𝗻𝗲𝘂𝗺𝗮𝘁𝗮 എന്ന ബഹുവചന (Plural) പ്രയോഗമാണ്. ഇതിൽ 𝗛𝗲𝗽𝘁𝗮 (ഏഴ്), 𝗣𝗻𝗲𝘂𝗺𝗮𝘁𝗮 (ആത്മാക്കൾ) എന്നീ രണ്ട് ബഹുവചന പദങ്ങൾ വ്യക്തമായി ഏഴ് ആത്മാക്കളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ത്രിത്വവിശ്വാസികൾ അതിനെ ദുർവ്യാഖ്യാനം ചെയ്ത്, ഏഴ് ആത്മാക്കളെ ഒരു ആത്മാവ് ആക്കാനുള്ള പാഴ്ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. അവരുടെ വ്യാഖ്യാനങ്ങൾ നമുക്ക് നോക്കാം:

𝟭. ഏഴ് ദീപങ്ങൾ: 
➦ ഏഴ് ആത്മാക്കൾ ഏഴ് ദീപങ്ങളാണെന്നാണ് ട്രിനിറ്റിയുടെ വ്യാഖ്യാനം: “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.” (വെളി, 4:5). ഇതിൻ്റെ മൂലഭാഷയുടെ അർത്ഥം: ഏഴ് ആത്മാക്കൾ ഏഴ് ദീപങ്ങളാണെന്നല്ല; ഏഴ് ദീപങ്ങൻ ഏഴ് ആത്മാക്കൾ ആകുന്നു എന്നാണ്. അതായത്, യോഹന്നാൻ ദർശനത്തിൽ നേരിട്ട് കാണുന്നത് സിംഹാസനത്തിന് മുന്നിൽ കത്തുന്ന “ഏഴ് ദീപങ്ങളെ” ആണ്. എന്നാൽ ആ ഏഴ് ദീപങ്ങൾ ഏഴ് ആത്മാക്കളെ പ്രതിനിധീകരിക്കുകയാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: “സിംഹാസനത്തില്‍ നിന്നു മിന്നല്‍പ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍. അവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാകുന്നു.” ദൈവാത്മാവ് അദൃശ്യമാകയാൽ യോഹന്നാന് ഏഴ് ആത്മാക്കളുടെ വെളിപ്പാട് ഉണ്ടായത് ജ്വലിക്കുന്ന ഏഴ് ദീപങ്ങളായാണ്. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും കണ്ടതോർക്കുക: (പ്രവൃ, 2:3). “ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ” എന്നു മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (വെളി, 3:1).
☛ ഏഴ് ആത്മാക്കളുടെ പക്കൽനിന്നാണ് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചത്: (വെളി, 1:4). ഇത് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏഴ് ആത്മാക്കൾ അല്ലാതെ, ട്രിനിറ്റിയുടെ വ്യാഖ്യാനംപോലെ ഏഴ് ദീപങ്ങൾ ആയിരുന്നെങ്കിൽ, ദീപങ്ങളിൽ നിന്നുള്ള കൃപയും സമാധാനവുമാണ് യോഹന്നാൻ സഭയ്ക്ക് ആശംസിച്ചതെന്നുവരും. ഈ ത്രിത്വവ്യാഖ്യാനം വിഗ്രഹാരാധനയ്ക്ക് തുല്യമാണ്.

𝟮. ഏഴ് സഭകൾ:
➦ ഏഴ് ആത്മാക്കൾ ഏഴ് സഭകളാണെന്നാണ് മറ്റൊരു വ്യഖ്യാനം: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.” (വെളി, 1:20). ഈ വാക്യത്തിൽ, “ഏഴു നിലവിളക്ക് ഏഴ് സഭകൾ ആകുന്നു” എന്നു പറഞ്ഞിരിക്കയാലാണ്, സിംഹാസനത്തിനു മുമ്പിലുള്ള ഏഴ് ആത്മാക്കളെ പ്രതിനിധീകരിക്കുന്ന ഏഴ് ദീപങ്ങൾ ഏഴ് സഭകളാണെന്നു കരുതുന്നത്. ❶ഇവിടെ പറയുന്ന നിലവിളക്കിന് പരിശുദ്ധാത്മാവുമായി എന്തെങ്കിലും ബന്ധമുള്ളതായി ബൈബിൾ ഒരിടത്തും പറഞ്ഞിട്ടില്ല. ❷ഏഴ് ആത്മാക്കളെ പ്രതിനിധീകരിക്കുന്ന ഏഴ് ദീപങ്ങൾ സ്വർഗ്ഗീയ സിംഹാസനത്തിൻ്റെ മുമ്പിലാണ് ജ്വലിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഏഴ് സഭകൾ ഭൂമിയിലുള്ളവയാണ്. ❸യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട ജ്വലിക്കുന്ന ഏഴ് ദീപങ്ങളുമായി ഇവിടെ പറഞ്ഞിരിക്കുന്ന നിലവിളക്കിനും യാതൊരു ബന്ധവുമില്ല. നിലവിളക്കുകൾ (Lampstands) ഗ്രീക്കിൽ 𝗟𝘆𝗰𝗵𝗻𝗶𝗮ആണ്. ദീപങ്ങൾ (Lamps of fire) ഗ്രീക്കിൽ ലാമ്പസ് 𝗟𝗮𝗺𝗽𝗮𝗱𝗲𝘀 𝗽𝘆𝗿𝗼𝘀 ആണ്.
☛ ഏഴ് ആത്മാവ് ഏഴ് സഭയാണെന്ന് വ്യാഖ്യാനിച്ചാലുള്ള കുഴപ്പം രണ്ടാണ്: ❶യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്ക്, ആ ഏഴ് സഭകളുടെ ആശിർവാദം തന്നെയാണ് നല്കുന്നതെന്നുവരും അത് അതിൽത്തന്നെ മഹാദുരുപദേശമാകും. ❷പിതാവിൽനിന്നും ഏഴ് സഭകളിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമാണ് ആശിർവാദം എന്നുവന്നാൽ, ഏഴ് സഭകൾ നിങ്ങൾ പറയുന്ന ദൈവിക വ്യക്തികളുടെ ഭാഗമാകണം: (വെളി, 1:4-5). അത് അതിനെക്കാൾ മാരണ ഉപദേശമാകും.

𝟯. സംഖ്യാപരമായ പൂർണ്ണത:
➦ ഏഴ് സംഖ്യാപരമായ പൂർണ്ണതയെ കുറിക്കുന്നതാകയാൽ, “ഏഴ് ആത്മാവു” എന്ന പ്രയോഗം ആത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നു എന്നതാണ് മറ്റൊരു വ്യാഖ്യാനം. ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായാൽ ഈ വ്യഖ്യാനം ശരിയാകും: ❶ഏഴ് ആത്മാവെന്ന പ്രയോഗം, ആത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നതാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? ❷വെളിപ്പാടിൽ പറയുന്ന ഏഴാത്മാവാണ് പൂർണ്ണമായ ആത്മാവെങ്കിൽ, ഉല്പത്തി മുതൽ യൂദാവരെ കാണുന്ന ദൈവത്തിൻ്റെ ആത്മാവ് അഥവാ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നോ? പുത്രൻ്റെ ഒരു പ്രസ്താവനയുണ്ട്: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32). പുത്രനെക്കാൾ ശ്രേഷ്ഠനും ഉന്നതനുമായ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നെന്ന് നിങ്ങൾ സമ്മതിച്ചാൽ, വെളിപ്പാടിലെ ഏഴാത്മാക്കൾ പരിശുദ്ധാത്മാവിൻ്റെ പൂർണ്ണതയെയാണ് കുറിക്കുന്നതാണ്. ❸ത്രിത്വത്തിന് ദൈവം ഒരുത്തനല്ല; സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ ഒരുവനാണ് പരിശുദ്ധാത്മാവ്. അപ്പോൾ ത്രിത്വത്തിലെ ഒരു വ്യക്തിയായ ആത്മാവിനു മാത്രം പ്രത്യേകമായൊരു പൂർണ്ണത ഉണ്ടായാൽ മതിയോ? മറ്റു രണ്ടു വ്യക്തികൾക്കും ആ പൂർണ്ണത വേണ്ടേ? അതായത്, ഏഴ് ആത്മാവ് എന്ന് പറഞ്ഞിരിക്കുന്നപോലെ ഏഴ് പിതാവ്, ഏഴ് പുത്രൻ എന്നൊക്കെയും പറയേണ്ടതല്ലേ? ഈ വ്യാഖ്യാനപ്രകാരം ത്രിത്വത്തിലെ പരിശുദ്ധാത്മാവ് മാത്രമാണ് പൂർണ്ണൻ; മറ്റു രണ്ടുപേരും അപൂർണ്ണരാണ്. ❹ചിലരുടെ വ്യാഖ്യാനപ്രകാരം ഏഴ് ആത്മാവെന്ന പ്രയോഗം, ആത്മാവായ ദൈവത്തിൻ്റെ അല്ലെങ്കിൽ ത്രിത്വസാരാശമായ ദൈവത്തിൻ്റെ പൂർണ്ണതെയെ കുറിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ, പിതാവിൽനിന്നും ഏഴാത്മാവിൽനിന്നും യേശുക്രിസ്തുവിൽനിന്നും അപ്പൊസ്തലൻ കൃപയും സമാധാനവും ആശംസിക്കുമോ? അതായത്, ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കുന്ന പ്രയോഗത്തെ, പിതാവിൽനിന്നും പുത്രനിൽനിന്നും വേർതിരിച്ചു പറയുമോ? അത് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന നിങ്ങളുടെ ദൈവത്തിൻ്റെ പൂർണ്ണതയല്ലേ? ഇങ്ങനെയുള്ള വെളിവില്ലാത്ത വ്യാഖ്യാനങ്ങൾ കൊണ്ടാണ് ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളെ ത്രിത്വം മൂന്ന് വ്യത്യസ്ത വ്യക്തിയാക്കി മാറ്റുന്നത്.

𝟰. ആത്മാവിൻ്റെ വിശേഷണങ്ങൾ:
➦ യിശ്ശായിവേരായവൻ്റെ മേൽ ആവസിക്കുന്ന യഹോവയുടെ ആത്മാവിൻ്റെ വിശേഷണങ്ങളെ ഇവർ ഏഴ് ആത്മാക്കൾ ആക്കുന്നതാണ് അടുത്ത വ്യാഖ്യാനം: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.” (യെശ, 11:2). ഇവിടെപ്പറയുന്നത് ആത്മാവിൻ്റെ ഏഴ് വിശേഷണങ്ങൾ (Adjectives) ആണ്. ❶ഇത് എബ്രായ കാവ്യശൈലിയായ ”സമാന്തരത്വം” (Parallelism) അല്ലെങ്കിൽ, “പര്യായ സമാന്തരത്വം” (Synonymous Parallelism) എന്ന ഒരു രചനാരീതിയാണ്. അതായത്, ഒരേ ആശയം തന്നെ വ്യത്യസ്ത സമാന പദങ്ങൾ ഉപയോഗിച്ച് ആവർത്തിച്ച് വ്യക്തമാക്കുന്ന ശൈലിയാണിത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ആത്മാവിൻ്റെതന്നെ വ്യത്യസ്ത വിശേഷണപദങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചിരിക്കയാണ്. ഇയ്യോബിലും സങ്കീർത്തനങ്ങളിലും ഈ രീതി ആവർത്തിച്ച് കാണാം: (ഇയ്യോ, 8:3; 11:7; 13:3; 15:25; സങ്കീ, 90:1). ❷ഇവിടെ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിന് ഏഴ് വിശേഷണങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും. ആത്മാവിനെ (Spirit) കുറിക്കുന്ന 𝗥𝘂𝗮𝗵 എന്ന ഏകവചന നാമപദം (Singular Noun) നാലുപ്രാവശ്യം മാത്രമേയുള്ളൂ. അതായത്, ➟യഹോവയുടെ ആത്മാവ്, ➟ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ➟ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, ➟പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവ് എന്നിങ്ങനെയാണ്. ❸ഇവിടെ യഹോവയുടെ അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിന് ഏഴ് വിശേഷണങ്ങൾ  ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ അത് ആത്മാവിൻ്റെ അനേകം വിശേഷണങ്ങളിൽ ഏഴെണ്ണം മാത്രമാണ്. എല്ലാ വിശേഷണങ്ങളും കാണുക: 𝟭.ആലോചനയുടെ ആത്മാവ് (യെശ, 11:2), 𝟮.കൃപയുടെ ആത്മാവ് (എബ്രാ, 10:29), 𝟯.ജീവൻ്റെ ആത്മാവ് (റോമ, 8:2), 𝟰.ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 𝟱.ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3), 𝟲.ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), 𝟳.ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് (എഫെ, 4:30), 𝟴.നല്ല ആത്മാവ് (നെഹെ, 9:20), 𝟵.ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6), 𝟭𝟬.ന്യായവിധിയുടെ ആത്മാവ് (യെശ, 4:3), 𝟭𝟭.പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 𝟭𝟮.പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), 𝟭𝟯.ബലത്തിൻ്റെ ആത്മാവ് (യെശ, 11:2), 𝟭𝟰.മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12), 𝟭𝟱.മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14), 𝟭𝟲.യഹോവയുടെ ആത്മാവ് (യെശ, 11:2), 𝟭𝟳.യഹോവാഭക്തിയുടെ ആത്മാവ് (യെശ, 11:2), 𝟭𝟴.യാചനയുടെ ആത്മാവ് (സെഖ, 12:10), 𝟭𝟵.യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 𝟮𝟬.വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14), 𝟮𝟭.വിവേകത്തിന്റെ ആത്മാവ് (യെശ, 11:2), 𝟮𝟮.വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5), 𝟮𝟯.വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13), 𝟮𝟰.വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17), 𝟮𝟱.ശക്തിയുടെ ആത്മാവ് (2തിമൊ, 1:7), 𝟮𝟲.സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), 𝟮𝟳.സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7), 𝟮𝟴.സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1), 𝟮𝟵.സ്ഥിരമായോരാത്മാവ് (സങ്കീ, 51:10), 𝟯𝟬.സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7) മുതലായവ. പരിശുദ്ധാത്മാവിന് ഇത്രയധികം വിശേഷണങ്ങൾ ഉള്ളപ്പോൾ, അതിൽനിന്ന് ഏഴെണ്ണം മാത്രം എടുത്തുകൊണ്ട് വെളിപ്പാടിലെ ഏഴ് ആത്മാക്കളെ (Seven Spirits) ഒരു ആത്മാവ് ആക്കാൻ പറ്റുമോ? അതിനാൽ ട്രിനിറ്റിയുടെ സ്വയവ്യാഖ്യാന തന്ത്രങ്ങളൊന്നും ബൈബിളിൽ ചിലവാകില്ലെന്ന് ഓർത്തുകൊള്ളുക.

വെളിപ്പാടിലെ ഏഴുകൾ:
➦ വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; വേറെയും അനേകം ഏഴുകൾ കാണാം: 𝟭.ഏഴു സഭകൾ (1:4), 𝟮.ഏഴു ആത്മാക്കൾ (1:4), 𝟯.ഏഴു പൊൻനിലവിളക്കുകൾ (1:13), 𝟰.ഏഴു നക്ഷത്രങ്ങൾ (1:15), 𝟱.ഏഴു നിലവിളക്കുകൾ (1:20), 𝟲.ഏഴു ദീപങ്ങൾ (4:5), 𝟳.ഏഴു മുദ്രകൾ (5:1), 𝟴.ഏഴു കൊമ്പുകൾ (5:6), 𝟵.ഏഴു കണ്ണുകൾ (5:6), 𝟭𝟬.ഏഴു ദൂതന്മാർ (8:2), 𝟭𝟭.ഏഴു കാഹളങ്ങൾ (8:2), 𝟭𝟮.ഏഴു ഇടികൾ (10:3), 𝟭𝟯.ഏഴു ഇടിനാദങ്ങൾ (10:4), 𝟭𝟰.ഏഴു തലകൾ (12:3), 𝟭𝟱.ഏഴു രാജമുടികൾ (12:3), 𝟭𝟲.ഏഴു ബാധകൾ (15:1), 𝟭𝟳.ഏഴു പൊൻകലശങ്ങൾ (15:7), 𝟭𝟴.ഏഴു ക്രോധകലശങ്ങൾ (16:1), 𝟭𝟵.ഏഴു മലകൾ (17:9), 𝟮𝟬.ഏഴു രാജാക്കന്മാർ (17:10). ഏഴു ആത്മാക്കൾ ഏഴുപേരല്ല, ഒരാത്മാവാണെന്ന് പറയുന്നവർ, ഏഴു പ്രാദേശിക സഭകൾ ഏഴു സഭകളല്ല, ഒരു സഭയാണെന്ന് പറയുമോ? ഏഴു നക്ഷത്രങ്ങൾ ഒരു നക്ഷത്രമാണെന്ന് പറയുമോ? ഏഴു മുദ്രകൾ ഒരു മുദ്രയാണെന്ന് പറയുമോ? ഏഴു ദൂതന്മാർ ഒരു ദൂതനാണെന്ന് പറയുമോ? ഏഴു ബാധകൾ ഒരു ബാധയാണെന്നും, ഏഴ് ക്രോധകലശങ്ങൾ ഒരു ക്രോധകലശമാണെന്നും, ഏഴു മലകൾ ഒരു മലയാണെന്നും, ഏഴു രാജാക്കന്മാർ ഒരു രാജാവാണെന്നും പറയുമോ? വചനത്തെ വെളിവുകേടുകൊണ്ടല്ല; വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ.

☛ അപ്പോൾ, ത്രിത്വകുതുകികളോടുള്ള ചോദ്യം ഇതാണ്: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വ്യത്യസ്തരായ മൂന്ന് വ്യക്തികളും ഓരോരുത്തരും പൂർണ്ണദൈവവും ആണെന്ന് പറയുന്നവർ, പിതാവും പുത്രനും ഏഴ് ആത്മാവും വ്യത്യസ്തരായ ഒൻപത് വ്യക്തികളും ഓരോരുത്തരും പൂർണ്ണ ദൈവവും ആണെന്ന് സമ്മതിക്കുമോ? 

ഏകദൈവവും പ്രത്യക്ഷതകളും

2 thoughts on “ആശിർവാദത്തിലെ ത്രിത്വം”

  1. കൈയ്യുണ്ടെങ്കിലേ തൊടാൻ കഴിയൂ. തെളിവ് ലഭിക്കും.

  2. ദുരാത്മാക്കൾക്കും കൈയ്യു കാലുമെല്ലാമുണ്ട്. അവയ്ക്കും തൊടാനും കഴിയും. എന്നാൽ അവയുടെ കൈെ കൊണ്ട് മാറാ രോഗങ്ങൾ സൗഖ്യെ പെടുത്താൻ കഴിയില്ലാത്തതിൽ നിന്ന് അവ ദൈവശക്തിയാലല്ല, ദൈവീകമല്ല പ്രവർത്തിക്കുന്നതു എന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *