സർവ്വസൃഷ്ടിക്കും ആദ്യജാതൻ

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

“അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15).

ക്രിസ്തുവിനെ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവം സൃഷ്ടിച്ച തൻ്റെ ആദ്യത്തെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരും, ദൈവം സർവ്വകാലങ്ങൾക്കുമുമ്പെ ജനിപ്പിച്ച തൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചില കാര്യങ്ങൾ ആമുഖമായി ചിന്തിച്ചാൽ, സൃഷ്ടിവാദവും ജനനവാദവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം:

1. സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എങ്ങനെയിരിക്കുമെന്ന് നോക്കാം. ആദ്യജാതൻ എന്നാൽ, ആദ്യം ജനിച്ചവൻ അഥവാ, ആദ്യത്തെ പുത്രൻ എന്നാണ് അർത്ഥം. ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ വ്യഞ്ജിപ്പിക്കുകയാണ്. അപ്പോൾ, സർവ്വസൃഷ്ടികൾക്കും ആദ്യജാതൻ എന്ന പ്രയോഗത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ, ഒന്നാമത്, ദൈവം പ്രപഞ്ചത്തിലെ സർവ്വസൃഷ്ടികളുടെയും പിതാവായിരിക്കണം. അഥവാ, സർവ്വസൃഷ്ടികളും ദൈവത്തിൻ്റെ മക്കളാണെന്നു വരണം. അതായത്, പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങി ആകാശവും ഭൂമിയും നക്ഷത്രങ്ങളും സർവ്വ ചരാചരങ്ങളും ദൈവത്തിൻ്റെ മക്കളാണെങ്കിൽ, ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതൻ അഥവാ, മൂത്തപുത്രനാണെന്ന് വ്യാഖ്യാനിക്കാമായിരുന്നു. സർവ്വത്തിൻ്റെയും സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ സർവ്വസൃഷ്ടികളുടെയും പിതാവെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ദൈവത്തിൻ്റെ മക്കളെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്, ദൂതന്മാരെയും മനുഷ്യരെയും മാത്രമാണ്. അതായത്, സർവ്വസൃഷ്ടികളെയും ദൈവത്തിൻ്റെ മക്കളെന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ കഴിയില്ല. രണ്ടാമത്, ദൈവം സർവ്വസൃഷ്ടികൾക്കും പിതാവായാൽ മാത്രം പോര, ക്രിസ്തു സർവ്വസൃഷ്ടികളുടെയും ജേഷ്ഠൻ അഥവാ, മൂത്ത സഹോദരനും ആകണം. അതായത് അവൻ പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങിയ സർവ്വചരാചരങ്ങളുടെയും ജേഷ്ഠനായാൽ മാത്രമേ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിളിക്കാൻ കഴിയുകയുള്ളു. എന്നാൽ, ക്രിസ്തു ദൂതന്മാരിൽപ്പോലും ആദ്യജാതനാണെന്ന് ബൈബിൾ പറയുന്നില്ല. അവൻ വീണ്ടെടുക്കപ്പെട്ടവരുടെ മാത്രം ആദ്യജാതനാണ്. ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു. (റോമ, 8:29). അതായത്, ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തത് കൊണ്ടാണ് അവൻ വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ ആദ്യജാതനായത്. (എഫെ, 1:4-6). പെന്തെക്കൊസ്ത് നാൾമുതലാണ് ക്രിസ്തുവിന് ആദ്യജാതനെന്ന പദവി കൈവന്നത്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് പറയാൻ കഴിയില്ല.

2. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന് പേരുള്ള പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവത്തിനില്ലായിരുന്നു. അനന്തരം, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് പിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ച കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കൊ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാക കൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട് ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അവനു യേശു എന്ന് പേർ വിളിക്കേണം; അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31-32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല; നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. “ലൂക്കൊ, 1:35). ഇവിടെയും, മറിയ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല പറയുന്നത്; നിന്നിൽനിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യക്കുഞ്ഞ്, ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രമാകുന്നത്. യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; യെശയ്യാ, 7:14; 9:6). അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, നിഖ്യാസുനഹദോസ് പഠിപ്പിക്കുന്നപോലെ, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ് അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. കാലസമ്പൂർണ്ണതയിൽ കന്യകയിൽനിന്ന് ജനിച്ച് 30 വർഷങ്ങൾക്കുശേഷം പ്രവചന നിവൃത്തിപോലെ ദൈവപുത്രനായവൻ, എങ്ങനെയാണ് സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, സൃഷ്ടിക്കപ്പെട്ടവനോ ആകുന്നത്? ഇത് ആരുടെയും വ്യാഖ്യാനമല്ല; ഏകദേശം രണ്ടായിരം വർഷമായി പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന വസ്തുതകളാണ്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനാണെന്ന് യാതൊരു കാരണം ചൊല്ലിയും പറയാൻ കഴിയില്ല.

3. ക്രിസ്തുവിനെ അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം ഏകജാതനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5; യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യഥാർത്ഥത്തിലാണെങ്കിൽ രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഒരു മകനും അപ്പൻ്റെ ആദ്യജാതനും ഏകജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ പറ്റില്ല.

സർവസൃഷ്ടിക്കും ആദ്യജാതൻ എന്നത് യേശുവിൻ്റെ അനേകം സ്ഥാനപ്പേരുകളിൽ അഥവാ, പദവികളിൽ ഒന്നുമാത്രമാണ്. ആദ്യജാതനെന്ന പ്രയോഗത്തിനു ആദ്യം ജനിച്ചവൻ അഥവാ, മൂത്തപുത്രൻ എന്ന അർത്ഥം മാത്രമല്ല ഉള്ളത്. അതൊരു സവിശേഷ പദവിയായിട്ടും ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും, ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). അക്ഷരാർത്ഥത്തിൽ എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് വ്യക്തമാണല്ലോ? അതുപോലെ, സർവ്വസൃഷ്ടിക്കും ആദ്യജാതനെന്നത് ക്രിസ്തുവിൻ്റെ സവിശേഷമായ പദവിയാണ്.

ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടെ ഇരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമ, 8:22). ആദാമിൻ്റെ ലംഘനം നിമിത്തമാണ് സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായത്. (ഉല്പ, 3:17-19; റോമ, 5:12-19). എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അർഹനായത്. (എബ്രാ, 2:14-15). അല്ലാതെ, അവൻ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ചരിത്രപരമായി യോർദ്ദാനിൽവെച്ചാണ് യേശുവെന്ന ദൈവപുത്രൻ ജനിക്കുന്നത്. അതിനാൽ, അവൻ അക്ഷരാർത്ഥത്തിൽ ആരുടെയും സാക്ഷാൽ പുത്രനുമല്ല, സൃഷ്ടിയുമല്ല. പിന്നെങ്ങനെ, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനാകും?

ക്രിസ്തു ആരുടെയും സാക്ഷാൽ പുത്രനും സൃഷ്ടിയുമല്ലങ്കിൽ പിന്നെയവൻ ആരാണ്? നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച് രക്ഷയൊരുക്കിയത്, ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാംനാൾ അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവുമാക്കി വെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്. (1കൊരി, 8:6). അതുകൊണ്ടാണ്, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവനെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 17:3).

ക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്നും, ദൈവമാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ബൈബിളിൽ അതിനൊന്നും യാതൊരു തെളിവുമില്ല,. ദൂതന്മാർക്കുപോലും ജനിക്കാനോ, മരിക്കാനോ കഴിയില്ല. ദൈവം മരണമില്ലാത്തവനാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 6:16). എന്നിട്ടും, വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. താൻ ദൈവമല്ല. മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട എല്ലാവരും പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് മുപ്പത്താറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമല്ല. ഒരു വിശുദ്ധശിശുവാണ്. (ലൂക്കൊ, 1:35). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് മനുഷ്യനാണ്. (ലൂക്കൊ, 2:52). യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയാണ്. (യോഹ, 1:30). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് മനുഷ്യനാണ്: ₹എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:36). മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. (1കൊരി, 15:21). പൗലൊസ് ക്രിസ്തുവിനെ ഏകമനുഷ്യനെന്നാണ് വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെ എങ്ങനെയറിയും? (യോഹ, 8:19). ജനിച്ചതും ജീവിച്ചതും മരിച്ചതും, ദൈവം ഉയിർപ്പിച്ചതും മനുഷ്യനാണെന്ന് ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കെ, മരണരഹിതനായ ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന അസംബന്ധം വിശ്വസിച്ചാൽ, ആരെങ്കിലും രക്ഷപ്രാപിക്കുമോ? അങ്ങനെ വിശ്വസിക്കുന്നതിൽപരം ദൈവദൂഷണമെന്താണ്? എന്നാൽ, അന്ത്യകാലത്ത് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്ന് ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14 16).

ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible (1526), Coverdale Bible (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” ജീവനുള്ള ദൈവത്തെക്കുറിച്ചാണ് പലോസ് തിമൊഥെയോസിനോട് പറയുന്നത്. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് എഴുതുന്നത്. അതായത്, പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസും തിമൊഥെയോസുമല്ല ജഡത്തിൽ വെളിപ്പെട്ടത്, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (ലൂക്കൊ, 131-32,35; 1തിമൊ, 3:14-16). യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നു കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ, വന്ന് രക്ഷിക്കുമെന്നും, യെശയ്യാവ് പ്രവചിച്ചിരുന്നു. 25:8, 35:4. സെഖര്യാപുരോഹിതൻ അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊൺ 1:68). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട്, നീ അവന് യേശു എന്നു പേർ ഇടേണം” എന്ന് ഗബ്രിയേൽ ദൂതൻ പ്രവചിച്ചപ: (മത്താ, 1:21). അവൻ തൻ്റെ ജനത്തെ രക്ഷിക്കാൻ: യീസ്രായേൽ യഹോവയുടെ ജനമാണ്: (2രാജാ, 11:17; 1ദിന, 14:2). “മക്കൾ ജഡ രക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ, ജഡ രക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ, തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു, എന്ന് എബ്രായലേഖകൻ പറയുന്നു. (2:14,15). യേശുവിനെയാണല്ലോ യെഹൂദന്മാർ കുത്തിത്തുളച്ചത്. (യോഹ, 19:33). എന്നാൽ, അവർ കുത്തിത്തുളച്ചവനായ എങ്കലേക്ക് നോക്കുമെന്നാണ് യഹോവ പറയുന്നത്. (സെഖ, 12:10; യോഹ, 19:37). സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല, മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും ഇംഗ്ളീഷ് പരിഭാഷകളും നോക്കുക. തന്നെയാണ് കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലാക്കാമല്ലോ? ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടമായാണ് എഴുതിവെച്ചിരിക്കുന്നത്. എങ്കിലും, ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിനായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ, ദൈവത്തിന്റെ ഞ്ഞാാനമെന്ന ഈ മർമ്മം അഥവാ രഹസ്യം, യെഹൂദന്മാർ അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (1കൊരിൺ 2ൻ്റെ 7,8). യെഹൂദന്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും അത് യെഹൂദരപ്പോലെ മർമ്മ മായിരിക്കുകയാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.