ഇരുവരും ഒരു ദേഹമായിത്തീരും

“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക (ahad) ദേഹമായി തീരും.” (ഉല്പ, 2:24). “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു (heis) ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു (heis) ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 19:5,6)

എബ്രായയിലെ ഒന്നിനും (ahad) ഗ്രീക്കിലെ ഒന്നിനും (heis) ബഹുത്വമുണ്ട് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്നു കാണിക്കാൻ ത്രത്വക്കാർ എടുക്കുന്ന പ്രധാന വേദഭാഗമാണിത്. എന്താണിതിലെ വസ്തുതയെന്നു നോക്കാം:

വിവാഹബന്ധത്തിലൂടെ രണ്ടു വ്യക്തികൾ  ഒന്നാകുന്നതാണ് ഇവിടുത്തെ വിഷയം. സമൂഹത്തിൻ്റെ അംഗീകാരത്തോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ജീവിക്കുന്ന അവസ്ഥയാണ് വിവാഹം. ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പ്രയോഗം ശ്രദ്ധിക്കണം: ഇരുവരും ഒന്നാകുമെന്നല്ല; ഒരു ദേഹമാകും എന്നാണ്. ഇവിടെ ‘ഒരു ദേഹം’ എന്നു വിവക്ഷിക്കുന്നത് പുരുഷനെയും സ്ത്രീയേയുമല്ല; അവരുടെ ദാമ്പത്യത്തെ അഥവാ ഭാര്യാഭതൃബന്ധത്തെയാണ്. 

അതായത്, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ; യഥാർത്ഥത്തിൽ രണ്ടു മനുഷ്യർ ചേർന്ന് ഒരു മനുഷ്യൻ ആകുകയോ, രണ്ടു വ്യക്തികൾ ചേർന്ന് ഒരു വ്യക്തി ആകുകയോ ചെയ്യുന്നില്ല. അവർ എല്ലായ്പ്പോഴും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളും ആയിരിക്കും; അഥവാ ഇരുവർ തന്നെ ആയിരിക്കും. ‘ഒരു ദേഹം’ എന്നു പറഞ്ഞിരിക്കുന്നത്: അവരുടെ ദാമ്പത്യമാണ്. ദാമ്പത്യം (matrimony) ഏകമാണ്. ഇരുവർക്കും മനപ്പൊരുത്തം ഉള്ള കാലത്തോളം ‘ഒരു ദേഹം അഥവാ ഏക ദാമ്പത്യത്തിൽ’ അവർക്കു ജീവിക്കാം. മനപ്പൊരുത്തം നഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു ദേഹത്തിൽനിന്ന് അഥവാ ദാമ്പത്യത്തിൽ നിന്ന് വേർപിരിയാൻ വചനവും സമൂഹവും വ്യവസ്ഥ ചെയ്തിട്ടുണ്ട്: (5:31,32). 

മേല്പറഞ്ഞ വേദഭാഗത്ത് ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറയാതെ, ‘ഇരുവർ ഒന്നാകും’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഐക്യത്തിലുള്ള ഒന്നാണെന്നു പറയാം. അപ്പോൾത്തന്നെ അതിനൊരു വിപരീത വശംകൂടിയുണ്ട്: യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ഒരുമയോടെ കഴിഞ്ഞാൽ മാത്രമേ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയുകയുള്ളു. വിഘടിച്ചു കഴിയുന്ന രണ്ടുപേരാണെങ്കിൽ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയില്ല. എന്നാൽ ഒരു ദേഹമെന്ന ദാമ്പത്യബന്ധത്തിൽ അവർ വിഘടിച്ചുനിന്നാലും അവരെ ഒരു ദേഹമെന്നാണ് പറയുന്നത്. എന്തെന്നാൽ അവിടെ ഒന്നെന്നു പറഞ്ഞിരിക്കുന്നത് രണ്ടു മനുഷ്യരെയോ, വ്യക്തികളെയോ അല്ല; അവരുടെ ദാമ്പത്യത്തെയാണ്. അതുകൊണ്ടാണ് ‘ഇരുവരും ഒന്നാകും’ എന്നു പറയാതെ, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞിരിക്കുന്നത്. ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ, ‘ഒരു ദേഹത്തിൽ അഥവാ ദാമ്പത്യത്തിൽ’ എവിടെയാണ് ബഹുത്വവും ഐക്യവുമുള്ളത്? ദാമ്പത്യം ഒന്നു മാത്രമേയുള്ളു. ദാമ്പത്യമെന്ന സംവിധാനത്തിനകത്താണ് ഇരുവരുള്ളത്. അവർ ഐക്യത്തിൽ കഴിഞ്ഞാലും ഇല്ലെങ്കിലും ദാമ്പത്യത്തിനു ബഹുത്വവുമില്ല, ഐക്യവുമില്ല. ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഐക്യവും ഐക്യമില്ലായ്മയും ഉണ്ടാകുന്നത്. അതുകൊണ്ട് ഒന്നാകുന്ന ദാമ്പത്യത്തിനു യാതൊരു വ്യത്യാസവുമില്ല; അത് എല്ലായിപ്പോഴും ഒന്നുതന്നെ ആയിരിക്കും. 

ദൈവശാസ്ത്രം ഐക്യത്തിലുള്ള ഒന്നിനു തെളിവായിട്ട് ഇതുപോലെ പല ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്; ഒരു കുടുംബം അഥവാ വീട്, ബാങ്ക്, സ്ഥാപനം തുടങ്ങിയവ.

ഒരു കുടുബം അഥവാ ഒരു വീടെന്നു പറഞ്ഞാൽ, അത് ഒരു കുടുബം തന്നെയാണ്; അതിനു അതിൽത്തന്നെ ബഹുത്വമില്ല. കുടുംബമെന്ന സംവിധാനത്തികത്ത് പല വ്യക്തികൾ ഉണ്ടാകും; അപ്പോഴും കുടുംബത്തിന് ബഹുത്വം ഉണ്ടാകുന്നില്ല. ഒരു വീടിനെ നോക്കി ആരും ഐക്യത്തിലുള്ള വീടെന്നു പറയില്ല. ആ വീട്ടിലുള്ളവർ ഒരുമയോടെ കഴിയുന്നവരാണെങ്കിൽ, ആ വീട്ടുകാർ അഥവാ കുടുബത്തിലുള്ളവർ ഐക്യമുള്ളവരാണെന്നു പറയും. ഇനി, ആ വീട്ടിലുള്ളവരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചുപോയാൽ, അതൊരു കുടുംബമല്ലെന്ന് ആരെങ്കിലും പറയുമോ? അപ്പോഴും അതൊരു കുടുംബം അഥവാ വീട് തന്നെയായിരിക്കും. അതുപോലെ, ഒരു ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു ബാങ്കാണ്. ഒരു സ്ഥാപനത്തിൽ ഒരു ജോലിക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു സ്ഥാപനം തന്നെയാണ്. എന്തെന്നാൽ ഒരു വീടെന്നോ, ബാങ്കെന്നോ, സ്ഥാപനമെന്നോ പറയുന്നത്, അതിനുള്ളിലുള്ള മനുഷ്യരുടെ ബഹുത്വവും ഐക്യവും നോക്കിയിട്ടല്ല.  

അപ്പോൾ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാൽ ഐക്യത്തിലുള്ള ഒന്നിനു തെളിവുമല്ല ഒന്നിനു ബഹുത്വവും ഉണ്ടാകുന്നില്ല എന്നു നാം കണ്ടു. ഇനി പല വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ട്. യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” (യോഹ, 17:11). “നാം ഒന്നായിരിക്കുന്നപോലെ, അവരും ഒന്നാകേണ്ടതിന്നു, അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്നു” (യോഹ, 17:23). ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. അതുപോലെ ശിഷ്യന്മാരും ഒന്നാകാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് യേശു പ്രാർത്ഥിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന മനുഷ്യൻ ദൈവത്തെയും ചേർത്ത് “നമ്മെപ്പോലെ ഒന്നാകുക; നാം ഒന്നായിരിക്കുന്നപ്പോലെ” എന്നു പറഞ്ഞാൽ ഒന്നിനു ബഹുത്വമുണ്ടാകുമോ? പിതാവിൻ്റെയും പുത്രൻ്റെയും ഐക്യതയാണ് വിഷയം. ഒന്നെന്നു പറഞ്ഞിരിക്കുന്നത് അവരുടെ ഐക്യത്തെയാണ്. ഐക്യമെന്നാൽ; ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ‘ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; രണ്ടില്ല. പിതാവിനെയും പുത്രനെയും പോലെ ശിഷ്യന്മാരും ഒന്നായിരിക്കാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ശിഷ്യന്മാർ പന്ത്രണ്ടുപേർ ഉണ്ടെങ്കിലും അവരുടെ ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; അതിനു ബഹുത്വമില്ല. ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെയാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ഒരു ദൈവം ആയിരിക്കുന്നതെങ്കിൽ, ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാകകൊണ്ട് അവരെ പന്ത്രണ്ടുപേരെയും ചേർത്ത് ഒരു മനുഷ്യൻ എന്നു പറയേണ്ടിവരും. [ഞാനും പിതാവും ഒന്നാകുന്നു]

അതിനാൽ എഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നുള്ളത് ത്രിത്വത്തിൻ്റെ വ്യാജവ്യാഖ്യാനമാണെന്ന് മനസ്സിലാക്കാം. ഇനി, ഇവരുടെ ത്രിത്വോപദേശം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാകുമോ എന്നു നോക്കാം: 

ദൈവശാസ്ത്രം പറയുന്ന ത്രിത്വപ്രകാരം: പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്.

പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്.

ത്രിത്വത്തിലെ ഓരോരുത്തരും നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. അതായത് മൂവരും ദൈവമാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. എന്നുപറഞ്ഞാൽ, നിത്യരും വ്യത്യസ്തരുമാണ് മൂന്നുപേരാണുള്ളത്. അതായത്, ഒരിക്കലും ഒന്നാകാത്ത മൂന്നു ദൈവമാണ് ത്രിത്വത്തിനുള്ളതെന്നുവരും.

ഈ പ്രയാസവശത്തെ തരണംചെയ്യാൻ പണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുത്തിഞ്ഞ പ്രയോഗമാണ്, “സാംരാശത്തിൽ ഒന്നു” അതായത്, മൂന്നു ദൈവം സാരാശത്തിൽ ഒന്നാകുന്നു. “സാരാംശത്തിൽ ഒന്നെന്ന” പ്രയോഗം ലോകത്തൊരിടത്തും ഉള്ളതല്ല. ത്രിത്വദൈവശാസ്ത്രം മാത്രം പഠിപ്പിക്കുന്നൊരു വഞ്ചനാ പ്രയോഗമാണത്.

ഇനി, സാംരാംത്തിൽ മൂവരും ഒരു ദൈവം ആകുമെങ്കിൽ; നിത്യരും വ്യത്യസ്തരുമായ മൂവരുടെയും അസ്തിത്വമെന്താണ്?

അതായത്, സാരാംശത്തിൽ ഒരു ദൈവമാണെന്ന് ത്രിത്വം പറയുമ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായി നിലകൊള്ളുകയാണ്.

അപ്പോൾ ത്രിത്വത്തിലെ ഓരോരുത്തരുടെയും അസ്തിത്യമെന്താണ്???… അസ്തിത്വത്തിൽ അവർ മൂവരും ദൈവമാണ്. അതായിരിക്കണമല്ലോ വസ്തുത.

നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ സാരാംശത്തിൽ ഒന്നാകുമ്പോൾ, അതിൽ ഓരോരുത്തരുടെയും അസ്തിത്വം ദൈവം ആകണമെങ്കിൽ, പിതാവ് മൂന്നിലൊന്നു ദൈവം; പുത്രൻ മൂന്നിലൊന്നു ദൈവം; പരിശുദ്ധാത്മാവ് മൂന്നിലെന്നു ദൈവം സമം സാരാശത്തിൽ ഒരു ദൈവം. ⅓ + ⅓ +⅓ = 1 ഇതാണ് ത്രിത്വം.

ദൈവം ഒന്നാണെങ്കിൽ അതിലുള്ള ഓരോരുത്തരും “മൂന്നിലൊന്നു ദൈവം” മാത്രമായിരിക്കു. അല്ലാതെങ്ങനെ സാരാശത്തിൽ ഒരു ദൈവം ആകാൻ പറ്റും? ഇങ്ങനെയൊരു ത്രിത്വം ബൈബിളിലുണ്ടോ? ഇല്ല.

ഇനി, മൂവരും പൂർണ്ണദൈവം ആകണമെങ്കിൽ “സാരാംശത്തിലൊന്നു” തോട്ടിൽക്കളഞ്ഞിട്ട് ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കണം.

നിലവിൽ മൂന്നു പൂർണ്ണദൈവങ്ങളുള്ള നിങ്ങളുടെ ത്രിത്വം അഥവാ ത്രിമൂർത്തി, ബഹുദൈവദുരുപദേമാണ്.

എന്നാൽ, നിങ്ങളുടെ ദൈവശാസ്ത്ര വ്യാഖ്യാനപ്രകാരമുള്ള ത്രിത്വത്തിൽ മൂന്നിലൊന്നു ദൈവങ്ങളാണുള്ളത്. അതുമൊരു കൂതറ വ്യാഖ്യാനവും വിശ്വാസവുമാണ്. ഈവക കൾട്ടുപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ല. അത് നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലുടെ ഉപയിയായ സർപ്പം നുഴയിച്ചുകയറ്റിയ വഞ്ചന മാത്രമാണ്.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God, യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God, യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10) ദൈവപുത്രൻ പറയുന്നു.

ദൈവം ഒരുത്തൻ മാത്രമാണെന്നും (റോമ, 16:26; 1തിമൊ, 1:17; 6:15; യൂദാ, 1:4; 1:24; വെളി, 15:4) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാർ പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11)

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). എന്ന് യഹോവയായ ദൈവം പറയുന്നു.

യഹോവ ഒരുത്തൻ മാത്രം ദൈവമെന്നും (ആവ, 32:39; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:6; 44:8; 45:5; 45:21; 45:22; 46:8), യഹോവയ്ക്ക് സമനും സദൃശ്യനുമില്ലെന്നും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവെന്നും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24) പഴയനിയമ ഭക്തന്മാരും പറയുന്നു.

യഹോവയായ ദൈവത്തെയും ദൈവപുത്രനായ യേശുവിനെയും പഴയനിയമഭക്തന്മാരെയും അപ്പൊസ്തലന്മാരെയും കള്ളന്മാരും നുണയന്മാരും വഞ്ചകന്മാരുമാക്കിയ ഉപദേശമാണ് ത്രിത്വം. ബൈബിളിൽ സിംഗിൾ തെളിവുപോലും ത്രിത്വത്തിനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രിത്വമാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ദൈവത്തിൻ്റെ ഏഴ് ആത്മാവിനുനേര കണ്ണടച്ചുകളയുന്നു: (വെളി, 1:4; 3:1). അതാണ് ത്രിത്വവിശ്വാസം.

ആദാമും ഹവ്വായും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളുമാണ്; ദാമ്പത്യമെന്ന സംവിധാനത്തിലാണ് ആവർ ഒന്നായിരിക്കുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഇനി, ആദാമും ഹവ്വായും ഐക്യത്തിൽ ഒന്നിനു തെളിവാണെന്ന ത്രിത്വക്കാരുടെ വ്യാജംപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നു പറയണമെങ്കിൽ, ആദാമും ഹവ്വായും ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നു പറഞ്ഞിരിക്കുന്നപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ‘ഒരു ദേഹമായിത്തീരും’ എന്നോ, മൂവരും ഒന്നാണെന്നോ, ഒന്നാകുമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകണം. എന്നാൽ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ആദവും ഹവ്വായും ‘ഇരുവരും ഒരു ദേഹമായി തീരും’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിൽ ഏകനാണെന്നു പറയാൻ കഴിയും? ഇവരുടെ ഉദാഹരണങ്ങൾ പോലെ, മൂന്നു ദൈവവ്യക്തികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നോ, ഒരു ബാങ്കോ, പ്രസ്ഥാനമോ, സ്ഥാപനമോ പോലെയോ പ്രവർത്തിക്കുന്നവരാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അപ്പോൾ അതും ചീറ്റിപ്പോയി.

ദൈവം സാരാശത്തിൽ ഒന്നാണെന്നു ബൈബിൾ പറയുന്നുണ്ടോ? ഇല്ല. എന്താണ് ഈ സാരാംശം അഥവാ essence? 

ഇവരുടെ ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിച്ചിട്ടുണ്ട്: ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണം: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.

അല്ല, ഒന്നു ചോദിക്കട്ടെ; ദൈവത്തെ ഒരു വർഗ്ഗമായിട്ടാണോ നിങ്ങൾ കാണുന്നത്? ദൈവം ഏകനാണെങ്കിൽ പിന്നെങ്ങനെ ദൈവം ഒരു വർഗ്ഗമാണെന്നു പറയും? വസ്തുക്കളുടെയോ, വ്യക്തികളുടെയോ, ജന്തുക്കളുടെയോ, പക്ഷിക്കളുടെയോ, പഴങ്ങളുടെയോ പ്രത്യേക കൂട്ടത്തെയാണ് വർഗ്ഗമെന്ന് പറയുന്നത്.

ഇവരുടെ സാരാംശമെന്ന വ്യാഖ്യാനംതന്നെ ബഹുദൈവവിശ്വാസമാണ്. അതായത്, ദൈവവർഗ്ഗത്തെ (ദൈവങ്ങളുടെ കൂട്ടത്തെ) മനുഷ്യവർഗ്ഗത്തിൽ നിന്നും ദൂതവർഗ്ഗത്തിൽനിന്നും വേർതിരിക്കുന്നതാണ് സാരാംശമെന്നാണ് ദൈവശാസ്ത്രം പറയുന്നത്.

ദുരുപദേശത്തിൽ ചോദ്യമില്ല. അതെന്തെങ്കിലുമാകട്ടെ, എന്താണ് ദൈവത്തിൻ്റെ സാരാംശമെന്ന് ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്: നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ഇവയാണ് സാരാശം.

ഈ നാലു ഗുണങ്ങളും മൂന്നുപേർക്കും ഒരുപോലെയുണ്ടെന്നല്ലേ മുകളിൽ പറഞ്ഞത്. അതായത്, നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരുമായ മൂന്നു ദൈവങ്ങൾ നിങ്ങൾക്കുണ്ടല്ലോ? അവരെങ്ങനെ ഒന്നാകും?

അതിനും ദൈവശാസ്ത്രത്തിൽ ഉത്തരമുണ്ട്: “ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളു; അത് സമ്പൂർണ്ണമാണ്.”

അപ്പോൾ ആദ്യം പറഞ്ഞതൊക്കെ തെറ്റാണല്ലോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരും. വ്യത്യസ്തരുമായ മൂന്നു ദൈവവ്യക്തികളാണെന്നു ആദ്യം പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെന്നു ഇപ്പോൾ പറയുന്നു. അതായത്, മൂവർക്കും കൂടി ഒരു നിത്യത്വവും ഒരു സർവ്വജ്ഞതയും, ഒരു സർവ്വവ്യാപകത്വവും ഒരു സർവ്വശക്തിയുമാണ് ഉള്ളതെന്ന് പറയുന്നു. അപ്പോൾ ത്രിത്വോപദേശം അതിൽത്തന്നെ പരസ്പരവിരുദ്ധമായി.

വ്യക്തമാക്കാം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടി ഒരു നിത്യത്വവും സർവ്വജ്ഞതയും സർവ്യാപകത്വവും സർവ്വശക്തിയുമാണ് ഉള്ളത്. അതാണ് സാരാംശത്തിൽ ഒന്നെന്നു ത്രിത്വം പറയുന്നത്. അപ്പോൾത്തന്നെ ഇവർ ഭിന്ന വ്യക്തികളുമാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. വ്യത്യസ്തരായ മൂന്നു വ്യക്തികൾക്കും കൂടി ഒരു നിത്യത്വവും സർവജ്ഞതയും സർവ്വവ്യാപകത്വവും സർവ്വശക്തിയും മതിയാകുമോ? പോര. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറഞ്ഞാൽ ഇവർ ഒരിക്കലും ഒന്നാകാത്തവരാണ് പിന്നെങ്ങനെ സാരംശത്തിൽ ഒന്നാകും? മൂവരും വ്യത്യസ്തരായി നിന്നാൽ ഇവരുടെ സാരാംശം വിഭജിക്കപ്പെടും. പിതാവിന് തന്നിൽത്തന്നെയോ, പുത്രന് തന്നിൽത്തന്നെയോ, പരിശുദ്ധാത്മാവിന് തന്നിൽത്തന്നെയോ പൂർണ്ണ നിത്യത്വവും പൂർണ്ണ സർവജ്ഞതയും പൂർണ്ണ സർവ്വവ്യാപകത്വവും പൂർണ്ണ സർവ്വശക്തിയും ഉണ്ടാകില്ല. ഓരോരുത്തർക്കും മൂന്നിലൊന്നു () സാരാംശമാണ് ഉണ്ടാകുക. അപ്പോൾ, വിഭജിക്കപ്പെടാൻ പാടില്ലെന്നു ത്രിത്വം പഠിപ്പിക്കുന്ന സാരാംശം വിഭജിക്കപ്പെടുകയും മൂവരും പൂർണ്ണദൈവം അല്ലാതാകുകയും ചെയ്യും. 

ഉദാഹരണത്തിന്: മൂന്നു ദൂതന്മാർക്കുകൂടി ഒരൊറ്റ ശക്തിയും ഒരൊറ്റ ബുദ്ധിയുമാണ് ദൈവം കൊടുത്തിരിന്നതെങ്കിൽ. അവർ തന്നിൽത്തന്നെ പൂർണ്ണ ശക്തരും പൂർണ്ണ ബുദ്ധിയുള്ളവരും ആകില്ല. ഒരാൾക്ക് മൂന്നിലെന്നു ശക്തിയും ബുദ്ധിയും വീതമാണ് ഉണ്ടാകുക. അതുപോലെ മൂന്നു മനുഷ്യർക്കു കൊടുത്താലും ഓരോരുത്തർക്കും മൂന്നിലൊന്നു കഴിവാണ് ഉണ്ടാകുക. അതുപോലെ തന്നെയാണ് ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും. സർവ്വശക്തി വിഭജിക്കപ്പെട്ടാൽ മൂവരും സർവ്വശക്തരല്ലാതാകുമെന്ന് ദൈവശാസ്ത്രംതന്നെ പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ, മൂവർക്കും തന്നിൽത്തന്നെ സാരാംശത്തിലെ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഉദാഹരണത്തിന് വ്യത്യസ്തരായ മൂന്നുപേർക്കും തന്നിൽത്തന്നെ സർവ്വശക്തി ഉണ്ടാകണം. എന്നാൽ സർവ്വശക്തിയാകട്ടെ ഒന്നേയുള്ളു. അതിനെ മൂന്നായിട്ട് വിഭജിക്കപ്പെടാതെ വ്യത്യസ്തരായ മൂന്നുപേർക്ക് ഉണ്ടാകില്ല. ഒന്നെങ്കിൽ മൂവരിൽ ഒരാളാണ് സർവ്വശക്തൻ; അല്ലെങ്കിൽ മൂവരും സർവ്വശക്തരല്ല. 

എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വവും ചതുർത്വവും ഒന്നുമല്ല; ഒരുത്തൻ മാത്രമാണ്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവരും ഏകദൈവവിശ്വസത്തെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവരും ഒരിക്കൽപ്പോലും ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.

ഇതും കാണുക: ദൈവം ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതാണ് ബൈബിളിലെ ഏകസത്യദൈവം. ഈ ഏകദൈവത്തെയാണ് ത്രിത്വം ഒരു സാരാശത്തിലെ മൂന്നു വ്യത്യസ്ത ദൈവവ്യക്തികൾ അഥവാ മൂന്നു ഛിന്നദൈവങ്ങൾ ആക്കിയത്.

ഒരു സാരാംശത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികൾ അഥവാ ഛിന്നദൈവങ്ങളുള്ള ത്രിത്വവും മൂന്നു പൂർണ്ണദൈവങ്ങളുണ്ടെന്നു പറയുന്ന ത്രിത്വവും അഥവാ ത്രിമൂർത്തിവിശ്വാസവും ബഹുദൈവദുരുപദേശമാണ്. നിങ്ങൾ പഠിപ്പിക്കുന്ന: ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, സാരാശത്തിലൊന്ന്, നിത്യപുത്രൻ, മൂന്നാളത്തം, മൂന്നു വ്യക്തികൾ, സമനിത്യത, അവതാരം തുടങ്ങി യാതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിപോലും നിങ്ങൾക്ക് അറിയില്ലെന്നതാണ് വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കൂടുതൽ അറിയാൻ കാണുക: ദൈവം ഏകനോ ത്രിത്വമോ? ഏകദൈവവും പ്രത്യക്ഷതകളും]

Leave a Reply

Your email address will not be published. Required fields are marked *