☛ ❝ദൂതൻ ഇടയന്മാരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.❞ (ലൂക്കൊ, 2:10-12). ➟പുതിയനിയമത്തിലെ വളരെ മനോഹരമായ ഒരു വേദഭാഗമാണിത്. ➟ഇത് യേശുവിൻ്റെ ജനനത്തക്കുറിച്ചുള്ള കേവലം പ്രഖ്യാപനമല്ല; ➟അതിലേറെ പ്രവചനവും ഉൾക്കൊള്ളുന്ന വാക്യമാണ്. ➟അതിനാൽ ഈ വാക്യത്തെ ❛പ്രഖ്യാപനാത്മക പ്രവചനം❜ (𝐃𝐞𝐜𝐥𝐚𝐫𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐩𝐡𝐞𝐜𝐲) എന്ന് പറയുന്നതാണ് ഉചിതം. ➟ദൂതൻ്റെ ഈ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, ➟യേശു ജനനത്തിൽത്തന്നെ ❛രക്ഷിതാവായ കർത്താവും ക്രിസ്തുവും❜ ആയിരുന്നു എന്ന് കരുതുന്നവരുണ്ട്.
☛ എന്തുകൊണ്ട് പ്രഖ്യാപനാത്മക പ്രവചനം?
➦ യേശുവിൻ്റെ ബേത്ത്ളേഹേമിലെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനവും, ➟യേശുവിൻ്റെ ക്രിസ്തുത്വത്തെയും (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝), കർത്തൃത്വത്തെയും (𝐋𝐨𝐫𝐝𝐬𝐡𝐢𝐩), രക്ഷാകർതൃത്വത്തെയും (𝐒𝐚𝐯𝐢𝐨𝐫𝐬𝐡𝐢𝐩) കുറിച്ചുള്ള പ്രവചനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വേദഭാഗം. ➟പ്രഖ്യാപനം പ്രധാനമായും ഇടയന്മാരെ ഉദ്ദേശിച്ചുള്ളതും, ➟പ്രവചനം ഭൂമിയിലെ സർവ്വജനത്തിനും ഉള്ളതുമാണ്.
☛ ജനിച്ചിരിക്കുന്നു:
➦ ❛ജനിച്ചിരിക്കുന്നു❜ (𝐰𝐚𝐬 𝐛𝐨𝐫𝐧) എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കകൊണ്ടാണ്, ➟യേശു തൻ്റെ ജനനത്തിൽത്തന്നെ ❛കർത്താവും ക്രിസ്തുവും രക്ഷിതാവും❜ ആയിരുന്നു എന്ന് പലരും കരുതുന്നുണ്ട്. ➟എന്നാൽ ❛ജനിച്ചിരിക്കുന്നു❜ എന്ന ഭൂതകാലരൂപം പ്രഖ്യാപനത്തിനും പ്രവചനത്തിനും ഒരുപോലെ യോജിക്കുന്നതാണ്. ➟അതിൻ്റെ തെളിവ് പ്രസ്തുത വേദഭാഗത്തുമുണ്ട്; അല്ലാതയുമുണ്ട്.
☛ പ്രഖ്യാപനം:
➦ യേശുവിൻ്റെ ബേത്ത്ളേഹേമിലെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചത്തിൻ്റെ നിവൃത്തിയാണ് മറിയത്തിൻ്റെ ആദ്യജാതനായി ബേത്ത്ളേഹേമിൽ ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ: (മീഖാ, 5:2 ⁃⁃ ലൂക്കൊ, 2:5-7; യോഹ, 9:11). ➟മീഖാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനമെന്ന് മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്: ➨❝യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും❜ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.❞ (മത്താ, 1:6). ➟യേശുവിൻ്റെ ജനനത്തോടെ രക്ഷിതാവിനെക്കുറിച്ചുള്ള വാഗ്ദത്തത്തോടുള്ള ബന്ധത്തിലെ ആദ്യപ്രവചനം നിവൃത്തിയായി. ➟അതാണ്, ദൂതൻ്റെ ❛ജനിച്ചിരിക്കുന്നു❜ എന്ന പ്രഖ്യാപനത്തിൻ്റെ അർത്ഥം.
☛ പ്രവചനം:
➦ ദൂതൻ്റെ വാക്കുകൾ പ്രഖ്യാപനം മാത്രമല്ല; ➟അതിലേറെ പ്രവചനവുമാണ് എന്നതിന് പല തെളിവുകളും വചനത്തിലുണ്ട്:
❶ മരണപുനരുത്ഥാനങ്ങൾ:
☛ യേശുവിൻ്റെ ജനനവും ജീവിതവും കൂടാതെ, മരണപുനരുത്ഥാനങ്ങൾ സാദ്ധ്യമാകില്ല എന്ന വസ്തുത നിലനിൽക്കേത്തന്നെ പറയട്ടെ: ➟യേശുവിൻ്റെ ജനനവും ജീവിതവുമല്ല; മരണപുനരുത്ഥാനങ്ങളാണ് അവൻ്റെ രക്ഷിതാവ് എന്ന പദവിക്ക് അടിസ്ഥാനം: ➨❝ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:3-4), ➟ഇതാണ് രക്ഷയുടെ അടിസ്ഥാനം. ➨❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.❞ (റോമ, 10:9 ⁃⁃ റോമ, 4:24-25). ➟ഈ വാക്യം ശ്രദ്ധിക്കുക: യേശുവിൻ്റെ മരണവും ദൈവം അവനെ ഉയിർപ്പിച്ചതുമാണ് അവൻ്റെ രക്ഷിതാവ് എന്ന പദവിക്ക് അടിസ്ഥാനമെന്ന് ഈ വാക്യം തെളിവ് നൽകുന്നു. ➟യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനമാണ് നമ്മുടെ ജീവനുള്ള പ്രത്യാശെക്കായ്ക്കും രക്ഷയ്ക്കും കാരണം: (1പത്രൊ, 1:3; 3:21). ➟അതിനാൽ ദൂതൻ്റെ വാക്കുകളിൽ അവൻ്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തോടൊപ്പം, ➟അവൻ്റെ രക്ഷാകർത്തൃത്വത്തെക്കുറിച്ചുള്ള പ്രവചനവും ഉണ്ടെന്ന് വ്യക്തമാണ്.
❷ പ്രവചനത്തിൻ്റെ ത്രികാലസ്വഭാവം:
☛ ❛ജനിച്ചിരിക്കുന്നു❜ (𝐰𝐚𝐬 𝐛𝐨𝐫𝐧) എന്ന് ഭൂതകാലത്തിൽ (𝐏𝐚𝐬𝐭 𝐭𝐞𝐧𝐬𝐞) പറഞ്ഞിരിക്കയാൽ, അത് പ്രവചനം അല്ലെന്ന് ധരിക്കുന്നത് തെറ്റായ ധാരണയാണ്. ➟പ്രവചനം മൂന്ന് കാലത്തിലും പറഞ്ഞിരിക്കുന്നതിൻ്റെ തെളിവ് ബൈബിളിലുണ്ട്. ➟ഉദാ: കർത്താവിൻ്റെ പനരാഗമനം, ➨ഭൂതകാലം: ❝ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.❞ (യൂദാ, 1:15). ➨വർത്തമാനകാലം: ❝ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.❞ (വെളി, 1:7). ➨ഭാവികാലം: ❝ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല.❞ (എബ്രാ, 10:37). ➟അതിനാൽ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ അത് പ്രവചനം ആകില്ല എന്ന് ആരും കരുതണ്ട.
❸ ഉണ്ടാവാനുള്ള മഹാസന്തോഷം:
☛ പ്രസ്തുത വേദഭാഗത്തുതന്നെ പ്രവചനം ആണെന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: ➨❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.❞ (ലൂക്കൊ, 2:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ❛സകലജനത്തിനും ഉണ്ടായ സന്തോഷം എന്നല്ല; ❛സർവ്വജനത്തിനും ഉണ്ടാകുവാനുള്ള സന്തോഷം❜ (𝐆𝐫𝐞𝐚𝐭 𝐣𝐨𝐲, 𝐰𝐡𝐢𝐜𝐡 𝐬𝐡𝐚𝐥𝐥 𝐛𝐞 𝐭𝐨 𝐚𝐥𝐥 𝐩𝐞𝐨𝐩𝐥𝐞) എന്ന് ഭാവികാലത്തിലാണ് ദുതൻ പ്രാരംഭത്തിൽത്തന്നെ പറയുന്നത്. ➟❛𝗦𝗵𝗮𝗹𝗹 𝗯𝗲❜ എന്നത് ഭാവികാലരൂപമാണ്; ➟അല്ലാതെ നടന്നുകഴിഞ്ഞ ഒരു കാര്യത്തെക്കുറിച്ചല്ല. ➟മൂലഭാഷയിലും ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ജനിച്ചുകഴിഞ്ഞ ശിശുവാണ് സർവ്വജനത്തിനും സന്തോഷത്തിന് കാരണമെങ്കിൽ, ➟❛ഉണ്ടായ❜ സന്തോഷം എന്നല്ലാതെ, ➟❛ഉണ്ടാകുവാനുള്ള❜ സന്തോഷം എന്ന് ദൂതൻ ഭാവികാലത്തിൽ (𝐅𝐮𝐭𝐮𝐫𝐞 𝐭𝐞𝐧𝐬𝐞) പറയുമായിരുന്നോ❓ ➟യേശുവിൻ്റെ ശാരീരിക ജനനം എന്നതിനെക്കാൾ ഉപരിയായി, ➟❛കർത്താവായ ക്രിസ്തു എന്ന രക്ഷിതാവിനെക്കുറിച്ചുള്ള❜ പ്രവചനങ്ങളാണ് പ്രസ്തുത വേദഭാഗത്തുള്ളതെന്ന് ഈ വാക്യത്താൽ അസന്ദിഗ്ധമായി തെളിയുന്നു.
☛ ഈ പ്രാവചനിക വാക്യം കഴിഞ്ഞശേഷമാണ്, ➨❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറയുന്നത്. (ലൂക്കൊ, 2:11). ➟അതിനാൽ അടുത്തതും പ്രചനത്തോടുകൂടിയ വാഖ്യമാണെന്ന് മനസ്സിലാക്കാം
❹ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട്:
☛ മറ്റൊരു ശ്രദ്ധേയമായ തെളിവുതരാം. ➟യേസേഫിനോട് ദൂതൻ പറയുന്നത് നോക്കുക: ➨❝മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). ➟ഇവിടെയും ശ്രദ്ധിക്കുക: രക്ഷിതാവിനെ മറിയ പ്രസവിക്കും എന്നല്ല; അവൾ പ്രസവിക്കുന്നവൻ ❛രക്ഷിപ്പാനിരിക്കകൊണ്ടു❜ നീ അവന് ❛യേശു❜ എന്ന് പേർ ഇടേണം എന്നാണ്. ➟രക്ഷിതാവായതുകൊണ്ട് പേർ വിളിക്കണമെന്നല്ല; രക്ഷിപ്പാനിരിക്കകൊണ്ട് പേർ വിളിക്കണം എന്നാണ്. ➟യേശുവിൻ്റെ ജനനത്തിന് മുമ്പാണ് ദൂതൻ ഇത് പറയുന്നത് എന്നതിനാൽ, അവൻ്റെ ജനനത്തിൽത്തന്നെ രക്ഷകൻ ആകുന്നില്ല. ➨❝അവൻ രക്ഷിപ്പാനിരിക്കകൊണ്ടു യേശു എന്നു പേർ ഇടേണം❞ എന്നാണ്. ➟അതായത്, അവനെ പേർ വിളിക്കുന്ന സമയത്തും അവൻ രക്ഷകൻ ആകുന്നില്ല. ➟ഗ്രീക്കിൻ്റെ നേരിട്ടുള്ള അർത്ഥം ❛അവൻ രക്ഷിക്കും❜ (𝐇𝐞 𝐬𝐡𝐚𝐥𝐥 𝐬𝐚𝐯𝐞) എന്നാണ്. ➟ഇത് ഗ്രബ്രിയേൽ ദൂതൻ്റെതന്നെ വാക്കുകളാണ്. ➟ദൂതൻ ഇത് യോസേഫിനോട് പറഞ്ഞ് ഏകദേശം പത്ത് മാസമായപ്പോഴാണ് യേശു ജനിക്കുന്നതും ഇടയന്മാരോട് സദ്വാർത്ത അറിയിക്കുന്നതും. ➟പേർ വിളിക്കുന്ന സമയത്തുപോലും രക്ഷിതാവ് ആകാത്തവൻ ജനിച്ചയുടനെ എങ്ങനെ രക്ഷിതാവാകും❓ ➟മറിച്ചാണെങ്കിൽ, ദൂതൻ്റെ വാക്കുകൾ പൂർവ്വാപരവൈരുദ്ധ്യമാകും.
❺ യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം:
☛ യേശുവിൻ്റെ സംക്ഷിപ്തമായ ജീവചരിത്രം പരിശോധിച്ചാൽ, അവൻ എപ്പോഴാണ് ക്രിസ്തുവും രക്ഷിതാവായ കർത്താവും ആയതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല: ➟അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40).
☛ ആത്മാവിൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52) ➟യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) ➟ഏകദേശം മുപ്പത് മുപ്പത് വയസ്സായപ്പോൾ (ലൂക്കൊ, 3:23). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, ➟യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, ➟യേശുവെന്ന മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27;). ➟താൻ ❛അഭിഷിക്തൻ❜ (ക്രിസ്തു) ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ ➟യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അവസാനവാക്യം ഇപ്രകാരമാണ്: ➨❝അവൻ അവരോടു: ❛ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു❜ എന്നു പറഞ്ഞുതുടങ്ങി.❞ (ലൂക്കൊ, 4:21). ➟യേശു യോർദ്ദാനിൽനിന്ന് അഭിഷേകം പ്രാപിച്ച് ക്രിസ്തുവായി വന്നശേഷം പറയുന്ന വാക്കുകളാണിത്. ➟യേശു ക്രിസ്തു (അഭിഷിക്തൻ) ആയത് യോർദ്ദാനിൽ വെച്ചാണെന്നതിന് ഇതിനെക്കാൾ വലിയ തെളിവ് ആവശ്യമുണ്ടോ❓
☛ അഭിഷേകാനന്തരം, ❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ❝നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു❞ എന്ന് പിതാവായ ദൈവം അരുളിച്ചെയ്തപ്പോഴാണ്, യേശു എന്ന മനുഷ്യന് ❛ദൈവപുത്രൻ❜ എന്ന സവിശേഷപദവി ദൈവത്തിൽനിന്ന് ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22).
☛ എന്നാൽ യോർദ്ദാനിൽവെച്ചും അവൻ ❛കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❜ ആയില്ല; ➟ശുശ്രൂഷയ്ക്കായുള്ള അഭിഷേകവും പുത്രത്വവും പ്രാപിക്കുകയാണ് ചെയ്തത്. ➟പിന്നെ വായിക്കുന്നത്: ➨❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി❞ എന്നാണ്. (ലൂക്കൊ, 4:1). ➟അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15).
❻ പ്രവചനങ്ങളുടെ ത്രികാലനിവൃത്തി:
☛ പ്രവചനങ്ങൾക്ക് ത്രികാലസ്വഭാവമുള്ളതുപോലെ, ത്രികാല നിവൃത്തിയും (അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയും) ഉള്ളതായി കാണാം. ➟ഉദാ: ❝യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.❞ (ഹോശേ, 11:1). ➟ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ➟𝟭𝟵𝟰𝟴-ലെ യിസ്രായേൽ രാഷ്ട്ര രൂപീകരണത്തോടുള്ള ബന്ധത്തിൽ അംശമായി അവർക്ക് നിവൃത്തിച്ചു: (യെശ, 66:8). ➟അന്ത്യകാലത്ത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6 ⁃⁃ ആവ, 30:3; യെശ, 11:11-12; 26:19; യിരെ, 29:14; യെഹെ, 38:8). ➟അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയുമാണ് യോർദ്ദാനിലെ അഭിഷേകമെന്ന് മനസ്സിലാക്കാം.
❼ കർത്താവ്:
☛ സുവിശേഷങ്ങളിൽ യേശുവിനെ ❛കർത്താവു❜ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അഭിഷേകത്തോടെ അവൻ രക്ഷിതാവായ കർത്താവായി എന്നർത്ഥമില്ല. ➟അതിന് ഗ്രീക്കിലെ ❛കുറിയോസ്❜ (𝐤𝐲𝐫𝐢𝐨𝐬) എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന് ഏതൊക്കെ അർത്ഥത്തിലാണെന്ന് മനസ്സിലാക്കിയാൽ മതി.
☛ 𝗸𝘆𝗿𝗶𝗼𝘀 ⁃⁃ 𝗟𝗼𝗿𝗱/𝗹𝗼𝗿𝗱:
➦ പഴയനിയമത്തിലെ ❛യഹോവ❜ എന്ന ദൈവനാമത്തെ 𝟮𝟱𝟬-തോളം പ്രാവശ്യം പുതിയനിയമത്തിൽ ❛കർത്താവു❜ എന്നാണ് കാണുന്നത്: (ആവ, 6:4 ⁃⁃ മർക്കൊ, 12:29). ➟❛കുറിയോസ്❜ (𝐤𝐲𝐫𝐢𝐨𝐬) എന്ന ഗ്രീക്ക് പദത്തിന് ❛ദൈവം❜ (𝐆𝐨𝐝) എന്നോ, രക്ഷിതാവ് (𝐒𝐚𝐯𝐢𝐨𝐮𝐫) എന്നോ അർത്ഥമില്ല. ➟❛കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു❜ എന്നിങ്ങനെയാണ് അർത്ഥം.
☛ ❛𝗸𝘆𝗿𝗶𝗼𝘀❜ (𝐋𝐨𝐫𝐝/𝐥𝐨𝐫𝐝) എന്ന പദം യഹോവയ്ക്കും യേശുവിനും മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്: ➟യേശു പഠിപ്പിച്ച ഉപമയിൽ: അപ്പൻ, യജമാനൻ, ഉടയവൻ, കർത്താവ് എന്നിങ്ങനെ 𝟲𝟬 പ്രാവശ്യം കാണാം. ➟പീലാത്തൊസ് (മത്താ, 27:63), ➟കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ➟ഫിലിപ്പോസ് (യോഹ, 12:21), ➟ദൂതൻ (പ്രവൃ, 10:4), ➟വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), ➟പൗലൊസും ശീലാസും (പ്രവൃ, 16:30), ➟അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), ➟കർത്താക്കന്മാർ (1കൊരി, 8:4), ➟അബ്രാഹാം (1പത്രൊ, 3:6), ➟സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) ഇവരൊക്കെ മൂലഭാഷയിൽ 𝗸𝘆𝗿𝗶𝗼𝘀 ആണ്.
❽ യജമാനൻ:
☛ യേശു ദൈവത്തിൻ്റെ ❛അഭിഷിക്തൻ❜ (ക്രിസ്തു) ആയതുകൊണ്ട്, സുവിശേഷങ്ങളിൽ അവനെ ❛𝗸𝘆𝗿𝗶𝗼𝘀❜ എന്ന് വിളിക്കുന്നത് ❛യജമാനൻ❜ എന്ന അർത്ഥത്തിലാണ്. ➟പഴയനിയമത്തിലെ അഭിഷിക്തന്മാരായ (ക്രിസ്തുക്കൾ) രാജാക്കന്മാരെ ❛യജമാനൻ❜ എന്നർത്ഥമുള്ള ❛𝗔𝗱𝗼𝗻❜ എന്ന എബ്രായ പദത്താലാണ് വിശേഷിപ്പിക്കുന്നത്: (1ശമൂ, 26:16; 1രാജാ, 1:11; 1:43). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ തൽസ്ഥാനത്ത് യേശുവിന് ഉപയോഗിച്ചിരിക്കുന്ന ❛𝗸𝘆𝗿𝗶𝗼𝘀❜ എന്ന പദംതന്നെയാണ് കാണുന്നത്. ➟അതിനാൽ സുവിശേഷങ്ങളിൽ ❛യജമാനൻ❜ (𝐌𝐚𝐬𝐭𝐞𝐫) എന്നാണ് പദത്തിൻ്റെ അർത്ഥം വരേണ്ടിയിരുന്നതെന്ന് മനസ്സിലാക്കാം. ➟എന്നാൽ മലയാളത്തിലെ എല്ലാ പരിഭാഷകളിലും ❛കർത്താവു❜ എന്നാണ് കാണുന്നത്. ➟കർത്താവ് എന്നത് തെറ്റായ പരിഭാഷയല്ല; ➟എന്നാൽ എല്ലായിടത്തും ഒരുപോലെ പരിഭാഷ ചെയ്താൽ, അർത്ഥവ്യത്യാസം മനസ്സിലാകില്ല. ➟രക്ഷിതാവായ കർത്താവിനെക്കുറിച്ച് പറയുമ്പോൾ അത് മനസ്സിലാകും. ➟അതായത്, യജമാനനിൽനിന്ന് കർത്താവിലേക്കുള്ള മാറ്റം മനസ്സിലാകും.
❾ കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്:
☛ യോർദ്ദാനിലെ സ്നാനാനന്തരമാണ് അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ❛ക്രിസ്തു❜ ആയതെങ്കിലും ➟അവൻ സർവ്വജനത്തിൻ്റെയും രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, യോർദ്ദാനിലെ അഭിഷേകത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രഥാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: ➨❝യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.❞ (പ്രവൃ, 2:22-24). ➟അടുത്തവാക്യം: ➨❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➟അടുത്തവാക്യം: ➨❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31).
☛ അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അപ്പോഴാണ് അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ ❛കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❜ ആയത്. ➟𝗔𝗰𝘁𝘀 𝟮:𝟯𝟲-ൽ യെഹൂദന്മാർ ക്രൂശിച്ച യേശുവിനെ ദൈവം ❛കർത്താവും ക്രിസ്തുവും❜ ആക്കി എന്നാണ് പത്രൊസ് പറയുന്നത്. ➟ഇവിടെയും 𝗸𝘆𝗿𝗶𝗼𝘀 എന്ന പദമാണ്. ➟ഇവിടെയാണ്, 𝗸𝘆𝗿𝗶𝗼𝘀 എന്ന പദത്തിന് ❜കർത്താവു❜ എന്ന ശരിയായ അർത്ഥമുള്ളത്. ➟കർത്താവ് എന്നാൽ, കർത്തൃത്വം നടത്തുന്നവൻ (അധികാരി ഉടമസ്ഥൻ) എന്നൊക്കെയാണ്. സുവിശേഷങ്ങളിൽ, യജമാനൻ ആയിരുന്നവനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവാക്കി; അല്ലെങ്കിൽ സഭയുടെ അധികാരിയാക്കി. ➟അതുകൊണ്ടാണ്, ➨❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്ന് പറയുന്നത്: (റോമ, 10:9).
☛ ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനന് കാരണം; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചതും അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായതും: (എബ്രാ, 5:7-9). ➨❝ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.❞ (റോമർ 5:18-19 – 5:10-11). ➨❝മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.❞ (1കൊരി, 15:21). ➟തന്മൂലം, ❛കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❜ ജനിച്ചത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അപ്പോഴാണ്, ദൂതൻ്റെ പ്രവചനത്തിന് പൂർണ്ണനിവൃത്തി വന്നതും, സർവ്വജനത്തിന്നും മഹാസന്തോഷം ഉണ്ടായതും. ➟അല്ലെങ്കിൽ, സർവ്വജനത്തിന്നും മഹാസന്തോഷത്തിനുള്ള വഴി തുറന്നതും.
⓫ യേശുവിന്റെ ത്രിവിധമായ ജനനം:
☛ ലൂക്കൊസിലെ ❛ജനിച്ചിരിക്കുന്നു❜ എന്ന പ്രയോഗത്തെ ❛പ്രഖ്യാപനാത്മക പ്രവചനം❜ (𝐃𝐞𝐜𝐥𝐚𝐫𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐩𝐡𝐞𝐜𝐲) ആയി മനസ്സിലാക്കിയാൽ, ➟യേശുവിൻ്റെ ത്രിവിധമായ ജനനത്തെയാണ് അത് സൂചിപ്പിക്കുന്നത്:
𝟭. 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝐁𝐂 𝟔) ബേത്ത്ളേഹേമിൽ യേശു എന്ന് പേരുള്ള മനുഷ്യൻ ജനിച്ചു.
𝟮. 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝐀𝐃 𝟐𝟗) യോർദ്ദാനിൽ യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചു.
𝟯. 𝗔𝗠 𝟯𝟳𝟵𝟯-ൽ (𝐀𝐃 𝟑𝟑) യെരൂശലേമിൽ യേശു എന്ന കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചു.
☛ ❝നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു❞ എന്ന പ്രവചനം യേശുവിൻ്റെ ശാരീരിക ജനനത്തിലല്ല; ➟അവൻ്റെ പുനരുത്ഥാനത്തിലാണ് നിവൃത്തിയായത് എന്ന വസ്തുത ഇതിനോട് ചേർത്ത് ചിന്തിച്ചാൽ, ❛ജനനം❜ എന്നതിൻ്റെ അർത്ഥവ്യാപ്തി മനസ്സിലാകും: (പ്രവൃ, 13:33)
⓬ ഉപസംഹാരം:
☛ 𝗟𝘂𝗸𝗲 𝟮:𝟭𝟭-ൽ ഉള്ളത്, കേവലം ഒരു ശിശു ജനിച്ചു എന്ന വർത്തമാനകാല വാർത്ത മാത്രമല്ല. പ്രത്യുത, ഭാവിയിൽ അവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് ക്രിസ്തുവായി ശുശ്രൂഷ ചെയ്യും, അവൻ ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി രക്ഷിതാവ് ആയിത്തീരും, മരണത്തെ ജയിച്ചുയിർത്ത് സർവ്വത്തിന്റെയും രക്ഷിതാവായ കർത്താവായി മാറും. ➟ഇതെല്ലാം അടങ്ങിയ പ്രഖ്യാപനാത്മക പ്രവചനമാണ്.
3 thoughts on “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചിരിക്കുന്നു”