☛ നമ്മുടെ കർത്താവും രക്ഷിതാവുമായവന് ദൈവകല്പനപ്രകാരം അവൻ്റെ അമ്മയപ്പന്മാർ നൽകിയ യഥാർത്ഥ നാമം ‘യേശുവ’ (Yeshua) എന്നായിരുന്നു എന്ന് പൊതുവെ കരുതപ്പെടുന്നു. പുതിയനിയമ ഭാഷയായ കൊയ്നേ ഗ്രീക്കിൻ്റെ (Koine Greek) പരിമിതികൾ മൂലമാണ് യേശുവ എന്ന പേരിനെ, ഇയേസൂസ്/ഇ്യേസൂസ് (Ἰησοῦς – Iēsous) എന്ന് ലിപ്യന്തരണം (Transliteration) ചെയ്യേണ്ടി വന്നതെന്ന് പറയപ്പെടുന്നു. എന്നാൽ അതിലൊരു വലിയ പ്രശ്നമുണ്ട്. നമ്മുടെ കർത്താവിന് എന്ത് പേരിടണമെന്ന് തീരുമാനിച്ചത് മനുഷ്യരാരുമല്ല; സർവ്വജ്ഞാനിയായ (Omniscience) ദൈവമാണ്. ദൈവം തൻ്റെ ക്രിസ്തുവിന് ഒരു നാമം നിശ്ചയിക്കുകയും, അതെഴുതാൻ ബൈബിൾ ഭാഷയിൽ അക്ഷരങ്ങൾ ഇല്ലാതെവരികയും ചെയ്താൽ, അത് ദൈവത്തിൻ്റെ സർവ്വജ്ഞതയെയയാണ് ബാധിക്കുന്നത്. അങ്ങനെവരാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. ഇതിൻ്റെ വസ്തുത എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം:
❶ യേശുവ എന്ന പേരിൻ്റെ ചരിത്രം:
➦ എഫ്രയീം ഗോത്രത്തിൽ നൂന്റെ (Nun) മകനായിരുന്നു ഹോശേയ: (സംഖ്യാ, 13:8). ബാല്യംമുതൽ തൻ്റെ ശുശ്രൂഷക്കാരനായിരുന്ന അവന് ‘ഹോശേയ’ (הוֹשֵׁעַ – Hoshea) എന്ന പേരുമാറ്റി, ‘യെഹോശൂവ’ (יְהוֹשׁוּעַ – Yehoshua) എന്ന പേരിട്ടത് മോശെയാണ്: (സംഖ്യാ, 11:28; സംഖ്യാ, 13:16). എബ്രായയിൽ ‘യെഹോശൂവ’ എന്നും സത്യവേദപുസ്തകത്തിൽ ‘യോശുവ’ എന്നും പിഒസിയിൽ ‘ജോഷ്വ’ എന്നുമാണ്. ‘ഹോശേയ’ എന്ന സംജ്ഞാനാമത്തിൻ്റെ (proper noun) മൂലധാതു (Primitive Root) ‘രക്ഷിക്കുക’ (to save) എന്നർത്ഥമുള്ള ‘യാഷാ’ (יָשַׁע – Yasha) എന്ന ക്രിയപദം (verb) ആണ്. ‘യെഹോശൂവ’ എന്ന സംജ്ഞാനാമം ‘യഹോവ’ (יְהֹוָה – Yehovah) ‘യാഷാ’ (יָשַׁע – Yasha) എന്നീ രണ്ട് പദങ്ങളുടെ സംയോജനമാണ്. അതായത്, ‘രക്ഷ’ (Salvation) എന്നർത്ഥമുള്ള ‘ഹോശേയ’ എന്ന പേരുമാറ്റി ‘യഹോവ രക്ഷയാകുന്നു’ (Yehovah is salvation) എന്നർത്ഥമുള്ള ‘യെഹോശൂവ’ (Yehoshua) എന്ന പേരാണ് മോശെ അവന് കൊടുത്തത്. യെഹോശൂവ എന്ന പേരിൻ്റെ ചുരുക്കരൂപമാണ് ‘യേശൂവ’ (יֵשׁוּעַ – Yeshua) എന്ന നാമം. ‘യെഹോശൂവ’ എന്ന നീണ്ട പേരിന് പകരം ‘യേശുവ’ എന്ന ചുരുക്കരൂപം ഉപയോഗിക്കാൻ തുടങ്ങിയത് ബാബേൽ പ്രവാസത്തിന് ശേഷമാണ്. നെഹെമ്യാവിൻ്റെ പുസ്തകത്തിൽ നൂന്റെ മകൻ്റെ ‘യെഹോശൂവ’ (Yehoshua) എന്ന നാമം ‘യേശൂവ’ (יֵשׁוּעַ – Yeshua) എന്ന് പറയുന്നത് എബ്രായയിൽ കാണാം. സത്യവേദപുസ്തകത്തിൽ യുശുവ തന്നെയാണ്. (നെഹെ, 8:17). ഒന്നുകൂടി വ്യക്തമാക്കിയാൽ: വചനപ്രകാരം യെഹോശൂവ (Yehoshua) എന്ന പേരിൻ്റെ ചുരുക്കരൂപമാണ് യേശൂവ (Yēshūaʿ) എന്നത് തർക്കമില്ലാത്ത സംഗതിയാണ്. യെഹോശൂവ എന്ന നാമം 218 പ്രാവശ്യവും, യേശൂവ എന്ന നാമം 29 പ്രാവശ്യവും കാണാം. ➟[പൂർണ്ണനാമവും ചുരുക്കരൂപവും എബ്രായ ബൈബിളിൽ കാണുക: Num, 13:16 ⁃⁃ Neh, 8:17]. ‘
❷ യേശൂവ എങ്ങനെ ഇ്യേസൂസ് ആയി?
➦ യേശൂവ (יֵשׁוּעַ – Yēshūaʿ) എന്ന എബ്രായനാമം ഇ്യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമം ആയതിൻ്റെ ഭാഷാപരമായ ചരിത്രം ഇപ്രകാരമാണ്:
𝟭. യോശുവയിലെ ‘യേ’ (יֵ – Yē) എന്ന ആദ്യാക്ഷരം, ‘യോദ്’ (י – Yod) എന്ന അക്ഷരവും അതിൻ്റെ അടിയിൽ കാണുന്ന രണ്ട് ഡോട്ട് ’ഏ’ (ē) എന്ന ദീർഘസ്വരം നല്കുന്ന ‘സേരെ’ (Tzeire) എന്ന ചിഹ്നവും ചേർന്നതാണ്. ‘യേ’ (יֵ – Yē) എന്ന അക്ഷരത്തിന് തത്തുല്യമായ അക്ഷരം ഗ്രീക്കിലില്ല. അതിനാൽ യോദിന് പകരം ഗ്രീക്കിലെ ‘ഇ’ (Ἰ – I) എന്ന ശബ്ദം നല്കുന്ന ‘അയോട്ട’ (Iota) എന്ന അക്ഷരവും, ‘ഏ’ (η – ē) എന്ന ദീർഘസ്വരം നല്കുന്ന ‘ഈറ്റ’ (Eta) എന്ന അക്ഷരവും ഉപയോഗിച്ചു. അങ്ങനെ ‘യേ’ (יֵ – Yē) എന്നത് ‘ഇയേ/ഇ്യേ’ (Ἰη ⁃ Iē) ആയി.
𝟮. യോശുവയിലെ ‘ശൂ’ (שׁוּ – shū) എന്ന രണ്ടാമത്തെ അക്ഷരം, മുകളിൽ ഡോട്ടുള്ള ശിൻ (שׁ – Shin) എന്ന അക്ഷരം ‘ശ’ (sh) എന്ന ശബ്ദവും, മധ്യത്തിൽ ഡോട്ടുള്ള ‘വൗ’ (וּ – Vav) എന്ന അക്ഷരം ‘ഊ’ (ū) എന്ന സ്വരശബ്ദവും നൽകുന്നതാണ്. എബ്രായയിലെ ‘ശിൻ’ (שׁ – sh) എന്ന ‘ശ’ (sh) ശബ്ദം കൊയ്നേ ഗ്രീക്കിൽ ഇല്ല. ഗ്രീക്കിൽ ‘സിഗ്മ’ (Sigma) എന്ന അക്ഷരത്തിൻ്റെ ‘സ’ (σ – s) ശബ്ദം മാത്രമേ ഉള്ളൂ. അതിനാൽ ‘ശ’ (Sh) എന്നതിന് പകരം ‘സ’ (s) എഴുതാൻ നിർബന്ധതമായി. പിന്നെ ‘ശൂ’ (shū) എന്നതിലെ ‘ഊ’ (ū) ശബ്ദം ലഭിക്കാൻ ഗ്രീക്കിലെ ഒമിക്രോൻ്റെ (Omicron) ‘ഒ’ (ο – o) എന്ന അക്ഷരവും, അപ്സിലോൻ്റെ (Upsilon) ‘ഉ’ (υ – u) എന്ന അക്ഷരവും സംയുക്തമായി ഉപയോഗിച്ചു. അങ്ങനെ ‘ശൂ’ (shū) ‘സൂ’ (σοῦ – sou) ആയി.
𝟯. യേശുവയിലെ ‘അ’ (עַ – aʿ) എന്ന അവസാനത്തെ അക്ഷരം, തൊണ്ടയിൽ നിന്ന് വരുന്ന ഒരു പ്രത്യേക ശബ്ദമാണ്. ഈ ശബ്ദവും ഗ്രീക്കിൽ ഇല്ല. അതിനാൽ അത് പൂർണ്ണമായും ഒഴിവാക്കി. ഗ്രീക്ക് വ്യാകരണമനുസരിച്ച് പുരുഷന്മാരുടെ പേരുകൾ സാധാരണയായി സിഗ്മമ (Sigma) എന്ന അക്ഷരത്തിൽ അവസാനിക്കാറുണ്ട്. ഒരു പേര് പുല്ലിംഗമാണെന്ന് (Masculine) കാണിക്കാനാണ് അവസാനം ‘സ്’ (ς – s) ചേർക്കുന്നത്. അങ്ങനെ അവസാനത്തെ അക്ഷരം സിഗ്മ (Sigma) എന്ന ‘സ്’ (ς – s) എന്ന ശബ്ദവും ചേർന്നപ്പോൾ, യേശൂവ (יֵשׁוּעַ – Yēshūaʿ) എന്ന എബ്രായനാമം ‘ഇയേസൂസ്/ഇ്യേസൂസ്’ (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമമായി.
☛ Ἰησοῦς – Iēsous-ൻ്റെ മലയാളം ലിപ്യന്തരണം (Transliteration) ഇയേസൂസ്/ഇ്യേസൂസ് എന്നും ഉച്ചാരണം (Pronounciation) യേസൂസ് എന്നുമാണ്. ➟[ഉച്ചാരണം കേൾക്കുക: യേസൂസ് 1, യേസൂസ് 2, യേസൂസ് 3]. അതിനാൽ നമ്മുടെ കർത്താവിൻ്റെ നാമം കൊയ്നേ ഗ്രീക്കിൻ്റെ ഉച്ചാരണപ്രകാരം, “യേസൂസ്” എന്നുതന്നെ നമുക്ക് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാവുന്നതാണ്.
❸ യേശുവ, യേസൂസ്:
➦ യേശൂവ (יֵשׁוּעַ – Yēshūa) എന്ന എബ്രായനാമത്തിൻ്റെയും യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്കുനാമത്തിൻ്റെയും അർത്ഥം, ദൈവശാസ്ത്രപരമായി ഒന്നുതന്നെയാണ്. യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ യോസേഫിനോട് പറയുന്നത് ശ്രദ്ധിക്കുക: “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഈ വാക്യത്തിൽ, autos sōsei എന്ന ഗ്രീക്കുപ്രയോഗത്തിൻ്റെ അർത്ഥം ‘അവൻ (യഹോവ) രക്ഷിക്കും’ (He (Yehovah) will save) എന്നാണ്. ഇവിടെ, യേസൂസ് (Iēsous) എന്ന പേരിൻ്റെ അർത്ഥമാണ് ‘അവൻ (യഹോവ) രക്ഷിക്കും’ എന്നത്. അതായത്, തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു അവൻ രക്ഷിക്കും. അതിനാൽ ഭാഷാപരമായും യേശുവ എന്ന നാമത്തിൻ്റെ ലിപ്യന്തരണമാണ് (Transliteration) യേസൂസ് എന്ന് മനസ്സിലാക്കാം.
☛ എന്നാൽ ഈ പേരുമാറ്റം സംഭവിച്ചത്, അല്ലെങ്കിൽ യേശുവ (Yeshua) എന്ന നാമം യേസൂസ് (Iēsous) എന്നായത് നമ്മുടെ കർത്താവായ ക്രിസ്തുവിനോടുള്ള ബന്ധത്തിലാണോ? അല്ലെന്നാണ് ചരിത്രപരമായും വചനപരമായുമുള്ള ഉത്തരം. അതാണ് നാമിനി പരിശോധിക്കാൻ പോകുന്നത്.
❹ സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷ:
➦ ബിസി മൂന്നാം നൂറ്റാണ്ട് മുതൽ ബിസി ഒന്നാം നൂറ്റാണ്ട് വരെയുള്ള (BC 250 ⁃ BC 100) കാലഘട്ടത്തിലാണ് എബ്രായ ബൈബിളിൻ്റെ ആധികാരിക ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റ് (Septuagint) അല്ലെങ്കിൽ LXX ബൈബിൾ ഉണ്ടായത്. ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന ഗ്രീക്ക് സംസാരിക്കുന്ന യഹൂദന്മാർക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. ടോളമി രണ്ടാമൻ ഫിലഡെൽഫസിന്റെ (Ptolemy II Philadelphus, BC 285⁃246) ഭരണകാലത്താണ് പഞ്ചഗ്രന്ഥങ്ങൾ/തോറ (Pentateuch) എന്നറിയപ്പെടുന്ന മോശെയുടെ അഞ്ചു പുസ്തകങ്ങൾ ആദ്യമായി ഗ്രീക്കിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. തോറയ്ക്ക് ശേഷം, പ്രവാചക പുസ്തകങ്ങളും (Prophets) മറ്റ് എഴുത്തുകളും (Writings) അടുത്ത രണ്ട് നൂറ്റാണ്ടുകളിലായി വിവർത്തനം ചെയ്ത് പൂർത്തിയാക്കി. അതായത്, യേശുവിനും ഏകദേശം 250 വർഷംമുമ്പേ പഞ്ചഗ്രന്ഥങ്ങളും, 100 വർഷങ്ങൾക്ക് മുമ്പേ ബാക്കി പുസ്കങ്ങളും പൂർത്തിയായിരുന്നു.
❺ ഹെല്ലനിസം:
➦ ക്രിസ്തുവിൻ്റെ കാലത്ത് ഗ്രീക്ക് സംസ്കാരവും ഭാഷയും പരക്കെ വ്യാപിച്ചിരുന്നുവെങ്കിലും, ഹെല്ലനിസം (Hellenism) ലോകം മുഴുവൻ പടർന്നു പന്തലിക്കാൻ തുടങ്ങിയത് യേശുവിന് ഏകദേശം 300 വർഷങ്ങൾക്ക് മുമ്പാണ്. മഹാനായ അലക്സാണ്ടർ ചക്രവർത്തി (Alexander the Great) ബിസി 334 മുതൽ ആരംഭിച്ച പടയോട്ടങ്ങളിലൂടെയാണ് ഗ്രീക്ക് ഭാഷയും (Koine Greek) സംസ്കാരവും ചിന്തകളും മിഡിൽ ഈസ്റ്റിലേക്കും മെഡിറ്ററേനിയൻ ലോകത്തേക്കും വ്യാപിച്ചത്. ഇതിനെയാണ് ഹെല്ലനിസ്റ്റിക് കാലഘട്ടം (Hellenistic Period) എന്ന് വിളിക്കുന്നത്. അങ്ങനെ ഈജിപ്തിലെ അലക്സാണ്ട്രിയ പോലുള്ള നഗരങ്ങളിൽ ജീവിച്ചിരുന്ന ജൂതന്മാർക്ക് ഹീബ്രു ഭാഷയിലുള്ള പാണ്ഡിത്യം കുറയുകയും, അന്നത്തെ പൊതുഭാഷയായ കൊയിനേ ഗ്രീക്ക് (Koine Greek) മാതൃഭാഷയായി മാറുകയും ചെയ്തു. സ്വന്തം വിശുദ്ധഗ്രന്ഥങ്ങൾ (പഴയനിയമം) ഗ്രഹിക്കാനും ആരാധനകളിൽ ഉപയോഗിക്കാനും ഗ്രീക്ക് ഭാഷയിലുള്ള ഒരു പരിഭാഷ അവർക്ക് അത്യാവശ്യമായി വന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ ടോളമി രണ്ടാമൻ (Ptolemy II) രാജാവിന്റെ ഭരണകാലത്ത്, അലക്സാണ്ട്രിയയിലെ പ്രശസ്തമായ ലൈബ്രറിയിലേക്ക് ലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളുടെയും ഗ്രീക്ക് പതിപ്പ് ശേഖരിക്കുന്നതിന്റെ ഭാഗമായും ഈ പരിഭാഷ നടന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതായത്, ഹെല്ലനിസം മൂലമുണ്ടായ സാമൂഹികവും ഭാഷാപരവുമായ മാറ്റങ്ങളാണ് എബ്രായ ബൈബിൾ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്താൻ വഴിതെളിച്ചത്.
❻ സെപ്റ്റ്വജിൻ്റും (LXX) യേസൂസും:
➦ ക്രിസ്തുവിനും ഏകദേശം 250 വർഷംമുമ്പേ കൊയ്നേ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്യപ്പെട്ട LXX-ൻ്റെ പഞ്ചഗ്രന്ഥങ്ങളിലാണ്, നാം മുകളിൽ പറഞ്ഞപോലെ യേശൂവ (Yeshua) എന്ന എബ്രായ നാമം യേസൂസ് (Iēsous) എന്ന് കൊയ്നേ ഗ്രീക്കിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടത്. യെഹോശൂവ (Yehoshua) എന്ന നാമത്തിൻ്റെ ചുരുക്കരൂപമാണ് യേശൂവ (Yeshua) എന്ന് നാം മുകളിൽ കണ്ടതാണ്. (Num, 13:16 ⁃⁃ Neh, 8:17). അതിനാൽ LXX-ൽ യെഹോശൂവ, യേശൂവ എന്ന നാമവ്യത്യാസമില്ലാതെ, യേസൂസ് (Ἰησοῦς – Iēsous) എന്ന ഒറ്റനാമമേ കാണാൻ കഴിയുകയുള്ളു. യേസൂസ് (Ἰησοῦς) എന്ന നാമം 248 പ്രാവശ്യം അതിൽ ഉപയോഗിച്ചിട്ടുണ്ട്. (Exo, 17:10; 2Chr, 31:15). എന്നുവെച്ചാൽ, യേശൂവ (יֵשׁוּעַ – Yeshua) എന്ന എബ്രായനാമം ക്രിസ്തുവിനും രണ്ടര നൂറ്റാണ്ടുമുമ്പേ (250 വർഷം) യേസൂസ് (Ἰησοῦς – Iēsous) എന്ന് കൊയ്നേ ഗ്രീക്കിലേക്ക് മാറ്റപ്പെട്ടിരുന്നു. തന്മൂലം, ക്രിസ്തുവിനോടുള്ള ബന്ധത്തിലല്ല പേരുമാറ്റം നടന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❼ Antiquities of the Jews:
➦ നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിലല്ല പേരുമാറ്റം നടന്നത് എന്നതിൻ്റെ ചരിത്രപരവും വചനപരവുമായ തെളിവുണ്ട്. യെഹൂദാ ചരിത്രകാരനായ ജോസീഫസ് തൻ്റെ Antiquities of the Jews എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് എഡി 93–94 കാലത്താണ്. ക്രിസ്തുവിൻ്റെ കാലത്തെ ഏവർക്കും അറിയാവുന്ന ചില ചരിത്ര വിവരങ്ങളല്ലാതെ, പുതിയനിയമം ജോസീഫസ് കാണുകയോ, അതിൽനിന്ന് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. അതിൻ്റെ ആവശ്യവും അവനില്ല. അവൻ പുതിയനിയമരേഖ കണ്ടിട്ടില്ല എന്നതിൻ്റെ തെളിവും അവൻ്റെ പുസ്തകത്തിലുണ്ട്. യോഹന്നാൻ സ്നാപകനെ ഹെരോദാവ് വധിച്ചതിൻ്റെ കാരണം അവൻ്റെ ജനസ്വാധീനമാണ് കാരണമായി ജോസീഫസ് പറയുന്നത്. [കാണുക: J.AJ 18.116]. എന്നാൽ ബൈബിളിൽ അങ്ങനെയല്ല: (മത്താ, 14:2-12). യോഹന്നാൻ്റെ സഹോദരൻ യാക്കോബിനെ ഹെരോദാവ് വാൾകൊണ്ട് കൊല്ലുകയായിരുന്നു: (പ്രവൃ, 12:1-2). എന്നാൽ എഡി 62-ൽ അനാന്യാസ് എന്ന മഹാപുരോഹിതൻ കല്ലെറിഞ്ഞു കൊന്നു എന്നാണ് ജോസീഫസ് പറയുന്നത്. [കാണുക: J.AJ 20.197]. അതിനാൽ ജോസീഫസ് പുതിയനിയമം കണ്ടിട്ടില്ലെന്ന് വ്യക്തമാണ്. എന്നാൽ അവൻ്റെ പുസ്തകത്തിൽ ക്രിസ്തുവിൻ്റെ യേസൂസ് എന്ന നാമം രണ്ടുപ്രാവശ്യം കാണാം:
☛ “യേസൂസ് എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു” (Ἰησοῦς σοφὸς ἀνήρ – Iēsous sophos anēr) എന്നുകാണാം. [കാണുക: Ant, Book 18.3.3].
☛ “ക്രിസ്തോസ് എന്നു വിളിക്കപ്പെടുന്ന യേസൂസിന്റെ സഹോദരൻ, യാക്കോബ് എന്നു പേർ” (τὸν ἀδελφὸν Ἰησοῦ τοῦ λεγομένου Χριστοῦ, Ἰάκωβος ὄνομα αὐτῷ – tón adelfón Iisoú toú legoménou Christoú, Iákovos ónoma aftó) എന്നും കാണാം. [കാണുക: Ant. Book 20:1].
☛ തൻ്റെ പുസ്തകത്തിൽ നൂൻ്റെ മകൻ്റെ യെഹോശൂവ/യേശൂവ എന്ന നാമവും യേസൂസ് (Ἰησοῦς) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “Ὡς Ἰησοῦς (Iēsous) ὁ στρατηγὸς τῶν Ἑβραίων πολεμήσας πρὸς Χαναναίους καὶ κρατήσας αὐτῶν τοὺς μὲν διέφθειρε, τὴν δὲ γῆν κατακληρουχήσας διένειμε ταῖς φυλαῖς.” [J.AJ, Book 5]. പുതിയനിയമം കണ്ടിട്ടില്ലാത്ത ജോസീഫസ് സെപ്റ്റ്വജിൻ്റിൻ്റെ (LXX) ചരിത്രം പ്രതിപാദിക്കുകയും അതിൽനിന്ന് അനേകം കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. [കാണുക: J.AJ, Cha, 12:2]. അതിനാൽ, നമ്മുടെ കർത്താവിൻ്റെ യേസൂസ് (Ἰησοῦς) എന്ന നാമത്തിൻ്റെ അക്ഷരഘടന ജോസീഫസിന് ലഭിച്ചത് പുതിയനിയമത്തിൽ നിന്നല്ല; LXX-ൽ നിന്നാണെന്ന് വ്യക്തമാണ്.
❽ യേശുവ എന്ന യേസൂസ്:
☛ എബ്രായ ബൈബിളിൽ കാണുന്ന നൂൻ്റെ മകനായ യേശുവയുടെ നാമം പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. രണ്ടിടത്തും യേസൂസ് (Ἰησοῦς – Iēsous) എന്നാണ് കാണുന്നത്: “നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.” (പ്രവൃ, 7:45 – എബ്രാ, 4:8). [കാണുക: Act, 7:45 – Heb, 4:8]. LXX-ൽ നിന്നാണ് പുതിയനിയമത്തിലേക്ക് പരാമവതി ഉദ്ധരണികൾ എടുത്തിരിക്കുന്നത്. തന്മൂലം, LXX-ൽ നിന്നാണ് യേസൂസ് എന്ന നാമം എടുത്തതെന്ന് മനസ്സിലാക്കാം. അതിനാൽ, ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കുമുമ്പേ LXX-ലൂടെയാണ് പേരുമാറ്റം നടന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❾ LXX-ൻ്റെ പ്രത്യേകതകൾ:
➦ സെപ്റ്റ്വജിന്റ് (LXX) ബൈബിളിന് പല പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്തും അതിന് മുമ്പും പിമ്പുമുള്ള എബ്രായഭാഷ അറിയാത്ത വിദേശി യെഹൂദന്മാർ എല്ലാവരും ഉപയോഗിച്ചിരുന്നതും എബ്രായഭാഷ അറിയുന്നവരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟯. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ്.
𝟰. LXX-ൽ നിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟱. ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് പരിഭാഷയാണ് ഉപയോഗിച്ചിരുന്നത്.
𝟲. ആദ്യകാല വിശ്വാസികൾ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഗ്രന്ഥമായാണ് LXX-നെ കണ്ടിരുന്നത്. ഫിലോ (Philo), ജോസീഫസ് (Josephus) തുടങ്ങിയ യഹൂദ ചരിത്രകാരന്മാരും ജസ്റ്റിൻ മാർട്ടിർ, അഗസ്റ്റിൻ തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാരും LXX കേവലം ഒരു വിവർത്തനമായല്ല; പ്രത്യുത, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ (Inspiration) തയ്യാറാക്കപ്പെട്ടതാണെന്ന് വിശ്വസിച്ചിരുന്നു
𝟳. ഇന്ന് ലഭ്യമായിരിക്കുന്ന 4–5 നൂറ്റാണ്ടുകളിലുള്ള പുരാതനവും സമഗ്രവുമായ മൂന്ന് കോഡെക്സുകളുടെയും (Codex Vaticanus, Codex Sinaiticus, Codex Alexandrinus) പഴയനിയമം LXX ആണ്. അതിനാൽ, LXX കേവലം ഒരു പരിഭാഷയല്ല; എബ്രായ ബൈബിളിന് തുല്യമോ, അതിനെക്കാൾ ശ്രേഷ്ഠമായതോ ആണ്.
❿ റോമൻ ഭരണവും ഗ്രീക്ക് സ്വാധീനവും:
➦ ക്രിസ്തു ജീവിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിൽ രാഷ്ട്രീയമായി ഭരണം നടത്തിയിരുന്നത് റോമാക്കാരായിരുന്നു (Roman Empire). എന്നാൽ റോമൻ ഭരണകാലത്തും ലോകം മുഴുവൻ ഉപയോഗിച്ചിരുന്നത് ഗ്രീക്ക് ഭാഷയായിരുന്നു. അതായത്, ഭരണം റോമിന്റേതും സംസ്കാരവും ഭാഷയും ഗ്രീക്കിന്റേതും ആയിരുന്നു. അക്കാലത്ത്, യഹൂദ്യയിലും ഗലീലയിലും ആളുകൾ ദൈനംദിന കാര്യങ്ങൾക്ക് അരമായിക് (Aramaic) ഭാഷയാണ് സംസാരിച്ചിരുന്നതെങ്കിലും, കച്ചവടത്തിനും ഭരണസംബന്ധമായ കാര്യങ്ങൾക്കും വിദേശികളോട് ആശയവിനിമയത്തിനും കൊയിനെ ഗ്രീക്ക് (Koine Greek) തന്നെയാണ് ഉപയോഗിച്ചിരുന്നത്. അലക്സാണ്ട്രിയ, അന്ത്യോക്യ, ഏഷ്യ മൈനർ, റോം തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ചിതറിപ്പാർത്തിരുന്ന യഹൂദന്മാർക്കിടയിൽ സെപ്റ്റുവജിന്റ് (LXX) തന്നെയായിരുന്നു പ്രധാന വേദപുസ്തകം. യെഹൂദ്യയിലെ പരീശന്മാരും റബ്ബിമാരും പുരോഹിതന്മാരും ദേവാലയ ശുശ്രൂഷകൾക്കും സിനഗോഗുകളിലെ ആവശ്യങ്ങൾക്കും എബ്രായ (Hebrew) മൂലഗ്രന്ഥമാണ് ഉപയോഗിച്ചിരുന്നത്. എങ്കിലും യിസ്രായേലിലും ഗ്രീക്ക് സംസാരിക്കുന്ന ധാരാളം യഹൂദന്മാർ ഉണ്ടായിരുന്നു. അതിനാൽ LXX യിസ്രായേലിനുള്ളിലും വ്യാപകമായി അറിയപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. ഖുമ്രാൻ (Qumran) ഗുഹകളിൽ നിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) എബ്രായ ചുരുളുകൾക്കൊപ്പം LXX-ന്റെ ഗ്രീക്ക് പ്രതികളും കണ്ടെത്തിയത് അതിൻ്റെ തെളിവാണ്. ഇന്നത്തെ ഇംഗ്ലീഷ് പോലെ, യേശുവിൻ്റെ കാലത്തും അതിനു മുമ്പും പിമ്പുമുള്ള ലോകഭാഷയായിരുന്നു കൊയ്നേ ഗ്രീക്ക്. അതുകൊണ്ടാണ് പുതിയനിയമം മുഴുവനായും ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടതും, ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ക്രിസ്തുവിശ്വാസം വളരെ വേഗത്തിൽ എത്തിയതും.
⓫ ലോകരക്ഷകനും ലോകഭാഷയും:
➦ ക്രിസ്തുവിൻ്റെ രക്ഷാകരപ്രവർത്തിയിൽ പ്രഥമപരിഗണന വാഗ്ദത്തസന്തതിയായ യെഹൂദന്മാർക്കാണെങ്കിലും (മത്താ, 1:21), അവൻ പഴയനിയമ രക്ഷകന്മാരെപ്പോലെ (ന്യായാ, 3:9; ന്യായാ, 3:15), കേവലം പ്രാദേശിക രക്ഷിതാവല്ല; ലോകരക്ഷിതാവ് (The Saviour of the world) ആണ്: (യോഹ, 4:42; 1യോഹ, 4:14). അവൻ ലോകത്തിൻ്റെ പാപം ചുമന്ന കുഞ്ഞാടും (യോഹ, 1:29), സർവ്വലോകത്തിന്റെയും പാപത്തിന് പ്രായശ്ചിത്തവുമാണ്: (1യോഹ, 2:2). അതിനാൽ ലോകരക്ഷിതാവിന് അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിലുള്ള പേരായിരുന്നു അനിവാര്യം. അതാണ് ദൈവകല്പനയാൽ അവൻ്റെ അമ്മയപ്പന്മാർ അവനിട്ട യേസൂസ് (Ἰησοῦς – Iēsous) എന്ന നാമം. അക്കാലത്ത് യേസൂസ് എന്ന പേരും അതിൻ്റെ അർത്ഥവും യെഹൂദന്മാർക്ക് LXX-ലൂടെ സുപരിചിതമായിരുന്നു. ആ നാമം ദൈവം തൻ്റെ ക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ സെപ്റ്റ്വജിൻ്റിലൂടെ (LXX) മുന്നൊരുക്കിയതാണ്. രക്ഷകൻ്റെ നാമം അവൻ്റെ ജനനത്തിനും ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പാണ് ലോകത്തിൽ വെളിപ്പെടുത്തിയതെങ്കിലും, അവൻ്റെ നാമവും ജനനവും അവനിലൂടെയുള്ള രക്ഷാകരപ്രവർത്തിയും. ലോകസ്ഥാപനത്തിന് മുമ്പേ മുൻനിർണ്ണയിക്കപ്പെട്ടതാണ്: (എഫെ, 1:4; 1പത്രൊ, 1:20). അതായത്, അക്കാലത്തെ സാർവത്രിക ഭാഷയിലൂടെ രക്ഷകന്റെ നാമവും നാമത്തിന്റെ അർത്ഥവും അതിൻ്റെ ആഗോള തലത്തിലുള്ള പ്രചാരവും ദൈവം സെപ്റ്റ്വജിലൂടെ മുൻകൂട്ടി ഒരുക്കിയിരുന്നു.
⓬ കൊയ്നേ ഗ്രീക്കും പുതിയനിയമവും:
➦ പുതിയനിയമത്തിൻ്റെ മൂലഭാഷ കൊയ്നേ ഗ്രീക്കാണ്. മറ്റൊരു ഭാഷയിലും പുതിയനിയമത്തിലെ ഒരു പുസ്തകവും രചിക്കപ്പെട്ടില്ല. എന്നാൽ ആധുനിക പണ്ഡിതന്മാരിൽ ചിലർ പ്രഥമ സുവിശേഷകനായ മത്തായി തൻ്റെ സുവിശേഷം രചിച്ചത് എബ്രായയിലാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന് വിശ്വാസയോഗ്യമായ യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. പുതിയനിയമത്തിൻ്റെ ആദ്യത്തെ എബ്രായ പരിഭാഷ ജർമ്മൻ യഹൂദ പണ്ഡിതനായ ‘എലിയാസ് ഹ്യൂട്ടർ’ (Elias Hutter) 1599-ൽ പ്രസിദ്ധീകരിച്ചതാണ്. ഇത് സിറിയാക്, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, ബോഹീമിയൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ് എന്നീ പലഭാഷകളിലുള്ള (Polyglot) പരിഭാഷയാണ്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള നൂറെംബർഗ് (Nuremberg) എന്ന ഒരു ചരിത്രപ്രസിദ്ധമായ ഒരു നഗരത്തിൽനിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. [കാണുക: Hutter’s Hebrew New Testament]. ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ എബ്രായ ഭാഷയിലുള്ള മത്തായി സുവിശേഷം പതിനാലാം നൂറ്റാണ്ടിൽ (1380) ഉള്ളതാണ്. ഷെം-ടോബ് ബെൻ-ഐസക് ബെൻ-ഷാപ്രൂട്ട് ഇബ്നു ഷാപ്രൂട്ട് (Shem-Tob ben-Isaac ben-Shaprut Ibn Shaprut) എന്ന സ്പാനിഷ് യെഹൂദാ റബ്ബി ക്രിസ്തുമത വിമർശനത്തിനായി രചിച്ച ‘Eben Boḥan’ (The Touchstone) എന്ന പുസ്തകത്തിലാണ് അതുള്ളത്. ഈ പുസ്തകത്തിൽനിന്നാണ്, അമേരിക്കൻ ബൈബിൾ പണ്ഡിതനും ഹീബ്രു ഭാഷാ വിദഗ്ദ്ധനുമായ ജോർജ് ഹൗവാർഡ് (George Howard) “മത്തായിയുടെ ഹീബ്രു സുവിശേഷം” (Hebrew Gospel of Matthew) ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഷെം-ടോബിൻ്റെ മത്തായി സുവിശേഷം മത്തായിയുടെ ഗ്രീക്കു പരിഭാഷയിൽനിന്ന് കുറേയേറെ വ്യത്യസ്തമായിരുന്നു. എന്നാൽ ജോർജ് ഹൗവാർഡ് അതിനെ മത്തായിയുടെ യഥാർത്ഥ ഗ്രീക്കു സുവിശേഷവുമായി താരതമ്യംചെയ്ത് പരിഷ്കരിച്ചു. എബ്രായ അല്ലെങ്കിൽ, അരമായയിലാണ് മത്തായി സുവിശേഷം രചിച്ചതെന്നാണ് ജോർജ് ഹൗവാർഡ് വാദിക്കുന്നത്. എന്നാൽ അതിന് തെളിവൊന്നുമില്ല. പുതിയനിയമ ഗ്രീക്കിൻ്റെ അയ്യായിരത്തിലധികം കയ്യെഴുത്തുപ്രതികൾ ലഭ്യമായിട്ടുണ്ട്. മത്തായി എബ്രായയിൽ എഴുതിയെന്ന് പറയുന്ന പുസ്തകത്തിൻ്റെ ഒരു കയ്യെഴുത്തുപ്രതിപോലും (manuscript) ഇന്നുവരെ ലഭിച്ചിട്ടില്ല. അതിനാൽ മത്തായി സുവിശേഷം എഴുതിയത് എബ്രായ ഭാഷയിലാണെന്നോ, അതിൽ ‘യെഹോശൂവ, യേശൂവ’ (Yehoshua, Yeshua) എന്നീ നാമങ്ങൾ ഉണ്ടായിരുന്നു എന്നോ പറയാൻ കഴിയില്ല. [കാണുക: Manuscript evidence].
⓭ യെഹൂദന്മാരും ഗ്രീക്ക് നാമങ്ങളും:
➦ ഹെല്ലനിസത്തിന്റെ (Hellenism) ശക്തമായ സ്വാധീനം നിമിത്തം യെഹൂദന്മാർ അക്കാലത്ത് ഗ്രീക്ക് പേർ മാത്രമിടുന്നതും ഗ്രീക്കിനൊപ്പം എബ്രായപേരും ഇടുന്നതും സ്വാഭാവികമായിരുന്നു. കർത്താവ് തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരിൽ രണ്ടുപേർ ഗ്രീക്ക് പേരുള്ളവരാണ്. പത്രൊസിൻ്റെ സഹോദരനായ അന്ത്രെയാസ് (Ἀνδρέας – Andreas) ഗ്രീക്ക് നാമമാണ്: (Mat, 4:18). “പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം” എന്ന് കർത്താവിനോട് പറഞ്ഞ ഫിലിപ്പോസ് (Φίλιππος – Philippos) ഗ്രീക്ക് നാമമാണ്: (Joh, 14:8). മേശകളിൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്ത ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള സ്തെഫാനൊസ് (Στέφανος – Stephanos), ഫിലിപ്പോസ് Φίλιππος – Philippos), പ്രൊഖൊരൊസ് (Πρόχορος – Prochoros), നിക്കാനോർ (Νικάνωρ – Nikanōr), തിമോൻ (Τίμων – Timōn), പർമ്മെനാസ് (Παρμενᾶς – Parmenas), നിക്കൊലാവൊസ് (Νικόλαος – Nikolaos) എന്നീ ഏഴ് എബ്രായ പുരുഷന്മാർ ഗ്രീക്കുനാമം ഉള്ളവരാണ്: (Act, 6:5). ഇവർക്കൊന്നും എബ്രായനാമം ഉള്ളതായി പറഞ്ഞിട്ടില്ല. അതിനാൽ ക്രിസ്തു യെഹൂദനായതിനാൽ എബ്രായപേർതന്നെ വേണമെന്ന് ശഠിക്കുന്നതിൽ യാതൊരർത്ഥമില്ല.
⓮ ക്രിസ്തു അല്ലാത്ത യേസൂസ്:
➦ നമ്മുടെ കർത്താവായ ക്രിസ്തു അല്ലാത്ത യേസൂസും (യേശു) ബൈബിളിലുണ്ട്: “യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.❞ (കൊലൊ, 4:11). ഇവിടെ, “Ἰησοῦς ὁ λεγόμενος Ἰοῦστος – Iēsous ho legomenos Ioustos” എന്നതിന് “യുസ്തൊസ് എന്നു വിളിക്കപ്പെടുന്ന യേസൂസ്” (Jesus who is called Justus) എന്നാണർത്ഥം. പൗലൊസിൻ്റെ സഹപ്രവർത്തകനും വിശേഷാൽ യേഹൂദനുമായ ഇവന് യേസൂസ് (Ἰησοῦς – Iēsous) എന്ന ഗ്രീക്ക് നാമവും, യുസ്തൊസ് (Ἰοῦστος ⁃ Ioustos) എന്ന ലാറ്റിൻ നാമവും ആയിരുന്നു: (Col, 4:11). മത്തായി 27:16-ൻ്റെ Codex Vaticanus-ലും ചുരുക്കം ചില ഗ്രീക്ക്, ഇംഗ്ളീഷ് പരിഭാഷകളിലും ബറാബ്ബാസിന്, ‘യേസൂൺ ബറാബ്ബാൻ’ (Ἰησοῦν Βαραββᾶν – Iēsoun Barabban) അഥവാ, യേസൂസ് ബറാബ്ബാസ് എന്നാണ് കാണുന്നത്. [കാണുക: SBLGNT⁃⁃WH(NA27), GNT, NIV, CEV, GNT, NET, NRSV, NAB]. ഇതെല്ലാം തെളിയിക്കുന്നത്, യെഹൂദന്മാർക്ക് ഗ്രീക്കുപേർ അക്കാലത്ത് സർവ്വസാധാരണമായിരുന്നു എന്നതാണ്.
⓯ യേസൂസ് എന്ന് പേർ ഇടേണം:
➦ നമ്മുടെ കർത്താവിന് എന്ത് പേരിടണമെന്ന് തീരുമാനിച്ചത് മനുഷ്യരാരുമല്ല; സർവ്വജ്ഞാനിയായ (Omniscience) ദൈവമാണ്. നാം മുകളിൽ ചിന്തിച്ചപോലെ, ഇതൊന്നും ആകസ്മികമായ സംഭവങ്ങളല്ല; ലോകസ്ഥാപനത്തിന് മുമ്പേ മുൻനിർണ്ണയിക്കപ്പെട്ടതാണ്. ദൈവം തൻ്റെ ക്രിസ്തുവിന് ഒരു നാമം നിശ്ചയിക്കുകയും, അതെഴുതാൻ ബൈബിൾ ഭാഷയിൽ അക്ഷരങ്ങൾ ഇല്ലാതെവരികയും ചെയ്താൽ, അത് ദൈവത്തിൻ്റെ സർവ്വജ്ഞതയെയല്ലേ ബാധിക്കുന്നത്? അതിനാണ് സെപ്റ്റ്വജിൻ്റ് (LXX) പരിഭാഷയിലൂടെ യേസൂസ് (Ἰησοῦς – Iēsous) എന്ന നാമത്തിൻ്റെ ഭാഷാപരമായ പരിമിതി പ്രശ്നം ദൈവം മുന്നമേ പരിഹരിച്ചതും, ലോകരക്ഷകന് ലോകഭാഷയിൽത്തന്നെ പേരിട്ടതും. അവൻ്റെ അമ്മയപ്പന്മാരോടുള്ള ദൂതൻ്റെ കല്പന നോക്കുക: “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.” [മത്താ, 1:21). ഇതേ കല്പന മറിയയ്ക്കും നല്കുന്നതായി കാണാം: (ലൂക്കോ, 1:31). [കാണുക: Mat, 1:21 – ലൂക്കൊ, 1:31]. ദൈവകല്പന ശിരസ്സാവഹിച്ച അവൻ്റെ അമ്മയപ്പന്മാർ എട്ടാം ദിവസം അവന് യേസൂസ് എന്നു പേർ വിളിച്ചു: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേസൂസ് എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21 – മത്താ, 1:25). [കാണുക: Luk, 2:21]. ‘അവൻ (യഹോവ) രക്ഷിക്കും’ (He will save) എന്നർത്ഥമുള്ള യേസൂസ് എന്ന നാമം ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർക്ക് സുപരിചിതമായിരുന്നു. അതിനാൽ മറ്റൊരു പേര് അവന് ഇടുവാൻ ആവശ്യമില്ലായിരുന്നു. തിരുവെഴുത്തുകൾ മനുഷ്യരുടെ ഇഷ്ടത്താൽ ഉണ്ടായതല്ല; ദൈവശ്വാസീയമായി രചിക്കപ്പെട്ടതാണ്: (2തിമൊ, 3:16). അതിനാൽ ദൈവം ഒരു പേർ കല്പിച്ചിട്ട്, അതെഴുതാൻ ഭാഷ പോരാതെ വരികയില്ല. ദൈവം കല്പിച്ചതും അവൻ്റെ അമ്മയപ്പന്മാർ അവനിട്ടതും അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിലുള്ള Ἰησοῦς (Iēsous ⁃ യേസൂസ്) എന്ന നാമമായിരുന്നു.
☛ അന്നത്തെ കാലത്ത് Ἰησοῦς (യേസൂസ്) എന്ന നാമം, കേവലം ഒരു ഗ്രീക്കുനാമം എന്നതിനെക്കാൾ ഉപരിയായി, യെഹൂദന്മാർക്ക് സുപരിചിതമായിരുന്നതും അവർ ഉപയോഗിക്കുന്നതുമായ സെപ്റ്റ്വജിൻ്റ് ബൈബിളിൽ 248 പ്രാവശ്യം രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്. വിശേഷാൽ, Ἰησοῦς (Iēsous) എന്ന പേരിൻ്റെ അർത്ഥം: ‘യഹോവ രക്ഷിക്കും’ [He (Yehovah) will save] എന്നാണ്: (മത്താ, 1:21). അതിനാൽ മറ്റൊരു പേരിടുവാൻ യാതൊരു ആവശ്യവുമില്ല.
⓰ യേസൂസ് ക്രിസ്തോസ്:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ കർത്താവ് തൻ്റെ പേരുച്ചരിക്കുന്ന ഒരു വേദഭാഗമുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. യേസൂസ് എന്ന സംജ്ഞാനാമത്തോടൊപ്പം (Proper noun) ക്രിസ്തോസ് എന്ന പദവിയും (Title) ചേർത്ത്, യേസൂസ് ക്രിസ്തോസ് (Ἰησοῦς Χριστός – Iēsous Christos) എന്ന തൻ്റെ പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവ് തന്നെയാണ്. [കാണുക: Joh, 17:3]. കർത്താവ് സ്വന്തവായകൊണ്ട് കല്പിച്ച തൻ്റെ നാമം തന്നെക്കുറിച്ചുള്ള സുവിശേഷ ചരിത്രത്തിൽ എഴുതിവെക്കാൻ, ഭാഷാപരമായ പരിമിതിമൂലം മാറ്റിയെഴുതി എന്ന് ചിന്തിക്കാൻ ഒരു ന്യായവുമില്ല. ഭാഷാപരമായ ആ പരിമിതി അതിനും രണ്ടര നൂറ്റാണ്ടുമുമ്പേ ദൈവം പരിഹരിച്ചിരുന്നു.
⓱ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ:
➦ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് നിറഞ്ഞവനായി കർത്താവിൻ്റെ പേർ വിളിച്ചുപറയുന്നുണ്ട്: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38). [കാണുക: Act, 2:38]. “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). [കാണുക: Act, 4:10]. ➟നസറായനായ യേസൂസ് ക്രിസ്തൂസിലൂടെയല്ലാതെ മറ്റൊരുത്തനിലും രക്ഷയില്ലെന്നും യേസൂസ് ക്രിസ്തോസ് എന്ന നാമമല്ലാതെ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയ പത്രൊസ് പരിശുദ്ധാത്മാവിൽ വിളിച്ചുപറഞ്ഞത്. പത്രൊസ് പരിദ്ധാത്മാവിനാൽ വിളിച്ചുപറഞ്ഞ നാമം എഴുതിവെക്കാൻ ഭാഷാപരമായ പരിമിതി ഉണ്ടാകുക സാദ്ധ്യമല്ല. കാരണം, പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായ ക്രിസ്തുവിന് (മത്താ, 1:20; ലൂക്കൊ, 2:21) ദൈവകല്പനപ്രകാരം യേസൂസ് (Ἰησοῦς) എന്നുതന്നെയാണ് അവൻ്റെ അമ്മയപ്പന്മാർ പേരിട്ടത്: (മത്താ, 1:21; ലൂക്കൊ, 1:31).
⓲ യേസൂസിൻ്റെ നാമത്തിൽ:
➦ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേസൂസിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31;1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27;പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). എല്ലാ തിരുവെഴുഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16). അപ്പോൾ അതെഴുതപ്പെട്ട ഭാഷയും ദൈവഹിതപ്രകാരം തിരഞ്ഞെടുത്തതായിരിക്കണം. പുതിയനിയമത്തിലെ എല്ലാ കാര്യങ്ങളും രക്ഷകൻ്റെ നാമത്തിൽ ചെയ്യാൻ കല്പിക്കുകയും, പുതിയനിയമം മുഴുവനായി അന്നത്തെ ലോകഭാഷയായ കൊയ്നേ ഗ്രീക്കിൽ എഴുതിക്കുകയും ചെയ്തവൻ, ലോകരക്ഷകൻ്റെ പേര് മറ്റൊരു ഭാഷയിൽ ഒരിക്കലും നല്കില്ല. തന്മൂലം, യേശുവ എന്ന എബ്രായ നാമമല്ല; യേസൂസ് എന്ന ഗ്രീക്കുനാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് നല്കിയതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
⓳ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം:
➦ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21 –യോഹ, 5:43 –യോഹ, 14:26). എന്നുവെച്ചാൽ, സത്യേകദൈവമായ പിതാവിന്റെ (Father, the only true God) പേരും: (യോഹ, 17:3 – യോഹ, 5:43; 17:11; 17:12), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യന്റെ (ക്രിസ്തു) പേരും: (പ്രവൃ, 10:38 – യോഹ, 9:11), ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ പേരും: (മത്താ, 12:28 – യോഹ, 14:26), യേശു/യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (Onoma – Name) സ്നാനം കഴിപ്പിപ്പിൻ” എന്ന കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ യേശു/യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്: (മത്താ, 28:19 – പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ഏകവചനപ്രയോഗം ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ച ‘യേസൂസ്/യേസൂസ് ക്രിസ്തോസ്’ എന്ന നാമം. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). വാക്കും പ്രവർത്തിയും ഒരുപോലെ ആവശ്യമുള്ള പ്രഥമവും പ്രധാനവുമായ ശുശ്രൂഷയാണ് ജലസ്നാനം.
☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടാണ്, ‘യഹോവ’ (Yehovah) എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, യഹോവ എന്ന നാമം മാറ്റപ്പെട്ടതും ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും, യേസൂസ് (Ἰησοῦς – Iēsous) എന്ന സംജ്ഞാനാമം (Proper Noun) ഒരുക്കപ്പെട്ടതും സെപ്റ്റ്വജിൻ്റ് (LXX) ബൈബിളിലാണ്. [കാണുക: യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]
⓴ യേസൂസ് എന്ന സംജ്ഞാനാമം:
➦ യേസൂസ് (Iēsous) എന്ന സംജ്ഞാനാമം (Proper noun) വ്യാകരണപരമായി അഞ്ച് വിഭക്തികളിലും (Cases) മൂന്ന് സവിശേഷ രൂപങ്ങളിലുമായി (Unique forms) തെള്ളായിരത്തിലേറെ പ്രാവശ്യം കാണാം. പുതിയനിയമത്തിൻ്റെ MGNT (Modern/Critical Greek New Testament) പതിപ്പുകളിൽ 917 പ്രാവശ്യവും, TR (Textus Receptus) പതിപ്പുകളിൽ 975 പ്രാവശ്യവും കാണാം. പഴയനിയമത്തിൻ്റെ LXX-ൽ 248 പ്രാവശ്രമുണ്ട്.
➟ യേസൂസ് (Ἰησοῦς – Iēsous): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: യേശു. [കാണുക: Mat. 1:16 – മത്താ, 1:16]
➟ യേസൂൺ (Ἰησοῦν – Iēsoun): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: യേശുവിനെ. [Mat, 17:8 – മത്താ, 17:8]
➟ യേസൂ (Ἰησοῦ – Iēsou): സംബന്ധിക വിഭക്തി (Genitive Case), അർത്ഥം: യേശുവിൻ്റെ. [Mat, 14:1 – മത്താ, 14:1]
➟ യേസൂ (Ἰησοῦ – Iēsou): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: യേശുവിന്. [Heb, 12:24 – എബ്രാ, 12:24]
➟യേസൂ (Ἰησοῦ – Iēsou): സംബോധന വിഭക്തി (Vocative Case). അർത്ഥം: യേശുവേ! [Luk, 18:38 – ലൂക്കൊ, 18:38]. അതായത്, ജനറ്റീവ്, ഡേറ്റീവ്, വൊക്കേറ്റീവ് എന്നീ മൂന്ന് വിഭക്തികൾക്കും Ἰησοῦ – Iēsou എന്ന ഈ ഒറ്റ രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്.
☛ ക്രിസ്തോസ് എന്ന പദവി:
➦ ക്രിസ്തോസ് (Χριστός – Christos) എന്ന പദവി അഞ്ച് വിഭക്തികളിലായി അഞ്ചൂറിലേറെ പ്രാവശ്യമുണ്ട്. പുതിയനിയമത്തിൻ്റെ MGNT (Modern/Critical Greek New Testament) പതിപ്പുകളിൽ 529 പ്രാവശ്യവും, TR (Textus Receptus) പതിപ്പുകളിൽ 569 പ്രാവശ്യവും കാണാം. പഴയനിയമത്തിൻ്റെ LXX-ൽ 41 പ്രാവശ്യമുണ്ട്.
➟ ക്രിസ്തോസ് (Χριστός – Christos): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: ക്രിസ്തു. [കാണുക: Mat, 1:16 – മത്താ, 1:16]
➟ ക്രിസ്തോൺ (Χριστὸν – Christon): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: ക്രിസ്തുവിനെ. [Luk, 2:26 – ലൂക്കൊ, 2:26]
➟ ക്രിസ്തൂ (Χριστοῦ – Christou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: ക്രിസ്തുവിൻ്റെ. [Rom, 7:4 – റോമ, 7:4].
➟ ക്രിസ്തോ (Χριστῷ – Christō): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: ക്രിസ്തുവിന്. [Eph, 5:24 – എഫെ, 5:24]
➟ ക്രിസ്തേ (Χριστέ – Christe): സംബോധന വിഭക്തി (Vocative Case). അർത്ഥം: ക്രിസ്തുവേ! [Mat, 26:68 – മത്താ, 26:68].
☛ യേസൂസ് ക്രിസ്തോസ്:
➦ യേസൂസ് ക്രിസ്തോസ് ( Ἰησοῦς Χριστός – Iēsous Christos) എന്ന പൂർണ്ണനാമം 170-തോളം പ്രാവശ്യമുണ്ട്:
➟ യേസൂസ് ക്രിസ്തോസ് (Ἰησοῦς Χριστός – Iēsous Christos): നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: യേശുക്രിസ്തു. [കാണുക: Act, 9:34 – പ്രവൃ, 9:34]
➟ യേസൂൺ ക്രിസ്തോൺ (Ἰησοῦν Χριστὸν – Iēsoun Christon): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: യേശുക്രിസ്തുവിനെ. [Joh, 17:3 – യോഹ, 17:3]
➟ യേസൂ ക്രിസ്തൂ (Ἰησοῦ Χριστοῦ – Iēsou Christou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: യേശുക്രിസ്തുവിൻ്റെ. [Mat, 1:1 – മത്താ, 1:1]
➟ യേസൂ ക്രിസ്തോ (Ἰησοῦ Χριστῷ – Iēsou Christō): ഉദ്ദേശിക വിഭക്തി (Dative Case). അർത്ഥം: യേശുക്രിസ്തുവിൽ. [1The, 1:1 – 1തെസ്സ, 1:1].
☛ ക്രിസ്തോസ് യേസൂസ്:
➦ ക്രിസ്തോസ് യേസൂസ് (Χριστός Ἰησοῦς – Christos Iēsous) എന്ന നാമം 50-തോളം പ്രാവശ്യമുണ്ട്:
➟ ക്രിസ്തോസ് യേസൂസ് (Χριστός Ἰησοῦς – Christos Iēsous). നിർദ്ദേശിക വിഭക്തി (Nominative Case). അർത്ഥം: ക്രിസ്തുയേശു. [കാണുക: 1Tim, 1:15 – 1തിമൊ, 1:15]
➟ ക്രിസ്തോൺ യേസൂൺ (Χριστὸν Ἰησοῦν – Christon Iēsoun): പ്രതിഗ്രാഹിക വിഭക്തി (Accusative Case). അർത്ഥം: ക്രിസ്തുയേശുവിനെ. [Gal, 4:14 – ഗലാ, 4:14]
➟ ക്രിസ്തൂ യേസൂ (Χριστοῦ Ἰησοῦ – Christou Iēsou): സംബന്ധിക വിഭക്തി (Genitive Case). അർത്ഥം: ക്രിസ്തുയേശുവിൻ്റെ. [2Cor, 1:1 – 2കൊരി, 1:1].
☛ ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ തൊള്ളായിരത്തിലേറെ പ്രാവശ്യം അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിരിക്കുന്ന നമ്മുടെ കർത്താവിൻ്റെ യഥാർത്ഥനാമം ഇതല്ല; മറ്റൊന്നായിരുന്നു എന്നെങ്ങനെ പറയാൻ കഴിയും? [കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronounciation) കേൾക്കുക: യേസൂസ് 1, യേസൂസ് 2, യേസൂസ് 3, ക്രിസ്തോസ്, യേസൂസ് ക്രിസ്തോസ്].