1:14. “അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
1:15. “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
1:16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1:17. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
1:18. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
1:19. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
1:20. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” (കൊലൊ, 1:15-20). ➟കൊലൊസ്യരിലെ ഈ വേദഭാഗത്തെ വിഷയം ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയാണ്. ➟“ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും വിധേയമായ ആകാശഭൂമികളെയും അവയിലുള്ളവയെയും ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരമാണ് ദൈവം പുതുക്കുന്നത്.”
❶ പാപമോചനമെന്ന വീണ്ടെടുപ്പ്:
☛ 14-ാം വാക്യം: “അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ➟ഒന്നാം അദ്ധ്യായം 9–13 വാക്യങ്ങൾ കൊലൊസ്സ്യ സഭയ്ക്കുവേണ്ടിയുള്ള പൗലൊസിൻ്റെ പ്രാർത്ഥനയാണ്:. ➟അതിനുശേഷമാണ്: “യേശുവിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു” എന്ന് പറയുന്നത്. ➟ഈ വാക്യം വർത്തമാനകാലത്തിൽ ഉള്ളതാണ്. ➟𝗲𝗰𝗵𝗼𝗺𝗲𝗻 എന്ന ഗ്രീക്ക് ക്രിയാപദം (Verb) വർത്തമാനകാലം (Present tense) ആണ്. ➟അതിൻ്റെ അർത്ഥം “നമുക്ക് ഉണ്ടു” (We have) എന്നാണ്. ➟പാപമോചനമെന്ന വീണ്ടെടുപ്പ് യേശുവിൽ ”നമുക്ക് ഉണ്ടു” (We have) എന്ന് വർത്തമാനകാലത്തിൽ പറയണമെങ്കിൽ, അത് യേശുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണെന്ന് താൻ പറയുന്നതെന്ന് വ്യക്തമാണല്ലോ? ➟അതായത്, പൗലൊസ് പറയുന്നത് ആദിയിലെ കാര്യമല്ല;:അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായുള്ള അനുഗ്രഹങ്ങളാണ്. ➟പൗലൊസിൻ്റെ പ്രാർത്ഥന ശ്രദ്ധിച്ചാലും അത് മനസ്സിലാകും: (1:9-13).
❷ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ:
☛ 15-ൻ്റെ ആദ്യഭാഗം: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ.” ➟അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്. ➟അദൃശ്യനായ ദൈവത്തിന്റെ പ്രതിമ എന്ന പ്രയോഗം, അവൻ ദൈവമല്ലെന്നും അവൻ സൃഷ്ടിക്ക് മുമ്പേ ഉണ്ടായിരുന്നവനല്ല എന്നതിൻ്റെ തെളിവാണ്. ➟“ദൈവം” (സത്യദൈവം) എന്നത് ആരുടെയും പേരോ, പദവിയോ അല്ല; സ്രഷ്ടാവിൻ്റെ പ്രകൃതിയാണ് (Nature). ➟അതുപോലെ “ദൈവത്തിൻ്റെ പ്രതിമ” എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമോ, പ്രകൃതിയോ അല്ല; അവൻ്റെ പദവിയാണ്. ➟ദൈവത്തെ ഒരിക്കലും ദൈവത്തിൻ്റെ പ്രതിമ എന്ന് പറയില്ല; പറഞ്ഞാൽ അബദ്ധമാണ്. ➟മനുഷ്യനെ മനുഷ്യൻ്റെ പ്രതിമയെന്നും പറയില്ല. ➟ക്രിസ്തുവിനെ മാത്രമല്ല; പുരുഷനെയും (Man) ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിട്ടുണ്ട്: (1കൊരി, 11:7). [കാണുക: പ്രതിമ].
❸ സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
☛ 15-ൻ്റെ അടുത്തഭാഗം: “സർവ്വസൃഷ്ടിക്കും ആദ്യജാതൻ.” ➟ഇതും അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟അവനെ “സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്നതിനെ അക്ഷരാർഥത്തിൽ മനസ്സിലാക്കിയാൽ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നേ വരൂ. ➟യേശു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രധാന പ്രശ്നം:
☛ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟“ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟“അവതാരം” (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ “ആദ്യജാതൻ” എന്ന പ്രയോഗം അനന്തരജാതന്മാരെ (ഇളയ സഹോദരങ്ങളെ) വ്യഞ്ജിപ്പിക്കുന്നതാണ്. ➟“സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്ന പ്രയോഗം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ എന്നണർത്ഥം. ➟അതായത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികൾക്കും (ദൂതൻ, മനുഷ്യൻ, പക്ഷിമൃഗാദികൾ ഉൾപ്പെടെ) ക്രിസ്തു മൂത്ത സഹോദരനായിരിക്കണം. ➟എന്നാൽ ക്രിസ്തു വിശ്വാസികളുടെ മാത്രം മൂത്തസഹോദരനാണ്: (റോമ, 8:29). ➟അവൻ ദൂതന്മാരുടെയോ, ഭൂമിയിലെ മറ്റ് സൃഷ്ടികളുടെയോ മൂത്തസഹോദരല്ല. ➟അതിനാൽ, ഇതവൻ്റെ പദവിയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സഹോദരന്മാരിൽ ആദ്യജാതൻ]
☛ ഏകജാതൻ എന്ന പദം അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9) ആദ്യജാതൻ എന്ന പദം നാലുപ്രാവശ്യവും ക്രിസ്തുവിന് ഉപയോഗിച്ചിട്ടുണ്ട്. ➟ഈ വേഭാഗത്ത് രണ്ടുപ്രാവശ്യമുണ്ട്: (കൊലൊ, 1:15; 1:18 ⁃⁃ റോമ, 8:29; വെളി, 1:5). ➟ഏകജാതൻ, ആദ്യജാതൻ എന്നിവ യഥാർത്ഥത്തിലാണെങ്കിൽ, രണ്ടും പരസ്പരവിരുദ്ധമാണ്. ➟ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟തന്മൂലം, ഇതെല്ലാം പദവിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
☛ “സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരുടെ ഇടയിൽനിന്നുള്ള ആദ്യജാതൻ (കൊലൊ, 1:18), ➟മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5)” എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, “ആദ്യജാതൻ” എന്നത് അവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അപ്പോൾ എന്തുകൊണ്ടായിരിക്കും അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? ➟അവൻ സർവ്വസൃഷ്ടിയുടെയും ഉദ്ധാരകൻ എന്ന നിലയിലാണ് “സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്: (റോമ, 8:19-22). ➟അതിൻ്റെ തെളിവാണ് തൊട്ടുമുകളിലുള്ള വാക്യങ്ങൾ:
☛ “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.“ (കൊലൊ, 1:12-14). ➟ഇവിടെപ്പറയുന്ന കാര്യങ്ങളെല്ലാം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി നമുക്ക് ലഭിച്ച കാര്യങ്ങളാണ്. ➟അല്ലാതെ, ആദിയിലെ കാര്യങ്ങളോ, ആദിമുതലുള്ള കാര്യങ്ങളോ അല്ല പറയുന്നത്. ➟ഇത് പറഞ്ഞിട്ടാണ്, “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു“ എന്ന് പറയുന്നത്: (കൊലൊ, 1:15). ➟അതായത്, ദൈവത്തിൻ്റെ പ്രതിമയായ ക്രിസ്തു തൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ ➟“സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്.
❹ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു:
☛ 16-ാം വാക്യം: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” ➟ഈ വേദഭാഗം ആദിയിലെ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. ➟അതിന് ചില തെളിവുകൾ തരാം:
☛ ആദിയിൽ ആകാശങ്ങളും ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചത് യഹോവയായ ദൈവം ഒറ്റയ്ക്കാണ്. ➟തൻ്റെയൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഒരു വെല്ലുവിളിയെന്നവണ്ണം യഹോവ ചോദിക്കുന്നത് നോക്കുക: ➟“നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (Alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നുപറഞ്ഞാൽ, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟ഞാൻ ഒറ്റയ്ക്ക് (തനിയെ) സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟എബ്രായയിൽ “ഒറ്റയ്ക്ക്” എന്നർത്ഥമുള്ള 𝗯𝗮𝗱 ആണ്. ➟ഇംഗ്ലീഷിൽ 𝗮𝗹𝗼𝗻𝗲 ആണ്. ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ➟പിതാവായ യഹോവയ്ക്കൊപ്പം യേശുവും ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് യഹോവ പറയുമായിരുന്നോ?
☛ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➟“സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
𝟭. ക്രിസ്തു പഠിപ്പിച്ചത്: “സൃഷ്ടിച്ച അവൻ” (he which made) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➟“സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made/ we who made) എന്ന ബഹുവചനം പറയുമായിരുന്നു.
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം: ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? ➟കാരണം, പിതാവ് ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്.
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം 𝗵𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 (ഹോ പൊയേസാസ്) ആണ്. ➟അതിൽ 𝗵𝗼 എന്നത് 𝗧𝗵𝗲 എന്ന നിശ്ചയോപപദം (Definite Article) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. ➟𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന്റെ അർത്ഥം: സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (The Maker/Creator) എന്നാണ്. ➟ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 (എപ്പോയേസെൻ) ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ➟പദത്തിൻ്റെ അർത്ഥം: “അവൻ സൃഷ്ടിച്ചു” (He Made) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് “ഞങ്ങൾ” (We) അല്ല; “അവൻ” (He) എന്ന ഏകനാണ്. ➟അതായത്, ഉത്തമപുരുഷനായ യേശു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് ആദിമസൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). ➟അതിനാൽ, പൗലൊസ് പറയുന്നത് യേശുവിൻ്റെ മരണപുനരുത്ഥാനങ്ങൾ മുഖാന്തരമുള്ള പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
☛ “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.
☛ പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് ആദിയിലെ സൃഷ്ടിയിൽ ഉണ്ടാകുന്നത്?
❺ അവൻ മുഖാന്തരവും അവനായിട്ടും:
☛ ❝അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കയാൽ, ആദിയിലെ സൃഷ്ടിയെക്കുറിച്ചാണെന്ന് കരുതണ്ട. ➟യഹോവയായ ഏകദൈവം ആദിയിങ്കൽ ഒറ്റയ്ക്ക് സൃഷ്ടിച്ചതെല്ലാം “എത്രയും നല്ലതായിരുന്നു.” (ഉല്പ, 1:31). ➟സൃഷ്ടിയിങ്കൽ എത്രയും നല്ലതായിരുന്നവ ആദാം മുഖാന്തരമാണ് പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായത്: (ഉല്പ, 3:17-19; റോമ, 8:20). ➟ആദാം മുഖാന്തരം പാപത്തിലും ശാപത്തിലുമായിപ്പോയ സൃഷ്ടികൾക്ക്, ക്രിസ്തു മുഖാന്തരം ഉദ്ധാരണംവരുത്തി, പുതുവാനഭൂമികൾ സൃഷ്ടിക്കുന്നതാണ് വിഷയം. (റോമ, 5:15-18). ➟ദൈവത്തെ സംബന്ധിച്ച് പുതിയസൃഷ്ടിയും പുതുവനഭൂഭികളുടെ സൃഷ്ടിയും ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളോടെ പൂർത്തിയായി. ➟എന്നാൽ നമുക്കത് ഗോചരമായിട്ടില്ലെന്നേയുള്ളൂ. ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറയുന്നത്. ➟അതിൻ്റെ തെളിവാണ്: ➟“നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.” (എഫെ, 2:10). ➟ദൈവം ക്രിസ്തുയേശുവിലൂടെ സൽപ്രവർത്തികൾക്കായിട്ടു നമ്മെ സൃഷ്ടിച്ചത് ആദിയിലല്ല; കാലസമ്പൂർണ്ണതയിൽ അവൻ്റെ മരണപുനരുത്ഥാനത്താലാണ്: (എഫെ, 2:5-9 ⁃⁃ 2കൊരി, 2:17, ഗലാ, 6:15). ➟പുതുവാനഭൂമിയെ യോഹന്നാൻ വെളിപ്പാടിൽ കാണുന്നുണ്ട്: ➟“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” (വെളി, 21:1). ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟എബ്രായ ലേഖനത്തിൽ ഇത് വ്യക്തമായി മനസ്സിലാക്കാം. (അത് താഴെ അത് കാണാം).
❻ അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ:
☛ 17-ാം വാക്യം: “അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” ➟ഈ വേദഭാഗത്തുള്ള, “സർവ്വത്തിന്നും മുമ്പേയുള്ളവൻ” എന്ന പ്രയോഗത്തിന് യഥാർത്ഥത്തിൽ അവൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല; ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം മുന്നിയമിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്: (പ്രവൃ, 4:28; റോമ, 8:29-30; 1കൊരി, 2:7). ➟രണ്ട് വേദഭാഗങ്ങൾ തെളിവായി കാണിക്കാം:
☛ “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). ➟ഈ വാക്യപ്രകാരം, ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നെങ്കിൽ, ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ➟നമ്മളിലില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും? ➟ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളതാണ്. ➟കാലസമ്പൂർണ്ണതയിലെ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ രക്ഷപ്രാപിക്കുന്നവരെയും ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുന്നതാണ്, മുന്നിയമനത്തിനും തിരഞ്ഞെടുപ്പിനും അടിസ്ഥാനം. ➟അല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവോ, നമ്മളോ ലോകസ്ഥാപനത്തിന്നു മുമ്പെ ഇല്ലായിരുന്നു.
☛ പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: “ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നവൻ എന്നല്ല; മുന്നറിയപ്പെട്ടവൻ” എന്നാണ് പറയുന്നത്. ➟അതായത്, പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അടുത്തഭാഗം: “അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” ➟മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ, അല്ലെങ്കിൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായവൻ (മത്താ, 1:20; ലൂക്കൊ, 2:21) സർവ്വത്തിന്നും മുമ്പേ യഥാർത്ഥത്തിൽ എങ്ങനെയുണ്ടാകും? ➟അവൻ പ്രവചനങ്ങളിലൂടെയാണ് മുമ്പെ ഉണ്ടായിരുന്നത്. ➟അടുത്തവാക്യത്തിൽ വ്യക്തമായ തെളിവുണ്ട്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
❼ അവൻ സകലത്തിനും ആധാരമായിരിക്കുന്നു:
☛ 17-ൻ്റെ അടുത്തഭാഗം: “അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” ➟ആദിമസൃഷ്ടി ഒന്നാമത്തെ ആദാം മുഖാന്തരം നശ്വരമാണ്. ➟എന്നാൽ നിത്യരക്ഷയുടെ കാരണഭൂതനായ ഒടുക്കത്തെ ആദാം അനശ്വരമായ സകലത്തിനും ആധാരമാണ്. ➟ഈ ആകാശഭൂമികളും മറ്റു സൃഷ്ടികളും നശ്വരമാകാൻ കാരണം ആദ്യമനുഷ്യനായ ആദമാണ്. ➟എന്നാൽ പുതുവാനഭൂമിയും അതിലെ സൃഷ്ടികളും വിശ്വാസികളും ഉൾപ്പെട്ട നിലനില്ക്കുന്നതായ സകലത്തിന്നും ആധാരമായിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. ➟അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ്: (കൊലൊ, 1:20)
❽ അവൻ സഭ എന്ന ശരീരത്തിന്റെ തല:
☛ 18-ാം വാക്യം: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” ➟ആദ്യഭാഗം: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു.” ➟ക്രിസ്തു സർവ്വത്തിന്നും മീതെ തലയും (എഫെ, 1:22), ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയും (എഫെ, 1:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമാണ്: (കൊലൊ, 2:10). ➟തലയായവനിൽ നിന്നാണ് സഭയ്ക്ക് ചൈതന്യം ലഭിച്ച് ദൈവികമായ വളർച്ചപ്രാപിക്കുന്നത്: (കൊലൊ, 2:19). ➟ആദിമസൃഷ്ടിക്ക് ക്രിസ്തുവിൻ്റെ ഒരു സംഭാവനയും (Contribution) ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്, ➟അത് ആദാം മൂഖാന്തരം നശ്വരമായിത്തീർന്നത്.
❾ സകലത്തിലും താൻ മുമ്പനാകേണ്ടതിന്:
☛ 18-ൻ്റെ അടുത്തഭാഗം: “സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു.” ➟ഈ പ്രയോഗം ശ്രദ്ധിക്കുക: ക്രിസ്തു സകലത്തിന്നും മുമ്പനാണെന്നോ, മുമ്പേ ഉണ്ടായിരുന്നെന്നോ അല്ല പറയുന്നത്; ➟“സകലത്തിലും താൻ മുമ്പൻ ആകേണ്ടതിന്നു” (That in all things he may have th preeminence) എന്നാണ് പറയുന്നത്: (NKJV). ➟“സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു” എന്ന പ്രയോഗം, അവൻ യഥാർത്ഥത്തിൽ മുമ്പേ ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്. ➟അതായത്, സകലത്തിലും ക്രിസ്തു മുമ്പനാകേണ്ടതിനാണ് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യജാതനായി എഴുന്നേറ്റതും. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് അവൻ സകലത്തിനും മുമ്പനായത്. ➟ഈ വേദഭാഗത്ത്, ആദ്യനായി എഴുന്നേറ്റു എന്നല്ല; ആദ്യജാതനായി (prōtotokos) എഴുന്നേറ്റു എന്നാണ്. ➟“ആദ്യജാതൻ” എന്നത് ക്രിസ്തുവിൻ്റെ പദവിയാണ് എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്ന വേദഭാഗമാണിത്.
❿ അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാൻ:
☛ 19-ാം വാക്യം: “അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും.” ➟ഈ വാക്യം സത്യവേദപുസ്തകത്തിൽ ഒരു ഭാവികാല രൂപമായിട്ടാണ് തോന്നുന്നത്. ➟അതിൻ്റെ കാരണം: ഈ വാക്യത്തിലുള്ള ഭൂതകാലക്രിയ അടുത്തവാക്യത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്കിൻ്റെ അർത്ഥം: “അവനിൽ സർവ്വ സമ്പൂർണ്ണതയും വസിപ്പാൻ പ്രസാദിച്ചു“ എന്നാണ്. ➟യോർദ്ദാനിലെ അഭിഷേക സമയത്താണ് യേശു എന്ന് പേരുള്ള മനുഷ്യൻ്റെ മേൽ (യോഹ, 9:11) ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി ആവസിച്ചത്: (യെശ, 61:1; മത്താ, 3:16; ലൂക്കൊ, 4:1; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ➟“പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➟അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (ലൂക്കോ, 3:22 ⁃⁃ കൊലൊ, 2:9). ➟[കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]
⓫ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം:
☛ 20-ാം വാക്യം: “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” ➟“അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി.” ➟കൊലൊസ്സ്യർ 1:15-20 ആദിമസൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ പുതുസൃഷ്ടിയെക്കുറിച്ചാണ് (New creation) എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ➟ആദാം മുഖാന്തരം നശ്വരമായിത്തീർന്ന സൃഷ്ടിയെ ക്രിസ്തുവിലൂടെയാണ് നിരപ്പിക്കുന്നത്. ➟“ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.“ ➟നിരപ്പ് വരുത്തണമെങ്കിൽ അത് മുമ്പെ കുഴപ്പമുള്ളത് ആയിരിക്കണമല്ലോ. ➟കാലസമ്പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവൻ്റെ പാപപരിഹാരബലിയിലൂടെ ഒന്നാക്കുന്നതാണ് ദൈവികവ്യവസ്ഥ: ➟“അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.” (എഫെ, 1:10). ➟ഇത് ക്രിസ്തുവിൻ്റെ ക്രൂശുമരണത്താൽ സംഭവിച്ചതാണ്. ➟അവൻ്റെ ആറാമത്തെ മൊഴി “ടെറ്റെലെസ്റ്റായി” (Tetelestai) അഥവാ, “നിവൃത്തിയായി” എന്നാണ്: (യോഹ, 19:30 ⁃⁃ സങ്കീ, 22:31). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ഉളവായ ആകാശഭൂമികൾ (യെശ, 55:11 ⁃⁃ സങ്കീ, 33:6) ➟ആദ്യത്തെ ആദാം മൂഖാന്തരം ശാപഗ്രസ്ഥമായതിനാൽ അത് തീക്കായി സൂക്ഷിച്ചിരിക്കയാണ്: ➟“ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.” (2പത്രൊ, 3:5-7). ➟നീതിവസിക്കുന്നതും ശാശ്വതവുമായ പുതിയ ആകാശഭൂമികളാണ് ദൈവം ക്രിസ്തുവിലൂടെ സൃഷ്ടിച്ചത്: ➟“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ➟ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” (വെളി, 21:1). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ സാദ്ധ്യമായത്: (യെശ, 65:17; യെശ, 66:22). ➟“നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2പത്രൊ, 3:13).
☛ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ:
➦ ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അല്ലാതെ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ അവൻ സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ സൃഷ്ടിക്കപ്പെട്ടവനോ അല്ല. ➟“സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമ, 8:19-22). ➟“സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു” എന്നാണ് പൗലോസ് പറയുന്നത്. ➟ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19; റോമ, 5:12-19). ➟“നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു” എന്നാണ് ദൈവം ആദാമിനോട് പറഞ്ഞത്. ➟എന്നാൽ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. ➟“എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 – 5:17). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. ➟മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനും ഉദ്ധാരണത്തിനും കാരണമാകും. ➟മനുഷ്യരുടെ പുതുസൃഷ്ടിക്കും ((2കൊരി, 5:17- 18 ⁃⁃ ഗലാ, 6:14-15), ➟സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. ➟അതിനാലാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിക്കുന്നത്. (എബ്രാ, 2:14-15). ➟അല്ലാതെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി 𝗔𝗠 3755-ൽ (BC 6) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായ യേശുവന്ന മനുഷ്യൻ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ചരിത്രപരമായി 𝗔𝗗 29-ൽ യോർദ്ദാനിൽവെച്ചാണ് ദൈവപുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). ➟തന്മൂലം, ദൈവം ക്രിസ്തുവിലൂടെ മനുഷ്യരെയും (2കൊരി, 5:17- 18) വാനഭൂമികളെയും (വെളി, 21:1) പുനഃസൃഷ്ടിക്കുന്നതാണ് പ്രസ്തുത വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ദൈവം ആദിമ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമിനെയാണ് സൃഷ്ടികളിൽ മകുടമായി കണ്ടത്. ➟ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുള്ള ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➟“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:26-28). ➟പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും അധികാരമുള്ളവനായി ആദാമിനെ സൃഷ്ടിച്ചതുകൊണ്ടാണ്, അവൻ്റെ പാപം സർവ്വസൃഷ്ടിയുടെയും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും കാരണമായത്. ➟ആദിമസൃഷ്ടി ക്രിസ്തു മുഖാന്തരം ആയിരുന്നെങ്കിൽ, ആദാം പാപംചെയ്ത് അതിനെ പാപപങ്കിലം ആക്കുവാൻ ക്രിസ്തു അനുവദിക്കില്ലായിരുന്നു.
☛ അതിൻ്റെ വ്യക്തമായ തെളിവ് എബ്രായ ലേഖനത്തിലുണ്ട്: ➟“ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:2-4). ➟ഇവിടെയും, “അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി” എന്ന് പറയുന്നുണ്ട്. ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ആദിയിലെ കാര്യങ്ങളല്ല എബ്രായലേഖകൻ പറയുന്നത്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് മനസ്സിലാക്കാം:
❶ “ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.” ⁃⁃ ഇത് ആദിയിൽ അരുളിച്ചെയ്തതല്ല; അന്ത്യകാലത്ത് അരുളിച്ചെയ്തതാണ്.
❷ “അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു;” ⁃⁃ ഇതും ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്.
❸“അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” ⁃⁃ അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22). ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ട പുതിയ ആകാശവും പുതിയ ഭൂമിയും യോഹന്നാൻ കണ്ടതുമാണ്: (വെളി, 21:1).
❹ “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.
❺ “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” ⁃⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.
☛ എബ്രായർ 𝟮-𝟰 വാക്യങ്ങളിൽ പറയുന്ന അഞ്ചുകാര്യങ്ങളും ആദിയിൽ സംഭവിച്ചതല്ല; അന്ത്യകാലത്ത് സംഭവിച്ചതാണ്. ➟ഇവിടെപ്പറയുന്ന അഞ്ച് കാര്യങ്ങളും ഒരുപോലെ ഭൂതകാലത്തിലാണ് പറയുന്നത്. ➟അതിൽ നാല് കാര്യങ്ങളും അന്ത്യകാലത്ത് സംഭവിച്ചതാണെന്ന് അക്ഷരമറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകും. ➟അപ്പോൾ, അതിൻ്റെ മധ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരുകാര്യം മാത്രം ആദിയിലേക്ക് ചാടിപ്പോകുന്നത് എങ്ങനെയാണ്? ➟അതിനാൽ, എബ്രായലേഖകൻ പറയുന്നത് ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: നാം]
☛ ഇനിയും മനസ്സിലാകാത്തവർക്ക് ഒരു തെളിവുകൂടി തരാം: “ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്രാ, 1:2-3). ➟രണ്ടാം വാക്യത്തിൽ “പുത്രൻ മുഖാന്തരം ലോകങ്ങളെയും (Worlds) ഉണ്ടാക്കി” എന്ന് പറഞ്ഞശേഷം, അടുത്തവാക്യത്തിൽ “സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകന്നു” എന്നാണ് പറയുന്നത്. ➟ഗ്രീക്കിൽ 𝗣𝗵𝗲𝗿𝗼𝗻 എന്ന പദത്തിന് മലയാളത്തിൽ “വഹിക്കുന്നവൻ” (upholding) എനാണ്. ➟ദൈവം ക്രിസ്തു മുഖാന്തരം പുതുവാനഭൂമിയ സൃഷ്ടിക്കുക മാത്രമല്ല, സകലത്തെയും താങ്ങിനിർത്തുകയും (Sustains), സംരക്ഷിക്കുകയും (Preserves), നിയന്ത്രിക്കുകയും (Governs) ചെയ്യുന്നു എന്ന വലിയ സത്യമാണ് 𝗣𝗵𝗲𝗿𝗼𝗻 ⁃ 𝗨𝗽𝗵𝗼𝗹𝗱𝗶𝗻𝗴 എന്ന ഒരൊറ്റ വാക്കിലൂടെ വ്യക്തമാകുന്നത്.
☛ ഇവിടെയൊരു ചോദ്യമുണ്ട്: ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി? ➟പുത്രൻ വഹിച്ചിരുന്നത് (സംരക്ഷിച്ചിരുന്നത്) ആദിമസൃഷ്ടി ആയിരുന്നെങ്കിൽ, പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമായിരുന്നോ? (2കൊരി, 11:3; വെളി, 12:9). ➟ഒരിക്കലുമില്ല. ➟ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചിരുന്നത്: (ഉല്പ, 1:26-28). ➟അവൻ അതിനെ പാപപങ്കിലമാക്കി. ➟ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായ ആകാശഭൂമികളെ ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് വിഷയം. ➟അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതായി എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. ➟തന്മൂലം, കൊലൊസ്സ്യരിലും എബ്രായരിലും പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22)
കാണുക:
3 thoughts on “സർവ്വസൃഷ്ടിക്കും ആദ്യജാതൻ”