അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?

“അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പത്തി 18:1,2).

അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവനവരെ ആരാധിച്ചു എന്നുമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. അത് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെയുള്ള ട്രിനിറ്റിയുടെ ദൂഷണമാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇല്ലാത്ത ട്രിനിറ്റിയെ അബ്രാഹാം എങ്ങനെ ആരാധിക്കും? അതിനോടുള്ള ബന്ധത്തിൽ ചിലകാര്യങ്ങൾ പറയാം:

1. അബ്രാഹാമിനു പ്രത്യക്ഷനായത് ട്രിനിറ്റി അഥവാ ദൈവത്തിലില്ലാത്ത മൂന്നാളുകൾ ആയിരുന്നില്ല; യഹോവയായ ഏദൈവവും രണ്ടു ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നു പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷനായെന്നോ, യഹോവയും യേശുവും ആത്മാവും പ്രത്യക്ഷനായെന്നോ, അല്ലെങ്കിൽ മൂന്നുപേർ പ്രത്യക്ഷനായി എന്നോ പറയുമായിരുന്നു. എന്തെന്നാൽ, ട്രിനിറ്റിയുടെ വ്യാജവാദമനുസരിച്ച് ദൈവം തുല്യരായ മൂന്നുപേരാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനാകുമ്പോൾ, അതിൽ ഒരാളുടെ പേർമാത്രം എടുത്തുപറയില്ലല്ലോ? എന്നാൽ വസ്തുതയെന്താണ്; യഹോവയും രണ്ടു ദൂതന്മാരുമാണ് അവിടെ പ്രത്യക്ഷനായത്. സ്രഷ്ടാവായ ദൈവവും തൻ്റെ സൃഷ്ടികളായ രണ്ടു ദൂതന്മാരും ആയതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്.

2. അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (men) അഥവാ മനുഷ്യരെയാണ്. അതായത്, യഹോവയും രണ്ടു ദൂതന്മാരും മൂന്നു മനുഷ്യരായിട്ടാണ് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:2). ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ, അവനവരെ ആരാധിക്കുകയല്ല ചെയ്തത്, “നിലംവരെ കുനിഞ്ഞു” (bowed himself toward the ground). ഇതിലെവിടെയാണ് ആരാധനയുള്ളത്? ആചാരപമായി അവരെ സ്വികരിക്കുകയായിരുന്നു. അതിന് ട്രിനിറ്റി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്, “Abraham bowed down wordhiped the Trinity” എന്നാണ്.

എന്താണ് അവിടെ സംഭവിച്ചതെന്നു ചോദിച്ചാൽ: പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1) അബ്രാഹാം ഹിത്യരെയും (ഉല്പ,23:7) ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7) സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) നമസ്കരിച്ചതിനും; എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും ഷാഖാഹ് (shachah) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ പദംതന്നെയാണ് അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഉപയോഗിക്കുന്നത്. ഇവിടെ അബ്രാഹാം നിലംവരെ കുനിഞ്ഞതിനും, അടുത്ത അദ്ധ്യായതിൽ ലോത്ത് രണ്ടു ദൂതന്മാരെ കുനിഞ്ഞു നമസ്കരിച്ചതിനും അതേ പദമായ shachah ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെയാണ്: (18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). മറ്റുരണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായം ആരംഭം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെ അഥവാ മലക്കുകളെയാണോ ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? എന്തൊരു പൈശാചിക ഉപദേശമാണെന്ന് നോക്കണേ?

4. അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു പുരുഷന്മാരെ അവൻ ആരാധിക്കുകയായിരുന്നില്ല; ഉപചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു (greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:1). ഇതാരാധന ആണെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറഞ്ഞാൽ എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് സാത്താന്യവഞ്ചനയാണെന്ന് മനസ്സിലാക്കാമല്ലോ?

ഇനിയൊരു പ്രത്യേകകാര്യം: അബ്രാഹാമിൻ്റെ മുമ്പിൽ ദൈവം ജഡത്തിൽ അഥവാ മനുഷ്യനായിട്ടാണ് വെളിപ്പെട്ടത്. ദൈവം ജഡത്തിൽ വെളിപ്പെട്ടത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലെ കൃത്യമായ തെളിവാണ് ഈ സംഭവം:

1. യഹോവയും രണ്ടു ദൂതന്മാരുമാണല്ലോ അവിടെ പ്രത്യക്ഷനായത്. യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ ദൈവമായിട്ടാണ് അവിടെ പ്രത്യക്ഷമായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” എന്നു പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്.  അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്.

2. അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പ, 18:3). യജമാനനെ കുറിച്ചിരിക്കുന്ന “അഡോണായി” (Adonay) എന്ന പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും അപൂർവ്വമായി മനുഷ്യരെയും സൂചിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ യജമാനൻ അഥവാ lord എന്നത് “l” ചെറിയക്ഷരം (small letter) ആണ്. അത് മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ഉദാ: (AB, ACV, ASV, BSB, CGV, CHB, CPDV, CSB, ERV, HCSB, ISV, JPIT, JPS, LEB, MSB, NASB 1977, NET, NHEB, NHEB-JM, NHEB-ME, NHEB-Y NIV,, NLT’15, NLV, NRSV-CI, Noibe, RSV, RSV-CE, RSV-CI, RV, WEB). ചില പരിഭാഷകളിൽ Sir ആണ്: (FBV, GW20, GWN, NAB, NCV, GNT, NHB’70, NOG, Rem, TLB, t4t).

സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ “യജമാനന്മാരേ” എന്ന ബഹുവചനമാണ്: “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.” International Standard Version-ലും ബഹുവചനമാണ്: “My lords,” he told them, “if I have found favor with you, please don’t leave your servant.” ഇതൊക്കെ, പൂർണ്ണമനുഷ്യനായിട്ടാണ് യഹോവ അബ്രാഹാമിനു പ്രത്യക്ഷനായതെന്നതിനു തെളിവാണ്.

3. അബ്രാഹാം അവരോടു പറയുന്നത്: “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു”

അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് അവൻ അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് നോക്കണം: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്.

4. “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. ശേഷം, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9,10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ പൂർണ്ണമനുഷ്യനായി അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.

യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). അതായത്, അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്നവൻ ആരായിരുന്നോ, അവൻ തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടത്: (1തിമൊ, 3:14-16. ഒ.നോ: 1പത്രൊ, 1:20). ഇതൊക്കെയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുതകൾ.

ട്രിനിറ്റിക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചോ, പ്രത്യക്ഷതകളെക്കുറിച്ചോ യാതൊരു ധാരണയും ഉള്ളവരല്ല. ബൈബിൾ വിരുദ്ധമായി ദൈവം മൂന്നുപേരാണെന്ന് വിശ്വസിക്കുകയും അതിലൊരാൾ അവതരിച്ചുവെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് ത്രിത്വക്കാർ. ദൈവം ഒരുത്തൻ മാത്രമാണ്. ദൈവത്തിൽ വ്യക്തികളില്ല, അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അവതാരം (incarnation) ബൈബിളിൻ്റെ വിഷയമേയല്ല. അത് ജാതീയസങ്കല്പമാണ്; അവർപോലും അതൊരു സങ്കല്പമായല്ലാതെ, വസ്തുതയായി കണക്കാക്കുന്നില്ല. അതിനെയാണ് ട്രിനിറ്റി സത്യദൈവത്തോട് ഏച്ചുകെട്ടാൻ നോക്കുന്നത്. ഒന്നാംകല്പനയ്ക്കുതന്നെ പണികൊടുത്ത ത്രിത്വവിശ്വാസം നരകത്തിലേക്കുള്ള എളുപ്പവഴിയാണ്. ത്രിത്വമെന്ന പാഗൻ സങ്കല്പം ത്യജിച്ചിട്ട് ഇപ്പോഴും മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാൻ ട്രിനിറ്റിക്ക് ഇട ശേഷിച്ചിട്ടുണ്ട്. ആരും നശിച്ചുപോകാതെ എല്ലാവരും നിത്യജീവൻ പ്രാപിക്കണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

One thought on “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?”

Leave a Reply

Your email address will not be published. Required fields are marked *