ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ

ദാനീയേൽ പ്രവചനം ഏഴാമദ്ധ്യായത്തിലെ മനുഷ്യപുത്രൻ സദൃശനായവൻ യേശുക്രിസ്തുവാണെന്ന് പഠിപ്പിക്കുന്നവരുണ്ട്. എന്നാൽ നിഷ്പക്ഷരായ വിശ്വാസികൾ അങ്ങനെ വിശ്വസിക്കാൻ കാരണം; പുതിയനിയമത്തിൽ യേശുക്രിസ്തുവെന്ന മനഷ്യപുത്രൻ ദാനീയേലിലെ മനുഷ്യപുത്രനോട് സദൃശനെപ്പോലെ ആകാശമേഘങ്ങളിൽ വരുന്നതായി പറഞ്ഞിട്ടുള്ളതിനാലാണ്. എന്നാൽ, ദാനീയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. അതാരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:

പ്രസക്തഭാഗങ്ങൾ

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.

¹⁰ ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

¹³ രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി.

¹⁴ സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

¹⁸ എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

²¹ വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം

²² ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

²⁵ അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.

²⁷ പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

ദൈവം ദാനീയേലിനു നല്കുന്ന ദർശനത്തിലൂടെ ഭാവികാര്യങ്ങളെ അനാവരണം ചെയ്യുകയാണ്. ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1-8 വാക്യങ്ങൾ: നാലു ലോകസാമ്രാജ്യങ്ങളെ കുറിച്ചും, അനന്തരം നാലാമത്തെ രാജ്യത്തിൽനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരും അവരിൽനിന്ന് എഴുന്നേല്ക്കുവാനുള്ള അന്തിക്രിസ്തുവിനെ കുറിച്ചുമാണ്. 9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. 11-12 വാക്യങ്ങൾ: വമ്പുപറയുന്ന അന്തിക്രിസ്തുവും അവൻ്റെ ദുഷ്ടതയുമാണ്. 13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, സിംഹാസനത്തിൽ ഇരിക്കുന്നവൻ അവനു നീങ്ങിപ്പോകാത്ത നിത്യാധിപത്യം നല്കുന്നതുമാണ്. 15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്, 17-28 വാക്യങ്ങൾ: ദൂതൻ ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതുമാണ്. 

ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21). മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).

ദാനീയേൽ 7:9,10 വാക്യങ്ങൾ:

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ¹⁰ ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. (ഈ വേദഭാഗത്തിന് സമാന്തരമാണ് വെളിപ്പാട് 20:11,12 വാക്യങ്ങൾ)

ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലിപ്പോസ്, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:

ദാനീയേൽ 7:13,14 വാക്യങ്ങൾ:

¹³ രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. ¹⁴ സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

മേല്പറഞ്ഞ വാക്യത്തിലുള്ള മനുഷ്യപുത്രനോടു സദൃശൻ ആരാണ്? മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കിയാണ് വരുന്നത്. അവന്നു നിത്യാധിപത്യവും മഹത്വവും നിത്യരാജത്വവും ലഭിച്ചതായും പറഞ്ഞിട്ടുണ്ട്. അതിനാൽ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). കൂടാതെ, യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാം: (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). അതിനാലാണ് യേശുക്രിസ്തു ഭൂമിയിൽ രാജാവാകുമെന്ന് അനേകരും വിചാരിക്കുന്നത്. എന്നാൽ, ദർശനം കണ്ടിട്ട് ദാനീയേലിന് ഒന്നും പിടികിട്ടാതെ മനസ്സ് വിഷമിച്ചു. ദാനീയേൽ ഉടനെ അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരം എന്താണെന്ന് ചോദിച്ചു. പിന്നെ, ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നത് ദൂതനാണ്. (7:15,16). ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:

18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശന് രാജത്വം ലഭിച്ചതായി പറയുന്നു; പതിനെട്ടാം വാക്യത്തിൽ അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച്, സദാകാലത്തേക്കും രാജത്വം അനുഭവിക്കും എന്നു പറയുന്നു. അത്യുന്നതൻ അഥവാ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു. അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.” (ആവ, 33:2. ഒ.നോ: (ലേവ്യ, 20:26; 21:6; 1ശമൂ, 2:9; സങ്കീ, 30:4; 31:23; 34:9; 37:28; 50:5).

21-ാം വാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം” 

ഈ വാക്യത്തിൽ വയോധികനും അത്യുന്നതിനും രണ്ടുപേരാണെന്ന് തോന്നാം. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷയിൽനിന്ന് വാക്യം ചേർക്കുന്നു: “പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ” (ഇ.ആർ.വി. മലയാളവും കാണുക). ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിച്ചതെന്ന് കാണാൻ കഴിയും.

25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” 

മഹോപദ്രവകാലത്തെ സംഭവമാണിത്; അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ അന്തിക്രിസ്തു ശ്രമിക്കുന്നത്. 

26-ാം വാക്യം: “എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.” 

ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, അന്തിക്രിസ്തുവിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും.

27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.”

പിന്നെ, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.” ആരാണീ അത്യുന്നതൻ്റെ വിശുദ്ധന്മാർ? യിസ്രായേൽ ജനം. അടുത്തഭാഗം: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം ‘അവൻ്റെ’ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. മൂന്നാം ഭാഗം: സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. 

പതിനാലാം വാക്യത്തിൽ: മനുഷ്യപുത്രനു കൊടുക്കുന്ന അധികാരം ഇതാണ്: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” ഈ മനുഷ്യപുത്രൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. രണ്ട് വാക്യങ്ങൾ ചേർക്കുന്നു; 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” 27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” ഇവിടെ വ്യക്തമല്ലേ: സകല ആധിപത്യങ്ങളും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്. പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. അല്ലാതെ യേയുക്രിസ്തുവല്ല. “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). 

ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ യിസ്രായേൽ ജനമാണ്. പണ്ഡിതന്മാരുടെ ത്രിത്വതന്ത്രം മനസ്സിലാക്കാൻ 7:13,14-നെ 7:18, 21, 27-മായി ഒത്തുനോക്കിയാൽ മതി. ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്കും മേശക്കും അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവനും (3:25) ക്രിസ്തുവാണെന്ന് ഇക്കൂട്ടർ പഠിപ്പിക്കുന്നു. എന്നാൽ 3:28-ൽ ദൈവം തൻ്റെ ദൂതനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നു. ആറാമദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചതും ദൂതനാണ്. (6:25). എന്നാൽ അതും യേശുക്രിസ്തു ആണെന്നാണ് ത്രിത്വപണ്ഡിതന്മാർ പഠിപ്പിക്കുന്നത്. ത്രിത്വം സ്ഥാപിക്കാൻ ദാനീയേലിൻ്റെ പുസ്തകത്തിലെ മനുഷ്യപുത്രൻ യേശുക്രിസ്തു ആണെന്നു സ്ഥാപിക്കാൻ ഇനിയൊരും മഞ്ഞുകൊള്ളണ്ട. 

എന്നാൽ ആത്മീയമായി ദാനീയേലിലെ മനുഷ്യപുത്രനും യേശുക്രിസ്തുവെന്ന മനുഷ്യപുത്രനും തമ്മിൽ ബന്ധമുണ്ട്. പുതിയനിയമത്തിൽ ക്രിസ്തുയേശു എന്ന പരിശുദ്ധമനുഷ്യനിലൂടെ പൂർത്തിയായ പദവികളെല്ലാം ദൈവം സ്വന്തജനമായ യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് മനുഷ്യപുത്രൻ. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം അവർക്കത് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. ന്യായപ്രമാണത്തിന് അഥവാ യിസ്രായേലിന് കഴിയാഞ്ഞതിനെ സാധിക്കാനാണ് ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (റോമ, 8:3). ‘ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്നതും യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). അതിനാലാണ് പുതിയനിയമത്തിൽ യേശുക്രിസ്തു അത് പറയുന്നത്: യേശു മഹാപുരോഹിതനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു.” (മത്താ, 26:64; മർക്കൊ, 14:62). 

യിസ്രായേലിന്റെ പദവികൾ

അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (1ശമൂ, 2:10; 2:35; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27), ആദ്യജാതൻ (പുറ, 4:22), കർത്താവ്/യജമാനൻ (110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 49:6), ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2), പുരുഷൻ/മനുഷ്യൻ (സങ്കീ, 8:4; 80:17; 144:3), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15) മനുഷ്യപുത്രൻ (സങ്കീ, 8:4; 45:2; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 110:2; ദാനീ, 7:18, 21, 27). 

ക്രിസ്തുവിൽ നിറവേറൽ

അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16), അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38), ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15), കർത്താവ് (മത്താ, 22:43,44), ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5), ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22), ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26), പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35), പുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33), പുരുഷൻ/മനുഷ്യൻ (മത്താ, 26:72,74; യോഹ, 8:40), പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3), പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22), മനുഷ്യപുത്രൻ (മത്താ, 8:20; 9:6), മുന്തിരിവള്ളി (യോഹ, 15:1, 15:5), യാക്കോബിൻ്റെ സന്തതി, യിസ്ഹാക്കിൻ്റെ സന്തതി, രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49).