പൗലൊസും ഗ്രാൻവില്ലെ ഷാർപ്പും

☛ ഷാർപ്പ് റൂളിനെ അനുകൂലിക്കുന്നവർ, ബോധപൂർവ്വം വസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. പൗലൊസ് ഗ്രീസിലെ “ക്രേത്ത” (Crete) എന്ന ദീപിലെ പ്രാദേശിക സഭയുടെ ശുശ്രൂഷകനും വിശേഷാൽ, തൻ്റെ സഹയാത്രികനും കൂട്ടുവേലക്കാരനും ആയിരുന്ന തീത്തൊസിന് എഴുതിയ കത്താണ് തീത്തൊസിൻ്റെ ലേഖനം എന്ന് അറിയപ്പെടുന്നത്. ആ എഴുത്ത് തീത്തൊസ് വായിച്ച് മനസ്സിലാക്കാനും തൻ്റെ സഭയിലുള്ളവരെയും ആ ദീപിലുള്ള മറ്റ് പ്രാദേശിക സഭകളിലുള്ളവരെയും പഠിപ്പിക്കാൻവേണ്ടി എഴുതിയതാണ്. അല്ലാതെ, പതിനെട്ട് നൂറ്റാണ്ടുകഴിഞ്ഞ് ഗ്രാൻവില്ലെ ഷാർപ്പിന് നിയമം ഉണ്ടാക്കാൻവേണ്ടി എഴുതിയതല്ല. അതിനാൽ തീത്തൊസിലെ മഹാദൈവം പിതാവാണോ, പുത്രനാണോ എന്ന് ഉറപ്പിക്കണമെങ്കിൽ പൗലൊസിൻ്റെ ദൈവവീക്ഷണം എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാതെ നൂറ്റാണ്ടുകൾക്കുശേഷം ആരെങ്കിലും ഉണ്ടാക്കിയ നിയമങ്ങളോ, വ്യാഖ്യാനങ്ങളോ വെച്ചുകൊണ്ടല്ല പൗലൊസ് പഠിപ്പിച്ച മഹാദൈവം (The great God) ആരാണെന്ന് മനസ്സിലാക്കേണ്ടത്.

☛ എന്തുകൊണ്ട് ഇങ്ങനെയൊരു നിയമം?
➟ “τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ.” ഇതാണ് നൂറ്റാണ്ടുകളായി തർക്കം നിലനില്ക്കുന്ന പ്രയോഗം. ഇവിടെപ്പറയുന്ന “ദൈവം” (God) പിതാവായാലും പുത്രനായാലും അവൻ സത്യദൈവമാണ്. ഇക്കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും (1കൊരി, 8:5), സത്യദൈവം ഒന്നേയുള്ളൂ. ഇക്കാര്യത്തിലും 99% ക്രിസ്ത്യാനികൾക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ ത്രിത്വവിശ്വാസികൾ നഖശിഖാന്തം എതിർക്കുന്ന ഒരുകാര്യം പറയാം: “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only true God) പിതാവാണെന്നും, ഞാൻ “മനുഷ്യൻ” (Anthropos – Man) ആണെന്നുമാണ് കർത്താവായ യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കുന്നത്: (Joh, 17:3; Joh, 8:40). പിതാവ് മാത്രമാണ് സത്യദൈവം, താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന് സ്ഥാനക്കയറ്റം നൽകി (Promotion) അവനെ ദൈവമാക്കാനാണ് നൂറ്റാണ്ടുകളായി ത്രിത്വവിശ്വാസികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാണ് ഗ്രാൻവില്ലെ ഷാർപ്പും നിയമം ഉണ്ടാക്കിയത്. അല്ലാതെ, ഗ്രീക്ക് വ്യാകരണത്തിൻ്റെ പരിമിതിമൂലം ഉണ്ടാക്കാൻ നിർബന്ധിതമായ ഒരു നിയമല്ല ഷാർപ്പ് റൂൾ.

☛ Granville Sharp’s Rule:
➟ 18–19 നൂറ്റാണ്ടുകളുടെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന “ഗ്രാൻവില്ലെ ഷാർപ്പ്” (Granville Sharp, 1735–1813) എന്ന ഇംഗ്ലണ്ടുകാരനായ ത്രിത്വപണ്ഡിതൻ ഉണ്ടാക്കിയ നിയമമാണ് “Granville Sharp’s Rule” എന്നറിയപ്പെടുന്നത്. അതിൻ്റെ ഫോർമുല ഇതാണ്: Article + Noun 1 + Kai + Noun 2. അതായത്, ഒരു നിശ്ചയോപപദത്തിന് (Definite article) കീഴിൽ രണ്ട് നാമങ്ങൾ വരുമ്പോൾ അവ ഒരുത്തനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഈ നിയമം പറയുന്നത്.

☛ എന്നാൽ ആദ്യം മനസ്സിലാക്കേണ്ടത്, ഇതിന് ഗ്രീക്ക് വ്യാകരണത്തിന്റെ തനതായ നിയമവുമായി പ്രത്യേകിച്ഛ് ബന്ധമൊന്നുമില്ല. എണ്ണിപ്പറഞ്ഞാൽ:      
❶ ഇത് ഗ്രീക്കുകാർ പണ്ടുമുതലേ ഉപയോഗിച്ചുപോന്ന ഒരു വ്യാകരണ നിയമമല്ല. 
❷ 18/19 നൂറ്റാണ്ടിൽ ഗ്രാൻവിൽ ഷാർപ്പ് എന്ന ഇംഗ്ലീഷ് പണ്ഡിതൻ രൂപപ്പെടുത്തിയ ഒരു നിയമമാണ്.
❸ പരമ്പരാഗതമായ ക്ലാസിക്കൽ ഗ്രീക്ക് (Classical Greek) പഠനങ്ങളിൽ ഈ നിയമം പഠിപ്പിക്കാറില്ല. 
❹ പുരാതന ഗ്രീക്ക് സാഹിത്യങ്ങളിൽ ഇതിന് ധാരാളം അപവാദങ്ങൾ കാണാൻ സാധിക്കും.
❺ പുതിയ നിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നേ ഗ്രീക്കിലെ (Koine Greek) ചില പ്രത്യേക വാക്യങ്ങളുടെ ഘടന വിശദീകരിക്കാൻ വേണ്ടിയാണ് ഈ നിയമം പ്രധാനമായും ഉപയോഗിക്കുന്നത്. 
❻ പല ആധുനിക ഭാഷാശാസ്ത്രജ്ഞർ ഇതിനെ ഒരു “വ്യാകരണ നിയമം” എന്നതിനേക്കാൾ, ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനിക്കാൻ നിർമ്മിച്ച ഒരു തത്വം (Interpretative principle) മാത്രമായിട്ടാണ് കാണുന്നത്.
❼ തിത്തൊസ് 2:13-പോലെയുള്ള ചില പ്രത്യേക വാക്കങ്ങളെ അദ്ദേഹത്തിൻ്റെ വിശ്വാസപ്രകാരം കൊണ്ടുവരാൻ വളരെ സുക്ഷ്മമായി കണ്ടുപിടിച്ച ഒരു നിയമമാണിത്. ഈ നിയമത്തിന് വെച്ചിരിക്കുന്ന നിബന്ധനകൾ അതാണ് സൂചിപ്പിക്കുന്നത്: 
𝟭. രണ്ട് നാമങ്ങൾ (Nouns) “καί – and” എന്ന പദം കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.
𝟮. ആദ്യത്തെ നാമത്തിന് തൊട്ടുമുമ്പ് നിശ്ചയോപപദം (Definite Article – The) ഉണ്ടായിരിക്കണം.
𝟯. രണ്ടാമത്തെ നാമത്തിന് മുമ്പ് നിശ്ചയോപപദം (Definite Article) ഉണ്ടാകാൻ പാടില്ല.
𝟰. രണ്ട് നാമങ്ങളും അബോധവസ്തുക്കൾ (Impersonal Things) ആകാതെ, സചേതനരെ (Personal Beings) കുറിക്കുന്നവയും (ദൈവം, ദൂതന്മർ, മനുഷ്യർ) ഏകവചനവും ആയിരിക്കണം. 
𝟱. “പൊതുനാമം” (Common Noun) ആയിരിക്കണം; സംജ്ഞാനാമം (Proper Noun/Name) ആയിരിക്കരുത്. 
𝟲. “ഉടമസ്ഥത കാണിക്കുന്ന സർവ്വനാമങ്ങൾ” (Possessive Pronouns) പ്രയോഗത്തിനിടയിൽ വന്നാലും ഇല്ലെങ്കിലും പ്രശ്നമില്ല. ആറാമത്തേത് ഒരു നിബന്ധനയല്ല; ഗ്രാൻവില്ലെ ഷാർപ്പ് തന്റെ നിബന്ധനകൾ (Rules) നിർവ്വചിച്ചപ്പോൾ, ആദ്യത്തെ നിബന്ധനയ്ക്ക് (Rule 1) നൽകിയ വിശദീകരണത്തിലാണ് (Explication) പോസസീവ് പ്രൊനൗണുകളെക്കുറിച്ച് പറയുന്നത്. 

☛ ഈ നിബന്ധനകൾ തീത്തൊസ് 2:13-മായി ഒത്തുനോക്കിയാൽ, ഈപ്പറയുന്ന എല്ലാ നിബന്ധനകളും അതിൽക്കാണാം: രണ്ട് നാമങ്ങൾ ഉണ്ട്. ആദ്യത്തെ നാമത്തിന് മുമ്പ് ഒരു ആർട്ടിക്കിൾ ഉണ്ട്. രണ്ടാമത്തെ നാമത്തിന് മുമ്പ് ആർട്ടിക്കിൾ ഇല്ല. രണ്ട് നാമങ്ങളും സചേതനരെ സൂചിപ്പിക്കുന്നതാണ്. “യേശു/യേശുക്രിസ്തു” എന്ന സംജ്ഞാനാമം (Proper Noun) അതിലുണ്ടെങ്കിലും “ദൈവം” എന്ന പൊതുനാമവും, യേശുവിനെ കുറിക്കുന്ന “രക്ഷിതാവു” (Saviour) എന്ന മറ്റൊരു പൊതുനാമവും അതിലുണ്ട്. ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: നിബന്ധനയല്ലെങ്കിലും, ഷാർപ്പ് റൂളിൽ അനുവദനീയമായ ഒരു വ്യാകരണ ഇളവ് എന്ന നിലയിൽ ആറാമതായി പറഞ്ഞിരിക്കുന്ന പോസസീവ് പ്രൊനൗണും അഥവാ, “hēmōn” (നമ്മുടെ – of our) എന്ന പദവും വാക്യത്തിലുണ്ട്. അതിനാൽ, തീത്തൊസ് 2:13 വാക്യത്തെ മുമ്പിൽ വെച്ചുകൊണ്ടാണ് ഗ്രാൻവില്ലെ ഷാർപ്പ് ഈ നിയമം (Rule) ഉണ്ടാക്കിയതെന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. ഒരുത്തൻ്റെ സംജ്ഞാനമത്തിന് (Proper Noun) പകരം വെക്കുന്ന നാമമാണ് പദവിനാമം (Title Name) അഥവാ, പൊതുനാമം (Common Noun). വ്യാകരണത്തിൽ രണ്ടും ഒരേ ധർമ്മമാണ് നിർവ്വഹിക്കുന്നത്. പിന്നെ സംജ്ഞാനാമം പാടില്ല; പൊതുനാമമേ പാടുള്ളൂ എന്ന് ശഠിക്കുന്നത് ശരിയായ രീതിയല്ല. ഒരു ആർട്ടിക്കിളിൻ്റെ കീഴിൽ രണ്ട് നാമപദങ്ങൾ വന്നാൽ, അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിച്ചാൽ: രണ്ട് ആട്ടിക്കിളിന് കീഴിൽ ഒരുത്തൻ്റെ രണ്ട് നാമപദങ്ങൾ വരാൻ പാടില്ല. വന്നാൽ ആ വാദത്തിന് പിന്നെ നിലനില്പില്ല. അങ്ങനെയുള്ള പല വാക്യങ്ങൾ ബൈബിളിലുണ്ട്. പിന്നെന്തിനാണ് ഇങ്ങനെയുരു നിയമം എന്ന് ചോദിച്ചാൽ: ഗ്രീക്ക് ഭാഷയുടെ പൊതുവായ വ്യാകരണ നിയമം എന്നതിനേക്കാൾ, ഒരു പ്രത്യേക വീക്ഷണം സ്ഥാപിച്ചെടുക്കാൻ രൂപപ്പെടുത്തിയ തത്വമാണിത്.

☛ ഷാർപ്പ് റൂൾ വാദികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും, LXX-ലും പുതിയനിയമത്തിലും ഗ്രാൻവില്ലെ ഷാർപ്പിൻ്റെ നിയമത്തിന് അപവാദമായ ചില വാക്യങ്ങളുണ്ട്: 
𝟭. “മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.” (സദൃ, 24:21). ഇവിടെ, “യഹോവയെയും രാജാവിനെയും ഭയപ്പെടുക” (Son, fear thou the Lord and the king) എന്ന് പറയാൻ  ഗ്രീക്കിൽ, “φοβοῦ τὸν θεόν υἱέ καὶ βασιλέα” എന്നാണ്: (LXX). ഇത് “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രയോഗമാണ്. Sharp Rule: ton (Article) + theon (God – Noun 1) + kai (and) + basilea (King – Noun 2). ഷാർപ്പിൻ്റെ നിയമപ്രകാരം: ഈ വാക്യത്തിലെ ദൈവവും രാജാവും ഒന്നായിരിക്കണം. അങ്ങനെ ആകാൻ പറ്റുമോ? ഈ വാക്യം ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കുന്നില്ല. കാരണം, എബ്രായ ബൈബിളിൻ്റെ പരിഭാഷയാണത്രേ! എബ്രായ ബൈബിളിൻ്റെ പരിഭാഷയാണെങ്കിലും, കൊയ്നേ ഗ്രീക്കിൻ്റെ വ്യാകരണനിയമ പ്രകാരമേ പരിഭാഷ ചെയ്യാൻ കഴിയുകയുള്ളൂ. ഇത് ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും അംഗീകരിച്ചതും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ ആധികാരിക പരിഭാഷയാണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും അംഗീകരിച്ചു; ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കില്ല എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.

𝟮. “ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.“ (എഫെ, 5:5). ഇവിടെ, “ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യം” (The kingdom of Christ and of God) എന്നുപയാൻ ഗ്രീക്കിൽ, “τῇ βασιλείᾳ τοῦ Χριστοῦ καὶ θεοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Christou (Christ – Noun 1) + kai (and) + Theou (God – Noun 2). ഷാർപ്പിൻ്റെ നിയമപ്രകാരം: ഈ വാക്യത്തിലെ ക്രിസ്തുവും ദൈവവും ഒന്നായിരിക്കണം. അങ്ങനെ ആകാൻ സാധിക്കുമോ? ഇതും അവർ അംഗീകരിക്കുന്നില്ല. ഇവിടുത്തെ ക്രിസ്തു എന്നത് സംജ്ഞാനാമം ആണെന്നാണ് അവരുടെ വാദം. ഗ്രീക്കിലെ “Christos” (ക്രിസ്തു – Christ) എന്നത് പൊതുനാമമാണ്. ക്രിസ്തോസ് എന്നത് യഥാർത്ഥത്തിൽ യേശുവിൻ്റെ പേരല്ല; പദവിയാണ്. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി (യെശ, 61:1 – ലൂക്കൊ, 2:10-11), യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) ദൈവത്തിൻ്റെ ക്രിസ്തു (അഭിഷിക്തൻ) ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38 – ലൂക്കൊ, 9:20). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ നസറെത്തിലെ  പ്രഥമപ്രസംഗത്തിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2 – ലൂക്കൊ, 4:16-21). യേശു മാത്രമല്ല ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), പഴയപുതിയനിയമങ്ങളിൽ അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. അതിനാൽ “ക്രിസ്തു” എന്ന് പറഞ്ഞാൽ അത് യേശുവിൻ്റെ പദവിയും (Title) വ്യാകരണപരമായി ഇതൊരു പൊതുനാമവും (Common Noun) ആണ്. എന്നാൽ “യേശു” (Iesos) എന്ന സംജ്ഞാനാമത്തോടൊപ്പം (Proper Noun) പിൽക്കാലത്ത്, ക്രിസ്തു (Christos) എന്ന പദവിയും (Title) ചേർക്കപ്പെട്ട് “യേശു ക്രിസ്തു” (Iesous Christos) എന്ന പൂർണ്ണ സംജ്ഞാനാമമായി വിളിക്കപ്പെട്ടതായി കാണുന്നുണ്ട്: (യോഹ, 17:3 – പ്രവൃ, 2:38). അതാനാൽ “യേശു ക്രിസ്തു” എന്നത് സംജ്ഞാനാമം ആണെന്ന് വന്നാലും, ആ പേരിനെ തലതിരിച്ചും സംജ്ഞാനാമമായി മനസ്സിലാക്കാൻ കഴിയില്ല. അതായത്, രണ്ട് ഭാഗങ്ങളുള്ള ഒരുത്തൻ്റെ പേര് ഒരിക്കലും തിരിച്ചും മറിച്ചും പേരായി ഉപയോഗിക്കില്ല. “ക്രിസ്തു യേശു” (Christos Iesous) എന്ന് പറഞ്ഞാൽ, “അഭിഷിക്തനായ യേശു” (Jesus the Anointed) എന്ന അർത്ഥമാണ്. അഭിഷിക്തൻ ദൈവമല്ല; മനുഷ്യനാണ്. അഭിഷേക ദാതാവാണ് ദൈം: (പ്രവൃ, 10:38). “മനുഷ്യനായ ക്രിസ്തു യേശു” (The Man Christ Jesus) എന്ന കൃത്യമായ പ്രയോഗവും (Exact phrase) തിരുവെഴുത്തിലുണ്ട്: (1തിമൊ, 2:6). “ക്രിസ്തു” (Christos) എന്നത് യേശുവിൻ്റെ നാമമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുമുണ്ട്: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു” എന്നാണ് പത്രൊസ് അപ്പൊസ്തലൻ യിസ്രായേൽ ജനത്തോട് പറയുന്നത്: (പ്രവൃ, 2:36). അല്ലാതെ, കർത്താവും ക്രിസ്തുവും എന്ന പേർ കൊടുത്തു എന്നല്ല പറയുന്നത്. തന്മൂലം, അവർ അംഗീകരിക്കാത്ത കാരണത്താൽ “ക്രിസ്തു” (Christos) എന്നത് പൊതുനാമം (Common Noun) അല്ലാതാകുന്നില്ല. [കാണുക: Blue letter bible]

𝟯. “നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.” (1തിമൊ, 5:21). ഇവിടെ, “ദൈവത്തെയും ക്രിസ്തു യേശുവിനെയും” (God, and the Christ Jesus) എന്നുപറയാൻ ഗ്രീക്കിൽ, “τοῦ θεοῦ καὶ Χριστοῦ Ἰησοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Theou (God – Noun 1) + kai (and) + Christou (Christ – Noun 2). ഈ വാക്യവും ഷാർപ്പ് റൂൾ വാദികൾ അംഗീകരിക്കുന്നില്ല. കാരണം, ചില ഗ്രീക്ക് പാഠങ്ങളിൽ “ക്രിസ്തുയേശു” എന്നും (SBLGNT, Nestle, WH) മറ്റുചില പഠങ്ങള്ളിൽ “കർത്താവായ യേശുക്രിസ്തു” എന്നും കാണുന്നുണ്ട്: (GOC, RP, Stephanus). അതുകൊണ്ടാണ്, അവർ അംഗീകരിക്കില്ലെന്ന് പറയുന്നത്. എന്നാൽ മനസ്സിലാക്കേണ്ടത്, “Χριστός“ (Christos) എന്നുപറഞ്ഞാലും, “Κύριος” (kyrios) എന്നുപറഞ്ഞാലും സംജ്ഞാനാമമല്ല (Proper Noun) അല്ല; ഷാർപ്പ് റൂൾ അനുശാസിക്കുന്ന പൊതുനാമം (Common Noun) തന്നെയാണ്. തന്നെയുമല്ല, ആധുനിക ഗ്രീക്കുപാഠങ്ങളിലാണ് പാഠഭേദം വന്നത്. ഏറ്റവും പുരാതനവും സമഗ്രവുമായ കോഡെക്സ് സിനായിറ്റിക്കസിലും (Codex Sinaiticus, 330-360), കോഡെക്സ് അലക്സാണ്ട്രിനസ്സിലും (Codex Alexandrinus, 400-440). “ക്രിസ്തു” (Christos) എന്നാണ്. സിനായിറ്റിക്കസും കോഡെക്സ് വത്തിക്കാനസും (Codex Vaticanus, A.D. 300–350) ഒരേ പോലുള്ള കയ്യെഴുത്ത് പ്രതികളാണ്. വത്തിക്കാനസിൽ തിമൊഥെയൊസിൻ്റെ ലേഖനങ്ങൾ നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് കാണാത്തത്. പിന്നെയും അവർ അംഗീകരിക്കാത്തത് അവരുടെ നിയമത്തിന് ഒക്കാത്തതുകൊണ്ടാണ്: [കാണുക: Sinaiticus, Alexandrinus]

𝟰. “ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;“ (2തിമൊ, 4:1). ഇവിടെ, “ദൈവത്തെയും ക്രിസ്തു യേശുവിനെയും” (God, and the Christ Jesus) എന്നുപറയാൻ ഗ്രീക്കിൽ, “τοῦ θεοῦ καὶ Χριστοῦ Ἰησοῦ” എന്നാണ്: (SBLGNT). Sharp Rule: tou (Article) + Theou (God – Noun 1) + kai (and) + Christou (Christ – Noun 2). ചില ആധുനിക ഗ്രീക്ക് പാഠങ്ങളിൽ കർത്താവ് എന്ന് ആർട്ടിക്കിളിനോടൊപ്പം കാണുന്നുണ്ടെങ്കിലും, ഏറ്റവും പുരാതനവും സമഗ്രവുമായ കോഡെക്സ് സിനായിറ്റിക്കസിലും, കോഡെക്സ് അലക്സാണ്ട്രിനസ്സിലും “ക്രിസ്തു” (Christos) എന്നാണ് കാണുന്നത്. എന്നിരുന്നാലും അവർ അംഗീകരിക്കാത്തത് അവരുടെ വിശ്വാസം ത്രിത്വം ആയതുകൊണ്ടാണ്. [കാണുക: Sinaiticus, Alexandrinus]

𝟱. ഷാർപ്പിനുള്ള തിരിച്ചടി:
☛ ഷാർപ്പിൻ്റെ നിയമപ്രകാരം, ഒരു ആർട്ടിക്കിളിന് കീഴിൽ, “kai” ചേർത്ത് രണ്ട് നാമപദങ്ങൾ വന്നാൽ അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾ രണ്ട് ആർട്ടിക്കിൾ വന്നാൽ അത് വ്യത്യസ്തരായ രണ്ടുപേരെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഷാർപ്പ് റൂൾ പറയാതെ പറഞ്ഞിരിക്കുന്നത്. “രണ്ട് ആർട്ടിക്കിളിന് കീഴിൽ ഒരു വ്യക്തിയുടെ രണ്ട് പദവികൾ വരാം” എന്ന് ഷാർപ്പ് തൻ്റെ നിയമത്തിൻ്റെ നിബന്ധനകളിൽ പറഞ്ഞിട്ടില്ല. രണ്ട് ആട്ടിക്കിളിൻ്റെ കീഴിൽ ഒരുത്തൻ്റെ രണ്ട് പദവികൾ വരുന്ന പല തെളിവുകളുണ്ട്: 
𝟭. “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:14). ഇവിടെ, യേശു തന്നെത്തന്നെ “കർത്താവും ഗുരുവും” (Lord and Teacher) എന്ന് പറയാൾ ഗ്രീക്കിൽ, “ὁ κύριος καὶ ὁ διδάσκαλος” എന്നാണ്: (SBLGNT). ഇത് ഷാർപ്പ് നിയമത്തിന് വിരുദ്ധമാണ്. ➟ho (Article) + Kyrios (Lord – Noun 1) + kai (and) + ho (Article) + Didaskalos (Teacher – Noun 2). യേശു എന്ന ഏകൻ്റെ രണ്ട് നാമങ്ങളാണ് (Nouns) കർത്താവും (Lord) ഗുരുവും (Teacher) എന്നത്. 
𝟮. വേറെയും തെളിവുകളുണ്ട്: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.” (വെളി, 1:8), ഇവിടെ, ഞാൻ “അല്ഫയും ഒമേഗയും” (Alpha and Omega) എന്ന് പറയാൻ ഗ്രീക്കിൽ, “Ἄλφα καὶ τὸ Ὦ” എന്നാണ്: (SBLGNT). ➟to (Article) + Alpha (Alpha – Noun 1) + kai (and) + to (Article) + Ō (Omega – Noun 2). ഇതും കാണുക: (Rev, 21;6; Rev, 22:13). 
𝟯. “പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.” (വെളി, 21:6). ഇവിടെ, ഞാൻ “ആദിയും അന്തവും” (the Beginning and the End) എന്ന് പറയാൻ ഗ്രീക്കിൽ, “ἡ ἀρχὴ καὶ τὸ τέλος” എന്നാണ്: (SBLGNT). ➟hē (Article) + archē (Beginning – Noun 1) + kai (and) + to (Article) + telos (End – Noun 2). രണ്ടും മൂന്നും പോയിൻ്റിൽ ഉള്ളത് സർവ്വശക്തനായ ഏകദൈവത്തിൻ്റെ ഇരുവിധമായ നാമങ്ങൾ (Nouns) ആണ്. 

📌 ഒരു ആർട്ടിക്കിളിൻ്റെ കീഴിൽ രണ്ട് നാമപദങ്ങൾ വന്നാൽ, അത് ഒരുത്തനെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിച്ചാൽ: രണ്ട് ആട്ടിക്കിളിന് കീഴിൽ ഒരുത്തൻ്റെ രണ്ട് നാമപദങ്ങൾ വരാൻ പാടില്ല. വന്നാൽ ആ വാദത്തിന് പിന്നെ നിലനില്പില്ല. പിതാവിനെയും പുത്രനെയും കുറിക്കുന്ന രണ്ട് നാമങ്ങൾ (Nouns) ഒരു ആർട്ടിക്കിളിന് കീഴിലും (Jam, 3:9 – 2Pet, 1:11) രണ്ട് ആർട്ടിക്കിളിന് കീഴിലും (Rev, 21:6 – Joh, 13:14) അഭിന്നമായി കാണാം. അതിനാൽ ഒരു ആർട്ടിക്കിളിന് കീഴിൽ വരുന്നത് ഒരു സവിശേഷ നിയമമാണെന്ന് പറയാൻ കഴിയില്ല. ➟ഇതൊക്കെ ചൂണ്ടിക്കാണിച്ചത് തീത്തൊസിലെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെന്നോ തെളിയിക്കാനല്ല; ഷാർപ്പിൻ്റെ വാദത്തിന് ഒരു മറുവാദമെന്ന നിലയിലാണ്.

☛ അതിനാൽ ഒരു സത്യാന്വേഷി എത്തിച്ചേരുന്നത്, ഷാർപ്പ് റൂൾ കൊണ്ടുമാത്രം തീത്തൊസ് 2:13-നെ വ്യാഖ്യാനിക്കാൻ കഴിയില്ല എന്നാണ്. നൂറ്റാണ്ടുകളായി തീത്തൊസ് 2:13-ന്റെ വിവർത്തനത്തിലും വ്യാഖ്യാനത്തിലും ഏകീകൃതമായ ഒരു അഭിപ്രായം (Consensus) ഉണ്ടായിരുന്നില്ല എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതുകൊണ്ട്, ഈ വാക്യത്തെ മാനുഷിക വ്യാഖ്യാനങ്ങൾകൊണ്ട് പരിശോധിക്കാതെ, എഴുത്തുകാരനായ പൗലൊസിൻ്റെ വീക്ഷണകോണുകളിൽക്കൂടി പരിശോധിക്കണം എന്നതാണ് ശരിയായ രീതി. അതിനുമുമ്പ് ബൈബിളിൻ്റെ അടിസ്ഥാന ദൈവോപദേശം എന്താണെന്ന് നോക്കാം: 

❶ Ha-Elohim Lebadeka, Monos ho Theos:
➟ പഴയപുതിയനിയമ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന “ദൈവം” (God) ത്രിത്വമല്ല; ഒരേയൊരുവൻ അഥവാ, ഒരുത്തൻ മാത്രമാണ്: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15). ഈ വാക്യത്തിൽ എബ്രായയിൽ Ha-Elohim Lebadeka എന്നാണ്. അതിൻ്റെ അർത്ഥം: “ദൈവം ഒരുത്തൻ മാത്രം” അല്ലെങ്കിൽ “നീ (യഹോവ) മാത്രം ദൈവം” (You alone are God) എന്നാണ്: (2Kig, 19:15 ⁃ 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരാമവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ LXX-ൽ തൽസ്ഥാനത്ത് Ho Theos Monos (The only God) എന്നും കാണാൻ കഴിയും: (2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20). മോണോസ് തെയോസിൻ്റെ അർത്ഥം: ദൈവം പലരാണെന്നോ, ത്രിത്വമാണെന്നോ അല്ല; ദൈവം ഒരേയൊരുവൻ അല്ലെങ്കിൽ ഒരുത്തൻ മാത്രം (The only one God) എന്നാണ്. ➟പുതിയനിയമത്തിലും “ദൈവം ഒരുത്തൻ മാത്രം” എന്നർത്ഥത്തിൽ Monos ho Theos (The only God) എന്ന് ആവർത്തിച്ച് കാണാൻ കഴിയും: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (Luk, 5:21 – Joh, 5:44; Joh, 17:3; Rom, 16:27; 1Tim, 1:17; Jud, 1:25). എബ്രായയിലെ Bad, ഗ്രീക്കിലെ Monos, മലയാളത്തിലെ ഒരെയൊരുവൻ, തനിയെ, മാത്രം എന്നീ പദങ്ങൾ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. തന്മൂലം, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഇനി ബൈബിൾ പറയുന്ന ഒരുത്തൻ മാത്രമായ ദൈവം അല്ലെങ്കിൽ, “ദൈവം” God) എന്ന പ്രകൃതി (Nature) ഉള്ളവൻ പിതാവാണോ (യഹോവ), പുത്രനാണോ (യേശു), പരിശുദ്ധാത്മാവാണോ, ഏഴ് ആത്മാവാണോ, കുഞ്ഞാടാണോ എന്ന് നോക്കിയാൽ മതി. അല്ലാതെ ബൈബിളിന് വെളിയിലുള്ള ഒരു നിയമത്തിൻ്റെയും പുറകേ പോകാൻ നമുക്കാവശ്യമില്ല. ➟ഇനി നമുക്ക് എഴുത്തുകാരനായ പൗലൊസിൻ്റെ ദൈവവീക്ഷണം എന്താണെന്ന് പരിശോധിക്കാം:

❷ ഒരേയൊരു ദൈവം:
➟ ➟ പൗലൊസിൻ്റെ ദൈവവീക്ഷണം (Paul’s view of God) എന്താണെന്ന് അവൻ്റെ ലേഖനങ്ങളിലൂടെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പൗലൊസ് പഠിപ്പിച്ച ദൈവം ഏകത്വമോ (Oneness), ത്രിത്വമോ (Trinity), ത്രിയേകനോ (Triune) അല്ല; ഏകദദൈവം/ഒരേയൊരു ദൈവം (The only God) ആണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ പൗലൊസ് പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, Monos Theos” ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: “ഒരു ദൈവം” (one God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പൗലൊസ് പഠിപ്പിച്ച ഈ ഒരേയൊരു ദൈവം ആരാണെന്ന് അടുത്ത വാക്യത്തിൽ മനസ്സിലാക്കാം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:27). ഈ വാക്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്: 𝟭.ഇവിടുത്തെ “ഏകജ്ഞാനിയായ ദൈവം” ഗ്രീക്കിൽ,“Monos sophos Theos” ആണ്. അതായത്, “ഒരു ജ്ഞാനിയായ ദൈവമല്ല; ഒരേയൊരു ജ്ഞാനിയായ ദൈവം” (The only wise God) എന്നാണ്. ഇവിടെപ്പറയുന്ന “ജ്ഞാനിയായ” (Sophos) എന്നത്, ഒരേയൊരു ദൈവത്തിന് കൊടുത്തിരിക്കുന്ന വിശേഷണമാണ്. 𝟮.“dia Iēsou Christou” എന്ന പ്രയോഗത്തിൻ്റെ അർത്ഥം: “യേശുക്രിസ്തു മൂലം/വഴി/മുഖാന്തരം” (through Jesus Christ) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിൽനിന്ന് യേശുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. 𝟯.ഒരേയൊരു ദൈവത്തിന് (to the only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് മഹത്വം കരേറ്റുന്നത്. അപ്പോൾ, പൗലൊസ് പഠിപ്പിച്ച ഒരേയൊരു ദൈവം (The only one God) പുത്രനായ യേശുക്രിസ്തുവല്ല; പിതാവായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഒരേയൊരു ദൈവം അല്ലെങ്കിൽ മോണൊസ് തെയോസ് പിതാവാണെന്ന് പഠിപ്പിച്ച പൗലൊസ് തീത്തൊസിന് കത്തെഴുമ്പോൾ, യേശുക്രിസ്തു മഹാദൈവമാണെന്ന് ഒരിക്കലും പറയില്ല. 

❸ പിതാവായ ഏകദൈവം:
➟ “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞശേഷം, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പൗലൊസ് പറയുന്നത്. ➟അടുത്തവാക്യം കാണുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). തീക്ഷ്ണതയുള്ള യെഹൂദനായ പൗലൊസിൻ്റെ വീക്ഷണത്തിൽ ദൈവം പലരല്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ആ പൗലൊസ് യേശുക്രിസ്തു മഹാദൈവമാണെന്ന് പറയുമെന്ന് വിചാരിക്കാൻ കഴിയില്ല.

☛ 1കൊരിന്ത്യർ 8:6-ൻ്റെ അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പറഞ്ഞിരിക്കയാൽ, യേശുക്രിസ്തുവും ദൈവമാണെന്ന് ചിലർ കരുതുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 𝟭.യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, the Father) എന്ന് പൗലൊസ് ആദ്യഭാഗത്ത് പറയുമായിരുന്നില്ല. 𝟮.യേശുവിനെ “കർത്താവു” (Lord) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന “Kyrios” (κύριος) എന്ന ഗ്രീക്ക് പദത്തിന് ദൈവം എന്നർത്ഥമില്ല. “ദൈവം” (God) എന്ന അർത്ഥം ഉണ്ടാകണമെങ്കിൽ “തെയൊസ്” (Theos) ഉപയോഗിക്കണം. കുറിയോസിൻ്റെ അർത്ഥം: “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നൊക്കെയാണ്. 𝟯.യേശുവും ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിന് (The only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരം പൗലൊസ് ഒരിക്കലും മഹത്വം കരേറ്റുമായിരുന്നില്ല: (റോമ, 16:27). ➟പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് (പ്രവൃ, 2:23-24), മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:36; പ്രവൃ, 5:30-31). അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും മദ്ധ്യദ്ധ്യസ്തനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്; (1കൊരി, 8:6; 1തിമൊ, 2:5-6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും യേശുക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ച പൗലൊസ് തീത്തൊസിനോട് തൻ്റെ നിലപാട് മാറ്റിപ്പറയില്ല.

❹ പൗലൊസിൻ്റെ ദൈവം:
➟ പൗലൊസ് ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: “ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (ഫിലി, 1:6 –2കൊരി, 12:21;ഫിലേ, 1:6). ഇവിടെ പൗലൊസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് യേശുക്രിസ്തുവിനെയല്ല; പിതാവായ ദൈവത്തെയാണ്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: “നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:4 –റോമ, 1:8). പൗലൊസ് എൻ്റെ ദൈവം എന്ന് പറയുന്നത് യേശുവിനെയല്ല; പിതാവിനെയാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. ➟അല്ലെങ്കിൽ അടുത്തവാക്യം കാണുക: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” (ഫിലി, 4:19). തൻ്റെ ദൈവം, ദൈവത്തിനും മനുഷ്യർക്കുമിടയിലെ മദ്ധ്യസ്ഥനായ ക്രിസ്തുയേശുവിലൂടെ കൊരിന്ത്യരുടെ ബുദ്ധിമുട്ടുകൾ തീർത്തുതരും എന്നാണ് പൗലൊസ് അവരോട് പറയുന്നത്: (1തിമൊ, 2:5-6). മേല്പറഞ്ഞ വേദഭാഗങ്ങളെല്ലാം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവകൃപ വരുന്നതും വിശ്വാസികളുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; അവനിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟മേല്പറഞ്ഞ വേദഭാഗങ്ങളോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെയല്ലാതെ അവനിലൂടെ മറ്റൊരു ദൈവത്തിന് അവൻ സ്തോത്രം ചെയ്യുമായിരുന്നില്ല. 𝟮.“ദൈവം” (God) എന്ന പ്രകൃതി (Nature) യേശുക്രിസ്തുവിനും ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നില്ല. 𝟯.യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, തൻ്റെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെങ്കിൽ യേശുക്രിസ്തുവും തൻ്റെ ദൈവമാണെന്നോ പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നില്ല. തന്മൂലം, തീത്തൊസിലെ മഹാദൈവം യേശുക്രിസ്തു ആണെന്ന് പറഞ്ഞ് അവൻ തീത്തൊസിന് എഴുത്തെഴുതിയെന്ന് ആരും വിചാരിക്കാൻ ആവശ്യമില്ല.

❺ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➟ പിതാവിൻ്റെയും പുത്രൻ്റെയും “പ്രകൃതി” (Nature) എന്താണെന്ന് ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷത്തോടുള്ള ബന്ധത്തിൽ പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വേദഭാഗം ശ്രദ്ധിച്ചാൽ: “ദൈവം” (God) എന്നത് പിതാവിൻ്റെ പ്രകൃതിയും (Nature), “മനുഷ്യൻ” (Man) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ആണെന്ന് മനസ്സിലാക്കാം. “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only  true God) അല്ലെങ്കിൽ, “ദൈവം” (God) എന്ന പ്രകൃതിയുള്ളത് പിതാവിന് മാത്രമാണെന്ന് മോണോസ് (only) കൊണ്ട് ഖണ്ഡിതമായി ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്: (Joh, 5:44; Joh, 17:3). അതാണ് ക്രിസ്തുവിൻ്റെ അനുകാരിയായ പൗലൊസും പഠിപ്പിച്ചത്: (1കൊരി, 11:1). “പിതാവു” (Father) എന്നത് ദൈവത്തിൻ്റെ പദവിയും (Title) “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയുമാണ്: (1കൊരി, 8:6 – മത്താ, 3:17). ➟ഏകമനുഷ്യൻ (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും നോക്കുക. പിതാവാണ് ഏകദൈവമെന്നും യേശുക്രിസ്തു മനുഷ്യനാണെന്നും പഠിപ്പിച്ചവൻ, പിന്നീട് തീത്തൊസിന് ലേഖനം എഴുതുമ്പോൾ കളംമാറ്റി ചവിട്ടില്ല.

❻ യേശുക്രിസ്തുവിൻ്റെ ദൈവം:
➟ യേശുക്രിസ്തുവിൻ്റെ ദൈവത്തക്കുറിച്ച് ബൈബിളിൽ ഏറ്റവും അധികം പഠിപ്പിച്ചിരിക്കുന്നത് പൗലൊസാണ്: 
𝟭. Glorify the God and Father of our Lord Jesus Christ. 
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3)
☛ യേശുക്രിസ്തുവിനല്ല; അവൻ്റെ ദൈവത്തിനാണ് പൗലൊസ് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിച്ചത്. പൗലൊസിൻ്റെ വീക്ഷണത്തിൽ യേശു ദൈവമല്ല; മനുഷ്യനാണ്. അതുകൊണ്ടാണ് യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും യേശുക്രിസ്തു മുഖാന്തരം ഒരേയൊരു ദൈവമായ (The only God) പിതാവിന് മഹത്വം അർപ്പിക്കുന്നതും: (റോമ, 16:27 – 1കൊരി, 8:6). ദൂതന്മാർക്കും മനുഷ്യർക്കും മാത്രമേ ദൈവമുള്ളു; അല്ലാതെ ദൈവത്തിന് ദൈവമില്ല. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം എന്നൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് ഒരു ദൈവമുണ്ടാകില്ല എന്നതാണ് അതിൻ്റെ കാരണം. ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം ഒരിക്കലും അനാദ്യന്ത്യനായ സർവ്വശക്തിയുള്ള ദൈവമാകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവം മാത്രമേ ആകയുള്ളു: (പുറ,, 4:16; 7:1). ദൈവത്തിൻ്റെ ദൈവം എന്നത് ബഹുദൈവ ദുരുപദേശമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും സകല മനുഷ്യരുടെയും ദൈവം: (1തിമൊ, 2:5-6).
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവമായ (യോഹ, 20:17) പിതാവായ ഏകദൈവത്തെയാണ് (1കൊരി, 8:6) പൗലൊസ് മോണോസ് തെയോസ് (The only one God) എന്ന് പഠിപ്പിച്ചതും (1തിമൊ, 1:17), യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചതും (2കൊരി, 11:31) യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റിയതും: (റോമ, 16:27). പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവം പോലുമല്ല; അതിനാൽ യേശുവല്ല; പിതാവാണ് തീത്തൊസിലെ മഹാദൈവം (The Great God) എന്ന് ഭാഷണവും വാക്കുകളും കൂടാതെ മനസ്സിലാക്കാം. നിയമവും വ്യാഖ്യാനവും ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം; എന്നാലതിന് തിരുവെഴുത്തുകളുടെ പിന്തുണയില്ലെങ്കിൽ ഇത്തരം വ്യാഖ്യാനങ്ങൾക്കും നിയമങ്ങൾക്കും നിലനില്പുണ്ടാകില്ല.

❼ ദൈവവും യേശുക്രിസ്തുവും:
➟ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുന്ന അനേകം വാക്യങ്ങളുണ്ട്. അതിൽ പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പത്ത് വാക്യങ്ങൾ തെളിവായിത്തരാം:
𝟭. ദൈവ(God)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (Lord Jesus Christ) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟮. ദൈവം (God) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (Lord Jesus Christ) കുറിച്ചു: (റോമ, 1:1)
𝟯. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (God) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (Christ Jesus) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟰. സമാധാനത്തിന്റെ ദൈവമോ (God) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟱. ദൈവത്തിൻ്റെ (God) ഇഷ്ടത്താൽ യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟲. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1കൊരി, 1:9)
𝟳. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (God) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟴. ദൈവം (God) യേശുക്രിസ്തുവിന്റെ (Jesus Christ) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟵. ദൈവത്തിന്റെ (God) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (Jesus Christ) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟭𝟬. ദൈവത്തിന്റെ (God) ദാസനും യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
☛ സത്യദൈവത്തിൽനിന്ന് അല്ലെങ്കിൽ, ദൈവം (God) എന്ന പ്രകൃതി (Nature) ള്ളവനിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങളാണ് മുകളിൽ കാണുന്നത്. വൺനെസ്സ് വിശ്വസികൾ കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവം ആയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുമായിരുന്നില്ല. ഗ്രാൻവില്ലെ ഷാർപ്പ് ഉൾപ്പെടെയുള്ള ത്രിത്വക്കാർ വിശ്വസിക്കുന്നപോലെ, ദൈവത്തിലെ തുല്യരായ മൂവരിൽ ഒരുവനായിരുന്നു യേശുക്രിസ്തു എങ്കിൽ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വേർപെടുത്തി പൗലൊസ് പറയുമായിരുന്നില്ല. ദൈവാത്മാവിനാൽ പുസ്തകമെഴുതിയ പൗലൊസിനോട് മത്സരിക്കാതെ, അവൻ പഠിപ്പിച്ച പിതാവായ ഏകദൈവത്തിലും മദ്ധ്യസ്ഥനും മറുവിലയുമായി മരണംവരിച്ച് മാനവകുലത്തിന് രക്ഷയൊരുക്കിയ മനുഷ്യനായ ക്രിസ്തുയേശുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു മനുഷ്യനും നല്ലത്: (1കൊരി, 8:6; 1തിമൊ, 2:5-6).

📌 ചുരുക്കത്തിൽ: പൗലൊസിൻ്റെ ദൈവവീക്ഷണപ്രകാരം പിതാവാണ് ഏകദൈവം: (1കൊരി, 8:5-6; എഫെ, 4:6). യേശുക്രിസ്തു പാപം അറിയാത്ത ഏകമനുഷ്യനാണ്: (2കൊരി, 5:21; റോമ, 5:15). അതിനാൽ തീത്തൊസ് 2:13 വാക്യത്തിൻ്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്: ➟“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെയും തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” ⁃ “Looking for that blessed hope, and the glorious appearing of the great God and of our Savior Jesus Christ.”

☛ ഉപസംഹാരം:
➟ യേശുക്രിസ്തുവും അവൻ്റെ അനുകാരിയായ പൗലൊസ് പഠിപ്പിച്ച പിതാവായ മോണോസ് തെയോസിനെ (Monos Theos – The only God) ത്രിത്വദൈവം ആക്കാൻ, ഗ്രാൻവില്ലെ ഷാർപ്പെന്നല്ല; സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നാലും സാധിക്കില്ല: (ഗലാ, 1:8). പുതിയ വാക്കുകൾ ഉണ്ടാക്കിയും, വ്യാഖ്യാനങ്ങൾ ചമച്ചും, നിയമങ്ങൾ ഉണ്ടാക്കിയും, സുനഹദോസുകൾ കൂടിയും ഏകദേശം 1800 വർഷങ്ങളായി, ഏകസത്യദൈവത്തെ (Ho monos alethinos – The only true God) ത്രിത്വദൈവമാക്കാൽ മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഒടുവിൽ തമ്മിൽ ചേരാത്ത അമ്പതിനായിരത്തോളം വ്യത്യസ്ത പ്രസ്ഥാനങ്ങൾ ഉടലെടുത്തു എന്നല്ലാതെ, തങ്ങളുടെ ദൈവം ആരാണെന്ന് പറയാനോ, ത്രിത്വം എന്താണെന്ന് വിശദീകരിക്കാനോ, ബൈബിളിലത് ഉണ്ടെന്ന് തെളിയിക്കാനോ ഇന്നയൊളം ഒരുത്തനും കഴിഞ്ഞിട്ടില്ല. അതാണ് ത്രിത്വം! ഹിന്ദിയിൽ “അപ്നെ പാവ് പർ കുൽഹാഡി മാർനാ” എന്നൊരു ചൊല്ലുണ്ട്. അതാണ് ഗ്രാൻവില്ലെ ഷാർപ്പ് ചെയ്ത് വെച്ചിരിക്കുന്നത്. അല്ലാതെ കൂടുതലൊന്നും ഈയുള്ളവന് പറയാനില്ല. [കാണുക: തീത്തൊസിലെ മഹാദൈവം ആരാണ്?]
✦─── ❖ ── ⚜  ── ❖ ───✦

2 thoughts on “പൗലൊസും ഗ്രാൻവില്ലെ ഷാർപ്പും”

Leave a Reply

Your email address will not be published. Required fields are marked *