☛ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാനാണ് ജാതികളുടെ അപ്പൊസ്തലനായി പൗലൊസിനെ നിയമിച്ചത്: (1തിമൊ, 2:4-7 – റോമ, 11:13). ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അഥവാ, യേശുക്രിസ്തു ആരെയാണോ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെയും ദൈവം: (മത്താ, 27:46;മർക്കൊ, 15:33;യോഹ, 20:17). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം]. തെളിവുകൾ കാണുക:
❶ ഒരേയൊരു ദൈവം:
➟ പൗലൊസിൻ്റെ ദൈവവീക്ഷണം (Paul’s view of God) എന്താണെന്ന് അവൻ്റെ ലേഖനങ്ങളിലൂടെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പൗലൊസ് പഠിപ്പിച്ച ദൈവം ഏകത്വമോ (Oneness), ത്രിത്വമോ (Trinity), ത്രിയേകനോ (Triune) അല്ല; ഏകദദൈവം/ഒരേയൊരു ദൈവം (The only God) ആണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഇവിടെ പൗലൊസ് പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, Monos Theos” ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: “ഒരു ദൈവം” (one God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പൗലൊസ് പഠിപ്പിച്ച ഈ ഒരേയൊരു ദൈവം ആരാണെന്ന് അടുത്ത വാക്യത്തിൽ മനസ്സിലാക്കാം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:27). ഈ വാക്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധേയമാണ്: 𝟭.ഇവിടുത്തെ “ഏകജ്ഞാനിയായ ദൈവം” ഗ്രീക്കിൽ,“Monos sophos Theos” ആണ്. അതായത്, “ഒരു ജ്ഞാനിയായ ദൈവമല്ല; ഒരേയൊരു ജ്ഞാനിയായ ദൈവം” (The only wise God) എന്നാണ്. ഇവിടെപ്പറയുന്ന “ജ്ഞാനിയായ” (Sophos) എന്നത്, ഒരേയൊരു ദൈവത്തിന് കൊടുത്തിരിക്കുന്ന വിശേഷണമാണ്. 𝟮.“dia Iēsou Christou” എന്ന പ്രയോഗത്തിൻ്റെ അർത്ഥം: “യേശുക്രിസ്തു മൂലം/വഴി/മുഖാന്തരം” (through Jesus Christ) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിൽനിന്ന് യേശുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. 𝟯.ഒരേയൊരു ദൈവത്തിന് (to the only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് മഹത്വം കരേറ്റുന്നത്. അപ്പോൾ, പൗലൊസ് പഠിപ്പിച്ച ഒരേയൊരു ദൈവം (The only one God) പുത്രനായ യേശുക്രിസ്തുവല്ല; പിതാവായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❷ പിതാവായ ഏകദൈവം:
➟ “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞശേഷം, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പൗലൊസ് പറയുന്നത്. ➟അടുത്തവാക്യം കാണുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). തീക്ഷ്ണതയുള്ള യെഹൂദനായ പൗലൊസിൻ്റെ വീക്ഷണത്തിൽ ദൈവം പലരല്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്.
☛ 1കൊരിന്ത്യർ 8:6-ൻ്റെ അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പറഞ്ഞിരിക്കയാൽ, യേശുക്രിസ്തുവും ദൈവമാണെന്ന് ചിലർ കരുതുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 𝟭.യേശുക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, “പിതാവായ ഏക ദൈവമേ നമുക്കുള്ളു” (for us there is but one God, the Father) എന്ന് പൗലൊസ് ആദ്യഭാഗത്ത് പറയുമായിരുന്നില്ല. 𝟮.യേശുവിനെ “കർത്താവു” (Lord) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന “Kyrios” (κύριος) എന്ന ഗ്രീക്ക് പദത്തിന് ദൈവം എന്നർത്ഥമില്ല. “ദൈവം” (God) എന്ന അർത്ഥം ഉണ്ടാകണമെങ്കിൽ “തെയൊസ്” (Theos) ഉപയോഗിക്കണം. കുറിയോസിൻ്റെ അർത്ഥം: “കർത്താവ്, യജമാനൻ, അധികാരി, ഉടമ, ഉടയവൻ, ഉടമസ്ഥൻ, പ്രഭു” എന്നൊക്കെയാണ്. 𝟯.യേശുവും ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിന് (The only God) അല്ലെങ്കിൽ മോണോസ് തെയോസിന് യേശുക്രിസ്തു മുഖാന്തരം പൗലൊസ് ഒരിക്കലും മഹത്വം കരേറ്റുമായിരുന്നില്ല: (റോമ, 16:27). ➟പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് (പ്രവൃ, 2:23-24), മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:36; പ്രവൃ, 5:30-31). അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും മദ്ധ്യദ്ധ്യസ്തനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്; (1കൊരി, 8:6; 1തിമൊ, 2:5-6).
❸ എൻ്റെ ദൈവം:
➟ പൗലൊസ് ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: “ഞാൻ നിങ്ങളെ ഓർക്കുമ്പോൾ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (ഫിലി, 1:6 –2കൊരി, 12:21;ഫിലേ, 1:6). ഇവിടെ പൗലൊസ് “എൻ്റെ ദൈവം” എന്ന് വിശേഷിപ്പിക്കുന്നത് യേശുക്രിസ്തുവിനെയല്ല; പിതാവായ ദൈവത്തെയാണ്. ➟അടുത്തവാക്യം ശ്രദ്ധിക്കുക: “നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:4 –റോമ, 1:8). പൗലൊസ് എൻ്റെ ദൈവം എന്ന് പറയുന്നത് യേശുവിനെയല്ല; പിതാവിനെയാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. ➟അല്ലെങ്കിൽ അടുത്തവാക്യം കാണുക: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” (ഫിലി, 4:19). തൻ്റെ ദൈവം, ദൈവത്തിനും മനുഷ്യർക്കുമിടയിലെ മദ്ധ്യസ്ഥനായ ക്രിസ്തുയേശുവിലൂടെ കൊരിന്ത്യരുടെ ബുദ്ധിമുട്ടുകൾ തീർത്തുതരും എന്നാണ് പൗലൊസ് അവരോട് പറയുന്നത്: (1തിമൊ, 2:5-6). മേല്പറഞ്ഞ വേദഭാഗങ്ങളെല്ലാം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവകൃപ വരുന്നതും വിശ്വാസികളുടെ ബുദ്ധിട്ടുകൾ തീർത്തുതരുന്നതും ക്രിസ്തുയേശുവല്ല; അവനിലൂടെ പൗലൊസിൻ്റെ ദൈവമാണ്. ➟മേല്പറഞ്ഞ വേദഭാഗങ്ങളോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.പൗലൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെയല്ലാതെ അവനിലൂടെ മറ്റൊരു ദൈവത്തിന് അവൻ സ്തോത്രം ചെയ്യുമായിരുന്നില്ല. 𝟮.“ദൈവം” (God) എന്ന പ്രകൃതി (Nature) യേശുക്രിസ്തുവിനും ഉണ്ടായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നില്ല. 𝟯.യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, തൻ്റെ ദൈവം യേശുക്രിസ്തു ആണെന്നോ, അല്ലെങ്കിൽ യേശുക്രിസ്തുവും തൻ്റെ ദൈവമാണെന്നോ പറയാൻ പൗലൊസ് ലജ്ജിക്കുമായിരുന്നില്ല.
❹ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➟ പിതാവിൻ്റെയും പുത്രൻ്റെയും “പ്രകൃതി” (Nature) എന്താണെന്ന് ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷത്തോടുള്ള ബന്ധത്തിൽ പൗലൊസ് അസന്ദിദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വേദഭാഗം ശ്രദ്ധിച്ചാൽ: “ദൈവം” (God) എന്നത് പിതാവിൻ്റെ പ്രകൃതിയും (Nature), “മനുഷ്യൻ” (Man) എന്നത് ക്രിസ്തുയേശുവിൻ്റെ പ്രകൃതിയും ആണെന്ന് മനസ്സിലാക്കാം. “ഒരേയൊരു സത്യദൈവം” (Ho monos alethinos Theos – The only true God) അല്ലെങ്കിൽ, “ദൈവം” (God) എന്ന പ്രകൃതിയുള്ളത് പിതാവിന് മാത്രമാണെന്ന് മോണോസ് (only) കൊണ്ട് ഖണ്ഡിതമായി ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്: (Joh, 5:44; Joh, 17:3). അതാണ് ക്രിസ്തുവിൻ്റെ അനുകാരിയായ പൗലൊസും പഠിപ്പിച്ചത്: (1കൊരി, 11:1). “പിതാവു” (Father) എന്നത് ദൈവത്തിൻ്റെ പദവിയും (Title) “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പദവിയുമാണ്: (1കൊരി, 8:6 – മത്താ, 3:17). ➟ഏകമനുഷ്യൻ (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും നോക്കുക.
❺ യേശുക്രിസ്തുവിൻ്റെ ദൈവം:
➟ യേശുക്രിസ്തുവിൻ്റെ ദൈവത്തക്കുറിച്ച് ബൈബിളിൽ ഏറ്റവും അധികം പഠിപ്പിച്ചിരിക്കുന്നത് പൗലൊസാണ്:
𝟭. Glorify the God and Father of our Lord Jesus Christ.
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3)
☛ യേശുക്രിസ്തുവിനല്ല; അവൻ്റെ ദൈവത്തിനാണ് പൗലൊസ് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിച്ചത്. പൗലൊസിൻ്റെ വീക്ഷണത്തിൽ യേശു ദൈവമല്ല; മനുഷ്യനാണ്. അതുകൊണ്ടാണ് യേശു മനുഷ്യനാണെന്ന് പൗലൊസ് ആവർത്തിച്ച് പഠിപ്പിച്ചിരിക്കുന്നതും യേശുക്രിസ്തു മുഖാന്തരം ഒരേയൊരു ദൈവമായ (The only God) പിതാവിന് മഹത്വം അർപ്പിക്കുന്നതും: (റോമ, 16:27 – 1കൊരി, 8:6). ദൂതന്മാർക്കും മനുഷ്യർക്കും മാത്രമേ ദൈവമുള്ളു; അല്ലാതെ ദൈവത്തിന് ദൈവമില്ല. യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം എന്നൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് ഒരു ദൈവമുണ്ടാകില്ല എന്നതാണ് അതിൻ്റെ കാരണം. ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം ഒരിക്കലും അനാദ്യന്ത്യനായ സർവ്വശക്തിയുള്ള ദൈവമാകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവം മാത്രമേ ആകയുള്ളു: (പുറ,, 4:16; 7:1). ദൈവത്തിൻ്റെ ദൈവം എന്നത് ബഹുദൈവ ദുരുപദേശമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും സകല മനുഷ്യരുടെയും ദൈവം: (1തിമൊ, 2:5-6).
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവമായ (യോഹ, 20:17) പിതാവായ ഏകദൈവത്തെയാണ് (1കൊരി, 8:6) പൗലൊസ് മോണോസ് തെയോസ് (The only one God) എന്ന് പഠിപ്പിച്ചതും (1തിമൊ, 1:17), യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചതും (2കൊരി, 11:31) യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റിയതും: (റോമ, 16:27).
❻ ദൈവവും യേശുക്രിസ്തുവും:
➟ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുന്ന അനേകം വാക്യങ്ങളുണ്ട്. അതിൽ പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പത്ത് വാക്യങ്ങൾ തെളിവായിത്തരാം:
𝟭. ദൈവ(God)ത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള (Lord Jesus Christ) വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 20:21)
𝟮. ദൈവം (God) തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ (Lord Jesus Christ) കുറിച്ചു: (റോമ, 1:1)
𝟯. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ (God) കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ (Christ Jesus) നിത്യജീവൻ തന്നേ. (റോമ, 6:23)
𝟰. സമാധാനത്തിന്റെ ദൈവമോ (God) വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)
𝟱. ദൈവത്തിൻ്റെ (God) ഇഷ്ടത്താൽ യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, (1കൊരി, 1:1)
𝟲. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1കൊരി, 1:9)
𝟳. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ (Lord Jesus Christ) നാമത്തിലും നമ്മുടെ ദൈവത്തിന്റെ (God) ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു. (1കൊരി, 6:11)
𝟴. ദൈവം (God) യേശുക്രിസ്തുവിന്റെ (Jesus Christ) മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു. (2കൊരി, 4:6)
𝟵. ദൈവത്തിന്റെ (God) മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ (Jesus Christ) നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു. (ഫിലി, 1:11)
𝟭𝟬. ദൈവത്തിന്റെ (God) ദാസനും യേശുക്രിസ്തുവിന്റെ (Jesus Christ) അപ്പൊസ്തലനുമായ പൌലൊസ്. (തീത്തൊ, 1:3)
☛ സത്യദൈവത്തിൽനിന്ന് അല്ലെങ്കിൽ, ദൈവം (God) എന്ന പ്രകൃതി (Nature) ള്ളവനിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങളാണ് മുകളിൽ കാണുന്നത്. വൺനെസ്സ് വിശ്വസികൾ വിചാരിക്കുന്നപോലെ യേശുക്രിസ്തു ഏകദൈവം ആയിരുന്നെങ്കിലോ, ത്രിത്വവിശ്വാസികൾ കരുതുന്നപോലെ അവൻ ത്രിത്വദൈവത്തിലെ ഒരു അംഗമായിരുന്നെങ്കിലോ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ പൗലൊസ് വേർതിരിച്ച് പഠിപ്പിക്കുമായിരുന്നില്ല. ദൈവത്തെ ദൈവത്തിൽനിന്നും, ദൂതനെ ദൂതനിൽ നിന്നും മനുഷ്യനെ മനുഷ്യനിൽനിന്നും വേർതിച്ച് പറയില്ല. ഇതൊക്കെ ഭാഷയുടെ ഒരു ബാലപാഠമാണ്. ദൈവാത്മാവിനാൽ പുസ്തകമെഴുതിയ പൗലൊസിനോട് മത്സരിക്കാതെ, അവൻ പഠിപ്പിച്ച പിതാവായ ഏകദൈവത്തിലും മദ്ധ്യസ്ഥനും മറുവിലയുമായി മരണംവരിച്ച് മാനവകുലത്തിന് രക്ഷയൊരുക്കിയ മനുഷ്യനായ ക്രിസ്തുയേശുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു മനുഷ്യനും നല്ലത്: (1കൊരി, 8:6; 1തിമൊ, 2:5-6).
❼ പൗലൊസ് എന്ന യെഹൂദൻ:
➟ പൗലൊസ് എന്ന തീക്ഷ്ണതയുള്ള യെഹൂദനെക്കുറിച്ച് താൻതന്നെ പറഞ്ഞിട്ടുണ്ട്: “എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു” യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടാകുമോ? (ഫിലി, 3:5-6 – ആവ, 4:39; 2രാജാ, 19:15). പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ചു എന്ന് അഭിമാനിക്കുന്ന പലർക്കും, പൗലൊസിൻ്റെ ദൈവവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.
☛ ദൈവം ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും പൗലൊസിനെ ഭരമേല്പിച്ച സുവിശേഷമാണ് 1തിമൊഥെയോസ് 2:4-7 വാക്യങ്ങൾ. ആ സുവിശേഷ സത്യമാണ്, ദൈവം ഒരുവനാണെന്നതും ക്രിസ്തുയേശു മരണമില്ലാത്ത ദൈവമല്ല; നമ്മുടെ പാപപരിഹാരത്തിനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ച മനുഷ്യനാണെന്നതും. ഈ വിശ്വാസസത്യം മനസ്സോടെ വിശ്വസിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നതും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും: (റോമ, 10:9-10). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം].
☛ മറ്റൊരുകാര്യം ബൈബിളിൽ കാണുന്നത് ശ്രദ്ധേയമാണ്: പൗലൊസല്ലാതെ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ദൈവം ഏകനാണെന്ന് ഒരിടത്തും പടിപ്പിച്ചതായി കാണുന്നില്ല. അതെന്തുകൊണ്ടാണ്? ദൈവം പത്രൊസിന് പരിച്ഛേദനക്കാരുടെ (യെഹൂദന്മാർ) ഇടയിലെ ശുശ്രൂഷയും പൗലൊസിന് അഗ്രചർമ്മക്കാരുടെ (ജാതികൾ) ഇടയിലെ ശുശ്രൂഷയുമാണ് ഭരമേല്പിച്ചിരുന്നത്: (ഗലാ, 2:8). അതിൽ, യെഹൂദന്മാർ ബാല്യം മുതൽ (സംസാരിച്ച് തുടങ്ങുമ്പോൾ മുതൽ) അവരുടെ ദൈവമായ യഹോവ ഏകനാണെന്ന “ഷെമാ പ്രാർത്ഥന” അല്ലെങ്കിൽ, “പ്രഖ്യാപനം” ദിവസവും രണ്ടുനേരം പാരായണംചെയ്ത് വളർന്നുവരുന്നവരാണ്: (ആവ, 6:4-5 – മർക്കൊ, 12:29-30). ഏകദൈവവിശ്വാസം (Monotheism) എന്ന ഈ സത്യം അപ്പനുമമ്മയും തങ്ങളുടെ മക്കൾക്കു ഉപദേശിച്ചുകൊടുക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കേണ്ടതും, അവയെ അടയാളമായി കൈമേൽ കെട്ടേണ്ടതും, കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണ്ടതുമാണ്: (ആവ, 6:6-9). അതിനാൽ, പത്രൊസ് അപ്പൊസ്തലന് ദൈവം ഏകനാണെന്ന് യെഹൂദന്മാരെ പഠിപ്പിക്കേണ്ട ഒരാവശ്യവുമില്ല. എന്നാൽ മിത്ഥ്യാമൂർത്തികളായ നൂറുകണക്കിന് ദൈവങ്ങളെ സേവിച്ചിരുന്ന അനേകം ജാതികളിൽനിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരെ ദൈവം ഏകനാണെന്ന് പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവം പൗലാസിനെയാണ് ഏല്പിച്ചിരുന്നത്. അതുകൊണ്ടാണ്, ദൈവം മോണോസ് തെയോസ് (Monos Theos – The only God) ആണെന്നും ആ ദൈവം പുത്രനല്ല; പിതാവാണെന്നും അവൻ ഖണ്ഡിതമായി പഠിപ്പിച്ചത്: (റോമ, 16:127; 1തിമൊ, 1:17 – 1കൊരി, 8:6; എഫെ, 4:6). തന്മൂലം, തീത്തൊസിലെ മഹാദൈവം പുത്രനല്ല; പിതാവാണെന്ന് പൗലൊസിൻ്റെ പഠിപ്പിക്കലുകളിൽ നിന്നുതന്നെ സംശയലേശമെന്യേ മനസ്സിലാക്കാം. ക്രിസ്തു പഠിപ്പിച്ചതാണ് പലൊസും പഠിപ്പിച്ചത്: (മർക്കൊ, 12:29-30; യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ” എന്നാണ് പൗലൊസ് പറഞ്ഞത്: (കൊരി, 1 11:1). പൗലൊസ് പഠിപ്പിച്ച പിതാവായ ഏകദൈവത്തെ തള്ളി, ത്രിത്വമെന്ന വേറൊരു ദൈവത്തെ വ്യിശ്വാസിക്കുന്നവർ ആരുടെ അനുകാരിക്കളാണെന്ന് അതിൽ വിശ്വസിക്കുന്നവർ തീരുമാനിക്കുക.
📌 ബൈബിളിൻ്റെ ഉള്ളടക്കം എന്താണെന്ന് പലർക്കും വലിയ ധാരണയില്ല. ആദാം എന്ന ആദ്യമനുഷ്യൻ മൂലം ലോകത്തിന് വന്നുഭവിച്ച പാപത്തിൻ്റെ പരിഹാരം വരുത്തേണ്ടത് ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ, ആദാമിൻ്റെ പാപം ദൈവത്തോടുള്ള അനുസരണക്കേടാണ്. ആ അനുസരണക്കേടിന് മറുവിലയായി പൂർണ്ണ അനുസരണം തിരികെക്കൊടുക്കുകയും പാപപരിഹാരത്തിനായി പാപരഹിതമായ രക്തം ചിന്തുകയും വേണം. ത്രിത്വവിശ്വാസപ്രകാരം: ദൈവം ദൈവത്തിനുതന്നെയാണ് മറുവില കൊടുത്തത്: (1തിമൊ, 2:5-6). അതെന്തൊരു വിശ്വാസമാണ്? ഇതൊന്നും രക്തം ചിന്താനോ, മരിക്കാനോ കഴിയാത്ത ദൈവത്തിനോ, ദൂതനോ സാദ്ധ്യമായ കാര്യമല്ല. അതിനാൽ യഹോവയുടെ വാഗ്ദത്തം പോലെയും (ആവ, 18:18-19 – പ്രവൃ, 3:22-23), മോശെയുടെയും യെശയ്യാവിൻ്റെയും മീഖായുടെയും പ്രവചനം പോലെയും (ആവ, 18:15–പ്രവൃ, 7:37; യെശ, 7:14–മത്താ, 1:22-23; മീഖാ, 5:2–മത്താ, 2:6), പുതിയനിയമ രക്ഷയ്ക്കായി (മത്താ, 1:21) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ ഏകമനുഷ്യനാണ് യേശു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആയതും (പ്രവൃ, 2:36; പ്രവൃ, 5:30-31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും. (എബ്രാ, 7:26). [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം].
❽ ഏകപുരുഷനുമായുള്ള വിവാഹനിശ്ചയം:
☛ “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.” (2കൊരി, 11:2-4). പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവുമായിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (One Man) ആയിയിട്ടാണ്. പൗലൊസ് പറയുന്ന പുരുഷൻ ദൈവമല്ല; മനുഷ്യനാണ്. ഗ്രീക്കിലെ Aner എന്ന പദം മനുഷ്യരിലെ പുരുഷനെ കുറിക്കുന്ന പദമാണ്.
☛ പൗലൊസിൻ്റെ ഭയംപോലെ “ഏകപുരുഷനായ” (one Man) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകാനും, ഏകസത്യദൈവത്തെ തള്ളി മനുഷ്യനെ ദൈവമാക്കാനും, ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഉണ്ടായ വേറൊരു സുവിശേഷമാണ് ഇന്ന് പലരും വിശ്വസിക്കുന്നത്. ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷയെന്നുപോലും പലർക്കും അറിയില്ല: (റോമ, 5:15 – പ്രവൃ, 15:11). നമുക്ക് ഏകസത്യദൈവമായ പിതാവും നമ്മെ വിവാഹനിശ്ചയം ചെയ്ത ഏകപുരുഷനായ യേശുക്രിസ്തുവും ഉണ്ട്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:5-6; 1തിമൊ, 2:5-6). എന്നാൽ വൺനെസ്സുകാർ സത്യേകദൈവമായ പിതാവിനെ തള്ളി (യോഹ, 17:3); വിവാഹനിശ്ചയം ചെയ്ത പുരുഷനായ (Man) നസറായനായ യേശുവിനെ ഏകസത്യദൈവമാക്കി: (പ്രവൃ, 2:23). ട്രിനിറ്റി സത്യേകദൈവമായ പിതാവിനൊപ്പം, വിവാഹനിശ്ചയം ചെയ്ത പുരുഷനെയും (Man) ദൈവമാക്കി വിശ്വസിക്കുന്നു. യഹോവസാക്ഷികൾ വിവാഹനിശ്ചയം ചെയ്ത പുരുഷനെ (Man) മിഖായേൽ ദൂതൻ ആക്കി. മേല്പറഞ്ഞ മൂന്ന് ഉപദേശക്കാരും, തങ്ങളെ വിവാഹനിശ്ചയം ചെയ്ത പുരുഷനെ തള്ളിക്കളഞ്ഞു. ഒടുവിൽ എന്തുചെയ്യും?
❾ ഉപസംഹാരം:
☛ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെയും ദൈവം. എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവിൽ പലരും വിശ്വസിക്കുന്നത്. പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ വിശ്വാസികളിൽ പലരുടെയും ദൈവം. ത്രിത്വത്തിൽ വിശ്വസിക്കുന്നവർപോലും യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ തള്ളിയിട്ട്, “യേശു മാത്രം ദൈവം” എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്? പൗലൊസിനെപ്പോലും ലജ്ജിപ്പിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. [ട്രിനിറ്റിയുടെ ഉപദേശം കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല].
☛ പൗലൊസ് പഠിപ്പിച്ച ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതാണ് പലരുടെയും യഥാർത്ഥ പ്രശ്നം! അവൻ ആരാണെന്ന് അറിഞ്ഞാൽ, അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (Father, the only true God) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟[കാണുക:ക്രിസ്തുവിനെ അറിയുക, ദൈവഭക്തിയുടെ മർമ്മം]
2 thoughts on “പൗലൊസിന്റെ ദൈവവീക്ഷണം: ഒരു പഠനം”