ഇരുവരും ഒരു ദേഹമായിത്തീരും

ഇരുവരും ഒരു ദേഹമായിത്തീരും

“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക (ahad) ദേഹമായി തീരും.” (ഉല്പ, 2:24). “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു (heis) ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു (heis) ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 19:5,6)

എബ്രായയിലെ ഒന്നിനും (ahad) ഗ്രീക്കിലെ ഒന്നിനും (heis) ബഹുത്വമുണ്ട് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്നു കാണിക്കാൻ ത്രത്വക്കാർ എടുക്കുന്ന പ്രധാന വേദഭാഗമാണിത്. എന്താണിതിലെ വസ്തുതയെന്നു നോക്കാം:

വിവാഹബന്ധത്തിലൂടെ രണ്ടു വ്യക്തികൾ  ഒന്നാകുന്നതാണ് ഇവിടുത്തെ വിഷയം. സമൂഹത്തിൻ്റെ അംഗീകാരത്തോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ജീവിക്കുന്ന അവസ്ഥയാണ് വിവാഹം. ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പ്രയോഗം ശ്രദ്ധിക്കണം: ഇരുവരും ഒന്നാകുമെന്നല്ല; ഒരു ദേഹമാകും എന്നാണ്. ഇവിടെ ‘ഒരു ദേഹം’ എന്നു വിവക്ഷിക്കുന്നത് പുരുഷനെയും സ്ത്രീയേയുമല്ല; അവരുടെ ദാമ്പത്യത്തെ അഥവാ ഭാര്യാഭതൃബന്ധത്തെയാണ്. 

അതായത്, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ; യഥാർത്ഥത്തിൽ രണ്ടു മനുഷ്യർ ചേർന്ന് ഒരു മനുഷ്യൻ ആകുകയോ, രണ്ടു വ്യക്തികൾ ചേർന്ന് ഒരു വ്യക്തി ആകുകയോ ചെയ്യുന്നില്ല. അവർ എല്ലായ്പ്പോഴും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളും ആയിരിക്കും; അഥവാ ഇരുവർ തന്നെ ആയിരിക്കും. ‘ഒരു ദേഹം’ എന്നു പറഞ്ഞിരിക്കുന്നത്: അവരുടെ ദാമ്പത്യമാണ്. ദാമ്പത്യം (matrimony) ഏകമാണ്. ഇരുവർക്കും മനപ്പൊരുത്തം ഉള്ള കാലത്തോളം ‘ഒരു ദേഹം അഥവാ ഏക ദാമ്പത്യത്തിൽ’ അവർക്കു ജീവിക്കാം. മനപ്പൊരുത്തം നഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു ദേഹത്തിൽനിന്ന് അഥവാ ദാമ്പത്യത്തിൽ നിന്ന് വേർപിരിയാൻ വചനവും സമൂഹവും വ്യവസ്ഥ ചെയ്തിട്ടുണ്ട്: (5:31,32). 

മേല്പറഞ്ഞ വേദഭാഗത്ത് ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറയാതെ, ‘ഇരുവർ ഒന്നാകും’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഐക്യത്തിലുള്ള ഒന്നാണെന്നു പറയാം. അപ്പോൾത്തന്നെ അതിനൊരു വിപരീത വശംകൂടിയുണ്ട്: യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ഒരുമയോടെ കഴിഞ്ഞാൽ മാത്രമേ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയുകയുള്ളു. വിഘടിച്ചു കഴിയുന്ന രണ്ടുപേരാണെങ്കിൽ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയില്ല. എന്നാൽ ഒരു ദേഹമെന്ന ദാമ്പത്യബന്ധത്തിൽ അവർ വിഘടിച്ചുനിന്നാലും അവരെ ഒരു ദേഹമെന്നാണ് പറയുന്നത്. എന്തെന്നാൽ അവിടെ ഒന്നെന്നു പറഞ്ഞിരിക്കുന്നത് രണ്ടു മനുഷ്യരെയോ, വ്യക്തികളെയോ അല്ല; അവരുടെ ദാമ്പത്യത്തെയാണ്. അതുകൊണ്ടാണ് ‘ഇരുവരും ഒന്നാകും’ എന്നു പറയാതെ, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞിരിക്കുന്നത്. ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ, ‘ഒരു ദേഹത്തിൽ അഥവാ ദാമ്പത്യത്തിൽ’ എവിടെയാണ് ബഹുത്വവും ഐക്യവുമുള്ളത്? ദാമ്പത്യം ഒന്നു മാത്രമേയുള്ളു. ദാമ്പത്യമെന്ന സംവിധാനത്തിനകത്താണ് ഇരുവരുള്ളത്. അവർ ഐക്യത്തിൽ കഴിഞ്ഞാലും ഇല്ലെങ്കിലും ദാമ്പത്യത്തിനു ബഹുത്വവുമില്ല, ഐക്യവുമില്ല. ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഐക്യവും ഐക്യമില്ലായ്മയും ഉണ്ടാകുന്നത്. അതുകൊണ്ട് ഒന്നാകുന്ന ദാമ്പത്യത്തിനു യാതൊരു വ്യത്യാസവുമില്ല; അത് എല്ലായിപ്പോഴും ഒന്നുതന്നെ ആയിരിക്കും. 

ദൈവശാസ്ത്രം ഐക്യത്തിലുള്ള ഒന്നിനു തെളിവായിട്ട് ഇതുപോലെ പല ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്; ഒരു കുടുംബം അഥവാ വീട്, ബാങ്ക്, സ്ഥാപനം തുടങ്ങിയവ.

ഒരു കുടുബം അഥവാ ഒരു വീടെന്നു പറഞ്ഞാൽ, അത് ഒരു കുടുബം തന്നെയാണ്; അതിനു അതിൽത്തന്നെ ബഹുത്വമില്ല. കുടുംബമെന്ന സംവിധാനത്തികത്ത് പല വ്യക്തികൾ ഉണ്ടാകും; അപ്പോഴും കുടുംബത്തിന് ബഹുത്വം ഉണ്ടാകുന്നില്ല. ഒരു വീടിനെ നോക്കി ആരും ഐക്യത്തിലുള്ള വീടെന്നു പറയില്ല. ആ വീട്ടിലുള്ളവർ ഒരുമയോടെ കഴിയുന്നവരാണെങ്കിൽ, ആ വീട്ടുകാർ അഥവാ കുടുബത്തിലുള്ളവർ ഐക്യമുള്ളവരാണെന്നു പറയും. ഇനി, ആ വീട്ടിലുള്ളവരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചുപോയാൽ, അതൊരു കുടുംബമല്ലെന്ന് ആരെങ്കിലും പറയുമോ? അപ്പോഴും അതൊരു കുടുംബം അഥവാ വീട് തന്നെയായിരിക്കും. അതുപോലെ, ഒരു ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു ബാങ്കാണ്. ഒരു സ്ഥാപനത്തിൽ ഒരു ജോലിക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു സ്ഥാപനം തന്നെയാണ്. എന്തെന്നാൽ ഒരു വീടെന്നോ, ബാങ്കെന്നോ, സ്ഥാപനമെന്നോ പറയുന്നത്, അതിനുള്ളിലുള്ള മനുഷ്യരുടെ ബഹുത്വവും ഐക്യവും നോക്കിയിട്ടല്ല.  

അപ്പോൾ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാൽ ഐക്യത്തിലുള്ള ഒന്നിനു തെളിവുമല്ല ഒന്നിനു ബഹുത്വവും ഉണ്ടാകുന്നില്ല എന്നു നാം കണ്ടു. ഇനി പല വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ട്. യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” (യോഹ, 17:11). “നാം ഒന്നായിരിക്കുന്നപോലെ, അവരും ഒന്നാകേണ്ടതിന്നു, അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്നു” (യോഹ, 17:23). ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. അതുപോലെ ശിഷ്യന്മാരും ഒന്നാകാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് യേശു പ്രാർത്ഥിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന മനുഷ്യൻ ദൈവത്തെയും ചേർത്ത് “നമ്മെപ്പോലെ ഒന്നാകുക; നാം ഒന്നായിരിക്കുന്നപ്പോലെ” എന്നു പറഞ്ഞാൽ ഒന്നിനു ബഹുത്വമുണ്ടാകുമോ? പിതാവിൻ്റെയും പുത്രൻ്റെയും ഐക്യതയാണ് വിഷയം. ഒന്നെന്നു പറഞ്ഞിരിക്കുന്നത് അവരുടെ ഐക്യത്തെയാണ്. ഐക്യമെന്നാൽ; ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ‘ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; രണ്ടില്ല. പിതാവിനെയും പുത്രനെയും പോലെ ശിഷ്യന്മാരും ഒന്നായിരിക്കാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ശിഷ്യന്മാർ പന്ത്രണ്ടുപേർ ഉണ്ടെങ്കിലും അവരുടെ ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; അതിനു ബഹുത്വമില്ല. ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെയാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ഒരു ദൈവം ആയിരിക്കുന്നതെങ്കിൽ, ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാകകൊണ്ട് അവരെ പന്ത്രണ്ടുപേരെയും ചേർത്ത് ഒരു മനുഷ്യൻ എന്നു പറയേണ്ടിവരും. [ഞാനും പിതാവും ഒന്നാകുന്നു]

അതിനാൽ എഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നുള്ളത് ത്രിത്വത്തിൻ്റെ വ്യാജവ്യാഖ്യാനമാണെന്ന് മനസ്സിലാക്കാം. ഇനി, ഇവരുടെ ത്രിത്വോപദേശം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാകുമോ എന്നു നോക്കാം: 

ദൈവശാസ്ത്രം പറയുന്ന ത്രിത്വപ്രകാരം: പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്.

പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്.

ത്രിത്വത്തിലെ ഓരോരുത്തരും നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. അതായത് മൂവരും ദൈവമാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. എന്നുപറഞ്ഞാൽ, നിത്യരും വ്യത്യസ്തരുമാണ് മൂന്നുപേരാണുള്ളത്. അതായത്, ഒരിക്കലും ഒന്നാകാത്ത മൂന്നു ദൈവമാണ് ത്രിത്വത്തിനുള്ളതെന്നുവരും.

ഈ പ്രയാസവശത്തെ തരണംചെയ്യാൻ പണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുത്തിഞ്ഞ പ്രയോഗമാണ്, “സാംരാശത്തിൽ ഒന്നു” അതായത്, മൂന്നു ദൈവം സാരാശത്തിൽ ഒന്നാകുന്നു. “സാരാംശത്തിൽ ഒന്നെന്ന” പ്രയോഗം ലോകത്തൊരിടത്തും ഉള്ളതല്ല. ത്രിത്വദൈവശാസ്ത്രം മാത്രം പഠിപ്പിക്കുന്നൊരു വഞ്ചനാ പ്രയോഗമാണത്.

ഇനി, സാംരാംത്തിൽ മൂവരും ഒരു ദൈവം ആകുമെങ്കിൽ; നിത്യരും വ്യത്യസ്തരുമായ മൂവരുടെയും അസ്തിത്വമെന്താണ്?

അതായത്, സാരാംശത്തിൽ ഒരു ദൈവമാണെന്ന് ത്രിത്വം പറയുമ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായി നിലകൊള്ളുകയാണ്.

അപ്പോൾ ത്രിത്വത്തിലെ ഓരോരുത്തരുടെയും അസ്തിത്യമെന്താണ്???… അസ്തിത്വത്തിൽ അവർ മൂവരും ദൈവമാണ്. അതായിരിക്കണമല്ലോ വസ്തുത.

നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ സാരാംശത്തിൽ ഒന്നാകുമ്പോൾ, അതിൽ ഓരോരുത്തരുടെയും അസ്തിത്വം ദൈവം ആകണമെങ്കിൽ, പിതാവ് മൂന്നിലൊന്നു ദൈവം; പുത്രൻ മൂന്നിലൊന്നു ദൈവം; പരിശുദ്ധാത്മാവ് മൂന്നിലെന്നു ദൈവം സമം സാരാശത്തിൽ ഒരു ദൈവം. ⅓ + ⅓ +⅓ = 1 ഇതാണ് ത്രിത്വം.

ദൈവം ഒന്നാണെങ്കിൽ അതിലുള്ള ഓരോരുത്തരും “മൂന്നിലൊന്നു ദൈവം” മാത്രമായിരിക്കു. അല്ലാതെങ്ങനെ സാരാശത്തിൽ ഒരു ദൈവം ആകാൻ പറ്റും? ഇങ്ങനെയൊരു ത്രിത്വം ബൈബിളിലുണ്ടോ? ഇല്ല.

ഇനി, മൂവരും പൂർണ്ണദൈവം ആകണമെങ്കിൽ “സാരാംശത്തിലൊന്നു” തോട്ടിൽക്കളഞ്ഞിട്ട് ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കണം.

നിലവിൽ മൂന്നു പൂർണ്ണദൈവങ്ങളുള്ള നിങ്ങളുടെ ത്രിത്വം അഥവാ ത്രിമൂർത്തി, ബഹുദൈവദുരുപദേമാണ്.

എന്നാൽ, നിങ്ങളുടെ ദൈവശാസ്ത്ര വ്യാഖ്യാനപ്രകാരമുള്ള ത്രിത്വത്തിൽ മൂന്നിലൊന്നു ദൈവങ്ങളാണുള്ളത്. അതുമൊരു കൂതറ വ്യാഖ്യാനവും വിശ്വാസവുമാണ്. ഈവക കൾട്ടുപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ല. അത് നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലുടെ ഉപയിയായ സർപ്പം നുഴയിച്ചുകയറ്റിയ വഞ്ചന മാത്രമാണ്.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God, യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God, യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10) ദൈവപുത്രൻ പറയുന്നു.

ദൈവം ഒരുത്തൻ മാത്രമാണെന്നും (റോമ, 16:26; 1തിമൊ, 1:17; 6:15; യൂദാ, 1:4; 1:24; വെളി, 15:4) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാർ പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11)

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). എന്ന് യഹോവയായ ദൈവം പറയുന്നു.

യഹോവ ഒരുത്തൻ മാത്രം ദൈവമെന്നും (ആവ, 32:39; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:6; 44:8; 45:5; 45:21; 45:22; 46:8), യഹോവയ്ക്ക് സമനും സദൃശ്യനുമില്ലെന്നും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവെന്നും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24) പഴയനിയമ ഭക്തന്മാരും പറയുന്നു.

യഹോവയായ ദൈവത്തെയും ദൈവപുത്രനായ യേശുവിനെയും പഴയനിയമഭക്തന്മാരെയും അപ്പൊസ്തലന്മാരെയും കള്ളന്മാരും നുണയന്മാരും വഞ്ചകന്മാരുമാക്കിയ ഉപദേശമാണ് ത്രിത്വം. ബൈബിളിൽ സിംഗിൾ തെളിവുപോലും ത്രിത്വത്തിനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രിത്വമാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ദൈവത്തിൻ്റെ ഏഴ് ആത്മാവിനുനേര കണ്ണടച്ചുകളയുന്നു: (വെളി, 1:4; 3:1). അതാണ് ത്രിത്വവിശ്വാസം.

ആദാമും ഹവ്വായും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളുമാണ്; ദാമ്പത്യമെന്ന സംവിധാനത്തിലാണ് ആവർ ഒന്നായിരിക്കുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഇനി, ആദാമും ഹവ്വായും ഐക്യത്തിൽ ഒന്നിനു തെളിവാണെന്ന ത്രിത്വക്കാരുടെ വ്യാജംപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നു പറയണമെങ്കിൽ, ആദാമും ഹവ്വായും ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നു പറഞ്ഞിരിക്കുന്നപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ‘ഒരു ദേഹമായിത്തീരും’ എന്നോ, മൂവരും ഒന്നാണെന്നോ, ഒന്നാകുമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകണം. എന്നാൽ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ആദവും ഹവ്വായും ‘ഇരുവരും ഒരു ദേഹമായി തീരും’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിൽ ഏകനാണെന്നു പറയാൻ കഴിയും? ഇവരുടെ ഉദാഹരണങ്ങൾ പോലെ, മൂന്നു ദൈവവ്യക്തികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നോ, ഒരു ബാങ്കോ, പ്രസ്ഥാനമോ, സ്ഥാപനമോ പോലെയോ പ്രവർത്തിക്കുന്നവരാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അപ്പോൾ അതും ചീറ്റിപ്പോയി.

ദൈവം സാരാശത്തിൽ ഒന്നാണെന്നു ബൈബിൾ പറയുന്നുണ്ടോ? ഇല്ല. എന്താണ് ഈ സാരാംശം അഥവാ essence? 

ഇവരുടെ ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിച്ചിട്ടുണ്ട്: ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണം: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.

അല്ല, ഒന്നു ചോദിക്കട്ടെ; ദൈവത്തെ ഒരു വർഗ്ഗമായിട്ടാണോ നിങ്ങൾ കാണുന്നത്? ദൈവം ഏകനാണെങ്കിൽ പിന്നെങ്ങനെ ദൈവം ഒരു വർഗ്ഗമാണെന്നു പറയും? വസ്തുക്കളുടെയോ, വ്യക്തികളുടെയോ, ജന്തുക്കളുടെയോ, പക്ഷിക്കളുടെയോ, പഴങ്ങളുടെയോ പ്രത്യേക കൂട്ടത്തെയാണ് വർഗ്ഗമെന്ന് പറയുന്നത്.

ഇവരുടെ സാരാംശമെന്ന വ്യാഖ്യാനംതന്നെ ബഹുദൈവവിശ്വാസമാണ്. അതായത്, ദൈവവർഗ്ഗത്തെ (ദൈവങ്ങളുടെ കൂട്ടത്തെ) മനുഷ്യവർഗ്ഗത്തിൽ നിന്നും ദൂതവർഗ്ഗത്തിൽനിന്നും വേർതിരിക്കുന്നതാണ് സാരാംശമെന്നാണ് ദൈവശാസ്ത്രം പറയുന്നത്.

ദുരുപദേശത്തിൽ ചോദ്യമില്ല. അതെന്തെങ്കിലുമാകട്ടെ, എന്താണ് ദൈവത്തിൻ്റെ സാരാംശമെന്ന് ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്: നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ഇവയാണ് സാരാശം.

ഈ നാലു ഗുണങ്ങളും മൂന്നുപേർക്കും ഒരുപോലെയുണ്ടെന്നല്ലേ മുകളിൽ പറഞ്ഞത്. അതായത്, നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരുമായ മൂന്നു ദൈവങ്ങൾ നിങ്ങൾക്കുണ്ടല്ലോ? അവരെങ്ങനെ ഒന്നാകും?

അതിനും ദൈവശാസ്ത്രത്തിൽ ഉത്തരമുണ്ട്: “ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളു; അത് സമ്പൂർണ്ണമാണ്.”

അപ്പോൾ ആദ്യം പറഞ്ഞതൊക്കെ തെറ്റാണല്ലോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരും. വ്യത്യസ്തരുമായ മൂന്നു ദൈവവ്യക്തികളാണെന്നു ആദ്യം പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെന്നു ഇപ്പോൾ പറയുന്നു. അതായത്, മൂവർക്കും കൂടി ഒരു നിത്യത്വവും ഒരു സർവ്വജ്ഞതയും, ഒരു സർവ്വവ്യാപകത്വവും ഒരു സർവ്വശക്തിയുമാണ് ഉള്ളതെന്ന് പറയുന്നു. അപ്പോൾ ത്രിത്വോപദേശം അതിൽത്തന്നെ പരസ്പരവിരുദ്ധമായി.

വ്യക്തമാക്കാം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടി ഒരു നിത്യത്വവും സർവ്വജ്ഞതയും സർവ്യാപകത്വവും സർവ്വശക്തിയുമാണ് ഉള്ളത്. അതാണ് സാരാംശത്തിൽ ഒന്നെന്നു ത്രിത്വം പറയുന്നത്. അപ്പോൾത്തന്നെ ഇവർ ഭിന്ന വ്യക്തികളുമാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. വ്യത്യസ്തരായ മൂന്നു വ്യക്തികൾക്കും കൂടി ഒരു നിത്യത്വവും സർവജ്ഞതയും സർവ്വവ്യാപകത്വവും സർവ്വശക്തിയും മതിയാകുമോ? പോര. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറഞ്ഞാൽ ഇവർ ഒരിക്കലും ഒന്നാകാത്തവരാണ് പിന്നെങ്ങനെ സാരംശത്തിൽ ഒന്നാകും? മൂവരും വ്യത്യസ്തരായി നിന്നാൽ ഇവരുടെ സാരാംശം വിഭജിക്കപ്പെടും. പിതാവിന് തന്നിൽത്തന്നെയോ, പുത്രന് തന്നിൽത്തന്നെയോ, പരിശുദ്ധാത്മാവിന് തന്നിൽത്തന്നെയോ പൂർണ്ണ നിത്യത്വവും പൂർണ്ണ സർവജ്ഞതയും പൂർണ്ണ സർവ്വവ്യാപകത്വവും പൂർണ്ണ സർവ്വശക്തിയും ഉണ്ടാകില്ല. ഓരോരുത്തർക്കും മൂന്നിലൊന്നു () സാരാംശമാണ് ഉണ്ടാകുക. അപ്പോൾ, വിഭജിക്കപ്പെടാൻ പാടില്ലെന്നു ത്രിത്വം പഠിപ്പിക്കുന്ന സാരാംശം വിഭജിക്കപ്പെടുകയും മൂവരും പൂർണ്ണദൈവം അല്ലാതാകുകയും ചെയ്യും. 

ഉദാഹരണത്തിന്: മൂന്നു ദൂതന്മാർക്കുകൂടി ഒരൊറ്റ ശക്തിയും ഒരൊറ്റ ബുദ്ധിയുമാണ് ദൈവം കൊടുത്തിരിന്നതെങ്കിൽ. അവർ തന്നിൽത്തന്നെ പൂർണ്ണ ശക്തരും പൂർണ്ണ ബുദ്ധിയുള്ളവരും ആകില്ല. ഒരാൾക്ക് മൂന്നിലെന്നു ശക്തിയും ബുദ്ധിയും വീതമാണ് ഉണ്ടാകുക. അതുപോലെ മൂന്നു മനുഷ്യർക്കു കൊടുത്താലും ഓരോരുത്തർക്കും മൂന്നിലൊന്നു കഴിവാണ് ഉണ്ടാകുക. അതുപോലെ തന്നെയാണ് ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും. സർവ്വശക്തി വിഭജിക്കപ്പെട്ടാൽ മൂവരും സർവ്വശക്തരല്ലാതാകുമെന്ന് ദൈവശാസ്ത്രംതന്നെ പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ, മൂവർക്കും തന്നിൽത്തന്നെ സാരാംശത്തിലെ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഉദാഹരണത്തിന് വ്യത്യസ്തരായ മൂന്നുപേർക്കും തന്നിൽത്തന്നെ സർവ്വശക്തി ഉണ്ടാകണം. എന്നാൽ സർവ്വശക്തിയാകട്ടെ ഒന്നേയുള്ളു. അതിനെ മൂന്നായിട്ട് വിഭജിക്കപ്പെടാതെ വ്യത്യസ്തരായ മൂന്നുപേർക്ക് ഉണ്ടാകില്ല. ഒന്നെങ്കിൽ മൂവരിൽ ഒരാളാണ് സർവ്വശക്തൻ; അല്ലെങ്കിൽ മൂവരും സർവ്വശക്തരല്ല. 

എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വവും ചതുർത്വവും ഒന്നുമല്ല; ഒരുത്തൻ മാത്രമാണ്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവരും ഏകദൈവവിശ്വസത്തെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവരും ഒരിക്കൽപ്പോലും ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.

ഇതും കാണുക: ദൈവം ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതാണ് ബൈബിളിലെ ഏകസത്യദൈവം. ഈ ഏകദൈവത്തെയാണ് ത്രിത്വം ഒരു സാരാശത്തിലെ മൂന്നു വ്യത്യസ്ത ദൈവവ്യക്തികൾ അഥവാ മൂന്നു ഛിന്നദൈവങ്ങൾ ആക്കിയത്.

ഒരു സാരാംശത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികൾ അഥവാ ഛിന്നദൈവങ്ങളുള്ള ത്രിത്വവും മൂന്നു പൂർണ്ണദൈവങ്ങളുണ്ടെന്നു പറയുന്ന ത്രിത്വവും അഥവാ ത്രിമൂർത്തിവിശ്വാസവും ബഹുദൈവദുരുപദേശമാണ്. നിങ്ങൾ പഠിപ്പിക്കുന്ന: ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, സാരാശത്തിലൊന്ന്, നിത്യപുത്രൻ, മൂന്നാളത്തം, മൂന്നു വ്യക്തികൾ, സമനിത്യത, അവതാരം തുടങ്ങി യാതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിപോലും നിങ്ങൾക്ക് അറിയില്ലെന്നതാണ് വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കൂടുതൽ അറിയാൻ കാണുക: ദൈവം ഏകനോ ത്രിത്വമോ? ഏകദൈവവും പ്രത്യക്ഷതകളും]

മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?

മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?

“അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.” (മർക്കൊ, 14:61-64; മത്താ, 26:63-65)

യേശുവിൻ്റെ വിസ്താരവേളയിൽ മഹാപുരോഹിതനായ കയ്യഫാവിൻ്റെ ചോദ്യവും യേശുവിൻ്റെ മറുപടിയും മഹാപുരോഹിതൻ്റെ പ്രതികരണവുമാണ് മേല്പറഞ്ഞ വേദഭാഗത്തുള്ളത്. “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” ഇതാണ് മഹാപുരോഹിതൻ്റെ ചോദ്യം. “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നായിരുന്നു യേശുവിൻ്റെ മറുപടി. “അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ.” ഇങ്ങനെയാണ് മഹാപുരോഹിതൻ പ്രതീകരിച്ചത്. അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി മഹാപുരോഹിതൻ ന്യായപ്രമാണപ്രകാരം വസ്ത്രം കീറാൻ പാടില്ല: (ലേവ്യ, 21:10; 10:6). പിന്നെ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്? ഉത്തരം അവിടെത്തന്നെയുണ്ട്: “നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ.” യേശു പറഞ്ഞത് മഹാപുരോഹിതൻ ദൈവദൂഷണമായി മനസ്സിലാക്കിയതിനാലാണ് താൻ വസ്ത്രം കീറിയത്. ആത്മീയമായി പൗരോഹിത്യശുശ്രൂഷ നീങ്ങിപ്പോയതിനെയും വസ്ത്രം കീറിയത് കാണിക്കുന്നു. പഴയനിയമത്തിൽ പുരോഹിതന്മാരാരും വസ്ത്രം കീറിയിട്ടില്ലെന്നതും യേശുവിൻ്റെ മരണത്തിൽ ദൈവാലയത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയതും കുറിക്കൊള്ളുക: (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).

‘നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ’ ഇതാണ് മഹാപുരോഹിതൻ്റെ ചോദ്യം. ‘ഞാൻ ആകുന്നു’ എന്നാണ് യേശുവിൻ്റെ ആദ്യമറുപടി. ‘ഞാൻ ആകുന്നു’ എന്നത് ‘അതേ ഞാൻതന്നെയാണ് ദൈവപുത്രനായ ക്രിസ്തു’ എന്ന സാധാരണ അർത്ഥമാണ് ഉള്ളതെങ്കിൽ അത് ദൈവദൂഷണമാകുമോ? ഇല്ല. പലവിധത്തിൽ നമുക്കത് മനസ്സിലാക്കാം: ഒന്ന്; അക്കാലത്ത് യേശു ദൈവപുത്രനാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ (മത്താ, 3:17) യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർക്കെല്ലാവർക്കും യേശു ദൈവപുത്രനാണെന്ന് അറിയാമായിരുന്നു: (മത്താ, 14:33; 16:16). ദൈവാലയത്തിലെ തൻ്റെ പ്രഭാഷണത്തിൽ പരസ്യമായിട്ടും (യോഹ, 5:25; 10:36) ദൈവാലയത്തിൽവെച്ചു പിറവിക്കുരുടനോടും (യോഹ, 9:35) ലാസറിൻ്റെ വീട്ടിൽവെച്ചും താൻ ദൈവപുത്രനാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 11:4).

രണ്ട്; യേശു ക്രിസ്തുവാണെന്നും അക്കാലത്തുള്ളവർക്ക് അറിയാമായിരുന്നു. ഇടയന്മാരോട് ദൂതൻ പറഞ്ഞത്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” എന്നാണ്: (ലൂക്കോ, 2:11). കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു അരുളപ്പാടു ലഭിച്ച ശിമ്യോൻ അവനെ കാണുകയും അറിയുകയും ചെയ്തു: (ലൂക്കൊ, 2:26-32). പ്രവാചകിയായ ഹന്ന ക്രിസ്തുവിനെ അറിയുകയും അവനെക്കുറിച്ച് എല്ലാവരോടും പ്രസ്താവിക്കുകയും ചെയ്തു: (ലൂക്കൊ, 36:38). വിദ്വാന്മാർ അവനെ അന്വേഷിച്ചുവന്നപ്പോൾ ക്രിസ്തു ജനിച്ചതായി ഹെരോദാവിനു മനസ്സിലായി: (മത്താ, 2:1-5). സ്നാപകൻ ക്രിസ്തുവിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരുന്നു; (യോഹ, 3:28). ശിഷ്യന്മാരായിരുന്ന യോഹന്നാൻ അന്ത്രെയാസ്, പത്രൊസ് തുടങ്ങിയവർക്ക് സ്നാപകൻ്റെ സാക്ഷ്യത്താൽ യേശു ക്രിസ്തുവാണെന്ന് ആദ്യംമുതലേ അറിഞ്ഞിരുന്നു: (യോഹ, 1:41). ഭൂതഗ്രസ്തന്മാർ ക്രിസ്തുവാണെന്ന് അറിയുകയും വിളിച്ചുപറയുകയും ചെയ്തിരുന്നു: (ലൂക്കൊ, 4:41). ശമര്യയിലെ സ്ത്രീയോടു യേശു താൻ മശീഹയാണെന്നു പറഞ്ഞു; അവളുടെ സാക്ഷ്യംനിമിത്തം മറ്റുള്ളവരും അറിഞ്ഞു: (4:25-42). ജനങ്ങളിൽ പലരും ക്രിസ്തുവാണെന്ന് വിശ്വസിച്ചിരുന്നു: (യോഹ, 7:41). ശിഷ്യന്മാർക്ക് എല്ലാവർക്കും യേശു ക്രിസ്തുവാണെന്ന് അറിയാമായിരുന്നു: (മത്താ, 16:16,20; മർക്കൊ, 8:29; ലൂക്കൊ, 9:20). 

അപ്പോൾ, യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച സ്നാനം മുതൽ അവൻ്റെ സാക്ഷ്യംനിമിത്തം യേശു ദൈവപുത്രനും ക്രിസ്തുവുമാണെന്ന് എല്ലാവരും അറിഞ്ഞിരുന്നു: (യോഹ, 1:34; 3:28). സ്നാനസ്ഥലത്ത് യെരൂശലേമ്യരും യെഹൂദ്യ ദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പരീശന്മാരും സദുക്യരും ചുങ്കക്കാരും പടജ്ജനവും പുരോഹിതന്മാരും ലേവ്യരുമുണ്ടായിരുന്നു; അവരോടാണ് യോഹന്നാൻ സാക്ഷ്യം പറഞ്ഞത്: (മത്താ, 3:5,7; ലൂക്കൊ, 3:7,12,14; യോഹ, 1:19). ഭൂതഗ്രസ്തരും അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്നു വിളിച്ചുപറഞ്ഞിരുന്നു: (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28). അതൊന്നും രഹസ്യത്തിൽ സംഭവിച്ചതല്ല. താൻ ദൈവപുത്രനാണെന്ന് യേശു ദൈവാലയത്തിൽവെച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:25; 10:36). അതിനാൽ സ്നാപകൻ്റെ സാക്ഷ്യം മുതൽ യേശു ദൈവപുത്രനാണെന്നും ക്രിസ്തുവാണെന്നും അക്കാലത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു; (യോഹ, 1:19-28). യെഹൂദാ പ്രമാണിമാർക്കും അതറിയാമായിരുന്നു എന്നതിൻ്റെ തെളിവാണ് യേശുവിനെ ക്രിസ്തുവെന്ന് ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടനാകണമെന്ന് അവർ തമ്മിൽ പറഞ്ഞൊത്തിരുന്നത്. (യോഹ, 9:22). എന്നാൽ പ്രമാണിമാരുടെ ദുഷ്ടഹൃദയം അവനെ ദൈവപുത്രനായോ ക്രിസ്തുവായോ അംഗീകരിക്കുവാൻ കൂട്ടാക്കിയിരുന്നില്ല എന്നതൊരു വസ്തുതയാണ്.

മൂന്ന്; ദൈവത്തിന് പല പുത്രന്മാരും ക്രിസ്തുക്കൾ അഥവാ മശീഹമാരും ഉള്ളതായിട്ട് പഴയനിയമത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവപുത്രന്മാർ: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6; ദാനീ, 3:25), ആദാം (ലൂക്കൊ, 3:38). ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4) ഉല്പത്തിയിൽ പറയുന്ന ദൈവത്തിൻ്റെ പുത്രന്മാർ ശേത്തിൻ്റെ പരമ്പരയാണെന്ന് കരുതപ്പെടുന്നു, യിസ്രായേൽ (പുറ, 4:22), എഫ്രയീം. (യിരെ, 31:9). മശീഹമാർ അഥവാ അഭിഷിക്തന്മാർ: അഹരോൻ (പുറ, 40:13-16; ലേവ്യ, 8:12), നാദാബ് (പുറ, 40:13-16; സംഖ്യാ, 3:2,3), അബീഹൂ (പുറ, 40:13-16; സംഖ്യാ, 3:2,3), എലെയാസാർ (പുറ, 40:13-16; സംഖ്യാ, 3:2,3), ഈഥാമാർ (പുറ, 40:13-16; സംഖ്യാ, 3:2,3), ശൗൽ (1ശമൂ, 10:1), ദാവീദ് (1ശമൂ, 16:13), ശലോമോൻ (1രാജാ, 1:39), എലീശ (1രാജാ, 19:16). ദൈവത്തിന് അനേകം പുത്രന്മാരും മശീഹമാരും ഉള്ളപ്പോൾ, യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന മനുഷ്യൻ താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? സൃഷ്ടികൾക്കെതിരെ പറയുന്നതല്ല; സ്രഷ്ടാവായ ദൈത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ദൈവപുത്രന്മാരും ക്രിസ്തുക്കളും ദൈവത്തിൻ്റെ സൃഷ്ടികളാണ്. ദൈവപുത്രനെന്നതും ക്രിസ്തു എന്നതും ദൈവത്തിൻ്റെ പദവിയല്ല; മനുഷ്യരുടെ പദവിയാണ്. അതിനാൽ, യേശുവെന്നല്ല, ഏതൊരു മനുഷ്യൻ ആ പദവിയെടുത്താലും അത് ദൈവദൂഷണമാകില്ല.

നാല്; ദൈവത്തിന് അനേകം പുത്രന്മാരും ക്രിസ്തുക്കളും ഉണ്ടെന്നതു മാത്രമല്ല; യിസ്രായേൽ തന്നെ ദൈവത്തിൻ്റെ ക്രിസ്തുവും (1ശമൂ, 2:35; സങ്കീ, 132:10) ദൈവപുത്രനുമാണ്. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ (my son) എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേല്യരുടെ പിതാവാണ് ദൈവം: (ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). കൂടാതെ, ദൈവത്തിൻ്റെ അരുളപ്പാട് ലഭിച്ച ജനമെന്ന നിലയിൽ അവരെ ദൈവങ്ങൾ അഥവാ എലോഹീം എന്നും വിളിച്ചിട്ടുണ്ട്. (സങ്കീ, 82:6; യോഹ, 10:34,35). യിസ്രായേൽ ജനതതന്നെ ദൈവത്തിൻ്റെ പുത്രനും ക്രിസ്തുവും ദൈവവും ആണെങ്കിൽ, യിസ്രായേലിൽ യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ വംശത്തിൽ ജനിച്ച യേശു താൻ ദൈവപുത്രനായ ക്രിസ്തു ആണെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? മഹാപുരോഹിതൻ എന്തിനു വസ്ത്രം കീറണം? അപ്പോൾ മഹാപുരോഹിതൻ ദൈവദൂഷണം അവൻ്റെമേൽ ആരോപിച്ച് തൻ്റെ വസ്ത്രം കീറിയത് അവൻ ദൈവപുത്രനായ ക്രിസ്തു എന്നറിഞ്ഞതുകൊണ്ടല്ല. 

അഞ്ച്; ത്രിത്വം വിചാരിക്കുന്നതുപോലെ, ദൈവത്തോടു സമനായ, ദൈവമായ ഒരു ദൈവപുത്രൻ ബൈബിളിലില്ല; യെഹൂദന്മാർ അങ്ങനെ വിശ്വസിക്കുന്നുമില്ല. ബൈബിൾ വെളിപ്പെടുത്തുന്ന പുത്രന്മാരൊക്കെ (ദൂതന്മാരൊഴികെ) എല്ലാവരും മനുഷ്യരാണ്. യേശുവും ഐഹിക ജീവിതത്തിൽ പാപമറിയാത്ത മനുഷ്യനായിരുന്നു. യേശുവിനു ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെന്നും അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നും ത്രിത്വം പഠിപ്പിക്കുന്നത് വ്യാജമാണ്. ക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; അവൻ നിത്യപുത്രനുമല്ല. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു വിശുദ്ധപ്രജ അഥവാ ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:15,16). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40; 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ സ്നാനമേല്ക്കുമ്പോൾ (ലൂക്കൊ, 3:23), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതകാലത്തിലെ ചരിത്രത്തെക്കുറിച്ചല്ല; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ അവൻ ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും, ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നീ പ്രവചനങ്ങളുടെ അർത്ഥമെന്താണ്? തൻ്റെ ഐഹികജീവിതത്തിൽ മൂന്നരവർഷം മാത്രമാണ് താൻ ദൈവപുത്രനും ക്രിസ്തുവും ആയിരുന്നത്; അതിനാൻ ദൈവപുത്രനെന്നതും ക്രിസ്തുവെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ രണ്ടെണ്ണമാണെന്നു മനസ്സിലാക്കാം. ദൈവം ഒരുത്തൻ മാത്രമാണെന്നും ദൈവപുത്രൻ, ദൈവപുത്രന്മാർ എന്നൊക്കെ പറഞ്ഞിരിക്കുന്നത് മനുഷ്യരെയാണെന്നും മഹാപുരോഹിതനും അറിയാമായിരുക്കുമല്ലോ; പിന്നെന്തിനു  വസ്തം കീറണം?

യേശുവിൻ്റെ വിസ്താരവേളയിൽ “അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു” എന്നു യെഹൂദന്മാർ പീലാത്തൊസിനോടു പറയുന്നുണ്ട്: (യോഹ, 19:7). അത് യേശുവിനെതിരെയുള്ള കള്ളസാക്ഷ്യം മാത്രമാണെന്നു രണ്ടുമൂന്നു കാര്യങ്ങൾ ചിന്തിച്ചാൽ മനസ്സിലാകും. 1. യേശു തന്നെത്താൻ ദൈവപുത്രനാക്കിയതല്ല; ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ദൈവദൂതൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവമാണ് “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പറഞ്ഞത്: (മത്താ, 3:17; ലൂക്കൊ, 1:32,35). അതുകേട്ട യോഹന്നാൻ സ്നാപകനാണ് അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്നു യെഹൂദന്മാരോടു ആദ്യം സാക്ഷ്യം പറഞ്ഞത്: (യോഹ, 1:34; 3:28). 2. തന്നെത്താൻ ദൈവപുത്രനാക്കുന്നവൻ മരണശിക്ഷ ഏല്ക്കണമെന്നൊരു കല്പന ന്യായപ്രമാണത്തിലില്ല; അത് ദൈവദൂഷണവുമല്ല. ബൈബിളിലെ ദൈവപുത്രന്മാരൊക്കെ മനുഷ്യരായിരിക്കെ, അതെങ്ങനെ ദൈവദൂഷണമാകും? തന്നെത്താൻ ദൈവത്തോടു സമനാക്കുകയോ, ദൈവമാക്കുകയോ ചെയ്യുന്നതാണ് ദൈവദൂഷണം. 3. ത്രിത്വം വിശ്വസിക്കുന്നപോലെ ദൈവത്തിൽ സമന്മാരായ പല വ്യക്തികളുണ്ടെന്നു യെഹൂദന്മാർ വിശ്വസിക്കുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം. അവന് സദൃശനായോ, സമനായ മറ്റൊരുത്തൻ ഇല്ലെന്നാണ് അവരുടെ വിശ്വാസം: (യെശ, 40:5). അവരെ സംബന്ധിച്ച് ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). അതിനാൽ തന്നെത്താൻ ദൈവപുത്രനാക്കിയാലും അത് കൊല്ലപ്പെടുവാനുള്ള കാരണമല്ല. 4. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ പല കള്ള സാക്ഷികളെയും കൊണ്ടുവന്നെങ്കിലും ഒന്നും പറ്റിയില്ലെന്നാണ് കാണുന്നത്: (മത്താ, 26:59,60). ഇവൻ ഞങ്ങളുടെ ജാതിയെ മച്ചുകളയുമെന്നും കൈസർക്കു കരം കൊടുക്കുന്നതു വിരോധിച്ചുവെന്നും അവർ കള്ളം പറഞ്ഞു: (ലൂക്കോ, 23:2). കൈസർക്ക് കരം കൊടുക്കുന്നത് യേശു വിരോധിച്ചില്ലെന്ന് മാത്രമല്ല; കൈസർക്കുള്ളതു കൈസർക്കു കൊടുക്കാൻ കല്പിക്കുകയാണ് ചെയ്തത്: (മത്താ, 22:21). അതിനാൽ അവർ അവൻ്റെമേൽ ആരോപിച്ചതെല്ലാം വ്യാജമാണെന്ന് വ്യക്തം.

ആറ്, ക്രിസ്തു അഥവാ മശീഹ എന്നാൽ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. തൻ്റെ ശുശ്രൂഷകൾക്കായി ദൈവം മനുഷ്യർക്കു നല്കുന്ന ഔദ്യോഗിക നിയമനകർമ്മമാണ് അഭിഷേകം. അഥവാ ബലഹീനനായ മനുഷ്യനെ ദൈവത്തിൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികളും ബലഹീനതകളും യേശുവിനുമുണ്ടായിരുന്നു: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). “യേശുവിനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കോ, 22:43). അതുകൊണ്ടാണ് ദൈവം യേശുവിനെ അഭിഷേകം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27). യേശുവിനെ കൂടാതെ പേർ പറയപ്പെട്ടിരിക്കുന്ന പതിനെട്ട് അഭിഷിക്തന്മാർ പഴയനിയമത്തിലുണ്ട്. അഭിഷിക്തന്മാർ മനുഷ്യരാണെന്നു മഹാപുരോഹിതനും അറിയാമല്ലോ; പിന്നെന്തിനു ദൈവദൂഷണം ആരോപിച്ചുകൊണ്ടു വസ്ത്രം കീറണം? [കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?, ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും, മശീഹമാർ]

ഏഴ്; ഇനി, യേശുവിൻ്റെ മറുപടിയുടെ അടുത്ത ഭാഗം നോക്കാം: ‘ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.’ മനുഷ്യപുത്രൻ, ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക, ആകാശമേഘങ്ങളെ വാഹനമാക്കി വരിക എന്നീ പദവികൾ പഴയനിയമത്തിൽ ദൈവപുത്രനായ യിസ്രായേലിന്റെ പദവിയാണ്. മനുഷ്യപുത്രൻ: ദൈവം തൻ്റെ ബലമുള്ള കൈകകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: 8:4; 136:11,12; 144:3). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനൻ: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1. ഒ.നോ: 80:17). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്നത് യിസ്രായേലിന്റെ പദവിയാണ്. ദൈവം യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ (പ്രവൃ, 1:5), യിസ്രായേലിന്റെ ശത്രുക്കളെ ദൈവം അവൻ്റെ പാദപീഠമാക്കി കൊടുക്കുവോളം അവനെ തന്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്. (സങ്കീ, 8:6,7; 110:1). ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ: ദാനീയേൽ പ്രവചനത്തിൽ ആകാശമേഘങ്ങളെ വാഹനമാക്കി വന്ന് വയോധികനിൽനിന്നു രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്: (ദാനീ, 7:13. ഒ.നോ: 7:18,21,27). പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. യേശുക്രിസ്തു മഹാപുരോഹിതനോടു പറയുന്ന; മനുഷ്യപുത്രൻ എന്നതും സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുക എന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുക എന്നതും യിസ്രായേലിന്റെ പദവികളാണ്. ഭാവിയിൽ ആ പദവികൾ യേശുക്രിസ്തുവിലൂടെ യിസ്രായേലിന് നിവൃത്തിയാകുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താനങ്ങനെ പറഞ്ഞത്. അതിനാൽ, അതും ദൈവദൂഷണമാകില്ല. പിന്നെന്തിനാണ് ദൈവദൂഷണമാരോപിച്ച് മഹാപുരോഹിതൻ വസ്ത്രം കീറിയത്? [കാണുക: എട്ടാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, ദൈവത്തിന്റെ വലത്തുഭാഗം, ദാനീയേലിലെ മനുഷ്യപുത്രൻ]

നസറായനായ യേശുവെന്ന മനുഷ്യൻ ദൈവപുത്രനോ, ക്രിസ്തുവോ ആണെന്നു മഹാപുരോഹിതൻ വിശ്വസിച്ചിരുന്നില്ല; അല്ലെങ്കിൽ, വിശ്വസിക്കാൻ അനേകം തെളിവുകൾ യേശുവിൻ്റെ മൂന്നരവർഷത്തെ ശുശ്രൂഷാവേളയിൽ താൻതന്നെ നല്കിയിട്ടും അവൻ വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല എന്നതൊരു വസ്തുതയാണ്. അതുകൊണ്ട് താൻ ദൈവപുത്രനോ, ക്രിസ്തുവോ, മനുഷ്യപുത്രനോ, ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്നവനോ, ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവനോ ആണെന്നു പറഞ്ഞാൽ പുരോഹിതൻ വസ്ത്രം കീറേണ്ട യാതൊരാവശ്യവുമില്ല. എന്തെന്നാൽ, ആ പദവികളൊന്നും ദൈവത്തിൻ്റെ പദവികളല്ല; പഴയനിയമത്തിലെ മനുഷ്യൻ്റെ അഥവാ മനുഷ്യപുത്രൻ്റെ പദവികളാണ്. ദൈവത്തോടു സമനാണെന്നു പറയുകയോ, ദൈവത്തെ ദുഷിച്ചു പറയുകയോ ചെയ്യുന്നതാണ് ദൈവദൂഷണം. യേശു അവിടെ ദൈവത്തെ ദുഷിച്ചുപറഞ്ഞില്ലെന്നത് വ്യക്തമാണല്ലോ? പിന്നെന്തിനാണ് മഹാപുരോഹിതൻ അവൻ്റെമേൽ ദൈവദൂഷണം ആരോപിച്ച് വസ്ത്രം കീറിയത്?

മഹാപുരോഹിതൻ ദൈവദൂഷണമായി മനസ്സിലാക്കി തൻ്റെ വസ്ത്രം കീറാൻ കാരണമായ രണ്ടു വാക്കു യേശു അവിടെ പറഞ്ഞു; “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ” എന്നു പുരോഹിതൻ ചോദിച്ചപ്പോൾ, “ഞാൻ ആകുന്നു” എന്നു യേശു പറഞ്ഞതിന്, ‘ഞാനാണ് ദൈവപുത്രനായ ക്രിസ്തു’ എന്ന സാധാരണ അർത്ഥമല്ല ഉള്ളത്; സവിശേഷമായ മറ്റൊരർത്ഥം അതിനുണ്ട്. “ഞാൻ ആകുന്നു” അഥവാ എഗോ എയ്മി (EGO EIMI) എന്നാൽ “ഞാൻ യഹോവ ആകുന്നു” എന്നാണ്. പല ഇംഗ്ലീഷ് പരിഭാഷകളിലും ‘ഞാൻ ആകുന്നു’ എന്നത് ‘I AM‘എന്ന വലിയക്ഷരത്തിലാണ് (capital letter) എഴുതിയിരിക്കുന്നത്: (AFV’11, AFV2020, CJB, ISV, JUB, LITV, LSV, MKJV, MNT, NLT’15, RHB). പുറപ്പാടു പുസ്തകത്തിൽ യഹോവ തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത് ‘ഞാനാകുന്നവൻ ഞാനാകുന്നു അഥവാ ഞാനാകുന്നവൻ ഞാനായിരിക്കും‘ എന്നാണ്. (പുറ, 3:14). അത് എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് (ehyeh aser ehyeh – I will be what I will be) ആണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ അത് എഗോ എയ്മി (εγω ειμι – EGO EIMI) ആണ്. ഇംഗ്ലീഷിൽ അത് I AM ആണ്. അതിനെയാണ് മർക്കൊസ് 14:62-,ൽ ‘ഞാൻ ആകുന്നു‘ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്.

‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് അത്രേ. എഹ്യെഹിൻ്റെയും യാഹ്വെയുടെയും ധാത്വാർത്ഥം സ്വയം നിലനില്ക്കുന്നവൻ എന്നാണ്. അതാണ് അടുത്തവാക്യത്തിൽ യഹോവ എന്നു പറയുന്നത്: (പുറ, 3:14,15). അബ്രാഹാമിനു മുമ്പേയുള്ള ‘എഗോ എയ്മി അഥവാ ഞാനാകുന്നവൻ ഞാനാകുന്നു’ എന്നാണ് യേശു മഹാപുരോഹിതനോടു പറഞ്ഞത്. Aramaic Bible in Plain English-ൽ But Yeshua said to him, “I AM THE LIVING GOD, and you shall behold The Son of Man sitting at the right hand of Power and coming on the clouds of Heaven.” (എന്നാൽ യേഹ്ശുവാ അവനോടു പറഞ്ഞു: “ഞാൻ ജീവനുള്ള ദൈവം ആകുന്നു, മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കുന്നതും സ്വർഗ്ഗത്തിലെ മേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും). One Unity Resource Bible: Yeshua [Salvation] said, “ Ena Na [I AM (the Living God)]. You will see the Son of Man sitting at the right hand g of Power, and coming with the clouds of the sky.” അബ്രാഹാമിനു മുമ്പേയുള്ള “യാഹ്വെ അഥവാ ഞാനാകുന്നവൻ ഞാനാകുന്നു” എന്നാണ് യേശു മഹാപുരോഹിതനോടു പറഞ്ഞത്. യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന യേശു എന്ന നസറെത്തുകാരൻ യാഹ്വെയാണെന്ന് പറഞ്ഞതിനാണ് മഹാപുരോഹിതൻ വസ്ത്രം കീറിയത്.

യേശു താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു പറഞ്ഞതുകൊണ്ടല്ല മഹാപുരോഹിതൻ വസ്ത്രം കീറിയത് എന്നതിന് പ്രധാനപ്പെട്ട ഒരു തെളിവു കൂടിയുണ്ട്. പലപ്രാവശ്യം താൻ ഏഗോ എയ്മി (EGO EIMI) ആണെന്നു യേശു പറഞ്ഞിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ ഓശാന പരിഭാഷ ചേർക്കുന്നു: “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. “നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. “ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.” (യോഹ 18:4-6). ഇവിടെ യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികളോട് ‘ഞാൻ ആകുന്നു’ (എഗോ എയ്മി – EGO EIMI) എന്നാണ് യേശു പറഞ്ഞത്. (യോഹ, 18:5). അതുകേട്ടിട്ടാണ് അവർ പിന്നോട്ടു മറിഞ്ഞുവീണത്: (യോഹ, 18:6). യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണത്: (പുറ, 3:14,15). മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം അതിവിശുദ്ധസ്ഥലത്തു മാത്രം എടുക്കുന്ന യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ് അവർ പുറകോട്ട് മറിഞ്ഞുവീണത്. സത്യവേദപുസ്തകം ഉൾപ്പെടെ (ഓശാന പരിഭാഷ ഒഴികെ) മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ ‘അതു ഞാൻ തന്നേ’ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. നമ്മൾ ചിന്തിച്ചുവരുന്ന രണ്ടു കാര്യങ്ങളുടെ ഉത്തരം ഈ വേദഭാഗത്തുണ്ട്: 1. “നിങ്ങൾ ആരെ തിരയുന്നു” എന്നു യേശു ചോദിച്ചപ്പോൾ, ദൈവപുത്രനായ ക്രിസ്തുവിനെ എന്നല്ല അവർ പറഞ്ഞത്; “നസറായനായ യേശുവിനെ” എന്നാണ്. യോസഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ യേശുവെന്ന മനുഷ്യനാണ് താനെന്നു സമ്മതിച്ചാൽ അവർ പുറകോട്ടു മറിഞ്ഞുവീഴേണ്ട യാതൊരു ആവശ്യവുമില്ലല്ലോ? അപ്പോൾ, “ഞാൻ ആകുന്നവൻ ഞാനാകുന്നു അഥവാ എഗോ എയ്മി (EGO EIMI) എന്നു തന്നെയാണ് യേശു പറഞ്ഞതെന്ന് സ്പഷ്ടം. 2.  മഹാപുരോഹിതൻ ദൈവദൂഷണം ആരാപിച്ച് വസ്ത്രം കീറിയതിൻ്റെ കാരണം, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു സമ്മതിച്ചതുകൊണ്ടല്ല; പ്രത്യുത, താൻ എഗോ എയ്മി (EGO EIMI) ആണെന്നു പറഞ്ഞതുകൊണ്ടാണെന്ന് ഈ വേദഭാഗം തെളിവുതരുന്നു. ഇവിടെ, “ദൈവപുത്രനായ ക്രിസ്തു” എന്ന പ്രയോഗമില്ല. അതിനാൽ മഹാപുരോഹിതൻ വസ്ത്രം കീറിയതും പടയാളികൾ പുറകോട്ട് മറിഞ്ഞുവിണതും താൻ ‘എഗോ എയ്മി’ അഥവാ യാഹ്വെ ആണെന്നു പറഞ്ഞതുകൊണ്ടാണെന്ന് വ്യക്തമാണല്ലോ? 

വേറെ പല സ്ഥാനങ്ങളിലും താൻ ‘എഗോ എയ്മി’ ആണെന്നു യേശു പറഞ്ഞതായി കാണാം. യോഹന്നാൻ്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ താൻ മൂന്നിടത്തു പറയുന്നുണ്ട്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24, 8:28. ഒ.നോ: പുറ, 3:14). അവൻ്റെ ഈ വാക്കുകേട്ട് പലരും അവനെ വിശ്വസിച്ചതായും അവിടെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:30). യോഹന്നാൻ 8:58 ഓശാന നൂതന പരിഭാഷയിൽനിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” ഇവിടെ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ഞാനാകുന്നവൻ ഞാനാകുന്നു അഥവാ യഹോവയാണ് താനെന്നാണ് യേശു പറഞ്ഞത്. അതുകൊണ്ടാണ് യെഹൂദന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ മറഞ്ഞ് ദൈവാലയം വിട്ടുപോയതും: (യോഹ, 8:58). ദൈവഭക്തിയുടെ മർമ്മം: ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന്, ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ കൃത്യമായി പൗലൊസ് പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:14-16). ഭാഷയുടെ വ്യാകരണം വശമുള്ളവർക്ക് “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്തുനോക്കിയാൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). “ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ യേശു പറഞ്ഞതും കുറിക്കൊള്ളുക: (യോഹ, 10:30; 14:9). [കാണുക: ഞാനാകുന്നവൻ ഞാനാകുന്നു, അവൻ ജഡത്തിൽ വെളിപ്പെട്ടു, ഞാനും പിതാവും ഒന്നാകുന്നു, അബ്രാഹാമിനു മുമ്പേയുള്ളവൻ]

യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (EGO EIMI – I AM) എന്ന ഏഴു പ്രസ്താവനകൾ കാണുക:

1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)

2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2)

3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)

4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3)

5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19)

6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).

7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).

യഹോവയുടെ സംയുക്ത നാമങ്ങൾ കാണുക:

1. യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14)

2. യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26)

3. യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15)

4. യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24)

5. യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6)

6. യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35)

7. യഹോവ-ശൂവാ = യഹോവ രക്ഷയാകുന്നു (മത്താ, 1:21). “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21)

യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി ആപ്രത്യക്ഷനായാൽ പിന്നെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (തീത്തൊ, 2:12; എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22). 

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു സംശയമുണ്ടാകാം. യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അടുത്തത്; യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). ഒലിവുമലയിൽ വരുന്നത് യഹോവ തന്നെയായ യേശുക്രിസ്തുവാണ്.

ഒരു ചോദ്യം പിന്നെയും അവശേഷിക്കുന്നു: “മനുഷ്യപുത്രൻ, ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക, ആകാശമേഘങ്ങളെ വാഹനമാക്കി വരുക” എന്നീ പദവികൾ പഴയനിയമത്തിലെ ക്രിസ്തുവിൻ്റെ അഥവാ യിസ്രായേലിന്റെ പദവിയാണെന്ന് നാം കണ്ടതാണ്: (സങ്കീ, 110:1; ദാനീ, 7:13).  എന്നാൽ ആ പദവി യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു അഥവാ യിസ്രായേലിനു കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ അയച്ചത്: (റോമ, 8:3). അഥവാ ദൈവം മനുഷ്യനായി വെളിപ്പെട്ടത്: (1തിമൊ, 3:15,16; 1പത്രൊ, 1:20). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം” എന്നു പറഞ്ഞതും ഓർക്കുക: (മത്താ, 1:21. ഒ.നോ: ഫിലി, 2:6-8; എബ്രാ, 2:14-16). ആരാണ് ജഡത്തിൽ വന്നതെന്ന് സെഖര്യപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചു പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: 1:76,77). അതായത്, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവൻ്റെ പാപസ്വഭാവം നിമിത്തം അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടു അവനോടുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കുകയായിരുന്നു: (മത്താ, 5:17,18). അതുകൊണ്ടാണ് പഴയനിയമത്തിൽ യിസ്രായേലിനുണ്ടായിരുന്ന പദവികളെല്ലാം യേശുക്രിസ്തുവിൽ കാണുന്നത്. ആകാശമേഘങ്ങളിലൂടെ വരുന്നത് യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനാണ്: (പ്രവൃ, 1:6). യഹോവയും യേശുക്രിസ്തുവും ഒരാളാകയാലാണ്, യഹോവ മേഘങ്ങളിൽ വരുമെന്നും യേശുക്രിസ്തു വരുമെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (ആവ, 33:26; സങ്കീ, 104:3; യെശ, 19:1; 40:10; 66:15,16; യിരെ, 4:13; നഹൂ , 1:3; സെഖ, 9:14; 9:16; 12:10; 14:3; 14:4; 14:5; പ്രവൃ, 1:11; വെളി, 1:7; മത്താ, 16:27; മത്താ, 24:30; 25:31; 26:64; മർക്കൊ, 14:62). [കാണുക: ദൈവത്തിന്റെ വലത്തുഭാഗം, സ്തെഫാനോസ് കണ്ട ദർശനം, യിസ്രായേലിൻ്റെ പദവികൾ]