ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?

☛ യേശു അമ്മയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിചാരിക്കുന്നു. ഇത് ബൈബിൾ പറയുന്ന കാര്യമല്ല; AD 431-ലെ എഫേസോസ് സൂനഹദോസിലും (Council os Ephesus) AD 451-ലെ കൽക്കിദോൻ സൂനഹദോസിലുമായി (Council of Chalcedon) രൂപപ്പെട്ട ഉപദേശമാണ്. യേശു ആരാണെന്നും അവൻ്റെ ജനനത്തിൻ്റെ ആവശ്യകത എന്താണെന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം ഉണ്ടായത്.

☛ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550Beza 1598Elzevir 1624Scrivener 1894 – Tyndale 15261534Coverdale 1535Matthew’s 1537The Great 1539Geneva 1560Bishops 1568King James 1611;  ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15യെശ, 29:18യെശ, 35:3-6 – ലൂക്കൊ, 7:22യെശ, 40:3മലാ, 31 – യോഹ, 1:23സെഖ, 12:10 വി.ഗ്രKJV – യോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മംക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20യോഹ, 10:35റോമ, 3:2റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18പുറ, 24:3-11 – യിരെ, 31:31-34എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31യോഹ, 9:11). ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു

☛ പാപപരിഹാരത്തിനായി പാപരഹിതനായ ഒരു പൂർണ്ണമനുഷ്യൻ ആവശ്യമാണ്. അതിനാൽ മറിയത്തിൽനിന്ന് അല്ലെങ്കിൽ സ്ത്രീയിൽനിന്ന് ശരീരം സ്വീകരിച്ചാൽ മാത്രമേ പൂർണ്ണമനുഷ്യനാകൂ എന്ന ചിന്തയ്ക്ക് തീരെ അടിസ്ഥാനമില്ല. ദൈവത്തിന് മനുഷ്യനായി വെളിപ്പെടാൻ ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്:

❶ അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ (Shloshah Anashim – Three Men) ഒരുത്തനെ ‘യഹോവ’ എന്ന് പത്തുപ്രാവശ്യം മോശെ വിശേഷിപ്പിച്ചിട്ടുണ്ട്. “യഹോവ അബ്രാഹാമിന് പ്രത്യക്ഷനായി” എന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്: (ഉല്പ, 18:1 – 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). സോദോമിലേക്ക് പോയ രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്: (18:22 – 19:1). അതിനാൽ മൂവരിൽ ഒരുത്തൻ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായിരുന്നു എന്ന് മനസ്സിലാക്കാം. ഈ മനുഷ്യൻ അപ്പവും കാളക്കുട്ടിയുടെ ഇറച്ചിയും വെണ്ണയും പാലും എല്ലാം കഴിച്ച് അബ്രാഹാമിനെ അനുഗ്രഹിച്ചിട്ടാണ് മടങ്ങിപ്പോയത്: (ഉല്പ, 18:5-8; 18:14). ഈ മനുഷ്യപ്രത്യക്ഷത ദൈവം തൻ്റെ ശക്തിയാൽ എടുത്തതാണ്. അല്ലാതെ ഏതെങ്കിലും സ്ത്രീയിലൂടെ ജനിച്ചതല്ല.

❷ ആദാമും ഹവ്വായും ഏതെങ്കിലും സ്ത്രീയിൽനിന്ന് ജനിച്ചിട്ടല്ല പൂർണ്ണമനുഷ്യരായത്. അവർക്ക് ജൈവികമായ (Biological) പിതാവോ, മാതാവോ ഇല്ല. ദൈവം അവരെ സൃഷ്ടിച്ചതാണ്. ആദാമെന്ന ഒരുത്തനിൽനിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്: (പ്രവൃ, 17:26). ആദാമിൻ്റെ പാപപൂർവ്വ അവസ്ഥയായിരുന്നു യേശുവിനും ഉണ്ടായിരുന്നത്. സ്ത്രീയിലൂടെ ജനിക്കാഞ്ഞ കാരണത്താൽ ആദാമും ഹവ്വായും പൂർണ്ണമനുഷ്യർ ആയിരുന്നില്ലെന്ന് ആരെങ്കിലും പറയുമോ? അതിനാൽ ദൈവത്തിന് മനുഷ്യനായി പ്രത്യക്ഷനാകാൻ അല്ലെങ്കിൽ ജഡത്തിൽ വെളിപ്പെടാൻ ആരുടെയും സഹായം ആവശ്യമില്ലെന്ന് വ്യക്തമാണ്.

പിന്നെന്തുകൊണ്ടാണ് കന്യകാജനനം?
➦ ന്യായപ്രമാണം ഇല്ലാത്ത ജാതികളായ യെഹൂദേതരുടെ രക്ഷയ്ക്കായിരുന്നു പ്രഥമ പരിഗണനയെങ്കിൽ, കന്യകാജനനത്തിൻ്റെ ആവശ്യമില്ലായിരുന്നു. ദൈവം നേരിട്ട് മനുഷ്യനായി പ്രത്യക്ഷനായാൽ മതിയായിരുന്നു. പ്രത്യുത, സ്വന്തജനമായ യിസ്രായേലിനായിരുന്നു പ്രഥമപരിഗണന. “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി (യിസ്രായേൽ) മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18). ഇത് പത്രൊസ് അപ്പൊസ്തലൻ തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 3:25-26). യിസ്രായേൽ മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തം നിവൃത്തിക്കാനാണ് യേശു ജനിച്ചത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ദൈവം പൂർവ്വപിതാക്കന്മാർ മൂവരോടും വാഗ്ദത്തം ചെയ്തിരുന്നു: (ഉല്പ, 22:17-18 – ഉല്പ, 26:3-5 – ഉല്പ, 28:13-14). അത് ഉറപ്പിക്കേണ്ടതിനാണ് യേശു യെഹൂദന്മാരുടെ ശുശ്രൂഷകനായത്: “പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.” (റോമ, 15:8-9). രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നാണ് വരുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്: (യോഹ, 4:22). അതായത്, സ്വന്തജനമായ യെഹൂദന്മാരെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിച്ച്, അവരിലൂടെ സകല ജാതികളെയും രക്ഷിക്കണമെങ്കിൽ രക്ഷകൻ അവരുടെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമാണിരുന്നു: (ഗലാ, 4:4). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവർത്തിപ്പാനാണ് യേശു വന്നത്: (മത്താ, 5:17-18; ലൂക്കൊ, 16:17). അതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു യെഹൂദകന്യകയെ തക്കസമയത്ത് തിരഞ്ഞെടുത്തത്.

☛ മറിയത്തിന് യേശുവിനെ ഉദരത്തിൽ സ്വീകരിക്കാൻ കൃപ ലഭിച്ചു അല്ലെങ്കിൽ, ദൈവം അവളെ കൃപയാൽ നിറച്ചു എന്നല്ലാതെ മറിയത്തിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയാൻ ബൈബിളിൽ യാതൊരു തെളിവുമില്ല. സത്യവേദപുസ്തകത്തിൽ മറിയത്തെ “കൂപ ലഭിച്ചവളേ!” എന്നും പിഒസിയിൽ “ദൈവകൃപ നിറഞ്ഞവളേ!” എന്നുമാണ്: (ലൂക്കൊ, 1:28). ‘Kecharitomene’ എന്ന ഗ്രീക്കുപദം “Perfect Passive Participle” രൂപമാണ്. ഇതിന് ”ഒരുകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞു” എന്ന അർത്ഥമാണുള്ളത്. തന്നെയുമല്ല, ഇത് കർമ്മണിപ്രയോഗം (Passive Voice) ആണ്. അതായത്, പ്രവർത്തിക്ക് ഇരയായ ആൾക്കാണ് പ്രാധാന്യം. അതിനാൽ ”കൃപ ലഭിച്ചവളേ!” എന്നതാണ് ഗ്രീക്ക് വ്യാകരണത്തോട് കൂടുതൽ അടുത്തുനില്ക്കുന്ന പരിഭാഷ. അതുകൊണ്ട് പിഒസിയിലെ പരിഭാഷ തെറ്റാകുന്നില്ല. ‘കൃപ’ അവൾ സ്വയം ഉണ്ടാക്കിയതല്ല; കൃപയുടെ ഉറവിടമായ ദൈവം അവൾക്ക് നൽകിയതാണ്. അതുകൊണ്ട് “കൃപ നിറഞ്ഞവളേ” എന്നതും ശരിയാണ്. ദൈവത്തിൽനിന്ന് കൃപ സ്വീകരിച്ച മറിയത്തിൻ്റെ അവസ്ഥയ്ക്ക് അല്ലെങ്കിൽ ആ പ്രവർത്തിയുടെ ഫലമായി അവൾ ഇപ്പോൾ “കൃപ നിറഞ്ഞവളായി” മാറി എന്ന ആശയത്തിനാണ് പിഒസി മുൻഗണന നൽകുന്നത്. ഭാഷാപരമായി രണ്ട് പ്രയോഗങ്ങളും ശരിയാണ്.

☛ യേശു എന്ന് പേരുള്ള പാപരഹിതനായ മനുഷ്യൻ്റെ (യോഹ, 9:11 – 1യോഹ, 3:5) ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). യേശുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (ലൂക്കൊ, 1:27 – മത്താ, 1:18). അവൾ അവനെ ഗർഭം ധരിച്ചത് അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിനുള്ളത്. അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20 – ലൂക്കൊ, 1:35; 2:21). യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ‘ഉല്പാദിതനായവൻ’ ആണ്. മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്?

☛ ‘ഉല്പാദിതമായതു’ എന്നുപറയാൻ ‘Gennethen’ എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്, “ഉല്പാദിപ്പിക്കുക, ഉണ്ടാക്കുക, ജനിപ്പിക്കുക” (to beget, to bring forth, to produce) എന്നൊക്കെ അർത്ഥമുള്ള ‘Gennao’ എന്ന ക്രിയയുടെ “Aorist Passive Participle -Neuter” രൂപമാണ്. ഇതിൻ്റെ അർത്ഥം: ❛“ൽപ്പാദിപ്പിക്കപ്പെട്ടത്, ജനിപ്പിക്കപ്പെട്ടത്, ഉരുവാക്കപ്പെട്ടതു” (That which is conceived/begotten) എന്നൊക്കെയാണ്. പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമാകുക മാത്രമല്ല; അവളിൽനിന്ന് ശിശു ഉത്ഭവിച്ചതും (ജനിച്ചതും) പരിശുദ്ധാത്മാവിനാണ്: (ലൂക്കൊ, 1:35).

☛ സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന ‘സിക്താണ്ഡം’ (Zygote) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്. അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. അല്ലാതെ അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. എന്നാൽ യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും യേശുവിൻ്റെ ജനനത്തിൽ ഉണ്ടായിരുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. പരിശുദ്ധാത്മാവ് അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിക്കുകയായിരുന്നു. അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതിൻ്റെയും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിന് മാത്രമാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (Contribution) ഇല്ല.

☛ “ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.” (ലൂക്കൊ, 11:27). യേശുവിനെ ഉദരത്തിൽ സ്വീകരിച്ച്, പത്തുമാസം സൂക്ഷിച്ച് വേദനയോടെ പ്രസവിച്ച്, മുലയുട്ടി വളർത്തിയവളാണ് മറിയ: (മത്താ, 1:20; ലൂക്കൊ, 2:7; ). മറിയത്തിൻ്റെ മുല കുടിച്ചകാരണം ശരീരത്തിൻ്റെയോ, രക്തത്തിൻ്റെയോ അംശം യേശു സ്വീകരിച്ചു എന്നു പറയാൻ പറ്റില്ല. ‘പ്രോലാക്റ്റിൻ’ (Prolactin), ‘ഓക്സിടോസിൻ’ (Oxytocin) എന്നീ ഹോർമോണുകളുടെ നിർദ്ദേശപ്രകാരം രക്തത്തിലെയും ശരീരത്തെലെയും ഘടകങ്ങൾ (പോഷകങ്ങൾ, ജലം, പ്രതിരോധ കോശങ്ങൾ മുതലായവ) കൊണ്ടാണ് സാധാരണയായി മുലപ്പാൽ ഉണ്ടാകുന്നത് എന്നത് ശരിയാണ്. പിതാവിൽനിന്നുള്ള സ്വാഭാവികമായ ഗർഭധാരണവും പ്രസവവും ആണ് ഈ പ്രക്രിയയയുടെ അടിത്തറയും മൂലകാരണവും. എന്നാൽ യേശു പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതമായവനാണ്. അതിനാൽ മുലപ്പാലും പ്രകൃത്യാതീതമായി ഉല്പാദിതമായതാണെന്ന് ന്യായമായും മനസ്സിലാക്കാം.

☛ മറിയത്തെ യേശുവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട്, എല്ലാ അമ്മമാരിൽനിന്നും മക്കൾ ശരീരം സ്വീകരിക്കുന്നപോലെ അവനും ശരീരം സ്വീകരിച്ചു എന്ന് പറയാൻ കഴിയില്ല. അതിന്റെ രണ്ട് തെളിവുകൾ തരാം:
❶ “മറിയയുടെ മകൻ” (മർക്കൊ, 6:3), “യേശുവിന്റെ അമ്മ” (യോഹ, 2:3) എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മക്കളെ ഉദരത്തിൽ ഉല്പാദിപ്പിക്കുന്നതുകൊണ്ടല്ല; മക്കളെ പ്രസവിക്കുന്നതുകൊണ്ടാണ് ഒരു സ്ത്രീയെ അമ്മ എന്ന് വിളിക്കുന്നത്. ആ നിലയിയിലാണ് മറിയത്തെ യേശുവിൻ്റെ അമ്മയെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട്, മറിയ യേശുവിൻ്റെ അമ്മയാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
❷ മറിയത്തെ ‘അമ്മ’ എന്ന് വിളിച്ചിരിക്കുന്നപോലെ, വളർത്തച്ഛനായ യോസേഫിനെ ”യേശുവിൻ്റെ അപ്പൻ” എന്നും (ലൂക്കൊ, 2:48), യേശുവിനെ “യോസേഫിന്റെ മകൻ” എന്നും (ലൂക്കൊ, 4:22) 10 പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഗ്രീക്കിൽ, സ്വർഗ്ഗീയ പിതാവിനെയും യഥാർത്ഥ അപ്പനെയും കുറിക്കുന്ന ‘Pater’ (Father) എന്ന പദമാണ് യോസേഫിനും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട്, യോസേഫിലൂടെയാണ് യേശു ജനിച്ചതെന്ന് വരുന്നില്ല.

☛ ഹുയിയോസ് (Υἱός – Huios) എന്ന പദത്തിന് “പുത്രൻ/അവകാശി” (Son/Heir) എന്നാണർത്ഥം. സ്വന്തപുത്രനെയും അഥവാ, ജൈവികമായ പുത്രനെയും ദത്തുപുത്രനെയും കുറിക്കാനും പദവിയായും ഈ പദം ഉപയോഗിക്കും. ഉദാ: അല്ഫായിയുടെ മകൻ, ഇടിമക്കൾ, ദൈവപുത്രൻ, ദൈവമക്കൾ, നിജപുത്രൻ, മനുഷ്യപുത്രൻ, യോസേഫിൻ്റെ പുത്രൻ, രാജ്യത്തിൻ്റെ പുത്രന്മാർ, സമധാനപുത്രൻ മുതലായവ നോക്കുക. നമ്മൾ ദൈവത്തിൻ്റെ മക്കൾ (Sons) ആണെന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 
☛ സന്തതിയെ കുറിക്കുന്ന സ്പെർമ (Σπέρμα – Sperma) എന്ന പദത്തിന്, ‘വിത്ത്’ (Seed), ‘സന്തതി’ (Offspring), പുരുഷബീജം (Sperm), ശുക്ലം (Semen) എന്നൊക്കെയാണ് അർത്ഥം. അതായത്, ‘Sperma’ എന്ന പദത്തിൻ്റെ പ്രാഥമിക അർത്ഥം: ‘വിത്തു’ (Seed) അല്ലെങ്കിൽ ബീജം’ (Sperm) എന്നാണ്. പുതിയനിയമത്തിൽ ’വിത്തു’ (Seed) അർത്ഥത്തിലാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ‘Sperma’ എന്ന പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ ‘Sperm’ എന്ന പദമുണ്ടായത്. 
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിലും (LXX) സന്തതിയെ കുറിക്കാൻ ‘Sperma’ എന്ന പദമാണ്. LXX-ൽ സ്ത്രീയുടെ സന്തതിയെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 16:10). ‘സന്തതി’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘സെരാ’ (זֶרַע – Zera) എന്ന എബ്രായ പദത്തിനും ഇതേ അർത്ഥമാണ്.
☛ യേശുവിനെ മറിയത്തിൻ്റെ മകൻ (Son) എന്നർത്ഥമുള്ള ‘ഹുയിയോസ്’ (Υἱός – Huios) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 6:3). എന്നാൽ സന്തതിയെ (Seed) കുറിക്കുന്ന ‘സ്പെർമ’ (Σπέρμα – Sperma) ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ യേശു മറിയത്തിൻ്റെ വിത്തിൽനിന്നല്ല ജനിച്ചത്. അതിനാൽ ജീവശാസ്ത്രപരമായി (Biological) അവന് അവളുമായി ബന്ധമൊന്നുമില്ലെന്ന് മനസ്സിലാക്കാം.

☛ കത്തോലിക്കാ വിശ്വാസപ്രകാരം: യേശുവിൻ്റെ അമ്മ ‘അമലോത്ഭവ’ (Immaculate Conception) ആണ്. അതിൻ്റെ അർത്ഥം: “ജന്മപാപം അല്ലെങ്കിൽ ആദാമ്യപാപം ഇല്ലാതെ ഉത്ഭവിച്ചവൾ” എന്നാണ്. ​“മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ പുണ്യങ്ങളെ മുൻനിർത്തി, സർവ്വശക്തനായ ദൈവം നൽകിയ പ്രത്യേക കൃപയാലും പദവിയാലും, ഏറ്റവും പരിശുദ്ധയായ കന്യകാമറിയം തന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായ ആദ്യ നിമിഷത്തിൽ തന്നെ ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടു. ഈ പ്രബോധനം ദൈവം വെളിപ്പെടുത്തിയതാണെന്നും, അതിനാൽ വിശ്വാസികളെല്ലാവരും ഇത് ദൃഢമായും സ്ഥിരമായും വിശ്വസിക്കേണ്ടതാണെന്നും നാം പ്രഖ്യാപിക്കുകയും വിളംബരം ചെയ്യുകയും നിർവ്വചിക്കുകയും ചെയ്യുന്നു..” [കാണുക: Ineffabilis Deus]

☛ കത്തോലിക്കർ വിശ്വാസസത്യം എന്നപേരിൽ പഠിപ്പിക്കുന്ന ഇക്കാര്യത്തിന് ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. ക്രൈസ്തവസഭ സ്ഥാപിതമായി 1800 വർഷങ്ങൾക്ക് ശേഷം, 1854-ൽ “പയസ് ഒൻപതാമൻ” (Pius IX) മാർപാപ്പയാണ് മറിയത്തിൻ്റെ ‘അമലോത്ഭവം’ എന്നത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശ്വാസസത്യമായി (Dogma) പ്രഖ്യാപിച്ചത്. അതിനാൽ ഇത് കത്തോലിക്കരുടെ വിശ്വാസമാണ്; ബൈബിളിൻ്റെ ഉപദേശമല്ല. മറ്റ് തെളിവുകൾ നോക്കാം:

❶ കത്തോലിക്കാ സഭയുടെ പാരമ്പര്യവും വിശ്വാസവുമനുസരിച്ച് മറിയത്തിന്റെ മാതാപിതാക്കൾ ‘യോവാക്കീം’ (Joachim), ‘അന്ന’ (Anne) എന്നിവരാണ്. “ഇവരിൽനിന്ന് ജനിച്ച മറിയം തന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായ ആദ്യ നിമിഷത്തിൽ തന്നെ ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്നു” എങ്കിൽ, യേശുവിനെപ്പോലെതന്നെ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ഒരത്ഭുത ജനനമായിരിക്കണം മറിയത്തിൻ്റെയും. അല്ലാതെങ്ങനെ ആദാമ്യപാപം കൂടാതെ മറിയത്തിന് ജനിക്കാൻ കഴിയും? യേശുവിന് ജന്മം നൽകാൻ അങ്ങനെയൊരു അത്ഭുതജനനം മുമ്പേകൂട്ടി നടന്നിട്ടുണ്ടെങ്കിൽ, പുതിയനിയമചരിത്രം ആരംഭിക്കേണ്ടിയിരുന്നത് മറിയത്തിൻ്റെ ജനന ചരിത്രം മുതലായിരുന്നു. യേശുവിൻ്റെ വഴിയൊരുക്കാൻ ജനിച്ച യോഹന്നാൻ്റെ സ്വാഭാവികമായ ജനനചരിത്രം പറയുന്ന പുതിയനിയമം, യേശുവിന് ശരീരം എടുത്തു എന്ന് പറയുന്ന മറിയത്തിൻ്റെ അത്ഭുത ജനനചരിത്രം എന്തുകൊണ്ട് പറയുന്നില്ല? രക്ഷകന് വഴിയൊരുക്കിയവൻ്റെ ചരിത്രം രേഖപ്പെടുത്തി; രക്ഷകന് ശരീരം കൊടുത്തവളുടെ ചരിത്രം വിട്ടുകളഞ്ഞു എന്നത് എന്തൊരു വിരോധാഭാസമാണ്!

❷ യേശുവിന് വഴിയൊരുക്കാൻ യോഹന്നാനെ പ്രവചനംപോലെ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ നിറച്ചതായി കാണാം: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കൊ, 1:15). ഈ പ്രവചനത്തിൻ്റെ പൂർത്തീകരണം കാണുക: “മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,” (ലൂക്കൊ, 1:41). ഇവിടെ യോഹന്നാനെ ഗർഭംധരിച്ച എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറയാൻ കാരണം മറിയത്തിൻ്റെ വന്ദനമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല. അവൾ പരിശുദ്ധാത്മാവിനാൽ നിറയാൻ കാരണം ദൂതനിലൂടെയുള്ള ദൈവവാഗ്ദത്തമാണ്: (ലൂക്കൊ, 1:15). മറിയമോ, അവളുടെ ഉദരത്തിൽ ഉരുവായ യേശുവോ ആണ് കാരണമെങ്കിൽ ദൂതൻ്റെ പ്രവചനം അനാവശ്യമാണ്. എന്നാൽ ദൂതൻ പ്രവചിച്ച പരിശുദ്ധാത്മനിറവിൻ്റെ “കൃത്യമായ സമയം” (Precise Moment) യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ടുവന്ന മറിയത്തിന്റെ വന്ദനം എലീശബെത്ത് കേട്ട ആ പ്രത്യേക നിമിഷമാണ്. ഏലീശബെത്തിൻ്റെ പാട്ടിൽ അത് മനസ്സിലാക്കാം: (ലൂക്കൊ, 1:42-45). എന്നാൽ ചോദ്യമിതാണ്: യേശുവിന് വഴിയൊരുക്കാനുള്ളവനെ ഉദരത്തിൽവെച്ചുതന്നെ ദൈവം പരിശുദ്ധാത്മാവിനാൽ നിറച്ചു. യേശുവിന് ശരീരം കൊടുത്തു എന്ന് പറയുന്നവളെ എന്തുകൊണ്ടാണ് പരിശുദ്ധാത്മാവിനാൽ നിറയ്ക്കാഞ്ഞത്? ശരീരം കൊടുത്തുവെങ്കിൽ, ശരീരം കൊടുത്തവളെക്കാൾ വഴിയൊരുക്കിയൻ ശ്രേഷ്ഠനാകുമോ? അപ്പോൾ ഇതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല.

❸ യേശുക്രിസ്തുവിന്റെ വരാനിരുന്ന രക്ഷാകരമായ ബലിയുടെ പുണ്യം മറിയത്തിന് തൻ്റെ ജനനംമുതൽ മുമ്പേകൂട്ടി ലഭിച്ചു എന്നാണ് കത്തോലിക്കരുടെ ഭാഷ്യം. പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39-40). ➟ദൈവത്തിന് ഉത്തമമായ യാഗം കഴിച്ച ഹാബെലിനും, ➟മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനും, ➟ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയ്ക്കും, ➟ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനും, ➟ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹം പ്രാപിച്ച യാക്കോബിനും, ➟ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയ്ക്കും, ➟ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനും, ➟ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാർക്കൊന്നും കൊടുക്കാത്ത മുൻകൂർ പുണ്യം മറിയത്തിന് കൊടുത്തു എന്ന് പറയാൻ പറ്റുമോ? ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് മുമ്പേ ഇങ്ങനെയൊരു പുണ്യം കൊടുക്കാൻ ദൈവത്തിന് കഴിയുമായിരുന്നെങ്കിൽ, ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാം ഉൾപ്പെടെയുള്ള പഴയനിയമ ഭക്തന്മാരെ തഴഞ്ഞത് എന്തുകൊണ്ടായിരിക്കും?

❹ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ രക്ഷപ്രാപിച്ചവർക്കുപോലും പാപരഹിതമായ ശരീരം ഇതുവരെ പ്രാപ്യമായിട്ടില്ല. രക്ഷാകരപ്രവൃത്തി ത്രികാലസ്വഭാവമുള്ളതാണ്. രക്ഷിക്കപ്പെട്ടു (എഫെ, 2:4:5; 2:8), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18; 15:2; 2കൊരി, 2:15), രക്ഷിക്കപ്പെടും (റോമ, 5:9-10).
➟ ആത്മാവ് (Spirit): വീണ്ടും ജനനത്താൽ രക്ഷിക്കപ്പെട്ടു: (യോഹ, 3:6; യാക്കോ, 1:18; 1പത്രൊ, 1:23).
➟ പ്രാണൻ/ദേഹി (Soul): അനുദിന വിശുദ്ധീകരണത്തിലൂടെ (Sanctification) രൂപാന്തരപ്പെടുന്നു അല്ലെങ്കിൽ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു: (റോമ, 15:15; 4:5; 4:7; 2തെസ്സ, 2:13)
➟ ദേഹം/ശരീരം (Body): യേശുവിന്റെ പുനരാഗമനത്തിൽ (Rapture/Resurrection) മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ: (1തെസ്സ, 3:13; 1തെസ്സ, 5:23; ഫിലി, 3:21). ഇതൊക്കെയാണ് വസ്തുതയെന്നരിക്കെ, ബൈബിളിലെ മറ്റൊരു വിശുദ്ധർക്കും കൊടുക്കാത്ത പ്രത്യേക ആനുകൂല്യം (𝐏𝐫𝐢𝐯𝐢𝐥𝐞𝐠𝐞) മറിയത്തിന് കൊടുത്തെന്ന് എങ്ങനെ പറയാൻ കഴിയും?

❺ ഇനി പ്രധാനപ്പെട്ട ഒരു തെളിവ് തരാം: പുതിയനിയമത്തിൽ “പരിശുദ്ധൻ/വിശുദ്ധൻ/വിശുദ്ധമായ” (Holy) എന്നർത്ഥത്തിൽ ‘ഹാഗിയോസ്’ (Hagios) എന്ന പദം 230-തോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമായും ദൈവത്തിൻ്റെ ആത്മാവിനോട് ചേർത്ത് “പരിശുദ്ധ ആത്മാവ്” (Holy Spirit) എന്ന് പറയാനാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നെ ദൈവം, ക്രിസ്തു, വിശ്വാസികൾ, വിശുദ്ധ സ്ഥലം, വസ്തുക്കൾ മുതലായവയ്ക്കെല്ലാം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും മറിയത്തിന് ഉപയോഗിച്ചതായി കാണുന്നില്ല. ഈ പദംകൊണ്ട് പഴയനിയമത്തിലെ ഭക്തകളെ “വിശുദ്ധ സ്ത്രീകൾ” എന്ന് പറഞ്ഞിട്ടുണ്ട്: (1പത്രൊ, 3:5). എന്നിട്ടും മറിയത്തെ ‘Hagia’ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

☛ “പരിശുദ്ധൻ/വിശുദ്ധൻ/വിശുദ്ധമായ” (Holy) എന്നർത്ഥത്തിൽ ❛ഹോസിയോസ്❜ (Hosiod) എട്ടുപ്രാവശ്യം കാണാം. ഈ പദം ദൈവത്തിനും ക്രിസ്തുവിനും മനുഷ്യർക്കും ഉപയോഗിച്ചിട്ടുണ്ട്. ഈ പദവും യേശുവിൻ്റെ അമ്മയ്ക്ക് ഉപയോഗിച്ചതായി കാണുന്നില്ല. കത്തോലിക്കർ പഠിപ്പിക്കുമ്പോലെ, മറിയം ജനനംമുതൽ പാപരഹിതയായിരുന്നെങ്കിൽ, യേശുവിന് ആർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന പദം അവനെപ്പോലെതന്നെ പരിശുദ്ധയായ അമ്മയ്ക്ക് ഒരിക്കൽപ്പോലും ഉപയോഗിക്കാത്തതെന്താണ്? മറിയത്തിൻ്റെ അങ്ങനെയൊരു പരിശുദ്ധിയെക്കുറിച്ച് അപ്പൊസ്തലന്മാർക്കോ, ബൈബിൾ എഴുത്തുകാർക്കോ അറിയില്ലായിരുന്നു എന്നല്ലേ അതിനർത്ഥം?

❻ പയസ് മാർപ്പാപ്പയുടെ പ്രഖ്യാപനത്തിലെ മറ്റൊരു ഭാഗം ഇപ്രകാരമാണ്: “ആദിമുതൽ, കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ, നിത്യപിതാവ് തന്റെ ഏകജാതനായ പുത്രന് മാംസം ധരിക്കാനും, കാലത്തിന്റെ അനുഗ്രഹീത പൂർണ്ണതയിൽ ഈ ലോകത്തിലേക്ക് ജനിക്കാനുമായി ഒരു അമ്മയെ തിരഞ്ഞെടുക്കുകയും ഒരുക്കുകയും ചെയ്തു. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം അവളെ വളരെയധികം സ്നേഹിച്ചു, സത്യമായും അവളിൽ പിതാവ് അദ്വിതീയ ആനന്ദത്താൽ വളരെയധികം സന്തോഷിച്ചു. അതുകൊണ്ട്, എല്ലാ മാലാഖമാരെക്കാളും എല്ലാ വിശുദ്ധന്മാരെക്കാളും അത്ഭുതകരമായി ദൈവം തന്റെ ദിവ്യത്വത്തിന്റെ ഭണ്ഡാരത്തിൽ നിന്ന് ചൊരിയപ്പെട്ട എല്ലാ സ്വർഗ്ഗീയ ദാനങ്ങളുടെയും സമൃദ്ധി അവൾക്ക് നൽകി. പാപത്തിന്റെ എല്ലാ കറകളിൽ നിന്നും പൂർണ്ണമായും മുക്തയായ ഈ അമ്മയ്ക്ക്, എല്ലാ വിധത്തിലും വിശുദ്ധിയുടെ പൂർണ്ണത കൈവരിക്കാൻ കഴിഞ്ഞു. ദൈവത്തിന് കീഴിൽ, ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും, ദൈവത്തിനപ്പുറം ഒരു മനസ്സിനും പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്തതുമായ വിശുദ്ധ നിഷ്കളങ്കതയും പവിത്രതയും അവൾക്കുണ്ടായിരുന്നു.” കത്തോലിക്കാ സഭ പറഞ്ഞുവരുമ്പോൾ, യേശുക്രിസ്തുവിനെക്കാൾ പരിശുദ്ധയാണ് അമ്മമറിയം. പിന്നെന്തുകൊണ്ടാണ് ഒരു വാക്കിൽപ്പോലും അവൾ Hagis/Hosia ആണെന്ന് പറയാത്തത്? [കാണുക: Ineffabilis Deus]

❼ മറിയത്തെ യേശുവിൻ്റെ ജനനത്തിനായി തക്കസമയത്ത് മാത്രം തിരഞ്ഞെടുത്തതാണ്. പഴയനിയമത്തിൽ യേശുവിനെക്കുറിച്ചല്ലാതെ, അവൻ്റെ അമ്മയായ മറിയത്തെക്കുറിച്ച് പഴയനിയമത്തിൽ നേരിട്ട് പ്രവചനങ്ങളൊന്നുമില്ല. യെശയ്യാവ് 7:14-ലെ യുവതിയും മകനും യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല; ആഹാസ് രാജാവിനുള്ള അടയാളം ആയിരുന്നു. ആഹാസ് അടയാളം തള്ളിയതുകൊണ്ട്, ആത്മീയമായി പ്രവചനം യേശുവിൽ അമ്മയിലും നിവൃത്തിയായതാണ്: (മത്താ, 1:22-23). അതിൻ്റെ തെളിവ് യെശയ്യാവിൽത്തന്നെ ഉണ്ട്. ഒന്നാമത്, പ്രവചനത്തിൻ്റെ ബാക്കി ഭാഗങ്ങൾ യേശുവിനോ, മറിയത്തിനോ, പുതിയനിയമകാലത്തിനോ യോജിക്കുന്നതല്ല (യെശ, 7:15-16). രണ്ടാമത്, യെശയ്യാവിൽ ‘കന്യക’ (Virgin) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം ‘Almah’ (അൽമാ) ആണ്. ‘അൽമാ’ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (Young Woman) ആണ്. പിഒസി പരിഭാഷയിലും ‘യുവതി’ എന്നാണ് കാണുന്നത്. യഥാർത്ഥ കന്യകയെ (Virgin) കുറിക്കുന്ന എബ്രായ പ്രയോഗം ‘Bethulah’ (ബെതൂലാ) ആണ്. റിബെക്കയെ “പുരുഷൻ തൊടാത്ത കന്യക” എന്ന് പറഞ്ഞിരിക്കുന്നത് ‘ബെതൂലാ’ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മ യഥാർത്ഥ Bethulah (Virgin) ആയിരുന്നു: (ലൂക്കൊ, 1:27 – മത്താ, 1:18). ഇതും പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചായിരുന്നില്ല; മറ്റൊരു യുവതി ആയിരുന്നു എന്നതിൻ്റെ തെളിവാണ്. ആത്മീയമായിട്ടാണ് മറിയത്തിലും യേശുവിലും ആ പ്രവചനനിവർത്തി വന്നത്. പ്രഥമസുവിശേഷത്തിലെ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15 – മീഖാ, 5:2-3; എബ്രാ, 2:4-16). [കാണുക: മൂന്നു സ്ത്രീകൾ]

☛ എന്നാൽ വഴിയൊരുക്കുന്ന യോഹന്നാനെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിരുന്നു: (യെശ, 40:3; മീഖാ, 3:1; 4:5-6). യോഹന്നാൻ്റെ ജനനത്തിന് മുമ്പ് ദൂതനും ജനനത്തിനുശേഷം അപ്പനായ സെഖര്യാവും അവനെക്കുറിച്ചുള്ള പ്രവചനത്തെച്ചുറിച്ച് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:16-17 – 76-77). ഇനി യേശുവിൻ്റെ ജനനത്തിനായി മറിയത്തെ തിരെഞ്ഞെടുക്കുന്നത് നോക്കുക: “ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.” (ലൂക്കൊ, 1:26-27). മറിയത്തെ ദൈവം ദൂതൻ മുഖാന്തരം തിരഞ്ഞെടുക്കുമ്പോഴാകട്ടെ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് അവളോട് പറയുന്ന സന്ദർഭത്തിലാകട്ടെ മറിയത്തെക്കുറിച്ച് നേരിട്ടുള്ള ഒരു പഴയനിയമ പ്രവചനവും ഉദ്ധരിരിച്ചിട്ടില്ല. കാരണം യഥാർത്ഥത്തിൽ മറിയത്തെക്കുറിച്ച് അങ്ങനെയൊരു പ്രവചനം പഴയനിയമത്തിൽ ഇല്ലായിരുന്നു. കത്തോലിക്ക സഭ പഠിപ്പിക്കുന്നപോലെ, യേശുവിന് മാംസം ധരിക്കാൻ ആദിമുതൽ, കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ മറിയത്തെ തിരഞ്ഞെടുത്തിരുന്നു എങ്കിൽ, യേശുവിനെപ്പോലെതന്നെ മറിയത്തെക്കുറിച്ചും പഴയനിയമത്തിൽ പ്രവചനം ഉണ്ടാകില്ലായിരുന്നോ? യേശുവിന് വഴിയൊരുക്കിവനെക്കുറിച്ചുപോലും പ്രവചനമുണ്ട്; യേശുവിന് ശരീരം നല്കിയവളെക്കുറിച്ച് പ്രവചനം ഇല്ലെന്ന് പറഞ്ഞാൽ ശരിയാകുമോ? അതിനാൽ യേശുവിൻ്റെ ജനനസമയത്ത് മാത്രമാണ് മറിയത്തെ തിരഞ്ഞെടുത്തതെന്ന് മനസ്സിലാക്കാം. അല്ലാതെ, കത്തോലിക്കർ വിചാരിക്കുന്നപോലെ ലോകസ്ഥാപനത്തിന് മുമ്പെ മറിയത്തെ പ്രത്യേകം തിരഞ്ഞെടുത്തിട്ടില്ല.

☛ യേശുവിൻ്റെ അമ്മയായ മറിയവും എല്ലാ മനുഷ്യരെപ്പോലെ രക്ഷ ആവശ്യമുള്ളവളും ആദാമ്യ പാപത്തോടെ ജനിച്ചവളുമാണ്. അതിന് പല തെളിവുകളും ബൈബിളിലുണ്ട്:

❶ യേശുവിനെ: പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❜ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനത്തിൽ പറയുന്നത്. എന്നാൽ മറിയത്തെക്കുറിച്ച് ഇങ്ങനെ യാതൊരു പരാമർശവും ബൈബിളിൽ കാണാൻ കഴിയില്ല. ‘വിശുദ്ധ’ എന്നുപോലും മറിയത്തെ ബൈബിളിൽ വിശേഷിപ്പിച്ചിട്ടില്ല. തന്നെയുമല്ല, ആദാമ്യപാപം മറിയയ്ക്കും ഉണ്ടെന്ന് വ്യക്തമായി വചനത്തിൽ കാണാം: “എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.” (റോമ, 3:12). അടുത്തവാക്യം: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23). “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ഇവിടെ ശ്രദ്ധിക്കുക: “എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി, എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി, എല്ലാവരും പാപം ചെയ്തു, മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നിത്യാദി പ്രയോഗങ്ങൾ, പാപരഹിതനായ ക്രിസ്തുവിനെയല്ലാതെ, ഭൂതലത്തിലുള്ള മറ്റാരെയും പാപത്തിൽനിന്ന് ഒഴിവാക്കുന്നില്ല. അതിൽ മറിയയും ഉൾപ്പെടും. തന്മൂലം, യേശു പാപരഹിതനും മറിയ പാപസഹിതയും ആയിരുന്നു (പെന്തെക്കൊസ്ത് നാൾവരെ: പ്രവൃ, 1:13-14) എന്ന് മനസ്സിലാക്കാം.

❷ മറിയത്തിനും ഒരു രക്ഷിതാവിനെ ആവശ്യമുണ്ടെന്ന് അവളുടെ വാക്കിൽനിന്നുതന്നെ വ്യക്തമാണ്: “എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.” (ലൂക്കോ, 1:47). നമ്മുടെ രക്ഷിതാവായ ഏദൈവത്താലും (The only God our Saviour) യേശുക്രിസ്തുവിൻ്റെ മരണത്താലുമാണ് മറിയയും രക്ഷപ്രാപിച്ചത്: (യൂദാ 1:24 – റോമ, 5:10; കൊലൊ, 1:22). പെന്തെക്കൊസ്തിന് മുമ്പ് മാളികമുറിയിൽ പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ അമ്മയായ മറിയയും ഉണ്ടായിരുന്നു: (പ്രവൃ, 1:13-14). യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ് എന്ന ദൈവത്തിൻ്റെ ദാനം: (യോഹ, 7:37-39; പ്രവൃ, 2:33 – പ്രവൃ, 10:46). പരിശുദ്ധാത്മാവിനാൽ അല്ലാതെ വീണ്ടുംജനിക്കാനോ, പുതിയസൃഷ്ടി ആകാനോ ആർക്കും കഴിയില്ല: (യോഹ, 3:6 – 2കൊരി, 5:17). അതിനാൽ മറിയയും പെന്തെക്കൊസ്തുനാളിൽ അവരോഹണം ചെയ്തെ പരിശുദ്ധാത്മാവിനാലാണ് രക്ഷപ്രാപിച്ചതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

❸ ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. അതാനാൽ, പാപരഹിതനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവുമില്ല: (2കൊരി, 5:21; 1യോഹ, 3:5). മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നാണ്. (മത്താ, 1:20).

❹ ഗബ്രിയേൽ ദൂതൻ്റെയും മറിയത്തിൻ്റെയും വാക്കുകളുടെ വെളിച്ചത്തിൽ, മറിയ ജന്മപാപത്തിന്റെ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്നില്ല എന്ന് മനസ്സിലാക്കാം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കൊ, 1:31). ഇതൊരു പ്രവചനമാണ്. “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും” എന്ന് ഭാവികാലത്തിലാണ് (Future Tense) പറയുന്നത്. പിന്നീട് മറിയ യേശുവിനെ ഗർഭം ധരിച്ചശേഷം (മത്താ, 1:18-20) എലീശബെത്തിൻ്റെ വീട്ടിൽവെച്ച് ആലപിച്ച സ്തോത്രഗീതത്തിൽ ഇപ്രകാരം കാണാം: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-5). ഇവിടെ യിസ്രായേലിനെ തുണച്ചിരിക്കുന്നു (സഹായിച്ചു) എന്ന് ഭൂതകാലത്തിലാണ് (Aorist Tense) പറഞ്ഞിരിക്കുന്നത്. സ്വന്തജനമായ യിസ്രായേലിൻ്റെ രക്ഷിതാവായ യേശു തൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായതിനെയാണ്, ദൈവം യിസ്രായേലിനെ “തുണച്ചിരിക്കുന്നു അല്ലെങ്കിൽ സഹായിച്ചു” (Helped) എന്ന് മറിയ പറഞ്ഞത്: (മത്താ, 1:21). അതായത്, ദൈവം ആബ്രാഹാം (ഉല്പ, 22:17-18) യിസ്ഹാക്ക് (ഉല്പ, 26:5) യാക്കോബ് (ഉല്പ, 28:13-14) എന്നീ പിതാക്കന്മരോട് യിസ്രായേലെന്ന തൻ്റെ ദാസനെക്കുറിച്ച് (യെശ, 41:8) ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവർത്തിയാണ് മറിയത്തിൻ്റെ ഉദരത്തിൽ ഉരുവായ യേശു. യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ ഒന്നൊന്നായി നിവർത്തിച്ചു തുടങ്ങുന്നത് യേശുവിൻ്റെ ജനനം മുതലാണ്. അതുകൊണ്ടാണ്, യേശുവിന് വഴി ഒരുക്കാനുള്ള യോഹന്നാൻ്റെ ചരിത്രംമുതൽ പുതിയനിയമം ആരംഭിക്കുന്നത്. തൻ്റെ ജനനംമുതൽ ദൈവം ഈ രക്ഷാകരപ്രവർത്തി ആരംഭിച്ചിരുന്നുവെങ്കിൽ, മറിയം തൻ്റെ പാട്ടിലെങ്കിലും അത് പ്രതിപാദിക്കുമായിരുന്നില്ലേ?

❺ ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). ഈ വേദഭാഗങ്ങളിൽ പറയുന്ന “സ്ത്രീ പ്രസവിച്ചവൻ” എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നതല്ല; മനുഷ്യൻ്റെ ജൈവികവും പ്രകൃതിദത്തവുമായ അവസ്ഥ അല്ലെങ്കിൽ  സ്വാഭാവികമായ ജനന പ്രക്രിയയെയെ കുറിക്കുന്നതാണ്. അതായത്, സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിപ്പിക്കപ്പെടുകയും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിച്ച് ഭൂമിയിൽ ജനിക്കുന്ന എല്ലാ മനുഷ്യരെയും സൂചിപ്പിക്കുന്നതാണ്. “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല; ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നാണ് വചനം പറയുന്നത്: (റോമ, 3:10; റോമ, 3:23;  5:12). യോസേഫിനെ മാറ്റിനിർത്തിയാലും മറിയ ആദാമ്യപാപത്തിൽനിന്ന് മോചിതയാകുന്നില്ല. യേശു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചാൽ, മറിയത്തിൻ്റെ പാപശരീരമാണ് സ്വീകരിക്കാൻ കഴിയുക. മറിയത്തിൻ്റെ പാപശരീരംകൊണ്ട് പാപപരിഹാരം സാദ്ധ്യമാകുമോ?

☛ ആത്മാവിലോ, ദേഹിയിലോ അല്ല; ദേഹത്തിൽ അല്ലെങ്കിൽ ശരീരത്തിലാണ് യേശു നമ്മുടെ പാങ്ങളെ വഹിച്ചത്: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ഇവിടെപ്പറയുന്ന ശരീരം, ഗ്രീക്കിൽ Soma-യും ഇംഗ്ലീഷിൽ Body-യുമാണ്. അത് യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:3-5). അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും? ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോ, 14:4). ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. തന്മൂലം, മറിയത്തിൽനിന്ന് യാതൊന്നും സ്വീകരിച്ചു എന്ന് പറയാൻ നിർവ്വാഹമില്ല.

❻ “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5). എബ്രായലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത് LXX-ൽ നിന്നാണ്: (സങ്കീ, 40:6). ഇവിടെ, “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്നതിന് ഗ്രീക്കിൽ “Soms de katertiso moi” എന്നാണ്. ഇതൊരു ഭൂതകാല (Past Tense) പ്രയോഗമാണ്. ഈ പ്രവചനത്തിൻ്റെ നിവൃത്തിയായി പൂർണ്ണമായി പരിശുദ്ധാത്മാവിനാൽ ഒരുക്കപ്പെട്ട ശരീരം അല്ലെങ്കിൽ മനുഷ്യനാണ് യേശു എന്ന് പേരുള്ള ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതൻ: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40; 9:11).

❼ യേശു മറിയത്തിൽ ഉരുവായതും അവളിൽനിന്ന് ഉത്ഭവിച്ചതും ജീവച്ചതും മരിച്ചതും ഉയിർത്തതും പരിശുദ്ധാത്മാവിൽ ആയിരുന്നു:
𝟭. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21),
𝟮. ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
𝟯. ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
𝟰. ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), 
𝟱. ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
𝟲. ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1),
𝟳. ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
𝟴. ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
𝟵. ആത്മാവിനാൽ തന്നെത്താൻ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
𝟭𝟬. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ യേശുവിൻ്റെ ഉത്ഭവംമുതൽ ഉയിർപ്പുവരെയുള്ള മുഴുജീവിതവും പൂർണ്ണമായി പരിശുദ്ധാത്മാവിനാൽ ആയിരുന്നു. ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). യേശുവിന് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാനുള്ള ഉദരമാണ് മറിയത്തിൽനിന്ന് എടുത്തത്. അല്ലാതെ അവളിൽനിന്ന് ശരീരമല്ല സ്വീകരിച്ചത്.

☛ ദൈവം തൻ്റെ കൃപ നൽകി അമ്മ മറിയത്തിന് യേശുവിനെ ഉദരത്തിൽ വഹിച്ച് പ്രസവിച്ച് വളർത്തുക എന്നൊരു ദൗത്യം ഏല്പിച്ചിരുന്നു. ഭക്തയായ അമ്മ ആ ദൗത്യം ദൈവഹിതപ്രകാരം പുർത്തിയാക്കിയിട്ട് ക്രിസ്തുവിനോടുകൂടെ നിത്യതയിൽ മറഞ്ഞു. അതല്ലാതെ, ബൈബിൾ പറയാത്ത ഒരു കെട്ടുമാറാപ്പും ഭക്തയായ അമ്മയുടെ ചുമലിൽ ആരും ചാർത്തിക്കൊടുക്കാൻ ആവശ്യമില്ല.

ചില പെന്തെക്കൊസ്തുകാരും ഒട്ടും മോശമല്ല. “ദൈവത്വവും മനുഷ്യത്വവുവുമുള്ള ഭ്രൂണം വിക്ഷേപിച്ചിട്ടാണ് യേശു യെഹൂദനായതെന്ന് പഠിപ്പിക്കുന്നവരുണ്ട്.” “ദൈവത്വമുള്ള ഭ്രൂണം” എന്നത് വല്ലാത്ത ഉപദേശംതന്നെ! [കാണുക: ദൈവത്വവും മനുഷ്യത്വവുമുള്ള ഭ്രൂണം]

Leave a Reply

Your email address will not be published. Required fields are marked *