❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളിപ്പാട് 3:14)
വെളിപ്പാട് പുസ്തകത്തിൽ, സൂര്യതേജസ്സോടെ യോഹന്നാൻ ദർശിച്ച മനുഷ്യപുത്രനോട് സദൃശൻ ❛ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ❜ എന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ ❛ദൈവസൃഷ്ടിയുടെ ആരംഭം❜ എന്ന പ്രയോഗത്തിന് ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥമില്ല.
ആരംഭം: ❛beginning❜ എന്നർത്ഥമുള്ള ❛ആർക്കീ❜ (ἀρχὴ – archē) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നത്.
സൃഷ്ടിയുടെ ആരംഭം: ❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളി, 3:14). ഈ വേദഭാഗത്ത്, ❛hē archē tēs ktiseōs tou Theou❜ എന്ന പ്രയോഗത്തിൻ്റെ ❛hē archē❜ എന്ന ആദ്യഭാഗം നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചനം (Nominative Case Singular) ആണ്. അതിനെയാണ് സത്യവേദപുസ്തകത്തിൽ ❛ആരംഭം❜ (the beginning) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ മലയാളം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്; അത് താഴെ നനസ്സിലാകും. അടുത്തഭാഗമായ ❛tēs ktiseōs tou Theou❜ എന്നത് സംബന്ധിക വിഭക്തിയിലുള്ള ഏകവചനം (Genitive Case Singular) ആണ്. ❛ദൈവത്തിൻ്റെ സൃഷ്ടിയുടെ❜ (of the creation of God) എന്നാണർത്ഥം. ❛ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർക്കീ❜ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ഭാഷാപരമായി ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. ❛സൃഷ്ടി❜ എന്ന പദം ബഹുവചനം ആയാലാണ് ❛ആർക്കീ❜ (beginning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം (ഹേതു) എന്നാണ് അർത്ഥം വരുന്നത്. എന്നാൽ അവിടെ ❛ദൈവത്തിൻ്റെ സൃഷ്ടികളുടെ❜ (of the creations of God) എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ (ആദ്യത്തെ) സൃഷ്ടി എന്ന് അർത്ഥം വരുമായിരുന്നു. ❛ദൈവസൃഷ്ടിയിൽ ആദ്യത്തവൻ❜ അല്ലെങ്കിൽ, ❛ഒന്നാമത്തവൻ❜ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്തെ ❛ആർക്കീ❜ (beginning) എന്ന പദത്തിന്, ആരംഭം എന്നല്ല അർത്ഥം; ❛കാരണം, ഹേതു❜ എന്നൊക്കെയാണ് അർത്ഥമെന്ന് മനസ്സിലാക്കാം.
തെളിവ് വചനത്തിൽത്തന്നെ ഉണ്ട്: ❝യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.❞ (യോഹ, 2:11). ഈ വേദഭാഗത്തെ ❛അടയാളങ്ങൾ❜ എന്ന ബഹുവചനം ശ്രദ്ധിക്കുക. ഇവിടെ, ❛അടയാളങ്ങളുടെ❜ (of miracles) എന്നർത്ഥമുള്ള നാമപദം ❛sēmeion❜ എന്ന പദം സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) എന്ന ആയതുകൊണ്ടാണ്, ❛ആർക്കീൻ❜ (archēn) എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) പദത്തിന് ❛ആരംഭം❜ (ആദ്യത്തെ/ഒന്നാമത്തെ) എന്ന് അർത്ഥം വന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണ് കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. യേശു ഒരു അടയാളം മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, അതിനെ ആരംഭം (ആദ്യത്തെ) എന്ന് എങ്ങനെ പറയും❓ അവൻ അനേകം അടയാളങ്ങൾ ചെയ്തതുകൊണ്ടാണ്, അതിൽ ആദ്യത്തെ അടയാളത്തെ ❛അടയാളങ്ങളുടെ ആരംഭം❜ എന്ന് യോഹന്നാൻ പിൽക്കാലത്ത് എഴുതുന്നത്. ❛അടയാളങ്ങൾ❜ എന്ന പദം ബഹുവചനമായപോലെ, വെളിപ്പാടിൽ ❛സൃഷ്ടികൾ❜ അഥവാ, ❛ദൈവത്തിൻ്റെ സൃഷ്ടികളുടെ ആർക്കീ❜ എന്ന ബഹുവചന ആയിരുന്നെങ്കിൽ, മനുഷ്യപുത്രനോട് സദൃശൻ സൃഷ്ടികളിൽ ഒന്നാമനാണ് അല്ലെങ്കിൽ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അർത്ഥം വരുമായിരുന്നു. എന്നാൽ അവിടെ ❛ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർക്കീ❜ എന്ന ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, അവൻ ❛ദൈവസൃഷ്ടിയുടെ കാരണക്കാരൻ❜ അല്ലെങ്കിൽ, ❛സൃഷ്ടിക്ക് ഹേതുവായവൻ❜ എന്നാണ് ശരിയായ അർത്ഥം.
ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന തെളിവും വചനത്തിലുണ്ട്: ❝യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.❞ (സങ്കീ, 111:11 ⁃⁃ സദൃ, 1:7; 9:10). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേത് എന്നോ, ആദ്യത്തേത് എന്നോ അല്ല അർത്ഥമാക്കുന്നത്; ഭക്തൻ്റെ ജ്ഞാനത്തിനു ❛കാരണം❜ (ഹേതു) യഹോവാഭക്തിയാണ് എന്നാണർത്ഥം. മറ്റൊരു വ്യക്തമായ തെളിവ് തരാം: ❝സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.❞ (മർക്കൊ, 10:6). ഇവിടെയും ❛സൃഷ്ടി❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ❛ക്തീസെയോസ്❜ (ktíseos) എന്ന ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്. എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ ❛സൃഷ്ടികളുടെ ആരംഭത്തിൽ❜ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി, എന്ന് ബഹുവചനത്തിൽ പറഞ്ഞിരുന്നെങ്കിൽ, ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും. എന്നാൽ അത് വാസ്തവം അല്ലാത്തതിനാലാണ്, ❛സൃഷ്ടിയുടെ ആരംഭം❜ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്ക് ഒരു വ്യാകരണവും അത് ഉപയോഗിക്കാൻ ഒരു നിയമവുമുണ്ട്. അല്ലാതെ, വല്ലവിധേനയും ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശമാകുന്നത്.
ബഹുവചനത്തിൻ്റെ തെളിവ്: ❝നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.❞ (യാക്കോ, 1:18). ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം ❛ക്തീസ്മാതോൻ❜ (ktismáton) എന്ന സംബന്ധിക വിഭക്തിയിലുള്ള ബഹുവചനം (Genitive Case Plural) ആണ്. ഈ വേദഭാഗത്ത് ❛സൃഷ്ടികൾ❜ (Creatures) എന്ന ബഹുവചനം ശ്രദ്ധിക്കുക. വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യഫലം (firstfruits) അല്ലെങ്കിൽ, എല്ലാ സൃഷ്പ്രടികളിലുംവെച്ച് പ്രഥമസ്ഥാനം നല്കാൻ വേണ്ടിയാണ് ദൈവം നമ്മെ അവൻ്റെ വചനത്താൽ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. തന്മൂലം, ❝ദൈവത്തിൻ്റെ സൃഷ്ടിയുടെ ആർക്കീ❞ എന്ന് പറഞ്ഞാൽ, ദൈവസൃഷ്ടിക്ക് കാരണം/ഹേതു എന്നാണ് ആ പ്രയോഗത്തിൻ്റെ ശരിയായ അർത്ഥമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.