ദൈവപുത്രനായ യേശു

ദൈവപുത്രനായ യേശു

“അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32)

“അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35)

“യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52)

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)

അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക ക്രൈസ്തവ സംഘടനകളും. (ക്രിസ്തുവിൻ്റെ സഭയെന്ന് ഇവരെ പറയാൻ കൊള്ളില്ല). ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും സകല ദുരുപദേശകരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. കത്തോലിക്ക, പെന്തെക്കൊസ്ത്, ബ്രദറുകാർ തുടങ്ങിയ ത്രിത്വവിശ്വാസികൾ നിത്യപുത്രനായും; യഹോവസാക്ഷികൾ സൃഷ്ടിപുത്രനായും; ക്രിസ്റ്റാഡെൽഫിയൻസ് ദത്തെടുക്കപ്പെട്ട പുത്രനായും ക്രിസ്തുവിനെ മനസ്സിലാക്കുന്നു. സത്യേകദൈവമായ യേശുക്രിസ്തുവിനെ ദൈവമല്ലാതാക്കാനുള്ള പഴയപാമ്പിൻ്റെ ഉപായമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ നുഴഞ്ഞുകയറിയ ദുരുപദേശമാണ് ത്രിത്വം. എല്ലാ ദുരുപദേശങ്ങളുടെയും അടിസ്ഥാനം ത്രിത്വമാണ്. ത്രിത്വത്തിൻ്റെ ഉപോല്‍പ്പന്നങ്ങളാണ് (by-products) ക്രിസ്തു ത്രിത്വത്തിൽ രണ്ടാമൻ, നിത്യപുത്രൻ, അവതാരം, ജഡത്തിൽ ഇരുപ്രകൃതി തുടങ്ങിയവ. കൃപായുഗത്തിൻ്റെ നല്ലൊരു ശതമാനം സമയം, ഏകദേശം 1,700 വർഷമായി ഇക്കൂട്ടർ അന്ധകാരത്തിൽ കഴിയുകയാണ്. ആദ്യനും അന്ത്യനും, ഇന്നലെയും ഇന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ, യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും ജഡത്തിൽ വെളിപ്പെട്ടതിനെ, അവൻ പുത്രനായതുകൊണ്ടാണ് ദൈവമാകുന്നതെന്ന തലതിരിഞ്ഞ ഉപദേശമാണ് ഇക്കൂട്ടർ പഠിപ്പിക്കുന്നത്. അന്ധകാരത്തിൻ്റെ ഉപദേശമാകയാൽ ഇവരെ ത്രിത്വമെന്നല്ല; അന്ധംത്രിത്വം എന്നാണ് വിളിക്കേണ്ടത്.

ദൈവത്തിൻ്റെ മക്കൾ: ദൈവത്തിന് മക്കളുണ്ടോ? ഉണ്ട്. അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുള്ളതായി ബൈബിൾ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6). രണ്ടാമത്തെ പുത്രൻ ആദാം. (ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ മനുഷ്യർ. (ഉല്പ, 6:2,4). ശേത്തിൻ്റെ പരമ്പരയാണെന്ന് കരുതപ്പെടുന്നു. നാലാമത്തെ പുത്രൻ യിസ്രായേൽ. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ എഫ്രയീം. (യിരെ, 31:9). യിസ്രായേലും എഫ്രയീമും ദൈവത്തിൻ്റെ ആദ്യജാതന്മാരാണ്. ആറാമത്തെ പുത്രൻ ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ. (ലൂക്കൊ, 1:32,35). ആറ് മനുഷ്യൻ്റെ സംഖ്യയാണ്. ദൈവം ആറാം ദിവസമാണ് പൂർണ്ണമനുഷ്യനായി ആദാമിനെ സൃഷ്ടിച്ചത്. പുത്രന്മാരിൽ ആറാം സ്ഥാനം പൂർണ്ണമനുഷ്യനായ യേശുവിനും ലഭിച്ചു. ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ. (യോഹ, 1:12; 3:16). ജഡത്തിലായിരുന്ന ദൈവപുത്രൻ തന്നിൽത്തന്നെ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. അങ്ങനാണെങ്കിൽ; സ്വർഗ്ഗത്തിലെ ദൂതന്മാരായ ദൈവപുത്രന്മാരും (ഇയ്യോ, 1:6; 2:1), ദൈവപുത്രനായ ആദാമും (ലൂക്കോ, 3:38), ദൈവപുത്രന്മാരായ മനുഷ്യരും (ഉല്പ, 6:2), ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലും (പുറ, 4:22,23), ദൈവത്തിൻ്റെ ആദ്യജാതനായ എഫ്രയീമും (യിരെ, 31:9), ദൈവമക്കളായ വിശ്വാസികളും (യോഹ, 1:12) അതേയർത്ഥത്തിൽ ദൈവമാകണ്ടേ? ഇനി, യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ (ഏകവചനത്തിൽ) ഉണ്ടോ? ഉണ്ട്. അതുപക്ഷെ, യേശുക്രിസ്തുവല്ല; ആദാമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ മനുഷ്യൻ. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). പിന്നെയുള്ളത്, ദൈവപുത്രനെന്ന പദവിയാണ്: അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലാണ് (പുറ, 4:22,23); രണ്ടാമത്തെ പുത്രൻ എഫ്രയീമാണ്. (യിരെ, 31:9). മൂന്നാമത്തെ പുത്രനാണ് യേശുക്രിസ്തു. (ലൂക്കൊ, 1:32,35). 

യേശുവെന്ന പുത്രൻ: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശു ആരുടെയെങ്കിലും യഥാർത്ഥ പുത്രനാണെങ്കിൽ, അത് മറിയയുടെ മാത്രമാണ്. (മത്താ, 1:21; ലൂക്കൊ, 1:32). ത്രിത്വം കരുതുന്നതുപോലെ യേശുവെന്നൊരു ദൈവമോ, ദൈവത്തിനില്ലാത്ത ദൈവത്തോടു സമനായ ഒരു നിത്യപുത്രനോ മറിയയുടെ ഉദരത്തിൽ വന്ന് ജനിക്കുകയായിരുന്നില്ല; പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉരുവായത് പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞാണ്. (മത്താ, 1:18,20). ആ കുഞ്ഞിൻ്റെ മാതാവ് മറിയയും വളർത്തച്ഛൻ യോസേഫുമാണ്. (മത്താ, 1:21-24). ബൈബിൾ പറയുന്നു: ജനനത്തിൽ അവൻ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും മകനായിരുന്നു. (മത്താ, 1:1,25). ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദാവീദാണെന്നും (ലൂക്കൊ, 1:32), ജഡപ്രകാരം അവൻ ദാവീദിൻ്റെ സന്തതിയിൽ നിന്നു ജനിച്ചുവെന്നും പറഞ്ഞിട്ടുണ്ട്. (റോമ, 1:5). ദൈവസന്തതിയായല്ല; ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവാണ് സുവിശേഷം. (2തിമൊ, 2:8). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമിയി ക്രൂശിൽ മരിച്ചത് ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (1തിമൊ, 2:5,6). മനുഷ്യരുടെ പാപപരിഹാരാർത്ഥം ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ, അവൻ ദൈവമല്ല; പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാത്ത മനുഷ്യൻ ആകുന്നു. (1തിമൊ, 2:5,6). പാപമറിയാത്തവൻ (2കൊരി, 5:21), പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22) എന്നിത്യാദി പ്രയോഗങ്ങൾ ദൈവത്തെ കുറിക്കുന്നതല്ല; പൂർണ്ണമനുഷ്യനെ കുറിക്കുന്നതാണ്. എന്നാൽ ജഡത്തിൽ വെളിപ്പെട്ടുവന്ന പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ദൈവം ആയിരുന്നു. (യോഹ, 1:1; തീത്തൊ, 2:12). ഒന്നുകൂടി വ്യക്തമാക്കിയാൽ: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു പാപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

യേശുവിൻ്റെ ജനനം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18. മത്താ, 1:20; ലൂക്കൊ, 1:35). കന്യകമറിയയുടെ മകനായി ജഡത്തിൽ വന്ന യേശു ദൈവത്തിൻ്റെ അവതാരമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ, അവതരിക്കാൻ കഴിയില്ലെന്ന ദൈവഭക്തിയുടെ മർമ്മം പോലും പലർക്കും ഇതുവരെയും മനസ്സിലായിട്ടില്ല. (1തിമൊ, 3:16). ദൈവത്തിന് മനുഷ്യനായി പ്രത്യക്ഷനാകാൻ ഒരു സ്ത്രീയുടെ ഉദരം ആവശ്യമുണ്ടോ? ഒരിക്കലുമില്ല. ബൈബിളിൽത്തന്നെ അതിന് കൃത്യമായ തെളിവുണ്ട്. മറിയയിലൂടെ ആദ്യമായിട്ടല്ല ദൈവം ജഡത്തിൽ വന്നത്. മമ്രേയുടെ തോപ്പിൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ അവനോടുകൂടെ ആറേഴുനാഴിക ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുകയും ഒരു ദീർഘ സംഭാഷണവും കഴിഞ്ഞ് മടങ്ങിപ്പോയതായി കാണാം. (ഉല്പ, 18:1-19:1). പിന്നെന്തുകൊണ്ടാണ് നേരിട്ടു പ്രത്യക്ഷനാകാതെ കന്യകയുടെ ഉദരത്തിലൂടെ ജനിച്ചുവെന്ന് ചോദിച്ചാൽ: തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്നും ന്യായപ്രമാണത്തിൻ്റെ ശാപത്തിൽ നിന്നും വീണ്ടെടുക്കണമെങ്കിൽ, ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമായിരുന്നു; അതുകൊണ്ടാണ് ഒരു യെഹൂദാ കന്യകയിലൂടെ ന്യായപ്രമാണത്തിന് അധീനനായ് ജനിച്ചത്. (മത്താ, 1:21; 3:13; 4:4). അപ്പോൾ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്ന് പറഞ്ഞിരിക്കുന്നതെന്താണ്? മറിയയുടെയും യോസേഫിൻ്റെയും ആശങ്കയ്ക്കുള്ള ഉത്തരമാണത്. മറിയയുടെ ആശങ്കയെന്താണ്: “ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും?” (ലൂക്കോ, 1:34). അതിന്നു ദൂതൻ: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യോസേഫിന്റെ ആശങ്കയെന്താണ്: താനുമായി നിശ്ചയം കഴിഞ്ഞ മറിയ താനറിയാതെ ഗർഭിണിയായി അഥവാ അവൾ പിഴെച്ചുപോയി; അതിനാൽ ഗൂഢമായി അവളെ ഉപേക്ഷിക്കാൻ ഭാവിച്ചു. (മത്താ, 1:18,19). ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). ദൈവവും തൻ്റെ ആത്മാവായ പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് കരുതുന്നവരാണ് ത്രിത്വം. വ്യത്യസ്തരായാൽ, ദൈവം പരിശുദ്ധാത്മാവിൻ്റെ സഹായത്താൽ വെളിപ്പെട്ടുവെന്ന് പറയണ്ടേ? ദൈവത്തിന് ജഡത്തിൽ വെളിപ്പെടാൻ മറ്റൊരു വ്യക്തിയുടെ സഹായം ആവശ്യമായിവന്നാൽ ആ ദൈവം എത്ര ബലഹീനനായിരിക്കും. ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് കാരണം ദൈവംതന്നെയാണ്; ദൈവം സ്വയം നിലനില്ക്കുന്നവൻ (self-existence) ആണ്. ദൈവവും ദൈവത്തിൻ്റെ ആത്മാവും ഒരാൾതന്നെ ആയതുകൊണ്ടാണ് പരിശുദ്ധാത്മാവിൽ ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. (കാണുക: യേശുവിൻ്റെ സ്നാനം വ്യക്തികളും: വസ്തുതയും)

ദൈവപുത്രനെന്ന പദവി: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32,35). അനേകർ വിചാരിക്കുന്നതുപോലെ ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ഒന്നുമല്ല മറിയയിലൂടെ ജനിച്ചത്; പാപമില്ലാത്ത ഒരു മനുഷ്യനാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന ഒരു പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു യേശു. (ലൂക്കോ, 2:52). ‘ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷം, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് (മത്താ, 3:16; പ്രവൃ, 10:38) യേശുവെന്ന പരിശുദ്ധമനുഷ്യൻ ക്രിസ്തു അഥവാ അഭിഷിക്തൻ ആയതും (മത്താ, 16:16), പ്രവചനംപോലെ പിതാവിനാൽ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടതും. (മത്താ, 3:17). അതായത്, യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷ 33½ വർഷമെന്ന് കണക്കാക്കിയാൽ, തൻ്റെ ഐഹിക ജീവിതത്തിൽ ഏകദേശം മൂന്നരവർഷം അഥവാ പത്തിലൊന്നു സമയം മാത്രമാണ് ക്രിസ്തുവെന്ന പദവിയും ദൈവപുത്രനെന്ന പദവിയും തനിക്കുണ്ടായിരുന്നത്. ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാൻ ഇതിൽപരം തെളിവെന്തിനാണ്. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 6:3), മോശെ മുതൽ മലാഖി വരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിയിൽ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:15; മലാ, 1:1), മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും, കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4) യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32) മനുഷ്യനായി വെളിപ്പെട്ടതും ഒരാളാണ്. (ലൂക്കൊ, 1:68; 1തിമൊ, 3:16; 1പത്രൊ, 1:20). ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ “ആരായിരുന്നു” എന്നു ചോദിച്ചാൽ; അവൻ ദൈവം ആയിരുന്നു. (യോഹ, 1:1). എന്നാൽ അവൻ “ആരാകുന്നു” എന്ന് ചോദിച്ചാൽ; അവൻ പാപമില്ലാത്ത ഒരു മനുഷ്യൻ മാത്രമാണ്. 

ഏഴുപേരുടെ പുത്രൻ: ക്രിസ്തു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് വിശ്വസിക്കുന്നവരോട് പറയട്ടെ; അവൻ ദൈവത്തിൻ്റെ മാത്രം പുത്രനല്ല; പലരുടെയും പുത്രനാണ്. പുതിയനിയമത്തിൽ ഏഴുപേരുടെ പുത്രനായി ക്രിസ്തുവിനെ പറഞ്ഞിട്ടുണ്ട്. 1. ദൈവപുത്രൻ (127 പ്രാവശ്യം: മത്താ, 3:17). അതിൽ രണ്ടെണ്ണം പ്രവചനമാണ്. (ലൂക്കൊ, 1:32,35). 2. മനുഷ്യപുത്രൻ (85 പ്രാവശ്യം: മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (2 പ്രാവശ്യം: മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (15 പ്രാവശ്യം: മത്താ, 1:1). 5. മറിയയുടെ പുത്രൻ (17 പ്രാവശ്യം: മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (6 പ്രാവശ്യം: മത്താ, 1:25). 7. സ്ത്രീയുടെ സന്തതി: (1 പ്രാവശ്യം: ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). (കാണുക: മൂന്നു സ്ത്രീകൾ). ഏഴുപേരുടെ പുത്രനായി പറഞ്ഞിരിക്കുന്നൊരാൾ, ദൈവത്തിൻ്റെ മാത്രം സാക്ഷാൽ പുത്രനാകുന്നതെങ്ങനെ? യേശുക്രിസ്തു ദൈവപുത്രനാണെന്ന് വാദിച്ചാൽ അതേയർത്ഥത്തിൽ മറ്റെല്ലാവരുടെയും പുത്രനാകണ്ടേ? യഥാർത്ഥത്തിൽ മറിയെന്ന കന്യകയുടെ മാത്രം പുത്രനാണ് മനുഷ്യനായ യേശു; ദൈവപുത്രനുൾപ്പെടെ ബാക്കിയെല്ലാം പദവികളാണ്. ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകുടെ പുത്രനായിരിക്കുകയും ചെയ്യുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് പറയുന്നവർ ഏതാത്മാവിന് അധീനരാണെന്ന് ശോധന ചെയ്യേണ്ടതാണ്. യേശുക്രിസ്തുവിനെ ദൈവത്തിൻ്റെ ഒരേയൊരു പുത്രനായി നിക്ഷ്പക്ഷബുദ്ധികൾ മനസ്സിലാക്കാൻ കാരണം അവൻ്റെ ഏകജാതനെന്ന പ്രയോഗമാണ്. ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും ക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്. ഒരു മകന് അക്ഷരാർത്ഥത്തിൽ അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ലെന്നത് കൊച്ചുകുട്ടികൾക്കു പോലും അറിയാം; എങ്കിലും ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം വിശ്വസിക്കുന്ന കാരണത്താൽ നിർമ്മലഹൃദയർ പോലും ഇതൊന്നും അറിയാതെ തെറ്റിപ്പോകുന്നു. ഏകജാതനും ആദ്യജാതനും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണ്. (കാണുക: ഏകജാതനും ആദ്യജാതനും). 

നിസ്തുലപുത്രൻ: ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്; അവൻ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ്. (1തിമൊ, 3:16). ആ നിലയിൽ അവൻ നിസ്തുലനാണ്. രണ്ട്; അവൻ കന്യകാജാതനാണ്. (മത്താ, 1:22). ആ നിലയിലും അവൻ നിസ്തുലനാണ്. മൂന്ന്; ക്രിസ്തു പാപമറിയാത്തവനാണ്. (2കൊരി, 5:21). ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു. എന്നാൽ ക്രിസ്തു തൻ്റെ ഐഹിക ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (1പത്രൊ, 2:22). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ചുമരിച്ച ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. നാല്; അവൻ വിശ്വസ്ത മഹാപുരോഹിതനാണ്. (എബ്രാ, 2:17). മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ മഹാപുരോഹിതൻ. (1തിമൊ, 2:5,6). അവനിലൂടെയാണ് നമുക്ക് ദൈവത്തോടു നിരപ്പുവന്നത്. (2കൊരി, 5:18). നമ്മൾ ദൈവമക്കളായത് അവൻ മുഖാന്തരമാണ്. (യോഹ, 1:12; 3:16). ആ നിലയിലും അവൻ നിസ്തുലനാണ്. അഞ്ച്; അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. (1പത്രൊ, 1:20; എഫെ, 1:4; എബ്രാ, 1:1). ആ നിലയിലും അവൻ നിസ്തുലനാണ്. 

ദൈവപുത്രനും മനുഷ്യപുത്രനും: പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ ഒരാവർത്തി വായിച്ചുനോക്കുന്ന ആർക്കും മനസ്സിലാകും: ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണ്. 125-ലേറെ പ്രാവശ്യം ദൈവപുത്രനെന്നും 90-ഓളം പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിളിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യമൊഴികെ യേശു തന്നെക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നതെല്ലാം മനുഷ്യപുത്രനെന്നാണ്. ദൈവപുത്രൻ (Son of God) എന്ന് ഏതർത്ഥത്തിൽ വിളിച്ചിരിക്കുന്നുവോ, അതേയർത്ഥത്തിൽ തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിളിച്ചിരിക്കുന്നത്. ദൈവപുത്രൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, മനുഷ്യപുത്രൻ മനുഷ്യൻ്റെ സാക്ഷാൽ പുത്രനായില്ലേ? അപ്പോഴത് പരസ്പരവിരുദ്ധമാകും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും ഒരുപോലെ യേശുവിന് യോജിക്കുന്നത് പദവിയായതുകൊണ്ടാണ്. യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് പഠിപ്പിക്കുന്ന ത്രിത്വത്തിന് അവൻ്റെ മനുഷ്യപുത്രത്വം കാണാൻ കഴിയാതെവണ്ണം സാത്താൻ അവരുടെ കണ്ണ് കുരുടാക്കിക്കളഞ്ഞു.  കഥയറിയാതെ ആട്ടം കാണുന്നവരാണ് ക്രൈസ്തവ നാമധാരികൾ. യേശുവിൻ്റെ ദൈവപുത്രത്വത്തിനും മനുപുത്രത്വത്തിനും കാരണമായി പഴയനിയമത്തിൽ ഒരു ദൈവപുത്രനും മനുഷ്യപുത്രനുമുണ്ട്; അവനെ അറിയാത്തതാണ് ഏകദൈവം ത്രിത്വമാണെന്ന് തെറ്റിദ്ധരിച്ചതും യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്ന് മനസ്സിലാകാതെ പോയതും.

ദൈവത്തോടു കൂടെയുണ്ടായിരുന്ന പുത്രൻ: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). പൗലോസിനു വെളിപ്പെട്ട സഭയെക്കുറിച്ചുള്ള മർമ്മത്തിൽ, ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ദൈവത്തിൻ്റെ വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണ് ക്രിസ്തുവെന്ന് വേറെയും അനേകം വാക്യങ്ങളുണ്ട്. (യോഹ, 12:38; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). എന്നാൽ യോഹന്നാൻ ദൈവത്തിൻ്റെ വെളിപ്പാടിനെ അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗാസായാണ് അവതരിപ്പിക്കുന്നത്. ഒരാളുടെ ഹൃദയും ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് വാക്ക് അഥവാ ലോഗോസ്. അതുകൊണ്ടാണ്, “വചനം ജഡമായി തീർന്നു” (The Word became flesh) എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). യോഹന്നാൻ്റെ വാക്കുകൾ ശ്രദ്ധിക്കണം: ദൈവം ജഡമായി അഥവാ മനുഷ്യനായി എന്നല്ല; ദൈവത്തോടു കൂടെ “ആയിരുന്ന” ദൈവം “ആയിരുന്ന” വചനം മനുഷ്യനായി എന്നാണ് പറയുന്നത്. യോഹന്നാൻ എന്തുകൊണ്ടാണ് ദൈവം ജഡമായി എന്നു പറയാതെ, വചനം ജഡമായി എന്ന് പറയുന്നത്? ദൈവം ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. ദൈവത്തിന് താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്താൻ അഥവാ പ്രത്യക്ഷനാകനല്ലാതെ, അവതാരമെടുക്കാനോ, മനുഷ്യനോ മറ്റൊന്നോ ആയിത്തീരുവാനോ കഴിയില്ല. എന്തെന്നാൽ ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപമോ സ്വഭാവമോ ത്യജിക്കാൻ കഴിയില്ല. (2തിമൊ, 2:13; യാക്കോ, 1:17). അതിനാലാണ് ദൈവത്തിൻ്റെ ലോഗോസ് അഥവാ വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതയുടെ മറ്റൊരു പ്രയോഗമാണത്. ദൈവം തൻ്റെ വാക്ക് അഥവാ വചനത്താൽ “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയത്. (ഉല്പ, 1:24). അതാണ്, “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. തൻ്റെ വചനത്താലാണ് ദൈവം സകലവും ചെയ്യുന്നത്. ദൈവവചനത്തിൻ്റെ പ്രവൃത്തികൾ നോക്കുക: ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതും (സങ്കീ, 33:6. ഒ.നോ: യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7), വീണ്ടും ജനിപ്പിക്കുന്നതും (യാക്കോ, 1:18; 1പത്രൊ, 1:23), സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതും (സങ്കീ, 107:20), ജീവൻ നല്കുന്നതും (സങ്കീ, 119:50) വചനമാണ്. ദൈവത്തിൻ്റെ വചനം അതിവേഗം ഓടുന്നതാണ്. (സങ്കീ, 147:15). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). കാലസമ്പൂർണ്ണതയിൽ ദൈവത്തിൻ്റെ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14. ഒ.നോ: ഗലാ, 4:4). “വചനം ദൈവത്തോടു കൂടെയായിരുന്നു.” ദൈവത്തിൻ്റെ ലോഗോസ് ദൈവത്തിൻ്റെ കൂടെത്തന്നെയല്ലേ ഉണ്ടാകുന്നത്? ദൈവത്തെയും വചനത്തെയും ഏങ്ങനെ വേർപെടുത്താൻ കഴിയും? ഈ വചനം ദൈവത്തിൻ്റെ എവിടെയാണ് ഇരിക്കുന്നതെന്നാണ് 1:18-ൽ വ്യക്തമാക്കിയിരിക്കുന്നത്. അവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ്. bosom ഹൃദയമാണ്. അതായത്, ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലെ വചനം ജഡമായിത്തീർന്ന പുത്രനിലൂടെ വെളിപ്പെടുത്തുന്നത്. (1യോഹ, 4:9). “വചനം ദൈവം ആയിരുന്നു.” വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവം ആയിരുന്ന വചനമാണ് ജഡമായത്. (യോഹ, 1:14; 1:1,2). “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയുന്നതും നോക്കുക. ഒരാൾ മന്ത്രി ആയിരുന്നു എന്നു പറഞ്ഞാൽ, ഇപ്പോഴും മന്ത്രിയാണെന്നാണോ? അല്ല. മുമ്പ് മന്ത്രിയായിരുന്നു; ഇപ്പോൾ മന്ത്രിയല്ല. മുമ്പേ ദൈവമായിരുന്ന ദൈവത്തിൻ്റെ ലോഗോസാണ് ഇപ്പോൾ മനുഷ്യൻ ആയിരിക്കയാണ്. ജഡമായിത്തീർന്ന പുത്രൻ “ആരാകുന്നു” എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത മനുഷ്യനാണ്. അവൻ “ആരായിരുന്നു” എന്ന് ചോദിച്ചാൽ; ദൈവം ആയിരുന്നു. ആകയാൽ, ദൈവത്തിൻ്റെ വചനം ജഡമായതാണ് ക്രിസ്തു അല്ലാതെ, ദൈവത്തോടു കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയല്ല. (കാണുക: വചനം ദൈവം ആയിരുന്നു)

പിതാവിൻ്റെ മടിയിലിരിക്കുന്ന പുത്രൻ: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). ഇതിനെ, പിതാവിൻ്റെ മടിയിലിരിക്കുന്ന മറ്റൊരു വ്യക്തിയും പുത്രദൈവമായും ത്രിത്വം യേശുവിനെ മനസ്സിലാക്കുന്നു. ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ്. bosom എന്നാൽ; നെഞ്ച്, ഹൃദയം, മാറിടം, മനസ്സ്, വക്ഷസ്സ് എന്നൊക്കെയാണ്. യോഹന്നാൻ 13:23-ൽ അതേ പദത്തെ ‘മാറിടം’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഹൃദയം നിറഞ്ഞുകവിയുന്നതാണ് വായ സംസാരിക്കുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 12:34). ദൈവത്തിൻ്റെ ഉള്ളിലുള്ള ലോഗോസ് അഥവാ വചനമാണ് ജഡമാത്തീർന്ന പുത്രൻ. പുത്രൻ അഥവാ ക്രിസ്തു ദൈവത്തിൻ്റെ മടിയിൽ മാത്രമല്ല, പല ഭാഗങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഉദാഹരണം: യഹോവയുടെ: പുറകിൽ (സങ്കീ, 16:8; പ്രവൃ, 2:25), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5; പ്രവൃ, 2:25), വലത്തുഭാഗത്ത് (110:1; മർക്കൊ, 16:19), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17). പലസ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിരിക്കയാൽ, പുത്രൻ പിതാവിൻ്റെ അടുക്കലിരിക്കുന്ന മറ്റൊരു വ്യക്തിയല്ല; അതൊക്കെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. (കാണുക: അദൃശ്യദൈവം)

പിതാവിൻ്റെ അടുക്കലുള്ള പുത്രൻ്റെ മഹത്വം: “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (മത്താ, 17:5). ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണത് പറയുന്നത്. വചനമെന്ന നിലയിൽ ദൈവത്തിൻ്റെ വചനവും ജ്ഞാനവും വിവേകവും ശക്തിയുമെല്ലാം എന്നുമെന്നും ദൈവത്തിൻ്റെ കൂടെത്തന്നെ ആയിരിക്കും. ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായി അവൻ്റെയടുക്കൽ ഉണ്ടായിരുന്നെങ്കിൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനം പറയുന്നത് കൂടി ശ്രദ്ധിക്കുക; “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:30. ഒ.നോ: 8:22-29). മാത്രമല്ല, ദൈവം ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം അവനോടുകൂടെ ഉണ്ടായിരുന്നു. (സദൃ, 8:27). ജ്ഞാനത്താലാണ് യഹോവ ഭൂമിയെ സ്ഥാപിച്ചത്. (സദൃ, 3:19; യിരെ, 10:12; 51:12), ജ്ഞാനം പല കാര്യങ്ങൾ ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: ഘോഷിക്കുന്നു (1:2), വിളിക്കുന്നൂ 1:21), ചോദ്യം ചോദിക്കുന്നു 1:22), വിളിച്ചുപറയുന്നു (8:1), വീടു പണിയുന്നു (9:1), സദ്യ ഒരുക്കുന്നു (9:2-5), പീഠത്തിന്മേൽ ഇരിക്കുന്നു (9:15) തുടങ്ങിയ അനവധി കാര്യങ്ങൾ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇനിയും നോക്കുക: ഒന്ന്; “ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു.” (8:27). വചനത്തെക്കുറിച്ചു പറയുന്നു: “അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:2). രണ്ട്; “ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു.” (8:35). വചനത്തെക്കുറിച്ചു പറയുന്നു; “അവനിൽ ജീവൻ ഉണ്ടായിരുന്നു.” (യോഹ, 1:4; 3:36). മൂന്ന്; “ജ്ഞാനത്തോടു പിഴെക്കുക്കുന്നവൻ പ്രാണഹാനി വരുത്തുന്നു.” (8:36). വചനം ജഡമായ പുത്രനെക്കുറിച്ചു പറയുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്: “പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു” എന്നാണ്. ജ്ഞാനം പറയുന്നു: “ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ജനിച്ചു.” (8:24). ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു പറയുന്നവർ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തോടൊപ്പം ശില്പിയായി അഥവാ എഞ്ചിനീയറായി ഉണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? ഇല്ല. വചനം ജഡമാകുന്നതിന് മുമ്പ് മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു; വചനം ജഡമായ പുത്രൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യമായശേഷം മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. എന്തെന്നാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷതയായ പുത്രൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. (കാണുക: ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം)

പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ: “ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യേശുക്രിസ്തുവെന്ന ഒരു ഏകദൈവമേയുള്ളു. അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനും, പരിശുദ്ധാത്മാവായി പ്രത്യക്ഷനായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് അവൻ പറഞ്ഞതോർക്കുക. (യോഹ, 14:18). യോഹന്നാൻ അപ്പൊസ്തലൻ പറയുന്ന പിതാവ് അദൃശ്യനായ ദൈവമാണ്; ദൈവമഹത്വത്തിൻ്റെ അടുത്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവും ഉണ്ട്. (റോമ, 8:34). അവനാണ് അദൃശ്യദൈവത്തിൻ്റെ പ്രതിമ. (കൊലൊ, 1:15). സ്തെഫാനോസ് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയും കണ്ടതോർക്കുക. (പ്രവൃ, 7:55). പിതാവിൻ്റെ അടുക്കൽ നമ്മുടെ കാര്യസ്ഥനായ യേശുക്രിസ്തു ഉണ്ടെന്നുള്ളതാണ് നമ്മുടെ ഉറപ്പും ബലവും പ്രത്യാശയും. അവൻ നമ്മെ തൻ്റെ സ്വരുപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവവും നമ്മുടെ പാപങ്ങളെപ്രതി മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ച കർത്താവുമാണ്. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). (കാണുക: പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ)

ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ.” (റോമർ 1:5). പുത്രത്വം എന്നത് ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവിയാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ ഈ വാക്യത്തിൽ പറയുന്നത്; “ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടു” എന്താണിതിൻ്റെ അർത്ഥം? വാക്യത്തിൻ്റെ ഒന്നാംഭാഗം: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും.” “മനുഷ്യനെന്ന നിലയിൽ അവൻ ദാവീദുവംശജനായിരുന്നു” എന്നാണ് മറ്റൊരു പരിഭാഷ. ഈ പ്രയോഗം ദൈവത്തെക്കുറിച്ചുള്ളതല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെക്കുറിച്ചുള്ളതാണ്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ, യേശു ദൈവത്തിൻ്റെ നിത്യപുത്രനും പൂർണ്ണദൈവവും ആണെങ്കിൽ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം: ഒന്ന്; യേശു, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരിക്കാൻ ദാവീദിൻ്റെ സന്തതിയാകേണ്ട ആവശ്യമെന്താണ്? ദൈവപുത്രനെന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെട്ട ഈ പുത്രൻ ജഡപ്രകാരം ദാവീദിൻ്റെ സന്തതിയാണ്. രണ്ട്; ദൈത്തിൻ്റെ നിത്യപുത്രനും ദൈവവുമായവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ ദൈവപുത്രനെന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടേണ്ട ആവശ്യമെന്താണ്? ത്രിത്വം പഠിപ്പിക്കുന്ന ദൈവത്തിൻ്റെ നിത്യപുത്രന് ഏതൊരു കാരണം ചൊല്ലിയും ഭൂമിയിൽ വന്നിട്ട് ദൈവപുത്രനാണെന്ന് നിർണ്ണയിക്കപ്പെടേണ്ട ആവശ്യമില്ല. മാത്രമല്ല, ശക്തിയോടെ ദൈവപുത്രനെന്ന് നിർണ്ണയിക്കപ്പെട്ടവൻ ദാവീദിൻ്റെ പുത്രനുമാണ്. യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവപുത്രനോ, ദാവീദിൻ്റെ പുത്രനോ അല്ല; ജഡത്തിൽ വെളിപ്പെട്ട പരിശുദ്ധമനുഷ്യൻ്റെ പദവി മാത്രമാണത്. അപ്പോൾ ഒരു ചോദ്യംവരും: യഥാർത്ഥത്തിൽ ദൈവപുത്രനും ദാവീദുപുത്രനുമായ ഒരു സന്തതിയുണ്ടോ? ഉണ്ട്. ദൈവം എന്തിന് ആർക്കുവേണ്ടി ജഡത്തിൽ വെളിപ്പെട്ടുവെന്ന് അറിഞ്ഞാലെ ഈ വാക്യം മനസ്സിലാകുകയുള്ളു. പഴയനിയമത്തിൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, നിശ്ചലകൃപകളുടെ അവകാശിയും; വിശേഷാൽ ദൈവസന്തതിയുമായ ഒരുവനുണ്ട്. അവനാണ് ദൈവത്തിൻ്റെ അഭിഷിക്തനും, ആദ്യജാതനും, ആകാശമേഘങ്ങളിലൂടെ വരുന്ന മനുഷ്യപുത്രനും, ജാതികൾ സേവിച്ചനുസരിക്കുന്ന നിത്യരാജാവും. അത് മറ്റാരുമല്ല; ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും അവകാശി യിസ്രായേലാണ്. ദാവീദിനോടുള്ള ദൈവത്തിൻ്റെ നിശ്ചലകൃപകളോടുള്ള ബന്ധത്തിൽ പതിനാറാം സങ്കീർത്തനത്തിലെ ദ്രവത്വം കാണാത്ത പരിശുദ്ധനും യിസ്രായേലാണ്. (16:10). ജഡത്തിലാലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ അയച്ചത്; അഥവാ ദൈവം തന്നെ പുത്രനായി വെളിപ്പെട്ടത്. (റോമ, 8:3). അതായത്, ന്യായപ്രമാണം ദുർബ്ബലമായതുകൊണ്ടല്ല; യിസ്രായേലെന്ന ദൈവപുത്രൻ്റെ ബലഹീനതകൊണ്ട് അവർക്ക് ന്യായപ്രമാണം അനുസരിക്കാനോ ദൈവം നല്കിയ പദവികൾ സാക്ഷാത്കരിക്കാനോ കഴിഞ്ഞില്ല. അതിനാൽ, ദൈവംതന്നെ അവരുടെ പദവികൾ അവർക്ക് നിറവേറ്റിക്കൊടുക്കാൽ യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദാവീദുപുത്രൻ (മത്താ, 1:1) എന്നീ പദവികളിലും മനുഷ്യനായി വെളിപ്പെട്ട് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തുവിൽ ആ പദവികൾ ആരോപിച്ചിരിക്കുന്നത്. യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവപുത്രനോ ദാവീദുപുത്രനോ അല്ല; ജഡത്തിലെ ശുശ്രൂഷയാടുള്ള ബന്ധത്തിലെ പദവി മാത്രമാണ്. യിസ്രായേലിനും അത് പദവിയാണ്; പക്ഷെ, നിശ്ചലകൃപയോടുള്ള ബന്ധത്തിൽ യിസ്രായേലിനത് നിത്യപദവിയാണ്. സ്വന്തജനത്തെ അവരുടെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാൻ ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ മരണ പുനരുത്ഥാങ്ങളിലൂടെയാണ് യിസ്രായേലിൻ്റെ ദൈവപുത്രത്വം ശക്തിയോടെ നിർണ്ണയിക്കപ്പെട്ടത്. ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തെക്കുറിച്ച് പൗലൊസ് പറയുമ്പോൾ ദാവീദിൻ്റെ വിശുദ്ധ കൃപകളെക്കുറിച്ച് പറയുന്നതോർക്കുക. (പ്രവൃ, 13:34). അല്ലാതെ, സ്രഷ്ടാവും മഹാദൈവവും നിത്യപിതാവുമായ യേശുക്രിസ്തുവിൻ്റെ പുത്രത്വമല്ല അവിടുത്തെ വിഷയം. (കാണുക: എട്ടാം സങ്കീർത്തനം, വാഗ്ദത്തസന്തതി (1), വാഗ്ദത്തസന്തതി (2), യിസ്രായേലിൻ്റെ പദവികൾ)

ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്ന പുത്രൻ: “എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്. (110:1). അഥവാ യിസ്രായേലിനു ദൈവം നല്കിയ പദവികളാണതൊക്കെ. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും  തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്ന പുത്രൻ. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം; എട്ടാം സങ്കീർത്തനം, പതിനാറാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

നിത്യപുത്രൻ: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് മനസ്സിലാക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. യേശുവിനെ ദൈവമല്ലാതാക്കാൻ ഉപായിയായ സർപ്പം മെനഞ്ഞ ട്രിനിറ്റിയുടെ ഉപോല്പന്നങ്ങളിൽ (by-products) ഒന്നുമാത്രമാണ് നിത്യപുത്രൻ. ഈ ദുരുപദേശത്തിന് ആധാരമായി അവരെടുക്കുന്ന വാക്യമാണ്: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). യേശുക്രിസ്തു നിത്യനായതിനാൽ അവൻ്റെ പുത്രത്വം നിത്യമായിരിക്കുമെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആദിയും അന്തവും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ജഡത്തിൽ വെളിപ്പെട്ട മനുഷ്യനെക്കുറിച്ചല്ല; മഹാദൈവത്തെക്കുറിച്ചാണെന്ന് തിരിച്ചറിയാൻപോലും അവർക്ക് കഴിയുന്നില്ല. ഇനി, ജഡത്തിൽ വെളിപ്പെട്ടവന് പുത്രത്വം മാത്രമാണ് പദവിയായിട്ട് ഉണ്ടായിരുന്നതെങ്കിൽ നിത്യപുത്രനാണെന്ന് പറയുന്നതിൽ ഒരു ന്യായമുണ്ടായിരുന്നു. ജഡത്തിൽ വെളിപ്പെട്ടവന് അനവധി പദവികളുണ്ട്; അവയിലൊന്നു മാത്രമാണ് ദൈവപുത്രൻ. പദവികൾ നോക്കുക: അന്തം (വെളി, 21:6), അന്ത്യൻ (വെളി, 1:17), അത്ഭുതമന്ത്രി (യെശ, 9:6), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), അല്ഫ, (വെളി,1:8), ആദി, (വെളി, 21:6), ആദ്യൻ (വെളി, 1:17), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഇരിക്കുന്നവൻ (വെളി, 1:8), ഇരുന്നവൻ (വെളി, 1:8), ഏകജാതൻ (യോഹ, 1:14), ഒടുക്കത്തവൻ (വെളി, 22:13), ഒടുക്കത്തെ ആദാം (1കൊരി, 15:45), ഒന്നാമൻ (വെളി, 22:13), ഒമേഗ (വെളി, 1:8), കാര്യസ്ഥൻ (1യോഹ, 2:1), കുഞ്ഞാട് (വെളി, 5:6), ക്രിസ്തു (മത്താ, 16;16), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), നസറായൻ (മത്താ, 2:22), നിത്യപിതാവ് (യെശ, 9:6), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രിയൻ (മത്താ, 12:17), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1 തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 4:15), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), യോസേഫിന്റെ മകൻ (യോഹ, 1:45), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), വചനം (യോഹ, 1:1), ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട് (വെളി, 13:8), വരുന്നവൻ (വെളി, 1:8), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), സമാധാനപ്രഭു (യെശ, 9:6), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4:4). യേശുക്രിസ്തു നിത്യനായതുകൊണ്ട് പുത്രത്വം നിത്യമാണെന്ന് പറയുന്നവർ അവൻ്റെ മറ്റു പദവികളൊന്നും കണ്ടില്ലേ? ഉദാഹരണത്തിന്: ക്രിസ്തു ദൈവത്തിൻ്റെ ദാസനാണ്; നിത്യദാസനാണെന്ന് പറയാത്തതെന്തേ? അവൻ തച്ചനാണ്; നിത്യതച്ചനാണെന്ന് പറയാത്തതെന്തേ? അവൻ കുഞ്ഞാടാണ്; നിത്യകുഞ്ഞാടാണെന്ന് പറയാത്തതെന്തേ? അവൻ ഇടർച്ചക്കല്ലും തടങ്ങൾപ്പാറയും മുളയും മൂലക്കല്ലുമാണ്; ഈ പദവിയൊക്കെ നിത്യമായാൽ എങ്ങനെയിരിക്കും? അവൻ വഴിയും വാതിലുമാണ്; കൃപായുഗത്തിൻ്റെ വാതിലടയുമ്പോൾ വഴിയും വാതിലും അടയും. നിത്യവഴിയോ വാതിലോ ആണോ അവൻ? ദൈവപുത്രനെന്ന് എപ്രകാരം വിളിച്ചിരിക്കുന്നോ അപ്രകാരം തന്നെയാണ് മനുഷ്യപുത്രനെന്നും വിളിച്ചിരിക്കുന്നത്. യേശുക്രിസ്തു നിത്യനായ കാരണത്താൽ ദൈവപുത്രത്വം നിത്യമാണെങ്കിൽ മനുഷ്യപുത്രത്വവും നിത്യമായിരിക്കണ്ടേ?യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനായ കാരണത്താൽ അവൻ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവികളിൽ ഒന്നു മാത്രമായ പുത്രത്വം മാത്രമെടുത്തുകൊണ്ട് മഹാദൈവം മറ്റൊരു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്ന സാത്താന്യവഞ്ചന വിശ്വാസികൾ അറിയാതെ പോകരുത്.” യേശുക്രിസ്തുവിൻ്റെ അനേകം പദവികളിൽ യെശയ്യാവ് പ്രവചിച്ച നിത്യപിതാവെന്ന പദവിയൊഴികെ മറ്റൊരു പദവിയും നിത്യമല്ല. പുതിയനിയമം ഒരാവർത്തി വായിച്ചാൽ ദൈവപുത്രനെന്നത് ക്രിസ്തുവിൻ്റെ പദവിയാണെന്ന് ആർക്കും മനസ്സിലാകും; എന്നിട്ടും കത്തോലിക്കാ, പെന്തെക്കൊസ്ത്, ബ്രദ്റുകാർ തുടങ്ങിയവർക്ക് മനസ്സിലാകുന്നില്ല. 

നിത്യാവകാശിയായ പുത്രൻ: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). യേശുക്രിസ്തു ദൈവത്തിൻ്റെ യഥാർത്ഥ പത്രനല്ല; ദൈവപുത്രനെന്ന പദവിയിൽ വെളിപ്പെട്ട യഹോവയായ ദൈവമാണെന്ന് നാം മുകളിൽ കണ്ടു. എന്നാൽ നിത്യാവകാശിയായ ഒരു പുത്രൻ ദൈവത്തിനുണ്ട്: അത് മറ്റാരുമല്ല; ആരംഭമുള്ളതും അവസാനമില്ലാത്തതുമായ പുത്രത്വത്തിൻ്റെ ഉടയവനായ യിസ്രായേലാണ്. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). യിസ്രായേലിന്റെ വിശേഷണങ്ങൾ അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായവൻ. (പുറ, 3:22,23). ദൈവം ജനിപ്പിച്ചതും ഇരുമ്പുകോൽകൊണ്ട് ജാതികളെ തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രൻ. (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും. (സങ്കീ, 8:4-6). ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ. (സങ്ക, 16:10). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും. (സങ്കീ, 45:2,6), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവ്. (സങ്കീ, 110:1). ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും. (ദാനീ, 7:13,27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. യിസ്രായേലാണ് ദൈവത്തിൻ്റെ നിത്യപുത്രൻ. യേശുക്രിസ്തുവെന്ന സർവ്വശക്തനായ ദൈവത്തെയും അവൻ്റെ ജഡത്തിലെ ശുശ്രൂഷയെയും അനേകർക്കും മറയ്ക്കപ്പെട്ടിരിക്കുന്നതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവപുത്രനെ അറിയാത്തതിനാലാണ്. യേശു പറയുന്നു: നിങ്ങൾ എന്നെയാകട്ടെ എൻ്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; നിങ്ങൾ എന്നെ അറിഞ്ഞുവെങ്കിൽ എൻ്റെ പിതാവിനെയും അറിയുമായിരുന്നു. (യോഹ, 8:19; 14:7). യേശുവെന്ന ദൈവപുത്രനെ അറിയണമെങ്കിൽ, യഥാർത്ഥ ദൈവപുത്രനെ അറിയണം. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ന്യായപ്രണം അഥവാ

പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമമില്ല അല്ലെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയയനിയമം. ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്. സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല എന്ന യേശുവിൻ്റെ വാക്കുകൾ ഓർക്കുക. ന്യായപ്രമണത്തിൽ ഒരു പുത്രനുണ്ട്, ഏകസത്യദൈവമായ യേശുക്രിസ്തുവിൻ്റെ പുത്രത്വത്തിന് കാരണമായ യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, എനിക്ക് യേശുവിനെ അറിയാമെന്ന് ആരെങ്കിലും പറഞ്ഞാൽ; അവൻ ഒടുവിൽ എത്തിച്ചേരുന്നത്, സർവ്വശക്തിയുള്ള ദൈവത്തിന് ഒരപ്പനുണ്ടെന്ന മാരക ഉപദേശത്തിലായിരിക്കും. പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പദവികളുടെയും യഥാർത്ഥ അവകാശി യിസ്രായേലാണ്. “യിസ്രായേലെന്ന ദൈവപുത്രൻ്റെ പാപങ്ങളിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്.” (മത്താ, 1:21; റോമ, 8:3). (കാണുക: യിസ്രായേലിൻ്റെ പദവികൾ). 

യേശുവിൻ്റെ നിത്യമായ പദവി: “നിത്യപിതാവു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ജഡത്തിൽ വെളിപ്പെടുവാനുള്ള ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ച് 700 വർഷങ്ങൾക്കുമുമ്പെ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചതാണിത്. യേശുവിനോടു ചേർത്ത് മാത്രമാണ് നിത്യപിതാവെന്നൊരു പ്രയോഗം ബൈബിളിലുള്ളത്. ഇതൊരു പ്രവചനമാണ്. ത്രിത്വക്കണ്ണട വെച്ചുനോക്കുന്നവർക്ക് ഈ പ്രവചനം നിവൃത്തിയായതായി തോന്നില്ല. എന്നാൽ ദൈവം നിത്യനാണെന്നും (ഉല്പ, 21:33; യെശ, 40:28; റോമ, 16:24), ദൈവം പിതാവാണെന്നും (യെശ, 63:16; 64:8; മലാ, 2:10; മത്താ, 5:16), പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3) അറിയാവുന്നവർക്ക്; “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന തോമാസിൻ്റെ വിളിയിൽ പ്രവചനം നിറവേറിയതായി മനസ്സിലാകും. (യോഹ, 20:28). ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു വിളിക്കുന്നത് യഹോവയെയാണ്.  (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, തോമാസ് “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയാണെന്ന് വ്യക്തമല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? യേശുവിനെ ദൈവമെന്ന് വിളിക്കുമ്പോൾ മാത്രം യഹോവസാക്ഷികൾക്ക് അത് മറ്റൊരർത്ഥമായി മാറും; ട്രിനിറ്റിക്ക് മറ്റൊരു വ്യക്തിയായും. ഒരു യെഹൂദൻ എൻ്റെ ദൈവം എന്ന് യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്നറിയാത്ത ദുരുപദേശത്തിൻ്റെ ഒരേ തൂവൽ പക്ഷികളാണ് ഇരുവരും. യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനായ കാരണത്താൽ, നിത്യപിതാവെന്ന പദവിയൊഴികെ മറ്റൊന്നും നിത്യമല്ലെന്ന് മുകളിൽ നാം കണ്ടതാണ്. നിത്യപുത്രനെന്ന പ്രയോഗം ഒരിടത്തുമില്ല; അവനെ നിത്യപിതാവെന്ന് വിളിച്ചിട്ടുമുണ്ട്. (യെശ, 9:6). രണ്ടും പദവിയാണ്; അതിൽ നിത്യം (eternal) ചേർത്ത് വിളിച്ചിരിക്കുന്ന ഏകപദവി പിതാവെന്നതാണ്. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നൊരു പ്രയോഗവും ബൈബിളിലില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നു പൗലൊസ് പറയുന്നതും (1കൊരി, 8:6; എഫെ, 4:6), പിതാവ് മാത്രമാണ് സത്യദൈവമെന്നും മനുഷ്യനായ യേശു പറയുന്നത് കുറിക്കൊള്ളുക. (യോഹ, 17:3). ബൈബിളിലെ ദൈവം പിതാവെന്ന ഏകവ്യക്തിമാത്രമാണ്. യഹോവ മാത്രം ദൈവമാണെന്നു  പഴയനിയമവും (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24), പിതാവ് മാത്രം ദൈവമാണെന്നു പുതിയനിയമവും ആവർത്തിച്ചു പറയുന്നു. 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). അതിനാൽ മറ്റൊരു വ്യക്തിക്കും ദൈവമായിരിക്കാൻ കഴിയില്ലെന്ന വസ്തുത അറിയാവുന്ന സാത്താനാണ് യേശുവിനെ ദൈവമല്ലാതാക്കാൻ ത്രിത്വമെന്ന ദുരുപദേശം സഭയിൽ നുഴയിച്ചുകയറ്റിയത്. യേശുവിനെ ദൈവമെന്ന് വിളിച്ചിരിക്കുന്നത് പുത്രനായതുകൊണ്ടല്ല; പിതാവായതുകൊണ്ടാണ്; അതറിയാത്ത മന്ദബുദ്ധികളായ അവൻ്റെ അനുയായികൾ നിത്യപിതാവായവനെ ഒരുളുപ്പുമില്ലാതെ നിത്യപുത്രനാക്കിമാറ്റി. 

ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രൻ: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ജീവനുള്ള ദൈവമായ യഹോവയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ട പുത്രൻ. (യിരെ, 10:10). മക്കൾ ജഡരക്തങ്ങളോടു കൂടിയവരാകകൊണ്ട് പിതാവായ യഹോവയും അവരെപ്പോലെ യേശുവെന്ന നാമത്തിൽ ജഡരക്തങ്ങളോടു കൂടിയവനായി വന്ന് മരണത്തിന്റെ അധികാരിയായ പിശാചിൽ നിന്ന് തൻ്റെ മരണത്താൽ അവരെ വിടുവിക്കുകയായിരുന്നു. (എബ്രാ, 2:14,15. ഒ.നോ: യെശ, 63:14; 64:8; മലാ, 2:10; 1കൊരി, 8:6; എഫെ, 4:6). ദൈവം തൻ്റെ സ്ഥായിയായ രൂപത്താൽ ഇരിക്കുമ്പോൾത്തന്നെ ഒരു ശരീരം എടുത്ത് ഭൂമിയിൽ പ്രത്യക്ഷനാകുകയായിരുന്നു. (എബ്രാ, 10:5). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായൽ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല. പുതിയനിയമത്തിൽ ദൈവപുത്രനെന്ന പദവിയിൽ (ലൂക്കൊ, 1:32,35) ജഡത്തിൽ വെളിപ്പെട്ട മനുഷ്യൻ്റെ പ്രത്യക്ഷത നിത്യമാണെങ്കിൽ (1തിമൊ, 3:16; 1പത്രൊ, 1:20), അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്ക് ഹോരേബിൽ വെളിപ്പെട്ട തീയും (പുറ, 3:2-4), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11), ദൈവാലയത്തിൽ പ്രത്യക്ഷമായ തേജസ്സും (1രാജാ, 8:11), ഇയ്യോബിന് വെളിപ്പെട്ട ചുഴലിക്കാറ്റും (38:1), യേശുവിൻ്റെ സ്നാനസമയത്തെ പ്രാവും (മത്താ, 3:16), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3) നിത്യമായിരിക്കണം. അതെല്ലാം ദൈവത്തിൻ്റെ വലത്തുമിടത്തുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നുണ്ടെന്ന് സമ്മതിക്കുമോ? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു).

പിതാവും പുത്രനും: സ്വർഗ്ഗീയപിതാവായ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവപുത്രനും മനുഷ്യപുത്രനുമായി പ്രത്യക്ഷനായത്. തെളിവ് നോക്കുക: രാവിലെയും (മത്താ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പ്രാർത്ഥിച്ചത് പിതാവിനോടാണ്. സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കാനാണ് ശിഷ്യന്മാരെ പഠിപ്പിച്ചതും. (മത്താ, 6:9-13). തൻ്റെ അവസാന പ്രഭാഷണത്തിൽ യേശു പറഞ്ഞത്: തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരുമെന്നും (യോഹ, 15:16; 16:23), തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് താൻ ചെയ്തു തരുമെന്നുമാണ്. (യോഹ, 14:13; 14:14; 16:24). ഇനി പറയുന്നത് ശ്രദ്ധിക്കുക: “ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:25,26). സ്പഷ്ടമായി സംസാരിക്കുന്ന നാഴികയേതാണ്? പരിശുദ്ധാത്മാവിലൂടെ അഥവാ പരിശുദ്ധാത്മാവായി നിങ്ങളിൽ വസിച്ചുകൊണ്ട് സംസാരിക്കുന്ന നാളിൽ. (യോഹ, 14:26; 16:7-15). പരിശുദ്ധാത്മാവിനെക്കുറിച്ച് വാഗ്ദത്തം ചെയ്തശേഷം യേശു പറയുന്നതു നോക്കുക: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:18,19). “അന്നു നിങ്ങൾ എൻ്റെ നാമത്തിൽ അപേക്ഷിക്കും;” എന്ന്? സഭ സ്ഥാപിതമായി കഴിയുമ്പോൾ. “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്താണ്? അന്ന് പിതാവ് പുത്രനെന്ന വേർതിരിവ് ഉണ്ടാകില്ല. എന്താണതിന് തെളിവ്: അപ്പൊസ്തലിക കാലത്തൊന്നും ആരും പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലൻ വിളിച്ചപേക്ഷിക്കുന്നതും യേശുക്രിസ്തുവിൻ്റെ നാമമാണ്. (വെളി, 22:20). പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). 

യേശുവെന്ന ദൈവവും പുത്രനും: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). യേശുവെന്ന് പേരുള്ളൊരു പുത്രൻ ജനനത്തിനുമുമ്പേ ദൈവത്തിനില്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവും മറ്റൊരു വ്യക്തിയായില്ല. ജീവനുള്ളദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു കന്യകമറിയയിലൂടെ ജനിച്ച മനുഷ്യൻ. (1തിമൊ, 3:16). പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപുത്രനാരാണെന്ന് ചോദിച്ചാൽ: യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തമനുഷ്യനാണ്. (മത്താ, 1:16; പ്രവൃ, 10:38). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, വംശാവലിയോടുകൂടി ഒരു മനുഷ്യസ്ത്രീയിൽ ജനിച്ചുജീവിച്ചു ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു കഷ്ടംസഹിച്ചു ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. ദൈവപുത്രനെന്ന ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷിക്തനായ യേശുവെന്ന മനുഷ്യനെയും സർവ്വശക്തിയുള്ള ദൈവമായ യേശുക്രിസ്തുവിനെയും വേർതിതിരിച്ച് മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ല. യേശുവെന്ന മഹാദൈവത്തെയല്ല പരിശുദ്ധാത്മാവ് മറിയയിൽ ജനിപ്പിച്ചത്; യേശുവെന്ന പരിശുദ്ധമനുഷ്യനെയാണ്. മഹാദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഏകദേശം 33½ വർഷം മാത്രമാണ് ഉണ്ടായിരുന്നത്. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പ്രത്യക്ഷനായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനും അഭിഷേക ദാതാവായ ദൈവവും എന്നിങ്ങനെ രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. ദൈവം യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് സ്നാനംമുതൽ അവനോടുകൂടെ വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). പിതാവ് തന്നോടുകൂടെ വസിക്കുന്ന മറ്റൊരു വ്യക്തിയായി യേശുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 5:32,36,37; 8:16-18; 8:29; 14:23; 16:32; 17:3). (കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും). പ്രത്യക്ഷനായവൻ സ്വർഗ്ഗാരോഹണം ചെയ്ത്  അപ്രത്യക്ഷനായശേഷം മനുഷ്യനെന്ന നിലയിലും മറ്റൊരു വ്യക്തിയായും ഉണ്ടാകുക സാദ്ധ്യമല്ലല്ലോ. അപ്പോൾ എന്നേക്കും ഉള്ളതാകട്ടെ; ആദ്യനും അന്ത്യനും, ഇന്നലെയും ഇന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തുവാണ്. ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ (മത്താ, 3:16; പ്രവൃ, 10:38) ജനിപ്പിക്കപ്പെട്ടവനെന്ന നിലയിൽ, അവനൊരു വംശാവലിയും (മത്താ, 1:1-16; ലൂക്കൊ, 3:23-38), ജനനവും (മത്താ, 1:16), അപ്പനും (യോഹ, 1:45), അമ്മയും (മർക്കൊ, 6:3), സ്വർഗ്ഗീയ പിതാവും (റോമ, 15:5), ദൈവവും (എഫെ, 1:3,17), കഷ്ടവും (എബ്രാ, 13:12), മരണവും (എബ്രാ, 2:9), ഉയിർപ്പുമുണ്ട്. (മത്താ, 28:6). എന്നാൽ, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ആദ്യനും അന്ത്യനും (1:17), ഒന്നാമത്തവനും ഒടുക്കത്തവനും (22:13) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തിന് (തീത്തൊ, 2:12) വംശാവലിയോ, ജനനമോ, അപ്പനോ, അമ്മയോ, സ്വർഗ്ഗീയ പിതാവോ, ദൈവമോ, കഷ്ടമോ, മരണമോ, ഉയിർപ്പോ ഉണ്ടാകുക സാദ്ധ്യമല്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ; പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും പുതിയനിയമത്തിലെ ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് സുവിശേഷങ്ങളിലുള്ള യേശുവെന്ന മനുഷ്യനായ ദൈവപുത്രൻ.

യഹോവയും യേശുവും: പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:15). അതിനു മുമ്പൊരിക്കലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). പുതിയനിയമസ്ഥാപനത്തിനു മുന്നോടിയായാണ് യഹോവുടെ പ്രത്യക്ഷതയായ പുത്രന് തൻ്റെ പുതിയ നാമമായ യേശു അഥവാ യെഹോശൂവാ എന്ന നാമം ദൈവം നല്കുന്നത്. (മത്താ, 1:21; ലൂക്കൊ, 1:31). ദൈവകല്പനപോലെ പുതിയനിയമം സ്ഥാപിതമായതോടുകൂടി (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവിൻ്റെയും (യോഹ, 17:11) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം (മത്താ, 28:19) യേശുക്രിസ്തു എന്നായി. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). പഴയനിയമത്തിൽ സകല ജാതികൾക്കും രക്ഷയ്ക്കായി യഹോവയെന്ന നാമം മാത്രമാണുണ്ടായിരുന്നത്. “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22. ഒ.നോ: 43:11; 45:11; 45:21). പുതിയനിയമം സ്ഥാപിതമായശേഷം അപ്പൊസ്തലന്മാരിൽ പ്രഥമനും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രോസ് വിളിച്ചുപറയുന്നു; രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ യേശുവിൻ്റെ നാമമല്ലാതെ മറ്റൊന്നില്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയും പുതിയനിയമത്തിലെ മഹാദൈവമായ യേശുക്രിസ്തുവും ഒരാളല്ലെങ്കിൽ പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയില്ലേ? ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തന്നെയാണ് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയത്. അതിനാലാണ്, ദൈവവും മദ്ധ്യസ്ഥനും ഒരാളായിരിക്കുന്നത്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ കർത്താവായ ക്രിസ്തുവെന്ന രക്ഷിതാവാണ് മനുഷ്യർക്ക് രക്ഷയൊരുക്കിയത്. (ലൂക്കൊ, 2:11). അതിനാലാണ് ഏകദൈവവും കർത്താവും ഒരാളായിരിക്കുന്നത്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദാവീദ്, “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു വിളിക്കുന്നത് യഹോവയെയാണ്.  (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതുമാണ്. (ആവ, 6:4-8). അപ്പോൾ, തോമാസ് “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയാണെന്നതിൽ യാതൊരു തർക്കത്തിനും അവകാശമില്ല. (യോഹ, 20:28). മറ്റൊരു വ്യക്തിയെ “എൻ്റെ ദൈവമേ” എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയില്ല. ആകയാൽ, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുന്ന സ്വർഗ്ഗത്തെക്കാൾ ഉന്നതനായ യേശുക്രിസ്തുവെന്ന ഏകസത്യദൈവമല്ലാതെ മറ്റൊരു ദൈവം വിശ്വപ്രപഞ്ചത്തിൽ ഇല്ലേയില്ല. (യോഹ, 20:28; ഫിലി, 2:10; എബ്രാ, 7:26). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.

“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ബാഗ്ലൂരുള്ള ഒരു വലിയ പെന്തെക്കൊസ്ത് സഭയുടെ പാസ്റ്ററും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മറ്റൊരു പണ്ഡിതനും ഇതു പറഞ്ഞുകേട്ടിട്ടുണ്ട്. അവർ അങ്ങനെ വിശ്വസിക്കാൻ കാരണമായ വാക്യങ്ങൾ നമുക്ക് ഒരോന്നായി പരിശോധിക്കാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:27,28). “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നു പറഞ്ഞിരിക്കയാൽ; ദൈവം അവരെ ഒരു ശരീരത്തിലാണ് സൃഷ്ടിച്ചതെന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നു. അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം: 

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്നു പറഞ്ഞുകൊണ്ടാണ് ബൈബിൾ ചരിത്രം ആരംഭിക്കുന്നത്. ഒന്നാം വാക്യം ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ സംക്ഷിപ്ത രൂപമായി മനസ്സിലാക്കാം. തുടർന്ന് രണ്ടാം വാക്യംമുതൽ ഇരുപത്തഞ്ചാം വാക്യംവരെ ആകാശസൈന്യങ്ങളുടെ സൃഷ്ടികളെക്കുറിച്ചും, ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ചും വിശദമായി പ്രസ്താവിക്കുന്നത്. അഞ്ചുദിവസംകൊണ്ട് ലോകത്തിൽ മനുഷ്യനൊഴികെയുള്ള സകലതും ദൈവം സൃഷ്ടിച്ചു. തുടർന്ന് 26-28 വരെയുള്ള വാക്യങ്ങളിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് ഒരു സംക്ഷിപ്തരൂപം കാണാം: അവിടെ മനുഷ്യനെക്കുറിച്ച് ചില കാര്യങ്ങളും പറയുന്നുണ്ട്: മനുഷ്യൻ്റെ രൂപവും സാദൃശ്യവും, ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും മേലുള്ള അവൻ്റെ അധികാരം, ആണും പെണ്ണുമായുള്ള അവരുടെ ലിംഗഭേദം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ പെരുകുവാനുള്ള അനുഗ്രഹം തുടങ്ങിയവ. ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യസൃഷ്ടിയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കയാൽ, സൃഷ്ടിയുടെ സംക്ഷിപ്ത രൂപമാണ് ഒന്നാം അദ്ധ്യായത്തിലുള്ളതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? രണ്ടദ്ധ്യായവും ചേർത്ത് പരിശോധിക്കുമ്പോഴല്ലേ മനുഷ്യനെ എപ്രകാരമാണ് ദൈവം സൃഷ്ടിച്ചതെന്ന് മനസ്സിലാകുകയുള്ളു. അല്ലെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ ദൈവം സൃഷ്ടിക്കുന്നത് വേറെ വല്ലവരെയുമാണെന്ന് പറയുമോ?

ഒന്നാം അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും അധികാരം നല്കി അനുഗ്രഹിച്ചുവെന്നുമല്ലാതെ, എപ്രകാരമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. അത് അടുത്ത അദ്ധ്യായത്തിലാണ്. വാക്യം ഏഴ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ദൈവം നിലത്തെ പൊടികൊണ്ട് ആദാമിനെ മാത്രമാണ് ആദ്യം സൃഷ്ടിച്ചതെന്ന് ഈ വാക്യം തെളിവുനല്കുന്നു. ആദാമിനെയെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പുതിയനിയമത്തിലും തെളിവുണ്ട്: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13. ഒ.നോ: 1കൊരി, 15:45). അല്ലാതെ, ആദാമിനെയും ഹവ്വയെയും ഒരുമിച്ചല്ല ദൈവം സൃഷ്ടിച്ചത്.  

അടുത്തവാക്യം: “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). ഇവിടെ നോക്കുക: തോട്ടമുണ്ടാക്കി മനുഷ്യനെ അവിടെ കൊണ്ടുപോയി ആക്കിയെന്നല്ലാതെ, എന്തിനാണവിടെ ആക്കിയതെന്നു പറയാതെ, അടുത്ത ആറ് വാക്യങ്ങളിൽ ഏദെൻ തോട്ടത്തെക്കുറിച്ചാണ് വർണ്ണിക്കുന്നത്. എട്ടാം വാക്യം മാത്രം ഒരാൾ വായിച്ചിട്ട് ഒരാൾ ഇങ്ങനെ പറയുന്നുവെന്നിരിക്കട്ടെ; ദൈവം ആദാമിനെ തോട്ടത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു, അല്ലെങ്കിൽ അവന് തോന്നിയപോലെ ജീവിക്കാൻ അനുനുവദിച്ചു എന്നൊക്കെ പറഞ്ഞാൽ ശരിയാകുമോ? അതുപോലെയാണ് ചിലർ ഒന്നോരണ്ടോ വാക്യം വായിച്ചിട്ട് ആദാമിനെയും ഹവ്വയെയും സയാമീസ് ഇരട്ടകളെപ്പോലെയോ മറ്റൊ സൃഷ്ടിച്ചുവെന്ന് പറയുന്നത്. എന്തിനാണവനെ തോട്ടത്തിൽ ആക്കിയതെന്ന് അറിയണമെങ്കിൽ കുറച്ച് വാക്യങ്ങൾ കഴിഞ്ഞ് എഴുതിയിട്ടുണ്ട്. പതിനഞ്ചാം വാക്യം: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ, 2:15). തോട്ടത്തിൽ ആക്കിയതെന്തിനാണെന്ന് മനസ്സിലായില്ലേ? അവനെ സൃഷ്ടിക്കുമ്പോഴും തോട്ടം കാപ്പാനും വേല ചെയ്യാനും ഏല്പിക്കുമ്പോഴും അവൻ ഏകനാണെന്നോർക്കണം. അടുത്ത രണ്ട് വാക്യങ്ങൾ ദൈവം അവന് കൊടുത്ത കല്പനയാണ്. (1:16,17). ദൈവം ആദാമിന് കല്പന കൊടുക്കുമ്പോഴും ഹവ്വ ഇല്ലായിരുന്നു. സയാമീസ് ഇരട്ടവാദം പറയുന്നവരൊക്കെ ഏത് ബൈബിളാണ് വായിക്കുന്നതെന്നറിയില്ല.

പതിനെട്ടാം വാക്യം: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 2:18). ഈ വാക്യം ശ്രദ്ധിക്കുക: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” ദൈവത്തിൻ്റെ ഈ വാക്ക് ഏകശരീരവാദികളുടെ കരണം നോക്കിയുള്ള അടിയല്ലേ? അടുത്തഭാഗം: “അവനൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്, ഹവ്വയെ ഇതുവരെയും  സൃഷ്ടിച്ചിട്ടില്ല. അടുത്ത രണ്ട് വാക്യങ്ങളിൽ ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആദാം പേരിടുന്നു. തുടർന്നാണ് ഹവ്വയെ സൃഷ്ടിക്കുന്ന പ്രക്രിയ ദൈവം ആരംഭിക്കുന്നത്: “ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” (ഉല്പ, 2:21). ആദാമിൻ്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തിട്ടാണ് ഹവ്വയെ സൃഷ്ടിക്കുന്നത്. ആദാമിൽ നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്ന് പുതിയനിയമവും പറയുന്നു. (1കൊരി, 11:8). സയാമീസ് വാദികളുടെ ബൈബിളിൽ ഈ വാക്യങ്ങളൊന്നും ഇല്ലേ ആവോ?

അടുത്തവാക്യം: “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” (ഉല്പ, 2:22). ഇവിടെന്താണ് പറയുന്നത്: ദൈവം അവരെ ഒരുമിച്ചു സൃഷ്ടിച്ചശേഷം വേർപെടുത്തിയെന്നാണോ പറയുന്നത്? അല്ല. എവിടെയോവെച്ച് സൃഷ്ടിച്ചശേഷം ആദാമിൻ്റെ അടുക്കൽ കൊണ്ടുവന്നു എന്നാണ് പറയുന്നത്. അടുത്തവാക്യം: “അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.” (ഉല്പ, 2:23). ആദാമിനെ സൃഷ്ടിച്ച് വളരെ സമയം കഴിഞ്ഞിട്ട് അവൻ്റെതന്നെ ഒരു വാരിയെല്ലിൽ ഒരെണ്ണമെടുത്ത് ഹവ്വയെ സൃഷ്ടിച്ചാണ് അവൻ്റെയടുക്കൽ കൊണ്ടുവരുന്നത്. ഹവ്വയെനോക്കി ആദാം പറയുന്ന കാര്യമാണ് ക്രിസ്തുവിനെയും സഭയെയും കുറിച്ച് പൗലൊസ് പറയുന്നത്. (എഫെ, 5:30. കെ.ജെ.വി.യിൽ നോക്കുക). ഭൂമിയിലെ സകല ജീവികൾക്കും പേരിട്ട ആദാം തന്നെയാണ് ഹവ്വയെ നാരി (സ്ത്രീ) എന്ന് വിളിക്കുന്നത്. മേല്പറഞ്ഞ സൃഷ്ടിവിവരങ്ങളിൽ ഒരിടത്തും ആദാമിനെയും ഹവ്വയെയും ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചനപോലുമില്ലെന്ന് മാത്രമല്ല; വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ശരീരങ്ങളിലാണ് അവരെ സൃഷ്ടിച്ചതെന്ന് ഏറ്റവും വ്യക്തമാണ്.

അടുത്തവാക്യം: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഈ വാക്യവും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: “അവർ ഏകദേഹമായിത്തീരും” എന്നത്, അവർ അക്ഷരാർത്ഥത്തിൽ ഒരു ശരീരമായി തീരുമെന്നാണോ? അല്ല. പിന്നെന്താണ്? അവിടെ ആദാമിനെയും ഹവ്വയെയും കുറിച്ച് മാത്രമല്ല ദൈവമത് പറയുന്നത്. വാക്യത്തിൻ്റെ ആദ്യഭാഗം: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഈ ഭാഗം ആദാമിനെ കുറിച്ച് മാത്രമാണെങ്കിൽ, ആദാമിന് ഒരമ്മ ഇല്ലാത്തതിനാൽ അമ്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എന്താണ് അവിടുത്തെ വിഷയം: സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലൊക്കെയും പെരുകാൻ മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തൻ്റെ പ്രതിനിധികളായിരുന്ന് ലൈംഗിക ബന്ധത്തിലൂടെ സൃഷ്ടികർമ്മം നടത്താൻ നിയമിച്ചിരിക്കുന്ന വ്യവസ്ഥയായ വിവാഹത്തെക്കുറിച്ചാണ് അവിടെ പറയുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ബാധകമയ കാര്യമാണ് ദൈവം പറയുന്നത്. ക്രിസ്തുവും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. (മത്താ, 19:4-6). “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ച പരീശന്മാരോടാണ് യേശുവത് പറയുന്നത്. “ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” ക്രിസ്തു പറയുന്നു: ഇരുവരും ഒരു ദേഹമായി തീരും; അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; അവരെ വേർപിരിക്കരുതു. യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും ഒരു ദേഹമായിത്തീരും; ഓപ്പറേഷൻ ചെയ്ത് അവരെ വേർപിരിക്കരുതെന്നാണോ പറയുന്നത്? അല്ല. വിവാഹം കഴിക്കുമ്പോൾ കുടുംബം എന്ന നിലയിൽ അവർ ഒന്നാകുന്നതിനെയാണ്, ഒരു ദേഹമാകും എന്നു പറയുന്നത്. ഈ ക്രമീകരണം ദൈവം ചെയ്തതാകയാൽ മനുഷ്യർ വിവാഹമോചനത്താൽ അവരെ വേർപിരിക്കുരുതെന്നാണ് പറയുന്നത്. അപ്പോൾ ദൈവം എങ്ങനെയാണ് ആദാമിനെയും ഹവ്വയെയും ഒരു ശരീരമാക്കി യോജിപ്പിച്ചതെന്ന് മനസ്സിലായില്ലേ? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിക്കുകയും പഠിക്കുക്കുകയും ചെയ്യുന്നവർ ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതിൽ യാതൊരതിശയവുമില്ല.

അടുത്തൊരു വാക്യം: “ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.” (ഉല്പ, 5:1). “അവർക്ക് ആദാമെന്ന് പേരിട്ടു” എന്ന് പറഞ്ഞിരിക്കയാൽ, അവർ ഒരു ശരീരത്തിലായിരുന്നു എന്നാണവർ കരുതുന്നത്. പാപം ചെയ്തശേഷം ആദാം തന്നെ സ്ത്രീക്ക് ഹവ്വ എന്നു പേരിടുന്നതായി കാണാം: “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉല്പ, 3:20). പിന്നെയും, അവർക്ക് ‘ആദാമെന്ന് പേരിട്ടു’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? ആദാം എന്ന പദം ബൈബിളിൽ 560-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംജ്ഞാനാമമായും (വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം) എന്നീ ആശയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന സാമാന്യ അർത്ഥത്തിലാണ് അധികം പ്രയോഗിച്ചിരിക്കുന്നത്. ആദാം എന്ന പദത്തിന് ചെമ്മണ്ണിൽനിന്ന് എടുക്കപ്പെട്ടവൻ എന്നാണർത്ഥം. ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിക്കുന്ന ആദ്യവാക്യം ഉല്പത്തി 1:26 ആണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ഈ വാക്യത്തിലെ മനുഷ്യൻ എബ്രായയിൽ ആദാമാണ്. ആദാം ഹവ്വയ്ക്ക് പേരിട്ടു എന്നല്ലാതെ, ദൈവം മനുഷ്യന് ആദാമെന്ന് പേരിട്ടതായും, ആദാമേ എന്ന് വിളിച്ചതായും കാണുന്നില്ല. എബ്രായയിൽ ആദാമെന്നത് മനുഷ്യനെയും മനുഷ്യവർഗ്ഗത്തെയും കുറിക്കുന്ന ഒരു പൊതുനാമമായതിനാലാണ് ഉല്പത്തി 5:1-ൽ അവർക്ക് ആദാമെന്ന് പേരിട്ടുവെന്ന് പറയുന്നത്. അല്ലാതെ, അവർ രണ്ടുപേരും ഒരു ശരീരത്തിൽ ആയതുകൊണ്ടല്ല. അങ്ങനെയല്ലെന്ന് പഴയപുതിയനിയമങ്ങൾ തെളിവായിട്ട് പറഞ്ഞിട്ടുണ്ടല്ലോ?

ചില ചോദ്യങ്ങൾ: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13). ആദാമിനെ ആദ്യം സൃഷ്ടിച്ചു, പിന്നെയാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, അവരെ ഒരുമിച്ചാണ് സൃഷ്ടിച്ചതെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്?

“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു.” (ഉല്പ, 4:1). ഒരു ശരീരത്തിൽ ഇരുന്നുകൊണ്ട് ആദാമിന് ഹവ്വയെ എങ്ങനെ പരിഗ്രഹിക്കാൻ കഴിയും?

അവർ ഒരു ശരീരത്തിലാണെങ്കിൽ, അവർക്ക് മക്കളെങ്ങനെ ഉണ്ടായി? (ഉല്പ, 4:1,2). പാപം ചെയ്തശേഷമാണ് മക്കളുണ്ടാകുന്നത്; പ്രകൃത്യാതീതമായാണോ മക്കളുണ്ടായത്?

“ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.” (1തിമൊ, 2:14). അവർ ഒരു ശരീരത്തിൽ ആയിരുന്നെങ്കിൽ ഹവ്വ മാത്രമെങ്ങനെ വഞ്ചിക്കപ്പെട്ടു? ഈ ചോദ്യങ്ങൾക്കൊന്നും ഏകശരീരവാദികൾക്ക് ഉത്തരമില്ല.

കുറിപ്പ്: പ്രധാനമായും ത്രിത്വവിശ്വാസികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാനാണ് ഏകശരീരവാദം ഇവർ മുന്നോട്ടുവെക്കുന്നത്. പലർ പറഞ്ഞ് ഇത് കേട്ടിട്ടുണ്ടെങ്കിലും, ഒടുവിലായി ഇത് കേൾക്കുന്നത് കഴിഞ്ഞദിവസം ഒരു സഹോദരനുമായി ഫെയ്സ്ബുക്കിൽ സംവദിക്കുമ്പോൾ, ദൈവത്തിൻ്റെ ത്രിത്വം സ്ഥാപിക്കാൻ അദ്ദേഹം ഇത് പറയുമ്പോഴാണ്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: 1. ദൈവം ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിൽ സൃഷ്ടിച്ചു. 2. രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും അവർക്ക് ഉണ്ടായിരുന്നു. 3. ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കമൻ്റിൻ്റെ SS താഴെ ചേർക്കുന്നു:👇

“ആദാമിനും ഹവ്വയ്ക്കുകൂടി രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും ഉണ്ടായിരുന്നു” എന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ആളത്വം എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞാൾക്കുപോലും അതറിയില്ല. ത്രിത്വവിശ്വാസികളുടെ കാര്യം വളരെ രസകരമാണ്. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. നിഖ്യാസുന്നഹദോസു മുതൽ 1,700 വർഷമായി ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം പൗലൊസിൻ്റെ ഭയംപോലെ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചു കയറ്റിയിട്ടിട്ട്. (2കൊരി, 11:3). ഇന്നുവരെയും ത്രിത്വത്തിന് ഏകീകൃതമായ ഒരു നിർവ്വചനം ഉണ്ടാക്കാൻപോലും അതിൻ്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നത്, ഈ ഉപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നതിൻ്റെ തെളിവാണ്. ത്രിത്വമെന്താണെന്ന് നൂറുപേരോട് ചോദിച്ചാൽ നൂറുത്തരമായിരിക്കും കിട്ടുക. ഉദാഹരണം താഴെ:👇

ത്രിത്വദൈവത്തിന് മൂന്ന് വ്യക്തിത്വവും ഒരു ആളത്വവുമാണെന്നാണ് പുള്ളി പറഞ്ഞത്. അത് സ്ഥാപിക്കുവാൻ വേണ്ടിയാണ് ആദാമിൻ്റെ ഉദാഹരണം കൊണ്ടുവന്നത്. ആളത്തമെന്ന പദം നിഘണ്ടുവിൽപ്പോലും ഇല്ലാത്തതാണ്. ആ പദത്തിൻ്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ, ചിലർ വ്യക്തിയാണെന്ന് പറയും, ചിലർ വ്യക്തിത്വമാണെന്ന് പറയും, ചിലർ ഭാവമാണെന്ന് പറയും, ചിലർ പദവിയാണെന്ന് പറയും, ഒന്നും പറ്റിയില്ലെങ്കിൽ മർമ്മമാണെന്നും ആത്മാവ് വെളിപ്പെടുത്താതെ അത് ഗ്രഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകളയും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതുപോലെയാണ് പലരുടെയും ത്രിത്വനിർവ്വചനം. 

ആളത്വത്തെ വ്യക്തിത്വമായി മനസ്സിലാക്കിയാൽ ദൈവത്തിന് നാല് Personality ഉണ്ടെന്ന് പറയേണ്ടിവരും. ഇനി, ആളത്വത്തെ വ്യക്തിയായി മനസ്സിലാക്കിയാൽ, ഒരു വ്യക്തിയും (Person) മൂന്ന് വ്യക്തിത്വവും (Personality) ആയി. ഒരു വ്യക്തിയാണുള്ളത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവിൽ ആരാണാ വ്യക്തി? വ്യക്തിയിലുള്ള സവിശേഷ ഗുണത്തെയാണ് വ്യക്തിത്വം (Personality) എന്ന് പറയുന്നത്. പിതാവ് വ്യക്തിയല്ലെന്ന് ആർക്കും പറയാൻ പറ്റില്ല. അപ്പോൾ, പുത്രനും പരിശുദ്ധാത്മാവും വ്യക്തിയല്ലെന്നുവരും. പുത്രൻ വ്യക്തിയല്ലാതെ വ്യക്തിത്വം മാത്രമുള്ളവനായിട്ടാണോ ഭൂമിയിൽ വന്നത്? വ്യക്തിയെക്കൂടാതെ എങ്ങനെ വ്യക്തിത്വം ഉണ്ടാകും? യേശുക്രിസ്തു ചരിത്രപുരുഷനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്; വ്യക്തിയല്ലാത്ത വ്യക്തിത്വം മാത്രമുള്ള ഒരു ചരിത്രപുരുഷൻ ഉണ്ടാകുക സാദ്ധ്യമോ? അപ്പൊസ്തലന്മാരും അക്കാലത്തെ ജനങ്ങളും വ്യക്തിയല്ലാത്ത യേശുവിനെ കണ്ടതും, അവൻ കഷ്ടം സഹിച്ചതും, ക്രൂശിക്കപ്പെട്ടതും ഒരു മായയോ നാടകമോ വല്ലതുമായിട്ടാന്നോ? ഇക്കൂട്ടർ ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വം വിശ്വസിച്ചതിനു ശേഷമാണോ ഇതുപോലെ ബോധമില്ലാതായത്; അതോ, ബോധമില്ലാത്തവർക്ക് മാത്രമേ ത്രിത്വം വിശ്വസിക്കാൻ കഴിയുകയുള്ളോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളു. 

ഒടുവിൽ അദ്ദേഹം പറഞ്ഞത്: “ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു.” ഇങ്ങനെയോരു കാര്യമേ ബൈബിളിൽ ഇല്ല. പിരിക്കാൻ അവർ ഒരു ശരീരത്തിലല്ലായിരുന്നു; പിരിച്ചുവെങ്കിൽ വീണ്ടും ഒന്നാക്കിയതെന്തിനാണ്? ഒന്നെങ്കിൽ കഞ്ചാവടിച്ചിട്ട് ബൈബിൾ വായിച്ചതായിരിക്കും; അല്ലെങ്കിൽ ആരെങ്കിലും ഇവരെ പറഞ്ഞ് പറ്റിച്ചതായിരിക്കും; എനിക്കറിയില്ല. ഒരുകാര്യം എനിക്ക് മനസ്സിലായി: ബൈബിളിലില്ലാത്ത ത്രിത്വം സ്ഥാപിക്കാൻ ബൈബിൾ വിരുദ്ധമായി ഏതറ്റംവരെയും ഇക്കൂട്ടർ പോകും. ഏകദൈവത്തെ ത്രിത്വമാക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ ഓരോരോ തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. കൂടുതലൊന്നും പറയുന്നില്ല; ദൈവം അനുഗ്രഹിക്കട്ടെ!

പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ

പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ

“എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1)

ദൈവത്തിനു ബഹുത്വമുണ്ടെന്നു കാണിക്കാൻ ത്രിത്വം എടുക്കുന്ന വാക്യമാണ് മുകളിലുള്ളത്. ആ വാക്യം മനസ്സിലാക്കണമെങ്കിൽ ആദ്യം ദൈവത്തിൻ്റെ പ്രകൃതിയറിയണം. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം (you alone are God over all the kingdoms of the earth) ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). യഹോവ വേറൊരു ദൈവവ്യക്തിയെയും അറിയുന്നില്ല (യെശ, 44:8), യിസ്രായേലും അറിയുന്നില്ല (ഹോശേ, 13:4), അപ്പൊസ്തലന്മാരും അറിയുന്നില്ല. (1കൊരി, 8:6). ഇനിയും അനേകം വാക്യങ്ങളുണ്ട്. പക്ഷെ, ദൈവം ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ അവിശ്വാസിക്കുപോലും മേല്പറഞ്ഞ വാക്യങ്ങൾ മതിയാകുമെന്ന് കരുതുന്നു.

അദൃശ്യദൈവം

ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൃശ്യരൂപമാണ് യഹോവയെന്ന നാമത്തിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നത്. (യെഹെ, 1:26-28; യെശ, 6:1-3; വെളി, 4:2-8). സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവമാണ് ആകാശഭൂമികളുടെ സൃഷ്ടി നടത്തിയതും, ആദാമിനെ തൻ്റെ മനുഷ്യസദൃശമായ സ്വരൂപത്തിൽ സൃഷ്ടിച്ചതും. (ഉല്പ, 1:26,27). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷത മറ്റൊരു ദൈവമാണെന്നോ വ്യക്തിയാണെന്നോ ആരും പറയില്ലല്ലോ? ആ ദൈവമാണ് പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി ഭൂമിയിൽ പ്രത്യക്ഷനായതും (പുറ, 6:3) മോശെ മുതൽ മലാഖി വരെയുലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിൽ പ്രത്യക്ഷനായതും. (പുറ, 3:15; മലാ, 3:1). മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യത്തിലിരിക്കുന്ന യഹോവയെ കണ്ടിട്ടുണ്ട്. അതേ ദൈവമാണ് കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (1തിമൊ, 3:16). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; യോഹ, 12:41; വെളി, 4:1-8; മത്താ, 18:11) പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചതും (ലൂക്കൊ, 1:68; യോഹ, 1:1; 1കൊരി, 15:21; 1തിമൊ, 2:5,6; 3:16; 2തിമൊ, 2:8; എബ്രാ, 2:14,15); പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി പ്രത്യക്ഷനായി (മത്താ, 3:16; പ്രവൃ, 2:3) വ്യക്തികളെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം കൂടെയിരിക്കുന്നതും.  (മത്താ, 28:19; യോഹ, 3:6; 16:13).

ത്രിത്വത്തിൻ്റെ ദൈവവും ന്യായവാദങ്ങളും ബൈബിളിൻ്റെയല്ല; നിഖ്യാസുന്നഹദോസിൻ്റെയാണ്. “സർവ്വകാലങ്ങൾക്കു മുമ്പെ പിതാവിന് ഒരു പുത്രൻ ജനിച്ചെന്നും, ആ പുത്രൻ അവതരിച്ചതാണ് ക്രിസ്തു എന്നൊക്കെയാണ് സുന്നഹദോസ് പഠിപ്പിക്കുന്നത്.” കന്യകാമറിയയിൽ ഉരുവാകുന്നതിനു തൊട്ടുമുമ്പു മാത്രമാണ് യേശുവെന്ന പേരുപോലും നല്കപ്പെടുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രൻ ജനനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നു പറയുന്നതിലും വലിയ അബദ്ധമെന്താണ്? പത്രൊസ് അപ്പൊസ്തലൻ പറയുന്നത് ശ്രദ്ധിക്കുക: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തു ഉണ്ടായിരുന്നുവെന്നാണോ പറയുന്നത്? അല്ല. അന്നേ അറിയപ്പെട്ടവനാണ്; പക്ഷെ, വെളിപ്പെട്ടത് അന്ത്യകാലത്താണ്. (ഒ.നോ: എബ്രാ, 1:2). ഈ പ്രയാസവശത്തെയൊക്കെ തരണം ചെയ്യാനാണ് ദൈവത്തിൻ്റെ വെളിപ്പാടിനെ ഉപായിയായ സർപ്പം അവതാരമാക്കി മാറ്റിയത്. അവതാരം (incarnation) എന്നത് സത്യദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിനുള്ളത് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. സത്യദൈവം അവതാരം എടുത്തില്ല എന്നല്ല; അവതാരമെടുക്കാൻ കഴിയില്ലെന്നതാണ് വിഷയം. കാരണം, സത്യദൈവം ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). മാറാത്തവനും നിത്യനുമായ ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപം ത്യജിക്കാനോ തൻ്റെ പ്രകൃതിക്കോ മാറ്റം വരുത്താനോ കഴിയാതിരിക്കെ എങ്ങനെ അവതരിക്കാൻ കഴിയും? (മലാ, 3:6; 2തിമൊ, 2:13). അല്ലെങ്കിൽ, താൻ ഇച്ഛിക്കുന്നവൻ്റെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്താൻ കഴിവുള്ള സർവ്വശക്തൻ തൻ്റെ പ്രകൃതിക്കു വിരുദ്ധമായി എന്തിനവതരിക്കണം?

വിസ്താരഭയത്താൽ ത്രിത്വത്തിൻ്റെ എല്ലാ ഉപദേശങ്ങളെയും ഖണ്ഡിക്കാതെ, ദൈവത്തിൻ്റ പ്രത്യക്ഷതയെക്കുറിച്ച് ഒരുകാര്യം പറഞ്ഞാൽ, ത്രിത്വം ദുരുപദേശമാണെന്ന് വേഗത്തിൽ മനസ്സിലാക്കാം. ഏകദൈവത്തെ മൂന്നു വ്യത്യസ്ത വ്യക്തികളായി മനസ്സിലാക്കിയാലുള്ള കുഴപ്പമെന്താണെന്ന് ചോദിച്ചാൽ, നമുക്ക് ദൈവത്തെ വ്യക്തികളായി ഒന്നെണ്ണിനോക്കിയാലറിയാം: ഒന്ന്; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം. (കൊലൊ, 1:15; യോഹ, 1:18; 1തിമൊ, 6:16). രണ്ട്; സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ: ദൂതന്മാർ നിത്യം മുഖം കണ്ടാരാധിക്കുന്നു; ഭക്തന്മാരും കണ്ടിട്ടുണ്ട്. (യെഹെ, 1:28; മത്താ, 18:11; വെളി, 4:8). മൂന്ന്; ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തു: (1തിമൊ, 3:16). നാല്; ഭൂമിയിൽ പ്രത്യക്ഷനായ പരിശുദ്ധാത്മാവ്: (മത്താ, 3:16; പ്രവൃ, 2:3). അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരെങ്കിലും പറയുമോ? ആകെ എത്ര വ്യക്തികളായി? നാല്. അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമല്ലാതെ, വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിൽ കൊള്ളില്ല; ചതുർത്വമായി മാറും. അതുകൊണ്ടാണ് പൗലൊസ് പറയുന്നത്; ഏകദൈവമല്ലാതെ ദൈവമില്ല എന്നു നാം അറിയുന്നു. ഇതാണ് ദൈവത്തെക്കുറിച്ചുള്ള അറിവ്.

ദൈവം ത്രിത്വമല്ല; ഏകനാണെന്ന് നാം മുകളിൽ കണ്ടു. എന്നാൽ നമ്മുടെ ചിന്താവിഷയം; യോഹന്നാൻ പറഞ്ഞ പിതാവിൻ്റെ അടുക്കലുള്ള യേശുക്രിസ്തുവെന്ന കാര്യസ്ഥനാണ്. അത് മനസ്സിലാക്കാൻ സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണെന്നുകൂടി നാം പരിശോധിക്കണം. “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). അവിടെ, അദൃശ്യദൈവത്തിൻ്റെ മഹത്വത്തെയാണ് ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ യഹോവയെയും യേശുക്രിസ്തുവിനെയുമല്ല അവിടെ കണ്ടത്. അപ്പോൾ ഒരു ചോദ്യം വരും: സാറാഫുകൾ നിത്യം മുഖം കണ്ടാരാധിക്കുന്ന യഹോവ എവിടെപ്പോയി? മുകളിൽ പറഞ്ഞതാണ്; ഒന്നുകൂടി വ്യക്തമാക്കാം. സ്വർഗ്ഗസിംഹാസനത്തിലിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന യഹോവയുടെ പ്രത്യക്ഷത തന്നെയാണ് യേശുക്രിസ്തു. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” ജഡത്തിൽ യേശു ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്. (യോഹ, 1:1; 1തിമൊ, 2:5,6; 3:16). യേശു പറയുന്നു; “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13. ഒ.നോ: വെളി, 1:4). സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നത്. “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നും യേശു പറഞ്ഞു. (മത്താ, 18:11). പ്രത്യക്ഷനായവൻ സ്വർഗ്ഗാരോഹണംചെയ്ത് അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? 

ഇനി നമുക്കൊന്ന് മറിച്ചു ചിന്തിച്ചുനോക്കാം: സ്തെഫാനോസ് രണ്ട് വ്യക്തികളെ സ്വർഗ്ഗത്തിൽ കണ്ടുവെന്നിരിക്കട്ടെ. പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്. (പ്രവൃ, 2:1-4). ത്രിത്വം പറയുന്ന മൂന്ന് വ്യക്തിയുമായല്ലോ. അപ്പോൾ ആരുമൊരുനാളും കാണാത്ത അദൃശ്യദൈവം ആരാണ്? അദൃശ്യദൈവവും ചേർന്നാൽ നാല് വ്യക്തിയാകും. വെളിപ്പാടിൽ ദൈവത്തിൻ്റെ സിഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കളെക്കുറിച്ച് പറയുന്നുണ്ട്. (1:4; 4:5). ഈ ആത്മാക്കളൊക്കെ എവിടെ കൊള്ളിക്കും? ഈ ഏഴാത്മാവും കൂടിച്ചേർന്നാൽ വ്യക്തികൾ പതിനൊന്നായി. അടുത്തത്: ആത്മാക്കളുടെ ഉടയവൻ സ്രഷ്ടാവും പിതാവുമായ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 1പത്രൊ, 4:19). യഹോവയെയും അവൻ്റെ പുത്രനായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടതെങ്കിൽ എന്തുകൊണ്ടാണ് ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിക്കാതെ, യേശുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്? (പ്രവൃ, 7:59). യഹോവ തന്നെയാണ് യേശുക്രിസ്തു: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ അരുളപ്പാടുപോല ഒരു പുതിയനിയമം സ്ഥാപിതമായിക്കഴിഞ്ഞപ്പോൾ (യിരെ, 31:31-34; എബ്രാ, 8:8-13; ലൂക്കൊ, 22:20), പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19).

പിതാവിൻ്റെ നാമം പുതിയനിയമത്തിൽ ഇല്ലെന്നാണ് അനേകരും കരുതുന്നത്. പുത്രൻ്റെ നാമംതന്നെയാണ് പിതാവിൻ്റെ നാമവും. യേശു പറയുന്നു: “പിതാവേ, നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം.” (യോഹ, 17:11,12. ഒ.നോ: സങ്കീ, 118:26; മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 5:43; 10:25; 12:13; 12:28; 17:1; 17:6; 17:26). യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് പരിശുദ്ധാത്മാവ് വരുന്നത്. (യോഹ, 14:26). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 6:3). അതിനു മുമ്പൊരിക്കലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. പുതിയനിയമസ്ഥാപനത്തിനു മുന്നോടിയായാണ് തൻ്റെ പ്രത്യക്ഷതയായ ദൈവപുത്രന് തൻ്റെ പുതിയ നാമമായ യേശു അഥവാ യെഹോശൂവാ എന്ന നാമം ദൈവം നല്കുന്നത്. (മത്താ, 1:21; ലൂക്കൊ, 1:31). പുതിയനിയമം സ്ഥാപിതമായതോടുകൂടി, പിതാവിൻ്റെയും (യോഹ, 17:11) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം (മത്താ, 28:19) യേശുക്രിസ്തു എന്നായി. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അപ്പസ്തലന്മാരിൽ പ്രഥമനും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് പറഞ്ഞാൽ; നാമമില്ലാത്ത വ്യക്തികളുണ്ടെന്നാണോ? വ്യക്തികളുമില്ല മറ്റു നാമവുമില്ല; ഏകദൈവവും ഏകനാമവുമേയുള്ളു. അതാണ് യേശുക്രിസ്തു.

നമുക്കുവേണ്ടി ക്രൂശിൽമരിച്ച ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ ഏകദേശം 33½ വർഷമാണുണ്ടായിരുന്നത്. ജനനത്തിനുമുമ്പെ അവനില്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവും മറ്റൊരു വ്യക്തിയെന്ന നിലയിൽ അവനില്ല. ദൈവത്തിൻ്റെ ഭൂമിയിലെ പ്രത്യക്ഷതകളൊന്നും നിത്യമല്ല. പ്രത്യക്ഷതകളൊക്കെ നിത്യമാണെങ്കിൽ, മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമായ പുരുഷനും (ഉല്പ, 18:1), മോശെയ്ക്ക് ഹോരേബിൽവെച്ച് മുൾപ്പടർപ്പിൽ പ്രത്യക്ഷമായ തീയും (പുറ, 3:2), മരുഭൂമിയിൽ വഴികാണിക്കാൻ പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 13:21), രാത്രി വെളിച്ചം കൊടുക്കേണ്ടതിനു പ്രത്യക്ഷമായ അഗ്നിസ്തംഭവും (പുറ, 13:21), സമാഗമന കൂടാരത്തിലും (ലേവ്യ, 9:23), ദൈവാലയത്തിൽ പ്രത്യക്ഷമായ തേജസ്സും (2ദിന, 5:14) എല്ലാം മറ്റൊരു വ്യക്തിയും വസ്തുക്കളുമായി ദൈവസിംഹാസനത്തിൻ്റെ അടുത്ത് നിത്യമായി ഉണ്ടാകേണ്ടതല്ലേ? അധികമൊന്നും ചിന്തിക്കണ്ട: അബ്രഹാമിൻ്റെ മുമ്പിൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യൻ ആറേഴുനാഴിക അവനോടുകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കയും, സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്കുകയും, സോദോമിനെക്കുറിച്ച് ദീർഘനേരം സംസാരിക്കുകയും ചെയ്തശേഷം മടങ്ങിയതായിക്കാണാം. (ഉല്പ, 18:1-19:1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായി അപ്രത്യക്ഷനായ ആ മനുഷ്യൻ മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഇല്ലെങ്കിൽ യേശുവെന്ന പാപമറിയാതെ ജനിച്ച് ക്രൂശിൽ മരിച്ചുയിർത്ത് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷമായ മനുഷ്യനും മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അവനിനി വീണ്ടും മനുഷ്യപുത്രനായി പ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. (മത്താ, 24:30). അപ്പോൾ ഒരു ചോദ്യം വരും: യേശുക്രിസ്തു ആദ്യനും അന്ത്യനും (വെളി, 1:17) ഇന്നെലെയും ഇന്നുമെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ? യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം പുത്രത്വമല്ല; പുത്രത്വം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവപിതാവെടുത്ത പദവി മാത്രമാണ്. (ലൂക്കൊ,1:332,35). മഹാദൈവമായ യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് പൗലോസ് വ്യക്തമാക്കുന്നുണ്ട്: അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ. ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (യോഹ, 1:3, 10; കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും (ഉല്പ, 1:26,27; 2:7; റോമ, 5:14). വരുവാനുള്ളവൻ്റെ പ്രതിരൂപമെന്ന് ആദാമിനെക്കുറിച്ച് പറയുന്നത് നോക്കുക. (റോമ, 5:14). ആദാമിനെ സൃഷ്ടിച്ച യഹോവ തന്നെയാണ് യേശുക്രിസ്തു; സ്വർഗ്ഗസിംഹാസനത്തിലിരുന്ന് രാപ്പകൽ ആരാധന സ്വികരിക്കുന്നതാണ് അവൻ്റെ നിത്യമായ അസ്തിത്വം. ഫിലിപ്പിയർ 2:10,11 ഇതിനൊപ്പം ചിന്തിക്കണം: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” യേശുക്രിസ്തുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കുമ്പോൾ പിതാവായ ദൈവം മഹത്വപ്പെടുന്നതെങ്ങനെയാണ്? മറ്റൊരു പിതാവുണ്ടോ? ഇല്ല. അവിടെ അദൃശ്യദൈവത്തെയാണ് പിതാവായ ദൈവമെന്ന് പറയുന്നത്. സ്തെഫാനോസ് കാണുന്നത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയുമാണ്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ അദൃശ്യദൈവത്തെ ആർക്കും കാണാനോ അവൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കാനോ കഴിയില്ല. അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യേശുക്രിസ്തുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കുമ്പോഴാണ് അദൃശ്യദൈവത്തിന് മഹത്വം ഉണ്ടാകുന്നത്. നാം സ്വർഗ്ഗത്തിൽ ചെന്നാലും യേശുക്രിസ്തുവിനെയല്ലാതെ മറ്റൊരു ദൈവവ്യക്തിയെ കാണുകയില്ല.

ഇനി യോഹന്നാൻ പറഞ്ഞ കാര്യം നമുക്ക് മനസ്സിലാകും: “ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യേശുക്രിസ്തുവെന്ന ഒരു ദൈവമേയുള്ളു. അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനും, പരിശുദ്ധാത്മാവായി പ്രത്യക്ഷനായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (മത്താ, 28:19). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് അവൻ പറഞ്ഞതോർക്കുക. (യോഹ, 14:18). യോഹന്നാൻ അപ്പൊസ്തലൻ പറയുന്ന പിതാവ് അദൃശ്യനായ ദൈവമാണ്; ദൈവമഹത്വത്തിൻ്റെ അടുത്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവും ഉണ്ട്. (റോമ, 8:34). അവനാണ് അദൃശ്യദൈവത്തിൻ്റെ പ്രതിമ. (കൊലൊ, 1:15). സ്തെഫാനോസ് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയും കണ്ടതോർക്കുക. (പ്രവൃ, 7:55). പിതാവിൻ്റെ അടുക്കൽ നമ്മുടെ കാര്യസ്ഥനായ യേശുക്രിസ്തു ഉണ്ടെന്നുള്ളതാണ് നമ്മുടെ ഉറപ്പും ബലവും പ്രത്യാശയും. അവൻ നമ്മെ തൻ്റെ സ്വരുപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവവും നമ്മുടെ പാപങ്ങളെപ്രതി മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ച കർത്താവുമാണ്. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). 

“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)

കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

“കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:” (വെളി, 1:10)

“ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 5:5)

“കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊസ് 3:10)

പുതിയനിയമത്തിൽ വെളിപ്പാട് 1:10-ൽ മാത്രമുള്ള പ്രയോഗമാണ് കർത്തൃദിവസം (The Lord’s day). കർത്താവിൻ്റെ ദിവസം (The day of the Lord) എന്ന പ്രയോഗം അഞ്ചിടത്ത് കാണാം. (പ്രവൃ, 2:20; 1കൊരി, 5:5; 2കൊരി, 1:14; 1തെസ്സ, 5:2; 2പത്രൊ, 3:10). കർത്തൃദിവസം ഞായറാഴ്ച ആണെന്നും, കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും ഒന്നാണെന്നും കരുതുന്നവരും ഉണ്ട്. കർത്തൃദിവസം ഗ്രീക്കിൽ “ഹി കുറിയാകി ഹിമെറ” (he kuriake hemera – τη κυριακη ημερα – The Lord’s day) ആണ്. (വെളി, 1:10). കർത്താവിൻ്റെ ദിവസം “ഹി ഹിമെറ കുറിയു” (he hemera kuriou – η ημερα κυριου – The day of the Lord) എന്നുമാണ്. (2 പത്രൊ, 3:10). World Bible translation center (ERV) പരിഭാഷയിൽ വെളിപ്പാട് 1:10-നെ “കർത്താവിൻ്റെ ദിവസം” എന്നും, 2പത്രൊസിസ് 3:10-നെ “കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം” എന്നും വേർതിരിച്ച് പരിഭാഷ ചെയ്തിട്ടുണ്ട്. അർത്ഥമൊന്നുതന്നെ ആണെങ്കിലും ഇംഗ്ലീഷിൽ The Lord’s day എന്നും The day of the Lord എന്നും പ്രയോഗത്തിൽ വ്യത്യാസമുണ്ട്.

കർത്തൃദിവസം

നമ്മുടെ കർത്താവായ യേശുക്രിസ്തു മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റത് എ.ഡി. 33 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ചയാണ്. എന്നേക്കും നമ്മോടുകൂടെ വസിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും ദൈവസഭ സ്ഥാപിതമായതും മറ്റൊരു ഞായറാഴ്ചയാണ്; എ.ഡി. 33 മെയ് 24 ഞായറാഴ്ച. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു.” എന്നൊരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. (പ്രവൃ, 20:7). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്തണമെന്ന് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചതും കാണാം. (1കൊരി, 16:1-3). അതിനാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചദിവസത്തിന് ആദിമസഭ പ്രത്യേകത കല്പിച്ചിരുന്നു എന്നു മനസ്സിലാക്കിയാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയാണ് യോഹന്നാൻ കർത്തൃദിവസം എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. (വെളി, 1:10).

കർത്താവിന്റെ ദിവസം

പുതിയനിയമത്തിൽ കർത്താവിൻ്റെ ദിവസത്തെ (The day of the Lord) രണ്ടുവിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്. തന്നെ കാത്തുനില്ക്കുന്ന വിശുദ്ധന്മാരുടെ രക്ഷയ്ക്കായി കർത്താവ് വരുന്നതും (എബ്രാ, 9:28), യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കു പ്രതികാരം കൊടുക്കാൻ വരുന്നതും. (2തെസ്സ, 1:7). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന അഞ്ച് വാക്യങ്ങളിൽ രണ്ട് വാക്യങ്ങൾ വിശുദ്ധന്മാർക്കു വേണ്ടി കർത്താവ് വരുന്ന ദിവസത്തെ കുറിക്കുന്നതാണ്: “ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരി, 5:5). “നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.” (2കൊരി, 1:14).

കർത്താവിൻ്റെ ദിവസം

പുതിയനിയമത്തിലെ കർത്താവിൻ്റെ ദിവസം അഥവാ നാൾ എന്ന മൂന്ന് വാക്യങ്ങൾ പഴയനിയമത്തിൽ പറയുന്ന യഹോവയുടെ ക്രോധദിവസത്തെ കുറിക്കുന്നതാണ്: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2പത്രൊ, 3:10-12). “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.” (1തെസ്സ, 5:2-5). “കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” (പ്രവൃ, 2:20). 

യഹോവയുടെ ക്രോധദിവസം അഥവാ കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാളിനെ കുറിക്കുന്ന പഴയപുതിയനിയമ പ്രയോഗങ്ങൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: മത്താ, 24:8; 

കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21),  സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). 

പാറയും പത്രൊസും

പാറയും പത്രൊസും

“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18). 

യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണിതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:

പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം CL പരിഭാഷയിൽ ഇത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്. 

പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസെന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല.  ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ. 

ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്? 16:16-18 വേദഭാഗം നോക്കാം: 

¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 1:4,7). പൗലൊസ് പറയുന്നത് കേൾക്കുക: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).

പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായി. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).

ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). 

പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.

ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46). ക്രിസ്തു ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളി, 1:17). അതിനാൽ ജീവനുള്ള ദൈവത്തിൻ്റെ സഭ പണിയപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നേക്കും ജീവിച്ചിരിക്കുന്ന ക്രിസ്തുവാകുന്ന പാറമേലും ക്രിസ്തുവിനാലുമാണ്. (മത്താ, 16:18).