ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം

ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം

“ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). 

ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി നിത്യതമുതൽക്കേ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ ത്രിത്വോപദേശിമാർ എടുക്കുന്ന ഒരു വേഭാഗമാണ് മേല്പറഞ്ഞത്. ‘യേശുക്രിസ്തു തൻ്റെ ജനനത്തിനുമുമ്പേ ഉണ്ടായിരുന്നോ’ എന്ന് ചോദിച്ചാൽ; യേശുക്രിസ്തുവെന്ന മഹാദൈവം എന്നേക്കും ഉള്ളവനാണ്. അവൻ ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരു കാലവും ഉണ്ടാകുകയുമില്ല. അവനാണ് സർവ്വത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും സർവ്വശക്തനുമായ ഏകസത്യനിത്യദൈവം. എന്നാൽ യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. കന്യകയായ മറിയയിൽ ജനിക്കുമ്പോഴാണ് യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ ചരിത്രം ആരംഭിക്കുന്നത്. ചരിത്രം ദൈവത്തിനുള്ളതല്ല; മനുഷ്യനുള്ളതാണ്. യേശുവിന് ജഡത്തിൽ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരുപദേശം മാത്രമാണത്. അതാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കാൻ തടസ്സമായിരിക്കുന്ന ഒരുകാര്യം. യേശു ജഡത്തിൽ പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതിരുന്ന പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?). ദൈവം ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനാണ്. അഥവാ, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്തവനാണ്.   (യാക്കോ, 1:17; എബ്രാ, 13:8). അവന് പ്രത്യക്ഷനാകാനല്ലാതെ; അവതാരമെടുക്കാൻ കഴിയില്ല. അതായത്, ദൈവം ചിലപ്പോൾ മനുഷ്യനായിട്ടും മറ്റുചിലപ്പോൾ ദൈവമായിട്ടും അവസ്ഥാഭേദം വരുന്നവനല്ല.

ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു. ആ ദൈവം യഹോവ മാത്രമാണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24), അവനെ മാത്രമേ സേവിക്കാൻ പാടുള്ളു: (1ശമൂ, 7:3; 7:4; 12:24; നെഹെ, 9:6; സങ്കീ, 72:18; 83:18; 148:13; യെശ, 2:11, 2:17; 26:13; 45:24). യഹോവയ്ക്ക് സമനും സദൃശനുമില്ല: (പുറ, 15:11; സങ്കീ, 35:10; 40:5; 71:19; 86:8; 89:6; 113:5; യെശ, 40:25; 46:5; യിരേ, 10:6, 10:7; 49:19; 50:44; മീഖാ, 7:18). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 44:8; 45:6; 45:18; ഹോശേ, 13:4). പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:6. ഒ.നോ: മർക്കൊ, 12:29-33; യോഹ, 17:3; എഫെ, 4:6). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം. ഈ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു. ആദാമ്യപാപത്തിൻ്റെ ഫലമായി മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിൽ നിപതിച്ചതിനാൽ (റോമ, 3:12, 23; 5:12), മനുഷ്യനു തന്നെത്തന്നെയോ മറ്റുള്ളവരെയോ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). അതിനാൽ, പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കുവാൻ യഹോവയായ ദൈവം (ലൂക്കൊ, 1:68), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:21,22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യെഹസ്ക്കേൽ പ്രവചിക്കുന്നു: “ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.” (39:7). യേശുക്രിസ്തുവെന്ന വിശുദ്ധനാമം പിതാവിൻ്റെ നാമംതന്നെയാണ്. ‘നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം’ എന്നാണ് ക്രിസ്തു പറയുന്നത്. (യോഹ, 17:11; 17:12. ഒ.നോ: യോഹ, 5:43; 12:28; 17:6; 17:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് സുവിശേഷകന്മാരും വ്യക്തമാക്കുന്നു. (മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 12:13). യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് കാര്യസ്ഥനായ പരിശുദ്ധാത്മാവും വന്നത്. (യോഹ, 14:26). അതായത്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു: (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). പുതിയനിയമത്തിൽ സകലത്തിൻ്റെയും സ്രഷ്ടാവായ ദൈവത്തിൻ്റെ പേരും മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ മനുഷ്യൻ്റെ പേരും ഒന്നുതന്നെയാണ്. അതായത്, മഹാദൈവമായ യേശുക്രിസ്തുവിനെയും ആ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെയും അനേകർ വേർതിരിച്ചു മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത: (1തിമൊ, 2:5,6; 3:14-16: തീത്തൊ, 2:12). [മനുഷ്യനായ ക്രിസ്തു യേശുവും മഹാദൈവമായ യേശുക്രിസ്തുവും]

നമുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത ഒരു മുഷ്യൻ മാത്രമായിരുന്നു. (1തിമൊ, 2:6; 3:14-16). യേശുവിൻ്റെ ജനനത്തിൽ തനിക്ക് ദൈവപുത്രനെന്ന പദവിപോലും ഉണ്ടായിരുന്നില്ല. താൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൂതൻ്റെ പ്രവചനംപോലെ (ലൂക്കൊ, 1:32,35) യോർദ്ദാനിലെ സ്നാനസമയത്ത് പരിശുദ്ധാത്മ അഭിഷേകത്തോടെ ദൈവപുത്രനെന്ന് വിളിക്കപ്പെടുകയായിരുന്നു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22; യോഹ, 1:34; പ്രവൃ, 10:38). ജനനത്തിനു മുമ്പേ പേർ വിളിക്കപ്പെട്ട എട്ടുപേരിൽ അവസാനത്തെ വ്യക്തിയാണ് യേശു. എട്ടുപേരിൽ ജനനത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പേ പേർപറയപ്പെട്ടവർ പോലുമുണ്ട്. എന്നാൽ യേശുവിൻ്റെ പേരാകട്ടെ, താൻ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനും തൊട്ടുമുമ്പുമാത്രം നല്കപ്പെട്ടതാണ്. അതായത്, മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പെ യേശുവെന്ന പരിശുദ്ധമനുഷ്യനോ, ആ പേരോപോലും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. അപ്പോൾ, “യേശുക്രിസ്തു മഹാദൈവം (തീത്തൊ, 2:12), ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 1:8; 21:6; 22:13), ആദിയും അന്തവും (21:6; 22:13), ആദ്യനും അന്ത്യനും (1:17; 2:8), ഒന്നാമനും ഒടുക്കത്തവനും (22:13) എന്നൊക്കെ പറയുന്നത് ആരെയാണ്? അത് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ യഹോവയായ ദൈവത്തെ അഥവാ ഏകസത്യദൈവത്തെ കുറിച്ചാണ്. അല്ലാതെ, ജഡത്തിൽ വെളിപ്പെട്ടു നിൽക്കുന്ന പരിശുദ്ധ മനുഷ്യനെക്കുറിച്ചല്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയുടെ ഉദരത്തിലൂടെ ജനിച്ചവനും, പരിശുദ്ധാത്മാവിനാൽ അഭിഷിക്തനുമായ അഥവാ ക്രിസ്തുവും ആയവനാണ് പറയുന്നത്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). എന്താണ് അതിൻ്റെ വസ്തുത? ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മറ്റൊരു വ്യക്തിയായി പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്നെന്നോ? നമുക്കതൊന്ന് പരിശോധിക്കാം:

1. ലോകം ഉണ്ടാകുംമുമ്പെ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ രക്ഷ, ആദാം പാപം ചെയ്തതിനു ശേഷമോ, ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാതെ വന്നപ്പോഴോ നിർണ്ണയിച്ചതല്ല; തൻ്റെ അനാദി നിർണ്ണയപ്രകാരം ഉള്ളതാണ്. (എഫെ, 3:11,12). ദൈവം സമസ്തവും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മനുഷ്യൻ പാപം ചെയ്യുമെന്നും, പാപപരിഹാരം അവർക്കസാദ്ധ്യമാകയാൽ, താൻതന്നെ മനുഷ്യരുടെ പാപപരിഹാരാർത്ഥം അഭിഷിക്തമനുഷ്യനായി (ക്രിസ്തു) ഭൂമിയിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തണമെന്നും തൻ്റെ സർവ്വജ്ഞാനത്താൽ അറിയുകയും നിർണ്ണയിക്കുകയും ചെയ്തിരുന്നു. (എഫെ, 1:4; 1പത്രൊ, 1:20). ദൈവം ഈ രക്ഷ ലോകസ്ഥാപനത്തിന് മുമ്പേ ഒരുക്കിയതിനാലാണ്, ക്രിസ്തുവാകുന്ന കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടവനാണെന്ന് വെളിപ്പാടിൽ പറയുന്നു. (13:8). മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ലോകസ്ഥാപനം മുമ്പുതുടങ്ങി ദൈവം ക്രിസ്തുവിനെ വേർതിരിച്ചിരിക്കുകയാണ്. ഈ പ്രയോഗങ്ങളും ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനു മുമ്പെ മുന്നിയമിക്കപ്പെട്ടു. (1പത്രൊ, 1:20). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിനെ സ്നേഹിച്ചു. (യോഹ, 17;24). ലോകസ്ഥാപനത്തിനു മുമ്പെ അറുക്കപ്പെട്ടു (വെളി, 13:8). ലോകസ്ഥാപനത്തിനു മുമ്പെ ഒരുക്കിയിരിക്കുന്ന രാജ്യം (മത്താ, 25:34). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു (എഫെ, 1:4). ലോകസ്ഥാപനത്തിനു മുമ്പെ ജീവപുസ്തകത്തിൽ പേരെഴുതി (വെളി, 17:8).

2. നിൻ്റെ അടുക്കൽ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ അടുക്കൽ ക്രിസ്തു മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നോ? സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വിഭിന്നമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാനിൽ ക്രിസ്തു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഹന്നാനിലെ ക്രിസ്തു ആരാണെന്നറിയണം. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിത്തിലൊഴികെ, സമവീക്ഷണ സുവിശേഷങ്ങളിലൊന്നും ഇങ്ങനെയൊരു പ്രയോഗം കാണാത്തതിൻ്റെ കാരണമെന്താണ്? ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം (introduction) അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്നു മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. അതിനാൽത്തന്നെ, ഏതൊരു മനുഷ്യനെപ്പോലെയും ഒരു മനുഷ്യസ്ത്രീയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ആത്മാവിനാൽ ബലപ്പെടുകയും ചെയ്ത യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്ഥിത്വം മത്തായിയുടെയും ലൂക്കൊസിൻ്റെയും വിഷയമല്ല. (ലൂക്കൊ, 2:40,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. മൂന്നുപേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദൂതനും ദാസനും. ദൈവം വംശാവലിയോ ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (യിരെ, 10:10; ദാനീ, 4:34;12;7; 1തിമൊ, 1:7). ദൂതന്മാർ എല്ലാവരും ദൈവത്തിൻ്റെ നേരിട്ടുള്ള സൃഷ്ടികളാണ്; അവർ വിവാഹം കഴിക്കുകയോ തലമുറകളെ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല: (മത്താ, 22:20). അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്നു മനസ്സിലാക്കാം. അതിനാൽ, മർക്കൊസ് നേരെ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കാണ് കടക്കുന്നത്; ക്രിസ്തുവിൻ്റെ ജനനമോ പൂർവ്വാസ്തിത്വമോ അവൻ്റെയും വിഷയമല്ല. എന്നാൽ യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല; മനുഷ്യനാണ്. അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (പ്രവൃ, 10:38). ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, അവന് തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് അവതരിക്കാനോ, ജഡമായിത്തീരാനോ കഴിയില്ല; ദൈവം പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്: (1തിമൊ, 3:14-16; യാക്കോ, 1:17; മലാ, 3:6). അതായത്, യോഹന്നാനിൽ ജഡമായിത്തീർന്നു എന്നു പറഞ്ഞിരിക്കുന്നത് ദൈവമല്ല; ദൈവത്തിൻ്റെ വചനമാണ്: (1:14).

യോഹന്നാൻ്റെ ക്രിസ്തു ദൈവം ജഡമായവനല്ല; വചനം ജഡമായവനാണ്. അതിനാൽ, വചനമെന്ന നിലയിയിലാണ് അവൻ്റെ പൂർവ്വാസ്തിത്വം. അതുകൊണ്ടാണ് സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പ്രയോഗങ്ങൾ യോഹന്നാനിലുള്ളത്. അവൻ്റെ ലേഖനങ്ങളും ആ നിലയിലുള്ളതാണ്: (1യോഹ, 1:1,2). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ (1തിമൊ, 3:14-16) അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗോസ് ജഡമായതായിട്ടാണ് യോഹന്നാൻ അവതരിപ്പിക്കുന്നത്. ലോഗോസ് (logos) അഥവാ വചനം (word) പഴയനിയമത്തിൽ ‘ദവാർ’ (dabar) ആണ്. ദവാർ ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4; ലൂക്കൊ, 4:4). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3, 24). ദൈവത്തിൻ്റെ വായിലെ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). ജഡമായിത്തീർന്ന ദൈവത്തിൻ്റെ വചനത്തിനു എഴുത്തുകാരൻ ആളത്തം കല്പിച്ചിരിക്കകൊണ്ടാണ്, ‘വചനം ദൈവത്തോടുകൂടെ ആയിരുന്നു’ എന്നു പറഞ്ഞിരിക്കുന്നത്: (യോഹ, 1:1). മാത്രമല്ല, ദൈവത്തിൻ്റെ വചനത്തിനു തന്നിൽത്തന്നെ ജീവനും ചൈതന്യവുമുള്ളതാണ്: എബ്രാ, 4:12: 6:63). ഇനി ചിലർ കരുതുന്നതുപോലെ, യഥാർത്ഥത്തിൽ യേശു ദൈവത്തോടു കൂടെയുള്ള വചനമെന്ന മറ്റൊരു വ്യക്തിയും ദൈവവും ആണെങ്കിൽ, ‘വചനം ദൈവം ആയിരുന്നു’ എന്നെങ്ങനെ പറയും? ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. വചനം അക്ഷരാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള നിത്യപുത്രനും ദൈവവും ആണെങ്കിൽ ‘വചനം ദൈവം ആകുന്നു’ എന്നല്ലാതെ, ‘ദൈവം ആയിരുന്നു’ എന്നു ഒരിക്കലും പറയാൻ കഴിയില്ല. അതായത്, ദൈവത്തിന് ഏത് കാരണം ചൊല്ലിയും കുറച്ചുകാലത്തേക്ക് ദൈവമല്ലാതാകാനോ, സ്വയം ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാനോ കഴിയില്ല; എന്തെന്നാൽ, ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). എന്നാൽ ദൈവം അയക്കുന്ന തൻ്റെ വചനത്തിനു സകലവും സാദ്ധ്യമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11). ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം; ഞാൻ അയച്ച കാര്യം സാധിപ്പിക്കും.” അപ്പോൾ ദൈവം അയച്ച തൻ്റെ വായിലെ വചനമാണ് യോഹന്നാൻ്റെ ക്രിസ്തു, ദൈവത്തിൻ്റെ വചനം ജഡമായവൻ ആകയാലാണ്, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ യേശു വചനം ജഡമായവൻ അഥവാ മനുഷ്യനായവൻ ആകയാലാണ്, “ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു പറയുന്നത്: (യോഹ, 17:5). ഈ വാക്യത്തിൽ ദൈവത്തിൻ്റെ ‘അടുക്കൽ ഉണ്ടായിരുന്നു‘ എന്നു പറഞ്ഞിരിക്കുന്നത് യഥാർത്ഥത്തിൽ യേശുവെന്ന മനുഷ്യനെക്കുറിച്ചല്ല; കാലസമ്പൂർണ്ണതിയിൽ ജഡമായിത്തീർന്ന അഥവാ മനുഷ്യനായിത്തീർന്ന വചനത്തെക്കുറിച്ചാണ്: (യോഹ, 1:1; 1:4). ആ വചനമാകട്ടെ, ദൈവത്തിൻ്റെ വായിലെ വചനമാണ്. എന്നാലത് പറയുന്നത്; വചനം മനുഷ്യനായവനാണ്. [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

3. ഉണ്ടായിരുന്ന മഹത്വം: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ഇത് ദൈവത്തിൻ്റെ വചനം ജഡമായ മനുഷ്യൻ്റെ വാക്കുകളാണ്. ലോകം ഉണ്ടാകും മുമ്പെ യേശു വചനമെന്ന ദൈവമായി ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതായി ത്രിത്വം വിശ്വസിക്കുന്നു. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” യോഹ്യ, 1:1). ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൻ്റെ വായിലെ വചനം ജഡമാകയി അഥവാ മനുഷ്യനായി തീർന്നതിനാലും യോഹന്നാൻ ദൈവത്തിൻ്റെ വചനത്തിന് ആളത്വം കല്പിച്ചിരിക്കയാലുമാണ് വചനം ദൈവത്തോടു കൂടിയായിരുന്നു എന്നും ദൈവമായിരുന്നു എന്നു പറഞ്ഞിരിക്കുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല. വചനം മാത്രമല്ല; ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ ആത്മാവും കരുണയും കൃപയും ജ്ഞാനവും ഭുജവും വചനവും വിവേകവും ശക്തിയുമെല്ലാം ദൈവമാണ്. ദൈവത്തിൻ്റെ ആത്മാവിനെയും വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല; എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. ദൈവത്തിൻ്റെ വചനത്തിനും ആത്മാവിനും സവിശേഷ ഗുണങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം ആളത്തം കൊടുത്താൽ അവയോരോന്നും ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നു പറയാൻ കഴിയും. സദൃശ്യവാക്യത്തിൽ ജ്ഞാനം പറയുന്നതോർക്കുക. (8:1-36). ഇവിടെ വചനം ജഡമായ ദൈവത്തിൻ്റെ ക്രിസ്തുവെന്ന മനുഷ്യനാണ് പറയുന്നത്; “എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” അത് പുത്രനെന്ന മറ്റൊരു വ്യക്തിയുടെ മഹത്വമല്ല; അത് ദൈവത്തിൻ്റെ വായിലെ സ്വന്തവചനത്തിൻ്റെ മഹത്വമാണ്. യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവെന്ന മനുഷ്യൻ അഥവാ പ്രത്യക്ഷതയുടെ ഉദ്ദേശ്യം പൂർത്തിയാൽ അഥവാ തൻ്റെ ജഡത്തിലെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല.

‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്ന് പൗലോസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യത്തിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവത്തോടു കൂടെയായിരുന്ന വചനം ജഡമായി എന്നത്. (1തിമൊ, 3:16; യിരെ, 10:10). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ യോഹന്നാൻ, അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗോസായി അവതരിപ്പിക്കുകയാണ്. കാരണം, ഒരാളുടെ ഹൃദയം ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് ലോഗോസ് അഥവാ വായിലെ വാക്കുകൾ. ദൈവത്തിൻ്റെ ലോഗോസ് ദൈവത്തിൻ്റെ കൂടെത്തന്നെയല്ലേ ഉണ്ടാകുന്നത്? ദൈവത്തെയും വചനത്തെയും വേർപെടുത്താൻ കഴിയുമോ? ഈ വചനം ദൈവത്തിൻ്റെ എവിടെയാണ് ഇരിക്കുന്നതെന്നും 1:18-ൽ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ്. bosom എന്നാൽ, നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണ്. യോഹന്നാൻ 13:23-ൽ അതേ പദത്തെ ‘മാറിടം’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഹൃദയം നിറഞ്ഞുകവിയുന്നതാണ് വായ സംസാരിക്കുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 12:34). അതായത്, സ്നേഹത്തിൻ്റെ അപ്പൊസ്തലാനായ യോഹന്നാൻ അവിടെ പറയുന്നത്; “ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലുള്ള വചനം ജഡമായിത്തീർന്ന പുത്രനിലൂടെ വെളിപ്പെടുത്തുന്നത്.” മൂന്നാം വാക്യത്തിൽ ‘സകലവും അവൻ മുഖാന്തരം ഉളവായി’ ക്രിസ്തു മുഖാന്തരം ഉളവായി എന്നല്ല; ദൈവത്തിൻ്റെ വചനം മുഖാന്തരം സകലവും ഉളവായിയി എന്നാണ്. ദൈവത്തിൻ്റെ ഈ വചനത്തെക്കുറിച്ച് പഴയനിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ആദിയിൽ ദൈവം സകലവും സൃഷ്ടിച്ചത് തൻ്റെ വചനം മുഖാന്തരം ‘ഉളവാകട്ടെ’ എന്ന് കല്പിച്ചുകൊണ്ടാണ്. (ഉല്പ, 1:24; സങ്കീ, 33:6). 

ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതും (സങ്കീ, 33:6. ഒ.നോ: യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7), സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതും (സങ്കീ, 107:20), ജീവൻ നല്കുന്നതും (സങ്കീ, 119:50) വചനത്താലാണ്. ദൈവത്തിൻ്റെ വചനം അതിവേഗം ഓടുന്നതാണ്. (സങ്കീ, 147:15). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). ദൈവത്തോടു കൂടെയുണ്ടായിരുന്ന അതേ വചനം കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശ, 55:11) എന്ന് യഹോവ പറയുന്നതും കുറിക്കൊള്ളുക. (യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12).

യോഹന്നാൻ 17:5-ൽ യേശു പറയുന്നത് എന്താണെന്ന് ഇനി വ്യക്തമാകും. തൻ്റെ ഭൗമിക ശുശ്രൂഷയുടെ അന്ത്യഘട്ടത്തോടു അടുത്ത സമയത്താണ് യേശു ഇത് പറയുന്നത്. പരസ്യശുശ്രൂഷയും ശിഷ്യന്മാരോടുള്ള അന്ത്യപ്രഭാഷണവും കഴിഞ്ഞുള്ള മഹാപൗരോഹിത്യ പ്രാർത്ഥനയിലാണ് താനിത് പറയുന്നത് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നത്. ക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ജനനത്തിൽ അവൻ ദൈവപുത്രനോ ക്രിസ്തുവോ പോലും ആയിരുന്നില്ല; കന്യകാജാതനായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. “പാപമറിയാത്തവൻ, പാപം ചെയ്തിട്ടില്ല; വായിൽ വഞ്ചനയില്ലായിരുന്നു; അവനിൽ പാപമില്ല” എന്നിത്യാദി പ്രയോഗങ്ങൾ ദൈവത്തെ കുറിക്കുന്നതല്ല; പാപമില്ലാത്ത മനുഷ്യനെ കുറിക്കുന്നതാണ്. (2കൊരി, 5:22; 1പത്രൊ, 2:22; 1യോഹ, 3:5). കന്യകാജാതനായി ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷം കഴിഞ്ഞപ്പോൾ യോർദ്ദാനിൽ വെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ,2:40,52; മത്താ, 3:16; പ്രവൃ, 10:38). അനന്തരം ‘ദൈവപുത്രനെന്ന് വിളിക്കപ്പെടും’ എന്നുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്നു വളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ,3:17). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനാകുന്നതിനെ കുറിക്കുന്ന പ്രയോഗമാണ്, “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ഒന്നുകൂടി പറഞ്ഞാൽ: സാക്ഷാൽ യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്, ‘എന്നെ പൂർവ്വമഹത്വത്തിൽ മഹത്വപ്പെടുത്തേണമേ’ എന്നു പറയുന്നത്. എന്തെന്നാൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. കാരണം, ജഡത്തിലെ ശുശ്രുഷയോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള 38 വർഷം മാത്രമാണ് പുത്രൻ പിതാവിൽ നിന്നു വ്യതിരിക്തനായ ഒരു മനഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു, ഞാനും പിതാവും ഒന്നാകുന്നു]

4. ക്രിസ്തുവല്ല; അവനെക്കുറിച്ചുള്ള പ്രവചനങളാണ് ഉണ്ടായിരുന്നത്: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.” (ലൂക്കോ, 18:31). “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45. ഒ.നോ: മത്താ, 26:24; മർക്കൊ, 14:21; ലൂക്കൊ, 22:37; 24:44; യോഹ, 5:46; ;6:45; 12:15,16; 15:25). പഴയനിയമ പുസ്തകങ്ങളിലെല്ലാം വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ. അതിനാൽ, പഴയനിയമത്തിൽ യേശുവെന്ന ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. പ്രവചനം ഭൂതവർത്തമാനകാലത്തെ ചരിത്രമല്ല; ഭാവിയിൽ നിറവേറാനുള്ളതാണ്. പ്രവചനം നിവൃത്തിയാകാതെ ചരിത്രമാകുന്നില്ല. ചരിത്രത്തിലെ ക്രിസ്തു കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്: (ഗലാ, 4:4). ജനനത്തിനുമുമ്പെ അവൻ ഉണ്ടായിരുന്നെങ്കിൽ, പഴയനിയമത്തിലുള്ളതൊന്നും പ്രവചനങ്ങളല്ല; പഴമ്പുരാണങ്ങളാണ്. ഒരുദാഹരണം പറഞ്ഞാൽ മനസ്സിലാകും: ബൈബിളിൽ പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിലെ സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, സ്ത്രീയാരാണെന്ന് എല്ലാവർക്കും അറിയില്ലായിരിക്കും. സ്ത്രീ ഹവ്വായുമല്ല മറിയയുമല്ല; യിസ്രായേലാണ്. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. യാക്കോബെന്ന വ്യക്തിയിൽനിന്ന് അവൻ്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങളും, ആ ജനതയും അവരുടെ രാജ്യവും യിസ്രായേലെന്ന് വിളിക്കപ്പെട്ടു. പറഞ്ഞുവന്നത്; ബൈബിളിലെ പ്രഥമസുവിശേഷമാണ്, ദൈവത്തിൻ്റെ സന്തതി സർപ്പത്തിൻ്റെ തല തകർക്കുമെന്നല്ല; സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റ തല തകർക്കുമെന്നാണ്. കാലസമ്പൂർണ്ണത വന്നപ്പോൾ ക്രിസ്തു സ്ത്രീയുടെ സന്തതിയായി ജനിക്കുകയും, അവനാൽ, ക്രൂശിൽ സാത്താൻ്റെ തല തകരുകയും ചെയ്തു. (ഗലാ, 4:4; എബ്രാ, 2:14,15). ക്രിസ്തുവിൻ്റെ ഉത്ഭവത്തിനു കാരണമായ സ്ത്രീ അഥവാ അമ്മയായ യിസ്രായേൽപോലും (യിസ്രായേലെന്ന വ്യക്തിയോ, ആ ഗോത്രങ്ങളോ, ആ ജനതയോ, അവരുടെ രാജ്യമോപോലും) അന്നില്ലാതിരിക്കേ, ക്രിസ്തുവെങ്ങനെ ലോകസ്ഥാപധത്തിനു മുമ്പെ ഉണ്ടാകും? ഇവിടെയൊരു ചോദ്യംകൂടിയുണ്ട്: ബൈബിളിലെ പ്രഥമ സുവിശേഷവും പ്രവചനവുമാണ് സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്നത്. യേശുക്രിസ്തുവിനാൽ സർപ്പത്തിൻ്റെ തല തകരുകയും ചെയ്തു. (എബ്രാ, 2:14,15). ക്രിസ്തു യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയല്ലാതെ, അക്ഷരാർത്ഥത്തിൽ അവൻ്റെ പുത്രനായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കുമെന്ന് പ്രവചിക്കുമായിരുന്നോ? ദൈവത്തിൻ്റെ സന്തതി ദൈവത്തിൻ്റെ തലയെ തകർക്കുമെന്ന് എന്തുകൊണ്ട് പറഞ്ഞില്ല? അവൻ ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയല്ല; ദൈവപുത്രനെന അഭിധാനത്തിൽ ജഡതിൽ വെളിപ്പെട്ട യഹോവയായ ദൈവമാണ്. [കാണുക: മൂന്നു സ്ത്രീകൾ, യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

5. നമ്മുടെ തിരഞ്ഞെടുപ്പ്: “നാം ദൈവത്തിൻ്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). മേല്പറഞ്ഞതൊന്നും വിശ്വാസമാകാത്തവർക്ക് വിശ്വസിക്കാൻ ഈ വേദഭാഗം മതിയാകും. വാക്യം ശ്രദ്ധിക്കുക: ‘ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അക്ഷരാർത്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നെങ്കിൽ, അന്ന് തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളും ഉണ്ടാകണ്ടേ? അത് സാദ്ധ്യമോ? അപ്പോൾ ദൈവത്തിൻ്റെ വചനം ഭോഷ്ക്കാണോ പറയുന്നത്? ഒരിക്കലുമല്ല. മുകളിൽ പറഞ്ഞതുപോലെ ദൈവത്തിൻ്റെ രക്ഷാകരപ്രവൃത്തിയെല്ലാം തൻ്റെ സർവ്വജ്ഞാനത്താൽ മുൻകണ്ട് നിയമിച്ചതാണ്. ലോകസ്ഥാപനത്തിനു മുമ്പെ യേശുവെന്ന അഭിഷിക്ത മനുഷ്യൻ മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ അടുക്കൽ ഇല്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ ഹൃദയത്തിൽ ഭാവി മശീഹയായി അഥവാ വചനമായി ഉണ്ടായിരുന്നു. (യോഹ, 1:18). അഥവാ താൻതന്നെ മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തണമെന്ന ദൈവത്തിൻ്റെ മുന്നറിവിലാണ് നമ്മെ ഓരോരുത്തരെയും ക്രിസ്തുവിൽ തിരഞ്ഞെടുത്തത്. അത് ഭാവിയിൽ ആരൊക്കെ ക്രിസ്തുവിനെ സ്വീകരിക്കുമെന്നുള്ള സർവ്വജ്ഞാനത്താലാണ്. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവത്തിന് ഇതൊന്നും അസാദ്ധ്യമല്ലല്ലോ. (യെശ, 46:10). “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടു” (വെളി, 13:8) എന്ന പ്രയോഗവും ശ്രദ്ധിക്കുക. നമുക്കറിയാം, ലോകസ്ഥാപനത്തിലല്ല; കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു അറുക്കപ്പെട്ടത്. അടുത്തപ്രയോഗം നോക്കുക: “ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാത്തവർ” (വെളി, 13:8; 17:8). “ജീവപുസ്തകത്തിൽ പേർ എഴുതിയവർ” (ഫിലി, 4:3; വെളി, 21:27). കാലസമ്പൂർണ്ണതയിൽ ക്രിസ്തു ജനിച്ചുമരിച്ച് ഉയിർത്തഴുന്നേറ്റ ശേഷം നാം കൃപയാൽ ക്രിസ്തുവിനെ രക്ഷകനും കർത്താവും ദൈവവുമായി വിശ്വസിച്ചപ്പോഴല്ലേ നമ്മുടെ പേർ എഴുതപ്പെട്ടത്. ഇനിയും എത്രയോ പേരുടെ പേർ എഴുതാനിരിക്കുന്നു. ഇത് നമ്മുടെ പുസ്തകത്തിലെ കണക്കാണ്. എന്നാൽ, ദൈവത്തിൻ്റെ പുസ്തകത്തിൽ ക്രിസ്തുവിൻ്റെ വീണ്ടുംവരവുവരെ രക്ഷിക്കപ്പെടുവാനുള്ള എല്ലാവരുടെയും പേർ ലോകസ്ഥാപത്തിനു മുമ്പെ എഴുതിവെച്ചിരിക്കുകയാണ്. അതിൻ്റെയർത്ഥം ലോകസ്ഥാപനത്തിനു മുമ്പെ നാം ഉണ്ടായിരുന്നു എന്നല്ലല്ലോ; അതുതന്നെയാണ് ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. അല്ലാതെ, ക്രിസ്തുവെന്ന പരിശുദ്ധ മനുഷ്യൻ ഒരു വ്യക്തിയായി ലോകസ്ഥാപനത്തിനു മുമ്പെന്നല്ല; ജനനത്തിനു മുമ്പുപോലും ഇല്ലായിരുന്നു.

6. ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവൻ: പത്രൊസ് അപ്പൊസ്തലൻ കൃത്യമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവനാണ്. എന്നാൽ അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്. മുന്നറിയപ്പെടുക, മുന്നറിയിപ്പ് എന്നൊക്കെ പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. ഈ മുന്നറിയിപ്പുള്ളതുകൊണ്ടാണ് ക്രിസ്തുവിൻ്റെ ആത്മാവുള്ള പ്രവാചകന്മാർ അതൊക്കെ കണ്ടെത്താൻ ഒരു ശ്രമം നടത്തിയത്: “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:11). മറ്റുപല മലയാളം പരിഭാഷകളിലും, ‘ലോകസ്ഥാപനത്തിനു മുമ്പെ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു’ എന്നാണ്. (ഇ.ആർ.വി; മലയാളം ഓശാന; ഓശാന നൂതന പരിഭാഷ). അതായത്, എപ്രകാരം ‘നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നു പറയുന്നുവോ; അപ്രകാരം തന്നെയാണ് ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നു പറയുന്നതും. നമ്മളും ലോകസ്ഥാപനത്തിനു മുമ്പെ ഇല്ലായിരുന്നു; യേശുവെന്ന അഭിഷിക്ത മനുഷ്യനും ഇല്ലായിരുന്നു. എന്നാൽ, യേശുക്രിസ്തുവെന്ന മഹാദൈവം ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളവനാണ്. (എബ്രാ, 13:8). 

ബാഹ്യമായൊരു തെളിവ്: യേശുക്രിസ്തു എന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനു മുമ്പെ ഇല്ലായിരുന്നു എന്നതിന് ബാഹ്യമായ ഒരു തെളിവുകൂടി നല്കാം: അസ്തിത്വദ്യോതകമാണ് പേര്. അസ്തിത്വമുള്ള എന്തിൻ്റെയെങ്കിലും (വ്യക്തിയോ, വസ്തുവോ) കൂടെ മാത്രമേ പേരിന് നിലനില്ക്കാൻ കഴിയുകയുള്ളു; പേർ കൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും അതിന് കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ് എന്നിങ്ങനെ രണ്ടുപേരുണ്ട്. അതിൻ്റെ വകഭേദങ്ങൾക്കും ഡെല്‍റ്റ, ഒമിക്രോൺ എന്നിങ്ങനെ പല പേരുകളുമുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങൾക്ക് പേരിട്ടവനും (യെശ, 40:26), ആകാശത്തിലെയും ഭൂമിയിലെയും പക്ഷിമൃഗാദികൾക്കും ജീവജന്തുക്കൾക്കും ആദാമിനെക്കൊണ്ട് പേർ ഇടുവിച്ചവനുമാണ് ദൈവം. (ഉല്പ, 2:19). ആ ദൈവത്തിന് ഒരു പുത്രനുണ്ടായിരിക്കുകയും, ആ പുത്രന് ഒരു പേരുപോലും ഇല്ലാതിരിക്കുകയും, കന്യകമറിയയിലൂടെ 2,028 വർഷംമുമ്പ് ജനിക്കുന്നതിനു പത്തുമാസങ്ങൾക്ക് മുമ്പുമാത്രമാണ് പേരിടുകയും ചെയ്തതെന്നു വന്നാൽ ശരിയാകുമോ? പോട്ടെ, പേരില്ലാതെ ആ പുത്രൻ ഉണ്ടായിരുന്നു എന്നിരിക്കട്ടെ; യഹോവ സർവ്വശക്തനായ ദൈവമായും, യഹോവ നാമത്തിലും അനേകർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെയും അനേകർ കണ്ടിട്ടുണ്ട്. യഹോവയുടെ ചുറ്റും ദൂതന്മാരെയല്ലാതെ, ഈ പുത്രനെയാരും കാണാഞ്ഞതെന്താണ്? പുത്രൻ തന്നെത്തന്നെ ആർക്കും വെളിപ്പെടുത്താഞ്ഞതെന്താണ്? ത്രിത്വദുരുപദേശം എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കുവാൻ യേശുക്രിസ്തുവെന്ന അഭിഷിക്ക മനുഷ്യൻ മിത്തും മിഥ്യയുമൊന്നുമല്ല; ചരിത്രസത്യമാണ്. “യഹോശൂവാ അഥവാ യഹോവ രക്ഷ” എന്നർത്ഥമുള്ള ‘യേശു’ എന്നൊരു വാഗ്ദത്തനാമം മറിയയയോട് പൈതലിനെക്കുറിച്ച് ദൂതൻ പ്രവചിക്കുന്നതിനു മുമ്പെ ഇല്ലായിരുന്നു. എന്നുവെച്ചാൽ, യേശുക്രിസ്തുവെന്ന പരമപരിശുദ്ധമനുഷ്യനും മുമ്പെ ഇല്ലായിരുന്നു. പിന്നെ, ഉണ്ടായിരുന്നത് ആരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമാണ്. അന്നവൻ്റെ പേർ യേശുവെന്നല്ലായിരുന്നു; യഹോവ എന്നായിരുന്നു. അവനാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32) ചരിത്രം ചമക്കാൻ ചരിത്രത്തിലേക്ക് മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമായ മനുഷ്യനായ ക്രിസ്തു യേശുവിനെയും മഹാദൈവമായ യേശുക്രിസ്തുവിനെയും വേർതിരിച്ചു മനസ്സിലാക്കാത്തതാണ് അനേകരുടെയും പ്രശ്നം. അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവായ ദൈവത്തിൻ്റെയും മനുഷ്യനായ പുത്രൻ്റെയും പേര് യേശുക്രിസ്തു എന്നാണ്. ഈ തിരിച്ചറിവ് അഥവാ ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം അനേകർക്കും വെളിപ്പെട്ടിട്ടില്ല. [ദൈവഭക്തിയുടെ മർമ്മം, ഏകസത്യദൈവം, മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

ഒരു തെളിവുകൂടി: ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണ് പറയുന്നത്: “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായി അവൻ്റെയടുക്കൽ ഉണ്ടായിരുന്നെങ്കിൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനം പറയുന്നത് കൂടി ശ്രദ്ധിക്കുക; “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:30. ഒ.നോ: 8:22-29). മാത്രമല്ല, ദൈവം ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം അവനോടുകൂടെ ഉണ്ടായിരുന്നു. (സദൃ, 8:27). ജ്ഞാനത്താലാണ് യഹോവ ഭൂമിയെ സ്ഥാപിച്ചത്. (സദൃ, 3:19; യിരെ, 10:12; 51:12), ജ്ഞാനം പല കാര്യങ്ങൾ ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: ഘോഷിക്കുന്നു (1:2), വിളിക്കുന്നൂ 1:21), ചോദ്യം ചോദിക്കുന്നു 1:22), വിളിച്ചുപറയുന്നു (8:1), വീടു പണിയുന്നു (9:1), സദ്യ ഒരുക്കുന്നു (9:2-5), പീഠത്തിന്മേൽ ഇരിക്കുന്നു (9:15) തുടങ്ങിയ അനവധി കാര്യങ്ങൾ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇനിയും നോക്കുക: “ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു.” (8:27). വചനത്തെക്കുറിച്ചു പറയുന്നു: “അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:2). “ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു.” (8:35). വചനത്തെക്കുറിച്ചു പറയുന്നു; “അവനിൽ ജീവൻ ഉണ്ടായിരുന്നു.” (യോഹ, 1:4; 3:36). “ജ്ഞാനത്തോടു പിഴെക്കുക്കുന്നവൻ പ്രാണഹാനി വരുത്തുന്നു.” (8:36). വചനം ജഡമായ പുത്രനെക്കുറിച്ചു പറയുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്: “പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു” എന്നാണ്. ജ്ഞാനം പറയുന്നു: “ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ജനിച്ചു.” (8:24). ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു പറയുന്നവർ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തോടൊപ്പം ശില്പിയായി അഥവാ എഞ്ചിനീയറായി ഉണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ജ്ഞാനത്തെ ‘അവൻ’ എന്ന് സ്ത്രീലിംഗമായാണ് പറഞ്ഞിരിക്കുന്നത്. (സദൃ, 8:1-3). ദൈവത്തിൻ്റെ വചനം ജഡമായ പുത്രൻ നിത്യപുത്രനാണെന്ന് പറയുന്നവർ, ദൈവത്തിനൊരു നിത്യപുത്രികൂടി ഉണ്ടെന്ന് സമ്മതിക്കുമോ? വചനം ജഡമാകുന്നതിന് മുമ്പ് പുത്രൻ മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു; വചനം ജഡമായ പുത്രൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യമായശേഷം മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. എന്തെന്നാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷതയായ പുത്രൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി അഥവാ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല; ഉണ്ടാകുക സാദ്ധ്യമല്ല: (എബ്രാ, 10:5). ആകയാൽ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും ഇരിക്കുന്ന ജീവനുള്ളദൈവമായ യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കുക. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32)

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)

2 thoughts on “ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം”

Leave a Reply

Your email address will not be published. Required fields are marked *