എലോഹീം (Elohim), തെയോസ് (Theos)

☛ ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം’ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. [കാണുക:ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?]. നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:

☛ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എലോഹീം (Elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (Plural) പുല്ലിംഗനാമപദം (Masculine Noun) ആണ്. അതിനാലാണ് ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നത്. എന്നാൽ സത്യദൈവത്തിന് ‘എലോഹീം’ ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൻ്റെ പ്രധാനപ്പെട്ട ചില വചനത്തെളിവുകൾ തരാം: 

ഏൽ, എലോഹ, എലാഹ്:
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ഏൽ (El) 245 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 213 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഏൽ (El) എന്ന പദം ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ’ഏൽ’ എന്ന ഏകവചനപദം 213 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ?
☛ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ എലോഹ (Eloah) 57 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 52 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, ‘എലോഹ’ എന്ന ഏകവചനം 52 പ്രാവശ്യം ദൈവത്തിന്ഉ പയോഗിക്കുമായിരുന്നോ? 
☛ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ, എലാഹ് (Elah) 95 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ79 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. ‘എലോഹീം’ എന്ന പദം ബഹുവചനത്തിലാണ് സത്യം ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, എലാഹ് എന്ന ഏകവചനം 79 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മാറാത്തത്തവനുമാണ്: (മലാ, 3:6). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ദൈവത്തിന് ബഹുത്വം ഉണ്ടാകുമെങ്കിൽ, ഏകവചനം ഉപയോഗിക്കുമ്പോൾ ദൈവം ഏകനും ആകണം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ? 

ക്രിയകളുടെ ഉപയോഗം: 
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (Subject) ബഹുവചനമാണെങ്കിൽ ക്രിയയും (Verb) സാധാരണയായി ബഹുവചനമായിരിക്കും. എന്നാൽ ‘എലോഹീം’ സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്. “ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വേദഭാഗത്ത്, സൃഷ്ടിച്ചു (created) എന്നതിൻ്റെ എബ്രായ പദം ‘ബാരാ’ (bara) എന്ന ഏകവചന ക്രിയയാണ് (Singular Verb). അതിനാൽ, ‘എലോഹീം’ എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത്, ‘ബാരു’ (baru) എന്ന ബഹുചനക്രിയ (Plural Verb) ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.
☛ ‘എലോഹീം’ അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. അവിടെ അത് ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. “അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (gods) ആകുന്നു എന്നു പറഞ്ഞു.” (പുറ, 32:4). സത്യവേദപുസ്തകത്തിൽ ‘ദൈവം’ എന്ന ഏകവചനമാണ്. എന്നാൽ തനാഖിലും ഇംഗ്ലീഷ് പരിഭാഷകളിലും ‘ദൈവങ്ങൾ’ എന്ന ബഹുവചനമാണ്. ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “നിന്നെ കൊണ്ടുവന്നു” എന്ന് പറയുന്നത്, ‘ഹെയലൂഖ’ (he’elukha) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) കൊണ്ടാണ്. പദത്തിൻ്റെ ശരിയായ അർത്ഥം “അവർ നിന്നെ കൊണ്ടുവന്നു” എന്നാണ്. അതിനാൽ, സത്യേകദൈവത്തിന് ‘എലോഹീം’ (Elohim) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം ബൈബിളിൻ്റെ പ്രഥമവാക്യത്തിൽത്തന്നെ തകർന്ന് താളടിയാകും.

എലോഹീമും എലോഹീമിൻ്റെ ആത്മാവും:
➦ ഉല്പത്തി ഒന്നാംഅദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ എലോഹീമിൻ്റെ ബഹുത്വം എന്ന ഉപദേശം ബൈബിൾവിരുദ്ധമാണെന്ന് മനസ്സിലാക്കാം: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:1-2). ഒന്നാം വാക്യത്തിൽ, എലോഹീമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ട്രിനിറ്റിയുടെ ഭാഷയിൽ ഒന്നാം വാക്യത്തിലെ ദൈവം ഏകനല്ല; മൂന്നുപേരാണ്. എന്നാൽ അടുത്ത വാക്യത്തിൽ എലോഹിമിനെയും എലോഹീമിൻ്റെ ആത്മാവിനെയും കാണാം. എലോഹീമിന് ബഹുത്വമുണ്ടെങ്കിൽ, രണ്ടാം വാക്യത്തിൽ എലോഹീം എന്ന ത്രിത്വവും ത്രിത്വത്തിൻ്റെ ആത്മാവുമാണുള്ളത്. അങ്ങനെവന്നാൽ, രണ്ടാം വാക്യത്തിലെ ആത്മാവ് നാലാമനായിമാറും. അതെന്തൊരു ഉപദേശമായിരിക്കും?

സർവ്വനാമങ്ങളുടെ ഉപയോഗം:
➦എബ്രായ ഭാഷയിലെന്നല്ല; ഏതൊരു ഭാഷയിലും ഏകവചന നാമപദത്തിനൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തിനൊപ്പം ബഹുവചന ക്രിയാപദവുമാണ് ഉപയോഗിക്കേണ്ടത്. “ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God (Elohim) created man in his own image.” (Gen, 1:27). ഈ വേദഭാഗത്ത്, ‘എലോഹീം’ (Elohim) എന്ന നാമപദം യഹോവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത്, ‘അവൻ്റെ’ (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. പിന്നെങ്ങനെയാണ്, എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറയാൻ കഴിയും?

ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ “എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു – O my Gid, I trust in thee.” (സങ്കീ, 25:2). “ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു! – How excellent is thy lovingkindness, O God!” (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിന് ‘എലോഹീം’ (Elohim) എന്ന നാമപദത്തിനുശേഷം, ‘നിന്നിൽ’ (Thee), ‘നിൻ്റെ’ (thy)❜ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd Person Singular Pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ ‘എലോഹീം’ സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചന സർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8;സങ്കീ, 45:6;സങ്കീ, 48:9;സങ്കീ, 48:10). ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ‘എലോഹീം’ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിന് ഏകവചനത്തിൽ (Singular) മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഏകവചന സർവ്വനാമം (Pronoun) ഉപയോഗിച്ചിരിക്കുന്നത്. 

മോശെ എന്ന എലോഹീം:
➦ മോശെ എന്ന മനുഷ്യനെ ‘ദൈവം’ (elohim) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും (elohim) ആയിരിക്കും.” (പുറ, 4:16). ഈ വാക്യത്തിൽ, മോശെയെ അഹരോൻ്റെ ദൈവം ആക്കിയിരിക്കയാണ്. “യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവം (elohim) ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (പുറ, 7:1). ഇവിടെ, മോശെയെ ഫറവോൻ്റെ ദൈവം ആക്കിയിരിക്കയാണ്. യഹോവയ്ക്ക് ‘എലോഹീം’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന് പറയുന്നവർ, മോശെയ്ക്കും ബഹുത്വമുണ്ടെന്ന് സമ്മതിക്കുമോ? മോശെയെ ഐക്യത്തിലുള്ള മോശെയെന്ന് പറയുമോ? അല്ലെങ്കിൽ അതൊരു ഇരട്ടത്താപ്പല്ലേ? യഹോവയ്ക്ക് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ വ്യാജവാദംപോലെ, മോശെയെന്ന മനുഷ്യന് ബഹുത്വമുണ്ടെന്ന് ഒരു വട്ടൻ വാദിച്ചാൽ, അവന് ബഹുത്വമില്ലെന്ന് എങ്ങനെ തെളിയിക്കും? അതിനാണ് ഭാഷയ്ക്ക് വ്യാകരണനിയമം ഉള്ളത്. ഈ രണ്ട് വേദഭാഗങ്ങളിലായി മോശെയെ “നിനക്ക്, നീ, നിന്നെ, നിൻ്റെ” എന്നിങ്ങനെ ആറുപ്രാവശ്യം ഏകവചന സർവ്വനാമം (Singular Pronoun) ഉപയോഗിച്ചിട്ടുണ്ട്. മോശെയ്ക്ക് എലോഹീം ബഹുവചനത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതിൻ്റെ ഭാഷാപരമായ തെളിവാണത്. ഭാഷയെ അതിക്രമിച്ചാൽ പിടിക്കപ്പെടും. അതുകൊണ്ടാണ്, ത്രിത്വമെന്ന ഉപദശം ഉണ്ടാക്കി 1,700 വർഷമായിട്ടും ഈ ഉപദേശം ക്ലച്ച് പിടിക്കാത്തത് (നടപടിയാകാത്തത്). ഭാഷയുടെ വ്യാകരണം അറിയാത്തവർ ബൈബിളെന്നല്ല; ബാലമംഗളം വായിച്ചാലും ഒന്നും മനസ്സിലാകില്ല.

ജാതീയ ദൈവവും ദൈവങ്ങളും:
➦ “ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.” (1രാജാ, 18:27). ഈ വാക്യത്തിൽ, ജാതീയ ‘ദേവനു’ (god) ‘എലോഹീം’ (elohim) ഏകവചനത്തിലാണ് ഉപയോഗിക്കുന്നത്. അതിൻ്റെ ഭാഷാപരമായ തെളിവാണ് ‘അവൻ’ (he) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. 
☛ “അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു – Thou shalt not bow down to their gods, nor serve them.” (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ‘എലോഹീം’ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, ‘എലോഹീം’ എന്ന് പറഞ്ഞശേഷം, “അവയെ (them) നമസ്കരിക്കരുതു” എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17;1രാജാ, 9:9;2ദിന, 7:22). 

തെയോസ് (Theós), തെയോയി (theoi):
➦ പുതിയനിയമത്തിൽ ‘ദൈവം’ (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന, തെയോസ് (Theos) എന്ന പദം ഏകവചനത്തിലുള്ള പുല്ലിംഗ നാമപദം (Singular Masculine Noun) ആണ്. പഴയനിയമത്തിൽ ‘എലോഹീം’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (Plurality) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ, തെയോസ് (Theos) എന്ന ഏകവചനമല്ല (Singular); തെയോയി (theoi) എന്ന ബഹുവചനം (Plural) ഉപയോഗിക്കുമായിരുന്നു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. അതിൽ അവരുടെ ദൈവത്തിന് ‘എലോഹീം’ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. എന്നാൽ പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ‘തെയോസ്’ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, ഏകദൈവത്തിലല്ല; ദൈവത്തിൻ്റെ ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്. 

യിസ്രായേൽ എന്ന എലോഹീമും തെയോയിയും:
➦ “നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.” (സങ്കീ, 82:6). ഈ വാക്യത്തിൽ, ദേവന്മാർ (gods) എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്, എലോഹീം (elohim) എന്ന പദംകൊണ്ടാണ്. ഇത് യിസ്രായേലിനെ കുറിച്ചാണ്. ഇവിടുത്തെ എലോഹീമിൻ്റെ ഉപയോഗം ബഹുവചനത്തിൽ ആയതുകൊണ്ടാണ്, ‘നിങ്ങൾ’ എന്ന ബഹുവചന സർവ്വനാമവും (plural Pronoun), ‘പുത്രന്മാർ’ (Sons) എന്ന ബഹുവചനവും (Plural) ഉപയോഗിച്ചിരിക്കുന്നത്. 
☛ “യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-” (യോഹ, 10:34-35). ഈ വാക്യങ്ങളിൽ യിസ്രായേലിനെ ‘ദേവന്മാർ’ (gods) എന്ന് പറയുന്നത് ‘തെയൊയി’ (theoi) എന്ന ഗ്രീക്കുപദം കൊണ്ടാണ്. ഈ പദം ബഹുവചനം (Plural) ആയതുകൊണ്ടാണ്, ‘നിങ്ങൾ’ (Ye) ‘നിങ്ങളുടെ’ (Your) എന്നീ ബഹവചന സർവ്വനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ഭാഷയുടെ ബാലപാഠം അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്.

എലോഹീമും ക്രിസ്തുവും:
➦ ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമൻ പിതാവായ യഹോവ, രണ്ടാമൻ പുത്രനായ യേശു, മൂന്നാമൻ ദൈവാത്മാവായ പരിശുദ്ധാത്മാവ്. എന്നാൽ യഹോവയെ, “യഹോവ എലോഹീം” (Yehovah Elohim – LAord God) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂവരിൽ ഒരുത്തനായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരുടെ ഗതിയെഞ്ചാകും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്? നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും. എന്നാൽ താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ക്രിസ്തുവും പഠിപ്പിച്ചിട്ടുള്ളത് കാണുക:

യഹോവയായ ഏകദൈവം:
➟ ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
➟ ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
➟ ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
➟ ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
➟ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
➟ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
➟ ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
➟ ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
➟ ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
➟ ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
➟ ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
➟ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
➟ സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
➟ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
➟ ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
➟ നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
➟ എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
➟ ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
➟ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
➟ എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
➟ എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
➟ എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). 
☛ മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ➟❛ഞാൻ, ഞാൻ, എനിക്കു, എന്നെ❜ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronoun) ശ്രദ്ധിക്കുക. ➟ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ദൈവം ത്രിത്വമായിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ? ദൈവവചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ദൈവത്തിന് ബഹുത്വം ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 

ദൈവത്തിൻ്റെ ക്രിസ്തു:
➟ എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29
➟ ഏകദൈവം – The only God. (യോഹ, 5:44)
➟ പിതാവാണ് ഒരേയൊരു സത്യദൈവം – Father, the only true God.  (യോഹ, 17:3)
➟ ദൈവമായ യഹോവയെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
➟ പിതാവ് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
☛ മേല്പറഞ്ഞ അഞ്ച് (4+1) വാക്യങ്ങളിലും ‘മാത്രം’ (Only) എന്നർത്ഥമുള്ള, മോണോസ് (Monos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവ് മാത്രമാണ് ദൈവം, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്ന് Monos കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോയും, പിതാവ് ഒരുത്തൻ മാത്രമാണ്ദൈ ദൈവമെന്ന് ക്യിസ്തുവും പഠിപ്പിച്ചിട്ട്, പിന്നെയും ദൈവത്തിന് ബഹുത്വമുണ്ടെന്നും, ദൈവം ത്രിത്വമാണെന്നും വിചാരിക്കുന്നവർ, ദൈവത്തിലും അവൻ്റെ ക്രിസ്തുവിലും വിശ്വസിക്കുന്നവരേയല്ല. ദൈവത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവൻ അധികം ശിക്ഷാവിധി വരാതിരിക്കാൻ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് പിന്നെയും നല്ലത്. പഴയനിയമത്തിലെ മശീഹമാരുംഭക്തന്മാരും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്ന തെളിവുകൾ കാണുക: [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

⓫ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:152രാജാ, 19:19നെഹെ, 9:6ഇയ്യോ, 9:8സങ്കീ, 83:18സങ്കീ, 86:10യെശ, 37:16യെശ, 37:20യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ:(ലൂക്കൊ, 5:21യോഹ, 5:44യോഹ, 17:3റോമ, 16:261തിമൊ, 1:17യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.  

ട്രിനിറ്റിയുടെ ഇരട്ടത്താപ്പ്:
☛ എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1പുറ, 20:3). അതായത്, ദൈവം God) എന്ന് ഏകവചനത്തിലും, ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലുമാണ് എലോഹീമിൻ്റെ ഉപയോഗം. എലോഹീമിന് അഥവാ, ട്രിനിറ്റി വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ? അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (Person), വ്യക്തികൾ (Persons) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്? യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ എലോഹീമിന് ബഹുത്വമുണ്ട്; എന്നാൽ ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല എന്ന് പറയുന്നത് ഭൂലോക ഇരട്ടത്താപ്പാണ്! [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

3 thoughts on “എലോഹീം (Elohim), തെയോസ് (Theos)”

  1. video and audio missing/not fond so kindly send to my e-mail.
    പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

    മൂന്നു ദൈവങ്ങൾ

    മൂന്നു ദൈവങ്ങൾ

    മുഹമ്മദ് ഈസയുമായി ഫോണിൽ സംസാരിക്കുമ്പോൾ ദൈവം സംഖ്യാപരമായി മൂന്നാണെന്നു സമ്മതിക്കുന്ന ഒരു ത്രിത്വപണ്ഡിതൻ്റെ ഓഡിയോ കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

Leave a Reply

Your email address will not be published. Required fields are marked *