Category Archives: Uncategorized

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓

ദാവീദിൻ്റെ സന്തതിയും കർത്താവുമായ ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല. മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന, 77:7-15). 89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ, “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). അവിടെ, “അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും” എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:13; 1ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന ആ സന്തതി ശലോമോൻ ആണെന്ന് തോന്നാം. എന്നാൽ, ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ച് ആണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 1. “ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:13; 1ദിന, 17:12). എന്നാൽ, ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 2. “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14; 1ദിന, 17:13). ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്നോ, അവനെ പുത്രനാക്കുമെന്നോ എവിടെയും പറഞ്ഞിട്ടില്ല. 3. “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം  ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 4. അവൻ്റെ ഗൃഹവും അവൻ പണിത ദൈവത്തിൻ്റെ ആലയവും അവൻ്റെ രാജത്വവും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:16; 1ദിന, 17:14). എന്നാൽ, ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 5. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 2, 45, 72, 89, 110 തുടങ്ങിയ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.

1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1ദിന, 17:14). യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് ക്രിസ്തു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ, ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” അവൻ കുറ്റം ചെയ്താൽ (If he commit iniquity); അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ദൈവം കുറ്റം ചെയ്താൽ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല എന്നൊക്കെയാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ‘കുറ്റം ചെയ്താൽ’ എന്ന പ്രയോഗം ക്രിസ്തുവിന് ചേരില്ല. അടുത്തഭാഗം; “ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതി.

2. രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.” (സങ്കീ, 2:2). അതായത്, ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അടുത്തവാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല.

3. നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം. “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:6,7). ഈ രണ്ട് വാക്യം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8,9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: നീ “നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7). [സത്യവേദപുസ്തകത്തിൽ എബ്രായർ 1:9-ൻ്റെ പരിഭാഷ തെറ്റാണ്. ഇംഗ്ലീഷോ, മറ്റ് മലയാളം പരിഭാഷകളോ നോക്കുക]. വാക്യം ശ്രദ്ധിക്കുക: ദൈവം നിൻ്റെ ദൈവം എന്നാണ് പറയുന്നത്. ആദ്യവാക്യത്തിലെ ദൈവം സത്യദൈവം ആണെങ്കിൽ, ദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല. അതൊരു ഭൗമിക രാജാവാണ്. 45-ാം സങ്കീർത്തനം വായിച്ചാൽ അത് മനസ്സിലാകും.

4. എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: “അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (സങ്കീ, 72:15). ഈ സങ്കീർത്തനത്തിലെ രാജാവിനെ കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” യേശുക്രിസ്തുവിന് മനുഷ്യരുടെ പ്രാർത്ഥന ആവശ്യമില്ലല്ലോ?

5. എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-31). ഇവിടെ, 29-ാം വാക്യത്തിൽ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ആം വാക്യത്തിൽ പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്യമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

6. നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ഈ സന്തതിയുടെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന്; ട്രിനിറ്റി വിശ്വസിക്കുന്ന; യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം; എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം. നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ, ദൈവം കാൽക്കീഴിൽ ആക്കുവോളം; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക; എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക; എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്ന്; നിലവിൽ, യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ട്; ഭാവിയിൽ; അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ; ശത്രുക്കൾ ഉണ്ടാകയുമില്ല, ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ച ശേഷം; അഥവാ, രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന; ഒരു സന്തതിയെക്കുറിച്ചാണ്, പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി യേശുക്രിസ്തുവല്ല.

7. “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “എൻ്റെ രാജ്യം ഭൗതികമല്ല” എന്നല്ല ക്രിസ്തു പറഞ്ഞത്; “എന്റെ രാജ്യം ഐഹികമല്ല (My kingdom is not of this world) അഥവാ,  എൻ്റെ രാജ്യം ഈ ലോകത്തല്ല” എന്നാണ് പറഞ്ഞത്. (യോഹ, 18:36). എന്നാൽ, ഭാവിയിൽ സ്ഥാപിക്കാനുള്ള രാജ്യവും ഭൂമിയിലാണ്, രാജാവും ഭൂമിയിൽ നിന്നുള്ളവനാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുല്ല എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 1. പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: “അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.” (2ശമൂ, 7:13; 1ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ, എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 2ശമൂവേൽ7:10-ൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കം എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്.

2. പതിമൂന്നാം വാക്യത്തിൻ്റെ അടുത്തഭാഗം: “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2ശമൂ, 7:13; 1ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?

3. പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). പഴയനിയമത്തിൽ ദൈവം; എൻ്റെ പുത്രൻ; എന്ന് വിളിച്ചിരിക്കുന്നതും; പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32; റോമ, 9:4; 26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). പ്രവചനത്തിൻ്റെ നിവൃത്തി ഭാവിയിൽ ആയതുകൊണ്ടാണ്, “മക്കൾ എന്നു വിളിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്.

4. പതിനാലാം വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

5. “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1 ദിന, 17:14; 1ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് യിസ്രായേൽ. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; സങ്കീ, 89;29,36-37; ദാനീ, 7:27)

2-ാം സങ്കീർത്തനത്തിലെ; യഹോവയുടെ അഭിഷിക്തനും, സീയോനിൽ വാഴിക്കുന്ന രാജാവും, ദൈവം ജനിപ്പിച്ച പുത്രനും, ജാതീയ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു കീഴ്പെടുന്ന ദൈവപുത്രനുമാണ് രാജാവ്. (2:2,6,7,12). 45-ാം സങ്കീർത്തനത്തിൽ; എന്നും എന്നേക്കും സിംഹാസനം ഉള്ളവനും, ദൈവം, കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നതും ഈ രാജാവിനെയാണ്. (45:6-7). 72-ാം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കുന്നവനും, എളിയവർക്കു  ന്യായം പാലിച്ചുകൊടുക്കുന്നവനും, പീഡകന്മാർ സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ഭയപ്പെടുന്നവനും, സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകലജാതികളും സേവിക്കുന്നവനും, എന്നേക്കും നാമമുള്ളവനും; സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കുന്നവനുമാണ് രാജാവ്. മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കുന്നതും കാണാം. (72:2,4,5,11,17). 89-ാം സങ്കീർത്തനത്തിൽ; തലമുറതലമുറയോളം സിംഹാസനം ഉള്ളവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ശാശ്വത സിംഹാസനമുള്ളവനും സൂര്യനെപ്പോലെ ശോഭിക്കുന്നവനുമാണ് ഈ രാജാവ്. (89:4,29,36). 110-ാം സങ്കീർത്തനത്തിൽ; തൻ്റെ സന്തതിയായ രാജാവിനെ ദാവീദ് ആത്മാവിൽ കർത്താവെന്നാണ് വിശേഷിപ്പിക്കുന്നത് കാണാം. (110:1). അതായത്, ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനായ രാജാവ്.

രണ്ടാം സങ്കീർത്തനത്തിൽ; ഭൂമിയിലെ രാജാക്കന്മാർ ഗൂഢാലോചന നടത്തുന്ന അഭിഷിക്തനും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം സീയോനിൽ വാഴിക്കുന്ന രാജാവും സ്വർഗ്ഗീയനല്ല; ഭൗമികനാണ്. (2:6-9). അത് ഭൗമിക സന്തതിയും നിത്യരാജാവുമായ യിസ്രായേലാണ്. (2ശമൂ, 7:13; 1ദിന, 17:12; ദാനീ, 7:3-14,18,21,27). നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ; എലോഹീം അഥവാ, ദൈവമായ ഈ രാജാവിന് ഒരു ദൈവമുണ്ട്. (45:6-7). എലോഹീം എന്ന പദം ദൈവത്തെയും, ദൂതന്മാരെയും മനുഷ്യരെയും ഒരുപോലെ കുറിക്കുന്നതാണ്. തന്നെയുമല്ല, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് മീതെ മറ്റൊരു ദൈവമുണ്ടാകുക സാദ്ധമല്ല. തന്മൂലം, അത് യിസ്രായേലെന്ന ഭൗമിക സന്തതിയാണെന്ന് മനസ്സിലാക്കാം. യിസ്രായേലിനെ എലോഹീം അഥവാ, ദൈവം എന്ന് വേറെയും വിളിച്ചിട്ടുമുണ്ട്. (സങ്കീ, 45:6; 82:1,6; യോഹ, 10:34). എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ; രാജാവിനു വേണ്ടി ജനങ്ങൾ പ്രാർത്ഥന കഴിക്കുന്നുണ്ട്. (72:15). യിസ്രായേൽ പ്രാർത്ഥന ആവശ്യമുള്ള സന്തതിയാണ്. (സങ്കീ, 60:1; 80:7). എൺപത്തൊൻപതാം സങ്കീർത്തനത്തിൽ രാജാവ് ഒരു വ്യക്തിയല്ല; പലർ ചേർന്നവരാണ്. (89:29-30). 29-ാം വാക്യത്തിൽ, രാജാവിനെ സന്തതിയെന്ന് ഏകവചനത്തിൽ വിശേഷിപ്പിച്ച ശേഷം; 30-ാം വാക്യത്തിൽ, പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അടുത്ത വാക്യങ്ങളിൽ, ന്യായപ്രമാണ കല്പനകൾ ലംഘിക്കുന്നതിന് തക്കവണ്ണം ശിക്ഷ ഏല്ക്കുന്നവനാണ് സന്തതി. ആ സന്തതി ന്യായപ്രമാണമുള്ള യിസ്രായേലല്ലാതെ, മറ്റാരുമല്ലെന്ന് വ്യക്തമാണല്ലോ? നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും, ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:1,2). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് ഈ സന്തതി. (80:8,17). വലത്തുഭാഗത്ത് ഇരിക്കുക എന്നതിന്, ശത്രുക്കൾ പാദപീഠം ആകുവോളം എന്നൊരു പരിധിയുണ്ട്. (110:1). ദൈവം അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ വലത്തുഭാഗമല്ല. ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട്, ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ. (സങ്കീ, 2:6,9-10; 8:5-7; 1കൊരി, 15:27-28). അവൻ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:2). ഭൂമിയിൽ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരേയൊരു രാജാവേയുള്ളു; അവനാണ് യിസ്രായേൽ എന്ന ദൈവസന്തതി. (യെഹെ, 5:5; സങ്കീ, 27:7). ബൈബിളിൽ യേശുവിനെ കൂടാതെ, ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

എന്നാൽ, ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനൊരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 7:7-15), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23,; സങ്കീ, 2:7; 1:10;11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (2ശമൂ, 7:12-13; 1ദിന, 7:11-12; ദാനീ, 2:44; 7:13-14,18,21,27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ 4:1,21; 24-34 വേദഭാഗങ്ങളിൽ ശലോമോൻ്റെ ശക്തിയെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി യോജിക്കുന്നതാണ്. ഒ.നോ: (1രാജാ, 4:1 = യെഹെ, 37:21-24; 1രാജാ, 4:21 = സങ്കീ, 72:8-11; 1രാജാ, 4:24 = സെഖ, 9:10; 1രാജാ, 4:24 = യെശ, 9:7; 1രാജാ, 4:25 = മീഖാ, 4:4; 2രാജാ, 4:7,27 = സങ്കീ, 72:16, യോവേ, 4:26; 1രാജാ, 4:30-31 = യെശ, 11:2; 1രാജാ, 4:34 = 72:17, യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിച്ചതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]

പഴയപുതിയനിയമങ്ങളിലെ ഏക ക്രിസ്തുവും ദാവീദിൻ്റെ സന്തതിയും വാഗ്ദത്ത രാജാവും യിസ്രായേലാണ്. ദാവീദിൻ്റെ സന്തതി വാഗ്ദത്ത രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനുമാണ്. അതുകൊണ്ടാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. (സങ്കീ, 110:1). ഈ വേദഭാഗത്ത് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലാണ്. അത് ദൈവമാണ്, യേശുക്രിസ്തു ആണ് എന്നൊക്കെ പറഞ്ഞ്, ട്രിനിറ്റി ചുമ്മാ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് മനസ്സിലാക്കാൻ അനവധി തെളിവുകളുണ്ട്. ഇവിടെ, മൂന്ന് തെളിവുകൾ തരാം: 1. എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല: അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

2. ദൈവം ഒരുത്തൻ മാത്രമാണ്: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

3. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം നോക്കുക: യഹോവ മാത്രം ദൈവം ആകുന്നു (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10. ഒ.നോ: 4:8; 71:16; 72:18; 136:4; 148:13). ഈ വാക്യത്തിൽ ദൈവം ഒരുത്തൻ (alone) എന്ന് പറയാൻ, എഹാദല്ല; ബാദ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗത്ത് മോണോസ് ആണ് കാണുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; yakhid അഥവാ monos കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (2ശമൂ, 22:32). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവ മാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ. പൂർവ്വപിതാക്കന്മാരിലൂടെ ലോകാവകാശി ആകും എന്ന വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; റോമ, 4:13). ദാനീയേലിൽ, ആകാശമേഘങ്ങളോടെവന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേലാണ്. (ദാനീ, 7:13-14; 18,21,27). അതായത്, പഴയനിയമത്തിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഒരു നിത്യരാജാവുണ്ടെന്ന് നാം കണ്ടു. (2ശമൂ, 7:12-13; 1ദിന, 17:11-12; സങ്കീ, 89:29-33). എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശു രണ്ടുപ്രാശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന് പൗലൊസും പറയുന്നു. (റോമ, 4:13). ഇനി, വെളിപ്പാടിൽ ചിലത് കാണാം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വേദഭാഗത്ത് പറയുന്ന ക്രിസ്തു യിസ്രായേലാണ്. വെളിപ്പാട് പുസ്തകത്തിൽ യേശു, യേശുക്രിസ്തു എന്നല്ലാതെ, “ക്രിസ്തു” എന്ന് മാത്രമായി യേശുവിനെ ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. (വെളി, 1:1,2,5,9; 12:17; 14:12; 17:6; 19:10; 20:4; 22:16,20,21). അവിടെ ക്രിസ്തു എന്ന് മാത്രം വിളിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (വെളി, 11:15; 12:10; 20:4,6). യേശുവെന്ന ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:34). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരുത്തനില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീദിൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

ന്യായപ്രമാണത്തിൽ നിപുണരായ പരിശന്മാരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. (മത്താ, 22:41- 45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശു തന്നെക്കുറിച്ചല്ല ചോദിച്ചത്; ന്യായപ്രമാണത്തിലെ എന്നേക്കുമിരിക്കുന്ന ക്രിസ്തുവിനെ കുറിച്ചാണ്. (യോഹ, 12:34). അത് യേശുവല്ല; യിസ്രായേലാണ്. (2ശമൂ, 7:12-13; 1ദിന, 17:11-12; ദാനീ, 2:44; 7:13-14; 18,21,27). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു.” ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. (മത്താ, 22:41-42). അഭിഷിക്തനായ രാജാവ് ദാവീൻ്റെ വാഗ്ദത്ത സന്തതിയാണെന്ന് അവർക്കറിയാം. (2ശമൂ, 7:12-13; 1ദിന, 17:11-12). അതുകൊണ്ടാണ്, ക്രിസ്തു ദാവീദിൻ്റെ സന്തതിയാണെന്ന് അവർ പറഞ്ഞത്. അല്ലാതെ, യേശു, ക്രിസ്തുവോ, ദൈവപുത്രനോ ആണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അവർ പറഞ്ഞത് പഴയനിയമത്തിലെ ഭൗമിക രാജാവായ ക്രിസ്തുവിനെ കുറിച്ചാണ്. ഉടനെ, യേശു സങ്കീർത്തനം 110:1 ഉദ്ധരിച്ചുകൊണ്ട്, അടുത്ത ചോദ്യം ചോദിച്ചു: ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നു എങ്കിൽ, അവൻ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? അതിൻ്റെ ഉത്തരം പറയാൻ പരീശന്മാർക്ക് കഴിഞ്ഞില്ല. (മത്താ, 22:43-45). പഴയനിയമത്തിലെ ക്രിസ്തു, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, അവൻ്റെ രാജാവുമാണ്. രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. അതിനാലാണ്, ദാവീദ് ആത്മാവിൽ കർത്താവെന്ന് സംബോധന ചെയ്യുന്നത്. രാജാവാകട്ടെ, തൻ്റെ സകല ശത്രുക്കളെയും ദൈവം തൻ്റെ പാദപീഠം ആക്കിത്തരുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് അഥവാ, വലങ്കൈയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്.

ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, അവൻ ഈ ഭൂമിയെ ഭരിക്കുമെന്ന് പലരും വിചാരിക്കുന്നത്. ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമോ, 3:14-16). അതിനാൽ, ക്രിസ്തു പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3) സൂവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. (യോഹ, 10:30). അതായത്, ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. പിതാവ് ഈ ഭൂമിയെ ഭരിക്കുമെന്ന് ആരും പറയില്ലല്ലോ?

മൂന്ന് വെളിപ്പാടുകൾ: അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന ലേഖനം കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). 

യഹോവ അഥവാ, യേശുക്രിസ്തുവാണ്, അവൻ്റെ സകല ശത്രുക്കളെയും യിസ്രായേലിന്റെ കാൽക്കീഴിലാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 2:6-9; 110:1; സെഖ, 14:1-4; പ്രവൃ, 1:11). യേശുക്രിസ്തു ഒലിവു മലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). ശിഷ്യന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: നീ രാജാവായി ഭരിക്കുന്നത് എപ്പോഴാണെന്നോ, നിൻ്റെ രാജ്യം എപ്പോഴാണ് സ്ഥാപിക്കുന്നത് എന്നോ അല്ല ചോദിക്കുന്നത്. പ്രത്യുത, “നീ യിസ്രായേലിന്നു എപ്പോഴാണ് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് എന്നാണ്.” അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചുകൊടുക്കുന്ന അവൻ്റെ രാജ്യമാണ് ഇനി വരാനുള്ളത്. യിസ്രായേലെന്ന രാജാവിന് യേശുക്രിസ്തുവാണ് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (1തെസ്സ, 1:6-8; 2തെസ്സ, 2:7-9). അല്ലാതെ, യേശുക്രിസ്തു ഭരിക്കുന്ന രാജ്യമല്ല വരുന്നത്. ആ രാജ്യം പൂർണ്ണമായും ദൈവാധിപത്യ ഭരണമായിരിക്കും. ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം അതാണ്. (മർക്കൊ, 1:15; ലൂക്കൊ, 4:43, 8:1). അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചത് ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 9:1-2). അനന്തരം, 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതും ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 10:1-8). ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും, ഭൂമിയിൽ വരുവാൻ പോകുന്ന ആ രാജ്യത്തെക്കുറിച്ചുള്ള സൂചനയാണുള്ളത്. (മത്താ, 6:9-15; ലൂക്കൊ, 11:2-4). യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം സ്ഥാപിച്ചു കൊടുത്തു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് രാജ്യം ഭരിക്കുന്ന ദൈവപുത്രൻ യിസ്രായേലാണ്. അതിൻ്റെ ആത്മികചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലനായ പൗലൊസ് വരച്ചുകാട്ടിയിരിക്കുന്നത്. (1കൊരി, 15:23-28). എന്തെന്നാൽ, പഴയപുതിയനിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഏകപുത്രൻ യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 43:6; 63:16; 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). എട്ടാം സങ്കീർത്തനത്തിൽ ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യനും മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 8:4-6). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിലൂടെയാണ്, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊക്കെ നിറവേറുന്നത്. അതുകൊണ്ടാണ്, പഴയനിയനിയമ പ്രവചനങ്ങളൊക്കെ യേശുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 2:27; എബ്രാ, 2:6-9 തുടങ്ങിയവ). എല്ലാ പ്രവചനങ്ങളുടെയും ആത്യന്തിക നിവൃത്തി യിസ്രായേലിലൂടെയാണ്. ഉദാ: (പ്രവൃ, 13:32-33). സകല വാഗ്ദത്തങ്ങളുടെയെല്ലാം യഥാർത്ഥ അവകാശി യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ദൈവസന്തതിയെ അറിയാതെ; ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷയെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിലൂടെയാണ് ദൈവം ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (പ്രവൃ, 2:25; റോമ, 9:7; ഗലാ, 3:16; എബ്രാ, 3:18). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്. (യോഹ, 4:22).

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം അഥവാ പലസ്തീൻ ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ നിത്യരാജ്യവും രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, “ആയിരമാണ്ടു” എന്നത് കൃത്യമായ ആയിരം വർഷമാണോ എന്നകാര്യം സംശയമാണ്; യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണത്. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജത്വമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (7:13-14. ഒ.നോ: 2:44; 7:18,21;27).

ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. “നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.” (എബ്രാ, 2:5). അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ യേശുക്രിസ്തു വന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6; 1തിമൊ, 2:6; 3:14-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18,21,27).

ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: പഴയനിയമത്തിൻ്റെ കുറവു തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18). ക്രിസ്തു പറയുന്നത് ശ്രദ്ധിക്കുക: ആകാശവും ഭൂമിയും മാറിപ്പോയാലും ന്യായപ്രമാണത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ സകലതും നിവൃത്തിയാകും എന്നാണ്. പഴയനിയമം മാത്രമല്ല; പുതിയനിയമവും ദൈവം ഉടമ്പടി ചെയ്തിരിക്കുന്നത് യിസ്രായേലും ആയിട്ടാണ്. (യിരെ, 31:31-34). അതിൻ്റെ നിവൃത്തിയാണ് യശുക്രിസ്തുവിലൂടെയുള്ള പുതിയനിയമം. (ലൂക്കൊ, 22:20; എബ്രാ, 8:8-13). അങ്ങനെയെങ്കിൽ, ദൈവം പഴയപുതിയ നിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ പഴയനിയമത്തിൻ്റെ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാണാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (1തിമൊ, 3:14-16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശ, 7:14; 25:8-9; 35:3-6; 40:3; മത്താ, 1:20; ലൂക്കൊ, 1:35; 1:68; 2:21; എബ്രാ, 10:5). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിനു അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല.

കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ, ഈ പ്രവചനത്തിന് ഒരു വഴിത്തിരിവ് (twist) ഉണ്ട്. എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 2, 45, 72, 89, 110 തുടങ്ങിയ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ “എൻ്റെ കർത്താവു” എന്ന് വിളിക്കുന്നതുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8;9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്; അതിൻ്റെ സൂചനയും, പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 26;27 വാക്യം: “നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും” എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: “ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും” എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9; യെശ, 32ൻ്റെ1, യെഹെ, 37:24; ഹോശേ, 3:5). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). “ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശ, 55:4). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

“അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15).

ക്രിസ്തുവിനെ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവം സൃഷ്ടിച്ച തൻ്റെ ആദ്യത്തെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരും, ദൈവം സർവ്വകാലങ്ങൾക്കുമുമ്പെ ജനിപ്പിച്ച തൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചില കാര്യങ്ങൾ ആമുഖമായി ചിന്തിച്ചാൽ, സൃഷ്ടിവാദവും ജനനവാദവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം:

1. സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എങ്ങനെയിരിക്കുമെന്ന് നോക്കാം. ആദ്യജാതൻ എന്നാൽ, ആദ്യം ജനിച്ചവൻ അഥവാ, ആദ്യത്തെ പുത്രൻ എന്നാണ് അർത്ഥം. ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ വ്യഞ്ജിപ്പിക്കുകയാണ്. അപ്പോൾ, സർവ്വസൃഷ്ടികൾക്കും ആദ്യജാതൻ എന്ന പ്രയോഗത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ, ഒന്നാമത്, ദൈവം പ്രപഞ്ചത്തിലെ സർവ്വസൃഷ്ടികളുടെയും പിതാവായിരിക്കണം. അഥവാ, സർവ്വസൃഷ്ടികളും ദൈവത്തിൻ്റെ മക്കളാണെന്നു വരണം. അതായത്, പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങി ആകാശവും ഭൂമിയും നക്ഷത്രങ്ങളും സർവ്വ ചരാചരങ്ങളും ദൈവത്തിൻ്റെ മക്കളാണെങ്കിൽ, ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതൻ അഥവാ, മൂത്തപുത്രനാണെന്ന് വ്യാഖ്യാനിക്കാമായിരുന്നു. സർവ്വത്തിൻ്റെയും സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ സർവ്വസൃഷ്ടികളുടെയും പിതാവെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ദൈവത്തിൻ്റെ മക്കളെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്, ദൂതന്മാരെയും മനുഷ്യരെയും മാത്രമാണ്. അതായത്, സർവ്വസൃഷ്ടികളെയും ദൈവത്തിൻ്റെ മക്കളെന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ കഴിയില്ല. രണ്ടാമത്, ദൈവം സർവ്വസൃഷ്ടികൾക്കും പിതാവായാൽ മാത്രം പോര, ക്രിസ്തു സർവ്വസൃഷ്ടികളുടെയും ജേഷ്ഠൻ അഥവാ, മൂത്ത സഹോദരനും ആകണം. അതായത് അവൻ പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങിയ സർവ്വചരാചരങ്ങളുടെയും ജേഷ്ഠനായാൽ മാത്രമേ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിളിക്കാൻ കഴിയുകയുള്ളു. എന്നാൽ, ക്രിസ്തു ദൂതന്മാരിൽപ്പോലും ആദ്യജാതനാണെന്ന് ബൈബിൾ പറയുന്നില്ല. അവൻ വീണ്ടെടുക്കപ്പെട്ടവരുടെ മാത്രം ആദ്യജാതനാണ്. ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു. (റോമ, 8:29). അതായത്, ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തത് കൊണ്ടാണ് അവൻ വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ ആദ്യജാതനായത്. (എഫെ, 1:4-6). പെന്തെക്കൊസ്ത് നാൾമുതലാണ് ക്രിസ്തുവിന് ആദ്യജാതനെന്ന പദവി കൈവന്നത്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് പറയാൻ കഴിയില്ല.

2. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന് പേരുള്ള പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവത്തിനില്ലായിരുന്നു. അനന്തരം, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് പിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ച കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കൊ, 2:21). യേശു മറിയയുടെ ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട് ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അവനു യേശു എന്ന് പേർ വിളിക്കേണം; അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31-32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല; നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. “ലൂക്കൊ, 1:35). ഇവിടെയും, മറിയ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല പറയുന്നത്; നിന്നിൽനിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യക്കുഞ്ഞ്, ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രമാകുന്നത്. യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18, യെശയ്യാ, 7:14; 61:1-2). അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, നിഖ്യാസുനഹദോസ് പഠിപ്പിക്കുന്നപോലെ, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ് അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. കാലസമ്പൂർണ്ണതയിൽ കന്യകയിൽനിന്ന് ജനിച്ച് 30 വർഷങ്ങൾക്കുശേഷം പ്രവചന നിവൃത്തിപോലെ ദൈവപുത്രനായവൻ, എങ്ങനെയാണ് സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, സൃഷ്ടിക്കപ്പെട്ടവനോ ആകുന്നത്? ഇത് ആരുടെയും വ്യാഖ്യാനമല്ല; ഏകദേശം രണ്ടായിരം വർഷമായി പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന വസ്തുതകളാണ്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനാണെന്ന് യാതൊരു കാരണം ചൊല്ലിയും പറയാൻ കഴിയില്ല.

3. ക്രിസ്തുവിനെ നാലുപ്രാവശ്യം ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം ഏകജാതനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5; യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യഥാർത്ഥത്തിലാണെങ്കിൽ രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്. ഒരു മകനും അപ്പൻ്റെ ആദ്യജാതനും ഏകജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അതിനാൽ, ആദ്യജാതനെന്നതും ഏകജാതനെന്നതും ക്രിസ്തുവിൻ്റെ അഭിധാനങ്ങൾ അഥവാ, പദവികൾ ആണെന്ന് മനസ്സിലാക്കാം. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ഈ വാക്യമൊഴികെ മറ്റ് മൂന്നിടത്തും മനുഷ്യരുടെ ആദ്യജാതനെന്നാണ്. ഒരിടത്ത്, സഹോദരന്മാരിൽ അദ്യജാതനെന്നും (റോമ, 8:28), രണ്ടിടത്ത്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യജാതനെന്നുമാണ്. (കൊലൊ, 1:18; വെളി, 1:5). എന്നാൽ ഈ വാക്യത്തിൽ, സർവസൃഷ്ടിക്കും ആദ്യജാതൻ എന്നാണ്. ആദ്യജാതനെന്ന പ്രയോഗത്തിനു ആദ്യം ജനിച്ചവൻ അഥവാ, മൂത്തപുത്രൻ എന്ന അർത്ഥം മാത്രമല്ല ബൈബിളിലുള്ളത്. അതൊരു സവിശേഷ പദവിയായിട്ടും ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്: യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും, ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). യഥാർത്ഥത്തിൽ എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് വ്യക്തമാണല്ലോ? അതുപോലെ, സർവ്വസൃഷ്ടിക്കും ആദ്യജാതനെന്നത് ക്രിസ്തുവിൻ്റെ സവിശേഷമായ ഒരു പദവിയാണ്. ഏകജാതനെന്ന പദവിക്ക് അടിസ്ഥാനം എന്താണെന്ന് മാത്രമാണ് ഇനി അറിയേണ്ടത്:

ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടെ ഇരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമ, 8:22). ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19; റോമ, 5:12-19). “നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു” എന്നാണ് ദൈവം പറഞ്ഞത്. എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അർഹനായത്. (എബ്രാ, 2:14-15). അല്ലാതെ, അവൻ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ചരിത്രപരമായി യോർദ്ദാനിൽവെച്ചാണ് യേശുവെന്ന ദൈവപുത്രൻ ജനിക്കുന്നത്. അതിനാൽ, അവൻ യഥാർത്ഥത്തിൽ ആരുടെയും സാക്ഷാൽ പുത്രനുമല്ല, സൃഷ്ടിയുമല്ല. പിന്നെങ്ങനെ, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനാകും?

ക്രിസ്തു ആരുടെയും സാക്ഷാൽ പുത്രനും സൃഷ്ടിയുമല്ലങ്കിൽ പിന്നെയവൻ ആരാണ്? നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച് രക്ഷയൊരുക്കിയത്, ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാംനാൾ അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവുമാക്കി വെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്. (1കൊരി, 8:6). അതുകൊണ്ടാണ്, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവനെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 17:3).

ക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്നും, ദൈവമാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ബൈബിളിൽ അതിനൊന്നും യാതൊരു തെളിവുമില്ല,. ദൂതന്മാർക്കുപോലും ജനിക്കാനോ, മരിക്കാനോ കഴിയില്ല. ദൈവം മരണമില്ലാത്തവനാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 6:16). എന്നിട്ടും, വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. താൻ ദൈവമല്ല. മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട എല്ലാവരും പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് മുപ്പത്താറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമല്ല. ഒരു വിശുദ്ധശിശുവാണ്. (ലൂക്കൊ, 1:35). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് മനുഷ്യനാണ്. (ലൂക്കൊ, 2:52). യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയാണ്. (യോഹ, 1:30). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് മനുഷ്യനാണ്: ₹എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:36). മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. (1കൊരി, 15:21). പൗലൊസ് ക്രിസ്തുവിനെ ഏകമനുഷ്യനെന്നാണ് വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെ എങ്ങനെയറിയും? (യോഹ, 8:19). ജനിച്ചതും ജീവിച്ചതും മരിച്ചതും, ദൈവം ഉയിർപ്പിച്ചതും മനുഷ്യനാണെന്ന് ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കെ, മരണരഹിതനായ ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന അസംബന്ധം വിശ്വസിച്ചാൽ, ആരെങ്കിലും രക്ഷപ്രാപിക്കുമോ? അങ്ങനെ വിശ്വസിക്കുന്നതിൽപരം ദൈവദൂഷണമെന്താണ്?

നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു തെളിവ്: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 6:69; 8:40). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,21,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).

പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.

പ്രവചനത്തിൻ്റെ ആദ്യഭാഗം: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം:ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!

ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.

ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). ജന്മപാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല,.

പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ലെന്നും, ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും എന്തിനു പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു. തന്നൂലം, നമുക്ക് ഉത്തരം കിട്ടേണ്ടത്, രണ്ട് ചോദ്യത്തിനാണ്. 1. ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ; ക്രിസ്തു അല്ലെങ്കിൽ. എന്തുകൊണ്ട്, പ്രവചനം അവൻ്റെമേൽ ആരോപിച്ചിരിക്കുന്നു. 2. യഥാർത്ഥത്തിൽ ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ ആരാണ്? തന്മൂലം, പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്, എന്തുകൊണ്ടാണെന്ന് ആദ്യം അറിയണം. (പ്രവൃ, 2:27,31; 13: 35,37).

മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമാണെന്ന് ദൈവത്തിൻ്റെ വചനം പറയുന്നു. മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ, കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. എബ്രാ, 8:6; 9:15; 12:24). മഹാപുരോഹിതനെന്നാൽ: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നുകൊണ്ട്, ദൈവത്തിന് പാപപരിഹാര യാഗം അർക്കുന്നവനാണ്. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.” (എബ്രാ,
7:26. ഒ.നോ: 2:17; 3:1; 4:14,15; 5). മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6), ” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമായ ക്രിസ്തുവാണ്: (1തിമൊ, 2:5,6; എബ്രാ, 3:1; 1പത്രൊ, 1:18,19). അതായത്, യേശുക്രിസ്തു യഥാർത്ഥത്തിൽ മരണത്തിൽ നിന്നുള്ള ഉദ്ധാരകനും മറുവിലനുമാണ്. അഥവാ, ആരാണോ ദ്രവത്വമുണ്ടാകേണ്ടിയിരുന്ന പരിശുദ്ധൻ, അവൻ്റെ പകരക്കാരനാണ് ക്രിസ്തു. തന്മൂലം, ദ്രവത്വം കണേണ്ടിയിരുന്നവൻ ക്രിസ്തുവല്ല; മറ്റൊരാളാണ്. അതായത്, ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?

ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽ ത്തന്നെയുണ്ട്. അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം, ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) എന്ന എബ്രായ പദമല്ല; പ്രധാനമായും, മനുഷ്യൻ്റെ വിശുദ്ധിയെ കൂറിക്കുന്ന ഹസീദ് (hasid – 2623) എന്ന പദമാണ്. എന്നാൽ 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ആ പദം, ദൈവത്തിൻ്റെ പ്രവൃത്തിയിലുള്ള വിശുദ്ധിയെ കുറിക്കാനും (സങ്കീ, 145:17), കരുണയെ കുറിക്കാനും ഓരോ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (യിരെ, 3:12). ആ പദം പ്രധാനമായും ഭൗമിക വിശുദ്ധന്മാരെ (saints) കുറിക്കുന്നതാണ്. ഉദാ: (1ശമൂ, 2:9; 2ദിന, 6:41: സങ്കീ, 30:4; 31:23; 32:6; 37:28; 50:5; 52:9). അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ, ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.

മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്. തന്മൂലം, ദ്രവത്വം കാണാത്ത പരിശുദ്ധനെന്ന പ്രയോഗം, ക്രിസ്തുവിലൂടെ മരണം നീങ്ങിപ്പോയ സകലജാതികളെയും വിവക്ഷിക്കുന്നില്ല.

പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? നിശ്ചയമായും പറഞ്ഞിട്ടുണ്ട്.

ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; പ്രവൃ, 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.

ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1:8; 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഈ വാക്യത്തിൽ ഭൂമിയുടെ ആഴങ്ങൾ; എന്ന പ്രയോഗം പാതാളത്തെയാണ് സൂചിപ്പിക്കുന്നത്. “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21).  “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.

യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ  കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.” (1ശമൂ, 2:9; 2ദിന, 6:41; സങ്കീ, 4:3; 12:1; 30:4; 31:23; 32:6; 37:28; 50:5).. സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ “ഭക്തൻ, വിശുദ്ധൻ, വിശുദ്ധന്മാർ” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).

വാഗ്ദത്ത സന്തതിയും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും, നിശ്ചല കൃപകളുടെ അവകാശിയും; യിസ്രായേലാണെന്ന്, പുതിയനിയമത്തിൽ പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യേശുക്രിസ്തുവിലൂടെ അത്, യിസ്രായേൽ മക്കൾക്ക് നിവൃത്തിച്ചതായി സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു; എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ  അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുഎന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39). പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം; യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു. അഥാവാ, യിസ്രായേലിന് നിവൃത്തിച്ചിരിക്കുന്നു. എന്തായിരുന്നു; പിതാക്കന്മാരോടുള്ള വാഗ്ദത്തം? അവരുടെ സന്തതി മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നതായിരുന്നു. (ഉല്പ, 22:18; 26:5; 28:14). തന്മൂലം, വാഗ്ദത്ത സന്തതി ദ്രവത്വം കാണാതെ ഇരിക്കണമായിരുന്നു. പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോട് ചെയ്ത, നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. ഭൗമികസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാനാണ്, ആത്മിക സന്തതിയായ ക്രിസ്തു വന്നത്.

പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു. അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. ക്രിസ്തു പറയുന്നത് കേൾക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ ന്യായപ്രമാണ സന്തതിയായ യിസ്രായേലിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചത്: (റോമ, 8:3). അതായത്, സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം പൂർവ്വപിതാക്കന്മാർ മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും, ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. എന്നാൽ, വാഗ്ദത്ത സന്തതിയുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ നിയമം ന്യായപ്രമാണത്താൽ ഉള്ളതല്ല; വാഗ്ദത്താൽ ഉള്ളതാണ്. വാഗ്ദത്തം നിരുപാധികവും, ദൈവത്തിൻ്റെ നിശ്ചല കൃപയും ആയിരുന്നു.: (യെശ, 55:3;  പ്രവൃ, 13:34. ഒ.നോ: സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). അതായത്, ന്യായപ്രമാണത്തിന് അതീതമായ ഒരു ശാശ്വതവും ഉപാധികളില്ലാത്തതുമായ നിയമമാണ് ദൈവം അവരുമായിട്ട് ചെയ്തിരുന്നത്.” (ഉല്പ, 22:17,18; 26:5; 28:14; 2ശമൂ, 7:8-16; യെശു, 55:3). അതിനാലാണ്, വാഗ്ദത്തസന്തതി ന്യായപ്രമാണം അനുസരിക്കാതിരുന്നിട്ടും, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൽ, കൃപയുടെ പുതിയൊരു നിയമം രചിച്ചത്. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-20).

ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 13:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).

ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/] 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21). അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടം മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത്, അവരെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ലെന്ന ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. ലോകാവകാശി എന്നാണ് പൗലൊസ് അവരെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, വിശേഷാൽ, സകല അനുഗ്രഹങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, അവകാശിയായ ദൈവപുത്രനും യിസ്രായേലാണെന്ന് അറിയാത്തതുകൊണ്ടാണ്; ഏകസത്യദൈവത്തെ പലരും അറിയാതെ പോയത്. യിസ്രായാലെന്ന ദൈവസന്തതിയെ അറിയാതെ, ഏകദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, ന്യായപ്രമാണത്തിൻ്റെ സന്തതിയും, വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന്, അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:32). ക്രിസ്തുവിനെ ഇന്നും അനേകർക്കും അറിയില്ല. ക്രിസ്തു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങളാണ്.

ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. 2. സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 3. സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ ആത്മിക നിവൃത്തിയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (ഇയ്യോ, 19:25; 1തിമൊ, 3:16). 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ, 3:25-26). പത്രൊസ്, ശലോമോൻ്റെ മണ്ഡപത്തിൽ നിന്നുകൊണ്ട്, യിസ്രായേൽ പുരുഷന്മാരോട് പറയുന്നതാണ് ഇക്കാര്യം. പ്രവൃത്തികൾ 3:11-25. ദൈവം ജനിപ്പിച്ച പുത്രനും, ദ്രവത്വമില്ലാത്ത പരിശുദ്ധനും നിശ്ചല കൃപകളുടെ അവകാശിയും യിസ്രായേൽ ആണെന്നും, യേശുവിൻ്റെ ഉയിർപ്പിനാൽ, അത് യിസ്രായേലിന് നിവർത്തിച്ചുവെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:32-39). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയായി തുടങ്ങുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ അവൻ്റെ പ്രവചനങ്ങളെല്ലാം ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു. (യെശ, 25:8).. 5. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ; മരണത്തിൽനിന്നും, ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ, അവൻ്റെ ദൈവമായ യഹോവയാണ് മനുഷ്യനായി വന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1ൻ്റെ20).

അതായത്, “നീ എന്റെ പ്രാണനെ; പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ; ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന പ്രവചനം, യിസ്രായേലെന്ന ദൈവപുത്രനെനെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിൻ്റെ മരണ പുനരത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. ആ വാഗ്ദത്തങ്ങൾ നിവൃത്തിക്കുവാൻ അവൻ്റെ ദൈവം മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, യിസ്രായേലെന്ന ദൈവസന്തതിയെ അറിയാത്ത ക്രൈസ്തവർ, വാഗ്ദത്തം നിവൃത്തിക്കാൻ വന്ന യേശുവിനെപ്പിടിച്ച് വാഗ്ദത്ത സന്തതിയും മറ്റൊരു ദൈവവുമാക്കി. അതിൻ്റെ ഫലമായി, ഏകസത്യദൈവം ബഹുദൈവമാകുകയും, ബൈബിളിൻ്റെ ഉപദേശം ക്രൈസ്തവർക്ക് അന്യമാകുകയും ചെയ്തു. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; പഴയനിമത്തിൻ്റെ നിവൃത്തിയാണ്. പഴയപുതിയനിയമ സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ ഉള്ളതുപോലെ മനസ്സിലാക്കാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവായ ഏകദൈവവും ഏകമനുഷ്യനായ യേശുക്രിസ്തുവും

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരിന്ത്യർ 8:6)

“എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു, അവൻ  സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന; ഏക കർത്താവും നമുക്കുണ്ട്, അവൻ മുഖാന്തരം സകലവും; അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവ് അഥവാ, ദൈവം ഒരുത്തൻ മാത്രം എന്നതാണ്, ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). സ്രഷ്ടാവും പിതാവുമായ യഹോവ മാത്രമാണ് ദൈവമെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അപ്പോൾ, നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച് രക്ഷ ഒരുക്കിയ ഏക കർത്താവായ യേശുക്രിസ്തു ആരാണ്? പൗലൊസ് അവനെ ഏകമനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. “എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏക മനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഏകമനുഷ്യനായ ക്രിസ്തുവിനെ വേണ്ടുംവണ്ണം അറിയാത്തതുകൊണ്ട്, ഏകദൈവത്തെയും അനേകരും അറിയുന്നില്ല എന്നതാണ് യഥാർത്ഥമായ വസ്തുത. തന്മൂലം, ഏക മനുഷ്യനായ യേശുക്രിസ്തുവിനെക്കുറിച്ച്, ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ് ഇനി നാം പരിശോധിക്കാൻ പോകുന്നത്:

1. പുതിയനിയമത്തിൻ്റെ ആമുഖം: അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). പുതിയനിയമത്തിൻ്റെ ആമുഖവാക്യമാണിത്. ഏതൊരു പുസ്തകത്തിൻ്റെയും ആമുഖത്തിൽ കേന്ദ്രകഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടാകും. ഒന്നാംവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ, ക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനാണെന്നു മനസ്സിലാകും. ക്രിസ്തു സർവ്വകാലങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനായ ഒരു ദൂതനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും പുത്രനായി ഒരു ദൈവം ജനിച്ചുവെന്നോ, ദൂതൻ ജനിച്ചുവെന്നോ പറഞ്ഞാൽ എങ്ങനെയിരിക്കും?

2. വംശാവലി: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഇല്ല. എന്നാൽ, ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് രാജാവു വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ഇതൊരു മനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, ദൂതൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ വംശാവലിയല്ല.

3. പരിശുദ്ധാത്മാവിൽ ഉല്പാദിതമായവൻ: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യൻ മറിയയുടെ ഉദരത്തിൽ ഉരുവായൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് അവളിൽ രൂപാന്തരപ്പെട്ടതല്ല; അഥവാ, അവതാരമെടുത്തതല്ല. അവതാരമെന്നത് ബൈബിൾ വിരുദ്ധമായ ഒരു പൊട്ടക്കഥ മാത്രമാണ്.

4. ജനനം അഥവാ, ഉത്ഭവം: “അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യിസ്ഹാക്ക് മുതൽ യോഹന്നാൻ സ്നാപകൻ വരെയുള്ളവരുടെ ജനനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദം തന്നെയാണ്, യേശുവിൻ്റെ ജനനത്തെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നത്. വ്യത്യാസം ഒന്നുമാത്രം: അവർ അവരുടെ അപ്പന്മാരാലും, യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ ഉരുവായി. തന്മൂലം, എല്ലാ മനുഷ്യരെയുംപോലെ, യേശുവെന്ന മനുഷ്യനും ഒരു ആരംഭമുണ്ട്. (മീഖാ, 5:2,3; പ്രവൃ, 3:22; റോമ, 9:5)

5. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7; മത്താ, 1:25). കന്യകയായ മറിയ പരിശുദ്ധാത്മാവിനാൽ പ്രസവിച്ചത്, അവളുടെ ആദ്യജാതനെ അഥവാ, മൂത്തപുത്രനെയാണ്. (മത്താ, 1:20,25). അതിനുശേഷം, അവൾ യോസേഫിനാൽ വേറെയും മക്കളെ പ്രസവിച്ചു. (മർക്കൊ, 6:3). അവളുടെ ആദ്യജാതൻ ദൈവവും, അനന്തരജാതന്മാർ മനുഷ്യരുമാകുന്നത് എങ്ങനെയാണ്? “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്ന പ്രയോഗംതന്നെ ജനിച്ചവൻ ഒരു പൂർണ്ണ മനുഷ്യനാണ് എന്നതിൻ്റെ തെളിവാണ്.

6.പരിച്ഛേദന: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.(ലൂക്കോ, 2:21). എല്ലാ യെഹൂദാ പുരുഷപ്രജയും ചെയ്യുന്നതുപോലെ യേശുവും പരിച്ഛേദന ഏറ്റു. അവൻ മനുഷ്യനായതുകൊണ്ടാണ് പരിച്ഛേദന ഏറ്റത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ജെൻ്റർ ഇല്ലാത്ത ദൈവമാണ് പരിച്ഛേദന ഏറ്റത്.

7. ആദ്യജാതൻ്റെ വീണ്ടെടുപ്പ്: “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കോ, 2:22-24). യേശുവെന്ന മനുഷ്യക്കുഞ്ഞ് മറിയയുടെ ആദ്യജാതനാകകൊണ്ടാണ് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്ന് ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തത്: (ലേവ്യ, 12:2-6; മത്താ, 1:25; ലൂക്കൊ, 2:7).

8. വളർച്ചയും വികാസവും: “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ, ക്രിസ്തുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ആത്മാവിൽ ബലപ്പെട്ടുവന്നതും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ, ദൂതനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്.

9. ക്രിസ്തുവിൻ്റെ വയസ്സ്: “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കോ, 2:42). “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കോ, 3:23). സൃഷ്ടികളെങ്കിലും, ഭൗമികരല്ലാത്തവരും സ്വാഭാവികമായ മരണമില്ലാത്തവരും ആകയാൽ, ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല. തന്മൂലം,, ബൈബിളിൽ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ വയസ്സല്ല; യേശുവെന്ന മനുഷ്യൻ്റെ വയസ്സാണ്.

10. വളർത്തച്ഛനും സഹോദരങ്ങളും: “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45). “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെനിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55, മർക്കൊ, 6:3). ഇത് യേശുവെന്ന മനുഷ്യന്റെ അപ്പനും അമ്മയും സഹോദരങ്ങുളുമാണ്.

11. ക്രിസ്തു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27; ലൂക്കൊ, 4:18,19). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (യെശ, 61:1-2; ലൂകൊ, 2:11). അതായത്, യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. ഈ ചരിത്രപരമായ വസ്തുത, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:18-21).

12. ദൈവപുത്രൻ: “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊ, 1:32),
“ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളാണ് മേല്പറഞ്ഞത്. നിന്നിൽനിന്ന് ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്ന് പ്രസ്താവിക്കുകയല്ല ചെയ്തത്. നിന്നിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ് ചെയ്തത്. ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (സംഖ്യാ, 24:14; ദാനീ, 2:45). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അത് ചരിത്രമാകുന്നത്. മറിയയോടുള്ള ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നുകേട്ട പിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ, മറിയയുടെയും മകനായ യേശുവെന്ന മനുഷ്യൻ ജനിച്ച്, ഏകദേശം മുപ്പത് വയസ്സ് കഴിഞ്ഞപ്പോഴാണ്, പ്രവചനംപോലെ ദൈവത്തിൻ്റെ പുത്രനായത്. ചരിത്രപരമായി പറഞ്ഞാൽ, യേശുവെന്ന മനുഷ്യൻ ജനിക്കുന്നത് ബി.സി. 6-ലും, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എ.ഡി. 29-ലുമാണ്. അപ്പോൾ, യഹോവസാക്ഷികൾ പഠിപ്പിക്കുന്ന ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രൻ ആരാണ്? ട്രിനിറ്റി പഠിപ്പിക്കുന്ന സർവ്വലോകങ്ങൾക്കുമുമ്പെ പിതാവ് ജനിപ്പിച്ച പുത്രൻ ആരാണ്? അങ്ങനെയൊരു പുത്രൻ ബൈബിളിലില്ല. അത് വേറൊരു സുവിശേഷവും, വേറൊരു ക്രിസ്തുവുമാണ്.

13. ക്രിസ്തുവിൻ്റെ പരീക്ഷ: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1-3). പഴയനിയമത്തിൽ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദം ചോദിക്കുന്ന സാത്താനെ കാണാം: (ഇയ്യോ, 1:6-12; 2:1-7). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും തൊടണമെങ്കിൽ ദൈവത്തിൻ്റെ അനുവാദം വേണമെന്നുള്ളത് അതിനാൽ വ്യക്തമാണല്ലോ? അപ്പോൾ, ക്രിസ്തു തന്നിൽത്തന്നെ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ ആയിരുന്നെങ്കിൽ സാത്താനെങ്ങനെ അവനെ പരീക്ഷിക്കാൻ പറ്റും? ദൈവത്തെക്കാൾ വലിയവനാണോ സാത്താൻ? ദൈവത്തിൻ്റെ ആത്മാവ് അഥവാ, ദൈവമാണ് ക്രിസ്തുവിനെ പരീക്ഷയിലേക്ക് നടത്തുന്നത്. (മത്താ, 4:1). ഒരു ദൈവം മറ്റൊരു ദൈവത്തെ സാത്താനെക്കൊണ്ട് പരീക്ഷിപ്പിച്ചു എന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും? തന്നെയുമല്ല, ബൈബിളിലെ ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആണ്. (യാക്കോ, 1:13). തന്മുലം, ക്രിസ്തു ദൈവമല്ല, പാപമറിയാത്ത മനുഷ്യനായിരുന്നു എന്ന് വ്യക്തമാണല്ലോ? അതുകൊണ്ടാണ്, അവനു പരീക്ഷ നേരിടേണ്ടി വന്നത്;,.

14. ആരാധന ദൈവത്തിനു മാത്രം: “പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:8-10). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ക്രിസ്തുവിൻ്റെ മറുപടി എന്താണ്? “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ.” തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിൽ അവനെ ആരാധിക്കണമെന്നാണ്. ആരാണ് ആരാധനയ്ക്ക് യോഗ്യനായ ഏകദൈവം? ആവർത്തനപുസ്തകമാണ് ക്രിസ്തു ഉദ്ധരിച്ചത്. “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (ആവ, 6:13; 10:20). അതായത്, യഹോവയായ ഏകദൈവത്തെ ആരാധിക്കാനാണ് ക്രിസ്തു പറഞ്ഞത്.

15. ആത്മീയത: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശു പതിവായി പള്ളിൽ പോകയും, ദൈവാലയം സന്ദർശിക്കുകയും, തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. അവൻ പന്ത്രണ്ടാമതെ വയസ്സുമുതൽ ദൈവാലയതിൽ പോയതായും കാണാം. {ലൂക്കോ, 2:41-42). ദൈവപുത്രൻ പൂർണ്ണമനുഷ്യനാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണിത്. ദൈവമാണ്, ദൈവത്തെ കാണാനും ദൈവവചനം പഠിക്കാനും ദൈവാലയത്തിലും പള്ളിയിലും പോയതെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

16. പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. ദൈവത്തെ സ്തുതിക്കുന്നവരെങ്കിലും, ദൂതന്മാർ പോലും വ്യക്തിപരമായി പ്രാർത്ഥിചതായി കാണാൻ കഴിയില്ല. മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണമോ? അപോൾ, ഒരുദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

17. ദൈവപുത്രൻ്റെ പൂർണ്ണമായ മനുഷ്യപ്രകൃതി: ദൈവപുത്രൻ, ദേഹവും ദേഹിയും ആത്ഥാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു:

I. ശരീരം: ദൈവപുത്രനൊരു ഭൗതിക ശരീരം ഉണ്ടായിരുന്നു. “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;” (1പത്രൊ, 2:24. ഒ.നോ: മത്താ, 26:12; 27:26,35; യോഹ, 12:3; 19:32; കൊലൊ, 1:22; എബ്രാ, 2:14; 10:5,29)

II. രക്തം: എല്ലാ മനുഷ്യരിലും ഉള്ളതുപോലെ ജീവദായകമായ രക്തം അവനുണ്ടായിരുന്നു: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34; ലേവ്യ, 17:11,14). പക്ഷെ അവൻ്റെ രക്തം, നിർദ്ദോഷവും നിഷ്കളങ്കവും വിലയേറിയതും ആയിരുന്നു. (1പത്രൊ, 1:19)

III. ഉള്ളം അഥവാ, ദേഹി: സംവേദനക്ഷമമായ (Sensitive) ഒരു ദേഹി അവനുണ്ടായിരുന്നു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.” (മത്താ, 26:38; യെശ, 53:12)

IV. ആത്മാവ്: ക്രിസ്തുവിന് ഒരു മനുഷ്യാത്മാവ് ഉണ്ടായിരുന്നു: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു;” (ലൂക്കോ, 23:46)

18. പാപമറിയാത്തവൻ: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ  നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ.” (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22). “അവനിൽ പാപം ഇല്ല.” (1യോഹ, 3:5). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത പരിശുദ്ധ ദൈവത്തെക്കുറിക്കുന്നതല്ല. മുപ്പത്തിമൂന്നര വർഷം പാപലോകത്തിൽ ജീവിച്ചവനും പാപികളോടുകൂടെ സഹവസിച്ചിട്ടും പാപം ചെയ്യാതെ, പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനുമായി ജീവിച്ച പൂർണ്ണമുനുഷ്യനെ കുറിക്കുന്ന പ്രയോഗങ്ങളാണ്.

19. പാപരഹിതമായ പരിമിതികൾ: മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികൾ ക്രിസ്തുവിനുണ്ടായിരുന്നു: “പിന്നെ അവൻ  അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39).

I. പരീക്ഷിക്കപ്പെട്ടു: “പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1). “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” (എബ്രാ, 2:18. അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്, (എബ്രാ, 4:15)

II. വിശപ്പ്: “അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.” (മത്താ, 4:2; ലൂക്കൊ, 4:2). “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12)

III. ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28)

IV. ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6)

V. ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24)

VI. കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35)

VII. ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34)

VIII.. പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44)

IX. വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപ രഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു.

X. അവൻ ഗത്ത്ശെമനയിൽവെച്ച് ബലഹീനനായി: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43)

20. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച മനുഷ്യൻ: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:22-23). യേശുവെന്ന മനുഷ്യനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത് ദൈവമാണെന്ന് വ്യക്തമായി പത്രൊസ് പറഞ്ഞിരിക്കുന്നു. ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതം പ്രവർത്തിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ക്രിസ്തു മൂന്നര വർഷമാണ് അത്ഭുതൾ പ്രവർത്തിച്ചത്. എന്നാൽ, ദൈവപുരുഷനായ മോശെ മരുഭൂമിയിൽ നാല്പതുവർഷം അതിശയങ്ങളും അടയാളങ്ങളും ചെയ്തതായി ബൈബിൾ പറയുന്നു. (പ്രവൃ, 7:36). അത്ഭുതങ്ങളാണ് ദൈവത്വത്തിൻ്റെ അളവുകോലെങ്കിൽ, ക്രിസ്തുവിനെക്കാൾ വലിയ ദൈവമാണ് മോശെയെന്ന് പറയേണ്ടിവരും. ഏലീയാവ്, എലീശ, പത്രൊസ്, പൗലൊസ് തുടങ്ങിയ ദൈവങ്ങൾ വേറെയുമുണ്ട്.

21. ഏകനല്ലാത്ത ക്രിസ്തു: പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല,. (യോഹ, 16:32. ഒ.നോ:  8:16,29). ഈ വാക്യം ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കുന്നതായി പലരും തെറ്റിദ്ധരിക്കുന്നു. ഞാൻ ഏകനല്ല എന്നത്, ഇംഗ്ലീഷിൽ I am not alone ആണ്. ഏകനല്ല എന്നത്, പരിഭാഷാ പ്രശ്നമാണ്. ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്നാണ് ശരിയായ പ്രയോഗം. അതായത്, യോർദ്ധാനിലെ സ്നാനത്തിൽ വെച്ച്, ദൈവം മനുഷ്യനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട്, അവനോടുകൂടെ ഇരുന്ന് പ്രവർത്തിക്കുകയായിരുന്നു. (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). അതുകൊണ്ടാണ്, താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞത്. ഞങ്ങൾ, നാം, നമ്മെപ്പോലെ എന്നൊക്ക ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23; 17:11; 17:23). യേശുവെന്ന മനുഷ്യൻ താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ; ദൈവം തൻ്റെകൂടെയുണ്ട് എന്നാണർത്ഥം. ഒരു മനുഷ്യൻ ദൈവം തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ, ദൈവത്തിന് എങ്ങനെ ബഹുത്വമുണ്ടാകും?

22. പാപം മോചിച്ച മനുഷ്യൻ: ഒരു പക്ഷവാതക്കാരനെ സുഖപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്തു അവൻ്റെ പാപം മോചിച്ചതായി കാണാം: (മർക്കൊ, 2:5). അപ്പോൾ അവിടെ കൂടിയവരിൽ ചിലർ: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). അവരുടെ നിരൂപണം അറിഞ്ഞിട്ട്, ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് പറയുകയും പക്ഷവാതക്കാരനോടു കിടക്കയെടുത്ത് വീട്ടിൽ പോകാൻ കല്പിക്കുകയും ചെയ്തതായി കാണാം: (മർക്കൊ, 2:10,11). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23).

23. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരാളാണ്. എൻ്റെ പിതാവ് (മത്താ, 11:27), സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു തന്നിൽത്തന്നെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും പലർക്കുമില്ല.

24. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒരു ചെറിയ ദൈവവം വലിയ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളാണ്. തന്നെയുമല്ല, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ പറയുന്ന യഹോവയെ ഭോഷ്ക്കു പറയുന്നവൻ ആക്കുന്നു. (പുറ, 20:2-3; യെശ, 43:10; 44:8; 45:5)

25. പിതാവു മാത്രമല്ലാതെ പുത്രനും കൂടെ അറിയുന്നില്ല: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളും നാഴികയും സംബന്ധിച്ച്, പിതാവ് മാത്രമല്ലാതെ, ദൂതന്മാർക്കും പുത്രനുംകൂടി അറിയില്ലെന്നാണ് ക്രിസ്തു പറയുന്നത്. എന്തെന്നാൽ, ബൈബിളിലെ ദൈവം മൂന്നുപേരല്ല; പിതാവ് മാത്രമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6)

26. പിതാവാണ് ഏകസത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്തെ ഏകസത്യദൈവമായ നിന്നെയും എന്നത്, ഇംഗ്ലീഷിൽ thee, the only true God എന്നും, ഗ്രീക്കിൽ se ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ; പുത്രനും ദൈവമാണെന്നാണോ അർത്ഥം? പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറകവഴി, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു വ്യക്തമാക്കി.

27. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്.

28. ക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്ക് ഒരു ദൈവമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്.

29. ക്രിസ്തുവിന്റെ തല ദൈവം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). എപ്രകാരം പുരുഷൻ്റെ തല ക്രിസ്തുവാണെന്ന് പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ തല ദൈവമാണെന്നും പറഞ്ഞിരിക്കുന്നത്. “തല” അധികാരത്തെയാണ് കാണിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

30. ദൈവം ഒരുത്തൻ മാത്രം, ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (monos theos – The only God) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29), പറഞ്ഞുകൊണ്ട, താൻ ദൈവമല്ലെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻ പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). താൻ മനുഷ്യനാണെന്നും ദൈവപുത്രൻ സാക്ഷ്യപ്പെടുത്തുന്നു. (യോഹ, 8:40).

31. ദൈവം ഒരുത്തൻ മാത്രം, അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6), ദൈവപുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 11:31; എഫെ, 1:3,17), ദൈവപുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു മനുഷ്യനെന്നു 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16).

32. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ വിളിച്ചത് ദൈവം എന്നല്ല; നല്ലവൻ എന്നാണ്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവമെന്ന് വിളിച്ചാൽ അവൻ എത്രയധികമായി നിഷേധിക്കും?

33. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,19; പ്രവൃ, 3:22; 7:37). എല്ലാ പ്രവാചകന്മാരും യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ നിന്നാണ് എഴുന്നേറ്റത്. മോശെ പറഞ്ഞപോലെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്നാണ് പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശു എഴുന്നേറ്റത്. (മീഖാ, 5:2,3; മത്താ, 1:21; റോമ, 9:5; ലൂക്കൊ, 24:19). ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർക്ക് മോശെയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്.

34. ക്രൂശിൽ മരിച്ച മനുഷ്യൻ: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് തന്നെത്തന്നെ ദൈവത്തിന് യാഗമായി അർപ്പിച്ചത്. (എഫെ, 5:2). ഇതൊരു മനുഷ്യൻ്റെ മരണമാണ്; അല്ലാതെ, ദൈവത്തിൻ്റെ മരണമല്ല. (1തിമൊ, 2:6)

35. ആത്മാവിനാൽ മരണം വരിച്ച മനുഷ്യൻ: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14; 1തിമൊ, 2:6). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവായവനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതുപോലെ, പരിശുദ്ധാത്മാവിനാണ് അവൻ തന്നെത്തന്നെ ദൈവത്തിന് അർപ്പിച്ചത്. (എഫെ, 5:2).

36. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ട മനുഷ്യൻ: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18). ദൈവം ഉയിർപ്പിച്ചുവെന്നും അനേകം വാക്യങ്ങളിൽ പറഞ്ഞിടുണ്ട്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:2-24. ഒ.നോ:  2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 1:1; 1തെസ്സ, 1:19). ക്രിസ്തുവെന്ന മനുഷ്യൻ തന്നെത്താൻ ഉയിർക്കുകയായിരുന്നില്ല; ദൈവം അഥവാ, ദൈവത്തിൻ്റെ ആത്മാവ് അവനെ ഉയിർപ്പിച്ചതാണ്. യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തെന്ന് പറഞ്ഞിട്ടില്ല: (ഗലാ, 1:3; എഫെ, 5:2; 5:27; 1തിമൊ, 2:6; എബ്രാ, 7:27; 9:14). എന്തെന്നാൽ, ജനിച്ചതും ജീവിച്ചതും മരിച്ചതും പാപമറിയാത്ത മനുഷ്യനാണ്; ഉയിർപ്പിച്ചതാകട്ടെ ദൈവവും. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും പലർക്കുമില്ല. ഒരു ദൈവം മരിച്ചിട്ട്, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുന്നത്, അതിനെക്കാൾ ഭീകരമായ വിശ്വാസമാണ്.

37. അമർത്യനായ ദൈവം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15-16). താൻ മാത്രം അമർത്യതയുള്ളവൻ എന്നാൽ, ദൈവം മാത്രമാണ് മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും?

38. ദൂതന്മാരിലും താഴ്ചയുള്ള ക്രിസ്തു: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). എല്ലാവർക്കുംവേണ്ടി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായിരുന്നെന്ന് ദൈവത്തിൻ്റെ ആത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്തെന്നാൽ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും മരണമില്ല. മരിച്ചത് മനുഷ്യനാണെന്നും എഴുതിവെച്ചിട്ടുണ്ട്: (1തിമൊ, 2:6). എന്നിട്ടും, ക്രൂശിൽ മരിച്ചവൻ പൂർണ്ണമനുഷ്യനാണെന്നു വിശ്വസിക്കാതെ, ദൈവമാണ് മരിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശു, ദൂതന്മാരെക്കാൾ താഴ്ചയുള്ള ദൈവമാണോ?

39. മനുഷ്യൻ്റെ ശുശ്രുഷയുടെ പരിസമാപനം: യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.

40. മനുഷ്യനായ മദ്ധ്യസ്ഥൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 8:6; 12:24). ദൈവത്തിനും മനുഷ്യർക്കുമിടയിൽ പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടും, അവൻ ദൈവവുമാണെന്ന് വിശ്വസിക്കുന്നവർ എന്തു വിചാരിക്കുന്നു; അവൻ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള മനുഷ്യദൈവമാണെന്നോ?

41. മനുഷ്യൻ മൂലം മരണം മനുഷ്യൻ മൂലം ജീവൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഏകമനുഷ്യനായ ആദാമിൻ്റെ അനുസരണക്കേടിനാൽ ലോകത്തിൽ കടന്ന പാപത്തെ (റോമ, 5:12,14,19), ഏകമനുഷ്യനായ യേശുവിൻ്റെ അനുസരണത്താലും മരണത്താലുമാണ് നീക്കിക്കളഞ്ഞതെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). എന്നിട്ടും, ദൈവമാണ് മരിച്ചതെന്നും, ദൈവവും മനുഷ്യനും ചേർന്ന ഇരുപ്രകൃതിയുള്ളവനാണ് മരിച്ചതെന്നുമുള്ള ബൈബിൾവിരുദ്ധ ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.

42. പ്രഥമസുവിശേഷം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമസുവിശേഷം (protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണിത്. ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; അത് സുവിശേഷമാണ്. ദൈവം മാനവരക്ഷയ്ക്കായി തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന സുവിശേഷം എപ്രകാരമാണെന്ന് ലോകസ്ഥാപനത്തിൽത്തന്നെ വെളിപ്പെടുത്തിയിരുന്നു. കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ക്രിസ്തു വെളിപ്പെടുകയും പിശാചും സാത്താനുമായ പാമ്പിൻ്റെ തല തൻ്റെ മരണത്താൽ തകർത്തുകൊണ്ട് അവൻ സുവിശേഷം സ്ഥാപിച്ചു: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). പ്രഥമസുവിശേഷത്തിലെ സന്തതി ദൈവത്തിൻ്റെ സന്തതിയല്ല; സ്ത്രീയുടെ സന്തതിയാണ്; ആ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായി ജനിച്ച മനുഷ്യനാണ് തൻ്റെ മരണത്താൽ സർപ്പത്തിൻ്റെ തല തകർത്തത്.

43. സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8.. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായിട്ടാണ്. ദാവീദ് മനുഷ്യനും അവൻ്റെ സന്തതി ദൈവവും ആകുന്നത് എങ്ങനെയാണ്. അതായത്, പ്രഥമസുവിശേഷത്തിലെയും സുവിശേഷത്തിലെയും സന്തതിയെ ദൈവപുത്രനെന്നുപോലും പറഞ്ഞിട്ടില്ല. (ഉല്പ, 3:15; 2തിമൊ, 2:8). മനുഷ്യരെ വിലയ്ക്കുവാങ്ങിയത് രക്തമില്ലാത്ത ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; ക്രിസ്തുയേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ നിർമ്മലരക്തംകൊണ്ടാണ്: (1പത്രൊ, 1:18,19).

44. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റി: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

45. ക്രിസ്തുനിഷേധികൾ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (യോഹ, 2:22,23). ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും മശീഹ എന്ന എബ്രായപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾക്കായി നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യനെയാണ്. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർപറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ ബൈബിളിലുണ്ട്; അതിനകത്ത് ഒരു ദൂതൻപോലുമില്ല. അതായത്, ദൈവത്തിൻ്റെ ദൂതനുപോലും അഭിഷേകം ആവശ്യമില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികൾ ആയതുകൊണ്ട് അവരെ സൃഷ്ടിച്ചിരിക്കുന്നതുതന്ന ശക്തന്മാരായിട്ടാണ്. ഉദാ: യഹോവയുടെ ഒരു ദൂതൻ ഒരുരാത്രി അശ്ശൂർ പാളയത്തിലിറിങ്ങി 185,000 പേരെ കൊന്നതായി കാണാൽ: (2രാജാ, 19:35). എന്നാൽ, പാപരഹിതമായ ബലഹീനതകൾ യേശുവിനു ഉണ്ടായിരുന്നു.: (മർക്കൊ, 14:34,35; ലൂക്കൊ, 22:42,43; എബ്രാ, 5:7-9). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ, അഭിഷിക്തനായതും ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പ്രാപ്തനായതും. (പ്രവൃ, 10:38; ലൂക്കൊ, 3:22; 4:18,19). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു എന്നാണ്” (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). ദൈവപുത്രൻ ദൈവമാണെന്നു കരുതുന്നവർ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവപുത്രന് എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും? ക്രിസ്തു എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനെന്നാണ് മനസ്സിലാക്കേണ്ടത്.. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” എന്നാൽ; അവൻ, അഭിഷിക്തനായ മനുഷ്യനാണെന്ന് നിഷേധിക്കുന്നവരാണ് ആ കള്ളന്മാർ. അതായത്, ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യനെ ദൈവം ആക്കുന്നവരാണ്, അവനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്ന കള്ളനും എതിർ ക്രിസ്തുവും.

46. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമായിരുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ ദൈവപുത്രനായ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ ആയിരുന്നില്ല. അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. ത്രിത്വം, ത്രിയേകൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി, സാരാംശത്തലൊന്നു തുടങ്ങി ട്രിനിറ്റി പഠിപ്പിക്കുന്ന യതൊന്നുംബൈബിളിൽ ഉള്ളതല്ല. കത്തോലിക്കാസഭയും ദൈവശാസ്ത്രവുമാണ് അതെക്കെ പഠിപ്പിച്ചത്. പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. വിശ്വാസത്താൽ നീതീകരണമെന്ന ഒരു വിഷയത്തിൽ മാത്രമാണ് നവീകരണം ഉണ്ടായത്. അതിനാൽ, ദൈവപുത്രനായ ക്രിസ്തുവിനെയോ, ഏകദൈവത്തെയോ ഇന്നും അനേകരും അറിയേണ്ടതുപോലെ അറിയുന്നില്ല.(യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട ക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3)

47. യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല; ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). എന്നാൽ, ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2,3). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും, അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വം അഥവാ, മനുഷ്യത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. (1യോഹ, 2:22; 4:2; 5:1). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അതൊരു അന്ധവിശ്വാസമോ, കടങ്കഥയോ മാത്രമാണ്. അല്ലാതെ, ചരിത്രമാകില്ല; ക്രിസ്തു ചരിത്രപുരുഷനും ആകില്ല. ദൈവാത്മാവുള്ളവർക്ക് മാത്രമേ ദൈവികസത്യങ്ങൾ യഥാർത്ഥമായി അംഗീകരിക്കാൻ കഴിയുകയുള്ളു.

48. ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). ആദാമിനു ശേഷം, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്; അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14; 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേ വരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26) എന്നെക്കെയാണ്.”സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ക്രിസ്തു പറയുകയുണ്ടായി.” (ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് വരും. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ലോകത്തിൽ, പാപമറിയാത്തവനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. അതിനാൽ അവനെ, മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് അതിധൈര്യത്തോടെ പറയാം.

49. ദൈവസമ്പൂർണ്ണത ദേഹരൂപമായി വസിച്ച മനുഷ്യൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കൊ, 3:22 4:18,19). അതായത്, പഴയപുതിയ നിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ വന്ന് വാസം ചെയ്ട്ടില്ല. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്.

50. മനുഷ്യനായ ക്രിസ്തുയേശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൈവപുത്രൻ മനുഷ്യനാണെന്നു മുപ്പത്താറു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ താഴെച്ചേർക്കുന്നു:

I. യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14)

II. സ്നാപകൻ്റെ സാക്ഷ്യം: ” എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30)

III. പുരുഷാരത്തിൻ്റെ സാക്ഷ്യം: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8).

IV. ശമര്യസ്ത്രിയുടെ സാക്ഷ്യം: “ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.” (യോഹ, 4:29)

V. ദൈവപുത്രൻ്റെ സാക്ഷ്യം: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40).

VI. പിറവിക്കുരുടൻ്റെ സാക്ഷ്യം: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11)

VII. പരീശന്മാരുടെ സാക്ഷ്യം: “പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.” (യോഹ, 9:16)

VIII. യെഹൂദന്മാരുടെ സാക്ഷ്യം: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33)

IX. മഹാപുരോഹിതന്മാരുടെ സാക്ഷ്യം: “മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹ, 11:47)

X. കയ്യഫാവിൻ്റെ പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.” (യോഹ, 11:50,51).

XI. പത്രൊസിൻ്റെ സാക്ഷ്യം; “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ  രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.” (മത്താ, 26:72)

XII. പീലാത്തൊസിൻ്റെ സാക്ഷ്യം: “പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.” (ലൂക്കോ, 23:4)

XIII. ശതാധിപൻ്റെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)

XIV. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ മനുഷ്യൻ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)

XV. ദൈവം ഉയിർപ്പിച്ച മനുഷ്യൻ: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24)

XVI. മനുഷ്യർക്ക് പുനരുത്ഥാനജീവൻ നല്കിയ മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)

XVII. ന്യായാധിപസംഘത്തിൻ്റെ സാക്ഷ്യം: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.” (പ്രവൃ, 5:28)

XVIII. പൗലൊസിൻ്റെ സാക്ഷ്യം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31)

XIX. ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനം: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

XX. സ്വർഗ്ഗീയ മനുഷ്യൻ: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)

51. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44;:17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:26; യോഹ, 8;41; 1കൊരി, 8:6; എഫെ, 4:6). പിതാവ് മാത്രമാണ് ദൈവമെങ്കിൽ, ഏകകർത്താവായ ദൈവപുത്രൻ ആരാണ്? അവൻ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ പാപമറിയാത്ത മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-21; പ്രവൃ, 10:38). എന്നാൽ, ദൂതൻ്റെ പ്രവചനംപോലെ, ദൈവം അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് മരണത്തിൽനിന്ന് ഉയിർപ്പിച്ച ശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11). അതായത്, പിതാവായ ഏകദൈവം, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവ് ആക്കിയതാണ്. അല്ലാതെ, അവൻ തന്നെത്താൻ കർത്താവ് ആയതല്ല. ക്രിസ്തുവിനെ കർത്താവ് എന്ന് പറഞ്ഞിരിക്കുന്നത്, ദൈവം എന്ന അർത്ഥത്തിലാണ് അനേകരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും എന്ന വാക്യത്തിലെ, പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനെ കർത്താവ് എന്ന് പറയുന്നത്; രക്ഷകൻ, രക്ഷിതാവ് എന്ന അർത്ഥത്തിലാണ്. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അല്ലാതെ, ദൈവമെന്ന അർത്ഥമല്ല ഉള്ളത്. ദൈവത്തിനെ, ആരും ദൈവം ആക്കേണ്ടതില്ലല്ലോ? എന്നാൽ, ക്രിസ്തുവിനെ ദൈവം കർത്താവ് ആക്കിയതാണ്. (പ്രവൃ, 2:36). പൗലൊസ് പറയുന്നത് നോക്കുക: “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). അല്ലാതെ, ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുമെന്നല്ല. അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനാണ് നമ്മുടെ കർത്താവ്. അടുത്തവാക്യം നോക്കുക: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). വീണ്ടും, പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). യേശു മനുഷ്യനാണെന്ന് പത്രൊസ് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. (മത്താ, 26:72; 26:74; പ്രവൃ, 2:23). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

52. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). മുന്നറിയപ്പെടുക എന്നാൽ; മുമ്പേകൂട്ടി അറിയുക അഥവാ, നേരത്തെ അറിയുക എന്നാണ്. ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. അതായത്, പഴയനിയമത്തിൽ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; യെശ, 7:14; 9:6). അഥവാ, അവൻ പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്. ദൈവപുത്രനായ ക്രിസ്തു വെളിപ്പെട്ടതും (1പത്രൊ, 1:20) പുത്രൻ മുഖാന്തരം ദൈവം സംസാരിച്ചതും അന്ത്യകാലത്താണ്: (എബ്രാ, 1:2). അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന ക്രിസ്തു വരുമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കടന്നുകൂടി. വാഗ്ദത്തങ്ങൾനല്കി നാന്നൂറ്റിമുപ്പത് വർഷങ്ങൾക്കു ശേഷമാണ് ന്യായപ്രമാണം നല്കിയത്; ന്യായപ്രമാണകാലം ആയിരത്തി അഞ്ചൂറ് വർഷമാണ്. അതായത്, വാഗ്ദത്തങ്ങൾ ലഭിച്ചശേഷം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശു ജനിക്കുന്നത്: (ഗലാ, 3:16-19; മത്താ, 1:21). എന്തെന്നാൽ, ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു: (മത്താ, 1:21; റോമ, 10:4). അതായത്, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യനില്ല: (മത്താ, 1:20; ലൂക്കൊ, 2:21; 2കൊരി, 5:21). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിനില്ല: (മത്താ, 3:16; പ്രവൃ, 10:38). സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനുമില്ല: (മത്താ, 3:17). എന്തെന്നാൽ, ദൂതന്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽ നിന്നുകേട്ട പിതാവിൻ്റെ ശബ്ദം: (ലൂക്കൊ, 1:32,35; 3:22). കന്യകയായ മറിയയിലൂടെ അന്ത്യകാലത്ത് മാത്രം ലോകത്തിൽ വെളിപ്പെട്ടവനും, ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോൾ ക്രിസ്തുവും ദൈവപുത്രനും ആയവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആകുന്നത്? അവൻ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്തുമാത്രം manifest ചെയ്തവനാണ്.

53. ക്രിസ്തുവും ദൈവവും താരതമ്യം:

I. ക്രിസ്തുവിന് ഉത്ഭവമുണ്ട് (മത്താ, 1:20; ലൂക്കൊ, 1:35), ദൈവം എന്നേക്കുമുള്ളവൻ അഥവാ, ശാശ്വതവാസിയാണ്: (സങ്കീ, 102:12–യെശ, 57:15)

II. ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46–യോഹ, 8:40); ദൈവം മനുഷ്യനല്ല (1ശമൂ, 15:29), ആത്മാവാകുന്നു: (യോഹ, 4:24)

III. ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യോഹ, 4:5); ദൈവം ക്ഷീണിക്കുന്നില്ല: (യെശ, 40:28)

IV. ക്രിസ്തു ഉറങ്ങി (മത്താ, 8:24); ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല: (സങ്കീ, 121:4)

V. ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി (മർക്കൊ, 11:12; യോഹ, 19:28); ദൈവത്തിന് വിശപ്പും ദാഹവുമില്ല: (സങ്കീ, 50:12,13)

VI. ക്രിസ്തു പരീക്ഷിക്കപ്പെട്ടു (മർക്കൊ, 1:13); ദൈവം പരീക്ഷിക്കപ്പെടാത്തവനാണ്. (യാക്കോ, 1:13)

VII. ക്രിസ്തുയേശു മരിച്ചു ഉയിർത്തു: (2തിമൊ, 2:8); സ്രഷ്ടാവായ ദൈവത്തിന് മരണമില്ല; തന്മൂലം, ഉയിർക്കേണ്ട ആവശ്യമില്ല. (1തിമൊ, 6:16)

പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3) പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). കന്യകയിൽ ഉല്പാദിതമായതും (മത്താ, 1:20) ജനിച്ചതും (മത്താ, 1:16) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) ദൈവാത്മാവിനാൽ മരണം വരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ടതും (1പത്രൊ, 3:18) അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷമായതും (യോഹ, 20:17) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) യേശുവെന്ന (മതാ, 1:21) പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21). തന്നെയുമല്ല, താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട, അവനുമായി ഇടപഴകിയ എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും, രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം ഇരുന്നുകൊണ്ട്, ദൈവപത്രൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവൻ ആണെന്നും ദൂതനാണെന്നുമൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരിൽ വ്യാപരിക്കുന്നത് ഏതത്മാവാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ ക്രിസ്തുയേശുവിൻ്റെമേൽ, ഇല്ലാത്ത കെട്ടുമാറാപ്പൊക്കെ ചാർത്തിക്കൊടുത്ത് അവനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകുകയുള്ളു. അതവന് അഭിമാനമല്ല; അപമാനമാണെന്ന് ദൈവവചനപ്രകാരം ദയവായി വിശ്വസിക്കുക. മേല്പറഞ്ഞതെല്ലാം, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ്. പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ വായിക്കുന്ന ആർക്കും മനസ്സിലാകുന്ന സത്യങ്ങൾ. എന്നാൽ, ഇനിയും വെളിപ്പെടുത്തുന്ന കാര്യങ്ങൾ, ഇതുവരെയും അനേകർക്കും ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ദൈവിക മർമ്മങ്ങളാണ്. ദയവായി വളരെ ശ്രദ്ധയോടെ വായിക്കുക.

54. ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതോ, അവതാരമെടുത്തതോ അല്ല. അവളിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ടവനാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തുടക്കം മുതൽ നാമത് കണ്ടതാണ്. എന്നാൽ, യേശുവെന്ന മനുഷ്യനു ഒരു പൂർവ്വാസ്തിത്വം ഉണ്ടെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. എന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിലോ, മറ്റെവിടെയോ തൻ്റെ ജനനത്തിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ലെന്ന് നമുക്കറിയാം. അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് സ്നാപകൻ്റെ സാക്ഷ്യം. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു (Christ is come in the flesh) എന്നാണ് യോഹന്നാൻ പറയുന്നത്. അവൻ ജഡത്തിൽ വന്നു എന്ന് പറയണമെങ്കിൽ, അവൻ മറ്റൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ക്രിസ്തു മേലിൽ നിന്നു വന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നെക്കെയും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 3:31). അതായത്, മനുഷ്യനായി ലോകത്തിൽ വെളിപ്പെടും മുമ്പെ അവൻ ഉണ്ടായിരുന്നു അഥവാ, അവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്. ദൈവപുത്രൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). അതായത്, മനുഷ്യനായി ഈ ലോകത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ മേലിൽ നിന്നുള്ളവൻ അഥാവാ, സ്വർഗ്ഗത്തിൽ നിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). അതായത്, ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പൗലൊസ് പറയുന്നത്. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു. വേറെയും പല വാക്യങ്ങളുണ്ട്. എന്നാൽ, വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: കന്യകയായ മറിയയിൽ ഉല്പാദിതനായ യേശുവെന്ന മനുഷ്യന് എങ്ങനെ ഒരു പൂർവ്വാസ്തിത്വം ഉണ്ടാകും? അതിൻ്റെ ഉത്തരമാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 3:2; 1തിമൊ, 3:14-16). അതായത്, അവതാരമല്ല നടന്നിരിക്കുന്നത്; വെളിപ്പാട് (manifestation) അഥവാ, പ്രത്യക്ഷതയാണ് നടന്നിരിക്കുന്നത്.

55. ദൈവഭക്തിയുടെ മർമ്മം: ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

56. ദൈവത്തിൻ്റെ പ്രകൃതി: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവ പറയുന്നു. (യിരെ, 23:23,24). ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു. (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു. (1രാജാ, 8:27). എന്നാൽ, പൗലൊസ് കുറചുകൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെങ്കിൽ, സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. അവരിൽ അല്ലോ, എന്ന് ബഹുവചനതത്തിൽ അല്ല. അവനിൽ അല്ലോ, നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം മൂന്നുപേരല്ല; ഒരുത്തൻ മാത്രമാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. അതിൽ, ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അദൃശ്യനായ മോണോസ് തെയൊസ് മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. പ്രപഞ്ചത്തെക്കാൾ വലിയവനായ മാറ്റമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് അവതാരമെടുത്തു എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവം അവതാരമെടുത്തിട്ടില്ല; അവതാരമെക്കാൻ സാദ്ധ്യവുമല്ല,. എന്തെന്നാൽ, അവൻ മാറ്റമില്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്.

57. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). ചരിത്രപരമായി ബൈബിളിൻ്റെ അവസാനത്തെ അഞ്ച് പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ പറയുന്നു: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല. (യോഹ, 1:18; 1യോഹ, 4:12). പൗലൊസ് പറയുന്നു: കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അപ്പോൾ, പഴയപുതിയനിയമങ്ങളിൽ കണ്ടത് ആരെയാണ്? അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത്. പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ലെന്ന് പറയുന്ന ബൈബിൾതന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുണ്ട്. യെശയ്യാവും യോഹന്നാനും കണ്ടത് പിതാവായ യഹോവയെത്തന്നെയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. (യെശ, 6:1-3; വെളി, 4:8). തന്നെയുമല്ല, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). സ്വർഗ്ഗത്തിലെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്ന് ക്രിസ്തു പറഞ്ഞ പിതാവിനെയാണ്; മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1), യെഹെസ്ക്കേലും 1:26-28), ദാനീയേലും (7:9), യോഹന്നാൻ അപ്പൊസ്തലനും (വെളി, 4:8) സ്വർഗ്ഗസിംഹാസനത്തിൽ കണ്ടത്. ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). അതുകൊണ്ടാണ്, പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മതാ, 18:11; വെളി, 4:8). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9). അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നത്. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുളാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അതേ മനുഷ്യസാദൃശ്യത്തിലാണ് ക്രിസ്തു ലോകത്തിൽ വന്നത്. അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും, ക്രിസ്തുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). പുത്രനെയും അനേകായിരങ്ങൾ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; യോഹ, 1:32. ഒ.നോ: പ്രവൃ, 2:3). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചിട്ടുമുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. ദൈത്തിൻ്റെ പ്രത്യക്ഷതകളെയാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. ദൈവത്തിന് വേറെയും പ്രത്യക്ഷതകളുണ്ട്: അബ്രാഹാമിനു പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1-2). ഏഴ് ആത്മാവും (വെളി, 1:4; 4:5), മനുഷ്യപുത്രനോട് സദൃശനും (വെളി, 1:13), ഏഴ് കൊമ്പും ഏഴ് കണ്ണുകളുമുള്ള അറുക്കപ്പെട്ട കുഞ്ഞാട് തുടങ്ങിയവ ദൈവത്തിൻ്റെ വെളിപ്പാടുകളാണ്. (വെളി, 5:6)

58. പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പഴയയനിയമത്തിലുമുണ്ട്: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ  കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ  തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ  കൂടാരവാതിൽക്കൽനിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:1-2). യഹോവ പൂർണ്ണ മനുഷ്യനായിട്ടാണ് അബ്രാഹാമിന് പ്രത്യക്ഷനായത് എന്നതിന് കൃത്യമായ തെളിവുകൾ ഈ വേദഭാഗത്തുണ്ട്: 1. യഹോവ പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. എന്നാൽ, അബ്രാഹാം കാണുന്നത് മൂന്ന് മനുഷ്യരെയാണ്. അവൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് അവിടെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). 2. അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (19:1). അത് ആതിഥികൾക്കുള്ള ആചാരപരമായ നമസ്കാരം ആയിരുന്നു. ആരാധനാപരം ആയിരുന്നുവെങ്കിൽ; അഥവാ, യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു ബഹുവചനത്തിൽ പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു ഏകവചനത്തിൽ പറയുമായിരുന്നു. 3. തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. (18:3-5). കുറേസമയം അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:6-14). ആബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു:”ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീർത്തനം 40:6, LXX). എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. അതായത്, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു.

59. പുതിയനിയമം: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-13; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂളിയിൽ വെച്ചാണ് ദൈവം അവർക്ക് ന്യായപ്രമാണം നല്കുന്നത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, മഹാപൗരോഹിത്യ പ്രാർത്ഥനയിൽ ക്രിസ്തു രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമം എന്നാണ്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. ഞാൻ അഥവാ, യഹോവയായ ഞാൻ പുതിയൊരു നിയമം ചെയ്യും. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായത്. (ലൂകൊ, 1:68; 1തിമൊ, 3:14-16; 1പത്രൊ, 1:20). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക. (മത്താ, 5:17-18). പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല. പഴയനിയമത്തെ നീക്കിയശേഷം പുതിയൊരു നിയമം സ്ഥാപിക്കാനല്ല അവൻ വന്നത്. പഴയനിയമത്തിൻ്റെ ബാക്കിയുമല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ, പഴയനിയമത്തിൻ്റെ കുറവ് തീർക്കാനോ അല്ല അവൻ വന്നത്. പഴയനിയമത്തിൽ തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തങളുടെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമം ഇല്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് പുതിയനിയമം. രക്ഷകൻ്റെ പേർ വെളിപ്പെടുത്തുന്ന പുതിയ നിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും. യഹോവയുടെ ജനമാണ് യിസ്രായേൽ. (2ശമൂ, 6:21; 2രാജാ, 9:6; 1ദിന, 14:2). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: ലൂക്കൊ, 7:16). യിസ്രായേലിൻ്റെ ദൈവമായ യഹോവ അവരോട് ചെയ്തിരുന്ന വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, ഒരു പുതിയനിയമം സ്ഥാപിക്കുകയും ചെയ്തു. (ലൂക്കൊ, 22:20).

60. വീണ്ടെടുപ്പുകാരൻ: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12). ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. 1. വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). അതിനാൽ, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും പാപിയായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലും പാപികളുടെ ബന്ധുവാകാനോ, പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. അതിനാണവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ള പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6: 3:14-16; എബ്രാ, 2:9). അതിനാണവൻ പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായത്: (ഫിലി, 2:8; 1തിമൊ, 3:16). 2. വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: (രൂത്ത്, 2:1). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4). അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14,15). പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ അതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:7-10). അതിനാൽ, ദൈവംതന്നെ പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുക്കുകയായിരുന്നു: (1തിമൊ,2:5,6; 3:16; 1പത്രൊ, 1:18,19). ക്രൂശിതനായക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്: (1കൊരി, 15:21; 1തിമൊ, 2:6). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. സകലത്തിലും സമ്പന്നനായ ദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെട്ടത്. (2കൊരി, 8:9; 1തിമൊ, 3:14-16). അതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്. (1തിമൊ, 2:5-6). 3. വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13). “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫിലി, 2:8; 1തിമൊ,2:6; എബ്രാ, 7:27; 9:14). 4. വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായി പ്രത്യക്ഷനായത്: (1തിമൊ, 3:14-16). “പാപം അറിയാത്തവൻ” (2കൊരി, 5:21), “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5), “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15). ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.

61. യഹോവയും യേശുവും: യഹോവയും യേശുവും ഒന്നാണ് അഥവാ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷമായത് എന്നതിന് അനവധി തെളിവുകളുണ്ട്. യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). യിസ്രായേലിനു അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ യേശുവെന്ന മനുഷ്യനല്ല ഇനി വരുന്നത്; യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവമാണ് ഇനി വരുന്നത്. അന്നാണ് ഒലിവുമല നടുവെ പിളർന്നുപോകുന്നത്. (സെഖ, 14:3-5; പ്രവൃ, 1:6,11). അന്നാണ് അവർ തങ്ങൾ കുത്തിത്തുളച്ചവനായ യഹോവയിലേക്ക് നോക്കി വിലപിക്കുന്നതും, വീരാനാം ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ട് മടങ്ങിവരുന്നതും. (വെളി, 1:7; യെശ, 10:21).

62. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

63. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്നാണ് അനേകർ കരുതുന്നത്. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. അനേകം തെളിവുകളുണ്ട്: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണെന്ന് വ്യക്തമാണല്ലോ? 3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? 5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). 6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5, 22:16). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 7. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു,. 8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ലേഖനം കാണുക]

64. ദൈവവും മനുഷ്യനും: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, മത്തായി 1:1-മുതൽ യോഹന്നാൻ 20:17-വരെ അഥവാ, സുവിശേഷചരിത്രകാലത്ത് കാണുന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള യേശുക്രിസ്തുവെന്ന ഏകമനുഷ്യനെയാണ്. (റോമ, 5:15; 1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി, യേശുവെന്ന ഏകമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അനന്തരം, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് നാല്പത് നാളോളം പ്രത്യക്ഷനായത്, ഏകദൈവം തന്നെയാണ്. മർക്കൊ, 16:14; യോഹ, 20:19; പ്രവൃ, 1:2). ആ ദൈവമാണ്, ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതി നല്കിയത്. (യോഹ, 20:22). തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്ന് അരുളിച്ചെയ്തത്. (മത്താ, 28:20). ഇതൊന്നും, ഒരു മനുഷ്യന് ചെയ്യാനും പറയാനും പറ്റുന്ന കാര്യങ്ങളല്ല. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ഭൂമിയിൽ വസിച്ച്, ശിഷ്യന്മാരോട് കൂടെ നടക്കുകയായിരുന്നു. എന്നാൽ, ദൈവം അവർക്ക് നാല്പത് നാളോളം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷൻ ആകുകയായിരുന്നു.

65. ഞാനും പിതാവും ഒന്നാകുന്നു: നമ്മുടെ കർത്താവായ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നാണെന്ന് പറഞ്ഞാൽ; നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാകയാൽ; ഒരു രണ്ടാം ദൈവമോ, മൂന്നാം ദൈവമോ നമുക്കില്ല. ഏകസത്യദൈവമാണ് (The only true God) നമുക്കുള്ളത്; ആ ദൈവത്തിൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

തീത്തൊസിലെ മഹാദൈവം ആരാണ്❓

“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” (തീത്തൊ, 2:12)

തീത്തൊസിലെ മഹാദൈവം ആരാണെന്നാണ് നാം പരിശോധിക്കുന്നത്. മഹാദൈവവും രക്ഷിതാവായ യേശുക്രിസ്തുവും രണ്ടുപേരാണെന്ന് വിശ്വസിക്കുന്നവരും ഒന്നാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. മഹാദൈവവും യേശക്രിസ്തുവും അഭിന്നരാണെന്നും വിഭിന്നരാണെന്നും തോന്നത്തക്ക വിധത്തിലാണ് ഇംഗ്ലീഷിലെ പരിഭാഷകൾ: “Looking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;” (KJV, NIV, ESV, NASB, NLT). “lokinge for that blessed hope and glorious apperenge of ye myghty god and of oure savioure Iesu Christ;” (Tyndale Bible, Coverdale Bible, Matthew’s Bible, The Great Bible, Geneva Bible). ഇംഗ്ലീഷിലെ മിക്ക പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന നിലയിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. KJV-യുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയിൽ ഇപ്രകാരമാണ്: “ഭാഗ്യമുള്ള ആശെക്കും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള പ്രത്യക്ഷതെക്കുംവേണ്ടി കാക്കുന്നവരാകുവാനായിട്ട്.” ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും (1829, 1843, 1876) മഹാദൈവവും യേശുക്രിസ്തുവും ഒന്നാണ്. മലയാളത്തിലെ രണ്ടു പരിഭാഷ ഒഴികെ (പി.ഒ.സി; പു.ലോ.ഭാ), ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തും ഒന്നാണെന്ന് കാണാൻ കഴിയും: ഇ.ആർ.വി, ബെഞ്ചമിൻ ബെയ്ലി, മലയാളം ബൈബിൾ (mlBCS), മലയാളം ബൈബിൾ (1956), മലയാളം ബൈബിൾ നൂതനപരിഭാഷ (MSV 17), മാണിക്കത്തനാർ (1935), വിശുദ്ധഗ്രന്ഥം, വിശുദ്ധ സത്യവേദപുസ്തകം. സത്യം പരിഭാഷ, സത്യവേദപുസ്തകം, സത്യവേപുസ്തകം സമകാലിക പരിഭാഷ, ഹെർമൻ ഗുണ്ടർട്ട് (1868) തുടങ്ങിയവ. വചനപരമായ ഒരു തെളിവ് പറഞ്ഞാൽ; യേശുക്രിസ്തുവിൻ്റെ തേജസ്സിലുള്ള പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്ന ഒരു പരിഭാഷയാണ് യഹോവസാക്ഷികളുടെ പുതിയലോകം ഭാഷാന്തരം. അതിൽ ഇപ്രകാരമാണ്: “സന്തോഷമേകുന്ന പ്രത്യാശയുടെ സാക്ഷാത്കാരത്തിനും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്.” അതായത്, മഹാദൈവും യേശുക്രിസ്തുവും വിഭിന്നരാണെങ്കിൽ, ഭാവിയിൽ രണ്ടുപേരും ഒരുമിച്ചു പ്രത്യക്ഷരാകണം. രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷനാകുന്നതിനെക്കുറിച്ച് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല; അതിൻ്റെ ആവശ്യവുമില്ല. അതിനാൽ, അവിടെപ്പറയുന്ന മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന് വ്യക്തമാണ്. എന്നാൽ, ഇവിടെപ്പറയുന്ന മഹാദൈവം പിതാവാണോ പുത്രനാണോ എന്നതാണ് ചിന്തനീയമായ വിഷയം:

1️⃣ മഹാദൈവമായ യേശുക്രിസ്തു: “മഹാദൈവമായ യേശുക്രിസ്തു” എന്ന് പറഞ്ഞിരിക്കയാൽ, ദൈവപുത്രനാണ് ഇവിടെപ്പറയുന്ന മഹാദൈവം എന്ന് തോന്നുന്നത് സ്വാഭാവികമാണ്. പുതിയനിയമത്തിൽ പുത്രനോട് ചേർത്ത് മാത്രമാണ്, ‘യേശു’ എന്ന ഒരു സംജ്ഞാനം അഥവാ, പ്രത്യേകനാമം പറിഞ്ഞിരിക്കുന്നത്. (മത്താ, 1:21). അതിനാൽ, പുത്രൻ്റെ നാമം മാത്രമാണ് “യേശു അഥവാ, യേശുക്രിസ്തു” എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്: തെളിവുകൾ നോക്കാം: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 17:11; 17:12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് മനസ്സിലാക്കാം. അവിടെ പറഞ്ഞിരിക്കുന്ന ‘നാമം’ അഥവാ, ഒനോമ (onoma) എന്ന ഗ്രീക്കു പദത്തിന് പേര് എന്നല്ലാതെ; മറ്റൊർത്ഥവും കല്പിക്കാൻ കഴിയില്ല. 3. താൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകും (പ്രവൃ, 4:12). തന്നെയുമല്ല, പുതിയനിയമത്തിൽ മറ്റൊരു നാമത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. 5. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). എന്നാൽ, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). തന്മൂലം, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്? എന്ന ലേഖനം കാണുക]. അതിനാൽ, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനാണെന്ന് ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ല. അതിനാൽ, പിതാവാണോ, പുത്രനാണോ എന്നറിയാൻ മറ്റ് വേദഭാഗങ്ങൾ പരിശോധിക്കാം:

2️⃣ മഹാദൈവം: ഈ വേദഭാഗം ഒഴികെ, മഹാദൈവം എന്ന പ്രയോഗം മറ്റ്  ആറ് സ്ഥാനങ്ങളിൽക്കൂടി കാണാം: “നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.” (ആവ, 10:17. ഒ.നോ: എസ്ര, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:45; വെളി, 19:18). മേല്പറഞ്ഞ സഹായ വാക്യങ്ങളിലെല്ലാം യഹോവയായ പിതാവാണ് മഹാദൈവം എന്ന് കാണാൻ കഴിയും. രണ്ട് മഹാദൈവം എന്നത്, വചനവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. തന്മൂലം, തീത്തൊസിലെ മഹാദൈവം പുത്രനല്ല പിതാവാണെന്ന് മനസ്സിലാക്കാം. 

3️⃣ ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്: യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9). ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം, യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണെങ്കിൽ, തീത്തൊസിലെ മഹാദൈവം പുത്രനല്ല; പിതാവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4️⃣ താൻ ദൈവമല്ലെന്ന് ദൈവപുത്രൻ കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ദൈവപുത്രൻ പറഞ്ഞിരിക്കുന്ന രണ്ട് തെളിവുകൾ തരാം:

1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല.

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, തീത്തൊസ് പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

5️⃣ ദൈവവും ദൈവപുത്രനും: ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്: (യോഹ, 6:69; 8:40). ദൈവം ആദ്യനും അന്ത്യനും അഥവാ, ആരംഭവും അവസാനവും ഇല്ലാത്തവനും അനാദിയായും ശാശ്വതമായും ദൈവമാണ്: (സങ്കീ, 90:2; യെശ, 44:6). എന്നാൽ, ദൈവപുത്രനായ യേശുവിന് ജനനം എന്ന ഒരു ആരംഭമുണ്ട്. (ആവ, 18:15,18; യെശ, 7:14; മീഖാ, 5:2; മത്താ, 1:21; 2:1; ലൂക്കൊ, 1:35; 2:7; റോമ, 9:5; ഗലാ, 4:4). അനേകർ വിചാരിക്കുന്നതുപോലെ, (ഇല്ലാത്ത) ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ (He) എന്ന ‘സർവ്വനാമം’ മാറ്റിയിട്ട്, തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God was manifest in the flesh) എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് ഇപ്രകാരമാണ്: “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് എന്നാൽ, യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല: (പുറ, 5:1; 32:27; 34:23). അതായത്, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18: 15,18; സങ്കീ, 40:6–എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 21; യോഹ, 6:69; 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും (മത്താ, 11:19; ലൂക്കൊ, 7:34) അപ്പൊസ്തലന്മാരും (മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6) ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടും ആരംഭമുള്ളവനുമായ ദൈവപുത്രൻ മഹാദൈവമാണെന്ന് പറയാൻ പറ്റില്ല. തന്മൂലം, തീത്തൊസിൽ പറയുന്ന മഹാദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം. [മുഴുവൻ തെളിവുകളും കാണാൻ, ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ? എന്നീ ലേഖനങ്ങൾ കാണുക]

6️⃣ രക്ഷിതാവായ യേശുക്രിസ്തു: “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നാണ് പ്രസ്തുത വാക്യത്തിൽ പറയുന്നത്. ഈ വേദഭാഗം കൂടാതെ തീത്തൊസിൻ്റെ ലേഖനത്തിൽ അഞ്ചുപ്രാവശ്യം രക്ഷിതാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ മൂന്നുപ്രാവശ്യം ദൈവത്തെയാണ് കുറിക്കുന്നത്: “നമ്മുടെ രക്ഷിതാവായ ദൈവത്തിൻ്റെ കല്പനപ്രകാരം.” (1:1. ഒ.നോ: 2:9; 3:4). രണ്ടുപ്രാവശ്യം ദൈവപുത്രനെയാണ് കുറിക്കുന്നത്: “പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (1:4. 3:7). തീത്തൊസ് 3:7-ൽ പറയുന്ന രക്ഷിതാവായ യേശുക്രിസ്തുവും പുത്രനാണെന്ന് മനസ്സിലാക്കാം: നാലാം വാക്യത്തിൽ രക്ഷിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട്, ദൈവത്തിൻ്റെ കരുണയാലാണ് രക്ഷിച്ചതെന്ന് അഞ്ചാം വാക്യത്തിലും, ദൈവത്തിൻ്റെ കൃപയാലും പുനർജ്ജനനസ്നാനം കൊണ്ടുമാണ് നിത്യജീവന് അവകാശികളായതെന്ന് ആറാം വാക്യത്തിലും പറഞ്ഞശേഷമാണ്, രക്ഷിതാവായ യേശുക്രിസ്തുമൂലം അഥവാ, മൂഖാന്തരം പരിശുദ്ധാത്മാവിനെ പകർന്നകാര്യം പറയുന്നത്. ദൈവപുത്രൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ദൈവം പരിശുദ്ധാത്മാവെന്ന വാഗ്ദത്ത സഭയ്ക്ക് നല്കിയത്. (യോഹ, 7:37-39; പ്രവൃ, 2:33). പഴയപുതിയനിയമ രക്ഷകൻ: പഴയനിയമത്തിൽ രക്ഷയും (സങ്കീ, 106:5; 149:4) രക്ഷകനും (2ശമൂ, 22:2; സങ്കീ,18:2; 30:10; 144:2; യെശ, 43:3; 60:16) രക്ഷിതാവും (2ശമൂ, 22:3; സങ്കീ, 106:22; യെശ, 43:11; 45:15; 45:21; 49:26; 63:8; യിരെ, 14:8; ഹോശേ, 13:5) വീണ്ടെടുപ്പുകാരനും (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6; 44:24; 47:4; 48:17; 49:7; 49:26; 54:5; 54:8; 54:20; 60:16; 63:16; യിരെ, 50:34) യഹോവയായ ഏകദൈവമാണ്. സകല ഭൂവാസികളുടെയും രക്ഷകൻ യഹോവയായ ദൈവം മാത്രമാണെന്ന് പറഞ്ഞിരിക്കുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). രക്ഷയ്ക്കുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). എന്നാൽ, പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, “കർത്താവിൻ്റെ അഥവാ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പുതിയനിയമവും പറയുന്നു: (പ്രവൃ, 2:22; റോമ, 10:13). എന്നാൽ, മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനും ആ നാമവുമല്ലാതെ, വേറൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നു: (പ്രവൃ, 4:10-12). പുതിയനിയമത്തിൽ രക്ഷയും (ലൂക്കൊ, 2:31; 3:5) രക്ഷിതാവും (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23;എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4) 2:12; 3:7; 2പത്രൊ, 1:11; 2:20; 3:2; 3:18) രക്ഷാനായകനും (എബ്രാ, 2:10) ലോകരക്ഷിതാവും (യോഹ, 4:42; പ്രവൃ, 4:12; 1യോഹ, 4:14) വീണ്ടെടുപ്പുകാരനും (ലൂക്കൊ, 24:21; റോമ, 3:24; 1കൊരി, 1:30; എഫെ, 1:7; കൊലൊ, 1:14; എബ്രാ, 9:14; 9:15; 1പത്രൊ, 1:18) ദൈവപുത്രനായ യേശുക്രിസ്തുവാണ്. പുതിയനിയമത്തിൽ ദൈവത്തെയും രക്ഷിതാവെന്ന് വിളിച്ചിട്ടുണ്ട്: (ലൂക്കൊ, 1:47; 1തിമൊ, 1:1; 2:3; 4:10; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). പഴയനിയമത്തിൽ യഹോവ മാത്രമാണ് രക്ഷിതാവെങ്കിൽ. പുതിയനിയമത്തിൽ പിതാവും പുത്രനും രക്ഷിതാവാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ കാരണം രണ്ടാണ്: 1. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ദൈവപുത്രൻ. (1തിമോ, 3:14-16; ലൂക്കൊ, 1:68).അഥവാ,, യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായ കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും 1പത്രൊ 2;24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 2. പ്രവചനംപോലെ, മനുഷ്യനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അതുകൊണ്ടാണ്, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷയെന്ന് പൗലൊസും പത്രൊസും പറയുന്നത്. (റോമ, 5:15; പ്രവൃ, 15:11). ക്രിസ്തു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവത്തെയും ക്രിസ്തുവിനെയും രക്ഷിതാവെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്. തന്മൂലം, തീത്തൊസ് 2:12-ലെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാം. 

7️⃣ തേജസ്സിൻ്റെ പ്രത്യക്ഷത: മഹാദൈവത്തിൻ്റെ തേജസ്സിലുള്ള അഥവാ, മഹത്വത്തോടെയുള്ള പ്രത്യക്ഷതയാണ് തീത്തൊസിലെ വിഷയം. മഹത്വത്തിൽ വരുന്നത് യഹോവയാണ് എന്ന് തെളിയിക്കുന്ന ഏഴ് പ്രവചനങ്ങൾ പഴയനിയമത്തിലുണ്ട്: 1.യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26). 2.മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (102:15-17). 3.പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10). 4.അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ,  66:15,16). 5.കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14). 6.ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3-4). 7.സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5). ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം: (വെളി, 1:7; തീത്തൊ, 2:12; വെളി, 22:12; 2തെസ്സ, 1:6,7; 1തെസ്സ, 4:16; പ്രവൃ, 1:11; 1തെസ്സ, 3:13). വേറെയും പ്രവചനങ്ങളുണ്ട്: (1കൊരി, 1:7; 1തെസ്സ,, 2:19;റ5:23; 2തെസ്സ, 2:6,8; 2:1; 1തിമൊ, 6:13; 2തിമൊ, 4:1,8; എബ്രാ, 9:28; യാക്കോ, 5:7-8; 1പത്രൊ, 1:7; 1:13; 5:4; 2പത്രൊ, 1:16). എന്നാൽ, പിതാവാണ് പ്രത്യക്ഷനാകുന്നതെന്നും അവനോടാണ് നാം സദൃശന്മാരാകുന്നതെന്നും യോഹന്നാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹ. 3:1-2. ഒ.നോ: 2:28). ഈ വേദഭാഗത്ത്, “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും” എന്നാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ‘നാം’ എന്ന ഉത്തമപുരുഷനിൽ സംസാരിക്കുന്നത്, പ്രഥമപുരുഷനായ പിതാവിനെക്കുറിച്ചാണ്. എന്താണ് പറയുന്നത്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.” ഒന്നാം വാക്യത്തിലെ പ്രഥമപുരുഷൻ പിതാവാണ്. പ്രഥപുരുഷൻ്റെ സർവ്വനാമമാണ്; അവൻ, അവൾ, അവർ, ഇവൻ, ഇവൾ, അത്, ഇത് തുടങ്ങിയവ. എന്നിട്ടാണ് പറയുന്നത്; “അവൻ അഥവാ, പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും. തന്മൂലം, പുത്രനല്ല; പിതാവാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഒ.നോ: (1യോഹ, 2:28; വെളി, 22:12). 

8️⃣ തീത്തോസിൻ്റെ അടുത്തവാക്യത്തിൽ അഥവാ, 2:14-ൽ ഇപ്രകാരം കാണാം: “അവന്‍ നമ്മെ സകല അധര്‍മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.” മഹാദൈവമായ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞശേഷമാണ്, അവൻ ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു’ എന്നു പറഞ്ഞിരിക്കുന്നത്. അതിനാൽ, അവിടെപ്പറുന്ന മഹാദൈവം ദൈവപുത്രനാണെന്ന് കരുതുന്നവരുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞതും നാം മുകളിൽ കണ്ടതാണ്. അതിനാൽ, അവിടെപ്പറയുന്നത് ദൈവപുത്രനല്ല; പിതാവാണ്. ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, ദൈവത്തിന് മനുഷ്യനായി വേഷം മാറാനോ, അവതാരം എടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 1തിമൊ, 6:16). അതുകൊണ്ടാണ്, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പരിശുദ്ധമനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:21; ലൂക്കൊ, 1:35; ലൂക്കൊ, 2:21; യോഹ, 6:69; 8:40). എന്നിട്ട്, ആ മനുഷ്യനിലൂടെയാണ് ദൈവം പാപത്തിന് പാപപരിഹാരം വരുത്തിയത്. (പ്രവൃ, 2:22-24; 1തീമൊ, 2:6; എബ്രാ, 2:9). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാലാണ്, “തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു” എന്ന് പറഞ്ഞിരിക്കുന്നത്. അതിന് പല തെളിവുകളുമുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത് കാണാം. (സെഖ, 12:10. ഒ.നോ: യോഹ, 19:37). സെഖര്യാവ് 12:10-ൻ്റെ സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. ദൈവപുത്രനായ മനുഷ്യനെയാണ് കുത്തിത്തുളച്ചത്. (യോഹ 19:32). അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്. 1കൈരിന്മർ 2:7-8-ൽ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം അറിയായ്കയാലാണ്, അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിച്ചതെന്ന് പൗലൊസ് പറയുന്നത് നോക്കുക. മഹത്വത്തിൻ്റെ രാജാവ് യഹോവയാണെന്ന് പഴയനിയമത്തിൽ കാണാം. (സങ്കീ, 24:10). യഹോവയും യേശുവും ഒന്നായതുകൊണ്ട് അഥവാ, ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അതൊക്കെ പറയാൻ കഴിയുന്നത്. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക]

9️⃣ മൂന്ന് വെളിപ്പാടുകൾ: അദൃശ്യനായ ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷനാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). 

🔟 ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! 

[കൂടുതൽ അറിവുകൾക്കായി, ദൈവഭക്തിയുടെ മർമ്മം, ഞാനും പിതാവും ഒന്നാകുന്നു, യഹോവയും യേശുവും ഒന്നാണോ? തുടങ്ങിയ ലേഖനങ്ങൾ കാണുക]

യേശു, ക്രിസ്തു ആയത് എപ്പോഴാണ്❓

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അതായത്, ക്രിസ്തു അഥവാ, അഭിഷിക്തൻ എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ, പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയനിയമത്തിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. എന്നാൽ, ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നു എന്ന് കരുതാൻ കാരണമായ വാക്യം.

ഒന്നാമത് മനസ്സിലാക്കേണ്ടത്, സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. രണ്ടാമത്, യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ ക്രിസ്തുവോ ആയിരുന്നില്ല. മരണത്തിൻ്റെ അധികാരിയായ പിശാചിനെ യേശു തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. (എബ്രാ, 2:14-15). പെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത ജനത്തോട് വിളിച്ചുപറയുകയുണ്ടായി. (പ്രവൃ, 2:22-24,36). മൂന്നാമത്, ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ തെളിവ് ആ വേദഭാഗത്തുതന്നെ ഉണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നതെന്ന് ഓർക്കണം. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: സർവജനത്തിനും ഉണ്ടായ മഹാസന്തോഷം എന്നല്ല; ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ ക്രിസ്തുവും കർത്താവും ആയിരുന്നെങ്കിൽ, സർവ്വജനത്തിനും ഉണ്ടായ സന്തോഷം എന്ന് ഭൂതകാലത്തിൽ പറയുമായിരുന്നു. എന്നാൽ, ഭൂതകാലത്തിലല്ല; ഉണ്ടാകുവാനുള്ള സന്തോഷം എന്ന് ഭാവികാലത്തിലാണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, ജനിച്ചിരിക്കുന്നു എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, കന്യകയിൽ; ഒരു പാപമറിയാത്ത മനുഷ്യ ശിശു ജനിച്ചു കഴിഞ്ഞു. അതുകൊണ്ടാണ്, ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞത്. എന്നാൽ, അവൻ ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ആകുവാൻ ഇരിക്കുന്നതേയുള്ളു; അതാണ്, സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം. തന്മൂലം, യഥാർത്ഥത്തിൽ അതൊരു പ്രവചനവും ഇടയന്മാരോട് അറിയിച്ച ഒരു സദ്വാർത്ത അഥവാ, സുവിശേഷവും ആണെന്ന് മനസ്സിലാക്കാം. നാലാമത്, ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). തന്മൂലം, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവികമാണെന്നു വ്യക്തമായി മനസ്സിലാക്കാം. അഞ്ചാമത്, ദൂതൻ മാത്രമല്ല യേശുവിൻ്റെ അഭിഷേകത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്, യെശയ്യാവും പ്രവചിച്ചിട്ടുണ്ട്. (യെശ, 61:1-2). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്:

ആദ്യം, യേശു ആരാണെന്നറിയണം; എന്നാൽ മാത്രമേ, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത് എപ്പോഴാണെന്നും എന്തിനാണെന്നും അറിയാൻ കഴിയുകയുള്ളു. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ, പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (റോമ, 5:15; 2കൊരി, 5:21). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്.

ഇനി നമുക്ക് യേശുവെന്ന മനുഷ്യൻ ക്രിസ്തു ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? എന്തെന്നാൽ, ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; 4:18,19; പ്രവൃ, 4:27). അതായത്, യോർദ്ദാനിൽ വെച്ചാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചന നിവൃത്തിപോലെ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 9:20).

താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” “കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ, അന്നൊന്നും അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നില്ല. എന്നാൽ, യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് 30 വർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശു ക്രിസ്തു ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അതായത്, ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനെയാണ്. ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. എന്തെന്നാൽ, ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്. (എബ്രാ, 2:9). ഇതൊക്കെ, ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്. തന്നെയുമല്ല, ദൂതന്മാർക്കുപോലും, വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല; യേശുവെന്ന ക്രിസ്തുവിന് ഇതെല്ലാമുണ്ട്. എന്തെന്നാൽ, ഏകദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23;46; യോഹ, 8:40,46; 2കൊരി, 5:21). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മിക ചരിത്ര വസ്തുകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?

“അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പത്തി 18:1,2).

അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവനവരെ ആരാധിച്ചു എന്നുമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. അത് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെയുള്ള ട്രിനിറ്റിയുടെ ദൂഷണമാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇല്ലാത്ത ട്രിനിറ്റിയെ അബ്രാഹാം എങ്ങനെ ആരാധിക്കും? അതിനോടുള്ള ബന്ധത്തിൽ ചിലകാര്യങ്ങൾ പറയാം:

1. അബ്രാഹാമിനു പ്രത്യക്ഷനായത് ട്രിനിറ്റി അഥവാ ദൈവത്തിലില്ലാത്ത മൂന്നാളുകൾ ആയിരുന്നില്ല; യഹോവയായ ഏദൈവവും രണ്ടു ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നു പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷനായെന്നോ, യഹോവയും യേശുവും ആത്മാവും പ്രത്യക്ഷനായെന്നോ, അല്ലെങ്കിൽ മൂന്നുപേർ പ്രത്യക്ഷനായി എന്നോ പറയുമായിരുന്നു. എന്തെന്നാൽ, ട്രിനിറ്റിയുടെ വ്യാജവാദമനുസരിച്ച് ദൈവം തുല്യരായ മൂന്നുപേരാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനാകുമ്പോൾ, അതിൽ ഒരാളുടെ പേർമാത്രം എടുത്തുപറയില്ലല്ലോ? എന്നാൽ വസ്തുതയെന്താണ്; യഹോവയും രണ്ടു ദൂതന്മാരുമാണ് അവിടെ പ്രത്യക്ഷനായത്. സ്രഷ്ടാവായ ദൈവവും തൻ്റെ സൃഷ്ടികളായ രണ്ടു ദൂതന്മാരും ആയതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്.

2. അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (men) അഥവാ മനുഷ്യരെയാണ്. അതായത്, യഹോവയും രണ്ടു ദൂതന്മാരും മൂന്നു മനുഷ്യരായിട്ടാണ് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:2). ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ, അവനവരെ ആരാധിക്കുകയല്ല ചെയ്തത്, “നിലംവരെ കുനിഞ്ഞു” (bowed himself toward the ground). ഇതിലെവിടെയാണ് ആരാധനയുള്ളത്? ആചാരപമായി അവരെ സ്വികരിക്കുകയായിരുന്നു. അതിന് ട്രിനിറ്റി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്, “Abraham bowed down wordhiped the Trinity” എന്നാണ്. ആരാധനയുംആചാരപരമായ നമസ്കാരവുംവേർതിരിച്ച് അറിയാത്തതിൻ്റെയും പഠിക്കാത്തതിൻ്റെയും കുഴപ്പമാണ്.

എന്താണ് അവിടെ സംഭവിച്ചതെന്നു ചോദിച്ചാൽ: പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1) അബ്രാഹാം ഹിത്യരെയും (ഉല്പ,23:7) ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7) സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) നമസ്കരിച്ചതിനും; എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും ഷാഖാഹ് (shachah) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ പദംതന്നെയാണ് അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഉപയോഗിക്കുന്നത്. ഇവിടെ അബ്രാഹാം നിലംവരെ കുനിഞ്ഞതിനും, അടുത്ത അദ്ധ്യായതിൽ ലോത്ത് രണ്ടു ദൂതന്മാരെ കുനിഞ്ഞു നമസ്കരിച്ചതിനും അതേ പദമായ shachah ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെയാണ്: (18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). മറ്റുരണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായം ആരംഭം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെ അഥവാ, മലക്കുകളെയാണോ ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? വല്ലാത്ത ദുരുപദേശംതന്നെ!

4. അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു പുരുഷന്മാരെ അവൻ ആരാധിക്കുകയായിരുന്നില്ല; ഉപചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു (greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:1). ഇതാരാധന ആണെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറഞ്ഞാൽ എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് സാത്താന്യവഞ്ചനയാണെന്ന് മനസ്സിലാക്കാമല്ലോ?

ഇനിയൊരു പ്രത്യേകകാര്യം: അബ്രാഹാമിൻ്റെ മുമ്പിൽ ദൈവം ജഡത്തിൽ അഥവാ മനുഷ്യനായിട്ടാണ് വെളിപ്പെട്ടത്. ദൈവം ജഡത്തിൽ വെളിപ്പെട്ടത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലെ കൃത്യമായ തെളിവാണ് ഈ സംഭവം:

1. യഹോവയും രണ്ടു ദൂതന്മാരുമാണല്ലോ അവിടെ പ്രത്യക്ഷനായത്. യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ ദൈവമായിട്ടാണ് അവിടെ പ്രത്യക്ഷമായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” എന്നു പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്.  അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്.

2. അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പ, 18:3). യജമാനനെ കുറിച്ചിരിക്കുന്ന “അഡോണായി” (Adonay) എന്ന പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും അപൂർവ്വമായി മനുഷ്യരെയും സൂചിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ യജമാനൻ അഥവാ lord എന്നത് “l” ചെറിയക്ഷരം (small letter) ആണ്. അത് മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ഉദാ: (AB, ACV, ASV, BSB, CGV, CHB, CPDV, CSB, ERV, HCSB, ISV, JPIT, JPS, LEB, MSB, NASB 1977, NET, NHEB, NHEB-JM, NHEB-ME, NHEB-Y NIV,, NLT’15, NLV, NRSV-CI, Noibe, RSV, RSV-CE, RSV-CI, RV, WEB). ചില പരിഭാഷകളിൽ Sir ആണ്: (FBV, GW20, GWN, NAB, NCV, GNT, NHB’70, NOG, Rem, TLB, t4t).

സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ “യജമാനന്മാരേ” എന്ന ബഹുവചനമാണ്: “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.” International Standard Version-ലും ബഹുവചനമാണ്: “My lords,” he told them, “if I have found favor with you, please don’t leave your servant.” യെഹൂദന്മാരുടെ ഔദ്യോഗിക പരിഭാഷയായ തനക്കിലും (Tanakh) യജമാനന്മാർ എന്നാണ്: “And he said, “My lords, if only I have found favor in your eyes, please do not pass on from beside your servant.” തന്മൂലം, പൂർണ്ണമനുഷ്യനായിട്ടാണ് യഹോവ അബ്രാഹാമിനു പ്രത്യക്ഷനായതെന്ന് വ്യക്തമാണ്.

3. അബ്രാഹാം അവരോടു പറയുന്നത്: “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു”

അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് അവൻ അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് നോക്കണം: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്.

4. “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. ശേഷം, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9,10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ പൂർണ്ണമനുഷ്യനായി അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.

അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്നവൻ ആരായിരുന്നോ, അവൻ തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടത്. അതാണ് ദൈവഭക്തിയുടെ മോമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:3). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുതകൾ. [ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]

ട്രിനിറ്റിക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചോ, പ്രത്യക്ഷതകളെക്കുറിച്ചോ യാതൊരു ധാരണയും ഉള്ളവരല്ല. ബൈബിൾ വിരുദ്ധമായി ദൈവം മൂന്നുപേരാണെന്ന് വിശ്വസിക്കുകയും അതിലൊരാൾ അവതരിച്ചുവെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് ത്രിത്വക്കാർ. ദൈവം ഒരുത്തൻ മാത്രമാണ്. ദൈവത്തിൽ വ്യക്തികളില്ല, അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അവതാരം (incarnation) ബൈബിളിൻ്റെ വിഷയമേയല്ല. അത് ജാതീയസങ്കല്പമാണ്; അവർപോലും അതൊരു സങ്കല്പമായല്ലാതെ, വസ്തുതയായി കണക്കാക്കുന്നില്ല. അതിനെയാണ് ട്രിനിറ്റി സത്യദൈവത്തോട് ഏച്ചുകെട്ടാൻ നോക്കുന്നത്. ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ത്രിത്വവിശ്വാസം നരകത്തിലേക്കുള്ള എളുപ്പവഴിയാണ്. ത്രിത്വമെന്ന പാഗൻ സങ്കല്പം ത്യജിച്ചിട്ട് ഇപ്പോഴും മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാൻ ട്രിനിറ്റിക്ക് ഇട ശേഷിച്ചിട്ടുണ്ട്. ആരും നശിച്ചുപോകാതെ എല്ലാവരും നിത്യജീവൻ പ്രാപിക്കണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

ഇരുവരും ഒരു ദേഹമായിത്തീരും

“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക (ahad) ദേഹമായി തീരും.” (ഉല്പ, 2:24). “അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു (heis) ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു (heis) ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 19:5,6)

എബ്രായയിലെ ഒന്നിനും (ahad) ഗ്രീക്കിലെ ഒന്നിനും (heis) ബഹുത്വമുണ്ട് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്നു കാണിക്കാൻ ത്രത്വക്കാർ എടുക്കുന്ന പ്രധാന വേദഭാഗമാണിത്. എന്താണിതിലെ വസ്തുതയെന്നു നോക്കാം:

വിവാഹബന്ധത്തിലൂടെ രണ്ടു വ്യക്തികൾ  ഒന്നാകുന്നതാണ് ഇവിടുത്തെ വിഷയം. സമൂഹത്തിൻ്റെ അംഗീകാരത്തോടെ പുരുഷനും സ്ത്രീയും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ജീവിക്കുന്ന അവസ്ഥയാണ് വിവാഹം. ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന പ്രയോഗം ശ്രദ്ധിക്കണം: ഇരുവരും ഒന്നാകുമെന്നല്ല; ഒരു ദേഹമാകും എന്നാണ്. ഇവിടെ ‘ഒരു ദേഹം’ എന്നു വിവക്ഷിക്കുന്നത് പുരുഷനെയും സ്ത്രീയേയുമല്ല; അവരുടെ ദാമ്പത്യത്തെ അഥവാ ഭാര്യാഭതൃബന്ധത്തെയാണ്. 

അതായത്, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ; യഥാർത്ഥത്തിൽ രണ്ടു മനുഷ്യർ ചേർന്ന് ഒരു മനുഷ്യൻ ആകുകയോ, രണ്ടു വ്യക്തികൾ ചേർന്ന് ഒരു വ്യക്തി ആകുകയോ ചെയ്യുന്നില്ല. അവർ എല്ലായ്പ്പോഴും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളും ആയിരിക്കും; അഥവാ ഇരുവർ തന്നെ ആയിരിക്കും. ‘ഒരു ദേഹം’ എന്നു പറഞ്ഞിരിക്കുന്നത്: അവരുടെ ദാമ്പത്യമാണ്. ദാമ്പത്യം (matrimony) ഏകമാണ്. ഇരുവർക്കും മനപ്പൊരുത്തം ഉള്ള കാലത്തോളം ‘ഒരു ദേഹം അഥവാ ഏക ദാമ്പത്യത്തിൽ’ അവർക്കു ജീവിക്കാം. മനപ്പൊരുത്തം നഷ്ടപ്പെടുമ്പോൾ അവർക്ക് ഒരു ദേഹത്തിൽനിന്ന് അഥവാ ദാമ്പത്യത്തിൽ നിന്ന് വേർപിരിയാൻ വചനവും സമൂഹവും വ്യവസ്ഥ ചെയ്തിട്ടുണ്ട്: (5:31,32). 

മേല്പറഞ്ഞ വേദഭാഗത്ത് ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറയാതെ, ‘ഇരുവർ ഒന്നാകും’ എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഐക്യത്തിലുള്ള ഒന്നാണെന്നു പറയാം. അപ്പോൾത്തന്നെ അതിനൊരു വിപരീത വശംകൂടിയുണ്ട്: യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ഒരുമയോടെ കഴിഞ്ഞാൽ മാത്രമേ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയുകയുള്ളു. വിഘടിച്ചു കഴിയുന്ന രണ്ടുപേരാണെങ്കിൽ ഐക്യത്തിൽ ഒന്നെന്നു പറയാൻ കഴിയില്ല. എന്നാൽ ഒരു ദേഹമെന്ന ദാമ്പത്യബന്ധത്തിൽ അവർ വിഘടിച്ചുനിന്നാലും അവരെ ഒരു ദേഹമെന്നാണ് പറയുന്നത്. എന്തെന്നാൽ അവിടെ ഒന്നെന്നു പറഞ്ഞിരിക്കുന്നത് രണ്ടു മനുഷ്യരെയോ, വ്യക്തികളെയോ അല്ല; അവരുടെ ദാമ്പത്യത്തെയാണ്. അതുകൊണ്ടാണ് ‘ഇരുവരും ഒന്നാകും’ എന്നു പറയാതെ, ‘ഇരുവരും ഒരു ദേഹമാകും’ എന്നു പറഞ്ഞിരിക്കുന്നത്. ‘ഇരുവർ ഒരു ദേഹമാകും’ എന്നു പറഞ്ഞാൽ, ‘ഒരു ദേഹത്തിൽ അഥവാ ദാമ്പത്യത്തിൽ’ എവിടെയാണ് ബഹുത്വവും ഐക്യവുമുള്ളത്? ദാമ്പത്യം ഒന്നു മാത്രമേയുള്ളു. ദാമ്പത്യമെന്ന സംവിധാനത്തിനകത്താണ് ഇരുവരുള്ളത്. അവർ ഐക്യത്തിൽ കഴിഞ്ഞാലും ഇല്ലെങ്കിലും ദാമ്പത്യത്തിനു ബഹുത്വവുമില്ല, ഐക്യവുമില്ല. ദാമ്പത്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഐക്യവും ഐക്യമില്ലായ്മയും ഉണ്ടാകുന്നത്. അതുകൊണ്ട് ഒന്നാകുന്ന ദാമ്പത്യത്തിനു യാതൊരു വ്യത്യാസവുമില്ല; അത് എല്ലായിപ്പോഴും ഒന്നുതന്നെ ആയിരിക്കും. 

ദൈവശാസ്ത്രം ഐക്യത്തിലുള്ള ഒന്നിനു തെളിവായിട്ട് ഇതുപോലെ പല ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്; ഒരു കുടുംബം അഥവാ വീട്, ബാങ്ക്, സ്ഥാപനം തുടങ്ങിയവ.

ഒരു കുടുബം അഥവാ ഒരു വീടെന്നു പറഞ്ഞാൽ, അത് ഒരു കുടുബം തന്നെയാണ്; അതിനു അതിൽത്തന്നെ ബഹുത്വമില്ല. കുടുംബമെന്ന സംവിധാനത്തികത്ത് പല വ്യക്തികൾ ഉണ്ടാകും; അപ്പോഴും കുടുംബത്തിന് ബഹുത്വം ഉണ്ടാകുന്നില്ല. ഒരു വീടിനെ നോക്കി ആരും ഐക്യത്തിലുള്ള വീടെന്നു പറയില്ല. ആ വീട്ടിലുള്ളവർ ഒരുമയോടെ കഴിയുന്നവരാണെങ്കിൽ, ആ വീട്ടുകാർ അഥവാ കുടുബത്തിലുള്ളവർ ഐക്യമുള്ളവരാണെന്നു പറയും. ഇനി, ആ വീട്ടിലുള്ളവരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചുപോയാൽ, അതൊരു കുടുംബമല്ലെന്ന് ആരെങ്കിലും പറയുമോ? അപ്പോഴും അതൊരു കുടുംബം അഥവാ വീട് തന്നെയായിരിക്കും. അതുപോലെ, ഒരു ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു ബാങ്കാണ്. ഒരു സ്ഥാപനത്തിൽ ഒരു ജോലിക്കാരൻ മാത്രമേ ഉള്ളുവെങ്കിലും അതൊരു സ്ഥാപനം തന്നെയാണ്. എന്തെന്നാൽ ഒരു വീടെന്നോ, ബാങ്കെന്നോ, സ്ഥാപനമെന്നോ പറയുന്നത്, അതിനുള്ളിലുള്ള മനുഷ്യരുടെ ബഹുത്വവും ഐക്യവും നോക്കിയിട്ടല്ല.  

അപ്പോൾ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാൽ ഐക്യത്തിലുള്ള ഒന്നിനു തെളിവുമല്ല ഒന്നിനു ബഹുത്വവും ഉണ്ടാകുന്നില്ല എന്നു നാം കണ്ടു. ഇനി പല വ്യക്തികൾ ഐക്യത്തിൽ ഒന്നാകുന്നതിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ട്. യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു” (യോഹ, 17:11). “നാം ഒന്നായിരിക്കുന്നപോലെ, അവരും ഒന്നാകേണ്ടതിന്നു, അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്നു” (യോഹ, 17:23). ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. അതുപോലെ ശിഷ്യന്മാരും ഒന്നാകാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് യേശു പ്രാർത്ഥിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന മനുഷ്യൻ ദൈവത്തെയും ചേർത്ത് “നമ്മെപ്പോലെ ഒന്നാകുക; നാം ഒന്നായിരിക്കുന്നപ്പോലെ” എന്നു പറഞ്ഞാൽ ഒന്നിനു ബഹുത്വമുണ്ടാകുമോ? പിതാവിൻ്റെയും പുത്രൻ്റെയും ഐക്യതയാണ് വിഷയം. ഒന്നെന്നു പറഞ്ഞിരിക്കുന്നത് അവരുടെ ഐക്യത്തെയാണ്. ഐക്യമെന്നാൽ; ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ‘ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; രണ്ടില്ല. പിതാവിനെയും പുത്രനെയും പോലെ ശിഷ്യന്മാരും ഒന്നായിരിക്കാനും ഐക്യത്തിൽ തികഞ്ഞവരാകാനുമാണ് ക്രിസ്തു പ്രാർത്ഥിച്ചത്. ശിഷ്യന്മാർ പന്ത്രണ്ടുപേർ ഉണ്ടെങ്കിലും അവരുടെ ഐക്യത അഥവാ യോജിപ്പ് ഒന്നു മാത്രമേയുള്ളു; അതിനു ബഹുത്വമില്ല. ഇവിടെ പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതു പോലെയാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ ഒരു ദൈവം ആയിരിക്കുന്നതെങ്കിൽ, ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാകകൊണ്ട് അവരെ പന്ത്രണ്ടുപേരെയും ചേർത്ത് ഒരു മനുഷ്യൻ എന്നു പറയേണ്ടിവരും. [ഞാനും പിതാവും ഒന്നാകുന്നു]

അതിനാൽ എഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നുള്ളത് ത്രിത്വത്തിൻ്റെ വ്യാജവ്യാഖ്യാനമാണെന്ന് മനസ്സിലാക്കാം. ഇനി, ഇവരുടെ ത്രിത്വോപദേശം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാകുമോ എന്നു നോക്കാം: 

ദൈവശാസ്ത്രം പറയുന്ന ത്രിത്വപ്രകാരം: പിതാവ് ദൈവമാണ്; പുത്രൻ ദൈവമാണ്; പരിശുദ്ധാത്മാവ് ദൈവമാണ്.

പിതാവ് വ്യക്തിയാണ്; പുത്രൻ വ്യക്തിയാണ്; പരിശുദ്ധാത്മാവ് വ്യക്തിയാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്.

ത്രിത്വത്തിലെ ഓരോരുത്തരും നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമാണ്. അതായത് മൂവരും ദൈവമാണ്.

പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. എന്നുപറഞ്ഞാൽ, നിത്യരും വ്യത്യസ്തരുമാണ് മൂന്നുപേരാണുള്ളത്. അതായത്, ഒരിക്കലും ഒന്നാകാത്ത മൂന്നു ദൈവമാണ് ത്രിത്വത്തിനുള്ളതെന്നുവരും.

ഈ പ്രയാസവശത്തെ തരണംചെയ്യാൻ പണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുത്തിഞ്ഞ പ്രയോഗമാണ്, “സാംരാശത്തിൽ ഒന്നു” അതായത്, മൂന്നു ദൈവം സാരാശത്തിൽ ഒന്നാകുന്നു. “സാരാംശത്തിൽ ഒന്നെന്ന” പ്രയോഗം ലോകത്തൊരിടത്തും ഉള്ളതല്ല. ത്രിത്വദൈവശാസ്ത്രം മാത്രം പഠിപ്പിക്കുന്നൊരു വഞ്ചനാ പ്രയോഗമാണത്.

ഇനി, സാംരാംത്തിൽ മൂവരും ഒരു ദൈവം ആകുമെങ്കിൽ; നിത്യരും വ്യത്യസ്തരുമായ മൂവരുടെയും അസ്തിത്വമെന്താണ്?

അതായത്, സാരാംശത്തിൽ ഒരു ദൈവമാണെന്ന് ത്രിത്വം പറയുമ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായി നിലകൊള്ളുകയാണ്.

അപ്പോൾ ത്രിത്വത്തിലെ ഓരോരുത്തരുടെയും അസ്തിത്യമെന്താണ്???… അസ്തിത്വത്തിൽ അവർ മൂവരും ദൈവമാണ്. അതായിരിക്കണമല്ലോ വസ്തുത.

നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ സാരാംശത്തിൽ ഒന്നാകുമ്പോൾ, അതിൽ ഓരോരുത്തരുടെയും അസ്തിത്വം ദൈവം ആകണമെങ്കിൽ, പിതാവ് മൂന്നിലൊന്നു ദൈവം; പുത്രൻ മൂന്നിലൊന്നു ദൈവം; പരിശുദ്ധാത്മാവ് മൂന്നിലെന്നു ദൈവം സമം സാരാശത്തിൽ ഒരു ദൈവം. ⅓ + ⅓ +⅓ = 1 ഇതാണ് ത്രിത്വം.

ദൈവം ഒന്നാണെങ്കിൽ അതിലുള്ള ഓരോരുത്തരും “മൂന്നിലൊന്നു ദൈവം” മാത്രമായിരിക്കു. അല്ലാതെങ്ങനെ സാരാശത്തിൽ ഒരു ദൈവം ആകാൻ പറ്റും? ഇങ്ങനെയൊരു ത്രിത്വം ബൈബിളിലുണ്ടോ? ഇല്ല.

ഇനി, മൂവരും പൂർണ്ണദൈവം ആകണമെങ്കിൽ “സാരാംശത്തിലൊന്നു” തോട്ടിൽക്കളഞ്ഞിട്ട് ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കണം.

നിലവിൽ മൂന്നു പൂർണ്ണദൈവങ്ങളുള്ള നിങ്ങളുടെ ത്രിത്വം അഥവാ ത്രിമൂർത്തി, ബഹുദൈവദുരുപദേമാണ്.

എന്നാൽ, നിങ്ങളുടെ ദൈവശാസ്ത്ര വ്യാഖ്യാനപ്രകാരമുള്ള ത്രിത്വത്തിൽ മൂന്നിലൊന്നു ദൈവങ്ങളാണുള്ളത്. അതുമൊരു കൂതറ വ്യാഖ്യാനവും വിശ്വാസവുമാണ്. ഈവക കൾട്ടുപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ല. അത് നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലുടെ ഉപയിയായ സർപ്പം നുഴയിച്ചുകയറ്റിയ വഞ്ചന മാത്രമാണ്.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God, യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God, യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10) ദൈവപുത്രൻ പറയുന്നു.

ദൈവം ഒരുത്തൻ മാത്രമാണെന്നും (റോമ, 16:26; 1തിമൊ, 1:17; 6:15; യൂദാ, 1:4; 1:24; വെളി, 15:4) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാർ പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11)

“ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). എന്ന് യഹോവയായ ദൈവം പറയുന്നു.

യഹോവ ഒരുത്തൻ മാത്രം ദൈവമെന്നും (ആവ, 32:39; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:6; 44:8; 45:5; 45:21; 45:22; 46:8), യഹോവയ്ക്ക് സമനും സദൃശ്യനുമില്ലെന്നും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവെന്നും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24) പഴയനിയമ ഭക്തന്മാരും പറയുന്നു.

യഹോവയായ ദൈവത്തെയും ദൈവപുത്രനായ യേശുവിനെയും പഴയനിയമഭക്തന്മാരെയും അപ്പൊസ്തലന്മാരെയും കള്ളന്മാരും നുണയന്മാരും വഞ്ചകന്മാരുമാക്കിയ ഉപദേശമാണ് ത്രിത്വം. ബൈബിളിൽ സിംഗിൾ തെളിവുപോലും ത്രിത്വത്തിനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ത്രിത്വമാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ദൈവത്തിൻ്റെ ഏഴ് ആത്മാവിനുനേര കണ്ണടച്ചുകളയുന്നു: (വെളി, 1:4; 3:1). അതാണ് ത്രിത്വവിശ്വാസം.

ആദാമും ഹവ്വായും രണ്ടു മനുഷ്യരും രണ്ടു വ്യക്തികളുമാണ്; ദാമ്പത്യമെന്ന സംവിധാനത്തിലാണ് ആവർ ഒന്നായിരിക്കുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഇനി, ആദാമും ഹവ്വായും ഐക്യത്തിൽ ഒന്നിനു തെളിവാണെന്ന ത്രിത്വക്കാരുടെ വ്യാജംപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നു പറയണമെങ്കിൽ, ആദാമും ഹവ്വായും ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നു പറഞ്ഞിരിക്കുന്നപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ‘ഒരു ദേഹമായിത്തീരും’ എന്നോ, മൂവരും ഒന്നാണെന്നോ, ഒന്നാകുമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകണം. എന്നാൽ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ആദവും ഹവ്വായും ‘ഇരുവരും ഒരു ദേഹമായി തീരും’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിൽ ഏകനാണെന്നു പറയാൻ കഴിയും? ഇവരുടെ ഉദാഹരണങ്ങൾ പോലെ, മൂന്നു ദൈവവ്യക്തികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നോ, ഒരു ബാങ്കോ, പ്രസ്ഥാനമോ, സ്ഥാപനമോ പോലെയോ പ്രവർത്തിക്കുന്നവരാണെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. അപ്പോൾ അതും ചീറ്റിപ്പോയി.

ദൈവം സാരാശത്തിൽ ഒന്നാണെന്നു ബൈബിൾ പറയുന്നുണ്ടോ? ഇല്ല. എന്താണ് ഈ സാരാംശം അഥവാ essence? 

ഇവരുടെ ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിച്ചിട്ടുണ്ട്: ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം.” ഉദാഹരണം: മാമ്പഴവും, പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.

അല്ല, ഒന്നു ചോദിക്കട്ടെ; ദൈവത്തെ ഒരു വർഗ്ഗമായിട്ടാണോ നിങ്ങൾ കാണുന്നത്? ദൈവം ഏകനാണെങ്കിൽ പിന്നെങ്ങനെ ദൈവം ഒരു വർഗ്ഗമാണെന്നു പറയും? വസ്തുക്കളുടെയോ, വ്യക്തികളുടെയോ, ജന്തുക്കളുടെയോ, പക്ഷിക്കളുടെയോ, പഴങ്ങളുടെയോ പ്രത്യേക കൂട്ടത്തെയാണ് വർഗ്ഗമെന്ന് പറയുന്നത്.

ഇവരുടെ സാരാംശമെന്ന വ്യാഖ്യാനംതന്നെ ബഹുദൈവവിശ്വാസമാണ്. അതായത്, ദൈവവർഗ്ഗത്തെ (ദൈവങ്ങളുടെ കൂട്ടത്തെ) മനുഷ്യവർഗ്ഗത്തിൽ നിന്നും ദൂതവർഗ്ഗത്തിൽനിന്നും വേർതിരിക്കുന്നതാണ് സാരാംശമെന്നാണ് ദൈവശാസ്ത്രം പറയുന്നത്.

ദുരുപദേശത്തിൽ ചോദ്യമില്ല. അതെന്തെങ്കിലുമാകട്ടെ, എന്താണ് ദൈവത്തിൻ്റെ സാരാംശമെന്ന് ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്: നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ഇവയാണ് സാരാശം.

ഈ നാലു ഗുണങ്ങളും മൂന്നുപേർക്കും ഒരുപോലെയുണ്ടെന്നല്ലേ മുകളിൽ പറഞ്ഞത്. അതായത്, നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരുമായ മൂന്നു ദൈവങ്ങൾ നിങ്ങൾക്കുണ്ടല്ലോ? അവരെങ്ങനെ ഒന്നാകും?

അതിനും ദൈവശാസ്ത്രത്തിൽ ഉത്തരമുണ്ട്: “ത്രിയേകത്വോപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. സാരാംശത്തിൻ്റെ സവിശേഷ ലക്ഷണങ്ങളായ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം എന്നിവ വിഭജിക്കപ്പെടാൻ സാദ്ധ്യമല്ല. ഈ സാരാശം വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നുപേരും മൂന്നു ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും.സർവ്വശക്തി ഒന്നേയുള്ളു; അത് സമ്പൂർണ്ണമാണ്.”

അപ്പോൾ ആദ്യം പറഞ്ഞതൊക്കെ തെറ്റാണല്ലോ? പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും സർവ്വജ്ഞരും സർവ്വവ്യാപിയും സർവ്വശക്തരും. വ്യത്യസ്തരുമായ മൂന്നു ദൈവവ്യക്തികളാണെന്നു ആദ്യം പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെന്നു ഇപ്പോൾ പറയുന്നു. അതായത്, മൂവർക്കും കൂടി ഒരു നിത്യത്വവും ഒരു സർവ്വജ്ഞതയും, ഒരു സർവ്വവ്യാപകത്വവും ഒരു സർവ്വശക്തിയുമാണ് ഉള്ളതെന്ന് പറയുന്നു. അപ്പോൾ ത്രിത്വോപദേശം അതിൽത്തന്നെ പരസ്പരവിരുദ്ധമായി.

വ്യക്തമാക്കാം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കൂടി ഒരു നിത്യത്വവും സർവ്വജ്ഞതയും സർവ്യാപകത്വവും സർവ്വശക്തിയുമാണ് ഉള്ളത്. അതാണ് സാരാംശത്തിൽ ഒന്നെന്നു ത്രിത്വം പറയുന്നത്. അപ്പോൾത്തന്നെ ഇവർ ഭിന്ന വ്യക്തികളുമാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. വ്യത്യസ്തരായ മൂന്നു വ്യക്തികൾക്കും കൂടി ഒരു നിത്യത്വവും സർവജ്ഞതയും സർവ്വവ്യാപകത്വവും സർവ്വശക്തിയും മതിയാകുമോ? പോര. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറഞ്ഞാൽ ഇവർ ഒരിക്കലും ഒന്നാകാത്തവരാണ് പിന്നെങ്ങനെ സാരംശത്തിൽ ഒന്നാകും? മൂവരും വ്യത്യസ്തരായി നിന്നാൽ ഇവരുടെ സാരാംശം വിഭജിക്കപ്പെടും. പിതാവിന് തന്നിൽത്തന്നെയോ, പുത്രന് തന്നിൽത്തന്നെയോ, പരിശുദ്ധാത്മാവിന് തന്നിൽത്തന്നെയോ പൂർണ്ണ നിത്യത്വവും പൂർണ്ണ സർവജ്ഞതയും പൂർണ്ണ സർവ്വവ്യാപകത്വവും പൂർണ്ണ സർവ്വശക്തിയും ഉണ്ടാകില്ല. ഓരോരുത്തർക്കും മൂന്നിലൊന്നു () സാരാംശമാണ് ഉണ്ടാകുക. അപ്പോൾ, വിഭജിക്കപ്പെടാൻ പാടില്ലെന്നു ത്രിത്വം പഠിപ്പിക്കുന്ന സാരാംശം വിഭജിക്കപ്പെടുകയും മൂവരും പൂർണ്ണദൈവം അല്ലാതാകുകയും ചെയ്യും. 

ഉദാഹരണത്തിന്: മൂന്നു ദൂതന്മാർക്കുകൂടി ഒരൊറ്റ ശക്തിയും ഒരൊറ്റ ബുദ്ധിയുമാണ് ദൈവം കൊടുത്തിരിന്നതെങ്കിൽ. അവർ തന്നിൽത്തന്നെ പൂർണ്ണ ശക്തരും പൂർണ്ണ ബുദ്ധിയുള്ളവരും ആകില്ല. ഒരാൾക്ക് മൂന്നിലെന്നു ശക്തിയും ബുദ്ധിയും വീതമാണ് ഉണ്ടാകുക. അതുപോലെ മൂന്നു മനുഷ്യർക്കു കൊടുത്താലും ഓരോരുത്തർക്കും മൂന്നിലൊന്നു കഴിവാണ് ഉണ്ടാകുക. അതുപോലെ തന്നെയാണ് ത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും. സർവ്വശക്തി വിഭജിക്കപ്പെട്ടാൽ മൂവരും സർവ്വശക്തരല്ലാതാകുമെന്ന് ദൈവശാസ്ത്രംതന്നെ പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ, മൂവർക്കും തന്നിൽത്തന്നെ സാരാംശത്തിലെ എല്ലാ ഗുണങ്ങളും ഉണ്ടാകണം. ഉദാഹരണത്തിന് വ്യത്യസ്തരായ മൂന്നുപേർക്കും തന്നിൽത്തന്നെ സർവ്വശക്തി ഉണ്ടാകണം. എന്നാൽ സർവ്വശക്തിയാകട്ടെ ഒന്നേയുള്ളു. അതിനെ മൂന്നായിട്ട് വിഭജിക്കപ്പെടാതെ വ്യത്യസ്തരായ മൂന്നുപേർക്ക് ഉണ്ടാകില്ല. ഒന്നെങ്കിൽ മൂവരിൽ ഒരാളാണ് സർവ്വശക്തൻ; അല്ലെങ്കിൽ മൂവരും സർവ്വശക്തരല്ല. 

എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വവും ചതുർത്വവും ഒന്നുമല്ല; ഒരുത്തൻ മാത്രമാണ്: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവരും ഏകദൈവവിശ്വസത്തെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവരും ഒരിക്കൽപ്പോലും ബൈബിൾ മുഴുവനായി വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു.

ഇതും കാണുക: ദൈവം ഒരുത്തൻ മാത്രമാണ്: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതാണ് ബൈബിളിലെ ഏകസത്യദൈവം. ഈ ഏകദൈവത്തെയാണ് ത്രിത്വം ഒരു സാരാശത്തിലെ മൂന്നു വ്യത്യസ്ത ദൈവവ്യക്തികൾ അഥവാ മൂന്നു ഛിന്നദൈവങ്ങൾ ആക്കിയത്.

ഒരു സാരാംശത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികൾ അഥവാ ഛിന്നദൈവങ്ങളുള്ള ത്രിത്വവും മൂന്നു പൂർണ്ണദൈവങ്ങളുണ്ടെന്നു പറയുന്ന ത്രിത്വവും അഥവാ ത്രിമൂർത്തിവിശ്വാസവും ബഹുദൈവദുരുപദേശമാണ്. നിങ്ങൾ പഠിപ്പിക്കുന്ന: ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, സാരാശത്തിലൊന്ന്, നിത്യപുത്രൻ, മൂന്നാളത്തം, മൂന്നു വ്യക്തികൾ, സമനിത്യത, അവതാരം തുടങ്ങി യാതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിപോലും നിങ്ങൾക്ക് അറിയില്ലെന്നതാണ് വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കൂടുതൽ അറിയാൻ കാണുക: ദൈവം ഏകനോ ത്രിത്വമോ? ഏകദൈവവും പ്രത്യക്ഷതകളും]

മഹാപുരോഹിതൻ വസ്ത്രം കീറിയത് എന്തിനാണ്?

“ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.” (മർക്കൊ, 14:60-64; മത്താ, 26:62-65).

യേശുവിൻ്റെ വിസ്താര വേളയിൽ മഹാപുരോഹിതനായ കയ്യഫാവിൻ്റെ ചോദ്യവും യേശുവിൻ്റെ മറുപടിയും മഹാപുരോഹിതൻ്റെ പ്രതികരണവുമാണ് മേല്പറഞ്ഞ വേദഭാഗത്തുള്ളത്. “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ?” ഇതാണ് മഹാപുരോഹിതൻ്റെ ചോദ്യം. “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നായിരുന്നു യേശുവിൻ്റെ മറുപടി. “അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ.” ഇങ്ങനെയാണ് മഹാപുരോഹിതൻ പ്രതീകരിച്ചത്. അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ ന്യായപ്രമാണ പ്രകാരം വസ്ത്രം കീറാൻ പാടില്ല: (ലേവ്യ, 21:10; 10:6). പഴയനിയമത്തിൽ പുരോഹിതന്മാരാരും വസ്ത്രം കീറിയിട്ടില്ല. യേശുവിൻ്റെ മരണത്തിൽ ദൈവാലയത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയതും നമുക്കറിയാം. (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45). മഹാപുരോഹിതൻ വസ്ത്രം കീറിയതും ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയതും പൗരോഹിത്യ ശുശ്രൂഷ നീങ്ങിപ്പോയതിനെ കാണിക്കുകയാണ്. എന്നാൽ, നമ്മുടെ വിഷയം അതൊന്നുമല്ല. മഹാപുരോഹിതൻ വസ്ത്രം കീറിയത് എന്തിനാണ്? അതാണ് നമ്മുടെ വിഷയം. ഉത്തരം അവിടെത്തന്നെയുണ്ട്: “നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ.” യേശു പറഞ്ഞ ഏതോ കാര്യം, മഹാപുരോഹിതൻ ദൈവദൂഷണമായി മനസ്സിലാക്കി; അതിനാലാണ് താൻ വസ്ത്രം കീറിയത്. അപ്പോൾ, യേശു പറഞ്ഞ ദൈവദൂഷണം എന്താണ്? അതായത്, യേശുവിൻ്റെ വാക്കുകളിൽ ദൈവദൂഷണമായി മഹാപുരോഹിതൻ മനസ്സിലാക്കിയ എന്തോ ഉണ്ട്. അത് കേട്ടതുകൊണ്ടാണ് മഹാപുരോഹിതൻ വസ്ത്രം കീറിയത്. “നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ” ഇതാണ് മഹാപുരോഹിതൻ്റെ ചോദ്യം. യേശു പ്രത്യുത്തരമായി, “ഞാൻ ആകുന്നു” എന്നാണ് ആദ്യം പറഞ്ഞത്. “ഞാൻ ആകുന്നു” എന്ന് യേശു പറഞ്ഞതിനെ, താൻ ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആകുന്നു, എന്ന് അവൻ സമ്മതിച്ചതായാണ് പൊതുവെ (generally) മനസ്സിലാക്കുന്നത്. തന്മൂലം, നമുക്കും ആ നിലയിൽ ആദ്യം ചിന്തിക്കാം. അങ്ങനെയാണെങ്കിൽ മൂന്ന് കാര്യങ്ങളാണ് യേശു പറഞ്ഞത്: 1. ഞാൻ ദൈവപുത്രനായ ക്രിസ്തു ആകുന്നു. 2. മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നത് നിങ്ങൾ കാണും. 3. മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും. ഇതിൽ ഏത് കാര്യമാണ് ദൈവദൂഷണം? അതോ, മൂന്നും ദൈവദൂഷണമാണോ? നമുക്ക് ഓരോന്നായി പരിശോധിക്കാം.

1️⃣ ദൈവപുത്രനായ ക്രിസ്തു. മഹാപുരോഹിതൻ്റെ ചോദ്യത്തിനുള്ള യേശുവിൻ്റെ ആദ്യമറുപടി: ഞാൻ ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നാണ്. താൻ ദൈവപുത്രനായ ക്രിസ്തു ആണെന്ന് പറഞ്ഞാൽ; അത് ദൈവദൂഷണമാണോ? അല്ല. എന്തെന്നാൽ, അവൻ ദൈവപുത്രനാണെന്ന് ആദിമുതലേ എല്ലാവർക്കും പരസ്യമായ രഹസ്യമാണ്. യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ (മത്താ, 3:17) യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർക്കെല്ലാവർക്കും യേശു ദൈവപുത്രനാണെന്ന് അറിയാമായിരുന്നു: (മത്താ, 14:33; 16:16). ദൈവാലയത്തിലെ തൻ്റെ പ്രഭാഷണത്തിൽ പരസ്യമായിട്ടും (യോഹ, 5:25; 10:36) ദൈവാലയത്തിൽവെച്ചു പിറവിക്കുരുടനോടും (യോഹ, 9:35) ലാസറിൻ്റെ വീട്ടിൽവെച്ചും താൻ ദൈവപുത്രനാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 11:4). അപ്പോഴൊന്നും, ദൈവദൂഷണം അല്ലാതിരുന്നത് പിൽക്കാലത്ത് ദൈവദൂഷണം ആയത് എങ്ങനെയാണ്?

യേശു ക്രിസ്തുവാണെന്നും അക്കാലത്തുള്ളവർക്ക് അറിയാമായിരുന്നു. ഇടയന്മാരോട് ദൂതൻ പറഞ്ഞത്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” എന്നാണ്: (ലൂക്കോ, 2:11). കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു അരുളപ്പാടു ലഭിച്ച ശിമ്യോൻ അവനെ കാണുകയും അറിയുകയും ചെയ്തു: (ലൂക്കൊ, 2:26-32). പ്രവാചകിയായ ഹന്ന ക്രിസ്തുവിനെ അറിയുകയും അവനെക്കുറിച്ച് എല്ലാവരോടും പ്രസ്താവിക്കുകയും ചെയ്തു: (ലൂക്കൊ, 36:38). വിദ്വാന്മാർ അവനെ അന്വേഷിച്ചുവന്നപ്പോൾ ക്രിസ്തു ജനിച്ചതായി ഹെരോദാവിനു മനസ്സിലായി: (മത്താ, 2:1-5). ക്രിസ്തു ജനിച്ച സ്ഥലം, യെഹൂദ്യയിലെ ബേത്ത്ലേഹെമാണെന്ന് ഹെരോദാവ് മനസ്സിലാക്കിയത്, മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും കൂട്ടിവരുത്തി അന്വേഷിച്ചപ്പോഴാണ്. (മത്താ, 2:3-5). യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരുന്നു; (യോഹ, 3:28). ശിഷ്യന്മാരായിരുന്ന യോഹന്നാൻ അന്ത്രെയാസ്, പത്രൊസ് തുടങ്ങിയവർക്ക് സ്നാപകൻ്റെ സാക്ഷ്യത്താൽ യേശു ക്രിസ്തുവാണെന്ന് ആദ്യംമുതലേ അറിയാമായിരുന്നു: (യോഹ, 1:41). ഭൂതഗ്രസ്തന്മാർ ക്രിസ്തുവാണെന്ന് അറിയുകയും വിളിച്ചുപറയുകയും ചെയ്തിരുന്നു: (ലൂക്കൊ, 4:41). ശമര്യയിലെ സ്ത്രീയോടു യേശു താൻ മശീഹയാണെന്നു പറഞ്ഞിരുന്നു; അവളുടെ സാക്ഷ്യംനിമിത്തം മറ്റുള്ളവരും അറിഞ്ഞു: (യോഹ, 4:25-42). ജനങ്ങളിൽ പലരും അവൻ ക്രിസ്തുവാണെന്ന് വിശ്വസിച്ചിരുന്നു: (യോഹ, 7:41). ശിഷ്യന്മാർക്ക് എല്ലാവർക്കും യേശു ക്രിസ്തുവാണെന്ന് അറിയാമായിരുന്നു: (മത്താ, 16:16,20; മർക്കൊ, 8:29; ലൂക്കൊ, 9:20). 

യോഹന്നാൻ സ്നാനം കഴിപ്പിച്ച യോർദ്ദാനിൽ, യെരൂശലേമ്യരും യെഹൂദ്യ ദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പരീശന്മാരും സദുക്യരും ചുങ്കക്കാരും പടജ്ജനവും പുരോഹിതന്മാരും ലേവ്യരുമുണ്ടായിരുന്നു. (മത്താ, 3:5,7; ലൂക്കൊ, 3:7,12,14; യോഹ, 1:19). അവരോടാണ്, യേശു ദൈവപുത്രനും ക്രിസ്തുവുമാണെന്ന് യോഹന്നാൻ സാക്ഷ്യം പറഞ്ഞത്. “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.” (യോഹ, 3:28). അതായത്, വിദ്വാന്മാരുടെ സന്ദർശനത്തിങ്കൽ, ക്രിസ്തുവിനെക്കുറിച്ച് ആരായാൻ ഹെരോദാവ് കൂട്ടിവരുത്തിയത് മുതൽ, മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അറിഞ്ഞിരുന്നു. യോഹന്നാൻ്റെ സാക്ഷ്യം നിമിത്തം അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നു. അന്നൊന്നും അത് ദൈവദൂഷണം ആയിരുന്നില്ല. അവൻ പോകുന്നിടത്തൊക്കെ, ഭൂതഗ്രസ്തർ വന്ന് അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്നു വിളിച്ചുപറഞ്ഞിരുന്നു: (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28). അതൊന്നും രഹസ്യത്തിൽ സംഭവിച്ചതല്ല. താൻ ദൈവപുത്രനാണെന്ന് യേശു ദൈവാലയത്തിൽവെച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:25; 10:36). ക്രിസ്തുവാണെന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 4:25-42). അതിനാൽ സ്നാപകൻ്റെ സാക്ഷ്യം മുതൽ യേശു ദൈവപുത്രനാണെന്നും ക്രിസ്തുവാണെന്നും അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു; (യോഹ, 1:19-28). മഹാപുരോഹിതനും യെഹൂദാ പ്രമാണിമാർക്ക് എല്ലാവർക്കും അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് അറിയാമായിരുന്നു. എന്നാൽ അവരുടെ ദുഷ്ടഹൃദയം അവനെ ദൈവപുത്രനായ ക്രിസ്തുവായി അംഗീകരിക്കുവാൻ കൂട്ടാക്കിയിരുന്നില്ല. അതിൻ്റെ തെളിവാണ്, യേശുവിനെ ക്രിസ്തുവെന്ന് ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടനാകണമെന്ന് അവർ തമ്മിൽ പറഞ്ഞൊത്തിരുന്നത്. (യോഹ, 9:22).

തന്നെയുമല്ല, ദൈവത്തിന് പല പുത്രന്മാരും ക്രിസ്തുക്കളും അഥവാ, മശീഹമാരും ഉള്ളതായിട്ട് പഴയനിയമത്തിൽ ഉണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6; ദാനീ, 3:25), ആദാം (ലൂക്കൊ, 3:38). ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9) തുടങ്ങിയവരെ ദൈവത്തിൻ്റെ പുത്രന്മാരെന്ന് പറഞ്ഞിട്ടുണ്ട്. ദൈവം ദാവീദിനെ തൻ്റെ ആദ്യജാതൻ ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). 

അഹരോൻ (പുറ, 40:13-16; ലേവ്യ, 8:12), നാദാബ് (പുറ, 40:13-16; സംഖ്യാ, 3:2,3), അബീഹൂ (പുറ, 40:13-16; സംഖ്യാ, 3:2,3), എലെയാസാർ (പുറ, 40:13-16; സംഖ്യാ, 3:2,3), ഈഥാമാർ (പുറ, 40:13-16; സംഖ്യാ, 3:2,3), ശൗൽ (1ശമൂ, 10:1), ദാവീദ് (1ശമൂ, 16:13), ശലോമോൻ (1രാജാ, 1:39), എലീശ (1രാജാ, 19:16), യിസ്രായേൽ (സങ്കീ, 89:38; 132:10) തുടങ്ങിയ അനേകംപേർ ദൈവത്തിൻ്റെ ക്രിസ്തുക്കൾ അഥവാ, മശീഹമാർ ആണ്.

അതായത്, പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ദൈവപുത്രന്മാരും മശീഹമാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. സൃഷ്ടികൾക്കെതിരെ പറയുന്നതല്ല; സ്രഷ്ടാവായ ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. അതായത്, ദൈവപുത്രൻ എന്നതും, ക്രിസ്തു എന്നതും, ദൈവത്തിൻ്റെ പദവിയല്ല; ദൂതന്മാരുടെയും മനുഷ്യരുടെയും പദവിയാണ്. ബലഹീനരായ മനുഷ്യരെ തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ, ദൈവത്തിൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. (പ്രവൃ, 10:38). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. ദൈവത്തിന് അനേകം പുത്രന്മാരും ക്രിസ്തുക്കളും ഉള്ളപ്പോൾ, യേശുവെന്ന മനുഷ്യൻ താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? മഹാപുരോഹിതൻ എന്തിന് തൻ്റെ വസ്ത്രം കീറണം? തന്നെയുമല്ല, ട്രിനിറ്റി വിശ്വസിക്കുന്നപോലെ ഒരു പുത്രദൈവം ബൈബിളിലില്ല. യെഹൂദന്മാർ അങ്ങനെ വിശ്വസിക്കുന്നുമില്ല. പിതാവായ ഏകദൈവം മാത്രമാണ് അവർക്കുള്ളത്. (യോഹ, 8:41). തന്മൂലം, ദൈവപുത്രനാണെന്ന് പറയുന്നത് ദൈവദൂഷണമോ, മഹാപുരോഹിതൻ തൻ്റെ ഔദ്യോഗിക വസ്ത്രം കീറാനുള്ള കാരണമോ അല്ല.

ചിന്തനീയമായ മറ്റൊരു വിഷയം കൂടിയുണ്ട്. പഴയനിയമത്തിൽ “എൻ്റെ പുത്രൻ” (my son) എന്ന് ദൈവം വിശേഷിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനതിലും വിളിച്ചിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക ക്രിസ്തുവും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; സങ്കീ, 2:2; 89:38; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). യിസ്രായേൽ ജനതതന്നെ ദൈവത്തിൻ്റെ പുത്രനും ക്രിസ്തുവും ആയിരിക്കെ, യിസ്രായേലിൽ ദേശത്ത് യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ വംശത്തിൽ ജനിച്ച യേശു താൻ, ദൈവപുത്രനായ ക്രിസ്തു ആണെന്നു പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? മഹാപുരോഹിതൻ എന്തിനു വസ്ത്രം കീറണം? അപ്പോൾ മഹാപുരോഹിതൻ ദൈവദൂഷണം അവൻ്റെമേൽ ആരോപിച്ച്, തൻ്റെ വസ്ത്രം കീറിയത് അവൻ ദൈവപുത്രനായ ക്രിസ്തു എന്ന് അറിഞ്ഞതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

പഴയനിയമത്തിലുള്ള ദൈവപുത്രന്മാരെയും മശീഹമാരെയും പോലെ, ദൈവപുത്രനായ ക്രിസ്തുവും ദൈവമല്ല; മനുഷ്യനാണ്. പക്ഷെ, പാപം അറിയാത്ത മനുഷ്യനാണ്. അനേകർ കരുതുന്നപോലെ, അവൻ ദൈവത്തോട് സമനായ ദൈവമോ, നിത്യപുത്രനോ ഒന്നുമല്ല. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). ഉല്പാദിതമാകുക എന്നാൽ; ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ്. എന്നുവെച്ചാൽ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; പരിശുദ്ധാത്മാവിനാൽ ഒരു പുതിയ ശിശു രൂപപ്പെട്ടതാണ്. അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് വിശ്വസിച്ചാൽ ശരിയാകുമോ? അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെപ്പറഞ്ഞാൽ എങ്ങനെയിരിക്കും? യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8:40). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. തന്മൂലം, യേശു ആകെ മൂന്നരവർഷം മാത്രമാണ് ദൈവപുത്രനും ക്രിസ്തുവും ആയിരുന്നത്.

യേശുവെന്ന ദൈവപുത്രനായ ക്രിസ്തു; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യൻ ആയിരുന്നു. (യോഹ, 6:69; 8:40). അതായത്, കന്യകയിൽ ഉല്പാദിതമായത് മനുഷ്യനായിരുന്നു. (മത്താ, 1:20). ജനിച്ചത് മനുഷ്യനായിരുന്നു. (മത്താ, 1:16). ആത്മാവിൽ ബലപ്പെട്ടുവന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). പ്രവചനംപോലെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയായിരുന്നു. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). പ്രവചനംപോലെ ദൈവപുത്രനായത് മനുഷ്യനായിരുന്നു. (ലൂക്കൊ, 1:32,35; 3:22). മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനായിരുന്നു. (യോഹ, 8:40). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ( ലൂക്കൊ, 23:46), ദൈവത്മാവിനാൽ (എബ്രാ, 9:14) തന്നെത്താൻ മരണത്തിന് ഏല്പിച്ചത് മനുഷ്യനായിരുന്നു. (1തിമൊ, 2:6). മൂന്നാം ദിവസം ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ടത് മനുഷ്യനായിരുന്നു. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും മനുഷ്യനായിരുന്നു. (യോഹ, 20:17). മനുഷ്യരുടെ പാപങ്ങൾ തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമന്നുകോണ്ട് ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത് ദൈവമാണ്. (ലൂക്കൊ, 2:11; പ്രവൃ, 2:24; 2:36; 1പത്രൊ, 2:24). “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. (പ്രവൃ, 15:11; റോമ, 5:15).

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം സഹവസിച്ച അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (God alone), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും യേശു യോസേഫിൻ്റെയും മറിയയുടെയും മകനായ മനുഷ്യനാണെന്നും മഹാപുരോഹിതന് വ്യക്തമായി അറിയാവുന്നതാണ്. താൻ യേശുവെന്ന മനുഷ്യനെക്കുറിച്ച് കൃത്യമായി പ്രവചിച്ചിട്ടുള്ളവനാണ്. (യോഹ, 11:49-51). അതായത്, ദൈവത്തോട് സമനായ ഒരു ദൈവപുത്രൻ ബൈബിളില്ല. എല്ലാ ദൈവപുത്രന്മാരും, ദൂതന്മാരും മനുഷ്യരുമാണ്, എല്ലാ ക്രിസ്തുക്കളും മനുഷ്യരാണ്. ഇക്കാര്യങ്ങൾ എല്ലാരെക്കാളും നല്ലവണ്ണം അറിയാവുന്നവനാണ് മഹാപുരോഹിതൻ. തന്മൂലം, യേശു ദൈവപുത്രനാണെന്ന് സമ്മതിച്ചാൽത്തന്നെ, അത് ദൈവദൂഷണമോ, വസ്ത്രം കീറാനുള്ള കാരണമോ അല്ല.

എന്നാൽ യേശുവിൻ്റെ വിസ്താരവേളയിൽ, “അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു” എന്നു യെഹൂദന്മാർ പീലാത്തൊസിനോടു പറയുന്നുണ്ട്: (യോഹ, 19:7). അത് യേശുവിനെതിരെയുള്ള കള്ളസാക്ഷ്യം മാത്രമാണെന്നു രണ്ടുമൂന്നു കാര്യങ്ങൾ ചിന്തിച്ചാൽ മനസ്സിലാകും: 1. യേശു തന്നെത്താൻ ദൈവപുത്രനാക്കിയതല്ല; ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ദൈവദൂതൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവമാണ് “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പറഞ്ഞത്: (മത്താ, 3:17; ലൂക്കൊ, 1:32,35). അതുകേട്ട, പ്രവാചകനായ യോഹന്നാൻ സ്നാപകനാണ് അവൻ ദൈവപുത്രനും ക്രിസ്തുവുമാണെന്നു യെഹൂദന്മാരോട് ആദ്യം സാക്ഷ്യം പറഞ്ഞത്: (യോഹ, 1:34; 3:28). പരീശന്മാരും സദുക്യരും ചുങ്കക്കാരും പടജ്ജനവും പുരോഹിതന്മാരും ലേവ്യരുമുണ്ടായിരുമെല്ലാം, യോഹന്നാൻ സ്നാനം കഴിപ്പിച്ച യോർദ്ദാനിൽ എത്തിയവരാണ്. തന്മൂലം, അവർ അവൻ്റെ സാക്ഷ്യം കേട്ടവരോ, അതെക്കുറിച്ച് അറിയുകയോ ചെയ്തവരാണ്. (മത്താ, 3:5,7; ലൂക്കൊ, 3:7,12,14; യോഹ, 1:19). 2. തന്നെത്താൻ ദൈവപുത്രനാക്കുന്നവൻ മരണശിക്ഷ ഏല്ക്കണമെന്ന് ഒരു കല്പന ന്യായപ്രമാണത്തിൽ ഇല്ല; അത് ദൈവദൂഷണവുമല്ല. ബൈബിളിലെ ദൈവപുത്രന്മാരൊക്കെ മനുഷ്യരായിരിക്കെ, അതെങ്ങനെ ദൈവദൂഷണമാകും? തന്നെത്താൻ ദൈവത്തോടു സമനാക്കുകയോ, ദൈവമാക്കുകയോ ചെയ്യുന്നതാണ് ദൈവദൂഷണം. 3. ത്രിത്വം വിശ്വസിക്കുന്നപോലെ ദൈവത്തിൽ സമന്മാരായ പല വ്യക്തികളുണ്ടെന്നു ബൈബിൾ പറയുന്നില്ല; യെഹൂദന്മാർ വിശ്വസിക്കുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം. അവന് സദൃശനായോ, സമനായ മറ്റൊരുത്തൻ ഇല്ലെന്നാണ് അവരുടെ വിശ്വാസം: (യെശ, 40:5). അവരെ സംബന്ധിച്ച് ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). അതിനാൽ തന്നെത്താൻ ദൈവപുത്രനാക്കിയാലും അത് ദൈവദൂഷണമോ, കൊല്ലപ്പെടുവാനുള്ള കാരണമോ അല്ല. 4. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ പല കള്ള സാക്ഷികളെയും കൊണ്ടുവന്നെങ്കിലും ഒന്നും പറ്റിയില്ലെന്നാണ് കാണുന്നത്: (മത്താ, 26:59,60; മർക്കൊ, 14:56). ഇവൻ ഞങ്ങളുടെ ജാതിയെ മച്ചുകളയുമെന്നും കൈസർക്കു കരം കൊടുക്കുന്നതു വിരോധിച്ചുവെന്നും അവർ കള്ളം പറഞ്ഞു: (ലൂക്കോ, 23:2). കൈസർക്ക് കരം കൊടുക്കുന്നത് യേശു വിരോധിച്ചില്ലെന്ന് മാത്രമല്ല; കൈസർക്കുള്ളതു കൈസർക്കു കൊടുക്കാൻ കല്പിക്കുകയാണ് ചെയ്തത്: (മത്താ, 22:21). 5. ആ വക കുറ്റമൊന്നും യേശു ചെയ്തിട്ടില്ലെന്ന് അക്കാലത്തെ ഗവർണ്ണറായ പീലാത്തോസിന് നല്ല നിശ്ചയമുണ്ടായിരുന്നു. യെഹൂദാ പ്രമാണിമാരുടെ അസൂയ നിമിത്തമാണ് അവനെ തൻ്റെ പക്കൽ ഏല്പിച്ചതെന്ന് പീലാത്തൊസിന് മനസ്സിലാക്കിയിരുന്നു. (മത്താ, 27:18; മർക്കൊ, 15:9). അതുകൊണ്ടാണ് യേശുവിനെ വിടുവിക്കാൻ പീലാത്തൊസ് വളരെയേറെ ശ്രമിച്ചത്. (ലൂക്കൊ, 23:20; യോഹ. 18:38; 19:4). അതിനാൽ അവർ അവൻ്റെമേൽ ആരോപിച്ചതെല്ലാം വ്യാജമാണെന്ന് വ്യക്തമാണല്ലോ? തന്മൂലം, യേശുവെന്ന മനുഷ്യൻ താൻ ദൈവപുത്രനായ ക്രിസ്തു ആണെന്ന് പറഞ്ഞാൽ; അത് ദൈവദൂഷണം ആകുകയോ, മഹാപുരോഹിതൻ വസ്ത്രം കീറുകയോ ചെയ്യേണ്ട ആവശ്യമില്ല.

2️⃣ മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നത് നിങ്ങൾ കാണും. യേശു മഹാപുരോഹിതനോട് പറഞ്ഞ രണ്ടാമത്തെ കാര്യം ഇതാണ്. ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുക എന്ന പദവി, യഥാർത്ഥത്തിൽ യേശുവിൻ്റെയല്ല; യിസ്രായേലിൻ്റെയാണ്. ദൈവം തൻ്റെ ബലമുള്ള കൈകകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: 8:4; 136:11,12; 144:3). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്.(സങ്കീ, 110:1. ഒ.നോ: 80:17). ദൈവം യിസ്രായേലിന്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിയശേഷം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ, അവനെ ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്. (സങ്കീ, 8:6,7; 110:1; പ്രവൃ, 1:6). നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് യേശുക്രിസ്തു അല്ലെന്നതിന് ചില തെളിവുകൾ തരാം:

1. ആ വാക്യത്തിൽ, എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്. ഉദാ: (ഉല്പ, 24:36; 24:54). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. അതായത്, ആ പദം: യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്.

2. വലത്തുഭാഗത്ത് ഇരിക്കുക എന്നതിന് ശത്രുക്കൾ പാദപീഠം ആകുവോളം എന്നൊരു പരിധിയുണ്ട്. ക്രിസ്തുവിൻ്റെ പദവി ആയിരുന്നുവെങ്കിൽ, ആ പദവി നിത്യമായിരിക്കും. ഒന്നാം വാക്യത്തിൽ ദാവീദ് ‘എൻ്റെ കർത്താവു’ എന്ന് ആരെക്കുറിച്ച് പറയുന്നുവോ, അവനെക്കുറിച്ചാണ് രണ്ടാം വാക്യം മുതൽ “നിൻ്റെ, നീ എന്നു പറഞ്ഞുവന്നിട്ട് അഞ്ചാം വാക്യത്തിൽ നിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു” എന്നു ദൈവത്തെക്കുറിച്ച് പറയുന്നത്. അതായത്, അഞ്ചാം വാക്യത്തിലുള്ള കർത്താവ്, യഹോവ അഥവാ, അഡോണായി ആണ്. ഒന്നാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവ് യഹോയുടെ വലത്തുഭാഗത്തു ആയിരുന്നെങ്കിൽ, അഞ്ചാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവിൻ്റെ വലത്തുഭാഗത്താണ് യഹോവയായ കർത്താവ് ഇരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ ക്രോധദിവസത്തിൽ അഥവാ, ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠം ആക്കിക്കൊടുക്കാനാണ് യഹോവ അവൻ്റെ വലത്തുഭാഗത്തിരിക്കുന്നത്. ശത്രുക്കളെ തകർത്തിട്ട് അവന്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ഈ ഭൂമിയെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ. (സങ്കീ, 8:5-8; 1കൊരി, 15:27-28; വെളി, 16:14-16). അതായത്, യഹോവയുടെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ദാവീദിൻ്റെ കർത്താവിണ പറഞ്ഞിരിക്കയാൽ, അതൊരു ആലങ്കാരിക പദവിയാണെന്ന് മനസ്സിലാക്കാം.

3. യെഹൂദന്മാരുടെ CJB Classic പരിഭാഷയിൽ സങ്കീർത്തനം 110:1 ഇപ്രകാരമാണ്. The word of the Lord to my master; Wait for My right hand, until I make your enemies a footstool at your feet. അതായത്, എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം;  ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരുടെ പരിഭാഷ പ്രകാരം പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ആരും ഇരിക്കുന്നില്ല. ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കാണിക്കുന്ന ആലങ്കാരിക പ്രയോഗമാണ് അത്. യഥാർത്ഥ വസ്തുത അതുതന്നെയാണ്. യിസ്രായേൽ സ്വർഗ്ഗത്തിൽ യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവനല്ല. ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്താലും സംരക്ഷണത്താലും ഭൂമിയിൽ വസിക്കുന്നവനാണ്. തന്നെയുമല്ല, സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന ദൈവത്തെ; മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28, ദാനീയേൽ (7:9-10), യോഹന്നാൽ (വെളി, 4:2) തുടങ്ങിയവർ കണ്ടിട്ടുണ്ട്. അവരാരും യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരുത്തനെയും കണ്ടിട്ടില്ല. സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു എന്ന് വളരെ വ്യക്തമായാണ് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (വെളി, 4:2). തന്മൂലം, പലരും കരുതുന്നപോലെ, യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇല്ലെന്ന് മനസ്സിലാക്കാം.

4. ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. അതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്:⏬
യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9).
ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6).
”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം യഹോവ ഒരുത്തൻ മാത്രമാണെങ്കിൽ, ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടല്ലാതെ മറ്റൊരുത്തൻ ആകുക സാദ്ധ്യമല്ല.

5. മോണോസ് തിയോസ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു” (thou art the God, even thou alone, of all the kingdoms of the earth. 2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല.

3️⃣ മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും: ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ ആരാണെന്ന് ദാനീയേൽ പ്രവചിച്ചിട്ടുണ്ട്. അത് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. പുതിയനിയമത്തിൽ, മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ദാനീയേൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പണ്ഡിതന്മാർ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. മനുഷ്യപുത്രനോട് സദൃശനായവൻ ആരാണെന്ന് ദാനീയേൽ ഏഴാം അദ്ധ്യായത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനുഷ്യപുത്രനോട് സദൃശനായവൻ ആകാശമേഘങ്ങളോടെ വന്ന്, ദൈവത്തിൻ്റെ അടുക്കൽ നിന് നിത്യരാജത്വം പ്രാപിക്കുന്നതായാണ് ദാനീയേൽ കാണുന്നത്. (ദാനീ, 7:13-14). ഭാവിസംഭവങ്ങളെക്കുറിച്ച് ദാനീയേൽ കാണുന്ന ദർശനാമാണ് ഒന്നുമുതൽ പതിനാലുവരെ ഉള്ളത്. അടുത്ത വാക്യത്തിൽ ഇങ്ങനെ കാണാം: “ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ  കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.” (ദാനീ, 7:15-16). അതായത്, ദർശനം കണ്ട ദാനീയേലിന് ഒന്നും മനസ്സിലാകാതെ പരവശനായിട്ട്, അടുത്തുകണ്ട ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുകയാണ്. പിന്നീടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെപ്പറ്റിയുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). അത്യുന്നതൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക. അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. (ആവ, 33:3; 1ശമൂ, 2:9; സങ്കീ, 30:4; 31:23; 34:9). അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം.” (ദാനീ, 7:21). അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ രാജത്വം കൈവശമാക്കുന്ന കാലം വരും. അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഈ വാക്യത്തിൽ, യിസ്രായേലിനെ വിശുദ്ധന്മാർ എന്നും, അവൻ എന്നും ബഹുവചനത്തിലും ഏകവചനത്തിലും പറയുന്നത് നോക്കുക. യിസ്രായേൽ ഒരു സമൂഹമാണെങ്കിലും ഏകപുത്രനായിട്ടാണ് യിസ്രായേലിനെ ദൈവം കാണുന്നത്. അതുകൊണ്ടാണ് എൻ്റെ പുത്രൻ എന്ന് അവനെ വിളിക്കുന്നത്. (പുറ, 4:22-23). യിസ്രായേലിൻ്റെ രാജത്വം, ഭൂമിയിലെ സകല രാജാക്കന്മാരും അവനെ സേവിച്ച് അനുസരിക്കുന്നതും, നിത്യരാജത്വവും ആയിരിക്കും. യേശുക്രിസ്തുവാണ് ഈ ഭൂമിയെ ഭരിക്കുന്ന രാജാവെന്നാണ് പലരും കരുതുന്നത്. എന്നാൽ, യേശുക്രിസ്തുവല്ല; യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്. (ദാനീ, 2:44). തൻ്റെ രാജ്യം ഐഹികമല്ല അഥവാ, ഈ ലോകത്തല്ലെന്ന് യേശുക്രിസ്തു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:36).

പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; 2ശമൂ, 8-16; സങ്കീ, 89:34-37; യെശ, 55:3-4). ദൈവം ജനിപ്പിച്ചുവെന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഏകപുത്രനും വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലെന്ന സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നത്. (പ്രവൃ, 3:25; ഗലാ, 3:16). ലോകാവകാശിയാകും എന്ന് വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (ഗലാ, 4:13). എന്നേക്കുമിരിക്കുന്ന ക്രിസ്തുവും (യോഹ, 12:34) ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവും യിസ്രായേലാണ്. (സങ്കീ, 2:9; വെളി, 11:15; 12:10; 20:4,6). ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ, അവൻ്റെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനും അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനുമാണ്, യേശു ലോകത്തിൽ വന്നത്. (മത്താ, 1:21). ദൈവത്തിൽനിന്ന് വാഗ്ദത്തം ലഭിച്ച സഞ്ചതിയും ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും ഒരാളല്ല; രണ്ടുപേരാണ്. യിസ്രായേലാണ് ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച അഥവാ, വാഗ്ദത്തം ലഭിച്ച സന്തതി. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശു. (ഉല്പ, 3:15; യെശ, 7:14; 9:6). രണ്ട് സന്തതിയെയും പൗലൊസ് വേർതിരിച്ച് കാണിച്ചിട്ടുണ്ട്. (ഗലാ, 3:16-19). സത്യവേദപുസ്തകം പരിഭാഷ വായിച്ചാൽ രണ്ട് സന്തതിയും ഒന്നാണെന്ന് തോന്നും. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഓശാന നൂതന പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അതായത്, യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. (മത്താ, 1:21; എബ്രാ, 2:14-16). അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.

ഇനി, മഹാപുരോഹിതനോട് ക്രിസ്തു പറഞ്ഞത് എന്താണെന്ന് ഒരിക്കൽക്കൂടി നോക്കാം. ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു” (മർക്കൊ, 14:62). ഈ വേദഭാഗത്ത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞശേഷം, ഞാൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും, എന്നല്ല പറഞ്ഞത്. മനുഷ്യപുത്രൻ ഇരിക്കുന്നതും വരുന്നതും കാണും എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണ്. (സങ്കീ, 8:4; 80:17; 144:3; ദാനീ, 7:13). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ആകാശമേഘങ്ങളോടെ വരുന്ന നിത്യരാജാവും യിസ്രായേലാണ്. (സങ്കീ, 80:17; 110:1; ദാനീ, 7:13). യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, യേശുവിനെ പുതിയനിയമം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, നാം ചിന്തിക്കുന്ന വേദഭാഗത്തെ മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല എന്നതിന് കൃത്യമായ തെളിവ് ബൈബിളിലുണ്ട്. “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കോസ് 9:26. ഒ.നോ: മത്താ, 25:31-45). ഈ വേഭാഗം ശ്രദ്ധിക്കുക. ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമായി കാണാം: 1. ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു, ഞാൻ നാണിക്കുമെന്നല്ല പറയുന്നത്; മനുഷ്യപുത്രൻ നാണിക്കുമെന്ന് പ്രഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ഭാഷാപരമായി,എന്നെ എന്നു പറഞ്ഞുതുടങ്ങിയാൽ, താൻതന്നെയാണ് മഹത്വത്തിൽ വരുന്നതെങ്കിൽ; അടുത്തഭാഗത്ത്, അവരെക്കുറിച്ച് ഞാൻ നാണിക്കുമെന്നാണ് പറയേണ്ടത്. മനുഷ്യപുത്രനെന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, ഈ വേദഭാഗത്ത് പറയുന്ന മനുഷ്യപുത്രൻ താനല്ലെന്ന് വ്യക്തമാണ്. 2. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരും, എന്നാണ് പറഞ്ഞിരിക്കുന്നത്. വേദഭാഗം ശ്രദ്ധിക്കുക; തൻ്റെ മഹത്വത്തിലും പിതാവിൻ്റെ മഹത്വത്തിലും മാത്രം വരുന്നവനല്ല;. വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുന്നവനാണ് മനുഷ്യപുത്രൻ. യേശുക്രിസ്തുവിന് ദൈവദൂതന്മാരുടെ മഹത്വം ആവശ്യമില്ല. തന്മൂലം, ആ മനുഷ്യപുത്രൻ യേശുക്രിസ്തു അല്ല. 3. ആകാശമേഘങ്ങളോടെ അഥവാ, തേജസ്സോടെ വരുന്ന നിത്യരാജാവ്, യിസ്രായേലാണെന്ന് ദാനീയേൽ പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ദാനീ, 7:13-14,18,21,27). ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു എന്ന് പറഞ്ഞാൽ; അത്, യിസ്രായേൽ ദൈവത്താൽ മഹത്വവും രാജത്വവും പ്രാപിക്കുന്നതിൻ്റെ ആത്മിക ചിത്രണമാണ്. അല്ലാതെ, യഥാർത്ഥത്തിൽ ആകാശമേഘത്തിൽ യിസ്രായേൽ വരികയില്ല. തന്മൂലം, മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. എന്തെന്നാൽ, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചു സകലവും കാല്ക്കീഴിലാക്കി കൊടുക്കും എന്ന് വാഗ്ദത്തം പ്രാപിച്ച മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:5;6; 80:17; എബ്രാ, 2:7-8). യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു എന്ന് യേശുക്രിസ്തു പറഞ്ഞത്.” (മത്താ, 28:18. ഒ.നോ: എഫെ, 1:22). എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല എന്ന് എബ്രായലേഖകനും പറയുന്നു. (എബ്രാ, 2:9). ഇതുരണ്ടും യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ പരസ്പര വിരുദ്ധമാണ്. യിസ്രായേലിനെ സംബന്ധിച്ച് ശരിയാണ്. അതായത്, യിസ്രായേലിനോടുള്ള പ്രവചനം യേശുക്രിസ്തുവിലൂടെ ആത്മീയമായി നിവൃത്തിച്ചു. (സങ്കീ, 8:5; മത്താ, 28:18). എന്നാൽ, അതിൻ്റെ പൂർണ്ണനിവൃത്തി ഇതുവരെ ആയിട്ടില്ല. അഥവാ, യഥാർത്ഥത്തിൽ സകലതും യിസ്രായേലിന്റെ കാല്ക്കീഴിൽ ആയിട്ടില്ല; അതാണ് എബ്രായലേഖകൻ പറയുന്നത്. (എബ്രാ, 2:9). ദൈവം അവൻ്റെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠം ആക്കിയശേഷം, അവൻ്റെ രാജ്യവും രാജത്വവും സ്ഥാപിച്ചു കൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. അതായത്, യഹോവ അഥവാ, യേശുക്രിസ്തു ഒലിവുമലയിൽ വരുമ്പോഴാണ് ഈ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (പ്രവൃ, 1:6,11; സെഖ, 14:3-4). തന്മൂലം, മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്ന് പറഞ്ഞാൽ; അത് ദൈവദൂഷണമാകില്ല. അതിനാൽ, മഹാപുരോഹിതൻ വസ്ത്രം കീറേണ്ട ആവശ്യവുമില്ല. എന്നിട്ടും, എന്തുകൊണ്ടാണ് ദൈവദൂഷണം ആരോപിച്ചുകൊണ്ട് മഹാപുരോഹിതൻ വസ്ത്രം കീറിയത്?

മഹാപുരോഹിതൻ ദൈവദൂഷണമായി മനസ്സിലാക്കി തൻ്റെ വസ്ത്രം കീറാൻ കാരണമായ രണ്ടു വാക്കു യേശു അവിടെ പറഞ്ഞു. നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ” എന്നു പുരോഹിതൻ ചോദിച്ചപ്പോൾ, “ഞാൻ ആകുന്നു” എന്നു യേശു പറഞ്ഞതിന്, നാം മനസ്സിലാക്കുന്നപോലെ, ‘ഞാനാണ് ദൈവപുത്രനായ ക്രിസ്തു’ എന്ന സാധാരണ അർത്ഥമല്ല ഉള്ളത്; സവിശേഷമായ മറ്റൊരർത്ഥമാണ് അതിനുള്ളത്. “ഞാൻ ആകുന്നു” അഥവാ, എഗോ എയ്മി (EGO EIMI) എന്നാണ് ക്രിസ്തു പറഞ്ഞത്. പല ഇംഗ്ലീഷ് പരിഭാഷകളിലും ‘ഞാൻ ആകുന്നു’ എന്നത് ‘I AM‘എന്ന് വലിയക്ഷരത്തിലാണ് (capital letter) എഴുതിയിരിക്കുന്നത്: (AFV’11, AFV2020, CJB, ISV, JUB, LITV, LSV, MKJV, MNT, NLT’15, RHB). പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ‘ഞാനാകുന്നവൻ ഞാനാകുന്നു” എന്നാണ്. (പുറ, 3:14). യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ അത്, എഗോ എയ്മി (εγω ειμι – EGO EIMI) ആണ്. ഇംഗ്ലീഷിൽ അത് I AM ആണ്. അതിനെയാണ് മർക്കൊസ് 14:62-ൽ ‘ഞാൻ ആകുന്നു‘ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് ehyeh aser ehyeh – I AM that I AM) അത്രേ. എഹ്യെഹിൻ്റെയും യാഹ്വെയുടെയും ധാത്വാർത്ഥം സ്വയം നിലനില്ക്കുന്നവൻ എന്നാണ്. അതുകൊണ്ടാണ്, അടുത്തവാക്യത്തിൽ യഹോവ എന്നു പറയുന്നത്: (പുറ, 3:14,15). നീ അത്യുന്നതൻ്റെ പുത്രനായ ക്രിസ്തുവോ എന്ന് മഹാപുരോഹിതൻ ചോദിച്ചപ്പോൾ, “ഞാൻ ആകുന്നവൻ ഞാനാകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നാണ് യേശു പറഞ്ഞത്. (മർക്കൊ, 14:62). അതായത്, യിസ്രായേലിൻ്റെ ദൈവത്തിൻ്റെ പരിശുദ്ധ നാമമാണ്, “എഗോ എയ്മി.” യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന യേശു എന്ന നസറെത്തുകാരൻ, താൻ യാഹ്വെയാണെന്ന് പറഞ്ഞതിനാണ്, മഹാപുരോഹിതൻ വസ്ത്രം കീറിയത്. അല്ലാതെ, താൻ ദൈവപുത്രനാണെന്ന് പറഞ്ഞതുകൊണ്ടല്ല.

യേശു താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു പറഞ്ഞതുകൊണ്ടല്ല മഹാപുരോഹിതൻ വസ്ത്രം കീറിയത് എന്നതിന് പ്രധാനപ്പെട്ട ഒരു തെളിവു ബൈബിളിലുണ്ട്. പലപ്രാവശ്യം താൻ ഏഗോ എയ്മി (EGO EIMI) ആണെന്നു യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 8:24,28; 8:58). അതിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നതും എന്നാൽ, പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്. പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും കൂടി കെദ്രോൻ തോടിൻ്റെ അക്കരയിലുള്ള ഗെത്ത്ശെമനയിൽ യേശുവിനെ അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ നടക്കുന്ന സംഭവമാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഓശാന പരിഭാഷ ചേർക്കുന്നു: “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. “നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. “ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.” (യോഹ 18:4-6). ഈ വേദഭാഗം ശ്രദ്ധിക്കുക: യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികളോട്, “ഞാൻ ആകുന്നു അഥവാ, എഗോ എയ്മി” (EGO EIMI) എന്നാണ് യേശു പറഞ്ഞത്. (യോഹ, 18:5). അത് കേട്ടയുടനെ അവർ പിന്നോട്ടു മറിഞ്ഞുവീണു. (യോഹ, 18:6). ഞാനാണ് നിങ്ങൾ അന്വേഷിക്കുന്ന നസറായനായ യേശു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, യെഹൂദാ പടയാളികൾ എന്തുകൊണ്ട് പിന്നോട്ട് മറിഞ്ഞുവീഴണം? യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണ് എഗോ എയ്മി. (പുറ, 3:14,15). മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം അതിവിശുദ്ധസ്ഥലത്തു മാത്രം എടുക്കുന്ന യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ് അവർ പുറകോട്ട് മറിഞ്ഞുവീണത്. സത്യവേദപുസ്തകം ഉൾപ്പെടെ (ഓശാന പരിഭാഷ ഒഴികെ) മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ ‘അതു ഞാൻ തന്നേ’ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. നമ്മൾ ചിന്തിച്ചുവരുന്ന കാര്യങ്ങളുടെ ഉത്തരം ഈ വേദഭാഗത്തുണ്ട്: 1. “നിങ്ങൾ ആരെ തിരയുന്നു” എന്നു യേശു ചോദിച്ചപ്പോൾ, ദൈവപുത്രനായ ക്രിസ്തുവിനെ എന്നല്ല; “നസറായനായ യേശുവിനെ” എന്ന് മാത്രമേ അവർ പറഞ്ഞുള്ളു. മഹാപുരോഹിതൻ്റെ മുമ്പിൽ യേശു പറഞ്ഞ മറ്റുരണ്ട് കാര്യങ്ങളും പറയാതെ, താൻ ആദ്യം പറഞ്ഞ, “ഞാൻ ആകുന്നു” എന്ന ഉത്തരം മാത്രമേ ഇവിടെയും യേശു പറഞ്ഞുള്ളു. തന്നെയുമല്ല, ആരെ തിരയുന്നു എന്ന യേശുവിൻ്റെ ചോദ്യത്തിന്, പടയാളികൾ ദൈവപുത്രനെന്നോ, ക്രിസ്തുവെന്നോ പറഞ്ഞില്ല. നസറായനായ യേശുവിനെ എന്ന് മാത്രമാണ് അവർ പറഞ്ഞത്. യോസഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ യേശുവാണ് താനെന്നു സമ്മതിച്ചാൽ; അത് കേട്ടിട്ട് അവർ എന്തിനാണ് പുറകോട്ടു മറിഞ്ഞുവീഴന്നത്? അപ്പോൾ യേശു പറഞ്ഞതിൻ്റെ അർത്ഥം, “ഞാൻ ആകുന്നവൻ ഞാനാകുന്നു അഥവാ, എഗോ എയ്മി (EGO EIMI) എന്നു തന്നെയാണെന്ന് സ്ഫടിക സ്ഫുടം വ്യക്തമാണ്. 2. മഹാപുരോഹിതൻ ദൈവദൂഷണം ആരാപിച്ച് വസ്ത്രം കീറിയതിൻ്റെ കാരണം, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു സമ്മതിച്ചതുകൊണ്ടല്ല; പ്രത്യുത, താൻ എഗോ എയ്മി (EGO EIMI) ആണെന്നു പറഞ്ഞതുകൊണ്ടാണെന്ന് ഈ വേദഭാഗം കൃത്യമായ തെളിവു തരുന്നു. “യോഹന്നാൻ 18:4-6-ൽ ദൈവപുത്രനെന്നോ ക്രിസ്തുവെന്ന പ്രയോഗമില്ല. അതിനാൽ, പടയാളികൾ പിന്നോട്ട് മറിഞ്ഞുവീണതും, മഹാപുരോഹിതൻ ദൈവദൂഷണം ആരോപിച്ചുകൊണ്ട് വസ്ത്രം കീറിയതും, താൻ ‘എഗോ എയ്മി’ അഥവാ, യാഹ്വെ ആണെന്ന് പറഞ്ഞതുകൊണ്ടാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.” അതല്ലാതെ, യേശു മഹാപുരോഹിതൻ്റെ മുമ്പിൽപ്പറഞ്ഞ യാതൊന്നും ദൈവദൂഷണമല്ലെന്ന് മുകളിൽ നാം കണ്ടതുമാണ്.

ഇനി അറിയാനുള്ളത്, കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായവനും (മത്താ, 1:20) തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), യേശുവെന്ന ദൂതന്മാരെക്കാൾ താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള ലൂക്കൊ, 23:46) പാപമറിയാത്ത മനുഷ്യന് (2കൊരി, 5:21; 1തിമൊ, 2:6), താൻ എഗോ എയ്മി അഥവാ, യഹോവയാണെന്ന് എങ്ങനെ പറയാൻ കഴിഞ്ഞു എന്നതാണ്? കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു.

ബൈബിൾ അനേകം വാക്യങ്ങളിലൂടെ അത് വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ ഒര പ്രവചനംകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “ഗതിഭേദത്താൾ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

മഹാ പുരോഹിതനോട് പറഞ്ഞതുകൂടാതെ, വേറെ പല സ്ഥാനങ്ങളിലും താൻ ‘എഗോ എയ്മി’ ആണെന്നു യേശു പറഞ്ഞതായി കാണാം. യോഹന്നാൻ്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ താൻ മൂന്നിടത്തു പറയുന്നുണ്ട്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24, 8:28. ഒ.നോ: പുറ, 3:14). അവൻ്റെ ഈ വാക്കുകേട്ട് പലരും അവനെ വിശ്വസിച്ചതായും അവിടെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:30). യോഹന്നാൻ 8:58 ഓശാന നൂതന പരിഭാഷയിൽനിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” ഇവിടെ, അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ഞാനാകുന്നവൻ ഞാനാകുന്നു അഥവാ, യഹോവയാണ് താനെന്നാണ് യേശു പറഞ്ഞത്. അതുകൊണ്ടാണ് യെഹൂദന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ മറഞ്ഞ് ദൈവാലയം വിട്ടുപോയതും: (യോഹ, 8:58,59). അല്ലാതെ, യേശുവെന്ന മനുഷ്യൻ തന്നെക്കാൾ രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന മറ്റൊരു മനുഷ്യൻ ജനിച്ചതിനു മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ; ന്യായപ്രമാണപ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ❓

“നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹന്നാൻ 8:56-59) 

മേല്പറഞ്ഞ വേദഭാഗത്ത്, അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. ഒരു മുനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്? ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും, അത് കേട്ടവരുടെ പ്രതികരണവും, അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ, യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ഞാനുണ്ട്, എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്? ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. എല്ലാം വിശദമായി മനസ്സിലാക്കാൻ, നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്: 1. ക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണ്? 2. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 3. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 4. ക്രിസ്തു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം:

1. ക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണ്? യേശു കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:32) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:4). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; 2:7) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മതിർന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ തുടങ്ങിയവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ തന്നെത്തന്നെ മരണത്തിന് ഏല്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമായ (1പത്രൊ, 3:18) പാപം അറിയാത്ത (2കൊരി, 5:21) മനുഷ്യനാണ് ക്രിസ്തു: (1തിമൊ, 2:6). ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, അഭിഷിക്തനായ മനുഷ്യൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. യേശു എന്ന പരിശുദ്ധമനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61-2; ലൂക്കൊ, 4:16-21). അഭിഷേകത്തിന് ശേഷമാണ്, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവിനാൽ വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32; 1:35; 3:22). അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ബി.സി. 6-ൽ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രമാണ്;

യോഹന്നാൻ എട്ടാം അദ്ധ്യായത്തിൽത്തന്നെ താൻ മനുഷ്യനാണെന്ന് ക്രിസ്തു സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (8:40). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22) എന്നിങ്ങനെയാണ് പത്രൊസ് അപ്പൊസ്തലൻ അവനെ വിശേഷിപ്പിക്കുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ അഥവാ, ഏകമനുഷ്യൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് പൗലൊസ് അപ്പൊസ്തലൻ വിശേഷിപ്പിക്കുന്നത്. യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട: യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, നാലുപ്രാവശ്യം ജഡം (sarx, sarki) എന്നും പറഞ്ഞിട്ടുണ്ട്. ജഡം എന്നതുകൊണ്ട് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ തനിക്ക് മനുഷ്യനായി വേഷം മാറാനോ, അവതാരമെടുക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). താൻ ശരീരവും രക്തവും മരണവും ഇല്ലാത്തവനാകയാൽ, പാപികളുടെ പാപം വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (1തിമൊ, 6:16). തന്മൂലം, യേശുവെന്ന ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് രക്തംചിന്തി ക്രൂശിൽ മരണം ആസ്വദിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9; 1പത്രൊ, 1:19; 2:24). ബി.സി. 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.ഡി. 29-ൽ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്❓

താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇവിടെപ്പറയാൻ നിവൃത്തിയില്ല. താൻ ദൈവമല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന രണ്ട് വേദഭാഗം കാണിക്കാം:

1. ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ക്രിസ്തുവിനെ നുണയനും വഞ്ചകനും ആക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അറിയുന്നവരോ, അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല.

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36).

താൻ സത്യദൈവമല്ലെന്ന് പുത്രൻതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ; അവൻ സത്യദൈവമാകില്ല; വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം കർത്താവിനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ പിതാവിനെക്കാൾ താഴ്ന്നവനും (യോഹ, 14:28. ഒ.നോ: 10:29) സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനുമാണ്. (എബ്രാ, 7:26). അതായത്, പലരു തങ്ങളുടെ ദുരുപദേശത്താൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ഉപദേശം.

2. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 51-ാം വാക്യത്തിൽ: “ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല” എന്ന് ക്രിസ്തു പറയുന്നതായി കാണാം. അപ്പോൾ, യെഹൂദന്മാർ അവനോട്: “നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ  മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു. (യോഹ, 8:52,53). അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:57). അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ; ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; ഗലാ, 3:16-19). അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; ഹോശേ, 1:10; 11:1; പ്രവൃ, 13:12). ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോട് ചെയ്ത; വാഗ്ദത്തം നിവൃത്തിക്കാനാണ്, ദൈവത്തിൻ്റെ ക്രിസ്തു വന്നത്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26. ഒ:നോ: ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). എന്നാൽ, അബ്രാഹാം എങ്ങനെയാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: “അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.” {എബ്രാ,11:12-13). ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു. അപ്പോൾ, അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അതായത്, അവൻ വിശ്വാസക്കണ്ണാലാണ്; രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). “അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: “നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.” (യോഹ, 8:57). അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. തൻ്റെ ഈ ദിവസം അബ്രാഹം മുന്നമേ ആത്മാവിൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. എന്നാൽ, അവൻ്റെ വാക്ക് ഗ്രഹിക്കാത്തവർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ആമേൻ, “ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്. അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.” (യോഹ, 8:58-59).

3. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? അത് അറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. എന്നാൽ, ദൈവത്തിന് മരണമില്ലെന്നും, ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയ കാര്യവും മുകളിൽ നാം കണ്ടതാണ്. യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർക്ക് അറിയാമായിരുന്നു. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ഈ സംഭവത്തിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞതുമാണ്: (8:40). തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം? ഒരു മനുഷ്യൻ തന്നെക്കാൾ 2,000 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? തന്മൂലം, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്. ഒന്നാമത്, അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും? ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, അത് അബദ്ധമാണ്. എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:11). വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ അഥവാ, ഉരുവായ മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:21). അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും അവൻ ഇല്ലായിരുന്നു. പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും? യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്.

രണ്ടാമത്, യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ്; ന്യായപ്രമാണത്തിൽ ഉണ്ട്: 1.കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-32). 2.കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2). 3.വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27). 4.മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27). 5.യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16). 6.അന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:4-10). 7.അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:15). 8.അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:27). 9.ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21). 10.വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24). 11.ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36). 12.ദൈവദൂഷകൻ. (ലേവ്യ, 24:11-14).

മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. എന്തെന്നാൻ, അവൻ പരിശുദ്ധനും പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനു, പാപം ഇല്ലാത്തവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “നിങ്ങളിൽ ആർ എന്നെ; പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു” എന്ന് ദൈവാലയത്തിൽ വെച്ച് യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). അതായത്, “എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും” എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായ പൂർണ്ണ ശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ഇനി, പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, അവൻ അത് പറഞ്ഞത് ശബ്ബത്തിൽ അല്ല. അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും? 2,000 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം.

ഒരു ഉദാഹരണം പറഞ്ഞാൽ, അത് മനസ്സിലാക്കാം: കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമൻ സാറും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാം സാറുമാണ്. ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും? അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, അവന് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:15; മർക്കൊ, 3:22). ഈ അദ്ധ്യായത്തിൽത്തന്നെ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:48,52). അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് ഓർക്കണം.

മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ട് അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയതായി അവിടെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:59). സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:5-19). പൗലൊസ് മരിച്ചെന്നു കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. (പ്രവൃ, 14:19). ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട്, സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. സ്വയരക്ഷയ്ക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. എന്നാൽ, ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്? അതായത്, യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. എന്നാൽ, നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്നറിയണം.

4. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം‘ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മരണമില്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തൻ്റെ പ്രത്യക്ഷതയ്ക്കായി യേശുവെന്ന പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി യേശുവെന്ന നാമത്തിൽ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ മാത്രമാണ്. അതിനുമുമ്പെ യേശുവെന്ന മനുഷ്യവ്യക്തിയില്ല. പിന്നെങ്ങനെയാണ്, അവൻ അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്?

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം: ഏകമനുഷ്യനായ യേശുക്രിസ്തുവിന് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു” എന്നാണ്, യോഹന്നാൻ സ്നാനാപകൻ പറഞ്ഞത്. (യോഹ, 1:30). ഇവിടെപ്പറയുന്ന പുരുഷൻ (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 2:22; 10:38). അല്ലാതെ, മനുഷ്യനായ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15,41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11,13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ഒ,നോ: (യെശ, 25:8-9; 29:18; 35:3-6–മത്താ, 11:4-5; ലൂക്കൊ, 7:22). അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; എബ്രാ, 2:14-16).

പൗലൊസ് പറയുന്നത് നോക്കുക: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ, KJV ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും, വിശുദ്ധഗ്രന്ഥം ബെഞ്ചമിൻ ബെയിലി, മാണിക്കത്തനാർ, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളിലും, രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ള കർത്താവ് എന്നാണ് കാണുന്നത്. യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കോ, 1:32; 1:35; 2:11). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയതെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, ബി,സി. 6-ന് മുമ്പെ യേശുവെന്ന മനുഷ്യനില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പോലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷതാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യഹോവയെ പുതിയനിയമത്തിൽ കുറിയോസ് (kyrios) അഥവാ, കർത്താവെന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ജീവനുള്ള ദൈവം അഥവാ, യഹോവ ജഡത്തിൽ വെളിപ്പെട്ടു എന്ന ദൈവഭക്തിയുടെ മർമ്മവും പൗലോസിലൂടെയാണ് ദൈവം വെളിപ്പെടുത്തിയതെന്നും ഓർക്കുക. (1തിമൊ, 3:14-16). അതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്. (സെഖ, 12:10. ഒ.നോ: യോഹ, 19:37). സെഖര്യാവ് 12:10 സത്യവേദപുസ്തകം പരിഭാഷ തെറ്റാണ്; മലയാളത്തിലെ, ബെഞ്ചമിൻബെയ്ലി, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന ലേഖനം ദയവായി കാണുക]

ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി പരിശോധിക്കാം: സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. മലയാളം ഓശാന പരിഭാഷയിലെ വാക്യം ചേർക്കുന്നു. യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു. (യോഹ, 8:58). ഈ പരിഭാഷയിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; “ഞാൻ ആകുന്നു” എന്നാണ്. അനേകം ഇംഗ്ലീഷ് പരിഭാഷകളിലും ‘ഞാൻ ആകുന്നു’ എന്നത് ‘I AM‘എന്ന വലിയക്ഷരത്തിലാണ് (capital letter) എഴുതിയിരിക്കുന്നത്: (AFV’11, AFV2000, CJB, DMNT, EMTV, Etheridge, F35, GLW, Haweis, HNC, HNV, ISV, JUB, LITV, LSV, Logos, MKJV, NAB, NHEB, NHEB-JM, NHEB-ME, NHEB-Y, NKJV, NLT’15, PESH, PSNT, Phi, RHB, ULB, WEB, WEBPB, WMB, WMBB). പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ‘ഞാനാകുന്നവൻ ഞാനാകുന്നു‘ എന്നാണ്. (പുറ, 3:14). അത് എബ്രായയിൽ എഹ്യെഹ് അഷർ ഏഹ്യെഹ് (ehyeh aser ehyeh – I AM THAT I AM) ആണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ അത് എഗോ എയ്മി (εγω ειμι – EGO EIMI) ആണ്. ഇംഗ്ലീഷിൽ അത് I AM ആണ്. അതാണ് മലയാളം ഓശാന പരിഭാഷയിൽ ‘ഞാൻ ആകുന്നു‘ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്.

അതായത്, അബ്രാഹാമിനു മുമ്പേയുള്ള ‘എഗോ എയ്മി അഥവാ, ഞാനാകുന്നവൻ ഞാനാകുന്നു’ എന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. Aramaic Bible in Plain English-ൽ: “Yeshua said to them: “Timeless truth I speak to you: Before Abraham would exist, I AM THE LIVING GOD.” (യേശുവാ അവരോട് പറഞ്ഞു: കാലാതീതമായ സത്യം ഞാൻ നിങ്ങളോട് സംസാരിക്കുന്നു: അബ്രഹാം ജനിക്കുന്നതിനു മുമ്പേയുള്ള, ജീവനുള്ള ദൈവമാണ് ഞാൻ). One Unity Resource Bible-ൽ: “Yeshua [Salvation] said to them, “Most certainly, I tell you, before Abraham [Father of a multitude] came into existence, Ena Na [I AM (the Living God)].” The Remedy, 2020-ൽ: “I tell you the truth,” Jesus said, “before Abraham was even born, I AM! I AM he who created all things. I AM he who has always been.” The Orthodox Jewish Brit Chadasha-യിൽ പുറപ്പാടിലെയും യെശയ്യാവിലെയും യഹോവയെ കുറിക്കുന്ന ഫുട്ട്നോട്ട് കൊടുത്തിട്ടുണ്ട്: “Rebbe, Melech HaMoshiach said to them, “Omein, omein, I say to you, before Avraham came into being, Ani hu.” [Shemot 3:14; 6:3; Yeshayah 41:4; 43:10,13]. അബ്രാഹാമിനു മുമ്പേയുള്ള “യാഹ്വെ അഥവാ, ഞാനാകുന്നവൻ ഞാനാകുന്നു” എന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന യേശു എന്ന നസറെത്തുകാരൻ, അബ്രാഹാമിനു മുമ്പേയുള്ള യാഹ്വെയാണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും. അതാണ് അവിടെ സംഭവിച്ചത്. അതായത്, യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യാഹ്വേ ആണെന്നാണ്. അഥവാ, യാഹ്വേയുടെ മനുഷ്യ പ്രത്യക്ഷതയാണെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും; അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും.

താൻ “എഗോ എയ്മി” അഥവാ, യാഹ്വെ ആണെന്ന്, യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: 8:28. ഒ.നോ: പുറ, 3:14). സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ഞാൻതന്നേ അവൻ എന്നാണ് കാണുന്നത്. ആശയം ഏതാണ്ട് ഒരുപോലെയാണ്. പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ഞാൻതന്നേ അവൻ അഥവാ, പിതാവെന്ന് പറയുന്നത്,. ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നതും., എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: ഞാൻ ആകുന്നു അഥവാ, എഗോ അയ്മി എന്നാണ് യേശു പറഞ്ഞത്. (യോഹ, 18:5). ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ഓശാന പരിഭാഷ വായിക്കുക. അതു കേട്ടയുടനെ, യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്. (യോഹ, 18:6). നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ, പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്?പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ് വന്നതെന്നോർക്കണം. യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമം ആണ് “എഗോ എയ്മി.” (പുറ, 3:14-15). ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ഓശാന പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, ‘അതു ഞാൻ തന്നേ’ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ്; തർജ്ജമ ചെയ്തിരിക്കുന്നത്. അടുത്തത്, മഹാപുരോഹിതനായ കയ്യഫാവിനോട് “ഞാൻ ആകുന്നു” എന്ന് യേശു പറഞ്ഞപ്പോഴാണ്, മഹാപുരോഹിതൻ വസ്ത്രം കീറിയത്. (മത്താ, 26:63-65). അവിടെയും യിസ്രായേലിന്റെ അതിപരിശുദ്ധനാമം ആയ “എഗോ എയ്മി” ആണെന്ന് പറഞ്ഞതിനാലാണ്, മഹാപുരോഹിതൻ വസ്ത്രം കീറിയത്. ന്യായാധിപ സംഘത്തിൻ്റെ മുമ്പിലും, താൻ “എഗോ അയ്മി” ആണെന്നാണ് പറഞ്ഞത്. (ലൂക്കൊ, 22:70). യഥാർത്ഥത്തിൽ, യേശുവിനെ ക്രൂശിക്കാനുള്ള കുറ്റംതന്നെ അതാണ്. അല്ലാതെ, ദൈവപുത്രൻ എന്ന് പറഞ്ഞതു കൊണ്ടല്ല. എന്തെന്നാൽ, യിസ്രായേൽ ഉൾപ്പെടെ, ദൂതന്മാരും മനുഷ്യരുമായി ദൈവത്തിനു അനേകം പുത്രന്മാരുണ്ട്. എന്നാൽ, ബൈബിളിലെ ഒരു പുത്രനും ദൈവമല്ല. പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). യിസ്രായേൽതന്നെ ദൈവത്തിൻ്റെ പുത്രനായിരിക്കെ, യെഹൂദാഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശു, താൻ ദൈവപുത്രനാണെന്ന് പറയുന്നത് ക്രൂശിക്കാനുള്ള കാരണമാകുന്നത് എങ്ങനെയാണ്?

ക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). എന്നാൽ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, യേശുവെന്ന മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്ന് ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടുകൂടി യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.” (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് ഏറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, പൂർവ്വാസ്തിത്വത്തിലും സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലു പിതാവും പുത്രനും ഒന്നുതന്നെയാണ്; അഥവാ, ക്രിസ്തു യാഹ്വേ തന്നെയാണ്.

അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24;28; 13:19). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). അബ്രാഹാമിനു മുമ്പേയുള്ള എഗോ എയ്മിയാണെന്ന് പറഞ്ഞത്. (യോഹ, 8:58). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം, പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ? എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവായ യഹോവ എന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

NB: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്ന പ്രയോഗം, ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ അഥവാ, പ്രത്യേകനാമത്തെ (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം.

കൂടുതൽ അറിവുകൾക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

ദൈവഭക്തിയുടെ മർമ്മം