☛ ക്രിസ്തുവിൻ്റെ ദിവസം അബ്രാഹാം കണ്ടത് എപ്പോഴാണ്❓
➦ ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). ➟ഈ വേദഭാഗപ്രകാരം, ക്രിസ്തു ദൈവമാണെന്നും അബ്രാഹാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടിട്ടുണ്ടെന്നും പലരും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: അബ്രാഹാം തന്നെ കണ്ട കാര്യമല്ല; തൻ്റെ ദിവസത്തെ കണ്ടകാര്യമാണ്. ➟മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമാത് ത്രിത്വമാണെന്ന് വിചാരിക്കുന്നവരുമുണ്ട്; എന്നാൽ ത്രിത്വവും ക്രിസ്തുവുമൊന്നുമല്ല അവിടെ പ്രത്യക്ഷനായത്. ➟പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാണ്: (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18). ➟അവനെങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? ➟അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; സങ്കീ, 2:7 – പ്രവൃ, 13:32-33; ഹോശേ, 1:10; 11:1). ➟❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോടും (ഉല്പ, 22:18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, പൂർവ്വപിതാക്കന്മാരുടെയും യിസ്രായേലിൻ്റെയും ദൈവമായ യഹോവ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് വന്നത്: (പുറ, 3:6; പുറ, 24:10 – 1തിമൊ, 3:15-16). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝ഭൂമിയിലുള്ള സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26 – ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). ➟ക്രിസ്തു പഴയനിയമത്തിൽ ഇല്ലായിരുന്നു; അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നും പത്രൊസ് വ്യക്തമാക്കുന്നു: ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് വെളിപ്പെട്ടവനെ അബ്രാഹാം എങ്ങനെയാണ് കണ്ടത്? ➟അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟വാക്യം ശ്രദ്ധിക്കുക: ❝ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു.❞ ➟അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അഥവാ, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❝അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟ക്രിസ്തു അബ്രാഹാമിനെയല്ല; അബ്രാഹാം തൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ദിവസത്തെ ആത്മീയ നയനങ്ങളാൽ കണ്ടകാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ഭൂരിപക്ഷം ക്രൈസ്തവരുടെയും പ്രശ്നം! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?]
☛ പരിശുദ്ധാത്മാവും ക്രിസ്തുവും:
➦ ❝അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.❞ (മത്താ, 12:31-32). ➟ക്രിസ്തു ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). ➟മർക്കൊസിൽ ❝നിത്യശിക്ഷയ്ക്ക് യോഗ്യനാകും❞ എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് ക്രിസ്തു പറഞ്ഞത്❓ ➟പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള (ദൃശ്യമായ) വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ, 6:8-10–പ്രവൃ, 28:26-27; യെശ, 44:24–ഇയ്യോ, 33:4; ലൂക്കൊ, 3:22–യോഹ, 16:32; മത്താ, 12:28–പ്രവൃ, 2:22; 1പത്രൊ, 3:18–പ്രവൃ, 2:31; പ്രവൃ, 5:3–5:4; 1കൊരി, 3:16-17). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟❝പരിശുദ്ധൻ❞ എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ ❝പരിശുദ്ധ ആത്മാവു❞ എന്ന് വിശേഷിപ്പിക്കുന്നത്: (യെശ, 57:15 – വെളി, 15:4). ➟പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4; 1കൊരി, 3:16) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). ➟അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് അവൻ പറയുമായിരുന്നു. ➟ക്രിസ്തു കന്യകയിൽ ഉല്പാദിതമായി അവളിൽനിന്ന് ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് പരിശുദ്ധാത്മാവിലായിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; എബ്രാ, 9:14; 1പത്രൊ, 3:18). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ദൈവം അമർത്യനാണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവത്താൽ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ക്രിസ്തു എപ്പോഴാണ് അമർത്യനായ ദൈവമായത്❓ (കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, മനുഷ്യനായ ക്രിസ്തുയേശു, മനുഷ്യനായ യേശുക്രിസ്തു; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
☛ യഹോവയുടെ സൈന്യത്തിന്റെ അധിപതി യേശുക്രിസ്തുവോ?
➦ ❝യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.❞ (യോശുവ 5:13-15). ➟ഇവിടെക്കാണുന്ന യഹോവയുടെ സൈന്യത്തിന്റെ അധിപതി ❛ക്രിസ്റ്റഫനി❜ (𝐂𝐡𝐫𝐢𝐬𝐭𝐨𝐩𝐡𝐚𝐧𝐲) അഥവാ, യേശുക്രിസ്തുവിന്റെ പഴയനിയമ വെളിപ്പെടായി കാണുന്നവരുണ്ട്. ➟അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
❶ പുരുഷൻ:
☛ യോശുവ തലപൊക്കി നോക്കുമ്പോൾ കാണുന്നത് ഒരു ആൾ കയ്യിൽ വാളുമായി നിൽക്കുന്നതാണ്. ➟ഇവിടുത്തെ ❛𝗜𝘀𝗵❜ എന്ന എബ്രായ പദത്തിന് ❛പുരുഷൻ❜ (𝐌𝐚𝐧) എന്നാണർത്ഥം. ➟പഴയനിയമത്തിൽ ❛ദൂതനും❜ (𝐈𝐬𝐡 ⁃ 𝐌𝐚𝐧) ❛ദൂതന്മാരും❜ (𝐀𝐧𝐚𝐬𝐡𝐢𝐦 ⁃ 𝐌𝐞𝐧) പുരുഷരൂപത്തിൽ വന്നിരിക്കുന്ന പല തെളിവുകളുമുണ്ട്: (യെഹെ, 9:2-3; ദാനീ, 9:21; സെഖ, 1:8; 1:10 ⁃⁃ ഉല്പ, 18:16; 18:22). ➟എന്നാൽ യേശുക്രിസ്തു പഴയനിയമത്തിൽ വെളിപ്പെട്ടതിൻ്റെ യാതൊരു തെളിവും കാണാൻ കഴിയില്ല.
❷ യഹോവയുടെ സൈന്യത്തിന്റെ അധിപതി:
☛ യോശുവ കണ്ട ആൾ പറയുന്നത്: ❝ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതി❞ എന്നാണ്. ➟❛സൈന്യത്തിന്റെ അധിപതി/സേനാപതി❜ (𝐓𝐡𝐞 𝐜𝐚𝐩𝐭𝐚𝐢𝐧 𝐨𝐟 𝐚𝐫𝐦𝐲, 𝐜𝐚𝐩𝐭𝐚𝐢𝐧 𝐨𝐟 𝐭𝐡𝐞 𝐡𝐨𝐬𝐭) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ❛𝗦𝗮𝗿 𝗧𝘀𝗮𝘃𝗮❜ എന്ന എബ്രായ പദം, ➟മനുഷ്യസൈന്യത്തിൻ്റെ സേനാപതിയെ കുറിക്കാൻ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന പദമാണിത്: (ന്യായാ, 4:7; 1ശമൂ, 12:9; 2ശമൂ, 2:8; 10:16; 19:13). ➟എന്നാൽ യോശുവ കാണുന്നവൻ യഹോവയായ ദൈവത്തിൻ്റെ സൈന്യാധിപനെയാണ്.
☛ യഹോവയുടെ സൈന്യം മനുഷ്യസൈന്യമല്ല; ദൂതസൈന്യമാണ്: ➟❝നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.❞ (1രാജാ, 22:19). ➟മീഖായാവ് കാണുന്ന ❛സ്വർഗ്ഗീയസൈന്യം❜ (𝐇𝐞𝐚𝐯𝐞𝐧𝐥𝐲 𝐇𝐨𝐬𝐭) എബ്രായയിൽ ❛𝗧𝘀𝗲𝘃𝗮 𝗛𝗮𝗦𝗵𝗮𝗺𝗮𝘆𝗶𝗺❜ ആണ്. ➟അത് ദൂതസൈന്യമാണ്: (സങ്കീ, 103:20-22 ⁃⁃ നെഹെ, 9:6). ➟ആ സൈന്യത്തിൻ്റെ അധിപതിയാണ് യോശുവയുടെ അടുക്കൽ വന്നത്. ➟ആ ദൂതൻ മീഖായേൽ അല്ലാതെ, മറ്റാരും ആകില്ല: (ദാനീ, 10:13; 12:1).
☛ യഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ ❛തനാഖിൽ❜ (TanaKh) പ്രശസ്ത യഹൂദ ബൈബിൾ വ്യാഖ്യാതാവായ ❛𝗥𝗮𝘀𝗵𝗶❜ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 𝗥𝗮𝗯𝗯𝗶 𝗦𝗵𝗹𝗼𝗺𝗼 𝗬𝗶𝘁𝘇𝗰𝗵𝗮𝗸𝗶-ൻ്റെ വ്യാഖ്യാനവുമുണ്ട്. ➟അതിൽ പറയുന്നതും യെഹൂദന്മാരുടെ പ്രഭുവായ മീഖായേൽ ദൂതൻ ആണെന്നാണ്: (ദാനീ, 10:21; 12:1). ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; റോമ, 3:2), ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതി എന്ന നിലയിലും യെഹൂദൻ്റെ വ്യാഖ്യാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).
❸ 𝗔𝗱𝗼𝗻𝗮𝘆/𝗮𝗱𝗼𝗻𝗶:
☛ യോശുവ സൈന്യത്തിൻ്റെ അധിപതിയെ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്, ❝കർത്താവിന്നു അടിയനോടുള്ള കല്പന എന്തു❞ എന്നു ചോദിക്കുന്നതായി കാണാം. ➟യേശുവ അധിപതിയെ നമസ്കരിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟അവൻ ദൈവമാണോ, അല്ലയോ എന്ന് മനസ്സിലാക്കാൻ പ്രസ്തുത വാക്യത്തിൽത്തന്നെ മാർഗ്ഗമുണ്ട്. ➟ഇവിടെ ❛കർത്താവു❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ദൈവത്തിന് ഉപയോഗിക്കുന്നു ❛𝗔𝗱𝗼𝗻𝗮𝘆❜ എന്ന പദമല്ല; ➟ദൂതന്മാർക്കും മനുഷ്യർക്കും ഉപയോഗിക്കുന്ന ❛𝗮𝗱𝗼𝗻𝗶❜ എന്ന പദമാണ്: (ന്യായാ, 6:13; ദാനീ, 10:16; 10:19 ⁃⁃ ഉല്പ, 24:12; 24:27; 24:35). ➟❛𝗔𝗱𝗼𝗻𝗮𝘆❜ എന്ന പദത്തിന് ❛എൻ്റെ കർത്താവു❜ (𝐌𝐲 𝐋𝐨𝐫𝐝) എന്നും, ➟❛𝗮𝗱𝗼𝗻𝗶❜ എന്ന പദത്തിന് ❛എൻ്റെ യജമാനൻ❜ (𝐦𝐲 𝐥𝐨𝐫𝐝) എന്നുമാണർത്ഥം. ➟സത്യവേദപുസ്തകത്തിൽ കർത്താവ് എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟എന്നാൽ 𝗔𝗠𝗣, 𝗘𝗦𝗩, 𝗞𝗝𝗩, 𝗡𝗔𝗦𝗕, 𝗡𝗜𝗩, 𝗡𝗞𝗝𝗩 മുതലായ മിക്ക ഇംഗ്ലീഷ് പരിഭാഷകളിൽ ❛𝗺𝘆 𝗹𝗼𝗿𝗱❜ എന്ന് ചെറിയ അക്ഷരത്തിലാണ് കാണാൻ കഴിയുക. ➟അതിനാൽ സൈന്യത്തിൻ്റെ അധിപതി ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് മനസ്സിലാക്കാം.
❹ ആരാധനയും ആചാരപരമായ നമസ്കാരവും:
☛ ആരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന എബ്രായ പദവും ➟❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന ഗ്രീക്കുപദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിലും (𝐋𝐗𝐗), ➟ദൈവത്തെ ആരാധിക്കാനും ➟ദൂതന്മാരെ നമസ്കരിക്കാനും ➟മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. 𝟭.ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20). 𝟮.ദൂതന്മാർ: (ഉല്പ, 19:1). 𝟯.മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26). 𝟰.രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟ലോത്ത് രണ്ട് ദൂതന്മാരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് ആരാധനയല്ല; ആചാരപരമായ നമസ്കാരമാണ്: (ഉല്പ, 19:1). ➟അതിനാൽ യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയായ ദൂതനെ യോശുവ നമസ്കരിച്ചതുകൊണ്ട് അവൻ ദൈവമോ, യേശുവോ ആകുന്നില്ല.
❺ നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു:
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിന് വ്യക്തമായ തെളിവ് ഇനിയുമുണ്ട്. ➟സൈന്യത്തിൻ്റെ അധിപതി യോശുവയോടു: ❝നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു❞ എന്ന് പറയുന്നതായി കാണാം. ➟ഇതേകാര്യം ഹോരേബിൽ ദൂതൻ മോശെയ്ക്ക് പ്രത്യക്ഷനായ സമയത്തും പറയുന്നതായി കാണാം: (പുറ, 3:5). ➟രണ്ട് സംഭവങ്ങളും താരതമ്യം ചെയ്താൽ, രണ്ടിടത്തും പ്രത്യക്ഷനായത് ദൂതനാണെന്നും ➟എന്തുകൊണ്ടാണ് ദൂതൻ്റെ പ്രത്യക്ഷതയിൽ ആ സ്ഥലം വിശുദ്ധമായതെന്നും മനസ്സിലാക്കാം. ➟പുറപ്പാടിൽ ❝യഹോവയുടെ ദൂതൻ പ്രത്യക്ഷനായി❞ എന്നാണ്: (പുറ, 3:2). ➟യോശുവയിൽ ❝യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു❞ എന്നാണ്: (യോശു, 5:14). ➟രണ്ടിടത്തും ❝നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക❞ എന്നു എന്ന് പറയുന്നതായി കാണാം. ➟ഇക്കാര്യം പുറപ്പാടിൽ ദൈവവും യോശുവയിൽ യഹോവയുടെ സൈന്യാധിപനുമാണ് പറയുന്നത്: (പുറ, 3:5 ⁃⁃ യോശു, 5:15). ➟എന്നാൽ രണ്ടിടത്തും യഹോവ സംസാരിക്കുന്നതായി കാണാം. ➟പുറപ്പാടിൽ ദൂതൻ പ്രത്യക്ഷമായി എന്ന് പറഞ്ഞശേഷം, പിന്നീട് സംസാരിക്കുന്നത് മുഴുവൻ യഹോവയാണ്. ➟എന്നാൽ യോശുവയിൽ സൈന്യത്തിൻ്റെ അധിപതി സംസാരിച്ചശേഷം പിന്നെ സംസാരിക്കുന്നത് യഹോവയാണ്: (യോശു, 6:2-5). ➟പുറപ്പാടിൽ പ്രത്യക്ഷനായത് ദൂതനാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:30; 7:35). ➟അതിനാൽ രണ്ടിടത്തും പ്രത്യക്ഷനായത് ദുതനാണെന്ന് മനസ്സിലാക്കാം.
❻ ദൂതൻ മുഖാന്തരമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷത:
☛ രണ്ടിടത്തും പ്രത്യക്ഷനായത് ദൂതനാണെന്നും, ➟രണ്ടിടത്തും യഹോവ സംസാരിച്ചു എന്നും നമ്മൾ കണ്ടു. ➟ഇത് കേവലം ദൂതൻ്റെ പ്രത്യക്ഷതല്ല; പ്രത്യുത, ദൂതൻ മുഖാന്തരമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. ➟അതായത്, മോശെയും യോശുവയും തങ്ങളുടെ കണ്ണാൽ കണ്ടത് ദുതനെയാണ്. ➟എന്നാൽ അവർ കേട്ട ശബ്ദം യഹോവയായ ദൈവത്തിൻ്റെയാണ്. ➟എന്നുവെച്ചാൽ, ദൂതൻ മുഖാന്തരം സാക്ഷാൽ യഹോവ തന്നെയാണ് അവർക്ക് പ്രത്യക്ഷമായത്. ➟അതുകൊണ്ടാണ്, രണ്ടിടത്തും ദൂതൻ പ്രത്യക്ഷമായ സ്ഥലം വിശുദ്ധമായി മാറിയത്. ➟അല്ലാതെ, യേശുക്രിസ്തുവിന് പഴയനിയമത്തിൽ പ്രത്യക്ഷതയൊന്നുമില്ല. ➟തന്നെയുമല്ല, യേശു ❛യഹോവയുടെ സൈന്യത്തിന്റെ അധിപതി❜ ആണെന്ന് വചനവിരുദ്ധമായി വാദിച്ചാൽ, ➟അവൻ ആ സൈന്യത്തിൻ്റെ അധിപതിയായ ഒരു അംഗമാണ് എന്നാണ് അതിൻ്റെ അർത്ഥം. ➟അതായത്, യേശുക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയായ മീഖായേൽ ദൂതനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണത്. ➟അല്ലാതെ, സൈന്യങ്ങളുടെ അധിപതിയെ ദൈവമാക്കാനൊന്നും പ്രസ്തുത വാക്യംകൊണ്ട് പറ്റില്ല.
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟚
◾പരമാർത്ഥജ്ഞാനം 𝟛
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟝
9 thoughts on “പരമാർത്ഥജ്ഞാനം 6”