പത്രൊസിൻ്റെ ദൈവവീക്ഷണവും ക്രിസ്തുവീക്ഷണവും

☛ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രൊസിൻ്റെ ദൈവവീക്ഷണവും (View of God) ക്രിസ്തുവീക്ഷണവും (View of Christ) എന്താണെന്നാണ് നാം പരിശോധിക്കുന്നത്:

📌 പത്രൊസിൻ്റെ ദൈവവീക്ഷണം:
➟ പത്രൊസിൻ്റെ ദൈവവീക്ഷണം (Peter’s view of God) എന്താണെന്ന് അവൻ്റെ ലേഖനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: 

❶ യേശുക്രിസ്തുവിൻ്റെ ദൈവം:
➟ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,” (1പത്രൊ, 1:3). ഈ വാക്യം സത്യവേദപുസ്തകത്തിൽ തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്കിൽ “Eulogētos ho Theos kai Patēr tou Kyriou hēmōn Iēsou Christou” (Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ) എന്നാണ്: (1Pet, 1:3). ഇതിൻ്റെ അർത്ഥം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം” (Blessed be the God and Father of our Lord Jesus Christ) എന്നാണ്. അതായത്, പത്രോസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അതിനാൽ പത്രൊസ് സ്തോത്രം ചെയ്യുന്നത് യേശുക്രിസ്തുവിനല്ല; അവൻ്റെ ദൈവവും പിതാവുമായ യഹോവയ്ക്കാണ്. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് യെഹൂദനായ പത്രൊസിന് നല്ലവണ്ണം അറിയാം: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 –ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). 

❷ തീക്ഷ്ണതയുള്ള യെഹൂദൻ:
➟ പത്രൊസ് തീക്ഷ്ണതയുള്ള ഒരു യെഹൂദൻ ആയിരുന്നു. ദൈവസഭ സ്ഥാപിതമായതിനു ശേഷവും ദിനംതോറും ദൈവാലയത്തിൽ കൂടിവരികയും പ്രാർത്ഥനകൾ മുടക്കാത്തവനും ആയിരുന്നു: (പ്രവൃ, 2:46; 3:1; 10:9 – സങ്കീ, 55:17). ഒരു യെഹൂദർ, പിതാവായ യഹോവയാണ് ഏകദൈവം എന്ന ഷേമ പ്രാർത്ഥന മുടങ്ങാതെ രണ്ടുനേരം ചൊല്ലുന്നവനും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുന്നവനുമാണ്: (ആവ, 6:4-9). പത്രൊസിന് ജാതികളിൽനിന്ന് വേർപെട്ട ഒരു വിശുദ്ധജീവിതം ഉണ്ടായിരുന്നതായും കാണാം: (പ്രവൃ, 10:9-28). ➟തന്നെയുമല്ല, പിതാവായ യഹോവയാണ് ഏകദൈവം എന്ന എന്ന ഷെമാ പ്രാർത്ഥന മുഖ്യകല്പനയായും (ആവ, 6:4-5 – മർക്കൊ, 12:29-30), പിതാവാണ്, ഏകദൈവം (The only God), “പിതാവാണ് ഏകസത്യദൈവം (Pater ho monos alethinos Theos – Father, the only true God), പിതാവ് എന്നെക്കാൾ വലിയവനാണ് (My Father is greater than I), ഞാൻ മനുഷ്യനാണ്” (Anthropos – Man), എന്നൊക്കെ തൻ്റെ ഗുരുവും കർത്താവുമായ യേശുക്രിസ്തു പഠിപ്പിച്ചത് ചാരെനിന്ന് കേട്ടവനാണ് പത്രൊസ്: (യോഹ, 5:44; യോഹ, 17:3; യോഹ, 14:28; യോഹ, 8:40). പിതാവാണ് എൻ്റെയും നിങ്ങളുടെയും ദൈവമെന്ന് ഉയിർത്തെഴുന്നേറ്റശേഷം കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുമുണ്ട്: (യോഹ, 20:17). അതുകൊണ്ടാണ്, യേശുക്രിസ്തുവിന് സ്ത്രാത്രം ചെയ്യാതെ, അവൻ്റെ ദൈവത്തിന് പത്രൊസ് സ്തോത്രം കരേറ്റിയത്. എന്തെന്നാൽ തന്റയും യേശുക്രിസ്തുവിൻ്റെയും ദൈവമാണ് പിതാവായ യഹോവ.

❸ യേശുക്രിസ്തു മുഖാന്തരം:
➟ “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗം ആകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). പത്രൊസ് പഠിപ്പിച്ച ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം:
𝟭. പത്രൊസ് ആത്മികയാഗം കഴിക്കാൻ പറയുന്നത് യേശുക്രിസ്തുവിനല്ല; ദൈവത്തിനാണ്. പഴയനിയമത്തിലെ യാഗവും പിതാവായ യഹോവയ്ക്ക് മാത്രമായിരുന്നു അർപ്പിച്ചിരുന്നത്. 
𝟮. യേശുക്രിസ്തു മുഖാന്തരമാണ് ദൈവത്തിന് ആത്മികയാഗം കഴിക്കേണ്ടത്. എബ്രായലേഖകനും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: (എബ്രാ, 13:15).
𝟯. ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചാണ് പത്രൊസ് പറഞ്ഞിരിക്കുന്നത്. ചിലർ കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവമോ, ദൈവത്തിലെ മൂവരിൽ ഒരുവനോ ആയിരുന്നെങ്കിൽ, യേശുക്രിസ്തുവിനല്ലാതെ അവൻ മുഖാന്തരം ദൈവത്തിന് ആത്മികയാഗം കഴിക്കുന്നതിനെക്കുറിച്ച് ഒരിക്കലും പറയുമായിരുന്നില്ല.

📌 പത്രോസിൻ്റെ ക്രിസ്തുവീക്ഷണം:  
➟ പത്രൊസിൻ്റെ ക്രിസ്തുവീക്ഷണം (Peter’s View of Christ) എന്താണെന്ന് സുവിശേഷങ്ങൾ, അപ്പൊസ്തലന്മാരുടെ പ്രവർത്തനങ്ങൾ, അവൻ്റെ ഒന്നും രണ്ടും ലേഖനങ്ങൾ എന്നിവയിൽനിന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: 

❶ ആ മനുഷ്യനെ ഞാൻ അറിയുന്നില്ല:
➟ യേശു മനുഷ്യനാണെന്ന് സുവിശേഷങ്ങളിൽത്തന്നെ പത്രൊസ് വ്യക്തമാക്കിയിട്ടുണ്ട്: ”ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.” (മത്താ, 26:72). ➟“അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.” (മത്താ, 26:74 – മർക്കൊ, 14:71). ഈ വാക്യങ്ങൾ ശ്രദ്ധിക്കുക: “ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു” എന്നുപറഞ്ഞ വാതിൽ കാവൽക്കാരത്തിക്കും മറ്റൊരുത്തനും പത്രൊസ് കൊടുത്ത മറുപടി: “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്നായിരുന്നു. ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ”ആ മനുഷ്യനെ ഞാൻ അറിയുന്നില്ല” എന്ന് പത്രൊസ് പറയുമായിന്നില്ല. 

❷ ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷൻ:
➟ “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു” (പ്രവൃ, 2:22). അപ്പൊസ്തലനായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ ഈ വേദഭാഗം ശ്രദ്ധിക്കുക: ചിലർ കരുതുന്നപോലെ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്! ദൈവം അവനെക്കൊണ്ട് ചെയ്യിച്ചതാണ്. പത്രൊസ് ഇക്കാര്യം പിന്നെയും എടുത്തുപറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:38). സ്വന്തശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ഒരുത്തനെക്കുറിച്ച് മാത്രമേ ബൈബിളിൽ പറയുന്നുള്ളൂ: അത് യേശുവല്ല; പിതാവായ യഹോവയാണ്: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18). എബ്രായയിലും ഇംഗ്ലീഷിലും ഈ വാക്യം കൂറച്ചുകൂടി വ്യക്തമാണ്: Yehovah Elohim Elohei Yisrael Oseh Niflaot Lebado – Blessed be Yehovah God, the God of Israel, who alone does wondrous things. (യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ; അവൻ മാത്രം (alone) അത്ഭുതങ്ങളെ ചെയ്യുന്നവനാകുന്നു). ➟അടുത്തവാക്യം: “ഏകനായി (alone)മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു – അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 136:4). മേല്പറഞ്ഞ രണ്ട് വാക്യത്തിലും “ഒന്നിനെ” (One) കുറിക്കുന്ന Ehad അല്ല; “ഒരുത്തനെ മാത്രം” (Alone) കുറിക്കുന്ന Bad ആണ്. എബ്രായയിലെ Bad, ഗ്രീക്കിലെ Nonos, ഇംഗ്ലീഷിലെ Alone, Only, മലയാളത്തിലെ മാത്രം മുതലായ പദങ്ങൾ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. യഹോവ ഒരുത്തൻ മാത്രമാണ് (Alone) സ്വന്തമായി അത്ഭുതങ്ങളെ ചെയ്യാൻ കഴിയുന്നവൻ. ആ യഹോവയാലാണ് യേശുവും പത്രൊസും പൗലൊസും ബൈബിളിലെ മറ്റുള്ളവരും അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു ദൈവത്താലാണ് അത്ഭുതങൾ പ്രവർത്തിച്ചതെന്ന് വേറെയും പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 12:28; ലൂക്കൊ, 11:20; ലൂക്കൊ, 5:17; യോഹ, 3:2). തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് യേശു പഠിപ്പിച്ചതും പത്രൊസിനറിയാം: (യോഹ, 5:19; 5:30). അതിനാൽ തന്നെപ്പോലെ ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ച യേശു ദൈവമാണെന്ന് പത്രൊസ് ഒരിക്കലും പറയില്ല. [കാണുക: ക്രിസ്തുവും അത്ഭുതങ്ങളും]

❸ പുരുഷനായ നസറായനായ യേശു:
➟ “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). ഈ വാക്യത്തിൽ കർത്താവിനെ “പുരുഷനായ നസറായനായ യേശു” എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. അതിൽ “പുരുഷൻ” (Man) എന്നത് ഗ്രീക്കിൽ “അനീർ” (Aner) ആണ്. ഇത് മനുഷ്യരിലെ (Anthropos – Man) പുരുഷനെ കുറിക്കുന്ന പദമാണ്. ഇക്കാര്യവും പത്രൊസ് മുമ്പേ പറഞ്ഞിട്ടുള്ളതാണ്: (മത്താ, 26:72; 26:74), “നസറായനായ യേശു” (Iesous ho Nazoraios) എന്നാൽ: “നസറെത്ത് പട്ടണത്തിൽ നിന്നുള്ളയാൾ” അല്ലെങ്കിൽ “നസറെത്ത് നിവാസിയായവൻ” എന്നാണ് അർത്ഥം. യേശു തന്റെ ബാല്യകാലം ചെലവഴിച്ചതും വളർന്നതുമായ ഗലീലയിലെ നസറെത്ത് (Nazareth) എന്ന ഗ്രാമവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്: (മത്താ, 2:23). അതുകൊണ്ടാണ്, പത്രൊസ് അവനെ “പുരുഷനായ Man) നസറായനായ യേശു” എന്ന് വ്യക്തമായാണ് പറഞ്ഞിരിക്കുന്നത്. നസറെത്ത് എന്ന സ്ഥലത്തുനിന്നുള്ളയാൾ എന്ന അർത്ഥത്തിലാണ് ഇംഗ്ലീഷ് പരിഭാഷകളിൽ “Jesus of Nazareth” എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഗലീല ജില്ലയിലാണ് നസറെത്ത് പട്ടണം. അതിനാൽ “ഗലീലക്കാരനായ മനുഷ്യൻ” എന്നും വചനത്തിൽ പറഞ്ഞിട്ടുണ്ട്:(ലൂക്കൊ, 23:6). എന്തെന്നാൽ ദൈവപുത്രനായ യേശു മനുഷ്യനാണ്: (മർക്കൊ, 15:39). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God): (യോഹ, 17:3). അതുകൊണ്ടാണ്, പിതാവിനെ സ്വർഗ്ഗസ്ഥൻ എന്നും, യേശുവിനെ ഗലീലക്കാരൻ, നസറായൻ എന്നൊക്കെയും വിശേഷിപ്പിച്ചിക്കുന്നത്. യേശുവിനെ “നസറായൻ” എന്ന് പത്രൊസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (പ്രവൃ, 3:6; 4:10; 10:38). പത്രൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെ “പുരുഷനായ നസറായനായ യേശു, നസറായനായ യേശു” എന്നിങ്ങനെ തൻ്റെ പ്രസംഗത്തിലൂടെ അവനെ പരിചയപ്പെടുത്തില്ലായിരുന്നു.

❹ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ:
➟“ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.” (പ്രവൃ, 2:31-32). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ജനനമോ, മരണമോ ഇല്ലാത്തവനാണ്: (യെശ, 44:6; 1തിമൊ, 6:16). എന്നാൽ യേശു മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുകയും (ലൂക്കൊ, 2:7) മരിക്കുകയും ദൈവത്താൻ ഉയിർപ്പിക്കപ്പെടുകയും ചെയ്തവനാണ്. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃ, 5:30). ദൈവം യേശുവിനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന് പത്രൊസ് ആവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 2:24; 3:15; 4:10; 10:40; 1പത്രൊ, 1:21). അതായത്, യേശു അനാദ്യന്ത്യനും മരണമില്ലാത്തവനുമായ ദൈവമല്ല; മരിച്ചിട്ട് ദൈവത്താൽ ഉയർപ്പിക്കപ്പെട്ട മനുഷ്യനാണ്. തന്മൂലം, മരണത്തിൽനിന്ന് ദൈവം ഉയിർപ്പിച്ച യേശു ദൈവമാണെന്ന് പത്രൊസ് ഒരിക്കലും വിശ്വസിക്കുകയുമില്ല; പഠിപ്പിക്കുകയുമില്ല. 

❺ ദൈവത്താൽ പ്രത്യക്ഷനായവൻ:
➟ യേശു പുനരുത്ഥാനശേഷം നാല്പത് നാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 1:2-3). പിന്നീട് പൗലൊസിനും പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: (1കൊരി, 15:8). ഇതൊന്നും യേശു സ്വയമായി പ്രത്യക്ഷനായതല്ല; ദൈവം പ്രത്യക്ഷനാക്കിയതാണ്. അക്കാര്യവും പത്രൊസ് അപ്പൊസ്തലൻ പഠിപ്പിച്ചിട്ടുണ്ട്: “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.” (പ്രവൃ, 10:40-41). ഈ വാക്യം ശ്രദ്ധിച്ചാൽ, യേശുവിനെ മരണത്തിൽനിന്ന് ദൈവം ഉയിർത്തെഴുന്നേല്പിച്ചശേഷം, അവൻ്റെ പ്രത്യക്ഷതകൾ സ്വയമായിട്ടല്ല; ദൈവം അവനെ പ്രത്യക്ഷനാകാൻ ഇടയാക്കിയതാണ് (God allowed him to appear) എന്ന് കാണാൻ കഴിയും. “edōken auton emphanē genesthai” (ἔδωκεν αὐτὸν ἐμφανῆ γενέσθαι) എന്ന ഗ്രീക്കു പ്രയോഗത്തിന് “അവനെ പ്രത്യക്ഷനാകാൻ ഇടയാക്കി അല്ലെങ്കിൽ ഇടനൽകി” എന്ന അർത്ഥമാണ്. അതായത്, മരണത്തിൽനിന്ന് അവനെ ഉയിർപ്പിച്ച ദൈവം തന്നെയാണ് അവനെ ശിഷ്യന്മാർക്ക് പ്രത്യക്ഷനാക്കിക്കൊടുത്തതും. 
☛ പ്രവൃത്തികൾ 10:40-ൻ്റെ മൂലഭാഷയിലെ നേരിട്ടുള്ള പരിഭാഷ പിഒസിയിൽ കാണാം: “ദൈവം അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.” ➟വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: “മൂന്നാം ദിവസം ദൈവം അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. പരസ്യമായി കാണപ്പെടുമാറാക്കുകയും ചെയ്തു.” ➟BSI-യുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “ഞങ്ങള്‍ക്ക് അവിടുന്നു (യേശു) പ്രത്യക്ഷനാകുവാന്‍ ദൈവം ഇടയാക്കി” എന്നാണ്: (10:41). അല്ലാതെ, യേശു സ്വയമായി പ്രത്യക്ഷനായതല്ല. അതിനാൽ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തങ്ങൾക്ക് പ്രത്യക്ഷനാക്കിത്തരികയും ചെയ്ത യേശുക്രിസ്തു ദൈവമാണെന്ന് പത്രൊസ് കരുതുമെന്ന് ആരും വിചാരിക്കരുത്.

❻ ദൈവത്തിൻ്റെ ദാസൻ:
➟ “ദൈവത്തിൻ്റെ ദാസൻ” (Servent of God) എന്നാണ് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചത്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13). ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ‘ദാസൻ’ (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ‘പൈസ്’ (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 –മത്താ, 12:17;പ്രവൃ, 3:13;3:26;4:27;4:30). അതിൽ ലൂക്കൊസിൽ ‘ബാലൻ’ (Boy) എന്നും ബാക്കിയെല്ലായിടത്തും ‘ദാസൻ’ (Servant) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 –ലൂക്കൊ, 1:71;പ്രവൃ, 4:26). പത്രൊസിൻ്റെ വീക്ഷണത്തിൽ നസറായായ യേശു ദൈവം ആയിരുന്നെങ്കിൽ, അവനെ “ദൈവത്തിൻ്റെ ദാസൻ” (Servant of God) എന്ന് വിശേഷിപ്പിക്കുമായിരുന്നില്ല.  

❼ മോശെയെപ്പോലൊരു പ്രവാചകൻ:
➟ പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്നാണ് പത്രൊസ് പഠിപ്പിച്ചത്: “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ: (പ്രവൃ, 3:22-23). പഴയനിയമത്തിൽനിന്ന് മോശെ ഉദ്ധരിച്ച ഈ വേദഭാഗത്തിൻ്റെ സവിശേഷത എന്താണെന്ന് ചോദിച്ചാൽ, അവിടെ യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്ന് പഠിപ്പിച്ചത് മനുഷ്യരാരുമല്ല; യഹോവയായ ഏകദൈവമാണ്: (ആവ, 18:18-19). യഹോവയുടെ വാഗ്ദത്തത്തിൻ്റെ അല്ലെങ്കിൽ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 2:21) അവളുടെ ആദ്യജാതനായി ബേത്ത്ലഹേമിൽ ജനിച്ച (ലൂക്കൊ, 2:7) യേശു എന്ന് പേരുള്ള മനുഷ്യൻ: (യോഹ, 9:11). തൻ്റെ സ്രഷ്ടാവായ ഏകദൈവത്തിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്, യേശു മോശെയെപ്പോലൊരു പ്രവാചകനാണെന്ന് പത്രൊസ് പഠിപ്പിച്ചത്. നസറായായ യേശു ദൈവം ആയിരുന്നുവെങ്കിൽ, അവൻ മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനാണെന്ന് ദൈവം പറയുമായിരുന്നില്ല എന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പത്രൊസിൻ്റെ വീക്ഷണത്തിൽ നസറായായ യേശു ദൈവമായിരുന്നെങ്കിൽ, അവൻ മോശെയെന്ന മനുഷ്യനെപ്പോലെ ഒരു പ്രവാചകനാണെന്നും മനുഷ്യനാണെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസും പഠിപ്പിക്കുമായിരുന്നില്ല.

❽ ദൈവത്തിൻ്റെ അഭിഷിക്തൻ:
➟ “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി.” (പ്രവൃ, 4:27). ➟അടുത്തവാക്യം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). പത്രൊസ് അപ്പൊസ്തലൻ പഠിപ്പിച്ച ഈ വാക്യങ്ങൾ പരിശോധിച്ചാൽ, നസറായനായ യേശു ദൈവമല്ല; ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും. ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല; മനുഷ്യനെയാണ് അഭിഷേകം ചെയ്യുന്നത്. ദൈവത്തിന് അനേകം ക്രിസ്തുക്കൾ (അഭിഷിക്തന്മാർ) ഉണ്ട്. ➟ഉദാ: (2ശമൂ, 23:1). എന്നാൽ അതിൽ ഒരു ദൂതനെപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ ദൂതന്മാരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ (യോഹ, 8:40) ആയതുകൊണ്ടാണ്, ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് അവനെ ബലപ്പെടുത്തിയത്. യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകംപ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയശേഷം (ലൂക്കൊ, 3:22) പിന്നെ വായിക്കുന്നത്: “പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ്: (ലൂക്കൊ, 4:1). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ മൂന്നരവർഷം ശുശ്രൂഷിച്ചത്: (ലൂക്കൊ, 4:14-15). താൻ അഭിഷിക്തനായത് (ക്രിസ്തു) അപ്പോഴാണെന്ന് നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 16:21). പത്രൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമായിരുന്നെങ്കിൽ, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു എന്ന് ഒരിക്കലും പറയുമായിരുന്നു.

❾ ദൈവവും യേശുക്രിസ്തുവും:  
➟ പത്രൊസ് ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ച് പറയുന്ന അനേകം വക്യങ്ങൾ കാണാം. വ്യക്തമായി പേർപറഞ്ഞ് വേർതിരിച്ചിരിക്കുന്ന പത്ത് വാക്യങ്ങൾ കാണിക്കാം:
𝟭. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ (Jesus) തന്നേ ദൈവം (God) കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36)
𝟮. “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ (God) നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ (Jesus) മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.” (പ്രവൃ, 3:13)
𝟯. “ദൈവമോ (God) തന്റെ ക്രിസ്തു (Christ) കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു.” (പ്രവൃ, 3:18)
𝟰. “നിങ്ങൾക്കു ആദ്യമേ ദൈവം (God) തന്റെ ദാസനായ യേശുവിനെ (Jesus) എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:26)
𝟱. “ദൈവം (God) മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ (Jesus Christ) നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 4:10)
𝟲. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ (Jesus) നമ്മുടെ പിതാക്കന്മാരുടെ ദൈവം (God) ഉയിർപ്പിച്ചു.” (പ്രവൃ, 5:30)
𝟳. “നസറായനായ യേശുവിനെ (Jesus) ദൈവം (Jesus) പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38)
𝟴. “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ (Jesus Christ) വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം (God) കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:17)
𝟵. “ക്രിസ്തുവും (Christ) നമ്മെ ദൈവത്തോടു (God) അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18)
𝟭𝟬. “ദൈവത്തിന്റെയും (God) നമ്മുടെ കർത്താവായ യേശുവിന്റെയും (Jesus) പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.” (2പത്രൊ, 1:2). 
☛ വൺനെസ്സ് കരുതുന്നപോലെ യേശുക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി വിചാരിക്കുന്നപോലെ യേശുക്രിസ്തു ത്രിത്വദൈവത്തിലെ ഒരു അംഗമായിരുന്നെങ്കിലോ, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരിച്ച് പത്രൊസ് പഠിപ്പിക്കുമായിരുന്നില്ല. ദൈവത്തെ ദൈവത്തിൽനിന്നും, ദൂതനെ ദൂതനിൽനിന്നും മനുഷ്യനെ മനുഷ്യനിൽനിന്നും ഭാഷാപരമായി വേർതിരിച്ച് പഠിപ്പിക്കാൻ കഴിയില്ല. ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ അനേകം വാക്യങ്ങളിൽ വേർതിരിച്ച് പഠീപ്പിച്ചിരിക്കുന്നത് അവൻ ദൈവം അല്ലാത്തതുകൊണ്ടാണ്. 

❿ അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➟ “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: “ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്നാണ്. പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). പുതിയനിയമ രക്ഷയ്ക്കായി (മത്താ, 1:21; എബ്രാ, 2:14-16) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ് യേശുക്രിസ്തു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). അതുകൊണ്ടാണ്, ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ മുന്നറിയപ്പെട്ടവൻ എന്ന് പത്രൊസ് പറഞ്ഞത്. അല്ലാതെ, യേശു അനാദ്യന്ത്യനായ ദൈവമല്ല. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തുവിനെ അറിയുക]

⓫ രക്ഷിതാവായ കർത്താവും ക്രിസ്തുവും:
➟ “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ദൈവത്തിന് നമ്മുടെ പാപം വഹിക്കാൻ ശരീരമോ (ജഡം), പാപപരിഹാരത്തിനായി ചിന്താൻ രക്തമാ ഇല്ല. എന്നാൽ യേശു ജഡരക്തങ്ങളോടു കൂടിയവനാണ്: (എബ്രാ, 2:14). അവനാണ് നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നതും നമുക്കായി നിർമ്മലരക്തം ചിന്തിയതും: (1പത്രൊ, 1:19).   
➟ “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നത് മരണമില്ലാത്ത ദൈവത്തെയല്ല (1തിമൊ, 6:16); നസറായനായ യേശു എന്ന പുരുഷനെയാണ്: (പ്രവൃ, 2:23). 
➟ “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24). വാക്യം ശ്രദ്ധിക്കുക: ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. നസറായനായ യേശു എന്ന പുരുഷൻ തന്നെത്താൻ മരണത്തിൽനിന്ന് ഉയിർത്തതല്ല; ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതാണ്. മരിച്ചവനല്ല; മരിച്ചവരിൽനിന്നിന്ന് ഉയിർപ്പിച്ചവനാണ് ദൈവം. 
➟ “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). ഇതും ശ്രദ്ധിക്കുക: യെഹൂദന്മാർ ക്രൂശിച്ചകൊന്ന യേശു തന്നെത്താൻ നമ്മുടെ കർത്താവുംക്രിസ്തുവും ആയതല്ല; ദൈവം അവനെ കർത്താവും ക്രിസ്തുവും ആക്കിയതാണ്.
➟ “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:30-31). ഇവിടെയും ശ്രദ്ധിക്കുക: യെഹൂദന്മാർ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചിട്ട്, അവർക്കുതന്നെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ്, ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച നസറായനായ യേശുക്രിസ്തു അല്ലാതെ മറ്റൊരു രക്ഷകനില്ലെന്നും രക്ഷയ്ക്കായി മറ്റൊരു നാമവുമില്ലെന്നും പത്രൊസ് പഠിപ്പിച്ചത്: (പ്രവൃ, 4:10-12)

⓬ ഉപസംഹാരം:
➟ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ വീക്ഷണത്തിൽ യേശുക്രിസ്തു ദൈവമല്ല; നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട്, അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറയ്ക്കപ്പെട്ട് മരിച്ചിട്ട്, ദൈവം മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ മോശെയെപ്പോലുള്ള പ്രവാചകനും ദൈവത്തിൻ്റെ ദാസനും ദൈവത്താൽ അഭിഷിക്തനായ മനുഷ്യനുമാണ്. 
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ: പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആയതും (പ്രവൃ, 2:36; പ്രവൃ, 5:30-31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ മഹത്വവും ബഹുമാനവും അണിഞ്ഞതും (എബ്രാ, 2:9; 1പത്രൊ, 1:21), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും. (എബ്രാ, 7:26). യേശുവെന്ന മനുഷ്യനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിച്ച് നാശത്തിലേക്ക് പോകാതെ, അവനും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിലും (Father, the only true) മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ പരമയാഗത്തിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു വിശ്വാസിക്കും യോഗ്യമായ ക്രിസ്തീയജീവിതം. [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു; പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

2 thoughts on “പത്രൊസിൻ്റെ ദൈവവീക്ഷണവും ക്രിസ്തുവീക്ഷണവും”

Leave a Reply

Your email address will not be published. Required fields are marked *