ട്രിനിറ്റി മുന്നോട്ട് വെയ്ക്കുന്ന പ്രധാനപ്പെട്ട രണ്ട് ഉപദേശം ഇവയാണ്: 1.ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വണ്ട്. 2.ദൈവത്തെ കുറിക്കുന്ന “എലോഹീം” (Elohim) എന്ന പദം ബഹുവചനം (Plural) ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ട്. “എലോഹീം” (Elohim) എന്ന പദം വ്യാകരണപരമായി ബഹുവചനരൂപമാണെങ്കിലും (Plural), ബൈബിളിൽ ആ പദം സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് (Singular) ഉപയോഗിച്ചിരിക്കുന്നത്. അത് മനസ്സിലാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. ഉദാ: എലോഹീമിന് ഉപയോഗിച്ചിരിക്കുന്ന സർവ്വനാമങ്ങളുടെ ഉപയോഗം, ക്രിയകളുടെ ഉപയോഗം, നാമവിശേഷണങ്ങളുടെ ഉപയോഗം അതുപോലെ തന്നെ മറ്റുപല ശക്തമായ തെളിവുകളുമുണ്ട്. വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ ബൈബിൾവിരുദ്ധ ഉപദേശങ്ങൾക്ക് ഉല്പത്തി ഒന്നാം അദ്ധ്യായത്തിൽത്തന്നെ ദൈവപുരുഷനായ മോശെ ചെക്ക് വെച്ചിട്ടുണ്ട്:
❶ ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു:
➦ ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃ God created man in His own image.” ദൈവം “അവന്റെ” (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ “അവരുടെ” (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന “നാം, നമ്മുടെ” എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.
☛ വിശദമായി: ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന ദൈവപുഠന്മാരായ ദൂതന്മാരെയും ചേർത്താണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവം ത്രിത്വമാണെന്നത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: (Gen, 1:27). ട്രിനിറ്റി വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവുമാണ് വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെങ്കിൽ, അടുത്തവാക്യത്തിൽ “ദൈവം അവൻ്റെ (His) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his own image) എന്ന് ഏകവചനത്തിൽ പറയാതെ, “ദൈവം അവരുടെ (Their) സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in their own image) എന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. 1:26-ൽ ഉള്ളത് ദൈവത്തിൻ്റെ ബഹുത്വം (Plurality) ആണെങ്കിൽ, 1:27-ൽ സൃഷ്ടി നടത്തിയപ്പോൾ ആ ബഹുത്വം ഇല്ലാതായിപ്പോകുന്നത് എങ്ങനെയാണ്? [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ].
☛എബ്രായയിലെ 𝗧𝘀𝗲𝗹𝗲𝗺 എന്ന പദത്തിന് ദൈവത്തിൻ്റെ സ്വന്തരൂപം അല്ലെങ്കിൽ, യഥാർത്ഥരൂപം എന്ന അർത്ഥമില്ല; “ഛായ” (Image) എന്ന അർത്ഥമാണുള്ളത്. 𝗗𝗺𝘂𝘁 എന്ന പദത്തിന് “സാദൃശ്യം” (Likeness) എന്നാണർത്ഥം. ദൈവത്തിൻ്റെ ഛായയും സാദൃശ്യവും എന്നത് മനുഷ്യന്റെ ദേഹം, ദേഹി, ആത്മാവ് എന്നീ ഘടനയെക്കുറിച്ചുള്ള വർണ്ണനയല്ല; പ്രത്യുത, ഭൂമിയിലെ മറ്റ് സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്ന ആത്മീയവും ധാർമ്മികവും ബൗദ്ധികവുമായ ഗുണവിശേഷങ്ങളെയും ദൗത്യത്തെയുമാണ് വിവക്ഷിക്കുന്നത്. സകലവും ഒറ്റയ്ക്ക് സൃഷ്ടിച്ച (യെശ, 44:24) യഹോവയായ ഏകദൈവം പറയുന്നത്: “ഞാൻ മനുഷ്യനല്ല ദൈവമത്രേ.” എന്നാണ് (ഹോശേ, 11:9). സ്രഷ്ടാവായ യഹോവ “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്ന് പഴയനിയമ ഭക്തന്മാരും സാക്ഷ്യപ്പെടുത്തുന്നു: (സംഖ്യാ, 23:19 – 1ശമൂ, 15:29; ഇയ്യോ, 9:32). മനുഷ്യനും മനുഷ്യപുത്രനും അല്ലാത്ത ദൈവത്തിന് ആത്മാവും (Pneuma – Spirit) ദേഹിയും (Psyche – Soul) ദേഹവും (Soma – Body) ഉൾപ്പെടുന്ന മനുഷ്യരുടെ യഥാർത്ഥ സ്വരൂപം എങ്ങനെയുണ്ടാകും? (1തെസ്സ, 5:23). അതിനാൽ ദൈവത്തിൻ്റെ “ഛായയും (Image) സാദൃശ്യം (Likeness)” എന്ന് പറഞ്ഞാൽ, മനുഷ്യരിലെ മൂന്ന് ഘടകങ്ങൾ അല്ല; ആന്തരിക ഗുണങ്ങളാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: സ്വരൂപവും സാദൃശ്യവും]
❷ സർവ്വനാമങ്ങളുടെ ഉപയോഗം:
➦ ഭാഷയുടെ വ്യാകരണത്തിൽ ഏകവചനനാമങ്ങളോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചനനാമങ്ങളോടൊപ്പം ബഹുവചന സർവ്വനാമങ്ങളുമാണ് വരേണ്ടത്. “ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❞ (God created man in his own image) എന്നാണ് പറയുന്നത്. (Gen, 1:27). “എലോഹീം” (Elohim) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ അഥവാ, “എലോഹീം” എന്ന പദം സത്യദൈവത്തിന് ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, എലോഹീമിനോട് ചേർത്ത് “അവൻ്റെ” (His) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (Their) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. അതാണ് വ്യാകരണത്തിലെ നിയമം. ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: “എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു.” (സങ്കീ, 25:2). ➟“ദൈവമേ, നിന്റെ (thy) ദയ എത്ര വിലയേറിയതു.” (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിന് എലോഹീം (Elohim) എന്ന നാമപദത്തിനുശേഷം “നിന്നിൽ” (in thee), “നിൻ്റെ” (thy) എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (2nd Person Singular Pronoun) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ബൈബിളിൽ “എലോഹീം” ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. വേറെയും അനേകം തെളിവുകളുണ്ട്: (സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അതാണ് വ്യാകരണത്തിൻ്റെ വ്യവസ്ഥ.
☛ മോശെയ്ക്കും “എലോഹീം” എന്ന് രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.” (പുറ, 4:16). ➟“ഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (പുറ, 7:1). ഈ വാക്യങ്ങളിൽ മോശെയ്ക്ക് “നിൻ്റെ” (thy), “നിനക്കു” (to thee) എന്നിങ്ങനെ ഏകവചന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. “എലോഹീം” മോശെയ്ക്ക് ഉപയോഗിച്ചിരിക്കുന്നതും ഏകവചനത്തിലാണ്. ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവർ ദൈവപുരുഷനായ മോശെയ്ക്ക് ബഹുത്വമുണ്ടെന്ന് പറയാത്തത് എന്താണ്?
☛ ബഹുവചന സർവ്വനാമം കാണുക:
➦ “അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (them) സേവിക്കരുതു.” (പുറ, 23:24). വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ “എലോഹീം” (Elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, “എലോഹീം” എന്ന് പറഞ്ഞശേഷം, “അവയെ (them) നമസ്കരിക്കരുതു” എന്ന് ബഹുവചനത്തിൽ പറയുന്നത്. വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). തന്മൂലം, ദൈവം “ബഹുവചനം” പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും “എലോഹീം” (Elohim) എന്ന ദൈവത്തെ കുറിക്കുന്ന പദം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ പുതിയനിയമത്തിലെ ഏകവചന സർവ്വനാമങ്ങൾ:
➦ ദൈവം “ഞാൻ, എൻ്റെ, എനിക്കു” എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാങ്ങൾ (1st Person Singular Pronoun) പറയുന്നതിൻ്റെയും, ദൈവത്തെ എഴുത്തുകാർ “നീ, നിൻ്റെ, നിനക്കു, അവൻ” എന്നിങ്ങനെ മധ്യമപുരുഷനിലും (2nd Person ) പ്രഥമപുരുഷനിലും (3rd Person) ഏകവചന സർവ്വനാമങ്ങൾ (Singular Pronoun) പറയുന്ന നൂറുകണക്കിന് തെളിവുകളുണ്ട്:
“നീ എന്റെ (μου – mou) പുത്രൻ; ഞാൻ (ἐγὼ – egō) ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ (Ἐγώ – Egō) അവന്നു പിതാവും അവൻ എനിക്കു (μοι – moi) പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? (എബ്രാ, 1:5). “എന്നാൽ ആരെങ്കിലും അവന്റെ (αὐτοῦ – autou) വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ (τούτῳ – toutō) ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ (αὐτῷ – autō) ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.” (1യോഹ, 2:5).
☛ “അവൻ, അവൻ്റെ” (He, His) എന്നർത്ഥത്തിൽ, “ഔട്ടു” (autou) എന്ന പ്രഥമപുരുഷ ഏകവചന സർവ്വനാമം (3rd Person Singular Pronoun) ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് കാണുക: (മർക്കൊ, 12:32; ലൂക്കൊ, 7:16; ലൂക്കൊ, 18:7; യോഹ, 3:16; യോഹ, 3:17; യോഹ, 7:17; പ്രവൃ, 3:18; പ്രവൃ, 3:21; പ്രവൃ, 3:26; പ്രവൃ, 5:31; പ്രവൃ, 5:32; പ്രവൃ, 15:14; പ്രവൃ, 22:14; റോമ, 5:10; 1കൊരി, 1:9; 2കൊരി, 2:14; ഗലാ, 4:4; എഫെ, 2:10; ഫിലി, 4:19; 1തെസ്സ, 4:8; എബ്രാ, 4:4; എബ്രാ, 13:15; 1യോഹ, 1:5; 1യോഹ, 2:5; 1യോഹ, 3:9; 1യോഹ, 4:9; 1യോഹ, 4:10; 1യോഹ, 4:12; 1യോഹ, 5:2; 1യോഹ, 5:9; 1യോഹ, 5:10; 1യോഹ, 5:20; വെളി, 17:17; വെളി, 21:3; വെളി, 22:6). ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം അല്ലാതെ ഏകവചന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. വചനത്തെയും ഭാഷയെയും അതിക്രമിചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിലുണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല.
❸ ക്രിയകളുടെ ഉപയോഗം:
➦ എബ്രായ ഭാഷയിൽ ഒരു വാചകത്തിലെ കർത്താവ് (Subject) ബഹുവചനമാണെങ്കിൽ ക്രിയയും (Verb) സാധാരണയായി ബഹുവചനമായിരിക്കും. എന്നാൽ “എലോഹീം” സത്യദൈവത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അതിനോടൊപ്പം ചേർത്തിരിക്കുന്ന ക്രിയകൾ ഏകവചനത്തിലാണ്.
ഉദാ: “ആദിയിൽ ദൈവം (എലോഹീം) ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വേദഭാഗത്ത്, “സൃഷ്ടിച്ചു” എന്നതിൻ്റെ എബ്രായ പദം “ബാരാ” (Bara) എന്ന ഏകവചന ക്രിയയാണ് (Singular Verb). അതിനാൽ “എലോഹീം” എന്ന പദത്തിൻ്റെ ഉപയോഗം ഏകവചനത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രത്യുത, ബഹുവചനമായിരുന്നെങ്കിൽ അത് “ബാരു” (Baru) എന്ന ബഹുചനക്രിയ (Plural Verb) ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ ഭാഷാപരമായി അബദ്ധമാണ്.
☛ “എലോഹീം” അന്യദൈവങ്ങളെ ബഹുവചനത്തിൽ സൂചിപ്പിക്കുമ്പോൾ ക്രിയ ബഹുവചനമായിരിക്കും. അവിടെ ഒന്നിലധികം ദൈവങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ഉദാ: “അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം (𝐠𝐨𝐝𝐬) ആകുന്നു എന്നു പറഞ്ഞു.” (പുറ, 32:4). ഈ വേദഭാഗത്ത്, അന്യദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവിടെ “നിന്നെ കൊണ്ടുവന്നു” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ഹെയലൂഖ” (He’elukha) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. പദത്തിൻ്റെ ശരിയായ അർത്ഥം: “അവർ നിന്നെ കൊണ്ടുവന്നു” എന്നാണ്. “ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.” (1രാജാ, 19:2). ഇവിടെ “ചെയ്യുമാറാകട്ടെ” (Let do) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “യാസൂൻ” (Yaasun) എന്ന പ്രഥമപുരുഷ ബഹുവചന ക്രിയാപദം (3rd Person Plural Verb) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അവർ ചെയ്യുമാറാകട്ടെ” എന്നാണ്. തന്മൂലം, “എലോഹീം” ഏകവചനത്തിൽ ഉപയോഗിക്കുമ്പോൾ ഏകവചന സർവ്വനാമവും ബഹുവചനത്തിൽ ഉപയോഗിക്കുമ്പോൾ സർവ്വനാമവുമാണ് വരേണ്ടതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
❹ വിശേഷണങ്ങളുടെ ഉപയോഗം:
➦ എലോഹീമിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വിശേഷണങ്ങൾ (Adjectives) ഏകവചനത്തിലാണ് വരുന്നത്. ഉദാ: “ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.” (സങ്കീ, 7:9). ഈ വേദഭാഗത്ത്, “നീതിമാനായ” (Righteous) എന്ന് പറയാൻ “റ്റ്സാദീഖ്” (Tzadeek) എന്ന (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷണമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, “എലോഹീം” ബഹുവചനത്തിലാണ് യഹോയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുവചന വിശേഷണം ഉപയോഗിക്കുമായിരുന്നു. ഒ.നോ: “വിശ്വസ്തനായ ദൈവം – ha’el haneeman – faithful God” (ആവ, 7:9), “മഹാദൈവം – ha’el haggadol – great God” (ആവ, 10:17), “സത്യദൈവം – elohei emet – true God” (2ദിന, 15:3). ഇവയെല്ലാം ഏകവചന വിശേഷണങ്ങളാണ്. “എലോഹീം” ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, ഏകവചന വിശേഷണങ്ങൾ ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟വ്യവസ്ഥയില്ലാത്ത പുസ്തകമല്ല വേദപുസ്തകം എന്ന് മനസ്സിലാക്കുക.
❺ ഏൽ (El):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ “ഏൽ” (El) 245 പ്രാവശ്യമുണ്ട്. ഉല്പത്തി 14:18-മുതൽ മലാഖി 2:10-വരെ 213 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്ന “ഏൽ” എന്ന പദം ഏകവചനം (Singular) ആണ്. “എലോഹീം” എന്ന ബഹുവചനരൂപം ബഹുവചനത്തിൽത്തന്നെയാണ് സത്യദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ, “ഏൽ” എന്ന ഏകവചനപദം 213 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം ഗതിഭേദത്താൽ ആഛാദന ഇല്ലാത്തവനാണ്: (യാക്കോ, 1:17). ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം ചിലപ്പോൾ ബഹുത്വമുള്ളവനും മറ്റുചിലപ്പോൾ ഏകനുമാകുമോ?
❻ എലോഹ (Eloah):
➦ ദൈവത്തെ കുറിക്കുന്ന മറ്റൊരു എബ്രായ പദമായ ❛എലോഹ❜ (Eloah) 57 പ്രാവശ്യമുണ്ട്. ആവർത്തനം 32:15-മുതൽ ഹബ്ബക്കൂക് 3:3-വരെ 52 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലോഹ” എന്ന ഏകവചനം 52 പ്രാവശ്യം ദൈവത്തിന് ഉപയോഗിക്കുമായിരുന്നോ? ബൈബിളിലെ ദൈവം മാറ്റമില്ലാത്തവനാണ്: (മലാ, 3:6). നിങ്ങളുടെ ദൈവം ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ബഹുത്വമുള്ളവനുമായി ചാഞ്ചാടുന്ന ദൈവമാണോ?
❼ എലാഹ് (Elah):
➦ ദൈവത്തെ കുറിക്കുന്ന ഒരു അരമ്യ (Aramaic) പദമായ “എലാഹ്” (Elah) 95 പ്രാവശ്യമുണ്ട്. എസ്രാ 4:24-മുതൽ ദാനീയേൽ 6:26-വരെ 79 പ്രാവശ്യം സത്യേകദൈവമായ യഹോവയ്ക്കാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദവും കൃത്യമായി ഏകവചനം (Singular) ആണ്. “എലോഹീം” എന്ന പദം ബഹുവചനത്തിലാണ് സത്യദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ, “എലാഹ്” എന്ന ഏകവചനം 79 പ്രാവശ്യം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ? ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ഗതിഭേദത്താൽ ആഛാനമില്ലാത്തവനും മാറ്റമില്ലാത്തവനും ആകയാൽ അവന് തൻ്റെ പ്രകൃതി (Nature) ഒരിക്കലും ത്യജിക്കാനോ, വ്യത്യാസപ്പെടുത്താനോ കഴിയില്ല. നിങ്ങളുടെ ദൈവം സ്ഥിരതയില്ലാതവൻ ആയിരിക്കും. അതിനാൽ ചിലപ്പോൾ, ഏകൻആകാനും മറ്റുചിലപ്പോൾ ബഹുത്വമുള്ളവനുമായി അസ്ഥാഭേദം വരുമായിരിക്കും. ദൈവത്തിൻ്റെ ബഹുത്വം എന്നത് മൂഢന്മാരുടെ കൊടുംകൾട്ടുപദേശമാണ്.
❽ സെപ്റ്റ്വജിൻ്റ് പരിഭാഷയിലെ തെളിവ്:
➦ പഴയനിയമത്തിന്റെ പ്രഥമവും പുരാതനവും പ്രധാനപ്പെട്ടതുമായ ഗ്രീക്ക് വിവർത്തനമാണ് “സെപ്റ്റ്വജിന്റ്” (LXX). യേശുവും അപ്പൊസ്തലന്മാരും ആദിമവിശ്വാസികളും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും LXX-ൽ നിന്നാണ്. എബ്രായബൈളിൽ “എലോഹീം” (Elohim) ഉപയോഗിച്ചിരിക്കുന്ന അത്രയും സ്ഥാനത്ത് “തെയോസ്” (Theos) എന്ന ഏകവചനമാണ് (Singular) ഇതിൽ ഉപയോഗിക്കുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, “എലോഹീം” ബഹുവചനത്തിലാണ് എബ്രായ ബൈബിളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ, ബഹുത്വമുള്ള ദൈവത്തെ ഏകനാക്കിയ ബൈബിൾ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിക്കുമായിരുന്നോ? അതിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? ക്രിസ്തുവിനെയും അപ്പൊസ്തലന്മാരെയും ദൈവശ്വാസീയമായ പുതിയനിയമം രചിച്ചവരെയും വിശ്വസിക്കാത്തവർക്ക് മാത്രമേ, “എലോഹീം” സത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് പറയാൻ കഴിയുകയുള്ളൂ.
❾ പുതിയനിയമത്തിലെ തെളിവ്:
പുതിയനിയമത്തിൽ “ദൈവം” (God) എന്ന അർത്ഥത്തിൽ “തെയോസ്” (Theos) എന്ന ഏകവചന പുല്ലിംഗ നാമപദം (Singular Masculine Noun) 1,320 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൽ “എലോഹീം” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (Plurality) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ “തെയോസ്” (Theos) എന്ന ഏകവചനമല്ല (Singular); “തെയോയി” (theoi) എന്ന ബഹുവചനം (Plural) ഉപയോഗിക്കുമായിരുന്നു: (പ്രവൃ, 14:11). വിശേഷാൽ: പുതിയനിയമത്തിൽ മുഖ്യകല്പനയെക്കുറിച്ച് പഠിപ്പിച്ചത് ക്രിസ്തുവാണ്: (ആവ, 6:4⁃മർക്കൊ,12:29). പഴയനിയമത്തിൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ, ആ ദൈവത്തെ ഏകവചനത്തിൽ അഥവാ, ഏകനായി ക്രിസ്തു പഠിപ്പിക്കുമായിരുന്നോ? (Joh, 5:44; Joh, 17:3). ശ്രദ്ധേയമായ ഒരു കാര്യം പറയാം: യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. അതിൽ അവരുടെ ദൈവത്തിന് “എലോഹീം” എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് “തെയോസ്” (Theos) എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ഇല്ലാത്ത ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണ്!
❿ മറക്കാൻ പാടില്ലാത്ത വസ്തുത:
➦ ഒരു വചനപഠിതാവ് മൂന്നു കാര്യങ്ങൾ മറക്കരുത്: 𝟭.ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചിരിക്കുന്നതാണ് തിരുവെഴുത്തുകൾ. അതിനാൽ, ഭാഷയുടെ വ്യാകരണനിയമങ്ങളെ അതിക്രമിക്കുന്നതാണ് ദുരുപദേശത്തിൻ്റെ പ്രധാന കാരണം. 𝟮.എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16). അഥവാ, തിരുവെഴുത്തുകൾ മാത്രമാണ് ദൈവശ്വാസീയം. അത് നമ്മുടെ ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതാണ്: (2തിമൊ, 3:17). 𝟯.വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ. ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്ത വ്യാഖ്യാനങ്ങളിൽ വശംവദരാകുകയോ, വിശ്വസിക്കുകയോ ചെയ്യരുത്. ആഖ്യാനം ദൈവശ്വാസീയവും വ്യാഖ്യാനം മാനുഷികവുമാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത്: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29).
3 thoughts on “ദൈവം അവന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു”