യേശുവിൻ്റെ ജനനവർഷം

യേശുവിൻ്റെ ജനനവർഷം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ഒരു ചരിത്രപുരുഷൻ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. എന്നാൽ യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ബി.സി. 8 മുതൽ എ.ഡി. 1 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശുവിൻ്റെ ‘ജനനവർഷവും മാസവും’ കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടുണ്ട്. ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ജനനദിവസം കണ്ടെത്താൻ ശ്രമിക്കുന്നില്ല. യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം” എന്നാണ് ശലോമോൻ പറയുന്നത്: (സഭാ, 7:1). 

പണ്ഡിതന്മാരുടെ കണ്ടെത്തൽ: 
➦ യേശുവിന്റെ ജനനം: വില്യം റാംസെ (William Ramsay), മക്കിൻലെ (Mackinlay) മുതലായ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്. ബിൽ ഹീരൊമാൻ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). യുറാന്റിയ ബുക്കിൽ❜ ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. പവ്വൽ റോബർട്ട് (Powell Robert A) ‘ക്രിസ്തുവിന്റെ ദിനവൃനത്താന്തം’ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). പി.ഒ.സി. പരിഭാഷയിൽ 7/6 എന്ന് പറഞ്ഞിട്ടുണ്ട്. ‘സ്റ്റാർ ഓഫ് വണ്ടർ’ എന്ന പുസ്തകത്തിൽ, ബി.സി. 6, ഏപ്രിൽ 17-നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ ‘When was Jesus born’ എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ‘ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ’ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ‘വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ’ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് തെർത്തുല്യൻ (Terttullian) പറഞ്ഞിരിക്കുന്നത്.

☛ കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് (സെൻസസ്) യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.” (ലൂക്കൊ, 2:1-2). കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ചും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:37). °ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ, ബി.സി. 31 എ.ഡി. 14) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ‘ആക്ടിയം യുദ്ധം’ (Battle of Actium) മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 2.1). എന്നാൽ യേശുവിൻ്റെ ജനനത്തോട് ബന്ധപ്പെട്ട ഒന്നാമത്തെ സെൻസസ് എന്നാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതാണ് യേശുവിൻ്റെ ജനനവർഷം കൃത്യമായി കണ്ടെത്താൻ ചരിത്രകാരന്മാർക്ക് തടസ്സമായി നില്ക്കുന്ന പ്രധാന വസ്തുത. ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും മറ്റൊരു കാരണമാണ്.

☛ ബൈബിളും ലഭ്യമായിരിക്കുന്ന ചരിത്രത്തെളിവുകളുമാണ് നമുക്ക് ആശ്രയമിയിട്ടുള്ളത്. ആദ്യം നമുക്ക് ബൈബിളിലെ വിവരങ്ങൾ പരിശോധിക്കാം: മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു: (ലൂക്കൊ, 1:26-272:4). അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്: (ലൂക്കൊ, 2:4-5). അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്: (ലൂക്കൊ, 2:5-7). അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു: (ലൂക്കൊ, 2:11-12; 1:16-17). എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ കല്പിച്ചപോലെ പൈതലിന് യേശു എന്ന പേർ വിളിച്ചു: (ഉല്പ, 17:10-14; ലേവ്യ, 12:2-3; ലൂക്കൊ, 2:21). പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്: (ലേവ്യ, 12:4). നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:22-24). പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നാണ്. (2:39). ഈ വിഷയം അല്പം ചിന്തനീയമാണ്. 

☛ നമ്മുടെ കർത്താവിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണെന്ന് നമുക്കറിയാം. നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച് മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്: (യോഹ, 21:25). ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും, ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങൾ മത്തായിയുടെ സുവിശേഷത്തിലുണ്ട്. യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13-14), ശിശുക്കളുടെ കൊലപാതകം (2:16), ഹെരോദാവിന്റെ മരണം (2:15; 2:19), ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19-20), യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്: (2:22). ഇവിടെ യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ (രണ്ടാമദ്ധ്യായം മുഴുവനും) ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ “അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നുള്ളത്, “യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി” എന്നു മനസ്സിലാക്കണം. എന്തെന്നാൽ, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; വിശേഷാൽ ബേത്ത്ളേഹെമിലാണ്. 

☛ ലൂക്കൊസ് പറയുന്നത് പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ്: (2:7). പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹെമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. തന്നെയുമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. സെൻസസിൻ്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. അവിടെ ‘വഴിയമ്പലം’ എന്നു തർജ്ജമ ചെയ്തിരിക്കുന്ന ‘ടോപ്പോസ്’ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. അല്ലെങ്കിൽ, മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതാണ്. (ലൂക്കൊ, 1:39-56). എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്: (സംഖ്യാ, 24:17; ദാനി, 12:4). 

☛ ബി.സി. 8/7-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. ➟അതുകൊണ്ടാണല്ലോ, “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്ന് വചനം പറയുന്നത്. (മത്താ, 2:15). 

☛ “എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.” (മത്താ, 2:7). ഇവിടെ ‘നക്ഷത്രം വെളിവായ സമയം’ എന്നിടത്ത് യേശു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. യേശു ജനിച്ചതിൻ്റെ തെളിവാണ് നക്ഷത്രം. അത് വെളിപ്പെടേണ്ടത് വളരെനാൾ കഴിഞ്ഞിട്ടല്ല, സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല; ദൈവീക പദ്ധതിയിൽ പെട്ടതാണ്. അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്കൾ കഴിഞ്ഞു എന്ന് മാത്രമേയുള്ളൂ. അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. മറിയയുടെ ശുദ്ധീകരണകാലവും ശിശുവിൻ്റെ പരിച്ഛേദനയും വീണ്ടെടുപ്പും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങാൻ യാതൊരാവശ്യവും ഇല്ല. കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കാലയളവുണ്ട്. 

ചരിത്രപരമായ തെളിവുകൾ:
➦ യേശുവിന്റെ ജനനമരണവർഷങ്ങൾ കണക്കുകൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ഹെരോദാവിന്റെ മരണം 𝗕𝗖 𝟰, 𝗠𝗮𝗿𝗰𝗵/𝗔𝗽𝗿𝗶𝗹-ലും, അർക്കെലയൊസിനെ റോമൻ കൈസർ തിരിച്ചുവിളിക്കുന്നത് 𝗔𝗗 𝟲, 𝗝𝘂𝗻𝗲/𝗝𝘂𝗹𝘆-ലും, ➟തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം 𝗔𝗗 𝟭𝟰, 𝗦𝗲𝗽𝘁𝗲𝗺𝗯𝗲𝗿 𝟭𝟳/𝟭𝟴-ലുമാണ്.

☛ ഹെരോദാവിൻ്റെ മരണം: (മത്താ, 2:15)
➦ എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയിൽ മഹാനായ ഹെരോദാവിൻ്റെ മരണം BCE 4 March/April ആണെന്ന് പറഞ്ഞിട്ടുണ്ട്. [കാണുക: Britannica]. ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (Flavius Josephus) ഹെരോദാ രാജാവിൻ്റെ മരണത്തിന് തൊട്ടുമുമ്പ് ഒരു ചന്ദ്രഗ്രഹണം നടന്നതായി തൻ്റെ പുസ്തകമായ ❛Antiquities of the Jews❜ൽ രേഖപ്പെടുത്തിയിട്ടുണ്ട്. [Book 17.6.4]. ➟ഇത് BC 4 March 13-ലെ ചന്ദ്രഗ്രഹണം (Lunar eclipse) ആണെന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. [കാണുക: Antiquities of the Jews-ൻ്റെ Footnote]. BC 4-ലെ പെസഹ ഏപ്രിൽ 11-നാണ്. ജോസീഫസിൻ്റെ വിവരണം അനുസരിച്ച്, മാർച്ച് 13-ലെ ചന്ദ്രഗ്രഹണത്തിനും ഏപ്രിൽ 11-ലെ പെസഹയ്ക്കും ഇടയിലുള്ള കാലയളവിലാണ് ഹെരോദാ മരിച്ചത്. ➟അതായത്, BC 4 മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആണ് ഹെരോദാവിൻ്റെ മരണം സംഭവിച്ചത് എന്ന് കൃത്യമായി കണക്കാക്കാം.

☛ അർക്കെലയൊസിനെ തിരിച്ചുവിളിക്കുന്നു:
➦ ഹെരോദാവിൻ്റെ മരണശേഷം യെഹൂദ്യ ഭരിച്ചിരുന്ന അവൻ്റെ മകനായ അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് AD 6-ലാണ്. [കാണുക: Britannica]. അക്കാദമിക് ചരിത്രകാരനായ ബിൽ ഹീരോമാൻ്റെ (Bill Heroman) കണ്ടെത്തൽ പ്രകാരം, AD 6 ജൂൺ ആദ്യമാണ് യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധി സംഘം റോമിലെത്തി ആഗസ്റ്റസ് ചക്രവർത്തിയെ കണ്ട് അർക്കെലയൊസിനെതിരെ പരാതിപ്പെടുന്നത്. പരാതി ബോധ്യപ്പെട്ട ചക്രവർത്തി അർക്കെലയൊസിനെ കൊണ്ടുവരാൻ ഏർപ്പാടാക്കുകയും, ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ അവനെ വിചാരണ നടത്തി, ‘ഗാളിലെ’ (Gaul) (ഇന്നത്തെ ഫ്രാൻസ്) ‘വിന്നേ’ (Vienne) എന്ന സ്ഥലത്തേക്ക് നാടുകടത്തി. [കാണുക: Bill Heroman]. അതായത്, യെഹൂദ്യയിൽനിന്ന് അർക്കെലയൊസ് വിടപറയുന്നത് ജൂൺ അവസാനമോ, ജൂലെ ആദ്യമോ ആണ്. 

☛ തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണം:
➦ തിബെര്യൊസ് കൈസറുടെ ഭരണകാലം AD 14-മുതൽ 37-വരെയാണ്. [കാണുക: Britannica]. അഗസ്റ്റസ് കൈസറുടെ പിൻഗമിയായി അവൻ്റെ ദത്തുപുത്രനായ തിബെര്യൊസ് കൈസർ റോമാ സാമ്രാജ്യത്തിൻ്റെ രണ്ടാമത്തെ ചക്രവർത്തിയായി സ്ഥാനം ഏല്ക്കുന്നത് AD 14 സെപ്റ്റംബർ 17-നാണ്. [കാണുക: World History Encyclopedia, Wikipedia]. 

☛ ബി.സി. 4-ൽ ആയിരിക്കാം യേശുവിൻ്റെ ജനനമെന്നാണ് അനേകരും കരുതുന്നത്. എന്നാൽ അതിനൊരു സാദ്ധ്യതയുമില്ല. “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.” (മത്താ, 2:15). ഈ വേദഭാഗത്തെ രണ്ട് പ്രയോഗങ്ങൾ ശ്രദ്ധേയമാണ്: 
𝟭. “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു.” ഇത് മിസ്രയീമ്യ വാസത്തിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഇടവേളയുണ്ടായിരുന്നു എന്ന സൂചനയാണ് നല്കുന്നത്. ബി.സി. 4 മാർച്ച് അവസാനമോ, ഏപ്രിൽ ആദ്യമോ ആണ് മഹാനായ ഹെരോദാവ് മരിക്കുന്നത്. ഹെരോദാവിൻ്റെ മരണത്തിന് മുമ്പ് ബി.സി. 4-ൽ ശേഷിക്കുന്നത് 90 ദിവസമാണ്. അതിൽ കുറഞ്ഞത് 41 ദിവസം ശിശുവിൻ്റെ പരിച്ഛേദനയ്ക്കും മറിയത്തിൻ്റെ ശുദ്ധീകരണകാലത്തിനും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾക്കായും വേണം. വിദ്വാന്മാർ (ജ്ഞാനികൾ) എപ്പോഴാണ് ശിശുവിനെ സന്ദർശിച്ചതെന്ന് അറിയില്ല; അതിനും സമയം വേണം. ഹെരോദാവിനെ പേടിച്ച് ശിശുവിനെയും ഭാര്യയെയും കൂട്ടി യോസേഫ് പോയത് ഈജിപ്തിന്റെ അതിർത്തിപ്രദേശമായ ‘വാഡി എൽ-അരീഷ്’ (Wadi el-Arish) എന്നിടത്തേക്ക് ആയിരിക്കില്ല. അവിടേക്കുതന്നെ ഏകദേശം 100-150 കിലോമീറ്റർ ദൂരമുണ്ട്. 
𝟮. “മിസ്രയീമിൽ (ഈജിപ്ത്) നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന യിസ്രായേലിനെക്കുറിച്ചുള്ള ഈ പ്രവചനം മത്തായി യേശുവിൽ ആരോപിച്ചിരിക്കയാൽ, തൻ്റെ പൂർവ്വപിതാവായ യിസ്രായേൽ എന്ന യാക്കോബും പന്ത്രണ്ട് ഗോത്രങ്ങളും പാർത്ത നൈൽ നദീതടത്തിലേക്കാണ് യോസേഫ് കുടുബത്തെ കൊണ്ടുപോയതെന്ന് മനസ്സിലാക്കാം: (ഹോശേ, 11:1മത്താ, 2:15). ശിശുവിൻ്റെ സുരക്ഷയെക്കരുതി നൈൽ നദിയുടെ തീരത്തേക്കാണ് പോയതെങ്കിൽ, 400 കിലോമീറ്ററിനടുത്ത് അവർ സഞ്ചരിച്ചിട്ടുണ്ടാകും. വാഹനസൗകര്യം ഇല്ലാത്ത അന്നത്തെക്കാലത്ത് ദിവസങ്ങളോളം യാത്ര ചെയ്താൽ മാത്രമേ അവിടെ എത്തുകയുള്ളു. “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്ന പ്രയോഗവും ചേർത്ത് ചിന്തിച്ചാൽ, ബി.സി. 4-ൽ യേശുവിൻ്റെ ജനനം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കാം. 

☛ യോസേഫും കുടുംബവും ഈജിപ്തിൽ പാർത്തിരിക്കുമ്പോഴാണ്  ഹെരോദാവ് മരിക്കുന്നത്. അപ്പോൾ കർത്താവിന്റെ ദൂതൻ യോസേഫിനു് സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തത് പ്രകാരം അവൻ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ ഹെരോദാവിൻ്റെ മകൻ അർക്കെലയൊസ് അപ്പന് പകരം രാജാവായി വാഴുന്ന എന്നറിഞ്ഞ യോസേഫ് യെഹൂദ്യയിൽ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി എന്നാണ് മത്തായി പറയുന്നത്: (മത്താ, 2:18-21). ഹെരോദാവിനെക്കാൾ ദുഷ്ടനായിരുന്നു അർക്കെലയൊസ്. ഹെരോദാവ് മരിച്ചതിന് ശേഷമുള്ള ആദ്യത്തെ പെസഹ ബി.സി. 4, ഏപ്രിൽ 11-ന് ആയിരുന്നു. ഈ പെസഹ സമയത്താണ് ഹെരോദാവ് കൊന്നവർക്കായി നീതി ചോദിച്ചുകൊണ്ട് യെരൂശലേം ദൈവാലയമുറ്റത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്. ഈ പ്രതിഷേധം അടിച്ചമർത്താൻ അർക്കെലയൊസ് സൈന്യത്തെ അയച്ച് 3,000 യെഹൂദന്മാരെ കൊല്ലിച്ചു. അവനെ പേടിച്ചാണ് ശിശുമായി ദൈവാലയം സന്ദർശിക്കാതെ യോസേഫ് ഗലീലയിലേക്ക് വേഗത്തിൽ പോയത്. 

അവന് പന്ത്രണ്ടു വയസ്സായപ്പോൾ:
➦ യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന തെളിവ് ബൈബിളിലുണ്ട്. മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കൊ, 2:40). അടുത്തഭാഗം: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കൊ, 1:41-42). ഇതിൻ്റെ ആദ്യവാക്യം ശ്രദ്ധിക്കുക: “അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പെസഹപെരുനാളിന്നു പോകും” എന്നല്ല; “അവന്റെ അമ്മയപ്പന്മാർ പോകും” എന്നാണ്. ‘അവന്റെ അമ്മയപ്പന്മാർ’ (hid parents) എന്ന് പ്രത്യേകം പരാമർശിക്കുന്നത് നോക്കുക. ഗ്രീക്കിൽ ഇത് 𝗵𝗼𝗶 𝗴𝗼𝗻𝗲𝗶𝘀 𝗮𝘂𝘁𝗼𝘂 എന്നാണ്. യേശുവിനെ മാറ്റിനിർത്തിക്കൊണ്ട് മാതാപിതാക്കളുടെ പതിവിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിന് പോയി. എന്താണ് കാരണം? സ്വപ്നത്തിൽ അരുളപ്പാടുണ്ടായ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ യെരൂശലേമിൽ കൊണ്ടുപോയിരുന്നില്ല. അടുത്തവാക്യം: “യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു് കൊണ്ടുപോയി.” എന്താണ് കാര്യം? അർക്കെലയൊസിനെ ചക്രവർത്തി നാടുകടത്തിയതിന് ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; അപ്പോൾ യേശുവിന് പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. യേശു ദൈഒത്തിൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനുള്ളവൻ ആണെന്ന് യോസേഫിനോടും, ദൈവപുത്രൻ എന്ന് വിളിക്കപ്പെടേണ്ടവൻ ആണെന്ന് മറിയത്തോടും ദൈവത്തിൻ്റെ ദൂതൻ പറഞ്ഞിട്ടുള്ളതാണ്: (മത്താ, 1:21 ⁃⁃ ലൂക്കൊ, 1:32; 1:35). അവൻ തങ്ങളുടെ രക്ഷിതാവായ ക്രിസ്തു ആകേണ്ടവനാണെന്ന് യോസേഫിനും മറിയയ്ക്കും നല്ല നിശ്ചയമുണ്ട്: (ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 2:36; 5:31). പിന്നെയും എന്തുകൊണ്ടാണ് അവനെ ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ താമസിച്ചു? അതിന്റെ ഉത്തരമാണ്: അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. “സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല. 

☛ യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുനാളിന് പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി.6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂൺ അവസാനമോ, ജൂലൈ ആദ്യമോ ആണ്. അതിനടുത്തവർഷത്തെ പെസഹ മാർച്ച് 20-നാണ്. അന്ന് യോസേഫും മറിയയും പെസഹാപെരുനാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. അന്ന് അവന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42).
☛ നീസാൻ (മാർച്ച്/ഏപ്രിൽ) മാസമാണ് പെസഹ. എ.ഡി. 7-ലെ പെസഹ മാർച്ച് 20-നാണ്. അന്ന് അവന് പന്ത്രണ്ട് വയസ്സായിരുന്നു. എ.ഡി. 7-ൽ നിന്ന് 12 വർഷം പുറകോട്ട് പോയാൽ, ➟ബി.സി. 6-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. ബി.സി. 6-ലെ പെസഹ പെരുന്നാൾ ഏപ്രിൽ 1-ന് ആയിരുന്നു. മാർച്ച് 29-നോടടുത്ത് യേശുവിന് 12 വയസ്സ് ഉണ്ടായിരുന്നതിനാൽ, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ അവൻ ജനിച്ചു എന്ന് മനസ്സിലാക്കാം. കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിളും ചരിത്രവും തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ലഭിക്കുവാൻ പ്രയാസമായിരിക്കും. 

യേശുവിൻ്റെ ജനവർഷം:
➦ 𝗔𝗠 𝟯𝟳𝟱𝟱 (𝗔𝗨𝗖 𝟳𝟰𝟴 ⁃ 𝗕𝗖 𝟲)  
➟ “യെഹൂദ്യയിൽ ബേത്ളേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:5-7)
യേശുവിൻ്റെ സ്നാനം:
➦ 𝗔𝗠 𝟯𝟳𝟴𝟵 (𝗔𝗨𝗖 𝟳𝟴𝟮 ⁃ 𝗔𝗗 𝟮𝟵)
➟ യേശു തൻ്റെ ശുശ്രൂഷയുടെ മുന്നോടിയായാണ് AD 29-ൽ യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റത്: (മത്താ, 3:13-16). സ്നാനാനന്തരമാണ്, പ്രവചനങ്ങളുടെ നിവൃത്തിയായി യേശു എന്ന് പേരുള്ള മനുഷ്യൻ ക്രിസ്തുവും ദൈവപുത്രനും ആയത്: (യോഹ, 9:11).
യേശുവിൻ്റെ ക്രിസ്തുത്വം:
➦ സ്നാനാനന്തരം യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവിനെ അഭിഷേകം ചെയ്തപ്പോഴാണ് യേശു എന്ന പാപരഹിതനായ മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യോഹ, 1:3:5; യോഹ, 8:40യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). നസറെത്തിലെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യെശയ്യാപ്രവചനം നിവൃത്തിയായത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 4:16-21).
യേശുവിൻ്റെ പുത്രത്വം:
➦ അഭിഷേകാനന്തരം, “അവൻ വലിയവനാകും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും”, “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി പിതാവിനാൽ, “നീ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ദൈവത്താൽ വിളിക്കപ്പെട്ടപ്പോഴാണ് ഏകമനുഷ്യനായ യേശുക്രിസ്തുവിന് (റോമ, 5:15) ‘ദൈവപുത്രൻ’ എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35ലൂക്കൊ, 3:22). അനന്തരം, പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ട് മടങ്ങിയ യേശു, അഭിഷേകത്താൽ പ്രാപിച്ച ശക്തിയോടെയാണ് നാല്പതുദിവസം സാത്താനാൽ പരീക്ഷിക്കപ്പെട്ടതും, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയിൽ മടങ്ങിച്ചെന്ന് ശുശ്രൂഷ ആരംഭിച്ചതും: (ലൂക്കൊ, 4:1ലൂക്കൊ, 4:15-16).
യേശുവിൻ്റെ മരണം:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃ 𝗔𝗗 𝟯𝟯) 𝗙𝗿𝗶𝗱𝗮𝘆 𝟯 𝗣𝗠
➟ “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)
യേശുവിൻ്റെ ഉയിർപ്പ്:
➦ 𝗔𝗠 𝟯𝟳𝟵𝟯 (𝗔𝗨𝗖 𝟳𝟴𝟲 ⁃ 𝗔𝗗 𝟯𝟯) 𝗦𝘂𝗻𝗱𝗮𝘆 𝟲 𝗔𝗠
➟ “ദൈവം യേശുവിനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,” (പ്രവൃ, 10:40)
☛ ചുരുക്കെഴുത്തിൻ്റെ പൂർണ്ണരൂപം:
➟ 𝗔𝗠 ⁃ 𝗔𝗻𝗻𝗼 𝗠𝘂𝗻𝗱𝗶 (Hebrew year)
➟ 𝗔𝗨𝗖 ⁃ 𝗔𝗯 𝗨𝗿𝗯𝗲 𝗖𝗼𝗻𝗱𝗶𝘁𝗮 (Roman year)
➟ 𝗕𝗖 ⁃ 𝗕𝗲𝗳𝗼𝗿𝗲 𝗖𝗵𝗿𝗶𝘀𝘁 (Gregorian year)
➟ 𝗔𝗗 ⁃ 𝗔𝗻𝗻𝗼 𝗗𝗼𝗺𝗶𝗻𝗶 (Gregorian year)

ഡിസംബറിലല്ല ജനനം: 
➦ യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. തന്നെയുമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്: 
𝟭. ജനസംഖ്യയെടുപ്പ് (പേർവഴി ചാർത്തൽ) പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പും മഞ്ഞുവിഴ്ചയുമുണ്ട്. തന്മൂലം, യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും പ്രായോഗികമല്ല. പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). 
𝟮. യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ (നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ) ഭയങ്കര തണുപ്പായിരിക്കും. ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്? ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ് (മാർച്ച്-മെയ്). അതായത്, ബി.സി. 6-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ ഇടയന്മാരോട് അറിയിച്ചതും BC 6-ലെ വസന്തകാലത്താണ്. 

ഏകദേശം മുപ്പതുവയസ്സ് 
➦ ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: “യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കൊ, 3:23). യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. അവന് കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ‘ഏകദേശം’ എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും “ഏകദേശം മുപ്പത് വയസ്സ്” എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷയ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെയുള്ള ലേവ്യരാണ്. (സംഖ്യാ, 4:2-3; 1ദിന, 23:2-5). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ യാഗമർപ്പിക്കാൻ യേശു എന്ന് പേരുള്ള മനുഷ്യൻ മഹാപുരോഹിതനായി ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടത് യോർദ്ദാനിൽവെച്ചാണ്: (യോഹ, 9:11ലൂക്കൊ, 3:22; പ്രവൃ, 10:38; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 3:1). തന്മൂലം, യേശുവിന് ഒരു പുരോഹിതനുവേണ്ട മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ്, “ഏകദേശം മുപ്പത് വയസ്സായിരുന്നു” എന്ന് ലൂക്കൊസ് പറഞ്ഞതെന്ന് മനസ്സിലാക്കാം.അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ് ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ, മുപ്പത് വയസ്സ് എന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. സാധാരണ ലേവ്യരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). വഴി ഒരുക്കപ്പെടേണ്ടവനായ യേശു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. അതിന്റെ പതിനഞ്ചാം വർഷം അഥവാ, എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). യോഹന്നാൻ്റെ പുറകേ യേശുവും ശുശ്രൂഷ ആരംഭിച്ചു.

ശിശുക്കളുടെ കൊലപാതകം:
➦ “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്: (മത്താ 2:16). അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ആ വാക്യത്തിൽ, “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു” എന്നാണ് എഴുതിയിരിക്കുന്നത്. വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. “വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.” (ലൂക്കോ, 16:8). മറ്റൊരു കാരണവും അതിനുണ്ട്:

ഹെരോദാവിൻ്റെ വിഭ്രാന്തി: 
➦ ബി.സി. 8 മുതൽ ബി.സി. 4 വരെ ഹെരോദാവ് രാജാവ് കടുത്ത മാനസിക വിഭ്രാന്തിക്കും (Paranoia) സംശയരോഗത്തിനും അടിമയായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രമുഖ യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (Flavius Josephus) ഹെരോദാവിന്റെ ഈ കാലഘട്ടത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
𝟭. അധികാരത്തോടുള്ള അമിതമോഹം:
➦ തന്റെ സിംഹാസനം ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം ഹെരോദാവിനെ വേട്ടയാടിയിരുന്നു. ഈ സംശയം കാരണം സ്വന്തം കുടുംബാംഗങ്ങളെപ്പോലും അദ്ദേഹം വെറുതെവിട്ടില്ല. തന്റെ അധികാരം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ക്രൂരതകൾ സമാനതകളില്ലാത്തതാണ്.
𝟮. സ്വന്തം കുടുംബത്തെ കൊന്നൊടുക്കൽ:
➦ ഭരണത്തിന്റെ അവസാന വർഷങ്ങളിൽ ഹെരോദാവിന്റെ വിഭ്രമം മൂർദ്ധന്യത്തിലെത്തി. ബി.സി. 7-ൽ തന്റെ സ്വന്തം പുത്രന്മാരായ അലക്സാണ്ടറെയും അരിസ്റ്റോബുലസിനെയും രാജദ്രോഹക്കുറ്റം ആരോപിച്ച് അദ്ദേഹം വധിച്ചു. ബി.സി. 4-ൽ തന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ്, മറ്റൊരു മകനായ ആന്റിപ്പറ്ററെയും അദ്ദേഹം കൊലപ്പെടുത്തി. തന്റെ പ്രിയതമയായ ഭാര്യ മറിയമ്നെയെയും (Mariamne) വർഷങ്ങൾക്ക് മുമ്പ് ഇതേ സംശയത്തിന്റെ പേരിൽ അദ്ദേഹം വധിച്ചിരുന്നു. അതുകൊണ്ടാണ് റോമൻ ചക്രവർത്തിയായ അഗസ്റ്റസ് ഒരിക്കൽ പരിഹാസപൂർവ്വം പറഞ്ഞത്: “ഹെരോദാവിന്റെ മകനായിരിക്കുന്നതിനേക്കാൾ സുരക്ഷിതം അവന്റെ പന്നിയായിരിക്കുന്നതാണ്.” (അർദ്ധ യെഹൂദനായ ഹെരോദാവ് മതാചാരപ്രകാരം പന്നിയെ കൊല്ലില്ല, എന്നാൽ സ്വന്തം മക്കളെ കൊല്ലും).
𝟯. മാരകമായ രോഗാവസ്ഥ:
➦ ജീവിതത്തിന്റെ അവസാന നാളുകളിൽ ഹെരോദാവ് അതിവേദനയുണ്ടാക്കുന്ന പല രോഗങ്ങൾക്കും ഇരയായിരുന്നു. വൃക്കരോഗം, ശ്വാസതടസ്സം, ശരീരം ചീഞ്ഞഴുകുന്ന തരം അണുബാധകൾ എന്നിവ അദ്ദേഹത്തെ കൂടുതൽ ക്രൂരനും അസ്വസ്ഥനുമാക്കി. ശാരീരികമായ ഈ വേദന അദ്ദേഹത്തിന്റെ മാനസിക നിലയെ കൂടുതൽ തകിടം മറിച്ചു.
𝟰. മത്തായി 2-ലെ ശിശുക്കളുടെ വധം:
➦ ഈ പശ്ചാത്തലത്തിൽ വേണം ബേത്ത്‌ളേഹെമിലെ ശിശുക്കളുടെ വധത്തെ (Massacre of the Innocents) കാണാൻ. ബി.സി. 6-ൽ വിദ്വാന്മാർ “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ” എവിടെ എന്ന് അന്വേഷിച്ചു വന്നപ്പോൾ, വിഭ്രമം പിടിച്ചിരുന്ന ഹെരോദാവ് അത് തന്റെ സിംഹാസനത്തിന് നേരിട്ടുള്ള ഭീഷണിയായി കണ്ടു. സ്വന്തം മക്കളെപ്പോലും കൊല്ലാൻ മടിക്കാത്ത ഒരാൾക്ക്, മറ്റുള്ളവരുടെ ശിശുക്കളെ കൊല്ലുക എന്നത് നിസ്സാരമായ ഒരു കാര്യമായിരുന്നു. ബി.സി. 8 മുതൽ ബി.സി. 4 വരെയുള്ള ഹെരോദാവിന്റെ ഭരണം രക്തരൂഷിതവും വിഭ്രമം നിറഞ്ഞതുമായിരുന്നു. ചരിത്രരേഖകളും ബൈബിളിലെ വിവരണങ്ങളും ഈ ഭ്രാന്തമായ മാനസികാവസ്ഥയെ ഒരേപോലെ ശരിവെക്കുന്നു. ഈ വിഭ്രമത്തിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ജനങ്ങളെ നിയന്ത്രിക്കാൻ പേർവഴി ചാർത്തൽ (Census) പോലുള്ള കടുത്ത നടപടികൾ നടപ്പിലാക്കാൻ ശ്രമിച്ചതും. [Antiquities of the Jews, Book 15, 16, 17. The Jewish War, Book 1]

ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും: 
➦ ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ. ബി.സി. 4-ലെ പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു. അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ‘കൊപൊണിയസും’ (Coponius), 9-12-വരെ ‘മാർക്കസ് ആംബിവ്യൂലസും’ (Marcus Ambivulus), 12-15-വരെ ‘ആനിയസ് റൂഫസും’ (Annius Rufus), 15-26-വരെ ‘വെലേറിയസ് ഗ്രാറ്റസും’ (Velerius Gratus), 26-36-വരെ ‘പൊന്തിയൊസ് പീലാത്തോസും’ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor). 

5 thoughts on “യേശുവിൻ്റെ ജനനവർഷം”

Leave a Reply

Your email address will not be published. Required fields are marked *