All posts by roy7

പ്രവചനങ്ങൾ

പ്രവചനങ്ങൾ (prophecies)

“പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:19-21)

പ്രവചനമെന്നാൽ ദീര്‍ഘദര്‍ശനം അഥവാ ‘മേലാൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). “അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.” (വെളി, 4:1). പ്രവചനത്തിൻ്റെ പ്രഭവസ്ഥാനം ദൈവമാണ്: “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). പ്രവചനം സത്യമാണ്: എന്തെന്നാൽ ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല. (എബ്രാ, 6:18). വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). ദൈവം തൻ്റെ വചനം പ്രവാചകനും പ്രവാചകനിലൂടെ ജനത്തിനും നല്കുന്നു. യഹോവ മോശെയോടു പറഞ്ഞത്: “ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം.” (പുറ, 7:2. ഒ.നോ: 6:29; 7:17; 16:32; 23:22; 32:27). ദൈവം തൻ്റെ വചനത്തെ പ്രവാചകൻ്റെ വായിൽ നല്കുന്നു: “പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു.” (യിരെ, 1:9). പ്രവാചകൻ്റെ വായെ ദൈവം ശുദ്ധീകരിക്കുന്നു: “അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. (6:6,7). മൂന്നു പ്രവാചകന്മാർ ദൈവത്തിൻ്റെ വചനം ഭക്ഷിച്ചതായും കാണാം: യിരെമ്യാവ് (15:16), യെഹെസ്ക്കേൽ (3:1), യോഹന്നാൻ (വെളി, 10:10). “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തു.” (എബ്രാ, 1:1).

പ്രധാന പ്രവചനങ്ങൾ: ബൈബിളിലെ പ്രവചനങ്ങൾ പ്രധാനമായും നാലുപേരെക്കുറിച്ചാണ്: യേശുക്രിസ്തു, യിസ്രായേൽ, പുതിയനിയമസഭ, ജാതികൾ. കൂടാതെ, ആകാശഭൂമികളെ കുറിച്ചുള്ള പ്രവചനങ്ങളും കാണാം. ഉദാ: (യെശ, 13:9,10; 2പത്രൊ, 3:5-7). അതിൽത്തന്നെ പ്രവചനങ്ങളിലധികവും ദൈവത്തിൻ്റെ രണ്ട് മശീഹമാരെ കുറിച്ചുള്ളതാണ്: അത് യഥാക്രമം യിസ്രായേലും യേശുവുമാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ ദൈവത്തിൻ്റെ മശീഹ അഥവാ ക്രിസ്തുവും ദൈവപുത്രനും യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ച ദൈവപുത്രനും ക്രിസ്തുവും, ഇനിയും നിവൃത്തിച്ചു കൊടുക്കാനിരിക്കുന്ന മനുഷ്യപുത്രനും യേശുക്രിസ്തുവാണ്. പൂർവ്വ പിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16). യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും യേശുക്രിസ്തുവും തമ്മിലുള്ള അഭേദ്യമായൊരു ബന്ധമറിയാതെ പ്രവചനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയില്ല. ബൈബിളിലെ ആദ്യത്തെ പ്രവചനത്തിൽത്തന്നെ രണ്ടുപേരെയും പരാമർശിച്ചിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു വിഷയം. പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15. രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശവും പ്രവചനവുമായി ആ വാക്യം അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ സ്ത്രീ യിസ്രായേലും സന്തതി ക്രിസ്തുവുമാണ്. (മീഖാ, 5:2,3; ഗലാ, 4:4). പ്രവചനത്തിൽ ആദ്യം പരാമർശിച്ചിരിക്കുന്നത് യിസ്രായേലെന്ന സ്ത്രീയെയാണെന്നതും വാഗ്ദത്തസന്തതിയായ യിസ്രായേലും യേശുക്രിസ്തുവും ജനിക്കുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുമ്പേയാണ് ഈ പ്രവചനമെന്നതും കുറിക്കൊള്ളുക. (കാണുക: മൂന്നു സ്ത്രീകൾ)

യേശുക്രിസ്തു: ക്രിസ്തുവിൻ്റെ ജനനം, ജീവിതം, സ്വഭാവം, ശുശ്രൂഷ, മരണം, ഉയിർപ്പ്, പൗരോഹിത്യം, മടങ്ങിവരവ് എന്നിങ്ങനെ അനേകം പ്രവചനങ്ങൾ യേശുവിനെക്കുറിച്ചു കാണാം: സ്ത്രീയുടെ (യിസ്രായേൽ) സന്തതി (ഉല്പ, 3:15; മീഖാ, 5:3; ഗലാ, 4:4), ബേത്ത്ലേഹെമിൽ ജനിക്കും (മീഖാ, 5:2; മത്താ, 2:1; ലൂക്കൊ, 2:4-7), കന്യകയിൽ നിന്നു ജനിക്കും (യെശ, 7:14; മത്താ, 1:22; ലൂക്കൊ, 1:26-31), അബ്രാഹാമിൻ്റെ സന്തതിയായി ജനിക്കും (ഉല്പ, 12:3; 22:18; മത്താ, 1:1; ഗലാ, 3:16), യിസ്ഹാക്കിൻ്റെ സന്തതിയായിരിക്കും (ഉല്പ, 26:5; മത്താ, 1:2), യാക്കോബിൻ്റെ സന്തതിയായി ജനിക്കും (ഉല്പ, 28:14), യെഹൂദാ ഗോത്രത്തിൽ ജനിക്കും (ഉല്പ, 49:10; ലൂക്കൊ, 1:27; എബ്രാ, 7:14), ദാവീദിൻ്റെ സിംഹാസനത്തിൽ എന്നേക്കും രാജാവായിരിക്കും (2ശമൂ, 7:12,13; യെശ, 9:7; ലൂക്കൊ, 1:32,33), ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും (യെശ, 7:14; മത്താ, 1:22), മിസ്രയീമിൽ നിന്നു മടക്കിവരുത്തും (ഹോശേ, 11:1; മത്താ, 2:14,15), ബേത്ത്ലേഹെമിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടും (യിരെ, 31:15; മത്താ, 2:16,17), വഴിയൊരുക്കപ്പെടും (യെശ, 40:3; മലാ, 3:1; ലൂക്കൊ, 3:3-6), ദൈവപുത്രനെന്നു വിളിക്കപ്പെടും (ലൂക്കൊ, 1:32,35; മത്താ, 3:17), വീണ്ടെടുപ്പുകാരൻ പൊടിമേൽ നില്ക്കും (ഇയ്യോ, 19:25–യോഹ, 1:14,18), യഹോവ രക്ഷിതാവായി വരും (ഹോശേ, 1:7; മത്താ, 1:21), യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷചെയ്യും (യെശ, 35:4; ലൂക്കൊ, 1:68), നസറായൻ എന്നു വിളിക്കപ്പെടും (യെശ, 11:1; മത്താ, 2:1; യോഹ, 1:45), ഇരുട്ടിൽ ഇരിക്കുന്നവർക്ക് വെളിച്ചമാകും (യെശ, 9:1,2; മത്താ, 4:13-16), ഉപമകളാൽ സംസാരിക്കും (സങ്കീ, 78:1,2; മത്താ, 13:34,35), ദരിദ്രന്മാരോട് സുവിശേഷം അറിയിക്കും; കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിക്കും (യെശ, 61:1,2; ലൂക്കൊ, 4:18,19), കുരുടന്മാരും ചെകിടന്മാരും മുടന്തന്മാരും സൗഖ്യമാകും (യെശ, 35:4-6 = മത്താ, 11:3-6; ലൂക്കൊ, 7:20-23), മോശെയെപ്പോലൊരു പ്രവാചകൻ (ആവ, 18:15; പ്രവൃ, 3:22), മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പുരോഹിതൻ (സങ്കീ, 110:4; എബ്രാ, 5:10), രാജാവ് കഴുതപ്പുറത്തു കയറിവരും (സെഖ, 9:9=മത്താ, 21:4), ശിശുക്കളുടെ വായാൽ പുകഴ്ച ലഭിക്കും (സങ്കീ, 8:2; മത്താ, 21:16), സ്വന്തജനത്താൽ തള്ളപ്പെടും (സങ്കീ, 69:8; യെശ, 53:3; യോഹ, 1:10; 7:5), സ്നേഹിതനാൽ ഒറ്റുകൊടുക്കപെടും (സങ്കീ, 49:9; മത്താ, 26:14-16), ഒറ്റുകൂലികൊണ്ട് കുശവൻ്റെ നിലം വാങ്ങും (സെഖ, 11:12,13; മത്താ, 27:9,10), കള്ളസാക്ഷികൾ എഴുന്നേല്ക്കും (സങ്കീ, 35:11; മർക്കൊ, 14:57,58), ആരോപണങ്ങൾക്കെതിരെ വായെ തുറക്കാതിരിക്കും (യെശ, 53:7; മർക്കോ, 15:4,5), തല്ലിനും തുപ്പലിനു മുഖം മറച്ചിക്കില്ല (യെശ, 50:6; മത്താ, 26:67), കാരണംകൂടാതെ വെറുക്കപ്പെടും (സങ്കീ, 35:19; 69:4; യോഹ, 15:24,25), അതിക്രമക്കാരോടുകൂടി എണ്ണപ്പെടും (യെശ, 53:12; മത്താ, 2738; മർക്കൊ, 15:27,28), കൈപ്പുകലക്കിയ വീഞ്ഞു നിരസിക്കും (സങ്കീ, 69:21; മത്താ, 27:33,34), പളിച്ചവീഞ്ഞ് (വിന്നാഗിരി) കുടിക്കും (സങ്കീ, 69:21; യോഹ, 19:28-30), കൈകളും കാലുകളും തുളയ്ക്കപ്പെടും (സങ്കീ, 22:16; യോഹ, 20:25-27), ജനത്താൽ പരിഹസിക്കപ്പെടും (സങ്കീ, 22:7; ലൂക്കൊ, 23:35,36), വസ്ത്രങ്ങൾ പകുത്തെടുക്കും (സങ്കീ, 22:18; മത്താ, 27:35; യോഹ, 19:24), അങ്കിക്കായി ചീട്ടിടും (സങ്കീ, 22:18; യോഹ, 19:24), ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കും (സങ്കീ, 109:4; ലൂക്കൊ, 23:34), ദൈവത്താൽ കൈവിടപ്പെടും (സങ്കീ, 22:1; മത്താ, 27:46), വിലാപ്പുറം കുത്തിത്തുളയ്ക്കപ്പെടും (സെഖ, 12:10; യോഹ, 19:32; 20:20; വെളി, 1:7), അസ്ഥികളൊന്നും ഒടിയപ്പെടില്ല (പുറ, 12:46; സങ്കീ, 34:20; യോഹ, 19:32-36), സമ്പന്നന്മാരെപ്പോലെ അടക്കപ്പെടും (യെശ, 53:9; മത്താ, 27:57-60), ശരീരം ദ്രവത്വം കാണില്ല (സങ്കീ, 16:10; 49:15; പ്രവൃ, 2:27,31), സ്വർഗ്ഗാരോഹണം ചെയ്യപ്പെടും (സങ്കീ, 68:18; മർക്കൊ, 16:19; പ്രവൃ, 1:9), മരണത്തെ സദാകലത്തേക്കും നീക്കിക്കളയും (യെശ, 25:8; എബ്രാ, 2:14,15), നിയമരക്തത്താൽ രക്ഷിക്കും (സെഖ, 9:11; മർക്കൊ, 14:24), ശിഷ്യന്മാർ സാക്ഷികളാകും (യെശ, 43:10; മർക്കൊ, 16:15; പ്രവൃ, 1:8), സകലഭൂവാസികൾക്കും രക്ഷകനാകും (യെശ, 45:22–പ്രവൃ, 4:12), തന്നെ കാത്തിരിക്കുന്നവരെ ചേർക്കാൻ വരും (സെഖ, 9:14-16; യോഹ, 14:1-3; 1തെസ്സ, 4:16,17), സകല മുഴങ്കാലും അവൻ്റെ മുമ്പിൽ മടങ്ങും (യെശ, 45:23,24 = ഫിലി, 2:10,11), ഒലിവുമലയിൽ വീണ്ടും വരും (സെഖ, 14:4; പ്രവൃ, 1:10,11), സ്വന്തജനം കുത്തിയവങ്കലേക്കു നോക്കും (സെഖ,12:10; യോഹ, 19:32, വെളി, 1:7), സുവിശേഷം അനുസരിക്കാത്തവരെ ന്യായംവിധിക്കും (യെശ, 66:14-16; 2തെസ്സ, 1:6,7), ശത്രുക്കൾ പാദപീഠം ആകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കും (സങ്കീ, 110:1;എബ്രാ, 1:13), സകലവും കാല്കീഴാകുമ്പോൾ ദൈവത്തിന്നു കീഴ്പെട്ടിരിക്കും (സങ്കീ, 8:6; 1കൊരി, 15:28) തുടങ്ങി നിവൃത്തിയായതും ഇനിയും നിവൃത്തിയാകാനുള്ളതുമായ അനേകം പ്രവചനങ്ങളുണ്ട്.

യേശുക്രിസ്തുവിൽ നിവൃത്തിയായതും നിവൃത്തിയാകാനുള്ളതുമായ പ്രവചനങ്ങൾ രണ്ടു വിധത്തിലുണ്ട്: ഒന്ന്; യഹോവയിലൂടെ അഥവാ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണത്തിന്; “സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കും.” (ഉല്പ, 3:15). ബൈബിളിലെ പ്രഥമസുവിശേഷം എന്നറിയപ്പെടുന്ന ഈ വാക്യമാണ് ഭാവിമശിഹയെക്കുറിച്ചുള്ള പ്രഥമപ്രവചനം. തൻ്റെ ആദ്യസൃഷ്ടിയായ ആദാം പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയാൽ, ആദാമിൻ്റെ പാപം സൃഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട് സകല മനുഷ്യരുടെയും രക്ഷയ്ക്കായി ഭാവിയിൽ താൻതന്നെ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തുമെന്ന ദൈവത്തിൻ്റെ നിർണ്ണയമാണ് മേല്പറഞ്ഞ വാക്യത്തിനടിസ്ഥാനം. പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കുവാൻ മനുഷ്യരിൽ ആരുമില്ലാത്തതിനാലും (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാലും (സങ്കീ, 49:7-9) യഹോവയായ ദൈവം കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഗലാ, 4:4 ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതുപോലെ, യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിറവേറേണ്ട അനവധി പ്രവചനങ്ങളുണ്ട്: (ഉല്പ, 3:15=ഗലാ, 4:4; ഉല്പ, 49:10=ലൂക്കൊ, 1:27; എബ്രാ, 7:14; പുറ, 12:46; സങ്കീ, 34:20=യോഹ, 19:32-36; ആവ, 18:15=പ്രവൃ, 3:22; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:16=യോഹ, 20:25-27; സങ്കീ, 22:18=മത്താ, 27:35; യോഹ, 19:24; സങ്കീ, 22:18=യോഹ, 19:24; സങ്കീ, 22:30,31=യോഹ, 19:30; സങ്കീ, 35:11=മർക്കൊ, 14:57,58; സങ്കീ, 35:19; 69:4=യോഹ, 15:24,25; സങ്കീ, 49:9=മത്താ, 26:14-16; സങ്കീ, 68:18=മർക്കൊ, 16:19; പ്രവൃ, 1:9; സങ്കീ, 69:8; സങ്കീ, 69:21=മത്താ, 27:33,34; സങ്കീ, 69:21=യോഹ, 19:28-30; സങ്കീ, 78:1,2=മത്താ, 13:34,35; സങ്കീ, 109:4=ലൂക്കൊ, 23:34; യെശ, 7:14=മത്താ, 1:21; ലൂക്കൊ, 1:26-31; യെശ, 7:14=മത്താ, 1:22; യെശ, 9:1,2=മത്താ, 4:13-16; യെശ, 11:1=മത്താ, 2:1; യോഹ, 1:45; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 29:11=മത്താ, 11:29; യെശ, 35:4=ലൂക്കൊ, 1:68; യെശ, 35:5-6=ലൂക്കൊ, 7:22; യെശ, 40:3=മത്താ, 3:3; യെശ, 43:10=പ്രവൃ, 1:8; യെശ, 45:22=പ്രവൃ, 4:12; യെശ, 45:23=ഫിലി, 2:10; യെശ, 50:6=മത്താ, 27:66; യെശ, 53:3=മത്താ, 27:29; യെശ, 53:7=മർക്കൊ, 15:4,5; യെശ, 53:9=മത്താ, 27:57-60; യെശ, 53:12=മത്താ, 27:38; യെശ, 54:5=എഫെ, 5:31,32; യെശ, 59:20,21=1പത്രൊ, 1:18-20; യെശ, 61:1,2=ലൂക്കൊ, 4:18,19; യെശ, 66:14-16=2തെസ്സ, 1:6,7; യിരെ, 4:13=വെളി, 1:7; യിരെ, 31:15=മത്താ, 2:16,16; യിരെ, 31:31-34=ലൂക്കൊ, 22:20, എബ്രാ, 8:8-13; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; മീഖാ, 5:2=മത്താ, 2:1; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 14:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32, വെളി, 1:7; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; സെഖ, 14:13=വെളി, 19:11; മലാ, 4:5=ലൂക്കൊ, 1:17). (കാണുക: യഹോവ/യേശുക്രിസ്തു

രണ്ട്; ദൈവസന്തതിയും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അവൻ്റെ ദൈവമായ യഹോവയിലൂടെ അഥവാ ഭാവിമശിഹയിലൂടെ നിവൃത്തിയാകുന്നത്. ഉദാഹരണത്തിന്; “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). ഇത് അബ്രാഹാമിനു ദൈവം കൊടുത്ത വാഗ്ദത്തമാണ്. ഹാരാനിൽനിന്ന് ദൈവം അബ്രാഹാമിനെ പുറപ്പെടുവിക്കുമ്പോൾ, “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ് വാഗ്ദത്തം ചെയ്തിരുന്നത്. (ഉല്പ, 12:3). എന്നാൽ മോരിയാദേശത്തുവെച്ച് വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിക്കുന്ന യിസ്രായേലെന്ന അബ്രാഹാമ്യസന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം കല്പിച്ചു. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17,18; 26:5; 28;13,14) ദാവീദിന്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1), ദൈവത്തിൻ്റെ ക്രിസ്തുവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതി. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ഈ സന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കനാണ് അവൻ്റെ ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 5:17; ലൂക്കൊ, 1:68; 1തിമൊ, 3:16). അതിനാൽ യിസ്രായേലിനോടുള്ള അനവധി പ്രവചനങ്ങൾ ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതായി കാണാം: (ഉല്പ, 22:17,18=മത്താ, 1:1; ഗലാ, 3:16; ഉല്പ, 26:5=മത്താ, 1:2; ഉല്പ, 28:13,14=മത്താ, 1:2; പുറ, 4:22=ലൂക്കൊ, 1:32,35; 1ശമൂ, 2:10, 2:30=പ്രവൃ, 10:38; 2ശമൂ, 7:12,13, യെശ, 9:7=ലൂക്കൊ, 1:32,33; 1ദിന, 17:11=മത്താ, 9:27; സങ്കീ, 2:6=ലൂക്കൊ, 1:33; സങ്കീ, 2:9=വെളി, 19:15; സങ്കീ, 8:4=1യോഹ, 8:40; സങ്കീ, 8:5=എബ്രാ, 2:7; സങ്കീ, 8:5=എബ്രാ, 2:9; സങ്കീ, 8:6=1കൊരി, 15:28; സങ്കീ, 16:10; 49:15=പ്രവൃ, 2:27,31; സങ്കീ, 22:1=മത്താ, 27:46; സങ്കീ, 80:8=യോഹ, 15:1; സങ്കീ, 80:17=മത്താ, 26:64; സങ്കീ, 82:6=ലൂക്കൊ, 1:32; സങ്കീ, 89:27=വെളി, 1:5; സങ്കീ, 89:29,36=ലൂക്കൊ, 1:32,33; സങ്കീ, 89:37=വെളി, 1:5; സങ്കീ, 110:1=എബ്രാ, 1:13; സങ്കീ, 110:4=എബ്രാ, 5:10; സങ്കീ, 118:22=പ്രവൃ, 4:11; യെശ, 22:22=വെളി, 3:7; യെശ, 41:8=പ്രവൃ, 3:13,26; യെശ, 42:1=മത്താ, 12:17; യെശ, 42:7, 49:6=മത്താ, 414-16, യോഹ, 8:12; യിരെ, 23:5=വെളി, 5:5; യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13; ദാനീ, 7:13=മത്താ, 26:64; ഹോശേ, 11:1=മത്താ, 2:14,15) തുടങ്ങിയവ. 

യിസ്രായേൽ: ജനനത്തിനുമുമ്പെ പേർ വിളിക്കപ്പെട്ട എട്ടുപേരിൽ രണ്ടുപേരാണ് യേശുക്രിസ്തുവും യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും. യേശുവിൻ്റെ ജനനത്തിനുമുമ്പെ അവനെക്കുറിച്ചുള്ള അനേകം പ്രവചനങ്ങൾ ഉള്ളതുപോലെതന്നെ യിസ്രായേലിനെക്കുറിച്ചും പ്രവചനങ്ങളുണ്ട്. അവൻ്റെ ഉത്ഭവം, മിസ്രയീമ്യ അടിമത്വം, പുറപ്പാട്, വീണ്ടും അടിമത്വങ്ങൾ, സകല ജാതികളിലേക്കുമുള്ള ചിതറിപ്പോകൽ, യിസ്രായേൽ രാജ്യസ്ഥാപനം, രക്ഷ, യഥാസ്ഥാപനം, നിത്യരാജത്വം  തുടങ്ങി അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ് യിസ്രായേൽ: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5), ദാവീദിൻ്റെ സന്തതിയും സകലശത്രുക്കളും പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (2ശമൂ, 7:12,13; സങ്കീ, 110:1; മത്താ, 22:42-44). തൻ്റെ സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്ത പുതിയനിയമമാണ് ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ നിവൃത്തിയായത്. (യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13). ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്ത അവൻ്റെ ദൈവമാണ് അവനുവേണ്ടി മനുഷ്യനായത്. (യെശ, 42:15; മത്താ, 1:21; 5:17; എബ്രാ, 2:16; 1തിമൊ, 3:14-16). അവനോടുള്ള ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും നിവൃത്തിയാകാതെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ല. (മത്താ, 5:17,18). “നിങ്ങൾ എന്നെയാകട്ടെ എൻ്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞുവെങ്കിൽ എൻ്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശുക്രിസ്തു പറയുമ്പോൾ, യിസ്രായേലെന്ന സാക്ഷാൽ ദൈവസന്തതിയെക്കുറിച്ചുള്ള സൂചനയാണ് നല്കുന്നത്. (യോഹ, 8:19; 14:7). യിസ്രായേലിനെക്കുറിച്ചും നിവൃത്തിയായതും ഇനിയും നിവൃത്തിയാകാനുള്ളതുമായ അനവധി പ്രവചനങ്ങളുണ്ട്: (ഉല്പ, 3:15; 12:3; 12:7; 13:6; 15:5; 15:13;15:18-21; 17:6-10; 17:12; 22:17,18; 26:3; 26:5; 26:24; 28:13,14; 35:12; 48:4; സങ്കീ, 2:6-9; 16:10; 89:4; യെശ,11:11,12; 26:1-4; 43:5; 44:3; 54:3; 58:12; 59:21; യെശ, 4:2; 7:21,22; 10:20; 10:27; 17:7-8; 19:24; 25:9; 26:1; 27:12,13; 28:5,6; 29:18,19; 31:7; 59:20,21; 65:17-20; യിരെ, യിരെ, 25:11, 29:10; 30:10; 31:31-34; 33:16-18; 46:27; യെഹെ, 29:21; 38:18-23; ഹോശേ, 1:5; 2:16-23; ആമോ, 8:3; 8:9-13; 9:12-15; മീഖാ, 4:1-7; 5:2-5; 5:7-15; സെഖ, 2:11,12; 3:10; 9:9-17; 12:1-14; 13:1-9; 14:1-21; റോമ, 11:25-27). 

ദൈവസഭ: സഭ അഥവാ യിസ്രായേല്യസഭ പഴയനിയമത്തിൽ ഉണ്ടായിരുന്നു. എന്നാൽ ദൈവസഭ അഥവാ പുതിയനിയമസഭ പഴയനിയമത്തിൽ ഇല്ലായിരുന്നു. എന്നുവെച്ചാൽ, ദൈവസഭ മർമ്മം ആയിരുന്നു. എന്തെന്നാൽ, ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്ത അഥവാ മുൻകണ്ട സഭ ദൈവത്തിൻ്റെ ഹൃദയത്തിലാണ് ഉണ്ടായിരുന്നത്. (എഫെ, 1:4-6). അതിനാൽത്തന്നെ സഭയെക്കുറിച്ചുള്ള പ്രവചനങ്ങൾ വിരളമാണ്; എങ്കിലും ഒരു പുതിയനിയമം സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തമായ പ്രവചനം പഴയനിയമത്തിൽ കാണാം: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 31:31-34). ക്രിസ്തുവിൻ്റെ രക്തത്താൽ സഭ സ്ഥാപിതമാകുകയും പ്രവചനത്തിനു നിവൃത്തി വരുകയും ചെയ്തു. (മത്താ, 26:28; മർക്കൊ, 14:24; ലൂക്കൊ, 22:20; 1കൊരി, 11:25; എബ്രാ, 8:8-13). സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ യോവേൽ പ്രവചനം നിവൃത്തിയായതായി പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: (പ്രവൃ, 2:16-21; യോവേ, 2:28-32). ക്രിസ്തു ഉയരത്തിൽ കയറി സഭയ്ക്ക് ദാനങ്ങളെ (കൃപാവരങ്ങൾ) നല്കി. (എഫെ, 4:8; സങ്കീ, 68:18). യേശുക്രിസ്തു സഭയെ ചേർക്കാൻ വരുന്നതിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 14:1:-3; 1കൊരി, 15:19-24; 1തെസ്സ, 4:15-18). 

ജാതികൾ: അബ്രാഹാമിൻ്റെ കാലംവരെ മനുഷ്യവർഗ്ഗം ഒന്നായി പരിഗണിക്കപ്പെട്ടുവന്നു. അബ്രാഹാമിനെ വിളിച്ചു വേർതിരിച്ചതോടുകൂടി എബ്രായരും ജാതികളും എന്നിങ്ങനെ മനുഷ്യവർഗ്ഗം രണ്ടായി കരുതപ്പെട്ടു. ദൈവത്തിൻ്റെ വിളിയും തിരഞ്ഞടുപ്പും കാണമായി അബ്രാഹാമിൻ്റെ സന്തതികളായ യെഹൂദന്മാർ ഒരു പ്രത്യേക ജാതിയായി വിശിഷ്ടപദവിക്ക് അർഹരായി. അതോടുകൂടി മറ്റുള്ളവരെല്ലാം വിജാതീയരായി മാറി. (ലേവ്യ, 20:23,24). യെഹൂദന്മാർക്കു ജാതികളോടു യാതൊരു ബന്ധവും പാടില്ല; അവരോടു ഇടകലരാൻ പാടില്ല; അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനോ അവരുടെ ദേവന്മാരെ ആരാധിക്കുവാനോ അനുവാദമില്ല. (യോശു, 23:7,12; 1രാജാ, 11:2). മിസ്രയീമിൽനിന്നു പുറപ്പെട്ടതുമുതൽ അവർ ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്ത തനിച്ചു പാർക്കുന്നൊരു ജനമായി മാറി. (സംഖ്യാ, 23:9). എന്നാൽ പെന്തെക്കൊസ്തു നാളിൽ ദൈവസഭയുടെ സ്ഥാപനത്തോടുകൂടി മനുഷ്യവർഗ്ഗം യെഹൂദർ, ജാതികൾ, ദൈവസഭ എന്നിങ്ങനെ ത്രിഭാജനത്തിനു വിധേയമായി. (1കൊരി, 10:38). യെഹൂദന്മാരും ജാതികളും അടങ്ങുന്നതാണ് ദൈവസഭ. കൃപായുഗത്തിൽ ക്രിസ്തുവിലൂടെ രക്ഷപ്രാപിച്ചവർ ദൈവസഭയുടെ അംഗങ്ങളാണ്. ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്താത്തവർ യെഹൂദന്മാരോ ജാതികളോ ആണ്. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന അവരുടെ നിത്യരാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ, ഒരധീന ജനമെന്ന നിലയിൽ ജാതികൾ രാജ്യാനുഗ്രഹത്തിൽ ഭാഗഭാക്കുകളാകും. (യെശ, 2:4; 60:3,5,13; 62:2)

പഴയനിയമത്തിലെ ജാതികളെക്കുറിച്ചുള്ള പ്രവചനങ്ങളെന്നു പറയുമ്പോൾ, ദൈവസഭ സ്ഥാപിക്കുന്നതിനു മുമ്പുള്ള മുഴുവൻ ജാതികളെയും കുറിക്കുന്ന പ്രവചനങ്ങളും, ദൈവസഭയിൽ ഉൾപ്പെടാതെ അന്ത്യംവരെയും നില്നില്ക്കുന്ന ജാതികളും എന്നിങ്ങനെ രണ്ടായി മനസ്സിലാക്കണം. അബ്രാഹാം മുതൽ ക്രിസ്തു വരെയുള്ള ജാതികളുടെ അവസ്ഥയെക്കുറിച്ച് അപ്പൊസ്തലൻ പറഞ്ഞത്: “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” (എഫെ, 2:12). ഈ വാക്യം യെഹൂദന്മാരല്ലാത്ത എല്ലാ ജാതികളെയും കുറിക്കുന്നതാണ്. “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനോടുള്ള പ്രവചനം സകല ജാതികളോടുമുള്ളതാണ്. (ഉല്പ, 12:3; ഗലാ, 3:16). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ “നിന്നിൽ” എന്നുമാറി “നിൻ്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (ഉല്പ, 22:17,18). യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (28:13,14) ദൈവം അതുതന്നെ കല്പിച്ചു. എന്തെന്നാൽ ദൈവം സകല ഭൂവാസികളുടെയും ദൈവവും രക്ഷകനുമാണ്. (യെശ, 45:23; പ്രവൃ, 4:12). പൂർവ്വപിതാക്കന്മാരോടുള്ള ഈ പ്രവചനത്തിന്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ നിറവേറിയത്. (ലൂക്കൊ, 2:30-32; പ്രവൃ, 11:28; 14:27; 28:28; 16:24; ഗലാ, 3:14). അടുത്തത്: ദൈവസഭയിൽ ഉൾപ്പെടാത്തവർ ഒടുവിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ രാജ്യാനുഗ്രഹം പ്രാപിക്കുന്ന പ്രവചനങ്ങൾ: ജാതികൾ യഹോവയെ അന്വേഷിച്ചുവരും (യെശ, 2:2-4; സെഖ, 8:20-23; 21:24), വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും (യെശ, 11:10), അനേകം ജാതികളും ബഹുവശംങ്ങളും യഹോവയെ അന്വേഷിച്ചുവരും (സെഖ, 8:20-23) തുടങ്ങിയവ. (യിരെ, 3:17; ഒ.നോ: മത്താ, 24:14; മർക്കൊ, 11:17; ലൂക്കൊ, 21:25; വെളി, 11:2; 21:24).

പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി അഥവാ അക്ഷരാർത്ഥത്തിലുള്ള നിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഒന്ന്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ഇത് യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തുവിൽ പൂർണ്ണനിവൃത്തിവന്നു. (മതാ, 3:3; ലൂക്കൊ, 1:76,77). രണ്ട്; “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). മൂന്ന്; “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3,4). ഇത് യഹോവയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്; യിസ്രായേലിന് രാജ്യം യഥാസ്ഥാനതാക്കി കൊടുക്കുന്നതിനു മുന്നോടിയായി അവൻ്റെ സകല ശത്രുകളെയും നശിപ്പിക്കാൻ ഒലിവുമലയീൽ യഹോവ ഇറങ്ങിവരുന്നതാണ് രംഗം. ഈ പ്രവചനം ഇതുവരെ നിവൃത്തിയായിട്ടില്ല; എന്നാൽ ഈ പ്രവചനം ക്രിസ്തുവിലാണ് നിവൃത്തിയാകുന്നതെന്ന് അവൻ്റെ സ്വർഗ്ഗാരോഹണസമയത്ത് ദൂതന്മാരും (പ്രവൃ, 1:10,11), അപ്പൊസ്തലന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (2തെസ്സ, 1:6,7; വെളി, 1:7). നാല്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീ, 2:2,3). ഈ പ്രവചനം യിസ്രായേലിനെ കുറിച്ചുള്ളതാണ്; ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 4:25-28). ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അഞ്ച്: “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” (യോവേ, 2:28-32). ഈ പ്രവചനം സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (പ്രവൃ, 2:17-21). യിസ്രായേലിൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അഥവാ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുമ്പോൾ ഈ പ്രവചനത്തിന് പൂർണനിവൃത്തിവരും: (യെശ, 11:2; 44:1-3; യെഹെ, 36:26-28; 37:13,14; 39:28,29; സെഖ, 12:10; റോമ, 11:25,26). “യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” എന്ന മോശെയുടെ ആഗ്രഹത്തിൻ്റെ സഫലീകരണം കൂടിയായിരിക്കുമത്. (സംഖ്യാ, 11:29). ആറ്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ ആത്മികമായി നിവൃത്തിച്ചു: (പ്രവൃ, 13:33; എബ്രാ, 1:5; 5:5). 1948 മെയ് 14-ൽ യിസ്രായേൽ രാഷ്ടം രൂപീകരിച്ചതിനോടുള്ള ബന്ധത്തിൽ  പ്രവചനത്തിന് അംശമായ നിവൃത്തിവന്നു: (യെശ, 66:7,8). പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനോടുള്ള ബന്ധത്തിൽ പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും: (സങ്കീ, 110:3;  യെശ, 26:19; യെഹെ, 37:13,14). ഏഴ്: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:3-6). യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (മത്താ, 11;3-6; ലൂക്കൊ, 7:20-23). യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 146:7-10; യെശ, 29:18,19;  32:1-4; 42:6;  43:6,7). എട്ട്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു; അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). ഒമ്പത്; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). പത്ത്: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (എബ്രാ, 7:3,17,21). മാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: യെശ, 61:6; സെഖ, 6:13). പതിനൊന്ന്; “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഈ പ്രവചനം ക്രിസ്തുവിൽ നിവൃത്തിച്ചു: (പ്രവൃ, 2:27,31; 13:34,37). ഭാവിയിൽ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: സങ്കീ, 110:3;  യെശ, 26:19; യെഹെ, 37:13,14). പന്ത്രണ്ട്; “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5). യോഹന്നാൻ സ്നാപകനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിച്ചു: (മത്താ, 11:14; 17:12; മർക്കൊ, 9:13; ലൂക്കൊ, 1:17). മഹോപദ്രവത്തിനു മുമ്പായി ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: മത്താ, 17:11; മർക്കൊ, 9:12). വെളിപ്പാടിലെ രണ്ടു സാക്ഷികളിൽ ഒരാൾ ഏലീയാവായിരിക്കും എന്നു മനസ്സിലാക്കാം: (വെളി, 11:3-7. ഒ.നോ: എബ്രാ, 9:27). പതിമൂന്ന്: “അതുകൊണ്ടു കർത്താവു തന്നെ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനുവേൽ എന്നു പേർ വിളിക്കും ….. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ആഹാസ് രാജാവിനോടുള്ളതാണ് യെശയ്യാവിന്റെ ഇമ്മാനുവേലിനെ കുറിച്ചുള്ള ഈ പ്രവചനം. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടുവന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിലാശ്രയിച്ച് ഉറപ്പോടിരിക്കുവാനും ആഹാസിനോട് പറഞ്ഞുകൊണ്ടാണ് വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ യെഹൂദാശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന ഇമ്മാനുവേലിലൂടെ  പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു: (മത്താ, 1:21-23). പതിനാല്; “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.” (യെശ, 42:1-4). ജാതികൾ പ്രത്യാശവെക്കുന്ന ദൈവത്തിൻ്റെ ദാസൻ യിസ്രായേലാണ്; എന്നാൻ ഈ പ്രവചനം ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 12:17-20). യിസ്രായേലിലൂടെ ഈ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിവരും: (യെശ, 49:7). പതിനഞ്ച്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.” (സെഖ, 6:12,13). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; എന്നാൽ ക്രിസ്തുവിലൂടെ ഈ പ്രവചനത്തിനു അംശമായും ആത്മീയമായും നിവൃത്തിവന്നു: (1കൊരി, 3:16; 6:19; എഫെ, 2:20-22). ഭാവിയിൽ യിസ്രായേലിലൂടെ ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 56:7; യെഹെ, 41:1-43:27; മീഖാ, 4:1; സെഖ, 1:16). പതിനാറ്: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 16:28; മർക്കൊ, 9:1; ലൂക്കൊ, 9:27). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; അക്ഷരാർത്ഥത്തിൽ മനുഷ്യപുത്രൻ യിസ്രായേലാണ്. എന്നാൽ ആത്മീയമായി മറുരൂപമലയിൽ പ്രവചനത്തിനു നിവൃത്തിവന്നു: (മത്താ, 17:1-2; മർക്കൊ, 9:2-4; ലൂക്കൊ, 9:28-30; 2പത്രൊ, 1:16). ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (സങ്കീ, 4;6-8; 110:3; എബ്രാ, 2:6,7). 

പ്രവചനങ്ങളുടെ കാലം: പ്രവചനം ഭാവിയിൽ സംഭവിപ്പാനുള്ളതാണെങ്കിലും, നിറവേറാനുള്ള പ്രവചനത്തെ മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നതായി കാണാം. കർത്താവിൻ്റെ പനരാഗമനം; ഭൂതകാലം: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.” (യൂദാ, 1:15). വർത്തമാനകാലം: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഭാവികാലം: “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” (എബ്രാ, 10:37). യിസ്രായേലിനോടുള്ള പ്രവചനങ്ങൾ; ഭാവികാലം: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). വർത്തമാനം: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഭാവികാലം: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;” (സങ്കീ, 2:8). 

പ്രവചനങ്ങളുടെ വിഭജനം: ബൈബിൾ പഠിക്കുമ്പോൾ പല വിധത്തിലുള്ള പ്രവചനങ്ങൾ കാണാം. ആസന്നഭാവിൽത്തന്നെ നിറവേറുന്നതും, വിദൂഭാവിയിൽ നിറവേറുന്നതും, രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്നതും അഥവാ ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: ഒന്ന്; ആസന്നഭാവിയിൽത്തന്നെ നിറവേറുന്നത്: 1. യിസ്ഹാക്കെന്ന സന്തതിയെക്കുറിച്ച് ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ അബ്രഹാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു: (ഉല്പ, 12:4,7; 15:4).  ഇരുപത്തഞ്ച് വർഷം കഴിഞ്ഞ് അബ്രാഹാമിന്റെ നൂറാം വയസ്സിൽ വാഗ്ദത്തം നിവൃത്തിയായി: (ഉല്പ,7:1; 18:10; 21:1-3). 2. യിസ്രായേൽ ബാബേൽരാജാവിനെ എഴുപത് സംവത്സരം സേവിക്കുമെന്ന ദാനീയേലിൻ്റെ പ്രവചനം: (യിരെ, 25:11; 29:10). എഴുപത് വർഷം കഴിഞ്ഞ് ബേൽശസ്സറിന്റെ കാലത്ത് മേദ്യനായ ദാര്യാവേശും പാർസിരാജാവായ കോരെശും ചേർന്ന് ബാബിലോൺ കീഴടക്കിയപ്പോൾ ഈ പ്രവചനം നിവൃത്തിയായി: (യിരെ, 25:12; ദാനി, 5:30-31; എസ്രാ, 1:1; യെശ, 45:1-4). 3. ബാബേൽ രാജാവായ ബേൽശസ്സറിനെക്കുറിച്ചുള്ള പ്രവചനം: (ദാനി, 5:25-28). ആ രാത്രിതന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (ദാനി, 5:30-31). 4. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്ന യേശുവിന്റെ പ്രവചനം: (മത്താ, 16:28). ആറു ദിവസം കഴിഞ്ഞപ്പോൾ അത് നിവൃത്തിച്ചു: (മത്താ, 17:1-3). 5. കയ്യഫാവിന്റെ യേശുവിനെക്കുറിച്ചുള്ള പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല:” (യോഹ, 11:49-51). ചില ദിവസങ്ങൾക്ക് ഉള്ളിൽത്തന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (മത്താ, 27:50). 6. പത്രൊസ് തന്നെ തള്ളിപ്പറയുമെന്ന യേശുവിന്റെ പ്രവചനം: (മത്താ, 26:34). ആ രാത്രി കോഴികൂകുംമുമ്പെ അതു നിവൃത്തിയായി: (മത്താ, 26:75). 7. “ഞാൻ വരുവോളം ഇവൻ ഇരിക്കേണം” എന്ന യോഹന്നാന്റെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (യോഹ, 21:23). അമ്പത്തേഴു വർഷംകഴിഞ്ഞ് പത്മോസിൽ വെച്ചു നിവർത്തിയായി: (വെളി, 1:10:13). 8. “ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും” എന്ന അഗബൊസിന്റെ പ്രവചനം: (പ്രവൃ, 11:28). റോമൻ ചക്രവർത്തി ക്ലൌദ്യൊസിന്റെ കാലത്ത് (എ.ഡി. 41-54) അതു നിവത്തിയായി: (പ്രവൃ, 11:28). 9. “നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്ന എലീമാസിനോടുള്ള പൗലൊസിന്റെ പ്രവചനം: (പ്രവൃ, 13:11). തൽക്ഷണം നിവൃത്തിയായി: (പ്രവൃ, 13:11). 10. “പൗലോസിനെ യെരുശലേമിൽ ബന്ധിച്ചു ജാതികളുടെ കയ്യിൽ ഏല്പിക്കും” എന്നു അഗബൊസിൻ്റെ പ്രവചനം: (പ്രവൃ, 21:11). ചില ദിവസങ്ങൾക്കു ശേഷം അതു നിവൃത്തിയായി: (പ്രവൃ, 21:27-33) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

രണ്ട്; വിദൂരഭാവിയിൽ നിറവേറുന്നത്: 1. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കുമെന്ന ബൈബിളിൻ്റെ പ്രഥമസുവിശേഷവും പ്രവചനവും: (ഉല്പ, 3:15). ആറായിരം വർഷങ്ങൾക്ക് ശേഷം അത് ക്രിസ്തുവിൽ നിവർത്തിച്ചു: (കൊലൊ, 2:15). 2. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്ന മോശെയുടെ പ്രവചനം: (ആവ, 18:15). മോശെയുടെ ഈ പ്രവചനം ആയിരത്തഞ്ഞൂറു വർങ്ങൾക്കുശേഷം ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 3:22; 7:37). 3. യെരീഹോ പട്ടണം പണിയുവാൻ തുനിയുന്നവൻ ശിക്ഷിക്കപ്പെടുമെന്ന യോശുവയുടെ പ്രവചനം: (യോശു , 6:26). ആയിരത്തി നാനൂറുകളിലെ യോശുവയുടെ ഈ പ്രവചനം ആഹാബിന്റെ കാലത്ത് (ബി.സി. 874-852) ബേഥേല്യനായ ഹീയേൽ യെരീഹോ പണിയുവാൻ അടിസ്ഥാനം ഇട്ടപ്പോൾ അവനു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു: (1രാജ, 16:34). 4. “ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും” എന്ന സോർ പട്ടണത്തെക്കുറിച്ചുള്ള പ്രവചനം: (യെഹെ, 26:3,12). ബി.സി. 587-586-കളിലാണ് ഈ പ്രവചനം 573-ൽ ബാബിലോണും, ബി.സി. 332-ൽ അലക്സാണ്ടറും, എ.ഡി. 1291-ൽ മുസ്ലീംങ്ങളും സോരിനെ ആക്രമിച്ചു. അങ്ങനെ പ്രവചനത്തിനു നിവൃത്തിവന്നു: 5. “നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും ….. അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും” എന്ന ഏദോമിനെക്കുറിച്ചുള്ള പ്രവചനം: (യിരെ, 49:16-17). ബി.സി. 626-586-കളിലെ ഊ പ്രവചനം ബി.സി. 100-ൽ നിവൃത്തിയായി: എ.ഡി. 700-ൽ മുസ്ലീംങ്ങളുടെ ആക്രമണത്തോടെ അതിന്റെ നാശം പൂർണ്ണമായി. ഏദോമിന്റെ തലസ്ഥാനനഗരമായ പെട്രാ ഇപ്പോൾ ജോർദ്ദാന്റെ ഭാഗമാണ്. 6. കോരസീൻ, ബേത്ത്സയിദ, കഫർന്നഹൂം ഈ പട്ടണങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (മത്താ, 11:21-23). എ.ഡി. മൂന്നാം നൂറ്റാണ്ടോടുകൂടി മൂന്നുപട്ടണങ്ങളും ആൾപ്പാർപ്പില്ലാതെ നാമവശേഷമായി. 7.  യേശുവിനെക്കുറിച്ചുള്ള ആനേകം പ്രവചനങ്ങൾ: ബേത്ലഹേം ആയിരിക്കും ജനനസ്ഥലം: (മീഖാ, 5:5; മത്താ, 2:1). കന്യകയിലൂടെയായിരിക്കും ജനനം: (യെശ, 7:14; മത്താ, 1:18). തനിക്കു മുമ്പായി വഴിയൊരുക്കാൻ ഒരാളുവരും: (യെശ, 40:3; മലാ, 3:1; മത്താ, 3:3). സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും: (യെശ, 40:5 ; ലൂക്കോ, 3:5). എളിയവരോടു സദ്വർത്തമാനം ഘോഷിക്കുകയും യഹോവയുടെ പ്രസാദവർഷം അറിയിക്കുകയും ചെയ്യും: (യെശ, 61:1-2; ലൂക്കൊ, 4:17-19). ഉപമകളാൽ സംസാരിക്കും: (സങ്കീ, 78:2; മത്താ , 13:35). രോഗങ്ങളും വേദനകളെയും അവൻ വഹിക്കും: (യെശ, 53:4; മത്താ, 8:16,17). അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും: (യെശ, 42:1-3; മത്താ, 12:17-21). അനേകരും കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയുമിരിക്കും: (യെശ, 6:9 10; മത്താ, 13:13-15; യോഹ, 12:38-40). രാജാവ് കഴുതപ്പുറത്ത് കയറി വരും: (സെഖ, 9:9; മത്താ, 21:4). മുപ്പതു വെള്ളിക്കാശിന് സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പെടും: (സെഖ, 11:12-13; സങ്കീ, 41:9; മത്താ, 26:15; ലൂക്കോ, 22:48). കൈകാലുകൾ തുളയ്ക്കപ്പെടും: (സങ്കീ, 22:16; ലൂക്കോ, 23:33). വസ്ത്രം പകുത്തെടുക്കുന്നു അങ്കിക്കായി ചീട്ടിടുന്നു: (സങ്കീ, 22:18; യോഹ, 19:23-24). ശരീരം ദ്രവത്വം കാണില്ല: (സങ്കീ, 16:10; മത്താ, 28;6). മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ: (സങ്കീ, 110:4; എബ്രാ, 9:11-12). ഇതെല്ലാം ബി.സി. 1000-നും 400-നും ഇടയ്ക്കുള്ള പ്രവചനങ്ങളാണ്; എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിറവേറി. അനേകം പ്രവചനങ്ങൾ ഇനി നിറവേറാനുമുണ്ട്.

മൂന്ന്; രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്ന പ്രവചനം. ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും” (യെശ 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം നിവൃത്തിയായി: യഹോവയുടെ പ്രസാദവർഷം എ.ഡി. മുപ്പത്തിമൂന്നു മുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കോ, 4:18-19). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷമാകുന്നു; സഭയുടെ ഉൽപ്രാപണത്തിനുശേഷമേ പ്രതികാരദിവസം അഥവാ മഹാപീഡനം ആരംഭിക്കുകയുള്ളു. (മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33 മെയ് 24-ാം തീയതി സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (പ്രവൃ, 2:1-3). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷം കഴിഞ്ഞു; അടുത്തഭാഗം വെള്ളസിംഹാസന ന്യായവിനിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും: (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ ; ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് എ.ഡി. 33 ഏപ്രിൽ 5 ഞായറാഴ്ച അതിരാവിലെ നിവൃത്തിയായി: (മത്താ, 28:6).  അടുത്തഭാഗം കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും: (1തെസ്സ,  4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽ കൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിന്റെ വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും: (സങ്കീ, 110:1; വെളി, 19:6,16). 5. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാനഭാഗത്തിനും നിവൃത്തിവരും: (വെളി, 21:1). 

പ്രവചനങ്ങളുടെ ദൂരവ്യാപകമായ നിറവേറൽ പലപ്പോഴും അത്ഭുതാവഹമാണ്; യേശുവിനെക്കുറിച്ചും യിസ്രായേലിനെ കുറിച്ചുമുള്ള പ്രവചനങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. തൻ്റെ പത്താമത്തെ പുത്രനായ സെബൂലൂനെക്കുറിച്ച് യാക്കോബിൻ്റെ ഒരു പ്രവചനമുണ്ട്: “സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.” (ഉല്പ, 49:13). ഈ പ്രവചനത്തിൻ്റെ കാലത്ത് സ്വന്തമായി രാജ്യമില്ലാതെ യാക്കോബും കുടുംബവും മിസ്രയീമിൽ പരദേശിയായി പാർക്കുകയാണ്. ഏകദേശം നാനൂറ് വർഷങ്ങൾക്കു ശേഷമാണ് അവക്ക് കനാൻദേശം അവകാശമായി ലഭിക്കുന്നത്. യോശുവയുടെ നേതൃത്വത്തിൽ കാനാനിൽ പ്രവേശിച്ച യിസ്രായേൽ ജനം ഏഴുജാതികളെ നീക്കിക്കളഞ്ഞ് കനാൻദേശം ചീട്ടിട്ടു വിഭാഗിച്ചപ്പോൾ സെബൂലൂൻ ഗോത്രത്തിന് മൂന്നാമത്തെ നറുക്കാണ് വീണത്. (യോശു, 19:10).  യോശുവ അവർക്ക് യിസ്രെയേൽ താഴ്വരയുടെ (Jezreel Valley) വടക്കുകിഴക്കായി ഫലഭൂയിഷ്ഠമായ ഒരു ഭാഗം സെബുലൂൻ ഗോത്രത്തിന് നൽകി. അതിന്റെ കിഴക്കൻ അതിർത്തി ഗലീലിയ കടൽ, പടിഞ്ഞാറെ അതിർത്തിയിൽ മെഡിറ്ററേനിയൻ കടൽ, തെക്ക് യിസ്സാഖാർ ഗോത്രം, വടക്ക് പടിഞ്ഞാറ് ആശേർ ഗോത്രം, കിഴക്ക് നഫ്താലി ഗോത്രം എന്നിങ്ങനെയായിരുന്നു. 1920 മുതൽ 1948 വരെ യിസ്രായേലിലെ ബ്രിട്ടീഷ് ഭരണകാലത്താണ് പ്രവചനത്തിന് നിവൃത്തിവന്നത്. 1922-ൽ ബ്രിട്ടീഷ് ഉത്തരവിന് കീഴിൽ വികസിപ്പിച്ച ആഴക്കടൽ തുറമുഖം 1933-ൽ തുറന്നു. ആ തുറമുഖം സെബൂലൂൻ ഗോത്രത്തിൻ്റെ അതിരിലുള്ള ഹൈഫ (Haifa) പട്ടണത്തിലാണ്. യിസ്രായേലിലെ മൂന്ന് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ (Haifa) തുറമുഖം. മറ്റൊന്ന്: വെളിപ്പാടിലെ രണ്ട് സാക്ഷികളെക്കുറിച്ചുള്ള പ്രവചനമാണ്: “സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.” (വെളി, 11:9). നൂറു വർഷങ്ങൾക്കു മുമ്പുവരെ ഈ പ്രവചനം എങ്ങനെ നിവൃത്തിയാകും എന്ന് പ്രവചന പഠിതാക്കൾക്കുപോലും അറിയില്ലായിരുന്നു. ടിവിയും ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമൊക്കെ വന്നതോടുകൂടി സാക്ഷികളുടെ ശവം ലോകംമുഴുവനും ഉള്ളവർ മൂന്നരദിവസം എങ്ങനെ കാണുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയെക്കുറിച്ച് തീരുമാനമായി. ബൈബിളിലെ എല്ലാ പ്രവചനങ്ങളും ഏതാണ്ട് ഇങ്ങനെതന്നെയാണ്; അത് പ്രവചിക്കുന്ന കാലത്ത് നിവൃത്തിയാകാനുള്ള സാദ്ധ്യതയെക്കുറിച്ച് സന്ദേഹം തോന്നാം. എന്നാൽ ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവവമാണ് പ്രവചത്തിൻ്റെ പ്രഭവസ്ഥാനമെന്നതിനാൽ അത് തക്കസമയത്ത് നിവൃത്തിയാകുകതന്നെ ചെയ്യും. 

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)

പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ്

“ദൈവം ആത്മാവു ആകുന്നു; അവനെ (ഏകവചനം) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24)

ആത്മാവിനെ കുറിക്കുന്ന റൂവഹ് എന്ന എബ്രായപദം പഴയനിയമത്തിൽ 378 പ്രാവശ്യവും, റൂവഹ് എന്ന ആരാമ്യപദം 11 പ്രാവശ്യവും (ദാനീയേലിൽ മാത്രം) ഉണ്ട്. പുതിയനിയമത്തിൽ ആത്മാവിനെ കുറിക്കുന്ന പ്ന്യുമാ എന്ന പദം 385 പ്രാവശ്യമുണ്ട്. പരിശുദ്ധാത്മാവ് (Holy Spirit) എന്ന പ്രയോഗം പഴയനിയമത്തിൽ മൂന്നു പ്രാവശ്യവും (സങ്കീ, 51:11; യെശ, 63:10; 63:11), പുതിയനിയമത്തിൽ തെണ്ണൂറ് പ്രാവശ്യവുമുണ്ട്. ആദ്യപ്രയോഗം മത്തായി 1:18-ൽ. പഴയനിയമത്തിൽ റൂവഹ് എന്ന പ്രയോഗം ദൈവത്തിൻ്റെ ‘ആത്മാവു’ (Spirit) എന്നതിനെക്കാൾ ഉപരിയായി ‘കാറ്റു’ (wind) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആത്മാവെന്ന് എൺപത്തഞ്ചോളം പ്രാവശ്യവും (ഉല്പ, 1:2), കാറ്റെന്നു തൊണ്ണൂറോളം പ്രാവശ്യവും ഉണ്ട്. (ഉല്പ, 8:1). കൂടാതെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യവും, ദൈവത്തിൻ്റെ ‘ശ്വാസം’ (breath, Spirit, blast) പതിനഞ്ചോളം പ്രാവശ്യമുണ്ട്. മനുഷ്യൻ്റെ ശ്വാസം (breath, spirit) ഇരുപത്തഞ്ചോളം പ്രാവശ്യമുണ്ട്. പിന്നെ, ജീവികളുടെ ആത്മാവു (spirit of living creature): (യെഹെ, 1:20;  1:21; 10:17), സംശയത്തിൻ്റെ ആത്മാവ് (spirit of jealousy): (സംഖ്യാ, 5:14; 5:30), ദുരാത്മാവ് (evil spirit): (ന്യായാ, 9:23; 1ശമൂ, 16:15; 16:16; 16:23; 18:10; 19:9), ഭോഷ്കിൻ്റെ ആത്മാവ് (lying spirit): (1രാജാ, 22:21; 22:22; 22:23; 2ദിന, 18:20; 18:21; 18:22), മലിനാത്മാവ് (unclean spirit): (സെഖ, 13:2), പരസംഗമോഹം (spirit of whoredom): (ഹോശേ, 4:12; 5:4), ഭാഗം, പുറം (side): (1ദിന, 9:24; യെഹെ, 42:16; 42:17; 42:18; 42:19; 42:20) ഇങ്ങനെ ഒരുപാട് അർത്ഥങ്ങളിൽ റൂവഹ് പ്രയോഗിച്ചിട്ടുണ്ട്. 

പുതിയനിയമത്തിൽ ‘പ്ന്യുമാ’ ആത്മാവ് (മത്താ, 4:1), പരിശുദ്ധാത്മാവ് (മത്താ, 1:18), ദൈവത്തിൻ്റെ ആത്മാവ് (റോ, 8:9), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), ക്രിസ്തുവിൻ്റെ മനസ്സ്, ആത്മാവ്, ഉള്ളം (മർക്കൊ, 2:8; 8:12; ലൂക്കൊ, 1:80; 2:40; 23:46; യോഹ 11:33; 13:21; 19:30), യേശുവിൻ്റെ വായിലെ ശ്വാസം (2തെസ്സ, 2:8), സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), മനുഷ്യൻ്റെ ആത്മാവ് (ലൂക്കൊ, 8:55), മനുഷ്യൻ്റെ മനസ്സ് (പ്രവൃ, 17:16; 19:21; 1കൊരി, 16:18; 2കൊരി, 2:13; 1പത്രൊ, 3:4),  ദുരാത്മാവ് (മത്താ, 8:16), കാറ്റ് (എബ്രാ, 1:7), ദൂതന്മാർ (എബ്രാ, 1:14) എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. 

ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരൊറ്റ പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തതിൻ്റെ കാരണം; പുത്രനും പരിശുദ്ധാത്മാവും  പിതാവിൽനിന്ന് വ്യതിരിക്തർ അല്ലാത്തതുകൊണ്ടാണ്. [സുവിശേഷ ചരിത്രകാലത്തു മനുഷ്യനെന്ന നിലയിൽ ക്രിസ്തു വ്യതിരിക്തനായിരുന്നു. (യോഹ, 8:16,29;16:32)]. പഴയനിയമത്തിൽ പലരിലും പരിശുദ്ധാത്മാവ് ആവസിച്ചിരുന്നു: ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടും ദിവ്യജ്ഞാനമായിട്ടും ആത്മാവ് അവരിൽ പ്രവർത്തിച്ചിരുന്നു.  യോസേഫിന് സ്വപ്നം വ്യാഖ്യാനിക്കാനുള്ള ജ്ഞാനമായിട്ടും (ഉല്പ, 41:38), മോശെയ്ക്കും എഴുപത് മൂപ്പന്മാക്കും യോശുവയ്ക്കും തൻ്റെ ജനത്തെ നടത്തുവാനുള്ള ശക്തിയായിട്ടും (സംഖ്യാ, 11:17; 11:25; 27:18), ബെസലേലിന് സമാഗമനകൂടാരം പണിയുവാൻ ദിവ്യജ്ഞാനമായിട്ടും (പുറ, 31:2-5), കാലേബിനും ഗിദെയോനും യിഫ്താഹിനും ശിംശോനും ശത്രുക്കളിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കുവാൻ അതീന്ദ്രിയ ശക്തിയായിട്ടും (ന്യായാ, 3,9,10; 6:34; 11:29; 13:25; 14:6,19; 25:14), ശൗൽ ദാവീദ് തുടങ്ങിയവർക്ക് തൻ്റെ ജനത്തെ ഭരിക്കുവാനുള്ള കൃപയായിട്ടും (1ശമൂ, 10:6; 16:13), ദാനീയേയേലിനു സ്വപ്നവ്യാഖ്യാനത്തിനുള്ള ജ്ഞാനമായിട്ടും (4:8), പ്രവാചകന്മാരിൽ ഭാവിസംഭങ്ങളെ വെളിപ്പെടുത്തുന്ന അതീന്ദ്രിയ ജ്ഞാനമായിട്ടും ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിച്ചിരുന്നു. (1പത്രൊ, 1:11). എന്നാൽ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയായി ഒരിടത്തും പറഞ്ഞിട്ടില്ല. 

പുതിയനിയമത്തിൽ ആളത്തത്തിൻ്റെ സവിശേഷതകൾ പരിശുദ്ധാത്മാവിൽ കാണാൻ കഴിയും: സ്നേഹം (റോമ, 15:30), ബുദ്ധി (1കൊരി, 2:10,11; റോമ, 8:27), ഇച്ഛാശക്തി (1കൊരി, 12:11), ദുഃഖം (എഫെ, 4:30). ആളത്തത്തിൻ്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവ് ചെയ്യുന്നു: ഉപദേശിക്കുന്നു (യോഹ, 14:26), സാക്ഷ്യം പറയുന്നു (യോഹ, 15:26), സംസാരിക്കുന്നു (പ്രവൃ, 8:29; 10:19,20; 11:12; 13:2; 28:27), എടുത്തുകൊണ്ടു പോകുന്നു (പ്രവൃ, 8;39), നിയോഗിക്കുന്നു (പ്രവൃ, 13:2), വിലക്കുന്നു (പ്രവൃ, 16:6), നടത്തുന്നു (റോമ, 8;14), ഞരങ്ങിക്കൊണ്ടു പക്ഷവാദം ചെയ്യുന്നു (റോമ, 8:36), ആരായുന്നു (1കൊരി, 2:10), വിളിക്കുന്നു (ഗലാ, 4:6). ആളത്തത്തോടു ചെയ്യുന്ന പ്രവൃത്തികൾ പരിശുദ്ധാത്മാവിനോടു ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു: ദൂഷണം പറയുന്നു (മത്താ, 12:30,31; മർക്കൊ, 3:29; ലൂക്കൊ, 12:10), വ്യാജം കാണിക്കുന്നു (പ്രവൃ, 5:3), ദുഃഖിപ്പിക്കുന്നു (എഫെ, 4:30). പരിശുദ്ധാത്മാവ് ദൈവംതന്നെ ആയതുകൊണ്ടാണ് അഥവാ ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷത ആയതുകൊണ്ടാണ് ആളത്തത്തിൻ്റെ സവിശേഷഗുണങ്ങളെല്ലാം പരിശുദ്ധാത്മാവിൽ കണുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല.

യേശുവെന്ന മനുഷ്യനോടുള്ള ബന്ധത്തിൽ: ക്രിസ്തുവിൻ്റെ ജനനത്തിലും ശുശ്രൂഷയിയിലും മരണത്തിലും ഉയിർപ്പിലും പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ കാണാം. പരിശുദ്ധാത്മാവിലാണ് യേശുവെന്ന മനുഷ്യശിശു കന്യകാമറിയയിൽ ഉരുവാകുന്നത്: ദൂതൻ മറിയയോടു: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35; മത്താ, 1:18,20). വളർച്ചയിൽ ആത്മാവ് അവനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു. (ലൂക്കോ, 2:40). സ്നാനസമയത്ത് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തു. (പ്രവൃ, 10:38; മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22; യോഹ, 1:32). അനന്തരം അവൻ ആത്മാവിനാൽ നിറയപ്പെട്ടു. (ലൂക്കോ, 4:1). ആത്മാവ് അവനെ പരീക്ഷയിലേക്ക് നടത്തി. (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1). പരീക്ഷാനന്തരം ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 4:14,18,19). ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. (മത്താ, 12:28). ആത്മാവിനാലാണ് ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു. (എബ്രാ, 9:14). ആത്മാവിനാൽ ക്രിസ്തു പുനരുത്ഥാനം ചെയ്തു. (1പത്രൊ, 3:18; റോമ, 8:11). 

വിശ്വാസികളോടുള്ള ബന്ധത്തിൽ: പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും മനുഷ്യർക്ക് ബോധം വരുത്തുന്നത്. (യോഹ, 16:7,8). വീണ്ടുംജനിപ്പിക്കുന്നു. (യോഹ, 3:3-6). എന്നേക്കും കൂടെയിരിക്കുന്നു. (യോഹ, 14:6). വ്യക്തിയുടെ ശരീരം ആത്മാവിൻ്റെ മന്ദിരമാക്കുന്നു. (1കൊരി, 6:19). പരിശുദ്ധാത്മാവിനാൽ മുദ്രയിടുന്നു. (2കൊരി, 1:22; എഫെ, 1:14; 4:30). പരിശുദ്ധാത്മാവ് നടത്തുന്നു. (റോമ, 8:14). ദൈവത്തിൻ്റെ മക്കളാണെന്ന ഉറപ്പുനല്കുന്നു. (റോമ, 8:16). കൃപാവരങ്ങൾ നല്കുന്നു. (1കൊരി, 12:8-11). അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു. (എഫെ, 3:16). പ്രാർത്ഥനയിൽ സഹായിക്കുന്നു. (റോമ, 8:26). മർത്യശരീരങ്ങളെയും ജീവിപ്പിക്കും. (റോമ, 8:11).

പരിശുദ്ധാത്മാവിൻ്റെ പേര്: അസ്തിത്വദ്യോതകമാണ് പേര്. പേരുകൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ കഴിയുന്നതും അറിയാൻ ആവശ്യമായതുമായ വ്യക്തിയോ വസ്തുവോ എന്തായാലും അതിനൊരു പേരുണ്ടാകും. അല്ലെങ്കിൽ അങ്ങനെയൊന്ന് സ്വതന്ത്രമായി നിലനില്ക്കുന്നില്ലെന്നാണ് അർത്ഥം. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ്, ഒമിക്രോൺ എന്നിങ്ങനെ മൂന്നാലുപേരുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങളെ സൃഷ്ടിക്കുകയും അവയെ പേർചൊല്ലി വിളിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും ചെയ്തവനും, (യെശ, 49:26; 147:4), ഭൂമിയിലെ തൻ്റെ സൃഷ്ടികൾക്കെല്ലാം ആദാമിനെക്കൊണ്ട് പേരിടുവിച്ചവനുമായ ദൈവം, മൂന്നു വ്യക്തികളായിരിക്കുകയും, അതിൽ എല്ലാവർക്കും പേരില്ലെന്നു പറയുകയും ചെയ്താൽ ശരിയാകുമോ? പേരിൻ്റെ ആവശ്യകത എത്രത്തോളമാണെന്ന് ദൈവം മോശെയെ വീണ്ടെടുപ്പുകാരനായി മിസ്രയീമിലേക്ക് അയക്കുന്നതിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം. (പുറ, 3:13-15). അതിനാൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണെന്നു ചോദിച്ചാൽ; യഹോവയുടെ ആത്മാവാകയാൽ പഴയനിയമത്തിൽ പരിശുദ്ധാത്മാവിൻ്റെ പേര് യഹോവയെന്നും (ന്യായാ, 3:10) പുതിയനിയമത്തിലെ പേര് യേശുക്രിസ്തു എന്നുമാണ്. (യോഹ, 14:26). ബൈബിളിൽ പരിശുദ്ധാത്മാവിന് പ്രത്യേകമായൊരു പേർ പറയാത്തതിൻ്റെ കാരണം; തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയായല്ലാതെ, ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി പരിശുദ്ധാത്മാവ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്തതിനാലാണ്. അപ്പോൾ ഒരു ചോദ്യംവരും: ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിന് പ്രത്യേകമായൊരു പേരെങ്ങനെ വന്നു? (1തിമൊ, 14:16). ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ പ്രത്യക്ഷതയും തൻ്റെ ഐഹികജീവകാലത്ത് ഏകദേശം 38 വർഷം (ബി.സി. 6-എ.ഡി. 33) ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യവ്യക്തി ആയിരുന്നതിനാലുമാണ്. (യോഹ, 8:16; 8:29; 14:26; 16:32). “ഞാൻ യിസ്രായേൽ ഗൃഹത്തോടു പുതിയൊരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ പ്രവചനംപോലെ (യിരെ, 31:31-34), ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ പഴയനിയമത്തിന് നിവൃത്തിവരികയും (ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവിൻ്റെയും (യോഹ, 17:11,12) പുത്രൻ്റെയും (യോഹ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) ഏകനാമം യേശുക്രിസ്തു എന്നാകുകയും ചെയ്തു. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13; മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറയുന്നതും (പ്രവൃ, 4:12. ഒ.നോ: യെശ, 45:22), വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും സകലവും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാൻ കല്പിച്ചിരിക്കുന്നതും നോക്കുക. (കൊലൊ, 3:17). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം)

ആത്മാവിൻ്റെ അദൃശ്യമായ പ്രവർത്തനം: പരിശുദ്ധാത്മാവ് പ്രവർത്തനം അദൃശ്യമാണെന്ന് വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ യേശു വ്യക്തമാക്കിയിട്ടുണ്ട്: “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8). എങ്കിലും ആത്മാവിനോടുള്ള ബന്ധത്തിൽ ചില അടയാളങ്ങൾ ഉണ്ടായതായി പുതിയനിയമത്തിൽ കാണാം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22; യോഹ, 1:32). ആത്മാവ് പ്രാവല്ല; എന്നാൽ വരുവാനുള്ളവൻ യേശു തന്നെയാണെന്ന് യോഹന്നാനെ വിശ്വസിപ്പിക്കാനാണ് പ്രാവിനെപ്പോലെ ദൈവത്തിൻ്റെ ആത്മാവ് യേശുവിൻ്റെ മേൽ ആവസിച്ചത്. സ്നാനാനന്തരമുള്ള സ്നാപകൻ്റെ സാക്ഷ്യം കാണുക: “യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32). പ്രയോഗം നോക്കുക: ‘ഞാൻ കണ്ടു’ യോഹന്നാൻ മാത്രമാണത് കണ്ടത്. അടുത്തവാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ വിശ്വസിച്ചിരുന്നില്ല; ആത്മാവ് ഇറങ്ങിവന്ന് കണ്ടപ്പോൾ വിശ്വസിച്ചു. പ്രാവിനെ എല്ലാവരും കണ്ടില്ല; അത് യോഹന്നാന് മാത്രമായി ഉണ്ടായ അടയാളമാണ്; യോഹന്നാൻ്റെ സാക്ഷ്യത്താലാണ് മറ്റുള്ളവർ അറിഞ്ഞത്. (യോഹ, 1:33,34). സഭാസ്ഥാപനത്തിൽ അപ്പൊസ്തലന്മാരോടുള്ള ബന്ധത്തിലും ആത്മാവിൻ്റെ പ്രത്യക്ഷത കാണാം: “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” (പ്രവൃ, 2:2-4). പിളർന്നിരിക്കുന്ന നാവും പരിശുദ്ധാത്മാവല്ല; കാര്യസ്ഥനായ പരിശുദ്ധാത്മാവ് അവരിൽ ആവസിച്ചതിൻ്റെ തെളിവായിരുന്നു അത്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ ആത്മാവ് ലഭിച്ചു എന്നതിന്റെ സാക്ഷ്യമായി ചില അടയാളങ്ങൾ ശമര്യയിലും (പ്രവൃ, 8:18), കൊർന്നേല്യൊസിൻ്റെ ഭവനത്തിലും (10:45), എഫെസൊസിലും (19:6) ഉണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണെങ്കിലും, ദൃശ്യമായ ചില വരങ്ങളും ഫലങ്ങളും ആത്മാവ് നല്കുന്നതിനാൽ ദൈവമക്കൾക്ക് അവനെ അറിയാനും അനുഭവിക്കാനും കഴിയും. (യോഹ, 14:17).

ദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്:  അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

വിവിധ ആത്മാക്കൾ: 1. അഭിഷിക്തൻ്റെ ആത്മാവ് (1പത്രൊ, 1:11), 2. ആത്മാവ് (മത്താ, 4:1), 3. ആലോചനയുടെ ആത്മാവ് (യെശ, 11:2), 4. ഏഴാത്മാവ് (വെളി, 3:1), 5. കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 6. കർത്താവിൻ്റെ (ക്രിസ്തു) ആത്മാവ് (2കൊരി, 3:17), 7. കൃപയുടെ ആത്മാവ് (എബ്രാ, 10:29), 8. ക്രിസ്തുവിന്റെ ആത്മാവ് (റോമ, 8:9), 9. ജീവൻ്റെ ആത്മാവ് (റോമ, 8:2), 10. ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3), 11. ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 12. ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3), 13. ദൈവത്തിൻ്റെ ആത്മാവ് (മത്താ, 3:16), 14. നല്ല ആത്മാവ് (നെഹെ, 9:20), 15. നിത്യാത്മാവ് (എബ്രാ, 9:14). 16. ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6), 17. ന്യായവിധിയുടെ ആത്മാവ് (യെശ, 4:3), 18. പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2), 19. പരിശുദ്ധാത്മാവ് (മത്താ, 1:18), 20. പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), 21. പുതിയൊരു ആത്മാവ് (യെശ, 11:19), 22. പുത്രത്വത്തിൻ്റെ ആത്മാവ് (റോമ, 8:15), 23. പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 24. ബലത്തിൻ്റെ ആത്മാവ് (യെശ, 11:2), 25. മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12), 26. മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14), 27. യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), 28. യഹോവയുടെ ആത്മാവ് (ന്യായാ, 3:10), 29. യഹോവാഭക്തിയുടെ ആത്മാവ് (യെശ, 11:2), 30. യാചനയുടെ ആത്മാവ് (സെഖ, 12:10), 31. യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), 32. യേശുക്രിസ്തുവിൻ്റെ ആത്മാവ് (ഫിലി, 1:19), 33. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14), 34. വിവേകത്തിന്റെ ആത്മാവ് (യെശ, 11:2), 35. വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5), 36. വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13), 37. വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17), 38. ശക്തിയുടെ ആത്മാവ് (2തിമൊ, 1:7), 39. സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16), 40. സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7), 41. സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1), 42. സ്ഥിരമായോരാത്മാവ് (സങ്കീ, 51:10), 43. സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ മേല്പറഞ്ഞ ആത്മാക്കളൊക്കെ ആരായെന്താ എന്നൊക്കെ ആര് പറയും; എന്ത് നിർവ്വചനമാണ് കൊടുക്കാൻ പറ്റുന്നത്?

ദൈവത്തിന്റെ ആത്മാവ് ഒരിക്കലും ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നിട്ടില്ല. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു മനുഷ്യനെന്ന നിലയിൽ മുപ്പത്തിയെട്ട് വർഷം (ബിസി. 6–എ.ഡി. 33) വിഭിന്നനായിരുന്നു. അപ്പോഴും ദൈവം ഏകവ്യക്തിതന്നെ ആയിരുന്നു; വിഭിന്നനായിരുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു വ്യക്തിയാണെന്നതിൻ്റെ കൂടുതൽ തെളിവുകൾ കാണാം:

1. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ദൈവം മൂന്നു വ്യക്തിയാണെന്ന് പറയുന്നവർ ഈ വാക്യമെങ്കിലും വിവേചിച്ചു പഠിച്ചിരുന്നെങ്കിൽ…! “ദൈവം ആത്മാവുകുന്നു” എന്നു പറഞ്ഞശേഷം “അവരെ നമസ്കരിക്കണം എന്നല്ല; അവനെ നമസ്കരിക്കണം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം മൂന്നു വ്യക്തിയാണെങ്കിൽ ‘അവനെ’ നമസ്കരിക്കണമെന്ന് ഏകവചനത്തിൽ പറയുമായിരുന്നോ? ദൈവം ആത്മാവാകുന്നപോലെ, കർത്താവും (യേശു) ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്. (2കൊരി, 3:16-18); പരിശുദ്ധാത്മാവും ആത്മാവാണ്. മൂന്നാത്മാക്കളും വിഭിന്നരാണെങ്കിൽ “അവരെ നമസ്കരിക്കണം” എന്നല്ലേ പറയേണ്ടത്? വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴാത്മാവിനെക്കുറിച്ച് പറയുന്നുണ്ട്. (3:1). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി വിഭജിക്കുമ്പോൾ, ദൈവത്തിൻ്റെ ഏഴാത്മാവിനെ എന്തുചെയ്യും? ഭാഷയുടെ വ്യാകരണനിയമങ്ങളെല്ലാം അതിലംഘിക്കുന്ന ഉപദേശമാണ് ത്രിത്വം. ബൈബിളിലെ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള അദൃശ്യമായ പ്രത്യക്ഷതയാണ്.

2. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവപിതാവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും. ഏഴാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. ഇപ്പോൾ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. 

3. ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതായി യെശയ്യാവ് കണ്ടത്  സൈന്യങ്ങളുടെ ദൈവമായ യഹോവയെയാണ്. (യെശ, 6:1-5). യെശയ്യാവ് കണ്ട തേജസ്സും കേട്ട ശബ്ദവും യഹോവയുടെയായിരുന്നു. (യെശ, 1:5,8). എന്നാൽ യെശയ്യാവ് യേശുവിൻ്റ തേജസ്സാണ് കണ്ടതെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. (യോഹ, 12:41). കേട്ട ശബ്ദം പരിശുദ്ധാത്മാവിൻ്റെ ആയിരുന്നെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26,27). യഹോവയായ ദൈവത്തെയും ദൂതന്മാരെയുമല്ലാതെ മറ്റൊരു ദൈവവ്യക്തിയെ യെശയ്യാവ് സ്വർഗ്ഗത്തിൽ കണ്ടിരുന്നില്ലെന്നോർക്കുക.

4. സ്നാനത്തിൽ പ്രാവിൻ്റെ രൂപത്തിലാണ് പരിശുദ്ധാത്മാവ് യേശുവിൻ്റമേൽ ആവസിച്ചത്. (മത്താ, 3:16). പിതാവിൻ്റെ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുകയും ചെയ്തു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). യേശുക്രിസ്തു ദൈവാത്മാവിനാലും കർത്താവിൻ്റെ ശക്തിയാലും അത്ഭുതങ്ങളെ പ്രവർത്തിച്ചതായും പറഞ്ഞിട്ടുണ്ട്. (മത്താ, 12:28; ലൂക്കൊ, 5:17). എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). പരിശുദ്ധാത്മാവാണ് യേശുവിൻ്റെമേൽ ആവസിച്ചത്; എന്നാൽ ദൈവമാണ് യേശുവിൻ്റെ കൂടെയിരുന്ന് പ്രവർത്തിച്ചതെന്ന് പത്രൊസ് പറയുന്നു; പിതാവും ആത്മാവും ഒന്നാണെന്ന് വ്യക്തമല്ലേ?

5. പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ശേഷമാണ് ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:18,19). എന്നാൽ പരിശുദ്ധാത്മാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശും ഒരിക്കലും പറഞ്ഞിട്ടില്ല; അപ്പോൾത്തന്നെ പിതാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്: പിതാവിനെ, തന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 5:32,37). പിതാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ‘ഏകനല്ല‘ എന്ന് പറഞ്ഞിരിക്കുന്നു. (യോഹ, 8:16;  8:29; 16:32). ‘ഞാൻ പിതാവിലും പിതാവു എന്നിലും‘ ആകുന്നു എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 10:38; 14:10,11). പിതാവും പുത്രനും ‘തമ്മിൽ സംസാരിക്കുന്നു.’ (യോഹ, 12:28). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 14:23). ‘നിന്നെയും യേശുക്രിസ്തുവിയും‘ എന്നിങ്ങനെ തന്നെയും പിതാവിനെയും ക്രിസ്തു വേർതിരിച്ചു പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു; പിതാവ് തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു; പിതാവും പരിശുദ്ധാത്മാവും ഒരാൾ തന്നെയല്ലേ?

6. പിതാവ് മറ്റൊരു വ്യക്തിയായി തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നതു കൂടാതെ, ദൈവപിതാവാണ് ക്രിസ്തുവിൻ്റെ കൂടെവസിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതെന്ന് അപ്പസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായി പ്രത്രൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). എന്നാൽ, താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32; മർക്കൊ, 3:29; ലൂക്കോ, 12:10). ദൈവപിതാവാണ് യേശുവിൻ്റെ കൂടെയുള്ളതെന്നു പത്രൊസും തൻ്റെകൂടെയുള്ള വ്യക്തി പിതാവാണെന്നും യേശുവും പറഞ്ഞു; എന്നാൽ തൻ്റെകൂടെയിരുന്ന് പ്രവർത്തിക്കുന്ന അഥവാ താൻ ചെയ്യുന്ന പ്രവൃത്തികളെ ദുഷിച്ചുപറഞ്ഞാൽ; അത് ആത്മാവിനെതിരെയുള്ള ദൂഷണമാണ്. അപ്പോൾ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമായില്ലേ? പിതാവും പരിശുദ്ധാത്മാവും വ്യതിരിക്തരാണെങ്കിൽ, തൻ്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ദൂഷണം തൻ്റെകൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പിതാവിന് എതിരെയാണല്ലോ; അപ്പോൾ പിതാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കയില്ല എന്നല്ലേ പറയേണ്ടത്?

7. പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല. പിതാവ് പുത്രനെ സ്നേഹിക്കുന്നു: “പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.” (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). പുത്രൻ പിതാവിനെ സ്നേഹിക്കുന്നു: “എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.” (യോഹ, 14:31). ഇവിടെയൊരു സംശയം തോന്നാം; ദൈവം ഒരു വ്യക്തിയാണെങ്കിൽ, പിതാവും പുത്രനും തമ്മിൽ എങ്ങനെ സ്നേഹിക്കാൻ കഴിയും? പാപപരിഹാര ശുശ്രൂഷയോടുള്ള ബന്ധത്തിൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു; അതിനാലാണ് പരസ്പരം സ്നേഹിക്കുന്നതായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:16; 8:29; 14:23; 16:32). ദൈവമല്ല ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (1തിമൊ, 2:5,6; 3:16). എന്നാൽ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും വിഭിന്നനായിരുന്നിട്ടില്ല. 

8. യേശു പിതാവിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും പിതാവ് തിരിച്ചു പുത്രനെ അഭിസംബോധന ചെയ്തും സംസാരിക്കുന്നതായയും കാണാം; യേശു: ‘പിതാവേ‘ എന്നു വിളിച്ചു പ്രാർത്ഥിക്കുന്നു. (മത്താ, 11:25; 26:39) പിതാവ്: ‘ഇവൻ എൻ്റെ പ്രിയപുത്രൻ‘ എന്നു സംബോധന ചെയ്യുന്നു. (മത്താ, 3:17; 17:5). പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്നു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.” (യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനെന്ന നിലയിൽ യേശു ദൈവത്തിൽനിന്നും വേർപെട്ട ഒരു വ്യക്തിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും ഭിന്നനല്ലാത്തതിനാൽ അങ്ങനെ കാണാൻ കഴിയില്ല.

9. അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിനെ ദൈവമെന്നും കർത്താവെന്നും അഭിന്നമായി പറയുന്നത് നോക്കുക: “അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? (പ്രവൃ, 5:3). അടുത്തവാക്യം: “അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:4). ആദ്യവാക്യത്തിൽ പരിശുദ്ധാത്മാവെന്ന് പറഞ്ഞിട്ട് അടുത്തവാക്യത്തിൽ ദൈവമെന്ന് പറഞ്ഞിരിക്കുന്നു. ഒമ്പതാം വാക്യം: “പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.” (പ്രവൃ, 5:9). പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചു; ദൈവത്തോടു വ്യാജം കാണിച്ചു; കർത്താവിൻ്റെ (യേശു) ആത്മാവിനെ പരീക്ഷിച്ചു. ഇവിടെയും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്നു തെളിയുന്നു. 

10.യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10). “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.” (2കൊരി, 3:3). മേല്പറഞ്ഞ വേദഭാഗങ്ങൾ പ്രകാരം ജീവനുള്ള ദൈവമായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും അവൻ്റെ ആത്മാവും ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം. 

11. പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്; കാര്യസ്ഥനെന്ന് പുത്രനെയും പരിശുദ്ധാത്മാവിനെയും അഭിന്നമായി വിളിച്ചിരിക്കുന്നതു കാണാം. പരിശുദ്ധാത്മാവ്: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16; 14:26; 15:26; 16:7). യേശുക്രിസ്തു: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1). ഇത് യേശുവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും അഭിന്നത്വമാണ് കാണിക്കുന്നത്. കൂടാതെ, പരിശുദ്ധാത്മാവിനെ, ദൈവത്തിൻ്റെ ആത്മാവെന്നും ക്രിസ്തുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിട്ടുമുണ്ട്: “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.” (റോമ, 8:9).

12. വിശ്വാസിയുടെ ശരീരത്തെ ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും ക്രിസ്തുവിൻ്റെ അവയവങ്ങളെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നു: “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു.” (1കൊരി, 6:15). അതിനാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകവ്യക്തിയാണെന്ന് മനസ്സിലാക്കാം.

13. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16. ഒ.നോ: 16:7). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6).

14. ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ്റെ യേശുവിനെക്കുറിച്ചൊരു പ്രവചനമുണ്ട്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു സഭയെക്കുറിച്ചുള്ള തൻ്റെ നിർണ്ണയം പ്രഖ്യാപിച്ചിരുന്നു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). പരിശുദ്ധാത്മാവ് യേശുക്രിസ്തുവിൽ നിന്ന് വ്യതിരിക്തനാണെന്ന് വിചാരിച്ചുകൊണ്ട് ചിലർ പറയുന്നത് കേട്ടിട്ടുണ്ടാകും: യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല; പരിശുദ്ധാത്മാവാണ് സഭസ്ഥാപിച്ചത്. അങ്ങനെയെങ്കിൽ, യോഹന്നാൻ്റെ പ്രവചനവും ക്രിസ്തുവിൻ്റെ പ്രഖ്യാപനവും അസ്ഥാനത്താണ്; രണ്ടും ഒരുപോലെ പാളിയെന്ന് പറയേണ്ടിവരും. എന്നാൽ വസ്തുതയെന്താണ്: പിതാവായദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവനോടു കൂടെയിരുന്ന് പ്രവർത്തിച്ചതുപോലെ, മഹാദൈവമായ യേശുക്രിസ്തുവാണ് തൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ സ്നാനം നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. (മത്താ,28;19). എന്തെന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾതന്നെയാണ്; അഥവാ ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളാണ്.

15. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16). എല്ലാവരിലും വ്യാപരിക്കുന്നതും എല്ലാവരിലും ഇരിക്കുന്നതും പിതാവാണെന്നും, യേശുക്രിസ്തുവാണ് ലോകാവസാനത്തോളം കൂടെയിരിക്കുന്നതെന്നും, സത്യത്തിന്റെ ആത്മാവെന്ന കാര്യസ്ഥൻ എന്നേക്കും കൂടെയിരിക്കുമെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. ഒടുവിൽ യേശു പറഞ്ഞത്: “ഞങ്ങളോ എന്നല്ല ഞാനോ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേശുക്രിസ്തുവാണ് നമ്മോടുകൂടെ വസിക്കുന്ന ഏകസത്യദൈവം.

ദൈവം തന്നെ ആത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവു’ എന്ന് പറഞ്ഞാൽ അത് മറ്റൊരു വ്യക്തിയെക്കുറിക്കുന്ന പ്രയോഗമാണെന്നു വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; ദൈവം ആത്മാവാണ്. (യോഹ, 4:24). യേശുക്രിസ്തുവും ആത്മാവാണ്. (1കൊരി, 15:45; 2കൊരി, 3:16-18). പരിശുദ്ധാത്മാവും ആത്മാവാണ്. (1പത്രൊ, 4:14). മൂന്നു വിഭിന്നരായ ആത്മാക്കളാണെങ്കിൽ ദൈവം ഏകാത്മാവാണെന്ന് ബൈബിളിൽ എഴതിവെയ്ക്കില്ലല്ലോ? (യോഹ, 4:24; എഫെ, 2’18; ഫിലി, 1:27). അടുത്തത്; സ്വർഗ്ഗത്തിലുള്ളതെല്ലാം ആത്മാക്കളാണ്. ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെങ്കിൽ, യേശുക്രിസ്തുവിന്റെ ആത്മാവ് ആരാണെന്ന് പറയും? (ഫിലി, 1:19). ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാകുമെങ്കിൽ, യെഹെസ്ക്കേൽ സ്വർഗ്ഗത്തിൽ കണ്ട ജീവികളുടെ ആത്മാവു (spirit of living creature) ആരാണെന്ന് പറയും? (1:20;  1:21; 10:17). ബൈബിൾ ആഖ്യാനത്തെ വിസ്മരിച്ചുകൊണ്ട് തോന്നുംപടി വ്യാഖ്യാനിക്കാൻ പറ്റുമോ?

രണ്ട്; ദൈവത്തിൻ്റെ ആത്മാവിന് സൃഷ്ടിയിൽ പങ്കുള്ളതുകൊണ്ട്, ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് ചിലർ കരുതുന്നു: “ദൈവത്തിന്റെ ആത്മാവു (റൂവഹ്) എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം (നെഷ്മാ) എനിക്കു ജീവനെ തരുന്നു.” (ഇയ്യോ, 33:4). ആത്മാവിനും ശ്വാസത്തിനും സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ പറഞ്ഞിട്ടുണ്ട്; എന്നാൽ ആത്മാവിനു സൃഷ്ടിപ്പിൽ പങ്കുള്ളതായി ഇവിടെ മാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ശ്വാസത്തിന് പങ്കുള്ളതായി ഉല്പത്തിയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം (നെഷ്മാ) ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ലിവ്യാഥാൻ്റെ സൃഷ്ടിപ്പിൽ ശ്വാസത്തിനു പങ്കുള്ളതായി സങ്കീർത്തകനും പറഞ്ഞിട്ടുണ്ട്: “നീ നിന്റെ ശ്വാസം (റൂവഹ്) അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.” (സങ്കീ, 104:30). മനുഷ്യൻ്റെ സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ, മനുഷ്യൻ്റെയും ജീവികളുടെയും സൃഷ്ടിപ്പിൽ പങ്കുള്ളതുകൊണ്ട് ദൈവത്തിൻ്റെ ശ്വാസം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? സൃഷ്ടിയിൽ പങ്കുള്ളവയൊക്കെയും ദൈവത്തിൽനിന്ന് വിഭിന്നരായ വ്യക്തിയാണെങ്കിൽ, സൃഷ്ടിപ്പിൽ പങ്കുള്ള ദൈവത്തിൻ്റെ കയ്യെയും (സങ്കീ, 119:73; യെശ, 45:12), ജ്ഞാനത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ഭുജത്തെയും (യിരെ, 27:5; 32:17), വലങ്കൈയെയും (യെശ, 48:13), വിവേകത്തെയും (സദൃ, 3:19; യിരെ, 10:12; 51:12), ശക്തിയെയും (യിരെ, 10:12; 51:12), ശ്വാസത്തെയും (ഇയ്യോ, 34:4; സങ്കീ, 104:30) വിഭിന്ന വ്യക്തികളായി കണക്കാക്കുമോ?

മൂന്ന്; ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ താഴെപ്പറയുന്ന ആത്മാക്കൾക്കൊക്കെ ആരു സമാധാനം പറയും? 1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), യഹോവയുടെ ആത്മാവ് (ന്യായാ, 3:10), യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 2. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19), കർത്താവിന്റെ ആത്മാവ് (2കൊരി, 3:17), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 3. ആത്മാവ് (മത്താ, 4:1). പരിശുദ്ധാത്മാവ് (മത്താ, 12:32), നിത്യാത്മാവ് (എബ്രാ, 9:14), ജീവൻ്റെ ആത്മാവ് (റോമ, 8:2), പുതിയൊരു ആത്മാവ് (യെശ, 11:19). പിന്നെ, ദൈവത്തിൻ്റെ ഏഴാത്മാവ് (വെളി, 3:1) ഈ ആത്മാക്കളൊക്കെ ആരാണെന്നു പറയും?

നാല്: റൂവഹിനെ മനുഷ്യൻ്റെ ആത്മാവ്, മനസ്സ്, സ്വഭാവം, ചൈതന്യം, ഉയിര് (mind, spirit, soul) എന്നീ അർത്ഥങ്ങളിൽ എഴുപത്തഞ്ചോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യൻ്റെ ആത്മാവിനും ആളത്തത്തിൻ്റെ സവിശേഷതകൾ കാണാൻ കഴിയും: ദൈവത്തോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീ, 42:1), ദൈവത്തിനായി ദാഹിക്കുന്നു (സങ്കീ, 42:1), ഉള്ളിൽ ഞരങ്ങുന്നു (സങ്കീ, 42:5,11; 43:5), വിഷാദിക്കുന്നു (സങ്കീ, 42:6), ശോധന ചെയ്യുന്നു (സങ്കീ, 77:6), മനസ്സിൻ്റെ ഉള്ളറകളെ പരിശോധിക്കുന്നു (സദൃ, 20:27), അന്വേഷിക്കുന്നു (യെശ, 26:9). മനുഷ്യൻ്റെ ആത്മാവിനെ “നീ” എന്ന മധ്യമപുരുഷ സർവ്വനാമത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു. (സങ്കീ, 42:5,11; 43:5). മനുഷ്യൻ്റെ ആത്മാവിനെയും പ്രാണൻ അഥവാ ദേഹിയെയും പ്രത്യേകം പ്രത്യേകം കുറ്റമറ്റതായി സൂക്ഷിക്കാൻ കല്പനയുമുണ്ട്:  “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെങ്കിൽ, മനുഷ്യരുടെ ആത്മാവു മനുഷ്യരിൽനിന്ന് വിഭിന്നനും, ഓരോ മനുഷ്യനും തന്നിൽത്തന്നെ ബഹുത്വമുള്ളവൻ അല്ലെങ്കിൽ ത്രിത്വമാണെന്നും നിങ്ങൾ അംഗീകരിക്കുമോ?

“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ഏകാത്മാവായ ദൈവത്തെ ഏകമനസ്സോടെ ആരാധിക്കാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെന്ന് വിശ്വസിക്കുന്നവർക്കുള്ള ചോദ്യങ്ങൾ:

1. “ദൈവം ആത്മാവു ആകുന്നു; അവനെ (ഏകവചനം) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” ദൈവം ഏകത്മായിരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവെന്നു പറഞ്ഞാൽ എങ്ങനെയാണ് മറ്റൊരു വ്യക്തിയാകുന്നത്???… (യോഹ, 4:24)

2. ത്രിത്വം പറയുന്ന മൂന്നു വ്യക്തി: പിതാവ് പുത്രൻ പരിശുദ്ധാത്മാവാണ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് ആരാണെന്ന് പറയും???… (മത്താ, 10:20). ത്രിത്വത്തിലേ ഒരു വ്യക്തിയായ പിതാവിൻ്റെ ആത്മാവ് പിന്നെയും മറ്റൊരു വ്യക്തിയാൽ; നിങ്ങളുടെ ദൈവം ത്രിത്വമെന്നതുമാറി ചതുർത്വമാകില്ലേ?

3. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയായ പുത്രൻ്റെ ആത്മാവാരാണ്???…. (ഗലാ, 4:6). പുത്രൻ്റെ ആത്മാവും മറ്റൊരു വ്യക്തിയായാൽ, ത്രിത്വവും ചതുർത്വവും പോയി ദൈവം പഞ്ചത്വം ആകില്ലേ?

4. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ദൈവത്തിൻ്റെ ഏഴാത്മാക്കൾ ആരാണ്???… (വെളി, 3:1). ത്രിത്വവും പിതാവിൻ്റെ ആത്മാവും പുത്രൻ്റെ ആത്മാവും പിന്നെ ഏഴാത്മാവും ചേരുമ്പോൾ പന്ത്രണ്ട് വ്യക്തിയാകും; ഇതിൽഭേദം മുപ്പത്തിമുക്കോടി ദൈവങ്ങളിൽ വിശ്വസിക്കുന്നതല്ലേ?

5. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, ആത്മശരീരികളായ ജീവികളുടെ ആത്മാക്കളാരാണ്???… (യെഹെ, 1:20). ആത്മാവായ ദൈവത്തിൻ്റെ ആത്മാവ് അവനിൽനിന്ന് വിഭിന്നനായിരിക്കുകയും ആത്മാവായ ജീവികളുടെ ആത്മാവ് അവരിൽനിന്നും വിഭിന്നനല്ലാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

6. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നനാണെങ്കിൽ, മനുഷ്യൻ്റെ ആത്മാവ് മനുഷ്യനിൽനിന്ന് വിഭിന്നനല്ലാത്തത് എന്തുകൊണ്ടാണ്???… (സെഖ, 12:1)

7. വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ് പേര്; പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെങ്കിൽ, ആത്മാവിന് എന്തുകൊണ്ടാണ് സ്വന്തമായൊരു പേരില്ലാത്തത്???… (പുറ, 3:13).

“ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവ് 59:21)

സ്തെഫാനോസ് കണ്ട ദർശനം

സ്തെഫാനോസ് കണ്ട ദർശനം

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു………. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” (പ്രവൃത്തികൾ 7:55-60)

സ്തെഫാനോസ് രണ്ടു വ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യപ്രതിമയായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടത്. (കൊലൊ, 1:15; 2:9). പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയായ ദൈവത്തിൻ്റെയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസ് വിളിച്ചുപറയുന്നത്, രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ മറ്റൊരു നാമവും ഇല്ലെന്നാണ്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യഹോവയുടെ കാലം കഴിഞ്ഞുപോയെന്നോ, അപ്പനു വയസ്സായപ്പോൾ അധികാരം മകനെ ഏല്പിച്ചെന്നോ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ തന്നെയാണ് മനഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്തത്. അവിടെ, ‘ദൈവമഹത്വം’ എന്നു പറഞ്ഞശേഷം ‘ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു’ എന്നു പറഞ്ഞിരിക്കയാലുമാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും കണ്ടുവെന്ന് പറയുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സാണ് കണ്ടത്. 

സ്തെഫാനോസ് പഴയനിയമത്തിലാണ് ആ കാഴ്ച കണ്ടതെങ്കിൽ, യേശുക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞിരിക്കുന്ന സ്ഥാനത്ത് യഹോവയെ കണ്ടു എന്നു പറയുമായിരുന്നു; എന്തെന്നാൽ, യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്ക് ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കുന്നത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ഇതിനോടുള്ള ബന്ധത്തിൽ ഏഴു തെളിവുകൾ തരാം:

ഒന്ന്: ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10; പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായിരുന്നു ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാൽ, രണ്ടു വ്യക്തികളെ സ്തെഫാനോസിനു കാണാൻ കഴിയില്ല.

രണ്ട്: ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം എല്ലായ്പ്പോഴും മൂന്നു വ്യക്തി തന്നെ ആയിരിക്കുമല്ലോ; ചിലപ്പോൾ ഒരു വ്യക്തി, മറ്റുചിലപ്പോൾ രണ്ടുവ്യക്തി, വേറെ ചിലപ്പോൾ മൂന്നുവ്യക്തിയല്ലല്ലോ. ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനെയും കണ്ടുവെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സ്വർഗ്ഗത്തിൽ മൂന്നും, പിന്നെ യേശുവിനെയും ചേർത്ത് നാലുപേരായില്ലേ? കൂടാതെ, പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ അഞ്ചു വ്യക്തിയാകും. സ്തെഫാനോസ് കണ്ടത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവെന്ന ഏകവ്യക്തയെയുമാണ്.

മൂന്ന്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദൈവമഹത്വം പിതാവാണ്; അങ്ങനെ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്ന് വാദിച്ചാൽ; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിച്ചത്; അങ്ങനെ ത്രിത്വത്തിലെ മൂന്നു വ്യക്തിയുമായി. അപ്പോൾ, അക്ഷയനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്നു പറയും? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അപ്പോൾ ആകെ എത്ര വ്യക്തിയായി; ത്രിത്വം മാറി ചതുർത്വമാകും? 

നാല്; അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് വാദിച്ചാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമായി മാറും. അവിടെയൊരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴികയുമില്ല” എന്ന് പൗലൊസ് എഴുതുന്നതും (1തിമൊ, 1:17; 6:16)., അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് യോഹന്നാൻ എഴുതുന്നതും. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് അദൃശ്യദൈവത്തെയാണ് കണ്ടതെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നില്ല. പിന്നെയും, അങ്ങനെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചയ്യുന്നവർ ബൈബിൾ അബദ്ധപഞ്ചാംഗമാണെന്ന് സാക്ഷ്യംപറയുകയാണ് ചെയ്യുന്നത്.

അഞ്ച്: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19). സകല ജഡത്തിന്റെയും ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. (ലൂക്കൊ, 23:46). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെയാണ്; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59). 

ആറ്: സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; മറ്റൊരു ദൈവവ്യക്തിയെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യോഹന്നാൻ, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അവരാരും കാണാത്ത മറ്റൊരു ദൈവവ്യക്തിയെ എങ്ങനെയാണ് സ്തെഫാനോസ് കണ്ടത്? 

ഏഴ്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ കീഴ് ഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (1രാജാ, 22:18). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തിൻ്റെ തേജസ്സാണ്; തേജസ്സ് ഒരു പ്രത്യേകസ്ഥലത്ത് പ്രത്യക്ഷമാകുന്നതാണ്; അതുകൊണ്ടാണ് ദൈവതേജസ്സിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തുവിനെ കണ്ടതായി പറഞ്ഞിരിക്കുന്നത്. എബ്രായലേഖകൾ ക്രിസ്തുവിനെ തേജസ്സിൻ്റെ പ്രഭയെന്നു പറഞ്ഞിട്ടുണ്ട്. (1:3). ദൈവതേജസ്സും അതിൻ്റെ പ്രഭയും രണ്ടു വ്യക്തിയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല സർവ്വവ്യാപിയും കൂടിയാണ്. ദൈവത്തിൻ്റെ സർവ്വവ്യാപിത്വത്തിന് തെളിവായിട്ട് പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങളുണ്ട്: (139:7-10; യിരെ, 23:23,24; പ്രവൃ, 17:28). പൗലൊസ് പറഞ്ഞിരിക്കുന്നത്; “ദൈവത്തിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. അദൃശ്യനായ ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നതിനാൽ സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരിക്കുന്ന ദൃശ്യപ്രപഞ്ചം ഏതാണ്ട് ഇരുപത് ശതമാനം മാത്രമാണ്. അതിൻ്റെ വിസ്തീർണ്ണമാകട്ടെ, നാലുവശത്തേക്കും ഏതാണ്ട് നാലായിരത്തഞ്ഞുറ് പ്രകാശവർഷം എന്നാണ് കണക്കാക്കുന്നത്. അതുതന്നെ കമ്പ്യൂട്ടർ അടിച്ചുപോകുന്ന കണക്കാണ്; എൺപത് ശതമാനം വേറെയും കിടക്കുന്നു. ഇനി, ഭൂമിയുടെ കാര്യം: പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. പ്രപഞ്ചത്തെ ഒരു വലിയ ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ, നാം അധിവസിക്കുന്ന ഭൂമിക്ക് അതിലെ ഒരു മൺതരിയുടെ വലിപ്പമെങ്കിലും ഉണ്ടായാൽ ഭാഗ്യം. ഇനി, ഭൂമിയെ ഒരു ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ സ്തെഫാനോസിന് മൺതരിയോളം വലിപ്പമുണ്ടായേക്കാം. പറഞ്ഞുവന്നത്; അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും അഥവാ പ്രപഞ്ചംമുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തെയാണ് മൺതരിയോളം മാത്രമുള്ള ഭുമിയിൽ അതിലും മൺതരിയോളം മാത്രമുള്ള സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വിചാരിക്കുന്ന ബുദ്ധിഹീനതയ്ക്ക് പറയുന്ന പേരാണോ ത്രിത്വം?

ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം: ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം എന്നു പറഞ്ഞിരിക്കുന്നത് എന്താണ്? പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് അഭിഷിക്ത മഹാപുരോഹിതനായി സ്വന്തരക്തത്താൽ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചത്. (എബ്രാ, 9:12; 1പത്രൊ, 1:19).  യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനെന്ന പദവിയും ദൈവത്തിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,25; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരുണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). പക്ഷവാദം ചെയ്യുന്നവൻ വലത്തുഭാഗത്താണെങ്കിൽ അപവാദിയുടെ സ്ഥലം ഇടത്തുഭാഗമായിരിക്കുമല്ലോ; വലത്തുഭാഗത്തെ അങ്ങനെയും മനസ്സിലാക്കാം: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം ലഭിക്കുന്നത്. (1യോഹ, 2:1).

പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3) മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:14,15). മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ സ്വർഗ്ഗസിഹാസനത്തിൽ ദർശിച്ചവനെയുമാണ് സ്തെഫാനോസും കണ്ടത്. (പ്രവൃ, 7:56). അവൻ്റെ നാമം പഴയനിയമത്തിൽ യഹോവ എന്നായിരുന്നു; പുതിയനിയമത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവൻ്റെ നാമം യേശുക്രിസ്തു എന്നാകുന്നു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

കാണുക:

അദൃശ്യദൈവവും പ്രത്യക്ഷതകളും

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

അദൃശ്യദൈവവവും പ്രത്യക്ഷതകൾ

അദൃശ്യദൈവവും പ്രത്യക്ഷതകളും

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊഥെയൊസ് 1:17)

അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവമേ നമുക്കുള്ളുവെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽ വെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്നിങ്ങനെയാണ് വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. (കാണുക: നിഖ്യാവിശ്വാസപ്രമാണം) 

ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദ്റുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ ഇവർക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി ഇവർക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ ഇവർക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി ഇവർക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് ത്രിത്വം. 

“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്ന് ദാവീദ് ചോദിക്കുന്നുണ്ട്. പിടിവിട്ട നീതിമാൻ എന്തും ചെയ്യും! ദൈവം ഒരുത്തൻ മാത്രമെന്ന ബൈബിളിൻ്റെ അടിസ്ഥാന ഉപദേശം  മറിച്ചുകളഞ്ഞിട്ടാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെന്ന് പഠിപ്പിക്കുകയും ത്രിത്വമെന്ന തോന്നിയവാസ ഉപദേശം ഉണ്ടാക്കുകയും ചെയ്തത്. ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് മനുഷ്യനായ ക്രിസ്തുവാണ്. ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് ഒരുത്തൻ മാത്രം ആരാധനയ്ക്ക് യോഗ്യൻ; പിതാവു മാത്രം അറിയുന്നു; ഒരുത്തൻ മാത്രം സത്യദൈവം എന്നൊക്കെ പറയുന്നത്. യേശുക്രിസ്തുവിൻ്റെ വാക്കുകളെ വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളാണോ? ദൈവം ഏകവ്യക്തിയാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളും പഴയപുതിയനിയമങ്ങളിൽ ദൈവാത്മാവ് ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നതും അന്ധമായിട്ടെങ്കിലും ഇക്കൂട്ടർ വിശ്വസിച്ചിരുന്നെങ്കിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതകളും പദവികളുമാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നു.

അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് നമുക്കുള്ളത്. (യെശ, 45:15; കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ദൈവം അദൃശ്യൻ മാത്രമല്ല, ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. (ആവ, 6:4; 2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിന് ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോയില്ല. (യാക്കോ, 1:17). ദൈവത്തിനു സ്ഥിതിഭേദം വരാൻ കഴിയില്ല അഥവാ തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റംവരാനോ സ്വഭാവം ത്യജിക്കാനോ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അതിനാൽ മനുഷ്യനോ മറ്റൊന്നോ ആയിത്തീരാൻ അഥവാ അവതരിക്കാൻ ദൈവത്തിന് കഴിയില്ല. 

ദൈവം, ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, പഴയപുതിയനിയമങ്ങളിൽ അനേകർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവൻ മോശെ മുതൽ മലാഖിവരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ പലനിലകളിൽ വെളിപ്പെട്ടതായി കാണാം. (പുറ,6:3). അതെങ്ങനെ സാദ്ധ്യമാകും? ക്രിസ്തു ദൈവത്തിൻ്റെ അവതാരമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവം അവതരിച്ചിട്ടില്ലെന്ന് മാത്രമല്ല; അവതരിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ, 1:17; മലാ, 3:6). ബൈബിളിലെ സത്യദൈവത്തിന് വെളിപ്പാട് അഥവാ പ്രത്യക്ഷതയാണുള്ളത്. അവതാരം (incarnation) എന്നൊരു പദമോ ആശയമോ ബൈബിളില്ല; വെളിപ്പാട് അഥവാ പ്രത്യക്ഷത (manifestation) ആണുള്ളത്. യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽ പറയുന്നത്: ദൈവം ജഡമായ കാര്യമല്ല; ദൈവത്തിൻ്റെ വചനം ജഡമായ കാര്യമാണ്. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യം പ്രത്യക്ഷതയെന്ന് പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിൽ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ കാണാം; എന്നാൽ ഇവിടെ നാം ചിന്തിക്കുന്നത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന നിലയിയിലുള്ള പ്രത്യക്ഷതയെക്കുറിച്ചാണ്. (ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളും കാണാൻ: യഹോവയുടെ പ്രത്യക്ഷതകൾ)

I. പിതാവ്: അദൃശ്യനായ ദൈവം സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും യഹോവയെന്ന നാമത്തിലും മനുഷ്യസാദൃത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. ഇതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത.

അദൃശ്യനായ ദൈവം (Invisible God): അദൃശ്യനായ ദൈവമെന്ന പ്രയോഗത്തിന്റെ ബൈബിൾ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.’ (യോഹ, 1:18; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ഇത് ബൈബിളിലെ അവസാനത്തെ പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ്റെ സാക്ഷ്യമാണ്. അപ്പോൾ പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? സർവ്വശക്തിയുള്ള ദൈവമായി പൂർവ്വ പിതാക്കന്മാർക്ക് വെളിപ്പെട്ട ദൈവം ആരാണ്? മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതാരാണ്?  (പുറ, 6:3), കൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:2-8) തുടങ്ങി പലരും കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും? ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ അഥവാ സർവ്വവ്യാപിയും കൂടിയാണ്. (1തിമൊ, 1:17; യിരെ, 23:23,24). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). സർവ്വവ്യാപിയും അദൃശ്യനും ആത്മാവുമായ ദൈവത്തിന് ഒരു രൂപമുണ്ടോ? ആരുമൊരുനാളും കണ്ടിട്ടില്ലാത്തതും കാണ്മാൻ കഴിയാത്തവനുമെന്ന പ്രയോഗം അദൃശ്യദൈവം അരൂപിയാണെന്നും വ്യക്തമാക്കുന്നു. ഇനി, അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു രൂപമുണ്ടെന്ന് വാദിച്ചാൽത്തന്നെ, ആ രൂപം പ്രപഞ്ചത്തോളം വലുതായിരിക്കില്ലേ? അപ്പോഴും ആ രൂപം ദൂതന്മാർക്കും മനുഷ്യർക്കും അഗോചരമായിരിക്കും അഥവാ അവരുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കാന്‍ കഴിയില്ല. എന്നാൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഭക്തന്മാർ സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ കൃത്യമായി കണ്ടതാണ്; ദൂതന്മാർ നിത്യം അവൻ്റെ മുഖം കണ്ടാരാധിക്കുകയാണ്. അദൃശ്യദൈവത്തെയാണ് അവരൊക്കെ കണ്ടതും കണ്ടുകൊരിക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ; അതിനാൽ, അത് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമാക്കിയാൽ; ദൈവം അദൃശ്യനും സർവ്വവ്യാപിയും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, അവന് നിത്യവും പ്രത്യക്ഷവുമായ ഒരു പ്രതിമ അഥവാ ദൃശ്യമായ രൂപമുണ്ടെന്ന് വ്യക്തം.

പിതാവിൻ്റെ ശബ്ദം കേട്ടിട്ടില്ല; രൂപം കണ്ടിട്ടില്ല: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” (യോഹ, 5:37). യേശുവിൻ്റെ മേല്പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ നിത്യമായൊരു പ്രത്യക്ഷത ഇല്ലെന്നും പിതാവിനെ ആരുമൊരുനാളും കാണുകയോ അവൻ്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ട്. യോഹന്നാൻ്റെ എഴുത്തുകളിൽത്തന്നെ “ദൈവത്തെ ആരും ഒരുനാളും കണ്ടില്ല” (No one has seen God at any time) എന്നും (യോഹ, 1:18; 1യോഹ, 4:12), “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല” (You have never heard his voice nor seen his form) എന്നിങ്ങനെ ഇരുവിധ പ്രയോഗങ്ങളുണ്ട്. (യോഹ, 5:37). ഇവ രണ്ടുംതമ്മിൽ ഭാഷാപരമായും ബൈബിൾ പ്രകാരവും പ്രകടമായ വ്യത്യാസമുണ്ട്. ഒന്നാമത്തത്, എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ അഥവാ മനുഷ്യരെ ഉദ്ദേശിച്ചും അദൃശ്യനായ ദൈവത്തെക്കുറിച്ചുമാണ്. രണ്ടാമത്തത്, സുവിശേഷ ചരിത്രകാലത്തെ യെഹൂദന്മാരെ ഉദ്ദേശിച്ചും, ഏകദേശം നാനൂറ് വർഷക്കാലം അവർക്ക് വെളിപ്പെടാതെയും അവരോട് സംസാരിക്കാതെയും ഇരിക്കുന്ന അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവപിതാവിനെ കുറിച്ചുമാണ്. അതായത്, യോഹന്നാൻ്റെ പ്രയോഗം: അദൃശ്യനായ ദൈവത്തെക്കുറിച്ചും; യേശുവിൻ്റെ പ്രയോഗം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിനെക്കുറിച്ചുമാണ്. അദൃശ്യദൈവത്തെ നിങ്ങളാരും കണ്ടിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരുടെ പിതാക്കന്മാർക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും അവരോടു സംസാരിച്ചതും അവർക്ക് ന്യായപ്രമാണത്തിൽ നിന്ന് അറിവുള്ളവരുമാണ്. (യോഹ, 9:21).

നാലു തെളിവുകൾ: യേശുവിൻ്റെ വാക്കുകൾ അക്കാലത്തെ യെഹൂദന്മാരോട് മാത്രമുള്ളതാണെന്നതിൻ്റെ നാല് തെളിവുകൾ കൂടി തരാം: ഒന്ന്; ഭാഷാപരമായി രണ്ടു പ്രയോഗങ്ങളും വ്യത്യസ്തമാണ്; അതിനാൽ, ദൈവത്തിന് കാണാൻ കഴിയുന്ന അഥവാ സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷമായിരിക്കുന്ന ഒരു ദൃശ്യരൂപമില്ലെങ്കിൽ, “നിങ്ങൾ അവനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നല്ല; ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന ഒന്നാമത്തെ വാക്യംശംതന്നെ യേശുവും ആവർത്തിക്കുമായിരുന്നു. രണ്ട്: എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നും സ്വർഗ്ഗസിംഹാസനത്തിൽ ഒരുത്തൻ ഇരിക്കുന്നുവെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; 23:22). ‘സ്വർഗ്ഗസ്ഥനായ പിതാവു’ എന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതും നോക്കുക. (മത്താ, 5:16; 5:45). ഇതൊന്നും അദൃശ്യനായ ദൈവത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണല്ലോ. മൂന്ന്; “മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു;” എന്ന് യെഹൂദന്മാർ സൗഖ്യമായ കുരുടനോട് പറഞ്ഞതായി കാണാം. (യോഹ, 9:29). “നിങ്ങൾ അവൻ്റെ ശബ്ദം ഒരുനാളും കേട്ടില്ലെന്നു” യേശുപറഞ്ഞത് എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ കുറിച്ചാണെങ്കിൽ, ന്യായപ്രമാണത്തിനു വിരോധമായി സംസാരിച്ചുവെന്ന് പറഞ്ഞ് അവർ അവനെ ഉപദ്രവിക്കുമായിരുന്നു. നാല്; പഴയനിയമത്തിൽ ഉല്പത്തിമുതൽ മലാഖിവരെ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും സംസാരിക്കുകയും ചെയ്ത ദൈവപിതാവ് പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം സംസാരിക്കുന്നതായി കാണാം: യേശുവിൻ്റെ സ്നാനത്തിൽ: (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22), മറുരൂപമലയിൽ (ഉയർന്ന മലയിൽ): (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35), ദൈവാലയത്തിൽ: (യോഹ, 12:28). ഇതിൽ ആദ്യത്തെ ശബ്ദം, യോഹന്നാൻ സ്നാപകനും; അടുത്ത രണ്ടുശബ്ദം അപ്പൊസ്തലന്മാരും കേട്ടതാണ്. ദൈവപിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (2പത്രൊ, 1:17). അപ്പോൾ, “അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല” എന്ന പ്രയോഗം എല്ലാക്കാലത്തുമുള്ള യെഹൂദന്മാരോടല്ലെന്നും, അക്കാലത്തെ യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ഒഴികെയുള്ള ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ.  അതിനാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവത്തെക്കുറിച്ചല്ല; സ്വർഗ്ഗത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമഭക്തന്മാർ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചാണ് യേശു യെഹൂദന്മാരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം. നാനൂറോളം വർഷമായി ദൈവദർശനം കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ തലമുറയോടാണത് പറഞ്ഞതെന്നും ഓർക്കണം.

സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവപിതാവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി പറയാം:

1. സ്വർഗ്ഗത്തിൽ വസിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീ, 2:4). “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1). “നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (ആവ, 26:15). ‘സ്വർഗ്ഗസ്ഥൻ’ എന്ന പദം പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചുകാണാം. ഉദാ: (2ദിന, 20:6; സങ്കീ, 136:26; വിലാ, 3:41; മത്താ, 5:16; 5:45; 6:9). ‘സ്വർഗ്ഗസ്ഥൻ’ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. ‘സ്വർഗ്ഗസ്ഥനായ ദൈവം’ (2ദിന, 20:6), ‘സ്വർഗ്ഗസ്ഥനായ രാജാവു’ (ദാനീ, 4:37), ‘സ്വർഗ്ഗസ്ഥനായ കർത്താവു’ (ദാനീ, 5:23), ‘സ്വർഗ്ഗീയ പിതാവു’ (മത്താ, 5:48), ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവു’ (മത്താ, 6:14), ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 12:50). അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമായ ദൈവത്തിന് ഒരു വാസസ്ഥലം ആവശ്യമില്ല. അതിനാൽ ‘സ്വർഗ്ഗത്തിൽ വസിക്കുന്നവൻ’ എന്ന പ്രയോഗം അദൃശ്യദൈവത്തെയല്ല; സ്വർഗ്ഗത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.

2. സിംഹാസനത്തിൽ ഇരിക്കുന്നു: യേശു: “സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:22). മീഖായാവ്:  “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു;” (യെശ, 6:1). യെഹെസ്ക്കേൽ: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (1:28). ദാനീയേൽ: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). യോഹന്നാൻ: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). അദൃശ്യനായദൈവം ഒരു സിംഹാനത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യനായവൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. 

3. യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). അദൃശ്യനായ ദൈവമാണ് തൻ്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ദൂതന്മാരെയും മനുഷ്യരെയും ഭരിക്കുന്നു എന്നു വിചാരിക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ്, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷരൂപം സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് സകലത്തെയും ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നത്.

4. ദൂതന്മാരുടെ മദ്ധ്യത്തിൽ: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശ, 6:2). “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരൊക്കെ ദൂതസഞ്ചയത്തിൻ്റെ മദ്ധ്യേ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് കണ്ടത്. (1രാജാ, 22:19; 2ദിന,18:18; 6:1-5; 1:26-28; 7:9,10; വെളി, 4:2-8). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവം ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

5. സിംഹാസനത്തിലെ രൂപം: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ പ്രവാചകൻ സിംഹാസനത്തിൽ കണ്ട രൂപത്തിന് മനുഷ്യസാദൃശ്യമായിരുന്നു. “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യദൈവമായ യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷതായായിരുന്നു മനുഷ്യസാദൃശ്യത്തിൽ പ്രവാചകൻ കണ്ടത്. എട്ടാമദ്ധ്യായത്തിലും മനുഷ്യസാദൃത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ.നോ: 1:26,27). പത്താം അദ്ധ്യായതിലും ഒരു രൂപത്തെ കണ്ടു: “അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.” (യെഹെ, 10:1). ദാനീയേൽ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). മീഖായാവ്: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതും (1രാജാ, 22:19), യെശയ്യാവ്: കർത്താവ് സിഹാസനത്തിൽ ഇരിക്കുന്നതും (6:1), യോഹന്നാൻ കണ്ടത്: സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും അവനെ സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ സ്തുതിക്കുന്നതുമാണ്. (വെളി, 4:2,8). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരെല്ലാം സിഹാസനവും അതിലൊരു രൂപവും കണ്ടു; ആ രൂപത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും വ്യക്തമാക്കുന്നു; ആ രൂപം രാപ്പകൽ അഥവാ നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്. അത് അദൃശ്യദൈവമല്ല; ദൈവത്തിന്റെ പ്രത്യക്ഷതയായ രൂപമാണെന്ന് മനസ്സിലാക്കാമല്ലോ.

6. ശരീരഭാഗങ്ങൾ: ദൈവത്തിന് മനുഷ്യസാദൃശ്യം മാത്രമല്ല; അവയവങ്ങളും ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: മുഖം: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.” (സങ്കീ, 11:7). മോശെയോടു “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ലെന്ന് യഹോവ പറയുന്നു. (പുറ, 33:20). ഇല്ലാത്തൊരു മുഖമാണെങ്കിൽ കാണാൻ കഴില്ലെന്ന് പറയേണ്ടതില്ലല്ലോ? “കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12). കണ്ണുകൾ: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” (സങ്കീ, 11:). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). വായ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4). “യഹോവയുടെ വായിൽനിന്നുള്ള വചനം.” (2ദിന, 36:12). “യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശ, 1:20). ചെവി: “ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.” (2ദിന, 7:15; 6:40). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). കൈ: “എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറ, 33:22,23). “ഞാൻ കൈകൊട്ടും.” (യെഹെ, 22:13). കൈവിരൽ: “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18; ആവ, 9:10). കാൽ: “അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും.” (സെഖ, 14:4). “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). അദൃശ്യദൈവത്തിനും ശരീരഭാഗങ്ങൾ ഉണ്ടെന്ന് ആലങ്കാരികമായി പറയാവുന്നതാണ്. എന്നാൽ അദൃശ്യനായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യരൂപത്തെ ഭക്തന്മാർ പലരും കണ്ടതായി വ്യക്തമായിട്ട് രേഖപ്പെടുത്തിയിരിക്കെ, പ്രത്യക്ഷനായിരിക്കുന്നവൻ്റെ ശരീരഭാഗങ്ങളെക്കുറിച്ചാണ് ബൈബിൾ വർണ്ണിച്ചിരിക്കുന്നതെന്ന് വിചാരിക്കുന്നതല്ലേ യുക്കമായിട്ടുള്ളത്.

7. സ്വർഗ്ഗത്തേക്കു നോക്കി: യേശു, അപ്പം വർദ്ധിപ്പിച്ചപ്പോഴും ചെകിടനെ സൗഖ്യമാക്കിയപ്പോഴും സ്വർഗ്ഗത്തേക്കു നോക്കിയതായി കാണാം: “ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19; മർക്ക, 6:41; ലൂക്കൊ, 9:16). “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.” (മർക്കൊ, 7:34). സ്വർഗ്ഗത്തേക്കു നോക്കി പിതാവിനോടു സംസാരിച്ചതായും കാണാം. (യോഹ, 17:1). മുടിയനായ പുത്രൻ, സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു പറഞ്ഞുകൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതായി കാണാം. (ലൂക്കോ, 18:13). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവത്തെക്കാണാൻ ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കേണ്ടതില്ലല്ലോ? അതിനാൽ, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം വസിക്കുന്ന സ്വർഗ്ഗത്തേക്കാണ് നോക്കിയതെന്ന് മനസ്സിലാക്കാം.

8. പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). തൻ്റെ ഐഹികജീവകാലത്ത് യേശു പറഞ്ഞതാണിത്. ദൂതന്മാർ മാത്രമല്ല പിതാവിനെ കാണുന്നത്; മീഖായാവ് കണ്ടു (1രാജാ, 22:19), യെശയ്യാവ് കണ്ടു (6:1,5), യെഹെസ്ക്കേൽ കണ്ടു (1:28), ദാനീയേൽ കണ്ടു (7:9), യോഹന്നാനും കണ്ടു. (വെളി, 4:2). ദൂതന്മാൻ ദൈവത്തിൻ്റെ മുഖംകണ്ട് നിത്യം അവനെ ആരാധിക്കുകയാണ്. (യെശ, 6:1-5; വെളി, 4:2-8). അദൃശ്യനായ ദൈവത്തെയാണ് ദൂതന്മാർ നിത്യം മുഖംകണ്ട് ആരാധിക്കുന്നതെന്നും, ഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ടതെന്നും പറയാൻ കഴിയില്ല. അതിനാലത്, അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

9. സ്വരൂപവും സാദൃശ്യവും: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;” (ഉല്പ, 1:26). “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,” (ഉല്പ, 1:27). “ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പ, 9:6. ഒ.നോ: ഉല്പ, 5:1; യാക്കോ, 3:9). സ്വരൂപവും (image) സാദൃശ്യവും (likeness) പര്യായങ്ങളാണ്. പ്രതിബിംബം, പ്രതിച്ഛായ, പ്രതിമ, പ്രതിരൂപം, സ്വരൂപം, തത്സ്വരൂപം, സമാനത, സാദൃശ്യം, സാമ്യം എല്ലാം ഒന്നുതന്നെയാണ്. ദൈവത്തിൻ്റെ സ്വരൂപത്തെക്കുറിച്ച് ദൈവശാസ്ത്രം പറയുന്നത്; “ദൈവത്തെ സംബന്ധിച്ചിടത്തോളം സ്വരൂപം ഭൗതികമായ രൂപത്തെ വിവക്ഷിക്കുന്നില്ല. ദൈവികഗുണങ്ങളായ ആണ്മ (Masculinity) അദൃശ്യത (invisibility), അപ്രമേയത്വം (immensity), അനന്യത്വം (immutability), നിത്യത്വം (eternity), പരമാധികാരം (Sovereignty), സര്‍വ്വജ്ഞത്വം (Omniscience), സർവ്വവ്യാപിത്വം (Omnipresence), സർവ്വശക്തി (almighty) തുടങ്ങിയവയാണ് ദൈവത്തിൻ്റെ സ്വരൂപലക്ഷണങ്ങൾ എന്നാണ്.” ദൈവത്തിന് പ്രദേയഗണങ്ങളും അപ്രദേയഗുണങ്ങളുമുണ്ട്. മനുഷ്യരുമായി പങ്കുവെക്കാൻ കഴിയുന്നത് അഥവാ മനുഷ്യർക്കു പകർന്നുകൊടുക്കാൻ കഴിയുന്നതും കഴിയാത്തതുമായ ഗുണങ്ങൾ. ദൈവത്തിൻ്റെ സ്വരൂപമെന്ന് ദൈവശാസ്ത്രം പഠിപ്പിക്കുന്ന മേല്പറഞ്ഞതിൽ ആണ്മ അഥവാ പൗരുഷം ഒഴികെ ബാക്കിയെല്ലാം ദൈവത്തിൻ്റെ അപ്രദേയ ഗുണങ്ങളാണ്. അതിലൊന്നുപോലും മനുഷ്യർക്കില്ലെന്ന് മനസ്സിലാക്കാം. ആണ്മയാകട്ടെ, കേവലം ആന്തരിക ഗുണമാണെന്ന് പറയാൻ കഴിയില്ല; ആന്തരികം എന്നതിനെക്കാൾ അതൊരു ബാഹ്യഗുണമാണ്. നിത്യത്വം മനുഷ്യർക്കുണ്ടെങ്കിലും, ദൈവത്തെപ്പോലയല്ല; ദൈവത്തിന് ആരംഭവും അവസാനവുമില്ല; മനുഷ്യർക്ക് ആരംഭമുണ്ട് അവസാനമില്ല. അങ്ങനെ ചിന്തിക്കുമ്പോൾ, സ്നേഹം, സന്തോഷം, സമാധാനം, ദയ, കരുണ പോലെയുള്ള ദൈവത്തിൻ്റെ പ്രദേയ ഗുണങ്ങളിലും  ബാഹ്യരൂപത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം. സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയ്ക്ക് ഒരു രൂപമുണ്ടെന്നും ആ രൂപം മനുഷ്യസദൃശ്യമാണെന്നും ബൈബിൾ പറയുമ്പോൾ, ദൈവം തൻ്റെ ആ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ. ഒരു തെളിവുകൂടി: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെ സ്വരൂപവും സാദൃശ്യവും എന്ന് പറയുന്നത്; ആന്തരിക ഗുണങ്ങളെക്കാളധികം ബാഹ്യസ്വരൂപത്തിനാണല്ലോ ചേരുന്നത്. അദൃശ്യദൈവം തൻ്റെ സ്വരൂപത്തിൽ ആദാമിനെ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ് ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം തൻ്റെ സ്വരൂപമായ മനുഷ്യസാദൃശ്യത്തിൽ ആദാമിനെ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്!

10  അദൃശ്യദൈവത്തിൻ്റെ പ്രതിമ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). “ദൈവപ്രതിമയായ ക്രിസ്തു.” (2കൊരി, 4:4). “വരുവാനുള്ളവൻ്റെ പ്രതിരൂപമായ ആദാം” അഥവാ യേശുവിൻ്റെ പ്രതിരൂപമായ (figure) ആദാം. (റോമ, 5:14. ഒ.നോ: 8:29; 1കൊരി, 15:49; 2കൊരി, 3:18). സത്യവേദപുസ്തകത്തിൽ സ്വരൂപമെന്നും പ്രതിമയെന്നും തർജ്ജമ ചെയ്തിരിക്കുന്നത് ഐകൊൻ (eikon – image) എന്ന പദത്തെയാണ്. (മത്താ, 22:20; മർക്കൊ, 12:16; ലൂക്കൊ, 20:24; 2കൊരി, 3:18; 4:4; കൊലോ, 1:15: 3:10). യെഹെസ്ക്കേൽ ദൈവാലയത്തിൽ തീക്ഷ്ണതാ ബിംബത്തിൻ്റെ ഇരിപ്പിടമാണെന്ന് പറഞ്ഞിട്ടുണ്ട്. (8:3). മേല്പറഞ്ഞ തെളിവുകൾ പ്രകാരം: അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമായവനാണ് മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട കർത്താവായ ക്രിസ്തുവെന്ന് മനസ്സിലാക്കാം. യേശുവിനെ എബ്രായ ലേഖകൻ തേജസ്സിൻ്റെ പ്രഭയെന്നും തത്വത്തിൻ്റെ മുദ്രയെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (എബ്രാ, 1:3). തേജസ്സിൻ്റെ പ്രഭ മറ്റൊരു വ്യക്തിയാണെന്നും തത്വത്തിൻ്റെ മുദ്ര അഥവാ ദൈവസത്തയുടെ പ്രതിരൂപം മറ്റൊരു വ്യക്തിയാണെന്നും പറയാൻ പറ്റില്ലല്ലോ. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപംചെയ്തതു മൂലമാണ് സ്രഷ്ടാവിൻ്റെ തേജസ്സ് അവന് നഷ്ടമായത്. ക്രിസ്തുവിലൂടെ പാപമോചനം ലഭിച്ച നാം ഇനി പൂർവ്വാവസ്ഥയിലേക്ക് അഥവാ ഏദെന്യ അവസ്ഥയിലേക്കാണ് (ആദാമിൻ്റെ പാപപൂർവ്വ അവസ്ഥ) തിരികെ പോകുന്നതെന്ന് സ്പഷ്ടമാണല്ലോ. നാം യേശുക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുമെന്നും (റോമ, 8:29) ക്രിസ്തുവെന്ന ദൈവപ്രതിമയോടു അതേ പ്രതിമയായി രൂപാന്തരപ്പെടുമെന്നും പറഞ്ഞിരിക്കയാൽ (2കൊരി, 3:18; കൊലൊ, 3:10), അദൃശ്യദൈവത്തിൻ്റെ ദൃശ്യപ്രതിമയായി സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന യഹോവയായ ദൈവം തന്നെയാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാമല്ലോ. അദൃശ്യദൈവത്തിന് രണ്ട് പ്രതിമയുള്ളതായി ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്തതിനാൽ; യഹോവയും യേശുവും ഒരാളുതന്നെയാണെന്ന് സ്പഷ്ടം.

11. ആദ്യജാതൻ: “യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു..(കൊലൊ, 1:15). അവൻ അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപമെന്ന നിലയിൽ ആദ്യജാതനാണ്. ആദ്യജാതൻ (firstborn) എന്ന പദത്തിനു; ആദ്യംജനിച്ച, കടിഞ്ഞൂലായ, പ്രഥമസന്തതി, മൂത്തപുത്രൻ എന്നൊക്കെയാണ് അക്ഷരാർത്ഥം. എന്നാൽ അതൊരു പദവിയായിട്ടും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേലും (പുറ, 4:22), എഫ്രയീമും (യിരെ, 31:9) ദൈവത്തിൻ്റെ ആദ്യജാതന്മാരാണ്. ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). പഴയനിയമഭക്തന്മാരേ ആദ്യജാതന്മാരുടെ സഭ എന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (എബ്രാ, 12:23). മേല്പറഞ്ഞതൊന്നും അക്ഷരാർത്ഥത്തിലല്ലെന്ന് മനസ്സിലാക്കാമല്ലോ. യേശുക്രിസ്തു അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് ദൈവത്തിൻ്റെ ആദ്യജാതനെന്ന് ആ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. സർവ്വതും സൃഷ്ടിക്കും മുമ്പെ ഈ പ്രതിമയുണ്ടല്ലോ. “അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:17). അവൻ സർവ്വസൃഷ്ടിക്കും മുമ്പെയുള്ളവനാണ്. സകലത്തിനും ആധാരവുമാണ്. സർവ്വവും അദ്ദേഹം മൂലം നിലനില്ക്കുന്നു; അവനിൽ സമസ്തവും സ്ഥിതി ചെയ്യൂന്നു; സകലത്തെയും നിലനിർത്തുന്നത് അവനാണ്; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു; എന്നിങ്ങനെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. “സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ” എന്ന് എബ്രായലേഖകൻ പറയുന്നതും കുറിക്കൊള്ളുക. (എബ്രാ, 1:3). അവൻ അദൃശ്യദൈവത്തിൻ്റെ ദൃശ്യപ്രതിമയും സർവ്വസൃഷ്ടിക്കും മുമ്പെയുള്ളവനും സകലത്തെയും സൃഷ്ടിച്ചവനും അവനിൽ സമസ്തവും നിലനില്ക്കുന്നതുകൊണ്ടും അവൻ സകലത്തെയും പരിപാലിക്കുന്നതുകൊണ്ടുമാണ് ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

12. ദൈവസൃഷ്ടിയുടെ ആരംഭം: “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു യേശൂവിനെ വിശേഷിപ്പിച്ചിരിക്കയാൽ, ദൈവം ആദ്യമായി യേശുവിനെ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നവരുണ്ട്. Beginning എന്ന പദത്തിനു ആരംഭം, തുടക്കം, മൂലം, ആദികാരണം, മൂലാധാരം എന്നൊക്കെ അർത്ഥമുണ്ട്. ‘ദൈവസൃഷ്ടിയുടെ തലവൻ‘ എന്നാണ് വിശുദ്ധഗ്രന്ഥം പരിഭാഷ. The Source of the Creation of God. (Aramaic Bible in Plain English), The Chief of the creation of God. (Literal Standard Version), The ruler of God’s creation. (New International Version), The Originator of God’s creation. (Berean Study Bible), The Head of God’s creation. (New Heart English Bible), Highest ruler of God’s creation. (Free Bible Version), I am the one by whom God created all things. (Translation for translators) എന്നിങ്ങനെയാണ് ഇംഗ്ലീഷിലെ ചില പരിഭാഷകൾ. എന്നുവെച്ചാൽ, അവൻ ആരംഭമായി സൃഷ്ടിക്കപ്പെട്ടെന്നല്ല; സൃഷ്ടിക്ക് കാരണഭൂതനെന്നാണ്. ”യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം” എന്നു പറഞ്ഞാൽ (സങ്കീ, 111:10; സദൃ, 1:7); ”യഹോവഭക്തി ജ്ഞാനത്തിൻ്റെ തുടക്കം, ഉത്ഭവം” എന്നല്ലല്ലോ; “യഹോവഭക്തി ജ്ഞാനത്തിനാധാരം അഥവാ, ജ്ഞാനത്തിനു കാരണം” എന്നല്ലേ? അവൻ അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയും ദൃശ്യപ്രതിമയുമാണ്; സർവ്വസൃഷ്ടിക്കും ആധാരവും അവനാണ്: “അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നതും നോക്കുക. (കൊലൊ, 1:17).സകലവും സൃഷ്ടിച്ചതും അവനാണ്. (എബ്രാ, 1:10). അതിനാലാണ് അവനെ ദൈവസൃഷ്ടിയുടെ ആരംഭം എന്ന് വിശേഷിപ്പിക്കുന്നത്.

13. സ്രഷ്ടാവായ ദൈവം: “യഹോവ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 20; 44:24). താൻ ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ ആർ തൻ്റെകൂടെ ഉണ്ടായിരുന്നുവെന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 24:44). എന്നാൽ 45-ാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട്, ആകാശഭൂമികൾ സൃഷ്ടിച്ച കർത്താവ് അഥവാ യഹോവ ക്രിസ്തുവാണെന്ന് എബ്രായലേഖകൻ വ്യക്തമാക്കുന്നു. “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ 1:10; സങ്കീ, 102:25). രണ്ട് ദൈവമോ, ദൈവത്തിൽ രണ്ട് വ്യക്തികളോ ഇല്ലാത്തതിനാൽ, യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് മനസ്സിലാക്കാമല്ലോ.  അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). അതിനാലാണ് വരുവാനുള്ളവൻ്റെ പ്രതിരൂപമാണ് ആദാമെന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 5:14). ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും. (ഉല്പ, 1:26,27; 2:7; റോമ, 5:14). 

14. യേശുക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ടു: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (കൊലൊ, 1:15,16). അവൻ അദൃശ്യദൈവത്തിൻ്റെ പ്രതിമയാണെന്ന് പറഞ്ഞശേഷമാണ്; ദൃശ്യമായതും അദൃശ്യമായതുമെല്ലാം അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയും പ്രതിമയുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനാണ് സൃഷ്ടികർത്താവ് എന്നതിനാൽ; അവൻ സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും അവൻ മുഖാന്തരം സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും ശരിയാണ്. അവൻ ദൈവതേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയുമാകയാൽ; ‘അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി’ എന്നു പറഞ്ഞാലും ശരിയാണ്. (എബ്രാ, 1:2,3). യഹോവ ആദിയിൽ മനുഷ്യനൊഴികെ സകലവും സൃഷ്ടിച്ചത് ‘ഉളവാകട്ടെ’ എന്നിങ്ങനെ തൻ്റെ വചനം കൊണ്ടാണ്. (ഉല്പ, 1:27; സങ്കീ, 33:6). അതിനാൽ ‘അവൻ മുഖാന്തരം അഥവാ വചനം മുഖാന്തരം സകലവും ഉളവായി’ എന്നു പറഞ്ഞാലും ശരിയാണ്. (യോഹ, 1:3,10). അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയായ യേശുക്രിസ്തുവാണ് സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നുകൊണ്ട് സകലവും സൃഷ്ടിക്കുന്നത്; അതിനാലാണ് അവൻ മുഖാന്തരം സകലവും സൃഷ്ടിക്കപ്പെട്ടുവെന്ന് പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നത്. (കാണുക: വചനം ദൈവം ആയിരുന്നു)

15. മൂവുലകരുടെയും മുഴങ്കാൽ മടങ്ങുന്നവൻ: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:10,11). ആരുമൊരുനാളും കണ്ടിട്ടില്ലാത്ത കാണ്മാൻ കഴിയാത്ത അദൃശ്യദൈവത്തെ കാണാനോ, അവൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കാനോ ആർക്കും കഴിയില്ല; അദൃശ്യദൈവത്തിൻ്റെ പ്രതിമയായ യേശുക്രിസ്തുവിൻ്റെ മുമ്പിലാണ് സകലരുടെയും മുഴങ്കാൽ മടങ്ങുന്നത്. അപ്പോൾ അദൃശ്യനായ ദൈവപിതാവിന് മഹത്വമുണ്ടാകും. ഇതുതന്നെയാണ് യെശയ്യാവിൽ യഹോവ പറയുന്നതും: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). യഹോവയും യേശുവും ഒരാളാണന്ന് വ്യക്തമായല്ലോ. “എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25,26). ഇയ്യോബിന്റെ പ്രത്യാശ വെറുതയല്ല. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമയായ യേശുക്രിസ്തുവിനെ ഇയ്യോബ് മാത്രമല്ല; ഏകദൈവത്തിൽ പ്രത്യാശവെച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും സ്വന്തകണ്ണുകൊണ്ട് കാണുകയും വീണ് നമസ്കരിക്കുകയും ചെയ്യും. യേശുവിനെ ഏകസത്യദൈവമായി അംഗീകരിക്കാത്തവരുടെ കാര്യം പിന്നെന്തായിത്തീരും എന്നറിയില്ല.

മേല്പഞ്ഞ വസ്തുതകളുടെ സ്ഥിരീകരണമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദർശനം: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). സ്തെഫാനോസ് പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തികളെയാണ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് കരുതുന്നവരുണ്ട്; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്. അപ്പോൾ അദൃശ്യനായ ദൈവം ആരാണെന്ന് പറയും? എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വം അഥവാ തേജസ്സാണ് കണ്ടത്. സത്യവേദപുസ്തകം നൂതന പരീഭാഷയിൽനിന്ന് ആ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” അതായത്, അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്ത് അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യഹോവ അഥവാ യേശുവിനെയുമാണ് കണ്ടത്. പഴയനിയമ ഭക്തന്മാർ കണ്ട യഹോവയും യേശുവും ഒരാളാണെന്നതിന് കൃത്യമായ ഒരു തെളിവുകൂടിതരാം: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്; “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). സകല ജഡത്തിന്റെയും ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചുകൊടുത്തതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. (ലൂക്കൊ, 23:46). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ലല്ലോ? “ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞത്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). പ്രത്യക്ഷനായ മനുഷ്യൻ അപ്രത്യക്ഷനായാൽ പിന്നെ, മറ്റൊരു വ്യക്തിയായും മനുഷ്യനായും ഉണ്ടാകില്ല; ദൈവം മാത്രമാണ് എന്നേക്കും ഉള്ളവൻ. (തീത്തൊ, 2:12; എബ്രാ, 13:8). സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കയ്യിൽത്തന്നെയാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. (കാണുക: സ്തെഫാനോസ് കണ്ട ദർശനം)

II. മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി.” (ഉല്പ, 18:1)  “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:16). ദൈവത്തിന് പഴയനിയമത്തിലും പുതിയനിയമത്തിലുമായി രണ്ട് മനുഷ്യപ്രത്യക്ഷതയുണ്ട്:

പഴയനിയമത്തിലെ പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. ഒൻപത് പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

ഇനിയും തെളിവുണ്ട്: അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). 

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). പഴയനിയമത്തിൽ മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായവൻ തന്നെയാണ് പുതിയനിയമത്തിലും പ്രത്യക്ഷനായതെന്നതിന് കൃത്യമായ തെളിവ് യേശുവിൻ്റെ വാക്കുകളിലുണ്ട്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). അബ്രാഹാം കണ്ടു സന്തോഷിച്ചവൻ തന്നെയാണ് യെഹൂദന്മാരോടിത് പറഞ്ഞത്. യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ കുറിച്ചുള്ള പ്രവചനവും [വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്; ആ സന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുത്ത കൊടുക്കുന്ന സന്തതിയാണ് യേശുക്രിസ്തു] പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിന് പൂർവ്വാസ്തിത്വമോ (pre-existence) നിത്യാസ്തിക്യമോ (Eternity)  ഇല്ലായിരുന്ന എന്നല്ല മേൽപ്പറഞ്ഞതിൻ്റെ സാരം. ദൈവപുത്രനെന്ന നിലയിലല്ല അവൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിക്യവും സ്ഥിതിചെയ്തിരുന്നത്; സാക്ഷാൽ യഹോവയായ ദൈവമെന്ന നിലയിലാണ്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം അവതരിച്ചതല്ല ക്രിസ്തു; പ്രത്യുത, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ് ക്രിസ്തു. (1തിമൊ, 3:14-16). ദൈവം മാറാത്തവനും ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാകയാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല; വെളിപ്പാട് അഥവാ പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്. (മലാ, 3:6; യാക്കോ, 1:17). അതാണ് ദൈവഭക്തിയുടെ അഥവാ ആരാധനാ ജീവിതത്തിൻ്റെ രഹസ്യം. (1തിമൊ, 3:14-16). ഒന്നുകൂടി പറഞ്ഞാൽ; യേശുവെന്ന അഭിഷിക്തമനുഷ്യൻ എന്നേക്കുമുള്ളവനല്ല; യേശുക്രിസ്തുവെന്ന മഹാദൈവമാണ് ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യൻ. (തീത്തൊ, 2:12; എബ്രാ, 13:8). യേശുവെന്ന ക്രിസ്തുവിന് മനുഷ്യനെന്ന നിലയിൽ ഉത്ഭവമുണ്ട്; അതിനെയാണ്, പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി (മത്താ, 1:20), കന്യക ഗർഭിണിയായി മകനെ പ്രസവിച്ചു (മത്താ, 1:22); വചനം ജഡമായിത്തീർന്നു (യോഹ, 1:14), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു (യോഹ, 6:38), ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചു (റോമ, 8:3), യിസ്രായേലിൽനിന്നു ഉത്ഭവിച്ചവൻ (റോമ, 9:5), ന്യയപ്രമാണത്തിൻ കീഴ് ജനിച്ചവൻ (ഗലാ, 4:4), ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്തു (ഫിലി, 2:7), ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു (1യോഹ, 4:9) എന്നൊക്കെ പറഞ്ഞിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ‘ഞാനും പിതാവും ഒന്നാകുന്നു’ ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നൊക്ക ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 10:30; 14:9). ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രമേ അങ്ങനെ പറയാൻ കഴികയുള്ളു; എന്തെന്നാൽ യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത് സാക്ഷാൽ യഹോവയായ ദൈവമാണ്. പ്രത്യക്ഷ്യനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകയുമില്ല. നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിതന്നെ ആയതുകൊണ്ടാണ് അത് പറയാൻ കഴിഞ്ഞത്. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ നിവൃത്തി കൂടിയാണ് ദൈവം വീണ്ടെടുപ്പുകാരനായി ജഡത്തിൽ വെളിപ്പെട്ടത്. (ഇയ്യോ, 19:25). (കാണുക: ദൈവപുത്രൻ, ഞാനും പിതാവും ഒന്നാകുന്നു

യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; യോഹ, 1:1; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശു ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായത്. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി തന്നെത്തന്നെ ദൈവത്തിന് യാഗമാക്കിയത്. (എഫെ, 5:2; 1തിമൊ, 2:5,6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള സ്വർഗ്ഗത്തിലെ പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. ഭൂമിയിലെ പ്രത്യക്ഷതകളെല്ലാം താല്ക്കാലികമാണ്. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ദൈവപുത്രനെന്ന പദവിയിലുള്ള ജഡത്തിലെ പ്രത്യക്ഷത നിത്യമാണെങ്കിൽ (ലൂക്കൊ, 1:32,35; 1തിമൊ, 3:16; 1പത്രൊ, 1:20), അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), മേഘത്തിൽ വെളിപ്പെട്ട തേജസ്സും (പുറ, 16:10), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11) യേശുവിൻ്റെ സ്നാനസമയത്തെ പ്രാവും (മത്താ, 3:16), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3), പൗലൊസിനു വെളിപ്പെട്ട സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞ വെളിച്ചവും (പ്രവൃ, 26:13; 22:9) നിത്യമായിരിക്കണം. മനുഷ്യരുടെ പാപപരിഹാരാർത്ഥം മരിച്ചുയിർത്ത അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു അതുപോലെതന്നെ സ്വർഗ്ഗത്തുണ്ടെങ്കിൽ; മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മനുഷ്യനും ദൈവത്തിൻ്റെ മറ്റു പ്രത്യക്ഷതകളെല്ലാം സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുമിടത്തുമായി ഇരിക്കുന്നുണ്ടെന്ന് പറയണം. മേല്പറഞ്ഞ എല്ലാ പ്രത്യക്ഷതകളുടെയും ഉടയവൻ ആരാണോ അവൻ മാത്രമാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും ഇരിക്കുന്ന മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). 

പൂർവ്വപിതാക്കന്മാർക്ക് ദൈവം യഹോവയെന്ന നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). യിസ്രായേൽ ജനത്തിന് ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായിട്ടാണ് ദൈവം തൻ്റെ ഞാനാകുന്നവൻ ഞാനാകുന്നു (I will be who I will be) അഥവാ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ പ്രത്യക്ഷതയായ മനുഷ്യന് യഹോശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശു എന്ന നാമം നല്കിയത്. (മത്താ, 1:21; ലൂക്കൊ 1:31). തൻ്റെ നാമം, പിതാവിൻ്റെ നാമം തന്നെയാണെന്നും പിതാവ് തനിക്കു നല്കിയ നാമമാണെന്നും ക്രിസ്തു വെളിപ്പെടുത്തി. (യോഹ, 5:43; 10:25; 12:28; 16:6; യോഹ, 17:11,12). പരിശുദ്ധാത്മാവ് വരുന്നതും തൻ്റെ നാമത്തിലാണെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 14:26). പ്രവചനംപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ പിതാവായ ദൈവത്തിൻ്റെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെയും പേര് ഒന്നുതന്നെയായി. (യോഹ, 20:28; 1കൊരി, 8:6). അതുകൊണ്ടാണ്, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). പഴയനിയമത്തിൽ സകല ഭൂസീമാവാസികൾക്കു രക്ഷയ്ക്കായുള്ള ഏകദൈവും നാമവും യഹോവയായിരുന്നു എന്നതും കുറിക്കൊള്ളുക. (യെശ, 45:22). യഹോവയും യേശുക്രിസ്തുവും വ്യതിരിക്തരായാൽ പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോകും; ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചാൽ അതുപിന്നെ നിലനില്ക്കുകയില്ലെങ്കിൽ, വിശ്വാസവും അതുപോലെതന്നെയാണ്.

പുതിയനിയമത്തിൽ ദൈവത്തിൻ്റെ മനുഷ്യനായുള്ള പ്രത്യക്ഷത കൂടാതെ ദൈവമായുള്ള പ്രത്യക്ഷതകളും പലപ്രാവശ്യമുണ്ട്. ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും മറ്റൊരു വ്യക്തിയുമായിരുന്നു. സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ അഭിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്ന് പിതാവിനെയും ചേർത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 8:29; 16:32). യോർദ്ദാനിലെ സ്നാനംമുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു; അതിനാലാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞത്. (മത്താ, 3:16; യോഹ, 3:2;  പ്രവൃ, 10:38). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അതിനാൽ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. പുനരുത്ഥാനശേഷം യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയതോടുകൂടി മനുഷ്യനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷയ്ക്കു വിരാമമായി; വീണ്ടും പ്രത്യക്ടനാകുന്നത് ദൈവംതന്നെയാണ്. അതിനാലാണ് ‘എൻ്റെ ദൈവമേ’ എന്നു തോമാസ് അവനെ വിളിച്ചത്.

മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. (1തിമൊ, 2:5,6; തീത്തൊ, 2:12). സുവിശേഷങ്ങളിൽ കാണുന്നത് (യോഹ, 20:17 വരെ) യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ്; ലേഖനങ്ങളിൽ കാണുന്നത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ്. (തീത്തൊ, 2’12). യേശുവിൻ്റെ ഐഹിക ജീവകാലത്ത് ആരുമവനെ ദൈവമെന്ന് വിളിക്കുകയോ താൻതന്നെ ദൈവമാണെന്ന് അവകാശപ്പെടുകയോ ചെയ്തില്ല; യേശു പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നതിന് അനേകം തെളിവുകളുമുണ്ട്. ദൈവത്തെയും മനുഷ്യനെയും വേർതിരിച്ചു മനസ്സിലാക്കാൻ ഒരു സംഭവം പറയാം: യേശുവിൻ്റെ അടുക്കൽ വന്ന ഒരു പ്രമാണി തന്നെ ‘നല്ല ഗുരോ’ എന്നു സംബോധന ചെയ്യുന്നതായി കാണാം. അതിനു യേശുവിൻ്റെ മറുപടി ശ്രദ്ധേയമാണ്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്. (മർക്കൊ, 10:17,18; ലൂക്കൊ, 18:18,19). താൻ നല്ലവനല്ലെന്നല്ല പറഞ്ഞതിനർത്ഥം; ആത്യന്തികമായ അർത്ഥത്തിൽ ദൈവം മാത്രമാണ് നല്ലവൻ. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 100:5; നഹൂം, 1:7). മനുഷ്യൻ മാത്രമായതിനാൽ ‘നല്ലവൻ’ എന്ന പദവിപോലും നിഷേധിച്ച താൻ പുനരുത്ഥാനശേഷം തോമാസ് തന്നെ: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക. (യോഹ, 20:28). 

പുനരുത്ഥാനം ചെയ്ത യേശുവിനെ മനുഷ്യനെന്ന നിലയിൽ കണ്ടത് മഗ്ദലക്കാരത്തി മറിയ മാത്രമാണ്: “യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9). എന്നിട്ട് യേശു അവളോട് പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:14-17). ക്രിസ്തു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേല്ക്കുന്നത് ദൈവാത്മാവിലാണ്. “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). അവൻ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ ചെന്നശേഷമാണ് തൻ്റെ പാപപരിഹാര ശുശ്രൂഷ പൂർണ്ണമായത്. മഗ്ദലക്കാരത്തിയോടുള്ള യേശുവിൻ്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. (യോഹ, 20:17). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശു മഹാപുരോഹിതനായത്. (എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിച്ച മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല. (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ തൻ്റെ ആദ്യത്തെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയാകുന്നത്: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: യോഹ, 20:17). വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. (മത്താ, 28:19). അതിനാലാണ് തന്നെ നല്ലവൻ എന്ന് വിളിച്ചപ്പോൾ നിഷേധിച്ച യേശു തോമാസ് ദൈവമെന്ന് വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. ക്രിസ്തു സ്വർഗ്ഗത്തിൽ പോയശേഷമാണ് വീണ്ടും പ്രത്യക്ഷനാകുന്നത് എന്നതിനും തെളിവുണ്ട്. മഗ്ദലക്കാരത്തി മറിയയോടു പറയുന്നത്; “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നാണ്. (യോഹ, 20:17). എന്നാൽ അടുത്തസമയംതന്നെ കല്ലറകണ്ടു മടങ്ങിയ യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയ സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായപ്പോൾ, “അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു” എന്നെഴുതിയിട്ടുണ്ട്. (മത്താ, 28:9). അതിനാൽ, ദൈവപുത്രനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ പൂർത്തിയായതായും; വീണ്ടും പ്രത്യക്ഷനായത് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സർവ്വാധികാരിയായ ദൈവമായിട്ടാണെന്ന് മനസ്സിലാക്കാം. (മത്താ, 28:18). ഈ സംഭവത്തിനും എട്ടു ദിവസങ്ങൾക്കു ശേഷം യേശു എല്ലാ ശിഷ്യന്മാർക്കുമായി പ്രത്യക്ഷനായപ്പോഴാണ് തോമാസ് യേശുവിനെ ദൈവമെന്ന് വിളിക്കുന്നത്.

സ്വർഗ്ഗത്തിൽ കരേറി ശിഷ്യന്മാർക്ക് പ്രത്യക്ഷനായപ്പോൾത്തന്നെ പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാണ്; “യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:21). ദൈവമായ പിതാവ് തൻ്റെ പ്രത്യക്ഷതയായ മനുഷ്യനെ അയച്ചകാര്യമാണ് ആദ്യം പറഞ്ഞത്. ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ‘പിതാവ് പുത്രനെ അയച്ചു’ എന്നത്. ക്രിസ്തുവിൻ്റെ അപ്പൊസ്തലപദവിക്ക് ആധാരമതാണ്. (എബ്രാ, 3:1). ദൈവമായ പിതാവ് മനുഷ്യനായ പുത്രനെ അയച്ചപോലെ, സ്വർഗ്ഗത്തിൽ പ്രവേശിച്ച് തൻ്റെ മാനുഷിക ശുശ്രൂഷ പൂർത്തിയാക്കിയ യേശുക്രിസ്തു, ദൈവമായി പ്രത്യക്ഷനായിട്ടാണ് ശിഷ്യന്മാർക്ക് അധികാരം നല്കുന്നത്. അടുത്തവാക്യം: “ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:22,23). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവെന്ന മനുഷ്യനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ദൈവരാജ്യം പ്രഘോഷിക്കാൻ അയക്കപ്പെട്ടവനെന്ന നിലയിൽ അപ്പൊസ്തലനായതും തന്നെത്താൻ യാഗമർപ്പിപ്പാൻ മഹാപുരോഹിതനായതും. അതേ യോർദ്ദാൻ ഇവിടെ ആവർത്തിക്കുകയാണ്. മഹാദൈവമായി പ്രത്യക്ഷനായ യഹോവ അഥവാ യേശുക്രിസ്തു അവരുടെമേൽ ഊതി പരിശുദ്ധാത്മാവിനെ അവർക്കു നല്കി അധികാരപ്പെടുത്തി. പിന്നീട്, മനുഷ്യനായിരുന്ന യേശുവിന് പാപമോചനത്തിനുള്ള അധികാരം ദൈവം നല്കിയിരുന്നപോലെ (മർക്കൊ, 2:7; മത്താ, 9:6,9), ശിഷ്യന്മാർക്കും ആ അധികാരം നല്കി. അപ്പൊസ്തലന്മാരിൽ തുടങ്ങി സുവിശേഷത്തിലൂടെ ഇന്നും അനേകർക്ക് പാപമോചനം ലഭിച്ചുകൊണ്ടിരിക്കുന്നു.  പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ട് യേശുവിനോടുകൂടെ പിതാവിരുന്നപോലെ (യോഹ, 5:32,37; 8:16; 8:29; 14:23; 16:32), തൻ്റെ മക്കളോടുകൂടെ ഇരിക്കുന്നത് യേശുക്രിസ്തു അഥവാ പിതാവായ ദൈവമാണ്.  “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19. ഒ.നോ: യോഹ, 14:18-20). ആദാമിനെ സൃഷ്ടിച്ചശേഷം അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയവൻ തന്നെയാണ് ജീവിപ്പിക്കുന്ന ആത്മാവായി സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിട്ട് പരിശുദ്ധാത്മാവിനെ ഊതി നിത്യജീവൻ നല്കിയത്. (1കൊരി, 15:45). 

മറിയയ്ക്ക് പ്രത്യക്ഷനായത് കൂടാതെ, ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പും പിമ്പുമായി പന്ത്രണ്ട് പ്രാവശ്യം കൂടി യേശു പ്രത്യക്ഷനായിട്ടുണ്ട്. അതെല്ലാം ദൈവമെന്ന നിലയിൽ തന്നെയാണ്. 1. യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയവർക്ക്: (മത്താ, 28:8-10). 2. പത്രൊസിനു: (ലൂക്കോ, 24:34; 1കൊരി, 15:3,4). 3. എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാക്ക്: (മർക്കൊ, 16:12; ലൂക്കൊ, 24:13-35). 4. തോമാസ് ഒഴികെയുള്ള അപ്പൊസ്തലന്മാർക്ക്: (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24; 1കൊരി, 15:5). 5. തോമാസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർക്ക്: (യോഹ, 20:26). 6. മൂന്നാം പ്രാവശ്യം അപ്പൊസ്തലന്മാർക്ക്: (യോഹ, 21:1; 21:14). 7. അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു: (1കൊരി, 15:6). 8. കർത്താവിന്റെ സഹോദരനായ യാക്കോബിനു: (1കൊരി, 15:7). 9. മറ്റു അപ്പൊസ്തലന്മാർക്കു: (1കൊരി, 15:7). 10. സ്തെഫാനോസിനു; (പ്രവൃ, 7:56). 11. പൗലൊസിനു: (1കൊരി, 15:8; പ്രവൃ, 9:17). 12. യോഹന്നാനു: (വെളി, 1:12-17). (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ, യേശുവിൻ്റെ പുനരുത്ഥാനശരീരം)

സകലജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവപിതാവ് തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനും മറ്റൊരു വ്യക്തിയുമായി പ്രത്യക്ഷനായി നിന്നുകൊണ്ട് പാപപരിഹാരം വരുത്തി, ഉയിർത്തെഴുന്നേറ്റ് അപ്രത്യക്ഷനായത് എന്നതിൻ്റെ കൃത്യമായ തെളിവാണ്, മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്. (പ്രവൃ, 7:59. ഒ.നോ: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). അദൃശ്യദൈവത്തെയും ആ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയെയുമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. യേശുവിനെ, അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്ന് പൗലൊസ് പറയുന്നതോർക്കുക. (കൊലൊ, 1:15). “യേശു ഫിലിപ്പോസിനോടു പറഞ്ഞതുമോർക്കുക: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ആത്മാക്കളുടെ ഉടയവനായ പിതാവ് തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (1തിമൊ, 2:5,6; 3:16; എബ്രാ, 12:9). പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി ജഡത്തിൽ വെളിപ്പെട്ടവൻ അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെയില്ല; ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകുകയുള്ളു; അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). ആത്മാക്കളുടെ ഉടയവനായ അവൻ്റെ കയ്യിൽത്തന്നെയാണ് സ്തഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. 

III. പരിശുദ്ധാത്മാവെന്ന നിലയിലെ പ്രത്യക്ഷത: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33).

“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി ത്രിത്വം മനസ്സിലാക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് ദൈവം തന്നെയാണ്. അഥവാ മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് പഴയനിയമത്തിൽത്തന്നെ മനസ്സിലാക്കാം: “⁷നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും: ഏഴാം വാക്യം ആദ്യഭാഗത്ത് നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. ഇപ്പോൾ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. ക്രിസ്തു ദൈവത്തിൻ്റെ ഭൂമിയിലെ ദൃശ്യമായ പ്രത്യക്ഷതയും പരിശുദ്ധാത്മാവ് അദൃശ്യമായ പ്രത്യക്ഷതയുമാണ്.

പഴയനിയമത്തിൽ പലരിലും പരിശുദ്ധാത്മാവ് ആവസിച്ചിരുന്നു. ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടും ദിവ്യജ്ഞാനമായിട്ടും ആത്മാവ് അവരിൽ പ്രവർത്തിച്ചിരുന്നു.  യോസേഫിന് സ്വപ്നം വ്യാഖ്യാനിക്കാനുള്ള ജ്ഞാനമായിട്ടും (ഉല്പ, 41:38), മോശെയ്ക്കും  എഴുപത് മൂപ്പന്മാക്കും യോശുവയ്ക്കും തൻ്റെ ജനത്തെ നടത്തുവാനുള്ള ശക്തിയായിട്ടും (സംഖ്യാ, 11:17; 11:25; 27:18), ബെസലേലിന് സമാഗമനകൂടാരം പണിയുവാൻ ദിവ്യജ്ഞാനമായിട്ടും (പുറ, 31:2-5), കാലേബിനും ഗിദെയോനും യിഫ്താഹിനും ശിംശോനും ശത്രുക്കളിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കുവാൻ അതീന്ദ്രിയ ശക്തിയായിട്ടും (ന്യായാ, 3,9,10; 6:34; 11:29; 13:25; 14:6,19; 25:14), ശൗൽ ദാവീദ് തുടങ്ങിയവർക്ക് തൻ്റെ ജനത്തെ ഭരിക്കുവാനുള്ള കൃപയായിട്ടും (1ശമൂ, 10:6; 16:13), ദാനീയേയേലിനു സ്വപ്നവ്യാഖ്യാനത്തിനുള്ള ജ്ഞാനമായിട്ടും (4:8), പ്രവാചകന്മാരിൽ ഭാവിസംഭങ്ങളെ വെളിപ്പെടുത്തുന്ന അതീന്ദ്രിയ ജ്ഞാനമായിട്ടും ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിച്ചിരുന്നു. (1പത്രൊ, 1:11). ജനത്തിൻ്റെ മത്സരത്താൽ പരിശുദ്ധാത്മാവ് ദുഃഖിച്ചതായും പറഞ്ഞിട്ടുണ്ട്. (യെശ, 63:10). എന്നാൽ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയായി ഒരിടത്തും പറഞ്ഞിട്ടില്ല. 

പുതിയനിയമത്തിൽ ആളത്തത്തിൻ്റെ സവിശേഷതകൾ പരിശുദ്ധാത്മാവിൽ കാണാൻ കഴിയും: സ്നേഹം (റോമ, 15:30), ബുദ്ധി (1കൊരി, 2:10,11; റോമ, 8:27), ഇച്ഛാശക്തി (1കൊരി, 12:11), ദുഃഖം (എഫെ, 4:30). ആളത്തത്തിൻ്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവ് ചെയ്യുന്നു: ഉപദേശിക്കുന്നു (യോഹ, 14:26), സാക്ഷ്യം പറയുന്നു (യോഹ, 15:26), സംസാരിക്കുന്നു (പ്രവൃ, 8:29; 10:19,20; 11:12; 13:2; 28:27), എടുത്തുകൊണ്ടു പോകുന്നു (പ്രവൃ, 8;39), നിയോഗിക്കുന്നു (പ്രവൃ, 13:2), വിലക്കുന്നു (പ്രവൃ, 16:6), നടത്തുന്നു (റോമ, 8;14), ഞരങ്ങിക്കൊണ്ടു പക്ഷവാദം ചെയ്യുന്നു (റോമ, 8:36), ആരായുന്നു (1കൊരി, 2:10), വിളിക്കുന്നു (ഗലാ, 4:6). ആളത്തത്തോടു ചെയ്യുന്ന പ്രവൃത്തികൾ പരിശുദ്ധാത്മാവിനോടു ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു: ദൂഷണം പറയുന്നു (മത്താ, 12:30,31; മർക്കൊ, 3:29; ലൂക്കൊ, 12:10), വ്യാജം കാണിക്കുന്നു (പ്രവൃ, 5:3), ദുഃഖിപ്പിക്കുന്നു (എഫെ, 4:30). പരിശുദ്ധാത്മാവ് ദൈവംതന്നെ ആയതുകൊണ്ട് അഥവാ ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷത ആയതുകൊണ്ടാണ് ആളത്തത്തിൻ്റെ സവിശേഷഗുണങ്ങളെല്ലാം ആത്മാവിൽ കണുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല.

പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണെന്ന് വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ യേശു വ്യക്തമാക്കിയിട്ടുണ്ട്: “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8). എങ്കിലും ആത്മാവിനോടുള്ള ബന്ധത്തിൽ ചില അടയാളങ്ങൾ ഉണ്ടായതായി പുതിയനിയമത്തിൽ കാണാം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22; യോഹ, 1:32). ആത്മാവ് പ്രാവല്ല; എന്നാൽ വരുവാനുള്ളവൻ യേശു തന്നെയാണെന്ന് യോഹന്നാനെ വിശ്വസിപ്പിക്കാനാണ് പ്രാവിനെപ്പോലെ ദൈവത്തിൻ്റെ ആത്മാവ് യേശുവിൻ്റെ മേൽ ആവസിച്ചത്. സ്നാനാനന്തരമുള്ള സ്നാപകൻ്റെ സാക്ഷ്യം കാണുക: “യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32). പ്രയോഗം നോക്കുക: ‘ഞാൻ കണ്ടു’ യോഹന്നാൻ മാത്രമാണത് കണ്ടത്. അടുത്തവാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ വിശ്വസിച്ചിരുന്നില്ല; ആത്മാവ് ഇറങ്ങിവന്ന് കണ്ടപ്പോൾ വിശ്വസിച്ചു. പ്രാവിനെ എല്ലാവരും കണ്ടില്ല; അത് യോഹന്നാന് മാത്രമായി ഉണ്ടായ അടയാളമാണ്; യോഹന്നാൻ്റെ സാക്ഷ്യത്താലാണ് മറ്റുള്ളവർ അറിഞ്ഞത്. (യോഹ, 1:33,34). സഭാസ്ഥാപനത്തിൽ അപ്പൊസ്തലന്മാരോടുള്ള ബന്ധത്തിലും ആത്മാവിൻ്റെ പ്രത്യക്ഷത കാണാം: “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” (പ്രവൃ, 2:2-4). പിളർന്നിരിക്കുന്ന നാവും പരിശുദ്ധാത്മാവല്ല; കാര്യസ്ഥനായ പരിശുദ്ധാത്മാവ് അവരിൽ ആവസിച്ചതിൻ്റെ തെളിവായിരുന്നു അത്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ ആത്മാവ് ലഭിച്ചു എന്നതിന്റെ സാക്ഷ്യമായി ചില അടയാളങ്ങൾ ശമര്യയിലും (പ്രവൃ, 8:18), കൊർന്നേല്യൊസിൻ്റെ ഭവനത്തിലും (10:45), എഫെസൊസിലും (19:6) ഉണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണെങ്കിലും, ദൃശ്യമായ ചില വരങ്ങളും ഫലങ്ങളും ആത്മാവ് നല്കുന്നതിനാൽ അവനെ അറിയാനും അനുഭവിക്കാനും കഴിയും. (യോഹ,14:17).

പരിശുദ്ധാത്മാവ് ദൈവപിതാവിൽനിന്നു വ്യതിരിക്തനല്ലെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: ഒന്ന്; സ്നാനത്തിൽ പ്രാവിൻ്റെ രൂപത്തിൽ പരിശുദ്ധാത്മാവാണ് യേശുവിൻ്റമേൽ ആവസിച്ചത്. (മത്താ, 3:16). പിതാവിൻ്റെ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുകയും ചെയ്തു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). യേശുക്രിസ്തു ദൈവാത്മാവിനാലും കർത്താവിൻ്റെ ശക്തിയാലും അത്ഭുതങ്ങളെ പ്രവർത്തിച്ചതായും പറഞ്ഞിട്ടുണ്ട്. (മത്താ, 12:28; ലൂക്കൊ, 5:17). എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവത്തിൻ്റെ ആത്മാവാണ് യേശുവിൻ്റെമേൽ ആവസിച്ചത്; എന്നാൽ ദൈവമാണ് യേശുവിൻ്റെ കൂടെയിരുന്ന് പ്രവർത്തിച്ചതെന്ന് പത്രൊസ് പറയുന്നു; പിതാവും ആത്മാവും ഒന്നാണെന്ന് വ്യക്തമല്ലേ?

രണ്ട്; പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ശേഷമാണ് ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:18,19). എന്നാൽ പരിശുദ്ധാത്മാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശും ഒരിക്കലും പറഞ്ഞിട്ടില്ല; അപ്പോൾത്തന്നെ പിതാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി ആവർത്തിച്ചു പറഞ്ഞിട്ടൂമുണ്ട്: പിതാവിനെ, തന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 5:32,37). പിതാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് ‘ഞാൻ ഏകനല്ല‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 8:16;  8:29; 16:32). ‘ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു പറഞ്ഞിരിക്കുന്നു.’ (യോഹ, 10:38; 14:10,11). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 14:23). പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു; പിതാവ് തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു; പതാവും പരിശുദ്ധാത്മാവും ഒരാൾ തന്നെയല്ലേ?

മൂന്ന്; പിതാവ് മറ്റൊരു വ്യക്തിയായി തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നതു കൂടാതെ, ദൈവപിതാവാണ് ക്രിസ്തുവിൻ്റെ കൂടെവസിച്ച് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതെന്ന് അപ്പസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായി പ്രത്രൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). എന്നാൽ, താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32; മർക്കൊ, 3:29; ലൂക്കോ, 12:10). ദൈവപിതാവാണ് യേശുവിൻ്റെ കൂടെയുള്ളതെന്നു പത്രൊസും തൻ്റെകൂടെയുള്ള വ്യക്തി പിതാവാണെന്നും യേശുവും പറഞ്ഞു; എന്നാൽ തൻ്റെകൂടെയിരുന്ന് പ്രവർത്തിക്കുന്ന അഥവാ താൻ ചെയ്യുന്ന പ്രവൃത്തികളെ ദുഷിച്ചുപറഞ്ഞാൽ; അത് ആത്മാവിനെതിരെയുള്ള ദൂഷണമാണ്. അപ്പോൾ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമായില്ലേ? പിതാവും പരിശുദ്ധാത്മാവും വ്യതിരിക്തരാണെങ്കിൽ, തൻ്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ദൂഷണം തൻ്റെകൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പിതിവിന് എതിരെയാണല്ലോ; അപ്പോൾ പിതാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കയില്ല എന്നല്ലേ പറയേണ്ടത്?

നാല്; പിതാവും പരിശുദ്ധാത്മാവും ഒരാളായിരിക്കുന്നതുപോലെ, യേശുവും പരിശുദ്ധാത്മാവും ഒരാളാണെന്നും മനസ്സിലാക്കാം: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (രോഹ, 14:16. ഒ.നോ: 16:7). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി വരുന്നത് താൻതന്നെയാണ്. പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. തനിക്കു മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മാവായി വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും അഭിന്നമായി പഴയുന്നതും നൊക്കുക. (മത്താ, 28:19) യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? 

അഞ്ച്; ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ്റെ യേശുവിനെക്കുറിച്ചൊരു പ്രവചനമുണ്ട്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു സഭയെക്കുറിച്ചുള്ള തൻ്റെ നിർണ്ണയം പ്രഖ്യാപിച്ചിരുന്നു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). പരിശുദ്ധാത്മാവ് യേശുക്രിസ്തുവിൽ നിന്ന് വ്യതിരിക്തനാണെന്ന് വിചാരിച്ചുകൊണ്ട് ചിലർ പറയുന്നത് കേട്ടിട്ടുണ്ടാകും: യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ സ്ഥാപിച്ചത്. അങ്ങനെയെങ്കിൽ, യോഹന്നാൻ്റെ പ്രവചനവും ക്രിസ്തുവിൻ്റെ പ്രഖ്യാപനവും അസ്ഥാനത്താണ്; രണ്ടും ഒരുപോലെ പാളിയെന്ന് പറയേണ്ടിവരും. എന്നാൽ വസ്തുതയെന്താണ്: പിതാവായദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവനോടു കൂടെയിരുന്ന് പ്രവർത്തിച്ചതുപോലെ, മഹാദൈവമായ യേശുക്രിസ്തുവാണ് തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. (മത്താ,28;19). എന്തെന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾതന്നെയാണ്; അഥവാ ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളാണ്.

അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്: അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ താഴെപ്പറയുന്ന ആത്മാക്കൾക്കൊക്കെ ആരു സമാധാനം പറയും? 1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), യഹോവയുടെ ആത്മാവ് (ന്യായാ, 3:10), യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 2. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19), കർത്താവിന്റെ ആത്മാവ് (2കൊരി, 3:17), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 3. ആത്മാവ് (മത്താ, 4:1). പരിശുദ്ധാത്മാവ് (മത്താ, 12:32), നിത്യാത്മാവ് (എബ്രാ, 9:14), ജീവൻ്റെ ആത്മാവ് (റോമ, 8:2), പുതിയൊരു ആത്മാവ് (യെശ, 11:19). പിന്നെ, സിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കൾ (വെളി, 1:4; 4:5) ഈ ആത്മാക്കളൊക്കെ ആരാണെന്നു പറയും? ദൈവം ആത്മാവാണ് (യോഹ, 4:24) യേശുക്രിസ്തുവും ആത്മാവാണ്. (2കൊരി, 3:16-18). ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെങ്കിൽ, യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19) മറ്റൊരു വ്യക്തിയല്ലെന്ന് ഏത് കാരണത്താൽ പറയും???… ബൈബിൾ ആഖ്യാനത്തെ വിസ്മരിച്ചുകൊണ്ട് തോന്നുംപടി വ്യാഖ്യാനിക്കാൻ പറ്റുമോ? (പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതലറിയാൻ കാണുക: പരിശുദ്ധാത്മാവ്)

അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും നിറഞ്ഞുനല്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവമേ നമുക്കുള്ളു. ആ ദൈവമാണ് സൃഷ്ടി നടത്താനും സൃഷ്ടികൾക്കു തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും യഹോവയെന്ന നാമത്തിലും മനുഷ്യസാദൃശ്യത്തിലൂം സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും. ആ ദൈവമാണ് സർവ്വശക്തിയുള്ള ദൈവമായി പൂർവ്വപിതാക്കന്മാർക്ക് പ്രത്യക്ഷനായതും മോശെ തുടങ്ങിയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിയിൽ പ്രത്യക്ഷനായതും, പഴയപുതിയനിയമ ഭക്തന്മാർ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനായി സ്വർഗ്ഗസിംഹാസനത്തിൽ കണ്ടതും. അവനാണ് പൗലൊസ് പറയുന്ന, അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും, ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നവനും; എബ്രായലേഖകൻ പറയുന്ന, തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും. ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപപരിഹാരർത്ഥം ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനായതും; പത്തുദിവസംകഴിഞ്ഞ് അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. “ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4:6). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെസ്യർ 1:3)

യേശുക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണ് അല്ലെങ്കിൽ യേശുവിൻ്റെ ദൈവമാണ് എൻ്റെയും ദൈവം എന്നിങ്ങനെ പറയുന്ന അനേകം പേരുണ്ട്. യഹോവസാക്ഷികളും കുറേ നവീന ഉപദേശക്കാരും യേശുവിൻ്റെ ദൈവത്വത്തിൽ വിശ്വസിക്കാത്ത എല്ലാവരും അക്കുട്ടത്തിൽ പെട്ടവരാണ്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നതിനാൽ ത്രിത്വവിശ്വാസികൾ യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറഞ്ഞുകേൾക്കാറില്ല; പക്ഷെ, യേശുവിൻ്റെ പിതാവാണ് ഞങ്ങളുടെയും പിതാവെന്ന് അവരും പറയാറുണ്ട്. ആരോ പറഞ്ഞുപഠിപ്പിച്ചപോലെ യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നതല്ലാതെ, ബൈബിളിൽ വലിയ ഗ്രാഹ്യമൊന്നും ഇക്കൂട്ടർക്കുണ്ടെന്ന് കരുതാൻ നിർവ്വാഹമില്ല. ഇവർക്ക് ആകെക്കൂടി അറിയാവുന്നത്; ക്രിസ്തുവിനെ പുത്രനെന്നും ദാസനെന്നും വിളിച്ചിട്ടുണ്ട്; അവൻ ദൈവത്തെ, പിതാവെന്നും ദൈവമെന്നും വിളിച്ചിട്ടുണ്ട്. അതിനാൽ, സ്രഷ്ടാവും സൃഷ്ടിയായ മനുഷ്യരും തമ്മിലുള്ള ബന്ധംപോലെയാണ് ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും തമ്മിലുള്ളതെന്ന് അവർ വിചാരിക്കുന്നു. യേശു ദൈവത്തെ ‘എൻ്റെ പിതാവു’ എന്നു വിളിക്കുന്നത് സുവിശേഷങ്ങളിൽ ഉടനീളം കാണാം. (ഉദാ: മത്താ, 11:27; 15:3; 18:35: 20:23; 24:26). അപൂർവ്വമായിട്ടാണെങ്കിലും പിതാവിനെ ‘എൻ്റെ ദൈവം‘ എന്നും  സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; യോഹ, 20:17). അഭിഷിക്ത മനുഷ്യനായ യേശു തൻ്റെ പിതാവിനെ എൻ്റെ ദൈവം എന്നു വിളിച്ചിരിക്കയാലാണ്, യേശുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, യേശു ദൈവമല്ലെന്ന് പറയുന്ന ഇവർക്ക് ദൈവമല്ലെങ്കിൽ പിന്നെയവൻ ആരാണെന്നറിയില്ല. ട്രിനിറ്റി, അവൻ പുത്രനായ ദൈവവും സാരാശത്തിൽ ഏകനുമാണെന്ന് പറയും; അതിനും തെളിവൊന്നുമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനായ അവൻ്റെ അസ്തിത്വമെന്താണെന്ന് ചോദിച്ചാൽ അവൻ്റെ ദൈവത്വം നിഷേധിക്കുന്നവർക്ക് മറുപടിയില്ല. ചിലർ പറയും: യേശു ദൈവമാണ് പക്ഷെ സർവ്വശക്തനായ ദൈവമല്ല. എത്ര ബാലിശമാണ് ഇക്കൂട്ടരുടെ ഹൃദയവിചാരങ്ങളെന്ന് ബൈബിൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും.

ഇവിടെയൊരു ചോദ്യമുണ്ട്: ക്രിസ്തു, എൻ്റെ പിതാവെന്നും എൻ്റെ ദൈവമെന്നും വിളിക്കുന്ന വ്യക്തി തന്നെയല്ലേ മനുഷ്യരുടെ ദൈവം, പിന്നെന്താണ് പ്രശ്നം? പ്രശ്നമുണ്ട്. മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യസാദൃശ്യത്തിലായി അഥവാ മനുഷ്യരോട് താദാത്മ്യം പ്രാപിച്ച് മരിച്ചുയിർത്തതല്ലാതെ, വിശ്വാസികൾ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് പറയാൻ പറ്റുമോ? സഭയുടെ തലയായ ക്രിസ്തുവിനോളം വളരാൻ പറഞ്ഞിട്ടുണ്ടെന്ന് കരുതി, ഞാൻ ക്രിസ്തുവിനോളം വളർന്നു അഥവാ അവനൊപ്പമായി എന്നാരെങ്കിലും പറഞ്ഞാൽ എങ്ങനെയിരിക്കും? ക്രിസ്തു അപ്പൊസ്തലന്മാരെ സഹോദരന്മാരെന്ന് സംബോധന ചെയ്തിട്ടുണ്ട്; അപ്പൊസ്തലന്മാർ ആരെങ്കിലും യേശുവിനെ സഹോദരാ എന്ന് വിളിച്ചിട്ടുണ്ടോ? വിളിച്ചിട്ടില്ലെന്ന് മാത്രമല്ല; അവരൊക്കെ ക്രിസ്തുവിൻ്റെ ദാസൻ (അടിമ) ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്. എന്തിനേറെപ്പറയുന്നു: യേശുവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും പോലും അവൻ്റെ ദാസനെന്നാണ് തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നത്. ഞങ്ങളുടെ മൂത്ത ജ്യേഷ്ഠനാണ് യേശുവെന്ന് അവർ എന്തേ പറഞ്ഞില്ല? ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കുകയും അവനെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയും ചെയ്തിരിക്കയാൽ, നാം ദൈവത്തിൻ്റെ അനന്തര ജാതന്മാരാണ്. എന്നുകരുതി ക്രിസ്തുവിനെ ചേട്ടാ എന്ന് വിളിക്കാമോ? വിളിക്കാം; തലയായ ക്രിസ്തുവിനോളം നാം വളരണം. എന്നിട്ട് ചേട്ടാന്ന് വിളിക്കുയോ, എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുകയോ ചെയ്യാം.

മനുഷ്യരിൽ നിന്നും ദൂതന്മാരിൽനിന്നും അഭിഷിക്തമനുഷ്യനായ യേശു വ്യത്യസ്തനാണെന്നു കാണിക്കുന്ന വേദഭാഗങ്ങൾ പലതുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2). ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച യേശുക്രിസ്തു ഒരു മനുഷ്യനായിരുന്നു; എങ്കിലും എല്ലാമനുഷ്യരെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. അപ്പോൾത്തന്നെ, യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്ന് വേറൊരിടത്ത് പറയുന്നുമുണ്ട്. (1കൊരി, 15:21). ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്: ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: “ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.” (വെളി, 22:9). ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). എന്നാൽ നമ്മുടെ ഗുരുവും നായകനും കർത്താവുമാണ് മനുഷ്യനായ ക്രിസ്തുയേശു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.” (മത്താ, 23:8-10). “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6. ഒ.നോ: ലൂക്കൊ, 2:11). ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6). “ഏതു പുരുഷൻ്റെയും അഥവാ മനുഷ്യൻ്റെയും തലയും (1കൊരി, 11:3), സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായ (കൊലൊ, 2:10) ക്രിസ്തുവിൻ്റെയും എൻ്റെയും ദൈവം ഒരാളാണെന്ന് പറയാൻ ഒരു വിശ്വാസിക്കും അവകാശമില്ല. സഭയുടെ തലയായ ക്രിസ്തുവിനെ മുറുകെപ്പിടിക്കാനാണ് വിശ്വാസികളോട് കല്പിച്ചിരിക്കുന്നത്. (കൊലൊ, 1:18). അല്ലാതെ, അവൻ്റെ മരണത്താൽ ദൈവത്തോടു നിരപ്പുപ്രാപിച്ചവർ എൻ്റെയും യേശുക്രിസ്തുവിൻ്റെയും ദൈവം ഒരാളാണെന്ന് പറഞ്ഞുകൊണ്ട്, തന്നെത്തന്നെ ക്രിസ്തുവിനോട് സമനാക്കി അവനെ നിന്ദിക്കുകയല്ല വേണ്ടത്.”

ഇനി, യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞത് നോക്കാം: ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ അപ്പൊസ്തലന്മാരെ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോട്: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ക്രിസ്തു എന്തുകൊണ്ടാണ് നമ്മുടെ എന്നു പറയാതെ; എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ചു പറഞ്ഞത്? മനുഷ്യനായ ക്രിസ്തുവിന് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുവിന് ഒരു പിതാവും (മത്താ, 3:17) ദൈവവുമുണ്ട്. (മത്താ, 27:46). എങ്കിലും ദൈവത്തിനും അവൻ്റെ ക്രിസ്തുവിനുമുള്ള ബന്ധത്തിനു തുല്യമായിരുന്നില്ല സൃഷ്ടികളായ ദൂതന്മാർക്കും മനുഷ്യർക്കും ദൈവത്തോട് ഉണ്ടായിരുന്നത്. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 10:10; 22;9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽ പെട്ടതായിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവും നമ്മുടെ ദൈവവും എന്ന് പറയുമായിരുന്നു. നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എൻ്റെ പിതാവ് (മത്താ, 7:21; 10:32,33; 11:27; 12:50), എൻ്റെ ദൈവം (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി, ചിലർ കരുതുന്നതുപോലെ യേശു ദൈവത്തിൻ്റെ സൃഷ്ടിയായിരുന്നെങ്കിൽ ‘എൻ്റെ ദൈവം നിങ്ങളുടെ ദൈവം’ എന്ന് പറയാതെ ‘നമ്മുടെ ദൈവം’ എന്ന് പറയാൻ അവർ ലജ്ജിക്കുമായിരുന്നോ? അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ പിതൃപുത്രബന്ധമാണ് പിതാവും പുത്രനും തമ്മിൽ ഉണ്ടായിരുന്നത്. ദൈവവത്തിന് തൻ്റെ ക്രിസ്തുവുമായി ഉണ്ടായിരുന്ന ഈ നിസ്തുലമായ ബന്ധത്താലാണ് അവൻ ഏകജാതനെന്ന് വിളിക്കപ്പെട്ടത്. അല്ലാതെ ദൈവം ജനിപ്പിക്കുകയോ, സൃഷ്ടിക്കുകയോ ചെയ്ത പുത്രനല്ല ക്രിസ്തു.

നിൻ്റെ ദൈവം ആരാണെന്ന് ചോദിക്കുമ്പോൾ, യേശുവിൻ്റെ ദൈവമാണ് എൻ്റെ ദൈവമെന്ന് പറയുന്നവർക്ക് ദൈവത്തെയോ, അവൻ്റെ ക്രിസ്തുവിനെയോ അറിയില്ലെന്നതാണ് വസ്തുത. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19. ഒ.നോ: 14:7). ക്രിസ്തുവിനെ അറിയാതെ അവൻ്റെ പിതാവിനെ എങ്ങനെ അറിയും? കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയത് മനുഷ്യനായ യേശുവാണ്. (മത്താ, 1:16; ലൂക്കൊ, 2:52; 1തിമൊ, 2:5,6). എന്നാൽ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) ജഡത്തിൽ പ്രത്യക്ഷനായത് ‘ആരായിരുന്നു’ എന്ന് അനേകർക്കും അറിയില്ല. പലവിധത്തിൽ ആളുകൾ ക്രിസ്തുവിനെ മനസ്സിലാക്കുന്നു. ഒന്ന്: യേശു കേവലം മനുഷ്യനായിരുന്നു; സ്നാനത്തിൽ ദൈവമവനെ ദത്തെടുത്ത് ക്രിസ്തുവാക്കിയെന്ന് വിശ്വസിക്കുന്നവർ. അവരുടെ വിശ്വാസപ്രകാരം, മനുഷ്യൻ ദൈവമാകുകയാണ് ചെയ്തത്. രണ്ട്: അവൻ ദൈവത്തിൻ്റെ പുത്രനാണ് പക്ഷെ, ദൈവമല്ലെന്ന് വിശ്വസിക്കുന്നവർ. ഇവരാണ് എൻ്റെയും യേശുവിൻ്റെയും ദൈവം ഒരാളാണെന്ന് പറയുന്നവർ. ഇതു പറയാനല്ലാതെ, യേശുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് ഇക്കൂട്ടർക്ക് അറിയില്ല. മൂന്ന്: അവൻ ദൈവമാണ് പക്ഷെ, സർവ്വശക്തനായ ദൈവമല്ലെന്ന് വിശ്വസിക്കുന്നവർ. സാധാരണ ദൈവം സർവ്വശക്തനായ ദൈവം എന്നിങ്ങനെ സത്യദൈവം രണ്ടില്ല; ഒന്നേയുള്ളു. ചിലപ്പോൾ ഇവർ യേശു പ്രധാന ദൂതനായ മീഖായേലാണെന്നും പറയും. നാല്: ഇക്കൂട്ടർ വിശ്വസിക്കുന്നത്, ദൈവത്തിൽ മൂന്ന് വ്യക്തികളുണ്ടെന്നാണ്. ഇതും ബൈബിളിൻ്റെ ഉപദേശമല്ല; ദൈവം ഏകവ്യക്തിയാണെന്ന് സ്ഫടികസ്ഫുടം പറഞ്ഞിട്ടുണ്ട്. അഞ്ച്: യഹോവയും യേശുവും ഒരാളാണെന്ന് വിശ്വസിക്കുന്നവർ അഥവാ യഹോവയായ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയതെന്ന് വിശ്വസിക്കുന്നവർ. ഇതിൽ ഒന്നുമുതൽ നാലുവരെയുള്ളവരുടെ വിശ്വാസം വ്യർത്ഥമാണെന്ന് ബൈബിളിൽ നിന്ന് മനസ്സിലാക്കാം:

ഒന്ന്; ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20), പിതാവായ ഏകദൈവമേ നമുക്കുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8), യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 44:5,6; 44:8; 45:5; 45:18,21; 45:22; 46:8), യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5), യഹോവയ്ക്ക് സമനും സദൃശനുമില്ല: (പുറ, 15:11; സങ്കീ, 35:10; 40:5; 71:19; 86:8; 89:6; 113:5; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18), യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ: (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24), യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10), യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). ‘നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമായ ‘മോണോസ്’ (only/alone – monos) കൊണ്ട് പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യേശുവെന്ന അഭിഷിക്തമനുഷ്യൻ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അതിനാൽ ദൈവത്തിൽ മറ്റു വ്യക്തികളുണ്ടെന്നോ, സർവ്വശക്തിയുള്ള ദൈവമല്ലാത്ത ഒരു സാധാരണ ദൈവമുണ്ടെന്നോ ഓർത്ത് ആരും മഞ്ഞുകൊള്ളണ്ട. അതിനാൽ ത്രിത്വവിശ്വാസികളുടെയും, യേശു സർവ്വശക്തനല്ല; അതിൽ കുറഞ്ഞ ദൈവമാണെന്ന് പറയുന്നവരുടെയും അപ്പീസ് പൂട്ടി. ഇനി, ഏകസത്യദൈവത്തെ കൂടാതെ, ബൈബിളിൽ ദൈവമെന്ന് വിളിച്ചിരിക്കുന്നത്; ദൂതന്മാരെയും മനുഷ്യരെയും സത്താനെയും ജാതികളുടെ ദേവന്മാരെയുമാണ്. അവരിലൊരാളാണ് യേശുക്രിസ്തുവെന്ന് ദയവായി പറയരുത്.

രണ്ട്; യേശുക്രിസ്തു ദൈവമല്ലെന്ന് വിശ്വസിക്കുന്നവർക്ക് മേല്പറഞ്ഞ വേദഭാഗങ്ങൾ ഒരുപക്ഷെ, ആശ്വാസത്തിന് വക നല്കുന്നതാണ്. പക്ഷെ, യേശുക്രിസ്തു ദൈവമല്ലെങ്കിൽ പിന്നെയാരാണ്? ബൈബിളിൽ ആറുവിധം കാഥാപാത്രങ്ങളുണ്ട്: 1. ദൈവം, 2. ദൂതന്മാർ, 3. മനുഷ്യർ, 4. സാത്താൻ, 5. ദുരാത്മാക്കൾ (ഭൂതങ്ങൾ), 6. ജാതികളുടെ ദേവീദേവന്മാർ. ഇതിൽ യേശുക്രിസ്തു ദൈവമല്ലെങ്കിൽ പിന്നയാരാണെന്ന് പറയും? അവൻ്റെ നിത്യമായ അസ്തിത്വം എന്താണ്? യേശുവിനെ, അല്ഫയും ഒമേഗയും (വെളി, 1:8; 21:6; 22:13) ആദിയും അന്തവും (21:6: 22:13) ആദ്യനും അന്ത്യനും (1:17; 2:8) ഒന്നാമൻ ഒടുക്കത്തവൻ (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ പറയുന്നതിനാൽ; അവൻ നിത്യനാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവമല്ലാത്ത യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് അവൻ്റെ ദൈവത്വനിഷേധികൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

മൂന്ന്; യേശുവിനെ ബൈബിളിൽ, ദൈവം (യോഹ, 20:28; എബ്രാ, 1:8), മഹാദൈവം (തീത്തൊ, 2:12), വീരനാം ദൈവം (യെശ,9:6), സത്യദൈവം (1യോഹ, 5:20), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), സർവ്വശക്തിയുള്ള ദൈവം (വെളി, 1:8; 19:6) എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ബൈബിൾ ആദിയോടന്തം സ്ഫടികസ്ഫുടം പറഞ്ഞിട്ടുണ്ട്. കൂടാതെ, പിതാവു മാത്രമാണ് സത്യദൈവമെന്ന് മനുഷ്യനായിരുന്ന യേശുക്രിസ്തുവും തെളിവായി പറഞ്ഞിട്ടുണ്ട്. (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). യേശുക്രിസ്തുവിൻ്റെ വാക്കുകളെ സത്യവിശ്വാസികൾ ആരെങ്കിലും അവിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. അപ്പൊസ്തലന്മാർ യേശു മഹാദൈവവും സത്യദൈവവുമാണെന്ന് പറഞ്ഞിരിക്കുന്നു; പിതാവ് മാത്രം സത്യദൈവമെന്ന് യേശുവും പറയുന്നു. ഒന്നെങ്കിൽ, യേശുക്രിസ്തു നുണ പറഞ്ഞു; അല്ലെങ്കിൽ, അപ്പൊസ്തലന്മാർ യേശു ദൈവമാണെന്ന് നുണ പറഞ്ഞു; അതുമല്ലെങ്കിൽ, ബൈബിൾ പരസ്പവിരുദ്ധം (contradiction) ആണ്. ഇതൊന്നുമല്ലെങ്കിൽ, യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞത്. യേശുവിനു ജഡത്തിൽ ഇരുപ്രകൃതി ഉണ്ടായിരുന്നെന്ന് പഠിപ്പിക്കുന്നത് ത്രിത്വമാണ്; ബൈബിളല്ല. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നത് പാപമറിയാത്ത മനുഷ്യൻ മാത്രമായ ക്രിസ്തുവാണ്. പിതാവു മാത്രം സത്യദൈവമെന്ന് യേശു പറയുന്നതും യേശു സത്യദൈവമാണെന്ന് അപ്പൊസ്തലൻ പറയുന്നതും ഒരുപോലെ ശരിയാകണമെങ്കിൽ പിതാവുതന്നെ മനുഷ്യനായി പ്രത്യക്ഷനായിരിക്കുന്നത് ആകണം ക്രിസ്തു. അഥവാ പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാണെങ്കിൽ മാത്രമേ രണ്ടു പ്രയോഗങ്ങളും ശരിയാകുകയുള്ളു; അല്ലെങ്കിൽ, യേശുവോ അപ്പസ്തലനോ നുണ പറയുന്നതോ, ബൈബിൾ പരസ്പര വിരുദ്ധമോ ആകും.

നാല്; യേശുവിനെ ദൈവമെന്ന് വിളിച്ചിരിക്കുന്നതിനെ അവൻ്റെ ദൈവത്വനിഷേധികൾ പറയുന്നത്; സാത്താനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടെന്നാണ്. ശരിയാണ്; സാത്താനെ മാത്രമല്ല (2കൊരി, 4:4), ദൂതന്മാരെയും (സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 82:6; യോഹ, 10:34,35; 14:11; 28:6), ദേവന്മാരെയും (ഉല്പ, 35:2; ന്യായാ, 11:24; പ്രവൃ, 7:43. 1കൊരി, 8:5), ദേവിയെയും (1രാജാ, 1:5,33), വയറിനെയും (ക്രിസ്തുവിനെ വിറ്റ് പുട്ടടിക്കുന്നവർ) (ഫിലി, 3:19) ദൈവമെന്ന് വിളിച്ചിട്ടുണ്ട്. പക്ഷെ, അവരെയാരെയും, മഹാദൈവം, വീരനാംദൈവം, സത്യദൈവം, സർവ്വത്തിനുംമീതെ ദൈവം, സർവ്വശക്തിയുള്ള ദൈവം എന്നിങ്ങനെ വിശേഷണങ്ങൾ ചേർത്ത് വിളിച്ചിട്ടില്ല. സത്യദൈവത്തിന് മാത്രമേ വിശേഷണങ്ങൾ ഉണ്ടാകുകയുള്ളു. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നവനെ സത്യദൈവമെന്ന് വിളിച്ചിട്ടുണ്ടെങ്കിൽ പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് പിതാവിനെ ഏകസത്യദൈവമെന്ന് വിളിക്കുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. അതിനാലാണ്, ”ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെയും പറഞ്ഞിരിക്കുന്നത്. (യോഹ, 10:30; 14:9). (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

അഞ്ച്; “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്.  (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? യേശുവിനെ ദൈവമെന്ന് വിളിക്കുമ്പോൾ മാത്രം അവൻ്റെ ദൈവത്വത്തെ നിഷേധിക്കുന്നവർക്ക് അത് മറ്റൊരർത്ഥമായി മാറും; ട്രിനിറ്റിക്ക് മറ്റൊരു വ്യക്തിയായും. ഒരു യെഹൂദൻ എൻ്റെ ദൈവം എന്ന് യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്നറിയാത്തതോ, അറിഞ്ഞിട്ടും സ്വന്ത ഉപേദേശം സ്ഥാപിക്കാൻ അറിയായ്മ നടിക്കുകയോ ആണ് അവർ ചെയ്യുന്നത്.

ആറ്; പഴയനിയമത്തിൽ ‘എൻ്റെ ദൈവം’ (my God – me-elohay) എന്ന പ്രയോഗം നൂറിലധികം പ്രാവശ്യമുണ്ട്. യഹോവയെയല്ലാതെ മറ്റാരെയും ആ പദംകൊണ്ട് വിശേഷിപ്പിച്ചിട്ടില്ല. പുതിയനിയമത്തിൽ ‘എൻ്റെ ദൈവം’ (my God – Theos mou) എന്ന പ്രയോഗം പതിനേഴ് പ്രാവശ്യമുണ്ട്. മോശെ മുതലുള്ള പഴയനിയമ പ്രവാചകന്മാരും (പുറ, 15:2; 1ദിന, 28:20; 2:ദിന, 18:13) സങ്കീർത്തകരും (3:7; 5:2; 7:1; 13:3; 18:2) യിസ്രായേൽ ജനവും (ഹോശേ, 2:23; മീഖാ, 7:7) യേശുവെന്ന അഭിഷിക്തമനുഷ്യനും (യോഹ, 20:17) അപ്പൊസ്തലനായ പൗലൊസും (ഫിലി, 1:6) എൻ്റെ ദൈവമെന്ന് സംബോധന ചെയ്യുന്നത് ആരെയാണോ; അവനെത്തന്നെയാണ് അപ്പൊസ്തലനായ തോമാസ് “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നത്. (യോഹ, 20:28). ഈ വസ്തുത അനേകരും ഗ്രഹിക്കുന്നില്ല.. 

ഏഴ്; ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). സകല ജഡത്തിന്റെയും ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. (ലൂക്കൊ, 23:46). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ലല്ലോ? ഇനി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കാൻ വേണ്ടി പരിശുദ്ധാത്മാവിനു തെറ്റുപറ്റിയെന്ന് ആരും പറയാതിരുന്നാൽ ഭാഗ്യം!

യേശുക്രിസ്തുവിൻ്റെ ദൈവം: പൗലൊസും പത്രൊസും യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തുതി കരേറ്റുന്നതായി കാണാം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31. ഒ.നോ: എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പുതീയനിയമം വെളിപ്പെടുത്തുന്ന യേശുവെന്ന മനുഷ്യന് ഒരു വംശാവലിയും (മത്താ, 1:1-16; ലൂക്കൊ, 3:23-38), ജനനവും (മത്താ, 1:16), അമ്മയും (മർക്കൊ, 6:3), വളർത്തച്ഛനും (യോഹ, 1:45), സ്വർഗ്ഗീയ പിതാവും (റോമ, 15:5), ദൈവവും (എഫെ, 1:3,17), കഷ്ടവും (എബ്രാ, 13:12), മരണവും (എബ്രാ, 2:9), ഉയിർപ്പുമുണ്ട്. (മത്താ, 28:6). എന്നാൽ, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 21:6), ആദിയും അന്തവും (വെളി, 21:6), ആദ്യനും അന്ത്യനും (1:17), ഒന്നാമത്തവനും ഒടുക്കത്തവനും (22:13) എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവത്തിന് (തീത്തൊ, 2:12) വംശാവലിയോ, ജനനമോ, അപ്പനോ, അമ്മയോ, സ്വർഗ്ഗീയ പിതാവോ, ദൈവമോ, കഷ്ടമോ, മരണമോ, ഉയിർപ്പോ ഉണ്ടാകുക സാദ്ധ്യമല്ല; എന്തെന്നാൽ അവൻ സർവ്വത്തിൻ്റെയും സ്രഷ്ടാവായ ദൈവമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ; പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും പുതിയനിയമത്തിലെ ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയാണ് സുവിശേഷങ്ങളിലുള്ള യേശുവെന്ന മനുഷ്യൻ. പൗലൊസ് സ്തുതി കരേറ്റുന്നത്; മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവത്തെയാണ്. (1തിമൊ, 2:5,6). യേശുവിൻ്റെ ജനനശേഷം ദൂതൻ ഇടയന്മാരോട് വന്ന് പറയുന്നത്: “ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:10,11). കന്യകയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് കഷ്ടങ്ങളിൽ തികഞ്ഞ മനുഷ്യനാണ് നമ്മുടെ കർത്താവായ ക്രിസ്തു; അല്ലാതെ ദൈവമല്ല. (ലൂക്കൊ, 2:52). യേശുക്രിസ്തുവെന്ന നമ്മുടെ രക്ഷാനായകനായ മനുഷ്യൻ്റെ ദൈവത്തെയാണ് പൗലൊസ് വാഴ്ത്തുന്നത്. (എബ്രാ, 2:10; 5:8,9). എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവെന്ന മനുഷ്യൻ മുഖാന്തരമാണ് ദൈവത്തോടു ശത്രുതയിലായിരുന്ന നമുക്ക് നിരപ്പുവന്നത്. റോമ, 5:10). സഭയുടെ തലയായ ക്രിസ്തുവെന്ന മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഏകമദ്ധ്യസ്ഥൻ. (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:34). അവനാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി മറുവിലയായ മനുഷ്യൻ. (1തിമൊ, 2:5,6). അതിനാലാണ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലൻ സ്തുതിക്കുന്നതും (2കൊരി, 11:31; എഫെ, 1:3; 1:17), അവൻ മുഖാന്തരം ദൈവത്തിനു സ്തോത്രം കരേറ്റുന്നതും (റോമ, 1:8; 7:25; 1കൊരി, 15:57), മഹത്വം കരേറ്റുന്നതും (റോമ, 16:26; യൂദാ, 1:24), അവൻ മുഖാന്തരമാണ് ദൈവത്തിൽ നാം പ്രശംസിക്കുന്നതും. (റോമ, 5:11). (കാണുക: ദൈവവും കർത്താവും)

“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞതിനർത്ഥം അനേകർക്കും ഇന്നുവരെയും മനസ്സിലായിട്ടില്ല. (യോഹ, 8:19). സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നത്; കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് യേശുവെന്ന മനുഷ്യനെയാണ്. (മത്താ, 1:16; ലൂക്കൊ, 2:52; പ്രവൃ, 10:38). ചിലർ കരുതുന്നതുപോലെ ജഡത്തിലവൻ ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ ആയിരുന്നില്ല. അവൻ ക്രിസ്തു ആയത് യോർദ്ദാനിലെ സ്നാനത്തിലാണ്. (മത്താ, 3:1:16; ലൂക്കൊ, 4:18-21; പ്രവൃ, 10:38). അതിനുശേഷമാണ് ദൂതൻ്റെ പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെടുന്നത്. (ലൂക്കൊ, 1:32,35; മത്താ, 1:17). യേശുവെന്ന ഈ ക്രിസ്തുവിനെ അഥവാ അഭിക്തനായ മനുഷ്യനെയാണ് ആദ്യം അറിയേണ്ടത്; എന്നാൽ മാത്രമേ അവൻ നിത്യമായ അസ്തിത്വത്തിൽ ആരാണെന്ന് അറിയാൻ കഴിയൂ. ജഡത്തിലും അവൻ ദൈവമാണെന്നും, ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചതാണെന്നും ഒക്കെ വിശ്വസിക്കുന്നവർക്ക് അവനെ മനസ്സിലാകുമെന്ന് തോന്നുന്നില്ല. 

ആരാണോ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായി മണ്ണിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്, അവൻ ജീവനുള്ള ദൈവമായ യഹോവ തന്നെയാണ്. ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശു ശിഷ്യന്മാരോട് ചോദിച്ചു: “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു.” പത്രൊസ് മറുപടി പറഞ്ഞു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു.” (മത്താ, 16:16). ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതെന്നു യേശു മറുപടിയും പറഞ്ഞു. (മത്താ, 16:17). ഇവിടെ പത്രൊസിനുണ്ടായത് ഒരു സാധാരണ വെളിപ്പാടാണ്. കാരണം, ഈ സംഭവിത്തിനു മുമ്പെതന്നെ യേശു ദൈവപുത്രനാണെന്ന് അവർ മനസ്സിലാക്കുകയും ഏറ്റുപറയുകയും ചെയ്തിട്ടുള്ളതാണ്. (മത്താ, 3:17; 8:29; 14:33). എന്നാൽ, യേശുവിനെക്കുറിച്ച് ഒരു സവിശേഷ വെളിപ്പാട് അഥവാ ഒരു മർമ്മം പൗലൊസിനുണ്ടായിട്ടുണ്ട്. അവിടെ, ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. (1തിമൊ, 3:14-16). (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു). സ്വർഗ്ഗസിംഹാസനത്തിൽ സാറാഫുകളുടെ മദ്ധ്യേയിരിക്കുന്ന യഹോവയുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്; അവൻ യേശുവിൻ്റെ തേജസ്സാണ് കണ്ടതെന്ന് യോഹന്നാൻ രേഖപ്പെടുത്തിരിരിക്കുന്നു. (യെശ, 6:1-5; യോഹ, 12:41). മണ്ണിൽ മനുഷ്യനായി വെളിപ്പെട്ടവൻ ആരായിരുന്നുവെന്ന് ഈ ലോകത്തിൻ്റെ പ്രഭുക്കന്മാർ ആറിഞ്ഞിരുന്നുവെങ്കിൽ തേജസ്സിൻ്റെ കർത്താവിനെ അവർ ക്രൂശിക്കയില്ലായിരുന്നു. (1കൊരി, 2:8). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നുവെങ്കിൽ, പുതിയനിയമത്തിൽ അത് യേശുക്രിസ്തുവാണ്. (യെശ, 45:22; പ്രവൃ, 4:12). പുതിയനിയമത്തിൽ, പിതാവും (യോഹ, 17:11) പുത്രനും (മത്താ, 1:23) പരിശുദ്ധാത്മാവുമായ (യോഹ, 14:26) ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തുവെന്നാണ്. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). (കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം). തൻ്റെ ഐഹികജീവകാലത്ത് മനുഷ്യനായ ക്രിസ്തു പിതാവിനോടാണ് പ്രാർത്ഥിച്ചതും ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും. എന്നാൽ ആദിമസഭ യേശുക്രിസ്തുവെന്ന ഏകനാമം വിളിച്ചാണ് പ്രാർത്ഥിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ, ആമേൻ, പിതാവേ, പുത്രനെ വേഗം അയക്കേണമേ, എന്നല്ല യോഹന്നാൻ പ്രാർത്ഥിക്കുന്നത്; ആമേൻ, കർത്താവായ യേശുവേ, വരേണമേ, എന്നാണ്. (വെളി, 22:20). അവസാനത്തെ കുത്തിടും മുമ്പ് ദൈവത്തിൻ്റെ കൃപയാണ് ആശംസിക്കുന്നത്; അത് പിതാവിൻ്റെ കൃപകൂടെയിരിക്കട്ടെ എന്നല്ല; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ” എന്നാണ് യോഹന്നാൻ അപ്പൊസ്തലൻ ആശംസിക്കുന്നത്. (വെളി, 22:21). 

“പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെയും പേരും യേശുക്രിസ്തു എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു.” സത്യം അറികയും സത്യം നമ്മെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ. യേശുക്രിസ്തുവിൻ്റെ കൃപ എല്ലാവരോടും കൂടെയിരിക്കട്ട!