തൈലാഭിഷേകം

തൈലാഭിഷേകം

മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നല്കുന്നു. അത് ചുവടെ ചേർക്കുന്നു:

1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ, 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ, 262).

2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.

3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ, 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).

4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ, 26:7).

5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ, 26:7).

6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ, 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).

7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ, 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ, 26:9).

8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ, 26:13).

9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ, 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.

ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ, 26:6-14, മർക്കൊ, 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ, 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തുപറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നല്കിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നുകൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.

ഉയിർപ്പുഞായർ

ഉയിർപ്പുഞായർ ഒരു വിഹഗവീക്ഷണം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലെ സംഭവങ്ങൾ നാലു സുവിശേഷങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാം.

ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റു: “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ” എന്ന ദൂതന്റെ വാക്കുകൾ നോക്കുക. (മത്താ, 28:6; ലൂക്കോ, 24:6). തുടർന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു; വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. (മത്താ, 27:52-53). അതിനുശേഷം കുറഞ്ഞത് അഞ്ചു സ്ത്രീകൾ യേശുവിനെ പൂശേണ്ടതിനു സുഗന്ധവർഗ്ഗങ്ങളുമായി കല്ലറയിലേക്കുപോയി. (മത്താ, 28:1; മർക്കൊ, 16:1; ലൂക്കോ, 8:2-3; 24:10). “കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ലുരുട്ടി ക്കളയും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടണവർ പോയത്. (മർക്കൊ, 16:3). എന്നാൽ അവർ എത്തുന്നതിനു മുമ്പേ വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്താ, 28:2). മഗ്ദലക്കാരി മറിയ കല്ലറ തുറന്നുകിടക്കുന്നത് കണ്ടയുടനെ ഓടിപ്പോയി പത്രാസിനെയും യോഹന്നാനെയും വിവരമറിയിച്ചു. (യോഹ, 20:2). അപ്പോൾ മറിയ ഒഴികെയുള്ള സ്ത്രീകൾ ദൂതനുമായി സംസാരിച്ചു കൊണ്ട് നില്ക്കുകയായിരുന്നു. (മത്താ, 28:5-7; മർക്കൊ, 16:6-7; ലൂക്കോ, 24:5-7). സ്ത്രീകൾ കല്ലറയ്ക്കൽനിന്നു പോയശേഷം പത്രൊസും യോഹന്നാനും ഓടി അവിടെയെത്തി; മറിയ പറഞ്ഞകാര്യം കണ്ടു ബോധ്യപ്പെട്ടുവെങ്കിലും യേശു ഉയിർത്തെഴുന്നേറ്റ കാര്യം വിശ്വസിച്ചില്ല. (യോഹ, 20:3-10). പത്രൊസും യോഹന്നാനും മടങ്ങിപ്പോയശേഷവും മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. (യോഹ, 20:11). അപ്പോൾ രണ്ടുദൂതന്മാർ യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്ത് ഒരാൾ തലയ്ക്കലും വേറൊരാൾ കാൽക്കലും ഇരിക്കുന്നതു കണ്ടു. (യോഹ, 20:12). മറിയ ദൂതന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യേശുവും അവിടെയെത്തി. (യോഹ, 20:14). ആദ്യം മനസ്സിലായില്ലെങ്കിലും ‘മറിയയേ’ എന്നു വിളിച്ചപ്പോൾ യേശുവിനെ അവൾക്ക് മനസ്സിലായി. (യോഹ, 20:15,16). അതിനുശേഷം യേശു പിതാവിനെ അടുക്കൽ കയറിപ്പോയി. (യോഹ, 20:17). അതിന്റെശേഷം കല്ലറ കണ്ടുമടങ്ങിയ മറിയ ഒഴികെയുള്ള സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. (മത്താ, 28:9). ശിഷ്യന്മാരോട് ഗലീലയ്ക്ക് പോകുവാനും അവിടെ അവർ തന്നെ കാണുമെന്നും പറയാൻ പറഞ്ഞു. (മത്താ, 28:10). അതിനുശേഷം യേശു പത്രൊസിനു പ്രത്യക്ഷനായി. (ലൂക്കോ, 24:34). അതിന്റെ ശേഷം എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോ, 24:13-35). ഒടുവിലായി അന്നുവൈകിട്ട് തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി. (യോഹ, 20:19-23).

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

യേശുവിൻ്റെ ക്രൂശുമരണം ഒരു ബുധനാഴ്ച ആയിരുന്നുവെന്നും; അല്ല, വ്യാഴാഴ്ച ആയിരുന്നുവെന്നും; അതുമല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. അതിനായി ഓരോരുത്തരം പറയുന്ന ന്യായങ്ങളും വ്യത്യസ്തമാണ്. നമുക്കോരോന്നും പരിശോധിക്കാം:

ബുധനാഴ്ചവാദികൾ

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചതെന്ന് പഠിപ്പിക്കുന്നവര്‍ പറയുന്ന ഒന്നാമത്തെ കാര്യം: ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്നാണ്. മര്‍ക്കോസ് 16:1 പ്രകാരം സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നു കാണാവുന്നതാണ്‌. ലൂക്കോസ് 23:56 പ്രകാരം നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ”ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” എന്നും വായിക്കുന്നു. തന്മൂലം, മര്‍ക്കോസ് പറയുന്ന ശബ്ബത്ത്‌ യോഹന്നാൻ 19:31-ൽ പറയുന്ന പെരുന്നാളുകളോട് ബന്ധപ്പെട്ട വലിയ ശബ്ബത്താണ്. അതായത് മർക്കൊസ് പറയുന്നത് വലിയ ശബ്ബത്തും, ലൂക്കോസ് പറയുന്നത് ആഴ്ചതോറുമുള്ള സാധാരണ ശബ്ബത്തും. ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ യെഹൂദന് വർഷത്തിൽ ഏഴ് ശബ്ബത്തുകൂടി ഉണ്ടെന്ന് ഇക്കൂട്ടർ കരുതുന്നു.

രണ്ടാമത്; യേശു മത്തായിയിൽ പറയുന്ന കാര്യമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈ വാക്യപ്രകാരം യേശു ബുധനാഴ്ച മരിച്ചാൽ മാത്രമേ ”മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ” അഥവാ കല്ലറയിൽ യേശുവിന് ആയിരിക്കാൻ കഴിയുകയുള്ളു. കണക്കിങ്ങനെ:

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും.

മൂന്നാമത്; യേശു ക്രൂശിക്കപ്പെട്ടുവെന്നു പൊതുവെ വിശ്വസിക്കുന്ന വെള്ളിയാഴ്ച പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണ്. എന്നാൽ പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത് അതിൻ്റെ തലേദിവസമായ പെസഹ പെരുന്നാളിൻ്റെ അന്ന് അഥവാ വ്യാഴാഴ്ചയാണ്. പെസഹപ്പെരുന്നാൾ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ഇതൊക്കെയാണ് ബുധനാഴ്ച വാദികളുടെ ന്യായങ്ങൾ.

വ്യാഴാഴ്ചവാദികൾ

വ്യാഴാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടതെന്ന് കരുതുന്നവർ പറയുന്നത്; ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും കാര്യങ്ങൾ സംഭവിക്കണമെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നാണ് അവർ വാദിക്കുന്നത്. യേശുവിൻ്റെ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദന്മാരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴുദിവസമായി ശേഷിക്കുന്നത്‌. ഇതിനിടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു അതിനാൽ വ്യാഴാഴ്ചയാണ് യേശു മരിച്ചതെന്ന് അവർ കരുതുന്നു.

രണ്ടുകൂട്ടർക്കുമുള്ള മറുപടി

ഒന്നാമത്തേത്: രണ്ട് ശബ്ബത്തുകളെപ്പറ്റി ബൈബിൾ പറയുന്നുണ്ടോ? ഉണ്ട്. അതുപക്ഷെ, ബുധനാഴ്ചവാദികൾ പറയുന്നപോലെയല്ല. അവർ പറയുന്നത്; ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ, അഞ്ച് പെരുന്നാളുകളോടുമുള്ള ബന്ധത്തിലും ശബ്ബത്തുകളുണ്ടെന്നാണ്. അതിന്റെ കാരണം; ശബ്ബത്തിൻ്റെ കല്പനകൾ മറ്റു പെരുന്നാളുകളിലും ഉണ്ടത്രേ. നമുക്കു നോക്കാം: “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.” (ലേവ്യ, 23:3). “അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം” (പുറം, 35:2). ഇതാണ് ശബ്ബത്തിനുള്ള കല്പന. അവർ പറയുന്ന പെരുന്നാളുകളോടുള്ള ബന്ധത്തിലെ ഏഴ് ശബ്ബത്തുകൾ ഇതാണ്: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളിൽ രണ്ടെണ്ണം (ലേവ്യ, 23:7-8); ആദ്യഫലപ്പെരുന്നാളിനു ഒരെണ്ണം (23:21); പാപപരിഹാരദിവസം ഒരെണ്ണം (23:27-32); കാഹളനാദോത്സവത്തിനു ഒരെണ്ണം (23:24-25); കൂടാരപ്പെരുന്നാളിന് ഒരെണ്ണം (23:34-36). ഇതിൽ പാപപരിഹാരദിവസം ഒഴികെള്ള പെരുന്നാളുകളുടെ കല്പന ഇതാണ്: “വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.” (ലേവ്യ, 23:7,8, 21, 24,25, 34-36). ശബ്ബത്തിൻ്റെ കല്പനയാണോ മറ്റു പെരുന്നാളുകൾക്കുള്ളത്? സഭായോഗം മാത്രമാണ് ഒരുപോലെ പറഞ്ഞിട്ടുള്ളത്. വേലയുടെ കാര്യം വ്യത്യസ്തമാണ്. “ശബ്ബത്തിൽ വേല ചെയ്യരുതെന്നും വേല ചെയ്യുന്നവൻ മരിക്കേണമെന്നാണ് ആഴ്ചതോറുമുള്ള ശബ്ബത്തിൻ്റെ കല്പന.” “പെരുന്നാളുകളിലുള്ള ശബ്ബത്തിൻ്റെ കല്പന സാമാന്യവേല യാതൊന്നും ചെയ്യരുതെന്നാണ്.” ഇംഗ്ലീഷിൽ servile work (അടിമവേല, ദാസ്യവേല) എന്നാണ് (ABP, ACV, AFV11, ASV, BB, BSV, BST, CGV, CPDV, DBT, DBYe, DRB, DRC, EMP, ERV, GB, HKJV, ISV, JUB, JPS, KJV, LOT, LST, LSV, LT, LXX’12-u, LXXe, NMV’18, Niobe, PCE, RHB, RNKJV, RV, WBT, YLT) അധികം പരിഭാഷകളിലും കാണുന്നത്. Field-work (BBE); ordinary work (CJB, ESV, NLT, TLB); work fo bodage (CVB); laborious work (AB, EMB, GB1, NASB, TB, TRC); usual work (FBV); regular work (BSB, GW20, GWT, LEB, NEB, NET, NHEB, NIG, NIRV, NIV, t4t, WEB); manner of work (LBP); common work (LHB); customary work (Logos, NKJV); daily work (CSB, GNY, HCSB, NEB; NSB); hard work (NLV); work at your occupation (NRSV-CI); work of labor (ABPE, PHBT, RcV’03, SLT); sacrificial service (Thomson) എന്നിങ്ങനെയും കാണുന്നു. സാമാന്യവേല ചെയ്യരുതെന്നു പറയുന്നത്. അത് ഒരു വേലയും ചെയ്യരുതെന്ന കല്പനയ്ക്ക് തുല്യമാണോ? മാത്രമല്ല, പെരുന്നാളുകളിൽ വേല ചെയ്യുന്നവൻ മരിക്കേണമെന്ന് പറഞ്ഞിട്ടുമില്ല. എന്നാൽ മഹാപാപപരിഹാര ദിവസമായ തിഷ്റി 10-ാം തീയതി ഒരു മഹാശബ്ബത്താണ്: “അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.” (ലേവ്യ, 23:32). “അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽ നിന്നു നശിപ്പിക്കും.” (ലേവ്യ, 23:30). ഇതിൽനിന്ന് ആഴ്ചതോറുമുള്ള ശബ്ബത്തു കൂടാതെ ശരിയായ ഒരു ശബ്ബത്തുള്ളത് പാപപരിഹാരദിവസം മാത്രമാണെന്ന് മനസ്സിലാക്കാം.

എന്നാൽ ലേവ്യർ 23:24-ൽ കാഹളധ്വനിയുടെ പെരുന്നാളിനോടുള്ള ബന്ധത്തിലും; 23:39-ൽ കൂടാരപ്പെരുന്നാളിനോടുള്ള ബന്ധത്തിലും ‘വിശുദ്ധസ്വസ്ഥത’ എന്നു സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ എബ്രായപദം ശബ്ബത്തോൺ (shabbathown) ആണ്. ഇതിനെ KJV പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകൾ ശബ്ബത്തെന്നു തർജ്ജമ ചെയ്തിട്ടുണ്ട്. യഥാർത്ഥ ശബ്ബത്തിനെ കുറിക്കുന്ന വേദഭാഗങ്ങളിലും ‘സ്വസ്ഥത’ എന്നയർത്ഥത്തിൽ ഈ പദമുണ്ടെങ്കിലും, തുടർന്ന് ശബ്ബത്തെന്ന (shabbath) കൃത്യമായ എബ്രായ പദവും ഉണ്ട്. ഉദാ: “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത (shabbathown) ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു (shabbath). ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23. ഒ.നോ: 31:15; 35:2). ഇവിടെ നോക്കുക; സ്വസ്ഥത കഴിഞ്ഞിട്ട് ശബ്ബത്തെന്നു കൃത്യമായി പറയുന്നുണ്ട്. ഇനി, സ്വസ്ഥതയെന്ന ശബ്ബത്തോൺ എന്ന പദത്തെ ശബ്ബത്തെന്നു മനസ്സിലാക്കിയാൽപ്പോലും; പെസഹായോടും, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോടുള്ള ബന്ധത്തിലും ശബ്ബത്തോൺ എന്നപദം ഉപയോഗിച്ചിട്ടില്ലെന്നത് കുറിക്കൊള്ളുക.

വലിയ ശബ്ബത്ത്: ഇനി, അവശേഷിക്കുന്ന ചോദ്യം: യോഹന്നാൻ 19:31-ൽ പറയുന്ന വലിയ ശബ്ബത്ത് ഏതാണെന്നതാണ്. പെസഹയോടു ബന്ധപ്പെട്ടോ, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോട് ബന്ധപ്പെട്ടോ ഒരു ശബ്ബത്തിനെക്കുറിച്ച് യാതൊരു സൂചനയും പഴയനിയമത്തിലില്ല. ഒരു മഹാശബ്ബത്ത് പഴയനിയമത്തിൽ ഉള്ളത് പാപപരിഹാരദിവസമാണ്: (ലേവ്യ, 16:1-34; സംഖ്യാ, 29:7-11). ആ ദിവസം വേല ചെയ്യുന്നവനെ ജനത്തിൻ്റെ ഇടയിൽനിന്നു ഛേദിച്ചുകളയണമെന്നാണ് കല്പന: (ലേവ്യ, 23:27-32). അതിനാൽ, പുതിയനിയമത്തിലെ വലിയ ശബ്ബത്തെന്നത് സന്ദിഗ്ധമായ ഒരു വിഷയമാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ William Tyndale Bible (1525), Coverdale Bible (1535), Matthew’s Bible (1537), Great Bible (1539), Bishops’ Bible (1568), Geneva Bible (1587), King James (1611), Noah Webster Bible (1833) തുടങ്ങിയ എല്ലാ പരിഭാഷകളിലും പ്രസ്തുത ഭാഗം സന്ദിഗ്ധമാകയാൽ (for that sabbath day was an high day)എന്നഭാഗം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഇംഗ്ലീഷിലെ ഒട്ടുമിക്ക പരിഭാകളിലും ആ പ്രയോഗം ബ്രാക്കറ്റിലാണുള്ളത്: (AB, ABP, ABY, ACV, AFV, AKJV, ASV, AUV, BB, BBE, BKJV, BLB’16, BLT, BSC, BV2020, CB, CGV, CLNT, COMM, CPDV, CSB, CVB, DBT, DBYe, DHB, Diaglott, DLNT, DRB, DRC, EHV, EMTV, EOB’13, ERV, ESV, FBV, GB, GB1, GDBY, GLW, GNT, HCSB, HKJV+, HNT, H-NT, JUB, KJV, LEB, LET, LHB, LONT, LST, LSV, Logos, MLV’19, MNT, NASB, NET, NHEB, NHEM-JM, NHEB-ME, NHEB-Y, NKJV, NMB, NMV’18, NLT, NTM, NumNT, OEB-cw, OEB-us, PCE, Phi, RHB, RKJNT, RNKJV, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TB, TLB, TRC, Thomson, WBT, WEB, WMNT, WNT, W-NT, Wir-BT, YLT). മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്നു പരിഭാഷകളിലും (1829, 1843, 1876), പുതിയലോകം ഭാഷാന്തരത്തിലും ബ്രാക്കറ്റിലാണുള്ളത്. പുരാതന കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തതും സംശയമുള്ളതുമായ ഭാഗങ്ങളാണ് സാധാരണ ബ്രാക്കറ്റിലിടുന്നത്. ഇംഗ്ലീഷിലെ ഏകദേശം എല്ലാ പരിഭാഷകളിലും ബ്രാക്കറ്റിൽ കാണുന്നതിനാലും, പഴയനിയമത്തിൽ തെളിവില്ലാത്തതിനാലും നാലു സുവിശേഷങ്ങളിൽ മൂന്നിലും ഇല്ലാത്തതിനാലും രണ്ടു ശബ്ബത്തെന്നത് അനേകം വേദഭാഗങ്ങൾക്ക് എതിരാകയാലും വലിയ ശബ്ബത്തെന്നത് പരിഭാഷാ പ്രശ്നമാകാനാണ് കൂടുതൽ സാധ്യത. ഇനിയത് ബൈബിളിൻ്റെ ഭാഗമാണെന്നുതന്നെ വന്നാലും പെരുന്നാളുകളുടെ ഇടയ്ക്കുവരുന്ന ആഴ്ചതോറുമുള്ള ശബ്ബത്തിനെയാണ് ”വലിയ ശബ്ബത്തു” എന്നു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കിയാൽ മതിയാകും.

അടുത്തത്; മര്‍ക്കോസ് 16:1 പ്രകാരം, സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നും, ലൂക്കോസ് 23:56 പ്രകാരം ശബ്ബത്തിനു മുമ്പാണെന്നും കാണാം. ഇതിനെ, ബുധനാഴ്ചവാദികൾ രണ്ട് വ്യത്യസ്ത ശബ്ബത്തുകളായി മനസ്സിലാക്കുന്നു. അതായത്, മർക്കൊസ് പറയുന്നത് വ്യാഴാഴ്ചത്തെ പ്രത്യേക ശബ്ബത്തിനെക്കുറിച്ചും. ലൂക്കൊസ് പറയുന്നത് ആഴ്ചതോറുമുള്ള ശബ്ബത്തിനെക്കുറിച്ചും ആണെന്ന് അവർ കരുതുന്നു. ഇതിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ എളുപ്പമാണ്. മർക്കൊസും ലൂക്കൊസും പറയുന്ന, സുഗന്ധവർഗ്ഗം ഒരുക്കിയ സ്ത്രീകൾ ആരാണെന്ന് പരിശോധിച്ചാൽ മതിയല്ലോ. വ്യത്യസ്ത സ്ത്രീകളാണെങ്കിൽ, രണ്ടാമതൊരു ശബ്ബത്തിന് ബൈബിളിൽ തെളിവില്ലെങ്കിലും, രണ്ട് ശബ്ബത്തുണ്ടെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. ഇനി, അവർ ഒരേ സ്ത്രീകളാണെങ്കിൽ, ബുധനാഴ്ച വാദികൾ ഉണ്ടെന്നു പറയുന്ന രണ്ട് ശബ്ബത്തിലും അവർ സുഗന്ധവർഗ്ഗം ഒരുക്കേണ്ട കാര്യമില്ലല്ലോ? ഒന്നാമത്, അവർ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകളാണെന്ന് മർക്കൊസും ലൂക്കൊസും ഒരുപോലെയാണ് പറയുന്നത്. (മർക്കൊ, 15:41; ലൂക്കൊ, 23:49,54). രണ്ടാമത്, അവർ ആരൊക്കെയാണെന്ന് നോക്കാം. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.” (മർക്കൊസ, 16:1). അടുത്തത്, “അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ.” (ലൂക്കോ, 24:10). മൂമ്മൂന്ന് സ്ത്രീകളുടെ പേരാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിൽ, രണ്ടുപേരും പറയുന്നതിൽ, മഗ്ദലക്കാരത്തി മറിയയും യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. മൂന്നാമത്തെ ആളുടെ പേര് മർക്കൊസ് ശലോമ എന്നും, ലൂക്കൊസ് യോഹന്നാ എന്നുമാണ് പറയുന്നത്. തൽസ്ഥാനത്ത് മത്തായി പറയുന്നത്, “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു” എന്നാണ്. (27:56). അതായത്, മർക്കൊസ് പറയുന്ന ശലോമ, സെബെദി പുത്രന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയാണ്. (മർക്കൊ, 15:40). എന്നാൽ, ലൂക്കൊസ് പറയുന്ന യോഹന്നാ, ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയാണ്. (ലൂക്കൊ, 8:3). ഓരോ പേരിലുള്ള വ്യത്യാസത്തിൻ്റെ കാരണം, നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. എന്നാൽ, ശ്രദ്ധേയമായ വിഷയം അതൊന്നുമല്ല. ശബ്ബത്തിനുശേഷം സുഗന്ധവർഗ്ഗം വാങ്ങിയെന്ന് മർക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, ശബ്ബത്തിനുമുമ്പേ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് ലൂക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. അപ്പോൾ, ഒരേ സ്ത്രീകളെക്കുറിച്ചാണ് രണ്ടുപേരും പറഞ്ഞതെന്ന് വ്യക്തമാണല്ലോ? ഒരേ സ്ത്രീകൾ ശബ്ബത്തിനു മുമ്പും പിമ്പും രണ്ടുപ്രാവശ്യം സുഗന്ധവർഗം വാങ്ങേണ്ടതോ, ഒരുക്കേണ്ടതോ ആയ കാര്യമില്ലല്ലോ? മുമ്പും പിമ്പുമെന്ന് പറഞ്ഞിരിക്കുന്നത്, ചരിത്രം ചമച്ച രണ്ട് സുവിശേഷകന്മാരുടെയും അറിവിലുള്ള വ്യത്യാസം മാത്രമാണ്. അല്ലാതെ, ശബ്ബത്തുകൾ വ്യത്യസ്തമായതുകൊണ്ടല്ല. അതിനാൽ, ബുധനാഴ്ച വാദികളുടെ ഉപദേശം അബദ്ധമാണെന്ന് മനസ്സിലാക്കാം.

സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമെന്ന വാദവും യുക്തിസഹമല്ല,. ഒന്നാമത്തെ കാര്യം. സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് മർക്കൊസ് പറയുന്നില്ല. രണ്ടാമത്, ശവശരീരത്തിൽ സുഗന്ധവർഗ്ഗങ്ങൾ പൊതിയുന്നത് യെഹൂദന്മാരുടെ ആചാരമാണ്. യോഹന്നാനിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (19:40). ശരീരത്തിൽ സുഗന്ധവർഗ്ഗം പൊതിഞ്ഞുകെട്ടുന്നത് അവരുടെ ആചാരമാകയാൽ, ഒരുക്കിയ സുഗന്ധവർഗ്ഗങ്ങൾ ധാരാളമായി കടകളിൽനിന്നു വാങ്ങിക്കാൻ കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. അപ്പോൾ, സുഗന്ധവർഗ്ഗം ഒരുക്കി കാത്തിരുന്നു എന്ന് ലൂക്കൊസ് പറയുന്നതിൻ്റെ അർത്ഥമെന്താണ്? സുഗന്ധവർഗ്ഗം മാത്രം വാങ്ങിയ കാര്യമാണ് മർക്കോസ് പറയുന്നത്. അതുകൊണ്ടാണ്, ഒരുക്കി എന്ന് പറയാത്തത്. എന്നാൽ ലൂക്കോസാകട്ടെ, സുഗന്ധവർഗ്ഗവും പരിമളതൈലവും വാങ്ങിയതായി പറയുന്നുണ്ട്. ഒരുക്കുക എന്ന് പറഞ്ഞാൽ, അതിന് ഇടിച്ച് ഒരുക്കുക എന്ന ഖണ്ഡിതമായ അർത്ഥമില്ല. വേണ്ട സാധനങ്ങൾ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക എന്നൊക്കെയാണ് അർത്ഥം. ലൂക്കൊസ് 9:52-ൽ അതേ ഗ്രീക്കുപദത്തെ ‘വട്ടംകൂട്ടുക’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതായത്, ഒന്നിലേറ സാധനങ്ങൾ ഉള്ളതുകൊണ്ടാണ്, അവിടെ ഒരുക്കി അഥവാ, വട്ടംകൂട്ടി സ്വസ്ഥമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഇനി, ഇടിച്ചൊരുക്കാത്ത സുഗന്ധവർഗ്ഗമാണ് അവർ മേടിച്ചതെങ്കിൽ, ശബ്ബത്ത് കഴിഞ്ഞ രാത്രിയിൽ അവർക്ക് അതൊരുക്കുവാൻ ധാരാളം സമയമുണ്ട്. ശനിയാഴ്ച ആറുമണിക്ക് ശബ്ബത്ത് കഴിയും. കർത്താവിനുവേണ്ടി ആ രാത്രി ഉറക്കമിളയ്ക്കാൻ ആ സ്ത്രീകൾ തയ്യാറാകില്ലേ? രണ്ട് വ്യത്യസ്ത ശബ്ബത്തുകളില്ലെന്നും, മർക്കൊസും ലൂക്കൊസും പറയുന്നത് ഒരേ സ്ത്രീകളെക്കുറിച്ചാണെന്നും നാം കണ്ടുകഴിഞ്ഞു. എങ്കിലും, അവരുടെ വാദത്തിൻ്റെ കഴമ്പില്ലായ്മ ഒന്നുകൂടി ചൂണ്ടിക്കാണിക്കാം. മർക്കൊസ് പറയുന്നത്, വ്യാഴാഴ്ചത്ത പ്രത്യേക ശബ്ബത്തിനെക്കുറിച്ചും, ലൂക്കൊസ് പറയുന്നത്, ശനിയാഴ്ചത്തെ അഥവാ, ആഴ്ചതോറുമുള്ള ശബ്ബത്തുമാണെന്ന് അവർ പറയുന്നു. അതായത്, മർക്കൊസ് പറയുന്ന സ്ത്രീകൾ ആദ്യ ശബ്ബത്തിനു ശേഷവും, ലൂക്കൊസിൽ പറയുന്ന സ്ത്രീകൾ ആഴ്ചതോറുമുള്ള ശബ്ബത്തിനു മുമ്പുമാണ് സുഗന്ധവർഗ്ഗം ഒരുക്കിയതെന്നാണ് അവരുടെ വാദം. എന്നാൽ, മർക്കൊസും ലൂക്കൊസും ഒരേപോലെ പറയുന്നു, ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശുവിൻ്റെ ശരീരം അടക്കിയത്. (മർക്കൊ, 15:42-46; ലൂക്കൊ, 23:53). ബുധനാഴ്ച വാദികൾപറയുന്ന പ്രകാരമാണെങ്കിൽ, രണ്ടുപേരും പറയുന്നത് ഒരുക്കനാളായ ബുധനാഴ്ചയെ കുറിച്ചാണല്ലോ? ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളാണ് യേശുവിൻ്റെ ഒപ്പം ഉണ്ടായിരുന്നത് എന്നും, അവർ അടക്കം കണ്ടിട്ടാണ് മടങ്ങിപ്പോയത് എന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 15:41, 46; ലൂക്കൊ, 23:54). എന്നാൽ, ലൂക്കൊസിൽ ഒരുകാര്യംകൂടി പറഞ്ഞിട്ടുണ്ട്. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. (23:53). അതായത്, യേശുവിൻ്റെ അടക്കം കഴിഞ്ഞപ്പോൾ, നിങ്ങൾ പറയുന്ന വ്യാഴാഴ്ചത്തെ ശബ്ബത്തും ആരംഭിച്ചു. നിങ്ങൾ പറയുന്നത് അനുസരിച്ച്, സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമല്ലോ? വ്യാഴാഴ്ചത്തെ ശബ്ബത്താരംഭിച്ചു കഴിഞ്ഞാൽ, ആ ശബ്ബത്തിനുമുമ്പ് സുഗന്ധവർഗ്ഗം എന്തായാലും ഒരുക്കാൻ പറ്റില്ല. അപ്പോൾ, നിങ്ങളുടെ വാദപ്രകാരം ശേഷിക്കുന്നത്, ശനിയാഴ്ചത്തെ ഒരു ശബ്ബത്ത് മാത്രമാണ്. അതിലേക്ക് രണ്ടുദിവസം ശേഷിക്കുന്നുമുണ്ട്. അതിൽ, സുഗന്ധവർഗ്ഗം ഒരുക്കാൻ വെള്ളിയാഴ്ചത്തെ ഒരു മുഴുദിവസം രണ്ടുകൂട്ടർക്കും ഒരുപോലെ ലഭിക്കും. പിന്നെന്തിനാണ്, രണ്ട് വ്യത്യസ്ത ശബ്ബത്തുകളോടുള്ള ബന്ധത്തിലാണ് അവർ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് നിങ്ങൾ വാദിക്കുന്നത്? മാത്രമല്ല, യേശുവിനെ അടക്കിയ ഒരുക്കനാളിൻ്റെ പിറ്റേദിവസമുള്ള ശബ്ബത്തിനെക്കുറിച്ചാണ് മർക്കോസും ലൂക്കോസും പറയുന്നതെന്ന് ആ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. പിന്നെങ്ങനെ, അത് വ്യത്യസ്ത ശബത്തുകളാണെന്ന് പറയും? അപ്പോൾ, മൊത്തത്തിൽ നിങ്ങളുടെ ഉപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

അടുത്ത വിഷയം; യോനായുടെ അടയാളമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈയൊരു വാക്യപ്രകാരം യേശു മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിൽ ഉണ്ടാകണമെന്നാണ് ഇക്കുട്ടർ വാദിക്കുന്നത്. യേശു താൻ മശീഹയാണെന്നു വിശ്വസിക്കാൻ ഒരടയാളം ചെയ്തുകാണിക്കാൻ പറഞ്ഞവരോട് യേശു തൻ്റെ മരണത്തെ യോനയുടെ സംഭവവുമായി സാദൃശ്യപ്പെടുത്തി പറഞ്ഞതാണ് മേല്പറഞ്ഞ വാക്യം. എന്നാൽ ബൈബിളിൽ ഈയൊരു വാക്യം മാത്രമല്ലല്ലോ ഉള്ളത്. തൻ്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് തെളിവായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ വേറെയുമുണ്ട്. അവിടെയൊക്കെ മൂന്നുദിവസം ഭൂമിക്കുള്ളിൽ ആയിരിക്കുമെന്നല്ല; താൻ മരിച്ച് മൂന്നാംനാൾ ഉയിർക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. “അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.” (മത്താ, 16:21. ഒ.നോ: 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). വചനത്തെ വചനംകൊണ്ട് വേണ്ടേ വ്യാഖ്യാനിക്കാൻ? മേല്പറഞ്ഞ വാക്യങ്ങളിലുളിൽ പത്തോളം വാക്യം തൻ്റെ മരണത്തെക്കുറിച്ചുള്ള യേശുവിൻ്റെതന്നെ പ്രവചനങ്ങളാണ്. യോനായുടെ അടളമായ ഒരു പ്രവചനത്തിനെതിരെ യേശുവിൻ്റെതന്നെ പത്തോളം പ്രവചനങ്ങൾ മതിയാകില്ലേ???…

ഇനി, ബുധനാഴ്ച വാദികളുടെ ഇരട്ടത്താപ്പ് കാണിക്കാം: മൂന്നാംനാൾ എന്ന് പുതിയനിയമം ആവർത്തിച്ചുപറയുന്നത് അംഗീകരിക്കാതെയാണ് യോനയുടെ അടയാളത്തിൽ ഇക്കൂട്ടർ പിടിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നുരാവും മൂന്നുപകലും തന്നെ മനുഷ്യപുത്രൻ ഭൂമിക്കുള്ളിൽ ആയിരിക്കണമല്ലോ? നമുക്ക് അവരുടെ കണക്ക് ഒന്നുകൂടി നോക്കാം.

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും; ഇതാണവരുടെ കണക്ക്.

പക്ഷെ, യേശു ഉയിർക്കുന്നത് ശനിയാഴ്ച 6 PM-ന് അല്ലല്ലോ? ഞായറാഴ്ച രാവിലെയല്ലേ? “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9. ഒ.നോ: മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1). ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ (പിറ്റേദിവസം) അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:” (മർക്കൊ, 16:1,2). ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമെന്നും ഒന്നാം നാൾ അതിരാവിലെ സൂര്യനുദിച്ചപ്പോൾ എന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ കണക്കുപ്രകാരം രാത്രി കഴിഞ്ഞിട്ടാണല്ലോ രാവിലെ വരുന്നത്. അപ്പോൾ ഞായറാഴ്ചദിവസത്തെ രാത്രി എന്തുചയ്യും? അതെന്തേ ബുധനാഴ്ചവാദികൾ വിഴുങ്ങികളഞ്ഞോ? അതുകൂടി കൂട്ടുമ്പോൾ മൂന്നു രാവല്ല; നാലുരാവും മൂന്നുപകലും യേശു ഭൂമിക്കുള്ളിൽ ഇരുന്നല്ലോ പ്രിയപെട്ടവരേ? അങ്ങനെവരുമ്പോൾ നിങ്ങൾ മുറുകെപ്പിടിക്കുന്ന യോനായുടെ അടയാളം പിഴയ്ക്കുമല്ലോ???… മാത്രമല്ല, മൂന്നാംനാൾ ഉയിർക്കുമെന്ന് പതിമൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4). നിങ്ങളുടെ കണക്കുപ്രകാരം ബുധനാഴ്ച മരിച്ചു; പിറ്റേന്ന് ശബത്താകയാൽ അന്നുതന്നെ അടക്കി. ബുധൻ ഒന്നാം ദിവസം, വ്യാഴം, വെള്ളി, ശനി, ഞായർ രാവിലെ ഉയിർത്തു. അതായത് അഞ്ചാം ദിവസം ഉയിർത്തു. മൂന്നാംനാൾ ഉയിർക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ, അഞ്ചാം നാൾ യേശു ഉയിർത്തെഴുന്നേറ്റാൽ മതിയാകുമോ???… മൂന്നാം നാൾ എന്നുപറയുന്നത് വിശ്വസിക്കുന്നതല്ലേ നല്ലത്???….

മൂന്നാംനാൾ എന്നതിനും മർക്കൊസ് സുവിശേഷത്തിൽ ഒരു പ്രശ്നം കാണുന്നുണ്ട്. ”മൂന്നുദിവസം കഴിഞ്ഞിട്ടു” എന്നു മൂന്നു വാക്യങ്ങളിൽ കാണുന്നുണ്ട്. (8:31; 9:31; 10:34). അപ്പോൾത്തന്നെ ”മൂന്നുദിവസംകൊണ്ടു” (within three days) എന്ന് രണ്ട് വാക്യങ്ങളിലുമുണ്ട്. (14:58; 15:29). മറ്റ് സുവിശേഷങ്ങളിലും വേദഭാഗങ്ങളിലും മൂന്നാംനാൾ അല്ലെങ്കിൽ മൂന്നുദിവസത്തിനകം എന്നു കൃത്യമായി എഴുതിയിരിക്കുകയും (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4), മർക്കൊസിൽത്തന്നെ ‘മൂന്നു ദിവസത്തിനകം’ എന്നു രണ്ടുപ്രാവശ്യം ഉള്ളതുകൊണ്ടും ‘മൂന്നു ദിവസം കഴിഞ്ഞിട്ടു’ എന്ന പ്രയോഗം പരിഭാഷാപ്രശ്നമാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

മൂന്നാമത്തെ വിഷയം: വെള്ളിയാഴ്ചയല്ല, വ്യാഴാഴ്ചയാണ് പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത്. ആ ദിവസം പെസഹാക്കുഞ്ഞാട് എന്തുകൊണ്ട് അറുക്കപ്പെട്ടില്ല എന്നതാണ്. പെസഹായും പുളിപ്പില്ലാത്തപ്പവും തലേദിവസവും പിറ്റേദിവസവുമായി രണ്ടു വ്യത്യസ്ത പെരുന്നാളുകളായാണ് ദൈവം നിയമിച്ചു കൊടുത്തതെങ്കിലും, പില്കാലത്ത് അതുരണ്ടും അഭിന്നമായിട്ടാണ് ആചരിച്ചിരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). പുതിയനിയമത്തിൽ മർക്കൊസും (14:1) ലൂക്കൊസും (പ്രവൃ, 12:3,4) അത് രേഖപ്പെടുത്തിയിട്ടുണ്ട്: “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.” (22:1). വൈദ്യനും ചരിത്രകാരനുമായ ലൂക്കൊസ് യേശുവിനെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചശേഷമാണ് ചരിത്രം ചമച്ചതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ബൈബിളിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. (ലൂക്കൊ, 1:4). തുടർന്ന് പെസഹാക്കുഞ്ഞാടിനെ അറുക്കുന്നത് എപ്പോഴാണെന്നും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ.” (22:7). പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിക്കുന്ന വെള്ളിയാഴ്ചയാണ് കുഞ്ഞാട് അറുക്കപ്പെട്ടതെന്ന് ഇവിടെ വ്യക്തമല്ലേ? കൂടാതെ, പെസഹയും പുളിപ്പില്ലാത്തപ്പവും അഭിന്നമായാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. (1കൊരി, 5:7,8).

ബുധനാഴ്ച വാദികളുടെ ആന്തരികവും ബാഹ്യവുമായ ഒരു പരമാബദ്ധവും കൂടി കാണിക്കാം: യെഹൂദന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് പെരുന്നാളുകളും ക്രിസ്തുവിൻ്റെ രക്ഷാണ്യവേലയുടെ നിഴലുകളാണ്:

1. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ): പെസഹ — (പുറ, 12:21 ലേവ്യ, 23:5).

2. നീസാൻ 15 മുതൽ 21 വരെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ — (പുറ, 12:17, ലേവ്യ, 23:6): പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). തന്മൂലം പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടത് പറയുമ്പോൾ, അപ്പൊസ്തലനും രണ്ടു പെരുനാളുകളും ചേർത്താണ് പറയുന്നത്. (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി: ആദ്യഫലപ്പെരുന്നാൾ — (പുറ, 34:26, ലേവ്യ, 23:10). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20-23).

4. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്): പെന്തെക്കൊസ്തു പെരുന്നാൾ — (ലേവ്യ, 23:15-16). ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുമൂലം അനന്തരജാതന്മാരെ കൊയ്തെടുക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസം. (യോഹ, 14:16).

5. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ): കാഹളനാദോത്സവം — (ലേവ്യ, 23:23-26, സംഖ്യ, 29:1). (മത്താ, 24:31; 1തെസ്സ, 4:16-17).

6. തിഷ്ഠറി മാസം 10-ാം തീയതി: പാപപരിഹാദിവസം — (ലേവ്യ, 23:27, സംഖ്യ, 29:7-11): ഈ ദിവസം ഒരു മഹാശബ്ബത്താണ്. (ലേവ്യ, 23:29-30). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കിറങ്ങി വരുമ്പോഴാണ് ഈ പാപപരിഹാരം നടക്കുന്നത്. (സെഖ, 12:9-14; സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ — (ലേവ്യ, 23:33-36, ആവ, 16-13). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 21:2-5).

ബുധനാഴ്ച വാദികൾ പറയുന്നതനുസരിച്ച്; ബുധനാഴ്ചയാണ് പെസഹ, അന്നാണ് കുഞ്ഞാട് അറുക്കപ്പെട്ടതും. അന്ന് വൈകിട്ട് യേശുവിനെ അടക്കി; പിറ്റേന്ന് വ്യാഴാഴ്ച വലിയശബ്ബത്ത് കഴിഞ്ഞശേഷം മർക്കൊസിലെ സ്ത്രീകൾ സുഗന്ധവർഗ്ഗം ഒരുക്കി ഞായറാഴ്ചയാകാൻ കാത്തിരുന്നു. (16:1,2). ലൂക്കൊസിലെ സ്ത്രീകളാകട്ടെ; ആഴ്ചതോറുമുള്ള ശബ്ബത്തായ ശനിയാഴ്ചയ്ക്കു മുമ്പായി സുഗന്ധവർഗ്ഗം ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കൊ, 23:55).

ഇവരുടെ കണക്കുപ്രകാരം; നീസാൻ മാസം 14-ാം തീയതി ബുധനാഴ്ചയാണ് പെസഹ. പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. അടുത്ത പെരുന്നാളായ ആദ്യഫലപ്പെരുന്നാൾ നീസാൻ മാസം 17-ാം തീയതിയായ ശനിയാഴ്ചയാണ്. എന്നാൽ നാലു സുവിശേഷങ്ങളും പറയുന്നു; ആഴ്ചവട്ടത്തിൻ്റെ ഒന്നാംദിവസമായ ഞായറാഴ്ചയാണ് യേശു ഉയിർത്തെഴുന്നേറ്റതെന്ന്. ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫലപ്പെരുന്നാളിൻ്റെ അന്നല്ലേ ആദ്യഫലമായി ക്രിസ്തു ഉയിർക്കേണ്ടത്. (1കൊരി, 15:20-23). ബൈബിൾ പ്രകാരം ആ പെരുന്നാൾ വരേണ്ടത് ഞായറാഴ്ചയല്ലേ? ബുധനാഴ്ച വാദികളുടെ കണക്കനുസരിച്ച്, ആദ്യഫലപ്പെരുന്നാളിൻ്റെ പിറ്റേ ദിവസമാണ് യേശു ഉയിർത്തത്. എന്നാൽ, യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്ന് നാല് സുവിശേഷകരും പറഞ്ഞിരിക്കുന്നു. അതിനാൽ, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

മത്തായി 28:1-ലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനമാണ്; അതിനാൽ, രണ്ട് ശബ്ബത്തുകൾ ആ ആഴ്ച ഉണ്ടായിരുന്നു എന്നാണ് ചിലർ പറയുന്നത്. അതിലെ വസ്തുത എന്താണെന്ന് നോക്കാം: “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). ഈ വാക്യത്തിലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപ്രയോഗം ബഹുവചനമാണെന്നത് ശരിയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഈ വാക്യത്തിൽ ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗം ഒന്നല്ല; രണ്ടെണ്ണമുണ്ട്, അതവർ മനസ്സിലാക്കുന്നില്ല. ശബ്ബത്തിനെ കുറിക്കുന്ന ഏഴ് വ്യത്യസ്ത ഗ്രീക്കുപ്രയോഗങ്ങൾ ഏകവചനത്തിലും ബഹുവചനത്തിലുമായി 68 പ്രാവശ്യം ബൈബിളിൽ കാണാം: σάββασιν – savvasin – plural (14 പ്രാവശ്യം), σάββατα – savvata – plural (1 പ്രാവശ്യം), Σάββατόν – savvaton – singular (1 പ്രാവശ്യം), σάββατον – savvaton – singular (13 പ്രാവശ്യം), σαββάτου – savvatou – singular (12 പ്രാവശ്യം), σαββάτῳ – savvato – singular (15 പ്രാവശ്യം), σαββάτων – savvaton – plural (12 പ്രാവശ്യം). മൂന്ന് വ്യത്യസ്ത അർത്ഥങ്ങളിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്: ശബ്ബത്തുദിവസം (sabbath day 37 പ്രാവശ്യം), ശബ്ബത്ത് (sabbath 22 പ്രാവശ്യം), ആഴ്ച, ആഴ്ചവട്ടം (week 9 പ്രാവശ്യം). മത്തായി 28:1-ൽ ശബ്ബത്ത് എന്നു പറഞ്ഞിരിക്കുന്നതിനും ആഴ്ചവട്ടം എന്നു പറഞ്ഞിരിക്കുന്നതിനും “സവ്വടൊൺ” (σαββάτων – savvaton) എന്നുള്ള ബഹുവചനമാണ് (plural) ഉപയോഗിച്ചിരിക്കുന്നത്. അവർ പറയുന്നപോലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനം ആയതുകൊണ്ട്, ശബ്ബത്തെന്ന ഏകവചനമല്ല ശബ്ബത്തുകൾ എന്ന ബഹുവചനമാണ് ആ വാക്യത്തിൽ വരേണ്ടതെങ്കിൽ, ആഴ്ചവട്ടത്തിനും അത് ബാധകമാണല്ലോ? എന്തെന്നാൽ, ആഴ്ചവട്ടത്തിനും അതേ ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ, ആഴ്ചവട്ടം മാറി ആഴ്ചവട്ടങ്ങളാകും. അങ്ങനെ ആ വാക്യത്തെ നമുക്കൊന്നു മാറ്റി നോക്കാം: “ശബ്ബത്തുകൾ കഴിഞ്ഞു ആഴ്ചവട്ടങ്ങളുടെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). “ശബ്ബത്തുകൾ കഴിഞ്ഞു” എന്നു പറഞ്ഞാൽ, ആ പ്രയോഗം ശരിയാണ്; രണ്ടോ, നാലോ ശബ്ബത്തുകൾ കഴിഞ്ഞുവെന്ന് വേണമെങ്കിൽ മനസ്സിലാക്കാം. “ആഴ്ചവട്ടങ്ങളുടെ അഥവാ ആഴ്ചകളുടെ ഒന്നാം ദിവസം” എന്നു പറഞ്ഞാൽ ആ പ്രയോഗമെങ്ങനെ ശരിയാകും? അത് ഏത് ദിവസമെന്ന് പറയും? ഒരേ പ്രയോഗങ്ങൾ ഒന്ന് ഏകവചനത്തിലും മറ്റേത് ബഹുവചനത്തിലും മതിയെന്ന് പറഞ്ഞാൽ ശരിയാകുമോ? ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ Wycliffe Bible (1394), Tyndale Bible (1531), Matthew Bible (1537), Geneva Bible (1560), Bishop’s Bible (1568), King James Bible (1611), Douay-Rheimes Bible (1750), Webster Bible (1833), English Revised Version (1885), Darby Bible (1890), American Standard Bible (1901) തുടങ്ങി ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ എല്ലാ പരിഭാഷകളിലും “ശബ്ബത്തു” (Sabbath) എന്ന ഏകവചനമാണുള്ളത്.

ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗങ്ങളിലെ ആദ്യവാക്യം കാണുക: “ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി  പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.” (മത്താ, 12:1-2). ഇതിൻ്റെ ആദ്യവാക്യത്തിൽ “സവ്വസിൻ” (σάββασιν) എന്ന മറ്റൊരു ബഹുവചനവും (plural), അടുത്തവാക്യത്തിൽ” സവ്വടൊ” (σαββάτῳ) എന്ന ഏകവചനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗം ബഹുവചനം ആക്കിയാൽ: “ആ കാലത്തു യേശു ശബ്ബത്തുകളിൽ വിളഭൂമിയിൽകൂടി കടന്നുപോയി” എന്നാകും. അക്കാലത്ത് (At that time) എന്നതിനെ ഇആർവിയിൽ “അതേ സമയം” എന്നും മലയാളബൈബിള്‍-നൂതനപരിഭാഷയിൽ “അന്നൊരിക്കൽ” എന്നുമാണ്. ഒരിക്കൽ അഥവാ ഒരു സമയത്ത് ശബത്തുകളിൽ അഥവാ ഒന്നിലധികം ശബ്ബത്തിലൂടെ ആർക്കെങ്കിലും നടക്കാൻ കഴിയുമോ? ഇനി പല ശബ്ബത്തുകളിലെ കുറ്റം പരീശന്മാർ ഒരുമിച്ചു ചുമത്തുകയാണെങ്കിൽ; അടുത്ത വാക്യത്തിലും ബഹുവചനമല്ലേ കാണേണ്ടത്? എന്നാൽ, “ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു” എന്നു ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വാക്യം കാണുക: “അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ (σάββασιν – plural) കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?” (മത്താ, 12:11). ഈ വാക്യത്തിലും “സവ്വസിൻ” (σάββασιν) എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരാട് ശബ്ബത്തുകളിൽ അഥവാ എല്ലാ ശബ്ബത്തിലും പോയി കുഴിയിൽ വീഴുമോ? ഭാഷയ്ക്ക് ഒരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട് അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അതിനാൽ ഇങ്ങനെ മനസ്സിലാക്കാം: ശബ്ബത്തിനെ കുറിക്കുന്ന ചില പ്രയോഗങ്ങൾ ബഹുവചനരൂപമാണെങ്കിലും യഥാർത്ഥത്തിൽ അത് മേല്പറഞ്ഞ വാക്യങ്ങളിൽ ഏകവചനത്തിൽ തന്നെയാണ് ഉപയോഗിക്കുന്നത്.

ഇനിയുള്ളത് വ്യാഴാഴ്ച വാദികൾക്കുള്ള മറുപടിയാണ്: അവർ പറയുന്നത്; യേശുവിൻ്റെ മരണത്തിനും ഉത്ഥാനത്തിനും ഇടയിൽ ഇരുപതോളം സംഭവങ്ങൾ അരങ്ങേറിയെന്നാണ്. അതൊക്കെ ചുമ്മാ പറയുന്നതാണ്; ബൈബിളിലൊന്നും അതിന് യാതൊരു തെളിവുമില്ല. എങ്കിലും എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് നമുക്കൊന്നു നോക്കാം:

1.വെള്ളിയാഴ്ച 3 PM-ന് ക്രൂശിൽ യേശുവിൻ്റെ അവസാനത്തെ മൊഴിയും പ്രാണാത്യാഗവും. (മത്താ, 27:50; മർക്കൊ, 15:17; ലൂക്കൊ, 23:46).

2. ദൈവാലയത്തിൻ്റെ തിരശ്ശീല കീറുന്നു, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, ശതാധിപൻ്റെ സാക്ഷ്യം. (മത്താ, 27:51-56; മർക്കൊ, 16:38-41; ലൂക്കൊ, 23:47-49).

3. ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ കണങ്കാലുകൾ തകർക്കുന്നു; യേശുവിൻ്റെ വിലാപ്പുറത്തു കുത്തുന്നു. (യോഹ, 19:31-37).

4. യേശുവിൻ്റെ ശരീരം സംസ്കരിക്കുന്നു. (മത്താ, 27:57-60; മർക്കൊ, 15:42-47; ലൂക്കൊ, 23:50-53; യോഹ, 19:38-42).

5. സ്ത്രീകൾ യേശുവിൻ്റെ അടക്കം കണ്ടിട്ട് മടങ്ങിപ്പോയി ശബ്ബത്തിൽ സ്വസ്ഥമായിരിക്കുന്നു. (ലൂക്കൊ, 23:54-56).

6. ശനിയാഴ്ച കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തുന്നു. (മത്താ, 27:62-66).

7. രാവിലെ യേശു ഉയിർക്കുന്നു. (മത്താ, 28:1-7; മർക്കൊ, 16:1-8; ലൂക്കൊ, 24:1-10; യോഹ, 20:1).

ഇതിനാണവർ ഇരുപതോളം സംഭവങ്ങളെന്നു പറയുന്നത്. എല്ലാ സംഭവങ്ങൾക്കും കൂടി ശനിയാഴ്ച ഒരുദിവസം പോരെന്നാണ് അവരുടെ വാദം. എന്നാൽ ശനിയാഴ്ച ആകെ നടന്നിരിക്കുന്നത്; ”കല്ലറ ഉറപ്പാക്കി, കാവൽ ഏർപ്പെടുത്തുക” എന്ന ഒരു സംഭവം മാത്രമാണ്. അതിനാണെങ്കിൽ ഒരുദിവസംതന്നെ വളരെയധികമാണ്.

എതിർവാദങ്ങളെല്ലാം നിഷ്ഫലമായ സ്ഥിതിക്ക് യേശു മരിച്ചത് വെള്ളിയാഴ്ച തന്നെയാണെന്ന് വ്യക്തമായികഴിഞ്ഞു. എങ്കിലും നമുക്ക് അക്കാര്യങ്ങൾ ഒന്നു വേഗത്തിൽ പറഞ്ഞുവിടാം:

വ്യാഴാഴ്ച യേശു ശിഷ്യന്മാരുമായി പെസഹാ ഭക്ഷിച്ചശേഷം കർത്തൃമേശ സ്ഥാപിക്കുന്നു. തുടർന്ന് പുതിയൊരു കല്പനയും മാളികമുറിയിലെ ദീർഘമായ പ്രഭാഷണങ്ങൾക്കും ശേഷം ഗെത്ത്ശെമനയെന്ന തോട്ടത്തിലേക്ക് പോകുന്നു. അവിടെവെച്ച് യേശുവിനെ യൂദാ ഒറ്റിക്കൊടുക്കുന്നു. യേശുവിനെ അറസ്റ്റുചെയ്ത പടയാളികൾ ആദ്യം ഹന്നാവിൻ്റെ അടുക്കലേക്കു കൊണ്ടുപോയി; ആ രാത്രിയിൽത്തന്നെ കയ്യഫാവും യേശുവിനെ വിസ്തരിക്കുന്നു. വെള്ളിയാഴ്ച രാവിലെ യേശുവിനെ ന്യായാധിപസംഘത്തിൻ്റെ വിസ്താരത്തിനുശേഷം അവർക്ക് മരണശിക്ഷയ്ക്ക് അധികാരമില്ലാത്തതിനാൽ പീലാത്തൊസിനെ ഏല്പിക്കുന്നു. പീലാത്തൊസ് കുറ്റമൊന്നും കാണായ്കയാൽ ഹെരോദാവിൻ്റെ അടുക്കലേക്കും; ഹെരോദാവ് യേശുവിനെ പരിഹസിച്ചശേഷം പീലാത്തോസിൻ്റെ അടുക്കലേക്കും മടക്കിയയക്കുന്നു. യെഹൂദന്മാരുടെ സമ്മർദ്ദത്തിനു വഴങ്ങി പീലാത്തൊസ് ബറാബ്ബാസിനെ വിട്ടയച്ചുകൊണ്ട് യേശുവിനെ ക്രൂശിനേല്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് യേശുവിനെ ക്രൂശിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയായപ്പോൾ യേശു തന്നെ മരണത്തിനേല്പിച്ചു. ഏകദേശം ആറുമണി ആയപ്പോൾ ശബ്ബത്ത് ആരംഭിക്കുന്നതിനു മുമ്പായി യേശുവിൻ്റെ ശരീരം ക്രൂശിൽ നിന്നിറക്കി സംസ്കരിച്ചു. പിറ്റേദിവസം ശനിയാഴ്ച്ച ജനത്തിൻ്റെ പ്രമാണികൾ യേശുവിൻ്റെ കല്ലറ ഉറപ്പാക്കുന്നു. എല്ലാ പ്രതിരോധങ്ങളേയും തകർത്തുകൊണ്ട് ഞായറാഴ്ച രാവിലെ യേശു ഉയിർക്കുന്നു.

ശബ്ബത്തിൻ്റെ തലേദിവസവും ഒരുക്കനാളുമായ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:31); യേശുവിനെ വിസ്തരിക്കുകയും ക്രൂശിക്കുകയും ചെയ്യുന്നതുവരെ യെഹൂദന്മാർ പെസഹാ ഭക്ഷിച്ചിരുന്നില്ലെന്നും (യോഹ, 18:28) കാണാൻ കഴിയും.

യേശു മൂന്നാം ദിവസം ഉയിർക്കുമെന്ന് പതിനഞ്ച് വാക്യങ്ങൾ ബൈബിളിലുണ്ട്: (മത്താ, 16:21; 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). അതിനെതിരായി യോനായുടെ അടയാളം പറഞ്ഞിരിക്കുന്ന ഒരു വാക്യവും. (മത്താ, 12:40). താൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുമെന്ന് യേശു ഒൻപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം എതിരാളികൾ പറഞ്ഞിട്ടുണ്ട്. (മത്താ, 26:61; മർക്കൊ, 14:58, 15:29). യേശു ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ യേശുവിനോടുതന്നെ പറയുന്നു: “ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.” (ലൂക്കൊ, 24:21). “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) എന്നു പത്രൊസ് പറഞ്ഞിരിക്കുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നു പ്രത്യക്ഷനായി” (1കൊരി, 15:3-4) എന്നു പൗലൊസും പറഞ്ഞിരിക്കുന്നു.

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന ഒരു സാമാന്യ തത്വമുണ്ട് അതുപോലും ബുധനാഴ്ചവാദികൾ മറന്നുപോയി. എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ് തങ്ങളോടുകൂടി നടക്കുന്ന യേശുവിനോട് പ്രത്യാശയറ്റവരായി പറയുന്നത്; “അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.” (ERV-ml). യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്നും, അന്നുതന്നെയാണ് ശിഷ്യന്മാർ എമ്മവുസിലേക്ക് പോയതെന്നും (ലൂക്കൊ, 24:13) ആർക്കും തർക്കമില്ലാത്ത സ്ഥിതിക്ക്, അവൻ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണെന്ന് പറഞ്ഞാൽ; യേശു മരിച്ചത് ബുധനാഴ്ചയാണോ? അതോ വെള്ളിയാഴ്ചയോ? ശിഷ്യന്മാരോട് യേശു മറുപടി പറഞ്ഞത്; “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ” എന്നാണ്. (ലൂക്കോ, 24:25). തിരുവെഴുത്തുകൾ വിശ്വാസിക്കാതെ അതിനെ കോട്ടിക്കളയുന്ന എല്ലാവർക്കും യോജിച്ച പേരാണ് യേശു പറഞ്ഞ “മന്ദബുദ്ധികൾ.” അവിശ്വാസികളാകാതെ വിശ്വാസികളായിരിപ്പാൻ ദൈവം എല്ലാവരേയും സഹായിക്കട്ടെ!

നാല് സുവിശേഷങ്ങളുടേയും കാലാനുക്രമരേഖയിലൂടെ യേശുവിൻ്റെ ഐഹിക ചരിത്രം കൃത്യതയോടെ അറിയാൻ:👇  

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം

യേശുവിൻ്റെ ജനനവർഷം മാസം തുടങ്ങിയവ കൃത്യമായി അറിയാൻ:👇

ക്രിസ്തുവിന്റെ ജനനവർഷം

ബുധനാഴ്ച വാദികളുടെ ലേഖനം കാണാൻ ലിങ്കിൽ പോകുക:👇

യേശു ഉയിർത്തത് മൂന്നാം നാളിലോ അതോ മൂന്നു ദിവസം കഴിഞ്ഞിട്ടോ?

യേശു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ?

മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ?

ബൈബിൾ കാലഗണനം

ബൈബിൾ കാലഗണനം

ബൈബിളിലെ കാലഗണനം അത്രയ്ക്ക് വൈഷമ്യമുള്ള ഒരു വിഷയമല്ല. യേശുക്രിസ്തുവിന്റെ ക്രൂശുമരണവും; ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ ഭരണകാലവും, യെഹൂദായിസ്രായേൽ രാജാക്കന്മാരുടെ കാലവും, യിസ്രായേൽ ജനതയുടെ പ്രവാസകാലവും ചരിത്രത്തിലും ബൈബിളിലുമുണ്ട്. ആദാം മുതൽ യിസ്ഹാക്ക് വരെയുള്ളവർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ന്യായാധിപന്മാരുടെ കാലവും ബൈബിളിലുണ്ട്. ഇതുരണ്ടും ചേർത്തുകൊണ്ട് കാലം കണക്കുകൂട്ടാൻ പ്രയാസമില്ല. എന്നാൽ ബൈബിൾ കാലഗണനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സൃഷ്ടിപ്പിന്റെ കാലമല്ല: ആദാമിനു വയസ്സ് തുടങ്ങിയ കാലം അഥവാ, പാപത്തിൽ വിണ കാലമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. സൃഷ്ടിപ്പിന്റെ കാലം നാല്പതിലധികം പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. [പണ്ഡിതന്മാരുടെ കണക്കുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: സൃഷ്ടിപ്പിൻ്റെ കാലം]. അവർ എന്തു മനദണ്ഡമാണ് അതിനുപയോഗിച്ചതെന്ന് അറിയില്ല. എന്തായാലും, ഒരോരുത്തരുടേയും കണക്കുകൾ പരസ്പരവിരുദ്ധമാണ്. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ ആദാമിനെ ദൈവം സൃഷ്ടിച്ചത് എപ്പോഴാണെന്ന് എങ്ങനെ കണ്ടത്താൻ കഴിയും? എന്ന ചോദ്യവും അവശേഷിക്കുന്നു.

നിഷ്പാപയുഗം: ദൈവം ആദാമിനെ സൃഷ്ടിച്ചതു മുതലാണ് കാലം കണക്കാക്കുന്നതെങ്കിൽ, ആദാം പാപിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നുവരും, അങ്ങനെ വരുമ്പോൾ സൃഷ്ടിതാവും പാപിയെന്നേവരു. അല്ലെങ്കിൽ, പരമപരിശുദ്ധനായ ദൈവത്തിന്റെ സൃഷ്ടിയായ ആദാമിൽ സൃഷ്ടിയിങ്കൽ പാപത്തിന്റെ ലാഞ്ചനപോലും ഉണ്ടാകാൻ പാടില്ല. അങ്ങനെവരുമ്പോൾ, ദൈവം ആദാമിനെ സൃഷ്ടിക്കുന്നതിനും ആദാം പാപം ചെയ്യുന്നതിനുമിടയിൽ ഒരു ഇടവേള ഉണ്ടായിട്ടുണ്ട്. അതിനെയാണ് നിഷ്പാപയുഗം അഥവാ, നിഷ്ക്കന്മഷയുഗം എന്നൊക്കെ പറയുന്നത്. സൃഷ്ടിയിങ്കൽ എല്ലാം ‘നല്ലതു, നല്ലതു’ എന്നുകണ്ട ദൈവം, തന്റെ സൃഷ്ടി പൂർത്തിയായ ശേഷം ”താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു’ എന്നാണ് എഴുതിയിരിക്കുന്നത്. (ഉല്പ, 1:31). അനന്തരം ദൈവകല്പന ലംഘിച്ച് പാപംചെയ്ത (2:17) മനുഷ്യനോടു കല്പിച്ചതോ: ”നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.” (ഉല്പ, 3:17). ഈ വേദഭാഗങ്ങളിൽ നിന്ന് ആദാമിനൊരു നിഷ്പാപാവസ്ഥ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതെത്ര വർഷമായിരുന്നു എന്നു കണ്ടെത്താൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. കാരണം, കാലമില്ലാത്ത കാലത്താണ് ആദാമിനെ ദൈവം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ മാനുഷിക കണക്കുകൾ പ്രായോഗികമല്ല. ഇനി ദൈവത്തിന്റെ കണക്കിലാണങ്കിൽ (സങ്കീ, 90:4) ആദാം ഒരുവർഷം നിഷ്പാപാവസ്ഥയിൽ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽത്തന്നെ, അത് ഇരുപത്തൊന്നു ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അഞ്ഞൂറു വർഷം (21,91,500 ) എന്നുവരും.

തൽമൂദിൽ പറഞ്ഞിരിക്കുന്നത്; ആദാമിന്റെ നിഷ്പാപാവസ്ഥ പന്ത്രണ്ട് മണിക്കൂറായിരുന്നു എന്നാണ്. അത് ചുവടെ ചേർക്കുന്നു: “ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു; രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി; മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി; നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു; അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു; ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു; ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു; എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു; ഒമ്പതാം മണിക്കൂറിൽ, വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു; പത്താം മണിക്കൂറിൽ, പാപം ചെയ്തു; പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു; പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.” (Sanhedrin, 38b 3-7). തൽമൂദിന്റെ ഈ കണ്ടെത്തൽ ആർക്കും അംഗീകരിക്കാൻ കഴിയില്ല. കാരണം, ഈ കണക്ക് അതിൽത്തന്നെ തെറ്റാണ്. ആദാമിന്റെ പാപരഹിത അവസ്ഥ പന്ത്രണ്ട് മണിക്കൂർ എന്നു പറയുമ്പോൾത്തന്നെ, അഞ്ചാം മണിക്കൂറിൽ നിവർന്നുനിന്ന ആദാം പത്താം മണിക്കൂറിൽ പാപത്തിൽ വീഴുകയാണ്. തന്മൂലം ആദാമിന്റെ നിഷ്പാപാവസ്ഥ കേവലം അഞ്ചു മണിക്കൂർ മാത്രമാണ്. കൂടാതെ, ഏഴാം മണിക്കൂറിൽ വിവാഹം കഴിഞ്ഞ അവർക്ക്, എട്ടാം മണിക്കൂറിൽ രണ്ട് കുട്ടികൾ എങ്ങനെ ജനിക്കും? അത് ഏതു കണക്കിൽപ്പെടുത്തും; ദൈവത്തിന്റെ കണക്കിലോ, മനുഷ്യന്റെ കണക്കിലോ? യെഹൂദന്റെ ഈ കേവലം ആലങ്കാരികം മാത്രമാണ്.

ഇനി നമുക്കു ബൈബിൾ പിശോധിക്കാം: ആദ്യത്തെ അഞ്ചു ദിവസത്തെ സൃഷ്ടികളെ നോക്കി ‘നല്ലതു’ എന്നു കണ്ട ദൈവം, ആറാംദിവസം മനുഷ്യനെ സൃഷ്ടിച്ചശേഷം; ‘അതു എത്രയും നല്ലതു’ എന്നു കാണുകയാണ് ചെയ്തത്. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പ, 1:31). ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ ആറു ദിവസത്തെ ദൈവത്തിന്റെ സൃഷ്ടി എത്രയും ശുഭമായി പര്യവസാനിച്ചു എന്നു കാണാവുന്നതാണ്. രണ്ടാമദ്ധ്യായത്തിൽ കാണുന്നത്; തന്റെ പ്രവൃത്തികളൊക്കെ പൂർത്തിയാക്കി ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയും, ഏഴാം ദിവസത്തെ ശുദ്ധീകരിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ്. (ഉല്പ, 2:1-3). യെഹൂദന്റെ സമയം ആരംഭിക്കുന്നത് വൈകിട്ട് ആറുമണി മുതലാണ്. തൽമൂദ്പ്രകാരം ആറാം ദിവസം വൈകുന്നേരം നാലു മണിക്ക് ആദാം പാപം ചെയ്തു. ഈ കണക്കെങ്ങനെ ശരിയാകും ? സൃഷ്ടിയുടെ മകുടമായി ആറാംദിവസം താൻ നിർമ്മിച്ച മനുഷ്യൻ മുഖാന്തരം തന്റെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലാകുമ്പോൾ, അന്നേദിവസത്തെ എത്രയും നല്ലതെന്ന് ഏതു സ്രഷ്ടാവിന് പറയാൻ കഴിയും? സൃഷ്ടികളോട് ഉത്തരവാദിത്വവും കരുണയുമുള്ള ദൈവത്തിന് ഏഴാം ദിവസം സ്വസ്ഥനായിരിക്കാൻ സാധിക്കുമോ? ആ ദിവസത്തെ പിന്നെ എന്തിന് ശുദ്ധികരിച്ചനുഗ്രഹിക്കണം? തന്മൂലം, ഏഴാംദിവസത്തിനു ശേഷമാണ് ആദാം പാപത്തിൽ വീണതെന്നു സ്പഷ്ടം. കൂടാതെ, പാപംചെയ്ത് തോട്ടത്തിൽനിന്ന് പുറത്തായ ശേഷമാണ് അവർക്ക് മക്കൾ ജനിക്കുന്നതെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 4:1,2). അതിനാൽ, യെഹൂദന്റെ കണക്കു തെറ്റാണെന്നു തെളിയുന്നു. തന്നെയുമല്ല, തൽമൂദ് ദൈവനിശ്വസ്ത ഗ്രന്ഥമല്ല. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടുവരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപംകൊണ്ട വ്യഖ്യാനങ്ങളും ചട്ടങ്ങളും സുഭാഷിതങ്ങളുമാണ് അതിലുള്ളത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൻ; യെഹൂദന്മാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ് തൽമൂദ്. എബ്രായ ബൈബിൾ പ്രകാരം തന്നെ ആദാമിന്റെ വീഴ്ച ബി.സി. 4200-ന് മുമ്പാണ്. എന്നിട്ടും അവർക്ക് ബി.സി.യിൽ 3760 വർഷമാണുള്ളത്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് നിഷ്പാപ യുഗത്തെക്കുറിച്ചുള്ള അവരുടെ കണക്ക് നിരുപാധികം തള്ളിക്കളയാവുന്നതാണ്.

പൂർവ്വപിതാക്കന്മാരുടെ പ്രായം: പൂർവ്വപിതാക്കന്മാരുടെ ആകെ പ്രായവും, അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും ബൈബിളിലുണ്ട്. അതുകൊണ്ട് കാലഗണനം എളുപ്പമാണ്. എന്നാൽ ദുർഗ്രഹമായ മറ്റൊരു വിഷയമുണ്ട്; എബ്രായ ബൈബിളിലും ഗ്രീക്ക് സെപ്റ്റജിന്റിലും ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ഥ കണക്കുകളാണ്. എബ്രായ ബൈബിൾ പ്രകാരം ആദാം മുതൽ യിസ്ഹാക്ക് വരെ തലമുറകളെ ജനിപ്പിച്ച പ്രായം 2106 വർഷവും , സെപ്റ്റ്വജിന്റ് പ്രകാരം 3572 വർഷവും, ശമര്യൻ പഞ്ചഗ്രന്ഥം പ്രകാരം 2507 വർഷവുമാണ്.

ആദം മുതൽ യിസ്ഹാക്ക് വരെ 22 പേർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ശിഷ്ടായുസ്സും, ആകെ വയസ്സും പട്ടികയായി ചുവടെ ചേർക്കുന്നു

കാലനിർണ്ണയം: ബൈബിളിലും ചരിത്രത്തിലും വ്യക്തമായി തെളിവുള്ള കാലഗണനമാണ് ഇവിടെ പ്രതിപാദിക്കുന്നത്; ഊഹാപോഹങ്ങൾ അല്ല. എബ്രായയിലും, സെപ്റ്റ്വജിന്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലുമുള്ള വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റം കൃത്യതയുള്ള കണക്കാണിത്. സത്യവേദപുസ്തകവും, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളും എബ്രായ ബൈബിൾ അടിസ്ഥാനമാക്കി ഉള്ളതാണ്. എന്നാൽ കാലനിർണ്ണയം ഏറ്റവും കൃത്യമായി തോന്നുന്നത് സെപ്റ്റ്വജിന്റ് പരിഭാഷയിലാണ്. അതിനുള്ള നാല് കാരണങ്ങൾ താഴെ കൊടുക്കുന്നു:

1. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചത് സെപ്റ്റ്വജിന്റ് ബൈബിളാണ്. പുതിയനിയമ എഴുത്തുകാർ ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിന്റിൽ നിന്നാണ്. യേശുക്രിസ്തു ഉപയോഗിച്ചതുകൊണ്ടും, അപ്പൊസ്തലന്മാർ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കകൊണ്ടും ഈ ബൈബിൾ കുറ്റമറ്റതാണെന്ന് തെളിയുന്നു. [സെപ്റ്റ്വജിൻ്റിൽ നിന്ന് പുതിയനിയമത്തിലേക്ക് എടുത്തിരിക്കുന്ന ഉദ്ധരണികൾ]

2. വംശാവലിയിൽ അർഫക്സാദിന്റെ മകൻ കയിനാനെക്കുറിച്ച് ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സെപ്റ്റ്വജിന്റിൽ അല്ലാതെ, എബ്രായ ബൈബിളിലോ ശമര്യൻ പഞ്ചഗ്രന്ഥത്തിലോ കാണുന്നില്ല.

3. അർഫക്സാദ് മുതൽ നാഹോർ വരെ എട്ടു തലമുറയാണ് ഉള്ളതെങ്കിലും, എബ്രായ ശമര്യ ബൈബിളുകളിൽ ഏഴു തലമുറയാണ് കാണുന്നത്; ‘കയിനാനെ’ കാണുന്നില്ല. മാത്രമല്ല ഈ ഏഴു തലമുറകളും അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായം എബ്രായ ബൈബിളിൽ ശരാശരി 31 വയസ്സും, ശമര്യ ബൈബിളിൽ 124 വയസ്സുമാണ്. ഇതും സംശയാസ്പദമാണ്. കാരണം, ആദം മുതൽ ശേം വരെയുള്ളവർ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ, തേരഹ് മുതൽ യിസ്ഹാക്ക് വരെ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ ഇത് പൊരുത്തപ്പെടുന്നുമില്ല. ഉദാഹരണത്തിന് ആദാം മുതൽ ശേം വരെ പതിനൊന്ന് പേരാണുള്ളത്. അതിൽ യഹോവയുടെ കൃപലഭിച്ച നോഹയുടെ അഞ്ഞൂറ് വയസ്സ് മാറ്റി നിർത്തിയാൽ പത്തുപേരും, അർപ്പക്ഷാദ് മുതൽ നാഹോർ വരെ എട്ടുപേരും, അബ്രാഹാം മുതൽ യിസ്ഹാക്ക് വരെ മൂന്നുപേരും തലമുറയെ ജനിപ്പിക്കുമ്പോഴുള്ള ശരാശരി പ്രായം യഥാക്രമം: എബ്രായയിൽ; 115 – 31 – 77-ഉം, ശമര്യയിൽ; 91 – 124 -77-ഉം, സെപ്റ്റജിന്റിൽ; 174 – 138 -77-മാണ്. ഇതിൽ എബ്രായയിലും ശമര്യയിലും ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അല്ല. എന്നാൽ, സെപ്റ്റ്വജിന്റിലാകട്ടെ, പൂർവ്വപിതാക്കന്മാരുടെ പ്രായത്തിന് ആനുപാതികമായി അവരോഹണ ക്രമത്തിലാണ് കാണുന്നത്.

4. യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 450 വർഷമെന്നാണ് കാണുന്നത്. (പ്രവൃ, 13:19). അതിൽ ന്യായാധിപന്മാരിൽ 410 വർഷമാണുള്ളത്. ജാതികളുടെ കീഴിൽ 114 വർഷത്തെ ഞെരുക്കവും; ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്നു ന്യായാധിപന്മാരുടെ കീഴിൽ 296 വർഷത്തെ സ്വസ്ഥതയും. തുടർന്നു വരുന്ന ശമൂവേലിന്റെ ഒന്നാം പുസ്തകത്തിൽ, ഏലി 40 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 20 വർഷമെന്ന് സെപ്റ്റ്വജിന്റിലും കാണുന്നു. (1ശമൂ, 4:18). എന്നാൽ ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ”കാണാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു” എന്നാണ് കാണുന്നത്. (1ശമൂ, 3:2). “ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു” എന്നും കാണുന്നുണ്ട്. (1ശമൂ, 7:15). ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്; ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. എന്നാൽ, എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിന്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. സെപ്റ്റ്വജിന്റ് ബൈബിൾ പ്രകാരം ശമൂവേൽ ഏലിക്കൊപ്പം 20 വർഷവും, തനിച്ച് 20 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. അങ്ങനെ ആകെ 450 വർഷമെന്ന കണക്കും കൃത്യമാകും.

സെപ്റ്റ്വജിൻ്റ് പരിഭാഷയിലും ഒരു പ്രശ്നം കാണുന്നുണ്ട്. മെഥൂശലഹിൻ്റെ ആയുഷ്കാലം 969 സംവത്സരമായിരുന്നു. എന്നാൽ, സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം അവന് 955 വയസ്സായപ്പോൾ ജലപ്രളയമുണ്ടായി. അതായത്, ജജപ്രളയമുണ്ടായി 14 വർഷങ്ങൾക്ക് ശേഷമാണ് അവൻ മരിച്ചത്. എന്നാൽ, ജലപ്രളയത്തിൽ നോഹയും കുടുബവും ഒഴികെ, സകലമനുഷ്യരും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തുപോയി എന്നാണ് വായിക്കുന്നത്. (ഉല്പ, 7:22-23). അത് പരിഭാഷയിൽ എപ്പോഴോ കടന്നുകൂടിയ വലിയൊരു തകരാറാണ്. എബ്രായ ബൈബിൾ പ്രകാരം അവൻ മരിച്ച വർഷമാണ് ജലപ്രളയം ഉണ്ടായത്. ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം ജലപ്രളയത്തിനും 249 വർഷം കഴിഞ്ഞാണ് അവൻ മരിച്ചത്.

കാലഗണനം കൃത്യമാണെന്ന് ബോധ്യമായാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

സൃഷ്ടിപ്പിൻ്റെ കാലം

1. ബൈസാന്ത്യൻ കലണ്ടർ പ്രകാരം ബി.സി. 5509;

2. സെപ്റ്റ്വജിന്റ് ബൈബിൾ ബി.സി. 5500;

3. ശമര്യൻ പഞ്ചഗ്രന്ഥം ബി.സി. 4300; മസോറട്ടിക് പാഠം ബി.സി. 4000;

4. അലക്സാണ്ടിയയിലെ ദൈവശാസ്ത്ര ജ്ഞനായിരുന്ന ക്ലമന്റ് (150-215) ബി.സി. 5592;

5. അന്ത്യൊക്യയിലെ പാത്രിയർക്കീസായിരുന്ന തിയോഫിലസ് (120-185) ബി.സി. 5529;

6. ചരിത്രകാരനായിരുന്ന ജൂലിയസ് ആഫ്രിക്കാനസ് (160-240) ബി.സി. 5501;

7. വേദപണ്ഡിതനായിരുന്ന റോമിലെ ഹിപ്പോലിറ്റസ് (170-235) ബിസി. 5500;

8. ചരിത്രകാരനും കൈസര്യയിലെ മെത്രാനുമായിരുന്ന യൂസേബിയസ് (260-340) ബി.സി. 5228;

9. ക്രൈസ്തവ എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ പരിഭാഷകനുമായിരുന്ന ജെറോം (347-420) ബി.സി. 5199;

10. ക്രൈസ്തവ എഴുത്തുകാരനായിരുന്ന സുൽഫിഷ്യസ് സെവറസ് (363-425) ബി.സി. 5469;

11. സഭാപിതാവും പണ്ഡിതനുമായിരുന്ന സെവിലിലെ ഇസിദോർ (560-636) ബി.സി. 5336;

12. എഴുത്തുകാരനും ചരിത്രകാരനും ക്രൈസതവ സന്യാസിയുമായിരുന്ന അലക്സാണ്ടിയയിലെ പനോഡോറസ് (400) ബി.സി. 5493;

13. ക്രൈസ്തവ സന്യാസിയും ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ മാക്സിമസ് കൺഫസർ (580 662) ബിസി. 5493;

14. ബൈസാന്ത്യൻ ചരിത്രകാരനും പുരോഹിതനുമായിരുന്ന ജോർജ് സിൻസെല്ലസ് (740-810) ബി.സി. 5492;

15. ചരിത്രകാരനും മെത്രാനുമായിരുന്ന ടൂർസിലെ ഗ്രിഗറി (538-594) ബി.സി. 5500;

16. ക്രിസ്തീയ മഠാദ്ധ്യക്ഷയും എഴുത്തുകാരിയുമായിരുന്ന അഗ്രേദയിലെ മേരി (1602-1665) ബി.സി. 5199;

17. എത്യോപ്യൻ ചരിത്രപുസ്തകമായ ‘ബുക്ക്സ് ഓഫ് അക്സും’ (1434-1468) ബി.സി. 5493;

18. ചരിത്രകാരനും ക്രൈസ്തവ സന്യാസിനിയു മായിരുന്ന മരിയാനസ് സ്കോട്ടസ് (1028-1082) ബി.സി. 4192;

19. പ്രഖ്യാത യെഹൂദചിന്തകനും ഭിഷഗ്വരനുമായിരുന്ന മൈമോനിഡിസ് (1135-12-04) ബി.സി. 4058;

20. നിയമവിധഗ്ദനും ചരിത്രകാരനുമായിരുന്ന ഹെൻറി സ്പോണ്ടാനസ് (1568-1643) ബി.സി. 4051;

21. ദൈവശാസ്ത്രജ്ഞനും ജെസ്യൂട്ട് തത്വജ്ഞാനിയുമായിരുന്ന ബെനഡിക്ട് പെരേര (1536-1610) ബി.സി. 4021;

22. ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്ററും പണ്ഡിതനുമായിരുന്ന ലൂയീസ് കാപ്പൽ (1585-1658) ബി.സി. 4005;

23. പണ്ഡിതനായ ജെയിംസ് അഷർ (1581-1656) ബി.സി. 4004;

24. ഫ്രഞ്ച് ബൈസാന്ത്യൻ പുരോഹിതനായിരുന്ന ആന്റണി അഗസ്റ്റിൻ കാൽമെറ്റ് (1672-1757) ബിസി. 4002;

25. ജോതിശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനും ഭൌതീകശാസ്ത്രജ്ഞനുമായിരുന്ന ഐസക് ന്യൂട്ടൻ (1642-1726) ബി.സി. 4000;

26. ജർമ്മൻ ഗണിതശാസ്ത്രജ്ഞനും ജോതിശാസ്ത്രജ്ഞനുമായിരുന്ന ജോഹനാസ് കെപ്ലർ (1571-1630) ബി.സി. 3977 ഏപ്രിൽ 27;

27. ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായിരുന്ന ഡൈനോഷ്യസ് പെറ്റവിയസ് (1583-1652) ബി.സി. 3984;

28. ബഹുഭാഷാപണ്ഡിതനും പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവുമായിരുന്ന തിയോഡർ ബിബ്ലിയാന്റർ (1509-15-64) ബി.സി. 3980;

29. ഡാനിഷ് ജോതിശാസ്ത്രജ്ഞനായിരുന്ന ക്രിസ്റ്റൻ സൊറെൻസൻ ലോംഗൊമോനസ് (1562-1647) ബി.സി. 3966;

30. ദൈവശാസ്ത്രജ്ഞനും മാർട്ടിൻ ലൂഥറിന്റെ സഹകാരിയുമായിരു ന്ന ഫിലിപ്പ് മെലാംഗ്തൊൻ (1497-1560) ബി.സി. 3964;

31. നവീകരണനായകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന മാർട്ടിൻ ലൂഥർ (1483-1546) ബി.സി. 3961;

32. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വൈസ്ചാൻസലറും പണ്ഡിതനുമായിരുന്ന ജോൺ ലൈറ്റ്ഫൂട്ട് (1602-1675) ബി.സി. 3960;

33. പുരോഹിതനും വ്യാഖ്യാതാവുമായിരുന്ന കൊർന്നല്യോസ് കൊർണേലി എ ലാപിടെ (1567-1637) ബി.സി. 3951;

34. ഫ്രഞ്ച് പണ്ഡിതനായിരുന്ന ജോസഫ് ജസ്റ്റിസ് സ്കാലിജർ (1540-1609) ബി.സി. 3949;

35. ജർമ്മൻ ദൈവശാസ്ത്രജ്ഞനും കാലഗണയിതാവും ചരിത്രകാരനുമായിരുന്ന ക്രസ്റ്റോഫ് ഹെൽവിംഗ് (1581-1617) ബി.സി. 3947;

36. പ്രപഞ്ചവിവരണ ശാസ്ത്രജ്ഞനും ഭൂഗോള ശാസ്ത്രജ്ഞനുമായിരുന്ന ഗെരാഡസ് മെർക്കേറ്റർ (1512-1594) ബിസി. 3928;

37. ജനീവയിലെ ഫിലോസഫർ പ്രൊഫസറായിരുന്ന മറ്റ്ഹിയൂ ബ്രാവാർഡ് (1510-1576) ബി.സി. 3927;

38. സ്പാനിഷ് ക്രമീകർത്താവായിരുന്ന ബെനീറ്റൊ ഏരിയസ് മൊണ്ടെനൊ (1527-1598) ബി.സി. 3849;

39. ജർമ്മൻ പണ്ഡിതനും വ്യഖ്യാതാവുമായിരുന്ന ആൻഡ്രിയസ് ഹെൽവിംഗ് ( 1572-1643 ) ബി.സി. 3836;

40. യെഹൂദ ചരിത്രകാരനും ജോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന റബ്ബി ഡേവിഡ് ഗാൻസ് (1541-1613) ബി.സി. 3761;

41. യെഹൂദ പണ്ഡിതനായിരുന്ന റബ്ബി ഗെർഷോം ബെൻ യൂദ (960-1040) ബി.സി. 3754 തുടങ്ങിയവർ.

ക്രിസ്തുവിന്റെ ജനനവർഷം

ക്രിസ്തുവിന്റെ ജനനവർഷം

യേശു ഒരു ചരിത്രപുരുഷനും നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. എന്നാൽ, യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ബി.സി. 8 മുതൽ എ.ഡി. 1 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശു എന്ന ക്രിസ്തുവിൻ്റെ ‘ജനനവർഷവും മാസവും’ കൃത്യമായി കണക്കാക്കിയിരിക്കുകയാണ് ഈ ലേഖനത്തിൽ. ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ജനനദിവസം കണ്ടെത്താൻ ഇതിൽ ശ്രമിക്കുന്നില്ല. യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ഇയ്യോബാകട്ടെ തന്റെ ജന്മദിവസത്തെ വായതുറന്നു ശപിക്കുകയാണ് ചെയ്യുന്നത്. (3:1). “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം” എന്ന് സഭാപ്രസംഗി പറയുന്നു. (7:1).

ചരിത്രവും പണ്ഡിതന്മാരും 

യേശുവിന്റെ ജനനം: ‘വില്യം റാംസെ’ (William Ramsay), ‘മക്കിൻലെ’ (Mackinlay) തുടങ്ങിയ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ‘ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ’ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്.  ‘ബിൽ ഹോരൊമാൻ’ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). യുറാന്റിയ ബുക്കിൽ; ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. പവ്വൽ റോബർട്ട് (Powell Robert A) ‘ക്രിസ്തുവിന്റെ ദിനവൃനത്താന്തം’ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). ‘സ്റ്റാർ ഓഫ് വണ്ടർ’ എന്ന പുസ്തകത്തിൽ; ബി.സി. 6, ഏപ്രിൽ 17 നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ‘ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ’ When was Jesus born എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ‘ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ’ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ‘വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ’ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ‘കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും’ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ‘തെർത്തുല്യൻ’ (Terttullian) പറഞ്ഞിരിക്കുന്നത്.

കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. (2:2). കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തി 5:37-ൽ പറയുന്നുണ്ട്. ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ആക്ടിയം യുദ്ധം മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 26-28). ബി.സി. 9-7-ൽ ഒരു ‘സെൻഷ്യസ് സാറ്റൂർണിയസും’ (Sentius Saturnius), തുടർന്ന് 7-4-വരെ ‘കൂന്റിലിയസ് വാറസും’ ( Quinctilios Varus) ആണ് സുറിയ ഭരിച്ചിരുന്നതെന്ന് ജോസീഫെസ് (Josephus) സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ‘വില്യം റാംസെ’ (William Ramsay) പറയുന്നു. കുറേന്യൊസിന്റെ ആദ്യഭരണം ബി.സി. 3-1-ലാണെന്നും റാംസെ പ്രസ്താവിക്കുന്നു. (Was Christ Born at Bethlehem, page, 237). റോമിന് 20 മൈൽ കിഴക്കും, ‘വാറസിന്റെ’ പുരാതന വില്ലയ്ക്ക് 1.5 മൈൽ തെക്കുഭാഗത്ത് ‘ട്രിവോളി’  (Trivoli) എന്ന സ്ഥലത്തുനിന്നും 1764-ൽ കണ്ടെടുത്തതും, ഇപ്പോൾ ‘വത്തിക്കാൻ മ്യൂസിയത്തിൽ’ സൂക്ഷിച്ചിരിക്കുന്നതുമായ ഒരു കല്പലകയിലെ ലാറ്റിൻ ലിഖിതത്തിൽ വാറസ് ബി.സി. 6-4-ലും, ബി.സി. 2–എ.ഡി. 1-ലും രണ്ടുപ്രാവശ്യം ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

ശിലാഫലകം

1764-ൽ കണ്ടെടുത്ത ലാറ്റിൻ ലിഖിതം 

കുറേന്യൊയാസ് ഗവർണ്ണറായിരുന്നില്ല മറിച്ച് കാര്യസ്ഥനായിരുന്നു (Procurator) എന്നാണ് രണ്ടാം നൂറ്റാണ്ടിലെ ‘ജസ്റ്റിൻ മാർട്ടിയർ’ (Justin Martyr) സാക്ഷ്യപ്പെടുത്തുന്നത്. (Apology, 1:34). മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ പറഞ്ഞിരിക്കുന്നത്; യേശുവിന്റെ ജനനസമയത്ത് സാറ്റൂർണിയസ് ആയിരുന്നു സിറിയയിലെ ഗവർണ്ണർ എന്നാണ്. (Against Marcion, 4:7). ആക്ടിയം യുദ്ധത്തിന്റെ (The battle of Actium) സ്മരണയ്ക്കായി ഇറക്കിയ ആക്ടിയൻ വർഷത്തെ (Actian Era) സൂചിപ്പിക്കുന്ന നാണയത്തിലും ക്യൂന്റിലിയസ് വാറസ് ബി.സി. 7-4-ൽ സുറിയയിലെ ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിവുകളുടെ അടിസ്ഥാനത്തിൽ ‘വില്യം റാംസെ’ ചൂണ്ടിക്കാണിക്കുന്നു. പില്ക്കാലത്ത് ഈ നാണയങ്ങൾ സുറിയയിലെ അന്ത്യൊക്യയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതായും റാംസെ പറയുന്നു. (Was Christ Born at Bethlehem, page, 237, 247, 248). ഇതിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് കൃത്യമായ വർഷം ചരിത്രത്തിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്. 

ബൈബിൾ തെളിവുകൾ 

ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും, ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും, വിശേഷാൽ മനുഷ്യർ യേശുവിന്റെ ജനനോത്സവം കൊണ്ടാടുന്നത് സ്വർഗ്ഗത്തിന്റെ പദ്ധതി അല്ലാതിരുന്നതുകൊണ്ടും ചരിത്രത്തിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇനി നമുക്ക് ആശ്രയമായുള്ളത് ബൈബിൾ മാത്രമാണ്. ചരിത്രകാരനും; വൈദ്യനുമായ ലൂക്കൊസ് നമുക്ക് പല തെളിവുകളും തരുന്നുണ്ട്: “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം; എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.” (ലൂക്കോ, 2:1). കുറേന്യൊസിന്റെ മുഴുവൻ പേര്, പുബ്ലിയൊസ് സിൽപീഷ്യസ് കുറേന്യൊസ് (Publius Silpicius Quirinus) എന്നായിരുന്നു. റോമൻ ഭരണകൂടം 14 വർഷത്തിലൊരിക്കൽ സെൻസെസ് എടുത്തിരുന്നത് നിർബ്ബന്ധിത സൈന്യസേവനത്തിനും, ചുങ്കം (Tax) പിരിക്കുന്നതിനും വേണ്ടിയായിരുന്നു. അതുകൊണ്ട് അംഗങ്ങളുടെ എണ്ണവും പ്രായവും മാത്രമല്ല, സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമായിരുന്നു. കുറേന്യൊസിന്റെ രണ്ടാമത്തെ പേരു ചാർത്തൽ (പ്രവൃ, 5:37) പുതിയ പ്രവിശ്യയായ യെഹൂദ്യയിലെ കപ്പം കണക്കാക്കുന്നതിന് മാത്രമുള്ളതായിരുന്നു. അതിനെക്കുറിച്ച് യെഹൂദാ ചരിത്രകാരനായിരുന്ന ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒന്നാമത്തെ ചാർത്തൽ ലോകം മുഴുവനും അഥവാ റോമാ സാമ്രാജ്യം മുഴുവനും വേണ്ടിയായിരുന്നു. (ലൂക്കൊ, 2:1). അത് കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേർവഴി ചാർത്തലായിരുന്നു എന്നും ലൂക്കൊസ് വ്യക്തമാക്കുന്നു. (2:1). തന്മൂലം ഓഗുസ്തൊസ് കൈസറുടെ (ബി.സി. 31-14 എ.ഡി.) പ്രത്യേക അനുമതിയോടുകൂടി സെൻസെസിന്റെ കാലത്ത് സുറിയയിൽ നിയമിതനായ ഭരണാധികാരിയായിരുന്നു കുറേന്യൊസ് എന്നു മനസ്സിലാക്കാം.

ഇനി യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്ന മറ്റു കാര്യങ്ങൾ കൂടി പരിശോധിക്കാം: മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു. (ലൂക്കൊ, 1:26,27, 2:4). അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്. (ലൂക്കൊ, 2:4,5).. അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്. (ലൂക്കൊ, 2:6,7). അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു. (ലൂക്കൊ, 2:11,16,17). എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ പറഞ്ഞതുപോലെ പൈതലിന് യേശു എന്ന പേരും വിളിച്ചു. (ലേവ്യ, 12:2,3; ലൂക്കൊ, 2:21). പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്. (ലേവ്യ, 12:4). നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:23,24). പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. (2:39). ഈ വിഷയം അല്പം ചിന്തനീയമാണ്. 

നമുക്കറിയാം കർത്താവിന്റെ ഐഹീക ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണ്. നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. അഥവാ ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച്; മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്. ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. അഥവാ ബൈബിളിലെ ഒരു പുസ്തകങ്ങളും അപൂർണ്ണമല്ലെന്നു സാരം. യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങളുണ്ട്. അത് മത്തായിയിലുണ്ട്. യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13,14 ), ശിശുക്കളുടെ കൊലപാതകം (2:16), ഹെരോദാവിന്റെ മരണം (2:15, 19), ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19,20), യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്. (2:22). ഇവിടെ യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ അതായത് മത്തായി രണ്ടാമദ്ധ്യായം മുഴുവനും ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ”അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നുള്ളത് ”യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി’ എന്നു മനസ്സിലാക്കണം. കാരണം, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; വിശേഷാൽ ബേത്ത്ളഹേമിലാണ്. 

യേശുവിന്റെ ജനനം ബി.സി. 8/7 എന്നൊക്കെ കണക്കു കൂട്ടിയവർ വിചാരിക്കുന്നത്, യേശുവിന്റെ ജനനത്തിനും, നക്ഷത്രം വെളിപ്പെടുന്നതിനും മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഇടയിൽ വലിയൊരു ഇടവേള ഉണ്ടായിരുന്നു എന്നാണ്. പക്ഷെ, വേദപുസ്തകത്തിൽ അതിന് യാതൊരു തെളിവുമില്ല. മാത്രമല്ല, മറിയയുടെ ശുദ്ധീകരണകാലവും യേശുവിന്റെ പ്രതിഷ്ഠയും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങേണ്ട യാതൊരാവശ്യവും ഇല്ല. കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. തന്നെയുമല്ല യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കലയളവുണ്ട്. 

യേശുവിന്റെ ഐഹീകകാലം കണക്കു കൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ഹെരോദാവിന്റെ മരണവും (ബി.സി. 4, മാർച്ച് 13), അർക്കെലയൊസിനെ റോമൻ കൈസർ സിംഹാസന ഭ്രഷ്ടനാക്കുന്നതും (എ.ഡി. 6 ജൂൺമാസം), തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണവും (എ.ഡി. 14, സെപ്റ്റംബർ 18). ഇതു മൂന്നും സംശയലേശമെന്യേ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നമുക്കു ബൈബിളിൽ ഒന്നു പരതിനോക്കാം. ലൂക്കൊസിന്റെ പ്രസ്താവന മറിയ പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ് ലൂക്കൊസ് 2:7-ൽ വായിക്കുന്നത്. പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹേമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. മാത്രമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. ചാർത്തലിന്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ലൂക്കൊസ് 2:7-ൽ വഴിയമ്പലം എന്നു തർജ്ജമ ചെയ്തിരിക്കുന്ന ‘ടൊപൊസ് ‘ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. അല്ലെങ്കിൽ മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതുമാണ്. (ലൂക്കൊ, 1:39-56). എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. 

നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്. (സംഖ്യാ, 24:17; ദാനി, 12:4). ബി.സി. 8-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. മത്തായി 2:7-ൽ “എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു” എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ”നക്ഷത്രം വെളിവായ സമയം’ എന്നിടത്ത് ക്രിസ്തു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ക്രിസ്തു ഭൂജാതനായതിന്റെ തെളിവാണ് നക്ഷത്രം. അത് വെളിപ്പെടേണ്ടത് ആറു മാസമോ, ഒരു വർഷമോ, രണ്ടു വർഷമോ കഴിഞ്ഞിട്ടല്ല, സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല. ദൈവീക പദ്ധതിയിൽ പെട്ടതാണ്. അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്ചകൾ കഴിഞ്ഞു എന്നു മാത്രമേയുള്ളു. അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. 

മത്തായിയുടെ പ്രസ്താവന 

മത്തായി രണ്ടാമദ്ധ്യായത്തിലെ വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: യെഹൂദന്മാരുടെ രാജാവിനെ തിരക്കി വിദ്വാന്മാർ യെരൂശലേമിൽ എത്തുന്നു. (വാക്യം, 1-2). ഹെരോദാവ് അതുകേട്ട് പരിഭ്രമിക്കുന്നു. (വാക്യം, 3). മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും കൂട്ടിവരുത്തി ക്രിസ്തുവിന്റെ ജനനസ്ഥലം ആരായുന്നു. (വാക്യം, 4). യെഹൂദ്യയിലെ ബേത്ത്ളേഹെമാണെന്ന് അവർ തെളിവ് നൽകുന്നു. (വാക്യം, 5-6). നക്ഷത്രം അഥവാ ക്രിസ്തു ജനിച്ച സമയം ഹെരോദാവ് വിദ്വാന്മാരോട് ചോദിച്ചറിയുന്നു. (വാക്യം, 7). തിരിച്ചുവന്ന് തന്നോട് വിവരം പറയണമെന്ന് കല്പിച്ചശേഷം അവരെ ബേത്ത്ളേഹെമിലേക്ക് യാത്രയാക്കുന്നു. ( വാക്യം, 8). നക്ഷത്രം അവരെ ശിശുവിനടുത്ത് എത്തിക്കുന്നു. (വാക്യം, 9-10). അവർ ശിശുവിനെ നമസ്കരിക്കുന്നു; പൊന്നും കുന്തുരുക്കവും മൂരും കാഴ്ചയർപ്പിക്കുന്നു. (വാക്യം, 11). ദൂതന്റെ കല്പനപോലെ വിദ്വാന്മാർ ഹെരോദാവിന്റെ അടുക്കൽ പോകാതെ വേറെവഴിയായി സ്വദേശത്തേക്ക് മടങ്ങുന്നു. (വാക്യം, 12). ദൂതന്റെ കല്പനപോലെ യോസേഫും കുടുംബവും മിസ്രയീമിലേക്ക് പാലായനം ചെയ്യുന്നു. (വാക്യം, 13-14). ബേത്ത്ളേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതിൽ താഴെയുമുള്ള കുഞ്ഞുങ്ങളെ ഹെരോദാവ് കൊല്ലിക്കുന്നു. (വാക്യം, 16 17). ഹെരോദാവിന്റെ മരണവിവരം ദൂതൻ അറിയിച്ചപ്പോൾ യോസേഫ് കുടുംബവുമായി മടങ്ങിവരുന്നു. (വാക്യം, 15, 18-20). അപ്പനേക്കാൾ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് യോസേഫും കുടുംബവും യെഹൂദ്യയിൽ തങ്ങാതെ സ്വന്തപട്ടണമായ ഗലീലയിലെ നസറത്തിലേക്ക് മടങ്ങിപ്പോകുന്നു. (വാക്യം, 21-22). 

മത്തായി 2:16-ൽ “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ആ വാക്യത്തിൽ, ‘വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു’ എന്നാണ് എഴുതിയിരിക്കുന്നത്. വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. “വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.”‘( ലൂക്കോ, 16:8). മത്തായി 2:15-ൽ “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു” എന്നാണ് കാണുന്നത്. ”ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്നെഴുതിരിക്കകൊണ്ട് യോസേഫിന്റെയും കുടുംബത്തിന്റെയും പാലായനത്തിനും മിസ്രയീമ്യവാസത്തിനും മടങ്ങിവരവിനും ഒന്നിലേറെ വർഷങ്ങൾ വേണ്ടിവന്നുവെന്നു മനസ്സിലാക്കാം. യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ മിസ്രയീമിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. ഒരുപക്ഷെ, മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. അതുകൊണ്ടാണല്ലോ, “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു, മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 2:15). ഹെരോദാവ് മരിച്ചത്, ബി.സി. 4 മാർച്ച് 13-നാണ്. അതൊക്കെ പരിഗണിക്കുമ്പോൾ മിസ്രയീമ്യവാസം ഒരു വർഷത്തിലേറെ നീണ്ടുനിന്നു എന്ന് കണക്കാക്കാം. എന്തായാലും യേശുവിന്റെ ജനനം ബി.സി. 6-നപ്പുറം പോകാൻ ഒരു സാധ്യതയുമില്ല. (മഹാനായ ഹെരോദാവിന്റെ ചരിത്രം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹെരോദാവ്)

ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും 

“എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.” (മത്താ, 2:22). ഹെരോദാവിന്റെ മരണം ദൂതൻ യോസഫിനെ അറിയിക്കുന്നു. യോസേഫ് കുടുംബമായി യിസ്രായേൽ ദേശത്ത് വരുന്നു. അപ്പനേക്കാൾ ദുഷ്ടനായ അർക്കെലെയൊസാണ് യെഹൂദ്യ ഭരിക്കുന്നതെന്നറിഞ്ഞ്; അവിടെ തങ്ങാതെ സ്വന്തപട്ടണമായ നസറത്തിലേക്ക് പോകുന്നു. ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ, ഒരു പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു . അർക്കെലയൊസിനെ എ.ഡി. 6 ജൂണിൽ റോമൻ ചക്രവർത്തി തിരികെ വിളിച്ചുവെന്നും ഒക്ടോബറിൽ ഗാളിലേക്ക് നാടുകടത്തിയെന്നും എ.ഡി. 14-ൽ അവിടെ വെച്ച് താൻ മരിച്ചുവെന്നും ‘ബിൽ ഹെരോമാൻ’ രേഖപ്പെടുത്തിയിരിക്കുന്നു. (NT/History Blog: July 2007 Bill Heroman). അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ‘കൊപൊണിയസും’ (Coponius), 9-12-വരെ ‘മാർക്കസ് ആംബിവ്യൂലസും’ (Marcus Ambivulus), 12-15-വരെ ‘ആനിയസ് റൂഫസും’ (Annius Rufus), 15-26-വരെ ‘വെലേറിയസ് ഗ്രാറ്റസും’ (Velerius Gratus), 26-36-വരെ ‘പൊന്തിയൊസ്  പീലാത്തോസും’ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor). 

ഒരു സുപ്രധാന തെളിവ് 

യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന വേദഭാഗമുണ്ട്. നമുക്കത് പരിശോധിക്കാം: മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. 2:41,42-ൽ ഇങ്ങനെ കാണുന്നു: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” ഈ വേദഭാഗത്ത്, അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പോകുമെന്നല്ല. അവന്റെ അമ്മയപ്പന്മാർ പോകും എന്നാണ്. അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിന് പോയി. എന്താണ് കാരണം? ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ കൊണ്ടുപോയില്ല. യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിന് കൊണ്ടുപോയി. അതായത്, അർക്കെലയൊസിനെ നാടുകടത്തിയതിനു ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ആ വർഷമാണ് യേശുവിന് പന്ത്രണ്ട് വയസ്സ് തികഞ്ഞത്. യേശു ദൈവപുത്രനാണെന്നും സാക്ഷാൽ മശിഹയാണെന്നും യോസേഫിനും മറിയയ്ക്കും നിശ്ചയമുണ്ട്. പിന്നെയും എന്തുകൊണ്ടാണ് ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ കാത്തിരുന്നു? അതിന്റെ ഉത്തരമാണ്: അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. ”സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). തന്മൂലം, ബി.സി. 6-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. അതായത്, ആബീബ് അഥവാ, നീസാൻമാസമാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748, എബ്രായ വർഷം 3755) പെസഹ പെരുന്നാൾ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760, എബ്രായ വർഷം 3767) പെസഹ മാർച്ച് 20-നാണ്. അതിനാൽ, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ഇനി ലഭിക്കുവാൻ പ്രയാസമായിരിക്കും. 

ഏകദേശം മുപ്പതുവയസ്സ് 

ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: “യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു. (ലൂക്കൊ, 3:23). യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്; എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. അവനു കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ഏകദേശം എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും ” ഏകദേശം മുപ്പത് വയസ്സ്” എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷ്യ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ മേലോട്ടുള്ള ലേവ്യരെയാണ്. (സംഖ്യാ, 4:2; 1ദിന, 23:2-5). തന്മൂലം, യേശുവിനു മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ്, ഏകദേശം മുപ്പത് വയസ്സായിരുന്നു” എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ്, ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ, മുപ്പത് വയസ്സെന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. സാധാരണ പുരോഹിതന്മാരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). വഴി ഒരുക്കപ്പെടേണ്ടവൻ അഥവാ, ക്രിസ്തു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. അതിന്റെ പതിനഞ്ചാം വർഷം അഥവാ എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). അതിന്റെ ചില ദിവസങ്ങൾക്കോ, ആഴ്ചകൾക്കോ ഉള്ളിൽത്തന്നെ യേശുവും ശുശ്രൂഷ ആരംഭിച്ചു.

ഡിസംബറിലല്ല യേശുവിന്റെ ജനനം 

യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. മാത്രമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്. ഒന്ന്; ജനസംഖ്യയെടുപ്പ് അഥവാ പേർവഴി ചാർത്തൽ പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പ് ഇപ്പോഴുമുണ്ട്. തന്മൂലം യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും സാധ്യമാകുകയില്ല. പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). രണ്ട്; യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ അഥവാ നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ ഭയങ്കര തണുപ്പായിരിക്കും. ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ്. (മാർച്ച്-മെയ്) അതായത്, ബി.സി. 6-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ അറിയിച്ചതും ബി.സി. 6-ലെ വസന്തകാലത്താണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സ്നാനവും രക്ഷയും

സ്നാനവും രക്ഷയും

സ്നാനത്താലാണ് രക്ഷ, പക്ഷെ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ്. ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. ക്രൈസ്തവരോട് ചെയ്യാൻ കല്പിച്ചിരിക്കുന്ന രണ്ടനുഷ്ഠാനങ്ങളിൽ ഒന്നാമതായും ഒരിക്കലായും ചെയ്യേണ്ടതാണ് സ്നാനം. രക്ഷ സ്നാനമെന്ന കർമ്മത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്; കൃപയാലുള്ള ആത്മസ്നാനത്താലാണ്. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6. ഒ.നോ: എഫെ, 2:5,8,9). സ്നാനമെന്ന പ്രവൃത്തികൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയില്ലെന്നുവന്നാൽ, രക്ഷ കൃപയാൽ മാത്രമല്ല; പ്രവൃത്തികൂടി വേണമെന്നുവരും. ഗലാത്യരോട് പൗലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ (പ്രവൃത്തികളാൽ) നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (5:4).

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. എന്നാൽ രക്ഷ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മീകമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ദേഹം ദേഹി ആത്മാവടങ്ങുന്ന സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരത്തോടു ചേരുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താൽ സൗജന്യമായാണ് ആത്മാവു ലഭിക്കുന്നത്:  “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: ഗലാ, 3:5; എഫെ, 2:13,14; 2:8,9). (ആത്മസ്നാനത്തെക്കുറിച്ചു കൂടുതലറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും). ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ ജലസ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു തോന്നാം. അതിനാൽ എല്ലാ വേദഭാഗങ്ങളും നാം വിശദമായി ചിന്തിക്കുന്നതാണ്.

പുതിയനിയമത്തിലെ സ്നാനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ:

1. മഹാനിയോഗം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ജലസ്നാനത്തെക്കുറിച്ചുള്ള ആദ്യപരാമർശത്തിൽ സ്നാനാനമേല്ക്കേണ്ട നാമത്തെക്കുറിച്ചും സ്നാനം എന്തിനാണെന്നും പറഞ്ഞിട്ടുണ്ട്. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). സ്നാനത്തിൻ്റെ ആവശ്യകത: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” അപ്പോൾ, സ്നാനം ക്രിസ്തുവിൻ്റെ ശിഷ്യരാക്കുന്ന ശുശ്രൂഷയാണെന്ന് ഇവിടെ മനസ്സിലാക്കാം.

2. വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CSB, ESV, LEB, LSB, NASB, NCC, NET, NLV, NOY, NRSV-CI, RKJNT,  Rotherham, T4T, WMNT). CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.

3. മൂവായിരം പേരുടെ സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസതു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.

4. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളാണിത്. അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രക്ഷയ്ക്കായുള്ള അഥവാ ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9,10; ഗലാ, 3:2). അതിനാൽ മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല; നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. ഒരു വ്യക്തി സുവിശേഷം കൈക്കൊള്ളുന്നത് അഥവാ ക്രിസ്തുവിനെ സ്വീകരിക്കുന്നത് കൃപയാൽ അഥവാ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാലാണ്. (ഗലാ, 3:2; എഫെ, 2:5,8; 1കൊരി, 12:3). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേതാണ് ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. എന്തെന്നാൽ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; ഗലാ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. ശമര്യരുടെ സ്നാനം: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു …… അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു…… അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃ, 8:12-17). ശമര്യർ ഫിലിപ്പോസിൻ്റെ പ്രസംഗവും അവൻ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളുമൊക്കെ കണ്ട് വിശ്വസിച്ച് സ്നാനമേറ്റിട്ടും അവർക്ക് പരിശുദ്ധാവ് ലഭിച്ചില്ല; അപ്പൊസ്തലന്മാർ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്. പെന്തെക്കൊസ്തിലെ പ്രസ്താവനയിൽനിന്ന് തികച്ചും വ്യത്യസ്മാണ് ശമര്യയിലേത്. പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷനായ ഫിലിപ്പോസാണ് അവരോട് സുവിശേഷം അറിയിച്ചത്. (പ്രവൃ, 6:5; 8:12). വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നതും (ഗലാ, 3:2), വിശ്വാസം ഉളവാകുന്നതും (റോമ, 10:17) രക്ഷ ലഭിക്കുന്നതും. (2തെസ്സ, 2:13). എന്നിട്ടും അവർക്ക് ആത്മാവ് ലഭിച്ചിരുന്നില്ലെങ്കിൽ അവരുടെ രക്ഷ പൂർണ്ണമായിരുന്നില്ല അല്ലെങ്കിൽ ലഭിച്ചിരുന്നില്ല എന്നു വ്യക്തമാണ്. ഇനി ചിലർ കരുതുന്നതുപോലെ ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ അവർക്ക് പരിശുദ്ധാത്മാവ് ലിഭിക്കേണ്ടതായിരുന്നുവല്ലോ? അപ്പോൾ അതൊന്നുമല്ല കാര്യം: സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോലെന്ന വിശേഷാധികാരം ഫിലിപ്പോസിനില്ലായിരുന്നു; അത് പത്രൊസിൻ്റെ കയ്യിലായിരുന്നു. (മത്താ, 16:19). ആ താക്കോൽ അഥവാ അധികാരം കൈയ്യിലുള്ള ആൾക്കു മാത്രമേ, ഭൂമിയിലെ സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദന്മാരിൽനിന്നും ശമര്യരിൽനിന്നും ജാതികളിൽനിന്നും ആദ്യമായി ദൈവസഭയിലേക്ക് പ്രവേശനം നല്കാൻ അധികാരമുള്ളു. അതിനാലാണ് ഫിലിപ്പോസിനാൽ അവർക്ക് ആത്മസ്നാനം നല്കാതിരുന്നതും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ആത്മസ്നാനം നല്കിയതും. (പ്രവൃ, 8:17). രണ്ടാം അദ്ധ്യായത്തിൽ യെഹൂദന്മാരെയും (2:1-41), എട്ടാം അദ്ധ്യായത്തിൽ ശമര്യരെയും (8:14-17), പത്താം അദ്ധ്യായത്തിൽ ജാതികളെയും പത്രൊസിൻ്റെ സാന്നിധ്യത്തിൽ ദൈവസഭയിലേക്ക് പ്രവേശനം നല്കിയത് അതിൻ്റെ തെളിവാണ്. അനന്തരം ഫിലിപ്പോസിൻ്റെ കയ്യാൽ ഐത്യപ്യാ രാജ്ഞിയുടെ ഷണ്ഡൻ രക്ഷിക്കപ്പെടാൻ യാതൊരു തടസ്സവും വന്നില്ല എന്നതും ഓർക്കുക. (8:26-39). ഷണ്ഡൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്ന യെഹൂദ മതാനുസാരിയാണ് ആണ്. യെഹൂദ മതാനുസാരി യെഹൂദനമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവനാണ്. അവർക്ക് രണ്ടാം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യത്തിലേക്ക് പ്രത്രൊസ് പ്രവേശനം നല്കിയതാണ്. (2:10). അതിനാലാണ് ഫിലിപ്പോസിനാൽ അവൻ രക്ഷിക്കപ്പെട്ടതും വിശ്വാസം ഏറ്റുപറഞ്ഞ് സ്നാനമേറ്റതും (1കൊരി, 12:3) സന്തോഷത്തോടെ തൻ്റെ വഴിക്കുപോയതും. (8:37-39). [കൂടുതൽ അറിവിലേക്കായി ‘പരിശുദ്ധാത്മസ്നാനം‘ എന്ന ലേഖനം കാണുക]

6. എത്യോപ്യനായ ഷണ്ഡൻ്റെ സ്നാനം: “അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;” (പ്രവൃ, 8:36-38). യെശയ്യാപ്രവചനം അമ്പത്തിമൂന്നാം അദ്ധ്യായം വായിച്ചുകൊണ്ടിരുന്ന ഷണ്ഡനോട് ആ അദ്ധ്യായം ആധാരമാക്കി യേശുവിനെ കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡൻ രക്ഷിക്കപ്പെടുകയുണ്ടായി. 2:38-ൽ പത്രോസ് പറഞ്ഞ പാപമോചനത്തിനായുള്ള സ്നാനത്തിന് ഷണ്ഡനോടുള്ള ബന്ധത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു കാണാൻ കഴിയും. മാത്രമല്ല, രക്ഷിക്കപ്പെട്ട ഷണ്ഡൻ ഫിലിപ്പോസിനോടാണ് ചോദിക്കുന്നത്; ‘ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.’ ഫിലിപ്പോസിൻ്റെ മറുപടി; ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.’ ബൈബിൾ പാപമോചനത്തിനും രക്ഷയ്ക്കുമായി വെച്ചിരിക്കൂന്ന കൃപയാലുള്ള വിശ്വാസത്തിൻ്റെയും, ക്രിസ്തീയ സ്നാനത്തിൻ്റെയും കൃത്യമായ മാതൃക ഇവിടെ കാണാം: ഫിലിപ്പോസ് ഷണ്ഡനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിച്ചു (8:35); സുവിശേഷത്താൽ ആത്മസ്നാനമുണ്ടായി (ഗലാ, 3:2); അവൻ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നു (എഫെ, 2:5,8); അനന്തരം ജലസ്നാനം സ്വീകരിച്ചു (പ്രവൃ, 8:36-38) പിന്നെ സന്തോഷിച്ചുകൊണ്ടു തൻ്റെ വഴിക്കുപോയി. (8:39).

7. പൗലൊസിൻ്റെ സ്നാനം: “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.” (പ്രവൃ, 9:18). ഒൻപതാം അദ്ധ്യായത്തിൽ സ്നാമേറ്റതായും, ഇരുപത്തിരണ്ടാം അദ്ധ്യാത്തിൽ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് പാപം കഴുകിക്കളയാനും പറയുന്നുണ്ട്. നമുക്ക് രണ്ടു വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16; 9:18). പൗലൊസ് യെരൂശലേമിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സഹസ്രാധിപൻ്റെ കോട്ടയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് യഹൂദന്മാരോട് പ്രസംഗിക്കുമ്പോൾ തൻ്റെ മാനസാന്തരത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്ന ഭാഗമാണിത്. ഈ പ്രസംഗത്തിനും ഏകദേശം 20-ലേറെ വർഷങ്ങൾക്ക് മുമ്പാണ് ദമസ്കൊസിലേക്കുള്ള യാത്രയിൽ താൻ കർത്താവിനാൽ പിടിക്കപ്പെട്ടതും, അനന്യാസ് എന്ന ശിഷ്യൻ മുഖാന്തരം രക്ഷിക്കപ്പെട്ടതും. (പ്രവൃ, 9:2-20). മാനസാന്തരസമയത്ത് അനന്യാസ് പൗലൊസിൻ്റെ കണ്ണിനു കാഴ്ച നല്കുന്നതും, സ്നാമേല്ക്കുന്നതും അല്ലാതെ, സുവിശേഷം അറിയിക്കുന്നതായി അവിടെ രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 9:17,18). എന്നാൽ പൗലൊസ് അത് പറയുമ്പോൾ; ”എഴുന്നേറ്റു യേശുവിന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്ന് അനന്യാസ് തന്നോട് പറഞ്ഞതായിട്ടാണ്. വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പാപമോചനവും ആത്മസ്നാനവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.

8. കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു…… പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃ, 10:43-48). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിലും വിശ്വാസത്താലുള്ള നീതീകരണത്തിൻ്റെയും, അനന്തരമുള്ള ക്രൈസ്തവ സ്നാനത്തിൻ്റെയും മാതൃക കൃത്യമായി കാണാം: പത്രൊസ് സുവിശേഷം അറിയിക്കുന്നു; അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു; തുടർന്ന് സ്നാനമേല്ക്കുന്നു. പരിശുദ്ധാത്മാവ് അഥവാ പരിശുദ്ധദൈവം കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടിട്ടും അവരുടെ പാപമോചനം നടന്നില്ല; പിന്നീട് വെള്ളത്തിൽ സ്നാനമേറ്റപ്പോഴാണ് അവർക്ക് പാപമോചനം ലഭിച്ചതെന്ന് ആർക്ക് പറയാൻ കഴിയും? കൊർന്നേല്യസിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്. സ്വർഗ്ഗത്തിലെ ദൂതൻ വന്നിട്ട് അവനോട് പറയുന്നത്: നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും.” (പ്രവൃ, 11:13,14). നീയും നിൻ്റെ കുടുംബംവും രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനപ്പെടുത്തും എന്നല്ല ദൂതൻ പറഞ്ഞത്; രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അഥവാ സുവിശേഷം നിന്നോടു പറയും. രക്ഷ സുവിശേഷത്താലുള്ള ആത്മസ്നാത്താലാണ്; ജലസ്നാനത്താലല്ലെന്ന് കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവ് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.

കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും മേൽ ആത്മസ്നാനം ഉണ്ടായശേഷമാണ് അവരെ ജലസ്നാനം കഴിപ്പിച്ചതെന്ന് പത്രൊസ് സാക്ഷ്യം പറയുന്നു: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ആത്മസ്നാനത്താൽ വിശ്വസിച്ച് രക്ഷപ്രാപിച്ചശേഷമാണ് ജലസ്നാനം നല്കിയതെന്ന് ഇവിടെ വ്യക്തമാണല്ലോ? കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ ദൈവമക്കൾ ഒരുകാര്യംകൂടി അറിയുകയും അംഗീകരിക്കുകയും വേണം: ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരെയും (പ്രവൃ, 2:38-41) ശമര്യരെയും (8:14-17) ജാതികളെയും (10:44-48) ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രവും (8:34-48) പത്രൊസ് അപ്പൊസ്തലൻ്റെ സാക്ഷ്യവും വ്യക്തമായി ഉള്ളതുകൊണ്ട് (11:14-17), നമ്മുടെ രക്ഷ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാസ്നാനത്താലാണും രക്ഷാനന്തരമാണ് ജലസ്നാനം സ്വീകരിക്കേണ്ടതെന്നും ജാതികളായിരുന്ന നമ്മൾ മനസ്സോടെ അംഗീകരിക്കേണ്ടത് ആവശ്യമാണ്.

9. ഫിലിപ്പിയിലെ ലുദിയയുടെ സ്നാനം:  “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃ, 16:13-15). ഇവിടെയും സുവിശേഷംകേട്ട് ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ടശേഷമാണ് ജലസ്നാനം സ്വീകരിച്ചതെന്ന് മനസ്സിലാക്കാം: പൗലൊസിൽനിന്നു സുവിശേഷം കേട്ട ലുദിയയുടെ ഹൃദയം കർത്താവ് തുറന്നു; ഹൃദയം തുറന്നത് ആത്മസ്നാനത്തെയാണ് കാണിക്കുന്നത്; സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് (ഗലാ, 3:2), കൃപായാൽ അവൾ വിശ്വസിച്ചു (എഫെ, 2:5,8), അനന്തരം ജലസ്നാനം സ്വീകരിച്ചു.

10. കാരാഗൃഹ പ്രമാണിയുടേയും കുടുംബത്തിൻ്റെയും സ്നാനം: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” (പ്രവൃ, 16:30-34). രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്ന് കാരാഗൃഹപ്രമാണി ചോദിക്കുമ്പോൾ, നീ സ്നാനമേല്ക്കണം എന്നല്ല പൗലൊസും ശീലാസും പറഞ്ഞത്; ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നാണ്. ചിലർ കരുതുന്നതുപോലെ ജലസ്നാത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെങ്കിൽ, പത്രൊസ് പറഞ്ഞപോലെ പ്രവൃത്തി 2:38 ആവർത്തിച്ചാൽ മതിയായിരുന്നല്ലോ; പെന്തെക്കൊസ്തിൽ യെഹൂദന്മാർ ചോദിച്ച ചോദ്യം തന്നെയാണ് കാരാഗൃഹപ്രമാണിയും ചോദിച്ചത്: ഞാൻ എന്തു ചെയ്യേണം? രണ്ടു ചോദ്യങ്ങളുടെയും വ്യത്യാസം ശ്രദ്ധിക്കണം: പെന്തെക്കൊസ്തിലെ യെഹൂദന്മാർ രക്ഷയെക്കുറിച്ചു മിണ്ടുന്നില്ല; കാരാഗൃപ്രമാണി രക്ഷപ്രാപിപ്പാൻ എന്തുചെയ്യണമെന്നും ചോദിക്കുന്നു. സുവിശേഷത്താൽ അഥവാ ദൈവത്തിൻ്റെ വചനത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്നും വീണ്ടുംജനനും ഉണ്ടാകുന്നതെന്നും വ്യക്തമായി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 3:6,8; ഗലാ, 3:2; എഫെ, 1:12,13; യാക്കോ, 1:18; 1പത്രൊ, 1:23). അതിനാൽ, പത്രൊസിൽനിന്നു സുവിശേഷം കേട്ട് രക്ഷ പ്രാപിച്ചനന്തരമാണ് യെഹൂദന്മാരുടെ ചോദ്യമെന്നു മനസ്സിലാക്കാം. കാരാഗൃഹപ്രമാണിയാകട്ടെ, സുവിശേഷം കേൾക്കുന്നതിനുമുമ്പ് അഥവാ രക്ഷിക്കപ്പെടുന്നതിനു മുമ്പാണ്, രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണമെന്ന് ചോദിക്കുന്നത്: (16:30). “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” രക്ഷയ്ക്കായുള്ള വിശ്വാസം ആത്മസ്നാനത്താൽ ലഭിക്കുന്നതാണ്; സ്വയമായുളവാക്കാൻ കഴിയില്ല. പരിശുദ്ധാത്മാവ് ലഭിക്കാൻ സുവിശേഷം അറിയിക്കണം. (ഗലാ, 3:2). രക്ഷയുടെ സുവിശേഷം അവരോടു പ്രസംഗിച്ചു; അവൻ മാനസാന്തരപ്പെട്ടു; സ്നനമേറ്റു. അപ്പൊസ്തലന്മാർ കാരാഗൃഹ പ്രമാണിയോടും കുടുബത്തോടും സുവിശേഷം പ്രസംഗിച്ചു; പിന്നെ എഴുതിയിരിക്കുന്നത്, “അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു” (16:33). ദൈവവചനത്താൽ ആത്മസ്നാനം ലഭിക്കുകയും താനും കുടുംബവും മാനസാന്തരപ്പെട്ട് ക്രിസ്തുവിനോടു ചേരുകയും ചെയ്തതിൻ്റെ ഫലമാണ് ആ രാത്രിയിത്തന്നെ അപ്പൊസ്തലന്മാരുടെ മുറിവുകളെ കഴുകി എന്നു പറഞ്ഞിരിക്കുന്നത്. അതവരുടെ മാനസാന്തരത്തിന്നു തെളിവാണ്. അതിനുശേഷം അവർ സ്നാമേറ്റു. 

11. ക്രിസ്പൊസും കുടുംബവും ഉൾപ്പെടെ അനേകം കൊരിന്ത്യരുടെ സ്നാനം: “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃ, 18:8). കൊരിന്തിൽ പൗലൊസ് ശബ്ബത്തുതോറും പള്ളിയിൽ പ്രസംഗിച്ചിരുന്നു. വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. (18:5). അങ്ങനെ പള്ളിപ്രമാണിയായ ക്രിസ്പൊസും കുടുംബവും അനേകം കൊരിന്ത്യരം ആത്മസ്നാനത്താൽ കൃപയാൽ വിശ്വസിച്ച് രക്ഷപ്രാപിച്ച ശേഷമാണ് സ്നാനമേറ്റതെന്ന് കാണാൻ കഴിയും. 

12. എഫെസൊസിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ സ്നാനം: പൗലൊസ്: “നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” (പ്രവൃ, 19:6). ഈ ഭാഗത്തെ വിഷയം ക്രിസ്തീയസ്നാനം അഥവാ യേശുവിൻ്റെ നാമത്തിലുള്ള സ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. പൗലൊസ് അവരോട് ചോദിക്കുന്നത്; ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നാണ്. ഇതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. വ്യക്തി വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ ആർജ്ജിച്ചെടുക്കണം എന്നൊരു ധ്വനി ഈ പ്രയോഗത്തിനുണ്ട്. ഇത് ബൈബിളിലെ മറ്റു വേദഭാഗങ്ങളുമായി പൊരുത്തപ്പെടില്ല. ഒന്നാമത്; പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. ദാനം ദൈവത്തിൻ്റെ കൃപയാലും വാഗ്ദത്തം തൻ്റെ വിശ്വസ്തതയാലും ലഭിക്കുന്നതാണ്; അല്ലാതെ ആർജ്ജിക്കേണ്ട ഒന്നല്ല. രണ്ടാമത്; രക്ഷയുടെ സുവിശേഷം (എഫെ, 1:13) അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് (ഗലാ, 3:2) ആത്മാവ് ലഭിക്കുന്നത്. ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിയിൽ ഉളവാക്കുന്നത്. (എഫെ, 2:8). അതായത്, വിശ്വാസത്താൽ ആത്മാവ് ലഭിക്കുകയല്ല; ആത്മാവിനാൽ വിശ്വാസം ലഭിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്; പ്രാപിക്കുക (receive) എന്ന പദത്തിന് അനുഭവിക്കുക, എത്തുക, ചെല്ലുക, പ്രവേശിക്കുക, സമീപിക്കുക എന്നൊക്കെയും അർത്ഥമുണ്ട്. അതായത്, പൗലൊസിൻ്റെ ചോദ്യത്തിൻ്റെ അർത്ഥമിതാണ്; “വിശ്വസിക്കുന്ന നിങ്ങൾ പരിശുദ്ധാത്മാവിനെ അനുഭവിക്കുന്നുണ്ടോ?” 

അവരുടെ മുപടി: “പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” അവർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ടവരാണെന്ന് പൗലൊസിനറിയാം; അല്ലെങ്കിൽ അവൻ്റെ ചോദ്യം അസ്ഥാനത്താണ്. അപ്പൊല്ലോസിൽ നിന്ന് സുവിശേഷം കേട്ടവരാണവർ. പൗലൊസ് എഫെസൊസിൽ വരുന്നതിന് മുമ്പ് അപ്പൊല്ലൊസ് എഫെസൊസിൽ ഉണ്ടായിരുന്നു. (പ്രവൃ, 18:24). അപ്പൊല്ലോസിനു ക്രൈസ്തവ സ്നാനത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല; യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). അപ്പൊല്ലോസാണ് അവരോട് സുവിശേഷം അറിയിച്ചതെന്ന് പൗലൊസിനും അറിയാം; അല്ലെങ്കിൽ നിങ്ങൾ കൈക്കൊണ്ട സുവിശേഷം ഏതാണെന്നായിരിക്കും ചോദിക്കുക. അപ്പൊല്ലോസ് ആത്മാവിൽ എരിവുള്ളവനും യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവനാണ്. (18:25). അതുകൊണ്ടാണ് സുവിശേഷം ഏതാണെന്ന് ചോദിക്കാതെ, സ്നാനം ഏതായിരുന്നു എന്നു ചോദിച്ചത്. സുവിശേഷം അറിയിക്കുന്നത് ആത്മനിറവിലാണെങ്കിലും (പ്രവൃ, 2:4-40; 4:31), സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല; ക്രിസ്തുവിനെക്കുറിച്ചാണ്. മാത്രമല്ല, വീണ്ടുംജനനം ആന്തരിക പ്രവൃത്തിയായതുകൊണ്ട് ബാഹ്യലക്ഷണങ്ങൾ നിർബ്ബന്ധമല്ല. (യോഹ, 3:8). അതിനാലാണ് അവരോട് ‘പരിശുദ്ധാത്മാവിനെ അനുഭവിച്ചുവോ’ എന്നു ചോദിക്കുന്നത്; അവരുടെ മറുപടിയാകട്ടെ; പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ലെന്നാണ്. ഇതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന സ്ഥാനനാമം പറഞ്ഞ് സ്നാനപ്പെടുത്താത്തതുകൊണ്ടാണ് അവർ പരിശുദ്ധാത്മാവിനെക്കുറിച്ച് കേൾക്കാത്തതെന്നാണ്. പൗലൊസിൻ്റെ ചോദ്യം: പരിശുദ്ധാത്മാവിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എന്നല്ല; പ്രത്യുത, പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ അഥവാ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നാണ്. കേവലം പരിശുദ്ധാത്മാവെന്ന സ്ഥാനനാമം പറഞ്ഞ് സ്നാനം കഴിപ്പിച്ചാൽ ആത്മാവിൻ്റെ പ്രവൃത്തികൾ അനുഭവിക്കാൻ കഴിയുമോ? ഇല്ല. ‘പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല’ എന്നത് അതിശയോക്തിയിൽ പറയുന്നതാണ്. എന്തെന്നാൽ ആത്മാവിൻ്റെ വരങ്ങളോ, ആത്മാവിൻ്റെ ഫലമായ സന്തോഷംപോലും അവർ അനുഭവിച്ചിരുന്നില്ല. എന്തെന്നാൽ അവർ സുവിശേഷത്താൽ രക്ഷപ്രാപിച്ചുവെങ്കിലും ആത്മാവിൻ്റെ വരങ്ങളൊന്നും അവർക്ക് ലഭിച്ചിരിക്കില്ല. കാരണം, യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനമെന്ന് അവരെയും അവരിലൂടെ ലോകംമുഴുവനും ഉണ്ടാകുവാനുള്ള ദൈവമക്കളെയും ബോധ്യപ്പെടുത്താനാണ് സുവിശേഷം കൈക്കൊണ്ടിട്ടും ദൈവം അവർക്ക് ആത്മവരങ്ങളൊന്നും നല്കാതിരുന്നത്. തുടർന്ന്, യോഹന്നാൻ്റെ സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും; യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കയും ചെയ്തു. “പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” യോഹന്നാൻ്റെ സ്നാനമേറ്റവർ വീണ്ടും യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുമ്പോൾ പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരുപക്ഷെ യേശുവിൻ്റെ സ്നാനത്തെ സംശയിക്കാനിടയാകും. കാരണം, യോഹന്നാൻ യേശുവിനു സ്നാനം നല്കിയ ആളാണ്. വീണ്ടും സ്നാനമേല്ക്കുമ്പോൾ പ്രത്യേകമായൊരനുഭവം അവർക്കുണ്ടായില്ലെങ്കിൽ, അവർക്ക് രണ്ടു സ്നാനവും തമ്മിലുള്ള വ്യത്യാസം ബോധ്യമാകില്ല. അതുകൊണ്ടാണ് ആത്മാവ് വരങ്ങളോടുകൂടി വെളിപ്പെട്ടത്. രണ്ടു വരങ്ങൾ ഒരുമിച്ചു ലഭിച്ചതായി ഇവിടെ മാത്രമാണ് പറഞ്ഞിരിക്കുന്നത്. അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ കൃപാവരങ്ങൾ ലഭിക്കുന്നതായി വേറെയും വാക്യങ്ങളുണ്ട്: (1തിമൊ, 4:14; 2തിമൊ, 1:6)

13. 1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-വാക്യത്തിലെ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

14. സ്നാനപ്പെട്ടു എന്നു പറയാതെ വിശ്വസിച്ചു രക്ഷപ്രാപിച്ചവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃ, 9:42). “ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ, 9:43). രക്ഷയ്ക്കായി വിശ്വാസത്തോടൊപ്പം സ്നാനവും അത്യന്താപേക്ഷിതമായിരുന്നു എങ്കിൽ, ഇവിടെയൊക്കെ വിശ്വാസത്തോടൊപ്പം സ്നാനവും പറയില്ലായിരുന്നോ? ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാലുള്ള വിശ്വാസത്താലാണ് ഓരോ വ്യക്തിയും രക്ഷിക്കപ്പെടുന്നതും ദൈവസഭയുടെ ഭാഗമാകുന്നതും.

റോമർ 6:1-11; ഗലാത്യർ 3:27; എഫെസ്യർ 4:5; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. ജലസ്നാനത്തോടും സാദൃശ്യപ്പെടുത്താമെന്ന് മാത്രം. ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് അവൻ നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13). “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്ത് പറയുന്ന ‘സ്നാനം ഒന്നു’ എന്നത് ജലസ്നാനത്തെ കുറിക്കുന്നതല്ല; ആത്മസ്നാത്തെ കുറിക്കുന്നതാണ്. രക്ഷയ്ക്കായുള്ള സ്നാനം ആത്മസ്നാനമാണ്. (കാണുക: ആത്മസ്നാനവും ജലസ്നാനവും)

യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് വീണ്ടുംജനനത്തെക്കുറിച്ചു പറയുമ്പോൾ; “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (3:5). സ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: 4:12). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലുള്ള വീണ്ടുംജനനത്തെപ്പറ്റിയും കൃത്യമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; യേശുക്രിസ്തു ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:16). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട. ആത്മാവിലുള്ള ശുദ്ധീകരണത്തെയും കഴുകലായി പറഞ്ഞിട്ടുണ്ട്: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11. ഒ.നോ: തീത്തൊ, 2:14; 3:6,7). (കാണുക: ആത്മസ്നാനവും ജലസ്നാനവും)

രക്ഷയ്ക്കായി ജലസാനാനം ആവശ്യമില്ലെന്നതിൻ്റെ ആന്തരികവും ബാഹ്യവുമായ തെളിവുകൾ താഴെ ചേർക്കുന്നു:

1. രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല; കൃപയാലാണ് ലഭിക്കുന്നത്. (റോമ, 11:6). ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. നമുക്കു പാപമോചനമുള്ളത് ക്രിസ്തുവെന്ന ആളത്തത്തിലാണ് അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയിലല്ല. “ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതുപോലെ, സ്വപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല രക്ഷപ്രാപിച്ച് ദൈവകുടുംബത്തിൽ ഒരു വ്യക്തി അംഗമാകുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. യേശു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും. (യോഹ, 7:37-39). വിശ്വസിക്കുന്നവന് ആത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് പുറപ്പെടും. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. “വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ രക്ഷയുടെ സുവിശേഷം (എഫെ 1:13) കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് ആത്മാവ് വരുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2,5). പരിശുദ്ധാത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നത്. (റോമ, 10:17; എഫെ, 2:5,8). തുടർന്ന്, ആത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉണ്ടാക്കുകയും (2കൊരി, 7:9), ദുഃഖം മാനസാന്തരം വരുത്തുകയും (2കൊരി, 7:9), മാനസാന്തരം രക്ഷ ഉളവാക്കുകയും ചെയ്യുന്നു.” (2കൊരി, 7:10). പരിശുദ്ധാത്മാവാണ് യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറയാനും, ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നത്. (റോമ, 10:9,10). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല” (1കൊരി, 12:3). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

2. ജലസ്നാനം രക്ഷയ്ക്ക് അന്യവാര്യമെങ്കിൽ, ക്രിസ്തു ക്രൂശിൽ തികച്ച പാപമോചനബലി അപൂർണ്ണമാണെന്നല്ലേ അർത്ഥം? പിന്നെങ്ങനെ ആറാമത്തെ മൊഴിയായി ”നിവൃത്തിയായി” (യോഹ, 19:30) എന്നു തനിക്ക് പറയാൻ കഴിയും? 22-ാം സങ്കീർത്തനത്തിലെ ”അവൻ നിവർത്തിച്ചിരിക്കുന്നു” (സങ്കീ, 22:31) എന്ന പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? ”അവൻ സ്വന്ത രക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:12) എന്നെങ്ങനെ പറയാൻ കഴിയും? സർവ്വലോകത്തിൻ്റെയും പാപത്തിന്നു പരിഹാരം യേശുക്രിസ്തുവാണ്. (1യോഹ, 1:7, 2:2). കര്‍ത്താവായ യേശുവിന്റെ കൃപയാലുള്ള ദാനമായ ആത്മസ്നാനത്താലാണ് ഓരോരുത്തരും രക്ഷപ്രാപിക്കുന്നത് (പ്രവൃ, 15:11); അല്ലാതെ, ജലസ്നാനമെന്ന പ്രവൃത്തിയാലല്ല.

3. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും (പ്രവൃ, 2:38; 8:20; റോമ, 8:23) വാഗ്ദത്തവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 2:39). ദാനം ലഭിക്കാൻ പ്രവൃത്തി വേണമെന്നും, വാഗ്ദത്തത്തിനു വില കൊടുക്കണമെന്നും പറഞ്ഞാൽ ദൈവത്തിൻ്റെ കൃപ വൃഥാവായിപ്പോയോ? ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങാൻ ശ്രമിച്ച ശിമോൻ്റെ ഗതിയെയെന്തായി? (പ്രവൃ, 8:17-23). ദൈവം താൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തനല്ലേ? (റോമ, 4:21). ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ലഭിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം മാത്രംമതി. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). രക്ഷകനിൽ വിശ്വസിക്കാനുള്ള വിശ്വാസവും നമുക്കു സുവിശേഷ കേൾവിയാൽ കൃപയാൽ ലഭിക്കുന്നതാണ്. (റോമ, 10:17: ഗലാ, 3:2; എഫെ, 2:5,8).

4. ജലസ്നാനം ഒരു കല്പനയാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ആരോടുള്ള കല്പനയാണിത്? ജാതികളോടാണോ? അല്ല. ശിഷ്യന്മാരോട് അഥവാ തൻ്റെ മക്കളോടുള്ള ദൈവത്തിൻ്റെ കല്പനയാണ്. ഇനി, ജാതികൾ കർത്താവിൻ്റെ കല്പന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണോ? അല്ല. ദൈവത്തെ അറിയാത്ത ജാതികളെന്തിനു ദൈവത്തിൻ്റെ കല്പന അനുസരിക്കണം? കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായവർ; തൻ്റെ അനുയായികളും ശിഷ്യന്മാരും ദാസന്മാരും മക്കളുമാണ്. തൻ്റെ ശിഷ്യന്മാരോട് യേശു പറയുന്നു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ അഥവാ അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” എന്താണ് ഇവിടെപ്പറയുന്ന ഉപദേശം: ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചാണ്. (മർക്കൊ, 16:15). ദൈവത്തിൻ്റെ മക്കളായ സുവിശേഷകന്മാർ ക്രിസ്തുവിനെക്കുറിച്ചുള്ള സംവിശേഷം തെരുവുകളിൽ പ്രസംഗിക്കുമ്പോൾ, കേൾവിയാൽ ഉളവാകുന്ന വിശ്വാസത്താൽ (റോമ, 10:17) സുവിശേഷം കൈക്കൊള്ളുന്ന ജാതികളെ ദൈവാത്മാവ് വീണ്ടുംജനിപ്പിച്ച് ദൈവത്തിൻ്റെ മക്കളാക്കിക്കഴിയുമ്പോഴാണ്, അവർ കല്പനയായ സ്നാനം അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാകുന്നത്. “അവന്റെ (പത്രൊസിൻ്റെ) വാക്കു (സുവിശേഷം) കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു (പ്രാദേശികസഭ) ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). സുവിശേഷം കൈക്കൊണ്ടവർ രക്ഷപ്രാപിച്ചു; പിന്നെ സ്നാനമേറ്റു; അനന്തരം പ്രാദേശിക സഭയോടു ചേർന്ന് ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രർത്ഥന കഴിച്ചും പോന്നു. ദൈവത്തിൻ്റെ വചനത്താൽ രക്ഷപ്രാപിച്ചവർ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. സുവിശേത്താൽ നാം രക്ഷപ്രാപിച്ച് ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിച്ചുകഴിയുമ്പോഴാണ് ദൈവകല്പനയായ ജലസ്നാനമെന്ന കർമ്മം അനുഷ്ഠിക്കേണ്ടത്.

5. ക്രൂശിൽ മാനസാന്തരപ്പെട്ട കള്ളൻ സ്നാനമാറ്റിട്ടാണോ രക്ഷ പ്രാപിച്ചത്? അവൻ്റെ വിശ്വാസത്താൽ രക്ഷിതാവുതന്നെ അവനെ രക്ഷിക്കുകയായിരുന്നു. യേശുവിൻ്റെ മരണംമൂലം രക്ഷകിട്ടിയ ആദ്യവ്യക്തിയാണ് ക്രൂശിലെ കള്ളൻ. യേശു മശീഹയാണെന്ന് വിശ്വസിക്കുക മാത്രമാണ് അവൻ ചെയ്തത്. ഒരുത്തൻ യേശുവിനെ ദുഷിച്ചുപറഞ്ഞപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് പറഞ്ഞത്: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല.” (ലൂക്കൊ, 23:40,41). താൻ പാപിയാണെന്നു സമ്മതിക്കുകയും, നീതിയായവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ അവൻ്റെ മാനസാന്തരം പൂർണ്ണമായി. (യോഹ, 16:8). പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു അപേക്ഷിച്ചു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 23:39-43). ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത മരണത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ച ആദ്യവ്യക്തി അന്നുതന്നെ അവനോടുകൂടി പറുദീസാവാസവും ആരഭിച്ചു. ചിലർ പറയുന്നത്; ക്രിസ്തുവിൻ്റെ മരണം മുഖാന്തരമുള്ള രക്ഷ കള്ളനു ലഭിക്കില്ല; എന്തെന്നാൽ ക്രിസ്തു ആ സമയം മരിച്ചിട്ടില്ലായിരുന്നു എന്നാണ്. ക്രിസ്തു ജീവനോടെയിരുന്നപ്പോൾ കള്ളനു രക്ഷയുടെ ഉറപ്പാണ് നല്കിയത്. ക്രിസ്തുവിൻ്റെ മരണശേഷമാണ് കള്ളൻ മരിച്ചത്. അങ്ങനെ ക്രിസ്തുവിൻ്റെ മരണത്തിൽ കള്ളനും പങ്കാളിയായതായി മനസ്സിലാക്കാം.

6. “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.” (1കൊരി, 1:15-17). ജലസ്നാനത്താലാണ് പാപമോചനവും രക്ഷയുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവിടെയിതാ ജാതികളെ സ്നാനപ്പെടുത്തായ്കയാൽ അപ്പൊസ്തലനായ പൗലൊസ് ദൈവത്തിനു സ്തോത്രം കരേറ്റുന്നു. സ്നാനം കഴിപ്പിപ്പാൻ അല്ല തന്നെ അയച്ചതെന്നും താൻ അടിവരയിട്ടു പറയുന്നു. സുവിശേഷം അറിയിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായൊരു ശുശ്രൂഷയല്ല ജലസ്നാനം കഴിപ്പിക്കുന്നത്. ആത്മസ്നാനം സുവിശേഷത്തിലൂടെ ദൈവം ദാനമായി നല്കുന്നതാണ്; ജലസ്നാനമാകട്ടെ, പ്രാദേശിക സഭയിലെ ആർക്കും നല്കാവുന്നതാണ്. ഒരുവിധത്തിൽ സുവിശേഷം അറിയിച്ചു വ്യക്തികളെ രക്ഷയിലേക്കു നടത്തുന്നവർ യേശുക്രിസ്തുവിൻ്റെ പ്രതിനധികളായി നിന്നുകൊണ്ട് ആത്മസ്നാനത്താൽ അവരെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ജലസ്നാനത്തെക്കാൾ ശ്രേഷ്ഠമാണ് ആത്മസ്നാനമെന്നതിൽ ആർക്കും തർക്കമില്ലല്ലോ; അതുകൊണ്ടാണ് പൗലൊസ് പറയുന്നത്; എന്നെ സ്നാനം അഥവാ ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചത്. എന്തെന്നാൽ സുവിശേഷത്താലാണ് വ്യക്തി ആത്മസ്നാനം പ്രാപിക്കുന്നതും രക്ഷപ്രാപിച്ച് ക്രിസ്തുവിൻ്റെ മാർമ്മിക ശരീരമായ ദൈവസഭയിൽ അംഗമാകുന്നതും.

പിസിദ്യയിലെ അന്ത്യൊക്യയിൽ വെച്ചുള്ള പ്രഥമ പ്രസംഗത്തിൽത്തന്നെ കർത്താവ് തന്നെ വിളിച്ചിരിക്കുന്നതിൻ്റെ ഉദ്ദേശ്യം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോട് കല്പിച്ചിട്ടുണ്ട്. (പ്രവൃ, 13:47). താൻ ജാതികളുടെ അപ്പൊസ്തലനുമാണ്. (റോമ, 11:3). പൗലൊസ് ജാതികൾക്ക് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരമുണ്ട്: “വെളിച്ചമായി ലോകത്തിൽ വന്ന ക്രിസ്തു, ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലൻ.” ആ പൗലൊസാണ് പറയുന്നത്: “സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജലസ്നാനത്തിന് രക്ഷയുമായി ഒരിറ്റു ബന്ധമുണ്ടെങ്കിൽ പൗലൊസിന് ഇത് പറയാൻ കഴിയുമോ? സുവിശേഷത്തിനുവേണ്ടി ഇത്രയധികം വിലകൊടുത്ത മറ്റൊരപ്പൊസ്തലനില്ല. “ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു” (1കൊരി, 1:24) എന്നു പറഞ്ഞ ശ്രേഷ്ഠ അപ്പൊസ്തലൻ ക്രിസ്തുവിന് എതിരാളിയോ, സുവിശേഷ വിരോധിയോ ആയിരുന്നോ? ജലസ്നാനം രക്ഷയ്ക്ക് ആവശ്യമില്ലെന്നതൻ്റെ ഏറ്റവും നല്ല തെളിവാണ് പൗലൊസിൻ്റെ വാക്കുകൾ. [കൂടുതൽ അറിയാൻ കാണുക: ആത്മസ്നാനവും ജലസ്നാനവും]

7. യിസ്രായേൽ എന്തുകൊണ്ടാണ് ക്രിസ്തുവിൽ ഇടറിപ്പോയതെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:” (റോമ, 9:30-32). അവർ പ്രവൃത്തികളാൽ രക്ഷപ്രാപിപ്പാൻ ഇച്ഛിച്ചതുകൊണ്ടാണ് ഇടർച്ചക്കല്ലായ ക്രിസ്തുവിൽ ഇടറിപ്പോയത്. ഗലാത്യരോട് ക്ഷോഭത്തോടെ പൗലോസ് ചോദിക്കുന്നത്: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാ, 2:21). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” അതണ് ന്യായപ്രാമാണ വ്യവസ്ഥ.” (ഗലാ, 3:12). സ്നാനമെന്ന പ്രവൃത്തിയാൽ പാപമോചനം ലഭിച്ച് നീതീകരിക്കപ്പെടാമെന്ന് വിചാരിച്ചാലുള്ള കുഴപ്പമിതാണ്: ഒന്ന്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലവും, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമായ പരിശുദ്ധാത്മാവിനു വിലയിടുന്നു. രണ്ട്; ഇക്കൂട്ടർ ക്രിസ്തുവിനോടു വേറുപെട്ടു കൃപയിൽനിന്നു വീണുപോകുന്നു. മൂന്ന്; ക്രിസ്തുവിൻ്റെ ക്രൂശുമരണത്തെ വൃഥാവാക്കുന്നു അഥവാ തുച്ഛീകരിക്കുന്നു.

8. യേശു അപ്പൊസ്തലന്മാരോട് സുവിശേഷം അറിയിക്കുന്നതിൻ്റെ ഒരു ക്രമം പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ആദ്യം യെഹൂദന്മാരോട്, പിന്നെ ശമര്യരോട്, അതിനുശേഷം സകല ജാതികളോടും. കർത്താവിന്റെ കല്പനപോലെ, സുവിശേഷം പറഞ്ഞതും സ്നാനം കഴിപ്പിച്ചതും ആ ക്രമത്തിലാണ്. (പ്രവൃ, 2:36-41; 8:12-17; 10:43-48). നാം യെഹൂദന്മാരും, ശമര്യരുമല്ല, പ്രകൃതിയാൽ ജാതികളായിരുന്നു. (എഫെ, 2:11). നമുക്കു രക്ഷ ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ കൊർന്നേല്യൊസ്, ലുദിയ, കാരഗൃഹപ്രമാണി, കൊരിന്ത്യർ എന്നിവർ രക്ഷപ്രാപിച്ചത് ഏങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 

കൊർന്നേല്യൊസ്: സുവിശേഷം കേട്ടു; പരിശുദ്ധാത്മാവ് വന്നു; സ്നാനമേറ്റു. (10:34-48). 

ലുദിയ: സുവിശേഷം കേട്ടു; കർത്താവ് അവളുടെ ഹൃദയം തുറന്നു; സ്നാനമേറ്റു. (16:14,15).

കാരാഗൃഹപ്രമാണി: വചനം കേട്ടു; അവരുടെ മുറിവുകളെ കഴുകി (മാനസാന്തരം); സ്നാനമേറ്റു. (16:30-33).

കൊരിന്ത്യർ: വചനം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (18:8).

മേല്പറഞ്ഞ ജാതികളായ എല്ലാവർക്കും ഒരേ ക്രമത്തിലാണ് രക്ഷാനുഭവം പറഞ്ഞിരിക്കുന്നത്. ആത്മസ്നാനത്താലല്ലാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനോ മാനസാന്തരപ്പെടുവാനോ കഴിയില്ല. ദൈവത്തിൻ്റെ ആത്മാവിനാനുളവാകുന്ന ദൈവഹിതപ്രകാരമുള്ള മാനസാന്തരത്താൽ മാത്രമാണ് രക്ഷ ലഭിക്കുന്നത്. (2കൊരി, 7:10). കൊർന്നേല്യൊസും കുടുംബവും സുവിശേഷം കേട്ട് പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടശേഷമാണ് സ്നാനമേറ്റത്. പരിശുദ്ധാത്മാവെന്നാൽ; പരിശുദ്ധദൈവമാണ്. പരിശുദ്ധദൈവം അവരുടെ ഉള്ളിൽ വന്നിട്ടും പാപം മോചിക്കപ്പെട്ടില്ല; പിന്നീട് ജലത്തിൽ സ്നാനമേറ്റപ്പോഴാണ് പാപമോചനം ഉണ്ടായതെന്നു പറഞ്ഞാൽ, അതിനേക്കാൾ വലിയ അബദ്ധമെന്താണ്? അവരുടെ മാനസാന്തരത്തെക്കുറിച്ച് പത്രൊസ് യെരൂശലേം സഭയിൽ സാക്ഷ്യം പറഞ്ഞപ്പോൾ അവിടുത്തെ സഹോദരന്മാർ പറഞ്ഞതും കുറിക്കൊള്ളുക: “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18). മേല്പറഞ്ഞ ആരും ജലസ്നാനമേറ്റിട്ടല്ല രക്ഷപ്രാപിച്ചത്; ആത്മസ്നാനത്താൽ ലഭിച്ച കൃപയാലുള്ള വിശ്വാസത്താലാണ് രക്ഷപ്രാപിച്ചത്.

9. “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃ, 18:24,25). ചിലർ വിചാരിക്കുന്നത്: അപ്പൊല്ലോസ് ക്രിസ്ത്യാനിയായിരുന്നില്ല; മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദനായിരുന്നു എന്നാണ്. ഒരു കാര്യം ശരിയാണ്; ക്രിസ്തുവിനു മുമ്പും, ക്രിസ്തുവിൻ്റെ കാലത്തും, ക്രിസ്തുവിനു ശേഷവും ഇക്കാലത്തും മശിഹ വന്നതറിയാതെയോ, അറിഞ്ഞിട്ടും വിശ്വസിക്കാതെയോ മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദന്മാരുണ്ട്. അപ്പൊല്ലോസിൻ്റെ കാര്യം അതാണോ? അല്ല. ഒന്നാമത്; അങ്ങനെയൊരു യെഹൂദനെ വെള്ളപൂശി പ്രവൃത്തികളിൽ അവതരിപ്പിക്കേണ്ട ആവശ്യം പരിശുദ്ധാത്മാവിനോ ലൂക്കോസിനോയില്ല. രണ്ടാമത്; പ്രസ്തുത വേദഭാഗത്ത് അപ്പൊല്ലോസിനെപ്പറ്റി ആറ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഇവിടെ വിരോധാഭാസമെന്താണെന്നു ചോദിച്ചാൽ; അപ്പൊല്ലോസിനു ക്രൈസ്തവസ്നാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. സ്നാനം കൂടാതെ ഒരുവൻ്റെ രക്ഷ പൂർണ്ണമാകില്ലെന്ന് പറയുന്നവർ ഒന്നു പറഞ്ഞാട്ടെ; സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, യേശുവിനെക്കുറിച്ചുള്ള സുവിശേഷം സൂക്ഷ്മമായിട്ട് അഥവാ കൃത്യതയോടെയാണ് അപ്പൊല്ലോസ് പ്രസംഗിച്ചതെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെയ്ക്കുമോ? വിശേഷാൽ അപ്പൊല്ലോസിനെ അപ്പൊസ്തലൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും ഓർക്കുക.  (1കൊരി, 4:6-9). ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലൻ രക്ഷിക്കപ്പെട്ടവനല്ലേ? അല്ലെങ്കിൽ, ക്രിസ്തീയ സ്നാനം അനുഷ്ഠിക്കാത്ത, രക്ഷിക്കപ്പെടാത്ത ഇവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

10. യേശുവിൻ്റെ രണ്ടു രഹസ്യ ശിഷ്യന്മാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും. യേശു തിരഞ്ഞെടുത്തവരും, മൂന്നരവർഷം തൻ്റെകൂടെ നടന്ന് നന്മ അനുഭവിച്ചവരുമായ പതിനൊന്നു ശിഷ്യന്മാർ യേശുവിനെ അറസ്റ്റുചെയ്തപ്പോൾ ഓടിയൊളിച്ചു. യേശുവിനൊരാവശ്യം വന്നപ്പോൾ രഹസ്യശിഷ്യന്മാരാണ് പ്രയോജനപ്പെട്ടത്. (യോഹ, 38:42). അവർ യേശുവിൻ്റെ കൂടെ നടന്നവരോ, തൻ്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടവരോ അല്ല; പക്ഷെ, അവരായിരുന്നു ശരിക്കും ശിഷ്യന്മാർ. ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചുവാങ്ങി യഥാവിധി സംസ്കരിച്ചു. (യോഹ, 19:38-42). അതുപോലെ യേശുവിന് ലോകത്തിൽ അനേകം രഹസ്യശിഷ്യന്മാരുണ്ട്. പാകിസ്ഥാനിലും, അറബി രാജ്യങ്ങളിലും അങ്ങനെയുള്ളവർ ധാരാളമുണ്ട്. അവരൊന്നും പരസ്യമായി ക്രിസ്ത്യാനികളെന്ന് പറയുകയോ, ജലസ്നാനം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കില്ല. എന്തെന്നാൽ, അങ്ങനെയൊരു സാഹചര്യത്തിലല്ല അവർ ജീവിക്കുന്നത്. രഹസ്യത്തിൽ യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച്, തന്നെയാരാധിച്ച്, തൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്ന അവരൊക്കെ രക്ഷപ്രാപിച്ചവരല്ലേ? 

11. വെള്ളം അലർജ്ജിയുള്ള രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്ത കുറേനാൾനാൾ മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു. സസെക്സിൽ നിന്നുള്ള ‘നിയ സെല്‍വെ’ എന്ന ഇരുപത്തിയൊന്നുകാരിയാണ് ഒരാൾ. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് ഈ യുവതിയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യസമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. വിയർക്കുക, കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. (മെയ് 11, 2019). കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് മറ്റൊരാൾ. Aquagenic urticaria എന്നാണ് ഈ രോഗത്തിൻ്റെ പേര്. വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. (നവംബർ 30, 2019). ഇതുപോലുള്ള 100 കേസ്സുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്നാണ് പറയപ്പെടുന്നത്. സ്നാനം കൂടാതെ പാപം മോചിക്കപ്പെടുകയില്ലെങ്കിൽ, യേശുവിൻ്റെ മരണം ഇവരെ സംബന്ധിച്ച് വ്യർത്ഥമല്ലേ? ”യേശു സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” (1യോഹ, 2:2) എന്ന വേദവാക്യത്തിനു എന്തർത്ഥമാണുള്ളത്?

ഒരുപക്ഷെ, ഇതിനെതിരായി; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെ രക്ഷപ്രാപിക്കും എന്നു ചോദിച്ചേക്കാം. യേശു കുഞ്ഞുങ്ങളെക്കുറിച്ചു പറയുന്നു;  “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” (മർക്കൊ, 10:14; മത്താ, 19:14; ലൂക്കൊ, 18:16). ശിശുക്കളെന്നാൽ ശാരീരികമായും മാനസികമായും വളർച്ചയെത്താത്ത അവസ്ഥയാണ്. സ്വന്തം പാപത്തെക്കുറിച്ച് ബോധം വന്നിട്ടില്ലാത്തതുകൊണ്ടും, കർമ്മപാപം ഇല്ലാത്തതുകൊണ്ടും, അവരുടെ ജന്മപാപം അഥവാ അവരിലുള്ള ആദാമ്യപാപം ദൈവം കണക്കിടുന്നില്ല. വിശ്വാസികളെല്ലാം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയ്വരാൻ കല്പിക്കുന്നതും (മത്താ, 18:3), “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” (1പത്രൊ, 2:2) എന്നു പറഞ്ഞിരിക്കുന്നതും കുറിക്കൊള്ളുക. അതുപോലെ മാനസികമായി വളർച്ചപ്രാപിക്കാത്ത അഥവാ വിശ്വസിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്നവരുടെ പാപവും ദൈവം കണക്കിടുന്നില്ലെന്നു മനസ്സിലാക്കാം. മാത്രമല്ല, സ്നാനത്തിനെന്നപോലെ മനുഷ്യരുടെ പ്രവൃത്തിയല്ല വിശ്വാസത്തിനാധാരം; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1കൊരി, 2:4,5).

12. സുവിശേഷത്താലാണ് രക്ഷ: യേശു പറഞ്ഞ വിതയ്ക്കപ്പെടുന്ന വചനത്തിൻ്റെ ഉപമയുടെ പൊരുൾ: “വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കോ, 8:11). കൊർന്നേല്യൊസിനോടു ദൂതൻ പറഞ്ഞത്: “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.” (പ്രവൃ, 11:14). ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് ലഭിക്കുന്നത് സുവിശേഷത്താലാണ്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (ഗലാ, 3:2). രക്ഷയെക്കുറിച്ചുള്ള സുവിശേഷത്താൽ പരിശുദ്ധാത്മാവ് ലഭിക്കുന്നു: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവത്തിൻ്റെ കൃപയാലാണ് രക്ഷ: “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:5). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36)

13. ബൈബിളിൻ്റെ ആകെത്തുക: ബൈബിളിൻ്റെ ആകെത്തുകയാണ് ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷ. (യോഹ, 20:31). ക്രിസ്തു തൻ്റെ സ്വന്തരക്തംചിന്തി കൂശിൽ മരിച്ച് സമ്പാദിച്ചതാണ് ഈ രക്ഷ. (പ്രവൃ, 20:28; റോമ, 3:25; എഫെ, 1:7; ഫിലി, 2:68; കൊലൊ, 1:22; എബ്രാ, 2:14,15; 1പത്രൊ, 1:18,19). രക്ഷ ക്രിസ്തുവിൻ്റെ വിലമതിയാത്ത രക്തത്താൽ സമ്പാദിച്ചതിനാൽ ഇത്രവലിയ രക്ഷയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (എബ്രാ, 2:4). ഈ രക്ഷ ലോകം മുഴുവൻ എത്തിക്കാനാണ് പന്ത്രണ്ട് ശിഷ്യന്മാരെ താൻ തിരഞ്ഞെടുത്തത്. (മത്താ, 28:19; മർക്കൊ, 16:15; ലൂക്കൊ, 24:47). ഈ ശിഷ്യന്മാർ ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരാണ്. (എഫെ, 2:20). അതായത്, മത്ഥിയാസ് ഉൾപ്പെടെയുള്ള ഈ പന്ത്രണ്ട് ശിഷ്യന്മാരിലൂടെയാണ് പരിശുദ്ധാത്മാവിനാൽ സഭ സ്ഥാപിതമാകുന്നത്. (പ്രവൃ,2:1:4). പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് സ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. (3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം). ചോദ്യം ഇതൊന്നുമല്ല; രക്ഷ സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകൾക്ക് സ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ രക്ഷകിട്ടും, ക്രിസ്തുവാകുന്ന അടിസ്ഥാനത്തിൻ്റെ മുകളിലേക്കു പണിയപ്പെടുന്ന മറ്റുകല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ രക്ഷ കിട്ടില്ല. (എഫെ, 2:21,22). നല്ല ഉപദേശമാണ്. മറ്റൊരപ്പൊസ്തലന് ക്രിസ്തീയ സ്നാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു കല്പിച്ച വേറൊരപ്പൊസ്തലൻ പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്താൽ മാത്രമേ രക്ഷ കിട്ടുകയുള്ളുവെങ്കിൽ ഇവരൊക്കെ കള്ളയപ്പൊസ്തന്മാർ ആയിരുന്നുവെന്നതിൽ ഒരു തർക്കവുമില്ല. ബൈബിൾ തെറ്റാണെന്നും അപ്പൊസ്തലന്മാർ കള്ളന്മാരാണെന്നും സ്നാനവാദികൾ ഇനി പറയാതിരുന്നാൽ ഭാഗ്യം.

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:4). സുവിശേഷങ്ങൾ അവസാനിക്കുമ്പോൾ യോഹന്നാൻ എഴുതുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് നമുക്കു ജീവൻ നല്കാൻ ക്രൂശിൽമരിച്ചുയിർത്ത കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്.

“ലോകം ചോദിക്കുന്നു: സഹോദരന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം; വിശ്വാസി, നീ ഒന്നുമാത്രം പറക: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” അതിനുശേഷം ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്നറ്റ യേശുക്രിസ്തുവിനെക്കുറിച്ചു പറയുക; അതാകുന്നു സുവിശേഷം. അതുമാത്രം പറയുക. പരീശപക്ഷത്തുനിന്നു ക്രിസ്ത്യാനികളായവർ ചെയ്തപോലെ അധികമായ ഭാരമൊന്നും സുവിശേഷത്തോട് കൂട്ടിക്കെട്ടാതിരിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു ആത്മാവിൽ ഏറ്റ തൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തോടു ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും? (എബ്രാ, 9:14; റോമ, 8:11; 1പത്രൊ, 3:18)

2. പ്രസംഗിക്കപ്പെടുന്ന വചനത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്: (പ്രവൃ, 10:44; 11:15,16; ഗലാ, 3:2,5; 1കൊരി, 12:12,13). ആത്മസ്നാനത്താൽ ക്രിസ്തുവിൻ്റെ മരണത്തോടു ഏകീഭവിക്കുന്ന വ്യക്തി അവൻ്റെ പുനരുത്ഥാനത്തോടും ഏകീഭവിച്ചുകൊണ്ടു അഥവാ അവനോടുകൂടി ഉയിർത്തെഴുന്നേറ്റു പുതിയ സൃഷ്ടിയാകുന്നു: (റോമ, 6:3,4; 2കൊരി, 5:17). ഇനി, ജലസ്നാനത്താലാണ് രക്ഷയെന്ന് വാദിച്ചാൽ, വ്യക്തി ദൈവത്തിൻ്റെ ആത്മാവിനാൽ അവൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിച്ചു പുതിയസൃഷ്ടിയായശേഷം ഒന്നുകൂടി മരിച്ചുയിർക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം?

3. യോഹന്നാൻ 3:5 പ്രകാരം വെള്ളത്താൽ അഥവാ ജലസ്നാനത്താലാണ് വ്യക്തി വീണ്ടുംജനിക്കുന്നതെങ്കിൽ,
സുവിശേഷത്താൽ അഥവാ വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി ഒന്നുകൂടി വീണ്ടുംജനിക്കുന്ന ശുശ്രൂഷയാകില്ലേ ജലസ്നാനം? ഒരു വ്യക്തി രണ്ടുപ്രാവശ്യം വീണ്ടുംജനിക്കണോ? [വചനത്താലുള്ള ജനനം: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21; 1പത്രൊ, 1:23. ആത്മാവിലുള്ള ജനനം: യോഹ, 3:5,6,8; 1കൊരി, 6:11; ഗലാ, 5:25]

4. ഏകപ്രത്യാശ, ഏകശരീരം, ഏകാത്മാവു, ഏകകർത്താവു, ഏകവിശ്വാസം, ഏകസ്നാനം, ഏകദൈവം. (എഫെ, 4:4-6). ഈ ശ്രേണിയിലുള്ള ‘ഏകസ്നാനം’ ജലസ്നാനമാണെങ്കിൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ ആത്മസ്നാനം എന്തിനാണ്? (യോഹ, 7:37-39)

5. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ യേശുക്രിസ്തു നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്? ആവശ്യമെന്താണ്?

6. സഭയുടെ കാന്തനും കർത്താവും ദൈവവുമായ യേശുക്രിസ്തു നല്കുന്ന ആത്മസ്നാനത്താൽ വ്യക്തികൾ രക്ഷപ്രാപിക്കുന്നില്ല; പ്രാദേശിക സഭകളിലെ ഏതോ ഒരാൾ നല്കുന്ന ജലസ്നാനത്താലാണ് രക്ഷ കിട്ടുന്നതെന്നു വിചാരിക്കാനുള്ള ന്യായമെന്താണ്?

7. പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുണ്ടായിരുന്ന മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടെമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. [3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം]. ചോദ്യം അതൊന്നുമല്ല; ആത്മദാനവും രക്ഷയും സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? തന്നെയുമല്ല, ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകളായ അപ്പൊസ്തലന്മാർക്ക് ജലസ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ ആത്മദാനവും രക്ഷയുംകിട്ടും, മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിനു മുകളിൽ ആത്മാവിനാൽ ചേർത്തു പണിയപ്പെടുന്ന കല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ ആത്മദാനവും രക്ഷയും കിട്ടില്ലേ? (എഫെ, 2:20-23)

8. പ്രവൃത്തി 2:38 പ്രകാരം യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റശേഷമാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കേണ്ടത്. എന്നാൽ ശമര്യർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും പരിശുദ്ധാത്മാവ് ലഭിച്ചതായി കാണുന്നില്ല. അപ്പോൾ സ്നാനത്താലാണ് പരിശുദ്ധാത്മാവും രക്ഷയും ലഭിക്കുന്നതെന്ന വാദം അവിടെ തെറ്റുകയല്ലേ?

9. ജാതികളുടെ രക്ഷയ്ക്ക് മുമ്പൻ കൊർന്നേല്യൊസും കുടുംബവുമാണ്. അവർക്ക് സുവിശേഷകേൾവിയാൽ ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44; 11:15). അനന്തരം പത്രൊസ് അവരെ ജലസ്നാനം കഴിപ്പിക്കാൻ കല്പിക്കയായിരുന്നു. പ്രവൃത്തി 2:38-ലെ ക്രമം ഇവിടെ തെറ്റിയെന്നു മാത്രമല്ല; ജലസ്നാനത്തിനു മുമ്പെ അവർക്ക് ആത്മസ്നാനം ലഭിക്കുകയും ചെയ്തു. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ നാം എന്താണ് മനസ്സിലാക്കേണ്ടത്: ആത്മാസ്നാനത്താൽ അവർ രക്ഷിക്കപ്പെട്ടില്ല; അനന്തരം, ജലസ്നാനം സ്വീകരിച്ചപ്പോഴാണ് അവർ രക്ഷിക്കപ്പെട്ടതെന്നോ? [ദൂതൻ പ്രത്യക്ഷപ്പെട്ട് കോർന്നേല്യൊസിനോടു പറഞ്ഞത്: പത്രൊസിനെ വരുത്തുക; നീയും ‘നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള സ്നാനം കഴിപ്പിക്കുമെന്നല്ല; പ്രത്യുത, രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (സുവിശേഷം) അവൻ നിന്നോടു സംസാരിക്കും’ എന്നാണ് പറഞ്ഞത്. 11:14]

10. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ പൗലൊസ് കള്ളയപ്പൊസ്തലൻ ആയിരുന്നോ?

11. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഏഴാമത് ഒരു യോഗ്യത കൂടിയുണ്ട്; അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). സ്നാനംകൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന, ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലനും രക്ഷിക്കപ്പെട്ടവനായിരുന്നില്ലേ? [പിന്നീട് അവൻ സ്നാനപ്പെട്ടിരിക്കാം, എന്നു പറയുമായിരിക്കും]. ചോദ്യമിതാണ്: അതുവരെ രക്ഷിക്കപ്പെടാത്ത അവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

കൂടുതലറിയാൻ കാണുക:

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

ആത്മസ്നാനവും ജലസ്നാനവും

സ്നാനം ഏല്ക്കേണ്ട നാമം

കൃപയാലള്ള വിശ്വാസത്താലാണ് രക്ഷ ലഭിക്കുന്നതെന്ന 100-ലധികം വാക്യങ്ങൾ കാണാൻ:👇

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

സ്നാനം ഏല്ക്കേണ്ട നാമം ഏതാണെന്നറിയാൻ:

രക്ഷ വിശ്വാസത്താൽ മാത്രം

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. അല്ലാതെ, മനുഷ്യൻ്റെ യാതൊരു പ്രവൃത്തിയും രക്ഷയ്ക്ക് കാരണമായി ഭവിക്കുന്നില്ല.

“ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43).

ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:24-28).

“അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16)

“കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു — കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:4,5–8,9)

“ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14).

രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല. യേശു പറയുന്നത്; എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും എന്നാണ്. (യോഹ, 7:37-39). വിശ്വസിക്കുന്നവന് പരിശുദ്ധാത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് ആത്മാവ് വരുമെന്നാണ്. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. അതായത്, വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷം കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് പരിശുദ്ധാത്മാവ് വരുന്നത്. (ഗലാ, 3:2). ഈ ആത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നതും (എഫെ, 2:5, 8), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധംവരുത്തി വ്യക്തിയെ മാനസാന്തരത്തിലേക്ക് നടത്തുന്നതും. (യോഹ, 16:8; 2കൊരി, 7:8-10; എബ്രാ, 4:12). ഈ പരിശുദ്ധാത്മാവ് തന്നെയാണ് യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറയാനും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നതും. (റോമ, 10:9,10). പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു ഏറ്റുപറഞ്ഞ് രക്ഷപ്രാപിക്കാൻ ആർക്കും കഴിയില്ല.(1കൊരി, 12:3). “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

1. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. (മർക്കൊ, 16:16)

2. യേശുവിനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12)

3. യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. (യോഹ, 3:15)

4. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹ, 3:16)

5. യേശുവിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. (യോഹ, 3:18)

6. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. (യോഹ, 3:36)

7. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹ, 5:24)

8. ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു. (യോഹ, 6:65)

9. യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല. (യോഹ, 6:35)

10. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. (യോഹ, 6:40)

11. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. (യോഹ, 6:47)

12. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു. (യോഹ, 7:38,39)

13. ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. (യോഹ, 8:24)

14. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. (യോഹ, 11:25)

15. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (യോഹ 11:26)

16. യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. (യോഹ, 11:40)

17. എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. (യോഹ, 12:46)

18 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു. (യോഹ, 20:31)

19 എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോന്‍പോലും വിശ്വസിച്ചു; (പ്രവൃ, 8:12. സ.വേ.പു.നൂ.പ)

20. അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43)

21. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (പ്രവൃ, 11:17)

22. മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. (പ്രവൃ, 13:39)

23. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (പ്രവൃ, 13:48)

24. കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു. (പ്രവൃ, 15:11)

25. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)

26. പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. (പ്രവൃ, 18:8)

27. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു. (പ്രവൃ, 18:27)

28. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു. (പ്രവൃ, 20:24)

29. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. (റോമ, 1:16)

30. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 1:17)

31. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. (റോമ, 3:21)

32. അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. (റോമ, 3:24)

32. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ. (റോമ, 3:25)

33. താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. (റോമ, 3:26)

34. ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. (റോമ, 3:27)

35. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. (റോമ, 3:28)

36. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമ, 3:30)

37 പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. (റോമ, 4:5)

38. അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോട വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും (റോമ, 4:11)

39. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.” (റോമ, 4:14)

40. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. (റോമ, 4:16)

41. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ. (റോമ, 4:25)

42. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമ, 5:1)

43. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2)

44. എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)

45. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. (റോമ, 5:17)

46. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ. (റോമ, 5:21)

47. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമ, 6:23)

48. ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. (റോമ, 9:30)

49. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: (റോമ, 9:32)

50. “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമ, 9:33)

51. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു. (റോമ, 10:4)

52. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ (റോമ, 10:6)

53. എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. (റോമ, 10:8)

54. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമ, 10:9)

55. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. (റോമ, 10:10)

56. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. (റോമ, 10:11)

57. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. (റോമ, 10:17)

58. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു. (റോമ, 11:5)

59. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. (റോമ, 11:6 )

60. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. (റോമ, 11:20)

61. ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. (റോമ, 13:11)

62. ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. (1കൊരി, 1:21)

63. എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. (1കൊരി, 15:1)

64. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. (1കൊരി, 15:10)

65. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. (ഗലാ, 1:6)

66. യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. (ഗലാ, 2:16)

67. ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. (ഗലാ, 2:20)

68. ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? (ഗലാ, 3:2)

69. എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? (ഗലാ, 3:5)

70. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. (ഗലാ, 3:8)

71. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. (ഗലാ, 3:11)

72. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ. (ഗലാ, 3:14)

73. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു. (ഗലാ, 3:22)

74. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. (ഗലാ, 3:24)

75. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. (ഗലാ, 3:26)

76. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. (ഗലാ, 5:5)

77. ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. (ഗലാ, 5:6)

78. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെ, 1:13,14)

79. വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു. (എഫെ, 1:19)

80. അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:5)

81. കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെ, 2:8)

82. അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു. (എഫെ, 3:12)

83. ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി (എഫെ, 3:17)

84. എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു. (എഫെ, 4:7)

85. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു. (ഫിലി, 3:9)

86. ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും. (കൊലൊ, 1:23)

87. അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

88. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. (കൊലൊ, 2:12)

89. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. (1തെസ്സ, 4:14)

90. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു. (2തെസ്സ, 1:11)

91. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു. (2തെസ്സ, 2:11)

92. ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. (2തെസ്സ, 2:13)

93. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (2തെസ്സ, 2:16)

94. അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു. (1തിമൊ, 4:10)

95. അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. (തിമൊ, 2 1:12)

96. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു (2തിമൊ, 3:14)

97. സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; (തീത്തൊ, 2:11)

98. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും (തീത്തൊ, 3:6)

99. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. (എബ്രാ, 2:9)

100. വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. (എബ്രാ, 4:3)

101. എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38)

102. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു. (എബ്രാ, 10:39)

103. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. (1യോഹ, 5:1)

104. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. (1യോഹ, 5:4)

105. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1യോഹ, 5:13).

“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ. അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.” (എഫെ, 2:13).