☛ ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവമാണെന്നും പലരും കരുതുന്നു. യേശു മൂന്നരവർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. മോശെ ഈജിപ്തിലും ചെങ്കടലിലും മരൂഭൂമിയിലും നാല്പതുവർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. ഏലീയാവ് യേശുവിൻ്റെ ശുശ്രൂഷക്കാലത്തിന് ഒത്തവണ്ണം ആകാശം അടച്ചുകളഞ്ഞവനാണ്. അവൻ്റെ ശിഷ്യനായ എലീശ അവൻ്റെ ഇരട്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചു. പത്രൊസും പൗലൊസും അത്ഭുതങ്ങളും അടയാളങ്ങളും അസാധാണമായ വീര്യപ്രവൃത്തികളെ ചെയ്തവരാണ്. ഇവരൊക്കെ ദൈവമാണെന്ന് ആരെങ്കിലും സമ്മതിക്കുമോ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. പിന്നെ യേശു ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്?
☛ ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവൻ:
➦ സ്വന്തശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ഒരുത്തനെക്കുറിച്ച് മാത്രമേ ബൈബിളിൽ പറയുന്നുള്ളൂ: അത് യേശുവല്ല; പിതാവായ യഹോവയാണ്: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18). എബ്രായയിലും ഇംഗ്ലീഷിലും ഈ വാക്യം കൂറച്ചുകൂടി വ്യക്തമാണ്: Yehovah Elohim Elohei Yisrael Oseh Niflaot Lebado ⁃ Blessed be Yehovah God, the God of Israel, who alone does wondrous things. (യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ; അവൻ മാത്രം (alone) അത്ഭുതങ്ങളെ ചെയ്യുന്നവനാകുന്നു). ➟അടുത്തവാക്യം: “ഏകനായി (alone)മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 136:4). മേല്പറഞ്ഞ രണ്ട് വാക്യത്തിലും “ഒന്നിനെ” (One) കുറിക്കുന്ന 𝗘𝗵𝗮𝗱 അല്ല; “ഒരുത്തനെ മാത്രം” (Alone) കുറിക്കുന്ന 𝗕𝗮𝗱 ആണ്. എബ്രായയിലെ 𝗕𝗮𝗱, ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, മലയാളത്തിലെ മാത്രം മുതലായ പദങ്ങൾ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. യഹോവ ഒരുത്തൻ മാത്രമാണ് (Alone) സ്വന്തമായി അത്ഭുതങ്ങളെ ചെയ്യാൻ കഴിയുന്നവൻ. അപ്പോൾ യേശു എങ്ങനെയാണ് അത്ഭുതങ്ങൾ ചെയ്തത്? അത് യേശുതന്നെ പറയും:
☛ ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു:
➦ “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). യേശു തന്നെത്താനല്ല; ദൈവത്തിൻ്റെ ആത്മാവിനാനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണല്ല? വേറെയും പല തെളിവുകളുമുണ്ട്; അത് താഴെക്കാണാം:
☛ എന്നാൽ ലൂക്കൊസിൻ്റെ സമാന്തരഭാഗത്ത്, “ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് യേശു പറയുന്നതായി കാണാം: (ലൂക്കൊ, 11:20). ലൂക്കൊസിലെ ഈ വാക്യം സത്യവേദപുസ്തകം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ഈ വാക്യത്തിൻ്റെ മൂലഭാഷയിൽ ശക്തിയെ (the power) കുറിക്കുന്ന 𝗱𝘆𝗻𝗮𝗺𝗶𝘀 എന്ന പദമല്ല; വിരലിനെ (the finger) കുറിക്കുന്ന 𝗱𝗮𝗸𝘁𝘆𝗹𝗼 എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, “വിരൽ” എന്നർത്ഥമുള്ള 𝗱𝗮𝗸𝘁𝘆𝗹𝗼𝘀 എന്ന പദത്തിൻ്റെ “ഉദ്ദേശിക വിഭക്തിയുള്ള” (Dative Case) പദമാണ് 𝗱𝗮𝗸𝘁𝘆𝗹𝗼 എന്നത്. അതിൻ്റെ അർത്ഥം “വിരനിലാൽ” (by the finger) എന്നാണ്. പി.ഒ.സിയിൽ “ദൈവകരം” എന്ന് കാണാൻ കഴിയും. (POC). അതായത്, മത്തായിയിൽ “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നതിനെ ലൂക്കൊസിൽ “ദൈവത്തിന്റെ വിരലിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ കരമാണ് യേശുവിനോട് കൂടെയിരുന്ന് പ്രവർത്തിച്ചതെന്ന ആശയമാണ് ലൂക്കൊസിലുള്ളത്. യേശു താൻ എങ്ങനെയാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്.
☛ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല:
➦ തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും യേശു അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്: “യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.” (യോഹ, 5:19). ➟“എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.” (യോഹ, 5:30). പിന്നെങ്ങനെയാണ് യേശു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയാൻ കഴിയുന്നത്?
☛ വൺനെസ്സും ട്രിനിറ്റിയും:
➦ വൺനെസ്സിൻ്റെ ഭാഷയിൽ യേശു ഏകദൈവമാണ്. അവൻ ഏകദൈവം ആയിരുന്നെങ്കിൽ, ദൈവാത്മാവിനാൽ അല്ലെങ്കിൽ ദൈവത്തിൻ്റെ വിരനിലാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു യേശു പറയുമോ? ➟ട്രിനിറ്റിയുടെ ഭാഷയിൽ: ദൈവാത്മാവ് ക്രിസ്തുവിനോട് സമത്വമുള്ള മറ്റൊരു വ്യക്തിയും ദൈവവുമാണ്. ഒരു ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരു ദൈവത്തിൻ്റെ അല്ലെങ്കിൽ വ്യക്തിയുടെ വിരലോ, സഹായമോ ആവശ്യമുണ്ടോ?
☛ പ്രകൃതിശക്തികളെ നിയന്ത്രിക്കൽ:
➦ കാറ്റിനെയും കടലിനെയും ശാന്തമാക്കുവാൻ അല്ലെങ്കിൽ, പ്രകൃതിശക്തികളെ നിയന്ത്രിക്കുവാൻ ദൈവത്തിന് നേരിട്ട് മാത്രമേ സാധിക്കുകയുള്ളു എന്നാണ് പലരുടെയും വിചാരം. എന്നാൽ ഏലീയാവ് കല്പിച്ചിട്ട് മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരുന്നിട്ടുണ്ട്: (1രാജാ, 17:1; ലൂക്കൊ, 4:25). ഇത് യേശുവിൻ്റെ ശുശ്രൂഷയ്ക്കൊത്ത കാലമാണ്. ➟ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). ➟മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് പുതിയനിമം പറയുന്നത്: (പ്രവൃ, 7:36).
☛ എന്നാൽ യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. മോശെ യേശുവിനെക്കാൾ വലിയ ദൈവമാണെന്ന് നിങ്ങൾ സമ്മതിക്കുമോ? മോശെയെ “ദൈവം” (elohim) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുമുണ്ട്: (പുറ, 4:16; 7:1). അതുകൊണ്ട് അവൻ സത്യദൈവമാകുമോ? അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച ഏലീയാവും എലീശയും പത്രൊസും പൗലൊസുമൊക്കെ ദൈവങ്ങളാണെന്ന് ആരും പറയാത്തതെന്താണ്? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ അല്ലെങ്കിൽ, ദൈവത്തിൻ്റെ വിരനിലാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28 ⁃ ലൂക്കൊ, 11:20).
☛ എന്നാൽ സുവിശേഷകനായ ലൂക്കൊസും യെഹൂദന്മാരുടെ ഒരു പ്രമാണിയായ നിക്കോദേമൊസും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസും പറയുന്നത് നോക്കുക:
☛“സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു❞ എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2 ⁃ പ്രവൃ, 10:38).
☛ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:22-23). ➟ഈ മൂന്ന് വാക്യത്തിൽ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്:
❶ ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്; അല്ലാതെ, യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (പ്രവൃ, 2:22). യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28; ലൂക്കൊ, 11:20).
❷ ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്; അല്ലാതെ ദൈവത്തെയല്ല: (പ്രവൃ, 2:23 ⁃ മത്താ, 26:72). ഇവിടെപ്പറയുന്ന “പുരുഷൻ” (Man) ഗ്രീക്കിൽ “അനീർ” (Aner) ആണ്. “അനീർ” മനുഷ്യരിലെ പുരുഷൻ ആണ്. ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ലിംഗഭേദം (Gender) ഇല്ല. ദൂതന്മാർക്കും ലിംഗഭേദമില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: (മത്താ, 22:30; ലൂക്കൊ, 20:35-36). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് പിതാവാ യഹോവ പറയുന്നത്: (ഹോശേ, 11:9). എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3 ⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ,7:34).
☛ യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ തൻ്റെ സൗഖ്യത്തിന് കാരണക്കാരൻ യേശു എന്ന് പേരുള്ള മനുഷ്യനാണെന്ന് പിറവിക്കുരുടൻ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11). എന്നിട്ടും ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് എല്ലാവർക്കുംവേണ്ടി തന്നെത്താൻ ദൈവത്തിന് മറുവിലയായി അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ ആരും അറിയുന്നുമില്ല, അംഗീകരിക്കുന്നുമില്ല, വിശ്വസിക്കുന്നുമില്ല: (1തിമൊ, 2:5-6).
❸ യേശു എന്ന പുരുഷനെയാണ് (Man) യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നതെന്ന് പത്രൊസ് പറയുന്നു: (പ്രവൃ, 2:23). ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസും പറയുന്നു: (1തിമൊ, 2:6). ദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ അറിവാണ്. പൗലൊസ് അത് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്: (1തിമൊ, 6:16). എന്നാൽ “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്നാണ് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: [കാണുക: Systematic Theology]. മരണമില്ലാത്ത ദൈവമാണ് ക്രൂശിൽ മരിച്ചതെന്നാണ് വൺനെസ്സിൻ്റെ വിശ്വാസവും. വൺനെസ്സ് വിശ്വാസത്തിനും ത്രിത്വവിശ്വാസത്തിനും ബൈബിളുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായില്ലേ?
❹ യേശു മരണത്തിൽനിന്ന് തന്നെത്താൻ ഉയിർത്തതല്ല; ദൈവം അവനെ ഉയിർപ്പിച്ചതാണ്: (പ്രവൃ, 2:24 ⁃ 10:40). ➟[കാണുക: മരിച്ചിട്ട് ഉയിർത്തവൻ].
☛ അതായത്, ബൈബിളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച എല്ലാവരെയുപോലെ യേശുവും ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആറുപ്രാവശ്യം അസന്ദിഗ്ദ്ധമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമൊ, 3:16 ⁃ മത്താ, 12:28, ലൂക്കൊ, 5:17, ലൂക്കൊ, 11:20; യോഹ, 3:2, പ്രവൃ, 2:22, പ്രവൃ, 10:38). ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ എങ്ങനെയാണ് ദൈവമാകുന്നത്? അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവന് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരുടെയെങ്കിലും സഹായം വേണമായിരുന്നോ? ദൈവത്വത്തിൻ്റെ അളവുകോലല്ല അത്ഭുതങ്ങളെന്ന് ക്രൈസ്തവർ ഇനിയും എന്നാണ് മനസ്സിലാക്കുന്നത്?
5 thoughts on “ക്രിസ്തുവും അത്ഭുതങ്ങളും”