ഭൗമികസന്തതിയും ആത്മികസന്തതിയും

ഭൗമികസന്തതിയും ആത്മികസന്തതിയും

എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. <> എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച (ചെയ്യപ്പെട്ട) സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാത്യർ 3:16)

ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ ഒരു ഭൗമികസന്തതി ബൈബിളിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ സ്വർഗ്ഗത്തിൽനിന്ന് വെളിപ്പെട്ട ഒരു ആത്മികസന്തതിയെ പുതിയനിയമത്തിലും കാണാം. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം സന്തതികളുണ്ടെങ്കിലും ബൈബിൾ പ്രധാനമായും ഈ രണ്ടു സന്തതിയെക്കുറിച്ചുള്ളതാണ്. അതിൽ ഒന്നാമൻ, ഭൗമികസന്തതിയാണ്; രണ്ടാമൻ, ആത്മികസന്തതിയാണ്. ഒന്നാമൻ, ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്; രണ്ടാമൻ, ലോകസ്ഥാപനംമുതൽദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്. ഒന്നാമൻ, ന്യായപ്രമാണത്തിൻ്റെ അഥവാ പഴയനിയമത്തിൻ്റെ സന്തതിയാണ്; രണ്ടാമൻ, കൃപയുടെ നിയമം അഥവാ പുതിയനിയമത്തിൻ്റെ സന്തതിയാണ്. ഒന്നാമൻ, ബൈബിൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭൗമികസന്തതിയാണ്; രണ്ടാമൻ, ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിൽ വെളിപ്പെട്ട സന്തതിയാണ്. ഒന്നാമൻ, മുമ്പേയുള്ള സന്തതിയാണ്; രണ്ടാമൻ, അന്ത്യകാലത്ത് വെളിപ്പെട്ട സന്തതിയാണ്. ഒന്നാമൻ, വാഗ്ദത്തങ്ങൾ ലഭിച്ചവൻ അഥവാ വാഗ്ദത്തങ്ങളുടെ ഗുണഭോക്താവും രണ്ടാമൻ, വഗ്ദത്തം ചെയ്യപ്പെട്ടവൻ അഥവാ വാഗ്ദത്തവിഷയവുമാണ്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്താണെന്നു ചോദിച്ചാൽ; ബൈബിളിലെ പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യത്തിൽത്തന്നെ രണ്ടു പേരെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ്. എന്നാൽ, ഒന്നാമനെ സന്തതിയെന്ന നിലയിലല്ല; രണ്ടാമൻ്റെ അമ്മയെന്ന നിലയലാണെന്നു മാത്രം.

1. ഭൗമികസന്തതിയും ആത്മികസന്തതിയും: ആത്മികസന്തതിയെയും ഭൗമികസന്തതിയെയും വേർതിരിച്ചറിയാതെ യേശുക്രിസ്തുവാണ് വാഗ്ദത്തസന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ,പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വേർതിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്: ഗലാത്യർ3:16: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു.” ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:8; നെഹെ, 8:7,8). ഇവിടെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും “അതു ക്രിസ്തു തന്നേ” എന്നു പറഞ്ഞിരിക്കയാലും “അബ്രാഹാമിൻ്റെ പത്രൻ” എന്നു പുതിയനിയമത്തിൽ യേശുവിനെ പറഞ്ഞിരിക്കയാലും (മത്താ, 1:1) ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ ഭൗമികസന്തതി യേശുക്രിസ്തു ആണെന്നു അനേകരും കരുതുന്നു. എന്നാൽ, യേശുക്രിസ്തു അബ്രാഹാമിൻ്റെയെന്നല്ല ആരുടെയും ദൈവത്തിൻ്റെപോലും സാക്ഷാൽസന്തതിയല്ല; അവൻ “പുത്രൻ” എന്ന അഭിധാനത്തിൽ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയാണ്. എന്നാൽ, മേല്പറഞ്ഞ വാക്യത്തിലുള്ളത് അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവിനെക്കുറിച്ചാണ്. ബൈബിളിൽ യേശുക്രിസ്തുവിനെ കൂടാതെ, അനേകം ക്രിസ്തുക്കളുണ്ട്; അതിൽ പഴയപുതിയനിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന ഏകക്രിസ്തുവാണ് ഭൗമികസന്തതി. ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. ഗലാത്യർ 3:19: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” സത്യവേദപുസ്തകത്തിലെ “വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം” എന്ന പരിഭാഷ കൃത്യമല്ല. കെ.ജെ.വിയിൽ “till the seed should come to whom the promise was made” എന്നാണ്. അതായത്, “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അങ്ങനെയെങ്കില്‍ നിയമം എന്തിന്?വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: ഓശാന നൂ.പ). ഈ വാക്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: “എന്നാൽ ന്യായപ്രമാണം എന്തിന്നു?” ന്യായപ്രമാണം നല്കുന്നതിന് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ ഭൗമികസന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ഭൗമികസന്തതി പഴയനിയമത്തിൽ നിറഞ്ഞുനില്ക്കുന്നവനാണ്. എന്നാൽ, ആത്മികസന്തതിയായ യേശുക്രിസ്തു യഥാർത്ഥത്തിൽ പഴയനിയമത്തിലില്ല; അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). പഴയനിയമത്തിൽ അവനെക്കുറിച്ച് പ്രവചനങ്ങളാണുള്ളത്: (ഉല്പ, 3:15; യെശ, 7:14; 9:6). ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെട്ടത്: (റോമ, 10:4). ഭൗമികസന്തതിക്ക് ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെടുംമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ് പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്. അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ ഭൗമികസന്തതിയുടെ പാപം അവരെ ബോധ്യപ്പെടുത്താനാണ് അഥവാ ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ചശേഷം കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, “വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും വഗ്ദത്തം ചെയ്യപ്പെട്ട അഥവാ വാഗ്ദത്തവിഷയമായ ആത്മികസന്തതിയും ഒരാളല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും അവൻ്റെ ഭൗമികശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. ഭൗമികസന്തതിയെ തിരിച്ചറിയാതപോയതാണ് ക്രൈസ്തവസഭയിലെ സകല ദുരുപേശങ്ങൾക്കും കാരണം.

2. വാഗ്ദത്തം: വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളും സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം നിത്യം വസിക്കുന്നവരുമായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ ആവശ്യമില്ല. എന്തെന്നാൽ, അവർ ഒന്നിനും കുറവില്ലാത്തവരും ദൈവമുഖംകണ്ട് നിത്യം അവനെ സ്തുതിച്ചും സന്തോഷിച്ചാർത്തും കൊണ്ടിരിക്കുന്നവരുമാണ്: (യെശ, 6:1-3; മത്താ, 18:11; വെളി, 4:8). “ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിൽ വെളിപ്പെട്ട ആത്മികസന്തതിയായ ക്രിസ്തുവിന് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്; അതിനാൽ, യഥാർത്ഥ വാഗ്ദത്തസന്തതി അഥവാ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ഭൗമികനാണെന്ന് മനസ്സിലാക്കാം.”

3. വാഗ്ദത്തവും ന്യായപ്രമാണവും: ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ ഉപാധികൾ കൂടാതെയുള്ളതും ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6;). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ, ന്യായപ്രമാണം ഉപാധികൾക്ക് അഥവാ വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11,12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിന് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). എന്തെന്നാൽ, വാഗ്ദത്തം ന്യായപ്രമാണത്തിനതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം.

4. പഴയനിയമവും പുതിയനിയമവും: പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ ഒരു പുതിയനിയമവും ഉണ്ടാകില്ലായിരുന്നു. അഥവാ, ഒന്നാമത്തെ നിയമമില്ലെങ്കിൽ രണ്ടാമത്തെ നിയമത്തിൻ്റെ ആവശ്യമില്ല. രണ്ടാമത്തെ നിയമത്തെ സ്ഥാപിക്കാനാണ് ക്രിസ്തു ഒന്നാമത്തേതിനെ നീക്കിക്കളഞ്ഞത്: (എബ്രാ, 10:9). ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). “പഴയനിയമത്തിൻ്റെ അഥവാ ന്യായപ്രമാണത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമെങ്കിൽ, പഴയനിയമത്തിൽ വാഗ്ദത്തങ്ങൾ ലഭിച്ച ഭൗമികസന്തതിയും വാഗ്ദത്തം നിവൃത്തിച്ച ആത്മികസന്തതിയും ഒരാളാകുക സാദ്ധ്യമല്ല.” ആത്മികസന്തതി യഥാർത്ഥത്തിൽ പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10-11. ഒ.നോ: ഉല്പ, 3:15; യെശ,7:14; 9:6). വരുവാനുള്ള കൃപ: കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്: (യോഹ, 1:17). ക്രിസ്തുവിലൂടെയുള്ള കൃപ അഥവാ ക്രൂശീകരണവും അതിനായി അവൻ സഹിക്കേണ്ട കഷ്ടവും പിൻവരുന്ന  മഹിമയെക്കുറിച്ചുമാണ് പ്രവാചകന്മാർ ആരാഞ്ഞ് അന്വേഷിച്ചത്. ഉണ്ടായിരുന്ന ഒരുത്തനെക്കുറിച്ച് പ്രവചനാത്മാവിൽ ആരായേണ്ട ആവശ്യമില്ലല്ലോ?ആത്മികസന്തതി അന്ത്യകാലത്താണ് വെളിപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: എബ്രാ, 1:2). “പഴയനിയമത്തിൽ പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവനും അന്ത്യകാലത്തുമാത്രം വെളിപ്പെട്ടവനും എങ്ങനെയാണ് പഴയനിയമത്തിലെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാകുന്നത്? അപ്പോൾ, വാഗ്ദത്തസന്തതി അഥവാ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി മറ്റൊരാളാണെന്ന് വ്യക്തമാണ്.” പഴയനിയമത്തിലെ ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ പുതിയനിയമത്തിൽ അഥവാ അന്ത്യകാലത്ത് വെളിപ്പെട്ടവനാണ് ആത്മികസന്തതി.

5. ന്യായപ്രമാണവും ആത്മികസന്തതിയും: “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ ഉളവായതല്ല; ദൈവം നല്കിയതാണ്. ഇവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണസന്തതിയുടെ അഥവാ ഭൗമികസന്തതിയുടെയാണ്. “ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും” (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേലവജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു “എന്നിൽ വിശ്വസിക്കണം” എന്നല്ല പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; ഭൗമികസന്തതിയുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം അവന് ആചരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ന്യായപ്രമാണത്തെക്കുറിച്ചു, “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറഞ്ഞിരിക്കുന്നു: (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; ഭൗമികസന്തതിയുടെ പാപമാണ്. എന്നാൽ, അന്ത്യകാലത്ത് ആത്മികസന്തതി വെളിപ്പെട്ട് തൻ്റെ രക്തത്താൽ ഒരു പുതിയനിയമം അഥവാ രണ്ടാമത്തെ നിയമം സ്ഥാപിച്ചപ്പോൾ ഒന്നാമത്തെ നിയമം അഥവാ ന്യായപ്രമാണം ബലഹീനമാകുകയും നീങ്ങിപ്പോകുകയും ചെയ്തു: (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

6. ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും പഴയപുതിയനിയങ്ങളിലെ ഏകക്രിസ്തുവും അവസാനമില്ലാത്ത രാജത്വത്തിൻ്റെ ഉടയവനുമാണ് ഭൗമികസന്തതി. ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു. ഭൗമികസന്തതിയെ അറിയാതെ അവൻ്റെ അഭിധാനങ്ങളുമായി അവനെ രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ ക്രിസ്തുവിനെയോ, അവൻ്റെ പിതാവിനെയോ പൂർണ്ണമായറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19).

7. ആത്മികസന്തതി: ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ച ഭൗമിക സന്തതിയെ അവൻ്റെ പാങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. പ്രഥമസുവിശേഷം (Protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഇതാണ് ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെക്കുറിച്ചുള്ള ആദ്യപരാമർശം. യെശയ്യാവും ഈ സന്തതിയെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്: “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശയ്, 7:14; മത്താ, 1:22). “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ദൈവം വാഗ്ദത്തം ചെയ്ത സന്തതി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽനിന്നു ജനിക്കുകയും തൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകർക്കുകയും ചെയ്തു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15. ഒ.നോ: ഗലാ, 1:3; എഫെ, 2:15-17; കൊലൊ, 2:14,15; 1പത്രൊ, 2:24). ദൈവം പിതാക്കന്മാരിലൂടെ അവരുടെ സന്തതിക്കുകൊടുത്ത വാഗ്ദത്തം നിവൃത്തിച്ചു കൊടുക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു മരിക്കയും ഉയിർക്കുകയും ചെയ്തതെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). അപ്പോൾ, ദൈവം തൻ്റെ ഭൗമികസന്തതിക്കായി വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവമായ യേശുക്രിസ്തു. ഇനി, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച പൂർവ്വപിതാക്കന്മാരുടെ സാക്ഷാൽ സന്തതി അഥവാ ഭൗമികസന്തതി ആരാണെന്ന് നോക്കാം:

8. അബ്രാഹാമ്യനിയമം: ദൈവം കല്ദയ പട്ടണമായ ഊരിൽനിന്ന് വിളിച്ചു വേർതിരിച്ചവനും (ഉല്പ, 15:7) ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായിരുന്നു എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട എബ്രായജാതിയുടെ പിതാവായ അബ്രാഹാം: (ഉല്പ, 14:13). മെസൊപ്പൊത്താമ്യയിലെ ഊരിൽ ഇരിക്കുമ്പോഴാണ് തേജോമയനായ ദൈവം അവന്നു ആദ്യം പ്രത്യക്ഷനായി കനാനിലേക്ക് പോകുവാൻ കല്പിച്ചതും കാനാനിലേക്കുള്ള വഴിയാത്രയിൽ അവൻ കുടുംബസമേതം ഹാരാനിൽവന്ന് പാർത്തതും: (പ്രവൃ, 7:2; ഉല്പ, 11:31). ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായ ഹാരാനിൽവെച്ച് അബ്രാഹാമിനോടു ചെയ്ത നിത്യവും നിരുപാധികവുമായ വാഗ്ദത്തമാണ് അബ്രാഹാമ്യനിയമം എന്നറിയപ്പെടുന്നത്: (ഉല്പ, 12:2,3; 17:7,13,19). പില്ക്കാലത്ത് ദൈവം ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: 1. ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). 2. നിന്നെ അനുഗ്രഹിക്കും. (12:2). 3. ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). 4.നീ ഒരു അനുഗ്രഹമായിരിക്കും. (12:2). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). 7. നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. വീണ്ടും ശെഖേമിൽവെച്ചും കാനാനിൽവെച്ചും പ്രത്യക്ഷനായ യഹോവ, നിൻ്റെ സന്തതിക്ക് കനാൻദേശം ശാശ്വതമായി തരുമെന്നും സന്തതിയെ വർദ്ധിപ്പിക്കുമെന്നും അരുളിച്ചെയ്തു: (ഉല്പ, 12:7; 13:14-16; 15:7; 17;8).

9.യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). യിസ്ഹാക്ക് വാഗ്ദത്തപ്രകാരം ജനിച്ച സന്തതിയാണെങ്കിലും, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്ഹാക്കല്ല; താഴെവരുമ്പോൾ അത് വ്യക്തമാകും. ദൈവം അബ്രാഹാമിന് ഹാരാനിൽവെച്ച് പ്രത്യക്ഷനായപ്പോഴാണ് അവനോടു നിയമം ചെയ്തത്: (ഉല്പ, 12:1-3). ദൈവം അബ്രാഹാമിനു വാഗ്ദത്തം നല്കിയപ്പോൾ അവന് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവന് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അനന്തരം, അബ്രാഹാമിൻ്റെ ആദ്യസന്താനമായ യിശ്മായേലിനെയും ഹാഗാറിനെയും വീട്ടിൽനിന്ന് ഇറക്കിവിടുന്നതിനോടുള്ള ബന്ധത്തിൽ ദൈവം അബ്രാഹാമിനോടു: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.” (ഉല്പ, 21:12). “യിസ്ഹാക്കിൽ നിന്നുള്ളവരാണ് നിന്റെ സാക്ഷാൽ സന്തതി” എന്നാണ് ദൈവം പറഞ്ഞത്. ഈ ഉദ്ധരണി പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.” (റോമ, 9:7; എബ്രാ, 11:18). അപ്പോൾ, യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവരാണ് സന്തതിയെന്ന് വ്യക്തമാണല്ലോ? പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിരിക്കുന്ന ഈ വാക്യങ്ങളിൽ മൂന്നുകാര്യങ്ങൾ കാണാം: 1. വാഗ്ദത്ത സന്തതി യിസ്ഹാക്കല്ല; അവനിൽനിന്ന് ജനിക്കുന്നവരാണ്. 2.യിസ്ഹാക്കിൽനിന്നു “ജനിക്കുന്നവൻ അല്ല; ജനിക്കുന്നവർ” എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. 3.യിസ്ഹാക്കിൽനിന്നു ജനിക്കുന്ന പലരായവരെ “സന്തതി” എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, വാഗ്ദത്തസന്തതി ഒരാളല്ല; ഒരു സമൂഹമാണ്. ദൈവം അബ്രാഹാമിനോട് നിൻ്റെ മകനെ യാഗം കഴിക്കാൻ കല്പിക്കുമ്പോൾ യിസ്ഹാക്കിന് എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവന് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus). അതായത്, ദൈവം ഹാരാനിൽവെച്ച് അബ്രാഹാമുമായി നിയമം ചെയ്തതിനും അമ്പത് വർഷങ്ങൾക്കുശേഷമാണ് യിസ്ഹാക്കെന്ന തൻ്റെ ഏകജാതനെ അർപ്പിക്കുവാൻ ദൈവം അവനോട് പറഞ്ഞത്: (എബ്രാ, 11:18). അബ്രാഹാം ഇരുപത്തഞ്ച് വർഷങ്ങൾ കാത്തിരുന്ന് നൂറാം വയസ്സിൽ തനിക്കു കിട്ടിയ മകനെ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം യാഗം കഴിക്കാൻ ദൈവം കല്പിപ്പിച്ചപ്പോൾ, വിശ്വാസത്താൽ തൻ്റെ പുത്രനെ യാഗം കഴിക്കുകയും മരിച്ചവരിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു: (എബ്രാ, :11:17-19). അങ്ങനെ, അബ്രാഹാം ദൈവത്തിലുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം പിന്നെയും വെളിപ്പെടുത്തി.

10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി: യിസ്ഹാക്കിനെ യാഗം കഴിക്കുന്നതിനെ തടഞ്ഞുകൊണ്ട്, ദൈവം അബ്രാഹിനോടുള്ള തൻ്റെ നിയമം സ്ഥിരീകരിക്കുമ്പോൾ അബ്രാഹാമിൻ്റെ വാഗ്ദത്തത്തിന് അവകാശിയായ ഭൗമികസന്തതി ആരാണെന്ന് വ്യക്തമായി പറയുന്നത് കാണാം: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്:1. ഞാൻ നിന്നെ അഥവാ അബ്രാഹാമിനെ ഐശ്വര്യമായി അനുഗ്രഹിക്കും: (22:17). 2. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും: (22:17). നിൻ്റെ “സന്തതി” എന്ന ഏകവചനത്തിൽ പറഞ്ഞശേഷം, “ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും” എന്ന് അസംഖ്യമായ ഒരു ജാതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 3. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും: (22:17). നിൻ്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ (കനാൻ) കൈവശമാക്കും. 4. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും: (22:18). വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ അഥവാ അബ്രാഹാമിൽ എന്നതുമാറി നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന വാഗ്ദത്തസന്തതി ആരാണെന്നു നോക്കാം: “നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.” (ആവ, 10:22). “എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.” (1ദിന, 27:23. ഒ.നോ: പുറ, 32:13; ആവ, 1:10; 28:62; നെഹെ, 9:23). അപ്പോൾ, അബ്രാഹാമിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യിസ്ഹാക്കുമല്ല, യേശുക്രിസ്തുവുമല്ല, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയ യിസ്രായേലാണ്; ആ സന്തതി മുഖാന്തരമാണ് ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത്. ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കിയതും യിസ്രായേലാണ്: “യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.” (യോശു, 21:43. ഒ.നോ: ഉല, 28:4; ലേവ്യ, 20:24; സംഖ്യാ, 33:53; ആവ, 1:8; 1:21; 1:39; 11:23; 20:15,16;  യോശു, 23:35). മിസ്രയീമിൽ വർദ്ധിച്ചുപെരുകിയത് നാല്പത് ലക്ഷത്തിലധികം യിസ്രായേല്യരാണ്; രണ്ട് കുടുംബമൊഴികെ അവരൊക്കെ പാപനിമിത്തം മരുഭൂമിയിൽ പട്ടുപോയെങ്കിലും അവരുടെ അത്രയുംതന്നെ സന്താനങ്ങളാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശിയായ ഭൗമികസന്തതിയാണ് യിസ്രായേൽ; ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നത്. (സങ്കീ, 105:8; യെശ, 41:8).  [കാണുക: പുറപ്പാടിലെ ജനസംഖ്യ]

11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: 1. ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും: (26:3). 2. നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും: (26:3). 3. നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). 4. ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും: (26:5). 5. നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും: (26:5). ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി കനാൻ ദേശം കൈവശമാക്കിയ യിസ്ഹാക്കിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യസ്രായേലാണെന്നും ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും ഇവിടെയും വ്യക്തമാകുന്നു.

12. യാക്കോബിന്റെ വാഗ്ദത്തസന്തതി: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14. ഒ.നോ: 35:12; 48:3,4). അബ്രാഹാമിനോടും യിസ്ഹാക്കിനോടും പറഞ്ഞ അതേകാര്യമാണ് യാക്കോബിനോടും പറയുന്നത്. ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്:1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4. നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിക്കുമ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറഞ്ഞത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ യാക്കോബ് മുഖാന്തരം‘ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ യഥാർത്ഥ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന് പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതിനാലും സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടിപോലെയും പെരുകുന്നവനും ആകയാൽ, ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ് സകല വാഗ്ത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതിയെന്നും അവൻ മുഖാന്തരമാണ് ജാതികൾ അനുഗ്രഹിക്കപ്പെടുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

13. ദാവീദിൻ്റെ വാഗ്ദത്തസന്തതി: സങ്കീർത്തനം 89:3-4 വാക്യം: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ഇവിടെ ദാവീദിൻ്റെയൊരു വാഗ്ദത്ത സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത വാഗ്ദത്തപ്രകാരം അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ദാവീദിൻ്റെ സന്തതിയായ ശലോമോന്റെയാകട്ടെ, അവൻ്റെ സന്തതിയായ രെഹബെയാമിൻ്റെയാകട്ടെ, അവൻ്റെ സന്തതികളുടെയാകട്ടെ സിംഹാസനം സ്ഥിരമായിരുന്നില്ലെന്ന് നമുക്കറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഇരിക്കുന്ന ഒരേയൊരു ഭൗമികസന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു; അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും,” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണെന്ന് വ്യക്തമാകുന്നു. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ അനുഗ്രഹങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യേശുക്രിസ്തുവല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവാണ്, ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. ജാതികളാൽ ഇത്രയേറെ അടികൊണ്ടിരിക്കുന്ന, ശിക്ഷയേറ്റിരിക്കുന്ന ഒരു ജാതി അഥവാ സന്തതി ഭൂമുഖത്ത് വേറെയില്ല. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27, ഒ.നോ: 2:44; 7:18,21). വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്: (സങ്കീ, 44:12-14). വാക്യം 42: “നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുകയാണ്.

14. വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു വാഴാനുള്ള “മകൻ” ആരാണെന്ന് അടുത്ത വാക്യത്തിലറിയാം. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്പ, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ആദ്യവാക്യത്തിൽ മകൻ എന്ന് പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ സന്തതിയെ വർദ്ധിപ്പിക്കും എന്നു പറയുന്നത് നോക്കുക. സന്തതിയെയും ലേവ്യരെയും വേർതിരിച്ചു പറഞ്ഞരിക്കുന്നതൻ്റെ കാരണം; ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ദാവീദിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതിയും യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. [കൂടുതലറിയാൻ കാണുക: ദാവീദിൻ്റെ വാഗദത്തസന്തതി]

15. നിശ്ചലകൃപകൾ: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3. ഒ.നോ: 2ശമൂ, 23:5; സങ്കീ, 89;28,33-37; യെശ, 54:10; 61:8,9; യിരെ, 32:40; 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15; പ്രവൃ, 13:34; 15:16-18). നിശ്ചലകൃപകൾ (the sure mercies) അഥവാ മാറാത്ത കൃപകൾ എന്ന ശാശ്വതനിയമം (everlasting covenant) ആണ് ദാവീദിനോടു ചെയ്തത്. “പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 54:10). ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപവും അവൻ രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം മാറ്റാഞ്ഞത്, വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയും ശാശ്വനിയമവും നിമിത്തമാണ്.

16. ദൈവപുത്രനും ആദ്യജാതനും: ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്. എന്നാൽ, ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തേത്, ഭൗമികസന്തതിയായ യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23. ഒ.നോ: സങ്കീ, 2:7; ഹോശേ, 11:1; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; ). ആദ്യജാതനെന്നും വിളിച്ചിട്ടിണ്ട്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22). യിസ്രായേൽ ദൈവത്തിൻ്റെ മക്കളാണ്: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.” (ആവ, 14:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 82:6; ഹോശേ, 1:10; മർക്കൊ, 7:27; പ്രവൃ, 13:32; റോമ, 9:4,26; എബ്രാ, 2:14). ദൈവം യിസ്രായേലിൻ്റെ പിതാവാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; 64:8; യിരെ, 31:9;  മലാ, 2:10;  യോഹ, 8:41). രണ്ടാമത്തേത്, ആത്മികസന്തതിയായ യേശുവാണ്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം “എൻ്റെ പുത്രൻ” എന്നു നാലുപ്രവശ്യം യിസ്രായേലിനെയും (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1) രണ്ടുപ്രവശ്യം യേശുവിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 3:17; 17:5).

17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു: മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവത്തിന് അനേകം അഭിക്തന്മാർ അഥവാ ക്രിസ്തുക്കൾ ഉണ്ടെങ്കിലും “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:17), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  “നിൻ്റെ അഭിഷിക്തൻ” (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും പ്രാർത്ഥിക്കുന്നതും യിസ്രായേലിനെക്കുറിച്ചാണ്. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” (സങ്കീ, 89:36-38). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെതിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദൈവം കൂട്ടുകാരിൽ പരമായി ആനന്ദൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവാണ് യിസ്രായേൽ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7; 45:2,6. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38,51; 105:15; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13). “അങ്ങയുടെ ദാസനായ ദാവീദിനെ ഓര്‍ത്ത് അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). “പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 12:34). എന്നേക്കുമിരിക്കുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ യിസ്രായേലാണ്. “ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ.” (പ്രവൃ, 4:26. ഒ.നോ: ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ഭൂമിയിലെ ജാതികളും രാജാക്കന്മാരും ഒന്നിച്ചുകൂടി എതിർത്തിരുന്നതും ഇപ്പോൾ എതിർത്തുകൊണ്ടിരിക്കുന്നതും മേലിൽ എതിർക്കാനിരിക്കുന്നതുമായ ദൈവത്തിൻ്റെ ഒരേയൊരു അഭിഷിക്തനാണ് യിസ്രായേൽ: (സങ്കീ, 46:1-7; 48:4-6; 74:18-20; , 83:1-4; 110:5). ദൈവം യിസ്രായേലെന്ന അഭിഷിക്തനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെച്ചിരിക്കകൊണ്ടാണ് അവരാണ് അവനെതിരെ ഒന്നിച്ചുകൂടുന്നത്: (സെഖ, 12:3). [കൂടുതലറിയാൻ കാണുക: ദൈവത്തിൻ്റെ ക്രിസ്തു, രണ്ടാം സങ്കീർത്തനം]

18. ഭൗമികസന്തതിയുടെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും അധികാരവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ ആകാശമേഘ്നങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (7:13-14. ഒ.നോ: 2:44; 7:18,21;27). [23-മത്തെ ഖണ്ഡിക കാണുക]

19. വാഗ്ദത്തങ്ങളും അഭിധാനങ്ങളും: യിസ്രായേലെന്നഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ, തനിച്ചു പാർക്കുന്നവൻ (സംഖ്യാ, 23:9) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) യഹോവ, തനിക്കു അവകാശമായി തിരഞ്ഞെടുത്തവനും (സങ്കീ, 33:12) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) അത്യുന്നതനെ വാസസ്ഥലം ആക്കിയിരിക്കുന്നവനും (91:9) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനും (ഹോശേ, 11:1) യഹോവയുടെ കണ്മണിയും (സെഖ, 2:8) സകലജാതികൾക്കും ഭാരമുള്ള കല്ലും ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കുന്നവനും; ഭൂമിയിലെ സകലജാതികളും വിരോധമായി കൂടിവരുന്നവനും: (സെഖ, 12:3) വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22,23).

20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25. ഒ.നോ: 7:5-6). ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (ഉല്പ, 22:18; 26:5; 28:14). അതിനാൽ, ഭൂമിമുഴുവൻ അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54-55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). യിസ്രായേൽ ജനത്തെ “അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: യെഹൂദന്മാർ യേശുവിനോടു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: 8:39). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13. ഒ.നോ: 4:18; 9:7-8; 2കൊരി, 11:22; ഗലാ, 3:16; എബ്രാ, 2:6). “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമർ 4:18). “അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.” (റോമ, 9:7-8). അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള മക്കൾ യിശ്മായേലും അവൻ്റെ മക്കളുമാണ്. വാഗ്ദത്തപ്രകാരളുള്ള സന്തതിയാണ് യിസ്ഹാക്കിലൂടെയുള്ള യിസ്രായേൽ ജനത.

21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9,10). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. എപ്രകാരം, “നമ്മുടെ പിതാവായ ദാവീദു” എന്ന് ദാവീദിനെ വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, “നമ്മുടെ പിതാവായ അബ്രാഹാം” (ലൂക്കൊ, 1:75), “നമ്മുടെ പിതാവായ യിസ്ഹാക്കു” (റോമ, 9:10), “നമ്മുടെ പിതാവായ യാക്കോബു” (യോഹ, 4:12) എന്നിങ്ങനെ പൂർവ്വപിതാക്കന്മാരെയും വിശേഷിപ്പിച്ചിരിക്കുന്നത്. എന്തെന്നാൽ, യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ, ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29-37) വാഗ്ദത്തസന്തതിയാണ്.

22. ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുതിയനിയമത്തിലും ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നു: ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്; അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു. (അബ്രാ, 2:5-16). വെളിപ്പാട് പുസ്തകത്തിലും അത് കാണാം: “ഏഴാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വാക്യത്തിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; ലോകാവകാശിയായ യിസ്രായേലെന്ന ക്രിസ്തുവാണ്. മറ്റൊരു വാക്യം കാണുക: “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.”(വെളി, 20:4). ഈ വാക്യത്തിൽ യേശുവെന്നും ക്രിസ്തുവെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. വെളിപ്പാട് പുസ്തകത്തിൽ, യേശുക്രിസ്തു, യേശു എന്നല്ലാതെ, യേശുക്രിസ്തുവിനെ “ക്രിസ്തു” എന്നു മാത്രമായി ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല; അവിടെ ക്രിസ്തു” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്: (വെളി, 11:15; 12:10; 20:4; 20;6. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). ഈ ലോകം ഭരിക്കുന്ന ക്രിസ്തു താനല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). ഈ വാക്യത്തിൽ യേശുക്രിസ്തു തൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് (My kingdom is not of this world) രണ്ടുവട്ടം പറയുന്നുണ്ട്. എന്നാൽ, കെജെവിയിലും മറ്റു ചില പരിഭാഷകളിലും അവസാനഭാഗം ഇങ്ങനെയാണ്: “but now is my kingdom not from hence അഥവാ എന്നാൽ ഇപ്പോൾ എൻ്റെ രാജ്യം ഇവിടെനിന്നുള്ളതല്ല.” അതായത്, ഇപ്പോൾ (now) എന്നൊരു വാക്ക് അധികമായി കാണാം. 1384-ലെ Wycliffe Bible-ൽ [now is my kingdom not from hence] എന്ന ഭാഗം സന്ദിഗ്ദഭാഗമായി കോഷ്ഠചിഹ്നത്തിൽ (Square Bracket) ആണ് ഇട്ടിരിക്കുന്നത്. അതായത്, പ്രസ്തുത വേദഭാഗത്തോടു ബന്ധപ്പെട്ട ഭാഗമല്ലെങ്കിലാണ് സാധാരണ ബ്രാക്കറ്റിൽ ഇടുന്നത്. പില്ക്കാലത്ത് വന്ന എല്ലാ പരിഭാഷകളിലും ബ്രാക്കറ്റ് ഒഴിവാക്കുകയും ചിലതിൽ “ഇപ്പോൾ” (now) നിലനിർത്തുകയും വേറെ അനേകം പരിഭാഷകളിൽ അതൊഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഉദാ: “But I’m not that kind of king, not the world’s kind of king” (The Massage), “but as it is, My kingdom is not of this realm” (NASB), “But as it is, my kingdom is not from here” (CSB), “but in reality my kingdom is not of such origins” (MNT), “But I am not a king in this world” (NTWE. ഒ.നോ: Amp, AFV, BBE, BE, CEB, CEBA, CEB, CJB, CPDV, CSB, DLNT, EOB’11,Q ESV, FAA, FBA, GLW, GNT, GW, GW’20, GWN, HCSB, HNC, JUB, LB, LET, LINT, MNT, MSG, NAS, NASB1977, NASB1995, NCV, NEB’70, NET, NIRV, NLT, NLT’15, NLV, NOG,NRSV-CI, NSB, NTM, NTWE, OEB-us, Phi, RAD’20, RKJNT, RS, RSV, RSV-CE, RSV-CI, RCV’03, Rem, NRSA, RSV, RSVA, TLB, T4T, WMNT, WNT, Worsley). മൂന്നു കാര്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ പറയാം: 1. കെജെവിയിലെയും മറ്റു പരിഭാഷകളിലുമുള്ള “but now is my kingdom not from hence” എന്ന വേദഭാഗം സന്ദിഗ്ധമാണ്. എന്തെന്നാൽ, “My kingdom is not of this world അഥവാ എൻ്റെ രാജ്യം ഈ ലോകത്തല്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ എൻ്റെ രാജ്യം ഇവിടെനിന്നുള്ളതല്ല” എന്നു ഒരിക്കലും പറയില്ല; ഭാഷയുടെ ഒരു രീതി അതാണ്. 2. ഭാവിയിൽ താനിവിടെ രാജാവായി വാഴുമായിരുന്നെങ്കിൽ, “എന്റെ രാജ്യം ഐഹികമല്ല അഥവാ ഈ ലോകത്തല്ല എന്നു തുടക്കത്തിൽ പറയില്ല. മാത്രമല്ല, അടുത്തഭാഗത്ത്; “എന്നാൽ ഇപ്പോൾ എൻ്റെ രാജ്യം ഇവിടെനിന്നുള്ളതല്ല” എന്നല്ല, എൻ്റെ രാജ്യം ഇപ്പോൾ ഇവിടെയല്ല അഥവാ ഇവിടെ ആരംഭിച്ചിട്ടില്ല” എന്നേ പറയുമായിരുന്നുള്ളു. 3. പഴയപുതിയനിയമങ്ങളിൽ യിസ്രായേലാണ് ലോകാവകാശിയായ നിത്യരാജാവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ട്, യേശുക്രിസ്തു ഈ ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലിന് ഏത് രാജ്യം കൊടുക്കും? പുതിയലോകം ഭാഷാന്തരം പരിഭാഷ ചേർക്കുന്നു: യേശു പറഞ്ഞു: എൻ്റെ രാജ്യം ഈ ലോകത്തിൻ്റെ ഭാഗമല്ല. എൻ്റെ രാജ്യം ഈ ലോകത്തിൻ്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എൻ്റെ സേവകർ പോരാടിയേനേ. എന്നാൽ എൻ്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” (യോഹ, 18:36). “എൻ്റെ രാജ്യം ഈ ലോകത്തിൻ്റെ ഭാഗമല്ല; ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നു യേശു വളരെ സ്പഷ്ടമായിട്ടാണ് പറയുന്നതെന്ന് മനസ്സിലാക്കാം. അടുത്തവാക്യത്തിൽ “ഞാൻ രാജാവുതന്നേ” എന്നു യേശു പറയുന്നുണ്ട്: (യോഹ, 18:37). [യേശു ഏത് ലോകത്തെ രാജാവാണെന്നറിയാൻ കാണുക: സ്വർഗ്ഗീയരാജാവും ഭൗമികരാജാവും]

23. മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ ദർശനത്തിൽ കാണുന്നത്. പുതിയനിയമത്തിൽ യേശുക്രിസ്തു ആകാശമേഘങ്ങളോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്: (മത്താ, 24:64; മർക്കൊ, 14:62). കൂടാതെ, യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാം: (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). അതിനാൽ, വിശദമായ പഠനമോ, വിചിന്തനമോ കൂടാതെ, യേശുക്രിസ്തുവാണ് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന് എല്ലാവരുംതന്നെ വിശ്വസിക്കുന്നു. ദാനീയേലിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്; അവൻ കണ്ട ദർശനം അവനുപോലും മനസ്സിലായില്ല; അവൻ അടുത്തുകണ്ട ദൂതനോടു ദർശനത്തിൻ്റെ സാരമെന്താണെന്നു ചോദിക്കുകയും, അവൻ കാര്യങ്ങളുടേ അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോഴാണ് ദാനീയേലിന് മനസ്സിലായത്. ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനമാണ് 17-ാം വാക്യംമുതൽ താഴോട്ടുള്ളത്; അവിടെ രാജാവാരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ദാനീയേലിനുപോലും മനസ്സിലാകാഞ്ഞതും ദൂതൻ്റെ വ്യാഖ്യാനത്തിൽപ്പോലും ഇല്ലാത്തതും അഥവാ സ്വർഗ്ഗത്തിലെ ദൂതനുപോലും അറിയാത്തതുമായ കാര്യമാണ് യേശുക്രിസ്തുവാണ് രാജാവാകുമെന്നത്. ആകാശമേഘങ്ങളോടെ വരുന്ന മുഷ്യപുത്രനോടു സദൃശൻ ആരാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിലുണ്ട്: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും.” (ദാനീ, 7:21). “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു;സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യുന്നതനായ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണ്: (ലേവ്യ, 20:26; 21:6; ആവ, 33:2. 1ശമൂ, 2:9; സങ്കീ, 30:4; 31:23). “അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം, “അവൻ്റെ രാജത്വം, അവനെ സേവിച്ചനുസരിക്കും” എന്നിങ്ങനെ ഏകവചനത്തിൽ പറയുന്നത് നോക്കുക. അതായത്, യിസ്രായേൽ ജനത്തെ മുഴുവൻ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്; അഥവാ ദൈവത്തിൻ്റെ സാക്ഷാൽ ഭൗമികസന്തതി യിസ്രായേലാണ്. വേറൊരു വാക്യം നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). രാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെയാണ് യിസ്വായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും രാജത്വം ഉറപ്പിച്ചുകിട്ടുന്നതും: (പ്രവൃ, 16). വെളിപ്പാട് പുസ്തകത്തിൽ അതിന് കൃത്യമായ തെളിവുണ്ട്: “തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13). യേശുക്രിസ്തുവിനെ ദൈവപുത്രൻ (Son of God – 65 പ്രാവശ്യം) എന്നും അതിനെക്കാളേറെ, മനുഷ്യപുത്രൻ (Son of God – 87 പ്രാവശ്യം) അഭിന്നമായി വിളിച്ചിട്ടുണ്ട്. എന്നാൽ, യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ മനുഷ്യപുത്രനോ അല്ല; പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണ്. എന്നാൽ, ദൈവം ജനിപ്പിച്ച പുത്രനും സാക്ഷാൽ മനുഷ്യപുത്രനുമായ ഭൗമികസന്തതി യിസ്രായേലാണ്: (പുറ, 4:22-23; സങ്കീ, 2:7; 2:12; ഹോശേ, 11:1 – സങ്കീ, 8:4; 80:17; 144:3). ദൈവം തനിക്കായി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 80:17). മനുഷ്യപുത്രനോടു സദൃശനായ നിത്യരാജാവും യിസ്രായേലാണെന്ന് നാം കണ്ടു: (ദാനീ, 7:13–18,21,27). ആത്മീകസന്തതിയായ യേശുക്രിസ്തു, ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ വെളിപ്പെട്ടവനാകകൊണ്ടാണ് അവൻ്റെ പദവികൾ യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. “പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവുംകയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.” (വെളി, 14:14). ഈ വാക്യത്തിലുള്ള കിരീടം ചൂടിയ മനുഷ്യപുത്രനോടു സദൃശനായ രാജാവ് അക്ഷരാർത്ഥത്തിൽ ഭൗമികസന്തതിയായ യിസ്രായേലാണ്. എന്നാൽ, വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കുന്നത് യേശുക്രിസ്തു ആകകൊണ്ടാണ് മനുഷ്യപുത്രനോടു സദൃശൻ എന്ന പദവി ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. അവൻ്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് രാജ്യം ഭരിഭരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ: (1കൊരി, 15:25-28). വെളിപ്പാടിലും കൊരിന്ത്യരിലും കാണുന്നത്, ഭൗമികസന്തതിക്ക് തൻ്റെ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതിൻ്റെ ആത്മിക ചിത്രണമാണ്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ, ഏകമനുഷ്യനായ യേശുക്രിസ്തു, രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, ദാനിയേലിലെ മനുഷ്യപുത്രനോടു സദൃശൻ]

24. പ്രഥമസുവിശേഷവും സുവിശേഷവും: ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷമാണ്. ലോകസ്ഥാപനത്തിൽത്തന്നെ പ്രഥമസുവിശഷവും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ രക്തത്താൽ സാക്ഷാൽ സുവിശേഷവും നല്കപ്പെട്ടു. പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന ബൈബിളിലെ വാക്യമാണ് ഉല്പത്തി 3:15. ആ വാക്യത്തിൽത്തന്നെ ഭൗമികസന്തതിയും ആത്മികസന്തതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ പിശാചും സാത്താനുമായ പാമ്പിൻ്റെ തല തകർക്കുന്ന സന്തതി യേശുക്രിസ്തുവാണെന്നും അവൻ തൻ്റെ മരണത്താൽ പിശാചിൻ്റെ തല തകർത്തെന്നും നമുക്കറിയാം: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). എന്നാൽ മേല്പറഞ്ഞ വാക്യത്തിലുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണ്; കാലസമ്പൂർണ്ണതയിലെ സ്ത്രീയും യിസ്രായേലാണ്: (മീഖാ, 5:2,3; റോമ, 9:5). [കാണുക: മൂന്നു സ്ത്രീകൾ]. യിസ്രായേലിനെ സ്ത്രീയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന അനവധി വേദഭാഗങ്ങളുണ്ട്: യിരെ, 18:13; 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ പുത്രനല്ല; മറിയയുടെയെന്നല്ല അവൻ ദൈവത്തിൻ്റെപോലും സാക്ഷാൽ പുത്രനല്ല. പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണ്. ക്രിസ്തുവിൻ്റെ ഒരു പ്രസ്ഥാവന നോക്കുക: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്നുവരും. യെശയ്യാവ് 7:14-ലെ കന്യക, യഥാർത്ഥ കന്യകയായ മറിയയെയും (ലൂക്കൊ, 1:27) യിസ്രായേൽ കന്യകയെയും ഒരുപോലെ സൂചിപ്പിക്കുന്നതാണ്. യിസ്രായേലനെ കന്യകയെന്ന് വിളിച്ചിരിക്കുന്നത് നോക്കുക: (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2; മീഖാ, 5:3; റോമ, 9:5). യെശയ്യവ് 9:6-ലെ “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നതിലെ “നമുക്കു” എന്ന പ്രയോഗവും യിസ്രായേലിനെയാണ് കുറിക്കുന്നത്. അതായത്, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു പഴയനിയമത്തിൽ യിസ്രായേലിന്റെ സന്തതിയാണ്. ഇനി, പുതിയനിയമത്തിലെ സുവിശേഷം നോക്കാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). സുവിശേഷമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദസന്തതിയും രാജാവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം: ദാവീദിൻ്റെവാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനാണ്: (110:1). ദൈവം യിസ്രായേലെന്ന ദാവീദിൻ്റെ കർത്താവിനെ അഥവാ രാജാവിനെ അവൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്: (സങ്കീ, 110:1). യിസ്രായേലെന്ന ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്തപുത്രനും അവൻ്റെ യജമാനൻ അഥവാ കർത്താവായ രാജാവുമാകയാലാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവെന്ന ആത്മികസന്തതി ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ച് ഉയിർത്തെഴുന്നേറ്റ് യിസ്രായേലിന്റെ രക്ഷകനായിത്തീർന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: 2തിമൊ, 2:8). പ്രഥമസുവിശേഷത്തിൽ യേശുക്രിസ്തുവെന്ന ആത്മികസന്തതി യിസ്രായേലെന്ന സ്ത്രീയുടെ സന്തത്തിയാണ്. സാക്ഷാൽ സുവിശേഷത്തിൽ യേശുക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്; എന്നാൽ, അക്ഷരാർത്ഥത്തിൽ ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. അതായത്, യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ ദാവീദിൻ്റെ സന്തതി എന്നു വിളിക്കപ്പെട്ടത്. [യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ, നൂറ്റിപ്പത്താം സങ്കീർത്തനം]

25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ: പുതിയനിയമത്തിൽ ആത്മികസന്തതിയായ യേശുക്രിസ്തുവിൽ കാണുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും പഴയനിയമത്തിൽ ഭൗമികസന്തതിയായ യിസ്രായേലിനും കാണാം: അത്യുന്നതൻ്റെ പുത്രൻ (സങ്കീ, 82:6–ലൂക്കൊ, 1:32), അബ്രാഹാമിൻ്റെ സന്തതി (യെശ, 41:8–മത്താ, 1:1), അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:15–മത്താ, 16:16), ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ (ദാനീ, 7:13–മത്താ,24:16), ആദ്യജാതൻ (പുറ, 4:22–കൊലൊ, 1:15), ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ് (വെളി, 19:15), ജനനത്തിനു മുമ്പെ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3–മത്താ, 1:21), ജാതികളുടെ പ്രകാശം (യെശ, 42:7–മത്താ, 4:15; യോഹ, 8:12), ജാതികൾ പ്രത്യാശവെക്കുന്ന ദാസൻ (യെശ, 11:10; 42:4–മത്താ, 12:20), ജാതികളെ ന്യായം വിധിക്കുന്നവൻ (യെശ, 42:1–മത്താ, 12:17), തിരഞ്ഞെടുക്കപ്പെട്ടവൻ/വൃതൻ (യെശ, 42:1–മത്താ, 12:17), തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5–എബ്രാ, 2:9), ദാവീദിൻ്റെ കർത്താവ് (സങ്കീ, 110:1–മത്താ, 22:43), ദാവീദിൻ്റെ പുത്രൻ (സങ്കീ, 89:4–മത്താ, 1:1), ദാസൻ (യെശ, 41:8–പ്രവൃ, 4:30), ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5–എബ്രാ, 2:9), ദൈവപുത്രൻ (പുറ, 4:22–ലൂക്കൊ, 1:32), ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (സങ്കീ, 110:1–മർക്കൊ, 16:19), ദൈവത്തിൻ്റെ വലത്തുഭാഗത്തെ മനുഷ്യപുത്രൻ (സങ്കീ, 80:17–മർക്കൊ, 14:62), ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10–പ്രവൃ, 2:31), പരിശുദ്ധൻ/വിശുദ്ധൻ (ആവർത്തനം–ലൂക്കൊ, 1:35), പുരോഹിതൻ (സങ്കീ, 110:4–എബ്രാ, 7:20), പ്രവാചകൻ (1ദിന, 16:22–മത്താ, 14:5), മനുഷ്യൻ (സങ്കീ, 8:4–യോഹ, 8:40), മനുഷ്യപുത്രൻ (സങ്കീ, 80:17–മത്താ, 8:20), മനുഷ്യപുത്രനോടു സദൃശൻ (ദാനീ, 7:13–വെളി, 1:13), മൽക്കീസേദെക്കിൻ്റെ വധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4–എബ്രാ, 5:6), മിസ്രയീമിൽനിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ (ഹോശേ, 11:1–മത്താ, 2:15), മുന്തിരിവള്ളി (സങ്കീ, 80:8–യോഹ, 15:1), രാജാവ് (യെശ,32:1–ലൂക്കൊ, 1:32), വിശ്വസ്തസാക്ഷി (സങ്കീ, 89:37–വെളി, 1:5), വീട് പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് (സങ്കീ, 118:22–പ്രവൃ, 4:12). യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ മദ്ധ്യസ്ഥനും മറുവിലയുമായി അഥവാ വീണ്ടെടുപ്പുകാരനായി വെളിപ്പെട്ടതുകൊണ്ടാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിൽ യിസ്രായേലിന്റെ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്. അതായത്, ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). യേശുക്രിസ്തുവിലൂടെയാണ് ദൈവപുത്രനായ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്. [കാണുക: യിസ്രായേലിന്റെ പദവികൾ]

26. രക്ഷിതാവായ ആത്മികസന്തതി: ആത്മികസന്തതിയായ യേശുക്രിസ്തു ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാൻ വേണ്ടിയാണ് അന്ത്യകാലത്ത് മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” ദൈവത്തിൻ്റെ ജനമാണ് യിസ്രായേലാണെന്ന് കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). 2. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത നിയമത്തിൻ്റെ മക്കൾ നങ്ങൾതന്നെയാണ് അഥവാ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പറഞ്ഞശേഷം (ഉല്പ, 22:18; 26:5; 28:14), നിങ്ങളെ അനുഗ്രഹിക്കേണ്ടതിനാണ് യേശുവിനെ അയച്ചിരിക്കുന്നതെന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് നോക്കുക. 3. പിസിദ്യാദേശത്തെ അന്ത്യൊക്ക്യയിൽ വെച്ചുള്ള പൗലൊസിൻ്റെ പ്രഥമപ്രസംഗത്തിലും രക്ഷിതാവായ ആത്മികസന്തതിയെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർ തുടങ്ങിയുള്ള യിസ്രായേലിന്റെ ചരിത്രം പറഞ്ഞുതുടങ്ങിയിട്ട്, ദാവീദിൻ്റെ സന്തതിയിൽനിന്ന് രക്ഷിതാവിനെ കൊടുത്തകാര്യം പറയുന്നു: “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39). വാഗ്ദത്തം ലഭിച്ച സന്തതി യിസ്രായേലാണെന്നും വാഗ്ദത്തം നിവൃത്തിച്ച സന്തതി യേശുക്രിസ്തു ആണെന്നും പൗലോസ് വളരെ സ്പഷ്ടമായിപറഞ്ഞിരിക്കുന്നു. 4. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18 – പ്രവൃ, 3:25). 16-ാം വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ മരണത്തിൻ്റെ അധികാരിയായ പിശാചിൽനിന്നും വിടുവിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് നിവൃത്തിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി ആത്മികസന്തതിയായ യേശുക്രിസ്തു യിസ്രായേലെന്ന സ്ത്രീയിലൂടെ ലോകത്തിൽ വെളിപ്പെട്ടത്: (ഉല്പ, 3:15; മീഖാ, 5:3; റോമ, 9:5).

27. നിങ്ങൾ നിമിത്തം അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). പത്രൊസിൻ്റെ ഒന്നാം ലേഖനം ആർക്കെഴുതി എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്; എന്നാൽ, ലേഖനത്തിൻ്റെ ഉള്ളടക്കം അത് യെഹൂദന്മാർക്ക് എഴുതിയതാണെന്ന് വ്യക്തമാക്കുന്നു. ചിതറിപ്പാർക്കുന്ന (1:1–യാക്കോ, 1:1), വൃതന്മാർ (1:2–1ദിന, 16:12), പിതൃപാരമ്പര്യമുള്ള നടപ്പ് (1:18–ഗലാ, 1:14), തിരഞ്ഞെടുക്കപ്പെട്ട ജാതി (ആവ, 4:20; 10:15), രാജകീയപുരോഹിതവർഗ്ഗം (പുറ, 19:5-6) വിശുദ്ധവംശം (ആവ, 14:21), സ്വന്തജനവും (ആവ, 14:2–1പത്രൊ, 2:9) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം (2:10–റോമ, 9:25-26; ഹോശേ, 2:23), കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ (2:10–ഹോശേ, 2:23), ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിൽ നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി (4:3) തുടങ്ങിയ പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിൽ യോജിക്കുന്നത് യെഹൂദന്മാർക്കാണ്. കൂടാതെ, ഭൗമികസന്തതിയായ യിസ്രായേൽലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെന്ന് അനേകം തെളിവുകൾ വേറെയുമുണ്ട്: (മത്താ, 1:21; ലൂക്കൊ, 1:54-55;:പ്രവൃ, 3:25-26; 13:23,26,32). അതിനാൽ, നിങ്ങൾ നിമിത്തം അഥവാ,യിസ്രായേലെന്ന ഭൗമികസന്തതി നിമിത്തമാണ് ആത്മികസന്തതിയായ യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം.” അപ്പോൾ, ഒരു ചോദ്യമുണ്ടാകും; ഭൗമികസന്തതിയെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെങ്കിൽ ജാതികൾക്ക് രക്ഷ എങ്ങനെ ലഭിച്ചു?

28. ജാതികളുടെ പ്രകാശം: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: 52:10). “അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവം” എന്ന് പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ചുകാണാം: (പുറ, 3:6; 3:15; 3:16; 4:5; 2ദിന, 30:6; യിരെ, 33:6; മത്താ, 22:32; മർക്കൊ, 12:26; ലൂക്കൊ, 20:37; പ്രവൃ, 3:13; 7:32). പൂർവ്വപിതാക്കന്മാരുടെ ദൈവം എന്ന് വിളിക്കപ്പെടാൻ ഇച്ഛിച്ച ദൈവം, അവരോടു വാഗ്ദത്തം ചെയ്തപ്പോൾ, “നിന്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നാണ് അരുളിച്ചെയ്തിരുന്നത്: (ഉല്പ, 22:18; 26:5; 28:14). അതായത്, ദൈവം തൻ്റെ ക്രിസ്തുവിലൂടെ അഥവാ ആത്മികസന്തതിയിലൂടെ ഒരുക്കിയ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്ന ഭൗമികസന്തതിയാണ് യിസ്രായേൽ. പിസിദ്യയിലെ അന്ത്യൊക്യയിൽവെച്ച് യെഹൂദന്മാർ സുവിശേഷത്തെ തള്ളിയപ്പോൾ പൗലൊസ് ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47; യെശ, 49:6). യേശുക്രിസ്തു ശമര്യയിൽവെച്ച് ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). മറ്റൊരുവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള മാനസാന്തരവും പാപമോചനവും അഥവാ സുവിശേഷം യെരൂശലേമിൽ തുടങ്ങി യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും സകലജാതികളിലും പ്രസംഗിക്കയും ഭൂമിയുടെ അറ്റത്തോളവും ക്രിസ്തുവിന്റെ സാക്ഷികൾ ആകുവാൻ അപ്പൊസ്തലന്മാരോട് കല്പിച്ചതിൻ്റെ അടിസ്ഥാനം മറ്റൊന്നല്ല: (ലൂക്കൊ, 24:47; പ്രവൃ, 1:8). എന്തെന്നാൽ, ദൈവം ഊരിൽനിന്നു വിളിച്ചുവേർതിരിച്ച അബ്രാഹാമെന്ന എബ്രായൻ്റെ വാഗ്ദത്തസന്തതിയും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിലൂടെയാണ് ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. ദൈവത്തിൻ്റെ സാക്ഷികളും യിസ്രായേലെന്ന ഭൗമികസന്തതിയാണ്: (യെശ, 43:12; 44:8; പ്രവൃ, 1:8; 13:31). അതിനാണ് യിസ്രായേലിനെ ലോകത്തിൻ്റെ നടുവിൽ ദൈവം ആക്കിവെച്ചിരിക്കുന്നത്: (യെഹെ, 5:5).

29. ജാതികളുടെ രക്ഷ: “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.” (എഫെ, 2:14-16). സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തായി അവൻ തിരഞ്ഞടുത്തതും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ തനിച്ചുപാർത്തിരുന്നതമായ ദൈവത്തിൻ്റെ സ്വന്തജനമാണ് യിസ്രായേൽ: (പുറ, 19:15; സംഖ്യാ, 23:9; ആവ, 7:6). പുതിയനിയമത്തിലും ആ ജനതയുടെ ശ്രേഷ്ഠത വർണ്ണിച്ചിട്ടുണ്ട്. “അവര്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്‍റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ചതും (വെളിപ്പെട്ടതും) അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:4-5, സത്യവേദപുസ്തകം സമകാലിക പരിഭാഷ). ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെട്ടതെന്ന് മുകളിൽ നാം കണ്ടതാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നതായിരുന്നു കാലസമ്പൂർണ്ണതയിലെ ദൈവികവ്യവസ്ഥ: (എഫെ, 1:10). അതിന് ആദ്യം, യിസ്രായേലെന്ന ദൈവസന്തതിയുമായി ദൈവമില്ലാത്ത ജാതികളായ നമ്മെ ഒന്നിപ്പിക്കണമായിരുന്നു. ജാതികളായ നമ്മുടെ അവസ്ഥ പരമദയനീയമായിരുന്നു: (എഫെ, 2:11-12). യിസ്രായേലിനെയും ജാതികളെയും തമ്മിൽ വേർതിരിച്ചിരുന്ന പ്രധാന ഘടകം ന്യായപ്രമാണമാണ്. ന്യായപ്രമാണമാണ് യിസ്രായേല്യരെയും ജാതികളെയും ശത്രുക്കളാക്കിയതും തമ്മിൽ വേർതിരിക്കുന്ന മതിലായി നിന്നിരുന്നതും. ന്യായപ്രമാണമുള്ള ജാതിയും ന്യായപ്രമാണം ഇല്ലാത്ത ജാതിയും എന്നതായിരുന്നു യിസ്രായേലും ജാതികളും തമ്മിലുള്ള പ്രധാന വ്യത്യാസം. ക്രിസ്തുവിൻ്റെ മരണത്താൽ, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം ഇല്ലാതാക്കുകയും യെഹൂദരുടെയും ജാതികളുടെയു മദ്ധ്യേയുണ്ടായിരുന്ന വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു തന്നിൽ ഒരു പുതുമനുഷ്യനെ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. അതായത്, ക്രിസ്തു തൻ്റെ ക്രൂശിലെ മരണത്താൽ യെഹൂദനെന്നും യവനെന്നും വ്യത്യാസമില്ലാതെ, അവരുടെ ശത്രുത്വം ഇല്ലാതാക്കിട്ട് തന്നിൽ ഒരു പുതിയമനുഷ്യനെ സൃഷ്ടിക്കുകയും ആ മനുഷ്യനെ ദൈവവുമായി നിരപ്പിക്കുകയാണ് ചെയ്തത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ; നല്ലൊലിവായ യിസ്രായേലിന്റെ ചില കൊമ്പുകളെ ഒടിച്ചിട്ട് കാട്ടൊലിവായ നമ്മെ അതിനോട് ഒട്ടിച്ചു ചേർത്തിട്ട് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന്നു നമ്മെ പങ്കാളിയായിത്തീർക്കുകയാണ് ചെയ്തത്. അതിനാൽ നമുക്ക് പ്രസംശിപ്പാൻ ഒന്നുമില്ല: (റോമ, 11:17-19). അതായത്, യിസ്രായേലിനെ കൂടാതെ ജാതികളായ നമുക്ക് രക്ഷയില്ല; അഥവാ യിസ്രായേൽ മുഖാന്തരമാണ് ജാതികൾ രക്ഷിക്കപ്പെടുന്നത്. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ (യോഹ, 7:37-39) ആത്മസ്നാനത്താലാണ് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയിൽ യെഹൂദനും യവനനും ദാസനും സ്വതന്ത്രനും ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായിത്തീർന്നത്: (ഗലാ, 3:26-29. ഒ.നോ: റോമ, 12:5). “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12-13). അതായത്, ആത്യന്തികമായി രക്ഷ ദൈവത്തിൽനിന്നാണ് വരുന്നതെങ്കിലും സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാകയാൽ അവൻ മുഖാന്തരമാണ് നാം ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും ആയിത്തീർന്നത്: (റോമ, 8:17).

30. ജാതികളുടെ നിയമവും ന്യായാധിപനും: രക്ഷിക്കപ്പെടാത്ത ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). “നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു.” (യെശ, 49:9). “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 11:4; 16:5; 42:1; യിരെ, 33:15). യിസ്രായേലാണ് ലോകത്തെ ഭരിക്കേണ്ട നിത്യരാജാവെന്ന് മുകളിൽ നാം കണ്ടതാണ്: (ദാനീ, 7:13–18,21,27). അവനാണ് സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9) സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12). സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). അവസാനനാളിൽ യിസ്രായേലിനോടുള്ള ബന്ധത്തിലാണ് ജാതികൾക്ക് ന്യായവിധി വരുന്നത്. മത്തായി ഇരുപത്തഞ്ചാം അദ്ധ്യായത്തിലെ ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്: (മത്താ, 25:31-46). പത്രൊസ് യേശുവിനോടു ചോദിക്കുന്ന ഒരുകാര്യമുണ്ട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും.” (മത്താ, 19:27). അതിന് യേശുവിൻ്റെ മറുപടി: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). സെബദിപുത്രന്മാരുടെ അമ്മ ചോദിക്കുന്നതും ഇതിനോട് ചേർത്ത് ചിന്തിക്കണം: (മത്താ, 20:20-22; മർക്കൊ, 10:37-40). മനുഷ്യപുത്രൻ സിംഹാസനസ്ഥനാകാൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യം: ക്രിസ്തു തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന് എന്തിനാണ് ദൂതന്മാരുടെ മഹത്വം? യഥാർത്ഥത്തിൽ ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5–80:17). യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കപ്പെടുന്നത്; അതിനാലാണ് ക്രിസ്തുവിൽ അതെല്ലാം ആരോപിച്ചിരിക്കുന്നത്. അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നത് നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). യേശുവിന്റെ മറ്റൊരു പ്രസ്താവന നോക്കുക: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). അക്ഷരാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ’പുത്രനാണ്; എന്നാൽ, യഥാർത്ഥത്തിൽ അവൻ ആരുടെയും പുത്രനല്ല; പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണ്. എന്നാൽ, ദൈവം ജനിപ്പിച്ച പുത്രനും സാക്ഷാൽ മനുഷ്യപുത്രനുമാണ് യിസ്രായേൽ: (സങ്കീ, 8:5; 80:17; സങ്കീ, 2:7: പുറ, 4:22-23; ഹോശേ, 11:1). അതിനാൽ, ന്യായവിധിക്ക് അധികാരമുള്ള ഭൗമികസന്തതി അഥവാ മനുഷ്യപുത്രൻ യിസ്രായേലാണെന്ന് വ്യക്തമാണ്. ദൈവം മിസ്രയീമിൽ നിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനും കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവനും മനുഷ്യപുത്രന്മാരിൽ അതിസുന്ദരനുമായ രാജാവാണ് യിസ്രായേൽ: (സങ്കീ, 45:2,6-7; 80:17; 110:1). അവനാണ് ദൈവത്തിന് കീഴ്പട്ടിരുന്നുകൊണ്ട് ഈ ലോകത്തെ നീതിയിൽ ന്യായംവിധിക്കുന്ന ഭൗമികരാജാവ്: (1കൊരി, 15:27-28).

31. രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ: ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും ഇടയനും പ്രഭുവും അധിപതിയും പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 37:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). പന്ത്രണ്ടു ഗോത്രങ്ങളുടെ ഭരണാധികാരം പന്ത്രണ്ട് ശിഷ്യന്മാരുടെ കൈകളിലായിരിക്കും: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും ഭരണ സംവിധാനം.

32. ഭൗമികസന്തതിയുടെ ശാശ്വതാവകാശം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം അഥവാ പലസ്തീൻ ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). ദൈവം പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും വാഗ്ദത്തംചെയ്ത പാലുംതേനും ഒഴുകുന്ന അഥവാ സമ്പൽസമൃദ്ധമായ കനാൻദേശം അഥവാ പലസ്തീൻ അവരുടെ ശാശാശ്വതാവകാശം ആണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു: (ഉല്പ, 25:3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും അവർക്ക് ശാശ്വതമായി ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിനാൽ, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. മാത്രമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ നിത്യരാജ്യവും രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, “ആയിരമാണ്ടു” എന്നത് കൃത്യമായ ആയിരം വർഷമാണോ എന്നകാര്യം സംശയമാണ്; യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണത്. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജത്വമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29). ഇനി, ആത്മികസന്തതിയായ ക്രിസ്തുവിനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം:

33. ആത്മികസന്തതിയുടെ അസ്തിത്വം: ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ പദവികളുമായി അന്ത്യകാലത്ത് ആത്മികസന്തതയായ ക്രിസ്തു വെളിപ്പെട്ടത്. ആത്മികസന്തതിയെക്കുറിച്ച് ഇനി, പ്രധാനമായ രണ്ട് കാര്യങ്ങളാണ് അറിയേണ്ടത്: അവൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും. അഥവാ കന്യകയായ മറിയയിലൂടെ ലോകത്തിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽ മരിച്ചവൻ “ആരാകുന്നു” എന്നും അവൻ “ആരായിരുന്നു” എന്നും അറിയണം. അവൻ ആരാകുന്നു എന്നു ചോദിച്ചാൽ; പാപമറിയാത്ത ഒരു മനുഷ്യനാകുന്നു എന്നാണുത്തരം. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്നൊരു പാപമറിയാത്ത മനുഷ്യനില്ല. യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ല. അനന്തരം, “ഇവൻ എൻ്റെ പിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു പുത്രനും ദൈവത്തിനില്ല. എന്തെന്നാൽ, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും (manifest) ആകുന്നു” എന്നു പത്രൊസ് പറയുന്നു: (1പത്രൊ,  1:20). മുന്നറിയപ്പെട്ടവനെന്നാൽ, ആ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നവൻ എന്നല്ല; മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം വെളിപ്പെട്ടവനെന്നുമാണ്: (എബ്രാ, 1:2. ഒ.നോ: 1പത്രൊ, 1:10-11). യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു ജനനത്തിനുമുമ്പെ ഉണ്ടായിരുന്നവനല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് മുമ്പെ ഉണ്ടായിരുന്നത്. കാലസമ്പൂർണ്ണതയിലാണ് അവൻ ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4).

34. വിശദമായി: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധപ്രജ അഥവാ പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (മത്താ, 1:21; ലൂക്കൊ, 1:31; ലൂക്കൊ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേറ്റശേഷം, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല; പിന്നെയും മുപ്പതു വർഷംകഴിഞ്ഞ് യോർദ്ദാനിൽവെച്ച് ദൈവത്താലാണ്.അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും?

35. ഏഴുപേരുടെ പുത്രൻ: ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: 1. ദൈവപുത്രൻ (മത്താ, 3:17).2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). [കാണുക: മൂന്നു സ്ത്രീകൾ]. ഏഴുപേരുടെ പുത്രൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? ആദ്യജാതനും ഏകജാതനും: ക്രിസ്തുവിനെ ഏകജാതനെന്ന് അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോ, 4:9). ആദ്യജാതനെന്നു അഞ്ചുപ്രാവശ്യം വിളിച്ചിട്ടുണ്ട്. (റോമ, 8:29; കൊലോ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ അഥവാ ഒറ്റപ്പുത്രൻ എന്നാണ്. ആദ്യജാതനെന്നാൽ; സഹോദരങ്ങളിൽ ആദ്യത്തെ പുത്രൻ അഥവാ മക്കളിൽ മൂത്തപുത്രൻ എന്നാണ്. യഥാർത്ഥത്തിലാണെങ്കിൽ ഒരു മകനും അപ്പന്റെ ആദ്യജാതനും ഏകജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. പിന്നെങ്ങനെ ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് പറയും?ദൈവപുത്രനും മനുഷ്യപുത്രനും: പുതിയനിയമത്തിൽ ദൈവപുത്രൻ (Son of God) എന്ന പ്രയോഗം 65 പ്രാവശ്യമാണുള്ളത്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 75 പ്രാവശ്യം ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യപുത്രൻ (Son of Man) എന്ന പ്രയോഗം 87 പ്രാവശ്യമുണ്ട്. ഇനി, യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് 5 പ്രാവശ്യമാണ്: (യോഹ, 5:25; 9:35; 10:36; 11:4; വെളി, 2:18). എന്നാൽ, തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് 82 പ്രാവശ്യമാണ്. ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? പിന്നെങ്ങനെയാണവൻ സാക്ഷാൽ ദൈവപുത്രനാകുന്നത്? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും വിശേഷിപ്പിച്ചിരിക്കുന്നത്. വചനത്തെ വചനംകൊണ്ടുവേണ്ടേ വ്യാഖ്യാനിക്കാൻ? “പുത്രൻ” എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണത്.

36. സമ്പൂർണ്ണമനുഷ്യൻ: ക്രിസ്തു, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ,26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു. “പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലനല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; സമ്പൂർണ്ണമനുഷ്യനെ കുറിക്കുന്നഥാണ്: (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5; ഇയ്യോ, 15:15), താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ഏകദൈവം (The one only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3) അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34) താൻ മനുഷ്യനാണെന്നും: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). അതായത്, താൻ ദൈവമല്ലെന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന മനുഷ്യനായ ക്രിസ്തുയേശുതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: (ലൂക്കൊ, 2:52; 1തിമൊ, 2:6).

37. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി ക്രിസ്തുനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്.

38. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം:1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:41). 2.അവനെനമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല, അവനെ അഥവാ അവരെ എന്ന ബഹുവചനത്തിലല്ല, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് ഇതിലൂടെ നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2.ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3.ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. ഇതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കിയവരാണ് നമ്മൾ.

39. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ക്രിസ്തു ദൈവമല്ലെന്ന് അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു.അവൻ ദൈവമല്ല: “പിതാവായ ഏകദൈവമേ നമുക്കുള്ളു” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; 17:3; എഫെ, 4:6എബ്രാ, 2:11). അവൻ മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 3:16). ഒന്നുംരണ്ടുമല്ല, മുപ്പാത്താറ് പ്രവശ്യമാണ് ക്രിസ്തുവിനെ മനുഷ്യനെന്ന് പറഞ്ഞിരിക്കുന്നത്. ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും ഉയിർത്തതും മനുഷ്യനാണ്: (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; പ്രവൃ, 2:24; 1തിമൊ, 2:6; 1കൊരി, 15:21). അവനൊരു ദൈവമുണ്ട്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 11:31; യോഹ, 20:17; എഫെ, 1:3; 1:17). അതിനാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചവൻ “ആരാകുന്നു അഥവാ അവൻ്റെ അസ്തിത്വം എന്താണെന്നു” ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 1തിമൊ, 2:6). [കൂടുതൽ അറിയാൻ കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?, ഏകമനുഷ്യനായ യേശുക്രിസ്തു]

40. ആത്മികസന്തതിയുടെ പൂർവ്വാസ്തിത്വം: മനുഷ്യരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട് ക്രുശിൽമരിച്ചുയിത്ത ആത്മികസന്തതി പാപമറിയാത്ത മനുഷ്യനാണെന്ന് നാം കണ്ടു. എന്നാൽ, ആ മനുഷ്യനൊരു പൂർവ്വാസ്തിത്വമുണ്ടെന്ന് ബൈബിൾ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15. ഒ.നോ: 1:31). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശുവെന്ന മനുഷ്യൻ: (ലൂക്കൊ, 1:26,36). എന്നാൽ അവൻ യേശുവിനെക്കുറിച്ചു പറയുന്നത്, “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു” എന്നാണ്. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;” (യോഹ, 3:31. ഒ.നോ: 1യോഹ, 4:2). ക്രിസ്തു, ‘മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ” എന്നൊക്കെയാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. എഫെസ്യരിൽ, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നു കാണാൻ കഴിയും: (എഫെ, 4:6). ക്രിസ്തുവിൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). താൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. അതായത്, അവൻ മുമ്പേയുള്ളവനാണെന്നു സ്നാപകനും, അവൻ സ്വർഗ്ഗത്തിൽ നിന്നു വന്നവനും എല്ലാവർക്കും മീതെയുള്ളവനാണെന്നും യോഹന്നാനും താൻ സ്വർഗ്ഗത്തിൽനിന്നു വന്നവനാണെന്നു ക്രിസ്തുവും അവൻ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ വെളിപ്പെട്ട മനുഷ്യനാണെന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ: (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു.

41. ദാസനായ യേശു: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസനാരാണെന്ന് യെശയ്യാവ് പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യം മിക്ക പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഈ പരിഭാഷപ്രകാരം ദാസൻ യിസ്രായേലാണ്. യിസ്രായേലിനെ ‘ദാസൻ’ എന്നു അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1). എന്നാൽ ഈ വാക്യത്തിലുള്ള ദാസൻ യിസ്രായേലല്ല; യഹോവയാണ്. Christian Standard Bible-ൽ നിന്നു ചേർക്കുന്നു: “You are my witnesses” — this is the LORD’s declaration — “and my servant whom I have chosen, so that you may know and believe me and understand that I am he. No god was formed before me, and there will be none after me.” “നിങ്ങൾ എന്റെ സാക്ഷികളാണ്” – ഇതാണ് കർത്താവിന്റെ പ്രഖ്യാപനം – “ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും. എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” ‘ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ‘ എന്നു പറഞ്ഞശേഷം അല്പവിരാമമിട്ടു (comma) നിർത്തിയശേഷം മൂന്നു കാര്യങ്ങൾ പറയുന്നു: അങ്ങനെ നിങ്ങൾ എന്നെ അറിയണം, വിശ്വസിക്കണം, ഞാൻ അവനാണെന്ന് മനസ്സിലാക്കണം എന്നിട്ടാണ് പൂർണ്ണവിരാമം (Fullstop) ഇടുന്നത്. എന്താണ് അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്? “ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസൻ; അവൻ ഞാൻ തന്നെയാണ് (I am he).” എന്തെന്നാൽ, “എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” അതായത് യഹോവ തന്നെയാണ് ദാസനായി വെളിപ്പെട്ടത്; ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരുപമെടുത്തു വേഷത്തിൽ മനുഷ്യനായി വിളങ്ങി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി: (ഫിലി, 2:6-8). സെപ്റ്റ്വജിൻ്റ് ട്രാൻസ്‌ലേഷനും കാണുക: “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (BST). യോഹന്നാൻ എട്ടാം അദ്ധ്യായത്തിൽ ഇതേ പ്രയോഗം ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ തന്നേ അവൻ (I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. (യോഹ, 8:24. ഒ.നോ: 8:28). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 16-19). പതിനാലാം അദ്ധ്യായത്തിൽ ശിഷ്യന്മാരോട് വളരെ സ്പഷ്ടമായിട്ട് അക്കാര്യം പറയുന്നുണ്ട്: (യോഹ, 14:7-11). അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവീകരഹസ്യം: (1തിമൊ, 3:14-16).

42. ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). ദാസനായ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible (1526), Coverdale Bible (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) മലയാളം പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത് പിന്നെയാരാണ്?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). ജീവനുള്ള ദൈവം യഹോവയാണെന്ന് ആവർത്തനപുസ്തകംമുതൽ ആവർത്തിച്ചത് കാണാൻ കഴിയും. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു (visit) ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആ മർമ്മം അഥവാ രഹസ്യം യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8). യെഹൂദത്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും ഇത് യെഹൂദരപ്പോലെ മർമ്മമായിരിക്കുകയാണ്.[കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവം തൻ്റെ പുത്രനെ അയച്ചു, വചനം ദൈവത്തോടു കൂടെയായിരുന്നു; ഞാനും പിതാവും ഒന്നാകുന്നു, ഏകമനുഷ്യനായ യേശുക്രിസ്തു]

43. പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥൻ: “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 12:24). ആദ്യനിയമത്തിൻ്റെ അഥവാ ന്യായപ്രമാണത്തിൻ്റെ ലംഘനങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പിനായാണ് പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായ ആത്മികസന്തതി മരിച്ചത്. അതിൻ്റെ ഫലമായാണ് നിത്യാവകാശത്തിൻ്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് അഥവാ ഭൗമികസന്തതിയായ യിസ്രായേലിന് ലഭിക്കുന്നത്. “അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.” (എബ്രാ, 8:6). ക്രിസ്തുവിൻ്റെ ശുശ്രൂഷ എന്തായിരുന്നെന്ന് എബ്രായ ലേഖകൻ അടിവരയിട്ട് പറയുകയാണ്: പൂർവ്വപിതാക്കന്മാർക്കും അവരുടെ സന്തതിയായ യിസ്രായേലിനും ദൈവം കൊടുത്ത “വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാണവൻ.” പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥൻ ദൈവമല്ല; മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). അതായത്, വാഗ്ദത്തങ്ങൾ പ്രാപിച്ച ഭൗമികസന്തതിയുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിച്ചുകൊണ്ട് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ യഹോവയായ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) പുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷപ്പെട്ട് പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗേകരേറി അപ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 20:17; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

44. പുതിയനിയമം: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). തൻ്റെ ഭൗമികസന്തതിയായ യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യാഹ്വെ അഥവാ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, പുതിയനിയമം സ്ഥാപിക്കുകയും (ലൂക്കൊ, 22:20), എന്നേക്കും ഇരിക്കേണ്ടതിന് പുത്രൻ്റെ നാമത്തിൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത്, ദൈവസഭ സ്ഥാപിതമാകുകയും ചെയ്തപ്പോൾ (യോഹ, 14:26; പ്രവൃ, 2:2-4), പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ, ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളുടെ നാമം, യേശുക്രിസ്തു എന്നായി: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല, പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ചത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ദേഹവും ദേഹിയും ആത്മാവും ഉണ്ടായിരുന്ന പൂർണ്ണമനുഷ്യനായ ക്രിസ്തു, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46: എബ്രാ, 9:14). മൂന്നാംനാൾ ദൈവാത്മാവിനാൽ അഥവാ ദൈവത്താൽ ഉയിപ്പിക്കപ്പെട്ട ക്രിസ്തു അന്നുതന്നെ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ കയറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (1പത്രൊ, 3:18; പ്രവൃ, 2:24; യോഹ, 20:17, എബ്രാ, 9:11,12,24). അതായത്, പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). അതുകൊണ്ടാണ്, “ഞാൻതന്നെ അവൻ, ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 8:24,28; 10:30; 14:9). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവം തന്നെയാണ്; അവനെയാണ് തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് വിളിക്കില്ല. സങ്കീർത്തനം 35:23-ൽ യെഹൂദാരാജാവായ ദാവീദ് “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്നേറ്റുപറഞ്ഞത്. അതായത്, പുതിയനിയമത്തിൽ ഏകദൈവം തന്നെയാണ്, യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി, പാപപരിഹാരംവരുത്തിയശേഷം സ്വർഗ്ഗേകരേറി അപ്രത്യക്ഷമായതും, അനന്തരം നേരിട്ടു അഥവാ ദൈവമായിട്ടു നാലപതുനാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ അവരെ പഠിപ്പിച്ചശേഷം ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തത്: (1തിമൊ, 2:6; 3:14-16; മർക്കൊ, 16:14; യോഹ, 20:28; പ്രവൃ, 1:1-9).

45. ദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യമറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവയും (യിരെ, 23:23,24), ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദും (139:7-10), ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോനും (1രാജാ, 8:27), “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്നു” എന്ന് പൗലൊസും പറയുന്നു: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. “ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു.” പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം: “അവരിലല്ലോ എന്ന് ബഹുവചനതത്തിലല്ല; അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്.

46. ദൈവത്തിൻ്റെ പ്രത്യക്ഷത: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൻത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. അദൃശ്യനായ ഏകദൈവത്തിന് അനവധി പ്രത്യക്ഷതകളുണ്ടെങ്കിലും സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള സ്വർഗ്ഗത്തിലെ ഏകപ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ആ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ പഴയനിയമത്തിൽ മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9-10) പുതിയനിയമത്തിൽ യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:1-11). ക്രിസ്തു പറഞ്ഞപ്രകാരം ദൂതന്മാർ ദൈവത്തെ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:3; വെളി, 1:8). സിംഹാസനത്തിൽ ഇരിക്കുന്നവന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും സാക്ഷ്യപ്പെടുത്തുന്നു: (യെഹെ, 1:26; 8:2; ദാനീ, 7:9). ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാ പ്രത്യക്ഷതകളും മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെല്ലാം അതിൽത്തന്നെ പൂർണ്ണമാണ്; മായയോ, മന്ത്രമോ ഒന്നുമല്ല. അതിൻ്റെ ഏറ്റവും നല്ല തെളിവാണ് യേശുവെന്ന നാമത്തിലുള്ള മനുഷ്യപ്രത്യക്ഷത: അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനായിരുന്നു: (2കൊരി, 5:21; എബ്രാ, 10:5). അദൃശ്യനായ ഏകദൈവം പല നിലകളിൽ മനുഷ്യർക്ക് പ്രത്യക്ഷനായിട്ടുണ്ട്: സർവ്വശക്തിയുള്ള ദൈവമായിട്ടും (ഉല്പ, 17:1), മമ്രേയുടെ തോപ്പിൽ മനുഷ്യനായിട്ടും (ഉല്പ, 18:1-2,22; 19:1), യഹോവയെന്ന നാമത്തിൽ ദൈവമായിട്ടും (പുറ, 3:16–6:3), അദൃശനായ ആത്മാവായിട്ടും (1ശമൂ, 16:13), യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും (1തിമൊ, 14-16–മത്താ, 1:21), യേശുവെന്ന നാമത്തിൽ ദൈവമായിട്ടും (മർക്കൊ, 16:14–യോഹ, 20:28) മാറിൽ പൊൻകച്ചകെട്ടിയ മനുഷ്യപുത്രനോടു സദൃശനായിട്ടും (വെളി, 1:13) ഏഴ് ആത്മാവായിട്ടും (വെളി, 4:5) അറുക്കപ്പെട്ടതും ഏഴ് കൊമ്പുകളും കണ്ണുകളുമുള്ള കുഞ്ഞാടായും (വെളി, 5:6) പ്രത്യക്ഷനായിട്ടുണ്ട്. അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17).

47. പിതാവിൻ്റെയും പുത്രൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ ക്രിസ്തുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട “യേശുക്രിസ്തു” എന്ന ഏകനാമം മാത്രം ഉണ്ടായിരിക്കെ, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നല്ലെങ്കിൽ, ആ നാമത്തിലെങ്ങനെ അത്ഭുതങ്ങൾ നടക്കും? “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിനോ, പരിശുദ്ധാത്മാവിനോ ഒരു നാമം പുതിയനിയമത്തിലില്ല; ആരും വിളിച്ചപേക്ഷിച്ചുമില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). അതായത്, ഏകസത്യദൈവമായ യഹോവയാണ് താൻ ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനുമായ ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്ന് അവൻ്റെ പാപപരിഹാരത്തിനുള്ള യാഗം കഴിച്ചത്: (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-16). ഇനി, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ്: (110:1).

48. രാജ്യസ്ഥാപകൻ: “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). യേശുക്രിസ്തുവിനോട് ശിഷ്യന്മാർ ചോദിച്ചത്: ഈ കാലത്തിലാണോ “നീ യിസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നതു” എന്നാണ്. എന്തെന്നാൽ, യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവരുടെ പാദപീഠമാക്കിയിട്ടു അവരുടെ നിത്യരാജ്യം അവർക്കു സ്ഥാപിച്ചുകൊടുക്കുന്നത്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഈ വാക്യത്തിലെ ശത്രുക്കൾ പാദപീഠമാക്കുവോളം യഹോവ അഥവാ യേശുക്രിസ്തു തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനൻ വാഗ്ദത്തരാജാവായ യിസ്രായേലാണ്. മഹോപദ്രവകാലത്തിൻ്റെ ഒടുവിൽ ഭൗമികസന്തതിയായ യിസ്രായേൽ തങ്ങൾ കുത്തിയങ്കവലേക്ക് നോക്കി വിലപിക്കുമ്പോഴാണ് യേശുക്രിസ്തു തൻ്റെ ശക്തിയുള്ള ദൂതന്മാരുമായി അഗ്നിജ്വാലയിൽ പ്രത്യക്ഷനായി, യിസ്രായേലിനെ പീഡിപ്പിക്കുന്ന എതിർക്രിസ്തുവിനെയും അവൻ്റെ സൈന്യത്തെയും തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിക്കുന്നതും ദൈവത്തെ അറിയാത്തവർക്കും കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുന്നതും: (ദാനീ, 9:27; 2തെസ്സ, 1:6-7; 2:3-8; തീത്തൊ, 2:12; വെളി, 1:7). യോഹന്നാന് ലഭിച്ച വെളിപ്പാട് പ്രകാരം ഭൗമികസന്തതിയായ യിസ്രായേലിന്റെ രക്ഷയ്ക്കായി വരുന്നത് യേശുക്രിസ്തുവാണ്: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). “ഇതാ, അവൻ അഥവാ യേശുക്രിസ്തു മേഘാരൂഢനായി വരുന്നു.” “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.” (ആവ, 33:26). യെശൂരൂൻ യിസ്രായേലിൻ്റെ ആലങ്കാരിക നാമമാണ്: (ആവ, 2:15; 33:5; യെശ, 44:2). യിസ്രായേലിന്റെ രക്ഷയ്ക്കായി മേഘാരൂഢനായി വരുന്നത് യഹോവ അഥവാ യേശുക്രിസ്തു തന്നെയാണ്. യഹോവ ഒലിവുമലയിൽ വരുമെന്നു സെഖര്യാപ്രവാചകനും യേശുക്രിസ്തു ഒലിവുമലയിൽ വരുമെന്ന് ദൂതന്മാരും അഭിന്നമായി പ്രവചിച്ചിരിക്കുന്നതും കാണുക: (സെഖ, 14:4–പ്രവൃ, 1:11. ഒ.നോ: സെഖ, 9:14–1തെസ്സ, 4:16). “അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.ആരെയാണ് യെഹൂദന്മാർ കുത്തിയത്? യെഹൂദന്മാർ കുത്തിത്തുളച്ചത് ദൈവപുത്രനായ യേശുവിനെയാണല്ലോ: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ, യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). അവർ കുത്തിത്തുളച്ചത് എന്നെയാണെന്ന് യഹോവ പറയുന്നു; അപ്പോൾ ആരാണ് മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്തത്? യഹോവതന്നെ. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). മലയാളം പരിഭാഷയും കാണുക: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). സെഖര്യാപ്രവചനം യോഹന്നാൻതന്നെ ഉദ്ധരിച്ചിട്ടുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. (യോഹ, 19:37). “ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും” അഥവാ യിസ്രായേൽ ഗോത്രങ്ങൾ അവനെച്ചൊല്ലി വിലപിക്കും. എങ്ങനെ വിലപിക്കുമെന്നും ആരാണ് വിലപിക്കുന്നതെന്നും സെഖര്യാപ്രവാചകൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അഥവാ യിസ്രായേല്യർ അവനെക്കുറിച്ചു വ്യസനിക്കും.” (സെഖ, 12:10). എന്തിനാണ് യിസ്രായേല്യർ മഹാദൈവമായ യേശുക്രിസ്തുവിനെ നോക്കി വിലപിക്കുന്നത്?അപ്പൊസ്തലനായ പൗലൊസ് അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഒരു ജ്ഞാനമുണ്ട്; ഏകസത്യദൈവംതന്നെ കാലസമ്പൂർണ്ണതയിൽ മനുഷ്യനായി വെളിപ്പെട്ട് തൻ്റെ ശരീരത്തിൽ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തുമെന്നതായിരുന്നു ആ ജ്ഞാനം; അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ അഥവാ സകല ജാതികളിലും വെച്ച് ദൈവം ശ്രേഷ്ഠജനമായി തിരഞ്ഞെടുത്ത യിസ്രായേല്യർ അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ അഥവാ യഹോവയെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; കൊലൊ, 2:2; 4:3. ഒ.നോ: സെഖ, 12:10; 1തിമൊ, 3:14-16; 1പത്രൊ, 2:24). ആ ജ്ഞാനമവർക്ക് വെളിപ്പെടുമ്പോഴാണ് അവർ തങ്ങളുടെ ഏകജാതനെ കുത്തിത്തുളച്ചതുപോലെ വിലപിക്കുന്നത്; എന്തെന്നാൽ, യഹോവയായ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടത് സ്ത്രീയുടെ അഥവാ യിസ്രായേലിന്റെ സന്തതിയായിട്ടാണ്: (മീഖാ, 5:23; മത്താ, 1:21; റോമ, 9:5; ഗലാ, 4:4). അന്നാളിൽ യിസ്രായേൽ ജനത്തിൻ്റെ പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും: (സെഖ, 13:1. ഒ.നോ: യെശ, 43:25; 59:20; യിരെ, 50:20; സെഖ, 14:3; 14:15; വെളി, 19:11റോമ, 11:27). എബ്രാ, 10:16). അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും: (റോമ, 11:26). അനന്തരം, യേശുക്രിസ്തു യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കും: (110:1). ശേഷിക്കുന്ന ജാതീയ രാജാക്കന്മാർ യിസ്രായേലെന്ന ദൈവപുത്രൻ്റെ പാദം ചുംബിച്ച് അവന് കീഴ്പ്പെടും: (സങ്കീ, 2:10-12). ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തനിക്കു സകലവും കീഴാക്കിക്കെടുത്ത ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് സകലജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കും: (സങ്കീ, 2:6-9; 1കൊരി, 15:27-28). സ്വർഗ്ഗീയരാജാവായ യഹോവ/യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ദാവീദ് സിഹാസനത്തിൽ ഇരിക്കുകയും ചെയ്യും. പുതിയ യെരൂശലേമിലും ദൈവത്തിൻ്റെ ദാസന്മാരായ യിസ്രായേൽ എന്നെന്നേക്കും രാജാക്കന്മാരാണ്: (വെളി, 22:1-5). ഇതാണ് ബൈബിൾ സംഭവങ്ങളുടെ രത്നച്ചുരുക്കം. സത്യം അറികയും സത്യം നമ്മെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ! [കാണുക: രണ്ടാം സങ്കീർത്തനം, നാല്പത്തഞ്ചാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം].

അനുബന്ധം: യേശുക്രിസ്തുവിൻ്റെ ഭൗമിക ശുശ്രൂഷ എന്താണെന്ന് അറിയണമെങ്കിൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ ഭൗമികസന്തതിയെക്കുറിച്ചാണ് നാം ആദ്യം പഠിക്കേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ ആ സന്തതിയെക്കുറിച്ച് പഠിക്കാഞ്ഞതുകൊണ്ട്, അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, ആ മനുഷ്യനെ പടിച്ച് നാം മറ്റൊരു ദൈവമാക്കി. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന യേശുവിൻ്റെ വാക്കുകളിൽ ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലിനെക്കുറിച്ചുള്ള സൂചനയാണുള്ളത്. അതായത്, ഭൗമികസന്തതിയെ അറിയാതെ, പിതാവായ ഏകദൈവത്തെയോ, അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയോ അറിയുക സാദ്ധ്യമല്ല. എന്തെന്നാൽ, പുതിയനിയമത്തിൽ ആത്മികസന്തതിയായ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശി ഭൗമികസന്തതിയായ യിസ്രായേലാണ്. ഭൗമികസന്തതിക്കു വേണ്ടിയാണ് അവൻ്റെ ദൈവം അന്ത്യകാലത്ത് മനുഷ്യനായി വെളിപ്പെട്ടത്; (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അവൻ്റെ പാപങ്ങൾ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ടാണ് ആത്മികസന്തതി ക്രൂശിൽ കയറിയത്; ആത്മികസന്തതിയുടെ അടിപ്പിണരാലാണ് ഭൗമികസന്തതിക്ക് സൗഖ്യം ലഭിച്ചത്: (1പത്രൊ, 2:24). ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും ന്യായപ്രമാണ സന്തതിയായ യിസ്രായേലിന്റെയാണ്; ന്യായപ്രമാണത്തെ നിവൃത്തിക്കാൻ തൻ്റെ സന്തതിക്ക് കഴിയായ്കയാലാണ് അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 5:17-18; റോമ, 8:3). അതിനാൽ, ക്രിസ്തുവിലൂടെ നിവൃത്തിയായതും ഇനി നിവൃത്തിയാകാനിരിക്കുന്നതുമായ എല്ലാറ്റിൻ്റെയും സാക്ഷാൽ ഉടയവൻ യിസ്രായേലെന്ന ഭൗമികസന്തതിയാണ്.

ക്രിസ്തുവിലൂടെ യിസ്രായേലിനു നിവൃത്തിയാകാനിരിക്കുന്നതായ എല്ലാ വാഗ്ദത്തങ്ങളും നമുക്കു നോക്കാം:

49. “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15) ഈ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണെന്ന് എല്ലാവർക്കും അറിയാം: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1-2). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു” എന്നു ഹോശേയ ഭൂതകാലത്തിൽ പറഞ്ഞിരിക്കുകയാൽ, അത് കഴിഞ്ഞുപോയ സംഭവമല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനമാണ്. ബൈബിളിലെ പ്രവചനങ്ങൾക്ക് ത്രികാല സ്വഭാവവും ത്രിവിധമായ നിവൃത്തിയും കാണാം. അതായത്, പ്രവചനങ്ങൾ ഭൂതകാലത്തിലും വർത്തമാനകാലത്തിലും ഭാവികാലത്തിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, കർത്താവിൻ്റെ പുനരാഗമനം മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15–വെളി, 1:7–എബ്രാ, 10:37). പ്രവചനങ്ങൾക്ക് ആത്മീയനിവൃത്തിയും അംശമായനിവൃത്തിയും പൂർണ്ണമായനിവൃത്തിയും ഇങ്ങനെ മൂന്നു വിധമായ നിവൃത്തിയുണ്ട്. ഉദാഹരണത്തിന്: (സങ്കീ, 2:7; പ്രവൃ, 13:33–യെശ, 66:7-8–സങ്കീ, 110:3;  യെശ, 26:19). ഹോശേയ പ്രവചനം ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ആത്മീയമായി നിറവേറി: (മത്താ, 2:15-ഹോശേ, 11:1). പ്രവചനത്തിലെ “മിസ്രയിം” ജാതികളുടെ സകല ദേശങ്ങളെയും കുറിക്കുന്ന പ്രയോഗമാണ്. ഇനി യിസ്രായേലിനോടൂള്ള ബന്ധത്തിലാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. യിസ്രായേലിനു യേശുക്രിസ്തു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും സകലജാതികളിൽ നിന്നും അവരെ കൂട്ടി വരുത്തുകയും ചെയ്യുമ്പോഴാണ് പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.” (യെശ, 11:11-12). ഇതുപോലെയാണ് പഴയനിയമത്തിലെ ഓരോ പ്രവചനങ്ങളുടെയും പതിയനിയമനിവൃത്തി. [കാണുക: പ്രവചനങ്ങൾ]

50. “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ഇത് പറയുന്നത് മനുഷ്യനായ ക്രിസ്തുവല്ല; ദൈവം തന്നെയായ യേശുക്രിസ്തുവാണ്. നാം മുകളിൽ ചിന്തിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാം: ഒന്ന്; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ അഥവാ ആത്മികസന്തതിയുടെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ സന്നിയിൽ കരേറിപ്പോയതോടുകൂടി ഒരിക്കലായി കഴിഞ്ഞു; യേശുവെന്ന മനുഷ്യൻ അഥവാ ആ പ്രത്യക്ഷശരീരം പിന്നെയില്ല: (യോഹ, 20:17; എബ്രാ, 9:11-12; 10:5). രണ്ട്; പിന്നീട് സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്; അവനെയാണ് തോമാസ് എൻ്റെ കർത്താവും ദൈവവുമെന്ന് ഏറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). മൂന്ന്; പിതാവിൻ്റെയും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്; അഥവാ, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ യേശുക്രിസ്തു: (യോഹ, 5:43; 17:11; 17:12). അതിനാൽ, ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തി സ്വർഗ്ഗേകരേറി അപ്രത്യക്ഷനായതും അനന്തരം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതെന്നും മനസ്സിലാക്കാം. അതായത്, നമുക്ക് പിതാവായ ഏകദൈവമേയുള്ളു; ഈ വസ്തുത മനുഷ്യനായ യേശുവും അവൻ്റെ അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ക്രൂശിൽ മരിച്ചുയിർത്ത ക്രിസ്തു: (1തിമൊ, 2:6; 3:14-16; 1പത്രൊ, 1:20). ഏകദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28; തീത്തൊ, 2:12). യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കുന്നതിനു മുമ്പ് “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറയുന്നത്. അപ്പോൾത്തന്നെ, എബ്രായലേഖകൻ പറയുന്നു: “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” (എബ്രാ, 2:8). യേശുക്രിസ്തു പറയുന്നതിന് നേർവിപരീതമാണ് എബ്രായലേഖകൻ പറയുന്നത്. അനാദിയായും ശാശ്വതമായും ദൈവമായവന് ആരെങ്കിലും അധികാരം നല്കേണ്ടതുണ്ടോ? ഇനി, സകല അധികാരും നല്കപ്പെട്ടു എന്നു പറയുന്നവന് സകലവും കീഴ്പെട്ടില്ല എന്നു മറ്റൊരിടത്ത് പറയുമോ? പിന്നെന്തുകൊണ്ടാണ് “സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശുക്രിസ്തു പറഞ്ഞത്?

ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കുന്നതുവരെ അഥവാ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ അവൻ്റെ പദവികൾ ഏകദൈവത്തിൽ നിക്ഷിപ്തമാണ്; അതിൽ പ്രധാനപ്പെട്ടതാണ് മനുഷ്യപുത്രനെന്ന പദവി. സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയ ദർശനത്തിലും (പ്രവൃ, 7:56) പത്മോസിൽ യോഹന്നാന് മഹത്വത്തിൽ പ്രത്യക്ഷനായപ്പോഴും (വെളി, 1:17) പുനരാഗമനത്തിലും (മത്താ, 9:6; 24:27,30) അന്ത്യവിധിയോടുള്ള ബന്ധത്തിലും (മത്താ, 13:41-42) മനുഷ്യപുത്രനെന്ന അഭിധാനം അഥവാ സ്ഥാനപ്പേര് ദൈവത്തിൽ കാണാൻ കഴിയും. ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവാണ് യിസ്രായേൽ: (സങ്കീ, 45:1-2,7). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണവൻ: (സങ്കീ, 80;8,17). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി, സകലതും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:4-6; എബ്രാ, 2:6-8). 5-ാം വാക്യത്തിലെ, ദൈവം അഥവാ എലോഹീം ദൂതന്മാരാണ്: (എബ്രാ, 2:7). “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” ഭൗമികസന്തതിയായ യിസ്രായേലിന് ദൈവം നല്കിയിരിക്കുന്ന വാഗ്ദത്തം ദാവീദ് ആത്മാവിൽ പ്രവചിച്ചിരിക്കുകയാണ്. സാക്ഷാൽ മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്: (സങ്കീ, 8:4; 80:17; 144:3). ഏകദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ രണ്ടു പ്രത്യക്ഷതകളിലൂടെയാണ് മനുഷ്യപുത്രനായ യിസ്രായേലിന്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കപ്പെടുന്നത്. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു മഹാദൈവമായ യേശുക്രിസ്തു അഥവാ യഹോവ പറയുന്നത്, യിസ്രായേലിന്റെ വാഗ്ദത്തം തന്നിലൂടെ നിവൃത്തിയാകുന്നതിന കുറിച്ചാണ്. അതായത്, വാഗ്ദത്തന്തതിയായ യിസ്രായേലിന്റെ സകല വാഗ്ദത്തങ്ങളും അധികാരങ്ങളും യേശുക്രിസ്തുവിലൂടെയാണ് അവന് ലഭ്യമാകുന്നത്. [കാണുക: എട്ടാം സങ്കീർത്തനം]

മത്തായി 28:18-ലെ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നത് അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ അധികാരത്തെക്കുറിച്ചല്ല, യിസ്രായേലിൻ്റെയാണെന്നതിന് പല തെളിവുകളുമുണ്ട്: ഒന്ന്; ദൈവം, അനാദിയായും ശാശ്വതമായും ദൈവവും സകലത്തിനും കാരണഭൂതനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമാണ്: (സങ്കീ, 90:2: മലാ, 3:6; 1കൊരി, 8:6; യാക്കോ, 1:17). അതിനാൽ, ദൈവത്തിന് തൻ്റെ സഭാവമോ, സ്വരുപമോ, അധികാരങ്ങളോ ത്യജിക്കാനോ, തിരികെപ്രാപിക്കാനോ കഴിയില്ല. അതിനാൽ, അത് അക്ഷരാർത്ഥത്തിൽ ദൈവത്തോടു ബന്ധപ്പെട്ട പ്രയോഗമല്ല. രണ്ട്; ന്യായപ്രമാണത്തിലുള്ള സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണെന്ന് നാം കണ്ടതാണ്. ക്രിസ്തു പറഞ്ഞിരിക്കുന്നു: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18). ന്യായപ്രമാണത്തെ അഥവാ പഴയനിയമത്തെ നിവൃത്തിക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായും നേരിട്ടും പുതിയനിയമത്തിൽ പ്രത്യക്ഷനായത്; അതിനാൽ, അവനോടുള്ള വാഗ്ദത്തങ്ങളാണ് അവൻ്റെ ദൈവമായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. മൂന്ന്; എബ്രായലേഖകൻ പറയുന്നു: ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്; അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ (ക്രിസ്തു) വന്നതു. (എബ്രാ, 2:5-16). എബ്രായർ 2:8-ൽ: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” ഇതും യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണ്. “സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നു. മത്തായി 28:18-ഉം എബ്രായർ 2:8-ഉം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ, രണ്ടു പ്രയോഗങ്ങളും പരസ്പരവിരുദ്ധമാകും. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറയുമ്പോൾ, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് രണ്ട് പ്രയോഗങ്ങളും ശരിയാണ്. യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്നു മോചിച്ച് അവൻ്റെ ദൈവരാജ്യം അഥവാ ദൈവാധിപത്യരാജ്യം അവന് സ്ഥാപിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നത്: (മത്താ, 1:23; ലൂക്കൊ, 1:68; 1തിമൊ, 2:6; 3:14-16). “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്തു ശുശ്രൂഷ ആരംഭിച്ചത്: (മർക്കൊ, 1:14-15). ക്രിസ്തുവിൻ്റെ പ്രധാന പ്രസംഗവിഷയം ദൈവരാജ്യമായിരുന്നു: (മത്താ, 12:28; 19:24; 21:31; മർക്കൊ, 4:11;:4:26; 4:30; 9:1) 9:47; 10:14-15; 10:23-25; ലൂക്കൊ, 4:43; 6:20; 7:28). യെഹൂദന് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ മറുവിലയായി വന്ന ക്രിസ്തുവിനെ അവൻ തള്ളിയതുകൊണ്ട് അവൻ്റെ രാജ്യം അവന് വിദൂരമാകുകയും ജാതികളുടെ കാലം ഇടയിൽ കയറിവരികയും ചെയ്തു: (മത്താ, 21:43; റോമ, 11:11-12). ഇനി, ജാതികളുടെ പൂർണ്ണസംഖ്യ തികഞ്ഞുകഴിയുമ്പോഴാണ് യേശുക്രിസ്തു വീണ്ടുംവന്ന് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്: (പ്രവൃ, 1:6; റോമ, 11:25. ഒ.നോ: ലൂക്കൊ, 21:24). ബൈബിളിലെ പ്രവചനങ്ങൾക്ക് അംശമായ നിവൃത്തിയും ആത്മികമായ നിവൃത്തിയും പൂർണ്ണനിവൃത്തിയും ഉണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു” എന്ന പ്രവചനം ആത്മികമായി നിവൃത്തിയായത് ക്രിസ്തുവിൻ്റെ ക്രൂശുമരണം മുഖാന്തരമാണ് (സങ്കീ, 8:6); അതാണ് യേശുക്രിസ്തു മത്തായി 28:18-ൽ പറയുന്നത്. എന്നാൽ, യിസ്രായേലിന് അവൻ്റെ രാജ്യം ഇതുവരെയും യഥാസ്ഥാനത്താക്കി കിട്ടിയിട്ടില്ല; അഥവാ, യഥാർത്ഥമായി അധികാരം അവന് ലഭിച്ചിട്ടില്ല. അതിനാലാണ്, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായർ 2:8-ൽ പറയുന്നത്. പ്രവചനം ആത്മികമായി നിവൃത്തിയാകുകയും പൂർണ്ണമായി നിവൃത്തിയാകുകയും ചെയ്തിട്ടില്ല. അതായത്, യിസ്രായേലിന്റെ ദൈവമായ യഹോവതന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായും നേരിട്ടും പ്രത്യക്ഷനായി അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് സാക്ഷാത്കരിച്ചുകൊടുക്കുന്നത്; അതിനാലാണ്, ദൈവസന്തതിയായ യിസ്രായേലിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി യേശുക്രിസ്തുവിൽ കാണുന്നത്. [കാണുക: പ്രവചനങ്ങൾ]

51. ²⁴പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. ²⁵അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ²⁶ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. ²⁷സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. ²⁸എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:24-28). 24-ാം വാക്യത്തിൽ, ഭൂമിയിലെ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കുന്നത് യേശുക്രിസ്തുവാണ്; അതവൻ്റെ പുനരാഗമനത്തിലാണ് നിവൃത്തിയാകുന്നത്. “പിതാവായ ദൈവത്തെ ഏല്പിക്കും” എന്ന പ്രയോഗത്താൽ, പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളായി ഉണ്ടാകുമെന്ന അർത്ഥമല്ല ഉള്ളത്. ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ ഒരിടത്തും പറഞ്ഞിട്ടില്ല; ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ പ്രത്യക്ഷതകളാണ്: (1തിമൊ, 3:14-16; 1പത്രൊ, 1:20–മർക്കൊ, 16-14; യോഹ, 20:28). ദൈവപുത്രനും മനുഷ്യപുത്രനും ഭൗമികസന്തതിയായ യിസ്രായേലാണ്: (പുറ, 4:22-23; സങ്കീ, 2:7,12; ഹോശേ, 11:1–സങ്കീ, 8:4; 80:17: 143:3). ദൈവത്തിൻ്റെ പുത്രനും സാക്ഷാൽ മനുഷ്യപുത്രനും യിസ്രായേൽ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം അവനെ രക്ഷിക്കാൻ മനുഷ്യനായി വെളിപ്പെട്ടപ്പോഴും (മത്താ, 1:21; 1തിമൊ, 2:6: 3:14-16) നേരിട്ടു വെളിപ്പെടുമ്പോഴും പുത്രനെന്ന അഭിധാനം കാണുന്നത്: (മത്താ, 28:18; പ്രവൃ, 1:7; 1കൊരി, 15:24; വെളി, 1:1,13; 2:18; 3:2,12). സ്വർഗ്ഗത്തിൽ കണ്ടപ്പോഴും പുനരാഗമനത്തിലും അന്ത്യവിധിയോടുള്ള ബന്ധത്തിലും മനുഷ്യപുത്രനെന്ന അഭിധാനം കാണാൻ കഴിയും: (പ്രവൃ, 7:56; മത്താ, 9:6; 24:27,30; 13:41-42). ഏകദൈവംതന്നെ മനുഷ്യനായും നേരിട്ടും പ്രത്യക്ഷനായിട്ടാണ് യിസ്രായേലെന്ന തൻ്റെ ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം, വിശേഷാൽ പുത്രത്വം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. എന്നാൽ, 28-ാം വാക്യത്തിൽ, ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. ഭൗമികസന്തതിക്ക് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ആ സന്തതി ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്നതാണ് അവിടുത്തെ വിഷയം. ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ: (സങ്കീ, 2:8-12; ദാനീ, 7:18; 21;27). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം ലഭിച്ച സന്തതി” എന്നു പൗലോസ് പറയുന്നതും (റോമ, 4:13), ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനാണെന്നും അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ (ക്രിസ്തു) വന്നതെന്നു എബ്രായലേഖകൻ പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്: (എബ്രാ, 2:5-16). 27-ാം വാക്യം: “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.” ദൈവം ഒഴികെ എന്നു പറഞ്ഞാൽ, പിന്നെയുള്ളത് ദൂതന്മാരാണ്; സ്വർഗ്ഗത്തിലെ ദൂതന്മാർ യിസ്രായേലിന് കീഴ്പ്പെടുമോ? നോക്കാം:[എട്ടാം സങ്കീർത്തനം]

52. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” ഇതും യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ അഥവാ ദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ല; ദൂതന്മാർ ദൈവത്തെ ആരാധിക്കുന്നത് ചില പ്രത്യേക സമയത്ത് മാത്രമല്ലല്ലോ; രാപ്പകൽ അഥവാ നിത്യം ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കയാണ്: (യെശ, 6:2-3; വെളി, 4:8). മാത്രമല്ല, ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെങ്കിൽ “ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” എന്നു പറയേണ്ടതില്ലല്ലോ. (എബ്രാ, 1:4). ദൈവം എല്ലായ്പ്പോഴും ദൂതന്മാരെക്കാൾ ശ്രേഷ്ഠൻതന്നെ ആയിരികുമല്ലോ? യഥാർത്ഥത്തിൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യിസ്രായേലാണ്. (സങ്കീ, 8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനും ആയവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവരുടെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി വന്ന് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ വെളിപ്പാടായ പുത്രത്വത്തിലൂടെ സാക്ഷാൽ പുത്രനായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് എബ്രായ ലേഖകൻ വരച്ചുകാട്ടുന്നത്. ദൈവത്തിൻ്റെ ആദ്യജാതൻ യിസ്രായേലാണ്: (പുറ, 4:22). ദൈവം തേജസ്സും ബഹുമാനവും അണിയിച്ച് കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകംചെയ്ത മനുഷ്യപുത്രനായ രാജാവാണവൻ: (സങ്കീ, 8:4-5; 45;6-7 ). “സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം” എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 15:27). സകലവും കീഴാക്കിക്കൊടുത്തവൻ അഥവാ ദൈവം ഒഴികെയുള്ള സകലതും അഥവാ ദൂതന്മാരും യിസ്രായേലന്ന ദൈവസന്തതിക്ക് കീഴ്പ്പെടും. മോശെയുടെ പാട്ടിൻ്റെ അവസാനഭാഗത്ത് പ്രവചനപരമായി അത് കാണാം. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ല; ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “ആകാശമേ, അവനോടുകൂടെ സന്തോഷിക്കുവിൻ, ദൈവത്തിന്റെ എല്ലാ ദൂതന്മാരും അവനെ നമസ്കരിക്കട്ടെ; ജാതികളേ, അവന്റെ ജനത്തോടൊപ്പം സന്തോഷിപ്പിൻ, ദൈവപുത്രന്മാരെല്ലാം അവനിൽ തങ്ങളെത്തന്നെ ഉറപ്പിക്കട്ടെ; അവൻ രക്തത്തിന് പ്രതികാരം ചെയ്യും. അവന്റെ പുത്രന്മാരുടെ കാര്യത്തിൽ, അവൻ പ്രതികാരം ചെയ്യും, തന്റെ ശത്രുക്കൾക്കു നീതി നൽകും, തന്നെ വെറുക്കുന്നവർക്ക് പ്രതിഫലം നൽകും; യഹോവ തന്റെ ജനത്തിന്റെ ദേശത്തെ ശുദ്ധീകരിക്കും.” (ആവ, 32:43, LXX. ഒ.നോ: ABP-en, BSB, BST, Logos, MSB, NHEB, NHEB-JM, NHEB-ME, NHEB-Y, NLT’15, Tomson). ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ വാക്കുകൾ പൂർണ്ണമായി നിവൃത്തിയാകുന്നത്: (ഒ.നോ: മത്താ, 18:18).

53. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.” (യോഹ, 5:22). പിതാവ് ന്യായവിധി എല്പിച്ചിരിക്കുന്നത് മനുഷ്യപുത്രനെയാണ്: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു സാക്ഷാൽ മനുഷ്യപുത്രനല്ല; പുത്രനെന്നത് (ദൈവപുത്രൻ/ മനുഷ്യപുത്രൻ) ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണ്. സാക്ഷാൽ മനുഷ്യപുത്രൻ ഭൗമികസന്തതിയായ യിസ്രായേലാണ്: “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തനിക്കായി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 80:8-16). ദൈവം തൻ്റെ പുത്രനായ യിസ്രായാലെന്ന രാജാവിനെയാണ് ന്യായവിധി ഏല്പിച്ചിരിക്കുന്നത്: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 16:5; 42:1; യിരെ, 33:15). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7. ഒ.നോ: യെശ, 49:9). ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്. [31-ഉം 32-ഉം പോയിൻ്റുകൾ കാണുക]

54. പുരുഷാരം അവനോടു: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 12:34). എന്നേക്കുമിരിക്കുന്ന ക്രിസ്തു യേശുവെന്ന ക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലെന്ന ക്രിസ്തുവാണ്. “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). യേശുക്രിസ്തു മരിച്ചുയിർത്ത് ഭൂമിയിൽനിന്ന് മാറ്റപ്പെടുമെന്ന് പറഞ്ഞപ്പോഴാണ്, ക്രിസ്തു എന്നേക്കുമിരിക്കുമെന്ന് ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു, എന്ന് യെഹൂദന്മാർ അവനോട് പറഞ്ഞത്. അതായത്, സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38,51; 105:15; 132:10; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). അവനാണ് എന്നേക്കുമിരിക്കുന്നതും ഈ ഭൂമിയെ ഭരിക്കേണ്ടതുമായ നിത്യരാജാവ്. (2ശമൂ, 7:13-16; ദാനീ, 7:13-14, 18,21, 27). എന്നാൽ, യേശുവെന്ന ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ഏകമനുഷ്യനാണ്. (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 1തിമൊ, 2:6; 3:14-16). മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധശിശുവിനെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യനെയാണ്. (മത്താ, 1:1; ലൂക്കൊ, 1;35; 2കൊരി, 5:21). യേശുവെന്ന മനുഷ്യനെ യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:17; പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18-21). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ, ക്രിസ്തു പിന്നെയുണ്ടാകില്ല. എന്നേക്കുമിരിക്കുന്ന ക്രിസ്തു യിസ്രായേലാണ്.

55. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വാക്യപ്രകാരം യഥാർത്ഥത്തിൽ പുരുഷനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച പുരുഷൻ അഥവാ മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവിൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയില്ല. യേശുക്രിസ്തു എന്ന ദൈവം മുഖാന്തരം മറ്റൊരു ദൈവം ന്യായംവിധിക്കുമെന്ന് പറയാനും കഴിയില്ല; ഒരു ദൈവമല്ലേയുള്ളു. അതിനാൽ, യേശുക്രിസ്തുവെന്ന പുരുഷൻ അഥവാ മനുഷ്യൻ മുഖാന്തരമോ, ദൈവം മുഖാന്തരമോ അല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-16). എന്നാൽ, യിസ്രായേലെന്ന പുരുഷൻ പാപത്തിൽ മരിച്ചവനായിരുന്നു; ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവനെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ചത്: (മത്താ, 1:21; എബ്രാ, 2:14-16; സങ്കീ, 30:3; 49:15; 71:20;  86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). പൗലൊസ് പറയുന്നതു നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന പുരുഷനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. ദൈവം യിസ്രായേൽ പുരുഷൻ മുഖാന്തരമാണ് ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. [31-ഉം 32-ഉം പോയിൻ്റുകൾ കാണുക]

56. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33–സങ്കീ, 2:7). രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ചിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്: (2:7). ദൈവം സീയോനിൽ വാഴിക്കാനുള്ള രാജാവാണ് യിസ്രായേൽ: (സങ്കീ, 2:6. ഒ.നോ: ദാനീ, 2:44; 7:18,21,27). നിഖ്യാസുനഹദോസിൽ ഉരുത്തിരിഞ്ഞ അവിശ്വാസപ്രമാണത്തിൽ യിസ്രായേലിനോടുള്ള രണ്ടാം സങ്കീർത്ഥനത്തിലെ പ്രവചനം (2:7) സർവ്വകാലങ്ങൾക്കും മുമ്പെ പിതാവ് യേശുവിനെ ജനിച്ചു എന്ന ദുരുപദേശമാക്കി മാറ്റി. യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങളെല്ലാം ഭാവികമാകയാൽ പ്രവചനങ്ങളായിട്ടാണ് നല്കിയിരിക്കുന്നത്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, പ്രവചനങ്ങൾ മൂന്നു കാലങ്ങളിൽ (ഭൂതം, വർത്തമാനം, ഭാവി) നിവൃത്തിയാകുന്നതും; അംശമായ നിവൃത്തിയും ആത്മികമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയും ഉള്ളതായും കാണാം. ഈ പ്രവചനം ആത്മികമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിറവേറി; എന്നാൽ, ക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ് അത് യഥാർത്ഥമായി നിറവേറിയതെന്ന് പൗലൊസ് അപ്പൊസ്തലൻ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തംയേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നുഎന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രൃ, 13:32-33). രണ്ടാം സങ്കീർത്ഥനത്തിലെ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചാണെന്ന് വ്യക്തമാണല്ലോ: (ഒ.നോ: പ്രവൃ, 3:25-26). എന്തെന്നാൽ, ക്രിസ്തുവിൻ്റെ പുനരുത്ഥാനജീവനാണ് പാപത്തിൽ മരിച്ചവനായിരുന്ന ഭൗമികസന്തതിക്ക് ലഭിക്കുന്നത്: (എബ്രാ, 1:5; 5:5). ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിറവേറി: (യെശ, 66:8). ഇനി, കർത്താവ് യിസ്രായേലിന് അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും ശേഷിച്ചിരിക്കുന്ന തൻ്റെ ജനത്തെ സകലജാതികളിലുംനിന്ന് കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരികയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും: (സങ്കീ, 110:3; യെശ, 11:11; 26:19; ദാനീ, 12:2,13.ഒ.നോ: പ്രവൃ, 1:6). യെശയ്യാവ് 66:8-ൻ്റെ ഒരിക്കൽക്കൂടിയുള്ള നിറവേലാകുമത്. [കാണുക: രണ്ടാം സങ്കീർത്തനം, പ്രവചനങ്ങൾ]

57. “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (പ്രവൃ, 2:27–സങ്കീ, 16:10). ഈ പ്രവചനവും യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണ്; അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിലൂടെയാണ് അവനത് നിവൃത്തിയാകുന്നതെന്ന് പൗലോസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു…… ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39. ഒ.നോ: റോമ, 4:24). [കാണുക: ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ, പതിനാറാം സങ്കീർത്തനം]

58. “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8; സങ്കീ, 45:6). ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല (യോഹ, 18:36); യിസ്രായേലെന്ന വാഗ്ദത്ത സന്തതിയാണ്: (ദാനീ, 2:44; 7:13,14,18,21,27). ഈ വാക്യത്തിലെ “ദൈവമേ” (എലോഹീം) എന്ന പ്രയോഗം സത്യദൈവത്തെ കുറിക്കുന്നതല്ല; യിസ്രായേലെന്ന ഭൗമിക രാജാവിനെ കുറിക്കുന്നതാണ്. യിസ്രായേലിനെ “എലോഹീം” എന്ന് വേറെയും വിളിച്ചിട്ടുണ്ട്: (സങ്കീ, 82:6. ഒ.നോ: യോഹ, 10:35; പുറ, പുറ, 4:16; 7:1). ദൈവം അഥവാ എലോഹീം എന്ന എബ്രാപദം സത്യദൈവത്തെയും (ഉല്പ, 1:1), ദൂതന്മാരെയും (ന്യായാ, 13:22; സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 45:6; 82:6), ദേവന്മാരെയും (ന്യായാ, 11:24; ഉല്പ, 35:2), ദേവിയെയും (1രാജാ, 11:5, 33) ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന പദമാണ്. ഈ വാക്യത്തിലെ ദൈവം യേശുക്രിസ്തുവല്ല യിസ്രായേലാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. പുതിയനിയമത്തിൽ ആ വാക്യം തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്; പഴയനിയമത്തിൽ നിന്നു ചേർക്കുന്നു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). എബ്രായർ 1:6-ലെ ദൈവം യേശുക്രിസ്തു ആണെങ്കിൽ ആ ദൈവത്തിന് മുകളിൽ മറ്റൊരു ദൈവമുണ്ടെന്ന് വരും. യേശുക്രിസ്തുവല്ല; യിസ്രായേലെന്ന അഭിഷിക്തരാജാവാണ് ആ വാക്യത്തിലെ ദൈവം. ദൈവം യിസ്രായേലിൻ്റെ ദൈവം തന്നെ: (പുറ, 5:1; 24:40; 32:27). [18, 22, 23, 31 പോയിൻ്റുകൾ കാണുക; രണ്ടാം സങ്കീർത്തനം, നാല്പത്തഞ്ചാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ എന്നിവയും കാണുക]

59. “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). യഥാർത്ഥത്തിൽ ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രനായ രാജാവ് യിസ്രായേയേലാണ്: (സങ്കീ, 45:7; ദാനീ, 2:44; 7:13,14,18,21,27). പഴയപുതിയനിയമങ്ങളിൽ പ്രതിപാതിച്ചിരിക്കുന്ന ഏക അഭിഷിക്തൻ അഥവാ ക്രിസ്തു യിസ്രായേലാണ്: (സങ്കീ, 2:7; 45:7; യെശ, 61:1; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). പ്രവചനം ആത്മീയമായി യേശുക്രിസ്തുവിലൂടെ നിവൃത്തിയായി: (ലൂക്കൊ, 4:18,19; പ്രവൃ, 10:38; എബ്രാ, 1:7). ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലിലൂടെ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 61:1-6). [17-ാം പോയിൻ്റ് നോക്കുക. കാണുക: രണ്ടാം സങ്കീർത്തനം, നാല്പത്തഞ്ചാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ]

60. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. (പ്രവൃ, 2:35–സങ്കീ, 110:1). ഇത് യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചുള്ള പ്രവചനമാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നിട്ട് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനും രാജാവുമാണ് യിസ്രായേൽ: സങ്കീ, 80:8-17; 45:6-7; ദാനീ, 2:44; 7:18,21,27). യിസ്രായേൽ വാഗ്ദത്തസന്തതിയെന്ന നിലയിൽ അവൻ ദാവിദിൻ്റെ പുത്രനും രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. വാഗ്ദസന്തതി രാജാവാകയാലാണ് ദാവീദ് അവനെ എൻ്റെ കർത്താവ് എന്ന് ആത്മാവിൽ സംബോധന ചെയ്യുന്നത്: (110:1). ക്രിസ്തുവിൽ ഈ പ്രവചനം ആത്മീയമായി നിറവേറി: (എഫെ, 1:21-22). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കി രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6). [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]

61. “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4; എബ്രാ, 1:6). ഇതും യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചുള്ള പ്രവചനമാണ് “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തുവിലൂടെ ആത്മീകമായി പ്രവചനം നിവൃത്തിച്ചു: (എബ്രാ, 7:21-22). ഭാവിയിൽ യിസ്രായേലിലൂടെ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും. (യെശ, 61:6; സെഖ, 6:13). യേശുക്രിസ്തുവാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ നിത്യപുരോഹിതനെന്ന് വിചാരിക്കുന്നവരുണ്ട്; അത് അബദ്ധമാണെന്നതിന് തെളിവ് ആ വാക്യത്തിൽത്തന്നയുണ്ട്. യേശുക്രിസ്തുവിനെ എന്നേക്കും പുരോഹിതനാക്കിയിട്ട്, അവനെ പുരോഹിതനാക്കിയതിനാൽ യഹോവ അനുതപിക്കുകയില്ല എന്നു പറയുമോ???… [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]

62. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ: “ഞാൻ ആകുന്നു; മുനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.” (മർക്കൊ, 14:62. ഒ.നോ: മത്താ, 24:30; 26:64;  മർക്കൊ, 13:26; ലൂക്കൊ, 21:27; വെളി, 1:13–ദാനീ, 7:13-14). ദാനീയേൽ പ്രവചനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശ്യനായവൻ അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:1314. ഒ.നോ: 7:18; 7:21; 7:27). വെളിപ്പാട് പുസ്തകത്തിൽ രാജത്വം പ്രാപിക്കുന്ന ക്രിസ്തു യിസ്രായേലാണ്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15; 12:10; 20:4; 20:6). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു” എന്നു പൗലോസ് പറയുന്നതും കാണുക: (റോമ, 4:13). ലോകവകാശിയായ വാഗ്ദത്തസന്തതി യിസ്രായേലാണ്. യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്ത നിത്യരാജത്വം ലഭിക്കുന്നത്. അതുകൊണ്ടാണ് മഹാദൈവമായ യേശുക്രിസ്തു മനുഷ്യപുത്രനോടു സദൃശ്യനായി യോഹന്നാന് വെളിപ്പെട്ടത്: “തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13). [ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിന്റെ പദവികൾ, ദൈവത്തിൻ്റെ ക്രിസ്തു]

63. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. ……… ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. വെളി, 1:12-18. പത്മോസിൽവെച്ച്, യഥാർത്ഥത്തിൽ യോഹന്നാൻ കാണ്ടത് ദൈവത്തെയല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യപുത്രനോട് സദൃശനായവനെയാണ്. ഒന്നാമത്, മനുഷ്യപുത്രനെന്ന് 87 പ്രാവശ്യം ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യപുത്രനോട് സദൃശനെന്ന് യേശുക്രിസ്തുവിനെ മറ്റെവിടെയും വിശേഷിപ്പിച്ചിട്ടില്ല. എന്നാൽ, ആകാശമേഘങ്ങളോടെ വന്ന് ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണെന്ന് ദാനീയേൽ പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനീ, 7:13-14,18,21,27). രണ്ടാമത്, 18-ാം വാക്യത്തിൽ, “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതായി കാണാം. യേശുവെന്ന ക്രിസ്തു മരിച്ചവനായിരുന്നില്ല, മരിച്ചിട്ട് ഉയിർത്തവനാണ്. മരിച്ചിട്ട് ഉയിർത്തവൻ എന്ന പ്രയോഗം ക്രിസ്തുവിനെക്കുറിച്ച് അനേകം പ്രാവശ്യം കാണാൻ കഴിയും. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8. ഒ.നോ: റോമ, 1:5; 6:4; 6:9; 7:4; 8:34; 1കൊരി, 15:12). എന്നാൽ, അവൻ മരിച്ചവനായിരുന്നു എന്ന പ്രയോഗം എവിടെയും കാണാൻ കഴിയില്ല. എന്നാൽ, യിസ്രായേലെന്ന ദൈവസന്തതി പാപത്തിൽ മരിച്ചവനായിരുന്നു: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവനെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ചത്: (മത്താ, 1:21; എബ്രാ, 2:14-16;). പൗലൊസ് പറയുന്നതു നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനെ അഥവാ മനുഷ്യപുത്രനോടു സദൃശനായ രാജാവിനെ ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. അവിടെ പറയുന്നത് യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന് രണ്ട് തെളിവുകൾകൂടി തരാം: ഒന്ന്; മനുഷ്യപുത്രനോടു സദൃശനായി യോഹന്നാന് വെളിപ്പെട്ടവൻ യേശുവാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തു എന്നും പേർ പറഞ്ഞിട്ടില്ല. മനുഷ്യപുത്രനെന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്നും യേശുവിനെ മറ്റെവിടെയും പറഞ്ഞിട്ടില്ല. രണ്ട്, യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തെ എൻ്റെ ദൈവം എന്ന് രണ്ടുപ്രാവശ്യം സംബോധന ചെയ്യുന്നതായി കാണാം. (വെളി, 3:2; 3:12). ദൈവത്തിന് ഒരു ദൈവമുണ്ടാകുക സാദ്ധ്യമല്ലല്ലോ? അതായത്, അവിടെ യോഹന്നാൻ കാണുന്ന പ്രത്യക്ഷത ദൈവത്തിൻ്റെ തന്നെയാണെങ്കിലും, ആ പ്രത്യക്ഷത യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായ രാജാവിനെ പ്രതിനിധാനം ചെയ്യുകയാണ്. എന്തെന്നാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ അവൻ്റെ പദവികളെല്ലാം ദൈവത്തിൽ നിക്ഷിപ്തമായിരിക്കയാണ്.

64. യഹോവ ഗർഭംമുതൽ വിളിച്ച, അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽത്തന്നെ പേർ പ്രസ്താവിച്ച, യഹോവ ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്ന തൻ്റെ പുത്രനും വാഗ്ദത്തസന്തതിയും യിസ്രായേലാണെന്ന് അനേകർക്കും ഇന്നുമറിയില്ല. നവീകരണനായകനായ മാർട്ടിൻ ലൂഥറിനും അതറിയില്ലായിരുന്നു. യെഹൂദന്മാർക്കെതിരെയുള്ള മാർട്ടിൻ ലൂഥറിൻ്റെ വിദ്വേഷപ്രസംഗമാണ് ഹിറ്റ്ലറുടെ ക്രൂരപീഡനത്തിന് ഒരു പരിധിവരെ വഴിതെളിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യെഹൂദരുടെമേൽ ലൂഥർ ആരോപിച്ചത് ദൈവപുത്രനായ യേശുവിനെ കൊന്ന കുറ്റമാണ്. അവസാനകാലത്ത് ലൂഥർ യെഹൂദരെക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. യഹൂദന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അവൻ്റെ അഭിപ്രായം. “യെഹൂദന്മാരെ കൊല്ലാത്തതിൽ നമ്മൾ തെറ്റുകാരാണ്.” എന്നുവരെ എഴുതിയിട്ടുണ്ട്: ഈ പ്രസ്താവനകൾ നാത്സികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. അറുപത് ലക്ഷത്തോളം യെഹൂദന്മാരെയാണ് നാസികൾ കൊന്നൊടുക്കിയത്. അവരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാർ കൊന്നെങ്കിൽ അതിൻ്റെ ഫലം ലോകത്തിനു മുഴുവൻ ലഭിക്കുകയും അതിൻ്റെ ശിക്ഷ അവർ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അനുഭവിക്കുകയും ചെയ്തതാണ്. (റോമ, 11:15; എഫെ, 2:16; കൊലൊ, 1:20-22). മാത്രമല്ല, ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അവരെ കാത്തിരിക്കുകയും ചെയ്യുന്നു: (മത്താ, 24:21; ദാനീ, 12:1). ദൈവം അവരെ യഥാസ്ഥാനപ്പെടുത്തുന്ന നാളിൽ അവരുടെ പാപമെല്ലാം ദൈവം പരിഹരിക്കുകയും ചെയ്യും: (സെഖ, 13:1). എന്നാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ദൈവപുത്രനെ കൊല്ലാൻ പ്രേരിപ്പിച്ച മാർട്ടിൻ ലൂഥറിൻ്റെ പാപം എങ്ങനെ കഴുകിക്കളയും? ഒരർത്ഥത്തിൽ അവൻ്റെ പിൻഗാമികളായ നമ്മളും ആ പാപത്തിൻ്റെ പങ്കുകാരാണ്: (മത്താ, 23:35; ലൂക്കൊ, 11:50:51). നാം രക്ഷിക്കപ്പെട്ടപ്പോൾ ആ പാപം ദൈവം ക്ഷമിച്ചിരിക്കാം; എങ്കിലും, സൂക്ഷിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ ക്രൂശിച്ചവരെന്ന നിലയിൽ യിസ്രായേലിനെ പകയ്ക്കുന്നവർ വിശ്വാസികളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. നമ്മുടെ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണെന്നും അവൻ മുഖാന്തരമാണ് നാം രക്ഷിക്കപ്പെട്ടതെന്നും അനേകരും അറിയുന്നില്ല. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അവൻ്റെ കണ്മണിയുമാണ്. അവനെക്കുറിച്ച് ദോഷം നിരൂപിക്കുന്നവർ ദൈവത്തോടു കണക്കുപറയേണ്ടിവരും.

65. ഉപസംഹാരം: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). ഏകദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ രണ്ടു വെളിപ്പാടുകളിലൂടെയാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ യേശുക്രിസ്തുവിൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി ആത്മികമായി ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ വാഗ്ദത്തങ്ങളുടെയും പ്രവചനങ്ങളുടെയും പൂർണ്ണനിവൃത്തി യിസ്രായേലിൽ സംഭവിക്കാനിരിക്കുന്നതേയുള്ളു: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 25:8). “തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും.” അതിനിയും ഭാവികമാണ്. യഹോവയുടെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചുവെങ്കിലും വാഗ്ദത്തസന്തതിക്ക് അതിൻ്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല: (എബ്രാ, 2:14-16). “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ ക്രിസ്തു വന്നതു” (എബ്രാ, 2:16). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ സരക്ഷണ ചെയ്യാനാണ് ക്രിസ്തു വന്നത്: (ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68). [നമ്മളൊക്കെ കൃപയാൽ മാത്രം യിസ്രായേലെന്ന നല്ലൊലിവിനോട് ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവാണ്]. മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠമാക്കിയശേഷം രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ് അവൻ്റെ രാജ്യാനുഗ്രഹങ്ങൾ അഥവാ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിയാകുന്നത്. അതിൻ്റെ അടിസ്ഥാനമാണ്; അഭിഷിക്തമനുഷ്യനായ അഥവാ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾ: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!