“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.”
(യോഹന്നാൻ 3:17)
“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു.” (യോഹ, 3:17. ഒ.നോ: യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു,” എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവും ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാൽ, ദൈവം ദൈവത്തെയാണ് ലോകത്തിലേക്ക് അയച്ചതെന്നാണ് അവർ പഠിപ്പിക്കുന്നത്. [ഒരു ട്രിനിറ്റി പണ്ഡിതൻ്റെ വീഡിയോ കാണുക: [അയച്ചദൈവം വന്നദൈവം]. ദൈവം ദൈവത്തോട് കൂടെയായിരുന്നു; ദൈവം ദൈവത്തെ അയച്ചു എന്നൊക്കെ പറഞ്ഞാൽ, അത് ബഹുദൈവ ഉപദേശമാണ്. ക്രിസ്തു സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാ സുനഹദോസാണ്. ട്രിനിറ്റി വിശ്വസിക്കുന്നത് ബൈബിളല്ല; നിഖ്യാ വിശ്വാസപ്രമാണമാണ്. അതുകൊണ്ടാണ്, ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവത്തെ വിശ്വസിക്കാതെ, അയച്ച ദൈവം; വന്ന ദൈവം എന്നിങ്ങനെ പല ദൈവങ്ങളിൽ വിശ്വസിക്കുന്നത്. അയച്ച ദൈവത്തെയും വന്ന ദൈവത്തെയും കൂടാതെ, “പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെട്ടു” എന്നു കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് പഠിപ്പിച്ച, പരിശുദ്ധാത്മാവെന്ന മൂന്നാമത്തെ ഒരു ദൈവവുമുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളാണെന്നും അയച്ചദൈവം, വന്ന ദൈവം, പുറപ്പെട്ട ദൈവം എന്നൊക്കെ പഠിപ്പിക്കുകയും ചെയ്തിട്ട്, ഞങ്ങൾ ഏകദൈവ വിശ്വാസികളാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? എന്നാൽ നമ്മുടെ വിഷയം അതൊന്നുമല്ല. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം: സർവ്വലോകങ്ങൾക്കു മുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണ് ക്രിസ്തു. നിഖ്യാ സുനഹദോസും അവരുടെ ദൈവശാസ്ത്രവും അതാണ് പഠിപ്പിക്കുന്നത്. യഹോവസാക്ഷികളുടെ ഉപദേശപ്രകാരം: ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ് ക്രിസ്തു. രണ്ടുകൂട്ടർക്കും ക്രിസ്തുവിനെക്കുറിച്ച് വ്യത്യസ്ത്ര വീക്ഷണങ്ങളാണെങ്കിലും, ഒരുകാര്യത്തിൽ അവർ യോജിക്കുന്നു. ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി മുമ്പെ ഉണ്ടായിരുന്നവനാണെന്നും, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണെന്നും ഇരുകൂട്ടരും വിശ്വസിക്കുന്നു. എന്നാൽ അതിലെ വസ്തുത എന്താണ്? യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണോ ക്രിസ്തു? അവൻ ദൈവമാകട്ടെ, ദൂതനാകട്ടെ, അവൻ യഥാർത്ഥത്തിൽ അയക്കപ്പെട്ടവനാണെങ്കിൽ, ലോകത്തിൽ എത്തണമല്ലോ? സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ട ആരെങ്കിലും ലോകത്തിൽ എത്തിയോ? ലോകത്തിൽ വെളിപ്പെട്ടവൻ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണോ? അതൊക്കെയാണ് നാം പരിശോധിക്കുന്നത്. ദൈവം ദൈവത്തെ അയച്ചു; ദൈവം ദൂതനെ അയച്ചു എന്നതൊക്കെ വെറും ഊഹാപോഹങ്ങളാണ്. വചനപരമായും ചരിത്രപരമായും അതിനൊന്നും യതൊരടിസ്ഥാനവുമില്ല. എന്നാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ആത്മീയ (പ്രവചനം) ചരിത്ര വസ്തുതകൾ (സുവിശേഷങ്ങൾ) പഴയപുതിയനിയമങ്ങളിൽ ദൈവാത്മാവു് ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. നമുക്കതൊന്ന് പരിശോധിക്കാം:
ബൈബിളെന്നല്ല, ഏതൊരു പുസ്തകം എടുത്താലും; ആമുഖത്തിൽത്തന്നെ കേന്ദ്രകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ വ്യക്തമാകും. ഉദാ: ദൈവത്തെക്കുറിച്ചാണോ, ദൂതനെക്കുറിച്ചാണോ, മനുഷ്യനെക്കുറിച്ചാണോ, പക്ഷിമൃഗാദികളെക്കുറിച്ചാണോ, അന്യഗ്രഹ ജീവികളെക്കുറിച്ചാണോ (Aliens), റോബോട്ട് പോലുള്ള നിർമ്മിത കഥാപാത്രങ്ങളെക്കുറിച്ചാണോ പുസ്തകം പ്രതിപാദിക്കുന്നതെന്ന് തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ കഴിയും. നമുക്ക് പുതിയനിയമത്തിലെ ആമുഖവാക്യം നോക്കാം: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). നിക്ഷ്പക്ഷബുദ്ധിയോടെ ബൈബിൾ പഠിക്കുന്ന ഒരാൾക്ക്, ഈ വാക്യത്തിൽപ്പറയുന്ന യേശുക്രിസ്തു ദൈവമാണോ, ദൂതനാണോ, അതോ മനുഷ്യനാണോ എന്ന് വ്യക്തമായി മനസ്സിലാകും. എന്നാൽ ബൈബിളിന് വെളിയിൽനിന്ന്; ക്രിസ്തു അതാണ്, ഇതാണ് എന്നൊക്കെ പഠിച്ചുവെച്ചിട്ട് ബൈബിൾ വായിക്കുന്ന ഒരാൾക്ക്, ഈ വാക്യമെന്നല്ല; ഒരു വാക്യവും വായിച്ചാൽ മനസ്സിലാകില്ല. പ്രസ്തുത വാക്യത്തിൽ; ദൈവത്തിൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ, ദൂതൻ്റെയോ, മനുഷ്യൻ്റെയോ, ദൈവപുത്രൻ്റെയോ, ക്രിസ്തുവിൻ്റെയോ വശാവലിയെന്ന് പറഞ്ഞിട്ടില്ല. പിന്നെ, ആരുടെ വംശാവലിയാണെന്ന് എങ്ങനെ കണ്ടെത്തും? ഒരു മതത്തിൻ്റെയും ഒരു പ്രസ്ഥാനത്തിൻ്റെയും അടിമയല്ലാത്ത, നിക്ഷ്പക്ഷനായ ഒരാളാണെങ്കിൽ, രണ്ട് കാര്യങ്ങൾ ചിന്തിച്ചാൽ ആരുടെ വംശാവലിയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാകും. 1. ദൈവത്തിനും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനും ദൂതനും ദൈവപുത്രനും ക്രിസ്തുവിനും വംശാവിയില്ല. “ഏലിയൻസ്” (Aliens) ഒരു സങ്കല്പമാണ്. അതുണ്ടോന്നുപോലും ആർക്കും ഉറപ്പില്ല. അതിനാൽ, പ്രഥമവാക്യത്തിൽ പറഞ്ഞിരിക്കുന്ന യേശുക്രിസ്തു മനുഷ്യനാണെന്നു മനസ്സിലാക്കാം. 2. ആരുടെ പുത്രനായിട്ടാണോ അവനെ പറഞ്ഞിരിക്കുന്നത്, അവരുടെ പ്രകൃതിയാണ് യേശുവിൻ്റെയും പ്രകൃതി. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശാവലിയിൽ ജനിച്ച മറിയയുടെ മൂത്തമകനായ യേശുക്രിസ്തുവെന്ന മനുഷ്യൻ്റെ വംശാവലിയാണ് പ്രസ്തുത വാക്യത്തിലുള്ളതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (മത്താ, 1:25; ലൂക്കൊ, 2:7). ഇക്കാര്യം, അക്ഷരം കൂട്ടിവായിക്കാൻ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. അല്ലാതെ, അബ്രാഹാം ദാവീദ് എന്നീ മനുഷ്യരുടെ വംശാവലിയിൽ നറിയയെന്ന മനുഷ്യസ്ത്രീയുടെ പുത്രനായിട്ട്, ഒരു ദൈവം അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുമ്മവർ അതുമല്ലെങ്കിൽ ഒരു ദൂതൻ ജനിച്ചു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ പലരും. ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും അവരിനി മറിച്ചു വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ദൈവത്തിനു് മരണമില്ലെന്നു ബൈബിൾ പറയുന്നതുപോലും വിശ്വസിക്കാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്. അതിൻ്റെ ഉത്തമ ഉദാഹരണമാണ്: “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്ന് ട്രിനിറ്റിയുടെ ദൈവശാസ്തം പഠിപ്പിക്കുന്നത്. [കാണുക: Systematic Theology]എന്നാൽ വസ്തുത എന്താണ്?
“യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഹോശേ, 11:9; ഇയ്യോ, 9:32; യോഹ, 4:24). എന്നാൽ ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). ദൈവപുത്രൻ മനുഷ്യനാണെന്ന് വചനത്തിൽ ദൈവാത്മാവു് ചരിത്രപരമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായതും (മത്താ, 1:20; ലൂക്കൊ, 2:21. ഒ.നോ: മത്താ, 1:18) അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) എട്ടാംനാൾ പരിച്ഛേദന ഏറ്റതും (ലൂക്കൊ, 2:21) കർത്താവിന്നു വിശുദ്ധമായി അർപ്പിച്ചിട്ട് വീണ്ടെടുത്തതും (ലൂക്കൊ, 2:22-24) ആത്മാവിൽ ബലപ്പെട്ടു വളർന്നതും (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) പ്രവചനംപോലെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചതും (യെശ, 61:1 → ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38) പ്രവചനംപോലെ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടതും (ലൂക്കൊ, 1:32; ലൂക്കൊ, 1:35 → ലൂക്കൊ, 3:22) ആത്മാവിൻ്റെ ശക്തിയോടെ മഹത്വകരമായ ശുശ്രൂഷ ചെയ്തതും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങളെ പ്രവർത്തിച്ചതും (മത്താ, 12:28. ഒ.നോ: ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38) ഏകദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21 → മത്താ, 9:8) യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചതും (പ്രവൃ, 2:23) തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് സൗരഭ്യവാസനയായി അർപ്പിച്ച് മരണം ആസ്വദിച്ചതും (ലൂക്കൊ, 23:46; എബ്രാ, 9:14; എഫെ, 5:2; എബ്രാ, 2:9) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ അല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതും നസറായനായ യേശു എന്ന മനുഷ്യനാണ്: (1പത്രോ, 3:18; പ്രവൃ, 2:23-24; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്കു കരേറിപ്പോയതും യേശുവെന്ന മനുഷ്യനാണ്: (യോഹ, 20:17; യോഹ, 8:40). താൻ മനുഷ്യനാണെന്ന് യേശുവും (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34) അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും (മത്താ, 26:72; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 1തിമൊ, 2:6) ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട: യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും (യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. അതിനാൽ, പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) യേശുവെന്ന പാപരഹിതനായ മനുഷ്യൻ (യോഹ, 8:40) സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നെന്നോ, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടതാണെന്നോ പറയാൻ പറ്റില്ല.
അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യനാണ് ഈ ഭൂമിയിൽ ജനിച്ചതും വളർന്നതും ജീവിച്ചതും ശുശ്രൂഷിച്ചതും മരിച്ചതും ഉയിർത്തതുമെന്ന് നാം കണ്ടു. അപ്പോൾ ചോദ്യമിതാണ്: സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം മുമ്പെ ഉണ്ടായിരുന്നു എന്ന് പലരും വിശ്വസിക്കുന്നതും, ദൈവം യഥാർത്ഥത്തിൽ ലോകത്തിലേക്ക് അയച്ചു എന്ന് വിശ്വസിക്കപ്പെടുന്നതുമായ ആ പുത്രദൈവം എവിടെപ്പോയി? ദൈവം അയച്ചു എന്നു വിശ്വസിക്കപ്പെടുന്ന തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതൻ എവിടെപ്പോയി? ട്രിനിറ്റി “വന്ന ദൈവം” എന്ന് പറയുന്നത്, ദൈവപുത്രനായ യേശുവാണ്. “വന്ന ദൈവം” എന്ന് പറഞ്ഞാൽ, ഭൂമിയിൽ ജനിച്ചത് ദൈവം ആണെന്നാണ് അർത്ഥം. ദൈവപുത്രൻ ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ മനുഷ്യനാണെന്ന് മുകളിൽ കണ്ടു. വരാത്ത ദൈവത്തെ വന്ന ദൈവമെന്ന് എങ്ങനെ പറയും? തന്മൂലം, വന്ന ദൈവമെന്ന് പറയുന്നത് ബൈബിൾവിരുദ്ധമാണ്. ഇനി, റസ്സൽമതക്കാർ പറയുമ്പോലെ, തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനെയാണ് ദൈവം ലോകത്തിലേക്ക് അയച്ചതെങ്കിൽ ആ ദൂതൻ എവിടെപ്പോയി? അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി ലോകത്തിൽ വെളിപ്പെട്ടത് ഒരു മനുഷ്യനാണെന്ന് നാം കണ്ടു. അപ്പോൾ, ദൈവത്താൽ അയക്കപ്പെട്ട ദൂതന് എന്ത് സംഭവിച്ചു? ആവിയായിപ്പോയോ? ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് യേശുവെന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:9; 1തിമൊ, 2:6). തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് പറയുന്നതും ദുരപദേശമാണ്.
പലരുടെയും മറ്റൊരു ഭോഷ്ക്ക് എന്താണെന്ന് ചോദിച്ചാൽ; പുത്രദൈവത്തിൻ്റെ അവതാരമാണ് യേശു എന്നതാണ്. മൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 1. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവത്തിന് അവതാരം എടുക്കാൻ കഴിയില്ല. അവൻ മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവനും (മലാ, 3:6), ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്. (യാക്കോ, 1:17). തന്മൂലം, തൻ്റെ സ്വരൂപമോ, സ്വഭാവമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ സത്യദൈവത്തിനു് കഴിയില്ല. തോന്നുമ്പോൾ, തോന്നുമ്പോൾ വേഷം മാറാൻ അവൻ മായാവില്ല; സത്യേകദൈവമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിഞ്ഞിരുന്നെങ്കിൽ, അവതാരമെന്ന ജാതീയ സങ്കല്പം സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ ശ്രമിക്കില്ലായിരുന്നു. നിർഭാഗ്യവശാൽ, അതുപോലും പലർക്കും അറിയില്ല. ഇരിക്കുന്നവനും ഇരുന്നവനും വന്നവനും ഇനിയും വരാനുള്ളവനും ഓരോ ഓരോ ദൈവങ്ങളാണെന്ന് വിശ്വസിക്കുന്നവർക്ക് ദുരുപദേശംതന്നെ ശരണം. 2. അവതാരം (Incarnation) എന്നൊരു പദമോ, ആശയമോ ബൈബിളിൽ എവിടെയുമില്ല. ദൈവം മാത്രമല്ല; ദൂതന്മാർ അവതരിച്ചതായും ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് റസ്സൽമതക്കാർ പറയുന്നതും വ്യാജമാണെന്ന് മനസ്സിലാക്കാം. 3. പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ല. താനല്ലാതെ, മറ്റൊരു ദൈവം ഉള്ളതായിട്ട് യഹോവയ്ക്ക് അറിയില്ലായിരുന്നു: “യഹോവ പറയുന്നത് നോക്കുക: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (പുറ, 20:2-3; യെശ, 43:10; യെശ, 44:8; യെശ, 45:5). യഹോവയല്ലാതെ മറ്റൊരു ദൈവത്തെ പഴയനിയമ ഭക്തന്മാർക്കും അറിയില്ലായിരുന്നു: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു: (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). പിതാവിനെ അല്ലാതെ മറ്റൊരു ദൈവത്തെ ക്രിസ്തുവിനും അറിയില്ലായിരുന്നു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവു മാത്രമാണ് സത്യദൈവമെന്നും (Father, the only true God) പിതാവിനെ മാത്രം ആരാധിക്കണമെന്നും പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും പിതാവു് തന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നും” ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; യോഹ, 14:28; യോഹ, 8:40). പിതാവല്ലാതെ മറ്റൊരു ദൈവത്തെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു: “ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും” അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു: (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6. ഒ.നോ: യോഹ, 8:41; എബ്രാ, 2:11). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അടുത്തവാക്യം: “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 29:11; 2ദിന, 6:14). തന്മൂലം, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ; തൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു പുത്രദൈവത്തെ അയച്ചുവെന്ന് അതിനർത്ഥമില്ലെന്ന് മനസ്സിലാക്കാം. [കാണുക: പിതാവു മാത്രം സത്യദൈവം].
അടുത്ത തെളിവ്: തൻ്റെ ഭാര്യയായ മറിയയിൽ സംശയം ജനിച്ച യേസേഫിനോട് ദൂതൻ പറയുന്ന ഒരു കാര്യമുണ്ട്: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: മത്താ, 1:18; ലൂക്കൊ, 2:21). ഈ വാക്യം ശ്രദ്ധിക്കുക: “അവളിൽ “ഉല്പാദിതമായതു” പരിശുദ്ധാത്മാവിനാൽ ആകുന്നു.” ഉല്പാദിതമാകുക എന്നാൽ: “ഉരുവാകുക അഥവാ, രൂപപ്പെടുക” എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. “ഉല്പാദിതമാകുക” എന്നതിന് മത്തായി ഉപയോഗിച്ചിരിക്കുന്ന പദം, “ജെന്നാവോ” (gennao) എന്നാണ്. അതേ പദം തന്നെയാണ്, യിസ്ഹാക്കിൻ്റെ ജനനം മുതൽ യേശുവിൻ്റെ ജനനംവരെ അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത്: “അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു…….. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:2; മത്താ, 1:16). യേശു മറിയയുടെ ഗർഭത്തിൽ ഉല്പാദിതമായി എന്ന് പറയാൻ ലൂക്കൊസ് ഉപയോഗിച്ചിരിക്കുന്നത്, “സില്ലംബാനോ” (syllambano) എന്ന പദമാണ്. (ലൂക്കൊ, 2:21). അതേ പദം തന്നെയാണ്, എലീശബെത്ത് ഗർഭം ധരിച്ചതിനെ കുറിക്കാനും, മറിയ ഗർഭം ധരിച്ചതിനെ കുറിക്കാനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത്. (ലൂക്കൊ, 1:24; ലൂക്കൊ, 1:31; ലൂക്കൊ, 1:36). യിസ്ഹാക്ക് മുതൽ യോഹന്നാൻ വരെയുള്ളവർ തങ്ങളുടെ ജനനത്തിനു മുമ്പെ ഉണ്ടായിരുന്നവരല്ല. അവർക്കെല്ലാവർക്കും ഒരു ആരംഭമുണ്ട്. അതുപോലെ, യേശുവെന്ന പാപമറിയാത്ത മനുഷ്യനും മുമ്പെ ഉണ്ടായിരുന്നില്ല; അവനും ജനനമെന്ന ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21; റോമർ 9:5; മീഖാ, 5:2). തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: അവരെല്ലാവരും അവരുടെ അപ്പന്മാരാൽ ഉരുവായവരാണ്. യേശുവാകട്ടെ, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉരുവായവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതരിച്ചതല്ല. പാപമറിയാത്ത ഒരു പുതിയ മനുഷ്യൻ അവളുടെ ഉള്ളിൽ രൂപപ്പെട്ടതാണ്. അപ്പോൾ, സ്വർഗ്ഗത്തിൽ നിന്ന് യഥാർത്ഥത്തിൽ ദൈവം അയച്ചുവെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന പുത്രദൈവവും യഹോവസാക്ഷികൾ പഠിപ്പിക്കുന്ന സൃഷ്ടിപുത്രനും എവിടെപ്പോയി? ആവിയായിപോയോ? അല്ലെങ്കിൽ, പുതിയനിയമത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ചരിത്ര വസ്തുതകളെല്ലാം ഭോഷ്ക്കാണോ? ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന പ്രയോഗത്തിന് അക്ഷരാർത്ഥമാണ് ഉള്ളതെങ്കിൽ, അയക്കപ്പെട്ട ആ പുത്രൻ ലോകത്തിൽ വരണം. ആ പുത്രൻ വന്നില്ലെന്ന് മാത്രമല്ല; കന്യകയിൽ പുതിയൊരു ശിശു അഥവാ, മനുഷ്യൻ ഉല്പാദിതമാകയാണ് ചെയ്തത്. തന്മൂലം, “അയച്ചു” എന്ന പ്രയോഗം, അക്ഷരാർത്ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. “താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നും, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണെന്നും, എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കുമെന്നും” ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 6:38: യോഹ, 6:41-42; യോഹ, 6:50; യോഹ, 6:57-58). “ഈ പ്രയോഗങ്ങൾക്ക് ആത്മീയമായ മറ്റൊരർത്ഥം കൂടിയുണ്ട്; അത് അവസാനം അറിയാം.” ഇതൊക്കെ കേട്ടിട്ടാണ്, “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്നു പറഞ്ഞുകൊണ്ട് പല ശിഷ്യന്മാരും അവനെവിട്ടുപോയത്: (യോഹ, 6:60-66). യേശുവെന്ന മനുഷ്യൻ ആത്മീയമായി പറഞ്ഞ കാര്യങ്ങൾ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതിനാൽ, അതവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. യോഹന്നാൻ്റെ സുവിശേഷം ഒരു ആത്മീയ സുവിശേഷമാണെന്ന് പല ക്രൈസ്തവർക്കും അറിയില്ല. കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ് ഇതെല്ലാം പറയുന്നതെന്നോർക്കണം. യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവനു് കന്യകയിൽ ഉല്പാദിതമാകാൻ കഴിയില്ലല്ലോ? തന്മൂലം, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്ന് പറയുന്നതും “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു” എന്ന് പറയുന്നതും ദൈവപ്രവൃത്തിയ വെളിപ്പെടുത്തുന്ന ആത്മീയ പ്രയോഗങ്ങളാണെന്ന് വ്യക്തമാണ്. അതിൻ്റെ വിശദമായ തെളിവുകൾ താഴെയുണ്ട്:
ഇനി, നാം അറിയേണ്ട ഒരു പ്രധാനപ്പെട്ട വിഷയമുണ്ട്: യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എപ്പോഴാണ്? അവർ ദൈവത്തിൻ്റെ അടുക്കൽ മുമ്പേ ഉണ്ടായിരുന്നെങ്കിലല്ലേ, യഥാർത്ഥത്തിൽ അവനെ ഭൂമിയിലേക്ക് അയക്കാൻ കഴിയുകയുള്ളു. അതറിയണമെങ്കിൽ യേശുവെന്ന ദൈവപുത്രൻ എപ്പോഴാണ് ജനിച്ചതെന്ന് അറിയണം. യേശു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ പുത്രനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അവൻ സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ച പുത്രനാണെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. എ,ഡി, 256-336 കാലത്ത് ജീവിച്ചിരുന്ന അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ, എ,ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി പിതാവിൽനിന്ന് ജനിപ്പിച്ചവനാക്കി. അതായത്, “അറിയൂസ് സൃഷ്ടിച്ച പുത്രനെ സുനഹദോസ് ജനിപ്പിച്ചെടുത്തു.” എന്തായാലും, രണ്ടുപേരുടെയും ഉപദേശത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. എന്നാൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എപ്പോഴാണെന്ന് അവൻ്റെ ജീവചരിത്രത്തിൽ ദൈവാത്മാവ് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:
കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹിയും (1പത്രൊ, 2:24) ദേഹിയും (മത്താ, 26) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ (യോഹ, 8;40) ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്: (പ്രവൃ, 10:38). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20).വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [വിശദമായറിയാൻ കാണുക: യേശുവിൻ്റെ ചരിത്രപരത]
യേശുവിൻ്റെ പ്രധാന ശുശ്രൂഷ “ദൈവപുത്രനായ ക്രിസ്തു” എന്ന നിലയിലായിരുന്നു. അവൻ്റെ ജീവചരിത്രവും അവൻ തൻ്റെ ജീവിതംകൊണ്ട് മാനവകുലത്തിന് ഒരുക്കിയ രക്ഷയുമാണ് പുതിയനിയമത്തിൻ്റെ പ്രധാന വിഷയം. പുതിയനിയമ പുസ്തകങ്ങളെ സംബന്ധിച്ച് യോഹന്നാൻ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). ദൈവപുത്രനെന്ന നിലയിലാണ് യേശുവിൻ്റെ ശുശ്രൂഷ എന്നതിനാൽ, “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ ഭാഷാപരമായി അത് ശരിയാണ്. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം: നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ഒരാൾ എഴുതിയെന്നിരിക്കട്ടെ. ആ പുസ്തകത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രയോഗം ഇപ്രകാരമായിരിക്കും: “പ്രധാനമന്ത്രി ജനിച്ചത് 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗറിലാണ്.” ഒരു ഭാഷാപ്രയോഗമെന്ന നിലയിൽ അക്കാര്യം ശരിയാണ്. എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥി അതിനെ ഖണ്ഡിക്കും. എന്നിട്ട് പറയും: “1950-ൽ ഗുജറാത്തിൽ ജനിച്ചത് പ്രധാനമന്ത്രിയല്ല; നരേന്ദ്രമോദിയെന്ന മനുഷ്യനാണ്; പ്രധാനമന്ത്രി ജനിച്ചത് 1950-ലുമല്ല, ഗുജറാത്തിലുമല്ല; 2014 മെയ് 26-ന് ഡെൽഹിയിലാണ്.” വ്യത്യാസം മനസ്സിലായോ? അതായത്, വിശിഷ്ട പദവികൾ അലങ്കരിക്കുന്നവരുടെ ജീവചരിത്രമെന്ന നിലയിൽ പ്രധാനമന്ത്രി ജനിച്ചത് ഗുജറാത്തിലാണെന്നും, 1950-ലാണെന്നും പുസ്തകത്തിൽ പറഞ്ഞാൽ അതൊരു തെറ്റല്ല. എന്നാൽ ചരിത്രപരമായി അത് ശരിയല്ല. 2014-ൽ ഡൽഹിയിൽവെച്ച് പ്രസിഡൻ്റിൻ്റെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തശേഷമാണ്, “നരേന്ദ്രമോദി” എന്ന പ്രധാനമന്ത്രി ജനിച്ചത്. അതുപോലെ, ഒരു ഭാഷാ പ്രയോഗമെന്ന നിലയിൽ; “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ ശരിയാണ്. എന്നാൽ ചരിത്രപരമായി അത് ശരിയല്ല. യേശുവെന്ന വ്യക്തി ജനിച്ചത് ബി.സി. 6-ൽ ബേത്ത്ലേഹേമിലും യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചുമാണ്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ മുമ്പേ ഉണ്ടായിരുന്നവനല്ല: (1പത്രൊ, 1:20). യേശുവെന്ന വ്യക്തി കന്യക പ്രസവിക്കുന്നതിന് മുമ്പേയുമില്ല; യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും യോർദ്ദാനിലെ പ്രവചനനിവൃത്തിക്കു മുമ്പേയുമില്ല. “യേശു” എന്ന നമ്മുടെ രക്ഷകൻ്റെ പേർപോലും അവൻ ജനിക്കുന്നതിനു് ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് മാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അതൊരു ചരിത്രമായി അല്ലെങ്കിൽ, യാഥാർത്ഥ്യമായി മാറുന്നത്. അപ്പോൾ, യഥാർത്ഥത്തിൽ യേശു എന്നൊരു ദൈവപുത്രൻ മുമ്പെ സ്വർഗ്ഗത്തിൽ ഇല്ലായിരുന്നു. ദൈവം സ്വർഗ്ഗത്തിൽ നിന്ന് അങ്ങനെയൊരു പുത്രനെ അയച്ചിട്ടുമില്ല. തന്മൂലം, അയച്ചു എന്ന് പറയുന്നത്; “ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ഭാഷാപ്രയോഗം അല്ലെങ്കിൽ, ആത്മീയ പ്രയോഗമാണെന്ന് മനസ്സിലാക്കാം.” (അതിൻ്റെ വ്യക്തമായ തെളിവുകൾ താഴെയുണ്ട്)
മേല്പറഞ്ഞതൊക്കെ മർമ്മമോ, മന്ത്രമോ, വ്യാഖ്യാനമോ ഒന്നുമല്ല; ഏകദേശം രണ്ടായിരം വർഷങ്ങളായിട്ട് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മീയ ചരിത്ര വസ്തുതകളാണ്. ബൈബിൾ പഠിതാക്കളെല്ലാം യേശുവിനെക്കുറിച്ചുള്ള ഈ ആത്മിക ചരിത്ര വസ്തുതകളെല്ലാം നിർബ്ബന്ധമായും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ, ഏകസത്യദൈവം (The only true God) എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അട്ടിമറിക്കപ്പെടുകയും, ത്രിമൂർത്തി ബഹുദൈവ ഉപദേശം വിശ്വസിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവ ഉപദേശം. ഇനിയും അനേകം തെളിവുകൾ ബൈബിളിലുണ്ട്. അത് ഓരോന്നായി പരിശോധിച്ചശേഷം, അന്ത്യകാലത്ത് മറിയയുടെ മൂത്തമകനായി ലോകത്തിൽ വെളിപ്പെട്ടവൻ (manifest) ആരാണെന്ന് നോക്കാം:
1️⃣ അയക്കപ്പെട്ട പ്രവാചകന്മാർ: “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). വാക്യം ശ്രദ്ധിക്കുക: “ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു” എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4. ഒ.നോ: യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: “ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.” ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനായിരുന്നു: (ലൂക്കൊ, 24:19; യോഹ, 8:40). പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (1യോഹ, 3:5; യോഹ, 8:40). തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാകാം. [കാണുക: യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത]
2️⃣ ഏഴുപേരുടെ പുത്രൻ: ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15. ഒ.നോ: ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ) ആണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപേശത്തിൽ വിശ്വസിക്കുന്നവർക്ക് വചനവും ഭാഷയും മറയ്ക്കപ്പെട്ടിരിക്കയാണ്. യേശു ഏഴുപേരുടെ പുത്രനാണെന്ന് ദൈവാത്മാവിനാൽ രേഖപ്പെടുത്തിവെച്ചിരിക്കെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്ന് എങ്ങനെ പറയും? അതിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്: ക്രിസ്തു ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ, ദൈവപുത്രനായിരുന്നില്ല. മറിയ പ്രസവിച്ച അവളുടെ ആദ്യജാതനായ യേശുവിനെ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 2:7). ആ പ്രവചനം നിവൃത്തിയായത്, യേശു ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോഴാണ്: (ലൂക്കൊ, 3:22-23). പ്രവചനം ഭാവിയിൽ നിറവേറാനുള്ളതാണ്; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ജനിച്ച് ഏകദേശം മുപ്പതുവർഷം കഴിഞ്ഞ് പ്രവചനംപോലെ ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ എങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനാകും? ദൈവത്തിനു് മുമ്പേ ഇല്ലാത്ത പുത്രനെ ദൈവം എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
3️⃣ യഹോവയും ക്രിസ്തുവും: യഹോവയായ ഏകദൈദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച് പലയാവർത്തി പറഞ്ഞിട്ടുണ്ട്. അതിൽ വ്യക്തമായ രണ്ട് വേദഭാഗങ്ങൾ കാണിക്കാം:
1. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15. ഒ.നോ: കൊലൊ, 2:15; എബ്രാ, 2:14-15). പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രൻ പുത്രദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെ കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ പുത്രദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). ഒരു പുത്രദൈവത്തയോ, ഒരു ദൂതനെയോ സ്വർഗ്ഗത്തിൽനിന്നയച്ച് പഴയപാമ്പായ സാത്താൻ്റെ തല തകർക്കാനായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി പാമ്പിൻ്റെ തല തകർക്കുമെന്ന് പറയുമായിരുന്നോ?
2. യഹോവ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ മറ്റൊരു വാക്യം നോക്കാം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും..” (ആവ, 18:18-19). ഇത് ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22-23). ഈ വേദഭാഗം ശ്രദ്ധിക്കുക: “നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകും. (യെശ, 40:25; 46:5). തന്നെയുമല്ല, ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്: “ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും” എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്ന് പരിശുദ്ധാത്മാവിൽ ആണ് അവൻ എഴുന്നേറ്റത്. (മത്താ, 1:18; 1:21; ലൂക്കൊ, 2:5-7; 2:21; റോമ, 9:5; മീഖാ, 5:2). അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ഒരു പുത്രദൈവമോ, ദൂതനോ മറിയയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല. അടുത്തവാക്യത്തിൽ പറയുന്നത്: “ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” ഇക്കാര്യം ക്രിസ്തുവും സമ്മതിച്ചിട്ടുണ്ട്: “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49. ഒ.നോ: യോഹ, 10:25). സ്വയമായി സ്വന്തനാമത്തിൽ സംസാരിക്കാൻപോലും അനുവാദമില്ലാത്ത ഒരു ദൈവമുണ്ടാകുമോ? ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു അയക്കപ്പെട്ട ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കുമെന്നും ദൈവം പറയുമായിരുന്നില്ല.
4️⃣ മോശെയുടെ സാക്ഷ്യം: ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മനുഷ്യനാണ് മോശെ. (സംഖ്യാ, 12:8). ആ മോശെ യേശുവിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15, പ്രവൃ, 7:37). സ്വർഗ്ഗത്തിൽ നിന്ന് ദൈവപുത്രനെ അയക്കുമെന്നാണോ മോശെ പറഞ്ഞത്? നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്നു അഥവാ, യിസ്രായേലിൽനിന്നു എഴുന്നേല്പിക്കും. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു അയക്കുമെന്നല്ല പറഞ്ഞത്. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്നാണ് യേശുവും എഴുന്നേറ്റത്. (മത്താ, 1:16; മത്താ, 1:21-23; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5; ഗലാ, 4:4). പുതിയനിയമത്തിൽ, പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്ന് ക്രിസ്തുവിനെയും (ലൂക്കൊ, 24:19), വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു എന്ന് മോശെയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (പ്രവൃ, 7:22; പ്രവൃ, 7:37). മോശെയെക്കുറിച്ച് വലിയൊരു തെറ്റിദ്ധാരണ ക്രൈസ്തവഗോളത്തിലുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യപ്രകാരം, മോശെ “ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമെന്നെണ്ണി” എന്നാണ് അനേകരും വിചാരിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ “ക്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്യാതെ, “ക്രിസ്തു” എന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ (ദാനീ, 9:25,26) ബാക്കിയെല്ലായിടത്തും, “മശീഹയെ” (Messiah) “അഭിഷിക്തൻ” (Anointed) എന്ന് പരിഭാഷ ചെയ്തു. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ “ക്രിസ്റ്റൊസ്” എന്ന ഗ്രീക്കുപദത്തെ “അഭിഷിക്തൻ” എന്ന് പരിഭാഷ Translation) ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം (Transliteration) ചെയ്തപ്പോൾ, “അഭിഷിക്തനായ” മോശെ യേശുവെന്ന “ക്രിസ്തു” ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. അതിനാധാരമായ മൂന്ന് തെളിവുകൾ തരാം: 1. ക്രിസ്തു എന്നാൽ “അഭിഷിക്തൻ” അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ” എന്നാണ് അർത്ഥം. (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തനായ ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? (സംഖ്യാ, 11:25). 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; പുറ, 15:11; പുറ, 22:20; സംഖ്യാ, 14:9; ആവ, 3:24; ആവ, 4:35; ആവ, 6:4; ആവ, 32:12; ആവ, 33:26). ആ മോശെ, ദൈവമല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ? 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15). തന്നെപ്പോലൊരു പ്രവാചകന്റെ നിന്ദ മോശെ വലിയ ധനമായി എങ്ങനെ എണ്ണും? തന്മൂലം, എബ്രായർ 11:26-ലെ അഭിഷിക്തൻ യേശുവല്ല; മോശെയാണെന്ന് വ്യക്തമാണ്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെ പറഞ്ഞപോലെ, ചരിത്രപരമായി യേശുവെന്ന മനുഷ്യൻ എഴുന്നേറ്റത് യിസ്രായേലിൽ നിന്നാണ്; അല്ലാതെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനോ, അയക്കപ്പെവനോ അല്ല. “ദൈവം തൻ്റെ പുത്രനെ ലോകത്തിലെക്കു അയച്ചു” എന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്.
5️⃣ ദൈവപുത്രനും ക്രിസ്തുവും: യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. “യേശു” എന്ന കർത്താവായ ക്രിസ്തുവിൻ്റെ പേർപോലും അവൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ഇനി, പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം. പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നത് എന്താണ്? മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. “ദൈവത്തെ കണ്ടു” എന്ന് പറയാതെ, പലർക്കും ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യനായി പ്രത്യക്ഷനായ യഹോവയെയും അബ്രാഹം കണ്ടുതാണ്: (ഉല്പ, 18:1-2. ഒ.നോ: ഉല്പ, 19:1). എന്നാൽ പഴയനിയമത്തിൽ ആരും ദൈവപുത്രനായ യേശുവിനെ കാണാതിരുന്നത് എന്താണ്? ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതും അവരിൽനിന്ന് ഒളിച്ചുവെച്ചതും എന്തിനാണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും? അങ്ങനെയൊരു പുത്രദൈവം സ്വർഗ്ഗത്തിലില്ല; ഒരു പുത്രദൈവത്തെ ആരും അയച്ചിട്ടുമില്ല. അതൊരു ആത്മീയ പ്രയോഗമാണ്.
6️⃣ ഉത്ഭവമുള്ളവൻ: ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശുവിനും ഒരു ഉത്ഭവമുണ്ട്: (ലൂക്കൊ, 24:19). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; ലൂക്കൊ, 2:21). അടുത്തവാക്യം: “അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). അടുത്തവാക്യം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21; ലൂക്കൊ, 1:31). അടുത്തവാക്യം: “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). അടുത്തവാക്യം: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25). അടുത്തവാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അടുത്തവാക്യം: “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). ദൈവം മരണമില്ലാത്തവനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന മനുഷ്യനാണ് മരിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അപ്പോൾ, വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്ത ദൈവവും ദൂതനുമാണ് ജനിച്ചുമരിച്ച് ഉയിർത്തതെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്.
7️⃣ ദൈവത്തിൻ്റെ അഭിഷിക്തൻ: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അവൻ ജനിച്ച് ഏകദേശം മുപ്പതു വർഷംകഴിഞ്ഞ് യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്. (യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27). ക്രിസ്തു (അഭിഷിക്തൻ) ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് ക്രിസ്തു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവം ദൈവത്തെയാണ് അഭിഷേകം ചെയ്തത്. “വന്ന ദൈവം എന്നാണല്ലോ അവരുടെ ഉപദേശം.” പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയുമാണ് അഭിഷേകം ചെയ്യുന്ന്. യേശു ഉൾപ്പെടെ, അഭിഷിക്തരെന്ന് പേർപറയപ്പെട്ട ഇരുപതോളം പേർ ബൈബിളിലുണ്ട്. എന്നാൽ ഒരു ദൂതനെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. ദൂതന്മാർക്കുപോലും അഭിഷേകം വേണ്ടാതിരിക്കെ, അഭിഷിക്തനായ ദൈവമാണ് യേശുവെന്ന് പറയുന്നവർക്ക് അഭിഷേകം എന്താണെന്ന് അറിയില്ല എന്നതാണ് വസ്തുത. ബലഹീനരായ മനുഷ്യരെ ദൈവം തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. ആഹാബ് രാജാവിൻ്റെ മുമ്പിൽച്ചെന്ന് നിന്നിട്ട്, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്ന് പറയാൻ, ഏലീയാവിനെ പ്രേരിപ്പിച്ച ശക്തി എന്താണോ, അതാണ് ദൈവത്തിൻ്റെ അഭിഷേകം. (1രാജാ, 17:1). ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാകയാൽ, ഈസബേൽ അവനെ കൊല്ലാൻ അന്വേഷിച്ചപ്പോൾ, അവൻ ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിക്കാൻ ഇച്ഛിച്ചു. (യാക്കോ, 5:17; 1രാജാ, 19:2-4). അതാണ്, മനുഷ്യനെന്ന നിലയിലുള്ള അവൻ്റെ ബലഹീനത. അപ്പോൾ, ക്രിസ്തുവിന് ബലഹീനത ഉണ്ടായിരുന്നോ? പാപരഹിതമായ പരിമിതികളും ബലഹീനതകളും അവനുണ്ടായിരുന്നു എന്ന് ബൈബിൾ പറയുന്നു. പരീക്ഷ (ലൂക്കൊ, 4:1; എബ്രാ, 2:8), വിശപ്പ് (മത്താ, 4:2), ദാഹം (യോഹ, 19:28), ക്ഷീണം (യോഹ, 4:6), ഉറക്കം (മർക്കൊ, 4:38), കരച്ചിൽ (യോഹ, 11:35), ദുഃഖം (മർക്കൊ, 14:34), പ്രാണവേദന (ലൂക്കൊ, 22:44), വിയർപ്പ് (ലൂക്കൊ, 22:44). മരണവേദനപോലെ അവൻ്റെ ഉള്ളം ദുഃഖിക്കുകയും വ്യാകുലപ്പെടുകയും ചെയ്തു. (മത്താ, 26:37). “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ” എന്ന് ക്രിസ്തു പ്രാർത്ഥിക്കുകയുണ്ടായി. (മത്താ, 26:39). അവൻ പ്രാണവേദനയിലായിട്ട് അവൻ്റെ വിയർപ്പ് നിലത്തുവീഴുന്ന ചോരത്തുള്ളികൾ പോലെയായി; അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷപ്പെടുകയുണ്ടായി: (ലൂക്കൊ, 22:42-43). അവൻ ബലഹീനൻ ആയിരുന്നില്ലെങ്കിൽ, ശക്തിപ്പെടുത്താൻ ദൂതൻ വരേണ്ടിയിരുന്നില്ലല്ലോ? പാപമൊഴികെ സർവ്വത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവാണ് ക്രിസ്തുവെന്ന് എബ്രായലേഖകൻ പറയുന്നു. (എബ്രാ, 4:15). ഇതൊക്കെ, ദൈവാത്താവ് എഴുതിവെച്ചിരിക്കുന്ന ആത്മിക ചരിത്ര വസ്തുതകളാണ്. അല്ലാതെ, ആരുടെയും വ്യാഖ്യാനങ്ങളല്ല. ഇതൊക്കെ വിശ്വസിക്കാതെ, അവൻ ദൈവത്തോട് സമനായ ദൈവമാണെന്ന് വിശ്വസിക്കുന്നവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? അവൻ ബലഹീനനായ ദൈവമാണെന്നോ? അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നു എന്ന് പറയുന്നവനരോട് ചില കാര്യങ്ങൾ പറയാം: 1. ദൈവം മനുഷ്യനല്ല; ദൈവമാണ്: (ഹോശേ, 11:9. ഒ.നോ: സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). 2. ദൈവം മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, തനിക്ക് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട്, ദൈവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവർ ആകാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). 3. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ ഒരു പ്രകൃതി മരിച്ചു; മറ്റേ പ്രകൃതി മരിച്ചില്ല എന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റില്ല. 4. അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, അവൻ്റെ മനുഷ്യപ്രകൃതിയെ ദൈവപ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നല്ലോ? അവൻ തന്നെത്താൻ ഉയിർത്തതല്ല; നസറായനായ യേശുവെന്ന മനുഷ്യനെ ദൈവമാണ് മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: (പ്രവൃ, 2:23-24; പ്രവൃ, 4:10; പ്രവൃ, 5:30; പ്രവൃ, 10:40; റോമ, 10:9). 5. അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായിരുന്നു എന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അവനു് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെങ്കിൽ, അവനെ ദൂതന്മാരെക്കാൾ താഴ്ചവന്നവൻ എന്ന് പറയുമോ? അവൻ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (റോമ, 5:15; 2കൊരി, 5:21). അതുകൊണ്ടാണ്, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിന് വേണ്ടിവന്നത്. ദൈവത്താൽ അഭിഷേകം പ്രാപിച്ച പാപമറിയാത്ത മനുഷ്യനെപ്പിടിച്ച് ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകൂ. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ല; ഭൂമിയിൽനിന്ന് എഴുന്നേറ്റ പാപരഹിതനായ മനുഷ്യനാണ്.
8️⃣ പിതാവു മാത്രം സത്യദൈവം: താൻ ദൈവമല്ലെന്നു ക്രിസ്തു അനേകംപ്രാവശ്യം പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ, പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ ‘പിതാവ് മാത്രമാണ് സത്യദൈവം” എന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടിസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൂതനാണെന്നും ആദ്യത്തെ സൃഷ്ടിയാണെന്നും എവിടെയും പറഞ്ഞിട്ടില്ല. ദൈവമോ, ദൂതനോ അല്ലാത്ത ഒരുത്തൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. അതിനാൽ, യഥാർത്ഥത്തിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടവനാണെന്നും പറയാൻ കഴിയില്ല. [മുഴുവൻ തെളിവുകളും അറിയാൻ കാണുക: പിതാവു് മാത്രം സത്യദൈവം]
9️⃣ മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരു. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തർന്നവനും ആണ്: (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. യഹോവ പറയുന്നു: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ.” (ഹോശേ 11:9). ക്രിസ്തു പറയുന്നു: ഞാൻ ദൈവമല്ല; മനുഷ്യനത്രേ: (യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ത്രിമൂർത്തി വിശ്വാസികൾ പറയുന്നു: പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണ്. ആരാണ് കള്ളം പറയുന്നത്: പിതാവും പുത്രനുമോ? അതോ ത്രിത്വവിശ്വാസികളോ?
🔟 പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. “ദൈവവും പിതാവുമായവൻ ഒരുവനാണെന്നും” പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. ദൈവത്തിനു് ഇല്ലാത്ത ഒരു പുത്രദൈവത്തെ എങ്ങനെ ഭൂമിയിലേക്കയക്കും? [കാണുക: പിതാവു് മാത്രം സത്യദൈവം]
1️⃣1️⃣ അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവൻ അല്ലെങ്കിൽ, ക്രൂശിൽമരിച്ചുയിർത്ത ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ് എന്നാണ് പത്രൊസ് പറയുന്നത്. “പ്രൊഗിനൊസ്കൊ” (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5; റോമ, 8:29; റോമ, 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). “മുന്നറിയുക അല്ലെങ്കിൽ, നേരത്തെ അറിയുക, മുമ്പുകൂട്ടി അറിയുക” (foreknow) എന്നൊക്കെയാണ് അർത്ഥം. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). ദൈവപുത്രൻ മുമ്പെ ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയെപ്രതി പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവനും ആണ്. തെളിവുകൾ നോക്കാം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം “മുന്നറിഞ്ഞവർ” (proginosko) എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ഒ.നോ: (പ്രവൃ, 4:28; റോമ, 8:30; 1കൊരി, 2:7; എഫെ, 1:11-12). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും? അടുത്തവാക്യം: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. 1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്.
1️⃣2️⃣ യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തർ (ക്രിസ്തു) ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. എന്നാൽ ദൈവം ചരിത്രത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. “പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടല്ല; സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43). ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). യേശു ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്നു ജനിച്ചവൻ: (പ്രവൃ, 4:27; പ്രവൃ, 10:38; യോഹ, 8:40). അല്ലാത്തവൻ കള്ളനാണ്. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2-3). ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനാണെന്നും വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വവും വ്യക്തിത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്നാണ് വചനം പറയുന്നത്: (റോമ, 10:9). മരണമില്ലാത്ത ദൈവം മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് രക്ഷയാണോ; ശിക്ഷയാണോ? (1തിമൊ, 6:16). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ; അത് വിശ്വാസമല്ല; അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്താൽ ആരും രക്ഷപ്രാപിക്കില്ല. ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ചരിത്രപുരുഷനായ (ഏകമനുഷ്യൻ) ക്രിസ്തുയേശുവിലെ വിശ്വാസത്താലാണ് മനുഷ്യർ ദൈവത്തിൻ്റെ മക്കളാകുന്നത്: (ഗലാ, 3:26). ദൈവാത്മാവുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല.ഇനി അറിയാനുള്ളത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിൽ മറിയയുടെ മൂത്തപുത്രനായി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്?
ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). ക്രിസ്തുവിൻ്റെ പ്രകൃതി: അവൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രായർ 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14 → മത്താ, 1:21; ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18 → സങ്കീ, 49:7-9 → എബ്രാ, 2:12; മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21; യോഹ, 8:40; യോഹ, 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം].
താൻ സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, “ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം, എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും” എന്നൊക്കെ ക്രിസ്തു പറഞ്ഞത്. (യോഹ, 6:38: യോഹ, 6:41-42; യോഹ, 6:50; യോഹ, 6:57-58). “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു” എന്നു അപ്പൊസ്തലന്മാർ പറഞ്ഞത്: (റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). അല്ലാതെ, അവൻ മറ്റൊരു വ്യക്തിയായോ, ദൈവമായോ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല.
ഉപസംഹാരം: യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അന്ത്യകാലത്ത് ജഡത്തിൽ വെളിപ്പെട്ടവനെ, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവെങ്ങനെ ജനിപ്പിക്കും? അവനെങ്ങനെ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാകും? കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിക്കപ്പെട്ടവനെ സ്വർഗ്ഗത്തിൽനിന്ന് എങ്ങനെ അയക്കും? ദൈവം യഥാർത്ഥത്തിൽ ആരെയും അയച്ചിട്ടില്ല; ഒരു പുത്രദൈവമോ, ദൂതനോ ലോകത്തിൽ വന്നിട്ടുമില്ല എന്നത് സ്ഫടികസ്ഫുടം വ്യക്തമാണ്. അതെല്ലാം, ദുരുപദേശകർ മെനഞ്ഞുണ്ടാക്കിയ പൊട്ടക്കഥകളാണ്. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ; അത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്. അല്ലാതെ, യഥാർത്ഥത്തിൽ ക്രിസ്തു പുത്രദൈവവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല; സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടവനുമല്ല. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!